ഉള്ളിത്തീയൽ

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്.  പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

കേരളത്തിലെ പരമ്പരാഗത കറിവിഭവങ്ങളിൽ ധാരാളം പേരുടെ ഇഷ്ടപ്പെട്ട വിഭവമാണ് ഉള്ളിത്തീയൽ. ഉള്ളിയ്ക്ക് എത്ര വില കൂടിയാലും ഈ ഉള്ളിത്തീയൽ ഇടയ്ക്ക് കഴിച്ചില്ലെങ്കിൽ എങ്ങനെ ശരിയാവും? ഉള്ളിത്തീയൽ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം. ചെറിയ ഉള്ളിയും വറുത്തരച്ച തേങ്ങയുമാണ് ഇതിലെ പ്രധാന ചേരുവകൾ.

 

ചേരുവകൾ

പച്ചമുളക് കീറിയത് 6 എണ്ണം

വാളമ്പുളി പിഴിഞ്ഞ വെള്ളം പാകത്തിന്

തേങ്ങ ചിരകിയത് ഒരു കപ്പ്

മല്ലിപ്പൊടി 3 സ്പൂൺ

മുളകുപൊടി 2 സ്പൂൺ

കടുക് 1 സ്പൂൺ

കറിവേപ്പില

കുരുമുളക്, ഉലുവപ്പൊടി അൽപം

എണ്ണ രണ്ട് സ്പൂൺ

വറ്റൽ മുളക് വറുത്തിടാന്‍ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

പാനിൽ എണ്ണയൊഴിച്ച് ആദ്യം ഉള്ളി വഴറ്റി മാറ്റി വയ്ക്കുക.

സ്റ്റെപ്പ് 2

മറ്റൊരു പാനിൽ എണ്ണയൊഴിച്ച് നാളികേരം ചിരവിയത് വറുത്തെടുക്കണം. ബ്രൗൺ നിറമാകുന്ന പരുവത്തിൽ മല്ലിപ്പൊടി, മുളകുപൊടി ഇവ തേങ്ങയിൽ ചേർത്ത് വറുത്ത് കോരുക. വറുത്തെടുത്ത ചൂടിൽ കുരുമുളക്, ഉലുവ, മഞ്ഞൾപ്പൊടി എന്നിവ കൂടി ഇട്ട് വഴറ്റി നല്ല മയത്തിൽ അരച്ചെടുക്കുക.

സ്റ്റെപ്പ് 3

പുളി മൂന്ന് കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക.

സ്റ്റെപ്പ് 4

ഇത്രയും തയ്യാറാക്കിയ ശേഷം വെളിച്ചെണ്ണ ചൂടാക്കി അതിൽ പച്ചമുളക് കീറിയതും വെളുത്തുള്ളിയും ഇട്ട് വഴറ്റിയ ശേഷം നേരെത്ത വഴറ്റി വച്ച ഉള്ളി കൂടി ചേർത്ത് ഒന്നുകൂടെ നന്നായി വഴറ്റുക.

സ്റ്റെപ്പ് 5

നല്ല ബ്രൗൺ നിറമാകുമ്പോൾ ഈ ചേരുവയിലേക്ക് പുളി പിഴിഞ്ഞ വെള്ളവും അരപ്പും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയിൽ കടുക് വറുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കറിയിലേക്ക് ഒഴിക്കുക.

കുറിപ്പ്

  • ഉള്ളിയും തേങ്ങയും കരിയാതെ നന്നായി വറുത്തെടുക്കണം. അപ്പോഴാണ് കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുക.
  • നനവില്ലാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ രണ്ട് ദിവസം ഫ്രഷ് ആയിരിക്കും.

അച്ചപ്പം, നാടൻ പലഹാരം

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്. പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

മലയാളികളുടെ ഇഷ്ടപ്പെട്ട പലഹാരങ്ങളിലൊന്നാണ് അച്ചപ്പം. പ്രത്യേകിച്ചും മഴക്കാലത്ത് കറുമുറെ കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ വിഭവം കേരളത്തിന്‍റെ തനതു നാടൻ പലഹാരം എന്നു കരുതാവുന്നതാണ്.

മുൻപൊക്കെ വീട്ടിൽ ആഘോഷങ്ങൾ ഉണ്ടാകുമ്പോൾ മുത്തശ്ശിമാർ ഉണ്ടാക്കി വയ്ക്കുന്ന ഈ പലഹാരം ഏറെ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. അച്ചപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് മനസിലാക്കാം.

ചേരുവകൾ

അരിപ്പൊടി – ഒരു കപ്പ്

മുട്ട – രണ്ടെണ്ണം

പഞ്ചസാര – ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

തേങ്ങാപ്പാൽ – ഒരു തേങ്ങയുടെ

എള്ള് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

അരിപ്പൊടി, മുട്ട, ഉപ്പ്, പഞ്ചസാര ഇവ ആദ്യം തന്നെ മിശ്രിതമാക്കുക. അരിപ്പൊടി വറുക്കാതെ പച്ചപ്പൊടി തന്നെ ആണ് നല്ലത്.

സ്റ്റെപ്പ് 2

മിശ്രിതത്തിലേക്ക് തേങ്ങാപ്പാൽ ചേർത്ത് നന്നായി കുഴയ്ക്കുക. മാവിന്‍റെ കുഴയ്ക്കൽ വെള്ളം ചേർത്തും പരുവത്തിലാക്കാം. മാവ് അൽപ സമയം അടച്ചു മാറ്റി വയ്ക്കുക.

സ്റ്റെപ്പ് 3

തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അച്ച് ചൂടാക്കുക. (പൂവിന്‍റെ ആകൃതിയിലുള്ള അച്ച് വാങ്ങാൻ കിട്ടും) ഇത് മാവിൽ മുക്കി തിള ച്ച് എണ്ണയിൽ മുക്കുമ്പോൾ അച്ചിന്‍റെ ആകൃതിയിൽ മാവ് എണ്ണയിൽ വീഴും. ഇത് ചെറിയൊരു ബ്രൗൺ നിറത്തിൽ ഉറച്ചു വരുമ്പോൾ കണ്ണരിപ്പ കൊണ്ട് കോരിയെടുക്കാം.

സ്റ്റെപ്പ് 4

ചൂടാറി കഴിയുമ്പോൾ എയർടൈറ്റ് ആയ പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

കുറിപ്പ്

  • വളരെ സ്വാദുള്ള ഒരു നാലുമണി പലഹാരമാണ് അച്ചപ്പം. പച്ചരിയാണ് അച്ചപ്പം ഉണ്ടാക്കാൻ നല്ലത്.
  • അരി കുതിർത്തു വാരി വച്ചശേഷം തേങ്ങാപ്പാൽ ചേർത്ത് അരച്ചെടുത്താലും മതിയാകും. അരി പൊടി ആക്കണമെന്ന് നിർബന്ധമില്ല.

നിങ്ങളുടെ കുട്ടികൾ സൂപ്പർ പേരന്‍റ് സിൻഡ്രോമിന്‍റെ ഇരയാണോ?

ഇതൊരു കഥയല്ല അനുഭവമാണ്. നഗരത്തിലെ മെച്ചപ്പെട്ട സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മോഹിതിനെ ഒരു ദിവസം കാണാതെയായി. പാൽ വാങ്ങാൻ പോയ കുട്ടി വീട്ടിൽ മടങ്ങിയെത്തിയില്ല. പക്ഷേ, അന്വേഷണം പല വഴിക്ക് നീണ്ടു. ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ഏതോ ഒരു നല്ല മനുഷ്യൻ അവനെ വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്ന് മനസ്സിലായി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ പിതാവിന്‍റെ ശിക്ഷണ നടപടികൾ ഭയന്നായിരുന്നു ഒളിച്ചോട്ടം.

മറ്റൊരു സംഭവം തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നുവെന്നായിരുന്നു. 10 വയസ്സുകാരൻ അഭിയുടെ പരാതി. ചിലപ്പോൾ വയറ്റിലും. അവന് എപ്പോഴും മുഖത്ത് നിരാശയാണ്. ഭക്ഷണവും ശരിയാവണ്ണം കഴിച്ചിരുന്നില്ല. ചെറിയ കാര്യങ്ങൾക്കു പോലും അവൻ വാവിട്ടു കരഞ്ഞു കളയും. ഡോക്ടറുടെ പരിശോധനയിൽ കാര്യം പിടികിട്ടി. രണ്ട് കുട്ടികളുടെ കാര്യത്തിലും കാരണം ഒന്ന് തന്നെയായിരുന്നു. രണ്ട് പേരും തങ്ങളുടെ രക്ഷിതാക്കളുടെ സൂപ്പർ പേരന്‍റ് സിൻഡ്രോമിന്‍റെ ഇരകളായിരുന്നു. ഇതേക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ മെഡലിൻ തന്‍റെ പുസ്തകമായ പ്രൈ ഓഫ് പ്രിവലിൻ പറയുന്നതിങ്ങനെ “സ്വന്തം വിജയത്തിനും നേട്ടങ്ങൾക്കുമായി കുഞ്ഞുങ്ങളുടെ മേൽ അമിതസമ്മർദ്ദം നൽകുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ അവരെ ഡിപ്രഷനിലേക്കും സ്ട്രസ്സിലേക്കും തള്ളിവിടുകയാണ്.”

മറ്റുള്ളവരുടെ കുട്ടികളേക്കാൾ തന്‍റെ കുട്ടി കേമനാകണം. ഒന്നാമനാകണം എന്ന് മാതാപിതാക്കൾ തീവ്രമായി ആഗ്രഹിക്കുന്നതു കൊണ്ടാണത്. അത് പഠനത്തിലായാലും മറ്റ് കലാകായിക മത്സരത്തിനായാലും സ്വന്തം കുട്ടികൾ മുന്നിലെത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ഇത്തരം കുട്ടികൾ മാതാപിതാക്കളുടെ പ്രതീക്ഷയനുസരിച്ച് ഉയർന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ ദു:ഖിതരും വിഷാദ രോഗികളുമാകുന്നു.

സമ്പന്ന കുടുംബങ്ങളിൽപെട്ട കുട്ടികൾക്ക് സാധാരണ കുടുംബങ്ങളിലുള്ള കുട്ടികളേക്കാൾ മൂന്നിരട്ടിയിലധികം വിഷാദവും ഉത്കണഠയും ഉണ്ടാകുമെന്നാണ് ഡോക്ടർ ലെവിൻ പറയുന്നത്. ഇത്തരം കുട്ടികൾ തെറ്റായ വഴികളിൽ സഞ്ചരിക്കാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ കുട്ടികൾക്ക് തന്നോടു തന്നെ വെറുപ്പും ദേഷ്യവും തോന്നാം. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം കിട്ടാതെ വരുന്നു. ഒന്നിന് പിറകെ ഒന്നായുള്ള ക്ലാസ്സുകൾ, കോച്ചിംഗുകളും അവരുടെ ദിനചര്യയായി മാറും. സ്ക്കൂൾ കഴിഞ്ഞ ശേഷം കോച്ചിംഗ് പിന്നെ ക്ലാസ് ഹോം വർക്ക് അതിനിടയിൽ കുട്ടികളുടെ സർഗ്ഗാത്മകമായി കഴിവ് തിരിച്ചറിയാനും അത്തരം കഴിവുകളെ പരിപോഷിപ്പിക്കാനും തീർത്തും സമയം കിട്ടാതെ വരുന്നു.

കുട്ടികൾ പഠനത്തിൽ ഒന്നാമനാകുന്നതിനൊപ്പം മറ്റ് സർഗ്ഗാത്മകമായ കഴിവുകളിൽ കൂടി പ്രാഗ്തഭ്യം തെളിയിക്കണം എന്നു കൂടിയാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. സ്ക്കൂൾ തുറന്നാലുടൻ രക്ഷിതാക്കൾ കച്ചമുറുക്കും. കഴിഞ്ഞ വർഷത്തെ പെർഫോമൻസ് ഈ വർഷവും ആവർത്തിക്കണമെന്ന വാശിയിൽ തയ്യാറെടുപ്പുകൾക്ക് തുടക്കമിടും. അതോടെ ദിവസം തോറുമുള്ള ആക്റ്റിവിറ്റി, ഹോംവർക്ക്, സ്പോർട്സ് തുടങ്ങി എല്ലാം രക്ഷിതാക്കളുടെയും ദിനചര്യയുടെ പ്രധാനഭാഗമായി മാറും.

സ്നേഹപൂർവ്വം മനസ്സിലാക്കിക്കുക

കുട്ടിയുടെ ഭാവിയെക്കുറിച്ചോർത്ത് മാതാപിതാക്കളുടെ മനസ്സിൽ ആശങ്കകൾ ഉണ്ടാവുക സ്വഭാവികമാണ്. പലപ്പോഴും ആത്മധൈര്യം കുറയുന്നതിനാൽ സ്വയം സുരക്ഷിതത്വമില്ലായ്മ അനുഭവിക്കാം. ഈയൊരു വികാരം രക്ഷിതാക്കൾ കുഞ്ഞുങ്ങളോടും പ്രകടിപ്പിക്കുന്നത് ദോഷം ചെയ്യും. അതുകൊണ്ട് സ്വയം വിശ്വാസമർപ്പിച്ചു കൊണ്ട് മാതാപിതാക്കൾ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും തണലിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം നൽകുക. പുഞ്ചിരിക്കുന്നതും സന്തോഷത്തോടെയിരിക്കുന്നതും പോസിറ്റീവായ നിലപാടിനെയാണ് വ്യക്‌തമാക്കുന്നത്. നിങ്ങൾ പുഞ്ചിരിക്കുമ്പോൾ കുഞ്ഞുങ്ങളും പുഞ്ചിരിക്കും. കുഞ്ഞുങ്ങളിൽ ഉണർവ്വും ഉത്സാഹവും നിറയും. അവരിൽ ആത്മവിശ്വാസം വളരുന്നതിനൊപ്പം നിങ്ങളുടെ വിശ്വാസവും വളരും.

കുഞ്ഞുങ്ങളെ താരതമ്യം ചെയ്യരുത്

സ്വന്തം കുഞ്ഞുങ്ങളെ മറ്റാരുടെയെങ്കിലും കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യരുത്. ഏതെങ്കിലും പരീക്ഷയിലോ മത്സരത്തിലോ സ്വന്തം കുട്ടിയ്ക്ക് മറ്റ് കുട്ടികളേക്കാളിലും കുറവ് മാർക്ക് കിട്ടിയാൽ അല്ലെങ്കിൽ മോശം പ്രകടനം കാഴ്ച വച്ചാൽ അവരെ താരതമ്യം ചെയ്യുന്നതിന് പകരം അവരെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുക. അടുത്ത തവണ നമുക്ക് ശ്രമിക്കാം. ഉറപ്പായും വിജയമുണ്ടാകും എന്ന് പറയുക. ഇത്തരം സമീപനം കുഞ്ഞുങ്ങളടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിക്കുകയില്ല. മറിച്ച് അവനിൽ ആത്മവിശ്വാസം വളർത്തുന്നു.

അനാവശ്യമായ ഉപദേശം

സംസാരിക്കുകയെന്നുള്ളത് പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എന്ന് കരുതി സദാസമയവും ഉപദേശിച്ചു കൊണ്ടിരിക്കുന്നതും ശരിയല്ല. ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്നാൽ കുട്ടികൾ ഒരക്ഷരവും ശ്രദ്ധിക്കുകയില്ല. കുട്ടികളുടെ കഴിവുകളേയും പരിമിതികളേയും തിരിച്ചറിയുക. കുട്ടികളെ ഒരു ക്ലാസ്സിന് പിന്നാലെ മറ്റൊരു ക്ലാസ്സിന് അയക്കുന്നത് ഉചിതമാണോയെന്ന് കുഞ്ഞുങ്ങളുടെ കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിക്കുക. മറ്റുള്ളവരെ അനുകരിച്ചോ താരതമ്യം ചെയ്തോ കുഞ്ഞുങ്ങളെ കൊണ്ട് ഇത്തരത്തിൽ ഭാരമെടുപ്പിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കുക. കുഞ്ഞുങ്ങളുടെ കഴിവും പരിമിതിയും മനസ്സിലാക്കാതെ എപ്പോഴും മുന്നേറണമെന്ന ചിന്തയിൽ അമിത സമ്മർദ്ദം നൽകരുത്. അവർക്ക് നന്മ ചെയ്യുന്നതിന് പകരം അവരെ അപകടത്തിലാക്കാനേ ഇതു കൊണ്ട് സാധിക്കുകയുള്ളൂ. മറ്റ് കുട്ടികളുടെ യോഗ്യത നോക്കി സ്വന്തം കുഞ്ഞുങ്ങളെ വിലയിരുത്തരുത്.

കുഞ്ഞുങ്ങളോട് അനുഭാവപൂർവ്വം പെരുമാറുക

കുട്ടികൾക്ക് ചിട്ടയും അനുസരണശീലവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് കുട്ടികളോട് ഉദാരമായ സമീപനവും പുലർത്തേണ്ടത് അനിവാര്യമാണ്. കുട്ടികൾ ഇടയ്ക്ക് ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അൽപനേരം മൊബൈലിലോ കംപ്യൂട്ടറിലോ ഗെയിം കളിക്കാൻ താൽപര്യപ്പെടുന്നുവെങ്കിൽ അതനുവദിച്ച് നൽകാം. കുട്ടികൾ കമ്പ്യൂട്ടറും മൊബൈലും ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

നല്ല പ്രവർത്തിയെ അഭിനന്ദിക്കാം

കുട്ടികൾ തെറ്റുകൾ കാട്ടുമ്പോൾ ശകാരിക്കുന്നതു പോലെ തന്നെ അവര്‍‌ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിന്ദിക്കാനും മറക്കരുത്. കുട്ടികളുടെ റിപ്പോർട്ട് കാർഡിൽ മാത്രം അഭിനന്ദനം ഒതുങ്ങി പോകരുത്. അവരുടെ നല്ല പ്രവർത്തികൾക്ക് ഇടയ്ക്ക് കൊച്ച് കൊച്ച് സമ്മാനങ്ങൾ നൽകുന്നതും അവരിൽ ആത്മവിശ്വാസം വളർത്തും.

നിങ്ങളുടെ കുട്ടി കൂട്ടുകാർക്കൊപ്പം ചേർന്ന് നല്ലൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലോ അവരോട് നല്ല പെരുമാറ്റം കിട്ടിയിട്ടുണ്ടെങ്കിലോ അതിഥികളോട് വളരെ ബഹുമാനപുരസ്സരം പെരുമാറിയിട്ടുണ്ടെങ്കിലോ അതുമല്ലെങ്കിൽ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ വേദനിപ്പിച്ചതിന് ക്ഷമ പറയുകയോ മറ്റോ ചെയ്‌തിട്ടുണ്ടെലോ കുട്ടിയെ അകമഴിഞ്ഞ് പ്രശംസിക്കുക തന്നെ വേണം. ഇത് കുട്ടികളിൽ മികച്ച ഫലമുള്ളവാക്കുമെന്നാണ് മനശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

പരാജയങ്ങളും അനിവാര്യം

കുട്ടികൾ ജയിക്കുന്നതിന് വേണ്ടി മാത്രമല്ല നല്ലവണ്ണം പ്രയ്തനിക്കാനും പ്രോത്സാഹിപ്പിക്കണം. ചില രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാനായി മന:പൂർവ്വം തോറ്റു കൊടുക്കാറുണ്ട്. അങ്ങനെയൊരിക്കലും ചെയ്യരുത്. കുട്ടികൾ കൂടുതൽ പരിശ്രമിക്കുന്നതിൽ നിന്നും പിന്തിരിയും. ഓരോ തവണയും പരിശ്രമിക്കാതെ വിജയിക്കാനാവും കുട്ടികൾ ആഗ്രഹിക്കുക. ജയങ്ങൾക്കൊപ്പം അവരുടെ തോൽവികളെയും അംഗീകരിക്കാൻ അവരെ പഠിപ്പിക്കുക.

വീട്ടിലുള്ള മുതിർന്നവരെ അപമാനിക്കുക, ചെറുതും വലുതുമായ കലഹങ്ങൾ, മോശം പദ പ്രയോഗങ്ങൾ, പിതാവിന്‍റെ മദ്യപാനം, പുകവലി ശീലം തുടങ്ങിയ മോശം പ്രവർത്തികൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കാം. കുട്ടി നിരന്തരം കാണുന്നതും പരിചരിക്കുന്നതുമായ കാര്യങ്ങളാവും പഠിക്കുക.

സ്വന്തം ചെലവുമായി കുട്ടികളെ താരതമ്യം ചെയ്യരുത്

കുട്ടിക്കാലത്ത് നിന്‍റെ പ്രായത്തിൽ ഞങ്ങൾ നല്ലവണ്ണം പഠിക്കുമായിരുന്നു. വീട്ട് ജോലി ചെയ്യുമായിരുന്നു എന്നിങ്ങനെയൊക്കെ മാതാപിതാക്കൾ തങ്ങളുടെ ബാല്യകാലവുമായി താരതമ്യം ചെയ്യുക പതിവാണ്. പഠിത്തത്തിൽ ഒന്നാമനാണെങ്കിൽ, നല്ല പാട്ടുകാരിയോ പാട്ടുകാരനോ ആണെങ്കിൽ കുട്ടികളും അങ്ങനെയായി തീരണമെന്നില്ല. ഓരോ കുട്ടികൾക്കും തങ്ങളുടേതായ ആഗ്രഹങ്ങളും, ഹോബികളും കഴിവുകളും ഉണ്ടാകും. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക. അവരിൽ അമിത പ്രതീക്ഷ വച്ച് പുലർത്താതിരിക്കുക. മാതാപിതാക്കൾ സ്വന്തം കടമകൾ നിർവഹിക്കണം. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.

മസിനഗുഡിയിൽ ഒരു മഞ്ഞു കാലത്ത്

വർഷാവർഷം, വിവാഹ വാർഷിക ദിനത്തിൽ ചെറുതെങ്കിലും ഒരു യാത്ര പതിവുള്ളതാണ് അല്ലെങ്കിലും ഒരുമിച്ചു ജീവിതയാത്ര പിന്നിട്ടതിന്‍റെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രകൃതിയുടെ മടിത്തട്ടോളം പറ്റിയ ഇടം മറ്റെന്തുണ്ട്…? “ഇത്തവണ ഇവിടേക്കാ” എന്ന് ചോദിക്കുന്നതിനു മുമ്പേ മസിനഗുഡിയിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നു നേരത്തേ ലഭിച്ചു ഉത്തരം.

നീലഗിരിയുടെ മടിത്തട്ടിലെ വശ്യസുന്ദര ഭൂമി മസിനഗുഡി. കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം. നാളേറെയായി മസിനഗുഡി എന്നെയും കൊതിപ്പിക്കാൻ തുടങ്ങിയിട്ട്. സമയവും കാലവും ഒത്തുവന്നത് ഈയടുത്ത കാലത്താണെന്ന് മാത്രം. അങ്ങനെ കാത്തിരുന്ന ആ ദിനമെത്തി.

