വ്യായാമം നൽകും സെക്‌സ് പവർ

വ്യായാമത്തിലൂടെ ലൈംഗിക ശേഷി കൂട്ടാനാവുമോ? കാമവാസന പ്രബലമാക്കുന്നതിൽ ആധുനിക വ്യായാമങ്ങൾ സഹായകരമാണെന്ന് പഠനങ്ങൾ.

40 മുതൽ 60 വയസ്സു വരെയുള്ള നീന്തൽ പരിശീലിക്കുന്ന സ്ത്രീ പുരുഷന്മാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് പഠനം നടത്തുകയായിരുന്നു. 40 വയസ്സു കഴിഞ്ഞവർ 25-30 വയസ്സുള്ള (വ്യായാമം ചെയ്യാത്ത) യുവാക്കളെ അപേക്ഷിച്ച് കൂടുതൽ ശക്‌തിയും ആരോഗ്യവും ഉള്ളവരാണെന്ന് കണ്ടെത്താൻ സാധിച്ചു. അതേസമയം നീന്തലിൽ ഏർപ്പെടുന്ന 60 വയസ്സുകാർ 40 വയസ്സുള്ള വ്യായാമം ചെയ്യാത്തവരേക്കാൾ ചുറുചുറുക്കുള്ളവനണെന്നും വ്യക്തമായി. പ്രായം കൂടുന്നതിന് അനുസരിച്ച് സെക്സ‌് പവർ കുറയുമെന്ന് പറയാറുണ്ടെങ്കിലും വ്യായാമം വഴി ആരോഗ്യം മെച്ചമാവുമെന്നു തന്നെയാണ് ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഉദാഹരണം പരിശോധിക്കാം.

  • വ്യായാമം ചെയ്യുന്ന 40 വയസ്സുള്ള 97% പേരും 60 വയസ്സുള്ള 92% ആളുകളും 40 വയസ്സും അതിനു മീതെയും പ്രായമുള്ള സാധാരണ ആളുകളെക്കാൾ ആരോഗ്യവും ചുറുചുറുക്കുമുള്ളവരാണ് എന്ന് വ്യക്തമായി.
  • നീന്തലിൽ ഏർപ്പെടുന്ന 40 വയസ്സുകാർക്ക് സംഭോഗ ഉദ്ധാരണ ശേഷി 20-30 വയസ്സുകാരെ അപേക്ഷിച്ച് കൂടുതലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
  • സെക്സിനോടുള്ള സമീപനവും താല്പര്യവും ഇവരിൽ കൂടുതലായിരുന്നു.
  • വ്യായാമം ചെയ്യുന്ന 80%ത്തോളം പേർ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ ആകർഷണീയരുമാണ്.

സന്തുലിത വ്യായാമം ചെയ്യാം

വ്യായാമം നല്ലതാണ് എങ്കിലും അധിക സമയം വ്യായാമം ചെയ്യുന്നത് ഉചിതമാണോ? എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.

ഒരിക്കലുമല്ല, അധിക വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പകരം ക്ഷയിപ്പിക്കുവാനേ ഇടയാക്കൂ. ആഴ്‌ചയിൽ 18 മണിക്കൂർ വ്യായാമം ചെയ്യുന്ന സ്ത്രീപുരുഷന്മാരിൽ കാമവാസന കുറയുന്നു. വ്യായാമത്തിലൂടെ നല്ലൊരു ശതമാനം ഊർജ്‌ജം നഷ്ട‌മാവുന്നുണ്ട്. ആഴ്‌ചയിൽ 18- 20 മണിക്കൂറോ അതിൽ അധികമോ വ്യായാമം ചെയ്യുമ്പോൾ ശരീരം ക്ഷീണിക്കുക സ്വാഭാവികം മാത്രം.

സന്തുലിത വ്യായാമത്തോടൊപ്പം തന്നെ പങ്കാളിക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുന്നതും ആഹ്ളാദകരവും ഊഷ്‌മളവുമായ ദാമ്പത്യത്തിന് അനിവാര്യമാണ്.

നാച്വറൽ ടോണിക്

കാമവാസന ഉണ്ടാവുന്നതിന് വ്യായാമം സഹായകരകും എന്നുണ്ടെങ്കിൽ ഇതിൽ ഹോർമോണുകൾക്ക് കാര്യമായ പങ്കുണ്ടെന്നു തന്നെ പറയാം. എന്നാൽ ഇതിന് ശക്‌തമായ തെളിവുകളില്ല. പക്ഷേ ജൈവപരമായ ഒട്ടനവധി കാരണങ്ങൾ ഉണ്ടാവാം. സന്തുലിത വ്യായാമം സെക്‌സ് പവർ വർദ്ധിപ്പിക്കുന്ന നാച്വറൽ ടോണിക് ആണ്.

ഹൃദയാരോഗ്യം, ദീർഘായുസ്സ്, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, വേദനകളെ കുറയ്ക്കുന്നതിനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ ആഹ്ളാദകരമായ ലൈംഗിക ജീവിതത്തിലൂടെ സാധ്യമാവുന്നുണ്ട്. ഊഷ്‌മളവും ഊർജ്‌ജസ്വലവുമായ ലൈംഗിക വേഴ്‌ച ഒരു ലഘു വ്യായാമം തന്നെയാണ്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും സ്ട്രെസ്സ് കുറച്ച് സന്തുഷ്ടമായ ദാമ്പത്യസുഖം സാധ്യമാക്കാൻ ഇത് സഹായിക്കുന്നു.

ലൈംഗിക ജീവിതത്തിന് ഉത്തമമായ ആഹാരക്രമം

സ്ത്രീകൾക്ക്: എള്ള്, ഉഴുന്ന്, തൈര്, മത്സ്യം, കുടംപുളി, മുതിര തുടങ്ങിയവ.

പുരുഷന്മാർക്ക്: മുളപ്പിച്ച കടല, പയറുവർഗ്ഗങ്ങൾ, ഗോതമ്പ്, മുരിങ്ങ, മുരിങ്ങയില, മാംസം, മധുര വസ്‌തുക്കൾ തുടങ്ങിയവ.

പഴങ്ങൾ, പ്രത്യേകിച്ച് മുന്തിരി, മാമ്പഴം എന്നിവയും ബദാം, കശുവണ്ടി എന്നിവയും ലൈംഗിക താല്പര്യവും ശേഷിയും കൂട്ടും.

ഒഴിവാക്കേണ്ട കാര്യങ്ങൾ

  • ആന്‍റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം.
  • ഇരുചക്ര വാഹനങ്ങളിലെ ദീർഘ യാത്ര.
  • അമിതമായ ഉത്കണ്ഠ.
  • കോള, ജങ്ക് ഫുഡ് എന്നിവ സ്‌ഥിരമായി കഴിക്കുന്നത്.
  • മദ്യം, പുകയില, മയക്കുമരുന്നുകൾ, ലഘു പാനീയങ്ങൾ എന്നിവ ഉപയോഗിക്കുന്നത്.
  • എരിവും പുളിയും കൂടിയ വസ്‌തുക്കൾ, കാപ്പി എന്നിവയുടെ ഉപയോഗം.

വെരിക്കോസ് വെയിൻ പ്രശ്‌നവും പരിഹാരവും

കാലുകളിൽ വിങ്ങൽ, വേദന, നീര്, നീല നിറത്തിലുള്ള ഞരമ്പുകൾ തടിച്ചു പൊന്തുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നു. കാലിലെ രക്തവാഹിനിക്കുഴലുകൾക്കുണ്ടാകുന്ന ക്ഷതം മൂലമോ കാലിലെ സിരകളുടെ വാൽവ് ദുർബ്ബലമാവുന്നതു കൊണ്ടോ ഇങ്ങനെ സംഭവിക്കാം. ക്രോണിക്ക് വെരിക്കോസ് വെയിൻ എന്ന അവസ്‌ഥയിലേക്ക് നയിക്കുന്നത് ഇതാണ്.

ധമനികളെ അപേക്ഷിച്ച് സിരകളുടെ ആവരണം നേർത്തതും അയഞ്ഞതുമാണ്. കാലിലെ സിരകളുടെ വാൽവിലൂടെ രക്ത‌ം ഒരു ദിശയിലേയ്ക്ക് മാത്രം പ്രവഹി ക്കുന്നു. കിടക്കുന്ന അവസരത്തിൽ എല്ലാ രക്തവാഹിനികളിലും സമ്മർദ്ദം ഏകദേശം ഒരേ നിലയിലായിരിക്കും.

ഇരിക്കുകയോ, നിൽക്കുകയോ ചെയ്യുമ്പോൾ ഗുരുത്വാകർഷണം കാരണം ഹൃദയത്തിന്‍റെ ചുവടു ഭാഗത്തുള്ള രക്തവാഹിനികളിലും ധമനികളിലും സിരകളിലും രക്‌തത്തിന്‍റെ സമ്മർദ്ദം ഏറുന്നു. അതു കൊണ്ടാണ് ദീർഘനേരം ഒരേ അവസ്‌ഥയിൽ നിൽക്കുന്നവരിൽ രക്തയോട്ടം സുഗമമാവാത്തത്. കാൽ നിലം തൊടാതെ കുറേ സമയം ഇരിക്കുന്നതും രക്ത‌ സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ അവസ്‌ഥയിൽ രക്‌തവാഹിനികളിൽ നിന്നും ദ്രവം സ്രവിച്ച് തന്തുക്കളിൽ അടിഞ്ഞു കൂടാനും ഇടയാക്കുന്നു. തന്മൂലം കാലിൽ നീരുവീക്കമുണ്ടാവും.

മറ്റു കാരണങ്ങൾ കൊണ്ട് രക്‌തവാഹിനികൾ നേരത്തെ തന്നെ ദുർബ്ബലമാണെങ്കിൽ നീരുണ്ടാവാനുള്ള സാധ്യത കൂടുതലുമാണ്. രക്തത്തിന്‍റെ സമ്മർദ്ദം ഏറിവരുന്നതനുസരിച്ച് സിരകളുടെ വാൽവ് ദുർബ്ബലമാകും. അതോടെ രക്‌തയോട്ടം തടസ്സപ്പെടുന്നു. ഈ സ്‌ഥിതി വിശേഷമാണ് ‘വെരിക്കോസ് വെയിൻ.’ കാലിന്‍റെ ഉപ്പൂറ്റി ഭാഗത്തും കാൽവണ്ണയുടെ സിരകളിലുമാണ് സാധാരണ വെരിക്കോസ് കാണുന്നത്. ഇത് രണ്ടു തരത്തിലുണ്ട്.

പ്രൈമറി വെരിക്കോസ് വെയിൻ

ഉപ്പൂറ്റിയിലും കാൽവണ്ണയിലും നീല നിറത്തിൽ ഞരമ്പുകൾ ചുറ്റിപ്പിണഞ്ഞ രീതിയിൽ തടിച്ച് വിങ്ങി പുറമേ നിന്നു നോക്കിയാൽ കാണപ്പെടുന്ന വ്യക്‌തമായ അവസ്‌ഥയാണ് പ്രൈമറി വെരിക്കോസ് വെയിൻ. സാധാരണയായി കണ്ടുവരുന്ന ഒരവസ്‌ഥയാണിത്. ദീർഘ നേരം കാലിന്‍റെ സിരകളിൽ രക്തം കെട്ടിക്കിടക്കുന്നതും ഗുരുത്വാകർഷണം കാരണം വാൽവുകൾ ദുർബലമാവുന്നതും ഇതിനു വഴിതെളിക്കുന്നു.

ദീർഘനേരം നിൽക്കേണ്ടി വരുമ്പോഴോ കുറേസമയം കാൽ തൂക്കിയിട്ട് ഇരിക്കേണ്ടി വരുമ്പോഴോ (ഉദാ: ട്രാഫിക്ക് പോലീസ്, അടുക്കളയിൽ കുറേ നേരം നിന്നു ജോലി ചെയ്യേണ്ടി വരുന്ന വീട്ടമ്മമാർ, ഡ്രൈവർമാർ, ഓഫീസ് ജോലിക്കാർ എന്നിവർക്ക് ) വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ശരീരഭാരം വർദ്ധിക്കുക, ദഹനക്കേട്, അധികം ഇറുകിയ വസ്ത്രം ധരിക്കുക, ടൈറ്റ് ബെൽറ്റ് ധരിക്കുക, ഉദര ഭാഗത്ത് മുഴകളുണ്ടാകുക എന്നീ കാരണങ്ങൾ മൂലം സിരകളിൽ സമ്മർദ്ദമുണ്ടായും വെരിക്കോസ് വെയിനുണ്ടാവാം. ഗർഭകാലത്ത് ഗർഭാശയം വലുതാവുന്നതു മൂലമോ ഗർഭസ്‌ഥ ശിശുവിന്‍റെ ഭാരം മൂലമോ രക്തയോട്ടം തടസ്സപ്പെടുന്നതും മറ്റൊരു കാരണമാണ്. വലിയൊരു പരിധി വരെ പാരമ്പര്യവും കാരണമാകുന്നു.

സെക്കന്‍ററി വെരിക്കോസ് വെയിൻ

കാലിന്‍റെ ആന്തരിക ഭാഗത്തുള്ള സിരകൾ പടർന്നു ചുറ്റിപ്പിണയുന്നതാണ്. ‘സെക്കന്‍ററി വെരിക്കോസ് വെയിൻ.’ മുകൾ ഭാഗത്തെ സിരകളിൽ പ്രകടമായ മാറ്റം കാണുന്നില്ല എന്നതുകൊണ്ട് രോഗം എളുപ്പം നിർണ്ണയിക്കാനാവില്ല. എന്നാൽ ഇത് ഏറെ ഗുരുതരമായ അവസ്‌ഥയ്ക്ക് കാരണമാവാം.

രക്തപ്രവാഹം തുടർച്ചയായി തടസ്സപ്പെടുകയോ മന്ദഗതിയിലാവുകയോ ചെയ്യുന്നത് രക്തം കട്ടപിടിക്കാനിടയാക്കും. കട്ട പിടിച്ച രക്തം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമെത്തി രക്‌തത്തെ കൂടുതൽ ദുഷിപ്പിച്ച് സങ്കീർണ്ണമായ പ്രശ്‌നങ്ങളുണ്ടാകാം.

രോഗ ലക്ഷണങ്ങൾ

ആദ്യമാദ്യം നിൽക്കുമ്പോഴോ കാൽ തൂക്കിയിട്ടിരിക്കുമ്പോഴോ കാലിൽ നീരുണ്ടാവാം. കിടക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോൾ തെല്ലൊരു ആശ്വാസം തോന്നാം. നീരിനൊപ്പം കാലിനു ഭാരം തോന്നുകയോ വേദന അനുഭവപ്പെടുകയോ ചെയ്യാം. നടക്കുമ്പോൾ കാലിന്‍റെ വേദന കൂടാം. രോഗം കൂടുതൽ രൂക്ഷമാവുമ്പോഴാണ് ചുറ്റിപ്പിണഞ്ഞ നീല സിരകൾ പുറമേക്ക് പ്രകടമാവുന്നത്.

ഇപ്രകാരം തടിച്ചു പൊന്തിയ സിരകളുടെ ചർമ്മം ഏറെ ദുർബലമായിരിക്കും. ചെറിയ ഉരസലോ വരച്ചിലോ മതി, മുറിവുണ്ടാകുവാനും ഇൻഫക്ഷനുണ്ടാകുവാനും സാധ്യതയേറെയാണ്. മുറിവുണങ്ങാൻ കാലദൈർഘ്യവും നേരിടും.

പരിഹാരം

ഉപരിതലത്തിൽ വ്യക്‌തമായി കാണുന്ന വെരിക്കോസിന് ചികിത്സ സാദ്ധ്യമാണ്. എന്നാൽ ആന്തരികമായി ബാധിക്കുന്ന വെരിക്കോസ് വെയിൻ ഭേദമാക്കുന്നതിന് കൂടുതൽ പരിശോധന നടത്തേണ്ടി വരും. വാൽവുകൾക്കുണ്ടാകുന്ന ക്ഷതങ്ങൾ, വെരിക്കോസ് ബാധിച്ച സിരകൾ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നീ കാര്യങ്ങൾ പരിശോധനയിലൂടെ മനസ്സിലാക്കാം.

പ്രതിരോധിക്കാം

ഏറെ നേരം ഒരേ അവസ്‌ഥയിൽ നിൽക്കേണ്ടി വരുമ്പോൾ കാലിനു ചെറിയ വ്യായാമം നൽകാൻ അല്‌പദൂരം നടക്കുകയോ കാൽ ചലിപ്പിക്കുകയോ ചെയ്യുക. തന്മൂലം രക്‌തം കാലിൽ അടിഞ്ഞു കൂടുകയില്ല. പതിവായി എന്തെങ്കിലും വ്യായാമം ചെയ്യുന്നത് സിരകളും പശികളും ആക്റ്റീവാകാൻ സഹായിക്കും.

വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമെന്തെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ശരീര ഭാരം നിയന്ത്രിക്കണം. പ്രായത്തിനു യോജിച്ച രീതിയിലായിരിക്കണം ശരീര ഭാരം. ഇതിനായി ഭക്ഷണ നിയന്ത്രണവും വ്യായാമവും അനിവാര്യമാണ്. ഉപ്പ് കുറഞ്ഞതും നാരുകൾ കൂടുതലടങ്ങിയതുമായ ഡയറ്റ് ശീലിക്കുന്നതു ഗുണകരമാ ണ്. ഉദരത്തിൽ മുഴകൾ ഉണ്ടെങ്കിൽ ഉടനെ ചികിത്സിച്ച് ഭേദമാക്കാം. ഗർഭകാലത്ത് വെരിക്കോസ് വെയിൻ സാധാരണമാണ്.

വെരിക്കോസ് വെയിനുള്ളവർ കാൽവണ്ണയിൽ ഇലാസ്‌റ്റിക്ക് ബാന്‍റുകൾ കെട്ടിവയ്ക്കുക. കിടക്കുമ്പോൾ തലയിണ വച്ച് കാൽ ഉയർത്തി വയ്ക്കുന്നതും നല്ലതാണ്. രോഗം രൂക്ഷമാവുകയാണെങ്കിൽ സിരകളിൽ ഇഞ്ചക്ഷൻ നൽകിയോ, ഓപ്പറേഷനിലുടെ രോഗ ബാധിതമായ സിരാഭാഗം നീക്കം ചെയ്തോ പ്രശ്നം പരിഹരിക്കാം.

നീണ്ടകഥ- ഒച്ച്

ഈറൻ പടർന്ന ഉച്ചനേരം. പുലർകാലത്തെ കുളിര് സൂര്യശകലങ്ങൾ ഏറ്റിട്ടും കുറഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ മങ്ങിയ പുക പോലെ മഞ്ഞ് തളം കെട്ടി നിൽക്കുന്നു. മേലോട്ട് ഉയർന്നു നിൽക്കുന വൻമരങ്ങൾ സൂര്യനെ ഏറെക്കുറെ തടുത്തു നിർത്തുന്നതായി തോന്നിച്ചു.

പച്ച തഴച്ച് നിബിഡമായ കാടിന്‍റെ പരിസരത്ത് ഷൂട്ടിംഗ് സംഘം തമ്പടിച്ചിരിക്കുന്നു. കാടിന്‍റെ പരിസരമായിട്ടാണോ എന്തോ ഷൂട്ടിംഗ് സംഘത്തിൽ ഏറെ ആളുകളില്ല. ഞാൻ അവിടെ എത്തിയപ്പോൾ കാണുന്നത് ഒരു ട്രോളി ഷോട്ട് വിവിധ ആംഗിളുകളിൽ ചിത്രീകരിച്ച കൊണ്ടിരിക്കുകയാണ് ക്യാമറമാനും കൂടെയുള്ളവരും. അത്ര പ്രശസ്തരായ നടീനടന്മാരല്ല ചിത്രവുമായി സഹകരിക്കുന്നത്. പ്രധാന നടനെ ഒന്നോ രണ്ടോ ചിത്രത്തിൽ കണ്ടതായി ഓർക്കുന്നു.

ഈ സിനിമയുടെ പ്രൊഡക്ഷനിൽ പ്രവർത്തിക്കുന്ന സുഹൃത്ത് തോമാച്ചന്‍റെ അതിഥിയായി ഞാൻ രണ്ടു ദിവസമായി സെറ്റിലുണ്ട്. ഒരു പ്രധാന കാര്യം സംസാരിക്കുവാനുണ്ടെന്നു തോമാച്ചൻ പറഞ്ഞിരുന്നു. അതിനാൽ ദൈനംദിന നിത്യജീവിതത്തിൽ നിന്നും ഒരു മാറ്റം കാംക്ഷിച്ച് വന്നതായിരുന്നു ഞാൻ. കുറച്ചു ദിവസമായി വിരസമായ ദിനരാത്രങ്ങൾ ആണ് എനിക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തോമാച്ചൻ ഇങ്ങനെ ഒരാവശ്യം എനിക്കു മുന്നിൽ വക്കുകയും കാറയക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ഏറെ ചിന്തിക്കാതെ പുറപ്പെടുകയായിരുന്നു. ഇവിടെ ഉന്മേഷകരമായ പരിസരം. പുതുമയേറിയ കാഴ്ചകൾ. എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ഷൂട്ടിംഗ് ക്രൂ പിന്നെ ഒന്നാന്തരം ഭക്ഷണം.

ഇപ്പോൾ തന്നെ നോക്കൂ. രാവിലെ അഞ്ചിലേറെ പ്രാതൽ വിഭവങ്ങൾ. ഇടക്കിടെ ചായയും സ്നാക്സും. പൊതുവെ ഷൂട്ടിംഗ് പരിസരം തീർത്തും രസകരമായി തോന്നി. എന്നാൽ തോമാച്ചൻ എന്നെക്കൊണ്ടുള്ള ആവശ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല. അതിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. രാവേറെ ചെല്ലുവോളം തിരക്കിലാണ് അയാൾ. അയാളുടെ പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ല. എന്നാൽ സെറ്റിലെമ്പാടും അയാൾ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഏത് വിഷയത്തിനും സെറ്റിലുള്ളവരുടെ നാവിൽ വരുന്നത് തോമാച്ചന്‍റെ പേരാണ്. ഏതായാലും രണ്ടു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ച വിവരം പറയാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഷൂട്ടിംഗ് സംഘാംഗങ്ങൾക്ക് അവധിയാണ്. ആ ഞായറാഴ്ചക്കു ശേഷം ലൊക്കേഷനും മറ്റും മാറുന്നുണ്ടെന്നാണ് അറിഞ്ഞത്. അതുവരെ തോമാച്ചൻ എനിക്കായി കല്ലിച്ചു നല്കിയ സ്ക്രിപ്റ്റ് അസിസ്റ്റന്‍റ് സ്ഥാനവും വഹിച്ച് കാഴ്ചകൾ കണ്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഭക്ഷണ സമയത്ത് അടുക്കു തട്ടുകളിൽ കൊണ്ടുവരുന്ന വിവിധങ്ങളായ ആഹാരപദാർത്ഥങ്ങൾ ആസ്വദിച്ച്, ഷൂട്ടിംഗിന്‍റെ രസച്ചേരുവ കണ്ടു മനസ്സിലാക്കി വല്ലപ്പോഴും ക്യാമറാമാന്‍റെ പുറകിൽ നിന്ന് ക്യാമറാക്കണ്ണുകളിലൂടെയുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ച് സമയം അങ്ങനെ കടന്നു പോയി.

തോമാച്ചന്‍റെ ആളെന്ന പരിഗണന എനിക്കവിടെ ലഭിച്ചു. എന്‍റെ ചെയ്ത്‌തുകൾക്ക് ആരും തടസ്സമൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് വേളയിൽ നടീനടന്മാർ വരുത്തുന്ന അബദ്ധങ്ങളും തമാശകളും ക്യാമറയിൽ നോക്കരുതെന്ന നിരന്തരമായ താക്കീതുകളും എല്ലാവരിലും ചിരി പടർത്തി. മികച്ച ഒരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആ ഒത്തൊരുമ എന്നെ ആഹ്ളാദഭരിതനാക്കി.

അങ്ങനെ ഒടുവിൽ ഞായറാഴ്ച വന്നെത്തി. കടുത്ത ഷൂട്ടിംഗ് നടപടിക്രമങ്ങളിൽ പരിക്ഷീണരായ സംഘം താത്കാലികമായി പണിത വാസസ്ഥലത്ത് വിശ്രമത്തിലാണ്. വിശദമായി സംസാരിക്കാനായി ഒരിടത്ത് പോകാനുണ്ടെന്ന തോമാച്ചന്‍റെ നിർദേശപ്രകാരം നേരത്തെ തന്നെ ഞാൻ തയ്യാറായിരുന്നു. പ്രാതൽ കഴിക്കാനായി പുറപ്പെട്ടു. പ്രാതൽ സപ്ലെ ചെയ്യുന്നിടത്ത് ഏറെ തിരക്കില്ല. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തിരക്കുണ്ടാകുക എന്ന് പുട്ടും കടലയും എന്‍റെ പ്ലേറ്റിലേക്ക് എടുത്തു തരുന്നതിനിടെ പ്രാതൽ കൗണ്ടറിൽ നിൽക്കുന്ന പയ്യൻ പറഞ്ഞു. ഒരു പുഴുങ്ങിയ മുട്ട പിളർന്ന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് സ്നേഹപൂർവ്വം ആ പയ്യൻ എന്‍റെ പിഞ്ഞാണത്തിൽ വച്ചു.

നല്ല പോലെ വെന്ത് മയമുള്ള പുട്ടിൻമേൽ നല്ല മസാല ചേർത്ത ചൂടുകടലക്കറി ഒഴിച്ച് കുഴച്ച് ഒപ്പം പപ്പടം പൊട്ടിച്ചു ചേർത്ത് കഴിക്കുന്നതിനിടെ എന്നെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ പയ്യനെ ഞാൻ പരിചയപ്പെട്ടു. ഒരു ഹിന്ദി സൂപ്പർ താരത്തെ അനുസ്മരിക്കുന്ന മുഖം ഭാവി സൂപ്പർ താരത്തിന്‍റെ പേര് അച്ചു. അടങ്ങാത്ത സിനിമാ അഭിനയമോഹവുമായി നാടുവിട്ടു വന്നവനാണ് അവൻ. അവന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നാലാകട്ടെ സിനിമയൊന്നും തരപ്പെട്ടില്ല. സൗന്ദര്യവും അധ്വാനശേഷിയും മുതൽക്കൂട്ടായി ഉണ്ടെങ്കിലും ഗോഡാദർമാർ ഭരിക്കുന്ന സിനിമാലോകത്ത് പാവം അച്ചു എന്ത് ചെയ്യാൻ?

സംവിധായകരുടെ വീടുകളിലും ഷൂട്ടിംഗ് സ്ഥലത്തും കുറെ അലഞ്ഞു എന്തെങ്കിലും പണിയെടുത്ത് ഷൂട്ടിംഗ് സംഘത്തോടൊപ്പം കൂടുന്നത് നടനാകുകയെന്ന തന്‍റെ മോഹം പൂവണിയാൻ ഗുണം ചെയ്യുമെന്ന് അച്ചു ഇപ്പോൾ വിശ്വസിക്കുന്നു. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ ഒരു വേഷം ലഭിച്ചതായി അവൻ സസന്തോഷം അറിയിച്ചു. അവന്‍റെ ആ സന്തോഷമാകാം കുരുമുളകുപൊടി തൂവിയ പുഴുങ്ങിയ മുട്ടയുടെ രൂപത്തിൽ എന്‍റെ പ്ലേറ്റിലെത്തിയത്. തെല്ലിട കഴിഞ്ഞ് തോമാച്ചനും ആഹാരം കഴിഞ്ഞെത്തി. കഴിച്ചയുടൻ സമയം കളയാതെ അല്പദൂരം നടക്കാമെന്ന് നിശ്ചയിച്ചു.

വന്യമായ തണവാഴ്ന്ന‌ിറങ്ങിയ കാനനഭംഗി. ശബ്ദാരവത്തോടെ സഹർഷം പുതുദിവസത്തെ വരവേൽക്കാനൊരുങ്ങി സഹസ്രങ്ങളായ ജീവബിന്ദുക്കൾ. വേരുകൾ കൈത്താങ്ങു തീർത്ത പച്ചതഴച്ച ചെടിപ്പടർപ്പ്. തെല്ലു നടന്നപ്പോൾ ഒരരുവിയുടെ കളകളാരവം കേട്ടു. ആ നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ കാഴ്ച കാണാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. തെല്ലു ഉയിർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ പകുത്ത് തിരതല്ലുന്ന തെളിനീരുറവ. വെള്ളത്തിന്‍റെ തലോടലിൽ സാന്ദ്രമായ സുതാര്യമായ വെള്ളാരങ്കല്ലുകൾ. തീരങ്ങളിലെ വെള്ളാരങ്കല്ലുകൾ സൂര്യ സ്പർശമേറ്റ് മുഖം മിനുക്കുന്നു.

തെളിനീരിലിറങ്ങി മുഖവും കാലും കഴുകി. ചെറുമീനുകളുടെ പറ്റങ്ങൾ പാദത്തെ ഇക്കിളി കൂട്ടി. ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയെ തഴുകി വരുന്ന നീരിന്‍റെ കുളിർമ്മ. പുഴങ്കരയിലെ നിരപ്പായ പാറപ്പുറത്ത് ഞങ്ങളിരുന്നു. അരുവിയിലെ അലകൾ നോക്കിയിരിക്കുന്ന തോമാച്ചൻ. എനിക്കു ആകാംക്ഷ അടക്കാനായില്ല. ക്ഷമകെട്ട് ഞാൻ ആരാഞ്ഞു.

“തോമാച്ചാ വന്ന കാര്യം പറയൂ. കുറച്ചു ദിവസമായി ഞാൻ നിങ്ങളുടെ ഷൂട്ടിംഗ് സംഘത്തൊപ്പം ഉണ്ട്. അതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. സന്തോഷമേ ഉള്ളൂ. എന്നിരുന്നാലും എന്നെ ഇവിടെ വരുത്തിച്ചതെന്തെനെന്നറിയാൻ ആകാംക്ഷയുണ്ട്. ”

തോമാച്ചൻ കൈയ്യിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്ന് ചായയെടുത്ത് ഒരു ചായ ഫ്ലാസ്ക്കിന്‍റെ മൂടിയിലും മറ്റൊരു ഗ്ലാസ്സിലുമായി ഒഴിച്ചു. ഗ്ലാസ്സിലൊഴിച്ച ചായ എനിക്കു നല്കിയ ശേഷം ഫ്ലാസ്കിന്‍റെ മുടിയിലൊഴിച്ച ചായ അല്ലാൽപ്പം മൊത്തിക്കുടിച്ചു തുടങ്ങി. എന്നിട്ടു ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കവർ പൊളിച്ച് എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇതു കഴിക്കു എല്ലാം ഞാൻ പറയാം.”

ഞാൻ ഒന്നെടുത്ത് ചായയിൽ മുക്കി കഴിച്ചു. തുടർന്ന് തോമാച്ചന്‍റെ മുഖത്ത് ഉറ്റുനോക്കി. ഒരു മുഖവുരയെന്നോണം അയാൾ പറഞ്ഞു തുടങ്ങി.

‘എന്നെ ഈ വിവരങ്ങൾ ഏൽപ്പിച്ചതാരാണെന്നോ അതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ എന്നോട് ചോദിക്കരുത്. എങ്കിലും എനിക്ക് പരിമിതമായ അറിവേ ഇക്കാര്യത്തിലുള്ളൂ. തീർത്തും ഒഴിവാക്കാനാവാത്തതായി സാമിന് തോന്നുന്ന വിവരങ്ങൾ പറ്റാവുന്ന തരത്തിൽ ഞാൻ കണ്ടെത്തിത്തരാം. അതേ ഇപ്പോൾ മുൻകൂറായി പറയാനാകൂ. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ഈയൊരു വിഷയം എന്നെ ഏൽപ്പിച്ചത്.

തോമാച്ചന്‍റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴഞ്ഞ പ്രശ്നത്തിനുള്ള ഉത്തരമാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

“എന്താണെങ്കിലും തോമാച്ചൻ പറയു. കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം.” ഞാൻ പറഞ്ഞു.

തോമാച്ചൻ ചായ കുടിച്ചു തീർത്ത് പതുക്കെ പറഞ്ഞു തുടങ്ങി…

നീണ്ട മുടിയുടെ പരിചരണം

ഹായ്, പനങ്കുല പോലത്തെ മുടി.” മറ്റുള്ളവരുടെ അതിശയം കണ്ട് ത്രില്ലടിച്ചു നിൽക്കുന്ന സുന്ദരി കുട്ടിയുടെ പോലെ നീണ്ട മുടി നിങ്ങൾക്കും ഉണ്ടായാലോ? ഇടതൂർന്ന നീണ്ട മുടി ഭംഗിയായി സംരക്ഷിക്കുക അത്ര എളുപ്പമല്ല. കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് മുടിക്ക് കാര്യമായ പരിചരണം ലഭിക്കേണ്ടതുണ്ട്.

ഷാമ്പു കൈ വെള്ളയിലെടുത്ത് തലയോട്ടിയിലേക്ക് നേരി ട്ട് തേച്ചു പിടിപ്പിക്കരുത്. ഷാമ്പൂ നേർപ്പിച്ച ശേഷമേ നനഞ്ഞ മുടിയിൽ തേച്ചു പിടിപ്പിക്കാവു. ഇനി ശുദ്ധജലം ഉപയോഗിച്ച് മുടി കഴുകുക. ഷാമ്പു, പൊടി, മൃതകോശങ്ങൾ, അഴുക്ക് എന്നിവ നീങ്ങാനായി ധാരാളം വെള്ളം ഉപയോഗിച്ച് മുടി കഴുകണം. ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കരുത്.

കഴുകിയ ശേഷം കൈ കൊണ്ട് മുടിയുടെ അറ്റത്തുള്ള വെള്ളം പിഴിഞ്ഞു കളയണം. ഉണങ്ങിയ ടവ്വൽ കൊണ്ട് മുടി മൃദുവായി തോർത്തി ഉണക്കാം. മുടിയിൽ ടവ്വൽ കെട്ടിവയ്ക്കുകയുമാവാം. നനഞ്ഞ മുടി ചീകരുത്. മുടി എളുപ്പം പൊട്ടിപ്പോകാൻ ഇത് ഇട വരുത്തും. മുടി അഴിച്ചിട്ട് സ്വാഭാവികമായി ഉണക്കുക. നീണ്ട മുടി ഉണങ്ങിക്കിട്ടാൻ താമസമെടുക്കുമെന്നതിനാൽ ഡ്രൈയർ ഉപയോഗിക്കാം. മുടിയിൽ നിന്നും 16 ഇഞ്ച് അകലത്തിൽ ഡ്രൈയർ പിടിക്കണം. ഇത് ഒരേ ദിശയിൽത്തന്നെ പിടിച്ച് മുടി ഉണക്കരുത്. അമിത ചൂട് മുടിക്ക് ദോഷം വരുത്തും.

പ്രീ ഷാമ്പു ട്രീറ്റ്‌മെന്‍റ്

സാധാരണ മുടി/ ഡ്രൈ ഹെയർ രാത്രി ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ/ വെജിറ്റബിൾ എണ്ണ/ ഒലിവ് ഓയിൽ ഇവയിലേതെങ്കിലുമൊന്ന് സ്‌കാൽപിൽ നന്നായി തേച്ചു പിടിപ്പിക്കുക. പിറ്റേന്ന് കഴുകിക്കളയാം. മസാജിംഗ് മുടി വേരുകളിലേക്കുള്ള രക്തപ്രവാഹം ദ്രുതഗതിയിലാക്കുന്നു. ശക്തിയായി തുവർത്തുന്നതും കൂടുതൽ നേരം മസാജ് ചെയ്യുന്നത് മുടിക്ക് ദോഷമേ വരുത്തൂ. സ്‌കാൽപിലും മുടിയിഴകളിലും ഇളം ചൂടുള്ള എണ്ണ തേച്ചു പിടിപ്പിക്കാം. ഇനി ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽ തലയിൽ 5 മിനിറ്റോളം കെട്ടി വയ്ക്കാം. ഈ പ്രോസസ് മൂന്നു നാലു തവണ ആവർത്തിക്കാം.

ഡ്രൈ ഹെയർ: വരണ്ട മുടിയുള്ളവർ കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് മുട്ടയോ തൈരോ തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി ഷാമ്പു ഉപയോഗിച്ച് മുടി കഴുകാം. മുടിക്ക് നല്ല തിളക്കവും പോഷണവും ലഭിക്കും.

ഓയിലി ഹെയർ: ഷാമ്പു ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് മുട്ടയുടെ വെള്ള മുടിയിൽ തേച്ചു പിടിപ്പിക്കുക. പോഷക സമ്യദ്ധമായ ക്ലെൻസർ കൂടിയാണിത്.

തിളക്കം കിട്ടാൻ: തേയില വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കഴുകുന്നത് മുടിക്ക് തിളക്കം നൽകും. ഇതിനായി ഉപയോഗിച്ച തേയില തന്നെ വീണ്ടും തിളപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ഏകദേശം നാലു കപ്പ് തേയിലവെള്ളം തണുപ്പിച്ച് അരിച്ചെടുക്കണം. ഇതിൽ നാരങ്ങാ നീരും ചേർക്കാം. ഷാമ്പൂ ചെയ്ത് കഴുകിയ മുടി വീ ണ്ടും തേയില വെള്ളമുപയോഗിച്ച് കഴുകിയാൽ നല്ല തിളക്കം കിട്ടും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ടെൻഷൻ, സ്ട്രെസ്സ് ഒഴിവാക്കുക.
  • മതിയായ വിശ്രമം, ശരിയായ ഉറക്കം.
  • നീണ്ട മുടി യഥാസമയം അറ്റം വെട്ടി സംരക്ഷിക്കാം.
  • ഷവറിനടിയിൽ മുടി കഴുകാം.
  • കാലാവസ്‌ഥയ്ക്കും മുടിയുടെ ഘടനയ്ക്കും അനുയോജ്യമായ ഷാമ്പൂ/ കണ്ടീഷനിംഗ് പ്രൊഡക്ട്സ് ഉപയോഗിക്കാം.
  • രാസപദാർത്ഥങ്ങളടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപന്നങ്ങൾ ഒഴിവാക്കുക.
  • റബ്ബർ ബാന്‍റും തുരുമ്പ് പിടിച്ച ക്ലിപ്പും ഉപയോഗിക്കരുത്.
  • യാത്ര ചെയ്യുമ്പോൾ പൊടിയും മറ്റും പറ്റിപ്പിടിക്കാതിരിക്കാനും അമിത വെയിൽ ഏൽക്കാതിരിക്കാനും സ്‌കാർഫ് കെട്ടി വയ്ക്കാം.

പേപ്പർ ജ്വല്ലറി

സംഗതി കടലാസാണെങ്കിലും ഇതിന് കടലാസു വില മാത്രമാണെന്ന് വിചാരിക്കരുത്. പേപ്പർ ആഭരണങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതു തലമുറക്കാർക്ക് പ്രിയങ്കരമാണ് പേപ്പർ ജ്വല്ലറി. കല്ലും മുത്തും ബീഡ്സും വിവിധ മെറ്റീരിയലുകളിൽ തയ്യാറാക്കി ആഭരണങ്ങൾ അണിയാൻ ഏവർക്കും ഇഷ്ടമാണ്. മെറ്റലിലോ സ്വർണ്ണത്തിലോ ഉള്ള ഭാരിച്ച ആഭരണങ്ങൾ അണിഞ്ഞ് കാത് തൂങ്ങി പോകും എന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പേപ്പർ ജ്വല്ലറിക്ക്  ഇല്ല. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ഇവ അണിഞ്ഞ് കൂടുതൽ ഫാഷനബിളാകാം. കൂൾ മോഡേൺ ലുക്ക് നൽകാൻ പേപ്പർ ആഭരണങ്ങൾ സഹായിക്കും കൂടാതെ സ്വന്തം കലാഭിരുചി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ തന്നെ ബ്യൂട്ടിഫുൾ എന്ന് പ്രശംസ പിടിച്ചു പറ്റുന്ന ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്.

ഇഷ്ടമുള്ള രൂപത്തിലും നിറത്തിലും വലിപ്പത്തിലും സ്വയം തയ്യാറാക്കാനും കഴിയും എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പേപ്പർ റോൾ ചെയ്തും ക്വിലിംഗ് ടെക്നിക് ഉപയോഗിച്ചും അൽപം സർഗ്ഗാത്മകത ഉപയോഗിച്ച് ഇഷ്ടമുള്ള ആഭരണങ്ങൾ ഇഷ്ടമുള്ള ഡിസൈനിൽ നിർമ്മിക്കാം. വ്യത്യസ്‌ത തരം വർണ്ണക്കടലാസുകൾ, നേർത്ത കമ്പി, നൂൽ, ഇയർ ലൂപ്‌സ്, പഴയ ഇയർ ടോപസ് എന്നിവ മാത്രം മതി മനോഹരമായ പേപ്പർ ആഭരണങ്ങൾ തയ്യാറാക്കാൻ. ഉപയോഗ ശൂന്യമായ പഴയ ഇയർ ടോപ്‌സിന് മുകളിൽ ഒട്ടിച്ചും ഫാഷൻ ട്രെൻറ് സൃഷ്ടിക്കാം.

  • ഇഷ്ടനിറത്തിലുള്ള പേപ്പർ നീണ്ട ത്രികോണാകൃതിയിൽ മടക്കി 2 സെ.മീ. വീതി, 9 സെ.മീ. നീളം, 1 സെ.മീ. വീതി, 10 സെ.മീ. നീളം എന്നീ അളവുകളിലായി വെട്ടിയെടുക്കുക.
  • തുന്നൽ സൂചിയുടെ തടിച്ച അഗ്രം കൊണ്ട് പേപ്പർ കഷണം റോൾ ചെയ്തശേഷം രണ്ട് അറ്റവും പശ തേച്ച് ഒട്ടിക്കുക. ഇപ്രകാരം പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് മുത്തുകൾ തയ്യാറാക്കാം.
  • ഇനി നൂലെടുത്ത് ഒരറ്റത്ത് കെട്ടിട്ട ശേഷം മറ്റേ അറ്റത്തുകൂടി ഒരു വലിയ മുത്ത്, ഒരു ചെറിയ മുത്ത് എന്ന ക്രമത്തിൽ ഓരോന്നായി കോർക്കുക. ഇഷ്ട‌മനുസരിച്ച് മാലയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
  • ഇപ്രകാരം നിങ്ങൾക്ക് ബ്രേസ്‌ലെറ്റ് തയ്യാറാക്കാം.
  • ഡാംഗ്ളർ തയ്യാറാക്കണം എന്നുണ്ടെങ്കിൽ ഒരു വലിയ മുത്ത് നേർത്ത കമ്പിയിൽ കോർത്ത് ഇയർ ലൂപ്പിൽ കെട്ടിയിട്ട് ഡാംഗ്ളർ തയ്യാറാക്കാം.

പെൻഡന്‍റും ഡാംഗ്‌ളറും

പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് പെൻഡൻറും ഡാംഗ്ളറും തയ്യാറാക്കാം. അതിനായി അര സെ.മീ. വീതിയിലും 12 സെ.മീ. നീളത്തിലുമായി പേപ്പർ മുറിച്ചെടുക്കണം. മുറിച്ചെടുത്ത പേപ്പർ കഷണത്തിന്‍റെ ഒരറ്റം ചുരുട്ടി അല്‌പം ലൂസാക്കിയശേഷം അറ്റത്ത് പശ തേച്ച് ഒട്ടിക്കാം. ഇപ്രകാരം കിൽഡ് ബീഡ്‌സ് തയ്യാറാക്കുക. ഇനി പേപ്പർ റോൾ ചെയ്ത് ബീഡ് തയ്യാറാക്കണം. അതിനു ശേഷം ഒരു കമ്പിയിൽ കിൽഡ് ബീഡ്, ചെറിയ ബീഡ്, വലിയ പേപ്പർ റോൾ എന്നീ ക്രമത്തിൽ കോർത്ത് മനോഹരമായ ഡാംഗ്ളർ തയ്യാറാക്കാം. ഇതുപോലെ തന്നെ ഇഷ്ടമുള്ള ആകൃതിയിലും ഡിസൈനിലും പെൻഡന്‍റ് തയ്യാറാക്കാം.

ഇത്തരം പേപ്പർ ബീഡ്‌സ് കൊണ്ട് ആഭരണങ്ങൾ മാത്രമല്ല, ഇഷ്‌ടമുള്ള കലാ രൂപങ്ങളും തയ്യാറാക്കാം. കലാഭിരുചി ഉള്ളവർക്ക് ഗ്രീറ്റിംഗ് കാർഡുകൾ, ഡെക്കറേറ്റീവ് പാനൽ, ഫോട്ടോ ഫ്രെയിമിന്‍റെ ബോർഡർ, അലങ്കാര തൂക്കങ്ങൾ, കർട്ടൻ ഹുക്കുകൾ എന്നിവ പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് സുന്ദരമാക്കാം. സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ പേപ്പർ ആഭരണങ്ങൾ ധരിച്ച് ഫാഷനബിളാകാം…

ചെന്തമിഴ് പെൺകൊടി

കഥ പറയുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മുഖക്കുരു ചോപ്പുള്ള കവിളുകളുമായി മലയാളി മനസിലേക്ക് നൃത്തം ചെയ്‌ത് പ്രവേശിച്ച ചെന്തമിഴ് സുന്ദരി സായ് പല്ലവി.

തെന്നിന്ത്യൻ സിനിമ ലോകത്ത് സങ്കീർണ്ണമായ കഥാപാത്രങ്ങളെ പോലും അനായാസം അവതരിപ്പിക്കാനുള്ള കഴിവ് സായ് പല്ലവിക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമരംഗത്തു എത്തിയ നർത്തകി കൂടിയായ ഈ യുവ ഡോക്‌ടർ തന്‍റെതായ നിലപാടുകൾ ഉള്ള താരം എന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു.

സിനിമയിൽ വന്ന കാലം മുതൽ പല തരത്തിലുള്ള ഗോസിപ്പുകളും നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് സായ് പല്ലവി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നടനുമായി താരം പ്രണയത്തിലാണെന്നായിരുന്നു ഏറ്റവും ഒടുവിലെത്തിയ ഗോസിപ്പ്. നാളിതുവരെ ഇത്തരം ഗോസിപ്പുകളോടൊന്നും താരം പ്രതികരിച്ചിട്ടേയില്ല.

എന്നാൽ ബോൾഡ് നിലപാടുകൾ എന്നാൽ ഇന്‍റിമേറ്റ് സീൻ ചെയ്യുക എന്ന ധാരണ തിരുത്തി കുറിക്കുകയും ചെയ്തു സായ് പല്ലവി. ഇന്‍റിമേറ്റ് സീനുകൾ കാരണം ഈ നടി ഒരു ബിഗ് ബജറ്റ് സിനിമ നിരസിച്ചു. കോടികളുടെ ഓഫർ വേണ്ടെന്ന് വെച്ചു.

സൗത്ത് ഇൻഡസ്ട്രിയിൽ ഇന്‍റിമേറ്റ് സീനുകളും സെക്‌സി ഡാൻസും ചെയ്യുന്നതിൽ നവനായികമാർ ആരും തന്നെ ഒട്ടും മടിക്കാറില്ല. സായ് പല്ലവി തന്‍റെ കരിയറിൽ ഇതുവരെ ഒരു ചി ത്രത്തിലും ചുംബനരംഗം നൽകിയിട്ടില്ല. കാരണം സായി പല്ലവിയുടെ അഭിപ്രായത്തിൽ അത്തരം രംഗങ്ങൾ നൽകുന്നത് തന്‍റെ കുടുംബാംഗങ്ങളുടെ പ്രതിച്‌ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും കുടുംബത്തിന് മുന്നിൽ അത്തരം സിനിമകളിൽ താൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സായ് പല്ലവി പറയുന്നു.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ബിഗ് ബജറ്റ് ചിത്രം ഡിയർ കോമ്രേഡിൽ ആദ്യം പരിഗണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഒരു നീണ്ട ചുംബന രംഗവും ഇന്‍റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സായ് പല്ലവി ഈ സിനിമ ചെയ്യാൻ വിസമ്മതിച്ചത്. സായ് പല്ലവി നിരസിച്ചതിനെത്തുടർന്ന് ഈ ചിത്രം രശ്മിക മന്ദാന ചെയ്തു‌. എന്തായായും ഈ സിനിമ ചെയ്യാത്തതുകൊണ്ട് സായ് പല്ലവിക്ക് ഒരു നഷ്ടവും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം.

സ്വന്തം നിലപാടുകളിൽ നിന്നുകൊണ്ട് പോലും ഈ രംഗത്ത് വിജയം നേടാമെന്ന് പറഞ്ഞാൽ തെറ്റില്ല. ബോളിവുഡിൽ സൂപ്പർ സ്‌റ്റാർ നടൻ സൽമാൻ ഖാന് ചുംബന രംഗങ്ങളോട് കടുത്ത എതിർപ്പുണ്ടെന്നത് ശ്രദ്ധേയമാണ്. സൽമാൻ ഖാനും തന്‍റെ കരിയറിൽ ഇതുവരെ ഒരു ചിത്രത്തിലും ചുംബനരംഗം നൽകിയിട്ടില്ല.

തമിഴ്‌നാട്ടിലെ നീലഗിരിയിൽ “ബഡിഗ” സമുദായക്കാരിയാണ് സായ് പല്ലവി. സഹോദരി പൂജ കണ്ണൻ അടുത്തിടെ പരമ്പരാഗത ബഡിഗ ചടങ്ങ് പ്രകാരം വിവാഹിതരായി.

താൻ ബഡിഗ സമുദായത്തിൽ നിന്നുള്ളയാളാണെന്നും സ്വന്തം വിവാഹത്തെ കുറിച്ച് കുടുംബത്തിന്‍റെ പ്രതീക്ഷകൾ എന്തായിരിക്കുമെന്നും സായ് പല്ലവി ഇങ്ങനെ പറയുന്നു. “കുട്ടിക്കാലത്തു എന്‍റെ മാതാപിതാക്കൾ ഞാൻ വലുതാകുമ്പോൾ ഒരു ബഡിഗയെ വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പലരും സമുദായത്തിന് പുറത്ത് വിവാഹം കഴിക്കാൻ ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ അതിനുശേഷം അവർ കോട്ടഗിരിയിലെ ഹട്ടിയിൽ താമസിക്കുന്നില്ല. എന്‍റെ അച്ഛനും അമ്മയും കോയമ്പത്തൂരിലാണ് താമസിക്കുന്നത്. അതിനാൽ മറ്റുള്ളവർ അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന സമ്മർദ്ദം അവർക്കില്ല.”

സമൂഹത്തിന് പുറത്തുള്ള വിവാഹം ഒരാളുടെ ജീവിതത്തിലേക്ക് ചില മുൻവിധികൾ ക്ഷണിച്ചുവരുത്തുമെന്നും അവർ പരാമർശിച്ചു. നിങ്ങൾ ബഡിഗയല്ലാത്ത ഒരാളെ വിവാഹം കഴിക്കുമ്പോൾ ഗ്രാമത്തിലെ ആളുകൾ നിങ്ങളെ മറ്റൊരു തരത്തിലാണ് നോക്കുന്നത്. അവരുടെ ചടങ്ങുകളിലേക്കും ഉത്സവങ്ങളിലേക്കും ക്ഷണിക്കുന്നില്ല. ശവസംസ്‌കാര ചടങ്ങുകൾക്ക് വരാൻ അനുവദിക്കില്ല. അത് അവരുടെ ജീവിതത്തെ ബാധിക്കുന്നു.

അവിടെ ജനിച്ചു വളർന്ന ആളുകൾക്ക് അവരെ ഉൾപ്പെടുത്താതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കണം എന്ന് അച്‌ഛൻ എന്നോട് പറയാറുണ്ട്. സംസ്ക‌ാരത്തിന്‍റെ പേരിൽ ഒരു വ്യക്തിയെ ഇങ്ങനെയൊക്കെ ബ്ലാക്ക് മെയിൽ ചെയ്യാനാകില്ലെന്ന് ഞാൻ അച്‌ഛനോട് പറയാറുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഉള്ള ചെറിയ വിഭാഗമാണ് ബഡിഗകൾ. വ്യതിരിക്‌തമായ സംസ്‌കാരത്തിനും ഭാഷയ്ക്കും പാരമ്പര്യത്തിനും പേരു കേട്ടവരാണ് ഇവർ. ദ്രാവിഡ ഭാഷയായ ബഡിഗ വളരെ കുറച്ച് ആളുകൾ മാത്ര മേ സംസാരിക്കുന്നുള്ളു. അവരിൽ കൂടുതലും സമുദായത്തിലെ പ്രായമായ അംഗങ്ങളാണ്. എങ്കിലും സായ് പല്ലവിക്ക് ഈ ഭാഷ അറിയാം.

തലലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത ആചാരങ്ങൾ കൊണ്ട് ബഡിഗകൾക്ക് സമ്പന്നമായ സാംസ്‌കാരിക പൈതൃകമുണ്ട്. മനോ ഹരമായ കൈത്തറിതുണികൾ, ഷാളുകൾ, ഡിസൈനുകൾ, നിറങ്ങൾ, നാടോടി സംഗീതം എന്നിവയൊക്കെകൊണ്ട് സമ്പന്നമാണ് ബഡിഗ പൈത്യകം. വിവിധ പരമ്പരാഗത നൃത്തങ്ങളും പാട്ടുകളും അവർ ഇന്നും പരിശീലിക്കുന്നു.

ജനസംഖ്യ കുറവാണെങ്കിലും നീലഗിരി പ്രദേശത്തിനും ദക്ഷിണേന്ത്യൻ സംസ്‌കാരത്തിനും മൊത്തത്തിൽ ബഡിഗകൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ വിവാഹം വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യമാണ് സായിക്ക്. മതത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ താരം മുമ്പും അപലപിച്ചിട്ടുണ്ട്. കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും ഗോ സംരക്ഷണ പ്രചാരവും തെറ്റാണെന്ന് ഒരിക്കൽ അവർ പറഞ്ഞിരുന്നു.

സായ് പല്ലവിയുടെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അവളുടെ ധൈര്യത്തെ അഭിനന്ദി ച്ചപ്പോൾ മറ്റുള്ളവർ അവളെ ട്രോളി.കശ്‌മീർ ദുരന്തത്തെ അവർ ഇകഴ്ത്തുകയാണെന്ന് പലരും പറഞ്ഞു. അതിന് ശേഷം വിവാദ വിഷയങ്ങളിൽ മനസ്സ് തുറന്ന് പറയുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുമെന്ന് സായ് പല്ലവി പറയന്നു.

“എന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ എന്‍റെ ഹൃദയം പറയുന്നതിന് മുമ്പ് ഞാൻ രണ്ടുതവണ ആലോചിക്കും.” “ദി കശ്മ‌ീർ ഫയൽസ്” എന്ന ചിത്രം തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ദിവസങ്ങളോളം തന്നെ മാനസികമായി വേദനിപ്പിച്ചെന്നു. സായ് പല്ലവി പറഞ്ഞു.

വംശഹത്യ പോലെയുള്ള ഒരു ദുരന്തത്തെയും അത് ഇപ്പോഴും ബാധിക്കുന്ന തലമുറകളെയും ഞാൻ ഒരിക്കലും നിസ്സാരവൽകരിക്കില്ല. കോവിഡ് കാലത്ത് ആ വീഡിയോ കണ്ടതും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടു. സായ് ഓർക്കുന്നു. നിഷ്പക്ഷ കുടുംബത്തിലാണ് താൻ വളർന്നതെന്നും നല്ല മനുഷ്യനാകാനാണ് താൻ പഠിച്ചതെന്നും അവർ പറയുന്നു.

നിരവധി സിനിമകളാണ് സായ് പല്ലവിയുടേതായി വരാനുള്ളത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജൻ ജീവിതം സിനിമയായ അമരനു ശേഷം രൺബീർ കപൂറിനൊപ്പം രാമായണത്തിലെ സീത ആയി സായ് പല്ലവി വെള്ളിത്തിരയിൽ എത്തും.

നടത്തം ആരോഗ്യം കാക്കും

ആതിരേ, കോളിംഗ് ബെല്ലടിക്കുന്നു. ആരാ വന്നിരിക്കുന്നതെന്നു നോക്കു… ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടു തരൂ… ആ ഫോൺ വേഗം ചെന്നെടുക്ക്. ചില ഭർത്താക്കന്മാരുടെ സ്‌ഥിരം ഡയലോഗുകളാണിത്. ഇങ്ങനെ ദേഹമനങ്ങാതിരിക്കുന്ന അലസന്മാർക്ക് ഹൃദ്‌രോഗവും രക്ത‌സമ്മർദ്ദവുമൊക്കെ വന്നില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.

നല്ല ആരോഗ്യത്തിന് കായികാധ്വാനവും വ്യായാമവും യോഗയും എല്ലാം ആവശ്യമാണ്. സമയക്കുറവ്, സൗകര്യക്കുറവ്, കാലാവസ്‌ഥ എന്നീ കാരണങ്ങളാൽ പലർക്കുമിതിന് സാധിച്ചെന്നുവരില്ല. അതിനാൽ നടത്തം ദിനചര്യയുടെ ഭാഗമാക്കുക. രാവിലെ നടക്കുന്നതാണ് ഏറ്റവും നല്ലത്. ശുദ്ധവായു ശ്വസിച്ച്, കാഴ്‌ചകൾ ആസ്വദിച്ച് പങ്കാളിയോടൊത്തോ സുഹൃത്തുക്കൾക്കൊപ്പമോ ഒരു പ്രഭാത സവാരി… ടെൻഷനും വിഷാദവും ഒരുപരിധിവരെയകറ്റാൻ നടത്തത്തിലൂടെ കഴിയും. ഹൃദ്‌രോഗികൾക്കും നടത്തം നല്ലൊരു വ്യായാമമാണ്. എന്നാൽ ഡോക്ട‌റോടു ചോദിച്ചു വേണമെന്നു മാത്രം.

വീട്ടിൽ

  • പ്രാതലിനു മുമ്പോ, അത്താഴത്തിനു ശേഷമോ ഉലാത്തുന്നത് നല്ലതാണ്.
  • വീട്ടു ജോലികൾ കഴിവതും സ്വയം ചെയ്യാൻ ശ്രമിക്കണം.
  • ചെറിയ ഷോപ്പിംഗിനായി വാഹനം ഉപയോഗിക്കരുത്. തൊട്ടടുത്താണ് കടയെങ്കിൽ നടന്നുതന്നെ പോകണം.
  • പ്രഭാത സവാരി നടത്തുമ്പോൾ ആദ്യം പതിയെ നടന്നു തുടങ്ങി പിന്നീട് നടത്തത്തിനു വേഗത കൂട്ടാം. കയറ്റവും ഇറക്കവുമുള്ള വഴി തന്നെ തെരഞ്ഞെടുക്കണം.
  • ഒരു ഗ്ലാസ്സ് വെള്ളമെടുക്കാൻ പോലും മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം മാറ്റുക.
  • ഇരുന്നു സംസാരിക്കുന്നതിനു പകരം എഴുന്നേറ്റുനിന്ന് ഫോൺകോളുകൾ അറ്റൻഡ് ചെയ്യണം.

ഓഫീസിൽ

  • സഹപ്രവർത്തകരോട് ഫോണിൽ സംസാരിക്കുന്നതിനു പകരം അടുത്തു ചെന്ന് സംസാരിക്കാം.
  • ലിഫ്റ്റിനു പകരം സ്റ്റെയർകെയ്സ് ഉപയോഗിക്കാം.
  • ഉച്ച ഭക്ഷണത്തിനുശേഷം അല്‌പം നടക്കുക.
  • നടന്നു പോകാവുന്ന ദൂരത്താണ് ബസ് സ്‌റ്റോപ്പെങ്കിൽ ടാക്സി, ഓട്ടോ യാത്ര ഒഴിവാക്കി നടന്നുതന്നെ പോകണം. ഓഫീസിൽ നിന്നും മടങ്ങുമ്പോൾ ബസ് സ്‌റ്റോപ്പുവരെ നടക്കാം.

വസ്ത്രധാരണം

  • നടക്കാൻ പോകുമ്പോൾ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കണം.
  • കാൻവാസ് ഷൂസോ, ഉപ്പുറ്റിയുടെ പിന്നിൽ സ്ട്രാപ്പുള്ള ചെരിപ്പോ ധരിക്കാം. സ്ളിപ്പർ പോലുള്ള ചെരിപ്പുകൾ ഒഴിവാക്കണം. ഹീൽ ഉള്ള ചെരിപ്പുകളും ഉപയോഗിക്കരുത്.

നല്ല നടത്തം

ആദ്യം 15- 20 മിനിറ്റ് നടക്കണം. പടിപടിയായി നടത്തത്തിനു വേഗത കൂട്ടാം… ബ്രേക്ക് ചെയ്തുതുള്ള നടത്തമാണ് നല്ലത്. ഇടവേളകളിൽ 5 മിനിറ്റ് വാം അപ്പ് വ്യായാമം, കൂൾ ഡൗൺ എക്സ‌ർസൈസ് എന്നിവ ആവാം.

വാം അപ്പ്

നടപ്പ് തുടങ്ങുന്നതിനുമുമ്പ് 5 മിനിറ്റോളം ശരീരത്തിനു വാമിംഗ് അപ്പ് ആവശ്യമാണ്. നടക്കാൻ പോകുന്നതിനുമുമ്പ് നാലോ അഞ്ചോ മിനിറ്റ് കൈയും കാലും ചുഴറ്റിയാൽ മതി. ശരീരം വിയർക്കണമെന്നു നിർബന്ധമില്ല. സ്ട്രെച്ച് എക്‌സർസൈസ് ആയാലും മതി. കാലിനു പിന്നിലുള്ള മാംസപേശികൾ, തുട, മുതുകിലുള്ള മാംസപേശികൾ എന്നിവയ്ക്ക് സ്ട്രെച്ച് ലഭിക്കുന്ന വ്യായാമം ചെയ്യണം.

എക്സർസൈസ്

സ്ട്രെച്ചിംഗിനുശേഷം എക്സർസൈസാവാം. കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും വേഗത്തിൽ നടക്കണം. വ്യായാമം ചെയ്യാനുള്ള ശേഷിക്കനുസരിച്ച് വേണം നടത്തം. പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് ഒന്നുമുതൽ 2 കിലോ മീറ്റർ ദൂരം 20- 25 മിനിറ്റിനുള്ളിൽ നടന്നു തീർക്കാം.

ശ്രദ്ധിക്കേണ്ടത്

  • കൈകൾ വീശി റിലാക്‌സായി വേണം നടക്കാൻ.
  • ആദ്യം ഉപ്പൂറ്റി നിലത്തുവച്ച് അമർത്തി പിന്നീട് തള്ളവിരലിൽ ബലം കൊടുത്ത് നടത്തം തുടങ്ങാം.
  • അമിതവേഗതയിൽ നടക്കരുത്.
  • ക്ഷീണം, ശ്വാസംമുട്ടൽ, അസുഖങ്ങൾ എന്നിവയുള്ളപ്പോൾ നടക്കരുത്.

കൂൾഡൗൺ

  • നടത്തം നിർത്തുന്നതിന് 5 മിനിറ്റുമുമ്പ് വേഗത കുറയ്ക്കുക. സാവധാനം സ്ട്രെച്ച് ചെയ്‌തശേഷം നടത്തം അവസാനിപ്പിക്കാം. ഹൃദയം കൂടുതൽ പ്രവർത്തനക്ഷമമാവാൻ ഇത് സഹായിക്കും.
  • ബ്രിസ്ക‌് വാക്ക് എക്സർസൈസ് ആഴ്‌ചതോറും 5 മിനിറ്റ് വച്ച് കുട്ടിക്കൊണ്ടിരിക്കണം.
  • ഒന്നുരണ്ടാഴ്ച്‌ച നടക്കാൻ സാധിക്കാതെ വന്നാൽ കുറവു നികത്താനായി കൂടുതൽ നടക്കുന്നതു ശരിയല്ല.
  • 40 വയസ്സിനു മീതെ പ്രായമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സർസൈസ് ചെയ്യാം.

3 കുഞ്ഞുകഥകൾ

മഴയും അയാളും!

“നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നണില്ലേ”

“എന്തിന് ?”

“എത്ര നേരം ഞാൻ നിർത്താതെ പെയ്ത് നിങ്ങളെ നനയ്ക്കുന്നു, നിങ്ങളുടെ യാത്ര മുടക്കുന്നു? അപ്പോൾ ഞാൻ കാരണം നിങ്ങൾക്ക് ശല്യമായില്ലേ, അരിശം വന്നില്ലേ!”

“ഇല്ലാ, വന്നില്ലാ!”

“അതെന്നാ?”

“നീ നിർത്താതെ പെയ്തതുകൊണ്ടല്ലേ അവൾ കുടയുമായി വന്നത്. ആ കുടയിൽ എന്നെ കയറ്റിയത്? എനിക്ക് അവളോടൊപ്പം ചേർന്ന് നടന്നുപോകാൻ കഴിഞ്ഞത്!”

“ആഹാ കൊള്ളാല്ലോ?”

“എനിക്ക് നിന്നോട് സ്നേഹമാണ് മഴയേ നന്ദിയാണ് നീ പെയ്തതിൽ!”

ഒരു പ്രണയം കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ മഴ ദൂരേയ്ക്ക് പോയി!

അയാൾ അവളോടൊപ്പം അവളുടെ നനവാർന്ന മേനിയുടെ കൗതുകത്തിൽ അവളുടെ സുഗന്ധമേറ്റു നടന്നു!

ഇഷ്ടവും ഇഷ്ടക്കേടും!

“എനിക്ക് നിന്നോടിഷ്ടം”

“എന്നോട് ഇഷ്ടമോ! എന്തിഷ്ടം?”

“ഒരിഷ്ടം!”

“എന്നെ ഇഷ്ടപ്പെടണ്ടാ, എനിക്ക് നിങ്ങളെ ഇഷ്ടമില്ല!”

“ഞാൻ ഇഷ്ടപ്പെടും, എനിക്കിഷ്ടാണ്!”

“ഇനി ഞാൻ നിങ്ങളോട് മിണ്ടില്ല! ഞാൻ പോവാണ്.” അവൾ ദേഷ്യപ്പെട്ടുപോയി, അയാൾ വിഷമിച്ചു നിന്നു!

പിന്നാലെ പോകാനോ മിണ്ടനോ അയാൾ പേടിച്ചു അവൾ ചൂടാകും. അവൾ പിന്നെ മുന്നിൽ വന്നില്ല.

അങ്ങനെ ഒരു ദിവസം അവൾ വീണ്ടും മുന്നിൽ വന്നു.

“എന്താ നിങ്ങടെ ഉദ്ദേശം?”

“എന്ത് ഉദ്ദേശം?”

“നിങ്ങൾ കാണാനോ മിണ്ടാനോ വന്നില്ല എന്താ, നിങ്ങടെ ആ ഇഷ്ടം പോയോ? എന്നോട് പറഞ്ഞത്!”

“ഇല്ലാ, അതുപോകില്ല! ഇപ്പോഴും ആ ഇഷ്ടം ഉണ്ട്, പക്ഷേ പറയില്ല!”

“അതെന്താ?”

“താൻ ചൂടാവും ദേഷ്യപ്പെടും വഴക്കുപറയും!”

“ഇല്ല ദേഷ്യപ്പെടില്ല. ഇഷ്ടം ഉണ്ടോ, പറ?”

“ഉ…!”

പെട്ടന്ന് അവൾ അയാളെ കെട്ടിപ്പിടിച്ചു.

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്!”

വഴക്കും വക്കാണവും!

പ്രണയിച്ചു പ്രണയിച്ചു പിന്നാലെ നടന്ന് ഒടുവിൽ കല്യാണം നടന്നു. പെണ്ണ് സുന്ദരി, സ്നേഹപനിനീർപുഷ്പം. ചെറുക്കൻ സമ്പന്നൻ, സൗന്ദര്യകോമളൻ!

“പെണ്ണേ, നീയെന്തു ഭംഗിയാ. നിന്നെ ഇങ്ങനെ നോക്കിയിരുന്നാൽ ഉറക്കം വരുന്നപോലും നേരം വെളുക്കുന്നപോലും അറിയത്തില്ല പെണ്ണേ!”

“ചേട്ടാ ഞാൻ എത്ര ഭാഗ്യവതിയാ, നമ്മുടെ പ്രണയനാളുകൾ എത്ര മനോഹരമായിരുന്നു? ഇനിയും അതുപോലെ തന്നെയാവണം നമ്മുടെ ജീവിതമെന്നും.” അവൾ പറഞ്ഞു.

“നിയെന്നെ വിട്ടെങ്ങാൻ പോകുമോന്ന് ഞാൻ ഭയന്നിരുന്നു!”അയാൾ അവളോട് പറഞ്ഞരികിൽ ഇരുന്നു.

ആറുമാസം കഴിഞ്ഞു, ഇന്നും പണ്ടുള്ള പ്രണയകാലവും അവളോർത്തു!

ഇന്ന്: നിന്നെ കെട്ടിയതെന്‍റെ കഷ്ടകാലം!

അന്ന്: നീയില്ലാതെ എനിക്ക് ജീവിതമില്ല!

ഇന്ന്: ലഷ്മി എന്നുപേരും മൂധേവിയുടെ സ്വഭാവവുമാണ് നിനക്ക്!

അന്ന്: ദേവതയുടെ രൂപമാണ് നിനക്ക്!

ഇന്ന്: ചിലയ്ക്കാതെ ഒന്ന് കിടക്കാമോ? എനിക്ക് ഒന്നുറങ്ങണം.

അന്ന്: നീയൊന്നു ചിരിച്ചേ? ആ ചിരി കണ്ട് എനിക്ക് മടിയിൽ കിടക്കണം !

ഇന്ന്: എന്നെ തൊട്ട് പോകരുത് ഇനി നീ!

അന്ന്: നിന്‍റെ വിരൽ കോർത്ത് നടക്കണം!

ഇന്ന്: വിയർപ്പിന്‍റെ മണവും അടുക്കളക്കരിയുടെ നിറവുമാണ് നിനക്ക്!

അന്ന്: പാരിജാതത്തിന്‍റെ മണവും ചന്ദനത്തിന്‍റെ നിറവുമാണ് നിനക്ക്!

ഇന്ന്: ഈ നാശം കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരും!

അന്ന്: എന്‍റെ മരണം വരെ നീയെന്‍റെ കൂടെയുണ്ടാവണം!

ഇന്ന്: മോന്തേം വീർപ്പിച്ച് കരഞ്ഞിരിയ്ക്കും എപ്പോഴും, ഒന്ന് എഴുന്നേറ്റു എങ്ങോട്ടെങ്കിലും പോകാമോ?

അന്ന്: സങ്കടം വന്നാൽ കരഞ്ഞ് ഒറ്റയ്ക്കിരിയ്ക്കരുത് എന്‍റെ അരികിൽ തന്നെ ഉണ്ടാവണം!

പടിയിറങ്ങുമ്പോൾ ഇനി ഒരു തിരിച്ച് പോക്ക് തനിക്കില്ലായെന്ന് അവൾ തീരുമാനിച്ചിരുന്നു.

സംഗീതം നല്ല മരുന്ന്

അമ്മയുടെ താരാട്ടുപാട്ട് കേൾക്കുമ്പോൾ കുഞ്ഞിന്‍റെ മുഖത്ത് വിടരുന്ന പുഞ്ചിരിയുടെ രഹസ്യമറിയാമോ? സംഗീതത്തിന്‍റെ മാജിക് തന്നെ. സംഗീതം കേൾക്കുമ്പോൾ ലോകം തന്നെ മാറുന്നു. സംഗീതം മരുന്നാണ്. മനുഷ്യന്‍റെ വൈകാരിക ഭാവവുമായി അത് ഇഴുകിച്ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് സംഗീതം കേൾക്കുമ്പോൾ പോസിറ്റീവായ മാറ്റം ഒരാളിൽ ഉണ്ടാവുന്നത്.

സംഗീതത്തിന്‍റെ ഈ മാന്ത്രിക ശക്തി രോഗശാന്തിക്കായി പ്രയോജനപ്പെടുത്താൻ ആധുനിക വൈദ്യശാസ്ത്രം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ ഇത്തരം ചില പരീക്ഷണങ്ങൾ (മ്യൂസിക് തെറാപ്പി) നടന്നുവരുന്നുണ്ട്. ശ്രുതിശുദ്ധിയോടെയുള്ള സംഗീതം കേൾക്കുന്നയാളുടെ രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കും. രോഗിയുടെ ചിന്തകൾ പോസിറ്റീവായിത്തീരാൻ ശുദ്ധ സംഗീതം വഴിയൊരുക്കുന്നു.

ഹാർട്ട് ആന്‍റ് ബ്രെയിൻ അറ്റാക്ക്

ഇഷ്ടമുള്ള സംഗീതം ശ്രവിക്കുകയാണെങ്കിൽ ഹൃദ്‌രോഗികൾക്കുപോലും ഹൃദയാരോഗ്യം വീണ്ടുക്കാനാവുമെന്ന് ബ്രിട്ടനിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹൃദ്‌രോഗികളും മാനസികരോഗികളും ദിവസവും ഏതാനും മണിക്കൂർ ശുദ്ധസംഗീതം കേൾക്കുകയാണെങ്കിൽ ഓർമ്മശക്തി വീണ്ടെടുക്കാനും സംസാരവൈകല്യങ്ങൾ മറികടക്കാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ഡിപ്രഷൻ, കൺഫ്യൂഷൻ പോലെയുള്ള അസ്വസ്‌ഥതകൾക്ക് ഇത് ഫലപ്രദമാണ്. സംഗീതം ശ്രവിക്കുമ്പോഴോ സംഗീതമാസ്വദിച്ചുകൊണ്ട് നൃത്തച്ചുവടുകൾ വെയ്ക്കുമ്പോഴോ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളേയും അത് ഒരുമിച്ച് സ്വാധീനിക്കുമത്രേ.

ഉറക്കം

രാത്രിയിൽ ഇഷ്ടമുള്ള പാട്ടുംകേട്ട് ഉറക്കത്തിലേക്ക് വഴുതി വീഴുക… ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞ് അമ്മയുടെ താരാട്ടിന്‍റെ ഈണത്തിലലിഞ്ഞ് ഉറക്കത്തിലേയ്ക്ക് പതിയെ ചായുക… ശുദ്ധ സംഗീതത്തിനു മാത്രം കഴിയുന്ന മാസ്‌മരിക ശക്‌തിയാണത്. ഉറങ്ങാൻ കിടക്കുന്നതിന് 45 മിനിറ്റുമുമ്പ് റിലാക്സേഷൻ പകരുന്ന പാട്ട് കേട്ടാൽ സുഖനിദ്ര ലഭിക്കുമെന്ന് തായ്‌വാനിലെ ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശാരീരിക മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കു വനുള്ള സിദ്ധിയും സംഗീതത്തിനുണ്ട്. ലെസ്സ്ബാക്ക് ബീറ്റ്സ് കേട്ടാൽ ഹൃദയമിടിപ്പിന്‍റെ വേഗത കുറയുകയും അതോടെ കണ്ണുകൾ താനേ അടഞ്ഞ് ഗാഢമായ നിദ്രയിലേക്ക് നാം പ്രവേശിക്കുകയും ചെയ്യുന്നു.

വേദന സംഹാരി

അരക്കെട്ടിനും സന്ധികൾക്കുമുണ്ടാകുന്ന ഏതുതരത്തിലുള്ള വേദനയ്ക്കും ഉത്തമ പ്രതിവിധിയാണ് സംഗീതം കൈകാലുകൾ ഒടിഞ്ഞാലുണ്ടാകുന്ന വേദന സഹിക്കാനുള്ള ക്ഷമത സംഗീത ചികിത്സയിലൂടെ നേടിയെടുക്കാമെന്ന് കൊറിയൻ ഗവേഷകർ. ദിവസവും ഒരു മണിക്കുർ സംഗീതം കേൾക്കുകയാണെങ്കിൽ നടുവേദന അനുഭവിക്കുന്ന രോഗികൾക്ക് 20% ആശ്വാസം ലഭിക്കുമത്രേ.

യു.എസ്സിലെ ക്ലീവ്ലാൻഡ് ക്ലിനിക്ക് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു: “സംഗീതത്തിൽ മുഴുകിയിരിക്കുന്ന വ്യക്തിയുടെ തലച്ചോറിൽ നിന്ന് “എൻഡോർഫിൻ’ എന്ന രാസഘടകങ്ങൾ അമിതമായി ഉൽപാദിപ്പിക്കപ്പെടും.” വേദന സംഹാരികളായ ഔഷധങ്ങളേക്കാൾ 18-20 മടങ്ങ് വേദന സംഹാരശേഷിയുള്ളവയാണ് എൻഡോർഫിനുകൾ. എൻഡോർഫിനുകളുടെ പ്രവർത്തനഫലമായി വ്യക്തിക്ക് തീരാവേദനകളിൽ നിന്നും ആശ്വാസവും ആനന്ദവും ലഭിക്കുന്നു. സംഗീതാസ്വാദന വേളയിൽ വ്യക്‌തിയിലുണ്ടാവുന്ന ആഹ്ളാദത്തിനും നവോന്മേഷത്തിനും എൻഡോർഫിനുകൾ ഒരുപരിധിവരെ കാരണമാകുന്നു.

ലൈംഗിക ജീവിതം

സെക്സിലേർപ്പെടുന്ന വേളയിൽ മൃദുസംഗീതം ശ്രവിക്കുന്നത് ഓക്‌സിടോസിൻ എന്ന ലവ് ഹോർമോൺ നില വർദ്ധിപ്പിച്ച് കാമോത്തേജനം കുട്ടുമത്രേ. ലൈംഗികാകർഷണമുണ്ടാക്കുന്നതിലും ഈ ഹോർമോണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശ്രുതിമധുരമായ സംഗീതം കമിതാക്കളെ പരസ്‌പരം അടുപ്പിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുമെന്നതിൽ സംശയമില്ലല്ലോ…

രോഗപ്രതിരോധ ശേഷി

പനി, ജലദോഷം പോലെയുള്ള അസുഖങ്ങളിൽ നിന്നും സംഗീതം നമ്മെ പരിരക്ഷിക്കുന്നുവെന്നതാണ് പുതിയ വാർത്ത. രോഗപ്രതിരോധശേഷിയുള്ള ‘ഇമ്യൂണോഗ്ലോബുലിൻ എ’യ്ക്ക് അണുബാധയെ ചെറുത്തുതോല്പ‌ിക്കാൻ പതിന്മടങ്ങ് ശേഷിയുണ്ടെന്നാണ് ഒരു ഗായകസംഘത്തിന്‍റെ ഉമിനീര് പരിശോധിച്ച കാലിഫോർണിയൻ ഗവേഷണ സംഘം കണ്ടുപിടിച്ചതത്രേ. റിഹേഴ്‌സൽ ചെയ്യുന്നതിനിടെ അവരുടെ ഉമിനീരിൽ ഇമ്യൂണോ ഗ്ലോബുലിന്‍റെ നില 150% ആയിരുന്നുവത്രേ. സ്‌റ്റേജ് അരങ്ങേറ്റത്തോടെ അത് 240% ആയി ഉയർന്നു. ഡിപ്രഷന് അടിപ്പെട്ട രോഗികൾക്ക് സംഗീതം അമൃതാണെന്നാണ് സ്റ്റ‌ാൻഫോർഡിലെ ഗവേഷകർ പറയുന്നത്. ഇഷ്ടമുള്ള സംഗീതം കേൾക്കാൻ രോഗിയെ അനുവദിക്കുക. മാനസിക പിരിമുറുക്കമകറ്റുന്നതിനും ഹിസ്‌റ്റീരിയ പോലുള്ള അസുഖങ്ങൾ ഭേദമാക്കാനും ദർബാരി കന്നഡ, കാമജ്, പുരിയ തുടങ്ങിയ രാഗങ്ങൾക്ക് കഴിയുമെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. ഹൈപ്പർടെൻഷന് അഹിർ ഭൈരവി, പുരിയ, തോഡി രാഗങ്ങളാണ് ശ്രേഷ്‌ഠം. അതുപോലെ തന്നെ നീലാംബരിയും മധ്യമാവതിയും കേദാര ഗൗളയും മാനസിക പിരിമുറുക്കം ലഘുകരിച്ച് സുഖനിദ്ര പ്രദാനം ചെയ്യും. മാനസിക സംഘർഷം അയവുവരുത്തുന്നതിൽ ദേവഗാന്ധാരത്തിന് അപാര കഴിവുണ്ട്.

അൾഷിമേഴ്സ്

സംഗീതം കേൾക്കുന്നത് അൾഷിമേഴ്‌സ് രോഗികളുടെ മൂഡ് ഉണർത്തുമെന്നും അവരുടെ രക്‌തത്തിൽ മെലാടോനിൻ, എപിൻഫ്രൈൻ, നോറേപൈൻ ഫൈൻ തുടങ്ങിയ രാസഘടകങ്ങൾ ശരിയായ നിലയിൽ ഉയരുമെന്നുമാണ് പഠനങ്ങൾ നല്‌കുന്ന സൂചന. രക്ത‌സമർദ്ദം കുറയ്ക്കക്കാനുള്ള അത്ഭുതവിദ്യ സംഗീതത്തിനുണ്ടെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂ‌ളിൽ നടത്തിയ പഠനം പറയുന്നത്. വാക്കറിൽ എക്സർസൈസ് ചെയ്യുന്ന സമയത്തുള്ള ഹൃദയ പ്രവർത്തനത്തേക്കാൾ മെച്ചപ്പെട്ട നിലയിലാവും സംഗീതമാസ്വദിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോഴുള്ള ഹൃദയപ്രവർത്തനം. സംഗീതമാസ്വദിക്കൽ പതിവാക്കിയ ഹ്യദ്രോഗികളിലെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുന്നതിന് കുറഞ്ഞ ഡോസിലുള്ള ഔഷധം മാത്രമേ വേണ്ടിവരൂ.

അമിതവണ്ണം

അമിതവണ്ണം മൂലം പൊറുതിമുട്ടുന്ന യുവതികൾക്ക് സിഡി പ്ലേയറോ ഐപാഡോ മൊബൈലോ കൊടുക്കുകയാണെങ്കിൽ അവർക്ക് മറ്റുള്ളവരെ അപേ ക്ഷിച്ച് 20% അധികം വണ്ണം കുറയ്ക്കാനാവുമെന്നാണ് യുഎസ്സിലെ ഗവേഷകർ നല്‌കുന്ന ശുഭസൂചന

ഭക്ഷണം കഴിക്കുന്നതിൽ നിന്നുള്ള ശ്രദ്ധ അകറ്റുന്നതിനും സംഗീതത്തിന് സവിശേഷമായ കഴിവുണ്ട്. കൊള്ളാമല്ലോ സംഗീതം!

ഭർത്താവിന്‍റെ ഉത്തരവാദിത്തമില്ലായ്മ

ചോദ്യം:

പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഞാൻ. പഠന കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്താറുണ്ട്. ഒരു വിട്ടുവീഴ്ച‌യും ചെയ്യാറില്ല. അതു കൊണ്ട് പരീക്ഷയെച്ചൊല്ലി ഞാനൊരിക്കലും ഭയന്നിട്ടില്ല. എന്നാൽ അടുത്തിടെയായി ഞാനാകെ അസ്വസ്‌ഥയാണ്. പരീക്ഷ അടുത്തുവരുന്തോറും ഒരു ഭയം. എനിക്കൊന്നും എഴുതാൻ കഴിയില്ലെന്ന തോന്നൽ. ഇങ്ങനെ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. എനിക്കെന്തെങ്കിലും മാനസികമായ അസുഖമായിരിക്കുമോ? ഇങ്ങനെ പോയാൽ പരീക്ഷയിൽ തോറ്റുപോകുമോ എന്നാണെന്‍റെ പേടി. എന്‍റെ പ്രശ‌നത്തിനൊരു പരിഹാരം നിർദ്ദേശിക്കാമോ?

ഉത്തരം:

കുട്ടി വളരെ ചഞ്ചലചിത്തയാണെന്ന് തോന്നുന്നു. ഈ സമയത്ത് റിലാക്സേഷനാണ് വേണ്ടത്. പരീക്ഷാ വേളകളിൽ ചില കുട്ടികളിൽ സംഭവിക്കുന്ന ഒരു പ്രശ്നം മാത്രമാണിത്. പഠിച്ചതൊക്കെ മറന്നു പോകുന്നുവെന്ന തോന്നലുണ്ടാവുന്ന സമയത്ത് കുറച്ചുനേരം പഠനം നിർത്തി റിലാക്സ‌് ചെയ്യാൻ ശ്രമിക്കുക. ഇഷ്ട്‌ടമുള്ള പാട്ട് കേൾക്കുകയോ, കുറച്ചുനേരം ഉലാത്തുകയോ, വ്യായാമം ചെയ്യുകയോ ചെയ്യാം. റിലാക്സേഷൻ പകരുന്ന ധാരാളം വ്യായാമങ്ങളുണ്ട്. ബോർഡ് പരീക്ഷ മറ്റേത് സാധാരണ പരീക്ഷപോലെയുള്ളുവെന്ന് മനസ്സിനെ ബോധ്യപ്പെടുത്തുക. അങ്ങനെയാണെങ്കിൽ എപ്പോഴത്തേയും പോലെ നിങ്ങൾക്ക് നല്ല വിജയം ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് നിങ്ങളെങ്കിൽ ഏതെങ്കിലും കൗൺസലിംഗ് സെന്‍ററിന്‍റെ സഹായം തേടാം. പ്രശ്‌നങ്ങൾ അച്ഛനമ്മമാരോട് തുറന്നു പറഞ്ഞുകൂടെ, ടെൻഷൻ തീർച്ചയായും മാറിക്കിട്ടും. നല്ല ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക.

ചോദ്യം:

24 വയസ്സുള്ള യുവതിയാണ് ഞാൻ. മൂന്ന് സഹോദരന്മാരുടെ ഒരേയൊരു പെങ്ങളാണ്. അതുകൊണ്ട് എല്ലാവർക്കും എന്നെ ജീവനാണ്. എന്‍റെ കാര്യത്തിൽ അവർ വളരെ ജാഗരൂകരാണ്. ഈ അമിതമായ ശ്രദ്ധയാണ് എന്‍റെ ഏറ്റവും വലിയ പ്രശ്നവും.

എനിക്ക് എങ്ങും തനിച്ച് പോകാനോ വരാനോ അനുവാദമില്ല. സ്വന്തമിഷ്ടം അനുസരിച്ച് ഒന്നും ചെയ്യാനും കഴിയുന്നില്ല. വീട്ടുതടങ്കലിലെന്നപോലെയാണ് എന്‍റെ ജീവിതം.

ഇപ്പോൾ വീട്ടിൽ എനിക്കുവേണ്ടി വിവാഹമാലോചിക്കുകയാണ്. ഭർത്താവും എന്നോട് ഇതുപോലെയാണ് പെരുമാറുന്നതെങ്കിൽ ഞാൻ മറ്റെവിടേക്കെങ്കിലും ഒളിച്ചോടും. അതുകൊണ്ട് എനിക്ക് വിവാഹത്തോട് ഒട്ടും താലപര്യം തോന്നുന്നില്ല.

ഉത്തരം:

വീട്ടുകാർ പ്രത്യേകിച്ച് സഹോദരങ്ങൾ നിങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവർ അങ്ങേയറ്റം കരുതൽ പുലർത്തുന്നത്. അവരുടെ കരുതലും സ്നേഹവും നിങ്ങളുടെ അവകാശമാണെന്ന് ഓർക്കണം. പക്ഷേ, വീട്ടുകാരുടെ ഈ സ്നേഹവായ്‌പ് നിങ്ങൾ തടങ്കലായി കരുതുന്നു.

വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് നിങ്ങൾ മുൻധാരണകൾ വെച്ചു പുലർത്താൻ പാടില്ല. സഹോദരങ്ങളുടെ ശ്രദ്ധയുണ്ടെങ്കിലും അവരുടെ സാന്നിധ്യത്തിൽ സ്വന്തം കാര്യങ്ങളും ഉത്തരവാദിത്തങ്ങളും സ്വയമേറ്റെടുത്ത് ചെയ്‌ത്‌ ശീലിക്കുക. അവരുടെ സമ്മതത്തോടെ കുറച്ചൊക്കെ തനിച്ച് യാത്ര ചെയ്യുക. ഏതുകാര്യത്തിലും സുതാര്യമായ സമീപനം ആവശ്യമാണ്. പോസിറ്റീവായ ചിന്തയാണ് ആവശ്യം. സുന്ദരമായ ഭാവിജീവിതം സ്വ‌പ്നം കാണുക.

ചോദ്യം:

26 വയസ്സുള്ള യുവാവാണ്. അടുത്തിടെയായി ഞാനൊരു പ്രശ്നം നേരിടുകയാണ്. മുമ്പ് ഏതെങ്കിലും പെൺകുട്ടിയെക്കുറിച്ച് ഓർക്കുകയോ സ്‌പർശിക്കുകയോ ചെയ്യുന്ന മാത്രയിൽ എന്നിൽ ലൈംഗികവികാരമുണരുമായിരുന്നു. ഇപ്പോൾ അങ്ങനെയൊരു തോന്നൽ എനിക്കുണ്ടാകാറില്ല. ഇത് എന്‍റെ ശരീരത്തിന്‍റെ എന്തെങ്കിലും കുഴപ്പമാകുമോ? കുറച്ചുനാൾ മുമ്പ് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് 40- 50 വിറ്റാമിൻ ഇ1 ടാബ്‌ലറ്റ് കഴിച്ചിരുന്നു. ഇക്കാരണത്താലാവുമോ എനിക്കീ പ്രശ്ന‌മുണ്ടായത്? സോണോഗ്രാഫിയും രക്തപരിശോധനയും നടത്തിയിരുന്നു. എല്ലാം നോർമലാ ണ്. എന്‍റെ ഭാവി ജീവിതത്തെ ഇത് ബാധിക്കുമോ?

ഉത്തരം:

നിങ്ങൾക്ക് ശാരീരികമായി ഒരു പ്രശ്നവുമില്ല. പൂർണ്ണമായും നോർമലും ആരോഗ്യവാനുമാണ്. ഇതൊക്കെ മനസ്സിന്‍റെ വെറും തോന്നലുകൾ മാത്രമാണ്. അതേക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. മറ്റ് എന്തെല്ലാം കാര്യങ്ങളുണ്ടാവും ചെയ്യാനായി. അനാവശ്യമായ ചിന്തകൾ വെടിഞ്ഞ് ജീവിതത്തിൽ ചെയ്യാനുള്ളതിനെപ്പറ്റി ചിന്തിക്കുക.

ചോദ്യം:

38 വയസ്സുള്ള വിവാഹിതയാണ്. വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. 14 വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇതുവരെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കാനായിട്ടില്ല. ഭർത്താവ് അത്തരം കാര്യങ്ങളിൽ പ്രാക്ടിക്കലായി ചിന്തിക്കാറില്ലെന്നതാണ് കാര്യം. മാത്രമല്ല, മറ്റ് സമ്പാദ്യങ്ങളുമില്ല. അതേക്കുറിച്ച് അദ്ദേഹം ചിന്തിക്കാറു പോലുമില്ല. എന്‍റെയോ മകളുടെയോ കാര്യത്തിൽ യാതൊരു ശ്രദ്ധയും താല്‌പര്യവും ഇല്ല തന്നെ. എനിക്കിപ്പോൾ മകളുടെ ഭാവിയെ കുറിച്ചോർത്താണ് വേവലാതി.

ഉത്തരം:

ഭർത്താവിന്‍റെ ഉത്തരവാദിത്തമില്ലായ്മയെച്ചൊല്ലി വേദനിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിൽ ഇനിയെന്തെങ്കിലും മാറ്റമുണ്ടാവുമെന്ന കാര്യം സംശയമാണ്. അതുകൊണ്ട് ആ സാഹചര്യവുമായി പൊരുത്തപ്പെടുകയല്ലാതെ മറ്റ് പോംവഴികളൊന്നുമില്ല. ഉത്തരവാദിത്തങ്ങൾ നിങ്ങൾ സ്വയമേറ്റെടുക്കുകയാണ് വേണ്ടത്. മകളെ വളർത്തുന്നതിനുള്ള ഉത്തരവാദിത്തം സ്വയമേറ്റെടുക്കുക കയ്യിൽ കിട്ടുന്ന പണത്തിൽ നിന്നും കുറച്ചൊക്കെ മിച്ചം പിടിച്ച് സമ്പാദ്യപദ്ധതികളിൽ നിക്ഷേപിക്കുക. കുറച്ചുകഴിയുന്നതോടെ ഭർത്താവിൽ മാറ്റമുണ്ടാവാം. വീടു നിർമ്മിക്കുന്നതിനെപ്പറ്റി വീട്ടിൽ ചർച്ചചെയ്യുക. ഭർത്താവിന് അടുപ്പം തോന്നിത്തുടങ്ങാൻ ഇത്തരം ചർച്ചകൾ സഹായിക്കാം. ശുഭപ്രതീക്ഷ കൈവെടിയാതിരിക്കുക. അതാണ് പ്രധാനം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें