അടുക്കളയിലും ഉത്സവം!

ആഘോഷനാളിൽ വീടലങ്കരിക്കും പോലെ തന്നെ പ്രധാനമാണ് കിച്ചൻ മേക്ക് ഓവറും. നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണല്ലോ.

കിച്ചൻ മേക്കോവർ എങ്ങനെ നടത്താമെന്നതിന് ഇന്‍റീരീയർ ഡിസൈനർ സപ്‌നാ അഗ്രവാൾ നൽകുന്ന ചില നിർദ്ദേശങ്ങളിതാ. അതനുസരിച്ച് വളരെ കുറഞ്ഞ ബജറ്റിൽ കിച്ചൻ മേക്കോവർ നടത്താം.

കിച്ചൻ സ്‌മാർട്ട് ആക്കാം

നിങ്ങളുടെ പഴയ അടുക്കള കണ്ട് മടുപ്പ് തോന്നുന്നുണ്ടോ? അടുക്കളയ്‌ക്ക് ഫ്രഷ് ലുക്ക് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? അതിന് ആഘോഷങ്ങളേക്കാൾ നല്ലൊരവസരം മറ്റെന്തുണ്ട്. ദീപാവലി ആഘോഷത്തോടനനുബന്ധിച്ച് പല കമ്പനികളും ധാരാളം ഓഫറുകൾ മുന്നോട്ടു വയ്‌ക്കാറുണ്ട്. അതിൽ മികച്ച ഓഫർ ഏതാണെന്ന് തിരിച്ചറിഞ്ഞ് പഴയ പാത്രങ്ങൾ കൊടുത്ത് പുതിയവ സ്വന്തമാക്കാം.

പഴയ പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുക വഴി അവയുടെ തിളക്കം നഷ്‌ടപ്പെടുകയും ചുളുങ്ങുകയും ചെയ്യുന്നത് പതിവാണല്ലോ. പുതിയ പാത്രങ്ങൾ വാങ്ങുക വഴി അടുക്കളയ്‌ക്ക് പുത്തൻ ശോഭ പകരാനാവും. പഴയ പാത്രങ്ങൾക്കൊപ്പം അൽപം പണവും കൂടി ചെലവഴിച്ച് മികച്ച ക്വാളിറ്റിയും ലേറ്റസ്‌റ്റ് ഡിസൈനിലുമുള്ള പാത്രങ്ങൾ സ്വന്തമാക്കാം. നോൺസ്‌റ്റിക് ചീനച്ചട്ടി, തവ, ഫ്രയിംഗ് പാൻ തുടങ്ങിയവ ഇതിലുൾപ്പെടും. ഈ പാത്രങ്ങൾക്ക് ഡിമാന്‍റും കൂടുതലാണ്. ഇതിന് പുറമെ ഇൻഡക്ഷൻ കുക്ക് വെയറിനുള്ള ഡിമാന്‍റും ഉത്സവ കാലങ്ങളിൽ ഏറെയാണ്. ഇത് വൃത്തിയോടെ സൂക്ഷിക്കാനും എളുപ്പമാണ്.

മോഡേൺ കിച്ചൻ അപ്ലയൻസ്

ആധുനിക അടുക്കള ഉപകരണങ്ങൾക്ക് വിലയൽപം കൂടുതലാണെങ്കിലും ഇതിന്‍റെ ലുക്കും സ്‌റ്റൈലും മൊഡ്യുളാർ അടുക്കളയ്‌ക്ക് യോജിക്കുന്നതാണ്. വീടുകളിൽ ഇൻഡക്ഷൻ കുക്കിംഗ് സർവ്വ സാധാരണമായതോടെ ഗൃഹോപകരണങ്ങളുടെ വിപണിയും വലുതായിക്കൊണ്ടിരിക്കുകയാണ്.

നോൺസ്‌റ്റിക് ഫ്രയിംഗ്‌ പാൻ: പുതിയ പാത്രങ്ങളിൽ നോൺസ്‌റ്റിക് ഫ്രയിംഗ് പാൻ സ്വന്തമാക്കുകയാണ് ആദ്യം വേണ്ടത്. വിഭവങ്ങൾ വറുത്തും പൊരിച്ചുമെടുക്കാൻ ഇതിൽ വളരെ കുറച്ച് നെയ്യും എണ്ണയും ഉപയോഗിച്ചാൽ മതി. ഇത്തരം പാത്രങ്ങളിൽ പാകം ചെയ്‌തെടുക്കുന്ന വിഭവങ്ങൾ ആരോഗ്യത്തിന് നല്ലതാണ്.

ഇൻഡക്ഷൻ കുക്കർ: ഇത്തവണ ആഘോഷാവസരത്തിന് ഇൻഡക്ഷൻ കുക്കർ തന്നെയാകട്ടെ അടുക്കളയിലെ രാജാവ്. ഇൻഡക്ഷൻ കുക്കറിന്‍റെ ഉപയോഗത്തിലൂടെ ഗ്യാസും ഇലക്‌ട്രിസ്‌റ്റിയും വൻതോതിൽ ലാഭിക്കുന്നതിനൊപ്പം ഒരു മണിക്കൂറിനുള്ളിൽ ഒത്തിരി പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം തന്നെ തീർക്കാം.

ടെഫ്‌ലോൺ ഷീറ്റ്: ടെഫ്‌ലോൺ ഷീറ്റുള്ള പാത്രം ഇപ്പോൾ നിത്യജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ടെഫ്‌ലോൺ കോട്ടിംഗ് ഉള്ള നോൺസ്‌റ്റിക്ക് പാൻ പാചകം അനായാസമാക്കുന്നു. അതുപോലെ കാഴ്‌ചയിൽ ആകർഷകവും വൃത്തിയാക്കാൻ എളുപ്പവുമാണ്.

ഗ്രില്ലിംഗ് പാൻ: ആഘോഷാവസരങ്ങളിൽ യൂറോ കുക്കിംഗ് ഗ്രിൽ പാനിനൊപ്പം നിങ്ങൾക്ക് ഗ്രിൽഡ് വിഭവങ്ങളുടെ രുചിയും അനുഭവിച്ചറിയാം. സാധാരണ കുക്ക് വെയറിനെ അപേക്ഷിച്ച് ഭക്ഷണം പാകം ചെയ്യാൻ ഇതിൽ വളരെ കുറച്ച് നെയ്യും എണ്ണയും മതി.

ഹാൻഡ് ബ്ലൻഡർ: മൾട്ടി പർപ്പസ് ഗാഡ്‌ജറ്റാണ് ഇത്. ഇതിൽ വെണ്ണ അടിച്ച് നെയ്യ് വേർതിരിച്ചെടുക്കാനാവും. ഒപ്പം ബ്ലൻഡറിൽ സൂപ്പ്, ലസ്സി തുടങ്ങിയവും തയ്യാറാക്കാം. ഇത് നിങ്ങളുടെ കുക്കിംഗ് എളുപ്പമുള്ളതാക്കും.

ഹുഡ്‌സ് (ചിമ്മിനി): ഒന്നിന് മികച്ച മറ്റൊന്ന് എന്ന രീതിയിലാണ് ഇലക്‌ട്രോണിക് ഹുഡ്‌സ് വന്നിരിക്കുന്നത്. പുകയും ഗന്ധവും നീക്കി അടുക്കളയിലെ അന്തരീക്ഷം ശുചിയാക്കും. അടുക്കളയിൽ ചിമ്മിനി ഗ്യാസിലോ കുക്കിംഗ് ടോപ്പിലോ ഘടിപ്പിക്കാം. അടുക്കളയിൽ വ്യാപിക്കുന്ന പുക പുറന്തള്ളി ചുവരിന്‍റെ സൗന്ദര്യം നിലനിർത്തുന്നു.

മൈക്രോ വേവ്: സ്വന്തം കുടുംബത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ഒരു മൈക്രോവേവ് അത്യാവശ്യമായും സ്വന്തമാക്കണം. ഇതിൽ ഭക്ഷണം വേഗത്തിൽ പാകം ചെയ്യാനാവുമെന്ന് മാത്രമല്ല പോഷകങ്ങൾ നഷ്‌ടപ്പെടുകയുമില്ല.

ഫുഡ് പ്രൊസസർ: അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. പാചക പ്രക്രിയ അനായാസമാക്കുന്ന ഫുഡ് പ്രൊസസർ ഇല്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ല. പച്ചക്കറി അരിയുന്നത് മുതൽ സലാഡ് തയ്യാറാക്കാനും ആട്ട കുഴയ്‌ക്കാനും ചട്‌നി തയ്യാറാക്കാനുമൊക്കെ ഫുഡ് പ്രൊസസർ വേണം.

ഇക്കോ ഫ്രണ്ട്‌ലി ഇൻഡക്ഷൻ: ആഘോഷ വേളയിൽ ഇക്കോ ഫ്രണ്ട്‌ലി ഇൻഡക്ഷൻ സ്വന്തമാക്കി ലേറ്റസ്‌റ്റായ ടെക്‌നോളജി പ്രയോജനപ്പെടുത്താം. പരിസ്‌ഥിതിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇതുണ്ടാക്കുകയില്ല. പണം ലാഭിക്കുകയും ചെയ്യും. ഭക്ഷണം തയ്യാറാക്കാനുള്ള ആധുനിക അടുപ്പാണിത്. വളരെ കുറഞ്ഞ സ്‌ഥലമുള്ള വീടുകൾക്ക് അനുയോജ്യമാണിത്.

ഫ്‌ളാറ്റ് ബോട്ടം ഹോബ്‌സ് (അടപ്പ്): ഗ്യാസ് അടുപ്പ് ബർണറുകളുടെയും വൈവിധ്യമാർന്ന ശ്രേണിയുണ്ട്. കറുപ്പ് നിറം ഒട്ടും ഉണ്ടാകാത്ത ബർണറുകളും വിപണി കീഴടക്കി കഴിഞ്ഞിരിക്കുന്നു. അലോയികൊണ്ട് നിർമ്മിച്ചവയാണിത്.

നൈഫ് സെറ്റ്: പഴങ്ങളിലേയും പച്ചക്കറികളിലേയും പോഷകങ്ങളും ഗുണങ്ങളും നിലനിർത്തുന്ന തരത്തിലുള്ള നൈഫ് സെറ്റും എത്തിക്കഴിഞ്ഞിരിക്കുന്നു. തൊലി നീക്കം ചെയ്യുന്ന നൈഫ് മുതൽ ബോണിംഗ് നൈഫു വരെയുണ്ട്. എല്ലാതരം കട്ടിംഗുകൾക്കും ഇത് ബെസ്‌റ്റാണ്.

കട്‌ലറി സെറ്റ്: മികച്ച ക്വാളിറ്റിയിലുള്ള കട്‌ലറി സെറ്റുകളും മറ്റൊരു ആകർഷണമാണ്. ഇഷ്‌ടമനുസരിച്ചുള്ളവ തെരഞ്ഞെടുക്കാം.

കട്ടിംഗ് ബോർഡ്: പച്ചക്കറി മുറിക്കുന്നതിന് തടിയുടെ ടോപ്പിംഗ് ബോർഡ് സ്വന്തമാക്കാം. പച്ചക്കറി അനായാസമായും വേഗത്തിലും മുറിച്ചെടുക്കാം. പ്ലാസ്‌റ്റിക് നിർമ്മിത കട്ടിംഗ് ബോർഡ് ഒരിക്കലും വാങ്ങരുത്. അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

മൊഡ്യുളാർ കിച്ചൻ കാബിനറ്റ്: നിങ്ങളുടെ അടുക്കളയിൽ ഒരു മൊഡ്യുളാർ കിച്ചൻ കാബിനറ്റ് ഉണ്ടെങ്കിൽ അടുക്കള എന്നും പുതുമയോടെ നിലനിൽക്കും. അടുക്കള അലങ്കോലപ്പെട്ട് കിടക്കുന്നത് ഒഴിവാകുമെന്ന് മാത്രമല്ല സാധനങ്ങൾ വൃത്തിയോടെയും വെടുപ്പോടെയും സൂക്ഷിക്കാനാവും. ഒരു മൊഡ്യുളാർ കിച്ചണിൽ റാക്ക്, കാമ്പിനറ്റ് വർക്ക് ടോപ്പ്, ചിമ്മിനി, എക്‌സ് ഹോസ്‌റ്റ് ഫാൻ, ഡിഷ് വാഷർ എന്നിവ ഉൾപ്പെടും.

എങ്ങനെ ഓർഗനൈസ് ചെയ്യാം

കാബിനറ്റ് മാറ്റാം: അടുക്കളയിലെ കാബിനറ്റ് മാറ്റി ആ സ്‌ഥാനത്ത് ലേക്കാർഡ് ഗ്ലാസ് ഘടിപ്പിക്കാം. പല വർണ്ണങ്ങളിലായി ഈ ഗ്ലാസ്സ് ലഭിക്കും. കാബിനറ്റിന് അടിയിൽ സ്‌ഥലമുണ്ടെങ്കിൽ ആ ഭാഗങ്ങളിലും ബോക്‌സുകൾ ഘടിപ്പിക്കാം. ഇവ അടച്ചു വയ്‌ക്കാവുന്ന ഡസ്‌റ്റ് ബിന്നായും പ്രയോജനപ്പെടുത്താം.

അലങ്കരിക്കാം: അടുക്കളയിൽ ചെറിയൊരു പൂന്തോട്ടം വേണോ…. അതിനുമുണ്ട് വഴി. കിച്ചൻ കോർണറുകളിൽ ഫ്‌ളവേഴ്‌സും പച്ചമരുന്ന് ചെടികളും വച്ച് അലങ്കരിക്കാം. ഇത്തരം ചെടികൾ എപ്പോഴും പോസിറ്റീവ് എനർജി പകരുന്നവയാണ്. ഇതിന് പുറമെ ചില ഡെക്കറേറ്റീവ് ഐറ്റങ്ങളും ക്യൂബ് കോസ്‌റ്റേഴ്‌സ്, ആർട്ടിഫിഷ്യൽ ഫ്രൂട്ട്‌സ്, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചും കിച്ചൻ അലങ്കരിക്കാം.

നല്ല വെളിച്ചം ആവശ്യം: അടുക്കളയുടെ എല്ലാ മൂലയും പ്രകാശമാനമാക്കാൻ കഴിയുന്ന തരത്തിൽ പ്രകാശ സംവിധാനമൊരുക്കാം. അടുക്കള ചുവരുകളിലും ഷെൽഫുകൾക്കകത്തും ലൈറ്റ് പിടിപ്പിച്ച് മികച്ചതും മനോഹരവുമായ പ്രകാശ സംവിധാനം ഒരുക്കാം.

വീട്ടിൽ ഉത്സവം!

ദീപങ്ങളുടെ ഒരു ഉത്സവകാലം കൂടി… ദീപാവലി. ആഹ്ളാദത്തിന്‍റെയും മാധുര്യത്തിന്‍റെയും ഈ ഉത്സവനാളിൽ കുട്ടികളും മുതിർന്നവരുമെല്ലാം ആവേശത്തിമിർപ്പിലാവുകയാണ്. ദീപാവലി നാളിൽ എന്തെല്ലാം ഒരുക്കങ്ങളാണ് ചെയ്യേണ്ടത്…

ബന്ധുമിത്രാദികൾക്കും പ്രിയപ്പെട്ടവർക്കും ആശംസകൾ നേരാനുള്ള ഒരു ശുഭാവസരവും കൂടിയാണിത്. കൊറോണ കാരണം അവരെ സന്ദർശിച്ച് ആശംസകളറിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ എസ്‌എംഎസിലൂടെയോ ഇ-മെയിലിലൂടെയോ ഗ്രീറ്റിംഗ് കാർഡിലൂടെയോ ഫോണിലൂടെയോ ദീപാവലി ആശംസയറിയിക്കാം.

ആഘോഷ നാളിൽ ആഘോഷം മാത്രമെന്ന നയം സ്വീകരിക്കാം. ആ ദിവസം തിരക്കുപിടിച്ച് ഔദ്യോഗിക ജോലിയും മറ്റും ചെയ്യുന്നത് കുടുംബത്തിന്‍റെ ആഹ്ളാദത്തെ ബാധിക്കും. ഓർക്കുക, ഓരോ ഉത്സവനാളും കുടുംബാംഗങ്ങളുമായി ചേർന്ന് ഒരേ മനസ്സോടെ ആഘോഷിക്കാനുള്ളതാണ്. അത്തരം അവസരങ്ങൾ പാഴാക്കരുത്. ജീവിതത്തിൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത സുവർണ്ണ അവസരങ്ങളാണവ.

ആഘോഷങ്ങൾ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. വെറുപ്പും വിദ്വേഷവുമൊക്കെ മറന്ന് കുടുംബാംഗങ്ങൾക്കിടയിൽ അടുപ്പവും സ്‌നേഹവും വർദ്ധിപ്പിക്കും. ഒപ്പം ആഘോഷത്തിന്‍റെ ത്രില്ലും അനുഭവിച്ചറിയാം.പരസ്‌പരം സമ്മാനങ്ങൾ നൽകി മനസ്സിലുള്ള സ്‌നേഹവും അടുപ്പവും അറിയിക്കാം. ഓരോരുത്തരുടേയും ഇഷ്‌ടത്തിനും അഭിരുചിക്കുമിണങ്ങുന്ന സമ്മാനങ്ങൾ നൽകാം. അവരുടെ ഇഷ്‌ടങ്ങൾ മനസ്സിലാക്കുന്നുവെന്ന ചിന്ത അവരെ ഏറെ സന്തുഷ്‌ടരാക്കാം.

ഉത്സവ ഒരുക്കങ്ങളിൽ കുട്ടികളെ കൂടി പങ്കാളിയാക്കുക. വീട് വൃത്തിയാക്കാനും അലങ്കരിക്കാനും അവരേയും ഒപ്പം കൂട്ടാം. ആഘോഷത്തിന്‍റെ ആഹ്ളാദവും ആവേശവും കുഞ്ഞുങ്ങളുമറിയട്ടെ. കുഞ്ഞ് കുഞ്ഞ് ജോലികൾ അവരെ ഏൽപിക്കുക.

ഇത്തവണ ആഘോഷത്തിന് വ്യത്യസ്‌തത പകരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമോ വൃദ്ധ സദനത്തിലെ അഗതികൾക്കൊപ്പമോ ആഘോഷിക്കാം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആഘോഷാവസരവും കൂടിയാവുമത്. അവിടുത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി വസ്‌ത്രങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും നൽകാം.

കരുതലോടെ ആഘോഷിക്കാം

ആഘോഷാവസരങ്ങൾ പരിപൂർണ്ണമായും ആഹ്ളാദത്തിന്‍റെ ദിനമാണല്ലോ. ആ നിലയ്‌ക്ക് വളരെ കരുതലോടെ വേണം ദീപാവലി ആഘോഷിക്കാൻ. പ്രത്യേകിച്ചും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ. കുട്ടികൾ പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധയാവശ്യമാണ്. ചെറിയൊരു അശ്രദ്ധ മതി, ചിലപ്പോൾ ആഘോഷത്തിന്‍റെ മുഴുവൻ സന്തോഷവും ചോർന്നുപോകും.

തീ കൊളുത്തിയെറിഞ്ഞ പടക്കങ്ങൾ പൊട്ടാത്തതിനെ തുടർന്ന് അടുത്തുചെന്ന് പരിശോധിക്കുന്നത് ഒഴിവാക്കുക. ചെറിയ മുറ്റമുള്ള വർ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം പടക്കങ്ങൾ പൊട്ടിക്കാൻ. ഇത്തരം സാഹചര്യത്തിൽ തീവ്രത കുറഞ്ഞ പടക്കങ്ങൾ വാങ്ങുക. തൊട്ടടുത്ത വീട്ടിലേക്ക് പടക്കം ചെന്ന് വീഴുകയോ വാഹനങ്ങൾക്ക് മീതെ പതിക്കുകയോ ചെയ്യരുത്.

വീട്ടിലോ പരിസരത്തോ രോഗബാധിതരോ ശിശുക്കളോ വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ പടക്കം ഒഴിവാക്കുന്നതാവും നല്ലത്. കടുത്ത ശബ്‌ദവും വെളിച്ചവും അവരെ അലോസരപ്പെടുത്താം. പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ ചെറുക്കാൻ ചില തയ്യാറെടുപ്പുകൾ നടത്തുക. ആവശ്യമായ മരുന്ന്, വെള്ളം നിറച്ച ബക്കറ്റ്, ഐസ്‌ക്യൂബ്‌സ് പഞ്ഞി മുതലായവ കരുതിവയ്‌ക്കുക.

പടക്കം പൊട്ടിച്ചുണ്ടാകുന്ന ശബ്ദ മലിനീകരണം തടയാൻ ഇക്കോ ഫ്രണ്ട്‌ലിയായ പടക്കങ്ങൾ വാങ്ങാം. ഇത്തരം പടക്കങ്ങൾ റീസൈക്കിൾ പേപ്പർ കൊണ്ട് നിർമ്മിക്കുന്നവയായതിനാൽ അവ കൊണ്ടുള്ള മലിനീകരണം നിശ്ചിത പരിധിക്കുള്ളിലായിരിക്കും.

ആരോഗ്യവും ശ്രദ്ധിക്കണം

ഏത് ആഘോഷത്തിന്‍റെയും പ്രധാന ആകർഷണമാണല്ലോ വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും. ദീപാവലിയാഘോഷത്തിന്‍റെ പേരിൽ ഇവയൊന്നും അമിതമായി വാരിവലിച്ച് കഴിക്കരുത്. പ്രത്യേകിച്ചും പ്രമേഹരോഗികളും മുതിർന്നവരും. ചിലപ്പോഴത് നിങ്ങളെ ആശുപത്രിയിൽവരെ എത്തിച്ചേക്കാം. അതുകൊണ്ട് എന്തിലും ഏതിലും മിതത്വം പുലർത്തുക. വളരെ മിതമായി കഴിക്കുക.

