പ്രീഡിഗ്രി പഠനകാലത്ത് അപ്രതീക്ഷിതമായുണ്ടായ അപകട൦ പാലക്കാട് സ്വദേശിനിയായ പ്രിയ രാമകൃഷ്ണന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. പാലക്കാട് മേഴ്‌സി കോളേജിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസിൽനിന്ന് തെറിച്ച് റോഡിൽ വീണ പ്രിയയ്ക്ക് ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. കുഴപ്പമില്ലായെന്ന തോന്നലിൽ ആ സമയത്ത് പതിയെ എഴുന്നേറ്റ് നിന്നു. ശരീരമാകെ തരിപ്പ്. വീട്ടിലെത്തിയ പ്രിയയെ വീട്ടുകാർ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ല.
കുഴപ്പമില്ലായെന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞതോടെ വലത് കാലിന് മുട്ടിന് താഴെ കഠിനമായ വേദനയുണ്ടായി. തുടർന്നങ്ങോട്ട് ചികിത്സ നടത്തിയെങ്കിലും പരിക്ക് പൂർണ്ണമായും ഭേദമായില്ല. വീഴ്ചയുടെ ആഘാതത്തിൽ പ്രിയയുടെ നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റിരുന്നു. അതോടെ ശരീര വളർച്ച നിലച്ചു. അതിനിടെ അസുഖം കഴുത്തിനെയും സാരമായി ബാധിച്ചു. കഴുത്ത് തിരിക്കാൻ വയ്യാതെയായി. കഴുത്തു തിരിച്ചു നോക്കാനോ മുകളിലേക്ക് നോക്കാനോ ശ്രമിച്ചാൽ കഠിനമായ വേദനയായിരിക്കും. അതിനെ തുടർന്ന് നീണ്ട 30 വർഷത്തെ ചികിത്സ. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ ലോക്കോ മോട്ടോർ എന്ന അവസ്ഥ.
16 വയസു വരെ ജീവിതത്തെക്കുറിച്ചു ഏറെ സ്വപ്നങ്ങൾ കണ്ടിരുന്ന പെൺകുട്ടി. ഒരുപാട് പ്രതീക്ഷകളോടെ കോളേജിൽ പോയിരുന്നവൾ. എന്നാൽ ആ വീഴ്ചയോടെ അവളുടെ ജീവിതം സങ്കടങ്ങളുടെയും ഏകാന്തതയുടെയും ലോകത്തായി. തുടർ ചികിത്സകൾ, മരുന്നുകൾ. അങ്ങനെ ജീവിതം തുടർന്നു. സങ്കടപ്പെട്ടിരുന്ന നാളുകളിൽ എപ്പോഴോ ഒരു ദിവസം ജീവിതത്തെക്കുറിച്ച് പുതിയ പ്രതീക്ഷകൾ പ്രിയയുടെ മനസ്സിൽ നാമ്പിട്ടു. അത് മനസിന് കരുത്തു൦ പ്രകാശവും പകർന്നു. ശരീരത്തിന്‍റെ അസ്വസ്ഥകളെ പ്രിയ പിന്നെ വകവച്ചില്ല. ആ ഉൾക്കരുത്തിൽനിന്നാണ് അനേകം പേരുടെ താങ്ങും തണലുമായി മാറിയ പ്രിയ പുതിയൊരു ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നത്.
അശരണരായ സ്ത്രീകളെയും കുട്ടികളെയും അവൾ തനിക്കൊപ്പം ചേർത്തുപിടിച്ചു. അവരുടെ മുഖങ്ങളിൽ പുഞ്ചിരി നിറച്ചു. ശരീരത്തിനേറ്റ വൈകല്യം മനസ്സിനെ തളർത്തിയില്ല, മറിച്ചു അത് അവരെ പുതിയ കർമ്മപഥങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്. രോഗാവസ്ഥയുടെ കാഠിന്യ൦ അലട്ടുമ്പോഴും പ്രിയ പഠനം തുടർന്നുകൊണ്ടിരുന്നു. പ്രീഡിഗ്രി, ഡിഗ്രി, എംഎസ് ഡബ്ലിയു, പിജിഡിസിഎ, എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കി.
മനക്കരുത്തും ആത്മവിശ്വാസവും കൈമുതലാക്കി പ്രിയ പിന്നീട് അനേകം പേരുടെ ജീവിതത്തിലെ വെളിച്ചമായി മാറുകയായിരുന്നു. വേദനസംഹാരികൾ ജീവിതത്തിന്‍റെ ഭാഗമായെങ്കിലും പ്രിയയുടെ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒന്നിനും കഴിഞ്ഞില്ല. വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്കായി തണലാകണമെന്ന ചിന്തയിൽ നിന്നാണ് ജനനി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചുറൽ ചാരിറ്റബിൾ സൊസൈറ്റിയും ജനനി വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും 2003ൽ തുടങ്ങുന്നത്. സുഖമില്ലാത്തയാൾ ഇതിനൊക്കെ ഇറങ്ങി പുറപ്പെടണോ എന്നൊക്കെയുള്ള വിമർശനം ചുറ്റിലും നിന്നും ഉയർന്നെങ്കിലും അത്തരം വാക്കുകളൊന്നും പ്രിയയെ ഒട്ടും തളർത്തിയില്ല. ജനനിയുടെ പ്രവർത്തനത്തിന്‍റെ ഭാഗമായി സാമ്പത്തിക പ്രശ്‌നം ഉയർന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ പതിയെ പിൻവലിഞ്ഞു. എന്നിട്ടും പതറാതെ മുന്നോട്ട് നീങ്ങി.