രാവിലെ താമസസ്ഥലമായ കൽപ്പറ്റയിൽ നിന്നും തുടർന്ന യാത്ര വയനാടൻ പ്രഭാതങ്ങളുടെ കുളിർമ ഏറ്റുവാങ്ങി മേപ്പാടി, ചേരമ്പാടി വഴി ഗൂഡലൂരിലേക്ക്. ഇടയ്ക്കുളള ഗ്രാമങ്ങൾ ഒഴിച്ചാൽ റോഡിന് ഇരുവശവുമുള്ള തേയില തോട്ടങ്ങൾ തന്നെയാണ് വേറിട്ട കാഴ്ചയൊരുക്കുന്നത്. പാടികളിൽ നിന്നും തോട്ടങ്ങളിലേക്ക് തേയിലകൊളുന്തു നുള്ളാൻ പോകുന്ന സ്ത്രീകൾ,  ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന കോടമഞ്ഞിന്‍റെ മനോഹാരിത,  ചിലയിടങ്ങളിൽ കാഴ്ചയെ മുഴുവൻ തടസ്സപ്പെടുത്തി മഞ്ഞ് വലയം തീർത്തിട്ടുണ്ട്.

പുറം കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല. റോഡരികിലെ വലിയ മരങ്ങൾക്ക് കീഴിൽ ദേവ പ്രതിമകൾ സ്ഥാപിച്ചു കൊണ്ട് ചെറിയ ക്ഷേത്രങ്ങൾ കണ്ടു ആശ്വാസം…. !! ആ മരമെങ്കിലും മഴു വീഴാതെ രക്ഷപ്പെട്ടല്ലോ…”  വെന്‍റ് വർത്ത് തേയില ഫാക്ടറിക്ക് മുന്നിലൂടെ പോകുമ്പോൾ ഒരു സ്ട്രോങ്ങ് ചായ കുടിച്ച ഫീൽ നൽകും ത്രസിപ്പിക്കും ഗന്ധം.

അങ്ങനെ ഗുഡലൂരും പിന്നിട്ട് തൊപ്പക്കാട് എത്തി. ഇനിയങ്ങോട്ട് ഏഴ് കിലോമീറ്റർ സംരക്ഷിത വനമേഖല പിന്നിട്ടാൽ മസിനഗുഡിയിൽ എത്തിച്ചേരാം. തൊപ്പക്കാട് ഒരു ആന ക്യാംപ് ഉണ്ട്. ഇവിടേക്കുള്ള പ്രവേശന സമയം രാവിലെ 8.30 മുതൽ 9 വരെയും വൈകുന്നേരം 6 മുതൽ 6.30 വരെയുമാണ്. ഞങ്ങളെത്തുമ്പോൾ ക്യാമ്പ് അടഞ്ഞു കിടക്കുന്നതിനാൽ നേരേ മസിനഗുഡിയിലേക്ക് നീങ്ങി. വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ…  മസിനഗുഡിയിൽ എത്തുമ്പോൾ സമയം 10.15..

മുതുമല വന്യ ജീവി സങ്കേതം

മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ കാണാനും സാധിക്കും. പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ ധാരാളം റിസോർട്ടുകളുമുണ്ടിവിടെ. താമസസ്ഥലത്തേക്കുള്ള പ്രവേശനം 12 മണിക്ക് ആയതിനാൽ തന്നെ മോയാർ ഡാം കണ്ടു മടങ്ങാമെന്നുറച്ചു. വനത്തിലൂടെയുള്ളതാണ് ഈ യാത്ര, കൂടുതൽ പേരും സഫാരി ജീപ്പുകളിൽ തന്നെയാണ് ഇതുവഴി കടന്നുപോകുന്നത്..

കടുവ സംരക്ഷണം കേന്ദ്രം കൂടിയാണ് മുതുമല വന്യജീവി സങ്കേതം. കുറ്റിക്കാടുകളും, പൂത്തു നിൽക്കുന്ന വലിയ വൃക്ഷങ്ങളും ആനയും, മാൻ കൂട്ടങ്ങളും മയിലുകളും കാട്ടുപന്നികളും, ഇങ്ങനെ ചെറിയൊരു ദൂരപരിധിയിൽ തന്നെ കാട് കാഴ്ചയുടെ വാതായനം തുറന്നിട്ടു…

മോയാർ ഡാം പരിസരത്തെത്തുമ്പോൾ ചുവന്ന പൂക്കൾകൊണ്ട് പരവതാനി വിരിച്ച്, വേനലിലും പ്രണയാർദ്രമായി പൂത്തു നിൽക്കുന്ന വാക മരങ്ങളാണ് ആദ്യം സ്വാഗതമോതിയത്.. വാക മരച്ചോട്ടിൽ വാഹനം പാർക്കു ചെയ്ത് പുറത്തിറങ്ങി. വിരലിലെണ്ണാവുന്ന സന്ദർശകരെ ഇവിടെ ഉള്ളൂ. റോഡിൽനിന്ന് തന്നെ ഡാമിന്‍റെ കാഴ്ച ദൃശ്യമാകും… കമ്പിവേലി കെട്ടി കന്നുകാലികളും മറ്റും കയറുന്നതിന് സുരക്ഷ ഒരുക്കിയിരിക്കുന്നു.

വാകമരങ്ങൾ പൂത്തുനിൽക്കുന്ന വിജനമായ വീഥി, ദൂരെ ഒളിഞ്ഞും തെളിഞ്ഞുo നിൽക്കുന്ന കുന്നുകൾ, നിശ്ചലമായ ജലപ്പരപ്പിൽ ഗതകാല വിസ്മൃതിയിലെന്നോണം ഉയർന്നു നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ,  ഓളപരപ്പിൽ നീന്തിത്തുടിക്കുന്ന കുളക്കോഴികൾ, പ്രകൃതിയുടെ മടിത്തട്ടിൽ മോയാർ ഡാം… നട്ടുച്ചനേരത്ത് വീശുന്ന കാറ്റിനും എന്തെന്നില്ലാത്ത കുളിർമ്മ…

പൂക്കളുടെ വസന്തം

ചെറിയ ബസ്റ്റോപ്പും, കുമിട്ടി കടയും, പഴക്കമേറിയ ഒരു ചർച്ചുമാണ് ഈ പ്രദേശത്ത് മനുഷ്യ നിർമിതമെന്നു പറയാൻ ഉണ്ടായിരുന്നത് നോക്കുന്നിടത്തെല്ലാം പൂക്കളുടെ വസന്തം. കുളിർ കാറ്റേറ്റ്, വലിയ പേരാലിന് സമീപത്തുള്ള കുമിട്ടി കടയിലെത്തി ചൂട് ചായ കുടിച്ചു. ഇതിനടുത്തായി ഒരു ഗ്രാമമുണ്ടെന്നും, ഒരു സ്കൂളും പ്രവർത്തിക്കുന്നുണ്ടെന്നും കടക്കാരൻ പറഞ്ഞറിഞ്ഞു… തിരികെ മടങ്ങുമ്പോഴാണ് ബസ്റ്റോപ്പിന്‍റെ ചുമരിൽ ഒരിക്കൽ ഇവിടെ വന്ന മലയാളി സഞ്ചാരി തന്‍റെ യാത്രാ അനുഭവം കോറിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്.” ഇനി ഇവിടെ ആരും വരരുത്” ഇതായിരുന്നു ആ മഹത് വാചകം….

തിന്നാനും കൊറിക്കാനും കുടിക്കാനും ധാരാളം കച്ചവടശാലകൾ ഉള്ള ഒരു ഡാം പരിസരമായിരിക്കാം അവന്‍റെ സങ്കല്പം അതുകൊണ്ടായിരിക്കാം പ്രകൃതിയുടെ മടിത്തട്ടിൽ ആധുനിക ആർഭാടമൊട്ടുമില്ലാതെ, യാതൊരു മാലിന്യവുമില്ലാത്ത, നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരോ പ്രവേശനഫീസോ ഇല്ലാത്ത പ്രകൃതി സ്വയമേ അണിഞ്ഞൊരുങ്ങി സ്വാഗതമോതുന്ന ഇടം അവന്‍റെ കാഴ്ചയിൽ ഒന്നുമല്ലാതെ പോയതും…’

ഗുൽമോഹർ ചെമ്പട്ട് വിരിച്ച വഴികളിലൂടെ തിരികെ മടങ്ങുമ്പോൾ ചുണ്ടിൽ പ്രണയ രാഗങ്ങൾ അറിയാതെ ഒഴുകിയെത്തി….

കണ്ടറിഞ്ഞ ഡാമിൽ നിന്നും വ്യത്യസ്ഥമായ്, ശാന്തസുന്ദരമായ ഈ ഡാം പരിസരം എനിക്ക് വേറിട്ട അനുഭവമായിരുന്നു. മടക്കയാത്രയിൽ കനാൽ പരിസരത്തെത്തി… രണ്ടുമൂന്നുപേർ കനാലിൽ കുളിക്കുന്നുണ്ട്. വാഹനം നിർത്തി സമീപത്തു കണ്ട ചെറു പാതയിലൂടെ നടന്നപ്പോൾ കാടിനുള്ളിലെ ഒരു കൊച്ചു ക്ഷേത്രത്തിനു മുന്നിലെത്തി… തിരികെ വന്ന് പാലത്തിനു മുകളിൽ നിന്നും ഇരുവശവും ഓരംപറ്റി മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കനാൽ കാഴ്ചകൾ ആസ്വദിച്ചു…

പിന്നെ കാനനപാതയിലൂടെ തുടർന്ന യാത്രയ്ക്കിടെ കാടിനുള്ളിലേക്ക് നീളുന്ന പൊട്ടി പൊളിഞ്ഞ ടാർ റോഡ് കണ്ടു. അതു വഴി പോയാൽ ഒരു വ്യൂ പോയിൻറിൽ എത്തിച്ചേരാം എന്ന അനുമാനത്തിൽ കാർ മുന്നോട്ട് നീങ്ങി. ആ പാത അവസാനിച്ചത് ചിക്കമ്മൻ കോവിലിനു മുന്നിലാണ്… വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം. ധാരാളം ഗോക്കൾ അതുവഴി കടന്നു പോകുന്നു… കാറിൽ നിന്നിറങ്ങി ക്ഷേത്ര പരിസരത്തേക്ക് ഞങ്ങൾ നടന്നു. തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ചിത്രവേലകളുള്ള ഒരു ചെറിയ ഗോപുരമാണ് കാടിനുള്ളിലെ ഈ ക്ഷേത്രത്തിന്‍റെ ആകർഷണം. ദർശനത്തിനെത്തിയിരിക്കുന്നുണ്ട് ഭക്തർ…

ക്ഷേത്രത്തിന്‍റെ മുന്നിലെ വ്യൂ പോയിന്‍റില്‍ നിന്നും മോയാർ റിഡ്ജ് വരെ നീളുന്ന ഹരിത കമ്പളമണിഞ്ഞ കാടിന്‍റെ മേലാപ്പിന്‍റെ ദൃശ്യം ചേതോഹരമായിരുന്നു… അതെ…..

മസിനഗുഡിയിൽ എവിടെത്തിയാലും കാഴ്ചയുടെ വസന്തമാണ്, ഓരോ അണുവിലും അവളിൽ സൗന്ദര്യം നിറഞ്ഞാടുന്നു..

പിന്നെയും തുടർന്ന യാത്ര അവസാനിച്ചത് മറവങ്കണ്ടി ഡാമിനു മുന്നിലാണ്..  പച്ച ചായം തേച്ച മതിലുകൾ… അടഞ്ഞുകിടക്കുന്ന നീളൻ ഇരുമ്പു ഗേറ്റ്, ഡാമിന്‍റെ കവാടത്തോട് ചേർന്ന് ചെറിയ ഒരു ക്ഷേത്രവും. നീളൻ പാതയുടെ ഇരുവശവും പൂത്തു നിൽക്കുന്ന വാകമരങ്ങൾ, അങ്ങു ദൂരേ തെളിഞ്ഞ ജലപ്പരപ്പ്… T.N.E.B യുടെ കീഴിലുള്ള വൈദ്യുത ഉല്പാദന കേന്ദ്രമായതിനാൽ ഇതിനകത്തേക്ക് പ്രവേശനാനുമതിയില്ല. പുറത്തു നിന്നും കാഴ്ചകൾ കണ്ടു മടങ്ങി… നിരവധി സഫാരി ജീപ്പുകൾ അപ്പോഴും മോയാർ ഡാം ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം..

നവ വധുവിനെ പോലെ

സഫാരി ജീപ്പിനു ബുക്കു ചെയ്യാനായി മറ്റൊരു ഊടുവഴിയിലൂടെ യാത്ര. ആ വഴികളിലൊക്കെ മസിനഗുഡിയുടെ യഥാർത്ഥ സൗന്ദര്യം വെളിവായി തുടങ്ങി, കതിർമണ്ഡപത്തിലേക്ക് കടക്കുവാനൊരുങ്ങി നിൽകുന്ന നവവധുവിനെപ്പോലെ മസിനഗുഡി…..

വയലറ്റും മഞ്ഞയും ചുമപ്പും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവിധമായ പൂക്കൾ വഴി നീളെ വിരിഞ്ഞു നിൽക്കുന്നു. നീലഗിരി കുന്നുകളിൽ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റിന്‍റെ ചുംബനത്തിൽ പൂക്കൾ നമ്രമുഖികളായി. കാഴ്ചകൾ കണ്ടിരിക്കവെ പൊടുന്നനെ കാർ ഒരു മെയിൻ റോഡിലേക്കു കയറി…. അവിടെ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു സഫാരി ജീപ്പുകൾ…. നിമിഷനേരം കൊണ്ട് അവയോരോന്നും സഞ്ചാരികളെയും വഹിച്ചു യാത്ര തുടരുന്നു… ഉച്ചക്ക് മൂന്ന് മണി നേരത്തേക്ക് ഒരു സഫാരി ജീപ്പിന് ബുക്കു ചെയ്തു കൊണ്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി….

തമിഴ്നാട് വനം വകുപ്പിന് കീഴിലാണ് കാടിനോട് ചേർന്നുള്ള റസ്റ്റ് ഹൗസ്. ധാരാളം കോട്ടേജുകളും ലോഗ് ഹൗസുകളുമൊക്കെ വനംവകുപ്പ് ഇവിടെ ഒരുക്കിയുണ്ട്. താമസ സൗകര്യം കിട്ടാൻ ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. ഒരു നാലുകെട്ട് മാതൃകയിൽ പണിത ഒരു കെട്ടിടത്തിൽ ആണ് ഞങ്ങൾക്ക് താമസ സൗകര്യം ലഭിച്ചത്.

1959 ഘട്ടത്തിൽ പണിത ഈ കെട്ടിടത്തിൽ നാല് മുറികളും വലിയ ഹാളും അടുക്കളയുമുണ്ട്. മൂന്നു മുറികൾ അതിഥികൾക്ക് താമസിക്കാനുള്ളത്. ബാക്കിയുള്ള ഒന്ന് വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ താമസിക്കുന്നു. ഇതിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് വിശ്രമിക്കാനുമായി ഒരു പാർക്കും… വണ്ടിയിറങ്ങി പാർക്ക് കണ്ടതും കുട്ടികളും അവരെക്കാളും എന്നിലെ കുഞ്ഞും അഹ്ലാദതിമർപ്പിൽ…

അപ്പോഴാണ് കെയർടേക്കർമാരായ രവിയേട്ടനും, കൃഷ്ണേട്ടനും സ്വീകരിക്കാൻ വന്നത്… ഇവരാണ് ഞങ്ങൾക്ക് വേണ്ട ആഹാരവും മറ്റും പാകം ചെയ്തു തരുക… ശരിക്കു പറഞ്ഞാൽ സ്വന്തം വീട്ടിലെത്തിയ പ്രതീതി. രണ്ടു പേരും മലയാളികളും രവിയേട്ടനാണെങ്കിൽ വയനാടു സ്വദേശിയും. കൃശഗാത്രനെങ്കിലും ഓടി നടന്ന് കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ രവിയേട്ടനെ കഴിഞ്ഞേ മറ്റാരുമുള്ളൂ.

ഉച്ചഭക്ഷണം ബുക്ക് ചെയ്യാത്തതിനാൽ തന്നെ ഞങ്ങളെ കണ്ട ഉടനെ അവർ ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ചുരുങ്ങിയ നിമിഷം കൊണ്ട് പായസമുൾപ്പെടെയുള്ള രുചികരമായ ആഹാരം ഒരുക്കി തന്നു. നമുക്കു വേണ്ടതെന്തെന്ന് പറഞ്ഞാലതും, വാങ്ങിച്ചു കൊടുത്താൽ അതും പാചകം ചെയ്തു തരും..

ഭക്ഷണം കഴിഞ്ഞു അല്പസമയത്തെ വിശ്രമത്തിനു ശേഷമാണ് അറിഞ്ഞത് തൊപ്പക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നും റസീറ്റ് കൈപ്പറ്റണമെന്ന്, രാത്രി 8 മണി വരെ ഓഫീസ് തുറക്കുമെന്നതിനാൽ സഫാരി കഴിഞ്ഞ് പോകാമെന്നുറച്ചു യാത്ര തുടർന്നു.

ലവ് യൂ ജീപ്പേ

റസ്റ്റ് ഹൗസിൽ നിന്നും സഫാരി ജീപ്പ് ബുക്കു ചെയ്തിടത്ത് എത്തുമ്പോൾ നമുക്ക് പോകേണ്ട ജീപ്പ് ട്രിപ്പ് പോയിരിക്കുകയായിരുന്നു. ജീപ്പിനായുള്ള കാത്തിരിപ്പിനിടയിൽ ഊട്ടിയിലേക്ക് പോകുന്ന ധാരാളം വാഹനങ്ങൾ കണ്ടു. 36 ഹെയർപിൻ വളവുകൾ ഉള്ള കല്ലട്ടി ചുരം വഴിയുള്ള ഊട്ടി യാത്രാനുഭവത്തെക്കുറിച്ച് പലരും, പറഞ്ഞും എഴുതിയും അറിഞ്ഞിട്ടുണ്ട്.

സമീപത്തുകൂടെ ഒഴുകുന്ന ഇരു വശവും കുറ്റിക്കാടുകൾ തഴച്ചു നിൽക്കുന്ന നദീക്കാഴ്ചകൾ കണ്ട് ചൂടു ചായ കുടിക്കുമ്പോഴേക്കും ബഷീർക്കയുടെ ജീപ്പ് എത്തി. ഗുഡലൂരിൽ സ്ഥിരതാമസമായ അദ്ദേഹം ഒരു മലയാളിയാണെന്നത് ഞങ്ങൾക്കും ഏറെ സഹായകരം.

ബോക്കാപുരത്തെ വ്യൂ പോയിന്‍റായ വിഭൂതി മലയിലേക്കാണ് ഇനി യാത്ര. ഏഴു കി.മീ ടാർ റോഡ് പിന്നിട്ടാൽ ഇനിയങ്ങോട്ട് 3 കി.മീ ഓഫ് റോഡ് യാത്ര. ഉരുളൻ പാറക്കൂട്ടങ്ങളിലൂടെ കുണ്ടും കുഴിയും ചാടിയും മറിഞ്ഞുo ചരിഞ്ഞുo ജീപ്പ് മുന്നോട്ട്. ചാട്ടത്തിൽ ജീപ്പിന്‍റെ പിൻസീറ്റിലിൽ നിന്ന് സീറ്റ് പലവട്ടം മാറി കസേരകളി പോലെ ഞാനും മോനും.

നാട്ടിൻ പുറത്തുകാരിയായതിനാൽ തന്നെ കുട്ടിക്കാലം തൊട്ടെ ജീപ്പിലായിരുന്നു യാത്രകൾ. അതുകൊണ്ട് തന്നെ അന്നു സുഖ യാത്രയ്ക്ക് തടസ്സമായി എത്തുന്ന ജീപ്പിനോടെനിക്ക് പുച്ഛവും ദേഷ്യവുമായിരുന്നു. ഒരിക്കലും കേറാനായില്ലെങ്കിലും കാറായിരുന്നു അന്നെന്‍റെ സ്വപ്‌ന വാഹനം. ജീപ്പിന് ഇത്രയേറെ ഗുണങ്ങളുണ്ടായിരുന്നെന്ന് ഇന്നാണ് മനസ്സിലായേ. പണ്ടു പരിഹാസത്തോടെ കണ്ട ജീപ്പിനോട് ഐ ലവ് യൂ ജീപ്പേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചൊരു ഒരു മുത്തം കൊടുക്കാൻ തോന്നി…

പൊടുന്നനെ ജീപ്പ് തുറസ്സായ പ്രദേശത്തേക്ക് കയറി അവിടെയും ഉരുളൻ പാറക്കൂട്ടങ്ങളിലൂടെയുള്ള യാത്ര ഇടയിൽ വലിയ ഗർത്തങ്ങളും. അങ്ങു ദൂരെ മലമുകളിലായി ഒരു കോവിലും കൊച്ചു ഗോപുരവും കാണാം. വണ്ടി നീങ്ങുമ്പോൾ തണുത്ത കാറ്റ് ആദ്യം സ്വാഗതമോതി. ആ യാത്ര പകുതി പിന്നിട്ടാൽ കോവിലേക്കുള്ള ചെറിയ പാറക്കല്ലുകൾ അടുക്കിവച്ച വെളുത്ത ചായം തേച്ച പടികൾ കണ്ടുതുടങ്ങി.

കുത്തനെയുള്ള കയറ്റം കയറി ജീപ്പ് മലമുകളിൽ എത്തിയപ്പോൾ താഴ്വരയുടെയും അങ്ങ് ദൂരെ നീലമലകളുടെ വിദൂര ദൃശ്യം. ഒറ്റവാക്കിൽ പറഞ്ഞാൽ വശ്യമനോഹരം. അവിടെ നിന്നും താഴെ കാടിനുള്ളിലായുള്ള കൊച്ചു ഗ്രാമങ്ങളും ചെറിയ കൃഷിയിടങ്ങളുമൊക്കെ ചതുരക്കട്ടകൾ പോലെ കാണാം, സോപ്പുപെട്ടി പോലെ വീടുകളും.

മിഥുൻ ചക്രവർത്തിയുടെ റിസോർട്ട്

മലമുകളിലെ വലിയ പാറക്കൂട്ടങ്ങളിൽ നിന്നും ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് യാത്രികർ. മലയുടെ മറ്റൊരു വശത്തു നിന്നു താഴേക്കു നോക്കുമ്പോൾ ഹിന്ദി സിനിമാ നടൻ മിഥുൻ ചക്രവർത്തിയുടെ റിസോട്ടുകൾ. മുറ്റം നിറയെ ഗുൽമോഹർ പൂത്തുനിൽക്കുന്ന പച്ച ചായം തേച്ച റിസോട്ടിന്‍റെ ദൂരക്കാഴ്ച തന്നെ ഏറെ ഹൃദ്യമായിരുന്നു. മലമുകളിൽ കാണുന്ന മുരുകൻ കോവിൽ മിഥുൻ ചക്രവർത്തിയുടെ വകയായ് നിർമിച്ചതാണെന്ന് ബഷീർക്ക പറഞ്ഞറിഞ്ഞു.

ചെറുതെങ്കിലും വെള്ളയും മഞ്ഞയും ചായം തേച്ച മനോഹരമായ കൊത്തു വേലകൾ ചെയ്ത ഗോപുരമുള്ള മുരുകൻ കോവിലിനു എന്തെന്നില്ലാത്ത ഒരു ആകർഷണീയത തോന്നി. നീലഗിരി കുന്നുകളിൽ നീങ്ങിയകലുന്ന കോട,  ക്ഷേത്രത്തിനു സമീപത്ത് നിന്നും എവിടെ നോക്കിയാലും കണ്ണിനു വിരുന്നേകും കാഴ്ച….

അപരാഹ്നം സായാഹ്നത്തിന് വഴിമാറുമ്പോൾ നീലഗിരികളുടെ നീലിമ കൂടി വരുന്നൂവോ.. അതോ നീല പുടവ ഒന്നുകൂടി മുറുക്കി ചുറ്റിയോ…? മഞ്ഞ് കുസൃതിക്കാരിയെ പോലെ കാഴ്ചയെ മറക്കുന്നു. വാഹനം തിരിച്ചിറങ്ങുമ്പോൾ താഴ്വരയിലൂടെ നിരനിരയായ് ഗോക്കൾ തിരികെ മടങ്ങുന്ന കാഴ്ച.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്ടിൽ ഓരോ പശുക്കിടാവിലും, അതിന്‍റെ ആരോഗ്യം കാണാനുണ്ട്. കൃഷിയും കന്നുകാലി വളർത്തലും ഇവിടത്തെ പ്രധാന ഉപജീവന മാർഗം. ഇവിടെ ഒരു ഫാം വച്ച് കൂടിയാലോ എന്ന് എനിക്കു തോന്നി…

തിരികെ മസിസുഡിലെത്തി ചെറിയ തെരുവിലൂടെ സിങ്കാരയിലേക്ക്. പട്ടണത്തിലെ ഒരു കോവിലിൽ പൂജകൾ നടക്കുന്നതിനാൽ നല്ല തിരക്ക്. പതിയെ നീങ്ങുമ്പോൾ വാഹനത്തെ തടസ്സപ്പെടുത്തി താഴ്വരയിൽ തിരികെ മടങ്ങുന്ന ഗോക്കൾ.

ഇനിയങ്ങോട്ട് കാടിനുള്ളിലൂടെയാണ് യാത്ര. ഇരുവശവും ബഷീർക്ക സൂക്ഷ്മായി വീക്ഷിച്ചു കൊണ്ട് വണ്ടി പതുക്കെ ഓടിച്ചു. മാനിനേയും മയിലിനേയും കാട്ടുപന്നിയേയും കാട്ടുപോത്തിനെയുമൊക്കെ പലയിടങ്ങളും നിർത്തി കാണിച്ചു തന്നു.

മസിനഗുഡി അവിടെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്തില്ലെന്ന വായിച്ചറിഞ്ഞ വാചകം സത്യമെന്ന് ഞാനും തിരിച്ചറിഞ്ഞു. എങ്കിലും ഒരു കടുവയെ കാണുക എന്നതായിരുന്നു ഈ യാത്രയിൽ ഞാനാഗ്രഹിച്ചത്. മുമ്പ് മൈസൂർ യാത്രക്കിടെ നാഗർഹോള വന്യജീവി സങ്കേതത്തിൽ വച്ച് 2008ൽ കടുവയെ നേരിട്ടു കണ്ട അനുഭവമാണ് ആദ്യത്തേതും അവസാനത്തേതും… കടുവയെ കണ്ട കിടുവ (പൂച്ചയെന്ന് അസൂയാലുക്കളും) എന്ന് ഞാൻ ആ സംഭവത്തെ ഓർത്തെടുക്കുന്നു.

സിങ്കാര ഡാം T.N.E.B യുടെ കീഴിലുള്ള വൈദ്യുതോല്പാദന കേന്ദ്രമായതിനാൽ അവിടെയും ആർക്കും പ്രവേശനമില്ല എങ്കിലും തടയണ കണ്ടു മടങ്ങി. ഒരാഴ്ച മുമ്പ് വെള്ളം കുടിക്കാനായി ഇവിടെത്തിയ കടുവയെ സന്ദർശകൾ കണ്ടിട്ടുണ്ടെന്ന് ബഷീർക്ക പറഞ്ഞു. 1948ൽ ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ കൊണ്ടാണ് ഇതിന്‍റെ ഷട്ടറുകൾ നിർമ്മിച്ചിട്ടുള്ളത്.

വരണം തിരിച്ചു വരണം

തിരികെ മടങ്ങുമ്പോഴും നേരത്തെ കണ്ട അതേ ദൃശ്യങ്ങൾ നൽകി കാട് അമ്പരപ്പിച്ചു. സഫാരി അവസാനിച്ച് കാറിൽ 7 കി.മീ കാനനപാതയിലൂടെ തൊപ്പക്കാട് തിരിക്കുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. ആ യാത്രയിൽ മയിലുകളുടെ കൂട്ടം മഴവിൽ കാഴ്ചയയൊരുക്കി. മാനും കാട്ടുപോത്തും മൊക്കെ ആ യാത്രയിൽ ഹരം പകർന്നു…

തൊപ്പക്കാട് എത്തുമ്പോൾ എലിഫന്‍റ് ക്യാമ്പിൽ മുന്നിൽ വലിയ ജനക്കൂട്ടം. ആനകൾക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ച ദൂരെ നിന്നു കണ്ട് ക്യാമ്പിനു മുന്നിലെ റോഡരികിൽ കാർ പാർക്കു ചെയ്ത് റസീറ്റ് കൈപ്പറ്റാനായി പുഴയ്ക്ക് അക്കരെയുള്ള ഫോറസ്റ്റ് ഓഫീസിലേക്ക്…

വലിയൊരു കെട്ടിടം, സമീപത്തായ് ചെറു കെട്ടിടങ്ങളും, മുന്നിൽ വലിയ ഉദ്യാനം. കെട്ടിടത്തിന്‍റെ പ്രധാന ഹാളിൽ സ്ഥാപിച്ച കടുവയുടെ വലിയ പ്രതിമ ആകർഷണീയമായി തോന്നി. ഓഫീസിന്‍റെ പുറത്ത് ഭിത്തിയിൽ പ്രധാന മൃഗങ്ങളെ അവസാനമായി സന്ദർശകർ കണ്ടെ സമയം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഞാൻ ആദ്യം തേടിയത് കടുവയെ തന്നെ.. അന്നും 11 മണിക്ക് എതോ ഭാഗ്യവാന് കടുവയുടെ ദർശനം സാധ്യമായിരിക്കുന്നു.

കുറുകെയുള്ള ജനനിബിഡമായ പാലത്തിലൂടെ തിരികെ മസിനഗുഡിയിലേക്കു മടങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. രാത്രി ഏഴരയോടെ റെസ്റ്റ് ഹൗസിലെത്തി. നിലാവിൽ റസ്റ്റ് ഹൗസിലെ പാർക്കിൽ ഊയലാടി കൊണ്ട് ഒരു കുഞ്ഞായി ഞാനും. അപ്പോൾ മാനത്തെ ചിരിതൂകി അമ്മ പറഞ്ഞു തരുന്ന ബാല്യത്തിലെ നിറമുള്ള കഥകളിലെ അമ്പിളിമാമനും. നനുത്ത കാറ്റ് ചെടികളോട് കിന്നാരം ചൊല്ലി കടന്നു പോയി.

രാത്രിയിൽ പാർക്കിലിരിക്കുന്നത് പന്തിയല്ലെന്ന വാച്ചറുടെ മുന്നറിയിപ്പിൽ മടങ്ങി. വിശ്രമ വേളയിൽ രവിയേട്ടൻ സ്വന്തം അനുഭവങ്ങളുടെയും കഥകളുടേയും കെട്ടഴിക്കാൻ തുടങ്ങി. മനസിൽ നന്മ സൂക്ഷിക്കുന്ന ആ മനുഷ്യനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.

പിന്നെ രുചികരമായ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം, കുറുക്കന്‍റെ ഓരിയിടൽ, ഇങ്ങനെ പലതരം ശബ്ദങ്ങളുടെ മിശ്രണം, കാടിന്‍റെ രാത്രി സംഗീതം, ഒപ്പം ആനകളെ തുരത്താൻ പൊട്ടിക്കുന്ന പടക്കത്തിന്‍റെ ശബ്ദവും. ഇടയിൽ എപ്പഴോ ഒന്നു മയങ്ങി..

പ്രഭാതത്തിൽ ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം. പുറത്തിറങ്ങി നോക്കുമ്പോൾ റൂമിനു മുന്നിലെ പൂന്തോട്ടത്തിൽ നിറയെ കുഞ്ഞു കിളികൾ പാറി പറക്കുന്നു. ചുമരിൽ സ്ഥാപിച്ച കിളിക്കൂടുകൾ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഇത്രയും കിളിക്കൂടുകളുണ്ടായിരുന്നോ…  ഇവിടെ    എന്ന എന്‍റെ ചോദ്യത്തിനു സംശയനിവാരണവുമായി രവിയേട്ടൻ ഓടിയെത്തിയപ്പോഴും പേടിയേതുമില്ലാതെ കിളികൾ പറന്നു കളിച്ചു. ഫ്രഷായി ഭക്ഷണവും കഴിച്ച് ഇനിയെന്നെങ്കിലും മസിനഗുഡിയിൽ എത്തുമ്പോൾ ഇവിടെത്തുമെന്ന വാക്കോടെ അവർക്കൊപ്പം കുറച്ച് ഫോട്ടോസ് എടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോൾ

കാനനപാതയുടെ ഇരുവശത്തും നിന്നും മഞ്ഞിൻ പുതപ്പിലൂടെ എത്തി നോക്കി പല നിറങ്ങളിലുള്ള കുഞ്ഞു പൂക്കൾ പിന്നെയും പ്രലോഭിച്ചു കൊണ്ടിരിന്നു….

ഗുണ്ടൽപേട്ട വഴിയായിരുന്നു മടക്കയാത്ര. ബന്ദിപ്പൂർ വനമേഖലയിൽ കണ്ണിന് വിരുന്നേകി ആനക്കൂട്ടങ്ങൾ. കാടകം കനിഞ്ഞൊരുക്കിയ കാഴ്ചകൾക്ക് നന്ദി പറഞ്ഞ് ഉച്ചയോടെ കല്പറ്റയിലെത്തുമ്പോൾ അടുത്ത യാത്ര എങ്ങോട്ടാണെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു….

മറ്റ് വിവരങ്ങൾ

ഫോറസ്റ്റ് റസ്റ്റ് ഹൗസിലെ താമസത്തിന് ഓൺലൈൻ വഴി ബുക്കു ചെയ്യണം. 26O0 to 3000 വരും ചാർജ്. ഭക്ഷണ ചെലവ് വേറെ… തൊപ്പക്കാട് ഫോറസ്സ് ഓഫീസിൽ നിന്നു രസീറ്റ് ആദ്യമേ കൈപ്പറ്റിയാൽ സമയം ലാഭിക്കാം. സൈറ്റിൽ അതു പറയാത്തതിനാൽ തന്നെ അവിടെത്തിയാലേ ഈ വിവരം അറിയാൻ കഴിയൂ…

ടൂത്ത്പേസ്റ്റ് വെറും ടൂത്ത്പേസ്റ്റ് അല്ല

രാവിലെയും വൈകിട്ടും പല്ല് വൃത്തിയാക്കാനുള്ള ഒരു വസ്‌തു മാത്രമാണോ നിങ്ങൾക്ക് ടൂത്ത്പേസ്റ്റ്? എങ്കിൽ ഇതു ശ്രദ്ധിക്കൂ. പല്ല് തേയ്ക്കാൻ മാത്രം അല്ല ടൂത്ത്പേസ്‌റ്റിന്‍റെ ഉപയോഗം. ദിവസവും മറ്റു പല ഉപകാരങ്ങളും ഈ പേസ്റ്റ് കൊണ്ട് ഉണ്ട്.

  • പെട്ടെന്ന് പൊങ്ങിവന്ന ഒരു വലിയ മുഖക്കുരു ഉള്ളതിനാൽ അടുത്ത ദിവസം കോളേജിലോ ഓഫീസിലോ പോകാൻ മടിയുണ്ടോ? എങ്കിൽ ഒരൽപം പേസ്റ്റ് ആ മുഖക്കുരുവിൽ പുരട്ടി 15 മിനിട്ട് കാത്തിരിക്കൂ. എന്നിട്ട് കഴുകിക്കളയൂ. മുഖക്കുരുവിന്‍റെ വലിപ്പം കുറയും.
  • പേസ്റ്റ് ഉപയോഗിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പേസ്റ്റ് മാത്രം മുഖക്കുരു നീക്കാൻ ഉപയോഗിക്കുക. പേസ്റ്റ് പുരട്ടുന്നതിനു മുമ്പ് മുഖം നന്നായി കഴുകി എണ്ണമയം ഇല്ലാതാക്കിയെന്ന് ഉറപ്പ് വരുത്തുക.
  • വസ്‌ത്രത്തിൽ മഷിക്കറ ഉണ്ടോ? എങ്കിൽ അവിടെ ഒരൽപം പേസ്‌റ്റ് പുരട്ടി ഏതാനും മിനിട്ടുകൾ വച്ച ശേഷം കഴുകിയാൽ മതി. കറ കാണാൻ പോലും ഉണ്ടാവില്ല.
  • വെള്ളി, പിച്ചള പാത്രങ്ങളിൽ ക്ലാവ് പിടിക്കുകയോ, നിറം മങ്ങുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ പേസ്റ്റ് അൽപം ഒരു പഴയ ബ്രഷിൽ പുരട്ടി തേച്ചു നോക്കൂ. എന്നിട്ട് വെള്ളം ഒഴിച്ച് കഴുക്കിക്കളയുക. പല്ല് തിളങ്ങുന്ന പോലെ പാത്രവും തിളങ്ങും.
  • കണ്ണാടി ക്ലീൻ ചെയ്യാനും അൽപം പേസ്‌റ്റ് ഉപയോഗിക്കാം.
  • ചായക്കപ്പുകളം ഗ്ലാസുകളും കഴുകി വുഡൻ ഫർണീച്ചറിൽ വയ്‌ക്കുമ്പോൾ നനവ് മൂലം ഉണ്ടാകുന്ന പാടും ഗന്ധവും മാറാൻ ആ ഭാഗത്ത് ഒരൽപം ടൂത്ത്പേസ്റ്റ് പുരട്ടിയിട്ട് വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു നീക്കുക.
  • അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കൈയ്യോ മറ്റോ ചെറുതായി പൊള്ളിയാല്‍ ഉടനെ അൽപം പേസ്റ്റ് അവിടെ പുരട്ടിയാൽ വേദന കുറയും.
  • ഡയമണ്ട് വൃത്തിയാക്കാനും പേസ്റ്റ് നല്ലതാണ്.
  • ബാത്ത്റൂമിലെ പൈപ്പുകളിൽ അഴക്കു പിടിച്ചു നിറം മങ്ങിയാൽ പഴയ ബ്രഷ് കൊണ്ടോ കൈ കൊണ്ടോ അൽപം പേസ്‌റ്റ് പുരട്ടി ഉരച്ചു കഴുകാം.
  • നഖങ്ങൾക്ക് തിളക്കം കുറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ അവിടെയുമാകാം ടൂത്ത്പേസ്‌റ്റ് പ്രയോഗം. ടൂത്ത് ബ്രഷ് കൊണ്ട് നഖം ഉരച്ചു കഴുകുമ്പോൾ അൽപം പേസ്റ്റ് കൂടി പുരട്ടി നോക്കൂ. നഖം വെട്ടിത്തിളങ്ങും.
  • തുകൽ ചെരിപ്പുകളിൽ പൂപ്പലോ അഴുക്കോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അൽപം പേസ്റ്റ് ആ ഭാഗത്ത് പുരട്ടി ഒരു മിനിട്ട് വച്ച ശേഷം ഒരു തുണികൊണ്ട് നന്നായി തുടച്ച് കളയുക. ചെരിപ്പ് വൃത്തിയാകും.

സ്ലീവ്‍ലെസ് ധരിക്കാം ടെൻഷനില്ലാതെ

സൗന്ദര്യവും മൃദുലതയും മുഖത്തും മുടിക്കും മാത്രം മതിയെന്നു ചിന്തിച്ച് ധാരാളം ബ്യൂട്ടിട്രീറ്റുമെന്‍റുകൾ പലരും ചെയ്യാറുണ്ട്. അതിനിടയിൽ കൈകളേയും കാലുകളേയും ഒക്കെ അവഗണിച്ചു കളയും. പക്ഷേ സ്ലീവ്‍ലെസ് ഡ്രസ്, ഷോർട്ട് സ്കർട്ട് തുടങ്ങിയവ ധരിക്കേണ്ടി വരുമ്പോൾ മാത്രമാണ് അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. വേനൽക്കാലത്തായാലും മഞ്ഞുകാലത്തായാലും സ്ലീവ്‍ലെസ് ധരിക്കുമ്പോൾ, കൈകൾക്ക് വേണ്ടത്ര മോയിസ്ചുറൈസിംഗ് നൽകണം. കൈകൾ വരണ്ടുണങ്ങി, കറുത്ത നിറത്തോടെ ഇരിക്കുമ്പോൾ സ്ലീവ്‍ലെസ് ധരിക്കുന്നത് അരോചകമാണ്. ശരീരത്തിന്‍റെ ഈ ഭാഗത്തിനു ലഭിക്കേണ്ട സംരക്ഷണത്തെക്കുറിച്ച് മേക്കപ്പ് എക്സ്പെർട്ട് ആയ രേണു മഹേശ്വരി നൽകുന്ന ടിപ്സുകൾ ശ്രദ്ധിക്കാം.

  • സ്ലീവ്‍ലെസ് സ്‌ഥിരമായി ധരിക്കരുത് എന്നതു തന്നെയാണ് ആദ്യത്തെ നിർദേശം. പ്രത്യേകിച്ചും കടുത്ത വെയിലോ തണുപ്പോ ഉള്ള സമയത്ത് ഇത്തരം അവസരങ്ങളിൽ ഫുൾസ്ലീവ് വസ്‌ത്രമാണ് ഉചിതം.
  • വെയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും സൺസ്ക്രീൻ ലോഷനോ ക്രീമോ കൈകളിലും പുരട്ടാൻ മറക്കരുത്.
  • മഞ്ഞുകാലത്ത് സ്ലീവ്‍ലെസ് ധരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സ്‌കിൻ കളറിലുള്ള ഗ്ലൗസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. വെയിലാണെങ്കിലും ഇങ്ങനെ ചെയ്യാം. ഫുൾ, ഹാഫ് സൈസിൽ ഇത്തരം ഗ്ലൗസുകൾ ലഭിക്കും.
  • കൈകളിൽ വാക്‌സിംഗ് ചെയ്യാം. നോർമൽ വാക്‌സിംഗിനു പകരം ചോക്ലേറ്റ് വാക്‌സിംഗ് ചെയ്യാം. സ്ക്രബിംഗ് കൂടി ഉൾപ്പെടുന്ന വാക്‌സിംഗ് ആണിത്. ഇനി നോർമൽ വാക്‌സിംഗ് മതി എന്നാണെങ്കിൽ അതിനൊപ്പം സ്ക്രബിംഗ് കൂടി ചെയ്യണം. സ്ക്രബ് ഉപയോഗിക്കുമ്പോൾ നനവില്ലാത്ത ശരീരത്തിൽ ആദ്യം ഉരുമ്മിക്കളയുക. മസാജ് ചെയ്യുന്ന വേളയിൽ സ്ക്രബ് കൊണ്ട് ഉരുമ്മിയാൽ റിങ്കിൾസ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
  • രാത്രിയിൽ കോൾഡ് ക്രീം അല്ലെങ്കിൽ മോയിസ്ചുറൈസർ ഉപയോഗിച്ച് മസാജ് ചെയ്യുക. അന്തരീക്ഷ മലിനീകരണവും അൾട്രാ വയലറ്റ് രശ്മികളും ഉണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കാൻ ഇതിലൂടെ കഴിയും.
  • കൈകൾക്ക് അമിതമായ വണ്ണം ഉണ്ടെങ്കിലും സ്ലീവ്‍ലെസ് യോജിക്കില്ല. കൈകൾ മെലിയാൻ സഹായിക്കുന്ന വ്യായാമങ്ങൾ പതിവായി ചെയ്‌താൽ ഒരു പ്രശ്നം മറികടക്കാം.

വീട്ടിൽ ചെയ്യാവുന്നത്

കൈകൾ വെയിൽ കൊണ്ടു കറുത്തു പോയിട്ടുണ്ടെങ്കിൽ വല്ലപ്പോഴും കൈകൾ മുഴുവൻ ബ്ലീച്ച് ചെയ്യാം. ഇതിന് പാർലറിൽ പോകണമെന്ന് നിർബന്ധമില്ല. നാരങ്ങ പ്രകൃതിദത്തമായ ബ്ലീച്ച് ഏജൻറ് ആണ്. നാരങ്ങാനീരിൽ പഞ്ചസാര ചേർത്ത് കൈ നന്നായി മസാജ് ചെയ്യുക. പഞ്ചസാര പൂർണ്ണമായും അപ്രത്യക്ഷമാകും വരെ മസാജ് ചെയ്‌ത ശേഷം 10 മിനിട്ടിൽ കഴുകിക്കളയാം.

മഞ്ഞ് കാലം നേരിടാനുള്ള ടിപ്സ്

മഞ്ഞുക്കാലത്ത് കൈകളും കാലുകളും ആന്‍റി ബാക്‌ടീരിയൽ മേക്കപ്പ് ഉപയോഗിച്ച് കഴുകരുത്. ചർമ്മം വരളാൻ സാധ്യത കൂടുതലാണ്. ഇത്തരം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നതും നന്നല്ല. ഇത് ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. സോപ്പ് ഫ്രീ ക്ലൻസറുകളും നന്ന്. ശരീരം വൃത്തിയാക്കാൻ മോയിസ്ച്ചുറൈസിംഗ് സോപ്പ് ഫ്രീ ക്ലൻസർ അല്ലെങ്കിൽ ഹൈഡ്രേറ്റിംഗ് ആന്‍റി ബാക്‌ടീരിയൽ ജെൽ ഉപയോഗിക്കാം. കുളി കഴിഞ്ഞ് ലോഷൻ പുരട്ടണം.

  • ഡിസംബർ ജനുവരി മാസത്തെ മഞ്ഞിൽ നിന്നും മുടിയെ സംരക്ഷിക്കാം. വരണ്ട കാറ്റും തണുത്ത അന്തരീക്ഷവും മുടിയെ വരണ്ടതാക്കും. മുടി അറ്റം പിളരാനും ഇതിടയാക്കുന്നു. മഞ്ഞ് കാലത്ത് സ്‌ഥിരമായി മുടി കഴുകുന്നത് വരൾച്ച കൂട്ടുന്നു. മാത്രമല്ല തീരെ കഴുകാതിരുന്നാൽ താരൻ വരാനും ഇതിടയാക്കും. സ്‌ത്രീകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തലമുടി കഴുകുന്നതാണ് നല്ലത്. കഴുകി കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കണം. എണ്ണമയമുള്ള മുടിയാണെങ്കിൽ നേർത്ത കണ്ടീഷണർ ഉപയോഗിക്കുക. ഇതു ചെയ്‌ത ശേഷവും മുടി വരണ്ടിരിക്കുന്നുവെങ്കിൽ കണ്ടീഷനിംഗ് സിറം ഉപയോഗിക്കാം.
  • കളിക്കുമ്പോൾ ഗ്ലിസറിൻ അടങ്ങിയ മൈൽഡ് സോപ്പ് ഉപയോഗിക്കാം. അല്ലെങ്കിൽ മോയിച്ചുറൈസിംഗ് ബോഡി വാഷ് ആവാം. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ക്ലൻസിംഗ് ഷവർ ഓയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം.
  • മഞ്ഞുക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോൾ, ബേസ് അപ്ലൈ ചെയ്യും മുമ്പേ ചർമ്മം നന്നായി മോയിസ്ച്ചുറൈസ് ചെയ്യണം. മിനറൽ അല്ലെങ്കിൽ ക്രീം ബേസ്ഡ് മേക്കപ്പ് അതിനു മുകളിൽ ചെയ്യാം. മിനിമം മേക്കപ്പാണ് ഉചിതം. ഹെവി മേക്കപ്പ് ഒഴിവാക്കുക. മഞ്ഞുകാലത്തും സൺസ്ക്രീൻ ഉപയോഗിക്കാം.
  • മഞ്ഞുക്കാലത്ത് വസ്ത്രം അണിയുമ്പോൾ വളരെ ശ്രദ്ധിക്കണം. വളരെ കട്ടിയുള്ള ഒറ്റ വസ്ത്രം ധരിക്കുന്നതിനേക്കാൾ നല്ലതും ആരോഗ്യകരവും നേർത്ത ലെയറുകളിൽ ഉള്ള വസ്ത്രങ്ങൾ ഒന്നിനു മീതെ ഒന്നായി ധരിക്കുന്നതാണ്. താപനില മാറുന്നതിനനുസരിച്ച് വേണമെങ്കിൽ മുകളിൽ ഉള്ളവ അഴിച്ചു മാറ്റാവുന്നതാണ്. ജോലിയ്ക്ക് തടസ്സം നിൽക്കാത്ത വിധത്തിലുള്ള കുപ്പായങ്ങൾ തെരഞ്ഞെടുക്കാം.
  • മഞ്ഞുക്കാലത്ത് സോക്സ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിന്‍റർ സോക്സ് വിപണിയിൽ ലഭ്യമാണ്. അതു ഉപയോഗിക്കാം. പരുത്തിയുടെ സോക്സാണിത്. സിന്തറ്റിക് സോക്സ് ഒഴിവാക്കാം.
  • തൊപ്പി ഉപയോഗിക്കാം. വല്ലാതെ തണുപ്പ് ഉള്ള ദിവസം പുറത്തിറങ്ങുമ്പോൾ വേണമെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാം. കംഫർട്ടബിൾ ആയവ തെരഞ്ഞെടുക്കാം.

ഭക്ഷണച്ചെലവ് എങ്ങനെ നിയന്ത്രിക്കാം…

ഒരു കുടുംബത്തിലെ ആഹാര ശീലങ്ങളിൽ ഉൾപ്പെടുന്നതിന്‍റെയെല്ലാം ബഡ്ജറ്റ് പ്ലാൻ ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ഇതെല്ലാം താളം തെറ്റുന്നു. വീട്ടിലെ എല്ലാ അംഗങ്ങളുടേയും ഇഷ്‌ടത്തിനും സംതൃപ്തിക്കും അനുസരിച്ച് ഭക്ഷണം പാകം ചെയ്തു വരുമ്പോഴേക്കും മറ്റു പല ആവശ്യങ്ങൾക്കും പൈസ തികയാതെ വരും. ആരോഗ്യത്തിന്‍റെ കാര്യമായതു കൊണ്ട് ആഹാരം ഒഴിവാക്കാനും സാധ്യമല്ല. എന്നാൽ കൃത്യമായ വീക്ഷണങ്ങളോടെ മുൻകൂട്ടി ചില തീരുമാനങ്ങളെടുത്താൽ ഭക്ഷണം പാകം ചെയ്യുന്നതിലുണ്ടാകുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കാം.

താരതമ്യ പഠനം

ഒരേ കമ്പനിയുടെ ഉൽപന്നങ്ങൾ മാത്രമേ വാങ്ങിക്കുകയുള്ളൂ എന്ന കടുത്ത തീരുമാനങ്ങൾ എടുക്കരുത്. കമ്പനികൾ പരസ്പരം മത്സരിക്കുന്നത് കൊണ്ട് വില കുറയാൻ സാധ്യതയുണ്ട്. മാർക്കറ്റിൽ ചെന്ന് സാധനങ്ങളുടെ വിലയെ താരതമ്യപ്പെടുത്തി നോക്കാം. വിലപേശാവുന്ന ഇടങ്ങളിൽ ചിന്തിച്ച് പ്രവർത്തിക്കുക.

ആവശ്യം തിരിച്ചറിയുക

പലപ്പോഴും നമ്മൾ സാധനങ്ങൾ ആവശ്യമുള്ളതിലധികം അളവിൽ വാങ്ങി വച്ച് പിന്നീട് ഉപയോഗിക്കാനാകാതെ എടുത്തു കളയുകയാണ് പതിവ്. ഇത്തരം ശീലങ്ങൾ ഒഴിവാക്കി നമ്മുടെ വീട്ടിലേക്ക് അത്യാവശ്യം വേണ്ടത് മാത്രം വാങ്ങുക. മിതമായ അളവിൽ കുറേശേ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. ആഴ്ചതോറും മാർക്കറ്റിലെ വില നിലവാരത്തിൽ വ്യത്യാസം വരാറുള്ളത് കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങി ശേഖരിച്ചു വയ്‌ക്കരുത്.

പട്ടിക തയ്യാറാക്കുക

ഏറ്റവും അത്യാവശ്യമുള്ളതിന്‍റെ ഒരു പട്ടിക തയ്യാറാക്കുക. ഇത് ഒരുപാട് സാധനങ്ങൾ പിന്നീട് ഉപയോഗിക്കാമെന്നു കരുതി വാങ്ങുന്ന ശീലം ഇല്ലാതെയാക്കും. നിരവധി ഉൽപ്പന്നങ്ങൾ പട്ടികയിൽ നിന്നും ഒഴിവാക്കാം. ഓരോന്നും എഴുതുന്ന സമയത്ത് സ്വയം ആലോചിക്കുക ഇത് അത്ര അത്യാവശ്യമാണോ എന്ന്. പട്ടിക തയ്യാറാക്കുന്നതിലൂടെ ആദ്യം വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നുള്ള മുൻധാരണ കിട്ടുന്നു. ഇതിലൂടെ ഒരു മാസത്തെ അടുക്കളയിൽ ഒഴിവാക്കാനാവാത്തതെല്ലാം പെട്ടെന്ന് കണ്ടെത്താം.

സൂക്ഷിക്കേണ്ട വിധം

അടുക്കളയിലേക്ക് വാങ്ങി വച്ച സാധനങ്ങൾ ഭംഗിയായി സൂക്ഷിക്കുക. കേടുപാടുകളൊന്നും വരാതെ ഓരോ കാലാവസ്‌ഥയ്ക്കും അനുയോജ്യമായ രീതിയിൽ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കാം. അടുക്കും ചിട്ടയോടെയും വൃത്തിയോടെയും സൂക്ഷിക്കുന്നതിലൂടെ കേടുപാടുകൾ ഉണ്ടാകില്ല. വായു കടക്കാത്ത കണ്ടെയ്നറുകൾ, ഭരണികൾ, അടച്ചുറപ്പുള്ള മരപ്പെട്ടികൾ, ഫൈബർ പാത്രങ്ങൾ എന്നിവ തെരഞ്ഞെടുക്കാം. മസാലക്കൂട്ടുകളും മറ്റും ഫ്രിഡ്ജിൽ വയ്‌ക്കുന്നതാണ് നല്ലത്. പച്ചക്കറികളും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാം.

അടുക്കളത്തോട്ടം

ചെറിയ രീതിയിൽ അടുക്കളത്തോട്ടം ഉണ്ടെങ്കിൽ പെട്ടെന്നുള്ള ആവശ്യത്തിന് ഉപകരിക്കും. അത്യാവശ്യം നുറുങ്ങു കൃഷി പാഠങ്ങൾ കൂടി സ്വായത്തമാക്കി ചെറിയ തോതിൽ പച്ചക്കറി വിളവെടുപ്പും നടത്താം. ചീരയും കറിവേപ്പിലയും ഏത് കാലാവസ്‌ഥയ്ക്കും അനുയോജ്യമാണ്. ഇങ്ങനെ അടുക്കള ചെലവിൽ ഗണ്യമായ മാറ്റം വരുത്താം.

ഹോം മെയ്ഡ്

അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, പപ്പടം, തൈര്, പനീർ ഇതുപോലുള്ളവ വീടുകളിൽ തന്നെ ഉണ്ടാക്കി പരിശീലിക്കുക. ഇത് എപ്പോഴും കടയിൽ പോയി സാധനങ്ങൾ വാങ്ങുവാനുള്ള പ്രേരണ കുറയ്ക്കും.

ഉള്ളതു കൊണ്ട് ഓണം പോലെ

ചെറിയ ചെറിയ കറിക്കൂട്ടുകളും പൊടിക്കൈകളും പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങളും ഇടവിട്ട് പരീക്ഷിക്കാം. ഗ്യാസ് അധിക ചെലവില്ലാതെ തയ്യാറാക്കാവുന്ന സാലഡുകൾ, തൈരുപയോഗിച്ചുള്ള വിഭവങ്ങൾ, ചമ്മന്തികൾ എന്നിവയൊക്കെ ഉൾപ്പെടുത്തി കറിയുണ്ടാക്കാം. സമയവും ലാഭിക്കാം. സാധനങ്ങൾ പരമാവധി ഉപയോഗിച്ച് ചെറുകറികൾ ഉണ്ടാക്കുക. ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ചെയ്യാതെ ഉപയോഗിക്കുക. വീട്ടിലെ അംഗങ്ങളുടെ അളവിനനു സരിച്ച് ആഹാരം പാകം ചെയ്യുക.

പാചകമൊരു പരീക്ഷണകല

കാലത്ത് ഇഡ്‍ലി അധികം വന്നുവോ? രണ്ട് പേരിന്ന് ചോറ് കുറച്ചേ കഴിച്ചുള്ളൂ. ബാക്കി വന്ന ഭക്ഷണം എന്തു ചെയ്യുമെന്നോർത്ത് ആലോചിച്ച് സമയം കളയണ്ട. രാവിലെ ബാക്കി വന്ന ഇഡ്‍ലി ചെറുകഷണങ്ങളാക്കി മുറിച്ച് വൈകിട്ട് വെളിച്ചെണ്ണയിൽ കടുക് താളിച്ച് ഉഴുന്നും, കടുകും, ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് ഉപ്പുമാവാക്കി വിളമ്പാം.

അതുപോലെ ചോറധികം തിന്നാൻ ഇഷ്ടമില്ലാത്തവർക്ക് തൈരും ഇഞ്ചിയും പച്ചമുളകും ചേർത്ത് തൈര് ചോറോ, തക്കാളിയും നാരങ്ങാനീരും ചേർത്ത് ചോറിന്‍റെ വ്യത്യസ്ത രുചികളോ പരീക്ഷിക്കാം. ഭക്ഷണം പല രീതിയിൽ രുചിയും നിറവും മാറ്റി നൽകുമ്പോൾ ആഹാരം പാഴാക്കാതെ ഉപയോഗിക്കാൻ പറ്റും.

ഇതുപോലെ ബ്രഡ്, ചപ്പാത്തി എന്നിവ ഉപയോഗിച്ച് വിവിധ രീതിയിലുള്ള ഡിഷുകൾ ഉണ്ടാക്കാം. പരീക്ഷണം നിങ്ങൾ തുടങ്ങിക്കോളൂ. സുഹൃത്തുക്കളുടെ പക്കൽ നിന്നും കൂടുതൽ അറിവുകൾ നേടി അടുക്കളയിലെ ചെലവിനെ നിയന്ത്രിക്കുക. ഇതിനെല്ലാം വേണ്ടത് കുറച്ച് ക്ഷമയും ആത്മാർത്ഥയോടെയുള്ള പരിശ്രമവുമാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിൽ മേൽപ്പറഞ്ഞ തീരുമാനങ്ങളെടുത്താൽ അനാവശ്യചെലവ് കുറയ്ക്കാം.

ഉലുവ ഉഷാർ!

നല്ല മഞ്ഞ നിറമുള്ള കയ്പുള്ള ഉലുവ നമ്മുടെ അടുക്കളയിൽ സ്‌ഥാനം പിടിച്ചിട്ട് കാലങ്ങള്‍ ഏറെയായി. നല്ല ഒരു ഗൃഹഔഷധി കൂടിയായ ഉലുവയുടെ ഗുണങ്ങൾ ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം അമിനോ ആസിഡുകൾ ദഹനത്തിനുള്ള മിനറലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ഉലുവ കൊണ്ട് ധാരാളം ഗുണഫലങ്ങളുണ്ട്.

ഉലുവയുടെ ഉപയോഗങ്ങൾ

• ഇരുപത്തിയഞ്ച് ഗ്രാം ഉലുവ പതിവായി ഓരോ ദിവസവും കഴിക്കുകയാണെങ്കിൽ രക്‌തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദീഭവിപ്പിക്കുവാനും അങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കുവാനും കഴിയും.

• മെറ്റബോളിസത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്നു.

• ഉലുവ മുളപ്പിച്ചു കഴിക്കുന്നത് പ്രതിരോധശക്‌തിക്ക് നല്ലതാണ്. വൃത്തിയുള്ള തുണിയെടുത്ത് വെള്ളത്തിൽ കുതിർത്ത് അതിൽ ഉലുവയിടുക. പിന്നീട് ഭാരമുള്ള പാത്രം ഉപയോഗിച്ച് തുണി അമർത്തി വയ്‌ക്കുക. മൂന്ന് രാത്രികൾ കഴിഞ്ഞ് ഭാരം നീക്കി അവ വളരാൻ അനുവദിക്കുക. മുള അത്യാവശ്യം വളർന്ന് കഴിയുമ്പോൾ കഴിക്കാം.

• ഉലുവപൊടിയും തേനും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് മലബന്ധത്തിന് പരിഹാരമാണ്.

• ഉലുവ വറുത്തു പൊടിച്ച് ഭക്ഷണ സാധനങ്ങളിലോ തൈരിലോ കട്ടൻ ചായയിലോ ചേർത്ത് കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും.

• സ്ത്രൈണ ഹോർമോൺ ഈസ്ട്രജന് തുല്യമായ ഡയോസ്ജെനിൻ എന്ന ഘടകം അടങ്ങിയിട്ടുള്ളത് കൊണ്ട് സ്ത്രീകളിൽ ലൈംഗിക താൽപര്യം വർദ്ധിപ്പിക്കുവാൻ ഉലുവയ്ക്ക് കഴിവുണ്ട്.

• ഉലുവയിൽ ഇരുമ്പിന്‍റെ അംശം അടങ്ങിയിരിക്കുന്നത് കൊണ്ട് രക്‌തക്കുറവുള്ളവർക്ക് ഒരു നല്ല പ്രതിവിധിയാണ്.

• മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവയ്ക്ക് കഴിവുണ്ട്.

• തൊണ്ടവേദന, ചുമ എന്നിവ ശമിപ്പിക്കാൻ വറുത്ത് പൊടിച്ച ഉലുവപ്പൊടി ശർക്കര ചേർത്തു കഴിച്ചാൽ മതി.

• രാത്രി വെള്ളത്തിലിട്ട ഉലുവ രാവിലെ അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് മുടിയ്ക്ക് പോഷണം നൽകുന്നതിന് സഹായിക്കും. അര മണിക്കൂർ വച്ചതിനു ശേഷം കഴുകി കളയാം.

അമിതമായാൽ

 • വളരെ കൂടിയ അളവിൽ ഉലുവ കഴിക്കുന്നത് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും.

• ഗർഭിണികൾക്ക് വളരെ കുറച്ച് മാത്രമേ ഉലുവ കൊടുക്കാവൂ. അളവിൽ കൂടുന്നത് നല്ലതല്ല.

• ദഹനേന്ദ്രിയ വ്യൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അളവില്‍ കൂടുതലായാല്‍ ഉലുവ കാരണമായേക്കാം. ചിലപ്പോൾ വയറിളക്കമുണ്ടാകും.

• മരുന്നുകൾ കഴിക്കുന്നവർ പരമാവധി ഉലുവ കുറച്ച് ഉപയോഗിക്കുക. പല മരുന്നുകളുടേയും പ്രവർത്തനത്തെ ഉലുവയുടെ സാന്നിദ്ധ്യം പ്രതികൂലമായി ബാധിക്കാം.

ഈ മഞ്ഞൊക്കെ എത്ര കൊണ്ടാലെന്താ?

എല്ലാവരും ഏറെ ഇഷ്‌ടപ്പെടുന്ന സുന്ദരമായ മഞ്ഞ്കാലം പക്ഷേ പലപ്പോഴും ചർമ്മ സൗന്ദര്യത്തിന് വെല്ലുവിളിയാകാറുണ്ട്. മഞ്ഞുകാല തണുപ്പ് ചർമ്മത്തിലെ ഈർപ്പം വലിച്ചെടുത്ത് ചർമ്മം വരളുന്നതിന് ഇടയാക്കുന്നു. ചർമ്മം വിണ്ടു കീറുന്നു. മാത്രവുമല്ല ചർമ്മം അൽപം സംവേദനക്ഷമവുമാകുന്നു. എന്നാൽ ഈ കാലാവസ്‌ഥയിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ചർമ്മത്തെ പരിരക്ഷിക്കാവുന്നതേയുള്ളൂ. ഡർമ്മറ്റോളജിസ്‌റ്റ് ഡോക്ടർ ലിപി ഗുപ്ത അതിനുള്ള ചില ഉപായങ്ങൾ നിർദ്ദേശിക്കുന്നു.

എന്തു കൊണ്ട് ചർമ്മം വരളുന്നു

 മഞ്ഞുകാലത്തെ വരണ്ട കാറ്റ് ചർമ്മത്തെ ആഴത്തിൽ വരണ്ടതാക്കുന്നതാണ് കാരണം. ചർമ്മത്തിലെ ഈർപ്പം നഷ്‌ടപ്പെടുമ്പോൾ ചർമ്മത്തിലെ ബാഹ്യപാളി വരണ്ടതാകുന്നു. ചർമ്മത്തിലെ സുരക്ഷാ കവചം നഷ്‌ടപ്പെടുകയാണ് അതുവഴി ചെയ്യുന്നത്. ആന്തരിക പാളിയേയും കാലാവസ്‌ഥ സ്വാധീനിക്കുന്നു. ഇത്തരം ചർമ്മത്തിൽ സ്‌ഥിരം അല്ലെങ്കിൽ താൽക്കാലികമായ ചുളിവുകൾ ഉണ്ടാകുന്നു. ചർമ്മത്തിന് ഇത്തരം നാശനഷ്‌ടങ്ങളുണ്ടാകാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം.

ചൂടുവെള്ളത്തിൽ കുളിക്കാം

ഈ കാലാവസ്‌ഥയിൽ രാവിലെ ഇളം ചൂട് വെള്ളത്തിലുള്ള കുളി ഉന്മേഷം പകരും. ഒപ്പം അത് ചർമ്മത്തെ ശുചിയുമാക്കും. വെള്ളം കൂടുതൽ ചുടുള്ളതായിരിക്കരുതെന്ന് മാത്രം. കാരണം അത് ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പത്തെ നഷ്‌ടപ്പെടുത്തും. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ (ഹൈഡ്രേറ്റ്) ഇളം ചൂട് വെള്ളം നല്ലതാണ്.

ബോഡി ഓയിലിംഗ്

ചർമ്മത്തിലെ വരൾച്ചയും ഡ്രൈനസ്സും തടയാൻ ഇളം ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജിംഗ് അത്യുത്തമമാണ്. എന്നാൽ മസാജിംഗിന് ഉപയോഗിക്കുന്ന എണ്ണ അധികം കൊഴുപ്പുള്ളതായിരിക്കരുത്. മറിച്ച് ചർമ്മത്തിലേക്ക് അനായാസം ആഴ്ന്നിറങ്ങുന്നതാവണം. ഉദാ: ജോജോബാ, ഒലിവ് ഓയിൽ, അലോവെര ഓയിൽ എന്നിവ ഉപയോഗിക്കാം. കുളിക്കുന്നതിനോ അല്ലെങ്കിൽ ഉറങ്ങുന്നതിനോ ഒരു മണിക്കൂർ മുമ്പ് എണ്ണ മസാജ് ചെയ്യാം. ഇത് ചർമ്മത്തിൽ നല്ല ഫലമുളവാക്കും.

ഫേസ്‍വാഷ്, സോപ്പ് എങ്ങനെയുള്ളത്

മഞ്ഞുകാലത്ത് ഏറ്റവുമധികം സംരക്ഷണം വേണ്ടി വരുന്ന ഭാഗം മുഖമാണ്. അതിനായി സന്തുലിതവും സൗമ്യവും ഈർപ്പം നിലനിർത്തുന്നതുമായ ഫേസ്‍വാഷ് ഉപയോഗിക്കാം. ക്ലൻസിംഗ്, മോയിസ്ച്ചുറൈസിംഗ്, പച്ചമരുന്ന് ചേരുവകൾ അടങ്ങിയതിനൊപ്പം ആവശ്യമായ അളവിൽ അലോവേര ഉള്ളതാവണം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും.

ചർമ്മം ശുചിയാക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. ഒലിവ് ഓയിൽ അലോവെര എന്നിവ അടങ്ങിയതാവണം.

ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധ

തണുപ്പ് കാലത്ത് ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് പകൽ സമയം 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഈ സമയത്ത് ദാഹം തോന്നണമെന്നില്ല. എന്നാലും ഏതെങ്കിലും തരത്തിലുള്ള ജ്യൂസോ പാനീയമോ ഇടയ്‌ക്കിടയ്‌ക്ക് കുടിക്കുക. ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കും. അതുപോലെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുകയും ചെയ്യും.

ഇതിന് പുറമെ ഗ്രീൻ ടീ, കരിക്കിൻ വെള്ളം, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധ നൽകാം.

ചർമ്മ സൗന്ദര്യത്തിന് ശരിയായതും പൂർണ്ണവുമായ ഉറക്കം ഫലവത്താണ്. അതുകൊണ്ട് 7-8 മണിക്കൂർ ഉറങ്ങുക. നമ്മുടെ ശരീരത്തിനത് ഉണർവും ഉന്മേഷവും പകരും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें