ആഘോഷ വേളകളിൽ അമിത ശരീരഭാരമുണ്ടാകാതെ എങ്ങനെ ശരീരഭാരവും ആരോഗ്യവും സംരക്ഷിക്കാം എന്നത് പലരും ചിന്തിക്കുന്ന കാര്യമാണ്. ആരോഗ്യം സംരക്ഷിക്കണമെന്ന് പലരും ചിന്തിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഡയബറ്റീസ്, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം എന്നിങ്ങനെയുള്ള അസുഖമുള്ളവർ. അത്തരക്കാർക്ക് ചുവടെ കൊടുത്തിരിക്കുന്ന ടിപ്സുകൾ ഉപകാരപ്രദമാവും.
വിട്ടുവീഴ്ചയരുത്
• ദീപാവലി ആഘോഷവേളയിൽ മിഠായികളുടെ ഗുണ നിലവാരത്തിൽ അത്ര വിശ്വാസ്യത പുലർത്താനാവില്ല. നെയ്യ് ഗുണനിലവാരം ഉള്ളതാണോ പഞ്ചസാരയ്ക്ക് പകരമായി മറ്റ് വല്ലതും ഉപയോഗിച്ചിട്ടുണ്ടോ? മിഠായി ആകർഷകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന ഫുഡ് കളർ ഉയർന്ന നിവവാരമുള്ളതാണോ എന്നിങ്ങനെ കടയിൽ നിന്നും വാങ്ങുന്ന മിഠായിയെ ചുറ്റിപ്പറ്റി ധാരാളം സംശയങ്ങൾ ഉയരാം. അതിനാൽ അനായാസം തയ്യാറാക്കാൻ കഴിയുന്ന മിഠായികൾ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനുള്ള സമയമില്ലെങ്കിൽ കശുവണ്ടി, ബദാം പരിപ്പ് റോസ്റ്റ് ചെയ്‌ത് ഹണി, ചാട്ട്മസാല തൂവി സർവ്വ് ചെയ്യാം.
• ലഡു, ബർഫി മറ്റ് മിഠായികൾ എന്നിവയെപ്പറ്റി ഓർക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറി വരും. ഇവ തയ്യാറാക്കാൻ റാഗി, ചോളപ്പൊടി, കടലമാവ് എന്നിവ തെരഞ്ഞെടുക്കാം. ഇവയിലെല്ലാം തന്നെ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ലൊ കലോറിയുമാണ്. ശർക്കരയും നാടൻ നെയ്യും ഉപയോഗിക്കാം.
• പഞ്ചസാരയ്ക്ക് പകരമായി കടകളിൽ സിന്തറ്റിക് സ്വീറ്റ്നേഴ്സ് ഉപയോഗിക്കാറുണ്ട്. അമിതയളവിൽ മധുര പലഹാരങ്ങൾ കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാവും.
• മിഠായി, പായസം, കസ്റ്റാർഡ് എന്നിവ തയ്യാറാക്കാൻ ടോൺഡ് മിൽക്ക് ഉപയോഗിക്കാറുണ്ട്. പാലിന് പകരം സോയാ മിൽക്ക് ഉപയോഗിക്കുന്നത് മികച്ചൊരുപായമാണ്. സോയയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുപോലെ ഫൈബറുമുണ്ട്. എന്നാൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ.
• മിഠായി ആവിയിലും തയ്യാറാക്കാൻ സാധിക്കും. ഉദാ: സന്ദേശ്, സ്റ്റീമ്ഡ് ബർഫി എന്നിവ
• പുഡ്ഡിംഗ് തയ്യാറാക്കുന്നുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരം മധുരമുള്ള പഴങ്ങളുടെ ജ്യൂസ് അല്ലെങ്കിൽ ഈന്തപ്പഴം, ഫിഗ് (അത്തിപ്പഴം) കിസ്മിസ് എന്നിവ അരച്ച് ചേർക്കാം.
ചുരുക്കത്തിൽ മധുരം ഉപയോഗിക്കുന്നതിൽ അൽപ്പം നിയന്ത്രണം പുലർത്തുക. മിഠായികളുടെ സ്‌ഥാനത്ത് പഴങ്ങൾ കഴിക്കുക. സലാഡ് കഴിക്കുക. വീട്ടിൽ വരുന്ന അതിഥികൾക്ക് പഴങ്ങൾ നൽകി സൽക്കരിക്കാം. ഗ്രീൻ ടീ കുടിക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നത് ഗുണകരമായിരിക്കും. ഇതിന് പുറമെ നന്നാറി സത്ത് തയ്യാറാക്കി അതിൽ കസ്കസ് ചേർത്ത് മധുരത്തിനായി അൽപ്പം തേനും ചേർത്ത് കുടിക്കാം. ഹെൽത്തിയും സ്വാദിഷ്ഠവുമായിരിക്കും.
സ്വാദും ആരോഗ്യവും
• ബ്രേക്ക് ഫാസ്റ്റായാലും ഉച്ചഭക്ഷണമായാലും ശരി എണ്ണയിൽ വറുത്തെടുത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. അതിന്‍റെ സ്‌ഥാനത്ത് സ്റ്റഫ് ചെയ്‌ത ചപ്പാത്തി, റവ ഇഡ്ഡലി, ദോശ എന്നിവയാകാം.
• പലർക്കും കോഫ്ത ഇഷ്‌ടമാണ്. എന്നാൽ അതിലെ എണ്ണ നീക്കി കോഫ്ത കഴിക്കാം. വളരെ നിയന്ത്രിതമായ അളവിൽ വേണം. വീട്ടിൽ കോഫ്ത തയ്യാറാക്കുന്നുവെങ്കിൽ ഉണ്ണിയപ്പ പാത്രത്തിൽ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് കോഫ്ത തയ്യാറാക്കിയെടുക്കാൻ ശ്രദ്ധിക്കുക. ഗ്രേവിയിലും വളരെ കുറച്ച് എണ്ണ മതി.