ഷോപ്പിംഗ് ചെയ്യുമ്പോള്‍

പിന്നെയുള്ള ഒരു പ്രധാന ആകർഷണം ഷോപ്പിംഗാണ്. ദീപാവലി ഒരുക്കങ്ങൾക്കിടയിൽ ഷോപ്പിംഗ് പിന്നീടാവാം എന്ന ചിന്തയരുത്. വളരെ നിർണായക ഘട്ടത്തിലാവും ഏറ്റവും അത്യാവശ്യമുള്ള സാധനം വാങ്ങാൻ പോവുക. ആ സമയത്ത് ആ വസ്‌തുവിന്‍റെ വില കൂടിയേക്കാം. അതിനാൽ അൽപം നേരത്തെ തന്നെ പ്ലാൻ ചെയ്‌ത് ലിസ്‌റ്റ് തയ്യാറാക്കി ഷോപ്പിംഗ് നടത്താം. ഏറ്റവും അത്യാവശ്യമായവ മാത്രം വാങ്ങുക. ഇത് പണച്ചെലവ് കുറയ്‌ക്കും.

ദീപാവലി ഓഫറുകളുടെ കാലവും കൂടിയാണല്ലോ. ഉപഭോക്‌താക്കളെ ആകർഷിക്കാനായി ധാരാളം ഓഫറുകളുണ്ടാവും. വില വർദ്ധിപ്പിച്ചാവും ഓഫറുകൾ വച്ചു നീട്ടുക. അതിനാൽ ഇത്തരം തട്ടിപ്പുകൾക്കിരയാവാതെ ബജറ്റിലൊതുങ്ങിക്കൊണ്ട് ഷോപ്പിംഗ് നടത്താം.

ശ്രദ്ധയോടെ ആഘോഷിക്കാം

വൈദ്യുതി വിളക്കുകൾക്ക് പകരം തിരിയിട്ട് മൺചിരാതുകൾ കത്തിക്കാം. വൈദ്യുതി പാഴാക്കുന്നത് ഇങ്ങനെ ഒഴിവാക്കാം. വിളക്കുകൾ തെളിയിച്ച് തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾക്ക് അടുത്ത് വയ്‌ക്കരുത്. ഉദാ- കർട്ടൻ, സാരി, ഫർണ്ണിച്ചർ, പ്ലാസ്‌റ്റിക് മുതലായവ.

മദ്യവും ലഹരിയും കഴിക്കുന്നത് ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടുമെന്ന ധാരണ ചിലരിലുണ്ടാവുമല്ലോ. സംഘം ചേർന്നോ ഒറ്റയ്‌ക്കോ മദ്യപിച്ച് ആഘോഷത്തെ പൊടിപൂരമാക്കാമെന്ന ധാരണ തീർത്തും തെറ്റാണ്. നിങ്ങൾ മറ്റുള്ളവരുടെ സന്തോഷത്തെയാണ് അതുവഴി തല്ലിക്കെടുത്തുന്നതെന്ന് ഓർക്കുക. അതുകൊണ്ട് അത്തരം കാര്യങ്ങൾക്ക് തൽക്കാലത്തേക്ക് വിടചൊല്ലാം. അല്ലെങ്കിൽ അവ എന്നന്നേക്കുമായി ഉപേക്ഷിക്കാനുള്ള അവസരം കൂടിയാകട്ടെ ഈ ആഘോഷം.

ആഘോഷം ഹൃദ്യവും അവിസ്‌മരണീയവുമാക്കാൻ കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പങ്കാളിത്തവും ആവേശവുമാണ് വേണ്ടത്. ഏത് ആഘോഷത്തേയും ഇരട്ടിമധുരമുള്ള ഒരനുഭവമാക്കുന്നത് കുടുംബാംഗങ്ങളുടെ ഈ ഒത്തൊരുമയും ആഹ്ളാദവുമായിരിക്കും. ജീവിതത്തിനത് പുത്തനുണർവ്വും ഊർജ്‌ജവും ആകും പകരുക.

വെജ് വെറൈറ്റി

മിക്സ്ഡ് വെജിറ്റബിൾ കട്ലറ്റ്

ചേരുവകൾ

ഗ്രീൻ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്തത് ഒരു കപ്പ്

ബ്രഡ് സ്ലൈസ് രണ്ടുമുന്നെണ്ണം

സവാള നേർത്തതായരിഞ്ഞത് ഒന്ന്

മല്ലിയില ആവശ്യത്തിന്

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

എണ്ണ വറക്കുന്നതിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയെടുത്ത പച്ചക്കറിയിൽ മല്ലിയില, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ബ്രഡ് കഷ്ണ‌ങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കണം. അല്പം മിശ്രിതമെടുത്ത് ഇഷ്ട‌മുള്ള ആകൃതിയിൽ കട്ലറ്റ് തയ്യാറാക്കുക. ഇത് എണ്ണയിൽ വറുത്തെടുക്കാം.

റൈസ് ബോണ്ട

ചേരുവകൾ

ബസ്‌മതി അരി വേവിച്ചത്/ പുലാവ് ഒരു കപ്പ്

കടലപ്പൊടി അര കപ്പ്

പനീർ 50 ഗ്രാം

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

എണ്ണ വറക്കുന്നതിന്

മാങ്ങാപ്പൊടി അര ടീസ്‌പൂൺ

മല്ലിപ്പൊടി അര ടീസ്‌പൂൺ

ഉപ്പും മുളകുപൊടിയും ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലപ്പൊടിയിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക. വേവിച്ച അരി നന്നായി ഉടച്ചതിലേക്ക് പച്ചമുളക്, മല്ലിയില, മാങ്ങാപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. അല്‌പം മിശ്രിതത്തിൽ ഒരു കഷണം പനീർ വച്ച് ഉരുള തയ്യാറാക്കി കടലമാവിൽ മുക്കി എണ്ണയിൽ ഇളം ബ്രൗൺ നിറമാകുന്നതു വരെ വറഞ്ഞെടുക്കുക.

ബനാന ബോൾസ്

ചേരുവകൾ

പഴം നാലെണ്ണം

ഗോതമ്പുപൊടി അര കപ്പ്

മൈദ രണ്ടു ടേബിൾ സ്‌പൂൺ

റവ രണ്ടു ടേബിൾ സ്‌പൂൺ

പഞ്ചസാര / ശർക്കര അര കപ്പ്

ഡ്രൈ ഫ്രൂട്ട്സ് ആവശ്യത്തിന്

സ്വീറ്റ് സോഡ ഒരുനുള്ള്

എണ്ണ വറക്കുന്നതിന്

പാൽ അര കപ്പ്

തയ്യാറാക്കുന്ന വിധം

പഴം നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് എല്ലാ ചേരുവകളും ചേർത്ത് കുഴയ്ക്കണം. അല്പം മിശ്രിതമെടുത്ത് എണ്ണയിലിട്ട് ഇളം ബ്രൗൺ നിറമാവുന്നതുവരെ വറക്കുക. ചുടോടെ സർവ്വ് ചെയ്യാം.

പൂരി ലഡ്‌ഡു

ചേരുവകൾ

പുരി/ പൊറോട്ട എട്ടുപത്തെണ്ണം

പഞ്ചസാര പൊടിച്ചത് ഒരു കപ്പ്

ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞത് അര കപ്പ്

നെയ്യ്/ എണ്ണ രണ്ടു ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം

പുരി ചെറിയ കഷണങ്ങളാക്കി മിക്സറിൽ അരച്ചെടുക്കുക. ഈ മിശ്രിതം എണ്ണയിലിട്ട് വഴറ്റണം. പഞ്ചസാരയും ഡ്രൈഫ്രൂട്ട്സും ചേർത്ത് ലഡ്‌ഡു തയ്യാറാക്കുക.

സലാഡ് സൂപ്പ്

ചേരുവകൾ

സലാഡ് (കാരറ്റ്, തക്കാളി, സവാള, വെള്ളരിക്ക, ഇഞ്ചി, മുള്ളങ്കി എന്നിവ കൊണ്ട് തയ്യാറാക്കിയത്) രണ്ടു കപ്പ്

തക്കാളി രണ്ടോ മുന്നോ എണ്ണം

മല്ലിയില ആവശ്യത്തിന്

ക്രീം ഒരു ടേബിൾ സ്‌പൂൺ

എണ്ണ ഒരു ടേബിൾ സ്‌പൂൺ

ജീരകം അര ടീസ്‌പൂൺ

ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സലാഡ്, തക്കാളി, മല്ലിയില എന്നിവ ഒരുമിച്ച് കുക്കറിലിട്ട് ഒരു വിസിൽ വരും വരെ വേവിക്കണം. ഇത് തണുക്കുമ്പോൾ ഒരു മിക്സറിൽ അരച്ചെടുക്കുക. മിശ്രിതം അരിച്ചെടുത്ത് ഉപ്പും കുരുമുളകുപൊടിയും ചേർക്കാം.

ജീരകം എണ്ണയിൽ ചൂടാക്കി പൊടിച്ച് സൂപ്പിൽ ചേർക്കുക. ക്രീം, മല്ലിയില എന്നിവ കൊണ്ട് ഗാർണിഷ് ചെയ്‌ത് ചൂടോടെ സർവ്വ് ചെയ്യാം.

റൊട്ടി റോൾസ്

ചേരുവകൾ

ചപ്പാത്തി നാലെണ്ണം

കടലപ്പൊടി രണ്ടു ടേബിൾ സ്‌പൂൺ

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

സവാള നേർത്തതായി അരിഞ്ഞത് ഒന്ന്

എണ്ണ ഒരു ടേബിൾ സ്‌പൂൺ

കടുക് ഒരു ടീസ്‌പൂൺ

പച്ചമുളക് മൂന്നുനാലെണ്ണം

ഉപ്പ്, മുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് വറക്കുക. ഇതിലേയ്ക്ക് കടലപ്പൊടി, പച്ചമുളക്, സവാള, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കണം. ഇത് രണ്ടായി പകുത്തെടുക്കുക. ഒരു ചപ്പാത്തിയെടുത്ത് അതിനു മീതെ ഈ മിശ്രിതം പുരട്ടുക. വീണ്ടും ചപ്പാത്തി വച്ച ശേഷം മിശ്രിതം പുരട്ടി നീളമുള്ള റോൾ തയ്യാറാക്കാം. ഒരു നൂൽ കൊണ്ട് റോൾ കെട്ടിവെക്കുക. മൈക്രോവേവ് ഓവനിൽ 3 മിനിറ്റോളം ബേക്ക് ചെയ്യുകയോ, പ്രഷർ കുക്കറിൽ പത്തു പ്രന്ത്രണ്ട് മിനിറ്റോളം വേവിച്ചെടുക്കുകയോ ചെയ്യാം. തണുക്കുമ്പോൾ റോൾസിലെ നൂലെടുത്ത് മാറ്റി റൗണ്ട് കഷണങ്ങളായി മുറിച്ചെടുക്കുക. കടുക് പൊട്ടിച്ച് പച്ചമുളകുമിട്ട് വഴറ്റി റോൾസിൽ പുരട്ടാം. പൊദിനയില ചട്നിക്കൊപ്പം സർവ്വ് ചെയ്യാം.

ബ്രഡ് വെജിറ്റബിൾ ലോഫ്

ചേരുവകൾ

ബ്രഡ് സ്ലൈസ് എട്ടുപത്തെണ്ണം

വെളുത്തുള്ളി ഇഞ്ചി പേസ്റ്റ‌് ഒരു ടേബിൾ സ്‌പൂൺ

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

പനീർ 50 ഗ്രാം

വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ഒരു കപ്പ്

ഗ്രീൻ പീസ് വേവിച്ചത് അര കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്ത‌ത് ഒന്ന്

ടൊമാറ്റോ പേസ്‌റ്റാക്കിയത് ഒന്ന്

എണ്ണ ഒരു ടേബിൾ സ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രഡ് കുതിർത്ത് പിഴിഞ്ഞ് ഉടച്ചെടുക്കുക. ഉപ്പ്, ഉരുളക്കിഴങ്ങ് ഉടച്ചത്, തക്കാളി പേസ്‌റ്റ്, എണ്ണ, ഇഞ്ചി- വെളുത്തുള്ളി പേസ്‌റ്റ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക. ഇത് പരത്തി മുകളിൽ ഗ്രീൻപീസ് ഉടച്ചതും കാരറ്റ് ഗ്രേറ്റ് ചെയ്‌തതും വെയ്ക്കാം. ഉപ്പുള്ള കുരുമുളകുപൊടി വിതറിയ ശേഷം പനീർ ഗ്രേറ്റ് ചെയ്ത‌തും ചേർക്കാം. ഒരു വലിയ റോൾ തയ്യാറാക്കി അലൂമിനിയം ഫോയിൽ കൊണ്ട് പൊതിയുക. ഇത് ഓവനിൽ വെച്ച് 180 ഡിഗ്രി സെൽഷ്യസിൽ 35-40 മിനിറ്റോളം ബേക്ക് ചെയ്യണം.

ഫ്രൂട്ട് ചാട്ട് വിത്ത് സ്വീറ്റ് പുലാവ്

ചേരുവകൾ

ഫ്രൂട്ട് ചാട്ട് (പഴം, ആപ്പിൾ, ഓറഞ്ച്, ചെറി, മാമ്പഴം) രണ്ടു കപ്പ്

ബസ്‌മതി അരി രണ്ടു കപ്പ്

പഞ്ചസാര രണ്ടു കപ്പ്

എണ്ണ രണ്ടു ടേബിൾ സ്‌പൂൺ

ജീരകം ഒരു ടേബിൾ സ്‌പൂൺ

വെണ്ണ ഒരു ടേബിൾ സ്‌പൂൺ

ഡ്രൈഫ്രൂട്ട്സ് അരിഞ്ഞത് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബസ്മ‌തി അരി കഴുകി 15-20 മിനിറ്റോളം വേവിക്കുക. ഇത് എണ്ണ ചൂടാക്കിയതിലിട്ട് ഇളക്കണം. പത്തു മിനിറ്റ് കഴിഞ്ഞ് പഞ്ചസാര ചേർത്ത് അടച്ചുവെച്ച് 15-20 മിനിറ്റോളം തീ കുറച്ചു വെച്ച് വേവിക്കുക. ഇതിൽ ഫ്രൂട്ട്സ് ഇട്ട് ഇളക്കി 10-15 മിനിറ്റോളം അടച്ചു വെയ്ക്കാം. ഡ്രൈഫ്രൂട്ട്സും വെണ്ണയും കൊണ്ട് ഗാർണിഷ് ചെയ്യാം.

3 വീസ് അഥവാ 3 വണ്ടേഴ്‌സ്

അവസാന വർഷ എംബിഎ പഠനത്തിനിടയിൽ വർഷ എന്ന പെൺകുട്ടിയുടെ മനസിലുദിച്ച ഒരാശയം സ്വന്തമായി എന്തെങ്കിലും തുടങ്ങുക എന്നതാണ്. അങ്ങനെ പാലക്കാട് സ്വദേശി പ്രശാന്ത്, പെരുന്തൽമണ്ണ സ്വദേശി സരള ദമ്പതിമാരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായ വർഷയുടെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ചിന്തയെ സഹോദരിമാരും മാതാപിതാക്കളും ഒരുമിച്ച് ഏറ്റെടുത്തു. സ്വന്തമായൊരു ബിസിനസ്‌ വേണം. മറ്റുള്ളവരുടെ കീഴിൽ അന്യദേശത്ത് കൂട്ടുപിരിഞ്ഞു കഴിയുന്നതിനേക്കാൾ ഭേദം ഒരുമിച്ച് കൂട്ടായി കഴിയുക. ചെറിയ തോതിൽ അധികം മുതൽ മുടക്കില്ലാതെ എന്തു തുടങ്ങാം എന്ന ചിന്തയിലാണ്ടൂ പിന്നീട് അവർ.

അതിനായി കുറെ വായിച്ചു. സഞ്ചരിച്ചു. വിപണന സാധ്യതകൾ പഠിച്ചു. ആ പഠനം വീടുകളിലെ അടുക്കളയിലുടെ കടന്നുപോയി. കായം ഏവരുടെയും നിത്യോപയോഗ വസ്‌തുവാണെന്ന്‌ മനസ്സിലാക്കി. കായത്തിന്‍റെ പ്രസക്‌തി ലോകത്തിൽ എത്രത്തോളമുണ്ടെന്ന് പഠിച്ചു. കേരളത്തിൽ കായത്തിന്‍റെ ഉൽപാദകർ കുറവായതിനാൽ ആ കുടുംബം കായത്തിൽ പിടിമുറുക്കി.

ആദ്യമായിപിറവം അഗ്രോ പാർക്കിൽ നിന്നും പരിശീലനം നേടി. ശേഷം തമിഴ്‌നാട്ടിലെ നിരവധി കായം നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ചു. തുടർന്ന് ഇതിനാവശ്യമായ ഉൽപന്നം എവിടെ നിന്ന്‌ ലഭിക്കുമെന്നും എങ്ങനെ വിതരണം നടത്താം എന്നതിനെക്കുറിച്ചുമുള്ള ഒരു പ്രൊജക്‌ട് റിപ്പോർട്ട് തയ്യാറാക്കി. അതിനുശേഷം വീടിന്‍റെ ഒരു കോണിൽ വെച്ച് ഉൽപാദനം തുടങ്ങുന്നു.

വർഷയും സഹോദരിമാരും മാത്രമായിരുന്നു ജോലിക്കാർ. അവർ തന്നെ കടകളിലും ഹോട്ടലുകളിലും നേരിട്ടു ചെന്ന് ഉൽപ്പന്നത്തിന്‍റെ ഗുണഗണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും സാംപിളുകൾ ഉപയോഗിച്ചു നോക്കാനും നൽകി.

വിൽപന പുരോഗമിച്ചപ്പോൾ എറണാകുളത്ത് കളമശ്ശേരിയിൽ മുറി വാടകയ്ക്ക് എടുത്തു. ഇന്ന്‌ മുപ്പതിലധികം തൊഴിലാളികളുമായി കമ്പനി വളർന്നു. പ്രൊഡക്ഷൻ വിഭാഗത്തിൽ മുഴുവനും സ്ത്രീകൾ തന്നെയാണെന്ന് പറയാം.

2019-ൽ 3 വീസ് ഇന്‍റർ നാഷണൽ എന്ന പേരിൽ തുടങ്ങിയ കമ്പനി ഇന്ന് 35-ഔളം ഉൽപന്നങ്ങളാണ് മാർക്കറ്റിൽ എത്തിക്കുന്നത്. വാർഷിക വരുമാനം രണ്ടരകോടിയിൽ എത്തി നിൽക്കുന്നു. മാനേജിംഗ് ഡയറക്‌ടറായ വർഷയിലൂടെ കമ്പനിയുടെ വിജയഗാഥ ശ്രവിക്കാം.

കോവിഡ് കാലം എല്ലാവർക്കും അനിഷ്‌ടകാലം ആയിരുന്നപ്പോൾ 3 വീസ്‌നു കൊയ്ത്തുകാലമായതെങ്ങനെ?

കോവിഡ് കാലത്ത് ഇന്ത്യയിലെ കായം ഉൽപാദകരായ എൽ.ജി. (മുംബൈ) എൻ.എസ് (മധുര) എന്നിവർക്ക് കേരളത്തിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പ്രാദേശിക നിർമ്മാതാക്കളായ 3 വീസ്‌’ന് വലിയ അവസരമാണ്‌ തുറന്ന് കിട്ടിയത്. കോവിഡ്‌ തുടങ്ങിയ അന്നു മുതൽ എല്ലാ സ്‌ഥാപനങ്ങളും അടച്ചുവെങ്കിലും ഗ്രോസറികൾ തുറക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ ഞാനും അച്‌ഛനും സ്‌കൂട്ടറിലും കാറിന്‍റെ ഡിക്കിയിലും കായം ഇട്ട് കടകൾ തോറും കയറിയിറങ്ങി വിൽപ്പന ആരംഭിച്ചു.

കമ്പനിക്ക് ‘3 വീസ്’ എന്ന പേര് വന്നതെങ്ങനെ?

ഞങ്ങൾ മൂന്നു സഹോദരിമാർ വർഷ (എംബിഎ) വിസ്‌മയ (ചാർട്ടേഡ് അക്കൗണ്ടന്‍റ്) വ്യന്ദ (കമ്പനി സെക്രട്ടറി വിദ്യാർത്ഥി) എന്നിവരുടെ പേരിലെ ആദ്യാക്ഷരം ‘V’ ആണ് ‘3 vees’.

കമ്പനി എന്ന ഒരാശയം ആരിൽ നിന്നാണ് ഉത്ഭവിച്ചത്?

മുത്തവളായ ഞാൻ (വർഷ) പഠനത്തിന്‍റെ അവസാന വർഷത്തിൽ ഇനിയെന്ത് എന്ന ചിന്തയിലാണ്ടു. മറ്റൊരു സ്‌ഥാപനത്തിൽ ശമ്പളത്തിനായി ജോലി ചെയ്യുന്നതിനേക്കാൾ അഭികാമ്യം സ്വന്തമായി ഒരു സ്‌ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. ഞാൻ എന്‍റെ മനസ്സ് സഹോദരിമാരുമായി പങ്കുവെച്ചു. അവർ എന്നോടൊപ്പം നിന്നു. ചെറിയ തോതിൽ എന്ത്‌ തുടങ്ങാം എന്നതായിരുന്നു അടുത്ത ചിന്ത. ബിസിനസ്സിന്‍റെ ബാലപാഠങ്ങൾ പഠിക്കാനും തുടങ്ങി.

കായത്തിന് നാട്ടിൽ ഇത്രമാത്രം വളക്കൂറുണ്ടെന്ന് അറിയാമായിരുന്നോ?

തുടക്കത്തിൽ ഈ ഫീൽഡിനെക്കുറിച്ച് ഒന്നുപോലും അറിയില്ലായിരുന്നു. അതിനാൽ അതിനായി കുറെ യാത്രകളും അന്വേഷണങ്ങളും പഠനങ്ങളും നടത്തി. അതിലൂടെ കായത്തിന്‍റെ ഇരുപത്തിയഞ്ചിലധികം ഉപയോഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.

കായം ഭക്ഷ്യയോഗ്യമാക്കുന്ന എന്ത് പ്രക്രിയയാണ്‌ കളമശ്ശേരി യൂണിറ്റിൽ നടക്കുന്നത്?

കായം അഫ്ഗാനിസ്‌ഥാനിൽ വളരുന്ന ഫെറൂല ചെടിയുടെ വേരുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു തരം പശയാണ്. ഉണങ്ങിയ ശേഷം ഇത് പാചകത്തിനും ഔൗഷധങ്ങൾക്കും ഉപയോഗിക്കുന്നു. ഇത് നേരിട്ട് ഭക്ഷ്യയോഗ്യമല്ല. എട്ടോളം പ്രൊഡക്‌ട്‌സ്‌ മിക്‌സ് ‌ചെയ്‌താണ്‌ ഭക്ഷ്യയോഗ്യമായ കൂട്ടുപെരുങ്കായം മാർക്കറ്റിലെത്തിക്കുന്നത്. ഒരു തരത്തിലുള്ള പ്രിസർവേറ്റിവ്‌സും ഉപയോഗിക്കാതെയാണ് നിർമ്മിക്കുന്നത്.

കമ്പനി തുടങ്ങാനുള്ള മൂലധനം എങ്ങിനെ സ്വരൂപിച്ചു?

തുടക്കത്തിൽ ബാങ്കുകൾ ആരും തന്നെ ഞങ്ങളെ സാഹായിച്ചില്ല. പെൺകുട്ടികളുടെ കളിതമാശയായി അവരും കരുതിക്കാണും. ഉൽപ്പന്നം മാർക്കറ്റിൽ എത്തി തുടങ്ങിയപ്പോൾ ബാങ്ക് ഔഫ് ബറോഡ സർക്കാരിന്‍റെ മുദ്ര വായ്പ്പ പദ്ധതിയിലൂടെ രണ്ടുലക്ഷം രൂപ അനുവദിച്ചുതന്നു. അതായിരുന്നു ഈ ഘട്ടത്തിൽ കുടുംബത്തിന് കൈതാങ്ങായത്. പുതിയൊരു സംരംഭം തുടങ്ങുക എന്നത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ കാര്യമാണ്.

ബിസിനസ്സ് എന്ന ആശയത്തെ കുടുംബം എങ്ങിനെ ഉൾകൊണ്ടു?

കുടുംബമാണ് (അച്ഛ‌നും അമ്മയും) ഞങ്ങളെ ഉയർത്തികൊണ്ടുവന്നത്. എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി.

മറ്റെന്തെങ്കിലും ഉൽപ്പന്നങ്ങൾ?

കായത്തിനു പുറമെ മഞ്ഞൾ, മുളക്, മല്ലി, കുരുമുളക്, സാമ്പാർ പൊടികളും ചിക്കൻ, ഫിഷ് തുടങ്ങിയ മസാല പൊടികളും, വറുത്ത റവ. പുട്ടുപൊടി. അപ്പപൊടി തുടങ്ങിയ പ്രഭാത ഭക്ഷണ പാക്കറ്റുകളും പുറത്തിറങ്ങുന്നു.

അടുത്തയിടെ മില്ലറ്റിലേക്ക് ശ്രദ്ധതിരിയാനുണ്ടായ കാരണം?

2023 മില്ലറ്റ് വർഷമായി സർക്കാർ പ്രഖ്യാപിച്ചു. പബ്ളിസിറ്റി കൊടുത്തപ്പോൾ ഞങ്ങളും അത് ഉൾക്കൊണ്ടു. തിന. ചാമ, കമ്പം. കടവപ്പുല്ല്, റാഗി. മണിച്ചോളം. കൊരാല എന്നിവ സംസ്ക്കരിച്ച് പാക്കറ്റിലാക്കിയാണ്‌ വിപണിയിൽ എത്തിക്കുന്നത്.

യൂണിറ്റിലേക്കുള്ള റോ മെറ്റീരിയൽ എവിടെ നിന്നെത്തുന്നു?

കായം അഫ്ഗാനിസ്‌ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മല്ലി മുളക് എന്നിവ ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും മില്ലറ്റ് തേനീ. രാജസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്.

വിപണനം ഇന്ത്യയിൽ മാത്രം ഒതുങ്ങുകയാണോ?

ഒരിക്കലും അല്ല. ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിദേശ മലയാളികൾക്കിടയിലും ഞങ്ങളുടെ ഉൽപ്പന്നം പ്രിയപ്പെട്ടതായി കഴിഞ്ഞു.

സഹോദരിമാർ 3 പേരും പ്രൊഡക്ഷൻ യൂണിറ്റിൽ തന്നെയാണോ ശ്രദ്ധിക്കുന്നത്?

ഞങ്ങൾ ഔരോരുത്തർക്കും ഓരോ ചുമതലയാണ്. ഞാൻ മാനേജിംഗ് ഡയറക്ട‌ർ (ഔവറോൾ മാനേജ്മെന്‍റ്) വിസ്മ‌യ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നു. വ്യന്ദ ഡിജിറ്റൽ മാർക്കറ്റിംഗ്, സരള (അമ്മ) പ്രെഡക്ഷൻ മാനേജർ, പ്രശാന്ത് (അച്‌ഛൻ) മാർക്കറ്റിംഗ് ഹെഡ്.

3 വീസ് നെ ഞാൻ 3 വണ്ടേഴ്‌സ് എന്ന്‌ വിളിച്ചാൽ…

തീർച്ചയായും വിളിക്കാം. ഞങ്ങൾക്കു ലഭിക്കുന്ന പുരസ്‌കാരമായി സ്വീകരിക്കുന്നു.

പുതിയ സംരംഭകരോട് എന്താണ്‌ പറയാനുള്ളത്?

എന്ത് ബിസിനസ്സ് തുടങ്ങുമ്പോഴും ഒരുപാട് ടെൻഷനും കൺഫ്യൂഷനും ഉണ്ടാകും. ശരിയായ വഴിയിലൂടെ സഞ്ചരിച്ചാൽ നല്ല പ്രതികരണവും ആത്മവിശ്വാസവും ലഭിക്കും. എന്നും എപ്പോഴും പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണമെന്ന് മാത്രം.

ഗൃഹനാഥ അറിയാൻ ചില സാമ്പത്തിക കാര്യങ്ങൾ

വീട്ടുകാര്യങ്ങളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും സമർത്ഥമായി കൈകാര്യം ചെയ്യുന്നതിൽ ഇന്നത്തെ സ്ത്രീകൾ ഏറെ മുന്നിലാണ്. നിസ്സാരകാര്യങ്ങൾക്കു പോലും ഭർത്താവിനെ ആശ്രയിക്കുന്ന ശീലം അവൾ ഉപേക്ഷിച്ചിരിക്കുന്നു.

വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഭാവി സാമ്പത്തികമായി ഭദ്രമാക്കുന്നതിലും ഇന്നത്തെ സ്ത്രീകൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുന്നു. ഒരു കുടുംബത്തിന്‍റെ ഭാവികാര്യങ്ങൾ രണ്ട് വിധത്തിലുള്ളതായിരിക്കും. ഒന്ന് നിശ്ചിതവും മറ്റൊന്ന് അനിശ്ചിതവും. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ, ഭവന നിർമ്മാണം, വിവാഹം എന്നിവയാണ് നിൾചിത പദ്ധതികൾ രോഗം, അപകടം, മരണം, പ്രകൃതി ദുരന്തം എന്നിവയാണ് അനിശ്ചിതങ്ങൾ.

ഈ രണ്ടു തരത്തിലുള്ള ആവശ്യങ്ങൾക്കും സാമ്പത്തിക നില ഭദ്രമാക്കിയേ പറ്റൂ. ഇവിടെയാണ് ഒരു ഗൃഹനാഥയുടെ സാമർത്ഥ്യം തെളിയുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നിക്ഷേപപദ്ധതികളെക്കുറിച്ചും പരിമിതമായ അറിവേ ഉള്ളൂവെങ്കിൽ പുറത്തുനിന്നും വിദഗ്ധോപദേശം തേടാം.

വിവരങ്ങൾ എവിടെ നിന്ന്

സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നോ സാമ്പത്തിക വിദഗ്ദ്ധരിൽ നിന്നോ വിവിധ സമ്പാദ്യ പദ്ധതികളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കാം. സാമ്പത്തിക- തൊഴിൽ മേഖലയിലുണ്ടായിട്ടുള്ള സ്ഫോടനാത്മകമായ വളർച്ചയ്ക്കൊപ്പം സാമ്പത്തിക ഉപദേഷ്ടാക്കളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എഫ്.പി.ബി.എസ്. (FPBS) ഇന്ത്യയിലെ സാമ്പത്തിക മാർക്കറ്റിലെ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള ബോധവൽക്കരണം, സാന്‍റഡൈസേഷൻ, രജിസ്ട്രേഷൻ തുടങ്ങി സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.

അക്കൗണ്ട് ഓപ്പൺ ചെയ്യുക, ക്യാഷ് ഡെപ്പോസിറ്റ്, ക്യാഷ് പിൻവലിക്കൽ, എൽ.ഐ.സി. പ്രീമിയം അടയ്ക്കുക, എ.ടി.എം. വഴി പണമെടുക്കുക, .യുപിഐ ഉപയോഗിക്കുക തുടങ്ങിയ ധനസംബന്ധമായ കാര്യങ്ങൾ ഗൃഹനാഥ ഇന്ന് വളരെ അനായാസമാക്കി കൈകാര്യം ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത ഉറപ്പുനല്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അറിയാൻ അവർ ഇന്‍റർനെറ്റിനെ വലിയതോതിൽ ആശ്രയിച്ചും തുടങ്ങിയിരിക്കുന്നു.

അടിയന്തിര ഘട്ടങ്ങളിൽ

സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനൊപ്പം എൽ.ഐ.സി, മെഡി ക്ലെയിം, ടാക്സ് സേവിംഗ്, പ്രോവിഡന്‍റ് ഫണ്ടിൽ പണം നിക്ഷേപിക്കൽ, ഹൗസ്- എജ്യുക്കേഷൻ ലോൺ, മ്യൂച്ചുവൽ ഫണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കണം. സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുന്നതിനൊപ്പം അടിയന്തിര ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിനായി എത്ര പണം. മിച്ചം വയ്ക്കണമെന്നതിനെക്കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

30 വയസ്സുള്ള വ്യക്തി മൂന്നുമാസത്തെ ശമ്പളവും 38 വയസ്സുള്ള വ്യക്തി 6 മാസത്തെ ശമ്പളും 45 വയസ്സുള്ള വ്യക്‌തി ഒരു വർഷത്തെ സമ്പാദ്യവും 55ൽ കൂടുതൽ പ്രായമുള്ള വ്യക്‌തി 6 മാസത്തെ സമ്പാദ്യവും അടിയന്തിരഘട്ടങ്ങളെ നേരിടാൻ മാറ്റിവെയ്ക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ഉപദേശിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന ഒരു ഗൃഹനാഥയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണുതാനും.

സമ്പാദ്യത്തിൽ ശ്രദ്ധ

സമർത്ഥയും ഭാവികാര്യങ്ങളിൽ മുൻകരുതലുമുള്ള ഒരു വീട്ടമ്മ സമ്പാദ്യത്തിൽ  കൂടുതൽ ശ്രദ്ധപുലർത്തും. വരുമാന നികുതിയിൽ നിന്നൊഴിവാകാവുന്ന നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനും അതിന്‍റെ പ്രതിഫലത്തെക്കുറിച്ചും ബുദ്ധിമതിയായ വീട്ടമ്മയ്ക്ക് പെട്ടെന്ന് മനസ്സിലാക്കാനാവും.

ടാക്സ് സേവിംഗ് ബോണ്ട്, എൽ.ഐ.സി., നിശ്ചിത പ്രതിഫലമുള്ള നിക്ഷേപങ്ങൾ, പോസ്റ്റ‌് ഓഫീസ് റിക്കവറി ഡെപ്പോസിറ്റ്, മന്ത്ലി സേവിംഗ്, ഫിക്സ‌ഡ് ഡെപ്പോസിറ്റ്, മ്യൂച്ചുവൽ ഫണ്ട് എന്നിവയാണ് സർവ്വ സാധാരണമായ സമ്പാദ്യ പദ്ധതികൾ.

റിസ്ക‌് ഏറെയുള്ള പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനു മുമ്പായി മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമത്തേത് സുരക്ഷിതത്വം അഥവാ റിസ്‌ക് സാധ്യത, രണ്ടാമത്തേത് ലിക്വിഡിറ്റ്, മുന്നാമതായി പ്രതിഫലം. ആവശ്യമുള്ളപ്പോൾ പണം അനായാസമായി തിരിച്ചെടുക്കാമെന്നതാണ് ലിക്വിഡിറ്റി സൂചിപ്പിക്കുന്നത്.

ഇൻഷുറൻസ് നിക്ഷേപം

ഒരു കുടുംബം ഇൻഷുറൻസ് പോലെയുള്ള കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്‌കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കുടുംബത്തിന് കൂടുതൽ ഇൻഷുറൻസ് വേണ്ടിവരുന്നതാണ് കാരണം. കുടുംബനാഥന് ആകസ്‌മിക മരണം സംഭവിച്ചാലും കുടുംബത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന് ഇൻഷുറൻസ് പോലുള്ള നിക്ഷേപങ്ങൾ കൂടുതൽ സഹായകരമാവും.

ഏതുതരം ഇൻഷുറൻസ് പദ്ധതിക്കും രണ്ടു ലക്ഷ്യങ്ങളുണ്ടാവും. ഒന്ന് സേവിംഗ് (റിട്ടേൺ), മറ്റൊന്ന് മരണശേഷം കുടുംബത്തിന് ലഭിക്കുന്ന റിട്ടേൺ. കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വവും വരുമാനവും കണക്കിലെടുത്ത് ഇൻഷുറൻസ് കവർ ചെയ്യാം. സ്വന്തം ആവശ്യങ്ങളും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയാവണം ഇൻഷുറൻസ് പോളിസിയെടുക്കാൻ.

സേവിംഗ്‌സ് അടിസ്‌ഥാനമാക്കിയുള്ള പോളിസികളാണ് മണിബാക്കും നിശ്ചിത കാലാവധിയുള്ള ഇൻഷുറൻസ് പോളിസികളും. സേവിംഗ്‌സ് അടിസ്‌ഥാനമാക്കിയുള്ള പോളിസിയിൽ ഏതാനും വർഷം കഴിഞ്ഞ് സറണ്ടർ വാല്യു സൗകര്യം ലഭിക്കും. അതായത് രണ്ടുമൂന്ന് വർഷം കഴിഞ്ഞ് പ്രീമിയം അടയ്ക്കുന്നത് ഇടയ്ക്കുവെച്ച് നിർത്തുകയും ചെയ്യാം. ഇതിനിടെ പോളിസിയിലുണ്ടാവുന്ന ക്യാഷ് വാല്യു കസ്‌റ്റമറിന് ലഭിക്കുകയും ചെയ്യും.

മുമ്പ് ടാക്സ‌് അടയ്ക്കുന്നത് ഒഴിവാക്കാനായിരുന്നു ആളുകൾ കൂടുതലും സേവിംഗ്‌സ് പദ്ധതികളിൽ പണം നിക്ഷേപിച്ചിരുന്നത്. അതോടൊപ്പം നിക്ഷേപത്തിന് പുറമെയായി ലഭിക്കുന്ന റിട്ടേണും അവരെ ആകർഷിച്ചിരുന്നു. ഇൻഷുറൻസ് പോളിസികളിൽ അടയ്ക്കുന്ന പ്രീമിയം നിരക്ക് താരതമ്യേന വളരെ കുറവായിരുന്നതും ഒരു കാരണമാണ്. അതുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വം നല്‌കുന്ന ഇത്തരം പോളിസികളോടാണ് പൊതുവെ ആളുകൾക്ക് പ്രിയം.

ഇൻഷുറൻസ്, നിക്ഷേപം എന്നിവയെ വേറിട്ട് കാണണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇൻഷുറൻസ് കവർ ചെയ്യുന്നതിന് ടേം ഇൻഷുറൻസ് എന്ന ഒപ്ഷനാണ് മികച്ചത്. ഇടത്തരവും സുരക്ഷിതവുമായ ഈ നിക്ഷേപപദ്ധതിയിൽ റിട്ടേൺ വളരെ കുറവായിരിക്കും.

യുലിപ് അഥവാ യൂണിക് ലിക്വിഡ് ഇൻഷുറൻസ് പ്ലാനിൽ പണം നിക്ഷേപിക്കുന്നതും ഇൻഷുറൻസ് പരിരക്ഷ നല്‌കും. ഡിസംബറിനും മാർച്ചിനുമിടയി ലാണ് കൂടുതൽ ആളുകളും ഇതിൽ നിക്ഷേപം നടത്തുന്നത്. നികുതി നിയമത്തിന്‍റെ ആർട്ടിക്കിൾ 80 അനുസരിച്ച് ഇതിൽ നിന്നും ലാഭം ലഭിക്കുകയും ചെയ്യും. യുലിപിൽ നിക്ഷേപം നടത്താൻ താല്‌പര്യമുള്ളവർ ഇൻഷുറൻസ് പരിരക്ഷ നല്കുന്ന സ്ക‌ീമുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

നിക്ഷേപം അനിവാര്യം ആകസ്‌മികമായ ആവശ്യങ്ങൾക്ക്

പണം നീക്കിവെയ്ക്കുന്നതിനും ഫൈനാൻഷ്യൽ പ്ലാനർ പ്രാധാന്യം നല്‌കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് വീട്ടമ്മമാർ ധനനിക്ഷേപ പരിപാടികൾക്ക് മുൻതൂക്കം നല്‌കണം. ശമ്പളത്തിൽ നിന്ന് നിശ്ചിത തുക മാറ്റി വെച്ചശേഷം ബാക്കി തുക ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാം. മാസം അടയ്ക്കുന്ന ഇൻസ്റ്റോൾമെന്‍റിനൊപ്പം (ഇഎ.ഐ) വീട്ടാവശ്യങ്ങൾക്കും ഒരു തുക നീക്കിവയ്ക്കണം. അടിയന്തിര ഘട്ടങ്ങളിലേക്കുള്ള തുകയുടെ 5 മുതൽ 15 ശതമാനം വരെ പണമായി കയ്യിൽ കരുതാം. ശേഷിക്കുന്നവ റിസ്‌ക് കുറഞ്ഞ മ്യൂച്ചുവൽ ഫണ്ടുകളിലോ, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിക്കാവുന്നതാണ്.

ഇത്തരം മുൻകരുതലുകൾ സ്വീകരികാത്തപക്ഷം വിഷമ പരിതസ്‌ഥിതികളെ നേരിടാൻ പണം എവിടെ നിന്ന് കണ്ടെത്തും? വസ്‌തുവും മറ്റും ഈടായിവെച്ച് ലോൺ എടുക്കുക, ബ്ലേഡ് കമ്പനിയിൽ നിന്നും പണം പലിശയ്ക്ക് എടുക്കുക, പേഴ്‌സണൽ ലോൺ എന്നിങ്ങനെ ആപത്ഘട്ടങ്ങളിൽ സഹായമാകുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടെങ്കിലും പലിശനിരക്കിലുണ്ടാവുന്ന വർദ്ധനയും മറ്റും സാധാരണക്കാരൻ സാമ്പത്തിക നിലയെ തകർക്കുകയേയുള്ളൂ.

നികുതി ഒഴിവാക്കൽ

നികുതിയിളവ് ലഭിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ബുദ്ധിമതിയായ ഗൃഹനാഥയ്ക്ക് ഉപയോഗപ്പെടുത്താം. കുടുംബം വാടകവീട്ടിലാണ് കഴിയുന്നതെങ്കിൽ ഭർത്താവ് ഉദ്യോഗസ്‌ഥനാണെങ്കിൽ കൂടി ഗൃഹനാഥയ്ക്ക് ഹൗസ് റെന്‍റ് അലവൻസ് ക്ലെയിം ചെയ്യാനാവും. മൊത്തം വരുമാനത്തിന്‍റെ 10 ശതമാനത്തിലുമധികം വാടക നല്‌കുന്നതിന്‍റെ പേരിൽ ടാക്സ് ഇളവ് ലഭിക്കാനായി ക്ലെയിം ചെയ്യാം. അതുമല്ല, കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ഏതെങ്കിലും ബാങ്കിൽ നിന്നുമെടുത്ത ലോണിനുള്ള പലിശനിരക്കിന്മേൽ ടാക്സിളവ് ലഭിക്കാം.

ചാരിറ്റിയായി നല്‌കുന്ന സംഭാവനയുടെ പേരിലും ടാക്‌സ് ഇളവ് ലഭിക്കും. ഇത്തരം സംഭവനകൾ ചെക്ക് മുഖേന നല്‌കുക.

എജ്യൂക്കേഷൻ ലോണിനുമേലുള്ള പലിശയും നികുതിവിമുക് തമാണ്. ഇപ്രകാരം മെഡിക്കൽ ഇൻഷുറൻസിലും നികുതിയിളവ് ലഭിക്കും. അത് വളരെ കുറഞ്ഞ തുകയ്ക്ക് ആയിരിക്കുമെന്ന് മാത്രം. മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിൽ 15,000 രൂപയിൽ കൂടാതെയുള്ള ഇളവ് ലഭിക്കും. ഗൃഹനാഥയെയോ അവരുടെ ഭർത്താവിനെയോ ആശ്രയിച്ചുകഴിയുന്ന ഏതെങ്കിലും വ്യക്‌തിയുടെ മെഡിക്കൽ ഇൻഷുറൻസ് ചെലവ് ഗൃഹനാഥയുടെ കുടുംബം വഹിക്കുകയാണെങ്കിൽ പ്രസ്‌തുത ഗൃഹനാഥയ്ക്ക് 40,000 രൂപ മുതൽ 75,000 രൂപവരെ നികുതി ഇളവ് ലഭിക്കും.

പങ്കുവയ്ക്കാം പ്രണയ നിമിഷങ്ങൾ

ദാമ്പത്യത്തിന്‍റെ ഉണർവ്വം ആവേശവുമാണ് ദമ്പതികൾ തമ്മിലുള്ള പ്രണയവും സെക്സും. പ്രണയമില്ലാത്ത ജീവിതം തീർത്തും വിരസം തന്നെ. ഒരു പക്ഷേ, പ്രണയ നിമിഷങ്ങളിൽ കാതിൽ കിന്നാരം പറഞ്ഞതും പങ്കാളിയെ മോഹിപ്പിച്ചതും ആവേശത്തോടെ ചുംബിച്ചതുമൊക്കെ വർഷങ്ങൾ പിന്നിടുമ്പോൾ ഒരു പഴങ്കഥയായി പരിണമിച്ചേക്കാം. പ്രസവം, കുഞ്ഞുങ്ങളെ വളർത്തൽ, ജോലി തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിൽപ്പെട്ട് റൊമാൻസ് അകന്നു പോയിട്ടുണ്ടാവാം. അതോടൊപ്പം ലൈംഗികത യാന്ത്രികമായ പ്രവൃത്തിയായി ചിലരിൽ തുടർന്നു കൊണ്ടിരിക്കുമെന്നുമാത്രം.

