കല്യാണ ബജറ്റ്

പഴയതും പുതിയതുമായ കല്യാണ രീതികളെ മിക്‌സ് ചെയ്ത് ട്രെൻസ്‍സെറ്റർ പോലെയാണ് ഇന്ന് വിവാഹചടങ്ങുകളിൽ കാണാനാവുക. വിളിച്ചറിയിപ്പ് തുടങ്ങുന്നതു മുതൽ കല്യാണച്ചെലവുകൾ ആരംഭിക്കുകയാണ്.

ക്ഷണക്കത്ത്

വൈവിധ്യമാർന്ന ഡിസൈനിലുള്ള കാർഡുകളും, ഗിഫ്റ്റുകളും, സുഗന്ധദ്രവ്യങ്ങളും നിറഞ്ഞു നിൽക്കുന്ന കല്യാണ വിളികളിൽ ഭൂരിഭാഗം ആളുകളും ഒരു യൂണിക്ക്നെസ്സ് ആഗ്രഹിക്കുന്നു. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ക്ഷണക്കത്തുകൾക്ക് ചെലവാക്കാൻ ഇന്നാർക്കും മടിയില്ല. പക്ഷേ യഥാർത്ഥത്തിൽ ക്ഷണക്കത്തിന്‍റെ ആവിശ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ! വിവാഹത്തീയതിയും, സമയവും, സ്‌ഥലവും മറക്കാതിരിക്കാൻ ക്ഷണക്കത്ത് സഹായിക്കും.

ഇമെയിലും, സ്മാർട്ട് ഫോണും നിറഞ്ഞു നിൽക്കുന്ന ഇന്നത്തെക്കാലത്ത് ക്ഷണക്കത്തിനു വേണ്ടി അനാവശ്യ ചെലവുകളുടെ ആവശ്യമുണ്ടോ. നല്ല കൈയ്യക്ഷരം ഉള്ളവരും, വരയ്ക്കാൻ കഴിയുന്നവരും സ്വന്തമായി നല്ലൊരു ഡിസൈൻ തയ്യാറാക്കി പ്രിന്‍റെടുത്ത് അയച്ചു നോക്കൂ. അതുപോലെ നവമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാൻ ഓൺലൈനിലും ഡിസൈനുകൾ തയ്യാറാക്കാം. ഇന്ന് ധാരാളം പേർ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും ക്ഷണക്കത്ത് ഡിസൈൻ ചെയ്‌ത് അയക്കുന്നുണ്ട്. പരസ്പരം ഇഷ്‌ടങ്ങൾ മനസ്സിലാക്കി വേണം ഇതൊക്കെ ചെയ്യേണ്ടത്.

ആഭരണങ്ങൾ

കല്യാണ ദിവസം കഴിഞ്ഞാൽ ഒട്ടുമിക്കപേരും ആഭരണങ്ങൾ സേഫിലോ ബാങ്ക് ലോക്കറിലോ പൂട്ടി വയ്ക്കുകയാണ് പതിവ്. സ്വർണ്ണത്തിന്‍റെ വിലയിൽ മാറ്റമുണ്ടാകില്ല എന്ന് തറപ്പിച്ചു പറയാനാകില്ല അതുകൊണ്ട് അളവ് കുറയ്ക്കുന്നതാണ് നല്ലത്.

വിവാഹമോതിരവും, മാലയും മോടി കൂട്ടാൻ ഒന്നു രണ്ടു വളയും ചെയിനും തന്നെ ധാരാളം. സാമ്പത്തികമായ മുന്നോക്കം നിൽക്കുന്നവരും ശരീരം നിറയ്ക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കിയിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിനൊപ്പം ലാളിത്യവും വേണം. കല്യാണ ദിവസത്തിലേക്കായി തെരഞ്ഞെടുക്കുന്ന ആഭരണങ്ങൾ കഴിവതും പലപ്പോഴായി ഉപയോഗിക്കാൻ പറ്റുന്നവയാണേൽ കൂടുതൽ നല്ലത്.

വസ്ത്രങ്ങൾ

കെട്ടുറപ്പിക്കൽ, വിവാഹ നിശ്ചയം, കല്യാണം, റിസപ്ഷൻ എന്നിങ്ങനെ പല ചടങ്ങുകൾക്കും വസ്ത്രങ്ങൾ മാറി മാറിയാണ് ഉപയോഗിക്കുക. വീട്ടുകാർക്കും ബന്ധുജനങ്ങൾക്കും സുഹൃത്തുക്കൾക്കും വസ്ത്രങ്ങൾ ഒരുപോലെ എടുത്ത് തീം മാറ്റിക്ക് കല്യാണങ്ങളും നടത്തുന്നു.

വസ്ത്രങ്ങളുടെ ചെലവ് കുറയ്ക്കാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ആർക്കൊക്കെ എന്തൊക്കെ എത്രയെണ്ണം എന്നത് നേരത്തെ തീരുമാനിക്കുക. വസ്ത്രാലയങ്ങളിൽ പ്രത്യേക വൈവാഹിക ഓഫറുകൾ വരുന്നുണ്ട്. കഴിവതും ഒരേ സമയത്തു തന്നെ വസ്ത്രങ്ങൾ വാങ്ങുക. രണ്ടു വീട്ടുകാരും കൂടി ചർച്ച ചെയ്ത് തീരുമാനമെടുത്താൽ വിവാഹ വസ്ത്രങ്ങളിലെ ചെലവ് ഗണ്യമായി കുറയ്ക്കാം. യൂണിക്ക്നെസ് ആഗ്രഹിക്കുന്നവർ നല്ലൊരു ഫാഷൻ സ്റ്റൈലിസ്റ്റിനെ കൺസൾട്ട് ചെയ്താൽ വിവാഹ നാളുകളിൽ അണിയുന്ന വസ്ത്രങ്ങൾ അധികച്ചെലവില്ലാതെ ഡിസൈൻ ചെയ്തെടുക്കാം.

വിവാഹ സൽക്കാരം

കല്യാണം വീട്ടിലായാലും, ഹാളിലായാലും, ഉദ്യാനത്തിലായാലും വിവാഹ സൽക്കാരം ഒഴിച്ചു കൂടാനാവാത്ത ഒന്ന് തന്നെ. പക്ഷേ തയ്യാറാക്കിയ ഭക്ഷണം വേസ്റ്റാകാതെ ശ്രദ്ധിക്കണം. കാറ്ററിംഗ് ഗ്രൂപ്പുമായോ മുഖ്യ പാചകനുമായോ ഇക്കാര്യം സംസാരിക്കുക. ഒരുപാട് ഐറ്റംസ് നിറച്ച് വയ്ക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മൂന്നോ നാലോ വിഭവങ്ങളാണ് ബുഫേയ്ക്ക് നല്ലത്. ഓൺ ദ സ്പോട്ടിൽ ഒരുക്കുന്ന ഫാസ്റ്റ് ഫുഡും ഇന്ന് കല്യാണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഭക്ഷണം വേസ്റ്റാകാതിരിക്കാൻ സഹായിക്കും.

ഡെക്കറേഷൻ

കല്യാണത്തിന് വീട് മോടിപിടിപ്പിക്കുന്നതു മുതൽ പന്തൽ ഒരുക്കുന്നതു വരെ ചെലവുകൾ ഏറെയാണ്. ഇത്തരം ചെലവുകൾ നിയന്ത്രിക്കുന്നതിന് വ്യക്‌തമായ പ്ലാനിംഗ് വേണം. പഴയ വീടുകൾ പൊളിച്ച് ജനാലകളും വാതിലുകളും മരം കൊണ്ടുള്ള കൊത്തു ശിൽപങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കിട്ടും. അതെല്ലാം പെയിൻറടിച്ച് ഒരുക്കിയെടുത്താൽ പുതിയതിനേക്കാൾ ഭംഗിയും ഈടും നൽകും.

അതുപോലെ കോൺക്രീറ്റുകളിൽ മുളപോലെ തോന്നുന്ന പെയിൻറുകളും, വാൾസ്റ്റിക്കറുകളും അലങ്കാരത്തിന് ഉപയോഗിച്ചാൽ അതുവഴിയുണ്ടാകുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കാം.

കല്യാണ പന്തലൊരുക്കുമ്പോൾ അവരവരുടെ മനസ്സിനെ സംതൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മിതമായ ഒരുക്കങ്ങൾ നടത്തുക. വലിയ ഇവൻറുകളെപ്പോലെ ആർഭാടമാക്കി ചെലവഴിക്കുന്നത് ഒരൊറ്റ ദിവസത്തേക്കാണെന്നത് ഓർക്കുക. കല്യാണം കഴിഞ്ഞ് അതിഥികൾ എല്ലാവരും മടങ്ങിപ്പോകും. ജീവിതം മുന്നോട്ടു കണ്ട് അധിക സാമ്പത്തിക ബാധ്യത വരുത്താതിരിക്കുക.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി

സിനിമയിലെ പോലെ ആടിപ്പാടി നടക്കുന്ന ചെക്കനും പെണ്ണും. വെഡ്ഡിംഗ് കൂടാതെ പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് തുടങ്ങി നിരവധി ഓപ്ഷനുകൾ. ഉപഗ്രഹങ്ങൾ പോലെ കല്യാണ ദിവസം വധുവരന്മാരെ ചുറ്റിത്തിരയുന്ന ക്യാമറാന്മാരെ ഇന്ന് എല്ലാ കല്യാണങ്ങളിലും കാണാം. ഇതൊക്കെ അത്യാവശ്യത്തിനു മാത്രമാണെന്നത് ചിന്തിച്ച് തെരഞ്ഞെടുക്കുക. രണ്ട് വീട്ടുകാർക്കും ഒരേ ഏജൻസിയെ തന്നെ ഏൽപ്പിക്കുക.

സ്നേഹിക്കാം ഭർതൃവീടിനെ സ്വന്തം വീടു പോലെ…

പ്രണയ വിവാഹമായാലും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായാലും പെൺകുട്ടികളെ സംബന്ധിച്ച് ഭർത്താവിന്‍റെ വീട് ഒരു അപരിചിത ഇടമായിരിക്കും. ഇതൊരു വലിയ പ്രശ്നമായി മാറുന്നത് ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് പെൺകുട്ടിയുടെ മനസ്സിൽ നെഗറ്റീവ് ചിന്തകളുണ്ടാകുമ്പോഴാണ്. ഈ സാഹചര്യത്തിൽ ചില പെൺകുട്ടികളെങ്കിലും യാതൊരു അടിസ്‌ഥാനവുമില്ലാതെ ഭർതൃവീട്ടിലെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു തുടങ്ങും.

ഇതേപ്പറ്റി മാര്യേജ് കൗൺസിലറായ നയന പറയുന്നതിങ്ങനെയാണ്. “ഭർതൃവീട്ടുകാരെക്കുറിച്ച് പെൺകുട്ടികളുടെ മനസ്സിൽ ആശങ്ക രൂപപ്പെടുന്നത് സ്വഭാവികമായ കാര്യമാണ്. പക്ഷേ പലപ്പോഴും ഈ ആശങ്ക കൂടികൂടി വന്ന് പെൺകുട്ടികൾ ചില മുൻവിധികളിൽ ചെന്നെത്തും. ഭർത്താവിന്‍റെ വീട്ടുകാർ ഈ സാഹചര്യത്തിൽ തന്നോട് എങ്ങനെയുള്ള പെരുമാറ്റമാകും കാഴ്ചവയ്‌ക്കുകയെന്ന്. ഭൂരിഭാഗം പേരും നെഗറ്റീവായി തന്നെ ചിന്തിക്കും. ഇതിന് 2 കാരണങ്ങളുണ്ട്. ഒന്ന് ഭർതൃവീട്ടിലെ എല്ലാ കുടുംബാംഗങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് പെൺകുട്ടിയ്ക്ക് മുൻക്കൂട്ടി നല്ല പരിചയമുണ്ടായിരിക്കുമെന്നതാണ്. അല്ലെങ്കിൽ ഭാവി ഭർത്താവിന്‍റെ വീട്ടുകാരെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണ്.” ഈ രണ്ട് സ്ഥിതിയിലും പല തരത്തിലുള്ള ചിന്തകളാവും അവളുടെ മനസ്സിൽ രൂപം കൊള്ളുക.

സ്വയം അഡ്ജസ്റ്റ് ചെയ്യാനാവില്ലെന്ന ഭയം

ഭർതൃവീട്ടിലെ അംഗങ്ങളെപ്പറ്റിയും അവരുടെ സ്വഭാവരീതികളെപ്പറ്റിയും പുതുതായി എത്തുന്ന പെൺകുട്ടി അജ്തയായിരിക്കും. അതുകൊണ്ട് ഭർതൃവീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തോട് സ്വന്തം ഇഷ്‌ടങ്ങളും താൽപര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പറയാൻ പെൺകുട്ടിയ്ക്ക് സങ്കോചം തോന്നാം. അതുപോലെ അമ്മായിയമ്മ എന്ത് പറഞ്ഞാലും ഇഷ്‌ടമല്ലെങ്കിൽ കൂടി അതങ്ങ് സമ്മതിക്കും. മനസ്സിലുള്ള കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവാതെ നവവധു വീർപ്പുമുട്ടും. അതവളെ കടുത്ത നിരാശയിലേക്കാവും നയിക്കുക.

“വിവാഹത്തിന്‍റെ തുടക്ക നാളുകളിൽ ഇത്തരം പ്രയാസം എല്ലാ പെൺകുട്ടികളും നേരിടാറുണ്ട്. പക്ഷേ അത് സ്‌ഥായിയാകണമെന്നില്ല. എന്തെങ്കിലും കാര്യത്തെപ്പറ്റി സ്വന്തം അഭിപ്രായം പറയുന്നത് തെറ്റല്ല. സ്വന്തം അഭിപ്രായം ഏറ്റവം നല്ല രീതിയിൽ പ്രസന്‍റ് ചെയ്യുകയാണെങ്കിൽ ചുറ്റുമുള്ളവർ അതിന് പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യും. ഭർതൃവീട്ടുകാരുമായി പതിയെ തുറന്ന് ഇടപ്പെടാനുള്ള ശ്രമങ്ങൾ പെൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകണം. എന്നാൽ സ്വന്തം അഭിപ്രായം പറയുന്നത്  ആരും അംഗീകരിക്കില്ലെന്ന ധാരണയിലെത്തുന്നത് വിഡ്ഢിത്തരമാണ്.” മാര്യേജ് കൗൺസിലർ നയന പറയുന്നു.

സ്വാതന്ത്യ്രം നഷ്ടപ്പെടുമെന്ന ഭയം

വിവാഹശേഷം സ്വന്തം വീട്ടിലെ പോലെയുള്ള സ്വാതന്ത്യ്രം ഭർത്താവിന്‍റെ വീട്ടിൽ കിട്ടുമോയെന്ന കാര്യം വിവാഹത്തിന് മുമ്പ് പല പെൺകുട്ടികളുടേയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചിന്തയാണ്. അതേക്കുറിച്ച് നയന പറയുന്നതിങ്ങനെയാണ്, “വിവാഹമെന്നത് പുതിയ ബന്ധങ്ങളുടെ രൂപം കൊള്ളൽ കൂടിയാണ്. അല്ലാതെ തടവിലാക്കപ്പെടുന്ന സ്‌ഥിതി വിശേഷമല്ല. പുതിയ ബന്ധങ്ങൾക്ക് പുതിയ കുറെ പ്രതീക്ഷകളുണ്ടാകും. അതൊക്കെ പൂർത്തികരിക്കേണ്ടതും ആവശ്യമാണ്. ഓരോ പുതിയ ബന്ധവും പരസ്പരം മനസ്സിലാക്കാനും പരസ്പരമുള്ള പ്രതീക്ഷകളെ പൂർത്തീകരിക്കാനും കഴിയുന്നത്ര ഉറപ്പുള്ളതാക്കണം. ഈ ഉത്തരവാദിത്തം പെൺകുട്ടികളുടേത് മാത്രമല്ല മറിച്ച് ഭർതൃ കുടുംബാംഗങ്ങളും നവവധുവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കണം.”

പെൺകുട്ടികളെ പിടികൂടുന്ന ഒരു പ്രധാനപ്പെട്ട ആശങ്കയാണ് വസ്ത്രധാരണം. സ്വന്തമിഷ്ടമനുസരിച്ച് വസ്‌ത്രങ്ങൾ അണിയാനും ഭക്ഷണം കഴിക്കാനും കറങ്ങാനും മറ്റും ഭർതൃവീട്ടുകാർ വിലക്കേർപ്പെടുത്തുമോയെന്ന ആശങ്കപ്പെടുന്നവരായിരിക്കും കൂടുതൽപ്പേരും. എന്തിനേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ചിലർക്കെങ്കിലും അമ്മായിയമ്മയുടെയോ അമ്മായിയച്ഛന്‍റെയോ മുൻകൂട്ടിയുള്ള അനുമതി തേടേണ്ടി വരും. അങ്ങനെയാണെങ്കിൽ മുതിർന്നവരുടെ അനുമതി തേടുന്നതിൽ എന്താണ് തെറ്റുള്ളത്? സ്വന്തം വീട്ടിലായാലും എന്തെങ്കിലും ചെയ്യും മുമ്പേ മാതാപിതാക്കളുടെ അഭിപ്രായം പെൺകുട്ടികൾ ചോദിക്കാറില്ലേ?

ഭർത്താവിന്‍റെ മാതാപിതാക്കളും മരുമക്കളിൽ അമിത പ്രതീക്ഷ പുലർത്താം. മുതിർന്നവരായതിനാൽ ഭർത്താവിന്‍റെ മാതാപിതാക്കൾക്ക് മരുമകളെക്കാളിലും കൂടുതൽ അനുഭവജ്ഞാനം ഉണ്ടാകും. ഏത് കാര്യത്തിലും തീരുമാനം കൈകൊള്ളും മുമ്പ് ഭർതൃവീട്ടുകാരോട് അഭിപ്രായം കൂടി ചോദിക്കുകയാണെങ്കിൽ അവരും മരുമകളുടെ അഭിപ്രായം സ്വീകരിക്കും വാക്ക് മാനിക്കും.

ഓരോ വീടിനും സ്വന്തമായ ചില നിയമങ്ങളുണ്ടാകും. ചങ്ങലകളല്ല. നിയമങ്ങളെ പാലിക്കുക വഴി ജീവിതശൈലി അടുക്കും ചിട്ടയുമുള്ളതായി മാറും. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെയായിരിക്കും ഈ നിയമം. അതുകൊണ്ട് അത് വ്യക്‌തിപരമായി കാണേണ്ടതില്ല. അതേപോലെ ഭർതൃവീടിനെ ഒരു ജയിലായി കാണേണ്ടതുമില്ല.

കുടുംബാംഗങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള ആകുലത

ചട്ടീം കലവുമായാൽ തട്ടീം മുട്ടീനുമിരിക്കും എന്ന ചെല്ല് കേട്ടിട്ടില്ലേ. ഓരോരുത്തരുടേയും ജീവിതത്തെ സംബന്ധിച്ച് ഇത് അക്ഷരം പ്രതി സത്യമാണ്. ഒരു വ്യക്‌തിയെ കൊണ്ട് മാത്രമല്ല ഒരു കുടുംബമുണ്ടാവുക. മറിച്ച് ഒത്തിരിയാളുകൾ കൂടിച്ചേർന്നുള്ളതാണ് കുടുംബം. 4-5 പേർ മാത്രമുള്ള ഒരു കുടുംബത്തിലാണെങ്കിൽ പരസ്പരം അഭിപ്രായം ചോദിച്ചാവും ഓരോ കാര്യവും ചെയ്യുക. ഇതിനെ ഇടപെടലായി കാണേണ്ട കാര്യമില്ല.

സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ എതിരഭിപ്രായങ്ങളും നിയന്ത്രണങ്ങളും പെൺകുട്ടിയ്ക്ക് ഇടപെടലായി തോന്നാറില്ലല്ലോ. ഭർതൃവീട്ടുകാരുമായി വൈകാരികാടുപ്പം ഉണ്ടാകാൻ സമയമെടുക്കും. അതുകൊണ്ടാണ് അവരുടെ ഓരോ അഭിപ്രായങ്ങളും ഇടപെടലായി തോന്നുന്നത്.

പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യമുണ്ട്. വീട്ടിൽ പുതുതായെത്തുന്ന പെൺകുട്ടിയോട് സ്വന്തം അധികാരം കാട്ടാൻ ഭർതൃവീട്ടുകാർ എല്ലാ കാര്യത്തിലും ഇടപ്പെടും. ഈ സാഹചര്യത്തിൽ പെൺകുട്ടിയ്ക്ക് തന്ത്രപരമായ നിലപാടെടുക്കാം.

അനാവശ്യ ഉത്തരവാദിത്തങ്ങൾ വഹിക്കുക

പുതിയ ബന്ധങ്ങൾക്കൊപ്പം പെൺകുട്ടിയ്ക്ക് പുതിയ ഉത്തരവാദിത്തങ്ങൾക്കൂടി വഹിക്കേണ്ടതായി വരും. ഇക്കാര്യം അംഗീകരിക്കുക. എന്നാൽ ചില ബന്ധങ്ങളെ മനസ്സു കൊണ്ട് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത്തരം ബന്ധങ്ങൾ ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയെന്നത് ഭാരമായി തോന്നാം. പ്രത്യേകിച്ചും നാത്തൂൻ, ചേട്ടത്തി (ഭർതൃ സഹോദരന്‍റെ ഭാര്യ) തുടങ്ങിയ ബന്ധങ്ങൾ. അത്തരം ബന്ധങ്ങൾ പൊതുവിൽ അസ്വാരസ്യം ഉളവാക്കുന്നതാണെങ്കിൽ തീർച്ചയായും പെൺകുട്ടിയ്ക്ക് തന്ത്രപരമായ നയം സ്വീകരിക്കാം. എന്നാൽ ഒരു കാര്യം പ്രധാനമാണ്. ഇത്തരം ബന്ധങ്ങളെ കൂടി അംഗീകരിക്കുകയെന്നുള്ളത് അത്ര സങ്കീർണ്ണമായ കാര്യമല്ല.

ഭർത്താവിനോടുള്ള ഉത്തരവാദിത്തവും കടമയും പെൺകുട്ടി ഉത്സാഹപൂർവ്വം പാലിക്കും. എന്നാൽ അതേ ഉത്സാഹം മറ്റുള്ള കുടുംബാംഗങ്ങളോട് കാട്ടണമെന്നില്ല. എന്നാൽ പോസിറ്റീവായ മനോഭാവം മോശമായ ബന്ധത്തെപ്പോലും നല്ലതാക്കും. നാത്തൂൻ, ചേട്ടത്തി, അമ്മായിയമ്മ തുടങ്ങിയവർ നവവധുവിനെ സംബന്ധിച്ച് എപ്പോഴെങ്കിലുമൊക്കെ സഹായകരമായിരിക്കുമെന്ന കാര്യം ഓർക്കുക.

ജീവിതശൈലി മാറുമെന്ന ഭയം

ജീവിതത്തിലെ ഓരോ ഘട്ടത്തിലും മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. വിവാഹ ശേഷം സ്ത്രീയുടേയും പുരുഷന്‍റെയും ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകുമല്ലോ. പക്ഷേ പെൺകുട്ടികൾക്ക് വിവാഹത്തിന് മുമ്പ് ഇതേക്കുറിച്ച് ധാരാളം ആശങ്കകളുണ്ടാകും. സ്വന്തം വീട് വിട്ട് ഭർത്താവിന്‍റെ വീട്ടിലേക്ക് പോകുന്നതാണ് പെൺകുട്ടി നേരിടുന്ന ആദ്യ ആശങ്ക.

എല്ലാ വീട്ടിലെ നിയമങ്ങൾ വ്യത്യസ്തമായിരിക്കാം. ജീവിത രീതികളിലും വ്യത്യാസം ഉണ്ടാകും. ഇതനുസരിച്ച് സ്വയം അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പെൺകുട്ടികൾക്ക് അൽപം ബുദ്ധിമുട്ട് തോന്നാമെങ്കിലും അസാധ്യമായ കാര്യമല്ല അത്. മറ്റൊരു ഗൃഹാന്തരീക്ഷത്തിൽ നിന്നും വരുന്ന നവവധുമായി ഊഷ്മളമായ ബന്ധം കെട്ടിയുറപ്പിക്കാൻ അത്രയെളുപ്പമല്ല. സ്വന്തം വീട്ടിലെ അന്തരീക്ഷവുമായി വധുവിനെ ഇണക്കി കൊണ്ടുവരികയെന്നത് ഭർതൃ കുടുംബാംഗങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. പക്ഷേ ഇരുപക്ഷവും പരസ്പര ധാരണയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് മാറ്റം വളരെ നല്ലതായി മാറുക.

ഇതുപോലെ ഭർതൃവീടുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ ഉണ്ടാകും. അത്തരം കാര്യങ്ങൾ വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ സൃഷ്ടിക്കാം. ഇങ്ങനെ നെഗറ്റീവായ മനോഭാവത്തോടെ പുതിയ ബന്ധങ്ങളെ സമീപിച്ചാൽ അത് മോശമായേ പരിണമിക്കൂ. അതുകൊണ്ട് പോസിറ്റീവായ ചിന്തയാണ് ആവശ്യം. ഏത് വിപരീതമായ പരിതസ്‌ഥിതികളേയും നേരിടാനും പ്രശ്നങ്ങളെ പരിഹരിക്കാനും ഹൃദ്യമായ ബന്ധങ്ങൾ വളർത്താനും പോസിറ്റീവായ കാഴ്ചപ്പാട് സഹായിക്കും.

റിച്ച് ചോക്ലേറ്റ് കേക്ക്

ചേരുവകൾ

ബട്ടർ ചോപ്പ് ചെയ്തത് – 250ഗ്രാം

പാൽ – അര കപ്പ്

ഡാർക്ക് ചോക്ലേറ്റ് ചോപ്പ് ചെയ്തത് – 180 ഗ്രാം

കാസ്റ്റർ ഷുഗർ – രണ്ട് കപ്പ്

മൈദ – ഒന്നര കപ്പ്

പ്ലെയിൻ മൈദ – ഒരു കപ്പ്

കൊക്കോ പൗഡർ – കാൽ കപ്പ്

മുട്ട – 2 എണ്ണം ചെറുതായി അടിച്ച് പതപ്പിച്ചത്

ഡാർക്ക് ചോക്ലേറ്റ് ഫ്ളേക്സ് അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

 സ്റ്റെപ്പ് 1

ഓവൻ 160 – 140 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. കേക്ക് പാൻ എണ്ണ പുരട്ടുക. ശേഷം വശങ്ങളിലായി ബേക്കിംഗ് പേപ്പർ വയ്ക്കാം.

സ്റ്റെപ്പ് 2

സോസ്പാൻ ചൂടാക്കി അതിൽ ബട്ടർ, ഒരുകപ്പ് തണുത്ത വെള്ളം, പാൽ, ചോക്ലേറ്റ്, ഷുഗർ എന്നിവ ഇട്ട് ഇളക്കുക. 8-10 മിനിറ്റ് നേരം ഇളക്കി നന്നായി മിക്‌സ് ചെയ്ത് 20 മിനിറ്റ് നേരം തണുപ്പിക്കുക.

സ്റ്റെപ്പ് 3

രണ്ട് മാവുകളും കൊക്കോ പൗഡറും ചോക്ക്ളേറ്റും നന്നായി മിക്‌സ് ചെയ്ത് മുട്ട ചേർക്കുക. മാവ് നല്ല മൃദുവായ ശേഷം പാനിലേക്ക് സ്പൂൺ കൊണ്ട് ഒഴിച്ച് ലെവലാക്കുക.

സ്റ്റെപ്പ് 4

ഒരു മണിക്കൂർ 40 മിനിറ്റ് നേരം ബേക്ക് ചെയ്യാം. അതിനു ശേഷം കേക്ക് തണുപ്പിക്കാം.

കവറിംഗ്

 സ്റ്റെപ്പ് 1

ഒരു ബൗളിൽ ചോക്ക്ളേറ്റും ക്രീമും ചേർക്കുക. ഇത് മൈക്രോവേവിൽ വച്ച് (75 ശതമാനം ഹൈ ടെംപറേച്ചർ) 1-2 മിനിറ്റ് ചൂടാക്കുക, നേരം ഓരോ 30 സെക്കൻറ് നേരം ഇളക്കുക.

സ്റ്റെപ്പ് 2

ഇനി കട്ടിംഗ് നൈഫ് കൊണ്ട് കേക്ക് 3 ലെയറായി മുറിക്കുക. ബേസ് ഭാഗം പ്ലെയിറ്റിൽ വച്ച ശേഷം കവറിംഗിന്‍റെ നാലിലൊരുഭാഗം സ്പ്രഡ് ചെയ്യുക.

സ്റ്റെപ്പ് 3

അതിനു മീതെ മറ്റൊരു ലെയർ കേക്ക് വച്ച ശേഷം ബാക്കിയുള്ള കവറിംഗിന്‍റെ മൂന്നിലൊരു ഭാഗം നിരത്താം.

സ്റ്റെപ്പ് 4

തുടർന്ന് മൂന്നാമത്തെ കേക്ക് ലെയർ വയ്ക്കുക. ബാക്കി വന്ന കവറിംഗ് കൊണ്ട് ടോപ്പ് കവർ ചെയ്‌ത് ചോക്ലേറ്റ് ഫ്ളേക്സ് കൊണ്ട് അലങ്കരിച്ച് ഒരു മണിക്കൂർ നേരം ഫ്രിഡ്ജില്‍ വച്ച് സെറ്റായ ശേഷം സർവ്വ് ചെയ്യാം.

വൈറ്റ് ഫോറസ്റ്റ് കേക്ക്

ചേരുവകൾ

മൈദ – അര കപ്പ്

മാവ് ഒരു ടേബിൾ സ്പൂൺ

കാസ്റ്റർ ഷുഗർ – 115 ഗ്രാം (ഒരു കപ്പ്)

അന്തരീക്ഷ ഊഷ്മാവിൽ ഉരുകിയ വൈറ്റ് ചോക്ലേറ്റ് – 25 ഗ്രാം

ബേക്കിംഗ് പൗഡർ – ഒരു ടേബിൾ സ്പൂൺ

സോഡ ബൈ കാർബണേറ്റ് – ഒരു നുള്ള്

വാനില എസ്സൻസ് – 2 ടീസ്പൂൺ

ചൂട് വെള്ളം – ഒന്നര ടേബിൾ സ്പൂൺ

മുട്ട – 4

വാനില ക്രീം ഐസിംഗിന്

വിപ്പിംഗ് ക്രീം – 250 ഗ്രാം

ഐസിംഗ് ഷുഗർ – 5 ടേബിൾ സ്പൂൺ

വാനില എസ്സൻസ് – ഒരു ടീസ്പൂൺ

ഫ്രഷ് ചെറി – 12-13 എണ്ണം

മിൽക്ക് ചോക്ലേറ്റ് ബാർ -1

 തയ്യാറാക്കുന്ന വിധം

വിപ്പിംഗ് ക്രീം

സ്റ്റെപ്പ് 1

ക്രീം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. അതിനുശേഷം 30 മിനിറ്റ് നേരം ക്രീം നന്നായി അടിച്ച് പതപ്പിക്കുക.

സ്റ്റെപ്പ് 2

ശേഷം ഐസ് വച്ചിരിക്കുന്ന ഒരു ബൗളിൽ മറ്റൊരു ബൗൾ വച്ചിട്ട് അതിലേക്ക് ക്രീം ഒഴിക്കുക. ഇതിൽ പഞ്ചസാരയും വാനില എസ്സൻസും ചേർത്ത് ക്രീം ഒന്നുകൂടി അടിച്ചുപതപ്പിക്കുക. ക്രീം നല്ല കട്ടിയാകും വരെ മിക്‌സ് ചെയ്യാം.

സ്റ്റെപ്പ് 3

ഐസിംഗ് ബാഗിൽ 4 ടേബിൾ സ്പൂൺ ഒഴിക്കുക. ഐസിംഗ് ബാഗും ബൗളിലുള്ള ബാക്കിയുള്ള ക്രീമും ഫ്രിഡ്ജിൽ വയ്ക്കുക.

ബേക്കിംഗ്

സ്റ്റെപ്പ് 1

ഓവൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക. മുട്ടയുടെ മഞ്ഞയും വെള്ളവും വേർതിരിച്ച് രണ്ട് ബൗളുകളിലായി ഇടുക.

സ്റ്റെപ്പ് 2

മുട്ട വെള്ള നല്ല കട്ടിയാകും വരെ അടിച്ച് പതപ്പിച്ച് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്‌സ് ചെയ്ത് ഇതിൽ ഉരുകിയ വൈറ്റ് ചോക്ക്ളേറ്റും വാനില എസ്സൻസും ചേർക്കുക.

സ്റ്റെപ്പ് 3

മൈദമാവും ബേക്കിംഗ് പൗഡറും സോഡയും ഒരു ബൗളിലിട്ട് നന്നായി മിക്‌സ് ചെയ്യാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം മുട്ട മിശ്രിതം ചേർത്ത് വീണ്ടും മിക്‌സ് ചെയ്യാം.

സ്റ്റെപ്പ് 4

ചെറുതായി ചൂടാക്കിയ പാനിലേക്ക് മാവ് ഒഴിച്ച് അതിൽ സ്പൂൺ കൊണ്ട് കുത്തി വായു കുമിളകൾ കളയുക. ഈ പാൻ പ്രീഹീറ്റ് ചെയ്‌ത ഓവനിൽ വച്ച് 20-25 മിനിറ്റ് നേരം ബേക്ക് ചെയ്യാം. ഓവനിൽ നിന്നും പാൻ എടുത്ത് 5-10 മിനിറ്റ് നേരം തണുപ്പിക്കാം.

സ്റ്റെപ്പ് 5

ഒരു ട്രേയിലേക്ക് കേക്ക് മാറ്റുക. മുകൾഭാഗം ലെവൽ അല്ലെങ്കിൽ ട്രിം ചെയ്ത് ലെവലാക്കാം. അന്തരീക്ഷ ഊഷ്മാവിൽ ഒന്ന് – രണ്ട് മണിക്കൂർ നേരം കേക്ക് തണുക്കാന്‍ വയ്‌ക്കുക.

ഐസിംഗ്

2-3 ചെറി ചെറിയ കഷണങ്ങളാക്കുക. ചോക്ലേറ്റ് ബാർ പൊട്ടറ്റോ പീലർ കൊണ്ട് നേർമയായി ചുരണ്ടിയെടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.

കവറിംഗ്

 സ്റ്റെപ്പ് 1

കേക്ക് മധ്യഭാഗത്ത് നെടുകെയായി മുറിക്കുക. ഇനി മാറ്റി വച്ച 2 ടേബിൾ സ്പൂൺ ക്രീം അടിയിലുള്ള സ്ലൈസിന് മീതെ നിരത്തുക.

സ്റ്റെപ്പ് 2

മുറിച്ചു വച്ച ചെറികൾ ക്രീമിന് മീതെയായി നിരത്തുക. ഇനി കേക്കിന്‍റെ മറ്റേ പകുതി സ്ലൈസ് മീതെ വയ്ക്കുക. ബാക്കിയുള്ള ക്രീം കൊണ്ട് കേക്കിന്‍റെ മുകളിലും സൈഡിലുമായി ഒരുപോലെ പുരട്ടുക.

സ്റ്റെപ്പ് 3

ഇനി ഐസിംഗ് ബാഗിലുള്ള ക്രീം കൊണ്ട് കേക്കിന്‍റെ അരികു വശത്തും മധ്യഭാഗത്തുമായി ചുരുളുകൾ പോലെയുള്ള ഡിസൈൻ ചെയ്യുക. ഒരോ ചുരുളിലും ചെറി വയ്‌ക്കുക.

സ്റ്റെപ്പ് 4

കേക്കിന് മീതെയും വശത്തുമായി ചീകി വച്ച ചോക്ലേറ്റ് വിതറാം. ഫ്രിഡ്ജിൽ റഫ്രിജറേറ്റ് ചെയ്‌ത ശേഷം സർവ്വ് ചെയ്യാം.

പൈനാപ്പിൾ സ്പോഞ്ച് കേക്ക്

ചേരുവകൾ

മൈദ – 8 ടേബിൾ സ്പൂൺ

കാസ്റ്റർ ഷുഗർ – 8 ടേബിൾ സ്പൂൺ

മുട്ട – 4 എണ്ണം (വലുത്)

ബേക്കിംഗ് പൗഡർ – മുക്കാൽ ടീസ്പൂൺ

വാനില എസ്സൻസ് – അര ടീസ്പൂൺ

പൈനാപ്പിൾ ജ്യൂസ് – അര കപ്പ്

ഗാർണിഷിംഗിന്

ഫ്രഷ് ക്രീം – 400 ഗ്രാം

പൈനാപ്പിൾ കഷണം – ഒരു ബൗൾ

ഐസിംഗ് ഷുഗർ – 5 ടേബിൾ സ്പൂൺ

ചെറി, ക്രീം – ഗാർണിഷിംഗിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

ഓവൻ 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. റൗണ്ട് ബേക്കിംഗ് പാൻ എണ്ണ പുരട്ടി വയ്ക്കുക.

സ്റ്റെപ്പ് 2

മുട്ട വെള്ളയും മഞ്ഞക്കരുവും വേർ തിരിച്ചശേഷം മുട്ട വെള്ള ബീറ്റർ കൊണ്ട് അടിച്ച് നല്ലവണ്ണം പതപ്പിക്കുക.

സ്റ്റെപ്പ് 3

മഞ്ഞക്കരുവിൽ എസ്സൻസ് ചേർത്ത് മിക്‌സ് ചെയ്‌ത് പകുതി ഭാഗം അടിച്ചു വച്ച മുട്ടവെള്ളയിൽ ചേർക്കുക. ഇനി പകുതി പഞ്ചസാരയും ചേർത്ത് കുറച്ച് നേരം അടിച്ച് പതപ്പിക്കുക.

സ്റ്റെപ്പ് 4

ബാക്കി വന്ന മഞ്ഞക്കരുവും പഞ്ചസാരയും കൂടി ചേർത്ത് ഓവർ ഹീറ്റ് ആകാതെ നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും അൽപാൽപമായി ചേർക്കുക. നന്നായി ഇളക്കി ചേർക്കുക. ഇത് ബേക്കിംഗ് പാനിലേക്ക് പകർന്ന് 20-25 മിനിറ്റ് നേരം ബേക്ക് ചെയ്യാം.

സ്റ്റെപ്പ് 5

ഓവനിൽ നിന്ന് ബേക്കിംഗ് പാനെടുത്ത് കേക്ക് അന്തരീക്ഷ ഊഷ്മാവിൽ തണുക്കാൻ വയ്ക്കുക. ഇനി കേക്ക് രണ്ട് ഭാഗങ്ങളായി സ്‍ലൈസാക്കാം. രണ്ട് ഭാഗങ്ങളും പൈനാപ്പിൾ ജ്യൂസ് ഒഴിച്ച് നനയ്ക്കുക.

സ്റ്റെപ്പ് 6

അടിയിലുള്ള സ്ലൈസിന് മീതെ ക്രീം കൊണ്ട് കവർ ചെയ്യുക. അതിനുശേഷം രണ്ടാമത്തെ കേക്ക് സ്ലൈസ് മീതെ വയ്ക്കാം.

സ്റ്റെപ്പ് 7

ഇലക്ട്രിക്ക് ബീറ്റർ കൊണ്ട് ക്രീം അടിച്ച് പതപ്പിച്ച് ഐസിംഗ് ഷുഗർ ചേർത്ത് കേക്ക് മൊത്തത്തിൽ ക്രീം കൊണ്ട് കവർ ചെയ്യാം.

സ്റ്റെപ്പ് 8

ക്രീം, പൈനാപ്പിൾ കഷണങ്ങൾ, ചെറി എന്നിവ കൊണ്ട് കേക്ക് ഡെക്കോറേറ്റ് ചെയ്‌ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് സർവ്വ് ചെയ്യാം.

സ്ട്രോബെറി & ക്രീം ഫഡ്ജ് കേക്ക്

ഡിസംബറിന്‍റെ നന്മകളിൽ ഒന്ന് വൈവിദ്ധ്യമാർന്ന കേക്കുകൾ പരീക്ഷിക്കാമെന്നതാണ്. നിങ്ങളും ട്രൈ ചെയ്തോളൂ…

 

ചേരുവകൾ

ഫ്ളാക്ക്സീഡ് പൊടിച്ചത്- 2 ടേബിൾ സ്പൂൺ

മാർജറിൻ – അര കപ്പ്

മൈദ – ഒന്നേകാൽ കപ്പ്

പഞ്ചസാര – ഒരു കപ്പ്

കൊക്കോപൗഡർ മധുരമില്ലാത്തത് – അര കപ്പ്

ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ

ബേക്കിംഗ് സോഡ – ഒരു ടീസ്പൂൺ

ഉപ്പ്- ഒരു നുള്ള്

സോയാ മിൽക്ക് – മുക്കാൽ കപ്പ്

ചൂട് വെള്ളം – മുക്കാൽ കപ്പ്

സ്ട്രോബെറി ഫഡ്ജ് ഐസിംഗിന്

വെളിച്ചെണ്ണ – അര കപ്പ്

മേപ്പിൾ സിറപ്പ് – 3 ടേബിൾ സ്പൂൺ

വാനില എക്സ്ട്രാക്റ്റ് – അര ടീസ്പൂൺ

സ്ട്രോബെറി കഷണങ്ങൾ- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

ഓവൻ 175 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്യുക.

സ്റ്റെപ്പ് 2

ഫ്ളാക്ക്സീഡ് പൗഡറും വെള്ളവും ചേർത്ത് മിക്‌സ് ചെയ്‌ത് മാറ്റി വയ്ക്കുക.

സ്റ്റെപ്പ് 3

മൈദ മാവ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ മിക്‌സിംഗ് ബൗളിലിട്ട് നന്നായി മിക്‌സ് ചെയ്യുക.

സ്റ്റെപ്പ് 4

മാർജറിൻ ഉരുക്കി ചേരുവയിലിടുക. ഇനി സോയാ മിൽക്ക് ചേർത്ത് എല്ലാം കൂടി നന്നായി ചേർക്കുക. തുടർന്ന് ചൂട് വെള്ളവും ഫ്ളാക്ക്സീഡ് മിക്‌സും ചേർത്ത് അയഞ്ഞ പരുവത്തിൽ മാവ് തയ്യാറാക്കാം.

സ്റ്റെപ്പ് 5

മിശ്രിതം എണ്ണ പുരട്ടിയ കേക്ക് പാനിൽ ഒഴിക്കുക. 35-45 മിനിറ്റ് നേരം ബേക്ക് ചെയ്യാം.

സ്റ്റെപ്പ് 6

ഐസിംഗിന് ചൂടാക്കിയ വെളിച്ചെണ്ണ, മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്റ്റ്, കഷണങ്ങളാക്കിയ സ്ട്രോബെറി എന്നിവ ബ്ലൻഡറിലിട്ട് നന്നായി ക്രീം ആകും വരെ അടിച്ചെടുക്കുക.

സ്റ്റെപ്പ് 7

കേക്ക് പാനിൽ നിന്നും കേക്ക് എടുക്കുക. തണുത്തതിന് (ഒരു രാത്രി തണുക്കാൻ വയ്ക്കുന്നത് നല്ലതാണ്) ശേഷം ഐസിംഗ് കൊണ്ട് കവർ ചെയ്യാം.

സ്റ്റെപ്പ് 8

20 മിനിറ്റ് നേരം സെറ്റാവാൻ ഫ്രിഡ്ജില്‍ വച്ച ശേഷം സ്ട്രോബെറി കഷണങ്ങളും ചോക്ലേറ്റ് ഫ്ളേക്സും ഉപയോഗിച്ച് അലങ്കരിക്കാം. കേക്ക് റെഡി!

 

മധുവിധു രാവുകളേ…

അപരിചിതരെപ്പോലെ കതിർമണ്ഡപത്തിലേയ്ക്ക് പ്രവേശിക്കുന്നവരല്ല പുതുതലമുറ. വിവാഹം നിശ്ചയിച്ച നാൾ മുതൽ ഫോൺ വിളികളും ചാറ്റിംഗും എല്ലാം അവരെ പരസ്പരം കൂടുതൽ അടുപ്പിച്ചിട്ടുണ്ടാവും. അത് നല്ലത് തന്നെ. വിവാഹശേഷമുള്ള ആദ്യരാത്രിയും ഹണിമൂണും ആണ് ഭാവി ജീവിതത്തെ നിശ്ചയിക്കുന്നത്.

ഹണിമൂൺ ചില മുന്നൊരുക്കങ്ങൾ നടത്താം

മനസ്സിനും ശരീരത്തിനും സുഖവും സുരക്ഷിതത്വവും ഉല്ലാസവും നൽകുന്ന സ്‌ഥലങ്ങളാണ് മധുവിധു ആഘോഷിക്കാൻ കൂടുതൽ നല്ലത്. പ്രകൃതി ഭംഗിയുള്ള മനോഹരമായ കാലാവസ്ഥയിലേക്ക് ഒത്തൊരുമിച്ച് പോകുന്നത് സ്നേഹബന്ധത്തിന്‍റെ ഊഷ്മളതയ്ക്ക് ആക്കം കൂട്ടും.

പുതിയ ജീവിതത്തിലാകുമ്പോൾ പുതുമയും ആഗ്രഹിക്കും. രണ്ടുപേരുടേയും താൽപര്യങ്ങൾക്ക് ഇടം നൽകുക. സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളെ കണക്കിലെടുത്തു കൊണ്ട് തന്നെ യാത്രയ്ക്കൊരുങ്ങുക. എവിടെ പോകുന്നു എന്നതിനേക്കാൾ രണ്ടുപേർക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനും ഉടപഴകുവാനും സമയം ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക.

തിടുക്കപ്പെട്ട് പെട്ടെന്നൊരു യാത്ര പ്ലാൻ ചെയ്യുന്നതിനേക്കാൾ നല്ലത് സാവധാനം ആലോചിച്ച് രണ്ടുപേർക്കും ഇഷ്‌ടപ്പെട്ട സ്‌ഥലങ്ങൾ തെരഞ്ഞെടുക്കുക. ജോലിത്തിരക്കുകൾ കൊണ്ട് വിവാഹം കഴിഞ്ഞയുടനെ യാത്ര പോകുവാൻ സാധിക്കാത്തവർ പരസ്പരം കൂടുതൽ സമയം തമ്മിൽ ചെലവഴിക്കുവാൻ ശ്രമിക്കുക.

ആദ്യത്തെ ദിവസങ്ങളിൽ തന്നെ എന്നെ ശ്രദ്ധിക്കാൻ നേരമില്ല എന്ന പരാതി ഉയരരുത്. ജോലിക്കിടയിൽ ലഞ്ചിനോ, ഡിന്നറിനോ ഒരുമിച്ച് പുറത്ത് പോകുവാൻ പ്ലാൻ ചെയ്യാം. കാമുകീ കാമുകന്മാരെപ്പോലെ അടുത്തിടപഴകി സംസാരിക്കുക. സമയവും സന്ദർഭവും നോക്കി ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ മോഹങ്ങൾ എന്നിവയെല്ലാം പങ്കുവയ്ക്കുക.

ഹണിമൂൺ ട്രിപ്പിന് 1 വർഷം വരെ സമയമുണ്ട്. ആദ്യത്തെ ആറുമാസത്തിനുള്ളിൽ പോകുന്നതാണ് ഏറ്റവും ഉചിതം. ആവശ്യമായ മരുന്നുകളും കാലാവസ്‌ഥയ്ക്കനുയോജ്യമായ ക്രീമുകളും, ലേപനങ്ങളും യാത്രയിൽ കൂടെക്കരുതാം.

ഹണിമൂൺ വസ്ത്രങ്ങൾ

മധുവിധുവിന് വേണ്ട വസ്ത്രങ്ങൾ നേരത്തെ തയ്യാറാക്കി വയ്ക്കാം. പങ്കാളിയുടെ ഇഷ്‌ടപ്പെട്ട നിറങ്ങളും ഡിസൈനുകളും ചോദിച്ചു മനസ്സിലാക്കാം. അതി വൈകാരികമായ നിമിഷങ്ങൾക്കു വേണ്ടി അൽപം സെക്‌സിയായി ഒരുങ്ങുന്നതും സന്തോഷം നിറയ്ക്കും.

യാത്ര പോകുന്നിടത്തു നിന്നും കൂടുതൽ ഷോപ്പിംഗ് നടത്തുവാൻ ഉദ്ധേശിക്കുന്നുവെങ്കിൽ കൂടുതൽ ഭാരം കെട്ടിപ്പൊതിഞ്ഞു കൊണ്ട് പോകാതിരിക്കുന്നതാണ് ബുദ്ധി. ജീവിതകാലം മുഴുവൻ ഒരുമിച്ചു പോകേണ്ടവരാണ് നിങ്ങൾ അതുകൊണ്ട് തന്നെ ഉള്ള തിരക്കുകളെല്ലാം മാറ്റി വച്ച് കളിചിരികളും തമാശകളും നിറച്ചു വേണം യാത്ര ചെയ്യേണ്ടത്.

മണിയറയിലേക്ക്

പരസ്പരം ഒരുമിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ് വിവാഹ ജീവിതത്തിലെ എന്തിനേയും നിർണ്ണയിക്കുന്നത്. യാത്രയുടെ കാര്യത്തിലായാലും ഇതുതന്നെ. രണ്ടുപേരുടേയും ഇഷ്‌ടാനിഷ്ടങ്ങൾ തുറന്ന് സംസാരിക്കുക. വിവാഹ ദിനത്തിലെ തിരക്കുകൾ കഴിഞ്ഞ് മണിയറയിലേക്ക് എത്തുമ്പോൾ ആ ദിവസത്തിലെ ക്ഷീണം കൊണ്ട് കിടന്നുറങ്ങാനാണ് ഒട്ടുമിക്കപേരും താൽപര്യപ്പെടുക.

ആദ്യരാത്രി എന്ന വിശേഷണത്തോടെ ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കം കുറിക്കുകയായി. ഇവിടെ പങ്കാളികളുടെ മാനസിക പൊരുത്തമാണ് പ്രധാനം. നിങ്ങൾ എങ്ങിനെയാണോ സാധാരണ ഇടപഴകുന്നത് അതുപ്പോലെ പെരുമാറുക. നാടകീയമായതൊന്നും സംഭാക്ഷണത്തിലോ പെരുമാറ്റത്തിലോ വരാതെ നോക്കുക. രതി പൂർവ്വലീലകൾ ആസ്വദിച്ച് ക്ഷമയോടെ ഇടപഴകാം. മാനസികമായ അടുപ്പം ഉണ്ടെങ്കിൽ മാത്രം ലൈംഗിക ബനന്ധത്തിലേക്ക് കടക്കാം. പരസ്പര ബഹുമാനവും ആദരവും കൈമാറേണ്ടത് അത്യാവശ്യമാണ്.

മൊബൈൽ ഫോൺ

മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറയ്ക്കുന്നതാണ് മധുവിധുവിന് നല്ലത്. വീട്ടുകാരും സുഹൃത്തുക്കളും എല്ലാത്തിലും ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കണം. അതുവരെ വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമാണ്. പക്ഷേ പിണക്കങ്ങൾ നീണ്ടുപോകാതെ നോക്കണം. ഇണക്കത്തോടെ പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറുക.

ഭാര്യയ്ക്കും ഭർത്താവിനും വരുന്ന ഫോൺ കോളുകൾ കഴിവതും രണ്ടുപേർക്കും സ്വീകാര്യമാകുന്ന രീതിയിൽ അറ്റെൻഡ് ചെയ്യുക. മധുവിധുകാലത്തെ മൂഡ് കളയാൻ മൊബൈൽ ഫോണിനെ അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവും ഇതിൽ ശ്രദ്ധിക്കേണ്ടതാണ്. സ്വകാര്യത സൂക്ഷിച്ചു കൊണ്ടു തന്നെ ചിത്രങ്ങൾ കൈമാറാം.

ഫോൺ വിളിക്കുമ്പോൾ എടുക്കാതിരിക്കുക. ഫോൺ എൻഗേജ്ഡ് ആക്കുക എന്നതെല്ലാം ഇന്ന് സർവ്വസാധാരണമാണ്. വിവാഹ ജീവിതത്തിന്‍റെ ആദ്യ നാളുകളിൽ ഇതെല്ലാം നിയന്ത്രിച്ചു കൊണ്ടു പോവുക. ഒരു ഘട്ടമെത്തുമ്പോൾ മധുവിധുവിന്‍റെ മധുരവും ജീവിത യാഥാർത്ഥ്യവും പൊരുത്തപ്പെട്ട് പോകാതെ വരാം അതിനാൽ ഒരു സഹായി എന്നതിൽ കവിഞ്ഞ് മൊബൈൽ ഫോണിന് അമിത പ്രാധാന്യം നൽകാതിരിക്കുക.

മധുവിധുകാലത്തെ പെരുമാറ്റം

വിവാഹ ജീവിതത്തിന്‍റെ ആദ്യനാളുകളിൽ പങ്കാളിയോട് പ്രണയത്തോടെ ഇടപഴകുക. പെരുമാറ്റത്തിലും പ്രവൃത്തികളിലും അടുക്കും ചിട്ടയും കൊണ്ടുവരാൻ ശ്രമിക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെടുത്തതൊന്നും ചെയ്യരുത്. ബെഡ്റൂമിലും ഒരുമയുണ്ടാകണം.

സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് മാത്രം ബെഡ്റൂം ഒരുക്കരുത് അതിൽ പങ്കാളിയുടെ അഭിപ്രായവും ഇഷ്‌ടാനിഷ്ടങ്ങളും ചോദിച്ചു മനസ്സിലാക്കണം. സൗഹൃദവും സ്നേഹവും മധുവിധു കാലത്ത് നിറഞ്ഞ് നിൽക്കണം. പൊങ്ങച്ചം പറയുകയോ കാണിക്കുകയോ ചെയ്യരുത്.

ലൈംഗികതയും ആരോഗ്യപ്രശ്നങ്ങളും

ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരമാണ് ദാമ്പത്യത്തിൽ ഉണ്ടാകേണ്ടത്. രണ്ടാളുടേയും മാനസികവും ശാരീരികവുമായ ആരോഗ്യവും കൂടി കണക്കിലെടുത്തു വേണം ലൈംഗികബന്ധത്തിലേക്ക് കടക്കേണ്ടത്. വളർന്നു വന്ന സാഹചര്യങ്ങളും സാമൂഹിക വിലക്കുകളുടെ അതിപ്രസരവും ലൈംഗികത സംബന്ധിച്ച ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കണമെങ്കിൽ വിവാഹ ജീവിതത്തിലെ പൂർണ്ണതയ്ക്ക് ലൈംഗികത അനിവാര്യമാണെന്നുള്ള അറിവ് വളർന്നു വരണം.

സ്വപ്നങ്ങളും, പ്രതീക്ഷകളും പങ്കുവയ്ക്കുന്നതു പോലെയാണ് വിവാഹ ബന്ധത്തിലെ ലൈംഗികതയും. മനസ്സിലെ ഉൽകണ്ഠ, ഭയം എന്നിവയെല്ലാം മറ നീക്കി പുറത്തുവരണമെങ്കിൽ ആകാംക്ഷയെ പരസ്പരം പങ്കു വയ്ക്കുക. മധുവിധു കാലം ഇത്തരം ആശങ്കകൾ ഇല്ലാതാക്കുവാൻ ഉപയോഗിക്കാം. ലൈംഗിക ബന്ധത്തിലെ സംതൃപ്തി ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. ഒരാഴ്ചയോ ഒരു മാസമോ എടുത്താലേ ഇതെല്ലാം പൂർണ്ണതോതിൽ അനുഭവിക്കാനാകൂ.

ശരീരഭാഷയേക്കാൾ സംസാര ഭാഷയ്ക്ക് ഇടം നൽകുക. ലൈംഗിക ബന്ധത്തിലെ ഇഷ്‌ടാനിഷ്ടങ്ങൾ പങ്കുവയ്ക്കുക. സാമീപ്യവും സ്പർശനവുമാണ് പ്രധാനം. ലഘു ചുംബനങ്ങളും സ്നേഹ പ്രകടനങ്ങളും ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്. ലൈംഗിക ഉത്തേജനം നൽകുന്ന ഭക്ഷണങ്ങളും വായനയും നല്ലതാണ്. സന്തോഷവും ശാന്തവുമായ സാഹചര്യമാണ് ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യം. പകൽ യാത്ര ചെയ്തത്തിന്‍റെ ക്ഷീണവും, അമിത ഭക്ഷണവും ലൈംഗിക സംതൃപ്തിയെ ബാധിച്ചേക്കാം. അതിനാൽ പുലർകാലങ്ങളിലും പകൽ നേരത്തെ ഇടവേളകളിലും ലൈംഗിക ബന്ധം ആസ്വദിക്കാം.

നല്ലൊരു ഉറക്കത്തിനു ശേഷം ഉണരുന്ന സമയത്ത് ലൈംഗികോത്തേജനത്തിന് സഹായിക്കുന്ന ടെന്റ്റോസ്റ്റിറോൺ ഹോർമോണ് ധാരാളമുണ്ടാകും.

മധുവിധു കാലത്ത് എത്ര തവണ വേണമെങ്കിലും സെക്സ് ആസ്വദിക്കാം. സംതൃപ്തി മാത്രമാണ് പ്രധാനം. രണ്ടു പേരുടേയും പൊതുവായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക. ഇണയുടെ ആരോഗ്യാവസ്‌ഥയും മാനസികാവസ്‌ഥയും കണക്കിലെടുക്കണം.

ആവർത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശുചിത്വം വളരെ പ്രധാനമാണ്. മൂത്രനാളിയിലും യോനിയിലും അണുബാധയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശാരീരികമായ ബന്ധപ്പെട്ടതിന് ശേഷം ലൈംഗികാവയവങ്ങൾ വൃത്തിയാക്കണം. വെള്ളം ധാരാളം കുടിക്കുന്നത് ശീലിക്കുക. ലൈംഗിക ബന്ധത്തിനും ശേഷം ഉടനെ മൂത്രമൊഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ലൂബ്രിക്കേഷൻ കുറവുള്ളതും, അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ലൈംഗികാവയവങ്ങൾക്ക് ചൊറിച്ചലും നീറ്റലും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ചെറുപ്പത്തിലുണ്ടായ മോശം അനുഭവങ്ങൾ മൂലം മാനസികമായോ ശാരീരികമായോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പങ്കാളിയോട് തുറന്ന് പറയുക. ലൈംഗിക സംബന്ധമായ അസുഖങ്ങൾക്ക് ഭാര്യയും ഭർത്താവും ഒരുപോലെ ചികിത്സിക്കണം. ശുചിത്വം പാലിക്കുന്നത് ലൈംഗിക ജീവിതത്തിന്‍റെ ഗുണമേന്മ കൂട്ടുമെന്നത് എപ്പോഴും ഓർക്കുക.

തിൽ റൊട്ടി

ചേരുവകൾ

കശുവണ്ടി 20-25 എണ്ണം പൊടിച്ചത്

ഗോതമ്പുപൊടി ഒരു കപ്പ്

എള്ള് വറുത്തത് 100 ഗ്രാം

തേൻ 5-6 ചെറിയ സ്പൂൺ

ജാം ഒരു സ്പൂൺ

പഞ്ചസാര കരിച്ചത് 2-3 സ്പൂൺ

പാൽ അൽപം, ആട്ട കുഴയ്ക്കുന്നതിന്

ശര്‍ക്കര ആവശ്യത്തിന്

നെയ് രണ്ട് സ്പൂൺ

തയ്യാറാക്കുന്ന വിധം

സ്‍റ്റെപ്പ് 1 :

ആട്ടയിൽ പഞ്ചസാര കരിച്ചത്, കശുവണ്ടി പൊടിച്ചത്, നെയ്, ശർക്കര,  എന്നിവ ചേർത്ത് പാലിട്ട് കുഴയ്ക്കുക.

സ്‍റ്റെപ്പ് 2 :

ചെറിയ ഉരുളകളാക്കി ചെറിയ റൊട്ടി തയ്യാറാക്കുക. ചെറിയ തീയിൽ ഏറെ നേരം വേവിച്ച് കറുമുറെ ആകും വരെ പാകം ചെയ്യുക.

 സ്‍റ്റെപ്പ് 3 :

ഒരു വശത്ത് ജാം, തേന്‍ എന്നിവ പുരട്ടി എള്ള് വച്ച് അലങ്കരിച്ച് സര്‍വ് ചെയ്യുക

 

ബദാമി ചസ്കാ

ചേരുവകൾ

അരി 50 ഗ്രാം

ചൗവരി 3- സ്പൂൺ

ബദാം 100 ഗ്രാം

ശർക്കര അര കപ്പ്

ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂൺ

പൈനാപ്പിൾ എസൻസ് 5-6 തുള്ളി

മിൽക്ക് പൗഡർ ഒരു കപ്പ്

പാൽ അര ലിറ്റർ

കൽക്കണ്ടം ആവശ്യത്തിന്

സിൽവർ അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

സ്‍റ്റെപ്പ് 1 :

അരിയും ചൗവരിയും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

സ്‍റ്റെപ്പ് 2 :

പാൽ തിളപ്പിക്കാം. പാൽ തിളക്കുമ്പോൾ അതിൽ അരിയും ചൗവരിയും ഇട്ട് വേവിക്കുക. ബദാം വെള്ളത്തിൽ കുതിർത്ത് തൊലി നീക്കുക.

സ്‍റ്റെപ്പ് 3 :

പാൽ തിളച്ച് 5 മിനിറ്റിനുശേഷം ബാക്കിയുള്ള മുഴവൻ ചേരുവകളും മിക്സ് ചെയ്യാം.

സ്‍റ്റെപ്പ് 4 :

ഗ്യാസ് ഓഫാക്കിയശേഷം ഏതാനും തുള്ളി പൈനാപ്പിൾ എസൻസും ചേർത്ത് സിൽവർ വർക്ക് കൊണ്ട് അലങ്കരിച്ച് ചൂടോടെ സർവ്വ് ചെയ്യാം. 10 മിനിറ്റിൽ ബദാം ചസ്കാ തയ്യാറായിരിക്കുന്നു.

തിൽ ഹോട്ട് പോട്ട്

ചേരുവകൾ

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് 2 എണ്ണം

ന്യൂഡിൽസ് വേവിച്ചത് 50 ഗ്രാം

കാബേജ് ചെറുതായി അരിഞ്ഞത് 50 ഗ്രാം

സവാള വലുത് അരിഞ്ഞത്

ചുവപ്പ്, പച്ച മുളക് ആവശ്യത്തിന്

മാങ്ങാപ്പൊടി അര ടീസ്പൂൺ

കോൺഫ്ളോർ ഒന്നര ചെറിയ സ്പൂൺ

മൈദമാവ് കാൽ കപ്പ് വെളുത്തുള്ളി 3 അല്ലി

ചുവപ്പ്, ഓറഞ്ച് കളർ അൽപം

വറുക്കാൻ ആവശ്യമായ എണ്ണ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്‍റ്റെപ്പ് 1 :

ഉരുളക്കിഴങ്ങ് ചെറുതായി തുടച്ച് അതിൽ ഉപ്പും കോൺഫ്ളോറും മുളകും മാങ്ങാപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക.

സ്‍റ്റെപ്പ് 2 :

മൈദമാവിൽ കളർ മിക്സ് ചെയ്ത് ബാറ്റര്‍ തയ്യാറാക്കുക.

സ്‍റ്റെപ്പ് 3 :

ന്യൂഡിൽസിൽ വെളുത്തുള്ളി കാബേജ് എന്നിവ ചേർക്കാം. അൽപം ഉപ്പും മുളകും ചേർക്കാം.

സ്‍റ്റെപ്പ് 4 :

2 വലിയ സ്പൂൺ ഉരുളക്കിഴങ്ങ് മിശ്രിതം എടുത്ത് കൈകൊണ്ട് ചെറുതായി പരത്തി ന്യൂഡിൽസ് മിക്സ്ചർ ഫിൽ ചെയ്ത് നാലുവശവും കവർ ചെയ്യുക.

സ്‍റ്റെപ്പ് 5 :

മൈദ മാവിൽ മുക്കി ഓരോന്നും എള്ള് പൊതിഞ്ഞ് ചൂട് എണ്ണയിലിട്ട് വറുത്തെടുക്കുക. ഇപ്രകാരം ഓരോന്നും തയ്യാറാക്കി ചട്നിക്കൊപ്പം സർവ്വ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें