പ്രണയത്തിന്‍റെ പൂക്കൾ

ഞായറാഴ്ച രാവിലെ പതിവുള്ള നടത്തം കഴിഞ്ഞി മടങ്ങി വന്നപ്പോൾ അവൾക്ക് സമ്മാനിക്കാനായ ഞാൻ കയ്യിൽ രണ്ട് റോസാപ്പൂക്കൾ കരുതിയിരുന്നു. വഴിയിലെ ഫ്ളവർമാർട്ടിൽ നിന്നും വാങ്ങിയതായിരുന്നു വത്. വീട്ടിലെത്തിയ ഉടനെ ഞാനത് നിധിക്ക് സമ്മാനിച്ചു. സന്തോഷത്തോടൊപ്പം അദ്‌ഭുതവും ആ മുഖത്ത് നിറയുന്നത് ഞാൻ രഹസ്യമായി അറിഞ്ഞു.

“ഇന്നെന്താ സ്പെഷ്യൽ?” അവൾ റോസാപ്പൂക്കൾ കണ്ണുകളോട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

“നമ്മുടെ ഓരോ പ്രഭാതവും സ്പെഷ്യലാവട്ടെയെന്നു വിചാരിച്ചു” അവളെ പ്രണയാർദ്രമായി നോക്കികൊണ്ട് ഞാൻ മറുപടി പറഞ്ഞു.

“വെരി ബ്യൂട്ടിഫുൾ, താങ്ക് യൂ….”

“വേഗം ബ്രേക്ക് ഫാസ്‌റ്റ് കഴിച്ച് റെഡിയാക്. ഇന്ന് നമുക്കൊരു ഔട്ടിംഗിനു പോകാം.”

“എവിടെ?”

“മൈൽസ് ആന്‍റ് മൈൽസ് എവേ… വേർ ലവ്ലി വുഡ്‌സ് ആർ വെയിറ്റിംഗ് അസ് അഫക്ഷനേറ്റ്ലി…” ഞാനവളെ ആവേശത്തോടെ പൊക്കിയെടുത്ത് വട്ടം കറക്കി. അവളുടെ മുഖം നാണം കൊണ്ട് കൂമ്പിപോയി.

“ഓകെ, നിനക്ക് ഇഷ്ടമായോ?”

അവളെ നിലത്ത് നിർത്തവേ ഞാൻ ചോദിച്ചു.

“വെരിമച്ച്”

“എങ്കിൽ ഒരു ഗിഫ്റ്റും കൂടി തരാം,” ഞാൻ പോക്കറ്റിൽ നിന്നും അവൾക്കേറെ ഇഷ്‌ടമുള്ള ചോക്ലേറ്റ് എടുത്തു.

“വൗ, ഐ ലവ് ചോക്ലേറ്റ്സ്” അവൾ ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകം കൊണ്ടു.

“എങ്കിൽ താങ്ക്‌യൂ പറയൂ.”

“താങ്ക്‌യൂ.”

“അങ്ങനെയല്ല.”

“പിന്നെങ്ങനെ?”

ഞാനവളുടെ മുഖത്തിനു നേരെ എന്‍റെ മുഖം ചേർത്തു നിന്നു. അവൾ ലജ്ജിക്കുന്നതു കണ്ട് ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒരു ചെറുചുംബനം അർപ്പിച്ചു.

“ഞാൻ ചായ കൊണ്ടു വരാം.” പെട്ടെന്നുണ്ടായ തന്‍റെ അമ്പരപ്പ് മറച്ചുപിടിക്കാനെന്നോണം അവൾ അടുക്കളയിലേയ്ക്ക് വലിഞ്ഞു.

ഞാൻ സോഫയിലിരുന്ന് കണ്ണുകളടച്ച് നിധിയോടൊത്തുള്ള എന്‍റെ ജീവിതത്തെക്കുറിച്ച് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ എന്തോ ഒരു പോരായ്മ തീർച്ചയായുമുണ്ടെന്ന വിശ്വാസം എന്‍റെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞിരുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് മാസമായി. അച്‌ഛന്‍റെ ഒരു കൂട്ടുകാരൻ വഴിയാണ് നിധിയുടെ കല്യാണാലോചന വരുന്നത്.

സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടി. എംബിഎക്കാരിയാണെങ്കിലും അവൾ വളരെ ഹോമിലിയായിരുന്നു. ഭക്ഷണം നന്നായി പാകം ചെയ്യാനും മറ്റും അറിയാം. വളരെ ബഹുമാനാദരവോടുള്ള പെരുമാറ്റം… ഇതൊക്കെയാണ് വാസ്‌തവത്തിൽ എന്നെ നിധിയിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറാൻ അധികസമയം വേണ്ടിവന്നില്ല.

എന്‍റെ എല്ലാ കാര്യങ്ങളിലും അവൾ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പുവരെ അവളുടെയൊപ്പമുള്ള ജീവിതം സന്തുഷ്ടവും സംതൃപ്‌തവുമായിരുന്നു. പക്ഷേ… ഇപ്പോഴോ…

അവൾ വീട്ടിൽ നിശ്ശബ്‌ദയായിരിക്കുകയും പൂർണ്ണമായും മനസ്സ് തുറക്കാത്തതിന്‍റെയും കാരണം കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം മുമ്പാണ് എനിക്ക് മനസ്സിലാക്കാനായത്. പ്രകൃത്യാ അവൾ കുറച്ച് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നവളാണെന്നായിരുന്നു ഇതുവരെയുള്ള എന്‍റെ ധാരണ. പക്ഷേ, അതായിരുന്നില്ല വാസ്ത‌വം.

കഴിഞ്ഞ മൂന്ന് ദിവസമായി അവളറിയാതെ ഞാനവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. പക്ഷേ, പൊള്ളയായ ചിരി വരുത്തി മനസ്സിൽ അജ്‌ഞാതമായ ചിന്തകളും ആകുലതകളുമായി നടക്കുന്നവളാണ് നിധിയെന്ന കാര്യം എനിക്ക് മനസ്സിലായി. ചിലപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഏതോ ചിന്തകളിൽ സ്വയം നഷ്‌ടപ്പെട്ടവളെപ്പോലെ… പലപ്പോഴും വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കും. അവൾ പൂർണ്ണമായും എന്‍റേതല്ലാതായി ജീവിക്കുന്നത് എനിക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് ഇന്നലെ രാത്രിയിൽ ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നത്. അവളുടെ ചുണ്ടുകളിൽ യഥാർത്ഥമായ പുഞ്ചിരി വിടർത്തി മനസ്സിൽ ജീവിതത്തോടുള്ള പ്രതീക്ഷകളും ഉത്സാഹവും നിറയ്ക്കുക.

ചായ കുടിച്ചുകൊണ്ടിരിക്കെ ഞാൻ എന്തുകൊണ്ടോ പത്രം വായിക്കാൻ താല്പ‌ര്യം കാട്ടിയില്ല. ഞാനവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

“എപ്പോഴാ പോകേണ്ടത്?” എന്‍റെ നോട്ടത്തിൽ നിന്നും രക്ഷപ്പെടാനാവാം അവൾ ചോദിച്ചു.

“ലഞ്ച് പുറത്തു നിന്നാണോ കഴിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ കുളിച്ചോട്ടെ.”

“എങ്കിൽ വാ” ഒഴിഞ്ഞ ചായക്കപ്പ് ടീപ്പോയിൽ വെച്ച ശേഷം ഞാൻ ചാടിയെഴുന്നേറ്റു. എന്‍റെ അപ്രതീക്ഷിതമായ ആവേശം കണ്ട് അവൾ പകച്ചു നിന്നു.

“ചേട്ടനെന്തിനാ എഴുന്നേല്ക്കുന്നത്?”

“മണ്ടീ, ഞാൻ നിന്‍റെ ലൈഫ് പാർട്‌ണറല്ലേ. അപ്പോ എല്ലാ കാര്യങ്ങളും നമ്മൾ ഒരുപോലെ ഷെയർ ചെയ്യണം,” ഞാൻ കുസൃതിക്കണ്ണുകളോടെ അവളെ നോക്കി.

“വേണ്ട, അവിടെയിരുന്ന് പേപ്പർ വായിച്ചാൽ മതി.”

“നിന്നോട് കുറച്ചുനേരമെങ്കിലും സംസാരിക്കാമല്ലോ, അത് ബാത്ത്റൂമിലായാൽ കുറച്ചുകൂടി റൊമാന്‍റിക്കാവും,” ഞാനവളുടെ കൈ പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു.

അവൾ എന്നെ തടയാൻ ആവുന്നതും ശ്രമിച്ചു. ബാത്ത്റൂമിൽ കടക്കുന്നതിൽ നിന്നും അവളെന്നെ തടഞ്ഞു, “എന്തിനാ വെറുതെ?” അവൾ ലജ്‌ജയോടെ എന്നെ നോക്കി.

“പേപ്പർ വായിക്കുന്നതിലും നല്ലതല്ലേ മോളേ, ഒരുമിച്ചുള്ള ഒരുറൊമാന്‍റിക് ബാത്തിംഗ്. ഇന്നാണെങ്കിൽ ഞാൻ നല്ല മൂഡിലാ,” ഞാൻ ബലം പ്രയോഗിച്ച് ബാത്ത്റൂമിൽ കയറാൻ ശ്രമിച്ചു.

അവളുടെ മുഖഭാവം മാറി. ആ മാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾ അല്പം ദേഷ്യത്തോടെ തന്നെ ബാത്ത്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.

ഏകദേശം പന്ത്രണ്ടരയോടെ സിറ്റിയിലെ മുന്തിയ റസ്റ്റോറന്‍റായ സ്പ്രിംഗ് സമ്മറിലെത്തി. ഞാൻ ഓർഡർ കൊടുത്തു. നിധി എന്നെ പകച്ചു നോക്കി.

“ഇന്ന് ഭയങ്കര ഫാസ്‌റ്റാണല്ലോ. എനിക്ക് ഫ്രൈഡ്റൈസ് ഇഷ്ടമാണെന്ന് ഞാൻ ചേട്ടനോട് ഇതേവരെ പറഞ്ഞിട്ടില്ലല്ലോ, പിന്നെങ്ങനെ മനസ്സിലായി?” അവളുടെ കണ്ണുകളിൽ വേവലാതി തെളിഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

“ബുദ്ധിമാനായ ഒരു ഭർത്താവിന് പറയാതെ തന്നെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനാവും.” ചതുരനായ ഒരു ഭർത്താവിനെ പോലെ ഞാനവളുടെ മുന്നിലിരുന്ന് ചിരിച്ചു.

“രാവിലെ എനിക്കിഷ്‌ടപ്പെട്ട ഫ്ളവർ തന്നു… ഫേവറൈറ്റ് ചോക്ലേറ്റ്… ഇപ്പോ ദാ ഇഷ്‌ടപ്പെട്ട ലഞ്ച്..?” അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

“അത്… ടോപ് സീക്രട്ടാ.. സമയമാകുമ്പോൾ പറയാം.” ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഭക്ഷണം കഴിക്കുകയായിരുന്നെങ്കിലും രാവിലെ മുതലുള്ള വിചിത്രമായ എന്‍റെ ചെയ്തികളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അവളുടെ മനസ്സെന്ന് എനിക്ക് ഊഹിക്കാനാവുമായിരുന്നു.

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി. ഞാൻ അടുത്ത സർപ്രൈസിനൊരുങ്ങി. ഇത്തവണ ഒരു ഐസ്ക്രീം കഴിക്കാമെന്ന നിർദ്ദേശം ഞാനവൾക്ക് മുന്നിൽ അവതരിപ്പിച്ചു. അവളുടെ മുഖത്തെ ഞെട്ടൽ പ്രകടമായിരുന്നു. അടുത്തുകണ്ട ഐസ്ക്രീം പാർലറിലേക്ക് ഞാനവളുടെ കൈയും പിടിച്ച് ഉത്സാഹത്തോടെ നടന്നു.

“എന്‍റെ ഇഷ്‌ടങ്ങളെക്കുറിച്ച് ചേട്ടനെങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി. ഷുവറായിട്ടും ചേട്ടന് അതാരോ പറഞ്ഞു തന്നിട്ടുണ്ട്. പ്ലീസ്… ആരാണ്… അമ്മയാണോ,” ഇത്തവണ അവൾ അത് അറിയാനായി ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.

“ഇനിയുമുണ്ട് ഒരു സർപ്രൈസ്. അതിന്‍റെ ഊഴം വരട്ടെ. അപ്പോൾ ഞാൻ നിന്‍റെ ചോദ്യത്തിന് ഉത്തരം തരാം.” ഒരു ഒഴുക്കൻ മറുപടി പറഞ്ഞ് തടി തപ്പിയെങ്കിലും അവളുടെ ഉള്ളിൽ ജിജ്‌ഞാസ ഒരു കൊടുമുടിയോളം എത്തിയിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി.

ഐസ്ക്രീം കഴിച്ച ശേഷം ഞങ്ങൾ പാർലറിന് പുറത്ത് ഒരു മരച്ചുവട്ടിൽ നിന്നു. “നിധീ, ഗെറ്റ് റെഡി ഫോർ അനദർ സർപ്രൈസ്.” അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു.

“ഇനി നമ്മൾ ഒരു സിനിമ കാണാൻ പോകുന്നു. നിന്‍റെ ഫേവറൈറ്റ് ഹീറോയുടെ….”

അവളുടെ മുഖം പൂപോലെ വിടർന്നു. തല്ക്കാലം ആ രഹസ്യത്തെക്കുറിച്ച് അറിയാനുള്ള അവളിലെ ജിജ്‌ഞാസ എങ്ങോട്ടോ പോയി മറഞ്ഞു.

“അയ്യോ, കാണണമെന്ന് വിചാരിച്ചിരുന്ന സിനിമയാ.” അവൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടി.

“യെസ്, ഐ നോ ദാറ്റ്,” ഞാൻ പുഞ്ചിരിച്ചു. ഞാനവളുടെ കൈയും പിടിച്ച് അടുത്തു കിടന്ന ഒരു ഓട്ടോയിൽ കയറി നേരെ തിയേറ്ററിലേക്ക് പുറപ്പെട്ടു. അവളുടെ മുഖത്തേക്ക് ഞാൻ പാളിനോക്കി. മുമ്പ് കണ്ട സന്തോഷമില്ല. ഏതോ ഗഹനമായ ആലോചനയിലായിരുന്നു അവളെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്കിടയിൽ നീണ്ട നിശ്ശബ്ദത പരന്നു.

സിനിം കണ്ടു തുടങ്ങിയതോടെ അവൾ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ഇന്‍റർവെൽ സമയത്ത് ഞാൻ അവൾക്കായി കഫേയിൽ നിന്നും മാംഗോ ജ്യൂസ് വാങ്ങിക്കൊണ്ടുവന്നു. ഇത്തവണ പക്ഷേ അവളൊന്നും ചോദിക്കാൻ മുതിർന്നില്ല.

സിനിമ കണ്ടശേഷം ഞങ്ങൾ നേരെ അടുത്തുള്ള പാർക്കിലേക്ക് നടന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. അവിടെ പല വർണ്ണത്തിലുള്ള റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പാർക്കിലെ കല്ലു പാകിയ കുഞ്ഞുവീഥികളിലൂടെ ഞങ്ങൾ പതിയെ നടന്നു. ഇളങ്കാറ്റ് വീശിയപ്പോൾ ഉത്സാഹത്തോടെ തലയിളക്കി രസിക്കുന്ന റോസാപ്പൂക്കളെ ഞങ്ങൾ ഏറെനേരം നോക്കിയിരുന്നു.

“കാറ്റിൽ ആടിത്തിമിർക്കുന്ന ഈ പൂക്കളും രാവിലെ സമ്മാനിച്ച പൂക്കളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നിനക്കറിയാമോ?”

“അത് സമ്മാനവും… ഇത് പൂന്തോട്ടത്തിലെ പൂക്കളും.” അവൾ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അത് കൂടാതെ എന്ത് വ്യത്യാസമാണുള്ളത്?”

“അത്… അത് എനിക്ക് മാത്രമായി കിട്ടിയ സമ്മാനം. ഇത് എല്ലാവർക്കും വേണ്ടി ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അല്ലേ?”

“ശരിയാണ്, പക്ഷേ ഒരു വ്യത്യാസം കൂടിയുണ്ട്.” എന്‍റെ ചോദ്യം കേട്ട് അവൾ അസ്വസ്‌ഥയായി. ഒടുവിൽ അവൾ പരാജയമടഞ്ഞ ഭാവത്തോടെ എന്നെ നോക്കി.

“അവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്‍റെ വേരാണ്. വേരുകൾ ഉള്ളതിനാൽ പൂന്തോട്ടത്തിലെ പൂക്കൾ തങ്ങളുടെ മുഴുവൻ ജീവിതവും ജീവിച്ച് സ്വയം നഷ്‌ടപ്പെടുകയാണ്. എന്നാൽ പൂച്ചെണ്ടിലെ പൂക്കളോ, എത്ര ജീവിക്കാൻ ആഗ്രഹിച്ചാലും… അതിനും മുമ്പേ വാടി നശിക്കും. ഇതിൽ ഏതിനോടാണ് നിനക്കിഷ്ടം?”

“ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്?” അവളുടെ കണ്ണുകളിൽ ഒരുതരം ഭീതി പടർന്നു.

“ഞാൻ മൂന്ന് ദിവസം മുമ്പ് നിന്‍റെ കോളേജ് കൂട്ടുകാരി സവിതയെ കണ്ടിരുന്നു. യാദൃച്‌ഛികമായി പരിചയപ്പെട്ടതാ. അവളാണ് നിന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്.” ഞാൻ അലക്ഷ്യമായി അവളുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു.

“സവിതയോ…” അവളുടെ മുഖത്ത് അദ്ഭുതം. അവളുടെ കൈയിൽ പതിയെ ഞാൻ തടവി, “അവൾ എന്നോട് ഹരിയെക്കുറിച്ചും പറഞ്ഞിരുന്നു.”

ആ പേര് കേട്ടയുടനെ അവളുടെ മുഖം വിവർണ്ണമായി. അവളുടെ ശബ്ദമിടറി. “അയാളുമായിട്ടുള്ള എന്‍റെ ബന്ധം എന്നേ അവസാനിച്ചു കഴിഞ്ഞതാ.”

“ഞാൻ നിന്നെ സംശയിക്കുകയല്ല. മാത്രമല്ല ആ ബന്ധത്തെക്കുറിച്ച് എനിക്കൊരു വിശദീകരണവും വേണ്ട. പക്ഷേ നിധീ… ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.”

“വിവാഹത്തിനു മുമ്പ് ഹരിയുമായിട്ട് നിനക്കുണ്ടായിരുന്ന അഫയറിനെക്കുറിച്ചുള്ള ഓർമ്മകൾ നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നീ വലിയ വർത്തമാനക്കാരിയും തമാശ പറയുന്നവളുമാണെന്നാ സവിത പറഞ്ഞത്. നിന്നെക്കുറിച്ചുള്ള എന്‍റെ സങ്കല്പ‌വും അതായിരുന്നു. പക്ഷേ അത് കേട്ടപ്പോൾ സത്യത്തിൽ എനിക്കദ്ഭുതമാണ് തോന്നിയത്. നീ അങ്ങനെയല്ലെന്ന് പറഞ്ഞപ്പോഴാണ് അവൾ ഏറെ മടിച്ച് ഹരിയെക്കുറിച്ച് പറയുന്നത്. നമ്മുടെ ജീവിതം സന്തുഷ്ട്‌ടി നിറഞ്ഞതാകണമെന്ന ഉദ്ദേശത്തോടെയാണ് അവളത് പറഞ്ഞത്.”

അവളെന്തോ പറയുവാനായി തുനിഞ്ഞെങ്കിലും ഞാനവളെ തടഞ്ഞു, “ഹരി വളരെ സ്മാർട്ടായിരുന്നുവെന്ന് സവിത പറഞ്ഞിരുന്നു. കവിതയെഴുതും എന്നൊക്കെ… ശരിയാണ്, ഇഷ്ടപ്പെട്ടയാൾക്കു പകരം മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുമ്പോൾ കാമുകനോളം അയാൾ സുന്ദരനോ ആകർഷകത്വമുള്ളവനോ ആയി ഭാര്യയ്ക്ക് തോന്നണമെന്നില്ല. ഞാൻ ചിലപ്പോൾ നിന്നോട് വഴക്കിട്ടെന്നു വരും. ചിലപ്പോൾ ദേഷ്യപ്പെടാം, സ്നേഹം പ്രകടിപ്പിക്കാൻ എന്‍റെ കൈവശം നല്ല കാര്യങ്ങൾ ഉണ്ടാവണമെന്നില്ല…. അങ്ങനെ കുറെ പോരായ്‌മകൾ. പക്ഷേ.., എത്രയായാലും ഭർത്താവിന്‍റെ സ്നേഹത്തിന് വേരുകളുണ്ടാവും. അത് നിന്‍റെ സുഖദുഃഖങ്ങളിലും… ജീവിതത്തിന്‍റെ അവസാനനാളുകൾ വരെ കൂടെയുണ്ടാവും. സമയമാകും മുമ്പേ ആയുസ്സറ്റ് പോകുന്നതല്ല ആ സ്നേഹം.”

പ്രണയപുരസ്സരം ഞാനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ സ്നേഹത്തിന്‍റെ ഉറവകൾ പൊട്ടി.. അവളുടെ ചുണ്ടുകൾ വിറയാർന്നു. “എന്നോട് ക്ഷമിക്കൂ…” ഞാനവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണ് തുടച്ചു. “വേണ്ട, നീയൊന്നും പറയണ്ട. ഞാൻ നിന്നോട് ഇതൊക്കെയും പറഞ്ഞത് നമ്മുടെ രണ്ടുപേരുടേയും നന്മയ്ക്കു വേണ്ടിയാ. നമ്മുടെ ജീവിതം സന്തുഷ്‌ടി നിറഞ്ഞതാകണം. എന്നിൽ കുറേ കുറവുകളുണ്ടാവാം. പക്ഷേ ഒരു ഗുണം തീർച്ചയായുമുണ്ട്. ഞാൻ നിന്നെ എന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു നിധീ.”

“ഉവ്വ്, ഈ സ്നേഹത്തിന്‍റെ വേരുകൾ ശക്തമാണ്. എന്നേ ഞാനത് മനസ്സിലാക്കിയിരുന്നു. പക്ഷേ….” അവൾ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ് വിതുമ്പി കരഞ്ഞു. എന്‍റെ കൈകളിൽ അവൾ ഇറുക്കിപ്പിടിച്ചു. സ്നേഹത്തിന്‍റെ വേരുകൾ ആഴ്ന്നിറങ്ങുന്നതു പോലെ… അവളുടെ സ്നേഹം വേരുകൾ പടർത്തി എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ഒരിക്കലും വേർപെടാനാവാത്ത പോലെ അവളും ഞാനും….

ബീജ ബാങ്കുകൾ മക്കളില്ലാത്തവരുടെ പ്രത്യാശ

മുംബൈയിലെ പ്രശസ്‌തമായ ഒരു ബീജ ബാങ്ക്. യാതൊരു കൂസലുമില്ലാതെ സുന്ദരനായൊരു യുവാവ് ആ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നു. ഏകദേശം അരമണിക്കൂറിനു ശേഷം അയാൾ പുറത്തേക്കിറങ്ങിപ്പോയി. താൻ എന്ത് ജോലിയാണ് ചെയ്തു‌ മടങ്ങുന്നതെന്നും അതിന്‍റെ അനന്തരഫലമെന്തായിരിക്കുമെന്നും ആ യുവാവിന് നല്ല നിശ്ചയമുണ്ട്. മാത്രമല്ല, ഭാവിയിൽ അസംഖ്യം കുഞ്ഞുങ്ങളുടെ അജ്‌ഞാതനായ പിതാവുമാകാം താനെന്നും അയാൾക്ക് നല്ല നിശ്ച‌യമുണ്ട്.

ഇതൊരു സാങ്കൽപിക കഥയോ റൊമാന്‍റിക് സിനിമയിലെ രംഗമോ അല്ല. പച്ചയായ യാഥാർത്ഥ്യമാണ്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഈ യുവാവ് ഒരു ബീജബാങ്കിൽ തന്‍റെ ബീജം ദാനം ചെയ്‌തശേഷം മടങ്ങിപ്പോവുകയാണയാൾ. ആഴ്‌ചയിൽ രണ്ട് തവണ അയാൾ ഈ ബാങ്ക് സന്ദർശിക്കും. ഓരോ വിസിറ്റിലും ചെറിയ പ്രതിഫലവും കിട്ടും.

കഴിഞ്ഞ ഒന്നര വർഷമായി ബീജം ഡൊണേറ്റ് ചെയ്യുന്ന ഈ യുവാവ് പറയുന്നതിങ്ങനെ, “ചില്ലറ ചെലവുകൾ നടത്താൻ ഈ പണം ധാരാളമാണ്. ഇത്രയും ശ്രേഷ്‌ഠമായ ജോലിക്ക് അല്പം പണം വാങ്ങുന്നതിൽ എന്ത് തെറ്റാണ്?”

25 വയസ്സുള്ള കിഷോർകുമാർ അടുത്തിടെയാണ് താനൊരു ബ്ലഡ് കാൻസർ രോഗിയാണെന്ന വിവരം അറിയുന്നത്. ഒരു പെൺകുഞ്ഞിന്‍റെ പിതാവായ അയാൾക്ക് ഒരു കുഞ്ഞു കൂടി വേണമെന്ന് തീവ്രമായ മോഹം. അയാളുടെ ബീജം എത്രയും പെട്ടെന്ന് സ്പേം ബാങ്കിൽ സൂക്ഷിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാവിയിൽ ആവശ്യമായി വരുന്ന സമയത്ത് ബീജസംയോഗത്തിനായി ഉപയോഗപ്പെടുത്താമെന്ന് കരുതിയായിരുന്നു ഈ വിദഗ്ധോപദേശം. മാത്രമല്ല, ചികിത്സ അയാളുടെ പ്രത്യുല്പ‌ാദന ശേഷിയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഡോക്ടർമാർക്ക് ഉണ്ടായിരുന്നു.

വിദേശ രാജ്യങ്ങളിൽ രോഗികളുടെ സ്പേം ഇപ്രകാരം സ്പേം ബാങ്കിൽ സൂക്ഷിച്ചു വയ്ക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഈ രീതി അത്ര സാധാരണമല്ല. ഇതൊരു ബാക്ക്അപ്പ് ഇൻഷുറൻസ് പോളിസിയാണ്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് മോഹമുദിച്ചാൽ സ്വന്തം ബീജമുപയോഗിച്ച് സന്താനോല്‌പത്തി സാക്ഷാത്കരിക്കാവുന്ന പദ്ധതി.

ബീജ ബാങ്കിന്‍റെ ആവശ്യകത

ഇന്ത്യയിൽ ഇപ്പോഴുള്ള ബീജ ബാങ്കുകളെല്ലാം തന്നെ ഉന്നതനിലവാരം പുലർത്തുന്നവയാണ്. സ്പേം ഡൊണേഷനും പ്രിസർവേഷനും സ്‌റ്റോറേജിനും പ്രത്യേകം പ്രത്യേകം നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ആവശ്യക്കാർക്ക് വേണ്ട സേവനങ്ങൾ നൽകുന്നതോടൊപ്പം സ്പേം ഡൊണേറ്റ് ചെയ്യാൻ താല്പ‌ര്യപ്പെടുന്നവരിൽ നിന്നും നിബന്ധനകൾക്കനുസൃതമായി ബാങ്കുകൾ സ്പേം സ്വീകരിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള ധാരാളം ബീജ ബാങ്കുകൾ ഇന്ന് ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്പേം ബാങ്കുകളിൽ സ്പേം ശേഖരിക്കാനും സൂക്ഷിച്ചുവെക്കാനുമായി ആധുനിക സംവിധാനങ്ങളുണ്ട്. മാത്രമല്ല ജനിതക, സാംക്രമികരോഗങ്ങൾ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ബീജം പൂർണ്ണമായും പരിശോധനാ വിധേയമാക്കിയ ശേഷമേ ആവശ്യക്കാർക്ക് നല്‌കുകയുള്ളൂ. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ. ഇത്തരം സ്പേം ബാങ്കുകൾക്ക് പ്രധാനമായും രണ്ടുതരം സേവനങ്ങളാണുള്ളത്.

  • ക്ലൈന്‍റ് വഴി നേരിട്ടുള്ള ഡൊണേഷൻ
  • അനോണിമസ് ഡൊണേഷൻ

ഭാവിയിലെ ആവശ്യം മുൻനിർത്തി പുരുഷൻ നേരിട്ട് എത്തി സ്പേം സൂക്ഷിച്ചു വയ്ക്കുന്നതാണ് ആദ്യത്തെ രീതി. ഉദാഹരണത്തിന് കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനാകും മുമ്പ് ക്യാൻസർ രോഗി തന്‍റെ സ്പേം പ്രിസർവ്വ് ചെയ്തു വയ്ക്കുന്നതു പോലെ. പ്രത്യുല്പാദനശേഷിയെ ചികിത്സ പ്രതികൂലമായി ബാധിച്ചേക്കാമെന്നതുകൊണ്ടാണ് ഈ മുൻകരുതൽ. അതുപോലെ തന്നെ വേണ്ട അളവിൽ ബീജങ്ങൾ ഇല്ലാത്തവർക്കും രഹസ്യ രോഗങ്ങളുള്ളവർക്കും ഈ സംവിധാനം പ്രയോജനപ്രദമാണ്. ചലനശേഷി കുറവുള്ള ബീജത്തിന്‍റെ വീര്യം വർദ്ധി പ്പിക്കാനും ഇത്തരം കേന്ദ്രങ്ങളിൽ ആധുനിക സംവിധാനമുണ്ട്.

സ്വന്തമിഷ്ടപ്രകാരമോ പ്രതിഫലം സ്വീകരിച്ചോ ബീജദാനം ചെയ്യുന്നവരാണ് അനോണിമസ് ഡൊണേഷനിൽ ഉൾപ്പെടുന്നത്. ഈ സ്പേം ആർക്ക് പ്രയോജനപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഇവർക്ക് അജ്‌ഞാതമായിരിക്കും. ബീജോല്പാദനം ഒട്ടുമില്ലാത്തവർക്കോ ഐ.വി.എസ്. ചെയ്യേണ്ടി വരുന്നവർക്കോ വേണ്ടിയാണ് സ്പേം ബാങ്കുകൾ ബീജം നല്‌കുന്നത്.

സ്പേം പ്രിസർവേഷൻ

ബീജം, ബാങ്കിൽ സൂക്ഷിക്കുന്നതിന് രണ്ട് സംവിധാനങ്ങളുണ്ട്. ഷോർട്ട് ടേം പ്രിസർവേഷനും ലോംഗ് ടേം പ്രിസർവേഷനും.

ഷോർട്ട് ടേം പ്രിസർവേഷൻ

കുറച്ചുനാളത്തേക്ക് എന്തെങ്കിലും സാഹചര്യത്തിൽ പ്രത്യുല്‌പാദനക്ഷമത തടസപ്പെട്ടുപോകുന്നവർക്ക് ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് പല തവണയായി ഹ്രസ്വകാലാടിസ്‌ഥാനത്തിൽ സ്പേം സൂക്ഷിക്കേണ്ടി വരാം. അവർക്ക് വേണ്ടിയാണ് ഷോർട്ട് ടേം പ്രിസർവേഷൻ. ആർത്തവ ക്രമക്കേട്, ബീജങ്ങൾ കുറയുക, രഹസ്യരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ ഉദ്ദേശിച്ചാണ് ഈ രീതി. അതുപോലെ ഭർത്താവിന് വിദേശവാസം വേണ്ടിവരുന്നതിനാൽ ഗർഭധാരണ സാധ്യതയില്ലാത്തവരും ഈ രീതി അവലംബിച്ച് കാണാറുണ്ട്.

ലോംഗ് ടേം പ്രിസർവേഷൻ

ദീർഘകാലാടിസ്‌ഥാനത്തിൽ ബീജം സൂക്ഷിച്ചു വെയ്ക്കുന്ന രീതിയാണ് ലോംഗ് ടേം പ്രിസർവേഷൻ. ക്യാൻസർ, വാസക്ടമി പോലുള്ള കാരണങ്ങളാൽ പ്രത്യുല്പാദനക്ഷമത നഷ്ട‌പ്പെട്ടവരാണ് ഈ രീതി സ്വീകരിക്കുന്നത്. ദീർഘകാല ചികിത്സ വേണ്ടി വരുന്നവർക്ക് മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം ബീജം ശേഖരിച്ച് സൂക്ഷിക്കേണ്ടി വരാം.

സൈനിക സേവനം നടത്തുന്ന ജവാന്മാർക്കും യുദ്ധമേഖലയിൽ റിപ്പോർട്ടിംഗ് നടത്തുന്ന പത്രപ്രവർത്തകർക്കും ഖനി തൊഴിലാളികൾക്കും പൈലറ്റുമാർക്കും ഈ രീതി ഏറെ പ്രയോജനപ്രദമാണ്. അവരുടേത് ഏറെ വെല്ലുവിളികളുള്ള തൊഴിൽ സാഹചര്യങ്ങളായതിനാലാണ് ഈ മുൻകരുതൽ.

ക്രയോ പ്രിസർവേഷൻ ടെക്നിക്

ശേഖരിച്ച് 30 മുതൽ 45 മിനിറ്റിനകം ബിജം ദ്രവരൂപത്തിലാക്കുന്നു. വൈദ്യശാസ്ത്രം ഈ പ്രക്രിയയെ ‘ലിക്വിഫിക്കേഷൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനുശേഷം പ്രത്യേക രാസവസ്‌തുവായ ക്രയോ പ്രൊഡക്റ്റ് മീഡിയവും ചേർത്ത് കുറഞ്ഞ താപമാനത്തിൽ ലേബലൊട്ടിച്ച് 0.4 മുതൽ 1.0 മില്ലിലിറ്റർ വരെ ചെറിയ ചെറിയ പ്ലാസ്‌റ്റിക് ട്യൂബുകളിലാക്കി സീൽ ചെയ്‌ത്‌ ലിക്വിഡ് നൈട്രജനുള്ള സ്‌റ്റീൽ ട്യൂബിൽ വെച്ച ശേഷം ക്രയോ പ്രിസർവറിൽ സൂക്ഷിക്കുന്നു.

പിറ്റേദിവസം അവയിൽ നിന്ന് ഒരു ട്യൂബ് എടുത്ത് അതിലുള്ള ബീജത്തിന് എത്ര ശതമാനം ജീവനുണ്ടെന്ന് പരിശോധിച്ചു നോക്കുന്നു. സ്പേമിന്‍റെ സംഖ്യ 25 മുതൽ 40 മില്യൻ വരെയാണെങ്കിൽ സ്വീകരിക്കുകയില്ല. അതിലുമധികമാണെങ്കിൽ മാത്രമേ ഉപയോഗയോഗ്യമാവു.

അതിനുശേഷം സ്പേമിനെ ഒരു കോൾഡ് സ്‌റ്റോറേജിൽ 6 മാസത്തേക്ക് സ്‌റ്റോർ ചെയ്‌തു വയ്ക്കുന്നു. ഇതിനെ “ക്വാറൻടൈൻ പിരീയഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്വാറൻടൈൻ പിരിയഡിനുശേഷം ദാതാവിന്‍റെ (donor) ഭക്തം പരിശോധിക്കുന്നു. എച്ച്ഐവി ഹെപ്പറ്റൈറ്റിസ്, ലൈംഗികരോഗങ്ങൾ എന്നിവ ഉണ്ടോ എന്ന് അറിയാനാണ് രക്ത‌ പരിശോധന. ദാതാവിന്‍റെ രക്തത്തിൽ അണുബാധയൊന്നുമില്ലെങ്കിൽ മാത്രമേ ബീജം കൃത്രിമ ബീജ സങ്കലനത്തിനായി ഉപയോഗിക്കുകയുള്ളൂ. പല തരത്തിലുള്ള പരിശോധനാ പ്രക്രിയകൾക്ക് വിധേയമാക്കിയശേഷം മാത്രമേ സ്പേം പ്രിസർവ് ചെയ്യൂ.

ഇൻട്രാ സെർവിക്കൽ ഇൻസെമിനേഷൻ, ഇൻട്രാ യുട്ടറൈൻ ഇൻസെമിനേഷൻ, ഇൻവിട്രോ ഫെർട്ടിലൈസേഷൻ, അഥവാ അസിസ്‌റ്റഡ് റിപ്രൊഡക്ഷൻ എന്നിങ്ങനെയുള്ള ക്യത്രിമ ഗർഭധാരണ രീതികൾക്ക് ഈ സ്പേം ഫ്രീസ് ചെയ്‌തശേഷം കുറഞ്ഞത് 6 മാസക്കാലം സ്‌റ്റോർ ചെയ്തു‌ വയ്ക്കും. ദാതാവിന് യാതൊരു വിധ രഹസ്യരോഗങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ സ്പേം ഇൻസെമിനേഷനായി പ്രയോജനപ്പെടുത്താറുള്ളൂ. അതിനായി ഓരോ മൂന്നു മാസം കൂടുമ്പോഴും ഡോണറെ സ്ക്രീനിങ്ങിന് വിധേയമാക്കിക്കൊണ്ടിരിക്കും.

സെലക്ഷൻ ഓഫ് ഡോണർ

സ്പേം ദാതാവ് പാലിച്ചിരിക്കേണ്ട നിബന്ധനകൾ:

  • ദാതാവിന്‍റെ ശാരീരിക മാനസികനില തൃപ്തികരമായിരിക്കണം.
  • 5 അടി 6 ഇഞ്ചിനും 6 അടി 2 ഇഞ്ചിനും ഇടയിൽ ഉയരമുള്ളവരായിരിക്കണം.
  • 19 വയസ്സിനും 39 വയസ്സിനുമിടയിലായിരിക്കണം പ്രായം. 39 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ സ്പേം ക്ഷമതയേറിയതായിരിക്കും. ഫ്രീസിംഗ്, തൈയിംഗ് പോലെയുള്ള പ്രോസസിന് അതേറ്റവും അനുയോജ്യമായിരിക്കും.
  • ദാതാവിന്‍റെ ശരീരഭാരം ഉയരത്തിന് ആനുപാതികമായിരിക്കണം. നിശ്ചിത പ്രായം കഴിഞ്ഞവരുടേയോ പ്രായം കുറഞ്ഞവരുടേയോ സ്പേം സ്വീകരിക്കുകയില്ല. കാരണം, ഈ സമയത്ത് പലതരം ശാരീരിക അസ്വാസ്‌ഥ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായിരിക്കും.
  • ദാതാവിന് യാതൊരുവിധ ജനിതക രോഗങ്ങളും ഉണ്ടാകാൻ പാടില്ല.
  • ഹോമോസെക്ഷ്വൽ ആയിരിക്കരുത്,
  • സിഫിലിസ്, ഗൊണോറിയ, ഹെപ്പറ്റൈറ്റിസ്, എയ്‌ഡ്‌സ്‌, വൈറൽ ഡിസീസ് പോലെയുള്ള സാംക്രമിക രോഗങ്ങൾ ഉണ്ടാകാൻ പാടില്ല.

പ്രൊഫഷനും ദാമ്പത്യവും

സൗന്ദര്യ… പേരുപോലെ സ്മാർട്ട്.  ഒരു കൾട്ടിനാഷണൽ കമ്പനിയിൽ പ്രൊജക്ട് മാനേജർ. അഞ്ചക്ക ശമ്പളം… ജോണും സൗന്ദര്യയും സുഹൃത്തുക്കൾക്കു മുന്നിൽ മാതൃകാ ദമ്പതിമാരാണ്. സാമ്പത്തികമായി ഭദ്രമായ കുടുംബം. ഭാര്യയുടെ ജോലി, ശമ്പളം, സ്‌റ്റാറ്റസ് എന്നിവയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കാൻ ജോണിന് ഒരു മടിയുമില്ല.

എന്നാൽ ഈ പത്രാസും വീമ്പുമൊക്കെ വീട്ടിലെത്തുന്നതോടെ തീരും. ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് സൗന്ദര്യയുടേതെന്നതിനാൽ സമയത്ത് വീട്ടിലെത്തിച്ചേരാൻ സാധിക്കാതെ വരും. ഓവർ ടൈം എന്ന പേരിൽ രാത്രി വൈകി വീട്ടിലെത്തുന്നതും വീട്ടിലെത്തിയാൽത്തന്നെ ലാപ്ടോപ്പിൽ ജോലി തുടരുന്നതുമൊന്നും ജോണിനിഷ്ട‌മില്ല. ഒരവസരത്തിൽ ജോൺ ഇതേക്കുറിച്ച് ഭാര്യയോടു സൂചിപ്പിച്ചു. അവസാനിക്കാത്ത പരാതികളും പരിഭവങ്ങളും കലഹങ്ങളുമായി അവരുടെ ദാമ്പത്യം കലുഷമായിത്തീരാൻ അധികനാൾ വേണ്ടി വന്നില്ല.

“ജോൺ, എന്നെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ല. ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന കാര്യം നേരത്തെ അറിയാമായിരുന്നില്ലേ?” സൗന്ദര്യ തന്‍റെ ഭാഗം ന്യായീകരിച്ചപ്പോൾ ജോണിന്‍റെ മറുപടി ഇങ്ങനെ: “അറിയാം അറിയാം… പറയുന്നതു കേട്ടാൽ ലോകത്ത് നീ മാത്രമാണ് ജോലിക്കു പോകുന്നതെന്നു തോന്നുമല്ലോ? ജോലി പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫാമിലി ലൈഫ് എന്ന കാര്യം മനസ്സിലാക്കാത്തതെന്താ..”

“ഫാമിലി ലൈഫും മാരീഡ് ലൈഫുമൊക്കെ എൻജോയ് ചെയ്യാൻ എനിക്ക് ഇഷ്ടമില്ലെന്നാണോ കരുതിയത്?”

“ഓവർ ടൈം വർക്ക് ചെയ്യാൻ പറ്റില്ലെന്നും വീട്ടിലാരുമില്ലാത്തതിനാൽ ഒഫീഷ്യൽ ടൂറിനു പോകാൻ പറ്റില്ലെന്നും ബോസിനോടു പറയാമായിരുന്നില്ലേ?”

“എന്തു വിഡ്ഢിത്തമാണീ പറഞ്ഞു കുട്ടുന്നത്? അതൊക്കെ കരിയറിനെ ബാധിക്കുന്ന കാര്യമല്ലേ? അടുത്തു തന്നെ പ്രമോഷൻ ശരിയാവും. ശമ്പളവും കൂടും. ഈ അവസ്‌ഥയിൽ ബോസിനോടെങ്ങനെ ഒഴികഴിവു പറയും?”

സൗന്ദര്യ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമെങ്കിലും ജോൺ അതു പ്രകടമാക്കിയില്ല. കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത നിലനിർത്തണമെങ്കിൽ ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാവുകയെന്നത് അനിവാര്യം തന്നെ. പക്ഷേ, കരിയറിനു പ്രാധാന്യം നല്‌കുമ്പോൾ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നിലനിർത്താൻ പാടുപെടുകയാണ് മിക്ക ദമ്പതികളും.

സമയക്രമീകരണം

ധാരാളം വെല്ലുവിളികളും പ്രശ്ന‌ങ്ങളും നിറഞ്ഞതാണ് ഉദ്യോഗസ്‌ഥ ദമ്പതിമാരുടെ ജീവിതം. മുൻപൊക്കെ ഭർത്താവ് ജോലി ചെയ്‌ത്‌ കുടുംബകാര്യങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെ നോക്കി നടത്തുന്നതായിരുന്നു കീഴ്വഴക്കം. വീട്ടു ജോലികളും കുട്ടികളെ വളർത്തലുമായിരുന്നു ഭാര്യയുടെ ഉത്തരവാദിത്തം. പരസ്പ‌രം ഇടപെടാതെ സ്വന്തം പ്രവർത്തന മണ്ഡലത്തിൽ മാത്രം അവർ സന്തുഷ്ടരായിരുന്നു. എന്നാൽ ഇന്ന് പുരുഷനും സ്ത്രീയും ജോലി ചെയ്യുകയെന്നത് സാഹചര്യത്തിന്‍റെ ആവശ്യമായിത്തീർന്നു.

അനാവശ്യ ഇടപെടലുകൾ

ഓരോ ജോലിക്കും അതിന്‍റsതായ ഉത്തരവാദിത്തങ്ങളുണ്ടെന്ന വസ്തുത ദമ്പതിമാർ മനസ്സിലാക്കിയിരിക്കണം. ഓഫീസ് കാര്യങ്ങൾ വീട്ടിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. വീട്ടിലെത്തിയാൽ ബോസ് മനോഭാവം തീർത്തും മാറ്റിവയ്ക്കണം.

ഈഗോ ക്ലാഷ്, ആജ്‌ഞ, നിർദ്ദേശങ്ങൾ എന്നിവ ദാമ്പത്യത്തിൽ കരിനിഴൽ വീഴ്ത്തും. “നീ ഈ ഡ്രസ്സ് ധരിച്ച് പാർട്ടിക്ക് പോകേണ്ട”, “ഒഫീഷ്യൽ ടൂറിനൊന്നും പോകേണ്ട”, “മോനു സുഖമില്ലല്ലോ. നീ മീറ്റിംഗുകൾ കാൻസൽ ചെയ്യ്”, “ലീവെടുക്ക്..” ഭർത്താവിന്‍റെ ഇത്തരം വിലക്കുകൾ ഉദ്യോഗസ്‌ഥയായ ഭാര്യയെ ദേഷ്യo പിടിപ്പിക്കാതിരിക്കുമോ?

ഭാര്യയുടെ അനാവശ്യ ഇടപെടൽ കാരണം സ്വകാര്യ സ്‌ഥാപനത്തിൽ ഉദ്യോഗസ്‌ഥനായ അനിലിന് തന്‍റെ ജോലി തന്നെ നഷ്ട്‌ടപ്പെട്ടു. കോർപറേറ്റ് കൾച്ചറിനെക്കുറിച്ച് യാതൊന്നുമറിയാത്ത അനിതയുടെ നിർദ്ദേശങ്ങൾ കാരണമാണ് അനിലിന് ഈ ദുരവസ്‌ഥയുണ്ടായത്.

“ഇത്ര ഉയർന്ന പദവിയിലായിരുന്നിട്ടും നിങ്ങൾക്ക് ഇക്കണോമിക് ക്ലാസ് ഇളവുകൾ ലഭിക്കുന്നില്ലല്ലോ?”, “കമ്പനിക്കുവേണ്ടി ഇത്രയൊക്കെ അധ്വാനിക്കുന്ന നിങ്ങൾക്ക് കുറഞ്ഞത് ഒരു ത്രീ സ്‌റ്റാർ ഹോട്ടലിലെങ്കിലും താമസ സൗകര്യം തന്നുകൂടേ?”, “ഒഫീഷ്യൽ ടൂറിനും മറ്റും പോകുമ്പോൾ ലക്ഷ്വറി കാറിൽ യാത്ര ചെയ്‌താൽ പോരേ?” ഭാര്യയുടെ ചോദ്യങ്ങൾ ശരിയാണെന്ന് അനിലിനും തോന്നാതിരുന്നില്ല. കഠിനാധ്വാനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നവനുമാണ് അനിൽ. എന്നാൽ അനിലിന്‍റെ പതിവായുള്ള ആവശ്യങ്ങൾ ബോസിന്‍റെ അനിഷ്ടത്തിനു കാരണമായി. അവസാനം അയാൾക്ക് ജോലി തന്നെ നഷ്‌ടപ്പെട്ടു.

വർക്ക് ഈസ് വർഷിപ്പ്

കരിയറിന് ഏറെ പ്രാമുഖ്യം നല്‌കുന്ന ദമ്പതിമാർക്ക് കൂടുതൽ ഉത്തരവാദിത്തവും കാര്യക്ഷമതയും അനിവാര്യം തന്നെ. അവരവരുടെ ജോലിയുടെ പ്രാധാന്യവും ആവശ്യകതകളും കണക്കിലെടുത്തു വേണം ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാൻ. മനസ്സു തുറന്നു സംസാരിക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കും. കരിയറിന്‍റെ ഉയർച്ചയോടൊപ്പം മെച്ചപ്പെട്ട ജീവിതശൈലിയും സുഖസൗകര്യങ്ങളുമൊക്കെ വന്നുചേരുമെങ്കിലും അതോടൊപ്പം ഉത്തരവാദിത്തം കൂടുന്നതിനാൽ പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടിയും വരാം.

ഭാവി സുരക്ഷ

ജോലിയിലുള്ള അസംത്യപ്‌തി ദമ്പതികൾ തമ്മിലുള്ള കലഹത്തിന് കാരണമാകാറുണ്ട്. പങ്കാളിയുടെ ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നത് പലപ്പോഴും കലഹത്തിന് വഴിതെളിക്കും. തിരക്കുള്ള ദമ്പതിമാർക്ക് അമിതജോലി നിമിത്തം കുടുംബത്തിനുവേണ്ടി കുറച്ചുസമയം പോലും നീക്കിവയ്ക്കാനാവാത്ത അവസ്‌ഥയുണ്ടാവാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ക്ഷമയോടെ വേണം മുന്നോട്ടു ചുവടുവയ്ക്കാൻ. വേതനം കുറവാണ്, ജോലി ഭാരം കൂടുതലാണ് എന്നൊക്കെ കുത്തു വാക്കു പറയുന്നതും ജോലിയിലുള്ള അസംതൃപ്‌തിയാണ് പ്രകടമാക്കുന്നത്.

സാമ്പത്തിക മാന്ദ്യം കാരണം അനേകം പേർക്ക് തൊഴിൽ നഷ്ട‌മാകുന്നുണ്ട്. തൊഴിൽ രംഗത്തെ അനിശ്ചിതാവസ്‌ഥയും തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിച്ചതുമൊക്കെ പെട്ടെന്ന് മറ്റൊരു ഉദ്യോഗം നേടാനുള്ള സാധ്യതകൾക്ക് മങ്ങലേല്പ‌ിക്കും. അതിനാൽ ഉള്ള ജോലി നിലനിർത്തിക്കൊണ്ടുപോകാൻ രണ്ടുഭാഗത്തുനിന്നും പരിശ്രമം വേണം. പങ്കാളിയുടെ ജോലിയിലോ മറ്റു ഔദ്യോഗിക കാര്യങ്ങളിലോ അനാവശ്യ ഇടപെടലുകൾ വേണ്ട. ഉദ്യോഗസ്‌ഥരായ ദമ്പതികൾ ജോലിയുടെ പ്രകൃതവും ഭാവി സാധ്യതകളും മനസ്സിലാക്കി പരസ്‌പര ഐക്യത്തോടെ മുന്നോട്ടു പോയാൽ മാത്രമേ കരിയറിലും ദാമ്പത്യത്തിലും വിജയം കൈവരിക്കാനാവൂ.

ഹെൽത്തി സ്നാക്ക്സ്

ലോട്ടസ് സ്റ്റെം പെറ്റൽസ്

ചേരുവകൾ

ചോളമാവ് അര കപ്പ്

കടലപ്പൊടി അര കപ്പ്

ഒറിഗാനോ ഒരു ടീസ്‌പൂൺ

ചാട്ട് മസാല അര ടീസ്‌പൂൺ

1 ഇഞ്ചി അരച്ചത് ഒരു ടീസ്‌പൂൺ

വെളുത്തുള്ളി-പച്ചമുളക് അരച്ചത് ഒരു ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

റവ ഒരു ടേബിൾ സ്‌പൂൺ

താമരത്തണ്ട് ഒന്നോരണ്ടോയെണ്ണം

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ, കടലപ്പൊടി, ചോളപ്പൊടി, ഉപ്പ്, ഇഞ്ചി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് അല്പം വെള്ളം ചേർത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക. താമരത്തണ്ട് കഴുകി തൊലി കളഞ്ഞ് ഇതളുകൾ പോലെ മുറിച്ചെടുക്കണം. ഇത് ആവിയിൽ വേവിക്കുക. കടലമാവിൽ മുക്കിയ താമരത്തണ്ട് ഇതളുകൾ എണ്ണയിൽ വറുത്തെടു ക്കണം. ഒറിഗാനോ/ചാട്ട് മസാല തൂവി തിരിച്ചും മറിച്ചുമിട്ട് ലോട്ടസ് സ്റ്റെം പെറ്റൽസ് തയ്യാറാക്കാം.

ഓട്സ് ഡോക്കല

ചേരുവകൾ

ഓട്സ് ഒരു കപ്പ്

റവ ഒരു കപ്പ്

പുളിച്ച തൈര് രണ്ടു കപ്പ്

സവാള കനം കുറച്ച് ചതുരാകൃതിൽ അരിഞ്ഞത് ഒരെണ്ണം

ഉപ്പ് അര ടീസ്പൂൺ

മുളകുപൊടി അര ടീസ്‌പൂൺ

സോഡ കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പുളിച്ച തൈരിലേക്ക് ഉപ്പ്, മുളകുപൊടി, റവ, ഓട്സ് എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റോളം മാറ്റി വയ്ക്കുക. ഡോക്കല തയ്യാറാക്കുന്ന ഇഡ്‌ഡലിതട്ട് എണ്ണ, നെയ്യ്, വെണ്ണ എന്നിവയിലേതെങ്കിലും പുരട്ടി മയം വരുത്തണം. മിശ്രിതത്തിൽ സോഡാപ്പൊടി ചേർത്ത് ഇഡ്‌ഡലി തട്ടിൽ മാവ് ഒഴിച്ച് ആവിയിൽ വേവിക്കുക. കത്തി കൊണ്ട് ഡോക്കലയിൽ കുത്തി നോക്കി പാകമായോയെന്നു പരിശോധിക്കാം. ഇത് സോസ് കൂട്ടി കഴിക്കാം.

കാപ്സിക്കം സുപ്രീം

ചേരുവകൾ

കാപ്സിക്കം രണ്ടെണ്ണം

ചോളമലരുകൾ വേവിച്ചത് അര കപ്പ്

കടലമാവ് ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി അര ടീസ്‌പൂൺ

ചാട്ട് മസാല അര ടീസ്‌പൂൺ

വെളുത്തുള്ളി-ഇഞ്ചി അരച്ചത് അര ടീസ്‌പൂൺ

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കാപ്സിക്കം നന്നായി കഴുകി വട്ടത്തിൽ മുറിക്കുക. മസാല, കടലമാവ് എന്നിവയിലേക്ക് അല്പ‌ം വെള്ളം ചേർത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കണം. ഒരു ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കുക. കാപ്സിക്കം കടലമാവിൽ മുക്കി പാനിൽ വയ്ക്കണം. ഇതിനു മുകളിൽ കടലമാവും ചോള അല്ലികളും നിറച്ച് ഒരു വശം മൊരിയുമ്പോൾ മറിച്ചിടുക. വറുത്തെടുത്ത കാപ്സിക്കം സൂപ്രീം ചട്‌നി, സോസ് എന്നിവയ്‌ക്കൊപ്പം കഴിക്കാം.

ചിക്കൻ കേക്ക്

ചേരുവകൾ

ചിക്കൻ വേവിച്ചത് ഒരു കപ്പ്

മുട്ട നാലെണ്ണം

വെണ്ണ ഒരു ടേബിൾ സ്‌പൂൺ

എണ്ണ ഒരു ടേബിൾ സ്‌പൂൺ

സവാള വഴറ്റിയത് ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി-ഇഞ്ചി ഒരു ടേബിൾ സ്‌പൂൺ

ഉപ്പ് ഒന്നര ടീസ്‌പൂൺ

മുളകുപൊടി കാൽ ടീസ്പൂൺ

ഗരം മസാലപ്പൊടി കാൽ ടീസ്‌പൂൺ

ബ്രഡ് സ്ലൈസ് നാലഞ്ചെണ്ണം

ചില്ലി ഒരു ടേബിൾ സ്‌പൂൺ

ടൊമാറ്റോ സോസ് ഒരു ടേബിൾ സ്‌പൂൺ

മല്ലിയില അരിഞ്ഞത് ഒരു ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കുക. സവാള, മസാല, ഉപ്പ് എന്നിവ ചിക്കനിൽ ചേർത്ത് നന്നയി ഇളക്കുക. ഇത് തണുക്കാൻ വയ്ക്കണം. ഒരു ബേക്കിംഗ് ട്രേയിൽ അല്പ‌ം വെണ്ണ പുരട്ടുക. ഇതിനു മീതെ മൂന്നു ബ്രഡ് സ്ളൈസ് വയ്ക്കുക. വെണ്ണ, മുട്ട പതപ്പിച്ചത്, രണ്ടുതരം സോസ്, മല്ലിയില, ചിക്കൻ, രണ്ട് ബ്രഡ് സ്ളെസ്സ് പൊടിച്ചതും ഒരു മിക്സറിലി ട്ട് തരിതരിയായി പൊടിച്ചെടുക്കുക. ഈ മിശ്രിതം ബേക്കിംഗ് ട്രേയിലുള്ള ബ്രഡ് സ്‌ലൈസിൽ പരത്തണം. തുടർന്ന് 200 ഡിഗ്രി സെന്‍റിഗ്രേഡിൽ നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ വച്ച് ബേക്ക് ചെയ്യണം. ഈവനിംഗ് സ്‌നാക്സായി ചിക്കൻ കേക്ക് കഴിക്കാം.

സൂപ്പർ ചീലാ

ചേരുവകൾ

കടലമാവ് കാൽ കപ്പ്

ചെറുപയർപൊടി കാൽ കപ്പ്

റവ കാൽ കപ്പ്

ഓട്സ് മാവ് കാൽ കപ്പ്

ഉപ്പ് ഒരു ടീസ്പൂൺ

മുളകുപൊടി അര ടീസ്‌പൂൺ

ചാട്ട് മസാല ഒരു ടീസ്‌പൂൺ

മുളപ്പിച്ച വൻപയർ അര കപ്പ്

പനീർ അര കപ്പ്

മല്ലിയില അരിഞ്ഞത് കാൽ കപ്പ്

പച്ചമുളക് കാൽ കപ്പ്

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയർ പൊടിയിലേയ്ക്ക് കടലമാവ്, റവ, ഓട്സ് മാവ്, അര ടീസ്‌പൂൺ ഉപ്പ്, അര ടീസ്‌സ്പൂൺ മസാല എന്നിവ ചേർത്ത് ചീല (ദോശ)യ്ക്ക് വേണ്ട മാവ് തയ്യാറാക്കുക. മുളപ്പിച്ച വൻപയർ ആവിയിൽ വേവിച്ചെടുത്തതിലേക്ക് ബാക്കി മസാല, പനീർ, മല്ലിയില, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കണം. ചൂടാക്കിയ തവയിൽ എണ്ണ പുരട്ടി ചീല ചുട്ടെടുക്കണം. ഇതിനു മുകളിൽ മുളപ്പിച്ച ധാന്യം വിതറി സർവ്വ് ചെയ്യാം. ചട്‌നി, സോസ് എന്നിവയ്ക്കൊപ്പം കഴിക്കാം.

മലായ് ടിക്കി

ചേരുവകൾ

ചേമ്പ് വേവിച്ചത് 500 ഗ്രാം

ക്രീം ഒരു ടീസ്‌പൂൺ

സവാള ചെറുത് ഒന്ന്

ഒരു നുള്ള് അയമോദകം

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി അര ടീസ്‌പൂൺ

മാങ്ങാപ്പൊടി അര ടീസ്‌പൂൺ

പച്ചമുളക് അരിഞ്ഞത് നാലെണ്ണം

മല്ലിയില അരിഞ്ഞത്

റവ, എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ക്രീമിലേക്ക് സവാള പൊടിപൊടിയായി അരിഞ്ഞതു ചേർത്ത് തിരിച്ചും മറിച്ചുമിട്ട് വഴറ്റിയ ശേഷം തീയിൽ നിന്നും താഴെയിറക്കാം. ചേമ്പ് തരിതരിയായി പൊടിച്ചെടുക്കുക. ഒന്നര ടീസ്‌പൂൺ എണ്ണ ചൂടാക്കി അയമോദകവുമിട്ട് കടുകുവറുക്കണം. ഇതിലേക്ക് ചേമ്പ്, ഉപ്പ്, മുളകുപൊടി, മാങ്ങാപ്പൊടി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. തണുക്കുമ്പോൾ ഉടച്ച് പേട തയ്യാറാക്കി ഓരോന്നും വഴറ്റിയ സവാളയിൽ മുക്കിയെടുക്കുക. ഇത് കൈ കൊണ്ട് അമർത്തി റവയിൽ മുക്കി ചൂടാക്കിയ എണ്ണയിലിട്ടു വറുത്തെടുക്കാം.

ഹാൻറി ബൈറ്റ്

ചേരുവകൾ

ഓട്സ് ഒരു കപ്പ്

റവ അര കപ്പ്

കടലമാവ് അര കപ്പ്

ചോള മലരുകൾ അര കപ്പ്

മുളപ്പിച്ച കടല അര കപ്പ്

ഉപ്പ് അര ടീസ്‌പൂൺ

മുളകുപൊടി അര ടീസ്‌പൂൺ

മല്ലിയില അരിഞ്ഞത് ഒരു ടീസ്‌പൂൺ

പച്ചമുളക് അരിഞ്ഞത് രണ്ടോ മുന്നോയെണ്ണം

എണ്ണ, സവാള, തക്കാളി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓട്സ്, റവ, കടലമാവ് എന്നിവ നന്നായി യോജിപ്പിക്കുക. ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, പച്ചമുളക്, മുളപ്പിച്ച കടല, ചോള മലരുകൾ എന്നിവ ചേർത്ത് അല്‌പം വെള്ളവുമൊഴി ച്ച് കട്ടിയുള്ള മിശ്രിതം തയ്യാറാക്കി പത്തുമിനിറ്റ് വയ്ക്കണം. ഒരു ഫ്രൈയിംഗ് പാനിൽ അല്പം എണ്ണയെടുത്ത് മിശ്രിതം അല്‌പാല്‌പമിട്ട് പരത്തുക. അടച്ചു വച്ച് പാകമാകുമ്പോൾ തിരിച്ചിട്ട് വീണ്ടും വേവിക്കണം. തയ്യാറാവുമ്പോൾ ഇതൊരു പ്ലേയ്റ്റിലേക്ക് പകർത്തി സോസ്, തക്കാളി ചട്നിക്കുമൊപ്പം കഴിക്കാം.

പിണക്കം മറന്ന നേരം

ആരായിരിക്കും ഈ നേരത്ത്…” കോളിംഗ് ബെൽ നിർത്താതെയടിക്കുന്ന ശബ്ദ‌ം കേട്ട് ലതിക തിടുക്കത്തിൽ ഡ്രോയിംഗ് റൂമിലേക്കു നടന്നു. “അമ്മേ…ഞാനാ…” അകത്തു നിന്നുള്ള ശബ്ദവും പിറുപിറുക്കലും കേട്ട് മകൾ മൃദുല ഉറക്കെ പറഞ്ഞു. “മോളേ… നീയെന്താ ഈ നേരത്തിവിടെ? ഇന്നവധിയാണോ? നീ ഇന്ന് ഓഫീസിൽ പോയില്ലേ?” എന്താ നിനക്ക് സുഖമില്ലേ?” ലതികയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.

“മമ്മീ, ഒറ്റശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ കഷ്‌ടപ്പെട്ടു പോവും. ആദ്യം ഞാനൊന്നിരിക്കട്ടെ. എന്നിട്ട് സ്വസ്‌ഥമായി എല്ലാം പറയാം.” മൃദുല ധൃതിയിൽ അകത്തേയ്ക്ക് നടന്ന് മുൻവശത്തെ വലിയ സോഫയിലേയ്ക്ക് ചാരിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൾ ലതികയുടെ മുഖത്തേയ്ക്കു നോക്കി.

“ഇന്ന് അവധിയൊന്നുമല്ല, സുഖമില്ലാത്തതു കൊണ്ട് ലീവെടുത്തുവെന്നു മാത്രം. എന്താ… ഞാൻ വന്നത് മമ്മിക്ക് ഇഷ്ട‌മായില്ലേ?” മമ്മിയുടെ മുഖഭാവം കണ്ട് മൃദുല ചോദിച്ചു.

“മോളേ, നിനക്കിതെന്തു പറ്റി? മുമ്പൊരിക്കലും നീ ഇതുപോലൊന്നും സംസാരിച്ചിട്ടില്ലല്ലോ? അതിരിക്കട്ടെ മോൾ ആദ്യം കൈയും മുഖവും കഴുകിവാ അപ്പോഴേക്കും ഞാൻ മോൾക്കിഷ്ടമുള്ള ചൂടു സമോസയെടുത്തു വയ്ക്കാം.” ലതിക സ്നേഹത്തോടെ പറഞ്ഞു.

“കൈയും മുഖവും കഴുകി യൂണിഫോം മാറ്റി വന്ന് ഭക്ഷണം കഴിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?” ദേഷ്യം കലർന്ന ശബ്ദ‌ത്തിൽ മൃദുല പറഞ്ഞു.

ശരിയാണ്. മകൾ പറഞ്ഞതിലും കാര്യമുണ്ട്. കൊച്ചു കുട്ടിയൊന്നുമല്ല മൃദുല, അവൾക്കിന്ന് ഉദ്യോഗമുണ്ട്. വിവാഹിതയാണ്. കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനം കൈക്കൊള്ളാനും കഴിവുണ്ട്. പക്ഷേ തനിക്കവൾ കൊച്ചു മൃദുലയാണ്.

ലതിക സ്നേഹത്തോടെ മൃദുലയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. മൃദുല മെല്ലെ കണ്ണു തുറന്നു. “മമ്മിയുടെ ഈ സ്നേഹം… ഈ കെയർ… മനസ്സ് വല്ലാതെ ശാന്തമായതു പോലെ. എന്തു രസമായിരുന്നു മമ്മി ആ നാളുകൾ… മമ്മി, പപ്പ. ഞാൻ, മഹേഷ് ചേട്ടൻ… അന്നൊക്കെ മമ്മിക്ക് എന്‍റെയും ഏട്ടന്‍റെയും വഴക്കു തീർക്കാനേ നേരമുണ്ടായിരുന്നുള്ളൂ.”

“എനിക്ക് ഓർമ്മയുണ്ട്.” ലതിക ഒരു നിമിഷം മൗനമവലംബിച്ചു. “മോളേ, കാലത്തിന് അതിന്‍റേതായ ഒഴുക്കുണ്ട്, ഗതിയുണ്ട്. സമയത്തെ പക്ഷിയെപ്പോലെ കൂട്ടിലിടാനോ ബന്ധിച്ചു. നിർത്താനോ സാധ്യമല്ല.” ലതിക മകൾക്കരികിൽ വന്നിരുന്നു.

“മമ്മിയോട് സംസാരിക്കുമ്പോൾ മാത്രമാണ് എനിക്കിത്രയും ആശ്വാസം തോന്നുന്നത്. ഐ ഫീൽ റിലാക്‌സ്‌ഡ്.. എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ടു വരാൻ തോന്നുന്നു.”

“മോളേ, നീ വെറുതെ അതുമിതും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്ക്. നീ ജനിച്ചു വളർന്ന വീടല്ലേ ഇത്. അതാ നിനക്ക് ഇത്രമാത്രം അറ്റാച്ച്‌മെന്‍റ്.” ഒരു നെടുവീർപ്പോടെ ലതിക അലക്ഷ്യമായി ദൂരേയ്ക്ക് നോക്കി.

“മമ്മീ, ഞാൻ വെറുതെ തമാശയ്ക്ക് പറയുന്നതല്ല. എനിക്കിപ്പോൾ അവിടത്തെ താമസവും ജീവിതവും മടുത്തു. വല്ലാത്ത ശ്വാസം മുട്ടൽ…” മൃദുലയുടെ കണ്ണു നിറഞ്ഞു.

“എന്താ മോളേ, നീ സുമേഷിനോട് പിണങ്ങിയോ?”

“അങ്ങനെയൊന്നുമില്ല മമ്മീ, ശരിക്കും പറഞ്ഞാൽ ഞങ്ങൾ നേരാംവണ്ണം സംസാരിച്ചിട്ട് ഒന്നുരണ്ടാഴ്ച‌ ആയിക്കാണും.”

“ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം… ജോലി, തിരക്ക് എന്നൊക്കെ പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ തലയിലേറ്റും. മെച്ചം ഞങ്ങൾ പഴയ തലമുറക്കാർ തന്നെയായിരുന്നു. മുമ്പൊക്കെ നീ വരുമ്പോൾ സുമേഷിനെക്കുറിച്ചു മാത്രമാണല്ലോ സംസാരിച്ചിരുന്നത്. പിന്നെ പിണങ്ങാനും മാത്രം…. നാല് വർഷത്തെ പരിചയത്തിനൊടുവിലല്ലേ നിങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതു തന്നെ. എന്നിട്ടിപ്പോ?”

“എനിക്കറിയില്ല. മുമ്പ് ഫോൺ ചെയ്യേണ്ട താമസം സുമേഷ് ചേട്ടൻ ഓടിയെത്തുമായിരുന്നു. പക്ഷേ ഇപ്പോൾ…” മൃദുല ടൗവൽ കൊണ്ട് മുഖംപൊത്തി.

“വിവാഹത്തിനു മുമ്പും പിന്നീടുമുള്ള ജീവിതം തമ്മിൽ വലിയ അന്തരമുണ്ട്. പങ്കാളിയെ സ്വാധീനിക്കാൻ നമ്മുടെ നല്ല വ്യക്തിത്വം മാത്രമാവും പ്രണയിക്കുമ്പോൾ പ്രകടിപ്പിക്കുക. എന്നാൽ…” ലതിക മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“മമ്മി കരുതുംപോലെ നിസ്സാരമല്ലിത്. സുമേഷ് ഇത്രയും നാൾ എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചുവച്ചു. വിവാഹത്തിനു ശേഷമാണ് ഞാൻ പലതും മനസ്സിലാക്കുന്നത്. അപ്പൊഴുള്ള എന്‍റെ മാനസികാവസ്‌ഥ മമ്മിക്ക് ഊഹിക്കാവുന്നതേയുള്ളൂ…” മൃദുലയുടെ ശബ്ദമിടറി.

“മോളെ, നീ വ്യക്തമായി പറയ്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”

“സുമേഷിന്‍റെ ശമ്പളത്തിന്‍റെ നല്ലൊരു പങ്കും ഇൻസ്‌റ്റോൾമെന്‍റ് അടയ്ക്കാൻ തന്നെ വേണം. ഫ്ളാറ്റ്, കാർ, ഫർണിച്ചർ… മാത്രമല്ല ഇളയ സഹോദരന്‍റെ പഠനച്ചെലവും സുമേഷാണ് നോക്കുന്നത്. ഇക്കാലത്ത് എംബിബിഎസിന് എത്ര പണം വേണ്ടി വരുമെന്ന് ഞാൻ പറയാതെ തന്നെ മമ്മിക്ക് ഊഹിക്കാമല്ലോ. നാലഞ്ചു മാസം കഴിഞ്ഞാൽ സുധയുടെ വിവാഹമാണ്. അവൾക്ക് 2 ലക്ഷം രൂപയാണ് സുമേഷ് നീക്കി വച്ചിരിക്കുന്നത്. അതും ലോണായിരിക്കും.” ആകെ അസ്വസ്‌ഥയായിരുന്നു മൃദുല.

“മൃദുലേ. ഇതിനൊക്കെ നീ എന്തിനാ വെറുതെയിങ്ങനെ തല പുകയ്ക്കുന്നത്? അതൊക്കെ സുമേഷ് നോക്കി നടത്തിക്കൊള്ളും.”

“മമ്മി പറയുന്നത്ര എളുപ്പമുള്ള കാര്യമല്ലിത്. സുമേഷ് തുറന്നു പറയുന്നില്ലെന്നേയുള്ളൂ. എന്നിൽ നിന്നും സാമ്പത്തിക സഹായം സുമേഷ് പ്രതീക്ഷിക്കുന്നുണ്ട്. ഉറപ്പാ.”

“ഏയ്… അതൊന്നുമായിരിക്കില്ല. നിനക്ക് ജോലി ഇല്ലായിരുന്നുവെങ്കിൽ..”

“അതാ മമ്മി ഞാനും പറഞ്ഞു വരുന്നത്. എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഭാവിക്കുകയാണ് സുമേഷ്. സത്യത്തിൽ അങ്ങനെയല്ല. ശരിക്കും വിശ്വാസവഞ്ചനയാണിത്. ഇതൊക്കെ വിവാഹത്തിനു മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയധികം ടെൻഷനടിക്കേണ്ടി വരില്ലായിരുന്നു.”