സ്നേഹത്തോടെയുള്ള ഒരു വാക്കിനു പോലും വിരസപൂർണ്ണമായ ദാമ്പത്യത്തിൽ പ്രണയത്തിന്‍റെ അലകടൽ സൃഷ്ടിക്കാനാവും. അതിന് അല്പം വിവേകം പ്രകടിപ്പിക്കണമെന്നു മാത്രം. ജീവിതത്തിൽ വീണ്ടും പ്രണയം നിറയുന്നത് നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയണോ? എങ്കിൽ വിവാഹത്തിന്‍റെ ആദ്യനാളുകളെക്കുറിച്ച് മെല്ലേ ഓർത്തുനോക്കു. മനസ്സിൽ ലജ്ജയും പ്രണയവും നിറയുന്നില്ലേ… വീണ്ടും അതുപോലൊരു ജീവിതത്തിന് മനസ് കൊതിക്കുന്നില്ലേ…

തീവ്രമായി പ്രണയിച്ച ആ ദിനങ്ങൾ… സമയം കടന്നുപോകുന്നത് അറിയാതെ പരസ്പ‌രം കൗതുകത്തോടെ മിഴിചേർത്തിരുന്ന സുന്ദരനിമിഷങ്ങൾ, സ്നേഹ നിർഭരമായ വാക്കുകൾ, സ്വകാര്യമായ നിമിഷങ്ങളിൽ പങ്കാളി പകർന്ന ചൂടുചുംബനങ്ങൾ. ഇതെല്ലാം ഓർക്കുന്നതും പറയുന്നതും മനസ്സിൽ പ്രണയം തിരികെയെത്തിക്കും.

കൂട്ടുകൂടാം

ദാമ്പത്യത്തിൽ ഏകപക്ഷീയമായ ഒന്നല്ല സ്നേഹവും സമർപ്പണവും. പ്രത്യേകിച്ചും ലൈംഗിക കാര്യങ്ങളിൽ ഇരുവരും ഒരുപോലെ പങ്കാളികളാവണം. എങ്കിലേ യഥാർത്ഥ ലൈംഗികസുഖം നേടാനാവൂ. വിവാഹം കഴിഞ്ഞ് കുറച്ചുനാൾക്കകം തന്നെ പരസ്പ‌രം നന്നായി മനസ്സിലാക്കി കഴിഞ്ഞിരിക്കും. അടുത്തറിഞ്ഞ ദമ്പതിമാരാവുമ്പോൾ ഫോർപ്ലേ പോലെയുള്ള കാര്യങ്ങളിൽ ഭാര്യ മുൻകൈയെടുക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അറിയുക.

കിടപ്പറയിലെത്തും മുമ്പ് പങ്കാളികൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശരീരശുചിത്വം അതിൽ ഏറ്റവും പ്രധാനമാണ്. ശരീരശുചിത്വത്തിന് ലൈംഗികതയുമായി ബന്ധമുണ്ട്. പങ്കാളിയുടെ ശരീരത്തിൽ നിന്നുയരുന്ന അസുഖകരമായ ചെറിയൊരു ഗന്ധം പോലും പങ്കാളിയുടെ ലൈംഗിക താല്പര്യത്തെ കെടുത്തിക്കളയാം. വായനാറ്റവും വിയർപ്പുനാറ്റവും ഉദാഹരണങ്ങളാണ്. അതുകൊണ്ട് കിടക്കും മുമ്പ് കുളിക്കുക. സവിശേഷതയാർന്ന നൈറ്റ് ഡ്രസ്സുകൾ അണിയുന്നത് കിടപ്പറയിൽ റൊമാന്‍റിക് മൂഡ് സൃഷ്ടിക്കാൻ സഹായിക്കും. സുഗന്ധം ഇഷ്ടപ്പെടുന്നവർക്ക് പെർഫ്യും ഉപയോഗിക്കാം. കിടപ്പറയിലെ സുഗന്ധ പൂരിതമായ അന്തരീക്ഷം ദമ്പതികളുടെ മനസ്സിൽ പ്രണയ വികാരമുണർത്തും.

രോഗങ്ങളില്ലാത്ത പ്രണയത്തിന്…

ചെറുതും വലുതുമായ ഏതുതരം ലൈംഗികരോഗങ്ങൾക്കും ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്. മാത്രമല്ല, പ്രമേഹം പോലെയുള്ള രോഗങ്ങൾ ലൈംഗിക ബലഹീനതയ്ക്ക് കാരണമാകാമല്ലോ. ഇത്തരം പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഉദ്ധാരണശേഷിയില്ലായ്മ‌, സിഫിലിസ്, വന്ധ്യത, വെള്ളപോക്ക്, ഗുണേറിയ തുടങ്ങിയ പുറത്തുപറയാൻ മടിക്കുന്ന ലൈംഗികരോഗങ്ങൾക്കെല്ലാം ശാശ്വതമായ പരിഹാരങ്ങൾ വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നുണ്ട്. ലൈംഗിക പ്രശ്നങ്ങളിൽ പലതും മാനസികമാണ്. അതുകൊണ്ട് യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് ആഹ്ളാദകരമായ ലൈംഗിക ജീവിതം സാധ്യമാക്കാൻ ശ്രമിക്കുക.

സ്നേഹം മാത്രം

ടെൻഷനും ചിന്തകളുമായി ഒരിക്കലും കിടപ്പറയിലെത്തരുത്. കഴിവതും ദമ്പതികൾ ഒരുമിച്ചുറങ്ങാൻ ശ്രമിക്കുന്നതാണ് നല്ലത്. ഭർത്താവ് രാത്രിയിൽ ജോലി ചെയ്യുന്നത് തുടരുകയും ഭാര്യ നേരത്തെ കിടന്നുറങ്ങുകയും ചെയ്യുന്ന അവസ്‌ഥ ഉണ്ടാകരുത്. ഇത്തരം സാഹചര്യത്തിൽ പിന്നീട് ഉറങ്ങാനെത്തുന്നയാൾക്ക് പങ്കാളിയോട് നിരസം തോന്നാം. പരസ്പരം അഡ്‌ജസ്‌റ്റ് ചെയ‌്ത് ഉറങ്ങാനായി ഒരുസമയം തെരഞ്ഞെടുക്കാം. ക്രമമായ ലൈംഗികബന്ധം എല്ലാ ദമ്പതികളേയും സംബന്ധിച്ച് സാധ്യമാകണമെന്നില്ല. എന്നാലും പതിവായുള്ള ചുംബനങ്ങളിലും ആലിംഗനങ്ങളിലും കളിചിരി തമാശകളിലും പിശുക്കുവേണ്ട. പങ്കാളികളുടെ മനസ്സിൽ പരസ്പ‌രം സ്നേഹവും വിശ്വാസവും നിറയ്ക്കാൻ ഇത്തരം സ്നേഹപ്രകടനങ്ങൾക്കു കഴിയും.

ഇഷ്ടാനിഷ്ടങ്ങൾ

പരസ്പരം ഇഷ്ടാനിഷ്‌ടങ്ങൾ അറിയുകയെന്നത് സുദൃഢമായ ദാമ്പത്യത്തിന് അനിവാര്യമാണ്. ചുമലിൽ ചുംബിക്കുന്നത്, ചെവികളിൽ ചുംബിക്കുന്നതും കടിക്കുന്നതും മറ്റും ഭാര്യയെ റൊമാന്‍റിക് മൂഡിൽ എത്തിക്കുമത്രേ. എന്നാൽ ഭാര്യമാർ തങ്ങളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും തലോടുന്നതും പുരുഷന്മാർ ഇഷ്‌ടപ്പെടുന്നു. അതുകൊണ്ട് പരസ്‌പരം ഇഷ്‌ടാനിഷ്ടങ്ങൾ അറിഞ്ഞ് പെരുമാറുക അപ്പോൾ മനസ്സുകൾ കുടുതലടുക്കും.

തീയും പുകയും

ഏതാണ്ട് രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് അമിതും ഞാനും വിവാഹിതരായത്. ജീവിതത്തിൽ അതിന്‍റേതായ രസമുണ്ട്. മണിക്കുറുകളോളം കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറയുന്ന ആ ദിനങ്ങൾ വളരെ മനോഹരമായിരുന്നു. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ ഞങ്ങളുടെ മനസ്സിനെ രാവും പകലും ഇക്കിളിപ്പെടുത്തിയിരുന്നു.

“പ്രിയേ, ഞാൻ നിനക്ക് അങ്ങേയറ്റം സന്തോഷവും സുഖവും നൽകും. നിയെത്ര നല്ലവളും സുന്ദരിയും വിവേകശാലിയുമാണ്.” പ്രണയനാളുകളിൽ അമിതിന്‍റെ ഈ വാക്കുകൾ കേട്ട് ഞാൻ ആകാശത്ത് പറന്നു നടക്കുമായിരുന്നു.

“ജീവിതയാത്രയിലെപ്പോഴും ഓരോ ചുവടിലും നീയെൻ കൂടെയുണ്ടെങ്കിൽ എനിക്കു വേറൊന്നും വേണ്ട” ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് ഈ വാക്കുകൾ എന്‍റെ ചുണ്ടിൽ വരുമായിരുന്നു.

വിവാഹത്തിനു ശേഷം ഞാൻ എന്‍റെ നിറമുള്ള സ്വപനങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ടു. അമിതിന്‍റെ ദൃഢമായ കരവലയത്തിൽ ഞാൻ ആനന്ദത്തിന്‍റെയും അനുഭൂതിയുടേയും പാരമ്യത്തിലെത്തി. എന്‍റെ രാവും പകലും സുഗന്ധപൂരിതമായി. അവന്‍റെ കൂടെ നടക്കുമ്പോൾ ഞാൻ നൃത്തം ചെയ്യുകയാണെന്ന് തോന്നും. അവനെ എത്ര തൊട്ടാലും നോക്കിയിരുന്നാലും എനിക്ക് മതിയാവില്ല.

“നീയൊരു ജാലവിദ്യക്കാരൻ കൂടിയാണെന്ന് വിവാഹത്തിനു മുമ്പ് എനിക്കറിയില്ലായിരുന്നു. അമിത്. എന്നെ പൂർണ്ണമായും വശീകരിച്ച് എന്‍റെ മനസ്സ് നീ കവർന്നെടുത്തു.” ഈ കാര്യം ഞാൻ മനാലിയിലെ 10 ദിവസത്തെ മധുവിധുവിന്‍റെ സമയത്ത് നൂറിലേറെത്തവണ അമിതിനോട് പറഞ്ഞുകാണും.

വിവാഹം കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസത്തിനു ശേഷം ഡൽഹിയിലെ ഭർതൃഗൃഹത്തിൽ നിന്ന് നോയിഡയിലെ ഒരു ചെറിയ വാടക ഫ്ളാറ്റിലേയ്ക്ക് ഞങ്ങൾ മാറി. ഗതാഗതക്കുരുക്ക് കാരണം അമിതിന് ഓഫീസിൽ പോയിവരുവാൻ ഒരുപാട് സമയം എടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രയാസം കണക്കിലെടുത്താണ് ഞങ്ങൾ ആ തീരുമാനം എടുത്തത്.

നോയിഡയിൽ കഴിഞ്ഞ ആദ്യ രണ്ടു മാസം. എന്‍റെ വിവാഹ ജീവിതത്തിലെ എല്ലാ സുഖവും സന്തോഷവും അതിനിടെ പതുക്കെപ്പതുക്കെ തകർന്നുപോയി. ആ കൊടുങ്കാറ്റ് നിഷയുടെ രൂപത്തിലാണ് വന്നത്. അമിതിന്‍റെ സഹപ്രവർത്തകയായിരുന്നു നിഷ. അവധി ദിവസങ്ങളിൽ പലപ്പോഴും അമിതിന്‍റെ സഹപ്രവർത്തകർ ഞങ്ങളുടെ ഫ്ളാറ്റിൽ ഒത്തുകൂടും. അത്തരം അവസരങ്ങളിൽ നിഷ എപ്പോഴും ഉണ്ടാവും. നിഷയുടെ അച്ഛനമ്മമാർ സഹാരൻപുർ എന്ന സ്‌ഥലത്താണ് താമസിച്ചിരുന്നത്. ജോലിക്കായി നോയിഡയിൽ വരേണ്ടി വന്നപ്പോൾ ആദ്യം അവൾ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്.

പരസ്‌പരമുള്ള പ്രശ്‌നങ്ങൾ കാരണം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ആ സ്‌ഥലം വിടേണ്ടി വന്നു. ഇപ്പോൾ അവൾ ഒരു കൂട്ടുകാരിയുടെ കൂടെ ഓഫീസിന്‍റെ അടുത്ത് ഞങ്ങളുടേതു പോലുള്ള ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. വീടുകൾ അടുത്തടുത്തായതു കൊണ്ട് അവൾ പലപ്പോഴും മാർക്കറ്റിലേക്ക് പോകുന്ന സമയത്ത് ഹായ്, ഹലോ എന്നൊക്കെ പറയുമായിരുന്നു.

എനിക്ക് അവളുടെ വ്യക്‌തിത്വം വളരെ ആകർഷകമായി തോന്നി. അവൾക്ക് നല്ല ഉയരവും ചുറുചുറുക്കുള്ള പെരുമാറ്റവും ഉണ്ടായിരുന്നു. എപ്പോഴും ഇറുകിയ ജീൻസും ടീഷർട്ടും ധരിച്ചാണ് അവളെ ഞാൻ കണ്ടിട്ടുള്ളത്. കാണാൻ സാധാരണയിൽ കവിഞ്ഞ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാവരോടും ചിരിച്ചുകളിച്ച് വർത്തമാനം പറയുന്ന സൗഹൃദപൂർണ്ണമായ പെരുമാറ്റം കാരണം അവൾ വളരെ സുന്ദരിയായി തോന്നുമായിരുന്നു.

വിവാഹസമ്മാനമായി അവൾ ഞങ്ങൾക്ക് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന മനോഹരമായ ഒരു ഗിഫ്റ്റ് തന്നു. അതിൽ ബാൾറൂം ഡാൻസ് ചെയ്യുന്ന രണ്ട് കമിതാക്കളുടെ രൂപം ഉറപ്പിച്ചി രുന്നു. ഓണാക്കിയാൽ അത് വട്ടത്തിൽ കറങ്ങാൻ തുടങ്ങും. സുഖകരമായ പതിഞ്ഞ സംഗീതം ചുറ്റും നിറയും,

“പ്രിയേ, റിയലി യൂ ആർ എ ബ്യൂട്ടി ക്വീൻ. ഞാനും നിന്നെ പ്പോലെ സുന്ദരിയായിരുന്നെങ്കിൽ എന്നേയും വല്ല അമിതും തന്‍റെ ഹൃദയത്തിന്‍റെ റാണിയാക്കിയേനേ.” എന്നെ ഇങ്ങനെ പ്രശംസിച്ച് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നിഷ എന്‍റെ മനസ്സു കവർന്നു.

ജോലി ദിവസങ്ങളിലായാലും അവൾ ചുറ്റിക്കറങ്ങി രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഞങ്ങളുടെ വീട്ടിൽ എത്തും. കുറച്ചു ദിവവസം കൊണ്ടു തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. എന്തെങ്കിലും കാര്യത്തിൽ ഞാനും അമിതും അഭിപ്രായവ്യത്യാസം കാണിച്ചാൽ ഞങ്ങൾ രണ്ടുപേരുകൂടി ചേർന്ന് അമിതിനെ നന്നായി കളിയാക്കും.

ഞങ്ങളുടെ സൗഹൃദത്തിന്‍റെ വേരുകൾ ശക്തമാകേണ്ടതായിരുന്നു. അതിനു മുമ്പു തന്നെ എനിക്ക് അവളുടെ ശരിയായ രൂപത്തെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും മനസ്സിലായി.

അമിതിന്‍റെ ഒരു സഹപ്രവർത്തകൻ ഉദ്യോഗക്കയറ്റം കിട്ടിയതിന്‍റെ പാർട്ടി ബങ്കെറ്റ് ഹാളിൽ വച്ച് നടത്തി. ഇതേ പാർട്ടിയിൽ വച്ച് കവിതയും ശിഖയുമാണ് നിഷയെക്കുറിച്ച് എനിക്ക് വിവരം തന്നത്. അവർ രണ്ടുപേരും അമിതിന്‍റെ ഓഫീസിൽ തന്നെയാണ് ജോലി ചെയ്ത‌ിരുന്നത്. ഞങ്ങൾ ഇതിനു മുമ്പും പലതവണ കണ്ടിട്ടുണ്ട്.

“നിഷ നിങ്ങളുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ടെന്ന് കേട്ടല്ലോ,” കവിത ഇത് പറഞ്ഞപ്പോൾ അടുത്തെങ്ങും ഞങ്ങളുടെ സംസാരം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.

“ഞങ്ങൾ അവളുമായി നല്ല കൂട്ടാണ്.” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“പ്രിയേ, നിങ്ങളുടെ ജീവിതത്തിന്‍റെ സന്തോഷം നശിപ്പിക്കാനൊരുങ്ങിയിരിക്കുന്ന ആ പെൺകുട്ടിയെ നിങ്ങൾ വീട്ടിൽ കാലുകുത്താൻ അനുവദിക്കരുത്.” ശിഖയുടെ കണ്ണുകളിലെ ഉത്കണ്ഠയും കോപവും ഇടകലർന്ന ഭാവം കണ്ട് ഞാൻ പരിഭ്രമിച്ചു.

“നിങ്ങളെന്താ അങ്ങനെ പറയുന്നത്?” ഞാൻ പരിഭ്രമം കലർന്ന ശബ്ദത്തിൽ ചോദിച്ചു.

“അമിത് അവളുടെ വലയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഓഫീസിൽ എല്ലാവർക്കും അറിയാം. മറ്റുള്ളവരുടെ ഭർത്താക്കന്മാരെ കുടുക്കുന്നത് അവൾക്കൊരു ഹരമാണ്. നിങ്ങൾ വളരെ നിഷ്കളങ്കയാണ്. അതുകൊണ്ടാണ് ഞങ്ങളിന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് തരാമെന്ന് തീരുമാനിച്ചത്.”

“ഞാനിന്നുവരെ അവൾ അമിതിന്‍റെ അടുത്ത് തെറ്റായ രീതിയിൽ പെരുമാറുന്നത് കണ്ടിട്ടില്ല.” ഞാൻ എന്‍റെ ഭർത്താവിന്‍റെയും നിഷയുടേയും പക്ഷം പിടിച്ചു.

“നിങ്ങളുടെ മുമ്പിൽ അവർക്ക് എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടോ? നിഷയുടെ ഫ്ളാറ്റില്ലേ? അമിത് ഇപ്പോഴും അവളെ കാണാൻ അവിടെ പോകുന്നുണ്ട് പ്രിയേ.”

“എന്നോട് അമിത് പറഞ്ഞിട്ടുണ്ട് പലപ്പോഴും ഓഫീസ് കഴിഞ്ഞിട്ട് ചായ കുടിക്കുന്നതിനായി നിഷയോടൊപ്പം അവളുടെ ഫ്ളാറ്റിൽ പോകാറുണ്ടെന്ന്. പക്ഷേ അതിലെന്താണ് തെറ്റ്?”

എന്‍റെ ഈ ചോദ്യത്തിന് ഉത്തരമായി അവരുടെ പ്രത്യേക രീതിയിലുള്ള ചിരി കേട്ട് എനിക്ക് അമിതിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടി, എന്‍റെ മനസ്സിൽ അരക്ഷിതത്വവും പേടിയും ഉടലെടുത്തു.

“പ്രിയേ, ഈ നിഷ ഇന്ന് ഇട്ടിരിക്കുന്ന മനോഹരമായ ആ സ്വർണ്ണക്കമ്മലുണ്ടല്ലോ, അത് കുറച്ച് മാസങ്ങൾക്കു മുമ്പ് അമിത് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുത്തതാണ്. നിങ്ങൾ തന്നെ പറയൂ. ഏതെങ്കിലും യുവാവ് തന്‍റെ സഹപ്രവർത്തകയായ യുവതിയ്ക്ക് സ്വർണ്ണക്കമ്മൽ സമ്മാനിക്കുമോ?”

“നിഷ നിങ്ങൾക്ക് തന്ന സമ്മാനത്തിലെ ആൺകുട്ടി അമിത് ആണ്. പക്ഷേ പെൺകുട്ടി നിങ്ങളല്ല. നിഷ എല്ലാവരോ ടും പറഞ്ഞു നടക്കുന്നത് അവൾ തന്നെയാണ് ആ പെൺകുട്ടി എന്നാണ്. കാരണം നിങ്ങൾക്ക് ആ സമ്മാനത്തിലെ പെൺകു ട്ടിയുടെ പോലെ ഉയരമില്ല. അമിത് ആ സമ്മാനം കണ്ട് അവളെ ഓർത്തുകൊണ്ടേ ഇരിക്കണം. അതിനാണ് അവളത് സമ്മാനിച്ചത്.”

കവിതയുടെയും ശിഖയുടെയും വാക്കുകൾ കേട്ട് എന്‍റെ മനസ്സമാധാനം തന്നെ നഷ്‌ടപ്പെട്ടു. അവർ പോയതിനു ശേഷം ഞാൻ അമിതിനെ തിരയുന്നതിനു വേണ്ടി ഹാളിന്‍റെ നാലു ചുറ്റും നോക്കി.

അമിത് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന കൂട്ടത്തിൽ നിഷയും ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അവർ എല്ലാവരും പെട്ടെന്ന് എന്തോ കാര്യത്തിന് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒരുപക്ഷേ അമിത് നിഷയെ കളിയാക്കിയിട്ടുണ്ടാവും. അവൾ എന്‍റെ ഭർത്താവിന്‍റെ പുറത്ത് കള്ളദേഷ്യത്തിൽ പതുക്കെ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് കണ്ടു. അവളുടെ ഈ പ്രവൃത്തി വീണ്ടും കൂട്ടച്ചിരി ഉയർത്തി.

