സൗന്ദര്യ... പേരുപോലെ സ്മാർട്ട്. ഒരു കൾട്ടിനാഷണൽ കമ്പനിയിൽ പ്രൊജക്ട് മാനേജർ. അഞ്ചക്ക ശമ്പളം... ജോണും സൗന്ദര്യയും സുഹൃത്തുക്കൾക്കു മുന്നിൽ മാതൃകാ ദമ്പതിമാരാണ്. സാമ്പത്തികമായി ഭദ്രമായ കുടുംബം. ഭാര്യയുടെ ജോലി, ശമ്പളം, സ്‌റ്റാറ്റസ് എന്നിവയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കാൻ ജോണിന് ഒരു മടിയുമില്ല.
എന്നാൽ ഈ പത്രാസും വീമ്പുമൊക്കെ വീട്ടിലെത്തുന്നതോടെ തീരും. ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് സൗന്ദര്യയുടേതെന്നതിനാൽ സമയത്ത് വീട്ടിലെത്തിച്ചേരാൻ സാധിക്കാതെ വരും. ഓവർ ടൈം എന്ന പേരിൽ രാത്രി വൈകി വീട്ടിലെത്തുന്നതും വീട്ടിലെത്തിയാൽത്തന്നെ ലാപ്ടോപ്പിൽ ജോലി തുടരുന്നതുമൊന്നും ജോണിനിഷ്ടമില്ല. ഒരവസരത്തിൽ ജോൺ ഇതേക്കുറിച്ച് ഭാര്യയോടു സൂചിപ്പിച്ചു. അവസാനിക്കാത്ത പരാതികളും പരിഭവങ്ങളും കലഹങ്ങളുമായി അവരുടെ ദാമ്പത്യം കലുഷമായിത്തീരാൻ അധികനാൾ വേണ്ടി വന്നില്ല.
“ജോൺ, എന്നെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ല. ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന കാര്യം നേരത്തെ അറിയാമായിരുന്നില്ലേ?" സൗന്ദര്യ തന്‍റെ ഭാഗം ന്യായീകരിച്ചപ്പോൾ ജോണിന്‍റെ മറുപടി ഇങ്ങനെ: “അറിയാം അറിയാം... പറയുന്നതു കേട്ടാൽ ലോകത്ത് നീ മാത്രമാണ് ജോലിക്കു പോകുന്നതെന്നു തോന്നുമല്ലോ? ജോലി പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫാമിലി ലൈഫ് എന്ന കാര്യം മനസ്സിലാക്കാത്തതെന്താ..”
“ഫാമിലി ലൈഫും മാരീഡ് ലൈഫുമൊക്കെ എൻജോയ് ചെയ്യാൻ എനിക്ക് ഇഷ്ടമില്ലെന്നാണോ കരുതിയത്?"
“ഓവർ ടൈം വർക്ക് ചെയ്യാൻ പറ്റില്ലെന്നും വീട്ടിലാരുമില്ലാത്തതിനാൽ ഒഫീഷ്യൽ ടൂറിനു പോകാൻ പറ്റില്ലെന്നും ബോസിനോടു പറയാമായിരുന്നില്ലേ?"
“എന്തു വിഡ്ഢിത്തമാണീ പറഞ്ഞു കുട്ടുന്നത്? അതൊക്കെ കരിയറിനെ ബാധിക്കുന്ന കാര്യമല്ലേ? അടുത്തു തന്നെ പ്രമോഷൻ ശരിയാവും. ശമ്പളവും കൂടും. ഈ അവസ്‌ഥയിൽ ബോസിനോടെങ്ങനെ ഒഴികഴിവു പറയും?"
സൗന്ദര്യ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമെങ്കിലും ജോൺ അതു പ്രകടമാക്കിയില്ല. കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത നിലനിർത്തണമെങ്കിൽ ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാവുകയെന്നത് അനിവാര്യം തന്നെ. പക്ഷേ, കരിയറിനു പ്രാധാന്യം നല്‌കുമ്പോൾ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നിലനിർത്താൻ പാടുപെടുകയാണ് മിക്ക ദമ്പതികളും.
സമയക്രമീകരണം
ധാരാളം വെല്ലുവിളികളും പ്രശ്നങ്ങളും നിറഞ്ഞതാണ് ഉദ്യോഗസ്‌ഥ ദമ്പതിമാരുടെ ജീവിതം. മുൻപൊക്കെ ഭർത്താവ് ജോലി ചെയ്‌ത് കുടുംബകാര്യങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെ നോക്കി നടത്തുന്നതായിരുന്നു കീഴ്വഴക്കം. വീട്ടു ജോലികളും കുട്ടികളെ വളർത്തലുമായിരുന്നു ഭാര്യയുടെ ഉത്തരവാദിത്തം. പരസ്പരം ഇടപെടാതെ സ്വന്തം പ്രവർത്തന മണ്ഡലത്തിൽ മാത്രം അവർ സന്തുഷ്ടരായിരുന്നു. എന്നാൽ ഇന്ന് പുരുഷനും സ്ത്രീയും ജോലി ചെയ്യുകയെന്നത് സാഹചര്യത്തിന്‍റെ ആവശ്യമായിത്തീർന്നു.
അനാവശ്യ ഇടപെടലുകൾ
ഓരോ ജോലിക്കും അതിന്‍റsതായ ഉത്തരവാദിത്തങ്ങളുണ്ടെന്ന വസ്തുത ദമ്പതിമാർ മനസ്സിലാക്കിയിരിക്കണം. ഓഫീസ് കാര്യങ്ങൾ വീട്ടിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. വീട്ടിലെത്തിയാൽ ബോസ് മനോഭാവം തീർത്തും മാറ്റിവയ്ക്കണം.
ഈഗോ ക്ലാഷ്, ആജ്‌ഞ, നിർദ്ദേശങ്ങൾ എന്നിവ ദാമ്പത്യത്തിൽ കരിനിഴൽ വീഴ്ത്തും. “നീ ഈ ഡ്രസ്സ് ധരിച്ച് പാർട്ടിക്ക് പോകേണ്ട", "ഒഫീഷ്യൽ ടൂറിനൊന്നും പോകേണ്ട", "മോനു സുഖമില്ലല്ലോ. നീ മീറ്റിംഗുകൾ കാൻസൽ ചെയ്യ്”, “ലീവെടുക്ക്.." ഭർത്താവിന്‍റെ ഇത്തരം വിലക്കുകൾ ഉദ്യോഗസ്‌ഥയായ ഭാര്യയെ ദേഷ്യo പിടിപ്പിക്കാതിരിക്കുമോ?