“ഇടത്തരക്കാരെ സംബന്ധിച്ച് ഇതൊക്കെ അത്ര വലിയ കാര്യമല്ലായിരിക്കും. അതാ ഞാൻ അന്നേ ഈ വിവാഹത്തെ എതിർത്തത്. പക്ഷേ നിനക്കന്ന് സുമേഷ് മാത്രം മതിയായിരുന്നല്ലോ?”

“ശരിയാ മമ്മീ, അതെന്‍റെ തെറ്റായിരുന്നു. ഞാൻ മനസ്സിലാക്കുന്നു. വിവാഹത്തിന് മുമ്പ് സുമേഷ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ, എന്തൊരു സ്‌മാർട്ടായിരുന്നു. പക്ഷേ ഇപ്പോൾ…”

“അതൊക്കെ മറന്നു കള, മോള് വന്ന് ഈ ചൂടു സമോ സയും കാപ്പിയും കുടിക്ക്. പിന്നെ കുറച്ചുനേരം റെസ്റ്റെടുത്താൽ ഒക്കെ ശരിയാവും.” ലതിക മകളെ സമാധാനിപ്പിച്ചു.

“പപ്പ വരട്ടെ, പപ്പയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. ഇപ്പോ വേണ്ട. ഇന്ന് ഓഫീസിൽ പാർട്ടിയുണ്ടായിരുന്നു.” അല്പസമയത്തിനു ശേഷം പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് മൃദുല ഉത്സാഹത്തോടെ സോഫയിൽ നിന്നും ചാടിയെണീറ്റു. ഇതുകണ്ട് ലതിക പൊട്ടിച്ചിരിച്ചു. ചെറുപ്പത്തിൽ പപ്പ വന്നേ… എന്നു പറഞ്ഞ് സ്‌റ്റെയർകേയ്‌സ് ഓടിയിറങ്ങി വരികയും പപ്പയുടെ കൈയിൽ പിടിച്ചു തൂങ്ങുകയും ചെയ്യുന്ന കൊച്ചു മൃദുലയെയാണ് അവർക്ക് ഓർമ്മ വന്നത്.

“മൃദുലയോ? ഇതെന്താ മോളേ ഈ നേരത്തിവിടെ?” അപ്രതീക്ഷിതമായി മകളെ കണ്ട് രംഗനാഥൻ തിരക്കി.

“ഹൊ! വീണ്ടും അതേ ചോദ്യം. വേണ്ട പപ്പാ, ഇതിനുത്തരം ഞാനിപ്പോ മമ്മിയോടു പറഞ്ഞതേയുള്ളൂ.” മൃദുല വീണ്ടും സോഫയിൽ അമർന്നിരുന്നു.

“ശരി, ചോദിക്കുന്നില്ല. വീട്ടിലെത്തുന്നതിന് മുമ്പ് നീയൊന്നു ഫോൺ ചെയ്തിരുന്നുവെങ്കിൽ നിനക്കിഷ്ടമുള്ള കസാട്ടാ ഐസ്ക്രീം ഞാൻ കൊണ്ടുവന്നേനേ.” രംഗനാഥൻ ചിരിച്ചു.

“പപ്പാ, യൂ ആർ സോ സ്വീറ്റ്. പപ്പയെങ്കിലും എന്‍റെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ.” മൃദുലയ്ക്ക് സന്തോഷമായി.

“പപ്പയ്ക്കറിയാമോ? മൂന്ന് മാസമെങ്കിലുമായിക്കാണും ഞാൻ ഐസ്ക്രീം ടേസ്‌റ്റ് ചെയ്‌തിട്ട്, അതിന് വീട്ടുകാര്യങ്ങൾ നോക്കാൻ സുമേഷിന് നേരമുണ്ടായിട്ടുവേണ്ടേ?” മൃദുലയുടെ ശബ്ദമിടറി.

“അതിന് ഇത്രമാത്രം സങ്കടം പറയാനെന്തിരിക്കുന്നു. നിനക് നല്ലൊരു ഉദ്യോഗമുണ്ട്. കാശിന് ആരുടേയും മുന്നിൽ കൈ നീട്ടേണ്ട നല്ല ആത്മവിശ്വാസവും ധൈര്യവുമൊക്കെയുണ്ട്. ഐസ്ക്രീം കഴിക്കണമെന്നു തോന്നുമ്പോൾ വാങ്ങി കഴിക്കാവുന്നതേയുള്ളൂ.” മിടുക്കിയായ തന്‍റെ മകൾ നിസ്സാരകാര്യത്തിന് സെന്‍റിമെന്‍റലാവാനും മാത്രം ഇവൾക്കിതെന്തു സംഭവിച്ചു. രംഗനാഥന് ആശ്ചര്യമായി.

രംഗനാഥന്‍റെ മുഖഭാവം കണ്ട് ലതിക പറഞ്ഞു, “ഞാൻ ഇവളെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിക്കുകയായിരുന്നു അല്ല വിവാഹം കഴിഞ്ഞ് ആറ് മാസമല്ലേയായുള്ളൂ, ഇപ്പോഴേ ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുന്നു. ലതിക പറഞ്ഞതു കേട്ട് രംഗനാഥൻ ശരിക്കുമൊന്നു ഞെട്ടി.

“ഏ… നീ മൃദുലയുടെ കാര്യമാണോ പറയുന്നത്? തോന്നിയതു പോലെ വേണമെന്നും വേണ്ടായെന്നും പറയാൻ കല്യാണം കുട്ടിക്കളിയൊന്നുമല്ലല്ലോ?”

“അപ്പോൾ വിവാഹമെന്നത് ജീവിതാവസാനം വരെ സഹിച്ചു തീർക്കേണ്ട ജയിൽവാസമാണോ പപ്പാ? ഇങ്ങനെ ഓരോ നിമിഷവും നരകിച്ചുള്ള ജീവിതം ശരിയാവില്ല…” മൃദുല ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

“ഞാൻ നിന്നെ ലാളിച്ചാണ് വളർത്തിയത്. നല്ല വിദ്യാഭ്യാസവും നൽകി. നിന്‍റെ ഇഷ്‌ട പോലെ വളരെ ഗംഭീരമായി തന്ന വിവാഹവും നടത്തി. കഴിവിൽ കൂടുതൽ ചെലവഴിച്ചുവെന്നു വേണമെങ്കിൽ പറയാം. എന്നിട്ടിപ്പോൾ മകൾ വിവാഹം വേണ്ടെന്ന് വച്ച് വീട്ടിൽ വന്നിരിക്കുക.. ഇതൊന്നും ശരിയല്ല.” രംഗനാഥന്‍റെ മുഖം വാടി.

“മമ്മിയും പപ്പയും ഇങ്ങനായെ പറയൂ എന്നെനിക്കറിയാമായിരുന്നു.” മൃദുല ദേഷ്യത്തൊടെ പറഞ്ഞു. നിന്‍റെ പ്രശ‌നമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സുമേഷില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് എന്തു ബഹളമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും ജീവിതം നരകതുല്യമാണെന്നു തോന്നാൻ മാത്രം എന്തുണ്ടായി?* രംഗനാഥന്‍റെ ശബ്ദം കനത്തു.

“സുമേഷിന്‍റെ സ്വഭാവം വല്ലാതെ മാറിപ്പോയി പപ്പാ.”

“ശരി, ഞാനൊന്ന് കേൾക്കട്ടെ, സുമേഷ് നിന്നെ തല്ലാറുണ്ടോ? മദ്യപിക്കാറുണ്ടോ? മറ്റാരെങ്കിലുമായി അടുപ്പത്തിലാണോ?”

“ഏയ്… അതൊന്നുമല്ല.”

“പിന്നെ… ഇത്രയധികം ടെൻഷനടിക്കുന്നതെന്തിനാണ്? സുമേഷിന്‍റെ അച്‌ഛനുമമ്മയും സഹോദരങ്ങളും നിങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. പിന്നെയെന്തു പ്രോബ്ലം?”

“സുമേഷിന് രാത്രിയെന്നും പകലെന്നുമില്ല. എപ്പോഴും തിരക്കാണ്. എനിക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെയില്ല. ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാനേ കാശ് തികയൂ, എങ്കിൽ ഉയർന്ന ഉദ്യോഗവും ശമ്പളവും കൊണ്ടെന്തു കാര്യം?”

“ഇൻസ്റ്റോൾമെന്‍റ് എന്ന് നീ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ? വലിയ ഫ്ളാറ്റ്, ലക്ഷ്വറി കാർ, ലേറ്റസ്‌റ്റ് ടി.വി. ഫ്രിഡ്‌ജ്, എയർ കണ്ടീഷണർ എന്നു വേണ്ട നിനക്കുള്ള സൗകര്യങ്ങൾക്കു വേണ്ടിയല്ലേ അവൻ ഇക്കണ്ട ലോണൊക്കെ എടുത്തത്?”

“പക്ഷേ സത്യമതല്ല പപ്പാ. ഇതൊക്കെ വാങ്ങിയതു കൊണ്ടുള്ള സാമ്പത്തിക ഞെരുക്കമല്ല. വീട്ടുകാരെ സഹായിക്കുന്നതു കൊണ്ടാണ്.”

“അതിലെന്താ തെറ്റ്? സ്വന്തം കുടുംബത്തിനു വേണ്ടിയും ചെയ്തു‌ തീർക്കേണ്ട ചില ഉത്തരവാദിത്തങ്ങളില്ലേ സുമേഷിന്. മൃദുലേ നിനക്കിതെന്തു പറ്റി? മുമ്പൊന്നും നീയിത്ര സ്വാർത്ഥയായിരുന്നില്ലല്ലോ?”

“ഞാൻ എന്‍റെ പപ്പയോടാണ് സംസാരിക്കുന്നതെന്നു പോലും തോന്നുന്നില്ല.” മൃദുല ഏങ്ങി.

“അതു തന്നെയാ ഞാനും പറയുന്നത്. ഒരു മകൾ അച്ഛനോട് പറയേണ്ട കാര്യമാണോ ഇതൊക്കെ. വിവാഹം കഴിഞ്ഞ് 6 മാസമേ ആയുള്ളൂ. ഡിവോഴ്‌സ് എന്ന പേരിൽ മകൾ വീട്ടിൽ വന്നിരിക്കുന്നു. നമ്മുടെ ഈ സമൂഹം വിവാഹമോചിതകളെ വളരെ ഹീനമായാണ് നോക്കിക്കാണുന്നത്.” രംഗനാഥൻ മകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എന്തായാലും ഇതിപ്പോഴേ സംസാരിച്ചത് നന്നായി. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് നേരത്തേ മനസ്സിലാക്കാൻ സാധിച്ചല്ലോ. സ്വന്തം മകളല്ല, സമൂഹമാണ് പപ്പയ്ക്ക് വലുതല്ലേ? സാരമില്ല. മമ്മിയും പപ്പയും ഈ സാഹചര്യത്തിൽ എന്‍റെ ഭാഗത്തു നിൽക്കുമെന്നാണ് ഞാൻ കരുതിയത്. എന്‍റെ തെറ്റ്. ഇത് ഞാൻ ഒറ്റയ്ക്ക് പൊരുതി ജയിക്കേണ്ട യുദ്ധമാണ്. ഞാനൊറ്റയ്ക്ക് തന്നെ പൊരുതും. എനിക്ക് ആരുടേയും ദയയും സഹതാപവും ഒന്നും വേണ്ട.” മുദുല മേശപ്പുറത്തു വച്ചിരുന്ന പേഴ്‌സുമെടുത്ത് ധൃതിയിൽ പുറത്തേയ്ക്ക് നടന്നു.

“മോളേ, മൃദുലേ… ഈ ഭക്ഷണം കഴിച്ചിട്ട് പൊയ്‌ക്കോ.’ ലതിക പുറകിൽ നിന്നും വിളിച്ചു.

“ഭക്ഷണവും വേണ്ട, ഒന്നും വേണ്ട…” അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“നിനക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ കഴിക്കാൻ പോകുവാ, നല്ല വിശപ്പുണ്ട്. കുറച്ചു സമയം വെയ്റ്റ് ചെയ്ത‌ാൽ ഞാൻ തന്നെ നിന്നെ വീട്ടിൽ കൊണ്ടാക്കാം. സുമേഷിനെ കണ്ടിട്ട് ഒരുപാടു നാളായി. പ്രോബ്ലമെന്താണെന്ന് ഞാൻ നേരിട്ടു ചോദിക്കട്ടെ.”

“നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പാവം ഇതുവരെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.” ലതിക ഗെയ്‌റ്റിനരികിൽ എത്തിയപ്പോഴേക്കും മൃദുല ഒരു ഓട്ടോയിൽ കയറി അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.

“ഭക്ഷണം കഴിക്ക് എന്നു നിർബന്ധിച്ചിട്ടും പപ്പയോടൊപ്പമേ കഴിക്കൂ എന്നു വാശി പിടിച്ചിരിക്കുകയായിരുന്നു.” ലതികയ്ക്ക് സങ്കടമടക്കാനായില്ല.

“വിവാഹമോടി തീരും മുമ്പേ മകൾ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചാൽ ഏതൊരച്ഛനും ഇങ്ങനെയേ പെരുമാറൂ. നീ വിഷമിക്കാതിരിക്ക്. അവൾ വീട്ടിലേയ്ക്കല്ലേ പോയത്. വിശന്നിരിക്കാതെ നീ വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്” രംഗനാഥൻ ശാന്തനായി പറഞ്ഞു.

“അതിന് അവൾ ഒന്നും കഴിക്കാതെ പോയതിലല്ല എനിക്ക് വിഷമം. അവളുടെ വിവാഹജീവിതത്തിൽ അപ്പാടെ പ്രശ്‌ങ്ങളാണല്ലോ.”

“എനിക്ക് ഇക്കാര്യത്തിൽ ടെൻഷനൊന്നുമില്ലെന്നാണോ നീ കരുതിയത്. കൂടുതൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് ഞാൻ അവളോട് അല്പം ഹാർഷായി പെരുമാറിയത്. അവളെ സപ്പോർട്ട് ചെയ്ത‌് സംസാരിച്ചാൽ അവൾക്ക് ദേഷ്യം കൂടുകയേയുള്ളൂ.” രംഗനാഥൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് നടന്നു.

മകളുടെ ഭാവി… ജീവിതത്തിലെ അനിശ്ചിതാവസ്ഥ… ലതികയുടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു. ഞായറാഴ്ച മൃദുലയുടെ സഹോദരൻ മഹേഷും ഭാര്യ ശ്വേതയും വീട്ടിലെത്തി. ലതിക നടന്നതൊക്കെ മകനോട് പറഞ്ഞ് ഏങ്ങിക്കരഞ്ഞു.

“നിന്‍റെ പപ്പ ഒക്കെ പതിയെ ശരിയാവുമെന്ന് പറഞ്ഞ് ഓഫീസ് തിരക്കിലാവും. പക്ഷേ ഞാനോ, വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഓരോന്നും ആലോചിച്ച് ആകെ വിഷമിക്കും. അവൾ ദിവസവും രണ്ടുമൂന്നു തവണയെങ്കിലും വിളിക്കാറുണ്ട്. ഇപ്പോ ഒരാഴ്ചയായി എന്നെ വിളിച്ചിട്ട്, ഞാൻ ഒരുപാടു തവണ അവളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ചെയ്‌തു വച്ചിരിക്കുകയാണെന്നു തോന്നുന്നു.”

“എനിക്കവളുടെ സ്വഭാവം നന്നായറിയാം. മുൻകോപക്കാരിയല്ലേ. ഇങ്ങനെ പെരുമാറിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.”

“വെറുതെ മൃദുലയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇവിടെ നമ്മളും അവളെ കുറ്റപ്പെടുത്തുന്നു. അവിടെ സുമേഷും. സത്യമറിയാതെ നമ്മൾ വെറുതെ അഭിപ്രായം പറയരുത്.” ലതികയുടെ മുഖത്ത് ആശങ്ക നിറഞ്ഞു,

“മൃദുലയെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ? സുമേഷിന്‍റെ നമ്പർ അമ്മയ്ക്കറിയാമോ?” മഹേഷ് തിരക്കി.

“ഇല്ല, അങ്ങനെ വേണ്ടി വന്നിട്ടില്ല. മൃദുലയുടെ ഫോണിൽ തന്നെ സുമേഷിനോടും സംസാരിക്കാറാണ് പതിവ്.”

“എങ്കിൽ പിന്നെ നമുക്ക് നേരിട്ട് മൃദുലയുടെ വീട്ടിലേയ്ക്കു പോകാം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ.” മഹേഷ് പറഞ്ഞു.

“വേണ്ട. പപ്പയോട് അനുവാദം വാങ്ങാതെ പോവണ്ട.”

“പപ്പ ടൂർ കഴിഞ്ഞെത്താൻ മൂന്ന് ദിവസമെങ്കിലുമെടുക്കും. ഞാൻ പപ്പയെ പറഞ്ഞു മനസ്സിലാക്കാം.”

ലതികയും മഹേഷും ശ്വേതയും മൃദുലയുടെ ഫ്ളാറ്റിലെത്തിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു. കോളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ട് സുമേഷ് വന്നാണ് വാതിൽ തുറന്നത്. അതിഥികളെ കണ്ട് അയാൾ ഒന്നു ഞെട്ടി. അല്‌പസമയത്തെ മൗനത്തിനു ശേഷം മഹേഷ് അകത്തേയ്ക്ക് തുടർച്ചയായി ശ്രദ്ധിക്കുന്നതു കണ്ട് സുമേഷ് ചോദിച്ചു,

“എന്താ മഹേഷ് ചേട്ടാ?”

“അല്ല, മൃദുല ഇവിടില്ലേ? അവൾ മമ്മിയോടും പപ്പയോടും മാത്രമല്ല ഞങ്ങളോടും പിണക്കമാണോ?”

“വാസ്തവത്തിൽ ഈ ചോദ്യം ഞാനങ്ങോട്ട് ചോദിക്കേണ്ടതാണ്. മൃദുല നിങ്ങൾക്കൊപ്പം വരുമെന്നാണ് ഞാൻ കരുതിയത്.”

“സുമേഷ് നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്?”

“ഒരാഴ്ചമുമ്പ് മൃദുല എന്നോട് വഴക്കിട്ട് ഇവിടെ നിന്നിറങ്ങി പോയതാണ്. ഞാൻ കരുതി അവൾ വീട്ടിലേയ്ക്ക് പോയതാണെന്ന്. ദേഷ്യമടങ്ങുമ്പോൾ താനെ വരുമെന്ന് കരുതി.”

“നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ. ഒരാഴ്ചയായി ഭാര്യ വീട്ടിൽ നിന്നിറങ്ങി പോയിട്ട്. അറ്റ്ലീസ്‌റ്റ് ഇക്കാര്യം വീട്ടുകാരെയെങ്കിലും അറിയിക്കേണ്ടതായിരുന്നു.”

“ദേഷ്യം വന്നപ്പോൾ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് ബാഗിൽ തിരുകി അവൾ വീട്ടിൽ നിന്നിറങ്ങിയതാ. ഞാൻ ഇറക്കി വിട്ടതൊന്നുമല്ല. പോകരുതെന്ന് ആവുംവിധം പറഞ്ഞുനോക്കി. പക്ഷേ അവൾ ഒരു തീരുമാനമെടുത്താൽ നിങ്ങൾക്കറിയാമല്ലോ, എന്തുപറഞ്ഞാലും ഡൈവോഴ്‌സ്.. ഡൈവോഴ്‌സ് എന്ന ഭീഷണി. ഞാനും ഒരു മനുഷ്യനല്ലേ?” സുമേഷ് അല്പ‌ം ഉറക്കെയാണ് സംസാരിച്ചത്.

“അല്ല, നിങ്ങൾക്കീ കാര്യം ഞങ്ങളെയൊന്നറിയിക്കാമായിരുന്നു.” മഹേഷും തർക്കത്തിൽ നിന്നും പിന്മാറിയില്ല.

“സത്യത്തിൽ എന്താണ് സംഭവിച്ചത്? എന്തു കാര്യത്തിനാണ് നിങ്ങൾക്കിടയിൽ വഴക്കുണ്ടായത്?” ലതികയുടെ ശബ്‌ദമിടറി.

“പപ്പയുടെ ഫോൺ വന്നിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സുധയുടെ വിവാഹനിശ്ചയം നടത്തുമെന്നറിയിച്ചിരുന്നു. ഉടനെ വിവാഹത്തിന് ഞാനെന്താണ് കൊടുക്കാനുദ്ദേശിക്കുന്നതെന്ന് മൃദുല തിരക്കി. ഒരു രണ്ടുലക്ഷത്തോളം രൂപ എന്നു പറഞ്ഞതും നിങ്ങൾക്ക് നിങ്ങളുടെ വീട്, സഹോദരങ്ങൾ എന്ന ഒറ്റ ചിന്തയേയുള്ളൂ എന്നു പറഞ്ഞ് അവൾ ഉറക്കെ കരയാൻ തുടങ്ങി. ഞാനൊരുത്തി വീട്ടിലുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ജോലിയും സ്വത്തുമൊക്കെ കണ്ടിട്ടാണ് ഞാനവളെ വിവാഹം കഴിച്ചത് എന്നൊക്കെ… എന്ത് പ്രശ്‌നങ്ങളായിരുന്നു.”

“എന്നിട്ട്…”

“അങ്ങനെയാണെങ്കിൽ നീ റിസൈൻ ചെയ്യ്… എന്നു പറഞ്ഞതും, നിങ്ങളുടെ അടിമയാവാനാണോ എന്നു ചോദിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി.” സുമേഷ് വിവരിച്ചു.

“മൃദുല ഇവിടെ നിന്നിറങ്ങിപ്പോയതിനു ശേഷം ഒരുപാട് തവണ ഫോൺ വിളിച്ച് പ്രശ്‌നം കോംപ്രമൈസ് ആക്കാൻ ശ്രമിച്ചതാണ്. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ദേഷ്യമടങ്ങുമ്പോൾ അവൾ തനിയെ മടങ്ങി വരുമെന്നു ഞാൻ കരുതി.”

“അവളെ വല്ലാതെ മാനസികമായി പീഡിപ്പിച്ചു കാണും. അല്ലാതെ അവൾ ഇങ്ങനെയൊന്നും പെരുമാറില്ല.”

മഹേഷ് തർക്കം അവസാനിപ്പിക്കാൻ ഒരുക്കമല്ലായിരുന്നു. ഇതൊക്കെ കണ്ടുംകേട്ടും ഏതാണ്ട് അബോധാവസ്‌ഥയിലെന്ന പോലെയായി ലതികയുടെ അവസ്‌ഥ.

“ഞാനവളെ വിഷമിപ്പിച്ചിരുന്നുവെന്നോ. ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്നതു പോലെയായിരുന്നു മൃദുലയുടെ നിലപാട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഞാൻ അവളെ വിവാഹം കഴിച്ചത്. അതെന്‍റെ തെറ്റായ തീരുമാനമായിരുന്നു.” സുമേഷ് ന്യായീകരിച്ചു.

“വാ മമ്മീ, നമുക്കാദ്യം മൃദുലയെവിടെയുണ്ടെന്ന് അന്വേഷിക്കാം. സുമേഷ് നിങ്ങളും… ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് പോലീസിൽ നിങ്ങൾക്കെതിരെ പരാതി കൊടുക്കേണ്ടി വരും.” മഹേഷ് ലതികയേയും ശ്വേതയേയും വിളിച്ചു പുറത്തേക്കു നടന്നു. സുമേഷ് പരിചിതരേയും ബന്ധുക്കളേയും വിളിച്ച് മൃദുലയെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ യാതൊരു വിവരവും ലഭിച്ചില്ല.

അവസാനം വീട്ടുകാരെ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. കഴിവതും വേഗം അവിടെയെത്തിച്ചേരാമെന്ന് അവർ ആശ്വസിപ്പിച്ചു. അടുത്ത ദിവസം സുമേഷിന് സുപ്രധാനമായ ഒരു മീറ്റിംഗിൽ പങ്കെടുക്കണമായിരുന്നു. ധാരാളം ഫയൽ നോക്കേണ്ടിയിരുന്നു. ഒരുപാട് ജോലി പെന്‍റിങ്ങിലും. ഈയൊരവസ്‌ഥയിൽ താൻ മൃദുലയെ എവിടെപ്പോയി അന്വേഷിക്കും!!!

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. മുകളിലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന ഇന്ദിര.

“സുമേഷിനോട് എനിക്കല്പ‌ം സംസാരിക്കണമെന്നുണ്ട്.”

“സോറി, ഞാനാകെ ടെൻഷനിലാണ്.” സുമേഷ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“അതിലും ടെൻഷനിലാണ് ഞാൻ. ഒരാഴ്‌ചയായി മൃദുല എന്‍റെ ഫ്ളാറ്റിലുണ്ട്. ഞാനിതേക്കുറിച്ച് സുമേഷിനോട് സംസാരിക്കട്ടെ എന്നു പറഞ്ഞപ്പോൾ സൂയിസൈഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് മൃദുലയുടെ മമ്മിയേയും സഹോദരനെയുമൊക്കെ കണ്ടു. പ്രശ്നം കൂടുതൽ സീരിയസ്സാവാതിരിക്കാനാണ് ഞാനിത്രയും ഇവിടെ വന്നു പറഞ്ഞത്.” കേട്ടപാതി സുമേഷ് മുകൾ നിലയിലെത്തി.

കൂൾ ആയി ടിവിയിൽ പരിപാടികൾ കാണുകയായിരുന്നു മൃദുല, “നീയിവിടെ കൂൾ ആയിരുന്നു ടിവി കാണുകയാണോ? ഞാനിവിടെ…” സുമേഷ് ദേഷ്യത്തിലായിരുന്നു.

“നീയെന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞാൻ നിനക്ക് എന്തു ദ്രോഹമാണ് ചെയ്തത്?” സുമേഷ് നിരാശയോടെ പറഞ്ഞു.

“ഇനി നിന്‍റെ ഇഷ്ടം നടക്കട്ടെ, ഡിവോഴ്‌സ് എങ്കിൽ അങ്ങനെ… ഇത്രയ്ക്ക് ടെൻഷനടിച്ചുള്ള ജീവിതം എനിക്കും മടുത്തു. നമുക്ക് നല്ല രീതിയിൽ തന്നെ പിരിയാം.”

മൃദുല മറുത്തൊന്നും പറയാതെ ഏങ്ങിക്കരയുകയായിരുന്നു. “ഞാനിന്ന് ഫാമിലി കൗൺസിലറെ കാണാൻ പോയിരുന്നു. സുമേഷുമായി ഒത്തൊരുമിച്ചൊരു ജീവിതം അസാധ്യമാണെന്ന് ഞാനവരോട് പറഞ്ഞിരുന്നു. പങ്കാളികൾ ഒത്തൊരുമിച്ച് ജീവിക്കാൻ പഠിക്കുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നതെന്ന് അവർ ഉപദേശിച്ചു. പിന്നീട് ഏറെ നേരം ഞാനവരോട് സംസാരിച്ചു. ഐ ആം റിയലി സോറി. കുറ്റബോധം കാരണം സുമേഷിനെ ഫേയ്സ് ചെയ്യാൻ ധൈര്യമില്ലാതെ ഞാൻ തന്നെയാണ് ഇന്ദിരയെ പറഞ്ഞയച്ചത്. സ്വാർത്ഥതയും അഹങ്കാരവും കാരണം എന്‍റെ കണ്ണു മൂടി കെട്ടിയിരിക്കുകയായിരുന്നു. എന്നോട് ക്ഷമിക്കൂ… ”

സുമേഷ് മൃദുലയെ തന്നോടു ചേർത്തു പിടിച്ചു. പറയാതെ തന്നെ ആ കണ്ണുകൾ ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഫോൺബെൽ മുഴങ്ങി. മഹേഷായിരുന്നു ഫോണിൽ. സുമേഷ് വേഗം ഫോൺ മൃദുലയുടെ കൈയിൽ നൽകി. മൃദുല ഏറെ നേരം അവരുമായി സംസാരിച്ചു. അടുത്ത ദിവസം രാവിലെ സുമേഷിന്‍റെ അച്‌ഛനും അമ്മയും അവിടെയെത്തി. അവർ മൃദുലയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “പപ്പാ, മാപ്പ്… എനിക്കെന്‍റെ തെറ്റു മനസ്സിലായി.” സ്നേഹം കൊണ്ടും സങ്കടം കൊണ്ടും മൃദുലയുടെ കണ്ണ് നിറഞ്ഞു.

കളയല്ലേ കറിവേപ്പില

കറിവേപ്പില പോലെ വലിച്ചെറിയുക… മലയാളികൾ സാഹചര്യത്തിന് അനുസരിച്ച് ഈ പ്രയോഗം നടത്താറുണ്ട്. എന്നാൽ കറിവേപ്പിലയുടെ വാസനയും സ്വാദുമില്ലാത്ത സാമ്പാറോ, ഉപ്പുമാവോ, മോരുകറിയോ നമുക്ക് ചിന്തിക്കാനാവുമോ? കേരള തനിമയുള്ള ഒട്ടുമിക്ക കറികൾക്കും കറിവേപ്പില വേണം. മറ്റു സുഗന്ധക്കൂട്ടുകളേക്കാൾ പതിന്മടങ്ങ് ഗുണമാണ് കറിവേപ്പിലയ്ക്കുള്ളത്. എല്ലായ്‌പ്പോഴും കറിവേപ്പില സുലഭമായി ലഭിക്കണമെന്നില്ല. നമുക്കാവട്ടെ ദിവസവും കറിവേപ്പില കൂടിയേ തീരൂ. ഒരു ദിവസത്തിൽ കൂടുതൽ വച്ചിരുന്നാൽ അത് വാടിക്കരിഞ്ഞു പോകുകയും ചെയ്യും. കറിവേപ്പില എളുപ്പം കേടാവാതിരിക്കാൻ ചില നുറുങ്ങുകൾ:

  • കറിവേപ്പില തണ്ടിൽ നിന്നും ഊരി വായു കടക്കാത്ത കഴുകി തുടച്ച കുപ്പിയിലിട്ട് അടച്ചു സൂക്ഷിക്കുക.
  • കറിവേപ്പില ഊരിയെടുത്ത് പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും വാടാതിരിക്കും.
  • ഒരു പ്ലാസ്‌റ്റിക് സിപ്പ് പൗച്ചിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. 15- 20 ദിവസത്തോളം കേടാവാതിരിക്കും.
  • കറിവേപ്പില വാങ്ങുമ്പോൾ ഫ്രഷ് പച്ച നിറത്തിലുള്ള ഇലകളോടു കൂടിയ തണ്ടു തന്നെ വാങ്ങണം. വശങ്ങളിൽ ഇളം ബ്രൗൺ നിറം വന്നു തുടങ്ങിയവ ഒഴിവാക്കാം.
  • കറിവേപ്പില സുലഭമായി ലഭിക്കുന്ന അവസരത്തിൽ കഴുകിയെടുത്ത് വൃത്തിയുള്ള തുണിയിൽ വച്ചുണക്കി ഈർപ്പം മാറിയ ശേഷം ഒരു മിനിറ്റോളം മൈക്രോ വേവ് ഓവനിൽ വച്ചെടുക്കാം.
  • കറിവേപ്പില ചേർത്തുണ്ടാക്കുന്ന ലസ്സി പോലുള്ള ശീതളപാനീയങ്ങൾ കഴിക്കുന്നത് വേനലിന്‍റെ കടുത്ത ചൂടിൽ നിന്ന് ആശ്വാസം പകരും.

ലസ്സി

ചേരുവകൾ

തൈര് ഒരു കപ്പ്

വെള്ളം രണ്ടു കപ്പ്

വെളുത്തുള്ളി അല്ലികൾ രണ്ടെണ്ണം

മല്ലിയില ഒരു ടേബിൾ സ്‌പൂൺ

കറിവേപ്പില പത്തെണ്ണം

കായം ഒരു നുള്ള്

കടുക് അര ടീ സ്‌പൂൺ

മഞ്ഞൾപ്പൊടി അര ടീ സ്‌പൂൺ

എണ്ണ ഒരു ടീസ്‌പൂൺ

ഇഞ്ചി അര ടീസ്‌പൂൺ

പച്ചമുളക് അരിഞ്ഞത് ഒന്ന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് ഒരു തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ട് ഒരു മിനിറ്റോളം തിളപ്പിക്കുക. മസാലകളുടെ സ്വാദ് വെള്ളത്തിന് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണുക്കുമ്പോൾ ഇതിലേയ്ക്ക് തൈര് ചേർത്ത് നന്നായി അടിക്കണം. ലസ്സി തയ്യാർ. തുടർന്ന് എണ്ണ ചൂടാക്കി കടുക്, കായം, മഞ്ഞൾപ്പൊടി, കറിവേപ്പില അരിഞ്ഞത് എന്നിവയിട്ട് വഴറ്റി അടിച്ചെടുത്ത തൈരിൽ ചേർത്ത് സ്പൈസി ടേസ്‌റ്റി ലസ്സി തയ്യാറാക്കാം.

കറിവേപ്പില ചട്‌നി

ചേരുവകൾ

കറിവേപ്പില ഒരു കപ്പ്

വറുത്ത് തരിതരിയായി പൊടിച്ച നിലക്കടല ഒരു ടേബിൾ സ്‌പൂൺ

വെളുത്ത എള്ള് വറുത്തത് ഒരു ടേബിൾ സ്‌പൂൺ

മാംഗോ പൗഡർ ഒരു ടീ സ്‌പൂൺ

ഉണക്ക മുളക് എട്ടോ പത്തോ എണ്ണം

പഞ്ചസാര ഒരു ടീസ്‌പൂൺ

എണ്ണ ഒരു ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തി ന്

കായം ഒരു നുള്ള്

ഉഴുന്നു പരിപ്പ് ഒരു ടീസ്‌പൂൺ

കടലപ്പരിപ്പ് ഒരു ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചുടാക്കി കായവും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് കടലപ്പരിപ്പും ഉഴുന്നുപരിപ്പുമിട്ട് ഇളം ബ്രൗൺ നിറമാവുന്നതു വരെ വഴറ്റണം. മറ്റു ചേരുവകളും ചേർത്ത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കുക. ഇത് ബ്രഡ്‌ഡിലോ, പുരി അല്ലെങ്കിൽ പറോട്ടയുടെ കൂടെയോ കഴിക്കാം. തെരിൽ ചേർത്തും കഴിക്കാം. ഈ ചട്‌നി ഒരു കുപ്പിയിലിട്ട് ഫ്രിഡ്‌ജിൽ വച്ചാൽ ഒന്നോ രണ്ടോ മാസം കേടാകാതിരിക്കും.

നല്ല മുടിക്ക് നല്ല ആഹാരം

പോഷകാംശക്കുറവ് ശരീരാരോഗ്യത്തെപ്പോലെ മുടിയുടെ വളർച്ചയേയും ദോഷകരമായി ബാധിക്കാം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുകയാണ് പ്രധാനം.

അയൺ രക്തചംക്രമണത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. പാലക് ചീര, പേരയ്ക്ക, നെല്ലിക്ക, പച്ചക്കറികൾ എന്നിവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് സിങ്കും ഏറ്റവുമാവശ്യമാണ്. കടൽ മത്സ്യങ്ങൾ, ബദാം, വാൽനട്ട് തുടങ്ങിയവയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. മിനറൽസ്, ഫൈബർ, അയഡിൻ, വിറ്റാമിൻ ബികോംപ്ലക്സ്, വിറ്റാമിൻ എ, ബി, സി, ഡി, ഇ, കെ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തണം.

സന്തുലിത ഭക്ഷണം

വിറ്റാമിൻ എ: വെണ്ണ, പാൽ, കാരറ്റ്, തക്കാളി, മത്സ്യം, ഇരുണ്ട പച്ചനിറമുള്ള ഇലകൾ, പച്ചക്കറി, ആപ്രിക്കോട്ട് എന്നിവയിൽ ധാരാളം വിറ്റാമിൻ എ4 അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി: പാൽ, ധാന്യങ്ങൾ, ബ്രഡ്, ഗോതമ്പ്, സോയാബീൻ, ഡ്രൈഫ്രൂട്ട്സ്, മത്സ്യം, മാംസം എന്നിവ വിറ്റാമിൻ ബിയുടെ സ്രോതസ്സുകളാണ്.

വിറ്റാമിൻ സി: പഴം, പച്ച ഇലക്കറികൾ, ബീറ്റ്റൂട്ട്, പച്ചമുളക്, പുളിയുള്ള പഴങ്ങൾ എന്നിവ വിറ്റാമിൻ സിയുടെ കലവറയാണ്. ചെറുനാരങ്ങ വിറ്റാമിൻ സിയുടെ ഏറ്റവും നല്ല സ്രോതസ്സാണ്.

വിറ്റാമിൻ ഡി: വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടമാണ് സൂര്യരശ്‌മികൾ. ഫിഷ് ലിവർ ഓയിൽ, പാൽ, മുട്ട തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ കെ: കടൽ മത്സ്യങ്ങൾ, ശർക്കര, കാബേജ്, അത്തിപ്പഴം, കടും പച്ചനിറത്തി ലുള്ള പച്ചക്കറികൾ, ഗോതമ്പുപൊടി, മുട്ടയുടെ മഞ്ഞക്കരു, കരൾ.

വിറ്റാമിൻ ഇ: നിലക്കടല, വനസ്‌പതി എണ്ണ, പരിപ്പ്, ഇലവർഗ്ഗങ്ങൾ.

അയൺ: പാലക്‌ചീര, ശർക്കര, കടലമാവ്, റവ, തൊലിയുള്ള പരിപ്പിനങ്ങൾ, ധാന്യങ്ങൾ, ഗ്രീൻപീസ്, ബീൻസ്, പാവയ്ക്ക, ഡ്രൈഫ്രൂട്ട്സ്.

കാത്സ്യം: പനീർ, മുട്ട, പാൽ, വേരോടു കൂടിയ പച്ചക്കറികൾ.

അയഡിൻ: അയഡിൻ ചേർന്ന ഉപ്പ്, കടൽ മത്സ്യങ്ങൾ.

സൾഫർ: പാൽ, മാംസം, പനീർ, പാലുൽപന്നങ്ങൾ.

ധാതുക്കൾ: ഡ്രൈഫ്രൂട്ടുകൾ, കടൽ വിഭവങ്ങൾ, ഹോൾഗ്രെയിൻ എന്നിവ. തണ്ണിമത്തൻ, വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ ഫലവർഗ്ഗങ്ങൾ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളും നല്‌കുന്നുണ്ട്. ശരീരത്തിന് പോഷണം നല്‌കുന്നതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും അത് സഹായകമാവുന്നു. പച്ചക്കറികളും മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും പ്രത്യേകിച്ച് പച്ച ഇലവർഗ്ഗങ്ങളും കാബേജും മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പാൽ, പനീർ, മുട്ട എന്നിവ വിറ്റാമിൻ ബി12ന്‍റെയും പ്രോട്ടീനിന്‍റെയും പ്രധാന സ്രോതസ്സുകളാണ്. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇവ ആവശ്യമാണ്.

വ്യായാമം

പോഷകസമ്പന്നമായ ഭക്ഷണത്തോടൊപ്പം വ്യായാമം ചെയ്യുന്നതും മുടിക്ക് ഗുണം ചെയ്യും. പോഷക സമ്പന്നമായ ഭക്ഷണം കഴിച്ചു തുടങ്ങി ഒരാഴ്‌ച കഴിഞ്ഞു മാത്രമേ അതിന്‍റെ ഗുണം മുടിയിൽ പ്രതിഫലിച്ചു കാണൂ.

വൈദ്യ സഹായം തേടുക

ആരോഗ്യമുള്ള മുടിക്ക് പ്രഥമവും സുപ്രധാനവുമാണ് ഹെൽത്തി ഡയറ്റ് എന്നാൽ ഭക്ഷണത്തിൽ നിന്നും ശരീരത്തിന് വേണ്ട അളവിൽ പോഷകങ്ങൾ ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളും അലർജിയും മറ്റുമുള്ളപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ശരീരത്തിന് ആവശ്യമാ യ വിറ്റാമിനുകൾ ലഭിക്കാനായി വിറ്റാമിൻ ഗുളികകൾ കഴിക്കേണ്ടി വരാം.

എന്നാലത് ഡോക്ടറുടെ നിർദ്ദേശമനുസരിച്ചേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യു. സന്തുലിത ഭക്ഷണം അമിതമായ അളവിൽ കഴിച്ചതുകെണ്ട് ശരീരത്തിന് ദോഷമെന്നുണ്ടാവുകയില്ല. എന്നാൽ വിറ്റാമിൻ ഗുളികകൾ അമിത അളവിൽ കഴിച്ചാൽ വിപരീത ഫലങ്ങളുണ്ടാകും.

ബാത്ത്റൂം ഇനി തിങ്കിംഗ് റൂം!

ഒരു പാട്ട് മൂളിക്കൊണ്ട് സുന്ദരമായ ബാത്ത്റൂമിൽ വിസ്ത‌രിച്ചൊന്ന് കുളിക്കുക. പകൽ സമയത്തെ തിരക്കുകൾ മൂലം തളർന്ന ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവും ഉത്സാഹവും നിറയുo അത് അനുഭവിച്ചറിയാം. ഇങ്ങനെയൊരു “രാജകീയ’ കുളിക്ക് സ്‌ഥല സൗകര്യവുമുള്ള ഒരു സുന്ദരൻ ബാത്ത്റും ഉണ്ടായിരിക്കണമല്ലോ!

ആധുനിക ഗൃഹസങ്കല്പത്തിൽ സ്വീകരണമുറിയ്ക്ക് നല്‌കുന്ന അതേ പ്രാധാന്യം ബാത്ത്റൂമിനുമുണ്ട്. ബാത്ത്റൂമിന് ഒരു റോയൽ ടച്ച് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗൃഹനിർമ്മാണ വേളയിൽ ടോയ്‌ലറ്റിനും ബാത്ത്റൂമിനുമായി മികച്ചയിനം ടൈലുകളും പൈപ്പ് ഫിറ്റിംഗുകളും തെരഞ്ഞെടുക്കാൻ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്.

ചിലരെ സംബന്ധിച്ച് നിത്യവും പുതിയ പുതിയ ചിന്തകളും വിചാരങ്ങളും പിറവികൊള്ളുന്ന ഒരു ‘തിങ്കിംഗ് ഏരിയ’ കൂടിയാണിത്. ഒരുപക്ഷേ, ഇക്കാരണത്താലാവാം ബാത്ത്റൂമിന് ‘തിങ്കിംഗ് റൂം’ എന്ന വിശേഷണം ലഭിക്കാൻ ഇടയായതും.

നിങ്ങളുടെ ‘തിങ്കിംഗ് റും’ എങ്ങനെയുള്ളതാവണം? അതിനുള്ള ചില നിർദ്ദേശങ്ങളിതാ:

  • ബാത്ത്റൂമിലെ ലൈറ്റ് ഫിറ്റിംഗ്, പൈപ്പ്, ടൈൽസ്, കാബിനറ്റ്, മറ്റ് ആക്സസറിസ് എന്നിവയുടെ ഗുണനിലവാരവും വിലയും മനസ്സിലാക്കി ബജറ്റ് തയ്യാറക്കുക.
  • ചെറിയ ബാത്ത്റൂമിനും വലിപ്പം തോന്നി പ്പിക്കാൻ മേൽക്കൂരയിൽ ഇളം നിറത്തിലുള്ള പെയിന്‍റടിക്കാം.
  • ബാത്ത്റും ചുവരുകൾക്ക് വെളുത്തനിറം പൂശുന്നതിന് പകരം ലൈറ്റ് ബ്രൗൺ, ഗ്രേ, ലൈറ്റ് ബ്ലൂ, പീച്ച്, ഗ്രീൻ തുടങ്ങിയ ആകർഷകങ്ങളായ നിറങ്ങൾ തെരഞ്ഞെടുക്കാം.
  • വേണ്ടത്ര സ്പേസ് ഇല്ലാത്ത ബാത്ത്റൂമിൽ മുന്നിലും പിന്നിലും കണ്ണാടി ഘടിപ്പിച്ചാൽ വലിപ്പം തോന്നിക്കും. ഗ്ലാസ് സ്‌ഥാപിക്കുമ്പോൾ വെള്ളം വീഴാത്തിടമാണെന്ന് ഉറപ്പുവരുത്തണം.
  • ബാത്ത്റൂം ചുവരുകളിലും നിലത്തും ടൈലുകൾ പതിപ്പിക്കുന്നതാണ് ഉചിതം. ബാത്ത്റൂം വിശാലവും വലുതുമായി തോന്നിപ്പിക്കാനും ഇത് സഹായിക്കും. മുകൾഭാഗം വരെ ടൈൽ ഒട്ടിക്കാനുള്ള സാമ്പത്തികമില്ലെങ്കിൽ ചുവരിന്‍റെ പകുതിവരെയാക്കി നിർത്താം.
  • ബാത്ത്‌റൂമിന്‍റെ ഒരു മൂലയിൽ ഷെൽഫ് നിർമ്മിക്കാം. ലോഷൻ, സോപ്പ്, ടൂത്ത്പേസ്‌റ്റ്, ബ്രഷ്, വാഷിംഗ് പൗഡർ തുടങ്ങിയവ വയ്ക്കാൻ ഇത് ഉപയോഗപ്പെടുത്താം.
  • ബാത്ത്റൂമിൽ ഷവർ ഏരിയയെ ടോയ്‌ലറ്റ് ഏരിയയിൽ നിന്ന് വേർതിരിച്ചുവേണം നിർമ്മിക്കാൻ. ഷവർ ഏരിയയ് ക്കായി ഒരു പ്ലാറ്റ്ഫോം തയ്യാറാക്കണം.
  • ബാത്ത്റൂമിനകം തിങ്ങി നിറഞ്ഞതായി തോന്നാതിരിക്കാൻ ഒരു ബക്കറ്റും കപ്പും മാത്രം ഉപയോഗിക്കുക. ജലക്ഷാമമുള്ള പ്രദേശമാണെങ്കിൽ സ്റ്റെയിൻലെസ് സ്‌റ്റീലോ ഫൈബറോ കൊണ്ടുള്ള ടാങ്ക് സ്‌ഥാപിക്കാം.
  • മുഷിഞ്ഞ തുണി ഇട്ടുവയ്ക്കാനായി ലോൺട്രി ബാഗ് കരുതിയാൽ നന്ന്.
  • ലോൺട്രി ബാഗ് നനയാതിരിക്കാനായി ബാത്ത്റൂമിന്‍റെ ചുവരിലോ സ്‌റ്റോർ റൂമിലോ ബെഡ്‌റൂമിന്‍റെ ഏതെങ്കിലും കോണിലോ വെയ്ക്കാം.

ശുചിത്വം

  • ബാത്ത്റൂമിലെ വാഷ്‌ബേസിന് തിളക്കമേകാൻ നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
  • ബാത്ത്റൂമിനകത്തേക്ക് വെളിച്ചം കടക്കാനായി വെന്‍റിലേഷൻ ഉണ്ടായിരിക്കണം. കൂടാതെ ആവശ്യത്തിന് ശുദ്ധ വായു കടക്കാനും ഇതു സഹായിക്കും. വെന്‍റിലേഷൻ ഒരുക്കാനുള്ള സൗകര്യം ബാത്ത്റൂമിലില്ലെങ്കിൽ എക്സ്ഹോസ്‌റ്റ് ഫാൻ ഘടിപ്പിക്കാം.
  • ബാത്ത്റൂമിൽ വെള്ളം ശേഖരിച്ചുവെയ് ക്കുന്നുണ്ടെങ്കിൽ അത് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ കീടങ്ങളും മറ്റും വെള്ളത്തിൽ വീഴാനും കൊതുകുകൾ പെരുകാനും ഇടയാക്കും.
  • ബാത്ത്റൂമിൽ വുഡൻ കാബിനറ്റുകളാണ് നിർമ്മിക്കുന്നതെങ്കിൽ നല്ല നിറത്തിലുള്ള പെയിന്‍റടിക്കാം.
  • വാഷ്‌ബേസിന്‍റെയോ സിങ്കിന്‍റെയോ ദ്വാരം അടഞ്ഞു പോയിട്ടുണ്ടെങ്കിൽ രാത്രി കിടക്കാൻ നേരത്ത് 2 സ്‌പൂൺ ബേക്കിംഗ് സോഡയും 2 സ്‌പൂൺ വിനാഗിരിയും ഒഴിക്കുക. രാവിലെ വെള്ളമൊഴിച്ച് നന്നായി വൃത്തിയാക്കാം.
  • സ്‌റ്റിൽ സിങ്ക് വൃത്തിയാക്കണമെന്നുണ്ടെങ്കിൽ ബേക്കിംഗ് സോഡയുപയോഗിച്ച് കഴുകിയാൽ മതി.
  • ബാത്ത്റൂമിലുള്ള കണ്ണാടിയിൽ അഴുക്ക് പുരണ്ടിട്ടുണ്ടെങ്കിൽ തേയിലച്ചണ്ടിയുപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ചോക്ക് പൗഡറിൽ സ്പ്രിന്‍റ് ചേർത്തോ അല്പം ചൂടുവെള്ളത്തിൽ നാലുതുള്ളി സ്പ്രിന്‍റ് ചേർത്തോ വൃത്തിയാക്കാം. കണ്ണാടിക്ക് നല്ല തിളക്കം കിട്ടും.

അലങ്കാരം

  • ബാത്ത്റൂം വലുതും വിശാലവുമാണെങ്കിൽ മോടിപിടിപ്പിക്കാനായി ചെറിയ ചെറിയ ഫർണിച്ചറുകൾ വെയ്ക്കാം. അല്ലെങ്കിൽ മനോഹരമായ ഒരു പെയിന്‍റിംഗ് ചുവരിൽ തൂക്കിയിടാം.
  • ബാത്ത്റൂമിൽ കൃത്രിമ പൂക്കൾ വെയ്ക്കുന്നതിന് പകരമായി ഫ്രഷ് പൂക്കൾ വെയ്ക്കുന്നത് ബാത്ത്റൂമിനുള്ളിൽ സുഗന്ധം പകരും.
  • വാഷ്ബേസിന് മുകളിൽ ചുവരിലായി എക്സ‌്‌ക്ലൂസീവ് ഫ്രെയിമോടുകൂടിയ മിറർ വെയ്ക്കുന്നതും ബാത്ത് റൂമിന് അഴകും പ്രൗഢിയും പകരും.
  • ബ്രൈറ്റ് ഇഫക്റ്റ് പകരുന്നതിനായി കളർഫുൾ മൊസേക്കോ, ടൈലുകളോ ചുവരിലും നിലത്തും പതിപ്പിക്കാം.
  • ബാത്ത്റൂമിൽ റൂം ഫ്രഷ്‌നർ ഇടയ്ക്കിടെ പ്രേ ചെയ്താൽ ദുർഗന്ധം ഉണ്ടാവുകയില്ല.
  • സംഗീതാസ്വാദകനാണെങ്കിൽ ബാത്ത് റൂമിൽ ഒരു മ്യൂസിക് സിസ്റ്റ‌ം വെയ്ക്കാം.
  • കുട്ടികളുള്ള വീടാണെങ്കിൽ ബാത്ത്റൂം ടബ്ബിൽ വെള്ളം നിറച്ചിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
  • വാഷ്ബേസിനിലേയും ബാത്ത്റൂമിലെയും പൈപ്പുകളുടെ അഗ്രഭാഗത്ത് നെറ്റ്കൊണ്ട് അടയ്ക്കണം. ഈ ഭാഗത്ത് അണുക്കൾ പെരുകാൻ സാധ്യത കൂടുതലാണ്.
  • ചുടുവെള്ളവും തണുത്തവെള്ളവും എടുക്കുന്ന പൈപ്പുകൾ ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ.
  • ബാത്ത്റൂമിൽത്തന്നെ ക്ലോസറ്റ് ഘടിപ്പിക്കുന്ന രീതി ഇന്ന് സർവ്വസാധാരണമാണല്ലോ. ബാത്ത് ഏരിയയിൽ നിന്ന് അല്പം ദൂരെയായി ക്ലോസറ്റ് പിടിപ്പിക്കുന്നതാണ് നല്ലത്. ഫ്ളഷ് ഉള്ള ക്ലോസറ്റായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
  • മരുന്നുകൾ, കോസ്മെറ്റിക്കുകൾ, ക്ലീനറുകൾ, റേസർ തുടങ്ങിയവ കുട്ടികൾക്ക് എടുക്കാൻ കഴിയാത്തവിധം ഷെൽഫിൽ വയ്ക്കുക.
  • ടബ്ബിലേക്ക് ആദ്യം തണുത്ത വെള്ളവും പിന്നീട് ചൂടുവെള്ളവും വേണം പകരാൻ. ചൂട് ക്രമീകരിക്കാൻ സഹായിക്കുന്നതോടൊപ്പം അമിതമായ ചൂടു മൂലം ചർമ്മത്തിന് ദോഷമുണ്ടാവാതിരിക്കാനും ഇത് സഹായിക്കും.
  • ബാത്ത്റൂമിൽ തെന്നി വീഴാതിരിക്കാൻ ബാത്ത് ടബ്ബിന് ചേർന്നുള്ള ചുവരിൽ ‘ഗ്രാബ് ബാർ’ പിടിപ്പിച്ചിരിക്കണം. തെന്നിവീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ ബാർ സഹായകമാണ്.

മതി മറന്ന് കഴിക്കരുതേ…

ആഘോഷ വേളകളിൽ അമിത ശരീരഭാരമുണ്ടാകാതെ എങ്ങനെ ശരീരഭാരവും ആരോഗ്യവും സംരക്ഷിക്കാം എന്നത് പലരും ചിന്തിക്കുന്ന കാര്യമാണ്. ആരോഗ്യം സംരക്ഷിക്കണമെന്ന് പലരും ചിന്തിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഡയബറ്റീസ്, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം എന്നിങ്ങനെയുള്ള അസുഖമുള്ളവർ. അത്തരക്കാർക്ക് ചുവടെ കൊടുത്തിരിക്കുന്ന ടിപ്സുകൾ ഉപകാരപ്രദമാവും.

വിട്ടുവീഴ്ചയരുത്

• ദീപാവലി ആഘോഷവേളയിൽ മിഠായികളുടെ ഗുണ നിലവാരത്തിൽ അത്ര വിശ്വാസ്യത പുലർത്താനാവില്ല. നെയ്യ് ഗുണനിലവാരം ഉള്ളതാണോ പഞ്ചസാരയ്ക്ക് പകരമായി മറ്റ് വല്ലതും ഉപയോഗിച്ചിട്ടുണ്ടോ? മിഠായി ആകർഷകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന ഫുഡ് കളർ ഉയർന്ന നിവവാരമുള്ളതാണോ എന്നിങ്ങനെ കടയിൽ നിന്നും വാങ്ങുന്ന മിഠായിയെ ചുറ്റിപ്പറ്റി ധാരാളം സംശയങ്ങൾ ഉയരാം. അതിനാൽ അനായാസം തയ്യാറാക്കാൻ കഴിയുന്ന മിഠായികൾ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനുള്ള സമയമില്ലെങ്കിൽ കശുവണ്ടി, ബദാം പരിപ്പ് റോസ്റ്റ് ചെയ്‌ത് ഹണി, ചാട്ട്മസാല തൂവി സർവ്വ് ചെയ്യാം.

• ലഡു, ബർഫി മറ്റ് മിഠായികൾ എന്നിവയെപ്പറ്റി ഓർക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറി വരും. ഇവ തയ്യാറാക്കാൻ റാഗി, ചോളപ്പൊടി, കടലമാവ് എന്നിവ തെരഞ്ഞെടുക്കാം. ഇവയിലെല്ലാം തന്നെ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ലൊ കലോറിയുമാണ്. ശർക്കരയും നാടൻ നെയ്യും ഉപയോഗിക്കാം.

• പഞ്ചസാരയ്ക്ക് പകരമായി കടകളിൽ സിന്തറ്റിക് സ്വീറ്റ്നേഴ്സ് ഉപയോഗിക്കാറുണ്ട്. അമിതയളവിൽ മധുര പലഹാരങ്ങൾ കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാവും.

• മിഠായി, പായസം, കസ്റ്റാർഡ് എന്നിവ തയ്യാറാക്കാൻ ടോൺഡ് മിൽക്ക് ഉപയോഗിക്കാറുണ്ട്. പാലിന് പകരം സോയാ മിൽക്ക് ഉപയോഗിക്കുന്നത് മികച്ചൊരുപായമാണ്. സോയയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുപോലെ ഫൈബറുമുണ്ട്. എന്നാൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ.

• മിഠായി ആവിയിലും തയ്യാറാക്കാൻ സാധിക്കും. ഉദാ: സന്ദേശ്, സ്റ്റീമ്ഡ് ബർഫി എന്നിവ

• പുഡ്ഡിംഗ് തയ്യാറാക്കുന്നുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരം മധുരമുള്ള പഴങ്ങളുടെ ജ്യൂസ് അല്ലെങ്കിൽ ഈന്തപ്പഴം, ഫിഗ് (അത്തിപ്പഴം) കിസ്മിസ് എന്നിവ അരച്ച് ചേർക്കാം.

ചുരുക്കത്തിൽ മധുരം ഉപയോഗിക്കുന്നതിൽ അൽപ്പം നിയന്ത്രണം പുലർത്തുക. മിഠായികളുടെ സ്‌ഥാനത്ത് പഴങ്ങൾ കഴിക്കുക. സലാഡ് കഴിക്കുക. വീട്ടിൽ വരുന്ന അതിഥികൾക്ക് പഴങ്ങൾ നൽകി സൽക്കരിക്കാം. ഗ്രീൻ ടീ കുടിക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണകരമായിരിക്കും. ഇതിന് പുറമെ നന്നാറി സത്ത് തയ്യാറാക്കി അതിൽ കസ്കസ് ചേർത്ത് മധുരത്തിനായി അൽപ്പം തേനും ചേർത്ത് കുടിക്കാം. ഹെൽത്തിയും സ്വാദിഷ്ഠവുമായിരിക്കും.

സ്വാദും ആരോഗ്യവും

 • ബ്രേക്ക് ഫാസ്റ്റായാലും ഉച്ചഭക്ഷണമായാലും ശരി എണ്ണയിൽ വറുത്തെടുത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. അതിന്‍റെ സ്‌ഥാനത്ത് സ്റ്റഫ് ചെയ്‌ത ചപ്പാത്തി, റവ ഇഡ്ഡലി, ദോശ എന്നിവയാകാം.

• പലർക്കും കോഫ്ത ഇഷ്‌ടമാണ്. എന്നാൽ അതിലെ എണ്ണ നീക്കി കോഫ്ത കഴിക്കാം. വളരെ നിയന്ത്രിതമായ അളവിൽ വേണം. വീട്ടിൽ കോഫ്ത തയ്യാറാക്കുന്നുവെങ്കിൽ ഉണ്ണിയപ്പ പാത്രത്തിൽ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് കോഫ്ത തയ്യാറാക്കിയെടുക്കാൻ ശ്രദ്ധിക്കുക. ഗ്രേവിയിലും വളരെ കുറച്ച് എണ്ണ മതി.

• അതിഥികളെ സൽക്കരിക്കുന്നതിലും ആരോഗ്യത്തിന് മുൻ തൂക്കം നൽകുന്നതിൽ തെറ്റില്ല.

സൂപ്പർ ദീപാലങ്കാരങ്ങൾ

ദീപാവലി ദിവസം ദീപം കൊണ്ട് വീടും പരിസരവും അലങ്കരിക്കുന്നതാണ് പ്രധാന ചടങ്ങ്. പക്ഷേ ആ ആഘോഷവും ഒരുക്കവും വളരെ വ്യത്യസ്തമായിത്തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയും. അൽപം ക്രിയേറ്റീവായ മനസ് ഉണ്ടെങ്കിൽ വീട് ഒരു അദ്ഭുത ലോകമാക്കി മാറ്റാൻ തരത്തിലുള്ള ദീപാലങ്കാര സാമഗ്രികൾ മാർക്കറ്റിൽ ലഭ്യമാണ്.

എൽഇഡി ലൈറ്റുകളുടെ ട്രെൻഡിംഗ് കാലമാണ് ദീപാവലി ഉത്സവകാലം. എൽഇഡിയും ട്രെഡീഷണൽ ലൈറ്റിംഗ്സും ചേർന്ന് ഇൻഡോ വെസ്റ്റേൺ സ്റ്റൈൽ തന്നെ ക്രിയേറ്റ് ചെയ്യാം. പലതരത്തിലുള്ള വിളക്കുകളും, പുതിയ രൂപത്തിലും ഭാവത്തിലും മാർക്കറ്റിൽ ലഭ്യമാണ്. വീടിന്‍റെ ഓരോ കോണുകളും അലങ്കരിക്കാൻ കഴിയുന്ന കാൻഡിലുകളും യഥേഷ്ടമുണ്ട്.

ദീപം, മെഴുകുതിരി, ഇലക്ട്രിക് ലൈറ്റുകൾ ഇവ വീടുകളിൽ മിക്സ് അപ്പ് ആയി ചെയ്യുമ്പോൾ ഹെവി ഷെയ്ഡുകൾ വേണമെന്നില്ല. കണ്ണടിച്ചു പോകുന്ന തിളക്കം വീടിനുള്ളിലും പുറത്തും അത്ര സുഖകരമായിരിക്കില്ല. വീടിന്‍റെ കോണുകൾക്ക് കൂടുതൽ സൗന്ദര്യം നൽകാൻ ഫെയറിലൈറ്റസ് തെരഞ്ഞെടുക്കാവുന്നതാണ്.

എൽഇഡി ലൈറ്റ്സിൽ രണ്ട് കളർ കോമ്പിനേഷനുകളാണ് കണ്ടു വരാറുള്ളത്. ഡ്രോയിംഗ് റൂമിലെ ഭിത്തിയുടെ നിറം കണക്കിലെടുത്തു കൊണ്ട് എൽഇഡി ലൈറ്റ്സ് കോമ്പിനേഷൻ കളർ കണ്ടെത്താവുന്നതാണ്. പച്ചയും മഞ്ഞയും നല്ല കോമ്പിനേഷനാണ്. ചുവപ്പും നാരങ്ങാ നിറവും നല്ലതാണ്. ഇവ ദീപാവലിയ്ക്ക് കൂടുതൽ ശോഭ നൽകുന്ന കളർ കോമ്പിനേഷനുകളാണ്. മഞ്ഞയും പച്ചയും കലർന്ന തിളക്കം വീടിന് ഒരു പ്രത്യേകതരം ഭംഗി തന്നെ നൽകുന്നുണ്ടാകും.

3-4 അടി ഉയരമുള്ള മ്യൂസിക്കൽ ലൈറ്റ് ട്രീ ലിവിംഗ് റൂമിൽ വയ്ക്കാവുന്നതാണ്. ചെറിയ എൽഇഡി ബൾബുകൾ കൊണ്ട് അലങ്കരിച്ച കൃത്രിമ ഇലകളും പൂക്കളും ചേർന്ന മ്യൂസിക്കൽ ലൈറ്റ്സ് ട്രീ ഗംഭീര കാഴ്ചയാണ്. വീടിന് ട്രഡീഷണൽ ലുക്ക് ആണ് ഇഷ്ടമെങ്കിൽ മൺചെരാതുകൾ ഉപയോഗിക്കാം. ഇലക്ട്രിക് ലൈറ്റുകൾ മൺചെരാതുകളുടെ രൂപത്തിലും ലഭ്യമാണ്. പല നിറത്തിലും ഇത്തരം ട്രഡീഷണൽ ലാബുകൾ അഥവാ ചെരാതുകൾ ലഭ്യമാണ്. വീടിന്‍റെ പ്രധാന കവാടങ്ങളും ജനാലകളും ഇവ ഉപയോഗിച്ച് അലങ്കരിക്കാം. രണ്ട് മീറ്റർ നീളത്തിൽ ലഭ്യമായതിനാൽ ആവശ്യാനുസരണം അലങ്കരിക്കുകയുമാവാം.

ഇക്കോ ഫ്രണ്ടലി ആയ എൽഇഡി ലൈറ്റുകളാണ് ദീപാവലിയുടെ അലങ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒരു ആകർഷണം. സിംഗിൾ കളർ മുതൽ മൾട്ടി കളർ ഡിസൈനർ ലൈറ്റുകൾ പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വരെ ആകൃതിയിലുള്ള ലൈറ്റുകൾ അലങ്കാരത്തിനായി ഉപയോഗിക്കാം. ഡീജെ ലേസർ ലൈറ്റുകൾ ദീപാവലി ആഘോഷവും കൂടുതൽ കളറാക്കിത്തരും. ഒരു ലേസർ പാനലിലെ പാറ്റേൺ, നൂറു മുതൽ 200 മീറ്റർ വരെ ഏരിയ കവറേജ് ലഭിക്കുന്ന തരത്തിലാണ്. ലേസർ ലൈറ്റ്സിന്‍റെ സ്പീഡ് നമുക്ക് ഇഷ്ടമനുസരിച്ച് നിയന്ത്രിക്കാനും കഴിയും. മൾട്ടി കളർ ജാലർ ലൈറ്റുകളും മികച്ചൊരു ഓപ്ഷനായി. അധികം വെളിച്ചം വേണമെന്ന് തോന്നുന്നവർക്ക് ഇത് ഉപയോഗിക്കാം.

റാന്തലുകൾ

ദീപാവലി ഉത്സവാഘോഷ വേളയിൽ ലാന്‍റേണുകൾ അഥവാ തൂക്കുവിളക്കുകൾ വളരെ പ്രശസ്തമാണ്. വളരെ രസകരമായ രീതിയിൽ ലാന്‍റേണുകൾ ഉപയോഗിച്ചാൽ അതിഥികളെ വിസ്മയിപ്പിക്കാം. കളർഫുൾ പേപ്പർ ബാഗ് ഉപയോഗിച്ച് പേപ്പർ ലാന്‍റേണുകൾ ഉണ്ടാക്കാവുന്നത്. ബാഗിന്‍റെ മുകൾ ഭാഗം താഴേയ്ക്ക് വച്ച് ആ ഭാഗം കെട്ടി വയ്ക്കുക. അകത്ത് ഒരു ബൾബ് വച്ച്, പുറം ഭാഗത്ത് റിബണും വർണ്ണക്കടലാസുകളും ഒട്ടിച്ച് അതി ഗംഭീരമായ പരമ്പരാഗത റാന്തലുകൾ ഉണ്ടാക്കാം.

സ്വയം ഉണ്ടാക്കാം

  • പഴയ ചില്ലു കുപ്പിയിൽ മനസിന് ഇഷ്ടപ്പെട്ട പെയിന്‍റ് സ്പ്രേ ചെയ്‌ത ശേഷം താഴെയും മുകളിലും സ്വർണ്ണനിറം പ്രത്യേക ഡിസൈനായി സ്പ്രേ ചെയ്യുക. ഇതിൽ എൽഈഡി ലൈറ്റോ മെഴുകുതിരിയോ വയ്ക്കാം.
  • കപ്പ് കേക്കിന്‍റെ ചെറിയ പാക്കുകളിലും വിളക്കുകളുടെ ഡിസൈൻ ഉണ്ടാക്കാം. ചെറിയ ബൾബ് വച്ച് ഡ്രോയിംഗ് റൂമിന്‍റെ ചില കോണുകൾ അലങ്കരിക്കാം.
  • കൂൾഡ്രിങ്ക്, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ മുറിച്ച ശേഷം അതിന്‍റെ മുകൾ ഭാഗത്തിന് പൂവിന്‍റെ ആകൃതി നൽകുക. അതിൽ കുറച്ച് ഗ്ലിറ്ററിംഗ് പൊടി വിതറുക. ഇതിന്‍റെ നടുക്കായി മെഴുകുതിരി കത്തിച്ചു വച്ച് ബാൽക്കണികൾ അലങ്കരിക്കാം.
  • ചെമ്പുനിറത്തിലുള്ള പാത്രങ്ങളിൽ ദീപം അലങ്കരിച്ചാൽ അതീവ ഹൃദ്യമായിരിക്കും. ഇതിൽ ഇടയ്ക്കിടയ്ക്കായി പൊട്ടിയ ചില്ലുകൾ കൂടി പതിപ്പിച്ചാൽ വളരെ ഭംഗിയായി വെളിച്ചം പ്രതിഫലിപ്പിക്കും.
  • ചുവന്ന നിറത്തിലുള്ള ക്രാക്ക്ഡ് ഗ്ലാസിനുള്ളിൽ കാൻഡിലോ ദീപമോ വയ്ക്കാം.
  • പൂക്കളുടെയും മറ്റും ആകൃതിയിൽ ടീലൈറ്റുകളും അറേഞ്ചു ചെയ്യാവുന്നതാണ്. വീടിന്‍റെ ഇരുണ്ട അകത്തളങ്ങളിൽ ഇവ ഹോൾഡറുകൾ ഉപയോഗിച്ച് പിടിപ്പിക്കാം.

മെഴുകുതിരിജാലം

മെഴുകുതിരികൾ പല നിറത്തിൽ ലഭ്യമാണ്. പല നിറത്തിലുള്ള മെഴുകുതിരികൾ ഒരുമിച്ച് വച്ച ശേഷം നാലു കോണുകളിലായി കത്തിച്ചു വയ്ക്കാവുന്നതാണ്. ഡക്കറ്റേറീവ് പീസുകൾക്കുള്ളിലും മെഴുകുതിരി കത്തിച്ചു പ്രകാശം ജ്വലിപ്പിക്കാം. മെഴുകുതിരികൾ പല ആകൃതിയിലും ലഭ്യമാണ്. ഫ്ളോട്ടിംഗ് കാൻഡിലുകളും വളരെ രസകരമായ അലങ്കാര മാതൃകയാണ്.

മണ്ണു കൊണ്ടോ, ലോഹം കെണ്ടോ നിർമ്മിച്ച വലിയ ബൗളിൽ വെള്ളം നിറച്ച ശേഷം ഫ്ളോട്ടിംഗ് കാൻഡിലുകൾ അതിൽ ഒഴുക്കിയിടാം. വെള്ളത്തിൽ ഒഴുകി നടക്കുന്ന ദീപങ്ങൾ മനോഹരമായ കാഴ്ചയാണ്. ഈ വെള്ളത്തിൽ റോസാദളങ്ങൾ വിതറിയിടാം.

ഇതിനു പുറമെ ഇപ്പോൾ മാർക്കറ്റിൽ എൽഇഡി കാൻഡിലുകൾ കൂടി ലഭ്യമാണ്. പില്ലർ കാൻഡിലകൾ, അലങ്കാര മെഴുകുതിരികൾ പ്രിന്‍റഡ് മൊട്ടിഫ്സ് കാൻഡിലുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ ഡിസൈനുകളും ലഭ്യമാണ്. കളർചേഞ്ചിംഗ് കാൻഡിലുകളാണ് മറ്റൊരു താരം. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇവയുടെ നിറവും പാറ്റേണുമൊക്കെ മാറ്റാനും കഴിയും. സുഗന്ധ പൂരിതവുമാണ്.

പരമ്പരാഗതശൈലി

മൺചെരാതുകളിൽ ദീപം തെളിയിക്കുന്ന പരമ്പരാഗത ശൈലിക്ക് ഇപ്പോഴും വലിയ പ്രിയം തന്നെയാണ്. വീടിന്‍റെ പ്രധാന വാതിലിന് ചെരാതിന്‍റെ രൂപം നൽകി ദീപം തെളിയിക്കാം. പൂക്കൾ കൊണ്ട് എല്ലായിടവും അലങ്കരിക്കും. സുഗന്ധവും ദീപ പ്രഭയും അലൗലികമായ ആനന്ദം സൃഷടിക്കുക തന്നെ ചെയ്യും.

ട്രെന്‍റുകൾ കൂടുതൽ കാണുന്നത് ഇലക്ട്രിക് ചെരാതുകളിലാണ്. 20 ചെരാതുകൾ ചേർന്ന ഇലക്ട്രിക് ദീപങ്ങൾ ജനാലകൾ അലങ്കരിക്കാൻ ഉത്തമമാണ്. തൂക്കിയിടാനും സാധിക്കും.

ബാറ്ററി കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ദീപാലങ്കാരങ്ങളും ഉപയോഗിക്കാവുന്നതാണ്. മുപ്പത് രൂപയോളം വരും ഒരു വിളക്കിന്. ലേസ് കുന്തൻ, സ്വരോസ്കി ഇവ ഉപയോഗിച്ചും ദീപാലങ്കാരം വ്യത്യസ്തമാക്കാം. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഗോളാകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ ഏത് ആഘോഷ അവസരത്തിലും അനുയോജ്യമാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें