ആരായിരിക്കും ഈ നേരത്ത്..." കോളിംഗ് ബെൽ നിർത്താതെയടിക്കുന്ന ശബ്ദം കേട്ട് ലതിക തിടുക്കത്തിൽ ഡ്രോയിംഗ് റൂമിലേക്കു നടന്നു. “അമ്മേ...ഞാനാ..." അകത്തു നിന്നുള്ള ശബ്ദവും പിറുപിറുക്കലും കേട്ട് മകൾ മൃദുല ഉറക്കെ പറഞ്ഞു. “മോളേ... നീയെന്താ ഈ നേരത്തിവിടെ? ഇന്നവധിയാണോ? നീ ഇന്ന് ഓഫീസിൽ പോയില്ലേ?" എന്താ നിനക്ക് സുഖമില്ലേ?” ലതികയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.
“മമ്മീ, ഒറ്റശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ കഷ്‌ടപ്പെട്ടു പോവും. ആദ്യം ഞാനൊന്നിരിക്കട്ടെ. എന്നിട്ട് സ്വസ്‌ഥമായി എല്ലാം പറയാം." മൃദുല ധൃതിയിൽ അകത്തേയ്ക്ക് നടന്ന് മുൻവശത്തെ വലിയ സോഫയിലേയ്ക്ക് ചാരിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൾ ലതികയുടെ മുഖത്തേയ്ക്കു നോക്കി.
“ഇന്ന് അവധിയൊന്നുമല്ല, സുഖമില്ലാത്തതു കൊണ്ട് ലീവെടുത്തുവെന്നു മാത്രം. എന്താ... ഞാൻ വന്നത് മമ്മിക്ക് ഇഷ്ടമായില്ലേ?" മമ്മിയുടെ മുഖഭാവം കണ്ട് മൃദുല ചോദിച്ചു.
“മോളേ, നിനക്കിതെന്തു പറ്റി? മുമ്പൊരിക്കലും നീ ഇതുപോലൊന്നും സംസാരിച്ചിട്ടില്ലല്ലോ? അതിരിക്കട്ടെ മോൾ ആദ്യം കൈയും മുഖവും കഴുകിവാ അപ്പോഴേക്കും ഞാൻ മോൾക്കിഷ്ടമുള്ള ചൂടു സമോസയെടുത്തു വയ്ക്കാം." ലതിക സ്നേഹത്തോടെ പറഞ്ഞു.
"കൈയും മുഖവും കഴുകി യൂണിഫോം മാറ്റി വന്ന് ഭക്ഷണം കഴിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?” ദേഷ്യം കലർന്ന ശബ്ദത്തിൽ മൃദുല പറഞ്ഞു.
ശരിയാണ്. മകൾ പറഞ്ഞതിലും കാര്യമുണ്ട്. കൊച്ചു കുട്ടിയൊന്നുമല്ല മൃദുല, അവൾക്കിന്ന് ഉദ്യോഗമുണ്ട്. വിവാഹിതയാണ്. കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനം കൈക്കൊള്ളാനും കഴിവുണ്ട്. പക്ഷേ തനിക്കവൾ കൊച്ചു മൃദുലയാണ്.
ലതിക സ്നേഹത്തോടെ മൃദുലയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. മൃദുല മെല്ലെ കണ്ണു തുറന്നു. “മമ്മിയുടെ ഈ സ്നേഹം... ഈ കെയർ... മനസ്സ് വല്ലാതെ ശാന്തമായതു പോലെ. എന്തു രസമായിരുന്നു മമ്മി ആ നാളുകൾ... മമ്മി, പപ്പ. ഞാൻ, മഹേഷ് ചേട്ടൻ... അന്നൊക്കെ മമ്മിക്ക് എന്‍റെയും ഏട്ടന്‍റെയും വഴക്കു തീർക്കാനേ നേരമുണ്ടായിരുന്നുള്ളൂ."
"എനിക്ക് ഓർമ്മയുണ്ട്." ലതിക ഒരു നിമിഷം മൗനമവലംബിച്ചു. "മോളേ, കാലത്തിന് അതിന്‍റേതായ ഒഴുക്കുണ്ട്, ഗതിയുണ്ട്. സമയത്തെ പക്ഷിയെപ്പോലെ കൂട്ടിലിടാനോ ബന്ധിച്ചു. നിർത്താനോ സാധ്യമല്ല." ലതിക മകൾക്കരികിൽ വന്നിരുന്നു.
“മമ്മിയോട് സംസാരിക്കുമ്പോൾ മാത്രമാണ് എനിക്കിത്രയും ആശ്വാസം തോന്നുന്നത്. ഐ ഫീൽ റിലാക്‌സ്‌ഡ്.. എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ടു വരാൻ തോന്നുന്നു."
“മോളേ, നീ വെറുതെ അതുമിതും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്ക്. നീ ജനിച്ചു വളർന്ന വീടല്ലേ ഇത്. അതാ നിനക്ക് ഇത്രമാത്രം അറ്റാച്ച്‌മെന്‍റ്.” ഒരു നെടുവീർപ്പോടെ ലതിക അലക്ഷ്യമായി ദൂരേയ്ക്ക് നോക്കി.
“മമ്മീ, ഞാൻ വെറുതെ തമാശയ്ക്ക് പറയുന്നതല്ല. എനിക്കിപ്പോൾ അവിടത്തെ താമസവും ജീവിതവും മടുത്തു. വല്ലാത്ത ശ്വാസം മുട്ടൽ..." മൃദുലയുടെ കണ്ണു നിറഞ്ഞു.
“എന്താ മോളേ, നീ സുമേഷിനോട് പിണങ്ങിയോ?"
“അങ്ങനെയൊന്നുമില്ല മമ്മീ, ശരിക്കും പറഞ്ഞാൽ ഞങ്ങൾ നേരാംവണ്ണം സംസാരിച്ചിട്ട് ഒന്നുരണ്ടാഴ്ച ആയിക്കാണും."
“ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം... ജോലി, തിരക്ക് എന്നൊക്കെ പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ തലയിലേറ്റും. മെച്ചം ഞങ്ങൾ പഴയ തലമുറക്കാർ തന്നെയായിരുന്നു. മുമ്പൊക്കെ നീ വരുമ്പോൾ സുമേഷിനെക്കുറിച്ചു മാത്രമാണല്ലോ സംസാരിച്ചിരുന്നത്. പിന്നെ പിണങ്ങാനും മാത്രം.... നാല് വർഷത്തെ പരിചയത്തിനൊടുവിലല്ലേ നിങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതു തന്നെ. എന്നിട്ടിപ്പോ?”