കറിവേപ്പില പോലെ വലിച്ചെറിയുക... മലയാളികൾ സാഹചര്യത്തിന് അനുസരിച്ച് ഈ പ്രയോഗം നടത്താറുണ്ട്. എന്നാൽ കറിവേപ്പിലയുടെ വാസനയും സ്വാദുമില്ലാത്ത സാമ്പാറോ, ഉപ്പുമാവോ, മോരുകറിയോ നമുക്ക് ചിന്തിക്കാനാവുമോ? കേരള തനിമയുള്ള ഒട്ടുമിക്ക കറികൾക്കും കറിവേപ്പില വേണം. മറ്റു സുഗന്ധക്കൂട്ടുകളേക്കാൾ പതിന്മടങ്ങ് ഗുണമാണ് കറിവേപ്പിലയ്ക്കുള്ളത്. എല്ലായ്‌പ്പോഴും കറിവേപ്പില സുലഭമായി ലഭിക്കണമെന്നില്ല. നമുക്കാവട്ടെ ദിവസവും കറിവേപ്പില കൂടിയേ തീരൂ. ഒരു ദിവസത്തിൽ കൂടുതൽ വച്ചിരുന്നാൽ അത് വാടിക്കരിഞ്ഞു പോകുകയും ചെയ്യും. കറിവേപ്പില എളുപ്പം കേടാവാതിരിക്കാൻ ചില നുറുങ്ങുകൾ:
- കറിവേപ്പില തണ്ടിൽ നിന്നും ഊരി വായു കടക്കാത്ത കഴുകി തുടച്ച കുപ്പിയിലിട്ട് അടച്ചു സൂക്ഷിക്കുക.
- കറിവേപ്പില ഊരിയെടുത്ത് പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും വാടാതിരിക്കും.
- ഒരു പ്ലാസ്‌റ്റിക് സിപ്പ് പൗച്ചിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. 15- 20 ദിവസത്തോളം കേടാവാതിരിക്കും.
- കറിവേപ്പില വാങ്ങുമ്പോൾ ഫ്രഷ് പച്ച നിറത്തിലുള്ള ഇലകളോടു കൂടിയ തണ്ടു തന്നെ വാങ്ങണം. വശങ്ങളിൽ ഇളം ബ്രൗൺ നിറം വന്നു തുടങ്ങിയവ ഒഴിവാക്കാം.
- കറിവേപ്പില സുലഭമായി ലഭിക്കുന്ന അവസരത്തിൽ കഴുകിയെടുത്ത് വൃത്തിയുള്ള തുണിയിൽ വച്ചുണക്കി ഈർപ്പം മാറിയ ശേഷം ഒരു മിനിറ്റോളം മൈക്രോ വേവ് ഓവനിൽ വച്ചെടുക്കാം.
- കറിവേപ്പില ചേർത്തുണ്ടാക്കുന്ന ലസ്സി പോലുള്ള ശീതളപാനീയങ്ങൾ കഴിക്കുന്നത് വേനലിന്‍റെ കടുത്ത ചൂടിൽ നിന്ന് ആശ്വാസം പകരും.
ലസ്സി
ചേരുവകൾ
തൈര് ഒരു കപ്പ്
വെള്ളം രണ്ടു കപ്പ്
വെളുത്തുള്ളി അല്ലികൾ രണ്ടെണ്ണം
മല്ലിയില ഒരു ടേബിൾ സ്‌പൂൺ
കറിവേപ്പില പത്തെണ്ണം
കായം ഒരു നുള്ള്
കടുക് അര ടീ സ്‌പൂൺ
മഞ്ഞൾപ്പൊടി അര ടീ സ്‌പൂൺ
എണ്ണ ഒരു ടീസ്‌പൂൺ
ഇഞ്ചി അര ടീസ്‌പൂൺ
പച്ചമുളക് അരിഞ്ഞത് ഒന്ന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് ഒരു തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ട് ഒരു മിനിറ്റോളം തിളപ്പിക്കുക. മസാലകളുടെ സ്വാദ് വെള്ളത്തിന് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണുക്കുമ്പോൾ ഇതിലേയ്ക്ക് തൈര് ചേർത്ത് നന്നായി അടിക്കണം. ലസ്സി തയ്യാർ. തുടർന്ന് എണ്ണ ചൂടാക്കി കടുക്, കായം, മഞ്ഞൾപ്പൊടി, കറിവേപ്പില അരിഞ്ഞത് എന്നിവയിട്ട് വഴറ്റി അടിച്ചെടുത്ത തൈരിൽ ചേർത്ത് സ്പൈസി ടേസ്‌റ്റി ലസ്സി തയ്യാറാക്കാം.
കറിവേപ്പില ചട്‌നി
ചേരുവകൾ
കറിവേപ്പില ഒരു കപ്പ്
വറുത്ത് തരിതരിയായി പൊടിച്ച നിലക്കടല ഒരു ടേബിൾ സ്‌പൂൺ
വെളുത്ത എള്ള് വറുത്തത് ഒരു ടേബിൾ സ്‌പൂൺ
മാംഗോ പൗഡർ ഒരു ടീ സ്‌പൂൺ
ഉണക്ക മുളക് എട്ടോ പത്തോ എണ്ണം
പഞ്ചസാര ഒരു ടീസ്‌പൂൺ
എണ്ണ ഒരു ടീസ്‌പൂൺ
ഉപ്പ് ആവശ്യത്തി ന്
കായം ഒരു നുള്ള്
ഉഴുന്നു പരിപ്പ് ഒരു ടീസ്‌പൂൺ
കടലപ്പരിപ്പ് ഒരു ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചുടാക്കി കായവും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് കടലപ്പരിപ്പും ഉഴുന്നുപരിപ്പുമിട്ട് ഇളം ബ്രൗൺ നിറമാവുന്നതു വരെ വഴറ്റണം. മറ്റു ചേരുവകളും ചേർത്ത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കുക. ഇത് ബ്രഡ്‌ഡിലോ, പുരി അല്ലെങ്കിൽ പറോട്ടയുടെ കൂടെയോ കഴിക്കാം. തെരിൽ ചേർത്തും കഴിക്കാം. ഈ ചട്‌നി ഒരു കുപ്പിയിലിട്ട് ഫ്രിഡ്‌ജിൽ വച്ചാൽ ഒന്നോ രണ്ടോ മാസം കേടാകാതിരിക്കും.