നിഷ എന്‍റെ ഭർത്താവിനെ തൊട്ടത് എനിക്കിഷ്ടമായില്ല. പാർട്ടിയിൽ വച്ച് ഞാൻ അവളെ പല തവണ കണ്ടു. പക്ഷേ എനിക്കവളോട് നേരെചൊവ്വേ സംസാരിക്കാൻ കഴിഞ്ഞില്ല. നിഷ കാരണം എന്‍റെ മനസ്സിൽ ഉണ്ടായ ഇഷ്ടക്കേട് അമിതിൽ നിന്നും അധികദിവസം ഒളിക്കാൻ കഴിഞ്ഞില്ല. ഞാൻ കുറേ ദിവസമായി എന്‍റെ മനസ്സിൽ കെട്ടിക്കിടന്ന ദേഷ്യത്തിന്‍റെയും പരിഭവത്തിന്‍റെയും വിഷം തുപ്പി.

“വിവാഹത്തിനു ശേഷം വിവരമുള്ള മനുഷ്യർ തന്‍റെ പഴയ കൂട്ടുകാരികളുമായി അകലം വയ്ക്കും. ഓഫീസിൽ വേറെ പ്രേമം കൊണ്ടുനടക്കുന്ന പണി നിങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ശരിയാവില്ല.” എനിക്ക് ഭയങ്കര ദേഷ്യം വന്നു.

“നീയെന്നെ സംശയിക്കുകയാണോ?” അമിത് വലിയ മുറിവേറ്റ പോലെ ചോദിച്ചു.

“എനിക്കു മാത്രമല്ല, ഇക്കാര്യം ഓഫീസിലെ എല്ലാവർക്കും അറിയാം.”

“പ്രിയേ, നീ മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ കേട്ടിട്ട് എന്‍റെയും നിന്‍റെയും തല പെരുപ്പിക്കരുത്.”

“എന്‍റെ മനസ്സിന് സമാധാനം കിട്ടാൻ നിങ്ങൾക്ക് നിഷയുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല.”

“നിന്‍റെ അടിസ്ഥാനമില്ലാത്ത സംശയം എന്നെ ഭ്രാന്ത് പിടിപ്പിക്കും. കാര്യമില്ലാത്ത കാര്യത്തിന് ഞാനെന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ തയ്യാറല്ല.”

“ഇനി നിഷയെ വീട്ടിലേയ്ക്ക് കയറ്റിയേക്കരുത്. നിങ്ങളും ഇനി അവളുടെ ഫ്ളാറ്റിൽ പോയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ല.”

“എന്നെ ഭീഷണിപ്പെടുത്തുകയാണോ നീ? നിഷയോട് അല്പമെങ്കിലും മോശമായി നീ പെരുമാറിയാൽ എന്‍റെ സ്വഭാവം മാറും.”

“അതിനർത്ഥം നിങ്ങൾക്ക് നിഷയുടെ വികാരങ്ങളാണ് വലുത്, എന്‍റെയല്ല.”

“നീ കരഞ്ഞ് എന്നെ ബ്ലാ‌ക്മെയിൽ ചെയ്യാനാണോ ശ്രമം? ഇനി ഈ കാര്യത്തിൽ നമ്മുടെ ഇടയിൽ ഒരു സംസാരവും ഉണ്ടാകില്ല. ഞാൻ നിന്‍റെ മാത്രമാണ്.”

“എന്നെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ നിഷയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം.”

“നിന്നെപ്പോലെ ഒരു പൊട്ടിപ്പെണ്ണിനെ ആർക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പറ്റും,” ദേഷ്യം കൊണ്ട് തിളച്ചു മറിഞ്ഞ് അമിത് വീടുവിട്ട് പോയി.

എന്‍റെ ആഗ്രഹവും വികാരവും മാനിച്ച് ഞാൻ ഒറ്റത്തവണ പറഞ്ഞാൽ തന്നെ അമിത് ഉടനെ നിഷയിൽ നിന്ന് അകലും എന്ന എന്‍റെ വിചാരം തെറ്റാണെന്ന് അദ്ദേഹം അന്ന് കാണിച്ചു തന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുള്ളത് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ മനസ്സിന് എനിക്കു മാത്രമേ അവകാശമുള്ളൂ. നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് നിരാകരിച്ച് അദ്ദേഹം എനിക്ക് വലിയൊരു അടിയാണ് തന്നത്.

നിഷ ഞങ്ങളുടെ വീട്ടിൽ വരുന്നത് തുടർന്നു. ഞാൻ അവളുടെ സാന്നിധ്യത്തിൽ കോപം നിറഞ്ഞ മൗനം അവലംബിക്കും. പരസ്‌പരമുള്ള അവരുടെ ചിരിയും കളിയും അസഹനീയമായി തോന്നുമ്പോൾ തലവേദന അഭിനയിച്ച് ഞാൻ കിടപ്പുമുറിയിൽ പോയി കിടക്കും. നിഷയ്ക്ക് എന്‍റെ വീട്ടിൽ സ്വാഗതമില്ല. ഈ കാര്യം വ്യക്‌തമാക്കുന്നതിന് കിട്ടിയ ഒരു അവസരവും ഞാൻ പാഴാക്കിയില്ല.

നിഷയിലാകട്ടെ എന്‍റെ ഈ മൗനവിരോധത്തിന്‍റെ ഒരു പ്രഭാവവും കണ്ടില്ല. പക്ഷേ അമിത് അങ്ങേയറ്റം അസ്വസ്‌ഥനായി നിഷയുടെ പേരിൽ ഞങ്ങളുടെ ഇടയിൽ വഴക്ക് പതിവായി എനിക്ക് ഏറ്റവും വിഷമമായത് ഈ വഴക്കുകളോ എന്‍റെ കണ്ണീരോ അമിതിനെ സ്വാധീനിച്ചില്ല എന്നതാണ്. എന്‍റെ നോട്ടത്തിൽ അദ്ദേഹത്തിന്‍റെ കടുത്ത പിണക്കം മനസ്സുകൊണ്ട് താനാരു കള്ളനാണ് എന്നതിന്‍റെ തെളിവായിരുന്നു. ദേഷ്യത്തിന്‍റെയും ഈർഷ്യയുടേയും അഗ്നിയിൽ രാവും പകലും ഞാൻ എരിഞ്ഞു.

ഞങ്ങളുടെ ഇടയിലെ ഈ കടുത്ത ഏറ്റുമുട്ടൽ ഏതാണ്ട് രണ്ടുമാസത്തോളം തുടർന്നു. ദേഷ്യവും സങ്കടവും നിരാശയും സഹിക്കവയ്യാതെ എന്നിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കാൻ തുടങ്ങി. ഒരു യന്ത്രം പോലെ വീട്ടുജോലികൾ ചെയ്യും. അമിത് എന്തെങ്കിലും മനസ്സിലാക്കിക്കാൻ ശ്രമിച്ചാൽ എനിക്കൊന്നും മനസ്സിലാവില്ല. അപ്പോൾ ഞാൻ ഒന്നുകിൽ പരാജയപ്പെട്ട് തളർന്നപോലെ എഴുന്നേറ്റ് വീടിന്‍റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് പോകും. അല്ലെങ്കിൽ എന്‍റെ കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീർ ഒഴുകും. അദ്ദേഹം ഇടയ്ക്കക്ക് എന്നെ വഴക്കു പറയും.

പക്ഷേ എനിക്ക് തിരിച്ചൊന്നും പറയാനുള്ള ശക്തി ഉള്ളിലുണ്ടെന്ന് തോന്നാറില്ല. സത്യത്തിൽ അമിതിന്‍റെ സാന്നിധ്യം തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല.

എന്‍റെ ആരോഗ്യം തുടർച്ചയായി കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ വീട്ടുകാരും ഭർത്താവിന്‍റെ വീട്ടുകാരും ആകുലരായി. ഞങ്ങളുടെ ദാമ്പത്യം ഏതോ നിഷയെന്ന പെൺകുട്ടി കാരണമാണ് തകർന്നിരിക്കുന്നതെന്ന സത്യം അവർക്കൊക്കെ മുമ്പേ അറിയാമായിരുന്നു. അവരെല്ലാവരും നിഷയുമായി പൂർണ്ണമായും പിരിയാൻ അമിതിനെ ശകാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് വളരെ സ്വസ്‌ഥതയും ആശ്വാസവും ലഭിക്കുമായിരുന്നു.

എന്‍റെ ഡിപ്രഷൻ എല്ലാവരേയും ഉലച്ചു. നിഷയുമായി അകലാൻ അമിതിൽ അങ്ങേയറ്റം സമ്മർദ്ദം ഉണ്ടായി, മുമ്പത്തെ പോലെ അദ്ദേഹം ആരുമായും വാക്കുതർക്കത്തിനോ വഴക്കിനോ നിന്നില്ല. പക്ഷേ സ്വയം തെറ്റുകാരനല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. നിഷയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന ഉറപ്പ് ആർക്കും അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. നിരാശയുടെ മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഈ സത്യം എന്‍റെ മനസ്സിനെ ഇടയ്ക്കിടെ കുത്തിനോവിക്കും.

“പ്രിയയെ ഞങ്ങൾ കുറച്ചു ദിവസം വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണ്.” എന്‍റെ അച്‌ഛനമ്മമാരുടെ ഈ പ്രസ്‌താവനയ്ക്ക് അമിത് ഒരു പ്രാവശ്യം പോലും എതിരു പറഞ്ഞില്ല.

“ഇത്തരം ഒരു ചീത്ത സമയം നമ്മുടെ വിവാഹജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ സ്വപ്‌നം പോലും കണ്ടില്ല പ്രിയേ, ഞാൻ എന്‍റെ ജീവനേക്കാൾ സ്നേഹിച്ച ആ പെൺകുട്ടിയല്ല നീയിപ്പോൾ നിന്‍റെ മനസ്സിലെ സംശയത്തിന്‍റെ മുള നീ എന്ന് ചുട്ടുകരിക്കാൻ തയ്യാറാവുന്നുവോ അന്ന് ഞാൻ നിന്നെ വിളിക്കാൻ വരും. നന്നായിരിക്ക്.” യാത്ര പറയുന്ന സമയത്ത് അമിതിന്‍റെ കണ്ണിൽ കണ്ണുനീർ കണ്ടെങ്കിലും നിഷയുമായി അകലാമെന്ന ഉറപ്പ് അദ്ദേഹത്തിന്‍റെ വായിൽ നിന്ന് വന്നില്ല.

വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനു ശേഷം ഞാൻ നിരാശയിലും സങ്കടത്തിലും അമിതിൽ നിന്ന് ദൂരെ എന്‍റെ വീട്ടിൽ താമസിക്കാൻ വന്നു. എന്‍റെ വീട്ടുകാർ മാത്രമല്ല എന്നെ കാണാൻ വരുന്നവരും അമിതിനെ കുറ്റപ്പെടുത്തി അവരുടെയെല്ലാം അനുകമ്പ നിറഞ്ഞ വാക്കുകൾ എന്നെ ഇടയ്ക്കിടയ്ക്ക് കരയിക്കും. എന്‍റെ പ്രശ്‌നം പരിഹരിക്കാനുള്ള ശരിയായ വഴി ആരുടേയും കൈയിലില്ല എന്നതും സത്യമായിരുന്നു.

മിക്കവാറും എല്ലാ ദിവസവും അമിത് ഫോണിലൂടെ എന്‍റെ വിശേഷം ചോദിക്കും. ഞാൻ കൂടുതലും മിണ്ടാതിരുന്ന് അദ്ദേഹത്തിന്‍റെ സംസാരം കേൾക്കും. അദ്ദേഹം നിഷയുടെ കാര്യത്തിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിരുന്നില്ല. ആ അവസ്‌ഥയിൽ അദ്ദേഹത്തെ മനസ്സിലാക്കിക്കാനുള്ള എല്ലാ പ്രയത്നവും നിരർത്ഥകമാവുകയായിരുന്നു.

എന്‍റെ ഡിപ്രഷൻ പതിയെപ്പതിയെ അകലാൻ തുടങ്ങി. വിശപ്പ് വന്നു, ഉറക്കം ശരിയായി. അതോടെ ആരോഗ്യവും നന്നായി. എന്‍റെ സംസാരശീലം തിരികെ വന്നു. അതോടെ നിഷയെ ഓർത്തുള്ള ഉത്കണ്ഠ വീണ്ടും തുടങ്ങി. അമിത് പറയുന്നത് ഞാൻ എന്‍റെ സംശയം ഉപേക്ഷിച്ചാൽ അദ്ദേഹം ഉടനെ എന്നെ കൊണ്ടുപോകാൻ വരുമെന്നാണ്. ഞാൻ ആഗ്രഹിച്ചത് അദ്ദേഹം നിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ്.

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വാശിയിൽ ഉറച്ചു നിന്ന കാരണം ഇക്കാര്യത്തെച്ചൊല്ലിയുള്ള ഞങ്ങളുടെ സംസാരം തന്നെ നിന്നു. ഫോണിലൂടെ ഞങ്ങൾ വളരെ ഔപചാരികതയോടെ കാര്യങ്ങൾ പറയും. അദ്ദേഹം ഇടയ്ക്ക് വീട്ടിൽ വന്നാലും ഞങ്ങളുടെ ഇടയിൽ ഒരു പിരിമുറുക്കം നിലനിന്നു. കിടപ്പുമുറിയിലും ഇതിന്‍റെ പ്രഭാവം കാണുമായിരുന്നു. മനസ്സു കൊണ്ട് പരസ്‌പരം സ്നേഹിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.

അദ്ദേഹവുമായി അങ്ങേയറ്റം വഴക്കിട്ടിട്ടും പ്രശ്ന‌ം പരിഹരിക്കാൻ കഴിഞ്ഞില്ല. നിശ്ശബ്ദമായ കോപം വളരെക്കാലം നീണ്ടു നിന്നു. എന്നിട്ടും നിഷയുടെ പ്രശ്ന‌ം ശരിയായില്ല. എന്‍റെ ഈ ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിഷ കാരണം അദ്ദേഹത്തിന്‍റെ അടുത്തു പോകാൻ മനസ്സ് അനുവദിച്ചിരുന്നുമില്ല. അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം അടുത്തിടപഴകാനും ഞാൻ മടികാണിച്ചിരുന്നു.

ഒരു ദിവസം ഞാൻ വർമ്മാജിയുടെ വീടിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു. രാത്രി ഏതാണ്ട് പതിനൊന്നരയോട് അടുപ്പിച്ചാണ് ഈ സംഭവം നടന്നത്. അന്ന് അമിതും എന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.

“തീ… തീ… മമ്മീ, പപ്പാ, അടുത്ത വീട്ടിലെ വർമ്മാജിയുടെ വീട്ടിൽ തീ പിടിച്ചു.” ഞാൻ ബാൽക്കണിയിൽ നിന്ന് എന്‍റെ അനിയനേയും അച്‌ഛനമ്മമാരേയും അമിതിനേയും എന്‍റെ അടുത്തേയ്ക്ക് വിളിച്ചു. കട്ടിയുള്ള കറുത്ത പുക ആകാശത്തേയ്ക്ക് ഉയരുന്നതു കണ്ട് അവരാകെ പരിഭ്രമിച്ചു പോയി. അമിതും എന്‍റെ അനുജനും തിരക്കിട്ട് അങ്ങോട്ട് ചെന്നു.

നിമിഷങ്ങൾ കൊണ്ട് എട്ടുപത്ത് അയൽക്കാർ വർമ്മാജിയു ടെ ഗേറ്റിനരികിൽ തടിച്ചുകൂടി. തീ പിടിച്ചുവെന്ന് എല്ലാവരും ഉറക്കെ അദ്ദേഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. തെരുവിലെ ഓരോരോ വീടുകളിലായി വിളക്ക് തെളിയാൻ തുടങ്ങി.

വർമ്മാജി പരിഭ്രമിച്ച് പുറത്തു വന്നപ്പോഴേയ്ക്കും 15-20 അയൽക്കാർ അദ്ദേഹത്തിന്‍റെ ഗേറ്റിനരികിൽ നിൽപുണ്ടായിരുന്നു. ആൾക്കാർ ആകാശത്തേയ്ക്ക് വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയ അദ്ദേഹം കറുത്ത പുക കണ്ടതും വല്ലാതെ പേടിച്ചുപോയി. തന്‍റെ ഭാര്യയേയും മകനേയും മരുമകളേയും വിളിച്ചുകൊണ്ട് അദ്ദേഹം തിരിച്ച് വീടിനുള്ളിലേയ്ക്ക് ഓടിപ്പോയി. അദ്ദേഹത്തിന്‍റെ പിന്നാലെ വീട്ടിൽ കടന്നവരിൽ അമിതും എന്‍റെ അനിയനും ഏറ്റവും മുന്നിലായിരുന്നു. ബാക്കി ആളുകൾ ഗേറ്റിനരികിൽ നിന്ന് തീ ഉണ്ടാകാനുള്ള കാരണത്തെപ്പറ്റിയും അതിന്‍റെ സ്ഥാനത്തെപ്പറ്റിയും ഗൗരവത്തോടെയും പരിഭ്രമത്തോടെയും ചർച്ച ചെയ്യാൻ തുടങ്ങി. അവിടെ ഇല്ലാത്തവർ തങ്ങളുടെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് സംഭവസ്ഥലം നോക്കുന്നുണ്ടായിരുന്നു.

വീടിന്‍റെ പുറംഭാഗത്തു നിന്ന് ആദ്യം എന്‍റെ അനിയൻ പുറത്തുവന്നു. അവൻ പുഞ്ചിരിക്കുന്നതു കണ്ട് ഞങ്ങൾക്കൊക്കെ ജീവൻ തിരിച്ചു കിട്ടി.

“അകത്തൊരു കുഴപ്പവുമില്ല,” അവൻ ഉറക്കെ എല്ലാവരോ ടും പറഞ്ഞു. “പിന്നിലെ വരാന്തയിൽ വച്ചിരുന്ന പത്രക്കെട്ടിൽ തീപ്പൊരി വീണ് തീ പിടിച്ചു. വീട്ടിൽ നിന്നല്ല, പിന്നിലെ വരാന്തയിലെ തീയിൽ നിന്നാണ് പുക ഉയർന്നത്.”

ആൾക്കാർ ഉണർന്നു കഴിഞ്ഞിരുന്ന കാരണം പെട്ടെന്ന് വീടുകളിലേക്ക് തിരിച്ചു പോയില്ല. പുറത്ത് വഴിയരികിൽ നിന്ന് അവർ ലോകകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അമിത് കിടപ്പുമുറിയിൽ വന്നു. ഞാൻ കിടക്കയിൽ വെറുതെ ഇരിക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു.

“പെട്ടെന്നുള്ള ആവേശം കാരണം ഇനി ഉറക്കം വരില്ല. എല്ലാവരും വെറുതെ പരിഭ്രമിച്ചു.”

“കട്ടിയുള്ള കറുത്ത പുക കണ്ടപ്പോൾ ഞാൻ കരുതിയത് വീടിനുള്ളിലാണ് തീ പിടിച്ചത് എന്നാണ്. എന്‍റെ വിചാരം തെറ്റായി.” ഇതു പറയുമ്പോൾ എനിക്ക് തോന്നിയത് ഞാൻ എന്നോടു തന്നെ സംസാരിക്കുകയാണ് എന്നാണ്.

കുറച്ചുനേരം ആലോചനയിൽ മുഴുകിയിരുന്ന ശേഷം അമിത് ചോദിച്ചു, “സത്യത്തിൽ ഇപ്പോൾ നീ വേറെ വല്ലതുമാണോ പറയാൻ ആഗ്രഹിക്കുന്നത് പ്രിയേ?”

“അതെ. കുറച്ചു മുമ്പ് മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒരു ചിന്ത പൊങ്ങി വന്നു. അപ്പോൾ മുതൽ ഞാൻ അതിനെക്കുറിച്ച് ആലോചിക്കുകയാണ്.”

“നിന്‍റെ മനസ്സിലുള്ളത് എന്നോടും പറയൂ.”

“അമിത്, ഒരുപക്ഷേ നിങ്ങളും നിഷയും തമ്മിലുള്ള അവിഹിതമായ ബന്ധത്തെപ്പറ്റി…”

“അവളും ഞാനുമായി ഒരു അവിഹിത ബന്ധവും ഇല്ല.” അമിത് ദേഷ്യം നിറഞ്ഞ ശബ്‌ദത്തിൽ എന്നെ തടഞ്ഞു.

“ദയവായി ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കൂ.”

“ശരി, പറയ്.”

“അമിത്, എവിടെ നിന്നെങ്കിലും പുക ഉയരുന്നതുകൊണ്ട് അവിടെ തീർച്ചയായും തീയുണ്ടാകും എന്നു പറയുന്നത് തെറ്റാണോ?”

“തീയുണ്ടെങ്കിലേ പുകയുണ്ടാകൂ?”

“പക്ഷേ മനുഷ്യന്‍റെ കാര്യത്തിൽ, പ്രത്യേകിച്ച് സ്ത്രീപുരുഷന്മാരുടെ പ്രേമത്തിന്‍റെ കാര്യത്തിൽ…. അതിൽ തന്നെ അവിഹിത ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പുക തീയില്ലാതെയും തീ കാരണവും ഉണ്ടാകാം.”

“എനിക്ക് നീ പറഞ്ഞത് മനസ്സിലായില്ല.” അമിത് പറഞ്ഞു.

“നോക്കൂ, നിങ്ങളും നിഷയും തമ്മിൽ അവിഹിത ബന്ധം ഉണ്ടെങ്കിൽ അത് തീയുടെ ഉറവിടമായി. നിങ്ങളുടെ അവിഹിത ബന്ധത്തെപ്പറ്റി ആൾക്കാർ ചർച്ച ചെയ്യുന്നതിനെ നമ്മൾ ആ തീയിൽ നിന്നുള്ള പുക എന്ന് പറയും.”

“ഇതുവരെ നീ പറഞ്ഞത് എനിക്ക് നന്നായി മനസ്സിലായി.” അമിതിന്‍റെ മുഴുവൻ ശ്രദ്ധയും എന്നിലായിരുന്നു.

“നിങ്ങൾ പറയുന്നു, നിങ്ങൾക്ക് നിഷയുമായി തെറ്റായ ബന്ധമില്ലെന്ന്. പക്ഷേ ലോകത്തിന് ഇക്കാര്യത്തിൽ വേറെ അഭിപ്രായമാണ്. ഇക്കാര്യത്തിൽ പുകയുണ്ട്. പക്ഷേ തീയിന്‍റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.”

“ഞാൻ പറയുന്നു തീ ഇല്ല എന്ന്.” അമിത് ഉറപ്പിച്ചു പറഞ്ഞു.

“ഇന്ന് ഞാൻ നിങ്ങൾ പറയുന്നത് പൂർണ്ണമായും വിശ്വസിക്കും അമിത്. കാരണം തീനാളം എന്ന് വിളിക്കാൻ പറ്റുന്ന ഒന്നും ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല… തീ കണ്ടെന്ന് പറയുന്ന ഒരാളേയും ഞാൻ… അതായത് നിഷയും നിങ്ങളും തെറ്റായ രീതിയിൽ സംസാരിക്കുന്നതോ പ്രവർത്തിക്കുന്നതോ സ്വന്തം കണ്ണു കൊണ്ട് കണ്ടതോ, കാതുകൊണ്ട് കേട്ടതോ ആയ ആരേയും കണ്ടിട്ടില്ല. എല്ലാവരും പുകയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പിന്നെ…”

“പിന്നെ എന്താ?” അമിത് എന്‍റെ അടുത്ത് വന്ന് ഇരുന്നു.

“പിന്നെ, ഞാൻ പുകയിൽ വിശ്വസിച്ച് തീ ഉണ്ടാകുമെന്ന് കരുതരുതായിരുന്നു. പുക കാരണം ഞാൻ കരഞ്ഞു. ഞാൻ എന്‍റെ തെറ്റ് സമ്മതിക്കുന്നു.” ഞാൻ കുനിഞ്ഞ് പലതവണ അമിതിന്‍റെ കൈയിൽ ഉമ്മ വച്ചു.

“നിഷ എന്നും എന്‍റെ നല്ല സുഹൃത്തായിരുന്നു. ഈ ബന്ധത്തിന്‍റെ പവിത്രതയും രസവും കളയാൻ എനിക്കൊട്ടും ആഗ്രഹമില്ല. എന്‍റെ മനസ്സിൽ എന്നും നീയാണ് നിറഞ്ഞു നിന്നത്. ഇപ്പോഴും നിൽക്കുന്നത്. ഇനിയും അങ്ങനെയാവും പ്രിയേ.” അമിത് തുടരെത്തുടരെ എന്‍റെ കണ്ണുകളിൽ ഉമ്മ വച്ചു. എന്‍റെ ശരീരം മുഴുവനും സുഖമുള്ള ഒരു ചൂട് പ്രവഹിച്ചു.

“നോക്കൂ, ഒരിക്കലും മറ്റൊരു സ്ത്രീയുമായി തീ ഉണ്ടാക്കരുത്. നമ്മുടെ സന്തോഷങ്ങളും സുഖങ്ങളും എരിഞ്ഞുതീരും. പുകയെക്കുറിച്ച് ഇനി ഞാൻ ആലോചിക്കുകയേ ഇല്ല. പക്ഷേ തീ കണ്ടാൽ ഞാൻ എന്‍റെ ജീവൻ…”

“അങ്ങനെ ഒരിക്കലും ഉണ്ടാവില്ല മണ്ടീ…” അമിത് എന്‍റെ വായ മൂടി.

നിഷ കാരണം എന്‍റെ മനസ്സിൽ മാസങ്ങളായി ഉണ്ടായിരുന്ന ഭാരം ഇല്ലാതായി.

ലിംഗറീസ് തെരഞ്ഞെടുക്കുമ്പോൾ

ഔട്ട് ഫിറ്റിംഗ് മികച്ചതാവണമെങ്കിൽ ശരിയായ അളവിലുള്ള ലിംഗറീസ് തന്നെ ധരിക്കണം. തെറ്റായ അളവിലുള്ള ലിംഗറീസ് അണിയുന്നത് ആരോഗ്യത്തി നും ദോഷകരമാണ്. ഇന്ന് ലിംഗറീസിൽ തന്നെ ധാരാളം വെറൈറ്റികളുണ്ട്. അവയിൽ നിന്നും അനുയോജ്യമായവ തെരഞ്ഞെടുക്കാൻ അറിഞ്ഞിരിക്കണം. അതിന് വേണ്ട ചില നിർദ്ദേശങ്ങൾ…

ടീഷർട്ട് ബ്രാ

മോഡേൺ സ്ത്രങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടീഷർട്ട് ബ്രാ. പ്രത്യേകിച്ചും ഫ്രോക്ക് സ്റ്റൈലിലുള്ള വേഷങ്ങൾ അണിയുമ്പോൾ ടീഷർട്ട് ബ്രായോ സ്ട്രാപ്ലെസ്സ് ബ്രായോ ആവും യോജിക്കുക. ബ്രായുടെ ഷേപ്പ് പുറത്തേക്കറിയാത്തതും വേണ്ടത് സപ്പോർട്ടിന് അണ്ടർവോയറുമുള്ളവയാണ് ഇവ.

ഹാഫ് കപ്പ് ബ്രാ

വലിയ കഴുത്തുള്ള വസ്ത്രങ്ങൾക്ക് ബാൽകോ നെറ്റ് പെർഫെക്റ്റ് ചോയിസാണ്. ഹാഫ് കപ്പ് ബ്രായാണിത്. ഇതിന്‍റെ സ്ട്രാപ്‌സ് ഏറ്റവും സൈഡിലുമായിരിക്കും. അതോടൊപ്പം സപ്പോർട്ട് നൽകുന്ന അണ്ടർവോയറുമുണ്ടായിരിക്കും. ഈ ലിംഗറി ബ്രസ്റ്റിന് ശരിയായ സപ്പോർട്ട് നൽകും.

മിനിമൈസർ ബ്രാ

വലിയ സ്‌തനങ്ങളുള്ളവർക്ക് അനുഗ്രഹമാണ് മിനിമൈസർ ബ്രാ. സ്‌തനങ്ങളുടെ വലിപ്പം കുറച്ചു കാട്ടുന്നതോടൊപ്പം അത് സ്ത‌നങ്ങൾക്ക് ശരിയായ ഷെയ്‌പും പകരുന്നു.

സ്ട്രാപ്ലെസ്സ് ബ്രാ

സാധാരണ ബ്രസ്‌റ്റ് സൈസ് ഉള്ളവർക്ക് ഷോൾഡർലെസ്സ് ഡ്രസ്സിനൊപ്പം സ്ട്രാപ്‌പ്ലെസ്സ് ബ്രാ ധരിക്കാം. ബ്രസ്‌റ്റ് സൈസ് തീരെ കുറഞ്ഞവർക്ക് സ്ട്രാപ്ലെസ് ബ്രായ്ക്കൊപ്പം സിലിക്കോൺ പാഡ്‌സ് ഉപയോഗിക്കാം. ഇത് ശരീരത്തിന് ആകർഷകത്വം നൽകും.

സ്പോട്‌സ് ബ്രാ

ശരീരത്തിന് കൂടുതൽ സപ്പോർട്ട് നൽ കാൻ സ്പോട്സ് ബ്രാ അനുയോജ്യമാണ്. സ്പോട്സ് ബ്രായുടെ സ്ട്രാപ്‌സിന്‍റെ മുൻ ഭാഗത്ത് അഡ്‌ജസ്‌റ്റേഴ്‌സുണ്ട്. ബ്രസ്‌റ്റ് സൈസിനും കപ്പ് സൈസിനും അനുസരിച്ച് ഇത് അഡ്‌ജസ്‌റ്റ് ചെയ്യാം. അതുകൊണ്ട് വർക്ക് ഔട്ട് ചെയ്യുമ്പോഴോ മറ്റു വല്ല ആക്റ്റിവിറ്റിയിൽ ഏർപ്പെടുമ്പോഴോ ശരീരത്തിന് യാതൊരു വിധത്തിലുള്ള സമ്മർദ്ദമോ അസ്വസ്‌ഥതയോ തോന്നുകയില്ല.

നഴ്സിംഗ് ബ്രാ

മുലയൂട്ടുന്ന അമ്മമാർക്കുള്ള ബ്രായാണിത്. സാധാരണ രീതിയിലുള്ള ബ്രാ കുഞ്ഞിന് മുലയൂട്ടുന്നതിന് തടസ്സമാകാറുണ്ട്. മുലയൂട്ടലിന് സൗകര്യപ്രദമായ രീതിയിലാണ് നേഴ്‌സിംഗ് ബ്രാ ഡിസൈൻ ചെയ്തിരിക്കുന്നത്.

സിപ്പ് കപ്പ് ബ്രാ

കപ്പിന് സമീപത്തായി ഒരു സിപ്പുള്ള ബ്രായാണിത്. കുഞ്ഞിനെ ഫീഡ് ചെയ്യാനൊരുങ്ങുമ്പോൾ ഈ സിപ്പ് തുറന്നാൽ മതി. കുഞ്ഞിനെ കൈയിൽ എടുത്തു പിടിച്ചിരിക്കുമ്പോൾ ബ്രാ അനായാസം തുറക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ മെച്ചം.

പാഡഡ് ബ്രാ

ഇരു സ്ത‌നങ്ങൾ തമ്മിൽ വലിപ്പവ്യത്യാസം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാൽ ചിലരിൽ ഈ വ്യത്യാസം പ്രകടമായ നിലയിലായിരിക്കും. ഇത്തരക്കാരെ സംബന്ധിച്ച് സർജറി മാത്രമാണ് ഒരു പോംവഴി. എന്നാൽ അതിന് താല്‌പര്യമില്ലാത്തവർക്ക് പാഡഡ് അണ്ടർവോയർ ബ്രാ ധരിച്ച് പ്രശനം പരിഹരിക്കാം.

മെറ്റേണിറ്റി ബ്രാ

തെറ്റായ അളവിലുള്ള ബ്രാ ധരിക്കുന്നത് സ്‌തനങ്ങളിലെ രക്തസഞ്ചാരം തടസ്സപ്പെടുത്തും നട്ടെല്ലിനും അത് ദോഷകരമാണ്. കഴുത്ത്, അരക്കെട്ടിന് മുകളിലുള്ള ഭാഗം, ചുമലുകൾ, കൈകൾ എന്നിവിടങ്ങളിൽ വേദനയുണ്ടാവാം. അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് ശരിയായ അളവിലുള്ള ബ്രാ ധരിക്കുക പ്രധാനമാണ്. പ്രത്യേകിച്ച് ഗർഭിണികൾ ഗർഭകാലത്ത് സ്‌തനങ്ങളുടെ വലിപ്പം വർദ്ധിക്കുന്നതിനാലാണത്. അതുകൊണ്ട് ഈ സമയത്ത് മെറ്റേണിറ്റി ബ്രാ ധരിക്കുന്നതാവും കൂടുതൽ സുഖപ്രദം.

മാസക്ടമി ബ്രാ

സ്‌തനാർബുദം ബാധിച്ചവർക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ബ്രായാണിത്. ഇതിന് അണ്ടർവോയറുണ്ട്. നാച്ചുറൽ ലുക്ക് നൽകുന്ന ഡിസൈനാണ്. ഒപ്പം ഏറെ കംഫർട്ടബിളുമാണ്.

ബ്രാ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

  • 2 വർഷത്തിലധികം ഒരു ബ്രാ ഉപയോഗിക്കാൻ പാടില്ല.
  • ബ്രായുടെ സ്ട്രാപ്പും തുണിയും ലൂസായാൽ മാറിടത്തിന് ശരിയായ സപ്പോർട്ട് കിട്ടുകയില്ല. അക്കാര്യം ശ്രദ്ധിക്കുക.
  • ചില സമയത്ത് നിപ്പിളിൽ മാത്രമായി ചൊറിച്ചിലുണ്ടാവാം. നിപ്പിളിലെ ചർമ്മത്തിന് സംവേദനക്ഷമത ഏറെയായതിനാൽ സിന്തറ്റിക് ഫാബ്രിക്കിലുള്ള ബ്രാ ധരിക്കുന്നത് ദോഷകരമാണ്. കോട്ടൺ ബ്രാ ആണെങ്കിൽ ചർമ്മത്തിന് ശരിയാം വണ്ണം ശ്വസിക്കാനാവും. ചൊറിച്ചിൽ പോലുള്ള പ്രശ്ന‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും.
  • ലെയ്‌സ്, അണ്ടർവോയർ ഉള്ള ബ്രാ വാഷിംഗ് മെഷീനിൽ വാഷ് ചെയ്യരുത്.
  • ഓരോ ബ്രായുടെ ഫിറ്റിംഗും ഓരോ തരത്തിലുള്ളതാവും. അതുകൊണ്ട് നിങ്ങൾ ധരിക്കുന്ന അതേ പാറ്റേണിലും ഫിറ്റിംഗിലുമുള്ള ബ്രാ വീണ്ടും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ശരീരത്തിനിണങ്ങുന്നതും സുഖപ്രദവുമായ ബ്രാ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ആർത്തവനാളുകളിൽ ബ്രാ അല്പം ലൂസായി ധരിക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് സ്‌തനങ്ങളുടെ ആകാരം വർദ്ധിക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ അൽപം വലിയ സൈസിലുള്ള ബ്രാ ധരിക്കാം.

ബാഷ്പാഞ്ജലി

എന്‍റെ കുട്ടിയെ ഒന്നു വേഗം പരിശോധിക്കു ഡോക്ടർ, അവൾക്ക് പനി കൂടുതലാണ്.” വേവലാതിയോടെ ഒരമ്മയുടെ അഭ്യർത്ഥന

“മാഡം, വാർഡിലെ മലേറിയ കേസിന് ഐവി ഫ്ളൂയിഡ് തുടർന്നു നൽകണോ അതോ നിർത്തണോ?” ജനറൽ വാർഡിലെ നഴ്‌സിംഗ് അസിസ്‌റ്റന്‍റിന്‍റെ സംശയം.

“ഗുഡ് ഈവനിംഗ് മാഡം, അനിതയാണ്, ഫാമിലി വാർഡിൽ നിന്ന്. ഓഫീസേഴ്സ‌് ഫാമിലി വാർഡിലെ കേണൽ രാജിന്‍റെ അമ്മ വീണ്ടും ഛർദ്ദിച്ചു. വിറ്റൽസ് സ്‌റ്റേബിൾ ആണ്.” ഇന്‍റേണൽ ഫോണിൽ നഴ്‌സിംഗ് ഓഫീസർ അനിത ചോദിക്കുന്നു.

“എല്ലാവരുമൊന്നു മാറി നില്ക്കൂ. ആത്മഹത്യാ ശ്രമമാണ്. കീടനാശിനി കുടിച്ചിരിക്കുന്നു. ബോധമുണ്ട് മാഡം. കാര്യമായിട്ടൊന്നും കുടിച്ചിട്ടില്ല എന്നു തോന്നുന്നു.” ക്യാപ്റ്റൻ (ഡോക്ട‌ർ) ജയേഷ് പരിഭ്രമത്തോടെ ഓടിയെത്തി പറഞ്ഞു. കൂടെ, സ്ട്രക്‌ചറിൽ കിടത്തിയ യുവതിയായ രോഗിയും അവളുടെ പരിഭ്രാന്തരായ മാതാപിതാക്കളും.

രണ്ടാമത്തെ ഫോണിൽ ബെല്ലടിക്കുന്നു. “ഹലോ, ഡിഎംഒ അല്ല? ഞാൻ എഡിഎംഎസ് കേണൽ രാമനാഥൻ.”

“ഗുഡ് ഈവനിംഗ് സാർ, മേജർ നന്ദിനി സ്പ‌ീക്കിംഗ്. വാട്ട് ക്യാൻ ഐ ഡു ഫോർ യു സർ?”

“ഞാനും എന്‍റെ കുടുംബവും ജോധ്‌പൂരിലേക്കു വരുന്നുണ്ട്. ഓഫീസേഴ്സസ് മെസ്സിൽ ഞങ്ങൾക്കുവേണ്ടി അഞ്ചു ദിവസത്തേയ്ക്ക് ഗസ്‌റ്റ് റും ബുക്ക് ചെയ്യണം. നാളെ വൈകുന്നേരം ഞങ്ങളെത്തും.”

“ശരി സാർ. ഒരു പ്രശ്‌നവുമില്ല. ഹാവ് എ ഗുഡ് ഡേ സർ” എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. ഇന്‍റsണൽ ഫോണിൽ ഹോൾഡ് ചെയ്യുന്ന നഴ്സ‌സിംഗ് ഓഫീസറോട് “അനിതാ ഇഞ്ചക്ഷൻ പെരിനോം ഐഎം കൊടുക്കൂ. പിന്നെ ഐ വി റിൻഗർ ലാക്ടേറ്റ് തുടങ്ങു. ബിപിയും പൾസും മോണിട്ടർ ചെയ്യണം. ഞാൻ വന്നു നോക്കിക്കോളാം” എന്നു മറുപടി പറഞ്ഞ ശേഷം നഴ്സ‌ിംഗ് അസിസ്‌റ്റന്‍റിനോട് ഐവി ഫ്ളൂയിഡ് നിർത്തിക്കോളൂ.” എന്നു പറഞ്ഞ് ഞാൻ സ്ട്രെക്‌ചറിനടുത്തേക്ക് ഓടിച്ചെന്നു.

വളരെവേഗം രോഗിയുടെ സ്ഥ‌ിതിയെക്കുറിച്ചു മനസ്സിലാക്കിയ ശേഷം ധൃതിയോടെ പരിശോധനകൾ നടത്തി, ആവശ്യമായ പ്രാഥമികചികിത്സകൾ തുടങ്ങി.

“ക്യാപ്റ്റൻ ജയേഷ്, ഈ കുട്ടിയുടെ കൂടെ വാർഡിലേക്കു പൊയ്ക്കൊള്ളൂ. നഴ്സിംഗ് ഓഫീസർമാർ വേണ്ട സഹായം ചെയ്യും. ചികിത്സ നടത്തേണ്ട മരുന്നുകളുടെ വിവരം ഞാൻ ഈ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ട്. ഞാൻ വാർഡിൽ വന്ന് ഇടയ്ക്കിടെ നോക്കിക്കോളാം.” എന്നു പറഞ്ഞ് രോഗിയെ ഐസിയൂവിലേക്കയച്ചു. വാർഡ് മാസ്‌റ്ററെ വിളിച്ച് മെഡിക്കൽ സ്പെഷ്യലിസ‌്റ്റിനു വേണ്ടി ആംബുലൻസ് അയയ്ക്കാൻ പറഞ്ഞു, മെഡിക്കൽ സ്പെഷലിസ്‌റ്റ് ഓൺ-കോൾ കേണൽ റബ്ബിനോട് വിവരം ഫോണിൽ പറഞ്ഞു.

വീണ്ടും ഫോണിന്‍റെ ബെല്ലടിച്ചു. “നന്ദു, നാട്ടിൽ നിന്ന് അമ്മയുടെ ഫോണുണ്ടായിരുന്നു.” വീട്ടിൽ നിന്നായിരുന്നു അത്. ഭർത്താവ് കേണൽ ഉണ്ണിക്കൃഷ്‌ണന്‍റെ ശബ്ദം.

“ഉണ്ണിയേട്ടാ, ഒരു എമർജൻസി കേസുണ്ട്. ഞാൻ പിന്നീടു വിളിക്കാം” എന്നു പറഞ്ഞ് ഫോൺ വെച്ചശേഷം പനിയുള്ള കുട്ടിയെ പരിശോധിച്ച് മരുന്നെഴുതിക്കൊടുത്തു. “മേജർ നന്ദിനീ, പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” കമാണ്ടിംഗ് ഓഫീസറുടെ ഫോൺ.

“അയ്യോ, ഇല്ല സർ, ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. സൂയിസൈഡൽ അറ്റംപ്റ്റ് കേസിനെ ഫാമിലി വാർഡിലേക്കയച്ചു. അവിടെച്ചെന്ന് ഡീറ്റെയിൽ ആയി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സാറിനെ വിളിക്കാം. ചികിത്സ തുടങ്ങിയിട്ടുണ്ട്. ക്യാപ്റ്റൻ ജയേഷിനെ കൂടെ അയച്ചിട്ടുണ്ട്. മെഡിക്കൽ സ്പെഷലിസ്റ്റിനോട് വിവരം പറഞ്ഞു. അദ്ദേഹത്തെ കൊണ്ടു വരാൻ വണ്ടിയുമയച്ചു. പിന്നെ ഇപ്പോൾത്തന്നെ സിഎംപി, സിവിൽ പോലീസ്, ‌സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സ്, കോ യൂണിറ്റ് എല്ലാവർക്കും ഇൻഫോം ചെയ്യുന്നുമുണ്ട്.”

“വെരിഗുഡ് നന്ദിനീ, ഐ നോ, യു ആർ ആൻ എഫിഷ്യന്‍റ് ഡോക്‌ടർ!” സിഒയുടെ അഭിന്ദനങ്ങൾ.

ഇങ്ങനെ വളരെയേറെ സംഭവബഹുലമാണ് മിലിട്ടറി ആശുപത്രിയിലെ എന്‍റെ ഡിഎംഒ ഡ്യൂട്ടി. പലപ്പോഴും രോഗികളുടെ തിരക്കുണ്ടാവും. ചിലപ്പോൾ വാഹനാപകടത്തിൽ പെട്ട് കുറേയേറെ ആൾക്കാരെ അത്യാസന്ന നിലയിൽ കൊണ്ടുവന്നിരിക്കാം, ഹൃദയസ്തംഭനമോ, തലച്ചോറിലെ രക്തസ്രാവമോ, മലമ്പനി കാരണമോ അബോധാവസ്‌ഥയിലാവുന്നവർ, പ്രസവം വിഷമം പിടിച്ചതായ അവസ്‌ഥയിൽ കൊണ്ടു വരുന്ന ഗർഭിണികൾ, പാമ്പുകടിയേറ്റ രോഗികൾ, കടുത്ത പനി കൊണ്ട് അപസ്മ‌ാര ലക്ഷണങ്ങളുമായെത്തുന്ന കുട്ടികൾ… അതൊരു നീണ്ട ലിസ്റ്റു തന്നെയായിരിക്കും. പക്ഷേ അത്യാഹിത ഘട്ടങ്ങളിൽ മനസ്സു പതറിപ്പോകാതെ രോഗിയെ പരിശോധിച്ച് ചികിത്സ തുടങ്ങി മരണത്തിൽ നിന്നും രോഗിയെ രക്ഷപ്പെടുത്തുമ്പോൾ ആത്മസംതൃപ്തി തോന്നാറുണ്ട്.

ഒരുവിധം എല്ലാ തിരക്കും കഴിഞ്ഞ് രാത്രി രണ്ടോ, മൂന്നോ മണിയാവുമ്പോൾ ക്ഷീണം തോന്നും. ഒന്നു കണ്ണടച്ചു കിടക്കാമെന്നു കരുതി ഡ്യൂട്ടിറൂമിലെ കിടക്കയിലേക്കു വീഴും. സുഖനിദ്രയിലേക്ക് ഒഴുകിയിറങ്ങുമ്പോഴായിരിക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുക. “മാഡം, ഓഫീസർ വാർഡിൽ നിന്ന് കോൾ – എമർജൻസി” എന്നു പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് ഡ്യൂട്ടി നഴ്സിംഗ് അസിസ്‌റ്റന്‍റ് വിളിക്കുകയായിരിക്കും. അതല്ലെങ്കിൽ “ജനറൽ വാർഡിലെ കാൻസർ രോഗിയുടെ ബിപിയും പൾസുമൊന്നും കിട്ടുന്നില്ല, മാഡം, ഒന്നു വേഗം വന്നു നോക്കൂ” എന്ന് നഴ്സ‌ിംഗ് ഓഫീസറുടെ പരിഭ്രാന്തി കലർന്ന ശബ്ദം ഫോണിലൂടെ കേട്ട് ഉറക്കം കണ്ണുകളിൽ നിന്ന് ഓടിയകലും. ഉടനെ ഓവർകോട്ടുമിട്ട് സ്‌റ്റെതസ്‌കോപ്പ് കഴുത്തിൽ തൂക്കി വാർഡുകളിലേക്കുള്ള ഓട്ടം. മിക്ക ഡ്യൂട്ടി ദിവസങ്ങളിലും ഏതെങ്കിലും രോഗിയുടെ മരണം കൊണ്ടോ, ഗർഭിണിയുടെ പ്രസവം വിഷമഘട്ടത്തിലായതുകൊണ്ടോ, ഏതെങ്കിലും രോഗി അത്യാസന്ന നിലയിലായതു കൊണ്ടോ എന്‍റെ ഉറക്കം ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കും. പിറ്റേ ദിവസം 9 മണിക്ക് വീണ്ടും ഒപിഡിയിലെത്തി രോഗികളെ പരിശോധിക്കണം.

തലചുറ്റലും ക്ഷീണവുമൊന്നും വകവയ്ക്കാതെ രോഗികളു ടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ ഞാനൊരു ഡോക്ടറാണ്, രോഗികളുടെ ജീവൻ രക്ഷിക്കുക എന്നതാണ് എന്‍റെ കടമ എന്നു മാത്രമാണ് ഓർക്കാറുള്ളത്. രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാർഡിൽ നിന്ന് ഫോൺ വന്നാൽ ഭക്ഷണം ഉപേക്ഷിച്ചും ഓടിപ്പോകാറുണ്ട്.

“ഈ മാഡത്തിന്‍റെ ഒരു കഷ്‌ടകാലം നോക്കൂ, ചോറുപോലും സമാധാനത്തോടെ ഉണ്ണാൻ കഴിയുന്നില്ലല്ലോ” എന്ന് വാർഡിലെ ആയമാർ സങ്കടത്തോടെ പറയുമ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയും. “രോഗിയുടെ ചികിത്സയാണ് പ്രധാനം, എന്‍റെ ഊണല്ല. രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ ഒരു സെക്കൻഡു പോലും വൈകാൻ പാടില്ല. അതിനിടയിൽ എന്‍റെ ഊണ് എന്നോർത്ത് വിഷമിക്കാൻ പാടില്ലല്ലോ!” അന്നുരാത്രി രോഗികളുടെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ ഏകദേശം മൂന്നു മണിയായി. ഞാൻ വാർഡ്റൗണ്ട്സിനിറങ്ങി. ഇടയ്ക്കിടെ വാർഡുകളിലും ഐസിയുവിലും ചെന്ന് രോഗികളെ നോക്കിയില്ലെങ്കിൽ എനിക്കു സമാധാനം തോന്നാറില്ല. രോഗികളുടെ രോഗസ്‌ഥിതി സ്വയം കണ്ടു നിർണ്ണയിക്കുന്നതാണ് എന്‍റെ സ്വഭാവം. അതുകൊണ്ട് കമാണ്ടിംഗ് ഓഫീസർക്കും സ്പെഷലിസ്റ്റുകൾക്കുമെല്ലാം എന്നെ വളരെ ഇഷ്ടമാണ്. എന്‍റെ ഡ്യൂട്ടിയാണെങ്കിൽ അവർക്ക് സമാധാനമായിരിക്കും. രോഗിയുടെ കാര്യങ്ങൾ ഞാൻ ആത്മാർത്ഥതയോടെ നോക്കുമെന്ന് അവർക്ക് വിശ്വാസമുണ്ട്.

“മാഡം നന്ദിനി ഇരിക്കൂ. എന്തെല്ലാമാണ് വിശേഷങ്ങൾ? തിരക്കുള്ള മറ്റൊരു ഡ്യൂട്ടി കൂടി, അല്ലേ?” നഴ്‌സിംഗ് ഓഫീസർ സുമ സ്നേഹപൂർവ്വം കുശലം ചോദിച്ചു.

“സുമ പറയൂ, രോഗികൾക്കെല്ലാം സുഖമാണോ? ഐസിയൂവിലെ രോഗികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?” എന്നു പറഞ്ഞു കൊണ്ട് സുമയുടെ കൂടെ റൗണ്ട്സ് എടുത്തു സ്വയം തൃപ്തിപ്പെട്ട ശേഷം ഞാൻ നഴ്‌സുമാരുടെ ഡ്യൂട്ടിറൂമിൽ അവരോടൊപ്പം അല്‌പനേരമിരുന്നു. “മാഡം എത്ര ആത്മാർത്ഥതയോടെയാണ് രോഗികളെ നോക്കുന്നത് അല്ലേ സിസ്‌റ്റർ?” സുമ തന്‍റെ കൂടെയുള്ള അനിതയെന്ന നഴ്സ‌സിംഗ് ഓഫീസറോടു പറഞ്ഞു.

“ശരിയാണ്, നമ്മുടെ മേജർ മീനാക്ഷി മാഡത്തെപ്പോലെ അല്ലേ?” എന്ന് അനിത പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ മ്ലാനത പടർന്നു.

“ആരാണീ മേജർ മീനാക്ഷി? പറയൂ, അനിതാ… അവരിപ്പോൾ എവിടെയാണ്?” ഞാൻ ചോദിച്ചു.

“മീനാക്ഷി മാഡം ഇവിടെയുണ്ടായിരുന്ന ഡോക്ടറായിരുന്നു. അവർ മരിച്ചുപോയി മാഡം” എന്ന് നിറഞ്ഞ കണ്ണുകളോ ടെ അനിത പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി അനിതയുടെ വാക്കുകളിലൂടെ മേജർ മീനാക്ഷിയുടെ കഥ എനിക്കു മുമ്പിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിഞ്ഞുവന്നു.

എന്നെപ്പോലെ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടറായി ചേർന്ന മീനാക്ഷിയുടെ ഭർത്താവ് മേജർ രാജീവ് സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആർമി ഓഫീസറാണ്. അവർക്ക് രണ്ടു വയസ്സായ മകനുമുണ്ട്. വിധവയായ അമ്മയുടെ സഹായമുണ്ടായിരുന്നതു കൊണ്ട് മകനെ നോക്കി വളർത്താൻ ഡോക്‌ടർ മീനാക്ഷിക്കു വിഷമമുണ്ടായില്ല. ഇടയ്ക്കിടെ ഡിഎംഒ ഡ്യൂട്ടിയും ഒപിഡിയിലെ രോഗികളുടെ തിരക്കും അതിനു പുറമേ മിലിട്ടറിയിൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ള പ്രാക്ടീസ് ക്യാമ്പുകളും ഗ്രാമങ്ങളിലെ മെഡിക്കൽ ക്യാമ്പുകളും ദൂരെ സ്‌ഥലത്തേക്കുള്ള ടെമ്പററി ഡ്യൂട്ടിയും എന്നിങ്ങനെ ഒരു ആർമി ഡോക്‌ടറുടെ ജീവിതം വിഷമം പിടിച്ചതാണ്. എങ്കിലും സ്നേഹമുള്ള ഭർത്താവും അമ്മയും മേജർ മീനാക്ഷിക്കാവശ്യമായ സഹകരണം നൽകിയിരുന്നു. ഒരു നല്ല ഡോക്‌ടറായ മീനാക്ഷി രോഗികളെ ആത്മാർത്ഥമായി ചികിത്സിക്കുകയും സ്വന്തം ബന്ധുക്കളെയെന്ന പോലെ അവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പെട്ടെന്നൊരിക്കൽ മേജർ മീനാക്ഷിയുടെ മകന് പനി വന്നു. വീട്ടിൽ വെച്ച് ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ഛർദ്ദി മാറാതിരുന്നതു കൊണ്ട് പീഡിയാട്രീഷ്യന്‍റെ ഉപദേശ പ്രകാരം ഞങ്ങളുടെ മിലിട്ടറി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ചെറിയ കുട്ടികളുടെ കൂടെ അമ്മമാരെയും അഡ്മിറ്റ് ചെയ്യും. അതുകൊണ്ട് മേജർ മീനാക്ഷിയേയും മകനോടൊപ്പം അഡ്മിറ്റ് ചെയ്തു. കർത്തവ്യനിർവ്വഹണത്തിൽ അതീവ താല്പര്യമുള്ള ആ ഡോക്‌ടർ മകന്‍റെ കൂടെ നിന്നുകൊണ്ടു തന്നെ ആ വാർഡിലെ മറ്റു രോഗികളുടെ കാര്യവും ശ്രദ്ധിക്കാറുണ്ടായിരുന്നു മോന്‍റെ അസുഖം പൂർണ്ണമായി ഭേദമായപ്പോൾ രണ്ടുപേരും ഡിസ്‌ചാർജ്ജു വാങ്ങി വീട്ടിലേക്കു മടങ്ങി.

പക്ഷേ അടുത്ത ദിവസം തന്നെ മീനാക്ഷിക്ക് പനി തുടങ്ങി. വൈറസ്സു മൂലം പകരുന്ന സാധാരണ ജലദോഷപ്പനിയായിരിക്കുമെന്നു കരുതി ഒന്നുരണ്ടു ദിവസം പനിയുടെ മരുന്ന് (പാരസെറ്റമോൾ) മാത്രം കഴിച്ചു. പനി കുറഞ്ഞില്ല. മിലിട്ടറി ആസ്‌പത്രിയിലെ ലാബറട്ടറിയിൽ രക്‌തവും മൂത്രവുമെല്ലാം പരിശോധിച്ചുവെങ്കിലും അസാധാരണമായി ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മെഡിക്കൽ സ്പെഷലിസ്‌റ്റ് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചുകൊണ്ട് വീട്ടിൽ വിശ്രമിച്ചു.

പക്ഷേ രണ്ടാഴ്ചയായിട്ടും പനി വിട്ടുമാറുന്നില്ല. ടൈഫോയ്‌ഡ്, ക്ഷയം, ഡെങ്കിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങൾ കണ്ടുപിടിക്കാനുളള വിദഗ്ദ്ധ പരിശോധനകൾ നടത്തിയെങ്കിലും മേജർ മീനാക്ഷിയുടെ രോഗം കുറഞ്ഞതേയില്ല. എല്ലാ പരിശോധനകളുടെയും റിസൾട്ട് നോർമൽ എന്നായിരുന്നു. ക്രമേണ ക്ഷീണം കൂടുതലായപ്പോൾ മീനാക്ഷിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തത്ര ക്ഷിണവും ഇടയ്ക്കിടെ വരുന്ന പനിയും…

കമാണ്ടിംഗ് ഓഫീസറുടെ ഉപദേശപ്രകാരം മറ്റ് ആശുപത്രികളിൽ നിന്നും സ്പെഷലിസ്റ്റുകളെ കൊണ്ടു വന്നു. അവർ നന്നായി പരിശോധിച്ചു നോക്കിയെങ്കിലും രോഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ആന്‍റിബയോട്ടിക്കുകളും മറ്റും മരുന്നുകളും ഐവിഫ്ളൂയിഡ്‌സും മറ്റും ദിവസേന രക്തത്തിലേക്കു നൽകിയിട്ടും പനി വിട്ടു മാറുന്നതേയില്ല.

“സാർ, എനിക്കേതോ വൈറൽ ഹെമറേജിക് ഫീവർ ആണെന്നു തോന്നുന്നു” എന്ന് ക്ഷീണിച്ച സ്വരത്തിൽ മീനാക്ഷി മെഡിക്കൽ സ്പെഷലിസ്‌റ്റിനോട് പറഞ്ഞിരുന്നു. “അതൊന്നുമല്ല മീനാക്ഷീ, എനിക്ക് നിന്നേക്കാൾ അറിവുണ്ട്. ഈയസുഖം വൈറൽ ഹെമറേജിക് ഫീവർ ഒന്നുമല്ല. ആവശ്യമായ എല്ലാ ചികിത്സയും നിനക്ക് കിട്ടുന്നുണ്ടല്ലോ” എന്ന് അദ്ദേഹം മറുപടി നൽകി.

ദിവസങ്ങൾ കഴിയും തോറും സ്‌ഥിതി വഷളാവുന്നതു കണ്ട് മീനാക്ഷിയുടെ ഭർത്താവും ബന്ധുക്കളും അസ്വസ്ഥരായി. സ്പെഷലിസ്റ്റു‌കളുടേയും കമാണ്ടിംഗ് ഓഫീസറുടേയും നിർദ്ദേശപ്രകാരം ഡൽഹിയിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലേക്ക് മീനാക്ഷിയെ കൊണ്ടുപോയി. ഒരാഴ്‌ച അവിടെവച്ച് ചികിത്സ നടത്തി അല്‌പം ഭേദം കണ്ടതിനാൽ തിരിച്ചുകൊണ്ടു വന്നുവെങ്കിലും മീനാക്ഷി വളരെയധികം അവശയായിരുന്നു. മിലിട്ടറി ആശുപത്രിയിലെ ഓഫീസേഴ്‌സ്‌ ഫാമിലി വാർഡിൽ മേജർ മീനാക്ഷിയെ കിടത്തി ചികിത്സിച്ച ആ രാത്രി അനിത നന്നായി ഓർക്കുന്നു.

“സിസ്റ്റർ, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല, വേഗം ഓക്സിജൻ തുടങ്ങൂ” എന്ന് മീനാക്ഷി പറഞ്ഞതു കേട്ട് അനിത വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. വിവരമറിഞ്ഞ് കമാണ്ടിംഗ് ഓഫീസറും സ്പെഷലിസ്റ്റു‌കളും ഓടിയെത്തി. മീനാക്ഷിയെ ഐസിയുവിലേക്ക് മാറ്റി, ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് നൽകേണ്ട ചികിത്സകളെല്ലാം തുടങ്ങി. പക്ഷേ നിർഭാഗ്യവശാൽ അവളുടെ ശ്വാസതടസ്സം കൂടുതലായി, ശ്വാസം കിട്ടാതെ പിടയുന്ന ഭാര്യയുടെ കൈകൾ പിടിച്ച് മേജർ രാജീവ് തേങ്ങിക്കരഞ്ഞു.

“എനിക്ക്…. എനിക്ക്… ശരിയായ ചികിത്സ കിട്ടിയില്ല…. രോഗമാർക്കും മനസ്സിലായില്ലല്ലോ ഈശ്വരാ..” എന്നു പറഞ്ഞു: കൊണ്ടാണ് മേജർ മീനാക്ഷി മരിച്ചത്. ആ കാഴ്ച ദയനീയമായിരുന്നു. ഒന്നുമറിയാതെ പുഞ്ചിരിക്കുന്ന കൊച്ചുമോനെയുമെടുത്ത് ഭാര്യയെ കെട്ടിപ്പിടിച്ചു വാവിട്ടു കരയുന്ന ഭർത്താവ്. വിധിയോട് കരുണ യാചിക്കുന്ന മുഖഭാവത്തോടെ മരിച്ചു കിടക്കുന്ന മേജർ മീനാക്ഷി. എത്രയോ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച കർത്തവ്യനിരതയായ ആ ലേഡിഡോക്ടറുടെ മരണം എല്ലാവരെയും കരയിപ്പിച്ചു. സ്നേഹസമ്പന്നയായ ആ യുവ ഡോക്ടറുടെ ജീവൻ ഇത്രയും ക്രൂരമായി തട്ടിയെടുത്ത വിധിയെ എല്ലാവരും പഴിച്ചു.

ഈ കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചിരുന്നു പോയി. രോഗലക്ഷണങ്ങൾ കേട്ടപ്പോൾ എബോള വൈറസ് പോലെയുള്ള മാരകമായ ഏതോ വൈറസ്സുകൊണ്ട് ഉണ്ടാവുന്ന വൈറൽ ഹെമറേജിക് ഫീവർ ആയിരുന്നിരിക്കണം മീനാക്ഷിയുടെ അസുഖമെന്നാണ് എനിക്കു തോന്നിയത്. ആ സംശയം സ്‌ഥിരീകരിച്ചു കൊണ്ട് അനിത പറഞ്ഞു, “പോസ്‌റ്റുമോർട്ടത്തിൽ അതു തന്നെയാണ് തെളിഞ്ഞത് മാഡം.”

എനിക്ക് അജ്‌ഞാതയായ ആ സഹപ്രവർത്തകയുടെ ദാരുണമായ അന്ത്യമോർത്ത് ഞാനറിയാതെ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മാഡം, മാഡത്തിനെക്കാണുമ്പോൾ ഞങ്ങൾക്ക് മീനാക്ഷി മാഡത്തിനെയാണ് ഓർമ്മ വരുന്നത്. മീനാക്ഷി മാഡത്തിന്‍റെ അതേ സ്വഭാവമാണ് നിങ്ങൾക്കും എന്നു തോന്നാറുണ്ട്. അവരുടെ അതേപോലെയുള്ള ബുദ്ധിശക്ത‌ി… അതേപോലെയുള്ള സ്നേഹം.. രോഗികളോടുള്ള ഉത്തരവാദിത്തബോധവും അർപ്പണമനോഭാവവും…”

നഴ്‌സുമാർ പറയുന്നതുകേട്ട് നിർവികാരയായി ഒരു സ്വപ്നത്തിലെന്നതുപോലെ ഞാൻ നടന്നുനീങ്ങി. ഡ്യൂട്ടിമുറിയിലെത്തി കിടന്നുവെങ്കിലും ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത മേജർ മീനാക്ഷിയുടെ മുഖം മനസ്സിലോടിയെത്തും… കാതുകളിൽ ആ യുവതിയുടെ നിസ്സഹായത കലർന്ന തേങ്ങലുകൾ. ദുഃഖം മനസ്സിൽ നിറഞ്ഞു കവിഞ്ഞു.. ഞാൻ അസ്വസ്‌ഥയായി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. പ്രഭാതകൃത്യങ്ങൾ ചെയ്‌തശേഷം ഡ്യൂട്ടി അവസാനിക്കുന്നതിനു മുമ്പുള്ള വാർഡ്‌റൗണ്ട്സ് നടത്തുവാനായി ഞാനാദ്യം ഐസിയുവിലേക്കു ചെന്നു.

“ഗുഡ്മോണിംഗ് അനിതാ, സുമാ രാത്രിയിൽ പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായില്ലല്ലോ?” ഞാൻ നഴ്‌സുമാരോട് അന്വേഷിച്ചു.

“മെനിഞ്ചൈറ്റിസ് രോഗിയുടെ ബി.പി അല്പം കുറഞ്ഞു പോയെങ്കിലും രാവിലെ 4 മണിക്ക് മാഡം വന്നു നിർദ്ദേശിച്ച മരുന്നു കൊടുത്തപ്പോൾ സ്‌ഥിതി മെച്ചപ്പെട്ടിട്ടുണ്ട്, നോക്കൂ!” ഞാൻ രോഗിയെ പരിശോധിച്ചു. കട്ടിലിൽ തൂക്കിയിട്ട രോഗവിവര ചാർട്ടും നോക്കി. പക്ഷേ നാലുമണിക്ക് ഞാൻ കൊടുക്കാൻ പറഞ്ഞുവെന്ന് അനിത പറയുന്ന മരുന്ന്…? ഞാൻ നാലുമണിക്ക് ഉറക്കത്തിലായിരുന്നല്ലോ? ഞാനറിയാതെ ഞെട്ടിപ്പോയി.

“ഞാൻ മരുന്നു പറഞ്ഞുതന്നുവെന്നോ? നല്ല കഥ! ഞാൻ നാലുമണിക്കിവിടെ വന്നിരുന്നോ?” ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

“മാഡത്തിന് ഇന്നലത്തെ തിരക്കു കാരണം ഓർമ്മയില്ലാഞ്ഞിട്ടാണ്. ഇതു നോക്കൂ, കേസ്ഷീറ്റിൽ മാഡം എഴുതിയത്… ഇൻജെക്ഷൻ ഹൈഡ്രോകോർട്ടിസോൺ മാഡം പറഞ്ഞിട്ടാണ് ഞാൻ കൊടുത്തത്” അനിത ഉറപ്പിച്ചു പറഞ്ഞു. അദ്ഭുതസ്തബ്ധയായി ഞാൻ നോക്കി നിന്നപ്പോൾ അല്പമകലെയായി വെളുത്ത ഓവർകോട്ടുമിട്ട് സ്‌റ്റെത‌സ്കോപ് കൈയിൽ പിടിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരു സ്ത്രീരൂപം…. “നിൽക്കൂ… ആരാണത് അനിതാ? ഞാൻ കാണാത്ത ഒരു പുതിയ ലേഡീ ഡോക്‌ടർ?” ഞാൻ അതിശയത്തോടെ ചോദിച്ചു.

“ഞാനാരേയും കാണുന്നില്ലല്ലോ മാഡം! രാത്രിയിൽ വേണ്ടത്ര ഉറക്കമില്ലാഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം തോന്നുന്നത്. മാഡം വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കു എന്ന് പുഞ്ചിരിച്ചുകൊണ്ട് അനിത മറുപടി പറഞ്ഞു.

ഒന്നും മനസ്സിലാവാതെ ഞാൻ തിരിഞ്ഞുനടന്നു. ദൂരെ നീങ്ങുന്ന ലേഡീഡോക്‌ടറുടെ രൂപം പെട്ടെന്നു നിന്നു തിരിഞ്ഞു നോക്കി എന്നോട് മന്ദഹസിച്ചു! മനോഹരിയായ ഒരു യുവതി… അവളുടെ കണ്ണുകളിൽ ദുഃഖം.. പുഞ്ചിരിയിൽ ആർദ്രത… നോക്കി നില്ല്ക്കേ ആ രൂപം മറഞ്ഞുപോയി. എനിക്കു മനസ്സിലായി. അത് മേജർ മീനാക്ഷിയുടെ ആത്മാവായിരുന്നു. ക്ഷീണം കൊണ്ട് ഞാനുറങ്ങിപ്പോയപ്പോൾ ആ രോഗിയുടെ സ്ഥിതി അപകടത്തിലായതുകണ്ട് ആത്മാർത്ഥയുള്ള ആ ഡോക്‌ടറുടെ ആത്മാവാണ് എന്‍റെ രൂപത്തിൽ ഐസിയുവിൽ ചെന്ന് മരുന്നു നിർദ്ദേശിച്ചത്!

പടികളിറങ്ങിയ ശേഷം ഞാൻ ഒരിക്കൽക്കൂടി ഐസിയുവിലേക്ക് തിരിഞ്ഞുനോക്കി മേജർ മീനാക്ഷിയുടെ രൂപം എന്നോട് പുഞ്ചിരിച്ച ശേഷം ഐസിയുവിലേക്ക് കടന്നുപോയി. അടച്ചിട്ട വാതിലിലൂടെ അവ്യക്തതയിലേക്ക് മറഞ്ഞുപോയപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞു. എനിക്കറിയാം. ഡോക്‌ടർ മീനാക്ഷിയുടെ ആത്മാവിന് ഈ ആശുപത്രിയേയും രോഗികളെയും വിട്ടു പോവാനാവില്ല. രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധ കാണിച്ചിരുന്ന ആ ഡോക്ടറുടെ ആത്മാവിനോട് ഞാനെന്നും കടപ്പെട്ടിരിക്കും.

“നന്ദി ഡോക്ടർ, ഒരായിരം നന്ദി” ഞാൻ മനസ്സിൽ പറഞ്ഞുപോയി. കർത്തവ്യനിരതയായ ആ ലേഡീഡോക്ടറുടെ പാവന സ്‌മരണയ്ക്കു മുന്നിൽ എന്‍റെ ഹൃദയം സ്നേഹപൂർവ്വം ബാഷ്‌പാഞ്ജലികളർപ്പിച്ചു.

വീട്ടിലെ ഓൾറൗണ്ടർ

സ്നേഹസമ്പന്നനായ ഭർത്താവ്, അച്ഛനമ്മമാരെപ്പോലെ കെയറിങ്ങും സപ്പോർട്ടീവുമായ ഇൻലോസ്, സൗഹൃദം പങ്കു വയ്ക്കാൻ തയ്യാറാവുന്ന ഭർതൃസഹോദരങ്ങൾ…. സ്വന്തം വീടിനെക്കാൾ പ്രിയങ്കരം ഭർത്യ വീടാവണം… ഇങ്ങനെയൊക്കെ സ്വപ്നം കണ്ടു നടക്കുന്ന പെൺകുട്ടി വിവാഹ ശേഷം ഭർതൃഗൃഹത്തിലെത്തുമ്പോൾ അവിടത്തെ സാഹചര്യങ്ങൾ അവൾ കരുതും വിധം തൃപ്ത‌ികരമാവണമെന്നില്ല. ഭർതൃസഹോദരങ്ങളും അവരുടെ കുടുംബവും ഒന്നിച്ചു താമസിക്കുകയാണെങ്കിലാണ് കൂടുതൽ അഡ്‌ജസ്‌റ്റ്‌മെന്‍റ് ആവശ്യമായി വരുന്നത്. ബന്ധങ്ങളിൽ കയ്‌പു നിറയാൻ ചെറിയൊരു തെറ്റിദ്ധാരണ മതി. വളർന്നുവരുന്ന പെൺകുട്ടികളോട് നാളെ മറ്റൊരു വീട്ടിലേയ്ക്ക് പോകേണ്ടതാണ് നീയെന്നും, നല്ല അടക്കവും ഒതുക്കവും ക്ഷമയുമൊക്കെ വേണമെന്നും മുതിർന്നവർ ഉപദേശിക്കുന്നത് ഇതുകൊണ്ടാവും. അന്യവീട്ടിൽ നിന്നും വന്നതാണെങ്കിലും സൗമ്യവും ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ മരുമകൾക്കും ഭർതൃഗൃഹത്തിൽ സ്നേഹത്തിന്‍റെ സുഗന്ധം നിറയ്ക്കാനാവും. ഓരോ കുടുംബാംഗവും നിങ്ങളുടെ ശ്രദ്ധയും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. “മരുമകളല്ല മകളാണ് ഇതെന്നു” പറയിക്കാൻ…

  • വീട്ടിലെ മുതിർന്നവരെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കുക. ഭർതൃ രക്ഷിതാക്കളോട് നിങ്ങൾ സ്നേഹത്തോടെ പെരുമാറുന്നത് ഭർത്താവിന് നിങ്ങളിലുള്ള മതിപ്പ് വർദ്ധിപ്പിക്കുകയേയുള്ളൂ.
  • നാത്തൂനോടും സഹോദരങ്ങളോടും സൗഹൃദപരമായി പെരുമാറാം. സ്വന്തം സഹോദരിയെന്ന പോലെ സ്നേഹവും അടുപ്പവും അവരോടുമാവാം. കൊച്ചു കൊച്ചു സഹായങ്ങൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാവണം. ഉദാരമനസ്കതയും ഷെയറിംഗ് മെന്‍റാലിറ്റിയും നല്ലതാണ്.
  • കുടുംബാംഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്ന‌ങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അത് ചോദിച്ചു മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. സ്വന്തം കാര്യം സിന്ദാബാദ് നയം വേണ്ട. ഭർതൃ കുടുംബാംഗങ്ങളും നിങ്ങൾക്ക് വേണ്ടപ്പെട്ടവരാണെന്ന കാര്യം മറക്കരുത്.
  • കുടുംബാംഗങ്ങളുടെ ഭക്ഷണകാര്യത്തിൽ അവഗണനയോ അമിത ഇടപെടലോ പാടില്ല.
  • ഭർത്താവുമൊന്നിച്ച് ഷോപ്പിംഗിങ്ങിനു പോകുന്നുവെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങൾക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റ് വാങ്ങുക.
  • കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് സുഖമില്ലാതെ വരികയാണെങ്കിൽ അവർക്ക് വേണ്ട സഹായം ചെയ്‌തു കൊടുക്കുക. ആവശ്യമെങ്കിൽ ഡോക്‌ടറുടെ അടുത്തു കൊണ്ടു പോകണം.
  • കൂടുതൽ പരാതിയും പരിഭവങ്ങളും കടപ്പാടുകളുമൊന്നും വേണ്ട.

വീട്ടുത്തരവാദിത്തങ്ങൾ അവഗണിക്കരുത്

  • ഭർതൃഗൃഹവും സ്വന്തം വീടു തന്നെ. അപ്പോൾ വീട്ടിലെ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് കുടുംബാംഗങ്ങളുടെ പ്രശംസയും ശ്രദ്ധയും നേടിയെടുക്കുക.
  • വീട്ടുജോലി ഒരു ഭാരമായി കാണരുത്. ഉത്തരവാദിത്തമായി ഏറ്റെടുക്കുക.
  • ഉദ്യോഗസ്ഥയാണ് നിങ്ങളെങ്കിൽ ജോലിഭാരം അധികമാവുന്ന പക്ഷം നാത്തുനോടോ, അമ്മായിയമ്മയോടോ സഹായം അഭ്യർത്ഥിക്കാം.
  • ജോലി കൃത്യസമയത്ത് തന്നെ ചെയ്‌ തീർക്കാൻ ശ്രമിക്കുക. കുറ്റം പറയുവാൻ അവസരം ഒരുക്കി കൊടുക്കാതിരിക്കുക.
  • വൃത്തിയും വെടിപ്പുമുള്ള വീട് കണ്ടാൽ വീട്ടമ്മയുടെ മിടുക്കാണെന്നേ ആരും പറയൂ. ഇടയ്ക്ക് വീടിന്‍റെ അറേഞ്ച്മെന്‍റ്സിൽ മാറ്റം വരുത്തി ആകർ ഷകമാക്കാം.

പോസിറ്റീവ് അറ്റിറ്റ്യൂഡ്

  • ഹോം മെയിന്‍റനൻസിൽ പോസിറ്റീവ് സമീപനം വച്ചു പുലർത്തുന്നതാണ് നല്ലത്. വളരെ ക്രിയാത്മകമായ രീതിയിൽ കാര്യങ്ങൾ നോക്കി കാണുകയാണെങ്കിൽ ഏതു പ്രശ്നത്തിനും അനായാസ പരിഹാരം കണ്ടെത്താനാവും.
  • മുഖത്ത് പ്രസന്നഭാവം സൂക്ഷിക്കുക. വിഷമവും ദേഷ്യവും നിറഞ്ഞ ഭാവം മറ്റുള്ളവർക്കും അനിഷ്‌ടം തോന്നിക്കുകയേയുള്ളൂ. സൗമ്യമായും പുഞ്ചിരിച്ച മുഖത്തോടും കൂടി കാര്യങ്ങൾ അവതരിപ്പിച്ചു നോക്കൂ. നിങ്ങളുടെ പ്രശ്‌നങ്ങൾ ആരും ശ്രദ്ധയോടെ തന്നെ കേൾക്കും.
  • ഏതൊരു പ്രശ്‌നത്തിന്‍റെയും നല്ല വശം. മാത്രം സ്വീകരിക്കുക.
  • സദാ വഴക്കുണ്ടാക്കലും പരാതി ബോധിപ്പിക്കലുമൊന്നും വേണ്ട. ഇല്ലായ്‌മകളും വല്ലായ്‌മകളും പറഞ്ഞു കൊണ്ടിരിക്കാതെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന സമീപനം വളർത്തിക്കൊണ്ടു വരിക. സദാ ഭർതൃവീട്ടുകാരെക്കുറിച്ച് കുറ്റം പറയുന്നതിനു പകരം അവരെക്കുറിച്ച് നല്ലത് പറയാൻ ശ്രമിക്കുക. വഴക്കുകളും പ്രശ്‌നങ്ങളുമുണ്ടാവുമ്പോൾ നിശ്ശബ്ദത പാലിക്കുകയാണ് ബുദ്ധി. നിങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിൽ പോലും സൗമ്യമായി സംസാരിച്ച് രമ്യതയിലെത്തിക്കാൻ ശ്രമിക്കണം.
  • രണ്ടു കൈയും കൊട്ടിയാലേ ശബ്ദമുണ്ടാവൂ എന്നതിനാൽ നിങ്ങളുടെ ഭാഗം കറക്‌ടായിരിക്കാൻ ശ്രദ്ധിക്കുക. തർക്കത്തിന് വരുന്നവർ ശബ്ദമുയർത്തിയാണ് സംസാരിക്കുന്നതെങ്കിൽ നിങ്ങൾ തല്ക്കാലം ശാന്തരായിരിക്കാൻ ശ്രമിക്കുക. അവരുടെ ദേഷ്യം കുറയുമ്പോൾ പ്രശ്നം അവതരിപ്പിക്കുക.

അമ്മായിയമ്മ ശത്രുവല്ല

ടി.വി. സീരിയലുകളിലും കഥകളിലുമെക്കെ അമ്മായിയമ്മയ്ക്ക് വില്ലൻ റോളാണ് നൽകുന്നത്. ഈയൊരു സങ്കല്പ‌ത്തോടെയാണ് മരുമകൾ ഭർതൃഗൃഹത്തിലെത്തുന്നതെന്നതിനാൽ അവൾ സ്വാഭാവികമായി തന്നെ നെർവസ്സാകും. അമ്മായിയമ്മപ്പോര് ഉണ്ടാകുമോയെന്ന ആശങ്ക അവരെ അലട്ടും. ഈ ചിന്തയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.

  • സ്വന്തം അമ്മയോടെന്ന പോലെ സ്നേഹത്തോടെയും അടുപ്പത്തോടെയും അമ്മായിയമ്മയോട് പെരുമാറുക. ഓപ്പൺ ആയി സംസാരിക്കുക.
  • നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാവുമ്പോൾ അമ്മായിയമ്മയുമായി ചർച്ച ചെയ്യുക. സ്‌ഥാനവും പരിഗണനയും നൽകുന്നുവെന്ന തോന്നൽ അവർക്കുണ്ടാവട്ടെ.
  • നല്ല ഭക്ഷണം തയ്യാറാക്കുമ്പോൾ അമ്മായിയമ്മയെ പ്രശംസിക്കാം. കൈപ്പുണ്യത്തേയും വൈദഗ്ദ്ധ്യത്തെയും കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയുകയോ പരാമർശിക്കുകയോ ചെയ്യാം.
  • അമ്മായിയമ്മ ഉപദേശിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ അവരുടെ സംസാരം ശ്രദ്ധയോടെ കേൾക്കുക. തന്നെക്കാൾ അനുഭവസമ്പന്നയാണ് അമ്മായിയമ്മ എന്നുൾക്കൊണ്ട് തർക്കിക്കാതിരിക്കുക.

ഭർതൃമനസ്സും കീഴടക്കാം

ഭർത്താവിന്‍റെ മനസ്സിൽ ഇടം നേടിയാൽ നിങ്ങൾക്ക് ഭർതൃഗൃഹത്തിൽ മഹാറാണിയെപ്പോലെ ജീവിക്കാം.

  • ശരിയായ സന്ദർഭം കണക്കിലെടുത്ത് ഭർത്താവിനെ പ്രശംസിക്കാം. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും കുറ്റങ്ങളും കുറവുകളും എടുത്തു പറയാതെ അവരുടെ നല്ല വശങ്ങളെക്കുറിച്ച് സംസാരിക്കാം.
  • അപ്രതീക്ഷിതമായി ഓഫീസിലെ സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം വീട്ടിലെത്തിയാൽ മുഖം കനപ്പിച്ചു വയ്ക്കാതെ അവരോട് മാന്യമായി പെരുമാറൂ. അത്യാവശ്യമില്ലാത്ത ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവച്ച് ഉടനെ ഒരു ലഞ്ചോ ഡിന്നറോ തയ്യാറാക്കാം. നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റം ഭർത്താവിന് നിങ്ങളിലുള്ള മതിപ്പ് വർദ്ധിപ്പിക്കും.
  • ഭർത്താവ് വീട്ടിലുള്ളപ്പോൾ അദ്ദേഹത്തിന്‍റെ കാര്യത്തിൽ പൂർണ്ണശ്രദ്ധ നൽകുക. അദ്ദേഹത്തിന്‍റെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കുക. സെക്സ് അവഗണിക്കാതിരിക്കുക. വിവാഹ ബന്ധത്തിൽ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്.
  • അശ്രദ്ധയോടെ നടക്കുന്നതിനു പകരം വൃത്തിയായി ഒരുങ്ങുക. ഭാര്യ സുന്ദരിയായി നടക്കുന്നതു കാണാനാണ് ഏതൊരു ഭർത്താവും ഇഷ്ടപ്പെടുക.

ബജറ്റ് തയ്യാറാക്കുക

സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ മാത്രമേ വീട് ശരിയായ രീതിയിൽ നോക്കി നടത്താനാവു. അതിനാൽ ആദ്യമേ തന്നെ ശരിയായ ഒരു ഇക്കണോമിക് പ്ലാനിംഗ് വേണം. ഇതിൽ കുറഞ്ഞ ചെലവിൽ വീട്ടു കാര്യങ്ങൾ എത്ര ഭംഗിയോടെ നോക്കി നടത്തുന്നുവെന്നതും സുപ്രധാനമാണ്.

  • ഭർത്താവ് വീട്ടുചെലവിന് നൽകുന്ന തുകയിൽ നിന്നും ചെറിയൊരു സംഖ്യ മിച്ചം പിടിക്കുകയോ, സേവിംഗ് സ്‌കീമുകളിൽ നിക്ഷേപിക്കുകയോ ചെയ്യണം. പണത്തിനേറെ ആവശ്യം വരുന്ന സാഹചര്യത്തിൽ ഈ തുക നിങ്ങൾക്ക് വലിയൊരനുഗ്രഹമായിരിക്കും.
  • സാധനങ്ങളുടെ വില തട്ടിച്ചു നോക്കിയ ശേഷം പർച്ചേസിംഗ് ആവാം. എന്നാൽ വിലക്കുറവു നോക്കി പായുമ്പോൾ ഗുണനിലവാരം നഷ്ടമാവുന്നില്ലെന്നു കൂടി ഉറപ്പു വരുത്തുക.
  • ആർഭാടവും അനാവശ്യച്ചെലവുകളും വേണ്ട. ഉദ്യോഗസ്ഥയല്ലെങ്കിൽ ട്യൂഷൻ, ഫ്രീലാൻസ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, പെയിന്‍റിംഗ് പോലുള്ള ഹോബികളിലൂടെയും വീട്ടിലിരുന്നു വരുമാനമുണ്ടാക്കാം.

ഓർഗനൈസ്‌ഡ് ആവാം

അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമൊക്കെയുള്ള വീടാണെങ്കിൽ വഴക്കും പ്രശ്‌നങ്ങളും നന്നേ കുറവായിരിക്കും.

  • എന്തൊക്കെ വേണമെന്നതിനെക്കുറിച്ച് ആദ്യമേ ഒരു ലിസ്‌റ്റ് തയ്യാറാക്കുക. ഷോപ്പിംഗിനു പോകുന്നതിനു മുമ്പ് വേണ്ടവയെക്കുറിച്ച് ഒരു കടലാസ്സിൽ കുറിച്ചു വയ്ക്കണം.
  • എന്നും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക. ഓരോ ജോലിയും നിശ്ചിത ദിവസം നിശ്ച‌ിത സമയത്തിനു ള്ളിൽ തന്നെ ചെയ്തു തീർക്കാനാവും.
  • ഉദ്യോഗസ്‌ഥയാണെങ്കിൽ സമയത്തിന് ജോലികൾ ചെയ്‌ത് തീർക്കുന്നതിന് കുട്ടികളുടെയും ഭർത്താവിന്‍റെയും മറ്റു കുടുംബാംഗങ്ങളുടെയും സഹായം തേടാം. പരസ്പര സഹകരണവും സ്നേഹമനോഭാവവുമാണ് നിങ്ങളുടേതെങ്കിൽ കുടുംബാംഗങ്ങൾ നിങ്ങളുടെ അഭ്യർത്ഥന ഒരിക്കലും നിരസിക്കില്ല.
  • വീട് വൃത്തിയായി സൂക്ഷിക്കുന്നതു പോലെ ജീവിതത്തിനും ഒരടുക്കും ചിട്ടയും വരുത്താൻ ശ്രമിക്കുക. ഓരോന്നും അതാതിടത്ത് തന്നെ വയ്ക്കുക. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ അന്വേഷണവും ടെൻഷനും വേണ്ട. കുട്ടികളെ അച്ചടക്കവും സമയനിഷ്ഠയും പാലിക്കാൻ പരിശീലിപ്പിക്കണം.
  • അടുക്കള ജോലികൾ പോലും നിമിഷനേരത്തിനകം ചെയ്‌ത് തീർക്കുന്ന ഇലക്ട്രോണിക്‌സ് ഉല്‌പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. സമയലാഭം മാത്രമല്ല നല്ല റിസൾട്ടും ലഭിക്കും. ഇരുപത്ത നാലു മണിക്കൂറും അടുക്കള ജോലി എന്ന പരാതിയും വേണ്ട.

സ്വയം അവഗണിക്കാതിരിക്കുക

  • അല്പസമയം നിങ്ങൾക്കു വേണ്ടിയും മാറ്റി വയ്ക്കുക. സംഗീതം ഇഷ്ടമുള്ളവർക്ക് പാട്ടു കേൾക്കാം. എക്സർസൈസ്, യോഗ എന്നിവ ചെയ്യാം. കൂട്ടുകാരികളോട് തമാശ പറയാം.
  • സൗന്ദര്യ പരിചരണത്തിലും ശ്രദ്ധയാവാം. നെയിൽ കെയർ, പെഡിക്യൂർ, മാനിക്യൂർ, ഫേഷ്യൽ, ബ്ലീച്ചിംഗിനുമൊക്കെ സമയം കണ്ടെത്തുക. മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക. നിങ്ങൾക്കു വേണ്ടിയും ചെറിയൊരു ഷോപ്പിംഗ് ആവാം.
  • വീട്ടമ്മയാണെങ്കിൽ വീട്ടിലിരുന്ന് ബോറടിക്കാതെ തയ്യലിനോ, ബ്യൂട്ടീഷ്യൻ കോഴ്സസിനോ മറ്റോ ചേരാം. നിങ്ങൾക്ക് ഈ രംഗത്ത് മിടുക്കും തെളിയിക്കാം. മനസ്സിനും റിലാക്സേഷൻ ലഭിക്കും.
  • സ്വന്തം ആരോഗ്യവും പ്രധാനമാണ്. കാരണം നിങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിലേ വീട്ടുകാര്യങ്ങൾ ശരിയായി നോക്കി നടത്താനാവൂ എന്നു മനസ്സിലാക്കുക. രോഗമുണ്ടെങ്കിൽ അവഗണിക്കാതിരിക്കുക. ഇടയ്ക്ക് ചെക്കപ്പ് ചെയ്‌ത് ആരോഗ്യനില ശരിയാണെന്ന് ഉറപ്പു വരുത്തുക. എല്ലാം ഭംഗിയായി നിർവഹിച്ചാൽ നിങ്ങളും ഒരു ഓൾറൗണ്ടറായി.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें