പഴയതും പുതിയതുമായ കല്യാണ രീതികളെ മിക്‌സ് ചെയ്ത് ട്രെൻസ്‍സെറ്റർ പോലെയാണ് ഇന്ന് വിവാഹചടങ്ങുകളിൽ കാണാനാവുക. വിളിച്ചറിയിപ്പ് തുടങ്ങുന്നതു മുതൽ കല്യാണച്ചെലവുകൾ ആരംഭിക്കുകയാണ്.
ക്ഷണക്കത്ത്
വൈവിധ്യമാർന്ന ഡിസൈനിലുള്ള കാർഡുകളും, ഗിഫ്റ്റുകളും, സുഗന്ധദ്രവ്യങ്ങളും നിറഞ്ഞു നിൽക്കുന്ന കല്യാണ വിളികളിൽ ഭൂരിഭാഗം ആളുകളും ഒരു യൂണിക്ക്നെസ്സ് ആഗ്രഹിക്കുന്നു. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ക്ഷണക്കത്തുകൾക്ക് ചെലവാക്കാൻ ഇന്നാർക്കും മടിയില്ല. പക്ഷേ യഥാർത്ഥത്തിൽ ക്ഷണക്കത്തിന്‍റെ ആവിശ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ! വിവാഹത്തീയതിയും, സമയവും, സ്‌ഥലവും മറക്കാതിരിക്കാൻ ക്ഷണക്കത്ത് സഹായിക്കും.
ഇമെയിലും, സ്മാർട്ട് ഫോണും നിറഞ്ഞു നിൽക്കുന്ന ഇന്നത്തെക്കാലത്ത് ക്ഷണക്കത്തിനു വേണ്ടി അനാവശ്യ ചെലവുകളുടെ ആവശ്യമുണ്ടോ. നല്ല കൈയ്യക്ഷരം ഉള്ളവരും, വരയ്ക്കാൻ കഴിയുന്നവരും സ്വന്തമായി നല്ലൊരു ഡിസൈൻ തയ്യാറാക്കി പ്രിന്‍റെടുത്ത് അയച്ചു നോക്കൂ. അതുപോലെ നവമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാൻ ഓൺലൈനിലും ഡിസൈനുകൾ തയ്യാറാക്കാം. ഇന്ന് ധാരാളം പേർ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും ക്ഷണക്കത്ത് ഡിസൈൻ ചെയ്‌ത് അയക്കുന്നുണ്ട്. പരസ്പരം ഇഷ്‌ടങ്ങൾ മനസ്സിലാക്കി വേണം ഇതൊക്കെ ചെയ്യേണ്ടത്.
ആഭരണങ്ങൾ
കല്യാണ ദിവസം കഴിഞ്ഞാൽ ഒട്ടുമിക്കപേരും ആഭരണങ്ങൾ സേഫിലോ ബാങ്ക് ലോക്കറിലോ പൂട്ടി വയ്ക്കുകയാണ് പതിവ്. സ്വർണ്ണത്തിന്‍റെ വിലയിൽ മാറ്റമുണ്ടാകില്ല എന്ന് തറപ്പിച്ചു പറയാനാകില്ല അതുകൊണ്ട് അളവ് കുറയ്ക്കുന്നതാണ് നല്ലത്.
വിവാഹമോതിരവും, മാലയും മോടി കൂട്ടാൻ ഒന്നു രണ്ടു വളയും ചെയിനും തന്നെ ധാരാളം. സാമ്പത്തികമായ മുന്നോക്കം നിൽക്കുന്നവരും ശരീരം നിറയ്ക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കിയിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിനൊപ്പം ലാളിത്യവും വേണം. കല്യാണ ദിവസത്തിലേക്കായി തെരഞ്ഞെടുക്കുന്ന ആഭരണങ്ങൾ കഴിവതും പലപ്പോഴായി ഉപയോഗിക്കാൻ പറ്റുന്നവയാണേൽ കൂടുതൽ നല്ലത്.
വസ്ത്രങ്ങൾ
കെട്ടുറപ്പിക്കൽ, വിവാഹ നിശ്ചയം, കല്യാണം, റിസപ്ഷൻ എന്നിങ്ങനെ പല ചടങ്ങുകൾക്കും വസ്ത്രങ്ങൾ മാറി മാറിയാണ് ഉപയോഗിക്കുക. വീട്ടുകാർക്കും ബന്ധുജനങ്ങൾക്കും സുഹൃത്തുക്കൾക്കും വസ്ത്രങ്ങൾ ഒരുപോലെ എടുത്ത് തീം മാറ്റിക്ക് കല്യാണങ്ങളും നടത്തുന്നു.
വസ്ത്രങ്ങളുടെ ചെലവ് കുറയ്ക്കാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ആർക്കൊക്കെ എന്തൊക്കെ എത്രയെണ്ണം എന്നത് നേരത്തെ തീരുമാനിക്കുക. വസ്ത്രാലയങ്ങളിൽ പ്രത്യേക വൈവാഹിക ഓഫറുകൾ വരുന്നുണ്ട്. കഴിവതും ഒരേ സമയത്തു തന്നെ വസ്ത്രങ്ങൾ വാങ്ങുക. രണ്ടു വീട്ടുകാരും കൂടി ചർച്ച ചെയ്ത് തീരുമാനമെടുത്താൽ വിവാഹ വസ്ത്രങ്ങളിലെ ചെലവ് ഗണ്യമായി കുറയ്ക്കാം. യൂണിക്ക്നെസ് ആഗ്രഹിക്കുന്നവർ നല്ലൊരു ഫാഷൻ സ്റ്റൈലിസ്റ്റിനെ കൺസൾട്ട് ചെയ്താൽ വിവാഹ നാളുകളിൽ അണിയുന്ന വസ്ത്രങ്ങൾ അധികച്ചെലവില്ലാതെ ഡിസൈൻ ചെയ്തെടുക്കാം.
വിവാഹ സൽക്കാരം
കല്യാണം വീട്ടിലായാലും, ഹാളിലായാലും, ഉദ്യാനത്തിലായാലും വിവാഹ സൽക്കാരം ഒഴിച്ചു കൂടാനാവാത്ത ഒന്ന് തന്നെ. പക്ഷേ തയ്യാറാക്കിയ ഭക്ഷണം വേസ്റ്റാകാതെ ശ്രദ്ധിക്കണം. കാറ്ററിംഗ് ഗ്രൂപ്പുമായോ മുഖ്യ പാചകനുമായോ ഇക്കാര്യം സംസാരിക്കുക. ഒരുപാട് ഐറ്റംസ് നിറച്ച് വയ്ക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മൂന്നോ നാലോ വിഭവങ്ങളാണ് ബുഫേയ്ക്ക് നല്ലത്. ഓൺ ദ സ്പോട്ടിൽ ഒരുക്കുന്ന ഫാസ്റ്റ് ഫുഡും ഇന്ന് കല്യാണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഭക്ഷണം വേസ്റ്റാകാതിരിക്കാൻ സഹായിക്കും.