ഞായറാഴ്ച രാവിലെ പതിവുള്ള നടത്തം കഴിഞ്ഞി മടങ്ങി വന്നപ്പോൾ അവൾക്ക് സമ്മാനിക്കാനായ ഞാൻ കയ്യിൽ രണ്ട് റോസാപ്പൂക്കൾ കരുതിയിരുന്നു. വഴിയിലെ ഫ്ളവർമാർട്ടിൽ നിന്നും വാങ്ങിയതായിരുന്നു വത്. വീട്ടിലെത്തിയ ഉടനെ ഞാനത് നിധിക്ക് സമ്മാനിച്ചു. സന്തോഷത്തോടൊപ്പം അദ്‌ഭുതവും ആ മുഖത്ത് നിറയുന്നത് ഞാൻ രഹസ്യമായി അറിഞ്ഞു.
“ഇന്നെന്താ സ്പെഷ്യൽ?" അവൾ റോസാപ്പൂക്കൾ കണ്ണുകളോട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
“നമ്മുടെ ഓരോ പ്രഭാതവും സ്പെഷ്യലാവട്ടെയെന്നു വിചാരിച്ചു" അവളെ പ്രണയാർദ്രമായി നോക്കികൊണ്ട് ഞാൻ മറുപടി പറഞ്ഞു.
“വെരി ബ്യൂട്ടിഫുൾ, താങ്ക് യൂ...."
“വേഗം ബ്രേക്ക് ഫാസ്‌റ്റ് കഴിച്ച് റെഡിയാക്. ഇന്ന് നമുക്കൊരു ഔട്ടിംഗിനു പോകാം."
"എവിടെ?"
“മൈൽസ് ആന്‍റ് മൈൽസ് എവേ... വേർ ലവ്ലി വുഡ്‌സ് ആർ വെയിറ്റിംഗ് അസ് അഫക്ഷനേറ്റ്ലി..." ഞാനവളെ ആവേശത്തോടെ പൊക്കിയെടുത്ത് വട്ടം കറക്കി. അവളുടെ മുഖം നാണം കൊണ്ട് കൂമ്പിപോയി.
“ഓകെ, നിനക്ക് ഇഷ്ടമായോ?"
അവളെ നിലത്ത് നിർത്തവേ ഞാൻ ചോദിച്ചു.
“വെരിമച്ച്"
“എങ്കിൽ ഒരു ഗിഫ്റ്റും കൂടി തരാം,” ഞാൻ പോക്കറ്റിൽ നിന്നും അവൾക്കേറെ ഇഷ്‌ടമുള്ള ചോക്ലേറ്റ് എടുത്തു.
“വൗ, ഐ ലവ് ചോക്ലേറ്റ്സ്" അവൾ ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകം കൊണ്ടു.
“എങ്കിൽ താങ്ക്‌യൂ പറയൂ."
“താങ്ക്‌യൂ."
“അങ്ങനെയല്ല."
"പിന്നെങ്ങനെ?"
ഞാനവളുടെ മുഖത്തിനു നേരെ എന്‍റെ മുഖം ചേർത്തു നിന്നു. അവൾ ലജ്ജിക്കുന്നതു കണ്ട് ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒരു ചെറുചുംബനം അർപ്പിച്ചു.
“ഞാൻ ചായ കൊണ്ടു വരാം." പെട്ടെന്നുണ്ടായ തന്‍റെ അമ്പരപ്പ് മറച്ചുപിടിക്കാനെന്നോണം അവൾ അടുക്കളയിലേയ്ക്ക് വലിഞ്ഞു.
ഞാൻ സോഫയിലിരുന്ന് കണ്ണുകളടച്ച് നിധിയോടൊത്തുള്ള എന്‍റെ ജീവിതത്തെക്കുറിച്ച് ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ എന്തോ ഒരു പോരായ്മ തീർച്ചയായുമുണ്ടെന്ന വിശ്വാസം എന്‍റെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞിരുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് മാസമായി. അച്‌ഛന്‍റെ ഒരു കൂട്ടുകാരൻ വഴിയാണ് നിധിയുടെ കല്യാണാലോചന വരുന്നത്.
സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടി. എംബിഎക്കാരിയാണെങ്കിലും അവൾ വളരെ ഹോമിലിയായിരുന്നു. ഭക്ഷണം നന്നായി പാകം ചെയ്യാനും മറ്റും അറിയാം. വളരെ ബഹുമാനാദരവോടുള്ള പെരുമാറ്റം... ഇതൊക്കെയാണ് വാസ്‌തവത്തിൽ എന്നെ നിധിയിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
എന്‍റെ എല്ലാ കാര്യങ്ങളിലും അവൾ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പുവരെ അവളുടെയൊപ്പമുള്ള ജീവിതം സന്തുഷ്ടവും സംതൃപ്‌തവുമായിരുന്നു. പക്ഷേ... ഇപ്പോഴോ...
അവൾ വീട്ടിൽ നിശ്ശബ്‌ദയായിരിക്കുകയും പൂർണ്ണമായും മനസ്സ് തുറക്കാത്തതിന്‍റെയും കാരണം കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം മുമ്പാണ് എനിക്ക് മനസ്സിലാക്കാനായത്. പ്രകൃത്യാ അവൾ കുറച്ച് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നവളാണെന്നായിരുന്നു ഇതുവരെയുള്ള എന്‍റെ ധാരണ. പക്ഷേ, അതായിരുന്നില്ല വാസ്തവം.
കഴിഞ്ഞ മൂന്ന് ദിവസമായി അവളറിയാതെ ഞാനവളുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നു. പക്ഷേ, പൊള്ളയായ ചിരി വരുത്തി മനസ്സിൽ അജ്‌ഞാതമായ ചിന്തകളും ആകുലതകളുമായി നടക്കുന്നവളാണ് നിധിയെന്ന കാര്യം എനിക്ക് മനസ്സിലായി. ചിലപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഏതോ ചിന്തകളിൽ സ്വയം നഷ്‌ടപ്പെട്ടവളെപ്പോലെ... പലപ്പോഴും വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കും. അവൾ പൂർണ്ണമായും എന്‍റേതല്ലാതായി ജീവിക്കുന്നത് എനിക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് ഇന്നലെ രാത്രിയിൽ ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നത്. അവളുടെ ചുണ്ടുകളിൽ യഥാർത്ഥമായ പുഞ്ചിരി വിടർത്തി മനസ്സിൽ ജീവിതത്തോടുള്ള പ്രതീക്ഷകളും ഉത്സാഹവും നിറയ്ക്കുക.