മുംബൈയിലെ പ്രശസ്‌തമായ ഒരു ബീജ ബാങ്ക്. യാതൊരു കൂസലുമില്ലാതെ സുന്ദരനായൊരു യുവാവ് ആ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നു. ഏകദേശം അരമണിക്കൂറിനു ശേഷം അയാൾ പുറത്തേക്കിറങ്ങിപ്പോയി. താൻ എന്ത് ജോലിയാണ് ചെയ്തു മടങ്ങുന്നതെന്നും അതിന്‍റെ അനന്തരഫലമെന്തായിരിക്കുമെന്നും ആ യുവാവിന് നല്ല നിശ്ചയമുണ്ട്. മാത്രമല്ല, ഭാവിയിൽ അസംഖ്യം കുഞ്ഞുങ്ങളുടെ അജ്‌ഞാതനായ പിതാവുമാകാം താനെന്നും അയാൾക്ക് നല്ല നിശ്ചയമുണ്ട്.
ഇതൊരു സാങ്കൽപിക കഥയോ റൊമാന്‍റിക് സിനിമയിലെ രംഗമോ അല്ല. പച്ചയായ യാഥാർത്ഥ്യമാണ്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഈ യുവാവ് ഒരു ബീജബാങ്കിൽ തന്‍റെ ബീജം ദാനം ചെയ്‌തശേഷം മടങ്ങിപ്പോവുകയാണയാൾ. ആഴ്‌ചയിൽ രണ്ട് തവണ അയാൾ ഈ ബാങ്ക് സന്ദർശിക്കും. ഓരോ വിസിറ്റിലും ചെറിയ പ്രതിഫലവും കിട്ടും.
കഴിഞ്ഞ ഒന്നര വർഷമായി ബീജം ഡൊണേറ്റ് ചെയ്യുന്ന ഈ യുവാവ് പറയുന്നതിങ്ങനെ, “ചില്ലറ ചെലവുകൾ നടത്താൻ ഈ പണം ധാരാളമാണ്. ഇത്രയും ശ്രേഷ്‌ഠമായ ജോലിക്ക് അല്പം പണം വാങ്ങുന്നതിൽ എന്ത് തെറ്റാണ്?”
25 വയസ്സുള്ള കിഷോർകുമാർ അടുത്തിടെയാണ് താനൊരു ബ്ലഡ് കാൻസർ രോഗിയാണെന്ന വിവരം അറിയുന്നത്. ഒരു പെൺകുഞ്ഞിന്‍റെ പിതാവായ അയാൾക്ക് ഒരു കുഞ്ഞു കൂടി വേണമെന്ന് തീവ്രമായ മോഹം. അയാളുടെ ബീജം എത്രയും പെട്ടെന്ന് സ്പേം ബാങ്കിൽ സൂക്ഷിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാവിയിൽ ആവശ്യമായി വരുന്ന സമയത്ത് ബീജസംയോഗത്തിനായി ഉപയോഗപ്പെടുത്താമെന്ന് കരുതിയായിരുന്നു ഈ വിദഗ്ധോപദേശം. മാത്രമല്ല, ചികിത്സ അയാളുടെ പ്രത്യുല്പാദന ശേഷിയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഡോക്ടർമാർക്ക് ഉണ്ടായിരുന്നു.
വിദേശ രാജ്യങ്ങളിൽ രോഗികളുടെ സ്പേം ഇപ്രകാരം സ്പേം ബാങ്കിൽ സൂക്ഷിച്ചു വയ്ക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഈ രീതി അത്ര സാധാരണമല്ല. ഇതൊരു ബാക്ക്അപ്പ് ഇൻഷുറൻസ് പോളിസിയാണ്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് മോഹമുദിച്ചാൽ സ്വന്തം ബീജമുപയോഗിച്ച് സന്താനോല്‌പത്തി സാക്ഷാത്കരിക്കാവുന്ന പദ്ധതി.
ബീജ ബാങ്കിന്‍റെ ആവശ്യകത
ഇന്ത്യയിൽ ഇപ്പോഴുള്ള ബീജ ബാങ്കുകളെല്ലാം തന്നെ ഉന്നതനിലവാരം പുലർത്തുന്നവയാണ്. സ്പേം ഡൊണേഷനും പ്രിസർവേഷനും സ്‌റ്റോറേജിനും പ്രത്യേകം പ്രത്യേകം നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ആവശ്യക്കാർക്ക് വേണ്ട സേവനങ്ങൾ നൽകുന്നതോടൊപ്പം സ്പേം ഡൊണേറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരിൽ നിന്നും നിബന്ധനകൾക്കനുസൃതമായി ബാങ്കുകൾ സ്പേം സ്വീകരിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ധാരാളം ബീജ ബാങ്കുകൾ ഇന്ന് ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്പേം ബാങ്കുകളിൽ സ്പേം ശേഖരിക്കാനും സൂക്ഷിച്ചുവെക്കാനുമായി ആധുനിക സംവിധാനങ്ങളുണ്ട്. മാത്രമല്ല ജനിതക, സാംക്രമികരോഗങ്ങൾ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ബീജം പൂർണ്ണമായും പരിശോധനാ വിധേയമാക്കിയ ശേഷമേ ആവശ്യക്കാർക്ക് നല്‌കുകയുള്ളൂ. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ. ഇത്തരം സ്പേം ബാങ്കുകൾക്ക് പ്രധാനമായും രണ്ടുതരം സേവനങ്ങളാണുള്ളത്.
- ക്ലൈന്‍റ് വഴി നേരിട്ടുള്ള ഡൊണേഷൻ
- അനോണിമസ് ഡൊണേഷൻ
ഭാവിയിലെ ആവശ്യം മുൻനിർത്തി പുരുഷൻ നേരിട്ട് എത്തി സ്പേം സൂക്ഷിച്ചു വയ്ക്കുന്നതാണ് ആദ്യത്തെ രീതി. ഉദാഹരണത്തിന് കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനാകും മുമ്പ് ക്യാൻസർ രോഗി തന്‍റെ സ്പേം പ്രിസർവ്വ് ചെയ്തു വയ്ക്കുന്നതു പോലെ. പ്രത്യുല്പാദനശേഷിയെ ചികിത്സ പ്രതികൂലമായി ബാധിച്ചേക്കാമെന്നതുകൊണ്ടാണ് ഈ മുൻകരുതൽ. അതുപോലെ തന്നെ വേണ്ട അളവിൽ ബീജങ്ങൾ ഇല്ലാത്തവർക്കും രഹസ്യ രോഗങ്ങളുള്ളവർക്കും ഈ സംവിധാനം പ്രയോജനപ്രദമാണ്. ചലനശേഷി കുറവുള്ള ബീജത്തിന്‍റെ വീര്യം വർദ്ധി പ്പിക്കാനും ഇത്തരം കേന്ദ്രങ്ങളിൽ ആധുനിക സംവിധാനമുണ്ട്.