ഞാൻ വിജയം സ്വപ്നം കാണാറില്ല, വിജയത്തിനായി പ്രവർത്തിക്കാറേ ഉള്ളു. സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ധൈര്യത്തോടെ മുന്നിട്ടിറങ്ങണം. നിങ്ങൾക്ക് ആവശ്യമായ എല്ലാ വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. ഇന്ത്യൻ വനിതാ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന മിന്നു മണിയുടെ വാക്കുകളാണിത്. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഈ മിടുക്കി ആഭ്യന്തര ക്രിക്കറ്റിൽ കേരള ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരമാണ് മിന്നു മണി.
ക്രിക്കറ്റിനെ തന്‍റെ ഹൃദയത്തോട് ചേർത്തുനിർത്താൻ മിന്നു മണി എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി. മെഗ് ലാനിംഗ്, ഷഫാലി വർമ, ജെമിമ റോഡ്രിഗസ് തുടങ്ങിയ താരങ്ങൾക്കൊപ്പം ടാറ്റ ഡബ്ല്യുപിഎല്ലിന് വേണ്ടി കളിക്കാനുള്ള അവസരവും മിന്നുവിനെ തേടിയെത്തി.
കേരളത്തിൽ നിന്നുള്ള ആദിവാസി പെൺകുട്ടിയായ മിന്നുവിന്‍റെ കുടുംബപശ്ചാത്തലം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. കുറിച്യർ സമുദായത്തിൽ പെട്ട മിന്നുവിന്‍റെ അച്ഛൻ മണി ദിവസക്കൂലിക്കാരനും അമ്മ വസന്ത വീട്ടമ്മയുമാണ്. പത്താമത്തെ വയസ്സിലാണ് മിന്നുവിന്‍റെ ക്രിക്കറ്റ് ദിനങ്ങൾ ആരംഭിച്ചത്. അവൾ ബന്ധുക്കളോടും നാട്ടുകാരായ ആൺകുട്ടികളോടും ഒപ്പം നെൽപ്പാടങ്ങളിൽ കളിക്കാൻ തുടങ്ങി. എന്നാൽ ആദ്യമൊക്കെ അച്ഛന് ഭയമായിരുന്നു. ഇവരുടെ സമുദായത്തിൽ പെൺകുട്ടികൾ ഇങ്ങനെ ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
മിന്നുവിന് ചുറ്റുമുള്ളവരെല്ലാം അവളെ ക്രിക്കറ്റ് കളിക്കുന്നത് നിരുത്സാഹപ്പെടുത്തി. ക്രിക്കറ്റ് ആൺകുട്ടികൾക്കുള്ള ഒരു കായിക വിനോദമാണെന്ന് അവളോട് പറഞ്ഞു. സാമ്പത്തിക സമ്മർദ്ദം അവളുടെ പ്രതിബന്ധങ്ങളുടെ കൂടെ ചേർന്നു. അതിനാൽ മാതാപിതാക്കളും അവളെ നിരുത്സാഹപ്പെടുത്തി. എന്നാൽ ക്രിക്കറ്റ് ഒരു ഹോബി എന്ന നിലയിൽ മാത്രമല്ല, ദീർഘകാല കരിയർ എന്ന നിലയിലും പിന്തുടരുന്നതിന് മിന്നു തീരുമാനിച്ചത് ഹൈ സ്കൂളിൽ പഠിക്കുമ്പോഴാണ്.
എന്തായാലും മിന്നുവിന്‍റെ പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. അമ്മയോടൊപ്പം ഭക്ഷണം തയ്യാറാക്കാൻ അവൾ രാവിലെ 4 മണിക്ക് എഴുന്നേൽക്കും. പിന്നെ, പരിശീലനത്തിനായി ക്രിക്കറ്റ് ഗ്രൗണ്ടിലെത്താൻ അവൾക്ക് നാല് ബസുകൾ മാറി കേറണം. വൈകുന്നേരത്തോടെ അവൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, ആകെ ക്ഷീണിച്ചു പോയിട്ടുണ്ടാകും. എന്നാൽ അവളുടെ അർപ്പണബോധം അവളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രേരണ നൽകി. ടാറ്റ വിമൻസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം മിന്നുവിന്‍റെ കായികരംഗത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്‍റെയും തെളിവാണ്.
വെല്ലുവിളികൾ
എനിക്ക് ഇത്രയൊക്കെ ആവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. കാരണം, ഞാൻ കുറിച്യ സമുദായത്തിൽ നിന്നാണ് വരുന്നത്. എന്‍റെ മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. ബന്ധുക്കൾക്കൊന്നും ഞാൻ കളിക്കുന്നതിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. പണം ലഭിക്കുന്ന കളിയുടെ ഭാഗമാകുന്നു എന്നതൊക്കെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകളൊക്കെ തിരുത്തി നല്ല രീതിയിൽ ഉയർന്ന് വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
ഞാൻ മാനന്തവാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വനിതാ ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. സ്കൂളിലെ കായിക അധ്യാപികയായ എൽസമ്മ ടീച്ചറാണ് എന്‍റെ കഴിവ് തിരിച്ചറിഞ്ഞതും ഇക്കാര്യങ്ങൾ പറഞ്ഞ് തന്നതും. ഇപ്പോൾ ഞാൻ വളരെ എക്സൈറ്റാണ്. ഹർമൻപ്രീത് കൗർ, സ്മ്യതി മന്ദാന ടീമിന്‍റെ കളി ടിവിയിൽ കാണുമ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്നതൊക്കെ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു.