ഇടിഞ്ഞു തൂങ്ങിയ മാറിടത്തിനു ആകൃതി കിട്ടുമോ

ചോദ്യം

27 വയസുള്ള വിവാഹിതയാണ്. 6 വയസുള്ള ഒരു മകളുണ്ട്. പ്രസവശേഷം എന്‍റെ മാറിടം വല്ലാതെ ഇടിഞ്ഞ് തൂങ്ങിയിരിക്കുന്നു. അതുപോലെ ആകാരഭംഗിയും നഷ്ടമായിരിക്കുന്നു. അതുകൊണ്ട് കാഴ്ചയിൽ ഒരു ഭംഗിയും തോന്നുന്നില്ല. എന്തെങ്കിലും ഡ്രസ്സ് ഇട്ടാൽ പ്രത്യേകിച്ചും ടൈറ്റ് ഫിറ്റിംഗ് ഡ്രസ്സാണെങ്കിൽ ഒട്ടും യോജിക്കുന്നില്ല. ഞാൻ ഇൻറർനെറ്റിൽ സർച്ച് ചെയ്‌ത് ചില മരുന്നുകൾ വാങ്ങി കഴിച്ചെങ്കിലും യാതൊരു പ്രയോജനവും ചെയ്തില്ല. ഞാൻ കുറച്ച് ദിവസം ഒലീവ് ഓയിൽ പുരട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. സ്തനാകൃതി വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന കാര്യം തുറന്നെഴുതി കണ്ടില്ല. നിങ്ങൾ ആദ്യം മുതലെ ആരോഗ്യക്കുറവ് ഉള്ളയാളാണെങ്കിൽ അതിനനുസൃതമായിട്ടായിരിക്കും സ്തനങ്ങൾ വലിപ്പം ഉണ്ടാവുക. അഥവാ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തയാളാണെങ്കിൽ ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ പ്രസവത്തിന് മുമ്പോ ശേഷമോ ബ്രാ ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്നു വേണം കരുതാൻ. ശരിയായ അളവിലുള്ള ബ്രാ ധരിച്ച് കാണില്ല. കാരണം എന്ത് തന്നെയായാലും സ്തനങ്ങളുടെ ആകാരവടിവിനെ ചൊല്ലി വിഷമിക്കാതിരിക്കുക. ശരീരം പുഷ്ടിക്കാൻ സഹായിക്കുന്ന പോഷകാഹാരം കഴിക്കുക. വ്യായാമം ചെയ്യുക. ശരിയായ റിസൽറ്റ് കിട്ടും. അതല്ലാതെ അധികം ഇറുകിയതോ ലൂസായതോ ആയ ഡ്രസ് ധരിക്കരുത്. പുറത്ത് പോകുമ്പോഴോ വിശേഷാവസരങ്ങളിലോ പാഡഡ് ബ്രാ ധരിക്കാം. സ്തനങ്ങൾക്ക് നല്ല ആകാരഭംഗി കിട്ടും. പരസ്യങ്ങളിൽ പറയുന്ന മരുന്നുകൾ വെറും തട്ടിപ്പുകളാണ്. അത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക. അത്രയും പ്രയാസകരമായി തോന്നുണ്ടെങ്കിൽ കോസ്മെറ്റിക് സർജറി പോലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുക.

 

 

 

 

 

 

അശ്ലീല വീഡിയോ ഹരമായാൽ

ചോദ്യം

19 വയസുള്ള പെൺകുട്ടിയാണ്. രാത്രിയിൽ അശ്ലീല വീഡിയോ കാണുന്നത് ശീലമായിരിക്കുകയാണ്. എന്നും രാത്രി മൊബൈലിൽ ഞാൻ ഇത്തരം മൂവിസ് കാണാറുണ്ട്. അതോർത്ത് കുറ്റബോധവും തോന്നാറുണ്ട്. ഈ ശീലത്തിൽ നിന്നും മോചനം നേടാൻ എന്താണ് ചെയ്യേണ്ടത്?

 

ഉത്തരം

ഈ പ്രായത്തിൽ ഇത്തരം സിനിമകൾ കാണുന്നത് സ്വാഭാവികമാണ്. പക്ഷേ അതൊരു ശീലമായി മാറുന്നത് അപകടകരമാണ്. ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട പല കാര്യങ്ങളിൽ നിന്നും (ഉദാ: പഠനം മുതലായവ) നമ്മുടെ ശ്രദ്ധയെ അത് പിന്തിരിപ്പിക്കും. ജീവിതത്തിൽ നിന്നും നല്ലൊരു സമയം പാഴായി പോകും. അതുകൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടാകില്ല. പകരം നല്ല സാഹിത്യങ്ങൾ, പത്രങ്ങൾ വായിക്കുക. അത് നിങ്ങളുടെ അറിവിന്‍റെ ആഴം കൂട്ടുന്നതിനൊപ്പം വ്യക്‌തിത്വ വികാസത്തിനും സഹായിക്കും. ഒപ്പം നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്ന തോന്നൽ ആത്മവിശ്വാസവും കൂട്ടും. രാത്രി കിടക്കാൻ നേരത്ത് നല്ല സാഹിത്യ കൃതികൾ വായിക്കുക. വായന നല്ലൊരു മരുന്നാണ്. അതും നല്ല പുസ്തകം തെരെഞ്ഞെടുക്കുക.അതൊരു ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുക. ഹോബികൾ കണ്ടെത്തുക. ജീവിതത്തിൽ കുറച്ചു കൂടി തിരക്ക് ഉണ്ടാക്കുക.

വിന്‍റർ ബ്യൂട്ടി ടിപ്സ്

എല്ലാവരും ഇഷ്‌ടപ്പെടുന്ന കാലാവസ്‌ഥയാണ് മഞ്ഞുകാലം. പക്ഷേ പലർക്കും തണുപ്പ് കാലം ഒരു വില്ലനായി മാറാറുണ്ട്. മഞ്ഞുകാലത്ത് ചർമ്മം നിർജ്ജീവവും വരണ്ടതുമായി മാറുന്നു. ഇത്തരം സാഹചര്യത്തിൽ ചർമ്മ പരിപാലനത്തിനായി വിന്‍റർ ബ്യൂട്ടി ടിപ്സ്…

ചർമ്മത്തെ മോയിസ്ച്ചുറൈസ് ചെയ്യുക

തണുപ്പ് കാലത്ത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിന് വാട്ടർ ബേസ്ഡ് മോയിസ്ച്ചുറൈസറിന്‍റെ സ്‌ഥാനത്ത് ഓയിൽ ബേസ്ഡ് മോയിസ്ച്ചുറൈസർ പ്രയോഗിക്കാം. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തും. എങ്കിലും സ്വന്തം സ്കിൻ ടൈപ്പിനനുസരിച്ചുള്ള പ്രൊഡക്റ്റുകൾ വാങ്ങുക. പ്രൊഡക്റ്റ് മികച്ചതായാൽ മാത്രമേ ശരിയായ ഫലം കിട്ടൂ. പകൽ മുഴുവനും ചർമ്മം മൃദുലമായിരിക്കാൻ 2-3 തവണ മോയിസ്ച്ചുറൈസർ അപ്ലൈ ചെയ്യുക.

സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്

തണുപ്പുകാലത്തും നമ്മുടെ ശരീരത്തിൽ സൂര്യകിരണങ്ങൾ ഏൽക്കാറുണ്ട്. ചർമ്മം ഇരുണ്ടതാകാൻ ഇതിടവരുത്തും. അതിനാൽ പുറത്തു പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. ചർമ്മത്തിന് ശരിയായ സംരക്ഷണം കിട്ടും.

സ്ക്രബ്ബിംഗ് ആവശ്യം

ഏത് കാലാവസ്‌ഥയിലും സ്ക്രബ്ബിംഗ് ആവശ്യമാണ്. ചർമ്മോപരിതലത്തിലുള്ള മൃതചർമ്മത്തെയും ബ്ലാക്ക് ഹെഡ്സിനെയും നീക്കം ചെയ്യാൻ ഇതാവശ്യമാണ്. സ്ക്രബ്ബിംഗിലൂടെ ചർമ്മം ക്ലീനാകും. എന്നാൽ തണുപ്പ് കാലത്ത് ആഴ്ചയിൽ ഒരു തവണ മാത്രമേ സ്ക്രബ്ബിംഗ് ചെയ്യാവൂ. അല്ലെങ്കിൽ ഡ്രൈനസ് ഉണ്ടാകും.

ടോണിംഗിലൂടെ ചർമ്മത്തിന് തിളക്കം

ചർമ്മത്തിന് ടോണിംഗ് ഏറ്റവും ആവശ്യമാണ്. കാരണം നിരന്തരം അഴുക്കും പൊടിയുമുള്ള അന്തരീക്ഷവുമായി സമ്പർക്കം പുലർത്തേണ്ടി വരാം. ഈ സാഹചര്യത്തിൽ ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും മെഴുക്കും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഇത് ചർമ്മത്തിന് തിളക്കം കൊണ്ടുവരുമെന്ന് മാത്രമല്ല നല്ല ഈർപ്പവും നൽകും. അതുവഴി ചർമ്മത്തിന് നല്ല തിളക്കവും കിട്ടും.

ധാരാളം വെള്ളം കുടിക്കുക

തണുപ്പുകാലത്ത് ദാഹം തോന്നുന്നത് കുറവാണെങ്കിലും 8-10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. അല്ലെങ്കിൽ വെള്ളത്തിന്‍റെ അഭാവം മൂലം പലവിധ അസുഖങ്ങൾ പിടിപെടാം. ചർമ്മം വരളുന്നതിനൊപ്പം ചർമ്മ കാന്തിയ്ക്ക് മങ്ങലേൽക്കാം. ഏതെങ്കിലും തരത്തിലുള്ള ജ്യൂസോ പാനീയമോ ഇടയ്‌ക്കിടയ്‌ക്ക് കുടിക്കാം. ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കും. ഇതിന് പുറമെ ഗ്രീൻ ടീ, കരിക്കിൻ വെള്ളം, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധ നൽകാം

മസാജിംഗ്

ചർമ്മത്തിലെ വരൾച്ചയും ഡ്രൈനസ്സും തടയാൻ ഇളം ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജിംഗ് അത്യുത്തമമാണ്. എന്നാൽ മസാജിംഗിന് ഉപയോഗിക്കുന്ന എണ്ണ അധികം കൊഴുപ്പുള്ളതായിരിക്കരുത്. മറിച്ച് ചർമ്മത്തിലേക്ക് അനായാസം ആഴ്ന്നിറങ്ങുന്നതാവണം. ഉദാ: ജോജോബാ, ഒലിവ് ഓയിൽ, അലോവെര ഓയിൽ എന്നിവ ഉപയോഗിക്കാം. കുളിക്കുന്നതിനോ അല്ലെങ്കിൽ ഉറങ്ങുന്നതിനോ ഒരു മണിക്കൂർ മുമ്പ് എണ്ണ മസാജ് ചെയ്യാം. ഇത് ചർമ്മത്തിൽ നല്ല ഫലമുളവാക്കും.

ഉറക്കം

ചർമ്മ സൗന്ദര്യത്തിന് ശരിയായതും പൂർണ്ണവുമായ ഉറക്കം ഫലവത്താണ്. അതുകൊണ്ട് 7-8 മണിക്കൂർ ഉറങ്ങുക. നമ്മുടെ ശരീരത്തിനത് ഉണർവും ഉന്മേഷവും പകരും.

മുഖകാന്തി

മഞ്ഞുകാലത്ത് ഏറ്റവുമധികം സംരക്ഷണം വേണ്ടി വരുന്ന ഭാഗം മുഖമാണ്. അതിനായി സന്തുലിതവും സൗമ്യവും ഈർപ്പം നിലനിർത്തുന്നതുമായ ഫേസ്‍വാഷ് / സോപ്പ് ഉപയോഗിക്കാം.

കല്യാണം കഴിഞ്ഞാൽ…

വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നുവെന്നാണല്ലോ ചൊല്ല്. വിവാഹിതരാകുന്ന ആണിനേയും പെണ്ണിനേയും സംബന്ധിച്ച് ഈ ചൊല്ല് അന്വർത്ഥമാണ്. എന്നാൽ വിവാഹത്തിന്‍റെ പുതുമോടിയൊക്കെ കഴിഞ്ഞ് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. രണ്ട് കാഴ്ചപ്പാടുകളുടെ അന്തരവും വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമൊക്കെ ഇത്തരം പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടാറുണ്ട്. അറേഞ്ച്ഡ് വിവാഹത്തിലാണെങ്കിൽ കാഴ്ചപ്പാട്, സ്വഭാവം എന്നിവയെക്കുറിച്ചൊന്നും പരസ്പരം ഒരു ധാരണയുമുണ്ടായിരിക്കണമെന്നില്ല. വിവാഹ ശേഷമായിരിക്കും പരസ്പരം വീട്ടുകാരെക്കുറിച്ചുമൊക്കെ ആണും പെണ്ണും കൂടുതൽ മനസിലാക്കുക. ഇന്നാണെങ്കിൽ ആണും പെണ്ണും തമ്മിൽ കണ്ടുമുട്ടി ഇഷ്ടപ്പെടുന്നതു കൊണ്ട് കുടുംബ സാഹചര്യങ്ങളെക്കുറിച്ച് ഇരുവർക്കും നല്ല ധാരണയുണ്ടായിരിക്കും.

ഒരു കുടക്കീഴിൽ 4 പേരുണ്ടെങ്കിൽ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം ചെറുതും വലുതുമായ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മുമ്പ് അത്തരം പ്രശ്നങ്ങളെ മറികടക്കാൻ ദമ്പതികൾക്ക് കഴിയുമായിരുന്നു. കുടുംബ ഭദ്രതയെ കരുതിയുള്ള വിട്ടു വീഴ്ചയുണ്ടാകുന്നതു കൊണ്ടായിരിക്കാം പണ്ട് അതൊന്നും അത്ര പ്രശ്നമായി തല പൊക്കാതിരുന്നത്.

പരസ്പര ധാരണ

ജനറേഷൻ ഗ്യാപ്, കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുക, അമിതാധികാരം കാട്ടുക, അമിത പ്രതീക്ഷ, മുൻധാരണ, സാമ്പത്തികം, സ്നേഹം പങ്കിട്ട് പോകുന്നതിലുള്ള നീരസം എന്നിങ്ങനെയുള്ള കാരണങ്ങൾ ദാമ്പത്യത്തിൽ നീരളമുളവാക്കാം. ചില സാഹചര്യങ്ങളിൽ ഭർത്താവ് തന്നെ അമ്മായിയമ്മ – മരുമകൾ കലഹത്തിന് കാരണമാകുന്ന സ്‌ഥിതി വിശേഷവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് സ്വന്തം ഉത്തരവാദിത്തങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുകയെന്നുള്ളതാണ്. അപ്പോൾ മാത്രമേ പങ്കാളിയുമായി മാനസിക ഐക്യത്തോടെയും പക്വതയോടെയും പ്രവർത്തിക്കാനാവൂ.

ദാമ്പത്യത്തിൽ പരസ്പര ബഹുമാനത്തിന് വലിയ സ്ഥാനമുണ്ട്. പങ്കാളി ചെയ്യുന്ന ഏത് നല്ല കാര്യത്തെയും പ്രോത്സാഹിപ്പിക്കുക. ഏത് കാര്യം ചെയ്യുന്നതിന് മുമ്പായി പങ്കാളിയുമായി കൂടിയാലോചിക്കാം. അഭിപ്രായങ്ങൾ ആരായാം. അഭിപ്രായങ്ങളെ മാനിക്കുക. രണ്ടുപേർക്കും സ്വീകാര്യമായ അഭിപ്രായങ്ങൾ സ്വീകരിക്കാം.

അകലം കുറയ്ക്കുക

ബന്ധങ്ങളിൽ മാധുര്യം നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഒരാളുടേത് മാത്രമല്ല. മറിച്ച് ഇരുവർക്കുമുണ്ട്. ദാമ്പത്യത്തിൽ കലഹങ്ങളുണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അതെല്ലാം സ്വഭാവികം മാത്രമാണ്. എന്നിരുന്നാലും എത്ര പിണക്കമുണ്ടായാലും അത് അധികനേരം നീണ്ടു നിൽക്കരുത്. ഇരുവരും മുൻകയ്യെടുത്ത് പിണക്കം അവസാനിപ്പിക്കാം. അവിടെ ഈഗോയ്ക്ക് സ്‌ഥാനമില്ലെന്ന് ഓർക്കുക. പിണക്കം അടുത്ത ദിവസത്തേക്ക് നീളുകയാണെങ്കിൽ തീർച്ചയായും അത് കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കും.

ചിന്തകളിൽ സുതാര്യത പുലർത്തുക

ശക്തമായ ആശയവിനിമയം ദാമ്പത്യ ജീവിതം അടിയുറച്ചതാക്കാൻ അനിവാര്യമായ കാര്യമാണ്. വ്യക്‌തികൾ ഡിജിറ്റൽ ലോകത്ത് മാത്രമായി ഒറ്റപ്പെട്ട് ഒതുങ്ങുന്നത് ദാമ്പത്യം ജീവിതത്തിന് വലിയ വിള്ളലുണ്ടാക്കും. ഇപ്പോൾ ഇത് കൂടിയിരിക്കുകയാണ്. അത്തരം അവസ്‌ഥ ജീവിതത്തിലുണ്ടാകാതെ നോക്കണം.

ദാമ്പത്യ ജീവിതം അടിയുറച്ചതാകാൻ സുതാര്യത ഏറ്റവും പ്രധാനമാണ്. ചെറുതും വലുതുമായ വിശേഷങ്ങൾ പങ്കാളിയുമായി പങ്കുവയ്ക്കുക. വീട്ടിലെ അന്തരീക്ഷം അയവുള്ളതാകാൻ ഇത്തരം പങ്കുവയ്ക്കലുകൾക്ക് കഴിയും. പരസ്പര വിശ്വാസത്തെ ഊട്ടിയുറപ്പിക്കും. വീട്ടിൽ ദമ്പതികൾ ഒരുമിച്ചുള്ളപ്പോൾ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങി ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം തീരെ കുറയ്ക്കുക. സോഷ്യൽ മീഡിയയുടെ അമിതോപയോഗവും അതിന് അടിമപ്പെടുന്നതിനും കൂടാതെ ദാമ്പത്യ ജീവിതത്തിൽ വിവിധ പ്രതിസന്ധികൾ സൃഷ്ടിച്ചും കാണാറുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവരും സന്തുഷ്ടരുമായ ദമ്പതികളാകാം.

പങ്കാളിയെ മുറിവേൽപ്പിക്കുന്ന പദപ്രയോഗങ്ങൾ അരുത്. ചിലപ്പോൾ നിങ്ങൾ മനപൂർവ്വമല്ലാതെ പറയുന്ന വാക്കുകൾ പോലും പങ്കാളിയുടെ മനസ്സിനെ മുറിപ്പെടുത്താം.

മെന്‍റൽ പ്രൊട്ടസ്റ്റ് പാടില്ല

മരുമകൾക്ക് ഒരിക്കലും മകളാകാൻ കഴിയില്ലെന്ന ധാരണ മിക്കവരും വച്ചു പുലർത്തുന്ന ഒരു കാര്യമാണ്. അതുപോലെ അമ്മായിയമ്മയ്ക്ക് അമ്മയാകാൻ കഴിയില്ലെന്ന ധാരണ. ഇത്തരം നെഗറ്റീവ് ചിന്തകളെ മെന്‍റൽ പ്രൊട്ടസ്റ്റ് എന്ന് വിശേഷിപ്പിക്കാം. ഇത്തരം ധാരണകളെ തച്ചുടച്ച് പോസിറ്റീവായി ചിന്തിച്ചു നോക്കൂ… വലിയൊരു മാറ്റം തന്നെ ഗൃഹാന്തരീക്ഷത്തിൽ സൃഷ്ടിക്കാനാവും. ജീവിതം ഏറ്റവും സുഖകരമാകുന്ന അവസ്‌ഥ സ്വയമനുഭവിച്ചറിയാം.

കൗൺസിലിറിന്‍റെ സഹായം

ദാമ്പത്യ ജീവിതത്തിൽ ചില്ലറ പ്രശ്നങ്ങളും കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. തുറന്ന സംസാരത്തിലൂടെയും സ്നേഹപൂർവ്വമായ ഇടപഴകലിലൂടെയും അത്തരം ഭീതികൾ മറികടക്കാനാവും. എന്നാൽ പ്രശ്നം ഗുരുതരമാണെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും കൗൺസിലറെ കണ്ട് വേണ്ട സഹായം സ്വീകരിക്കണം. മാനസികമായ അസ്വസ്ഥതയാണ് ഭൂരിഭാഗം ബന്ധങ്ങൾക്കിടയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ പലർക്കും കഴിയാതെ വരുന്നതിന് അത് കാരണമാകുന്നു.

അസുഖം വന്നാൽ ഡോക്ടറെ കണ്ട് പരിഹാരം തേടും പോലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉലഞ്ഞു പോയ ബന്ധങ്ങൾ ട്രാക്കിലാക്കാനും ഏതെങ്കിലും എക്സ്പെർട്ടിന്‍റെ സഹായം തേടുന്നതിൽ മടി കാട്ടരുത്. ഏതെങ്കിലും ഒരു അംഗം വിചാരിച്ചതു കൊണ്ട് സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ല. മറിച്ച് സംയുക്തമായ ശ്രമമാണ് ആവശ്യം.

യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ മാറ്റുക

ശാസ്ത്രവും അറിവുകളും ഇത്രയധികം പുരോഗമിച്ച സാഹചര്യത്തിൽ യാഥാസ്ഥിതികമായ മനോഭാവത്തിൽ നിന്നും പുറത്ത് കടക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. പങ്കാളിയുടെ ജീവിത രീതികളെയും മാറ്റങ്ങളെയും സ്വീകരിക്കുക. സ്വന്തം കാഴ്ചപ്പാടിനെ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് ബന്ധങ്ങളിൽ കയ്പുരസം പടർത്തും.

ക്ഷമ കാട്ടുക, ആദരവ് പ്രകടിപ്പിക്കുക എന്നുള്ളത് പ്രായം കുറഞ്ഞവർക്ക് മാത്രമുള്ള കാര്യങ്ങളല്ല, മുതിർന്നവരും അതിന് തയ്യാറാകണം. അധികാരം കാട്ടുന്നതിലും അല്ലെങ്കിൽ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കുന്നതിലും ഉപരിയായി ബന്ധങ്ങൾക്ക് മഹത്വം നൽകുകയാണെങ്കിൽ തീർച്ചയായും ദാമ്പത്യ ജീവിതം ഹൃദ്യമാകും.

ദാമ്പത്യ ബന്ധത്തിൽ ഊഷ്മളമായ സ്നേഹവും സ്വന്തമെന്ന വികാരവും, തുറന്ന ഇടപഴകലുമൊക്കെ ഉണ്ടാകാൻ ഇത്തിരി സമയമെടുക്കും. ജീവിച്ച് വളർന്ന സാഹചര്യവും കാഴ്ചപ്പാടുമൊക്കെ ഒരളവുവരെ ഇതിനെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ശരിയായ സമയത്ത് ശരിയായ കാഴ്ചപ്പാട് ഏറ്റവുമാവശ്യമാണ്. ക്ഷമയും സഹിഷ്ണുതയുമാണാവശ്യം.

ബ്രേക്ക് ഫാസ്റ്റ് ഫോർ റണ്ണേഴ്സ്

നിങ്ങൾ മോണിംഗ് റണ്ണറാണെങ്കിൽ നിങ്ങളുടെ പോസ്റ്റ് റൺ ബ്രേക്ക് ഫാസ്റ്റ് പിറ്റേന്ന് ഓടാനുള്ള ഊർജ്ജമാണ് നൽകുക. ഇനി ഉച്ചയ്ക്കാണ് ഓടുന്നതെങ്കിലും ബ്രേക്ക് ഫാസ്റ്റ് നിറഞ്ഞ ഊർജ്ജം നൽകും. വൈകുന്നേരമാണ് ഓട്ടമെങ്കിൽ ബ്രേക്ക് ഫാസ്റ്റ് മുഴുവൻ ദിവസവും ബ്ലഡ് ഷുഗറിന്‍റെ സ്‌ഥിരത നിലനിർത്താൻ സഹായിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന്‍റെ മറ്റൊരു ഗുണം ഉച്ചയ്ക്ക് ഹെവിയായി കഴിക്കുന്നത് ഒഴിവാകുമെന്നതാണ്. അതിനാൽ വൈകുന്നേരം ഓടാൻ പോകുമ്പോൾ ശരീരത്തിന് ഭാരമനുഭവപ്പെടുകയില്ല.

റണ്ണേഴ്സ് ബ്രേക്ക് ഫാസ്‌റ്റ്

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. 7-8 മണിക്കൂർ നേരത്തെ ഉറക്കത്തിനു ശേഷം ഉണരുമ്പോൾ ദിവസത്തിന് തുടക്കം കുറിക്കാൻ ഊർജ്ജമാവശ്യമാണ്. നിങ്ങൾ ഓടാൻ എത്രമാത്രം കലോറിയാണോ എരിച്ചു കളയുന്നത് അത് നിങ്ങളുടെ ഓടാനുള്ള വേഗത്തേയും ശരീരഭാരത്തേയും ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾ എത്ര വേഗത്തിൽ ഓടുന്നോ നിങ്ങളുടെ മെറ്റബോളിസം നിരക്ക് അത്രയും അധികമാവുകയും അത്രയും കലോറി എരിച്ച് കളയുകയും ചെയ്യും. ഉദാ: ഒരു കിലോമീറ്റർ നടക്കുന്നതുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഓടുമ്പോൾ ഇരട്ടി കലോറിയാണ് എരിച്ച് കളയുന്നത്. ഒരു കിലോമീറ്റർ ഓടുന്നതിന് ശരാശരി ഭാരമുള്ള ഒരു വ്യക്‌തി 100 കലോറിയാവും എരിച്ച് കളയുക. നിങ്ങൾ മോണിംഗ് റണ്ണറാണെങ്കിൽ ബ്രേക്ക് ഫാസ്റ്റ് രണ്ട് ഭാഗങ്ങളായി വിഭജിക്കണം. പ്രീ റണ്ണിംഗ് ബ്രേക്ക് ഫാസ്റ്റ് പോസ്റ്റ് റണ്ണിംഗ് ബ്രേക്ക് ഫാസ്റ്റ് എന്നിങ്ങനെ.

പ്രീ റണ്ണിംഗ് ബ്രേക്ക് ഫാസ്റ്റ്

ഓട്ടത്തിന് ശേഷം പോഷക സമ്പന്നവും സന്തുലിതവുമായ ഭക്ഷണം എത്രമാത്രം ആവശ്യമാണോ അത്രയും കഴിക്കുക. ഓട്ടത്തിന് മുമ്പ് ശരീരത്തിന് വാം അപ്പ് നൽകണം. കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും ഓട്ടം. നിങ്ങൾ എപ്പോൾ എത്ര നേരം ഓടുന്നുവെന്നതും മറ്റൊരു ഘടകമാണ്.

ടൈമിംഗും പ്രധാനം

രാവിലെ 6 മണിക്ക് 3 കിലോമീറ്റർ ഓടാൻ ആഗ്രഹിക്കുന്നുവെങ്കിൽ 20 മിനിറ്റ് മുമ്പായി ഒരു ഓറഞ്ച് കഴിക്കുന്നത് നല്ലതായിരിക്കും. മാരത്തൺ ഓടാൻ ആഗ്രഹിക്കുന്നവർ തലേന്ന് രാത്രി വയറുനിറച്ച് ഭക്ഷണം കഴിക്കണം. കളിക്കാരും അത്‍ലെറ്റുകളും പ്രകടനം നടത്തുന്നതിന് 3 ദിവസം മുമ്പായി ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്‍റെ അളവ് വർദ്ധിപ്പിക്കണം.

ദഹനം സുഗമമാക്കാൻ

ഓടുന്നതിന് മുമ്പായി കഴിക്കുന്ന ഭക്ഷണത്തിൽ കൊഴുപ്പിന്‍റെയും കാർബോഹൈഡ്രേറ്റിന്‍റെയും അളവ് കുറഞ്ഞിരിക്കണം. ഭക്ഷണം അനായാസം ദഹിക്കാനാണ്.

ഊർജ്ജസമ്പന്നം

പ്രീ റണ്ണിംഗ് ബ്രേക്ക് ഫാസ്റ്റ് ഊർജ്ജം നിറഞ്ഞതായിരിക്കണം. ഓടുന്ന വേളയിൽ മസ്‌തിഷ്കത്തിനും മാംസപേശികൾക്കും തുടർച്ചയായി ഊർജ്ജം ലഭ്യമാക്കാൻ ഇത് സഹായിക്കും.

എത്ര കഴിക്കാം

ഓട്ടത്തിന് മുമ്പായി ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കരുത്. അമിത ഭക്ഷണം തളർച്ചയുണ്ടാക്കും. എങ്കിലും ഓട്ടത്തിന് മുമ്പായി ഒന്നും കഴിക്കാതിരിക്കുന്നത് നല്ലതല്ല. വെറും വയറ്റിൽ ഓടുന്നത് മാംസപേശികളെ ദുർബലപ്പെടുത്തും.

വെള്ളത്തിന്‍റെ അളവ്

ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് നിലനിർത്തുകയെന്നുള്ളത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പകൽ മുഴുവൻ വെള്ളം കുടിക്കുമെങ്കിലും ഓട്ടത്തിന് 20 മിനിറ്റ് മുമ്പായി അൽപം കൂടുതൽ വെള്ളം കുടിക്കണം.

പ്രോട്ടീൻ അത്യന്താപേക്ഷിതം

ഓട്ടത്തിന് മുമ്പായി എന്ത് കഴിച്ചാലും അതിൽ ശരിയായ അളവിൽ പ്രോട്ടീൻ ഉണ്ടായിരിക്കണം. മാംസ പേശികൾക്കുണ്ടാകുന്ന തകരാറുകളിൽ നിന്നും മോചനം ലഭിക്കാനിത് സഹായിക്കും. മാത്രവുമല്ല ശരീരത്തിന് ഊർജ്‌ജം ലഭിക്കാനും ഇത് സഹായകമാണ്.

പോസ്റ്റ് റണ്ണിംഗ് ബ്രേക്ക്ഫാസ്റ്റ്

ഓട്ടം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എന്തെങ്കിലും കഴിക്കാം. വെള്ളം തീർച്ചയായും കുടിച്ചിരിക്കണം. ഓടുന്ന വേളയിൽ ശരീരത്തിൽ നിന്നും ഇലക്ട്രോലൈറ്റ് വളരെയധികം കുറയും. അത് പരിഹരിക്കാനാണിങ്ങനെ ചെയ്യേണ്ടത്. സ്വയം പോഷണം നൽകാൻ നാരങ്ങാ വെള്ളം, തേങ്ങാവെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം കുടിക്കാം.

ഓട്ടത്തിനു ശേഷം എന്ത് കഴിച്ചാലും അതിൽ ഗുണപ്രദമായ പ്രോട്ടീൻ ഉൾപ്പെടുത്തണം. മുട്ട, പഴവർഗ്ഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, ബ്രഡ്, ബട്ടർ, മുളപ്പിച്ച ധാന്യങ്ങൾ തുടങ്ങിയവ കഴിക്കാം. ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് ക്രമീകരിക്കണം. വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ഉപ്പിന്‍റെ അളവ് കുറയുകയും ശരീരത്തിൽ സോഡിയത്തിന്‍റെ അളവ് കുറയുകയും ചെയ്യുന്നതിനാലാണിത്. രക്‌തത്തിൽ ഷുഗറിന്‍റെ അളവ് കുറയാതിരിക്കാൻ കുറഞ്ഞയളവിൽ പഞ്ചസാര കഴിക്കാം.

റണ്ണേഴ്സിനുള്ള ബ്രേക്ക് ഫാസ്റ്റ് കോമ്പോനിഷൻ

കാർബോ ഹൈഡ്രേറ്റ്

മാംസ പേശികൾക്ക് അനായാസം ലഭ്യമായ ഊർജ്ജ സ്ത്രോസ്സാണിത്. ബ്രേക്ക് ഫാസ്‌റ്റിന്‍റെ മൊത്തം കലോറിയുടെ 55-70 ശതമാനം കാർബോഹൈഡ്രേറ്റ്സ് ആയിരിക്കണം.

പ്രോട്ടീൻ

ബ്രേക്ക് ഫാസ്റ്റിന്‍റെ മൊത്തം കലോറിയുടെ 15 ശതമാനം പ്രോട്ടീൻ ആയിരിക്കുന്നതാണ് നന്ന്. മാംസപേശികൾക്ക് നല്ല ബലം കിട്ടാൻ ഇത് ഉത്തമമാണ്.

കൊഴുപ്പ്

പതിവായി ഓടുന്നവർ കൊഴുപ്പ് വളരെ കുറഞ്ഞയളവിൽ കഴിക്കാം. ശരീരത്തിന്‍റെ സ്വഭാവിക ഊർജ്ജത്തിന് ഇത് ആവശ്യമാണ്.

ഫ്ളൂയിഡ്

റണ്ണേഴ്സിന് വെള്ളം ആവശ്യം തന്നെ എന്നാലും അതിനൊപ്പം മറ്റ് പാനീയങ്ങളും കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തിന്‍റെ താപനില നിയന്ത്രണവിധേയമാക്കാൻ വെള്ളത്തിന്‍റെ അളവ് നിലനിർത്തണം.

ഇവ കഴിക്കരുത്

റണ്ണേഴ്സിനുള്ള ബ്രേക്ക് ഫാസ്റ്റ് എത്രമാത്രമ പോഷകസമ്പന്നമാണോ അത്രമാത്രം മികച്ച ഫലവും കിട്ടും. അതുകൊണ്ട് ധാരാളം കലോറി അടങ്ങിയതും പോഷക മൂല്യം കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം.

വൈറ്റ് ബ്രഡ്, പേസ്ട്രി, ഡോണറ്റ്, ഹലുവ, മിഠായി, കേക്ക്, കൊഴുപ്പടങ്ങിയ പാൽ, പാലുൽപന്നങ്ങൾ, സോഡ, കോൾഡ് ഡ്രിങ്ക്സ്, പൊറോട്ട, ചൗവ്വരി, പൂരി-ഉരുളക്കിഴങ്ങ് കറി, സമോസ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

ബ്രേക്ക് ഫാസ്റ്റ് എന്തുകൊണ്ട് അനിവാര്യം

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാൽ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ മെറ്റബോളിസത്തിന് ആവശ്യമായ എൻസൈം ഉത്പാദിപ്പിക്കാനാവില്ല. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ രക്തത്തിൽ ഷുഗറിന്‍റെയും കൊളസ്ട്രോളിന്‍റെയും നില വർദ്ധിച്ചിരിക്കും. ഇത് പല ആരോഗ്യ പ്രശ്നങ്ങളേയും അനായാസം വിളിച്ചു വരുത്തും. ഒപ്പം ദീർഘസമയം ഓടാനുള്ള ക്ഷമതയേയും അത് ബാധിക്കും.

ഊർജ്ജനില സന്തുലിതമാക്കാൻ

ശരീരത്തിനും മസ്‌തിഷ്കത്തിനും ബ്രേക്ക് ഫാസ്റ്റ് ഇന്ധനം പകരുകയാണ് ചെയ്യുന്നത്. ശരീരത്തിന് ഊർജ്ജം പകരുന്നതിന് പുറമെ ബ്രേക്ക്ഫാസ്‌റ്റ് അമൂല്യങ്ങളായ പോഷകങ്ങളുടെ കലവറ കൂടിയാണ്. മുളപ്പിച്ച ധാന്യങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കവലറയാണ്. ബ്രേക്ക്ഫാസ്റ്റിൽ ഇവ വേണ്ട അളവിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നീടുള്ള ഭക്ഷണത്തിൽ നിന്നും ഇവയുടെ അഭാവം നികത്താനാവില്ല.

ബ്രെയിൻ പവർ

ബ്രേക്ക് ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുകയാണെങ്കിൽ ദീർഘനേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. ഇതിന് പുറമേ ഈ പ്രോട്ടീൻ അമിനോ ആസിഡ് ടൈറോസിനെ മസ്തിഷ്കത്തിൽ എത്തിക്കാനും സഹായിക്കും. ശരീരവും മനസ്സും ആക്ടീവായിരിക്കാൻ സഹായിക്കുന്ന എൻസൈമുകളായ ഡോപാമൈൻ, എപിനോഫ്രിൻ എന്നിവയുടെ ഉൽപാദനത്തെ ത്വരിതപ്പെടുത്തും. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ രക്‌തത്തിൽ ഷുഗറിന്‍റെ നില കുറയുകയും മസ്‌തിഷ്കത്തെ അത് നെഗറ്റീവായി സ്വാധീനിക്കുകയും ചെയ്യും. അതിനാൽ അടുത്ത ദിവസം ഓടാൻ പോകാനുള്ള മാനസികാവസ്‌ഥ ഉണ്ടാവുകയുമില്ല.

വാട്ടർ വർക്കൗട്ടിലൂടെ വണ്ണം കുറയ്ക്കാം

ജിം വർക്കൗട്ട്, സുംബ, ജോഗിംഗ്, എയ്റോബിക്സ്, ബ്രിസ്ക് വാക്കിംഗ് എന്നീ ഫിറ്റ്നസ് വ്യായാമങ്ങളിൽ മടുപ്പ് തോന്നുന്നവർക്ക് വാട്ടർ വർക്കൗട്ട് മികച്ചൊരു ചോയിസാണ്. അതായത് സ്വിമ്മിംഗ് പൂൾ ജിം പൂളാക്കാം. എല്ലാ വ്യായാമങ്ങളും തന്നെ ബോഡി ഫിറ്റ്നസിനും ടോണിംഗിനും നല്ലതാണെങ്കിലും കലോറി ബേൺ ചെയ്യുന്നതിനും മറ്റ് അസുഖങ്ങളിൽ നിന്നും ശരീരത്തെ പരിരക്ഷിക്കുന്നതിനും വാട്ടർ വർക്കൗട്ട് ഒരു പടി മുന്നിലാണെന്ന് മാത്രം. മുഴുവൻ ശരീരാവയവങ്ങൾക്കും സമ്പൂർണ്ണമായ വ്യായാമം വാട്ടർ വർക്കൗട്ടിലൂടെ ലഭിക്കുന്നു.

എന്താണ് വാട്ടർ വർക്കൗട്ട്?

വെള്ളത്തിലുള്ള എക്സർസൈസുകളെയാണ് വാട്ടർ വർക്കൗട്ട് അല്ലെങ്കിൽ എയ്റോ വർക്കൗട്ട് എന്ന് വിശേഷിപ്പിക്കുന്നത്. ഒഴുകുന്ന വെള്ളത്തിലല്ല തടഞ്ഞു നിർത്തപ്പെട്ട വെള്ളത്തിലായിരിക്കണം വാട്ടർ എക്സർസൈസ്. ഇതിന് വെള്ളത്തിന്‍റെ നില 3 അടിയിലധികമായിരിക്കരുത്. പിന്നെ, സ്വന്തമിഷ്ടവും സൗകര്യവുമനുസരിച്ച് വെള്ളത്തിന്‍റെ നില ക്രമീകരിക്കാം. അതായത് മുട്ടറ്റം വരെയോ പെൽവിക് വരെയോ ചെസ്റ്റ് വരെയോ ആകാം. ഒപ്പം വെള്ളത്തിന്‍റെ ഊഷ്മാവ് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുകയും വേണം. അതിലധികം പാടില്ല.

വെള്ളത്തിന്‍റെ മാന്ത്രികത

വ്യായാമം ചെയ്യുന്നതിന് അമിതവണ്ണം തടസ്സമാകാറുണ്ട്. ഈ സാഹചര്യത്തിൽ വാട്ടർ വർക്കൗട്ട് സ്വീകരിക്കാം. വെള്ളത്തിൽ വ്യായാമം ചെയ്യുന്ന സമയത്തെ ശരീരത്തിന്‍റെ ഭാരം കേവലം 10 ശതമാനം ആയി മാറുന്നു. ഇത് മാത്രമല്ല വാട്ടർ വർക്കൗട്ട് ചെയ്‌ത് സന്ധികളിലെ വേദന, ആർത്രൈറ്റിസ്, അമിതവണ്ണം, പ്രമേഹം എന്നിവയിൽ നിന്നും ആശ്വാസവും നേടാം. തുറന്ന ഇടങ്ങളിൽ ചെയ്യുമ്പോൾ ശരീരഭാരം മൂലം കയ്യോ കാലോ തെറ്റായ ഇടത്തേക്ക് മാറി പരിക്കേൽക്കാനുള്ള സാദ്ധ്യതയുണ്ട്. മാത്രവുമല്ല ശരീരഭാരം മൂലം വ്യായാമം ഫലപ്രദമായി ചെയ്യാനും കഴിയില്ല.

വാട്ടർ വർക്കൗട്ട് മാംസപേശികൾക്ക് നല്ല ബലവും നൽകും. ഇതിന് പുറമെ വെള്ളത്തിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആനന്ദം പകരും. വെള്ളത്തിൽ കിടക്കുമ്പോൾ ശരീരഭാരം കുറഞ്ഞതായി തോന്നും. അതിനാൽ ശരീരത്തിൽ വ്യായാമത്തിന്‍റെ കാഠിന്യം അനുഭവപ്പെടുന്നത് കുറവായിരിക്കും. മാംസപേശികളിൽ സമ്മർദ്ദമോ ശാരീരിക വൈഷമ്യങ്ങളോ അനുഭവപ്പെടുകയില്ല. വെള്ളത്തിൽ വ്യായാമം ചെയ്യുന്നത് ഫ്രഷ്നസ്സും സന്തോഷവും പകരും. വാട്ടർ വർക്കൗട്ട് വെയ്റ്റ്ലോസ് ഏത് പ്രായക്കാർക്കും ചെയ്യാം.

നിരീക്ഷണം ആവശ്യം

നിങ്ങളാദ്യമായിട്ടാണ് വാട്ടർ വർക്കൗട്ട് ചെയ്യുന്നതെങ്കിൽ ഒരു ട്രെയിനറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. ഒരു മണിക്കൂറിലധികം വെള്ളത്തിൽ ചെലവഴിക്കരുത്. അല്ലാത്ത പക്ഷം ചർമ്മത്തിൽ സൺബേൺ ഉണ്ടാകും. ഇതിൽ നിന്നും മോചനം നേടാൻ വാട്ടർ വർക്കൗട്ട് ചെയ്യുന്നതിന് 20 മിനിറ്റ് മുമ്പ് ശരീര ത്തിൽ സൺസ്ക്രീൻ പുരട്ടുക. ഏത് തരം വാട്ടർ വർക്കൗട്ട് ചെയ്‌ത ശേഷവും 10-15 മിനിറ്റ് നേരം നിർബന്ധമായും വിശ്രമിക്കണം. ശരീരത്തിന്‍റെ ഊഷ്മാവ് സാധാരണ നിലയിലാകാ നാണിത്.

കലോറി ബേണർ

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാട്ടർ വർക്കൗട്ട് നിർബന്ധമായും ചെയ്യണം. വെള്ളത്തിൽ എക്സർസൈസ് ചെയ്യുന്നതിലൂടെ മാംസപേശികൾക്ക് നല്ല അയവുണ്ടാകും. നിങ്ങൾ ദിവസത്തിലൊരു മണിക്കൂർ വാട്ടർ വർക്കൗട്ട് ചെയ്യുകയാണെങ്കിൽ 300 മുതൽ 600 കലോറി ബേൺ ചെയ്യാൻ കഴിയും. അതായത് വാട്ടർ വർക്കൗട്ട് ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞു പോവുന്നതിനൊപ്പം ശരീരത്തിന് സുരക്ഷിതമായ ഷെയ്പ് പകരുകയും ചെയ്യും.

ഫള്ക്സിബിലിറ്റി വർദ്ധിക്കും

ഇലാസ്റ്റികത വാട്ടർ വർക്കൗട്ടുമായി ബന്ധപ്പെട്ടുള്ളതാണ്. വെള്ളത്തിൽ വ്യായാമം ചെയ്യുന്നതു കൊണ്ട് ആന്തരികമായി പരിക്കേൽക്കുകയില്ല. ഒപ്പം സന്ധികൾക്ക് നല്ല ഇലാസ്തികതയും കിട്ടും. തൽഫലമായി ശരീരം നല്ല വഴക്കമുള്ളതാകും.

മാനസികപിരിമുറുക്കം അകലും

നല്ല മാനസിക പിരിമുറുക്കത്തിലുള്ള ഒരാൾ വാട്ടർ വർക്കൗട്ട് ചെയ്യുന്നത് ഗുണം ചെയ്യും. നിങ്ങൾക്ക് സ്വയം ഫ്രഷ്നസ് അനുഭവപ്പെടും. ടെൻഷൻ ഒഴിഞ്ഞു കിട്ടുകയും ചെയ്യും. വെള്ളത്തിലായതുകൊണ്ട് മസ്തിഷ്കത്തിൽ എൻഡോർഫിൽ ഹോർമോണുകൾ സ്രവിക്കുകയും മാനസിക പിരിമുറുക്കം അകലുകയും ചെയ്യും.

മസിലുകൾ സ്ട്രച്ചിംഗ് ആകും

വാട്ടർ വർക്കൗട്ട് കൊണ്ട് ശരീരഭാരം കുറയുന്നതു വഴി മാനസിക പിരിമുറുക്കത്തിൽ നിന്നും ആശ്വാസവും ലഭിക്കും. ഇലാസ് തികത വർദ്ധിക്കും. വാട്ടർ വർക്കൗട്ട് ചെയ്യുക വഴി മസിലുകൾ സ്ട്രോംഗ് ആകും.

രക്തസമ്മർദ്ദം നിയന്ത്രിക്കും

വെള്ളത്തിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിൽ രക്തപ്രവാഹം മികച്ച രീതിയിലാവാൻ സഹായിക്കുന്നു. അതുവഴി രക്‌തസമ്മർദ്ദം ഉണ്ടാവുകയില്ല.

അക്വാട്ടിക് ബൂട്ട് ക്യാമ്പ്

അക്വാട്ടിക് ബൂട്ട് ക്യാമ്പ് വർക്കൗട്ട് ചെയ്യുന്നതിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നല്ല വ്യായാമം കിട്ടും. കുറഞ്ഞത് 4 അടി ആഴമുള്ള പൂളിൽ ഒരു മണിക്കൂർ നേരം ഹൈ ഇന്‍റൻസിറ്റി വർക്കൗട്ട് ചെയ്യാം.

പുഷ് ആന്‍റ് പുൾ, ഹൈ നീ സ്പ്രിന്‍റ്, ജംപ് അപ്, ഡംബൽസ് കൊണ്ട് ചെയ്യുന്ന വ്യായാമങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ബൈസെപ്സ് കേൾ, ബൈസെപ്സ് ഹാമർ, ഷോൾഡർ പ്രസ്, ബാക്ക് വേഡ് റണ്ണിംഗ് സൈഡ് ലാറ്ററൽ, ഫ്രണ്ട് റേസ്, ഷ്രഗ്സ് റണ്ണിംഗ് എന്നിവയുമുണ്ട്. ഈ വ്യായാമങ്ങൾ 20 തവണയായി 4 പ്രാവശ്യമായി ആവർത്തിച്ചാൽ 1,200 കലോറി വരെ ബേൺ ചെയ്യാം.

വീഗൻ പ്രസ്ഥാനത്തിലൂടെ ഭൂമിയെ സംരക്ഷിക്കാം

വീഗൻ എന്നാൽ ഒരു പുതിയ വിപ്ലവമാണ്. പക്ഷേ ഇന്ത്യക്കാർക്കിത് പുത്തരിയൊന്നുമല്ല. വിദേശ രാജ്യങ്ങളിൽ ഇപ്പോഴിത് ജനപ്രിയമായിരിക്കുകയാണ്. വീഗൻ (വെജിറ്റേറിയൻ) എന്നാൽ മൃഗങ്ങളിൽ നിന്നെടുക്കുന്ന ഭക്ഷ്യവസ്തുക്കളോയോ മാംസമോ പാലോ തൈരോ തേനോ മൃഗത്തൊലിയോ ഭക്ഷ്യവസ്തുവായി കരുതുകയില്ലെന്നാണ് അർത്ഥമാകുന്നത്. എന്തിനേറെ കോസ്മെറ്റിക്സ് വാങ്ങുമ്പോഴും അവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്താറുണ്ട്. മൃഗങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടോയെന്ന് ശ്രദ്ധിക്കും.

സ്വീഡനിലെ അംബാസിഡർ രസകരമായ ഒരു കാര്യം അടുത്തിടെ എന്നോട് പറയുകയുണ്ടായി. അവിടെ 60 വയസ്സിന് മുകളിലുള്ളവരെ വിരുന്നിന് ക്ഷണിച്ചാൽ അവരിൽ ഭൂരിഭാഗംപ്പേരും മാംസാഹാരികളാവും. എന്നാൽ 40 വയസ്സിന് താഴെയുള്ളവർക്കാകട്ടെ പൂർണ്ണമായും വീഗൻ വിഭവങ്ങൾ മതിയത്രേ!

എന്‍റെ മന്ത്രാലയം നാഷണൽ ഓർഗാനിക് മേള സംഘടിപ്പിച്ചിരുന്നു. അതിൽ 450 സ്റ്റാളുകൾ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മേളയിൽ പങ്കെടുത്തത്. രുചികരമായ വിഭവങ്ങളായിരുന്നു മിക്ക സ്റ്റോളുകളിലും. അതിലൊരു വ്യക്തി ഓൺലൈൻ വീഗൻ ഷോപ്പിംഗ് മാൾ തുറന്നിരുന്നു. ഏകദേശം 800 ഐറ്റം ആ സ്റ്റോളിൽ വിൽക്കുന്നുണ്ടായിരുന്നു. അതിൽ പണം ഇൻവെസ്റ്റ് ചെയ്യാൻ ധാരാളം പേരുണ്ടായിരുന്നുവെങ്കിലും അതിന്‍റെ പ്രചാരണത്തിന് ആരേയും കിട്ടിയില്ല. നാഗ്പൂരിലെ 2 യുവാക്കൾ ബദാം മിൽക്ക് തയ്യാറാക്കുന്നു. ഇപ്പോഴത് വിറ്റഴിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണ് അവര്‍.

വ്യാപിക്കുന്ന വ്യവസായം

ലോകമെമ്പാടും വീഗൻ വ്യവസായം തഴച്ചു വളരുകയാണ്. അതിന് ഡിമാന്‍റ് ഏറെയുണ്ടെങ്കിലും സപ്ലൈ കുറവാണ്. എങ്ങനെയുള്ള ബിസിനസ് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് യുവാക്കൾ. മൈക്കിൾ മോഫി എന്നറിയപ്പെടുന്ന ഉത്സാഹിയായ ഒരു വീഗൻ മിനിമലിസ്റ്റ് സൈറ്റ് നടത്തുകയാണ്. ലാഭകരമായി ബിസിനസ് നടത്തുന്നതിനെപ്പറ്റി അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.

വീഗൻ സംരഭകരേ ഇതിലേ ഇതിലേ

  • വീഗൻ റെസ്റ്റോറന്‍റ് അഥവാ കഫേ
  • വീഗൻ പിസ്സാ ഡെലിവറി സപ്ലൈ
  • ഫുഡ് ട്രിക്ക്, വീഗൻ ബർഗർ, സമോസാ എന്നിവയാണതിൽ.
  • വീഗൻ ബേക്കറി: പാൽ, മുട്ട എന്നിവയുടെ ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടുത്താതെയുള്ള ബേക്കറി.
  • വീഗൻ ബിസിനസിനായി പ്രത്യേക കോപ്പിറൈറ്റിംഗ് ഇൻസ്റ്റലേഷൻ വർക്ക്.
  • വീഗൻ പ്ലേ ഹൗസ്: മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുടെ ഡെ കെയറിംഗിനായി ഇത് ഉപയോഗപ്പെടുത്താം.
  • വീഗൻ ലേഡീസ് ഇവന്‍റ് മാനേജർ.
  • വീഗൻ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുന്ന കുക്കിംഗ് എക്സ്പെർട്ട്.
  • വീഗൻ പ്രേമികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഡേറ്റിംഗ് ആപ്പ്
  • വീഗൻ ഷൂ ഷോപ്പ്. മൃഗങ്ങളുടെ തൊലി കൊണ്ടുള്ളതല്ല. കാൻവാസ്, ജ്യൂട്ട്, സിന്തറ്റിക് മെറ്റിരിയൽ എന്നിവ കൊണ്ട് നിർമ്മിച്ചത്.
  • വീഗൻ കോസ്മെറ്റിക് ഉൽപന്നം മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നും വിഭിന്നം. അതിനാൽ എക്സ്ട്രാക്റ്റ് ചേർക്കാത്തത്.
  • വീഗൻ പെറ്റ് ഫുഡ്.
  • വീഗൻ ഉൽപ്പന്നങ്ങൾ ഉള്ള ഗ്രോസറി ഷോപ്പ്.

വീഗൻ പ്രസ്ഥാനത്തിലൂടെ രക്ഷിക്കാം ലോകത്തെ

മൃഗങ്ങൾ നമ്മുടെ സുഹൃത്തുക്കളാണ് നാം അവർക്കൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ ഉപയോഗിക്കുകയല്ല വീഗൻ മൂവ്മെന്‍റ് ലോകത്തെ സമ്പത്തുകൾ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത് കാരണം അനിമൽ പ്രൊഡക്റ്റുകൾ ലോക ജനതയ്ക്ക് കനത്ത അപകടമാണ് വരുത്തി വയ്ക്കുക. നാടിന്‍റെ തനതു വസ്‌തുക്കൾ ഉപയോഗിക്കുകയെന്നതും ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമാണ്. അതായത് നമ്മുടെ സമീപ സ്‌ഥലങ്ങളിൽ വളർത്തിയെടുക്കുന്ന വിഭവങ്ങൾ അങ്ങനെയായാൽ വസ്തുക്കൾ ദൂര സ്ഥലങ്ങളിൽ നിന്നും കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള ഇന്ധനം ലാഭിക്കാം. അതിനായി വൻഗതാഗത പദ്ധതികൾ ആവശ്യമായി വരികയില്ല. പുക തുപ്പുന്ന വാഹനങ്ങളും ട്രിക്കുകളും ആവശ്യമായി വരികയില്ല.

ഇന്ന് തയ്യാറാക്കുന്ന ഭക്ഷണത്തിൽ പ്രത്യേകിച്ചും പാക്കേജ്ഡ് ഫുഡുകളിൽ വ്യത്യസ്ത തരം മൃഗങ്ങളുടെ ചേരുവകൾ ഉപയോഗിക്കുന്നുണ്ട്. വെളുത്ത പഞ്ചസാര എല്ല്പൊടി കൊണ്ടാണ് വൃത്തിയാക്കുന്നത്.

രാജസ്ഥാനിലെ മെഹന്ദി കേന്ദ്രമായ സോജത്തിന് അടുത്തുള്ള നദി മെഹന്ദിയിൽ ഉപയോഗിക്കുന്ന കൃത്രിമ നിറം മൂലം ചുവന്നു പോയിരിക്കുന്നു. യഥാർത്ഥത്തിൽ മെഹന്ദി ശുദ്ധമായ വീഗൻ എന്നല്ലേ നാം കരുതുന്നത്. പ്രണയത്തിന്‍റെയും മറ്റ് പല ആഘോഷങ്ങളുടെയും അടയാളമായിട്ടാണ് ഇതിനെ കരുതുന്നത്.

നമുക്കിനി പുനർ വിചിന്തനമാണ് ആവശ്യം. അല്ലാതെ എല്ലാമറിഞ്ഞിട്ടും സമരസപ്പെട്ടു നിൽക്കലല്ല.

വള്ളിച്ചൂരൽ

അദ്ധ്യയന സമയം അവസാനിച്ചതിന്‍റെ അറിയിപ്പായി മുഴങ്ങുന്ന മണിയടിസ്വരം കേട്ട് അന്നാദ്യമായി സാറാമ്മടീച്ചർ നടുങ്ങിപ്പോയി.

കൂട് തുറന്നുവിട്ട പക്ഷിക്കൂട്ടം പോലെ ഒമ്പതാം സ്റ്റാൻഡേർഡ് ബിയുടെ ക്ലാസ്റൂമിന് പുറത്തേക്ക് പായുന്ന വിദ്യാർത്ഥികളെ ടീച്ചർ ദൈന്യതയോടെ നോക്കി നിന്നു. അൽപ സമയത്തിനകം ഹെഡ്മാസ്റ്ററുടെ റൂമിൽ അരങ്ങേറാൻ പോകുന്ന കുറ്റവിചാരണയെക്കുറിച്ച് ഓർത്തപ്പോൾ അപമാന ഭീതികൊണ്ട് ടീച്ചറുടെ നെറ്റിത്തടത്തിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.

കയ്യിൽ നിവർത്തിപ്പിടിച്ചിരുന്ന പുസ്തകമടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴേക്കും കുട്ടികളുടെ ആരവം അകന്ന് ഇല്ലാതായി കഴിഞ്ഞിരുന്നു. ഒരു കാലടിസ്വരം മാത്രം മറികടന്ന് പോകാൻ മടിച്ചിട്ടെന്നപോലെ നേർമുമ്പിലെത്തി, നിശ്ചലമായി. പ്രിയപ്പെട്ട വിദ്യാർഥിനികളിൽ ഒരുവളായ വിദ്യ! ടീച്ചറുടെ മുഖത്ത് തങ്ങിനിന്ന അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകൾ സ്വന്തം നിസ്സഹായതയെ ഓർമ്മിപ്പിച്ചുകൊണ്ട് ക്ഷമ യാചിക്കുകയാണ്.

മൗനം വാചാലമാകുന്ന നിമിഷങ്ങൾ…

“വിഷമിക്കണ്ട, പൊയ്ക്കോ” ടീച്ചറവളെ യാത്രയാക്കി. പിന്നെ വേപഥുവോടെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.

എതിരെ നടന്നുവന്ന അദ്ധ്യാപകർ ടീച്ചറെ അനുതാപത്തോടെ നോക്കിക്കൊണ്ട് കടന്നുപോയി. അവരിൽ ചിലർ ടീച്ചറെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും വൃഥാശ്രമം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിയപ്പോൾ അവിടെ അദ്ദേഹത്തെ കൂടാതെ പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹിയും ഒമ്പതാം സ്റ്റാൻഡേർഡ് ബിയിലെ മൂന്ന് വിദ്യാർഥികളും അതിൽ രണ്ടു വിദ്യാർഥികളുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരെന്ന് തോന്നിക്കുന്ന മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ഹെഡ്മാസ്റ്ററുടേതൊഴിച്ച് മറ്റെല്ലാവരുടേയും പരിഹാസവും പകയും അവജ്‌ഞയും കലർന്ന നോട്ടം ഏറ്റു വാങ്ങിക്കൊണ്ട് ടീച്ചർ ഹെഡ്മാസ്റ്ററുടെ മേശക്കരികിലേക്ക് ഒതുങ്ങിനിന്നു. എല്ലാവരുടേയും നേരെ കൈകൂപ്പിയെങ്കിലും ആരും അത് കണ്ടതായി ഭാവിച്ചില്ല. രണ്ടാമത്തേത് സാറാമ്മ ടീച്ചറുടെയും. ഒരു കാരണവും കൂടാതെ സ്വന്തം മക്കളെ ടീച്ചർ നിർദ്ദാക്ഷിണ്യം പ്രഹരിച്ചു എന്ന ആരോപണവുമായി അവിടെ സന്നിഹിതരായിരിക്കുന്ന രക്ഷിതാക്കളിൽ നിന്നും പരാതിക്കത്ത് ലഭിച്ച ദിവസം ഹെഡ്മാസ്റ്റർ, ടീച്ചറുടെ സൂക്ഷിപ്പിൽ നിന്നും വാങ്ങിവച്ചതായിരുന്നു അത്.

സാറാമ്മ ടീച്ചറപ്പോൾ ചൂരലുമായി ബന്ധപ്പെട്ട പഴയൊരു സംഭവം ഓർത്തുപോയി. വർഷങ്ങൾക്ക് മുമ്പ് തന്‍റെ മകൻ ഈ സ്ക്കൂളിൽ വിദ്യാർത്ഥിയായിരുന്ന കാലം. ഒരു കൗമാരക്കാരന്‍റെ വികൃതിയും ശാഠ്യങ്ങളും അവനുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അത് അദ്ധ്യാപകരുടെ ചെറിയ ചൂരൽപ്രയോഗം വരെ എത്താറുമുണ്ട്.

“അമ്മച്ചീം ഒരു ടീച്ചറല്ലേ? എന്നെ തല്ലിയ മാസ്റ്ററോട് എന്‍റെ മോനെ വെറുതെയിട്ട് തല്ലുന്നതെന്തിനായെന്ന് മുഖത്ത് നോക്കിയങ്ങോട്ട് ചോദിക്കാൻ മേലെ?” എന്നവൻ പരാതി പറയുമ്പോഴെല്ലാം തന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

“മാസ്റ്റർ അടിച്ചെങ്കിലെ തക്ക കാരണം കാണും. അത് നീ നന്നാവാൻ വേണ്ടിയാ. ക്ലാസിൽ നിന്‍റെ പെരുമാറ്റം എങ്ങനെയാണെന്ന് ഞാനാ മാസ്റ്ററോട് ചോദിച്ചു നോക്കട്ടെ”

വർഷങ്ങൾ പലത് കടന്നുപോയി. മകൻ ഉയർന്ന ബിരുദങ്ങൾ നേടി. നല്ലൊരു ജോലിയുമായി കുടുംബസമേതം മറുനാട്ടിൽ സുഖമായി കഴിയുന്നു. തന്നെ നേർവഴിയ്ക്ക് നയിച്ച അദ്ധ്യാപകരെക്കുറിച്ച് സംസാരിക്കുമ്പോൾ അവനിപ്പോൾ നൂറ് നാവാണ്. നാട്ടിൽ വരുമ്പോഴേല്ലാം അവൻ അവരിൽ ചിലരെയൊക്കെ പോയി കാണാറുമുണ്ട്. അതെല്ലാം പഴയകഥകൾ. ഇന്ന് വള്ളിച്ചൂരൽ പ്രതിക്കൂട്ടിലായിരിക്കുന്നു. അദ്ധ്യാപന രീതികളും സമീപനവും അടിമുടി മാറിമറിഞ്ഞിരിക്കുന്നു. ഗുരുശിഷ്യബന്ധങ്ങൾ അടിക്കടി ഉലയുന്നു. വാക്കേറ്റങ്ങളും കയ്യേറ്റങ്ങളും വിദ്യാഭ്യാസ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നു. തെറ്റ് ആരുടേതാണ്?… ആരുടെ?…

ഒരു പാഴ്വസ്തുവിനെ എന്ന പോലെ മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ചൂരലുകൾ ഒരിക്കൽകൂടി ടീച്ചറുടെ ശ്രദ്ധ ആകർഷിച്ചു. ദീർഘകാലത്തെ അദ്ധ്യാപന ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അത് പ്രയോഗിച്ചിട്ടുള്ളത് ഈ ഒരവസരത്തിൽ മാത്രം. എങ്കിലും വിദ്യാർത്ഥികൾ ചൂരലിനെ ഭയഭക്‌തി ബഹുമാനങ്ങളോടെയാണ് കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മേശപ്പുറത്തടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് വിദ്യാർത്ഥികളുടെ ഇടയ്ക്കിടെ പതറുന്ന ശ്രദ്ധയെ തിരിച്ചുപിടിക്കാനും ഹോംവർക്ക് ശ്രദ്ധയോടെ ചെയ്തുകൊണ്ടുവരാനുള്ള മൗനാഹ്വാനം നൽകാനും മറ്റും അച്ചടക്കത്തിന്‍റെ നേർവര പോലെ ക്ലാസ്റൂമിൽ ആ ചൂരലിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ…

“കുന്തം വിഴുങ്ങിയപോലെ നിൽക്കാതെ ടീച്ചർ എന്‍റെ ചോദ്യത്തിന് മറുപടി പറ” രക്ഷിതാക്കളിൽ ഒരാളുടെ ആക്രോശം ടീച്ചറെ മനോരാജ്യത്തിൽ നിന്നുണർത്തി.

ഹെഡ്മാസ്റ്ററപ്പോൾ പതിഞ്ഞ സ്വരത്തിൽ നിർദ്ദേശിച്ചു. “സ്വന്തം മക്കളെ ശിക്ഷിക്കാൻ മാത്രം അവരെന്ത് തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്”

“അതേ. ഞങ്ങൾക്ക് വിശദമായി തന്നെ മറുപടി തരണം.” പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹി തറപ്പിച്ചു പറഞ്ഞു.

ടീച്ചർ തൊണ്ടയൊന്ന് ശുദ്ധീകരച്ചശേഷം വിറയാർന്ന സ്വരത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിക്കാൻ തുടങ്ങി.

“കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചനേരത്തെ ഇടവേളയ്ക്കുശേഷം ഒമ്പതാം ക്ലാസ് ബിയിൽ ഒന്നാം പിരിയഡ് എന്‍റെ ക്ലാസാണ്. ഞാൻ ക്ലാസ്റൂമിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച നിങ്ങളുടെ മക്കളായ അശോകനും അമീറും ദേ ഈ ജോസുകുട്ടിയും വിദ്യ എന്ന വിദ്യാർത്ഥിനിയുടെ ചുറ്റിനുമായി കൂടി നിൽക്കുന്നതാണ്. വിദ്യ ഭയന്ന് നിലവിളിക്കുന്നുമുണ്ട്. ഞാൻ ആൺകുട്ടികളോട് അവരവരുടെ സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവരെന്നെ തള്ളിമാറ്റി. രണ്ടുപേർ വിദ്യയെ ബന്ധിച്ച് നിർത്തുകയും മൂന്നാമൻ അവളുടെ ചുമലുകളിൽ പിൻ ചെയ്തിരുന്ന ഷോൾ പിടിച്ച് വലിക്കുകയും ചെയ്തു. പിടിവലിയിൽ അവളുടെ ചുരിദാറിന്‍റെ കൈ കീറിത്തുടങ്ങിയിരുന്നു. ഈ മൂന്ന് പേരും ക്ലാസിൽ പല ചട്ടമ്പിത്തരങ്ങളും കാണിക്കാറുണ്ട്. ഞാനവരെ ഉപദേശിക്കാറുമുണ്ട്. പക്ഷേ ഇത്… ഈ… നടക്കുന്ന കാഴ്ച എനിക്ക് സഹിക്കാനായില്ല. വിദ്യയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള തത്രപ്പാടിൽ ഞാൻ ചൂരലെടുത്ത് മൂന്നുപേരെയും സർവ്വശക്‌തിയുമെടുത്ത് അടിച്ചു എന്നത് നേരാണ്. അതോടെ അവർ എന്തെല്ലാമോ അസഭ്യം പറഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോയി. ഭയന്ന് വിറച്ചുനിൽക്കുന്ന വിദ്യയെ ഞാൻ ഒരു വിധത്തിൽ ആശ്വസിപ്പിച്ച് അവളുടെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി. പിന്നെ മനസ്സിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ട് ക്ലാസെടുക്കാൻ തുടങ്ങി. ഇതെല്ലാമാണ് അന്ന് നടന്നത്.”

അശോകന്‍റെ മമ്മിയപ്പോൾ അമർഷം തുളുമ്പുന്ന സ്വരത്തിൽ പരാതി പറഞ്ഞു. “ടീച്ചറും ടീച്ചറിന്‍റെ ചൂരലും. മൂന്നാല് ദിവസമായി എന്‍റെ മോന്‍റെ കാലിലെ പാട് ചുവന്ന് തിണർത്ത് കിടക്കുകയാ..”

“ടീച്ചറീ പറയുന്നതെല്ലാം ശുദ്ധനുണയാണെന്നാണ് എനിക്ക് തോന്നുന്നത്” അശോകന്‍റെ ഡാഡി ധാർമ്മിക രോഷത്തോടെ പ്രസ്താവിച്ചു.

“അതെ കല്ലുവച്ച നുണ. ഹെഡ്മാസ്റ്റർ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മാനേജ്മെന്‍റിനോട് ആവശ്യപ്പെടണം” അമീറിന്‍റെ ഡാഡി ശാസനാസ്വരത്തിൽ അഭിപ്രായപ്പെട്ടു.

പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹിയപ്പോൾ സാറാമ്മ ടീച്ചറെ വിചാരണ ചെയ്യും പോലെ കർക്കശ സ്വരത്തിൽ ചോദിച്ചു” ക്ലാസ്റൂമിലെ സംഭവം സ്വന്തം തെറ്റ് ന്യായീകരിക്കാൻ ടീച്ചർ കെട്ടിച്ചമച്ച കഥയല്ലേ?”

വീറോടും സങ്കടത്തോടും കൂടി ഇടറുന്ന സ്വരത്തിൽ ടീച്ചർ അറിയിച്ചു. “അയ്യോ. അല്ല യഥാർഥത്തിൽ അതാണ് സംഭവിച്ചത്”

“അപ്പോൾ ക്ലാസിൽ മറ്റു കുട്ടികൾ ഉണ്ടായിരുന്നല്ലോ, ഇല്ലേ?” ഒരു കുറ്റാന്വേഷകന്‍റെ ഗൗരവത്തോടെ അയാൾ തുടർന്ന് ചോദിച്ചു.

“ഉവ്വ് എല്ലാവരും ഉണ്ടായിരുന്നു”

“എങ്കിൽ അവരും ഈ സംഭവത്തിന് സാക്ഷികളാണല്ലോ. പക്ഷേ അവരാരും സാക്ഷി പറയാൻ മുന്നോട്ട് വന്നിട്ടില്ല. ഞാൻ എത്ര ചുഴിഞ്ഞു ചോദിച്ചിട്ടും ഒന്നും അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. വിദ്യ എന്ന വിദ്യാർത്ഥിനി പരാതി ഒന്നുമില്ലെന്ന് എഴുതി ഒപ്പിട്ടു തരികയും ചെയ്തു. ഇതിൽ നിന്ന് ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?”

ജോസുകുട്ടിയുടെയും അശോകന്‍റെയും അമീറിന്‍റെയും കണ്ണുകൾ അപ്പോൾ അന്യോന്യമിടഞ്ഞു. ചുണ്ടുകളിൽ മൃഗീയമായ ഒരു പരിഹാസച്ചിരി തെളിഞ്ഞു.

“വിദ്യാർഥികളാരും ഒന്നും തുറന്ന് പറയാത്തത് ഇവരെ മൂന്ന് പേരെയും ഭയന്നിട്ടായിരിക്കും” ടീച്ചർ സങ്കോചത്തോടെ അറിയിച്ചു,

“ഹോ! ഒരു പെങ്കൊച്ചിനോട് ഇത്തരത്തിൽ ഒരക്രമം ചെയ്യാന്നൊക്കെ പറഞ്ഞാൽ… ഇല്ല എന്‍റെ മോൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് ഉറപ്പുണ്ട്” അശോകന്‍റെ ഡാഡി ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു.

“എന്‍റെ മകനെക്കുറിച്ച് എനിക്കും അത് തന്നെയാ പറയാനുള്ളത്” അമീറിന്‍റെ ഡാഡിയും വാദിച്ചു.

പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹി സ്വന്തം ചുമതല നിർവ്വഹിക്കാനെന്നപോലെ അറിയിച്ചു. “ഞങ്ങൾക്ക് ചില തീരുമാനങ്ങൾ എടുത്തേ പറ്റൂ. അത് സ്ക്കൂളിന്‍റെ നിലനിൽപ്പിന് അത്യാവശ്യവുമാണ്. ടീച്ചർ സർവ്വീസിൽ തുടരുന്നത് അപകടമാണെന്നും ടീച്ചറെ ഉടനെ തന്നെ പിരിച്ചുവിടണമെന്നും ഞങ്ങളുടെ അസോസിയേഷൻ സ്ക്കൂൾ മാനേജ്മെന്‍റിനോട് ആവശ്യപ്പെടാൻ പോകുകയാണ്.

അപ്പോഴേക്കും മെലിഞ്ഞുണങ്ങിയ ഒരു പാവപ്പെട്ട സ്ത്രീരൂപം ആ മുറിക്കകത്തേക്ക് ഓടിക്കയറി വന്നു.

“ആരാ നിങ്ങള്?” ഹെഡ്മാസ്റ്റർ ചോദിച്ചു.

ജോസുകുട്ടിയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവരറിയിച്ചു “ഞാനീ സാമദ്രോഹീടെ അമ്മച്ചി കൊച്ചുത്രേസ്യയാ സാറേ… എവനേം ചെങ്ങാതികളേം തല്ലീന്നും പറഞ്ഞ് നിങ്ങളെല്ലാം കൂടി ഈ സാറാമ്മ ടീച്ചറെ കൊത്തിക്കീറുവാന്ന് നമ്മടെ പിലോമിന ടീച്ചറാ പറഞ്ഞേ. എവനും എവന്‍റെ സ്നേഹിതന്മാരും ചെയ്ത കടുംകൈ എന്താണെന്ന് ടീച്ചറ് പറഞ്ഞ് തന്ന്. അത് കേട്ടപ്പോ ചങ്ക് കലങ്ങിപ്പോയി സാറന്മാരെ. ചില നേരുകള് ഇവിടെ അറിയിക്കാൻ ഓടിപ്പാഞ്ഞ് വരികേർന്ന്.” മുഖത്തെ വിയർപ്പുചാലുകൾ തോൾമുണ്ട് കൊണ്ട് തുടച്ചുകൊണ്ട് അവർ വിതുമ്പുന്ന സ്വരത്തിൽ തടർന്നു.

“നേരം പരപരാ വെളുക്കുമ്പ തൊടങ്ങി ഇരുട്ടണവെര കൊട്ടേല് മീനും ചുമന്നോണ്ട് നടന്ന് കച്ചോടം ചെയ്തുണ്ടാക്കണ കാശും കൊണ്ടാ സാറന്മാരെ അപ്പനില്ലാത്ത ഇവനെ ഞാൻ പള്ളിക്കൂടത്തിൽ അയക്കണത്. വളർന്നപ്പോ എവന് ദെവസോം കാശ് വേണം. കഞ്ചാവടിക്കാനാ. കാശ് കൊടുത്തില്ലെങ്കിൽ ഈ തലതെറിച്ചവൻ എന്നെ തല്ലിക്കൊല്ലാൻ വരും.”

അമീറിനെയും അശോകനേയും ചൂണ്ടിക്കാണിച്ചുകൊണ്ട് കൊച്ചു ത്രേസ്യ തന്‍റെ സത്യപ്രസ്താവം തുടർന്നു. “എവെൻറ ചങ്ങാതികളാ ദേ ഈ ഇരിക്കണ ആങ്കൊച്ചുങ്ങള്. സാറമ്മാര് വിചാരിക്കണപോലെ എവര് പുണ്യവാളന്മാരൊന്നും അല്ലാട്ടാ. നമ്മടെ ഷാജി മൂപ്പന്‍റെ പെട്ടിക്കടേടെ പെറകില് മൂന്നും കൂടി നിന്ന് കഞ്ചാവ് പൊകക്കണത് ഞാൻ കണ്ണോണ്ട് കണ്ടിട്ടുള്ളതാ. ഇന്നുച്ചയ്ക്കും കണ്ട്. കഞ്ചാവ് ശിരസ്സേ കേറിയ പിന്നെ വല്ല വെളിവുണ്ടാക്വോ? ടീച്ചറ് അപ്പോ അവിടെ എത്തീത് ആ പെങ്കൊച്ചിന്‍റെ പാക്യം. അല്ലെങ്കീ..”

അപ്പോഴെക്കും ജോസുകുട്ടി മേശപ്പുറത്തിരുന്ന ചൂരലൊന്ന് കൈക്കലാക്കി “എടീ നിന്നെ ഞാനിന്ന് കൊല്ലും” എന്നലറിക്കൊണ്ട് കൊച്ചു ത്രേസ്യയെ പൊതിരെ തല്ലാൻ തുടങ്ങി. ഹെഡ്മാസ്റ്റർ ജോസ്കുട്ടിയെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നുപോയ സാറാമ്മ ടീച്ചർ പെട്ടെന്ന് കർത്തവ്യനിരതയായി. മേശപ്പുറത്തിരുന്ന ചൂരലെടുത്ത് സ്വന്തം അമ്മച്ചിയെ തല്ലുന്നോടാ എന്ന് പുലമ്പിക്കൊണ്ട് ജോസ്കുട്ടിക്ക് പൊള്ളുന്നൊരു അടികൊടുത്തു. അതോടെ ജോസുകുട്ടി ടീച്ചറുടെ നേരെ തിരിഞ്ഞു. പാരന്‍റ് ടീച്ചർ അസോസിയേഷൻ ഭാരവാഹി പാഞ്ഞുവന്ന് ജോസുകുട്ടിയുടെ കൈപ്പിടിയിൽ നിന്ന് ബലം പ്രയോഗിച്ച് ചൂരൽ വിടുവിച്ചെടുക്കുകയും കലിയടങ്ങുന്നതുവരെ അതുകൊണ്ടവനെ പലതവണ പ്രഹരിക്കുകയും ചെയ്തു.

അമീറിന്‍റെയും അശോകന്‍റെയും മാതാപിക്കളപ്പോൾ സ്വന്തം മക്കൾ ഈയിടെയായി ഓരോ കാരണങ്ങൾ പറഞ്ഞ് പണമാവശ്യപ്പെടാറുള്ളതും പഠനത്തിൽ പഴയതുപോലെ ശ്രദ്ധിക്കാറില്ലെന്നതും ഓർമ്മിച്ചുകൊണ്ട് ഇരുട്ടടി കിട്ടിയതുപോലെ മരവിച്ചിരിക്കുകയായിരുന്നു. നാളെ തങ്ങൾക്കും സംഭവിച്ചേക്കാവുന്ന ദുർഗതിയെക്കുറിച്ചും അവർ ഓർത്തുപോയി. അസോസിയേഷൻ ഭാരവാഹി ജോസുകുട്ടിയെ കീഴ്പ്പെടുത്തിയതോടെ അന്തരീക്ഷത്തിൽ അസ്വസ്ഥമായൊരു മൂകത പടർന്നു.

കയ്യിലിരുന്ന ചൂരൽ മേശപ്പുറത്ത് നിക്ഷേപിച്ചു കൊണ്ട് സാറാമ്മ ടീച്ചർ പറഞ്ഞു. “ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് നിങ്ങൾക്കിപ്പോൾ ബോദ്ധ്യമായിക്കാണുമല്ലോ. ഇനി എനിക്ക് ആത്മാഭിമാനത്തോടെ തന്നെ ജോലിയിൽ വിരമിക്കാം. വിദ്യാർഥികൾ വഴി തെറ്റിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സൗകര്യമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെ തിരുത്താൻ ശ്രമിക്കുന്നത് കൂടുതൽ ശ്രമകരമാണെന്നും അറിയാഞ്ഞിട്ടല്ല. വിദ്യാർത്ഥികളെ നേർവഴിയ്ക്ക് നയിക്കേണ്ടത് സ്വന്തം കടമയാണെന്ന ബോധമുള്ളതുകൊണ്ടാണ് എന്നെപ്പോലുള്ള അധ്യാപകർ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ ഉപദേശിക്കുന്നതും ചെറിയ ശിക്ഷകൾ നൽകുന്നതും. ഞാനെല്ലാം മതിയാക്കുകയാണ്. ഈ മൂന്ന് വിദ്യാർഥികൾക്കും നന്മകൾ നേർന്നുകൊണ്ട് ഞാൻ രാജിവയ്ക്കുന്നു.”

കൊച്ചുത്രേസ്യയുടെ വിയർപ്പും കണ്ണീരും പുരണ്ട ചൂരലിലേക്ക് ഒരിക്കൽ കൂടി സാറാമ്മടീച്ചറുടെ നോട്ടം പാറിവീണു.

കുറ്റബോധം കൊണ്ട് നീറുന്ന മനസ്സുമായി പരാതിക്കാർ പ്രതികരിക്കാൻ പോലും മറന്നു നിൽക്കുമ്പോൾ ടീച്ചർ മെല്ലെ പുറത്തേക്കിറങ്ങി. കൊച്ചുത്രേസ്യ പിറകെയും.

സ്ക്കൂളിന്‍റെ ഗേറ്റിനടുത്ത് എത്തിയപ്പോൾ രണ്ട് പതിറ്റാണ്ടിലധികം കാലം തന്‍റെ കർമ്മ വേദി ആയിരുന്ന സ്ക്കൂൾ കാമ്പസിനോട് വിട പറയാനെന്ന പോലെ സാറാമ്മ ടീച്ചർ പിന്തിരിഞ്ഞ് നോക്കി. അടഞ്ഞു കിടക്കുന്ന ക്ലാസ്റൂമുകളുടെ മുന്നിലെ വരാന്തയിലിപ്പോൾ ഇരുട്ട് ചിറകനക്കി തുടങ്ങിയിരുന്നു.

കരുണാലയം

തെളിഞ്ഞ ആകാശമുള്ള ഞായറാഴ്ച ആയിരുന്നു അന്ന്. പ്രത്യേകിച്ച് എവിടെയും പോകാനൊന്നുമില്ലാത്തതിനാൽ ഞാൻ മുറിയിൽ അലസമായി പത്രം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ചെറിയച്ഛനെ ശ്രദ്ധിച്ചത്. എന്‍റെ അടുത്ത് വന്ന് നിസംഗനായി നിൽക്കുന്നു. “ഞാൻ നിന്‍റെ കൂടെ ഇരുന്നോടെ” ഞാൻ നോക്കിയപ്പോൾ ചെറിയച്ഛൻ പറഞ്ഞു.

“എന്താ കാര്യം ചെറിയച്‌ഛാ… വലിയ മുഖവുരയൊക്കെയാണല്ലോ, എന്തുപറ്റി?” എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ?”

“ഹേയ് എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. നിന്നോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്” ഇരുന്ന ശേഷം ചെറിയച്ഛൻ സാവധാനം സംസാരിച്ചു തുടങ്ങി.

“എന്നാൽ നമുക്കിന്ന് മുഴുവൻ സംസാരിച്ചിരിക്കാം” ഞാൻ ഉത്സാഹത്തോടെ പേപ്പർ മടക്കി ഒരറ്റത്തേയ്‌ക്ക് മാറ്റിവച്ചു. പക്ഷേ ചെറിയച്ഛൻ ഒന്നും സംസാരിക്കാതെ ശാന്തനായി എന്നെ തന്നെ നോക്കിയിരുന്നു.

“എന്താ ചെറിയച്ഛാ… എന്തെങ്കിലും പ്രശ്നം അലട്ടുന്നുണ്ടോ? മനസ്സിലുള്ളത് എന്താണെന്ന് വച്ചാ പറയൂ…” നിങ്ങൾ പറയുന്നതെന്തായാലും ഞാൻ കേൾക്കാം.”

ചെറിയച്ഛന്‍റെ മൗനം എന്നെയും അസ്വസ്ഥനാക്കി.

“മോനെ രമേശാ… നീ ഒരിക്കലും ഞാൻ പറയുന്നത് അനുസരിക്കാതിരുന്നിട്ടില്ല. ആ ധൈര്യത്തിലാണ് ഞാനിത് നിന്നോട് ഒരു കാര്യം പറയാമെന്ന് വച്ചത്. നീ മിതാലിയെ കല്യാണം കഴിക്കണം. എന്‍റെയും ചെറിയമ്മയുടെയും ആഗ്രഹമാണ്. അവൾക്കൊരു തുണയാവണം ചെറിയ പ്രായത്തിൽ വിധവയായവളാണ്… ജീവിതം ഇനിയും ഏറെ മുന്നോട്ട് ജീവിക്കാനുണ്ട്. ആ യാത്ര അവൾക്ക് ഒറ്റയ്‌ക്ക് പറ്റില്ല. ഞങ്ങൾ വൃദ്ധന്മാർ. അവളെ എത്രകാലം നോക്കും. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾ എവിടെപ്പോകും…?” ചെറിയച്ഛൻ ഇതു പറഞ്ഞ് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി, തൊണ്ടയിടറി.

ഞാൻ നിർവികാരനായി ചെറിയച്ഛനെ കേട്ടിരുന്നു. പക്ഷേ എന്തോ… മുഴുവനും പിടികിട്ടാത്തപ്പോലെ മനസ്സ്… ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലായി പോയി. ഒരു വശത്ത് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി. മറുവശത്ത് ചെറിയച്ഛന്‍റെ ആഗ്രഹം. ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാനുള്ള അവരുടെ തീരുമാനം നല്ലതു തന്നെ. പക്ഷേ… ഈ കാര്യത്തിൽ എനിക്ക് എന്താണ് ചെയ്യാനാവുക. ചെറിയച്ഛനും ചെറിയമ്മയുമാണ് എന്നെ വളർത്തി വലുതാക്കിയത്. ആ സ്നേഹം നഷ്‌ടപ്പെടുത്താനും, അവരെ സങ്കടപ്പെടുത്താനും വയ്യ. അതുപ്പോലെ പ്രണയ വഞ്ചന കാണിക്കാനും പറ്റില്ല.

എന്‍റെ ബാല്യത്തിന്‍റെ തുടക്കം വളരെ സന്തോഷപ്രദമായിരുന്നു. ഞാൻ എന്‍റെ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. അച്‌ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അമ്മ ജോലി ഉപേക്ഷിച്ച് സ്വയം വീട് നോക്കാൻ തയ്യാറായി. എന്നെ നല്ല രീതിയിൽ വളർത്താനായിട്ട്. അമ്മയ്ക്ക് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാൽ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ഹൃദയബന്ധമുണ്ടായിരുന്നു. മുത്തശ്ശിക്ക് അമ്മയെ ജീവനായിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല സ്കൂളിലാണ് എന്നെ ചേർത്തിരുന്നത്. പഠിക്കാൻ ഞാനും മിടുക്കനായിരുന്നു. പാടാനുള്ള കഴിവും ഞാൻ പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കൾ എന്തിനും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്കൂളിൽ മാത്രമല്ല വീട്ടിലും ഞാൻ കണ്ണിലുണ്ണിയായിരുന്ന കാലം.

എന്‍റെ ജീവിതം പെട്ടെന്നാണ് മാറ്റി മറിഞ്ഞത്. ഞാനന്ന് 8-ാം ക്ലാസ്സിലായിരുന്നു. ഒരു റോഡ് അപകടത്തിൽ അച്‌ഛനും അമ്മയും മരണപ്പെട്ടു. എനിക്ക് ഇത് സഹിക്കാനുള്ള ശക്‌തി ഉണ്ടായിരുന്നില്ല. കരയാൻ മാത്രമേ എനിക്കന്ന് കഴിഞ്ഞിരുന്നുള്ളൂ. മുത്തശ്ശിയാണ് ആ കാലത്ത് എനിക്ക് കരുത്തേകിയത്. ചെറിയച്ഛൻ എന്നെ അവരുടെ വീട്ടിൽ കൊണ്ട് നിർത്തി.

ഞാൻ ചെറിയച്ഛന്‍റെ വീട്ടിൽ കഴിയാൻ തുടങ്ങിയതോടെ ദു:ഖം കുറയാൻ തുടങ്ങി. ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു. ചെറിയച്ഛന്‍റെ മകൻ രവി, അവനും ഏക സന്താനമായിരുന്നു. അവൻ എന്നേക്കാൾ 2 വയസ്സ് കുറവായിരുന്നു. ചെറിയച്ഛൻ അവന്‍റെ സ്കൂളിൽ തന്നെയാണ് എന്നെയും ചേർത്തത്. ഞാനവിടെയും ഒന്നാമനായിരുന്നു.

എന്‍റെ എല്ലാ കാര്യങ്ങളും ചെറിയച്ഛൻ ഭംഗിയായി നോക്കിയിരുന്നു. പക്ഷേ രവിയുടെ കാര്യം വച്ചു നോക്കുമ്പോൾ എന്‍റെ അവസ്‌ഥ അത്ര നല്ലതായിരുന്നില്ല. ചെറിയമ്മ രവിക്ക് പാലും ബിസ്ക്കറ്റുമൊക്കെ ഒളിച്ച് കൊടുത്തിരുന്നു. അവന് സ്പെഷ്യൽ പരിഗണന ലഭിച്ചിരുന്നു. പക്ഷേ രവി സ്കൂളിലേയ്ക്ക് പോകും വഴി എനിക്ക് എല്ലാം വീതിച്ചു തന്നിരുന്നു. എന്നെ വലിയ കാര്യമായിരുന്നു അവന്. എന്നോടുള്ള ചെറിയമ്മയുടെ വേർത്തിരിവ് ചെറിയച്ഛനും ഒട്ടും സഹിച്ചിരുന്നില്ല. എങ്കിലും വഴകിടാനോ മുഷിയാനോ ചെറിയച്ഛൻ മുതിർന്നില്ല. നല്ല മനസ്സായിരുന്നു ചെറിയച്ഛന്‍റേത്. ചെറിയമ്മയും നല്ല സ്ത്രീയായിരുന്നു. പക്ഷേ സ്വന്തം മകനോടുള്ള സ്വാർത്ഥകൾ… അത് കുറ്റം പറയാനാവില്ല.

മുത്തശ്ശി അച്‌ഛനും അമ്മയും മരിച്ചതിൽ പിന്നെ അധികം ആരോടും സംസാരിച്ചിരുന്നില്ല. വിഷാദം മുത്തശ്ശിയെ പിടികൂടിയിരുന്നു. അധികനാൾ കഴിയും മുമ്പേ മുത്തശ്ശിയും പോയി.

ചെറിയച്ഛൻ രവിയുടെ ഉപരിപഠനത്തെപ്പറ്റി ചർച്ച ചെയ്‌തിരുന്നു. പക്ഷേ എന്‍റെ കാര്യത്തിൽ ഒരു തീരുമാനവും ആരും കൈകൊണ്ടിരുന്നില്ല. ഞാൻ 12-ാം ക്ലാസ്സ് ഉയർന്ന മാർക്കോടെ പാസായിരുന്നു. പിന്നെ ബികോം കഴിഞ്ഞ് ഞാൻ ബാങ്ക് പരീക്ഷകൾ എഴുതാൻ തുടങ്ങി. എന്‍റെ പരിശ്രമം അവസാനം ഫലം കണ്ടു. എനിക്ക് സർക്കാർ ബാങ്കിൽ ജോലി കിട്ടി. ജോലി നഗരത്തിൽ തന്നെയുള്ള ബാങ്കിലായിരുന്നു. അതിനാൽ ജോലി കിട്ടിയ ശേഷവും ഞാൻ ചെറിയച്ഛന്‍റെയും ചെറിയമ്മയുടെയും അടുത്ത് തന്നെ താമസിച്ചു.

രവി ബാംഗ്ലൂരിൽ എംബിഎ ചെയ്‌തു. അവിടെ തന്നെയുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ അവന് ജോലിയായി. എല്ലാവരും അതിൽ സന്തോഷിച്ചിരുന്നു. അവിടെ അവന്‍റെ ജൂനിയറായി ജോലി ചെയ്തിരുന്ന മിതാലിയുമായി അവൻ പ്രണയത്തിലായി. ചെറിയച്ഛൻ രവി അവളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. വിശാല കാഴ്ചപ്പാടുള്ള മനുഷ്യനായിരുന്നു എന്‍റെ ചെറിയച്ഛൻ. രവിയുടെയും മിതാലിയുടെയും വിവാഹം നടന്നു. അവർ ബാംഗ്ലൂരിൽ തന്നെ താമസമാക്കി.

അവന്‍റെ വിവാഹ ശേഷം എന്‍റെ മനസ്സ് തികച്ചും ശൂന്യമായിപ്പോയി. പഴയതുപ്പോലെ അവൻ എന്നെ വിളിക്കാതായി. തമ്മിൽ അധികമൊന്നും കാണാതായി. ഇതിനിടയിലെപ്പോഴോ ആണ് കവിത എന്‍റെ ഹൃദയത്തിലേയ്‌ക്ക് കടന്നു വന്നത്. എന്‍റെ ശൂന്യത നിറയ്‌ക്കാൻ എത്തിയവൾ.

കവിത ഞാൻ യാത്ര ചെയ്യുന്ന റൂട്ടിൽ തന്നെയായിരുന്നു പോയും വന്നും ഇരുന്നത്. ഞങ്ങൾ പലപ്പോഴും ഒരേ ബസ്സിൽ തന്നെയാണ് യാത്ര ചെയ്തിരുന്നതും. സുന്ദരിയും സൗമ്യപ്രകൃതിക്കാരിയുമായിരുന്നു അവൾ. പ്രണയം തുളുമ്പി നിൽക്കുന്ന കണ്ണുകളോടെ മാത്രമേ അവൾ തുടക്കം മുതൽ എന്നെ നോക്കിയിരുന്നുള്ളൂ. ഞാൻ നോക്കുമ്പോൾ പലപ്പോഴും ഓരോന്ന് ചെയ്യുന്നതാണ് കണ്ടിരുന്നത്. ചിലപ്പോൾ വൃദ്ധരെ റോഡ് ക്രോസ് ചെയ്യാൻ സഹായിക്കുന്നതു കാണാം. ചിലപ്പോൾ കുട്ടികളെ ബസ്സിൽ കയറ്റുന്നതും കാണാം. ചിലപ്പോൾ ആളുകൾക്ക് ഭക്ഷണപൊതി കൊടുക്കുന്നതു കാണാം. ഒരിക്കൽ പോസ്റ്റോഫീസിൽ ചെന്നപ്പോൾ അവൾ അവിടെ ഒരു സ്ത്രീക്കു ഫോം പൂരിപ്പിച്ചു നൽകുന്നു. ഗർഭിണികൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുന്നു. ഞാൻ നോക്കുമ്പോൾ അവൾ പ്രകാശം പരത്തുന്നതാണ് എപ്പോഴും കണ്ടിരിക്കുന്നത്.

ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഉള്ള് തുറന്ന് തന്നെ. പരസ്‌പരം മനസ്സിലാക്കാൻ തുടങ്ങി. അടുത്തുപ്പോയി മുൻജന്മത്തിലെന്നപ്പോലെ… എനിക്കിപ്പോൾ അവളില്ലാതെ പറ്റില്ല എന്ന അവസ്‌ഥയാണ്.

ഞാൻ അവളെക്കുറിച്ച് ചെറിയമ്മയോട് പറയാൻ ഇരിക്കുകയായിരുന്നു. ചെറിയച്ഛനോട് നല്ലോരവസരം നോക്കി പറയാമെന്ന് വിചാരിച്ചതാണ്. രവിയുടെ സഹായവും ഇടനിലയും വേണമെന്നും നിശ്ചയിച്ചിരുന്നു. പക്ഷേ അവന്‍റെ ദാമ്പത്യജീവിതത്തിലെ തിരക്കും ഔദ്യോഗിക തിരക്കുകളും കാരണം എല്ലാം നീണ്ടുപ്പോയി. സംഗതി അവനോട് അവതരിപ്പിക്കാൻ പറ്റിയില്ല. അവനിവിടെ വരുന്നതും വളരെ അപൂർവ്വമായാണല്ലോ… ഫോൺ ചെയ്‌ത് പറയാനും എന്‍റെ സങ്കോചം അനുവദിച്ചില്ല.

മിനാലി ഗർഭിണിയായപ്പോൾ അവളെ ചെറിയമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ജോലി രാജിവയ്ക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ ലോംഗ് ലീവ് എടുപ്പിച്ചു. അവൾക്ക് 5 മാസമായിരുന്നു. നിറവയറുമായി അവൾ സന്തോഷതോടെ ചെറിയമ്മയുടെ കൂടെ കഴിഞ്ഞു. പുതിയ അതിഥി വീട്ടിൽ വരാൻ പോകുന്നതിന്‍റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. എന്‍റെ അന്തർമുഖ സ്വഭാവം കാരണം ഞാൻ മിതാലിനോട് ഒന്നും തുറന്ന് സംസാരിച്ചിരുന്നില്ല. വളരെ അപൂർവ്വമായി അവളെന്തെങ്കിലും ചോദിച്ചാൽ മാത്രം ഞാൻ മറുപടി പറയും അത്രമാത്രം.

ജീവിതം എത്ര വേഗമാണ് കരുക്കൾ നീക്കുന്നത്. സന്തോഷത്തിന്‍റെ കളത്തിൽ സങ്കടങ്ങൾ വന്ന് നിറയും. ഒരു റോഡ് അപകടത്തിൽ രവിക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാനും ദിവസത്തിനുള്ളിൽ അവനും പോയി. ദുരന്തം എന്നെ പിടിക്കൂടി കൊണ്ടിരുന്നു. ഈ ജീവിതത്തിൽ ഞാൻ എന്തെല്ലാം സഹിക്കണം. എന്‍റെ മരണമല്ല ഞാൻ സ്നേഹിക്കുന്നവരുടെ മരണമാണ് എന്നെ ഏറെ അലട്ടുന്നത്. ചെറിയമ്മയും ചെറിയച്‌ഛനും തകർന്നുപോയി. മിതാലി മുറിയിൽ നിന്നുപോലും പുറത്തിറങ്ങിയില്ല. അവളുടെ അവസ്‌ഥ വലിയ കഷ്‌ടമായിരുന്നു. കുട്ടിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി മാത്രമാകണം അവൾ വിഷാദത്തിലേയ്‌ക്ക് വഴുതി വീഴാതിരുന്നത്. ഒരു ദിവസം മൗനം വെടിഞ്ഞ് അവൾ പൊട്ടികരയുക തന്നെ ചെയ്‌തു. ഞാനന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ ഭയന്നുപോയി. എങ്ങിനെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഒരാളെ ആശ്വസിപ്പിക്കുക…

രവി പോയതോടെ ഞങ്ങളുടെ വീടൊരു ശ്മശാനംപ്പോലെ ആയി. ആർക്കും ഒന്നിലും താൽപര്യമില്ലാത്തപ്പോലെ. ഏക സന്തോഷവും പ്രതീക്ഷയും ഒരു കുഞ്ഞ് വരുന്നതിന്‍റെ ആയിരുന്നു. ആ പ്രതീക്ഷയാണ് എല്ലാവരെയും ജീവിക്കാൻ പ്രേരിപ്പിച്ചത്.

കാലം ഞങ്ങളുടെ മാനസികാവസ്‌ഥയിൽ മാറ്റം കൊണ്ടുവന്നു. ചെറിയച്ഛൻ മിതാലിയോട് വെറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞു തുടങ്ങി. മിതാലി ജീവിതയാത്രയിൽ ഒറ്റയ്ക്കായി പോകുമെന്ന് ആധി ചെറിയച്ഛനെ അലട്ടിയിരുന്നു.

ഇന്ന് ചെറിയച്ഛൻ എന്‍റെ മുന്നിൽ ഈ ആവശ്യവുമായാണ് വന്ന് നിൽക്കുന്നത്. അച്‌ഛനും അമ്മയും നഷ്‌ടപ്പെട്ട ഒരു കുട്ടിയ്ക്ക് ജീവിതം തന്ന ആളാണ്. ഇന്നും അഭയം തരുന്ന അങ്ങനെയുള്ള എന്‍റെ അച്‌ഛന്‍റെ സ്‌ഥാനത്തുതന്നെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് ധിക്കരിക്കുക.

ചെറിയച്ഛൻ എന്‍റെ ജീവൻ ചോദിച്ചാൽ ഞാൻ ചങ്ക് പറിച്ചു കൊടുക്കാൻ ബാധ്യസ്‌ഥനാണ്. എനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരവസ്‌ഥയിൽ നിന്ന് കരകയറ്റിയ ആളല്ലേ… പക്ഷേ ചെറിയച്ഛൻ ഇങ്ങനെ ഒരാവശ്യം പറഞ്ഞ് എന്നെ വല്ലാതെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണല്ലോ?

“ചെറിയച്ഛാ… മിതാലിയെ ഞാൻ എന്‍റെ അനിയത്തിയെപ്പോലെയാണ് കണ്ടത്. അങ്ങനെയുള്ള ഒരാളെ ഞാൻ എങ്ങനെയാണ് കല്യാണം കഴിക്കുക?”

“മോനെ നീ നിരാശപ്പെടുത്തിയാൽ ഇനി ഞാനെന്തു ചെയ്യും. ആരുടെ സഹായം തേടും?” ഇത്രയും പറഞ്ഞ് ചെറിയച്ഛൻ നിർത്താതെ കരയാൻ തുടങ്ങി.

സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ചെറിയച്ഛാ, കരയാതെ… നിരാശപ്പെട്ടതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലല്ലോ? മിതാലിയെ കൊണ്ട് പുനർവിവാഹം കഴിപ്പിക്കാൻ നിങ്ങൾ ചിന്തിക്കുന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ പ്രയ സ്നേഹിതൻ പങ്കജാക്ഷൻ അവന്‍റെ കസിനു പ്രവീണിനു വേണ്ടി മിതാലിയെ വിവാഹം കഴിക്കാനായി ചോദിച്ചിരുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് ഞാനീകാര്യം അവതരിപ്പിക്കാതിരുന്നത്. മിതാലി രവിയുടെ വേർപ്പാടിൽ നിന്ന് മോചനം നേടിയിട്ടുണ്ടായിരുന്നില്ലല്ലോ അന്ന്… മാത്രവുമല്ല അവളുടെ ഉദരത്തിൽ കുഞ്ഞുണ്ടായിരുന്നല്ലോ. ആ അവസ്‌ഥയിൽ എങ്ങനെയാണ് കല്യാണക്കാര്യം പറയാനാവുക…”

“പങ്കജാക്ഷൻ കസിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. അയാൾ നല്ല മനുഷ്യനാണ്. പുരോഗമന ചിന്താഗതിക്കാരനാണ്. അയാളുടെ ഭാര്യ പ്രസവസമയത്ത് മരിച്ചതാണ്. കുഞ്ഞിനെ അയാളുടെ അമ്മയാണ് നോക്കുന്നത്. തന്‍റെ കുഞ്ഞിനെയും സ്നേഹിക്കാൻ കഴിയുന്ന ഒരാളെയാണ് അദ്ദേഹം നോക്കുന്നത്.”

“സംഭവിച്ചതെല്ലാം സങ്കടപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ അതിൽ നിന്ന് മോചനം നേടാനുള്ള വഴി ആലോചിക്കേണ്ടേ.” അവസാനം കണ്ട സമയത്ത് അദ്ദേഹം എന്നോട് മിതാലിയുടെ കാര്യം ചോദിച്ചു കൊണ്ട് പറഞ്ഞതിങ്ങനെയാണ്.”

“രണ്ടുപേരും പങ്കാളിയെ നഷ്‌ടപ്പെട്ടവരാണ്. സമാന ദു:ഖിതർ. എന്നാൽ ആ ദു:ഖം മറ്റൊരു വിവാഹതോടെ പരിഹരിക്കാവുന്നതേയുള്ളൂ. അതും നല്ല ജീവിതചുറ്റുപാടുള്ളവർ തമ്മിലാവുമ്പോൾ എല്ലാം പെട്ടെന്ന് ശരിയാവും” നളിനാക്ഷനും എന്നോട് പറയുമായിരുന്നു.

രമേശൻ ഇങ്ങനെ എല്ലാ കാര്യങ്ങളും ചെറിയച്ഛനോട് തുറന്ന് സംസാരിച്ചു.

ചെറിയച്ഛൻ എന്‍റെ സംസാരമെല്ലാം ശാന്തനായി കേട്ടിരുന്നു. ഒരു പ്രസരിപ്പ് ആ മുഖത്ത് തെളിയുന്നത് ഞാൻ കണ്ടു. ചെറിയമ്മ കർട്ടന്‍റെ പിറകിൽ ഇരുന്ന് ഞങ്ങളുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. ഞാനും ഇപ്പോഴാണത് ശ്രദ്ധിച്ചത്. ചെറിയമ്മ എന്‍റെ മുറിയിലേയ്‌ക്ക് വന്നു.

“മോനെ നളിനാക്ഷന്‍റെ അനിയൻ ആളെങ്ങനെ? അയാൾ എന്താണ് ചെയ്യുന്നത്? എത്ര വയസ്സുണ്ട്, നീ അയാളെ കണ്ടിട്ടുണ്ടോ?” ഒറ്റശ്വാസത്തിൽ എന്തെല്ലാമാണ് ചെറിയമ്മ ചോദിക്കുന്നത്. മിതാലിയുടെ കാര്യത്തിൽ ഇവർക്ക് എത്ര ശ്രദ്ധയാണ്. സ്വന്തം മോളുടെ കാര്യംപ്പോലെ…

ഞാൻ ചെറിയമ്മയുടെ കൈപിടിച്ച് എന്‍റെ അരികിൽ ഇരുത്തി. “ചെറിയമ്മേ ഒന്ന് സമാധാനപ്പെടൂ… ഞാനെല്ലാം പറയാം. പ്രവീൺ വളരെ മാന്യനായ മനുഷ്യനാണ്. സർക്കാർ സ്കൂളിൽ അദ്ധ്യാപകനാണ്. എന്‍റെ അതേ പ്രായം കാണും. ആദ്യം നിങ്ങൾ പ്രവീണുമായി ഒന്ന് കാണൂ. അതിനു ശേഷം നമുക്ക് തീരുമാനമെടുക്കാം. പക്ഷേ മിതാലി ഇത് എങ്ങനെയെടുക്കുമെന്ന കാര്യത്തിലാണ് എനിക്ക് ആശങ്ക. അവൾ സമ്മതിക്കുമോ?” ഞാൻ ചെറിയച്‌ഛനെ നോക്കി.

“മോനെ,?ആ കാര്യം എനിക്ക് വിടൂ. വിവാഹത്തിനായി നമ്മൾ അവളെ പ്രോത്സാഹിപ്പിക്കണം. വിവാഹിതയാകുമ്പോൾ അവൾക്ക് പഴയ കരുത്തൊക്കെ തിരിച്ചു കിട്ടും. മിതാലിമോൾക്ക് ഇപ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട്. അതെല്ലാം മാറി നല്ല ജീവിതം നയിക്കാൻ അവൾക്ക് വിവാഹം കഴിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ വിഷാദവതിയായി ജീവിതം അവളിങ്ങനെ തള്ളി നീക്കും. അത് ആർക്കാണ് സഹിക്കാനാവുക?” ചെറിയച്ഛൻ ആരോടെന്നില്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു…

സന്തോഷം രണ്ടാളുടെ ഉള്ളിലും തിരതല്ലുന്നുണ്ടായിരുന്നു. എഴുന്നേറ്റ് പോകുന്നതിനിടയിൽ ചെറിയമ്മ സന്തോഷത്തോടെ മറ്റൊരു കാര്യം കൂടി പറഞ്ഞു.

“മോനെ, മിതാലിയുടെ കല്യാണം കഴിഞ്ഞ ഉടനെ നിന്‍റെ കല്യാണവും നോക്കണം. അതു ഞാൻ ബ്രോക്കറോട് സംസാരിച്ചിട്ടുണ്ട്.”

ആയിക്കോടെ ചെറിയമ്മേ… പക്ഷേ എന്‍റെ മനസ്സിൽ ഇപ്പോൾ മിതാലിയുടെ കല്യാണക്കാര്യം മാത്രം ഉള്ളൂ.” ഞാൻ പറഞ്ഞു.

“മിതാലിയെപ്പോലെ നിന്‍റെ ജീവിതവും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. നിന്‍റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പറ” ചെറിയമ്മ എന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അതു പിന്നെ നോക്കാം. മിതാലിയെ വിഷാദഭാവത്തിൽ കാണുമ്പോൾ സങ്കടമാണ്. നമുക്കത് ആദ്യം നടത്താം. ഞാനിതു പറഞ്ഞപ്പോൾ ചെറിയമ്മ എന്‍റെ തലയിൽ അനുഗ്രഹിക്കാനെന്നോണം കൈവച്ചു.

അന്നേരം കവിതയെക്കുറിച്ച് ഓർത്തുപ്പോയി.

പങ്കജാക്ഷന്‍റെ ഇടപ്പെടൽ കാരണം പ്രവീണിന്‍റെയും മിതാലിയുടെയും കല്യാണക്കാര്യം വേഗത്തിലായി. ഞങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധം കാരണം മിതാലി അവസാനം വിവാഹത്തിനു സമ്മതിച്ചു. മിതാലി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. മിതാലിയുടെ മുഖം തെളിഞ്ഞ് കണ്ടത് ഏറെക്കാലത്തിനു ശേഷം അന്നാണ്.

കുഞ്ഞുമോളുടെ പേരിടൽ ചടങ്ങിൽ അന്ന് എല്ലാവരും വന്നു. പ്രവീണും കുടുംബവും പങ്കജാക്ഷനും എല്ലാം. കുഞ്ഞിനു എന്ത് പേരിടണമെന്ന് ചർച്ച നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. “പ്രവീൺ, നിങ്ങൾ മോന് നല്ല പേര് ഇട്ടിരിക്കുന്നല്ലോ. ഇനി മോൾക്കും നല്ലൊരു പേര് നിർദ്ദേശിക്കൂ…”

പ്രവീൺ ഇതു കേട്ട് അതിമനോഹരമായി ചിരിച്ചു. “നിള” എന്നായിക്കോട്ടെ. ഞങ്ങൾക്കിടയിൽ സ്നേഹത്തിന്‍റെ പുഴ ഒഴുക്കാൻ എത്തിയ ആളല്ലെ” പ്രവീൺ മിതാലിയെ സ്നേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

ജീവിതം എത്ര പ്രതീക്ഷാഭരിതമാണെന്ന് അവിടെ കൂടിയിരിക്കുന്നവരുടെ സന്തോഷത്തിൽ നിന്നും എനിക്ക് ബോധ്യമായി. ചടങ്ങിന് കവിതയെയും ഞാൻ ക്ഷണിച്ചിരുന്നു. അവൾ വരുന്നതും കാത്ത് ഞാൻ ഗേറ്റിൽ കാത്തിരുന്നു. എന്‍റെ അക്ഷമ കണ്ട് ചെറിയച്ഛൻ കോലായിൽ നിന്ന് വിളിച്ചു പറഞ്ഞു. “രമേശാ… നീ ഇങ്ങ് പോര്. വീട്ടുകാരി പുറക് വശത്തുകൂടി എപ്പോഴേ വന്നു.”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൈകുഞ്ഞുമായി ചെറിയച്ഛനരികിൽ നിന്ന് ചിരിക്കുന്ന കവിതയെയാണ് കണ്ടത്. സന്തോഷത്തിന്‍റെ ഒറ്റ നിമിഷം കൊണ്ടാണ് നാം ജീവിതത്തിലെ വലിയ ദുരന്തങ്ങളെ മറിക്കടക്കുന്നതെന്ന് എനിക്കപ്പോൾ തോന്നി. എന്‍റെ വീട് ഒരു കരുണാലയമാണ്.

സൂര്യപുത്രൻ

എല്ലാ ഞായറാഴ്ചകളിലേയും പോലെ മടുപ്പിൽ മുഷിഞ്ഞു കിടക്കുന്ന ജീവിതത്തെ വർണ്ണപ്പകിട്ടുള്ളതാക്കാൻ എത്തിയതാണ് അന്നും അവർ ആ ബീച്ചിൽ. നിഖിലും അനിതയും. ജീവിതം സുഖകരം തന്നെ എന്നു തോന്നിപ്പിക്കുന്ന ഘടകങ്ങളൊന്നും തന്നെ ഇല്ലാത്ത സാമാന്യം വിരസമായിത്തീർന്നിരുന്ന ജീവിതത്തെ പുനരാഘോഷമാക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു.

വീട് ജോലി ഓഫീസ് എന്ന യാന്ത്രിക ജീവിതത്തിന്‍റെ വിരസത പലപ്പോഴും ഓക്കാനമുളവാക്കുന്നു എന്ന് ഇരുവരും പറയാൻ തയ്യാറായില്ല എന്നു മാത്രം. കടലിൽ നിന്ന് തിരയോടൊപ്പം ആഞ്ഞടിച്ചെത്തി കരയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്ന മണൽത്തരികളുടെ നിസ്സംഗതയാണ് ഈയിടെയായി അനിതയുടെ മനസ്സിൽ.

ദുഃഖങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യ മനസ്സിന് ഒരു പരിധിയുണ്ട്. പിന്നിട്ട ജീവിത വഴിയിലൂടെ അനിത അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കഴിഞ്ഞ കാല ഓർമ്മകൾ ഗൃഹാതുരത്വമായി അവളെ പൊതിഞ്ഞു.

എത്ര പെട്ടെന്നാണു നാലു വർഷത്തെ നഴ്സിംഗ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങാനായത്. ഇനി ഈ ബോംബെ നഗരത്തിലെ തന്നെ ഏതെങ്കിലും ഒരാശുപത്രിയിൽ ജോലി കണ്ടെത്തണം. അവളുടെ സീനിയറായി പഠിച്ചിരുന്ന നിഖിൽ സഹായിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. നിഖിൽ ഷാ… നഴ്സിംഗിനു ചേർന്ന ആദ്യനാളുകളിൽ പരിചയപ്പെട്ട സുഹൃത്ത്. ബോംബെയിൽ ജോലി ചെയ്യുന്ന തന്‍റെ ആന്‍റിയുടെ സഹപ്രവർത്തകയുടെ മകൻ, ബോംബെയിൽ വർഷങ്ങളായി സ്‌ഥിര താമസമാക്കിയ കുടുംബം. പരിമിതമായ ഭാഷ മാത്രം കൈമുതലായുള്ള അനിതയുടെ ദ്വിഭാഷിയായി നിഖിൽ സ്വയം മാറുകയായിരുന്നു. ക്രമേണ അനിതയുടെ ഇഷ്ടഖേദങ്ങൾ ഉൾക്കൊള്ളാനാവുന്ന നല്ലൊരു സുഹൃത്തും.

നഴ്സിംഗ് പഠനം കഴിഞ്ഞ് അധികം വൈകാതെ ദാദറിൽ ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനായി. എത്ര അനായാസമായാണ് അവളുടെ മനസ്സിന് സേവന തൽപരയായ നഴ്സിന്‍റെ ചലനങ്ങളം മാനസിക ഭാവങ്ങളും ഉൾക്കൊള്ളാനായത്. ഇപ്പോൾ സ്വയം തീരുമാനങ്ങളെടുക്കാനും അവ പ്രായോഗികമാക്കാനും മറ്റുമുള്ള പക്വതയും ധൈര്യവുമൊക്കെ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അനിതക്കു സ്വയം തോന്നാറുണ്ട്.

വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞിറങ്ങിയാൽ നഗരവീഥികളിലൂടെ നടക്കാനോ അതുമല്ലെങ്കിൽ ബീച്ചിൽ പോയിരിക്കാനോ ഒക്കെ അനിതയും നിഖിലും സമയം കണ്ടെത്തുന്നു. നിഖിലിനോടൊപ്പം കഴിയുന്ന സമയത്തെല്ലാം പറഞ്ഞറിയിക്കാനാവാത്തൊരു ആന്തരിക സ്വസ്ഥത അനുഭവപ്പെടുന്നതായി അനിതയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു. ഇതാണോ പ്രണയം? അവൾ ചിന്തിച്ചു. എന്തായാലും ഇതുവരെ അനുഭവപ്പെടാത്ത തനിക്കന്യമായിരുന്ന ഒരു വികാരമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്നും പതിവുപോലെ ഓഫീസിൽ നിന്നിറങ്ങിയതിനു ശേഷം നിഖിലും അനിതയും ബീച്ചിൽ എത്തിയതായിരുന്നു. മണലിൽ കളം വരച്ച് ഇരിക്കവെ വാക്കുകൾ മറന്നിട്ടെന്ന വണ്ണം അവർ മുഖത്തോടു മുഖം നോക്കി. അസ്തമയ സൂര്യന്‍റെ ചാഞ്ഞ് ഒഴുകി എത്തിയ വെയിൽ അനിതയുടെ കവിളിൽ തളം കെട്ടി കിടന്നിരുന്നു. അപ്പോഴാണ് അതുണ്ടായത്. അനിതയെ തന്നോടു ചേർത്തു ഒരു വെളിപാടെന്നോണം നിഖിൽ പറഞ്ഞത്.

“നമുക്കൊരുമിച്ചു ജീവിക്കാം.” ആ വാക്കുകൾ തന്‍റെ ഏകാന്തതയുടെ മരുഭൂമിയെ നനച്ച് കുളിരണിയിക്കുന്നതായാണ് അനിതക്കനുഭവപ്പെട്ടത്.

എത്രയോ നാളായി കേൾക്കാൻ ആഗ്രഹിച്ച ചോദ്യം… പറയാൻ ധൈര്യപ്പെടാതിരുന്നത്.

ഒരു വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവൾ ധൈര്യപ്പെട്ടിരുന്നില്ല. എന്നിട്ടും ന്യായാന്യായവും യുക്തികളും സ്വയം വളച്ചൊടിച്ച് തൃപ്തികരം എന്നു തോന്നിപ്പിക്കുന്ന ഒരു തീരുമാനം കൈക്കൊള്ളാൻ തനിക്കെത്ര എളുപ്പം കഴിഞ്ഞു. അനിത അദ്ഭുതപ്പെടുകയായിരുന്നു.

“ഞാൻ തന്‍റെ ആന്‍റിയോടു സംസാരിക്കാം,” ബോംബെയിൽ താമസിക്കുന്ന അനിതയുടെ ആന്‍റിയുമായി പരിചയമുള്ള നിഖിലിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

പിന്നീടെല്ലാം പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിലും പെട്ടെന്നുമായിരുന്നു. ഇരു വീട്ടുകാരും അവരെ ഹൃദയ പൂർവ്വം സ്വീകരിക്കുകയായിരുന്നു. അടുത്ത രണ്ടു സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രജിസ്റ്റർ ഓഫീസിൽ വച്ച് ഒപ്പിട്ട ശേഷം അവർ ഒരേ വീട്ടിൽ താമസം തുടങ്ങുകയായിരുന്നു. രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു താമസിക്കുമ്പോൾ അനുഭവപ്പെടുന്ന ലാഘവത്വമാർന്ന പ്രേമം. അതിനെ ദാമ്പത്യമെന്നോ ശരീരവും മനസ്സും അർപ്പിച്ചുള്ള പ്രണയമെന്നോ എന്തു വേണമെങ്കിലും പറയാം. പരസ്പരം കണ്ടിട്ടില്ലെങ്കിലും അനിതയുടെ അച്‌ഛനമ്മമാർ നിഖിലിനെ മരുമകനായി മനസ്സാ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ബോംബെയിൽ തന്നെയുള്ള നിഖിലിന്‍റെ വീട്ടുകാർക്ക് അനിതയും ഇതിനകം തന്നെ ഏറെ പ്രിയപ്പെട്ട മരുമകളായി ത്തീർന്നിരുന്നല്ലോ.

ആസ്വാദ്യകരവും സന്തുഷ്ടവുമായ ദാമ്പത്യം എന്ന് ഇരുവരും മനസ്സിൽ കുറിച്ചിട്ട നാളുകൾ മത്സര ഓട്ടത്തിലെന്നോണം ഓടിയകലുകയായിരുന്നു. കാണാമറയത്തൊരാൾ ജീവിതത്തിന്‍റെ കടിഞ്ഞാൺ നിയന്ത്രിക്കുന്നുണ്ടെന്ന് അന്നൊന്നും അവർ അറിഞ്ഞിരുന്നില്ല.

കടുത്ത ക്ഷീണവും പനിയുമായാണ് ഒരു നാൾ നിഖിൽ ഓഫീസിൽ നിന്നെത്തിയത്. ഏതാനും ദിവസങ്ങളായി ക്ഷീണവും തളർച്ചയും വിശപ്പില്ലായ്മയുമൊക്കെ അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നെങ്കിലും ഇരുവരും അതത്ര കാര്യമാക്കിയിരുന്നില്ല. ക്രമേണ കാലിലും മുഖത്തുമൊക്കെ നീരുവന്ന് വീർത്തപ്പോഴാണ് ഡോക്ടറുടെ അടുത്തെത്തിയത്. പിന്നീടങ്ങോട്ട് ടെസ്റ്റുകളുടെയും ആശുപത്രി വാസത്തിന്‍റെയും നാളുകളായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ നിഖിലിന്‍റെ ഇരുവൃക്കകളും പരിതാപകരമായ അവസ്‌ഥയിലാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ജന്മങ്ങൾ അവസാനിച്ച ജീവനെപ്പോലെ നിശ്ചലമായ മിഴികളോടെ നിഖിൽ ഡോക്‌ടറുടെ മുഖത്തേക്കു നോക്കി ഇരുന്നു.

എത്ര പെട്ടെന്നാണ് നിഖിൽ ഒരു പരീക്ഷണ വസ്തു മാത്രമായി മാറിയത്. ഓർക്കുന്തോറും ഭീരകരമായ ഒരു ഭീതിയിൽ ആവരണം ചെയ്‌താലെന്നവണ്ണം നിഖിലും അനിതയും തളർന്നിരുന്നു. എന്നാൽ പിന്നീട് വളരെ സംയമനത്തോടെയാണ് നിഖിൽ പ്രതികരിച്ചത്. അലകളടങ്ങിയ കടൽ പോലെ ശാന്തമായ ഭാവത്തിൽ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു നിഖിൽ….

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഡോക്ടർ നിഖിലിന്‍റെ അടുത്തേക്കു വന്നു. തോളിൽ തട്ടിക്കൊണ്ട് സ്നേഹപൂർവ്വം പറഞ്ഞു തുടങ്ങി.

“ഏതു രോഗവും ഇക്കാലത്ത് ഒരു പരിധി വരെ ചികിത്സിച്ചു ഭേദമാക്കാനാവും. മെഡിക്കൽ സയൻസ് വളരെയേറെ പുരോഗമിച്ചിരിക്കുന്നു, മി.നിഖിൽ.”

എന്തിനാണ് ഈ വളച്ചുകെട്ടൽ…? സ്വതവെ ശാന്തനായ നിഖിൽ വല്ലാതെ അസ്വസ്ഥനാവാൻ തുടങ്ങിയിരുന്നു.

“കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ മാത്രമേ ഒരു പരിഹാരമായി നിഖിലിന്‍റെ കാര്യത്തിൽ നിർദ്ദേശിക്കാൻ കഴിയൂ…

ഡോക്ടർ അനിതയോടും നിഖിലിനോടും വിവരങ്ങളെല്ലാം വിശദമായി ചർച്ച ചെയ്‌തു.

കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ… ചെലവ് മാത്രം രണ്ടുമൂന്നു ലക്ഷത്തിലധികം വരും. പിന്നെ ഹോസ്പിറ്റൽ ചെലവുകൾ, പരിശോധനകൾ, മരുന്ന്… ചുരുങ്ങിയത് അഞ്ചാറു ലക്ഷം രൂപ എന്തായാലും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഡോണറെ കിട്ടുക അത്ര എളുപ്പമല്ല. തന്‍റേയും അനിതയുടേയും മാതാപിതാക്കളും നിസ്സഹായരാണ്. എന്തു പറഞ്ഞാണ് അന്യോന്യം സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ ഇരുവരും മൗനം പൂണ്ടു. ഇതിനകം വിവരമറിഞ്ഞ സുഹൃത്തുക്കൾ സഹായ വാഗ്ദാനവുമായി എത്തിത്തുടങ്ങിയിരുന്നു.

ആ ഹോസ്പിറ്റലിലെ ഡോ.വിപിൻ അറോറയാണ് ഒടുവിൽ ഒരു പരിഹാരം നിർദ്ദേശിച്ചത്.

“പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ടെക്നോളജി നമുക്കൊന്നു ശ്രമിച്ചു കൂടെ…? എന്താണ് ഡോ. അറോറ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവർ പരസ്പരം നോക്കി. തന്‍റെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷനും പുതിയ ടെക്നോളജിയും തമ്മിൽ എന്ത് ബന്ധം…

ഡോക്ടർ തുടർന്നു,

“ആറാമത്തെ നിലയിലെ ഡീലക്സ് മുറിയിൽ ഒരു ഭാര്യയും ഭർത്താവും ചികിത്സയിൽ ഉണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെയായിട്ടും കുട്ടികൾ ഉണ്ടായിട്ടില്ല. പല ചികിത്സകൾ നടത്തിയിട്ടും ഫലം ലഭിക്കാതെ നിരാശരായി കഴിയുന്നവർ.”

എന്താണ് ഡോക്ടർ പറഞ്ഞു വരുന്നത്? നിഖിലും അനിതയും ഡോക്ടറെ നോക്കിയിരിക്കുകയായിരുന്നു. ഒരുതരം മരവിപ്പോടെ.

“പല ചികിത്സാ രീതികളും അവർ പരീക്ഷിച്ചു. ഐയുഐ, ഐവിഎഫ് തുടങ്ങിയ ചികിത്സാരീതികളൊന്നും അവരിൽ വിജയിച്ചില്ല. കാരണം അയാളുടെ ഭാര്യയുടെ ഗർഭ പാത്രത്തിന് സാധാരണ രീതിയിൽ ബീജ സങ്കലനം നടക്കാനുള്ള ശക്തിയില്ല…” എന്താണ് പറയേണ്ടത് എന്നറിയാതെ അവർ കേൾവിക്കാരായി നിന്നു. മൗനം നീളുന്നത് കണ്ട് ഡോക്ടർ തുടർന്നു.

“ഇനി സറോഗസിയുടെ സാധ്യത കൂടി അവസാനമായി പരീക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.” ഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കാനായി ഒന്നു കൂടി വിശദീകരിച്ചു.

“അതായത് ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയ്യാറുള്ള ഒരു സ്ത്രീയെ അവർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ തന്നെ പ്രതിഫലമായി നൽകുകയും ചെയ്യും.” ഒന്നും മനസ്സിലാവാതെ മിഴിച്ചു നിൽക്കുന്ന അനിതയോടും നിഖിലിനോടും കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞു മനസ്സിലാക്കാൻ ഡോക്ടർ ഒരു ശ്രമം കൂടി നടത്തുകയായിരുന്നു.

“ആ ദമ്പതികളിൽ നിന്ന് ശേഖരിക്കുന്ന അണ്ഡവും ബീജവും ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ബീജസങ്കലനം നടത്തി ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയ്യാറുള്ള സ്ത്രീയിൽ നിക്ഷേപിക്കുന്നു. അവരുടെ ഉദരത്തിൽ കുഞ്ഞിന്‍റെ വളർച്ച സാധാരണ ഗതിയിൽ ആവുന്നതു വരെ ആശുപത്രിയിൽ കഴിയണം. തുടർച്ചയായി പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമുള്ള പ്രക്രിയയാണ് ഇത്. എല്ലാം നോർമൽ ആയി എന്നു ബോദ്ധ്യമായാൽ പിന്നീട് സാധാരണ രീതിയിലുള്ള പീര്യോഡിക്കൽ ചെക്കപ്പ് മതി.” സറോഗസിയെക്കുറിച്ചുള്ള ഏതാണ്ടൊരു വിശദീകരണം ഡോക്ടർ അവർക്കു നൽകി, അവരുടെ പ്രതികരണത്തിനായി കാത്തിരുന്നു.

“അവരുടെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് എന്ന ആഗ്രഹസാക്ഷാത്ക്കാരത്തിനു വേണ്ടി എത്ര ലക്ഷം രൂപ വേണമെങ്കിലും ചെലവഴിക്കാൻ അവർ തയ്യാറാണ്. നിങ്ങൾ ആലോചിക്കൂ. “എവിടേയും തൊടാതെ പറഞ്ഞ് ഡോക്ടർ മുറിക്കു പുറത്തേക്ക് നടന്നു.

തന്നെപ്പോലെ തന്നെ അനിതക്കും കാര്യങ്ങൾ വ്യക്‌തമായി ഉൾക്കൊള്ളാനായിട്ടുണ്ട്. ആ മുഖഭാവം അതു വ്യക്തമാക്കുന്നുണ്ട്. എന്തുവേണം എന്ന മൗനമായ ഭാഷയിൽ നിഖിൽ അനിതയുടെ മുഖത്തേക്കു നോക്കി. ഒഴിഞ്ഞ ഇടവഴിയിലേക്ക് തുറന്നു കിടക്കുന്ന ജനൽ പോലെ ഏകാന്തവും ശൂന്യവുമായ മിഴികളോടെ അവൾ നോക്കി ഇരുന്നതേയുള്ളൂ.

നിഖിലിന്‍റെ ഓപ്പറേഷന് ലക്ഷങ്ങൾ വേണമെന്ന് ഡോക്‌ടർക്കറിയാം. അനപത്യ ദുഃഖത്തിൽ നിന്ന് കരകയറാനാഗ്രഹിക്കുന്ന ദമ്പതികളും എങ്ങിനെയും ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാനായുള്ള തീവ്രശ്രമത്തിന്‍റെ ഫലപ്രാപ്തിക്കായി നെട്ടോട്ടമോടുന്ന ഒരു ഭാര്യയും. ഇവിടെ ശരിതെറ്റുകൾ വരുന്നില്ല. കാര്യവും കാരണവുമാണ് നോക്കേണ്ടത്. ഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ടെസ്റ്റുകളുടേയും നിരീക്ഷണങ്ങളുടേയും നാളുകളായിരുന്നു. മടുപ്പുളവാക്കുന്ന ദിനങ്ങൾ! എങ്ങനെയോ ആർജിച്ച കരുത്തിൽ നിഖിലും അനിതയും അധികമൊന്നും പ്രാബല്യത്തിൽ ഇല്ലാത്ത ആധുനിക ചികിത്സയുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി ആശുപത്രിയിൽ നാളുകൾ തള്ളിനീക്കി. സംഘർഷമില്ലാത്ത മനസ്സും ആരോഗ്യമുള്ള ശരീരവും അത്യാവശ്യമായ ചികിത്സാരീതിയാണിതെന്ന് ഡോക്ടർ മുന്നറിയിപ്പുകൾ നൽകി കൊണ്ടിരുന്നു. എങ്കിലും അനിതയുടെ മനസ്സ് ഭയത്തിന്‍റെയും ശരി തെറ്റുകളുടേയും വിളനിലമായി കഴിഞ്ഞിരുന്നു. ക്രമേണ നിഖിലിന്‍റെ പ്രോത്സാഹന ജനകമായ പിന്തുണയോടെയും കൗൺസിലിംഗിലൂടേയും ആദ്യത്തെ കടമ്പ കടന്നു കഴിഞ്ഞപ്പോൾ ജനിക്കാനിരിക്കുന്ന കുഞ്ഞ് എന്ന മോഹം അവളെ പൊതിഞ്ഞു. അതുവരെ അനുഭവിച്ച നൊമ്പരങ്ങളും നിരാശയും അവൾ മറന്നു കഴിഞ്ഞിരുന്നു.

കുഞ്ഞിന്‍റെ ജന്മത്തിനുത്തരവാദിയായ ആണുടലിനെ അറിയാതെ തന്നെ അനിതയുടെ ശരീരം മാറ്റങ്ങളേറ്റു വാങ്ങി. ക്രമേണ ചിത്രകാരൻ ഫ്രെയിമിൽ നിന്ന് മാഞ്ഞു പോകുകയും ചിത്രം മാത്രം അമൂർത്തമായി നിലകൊള്ളുന്ന അവസ്‌ഥയിലേക്ക് അനിതയുടെ ശരീരവും മനസ്സും എത്തിച്ചേരുകയുമായിരുന്നു. നിഖിലും തന്‍റെ ഓപ്പറേഷനു ശേഷം ആരോഗ്യം വീണ്ടെടുത്ത് തനിക്ക് യാതൊരു പങ്കും ഇല്ലാതെ ജനിക്കാൻ പോകുന്ന അതിഥിക്കായി കാത്തിരിക്കാൻ തുടങ്ങി.

തന്‍റെ ഗർഭപാത്രത്തിലെ താൽക്കാലിക വാടകക്കാരൻ മാത്രമായ കുഞ്ഞിനോട് വല്ലാത്ത മമത വേണ്ടെന്നും, ശരിയായ അവകാശികൾ തന്നേക്കാൾ ആകാംക്ഷയോടെ കുഞ്ഞിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും അനിത ഈ നാളുകളിൽ മനസ്സിനെ സ്വയം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

ബയോളജിക്കൽ മാതാവു മാത്രമായ താൻ തിരശീലയിൽ നിന്ന് മാഞ്ഞു പോകാനുള്ളതാണെന്നും കൈവശാവകാശത്തിന് തീരെ സാധ്യതയില്ലാത്ത പ്രൊജക്റ്റ് ആണിതെന്നും അവൾ നല്ല പോലെ ഉൾക്കൊണ്ടിട്ടുണ്ട്. ഇതിനകം തന്നെ ശരീരത്തിലെ മാറ്റങ്ങൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായി തന്നിൽ പടരുന്നത് അനിത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഓരോ ചലനങ്ങളും മാതൃത്വത്തിന്‍റെ മാസ്മരികാനുഭൂതിയായി അവളിൽ നിറഞ്ഞു. ബീജദാതാവും സ്വീകർത്താവും പരസ്പരം കാണുന്നില്ല എന്നത് വലിയ അനുഗ്രഹം തന്നെയാണ് എന്ന് അനിതക്ക് ഈ നാളുകളിൽ ബോദ്ധ്യമാവുകയായിരുന്നു.

ഇതിനിടെ നിഖിലിന്‍റെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ വിജയകരമായി നടന്നു. ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തെയാകെ മാറ്റി മറിക്കാൻ ഉപകരിക്കും എന്ന് അവർ തിരിച്ചറിയുകയായിരുന്നു ഈ നാളുകളിൽ.

ഒടുവിൽ കാത്തിരുന്ന ആ ദിവസമെത്തി. കടുത്ത നൊമ്പരത്തോടെ തന്നെ ഓപ്പറേഷൻ തീയ്യറ്ററിലേക്ക് യാത്രയാക്കുമ്പോൾ നിഖിലിന്‍റെ ചിരിക്കുന്ന കണ്ണുകളിൽ ഈർപ്പം തിളങ്ങിക്കിടന്നിരുന്നു.

തന്‍റെ ഗർഭപാത്രം വാടകക്കെടുത്ത ദമ്പതികൾ അപ്പോൾ ആകാംക്ഷയോടെ ലേബർ റൂമിനു മുമ്പിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

പകർന്ന പാത്രത്തിന്‍റെ സ്വരൂപത്തിലേക്കു മാറുന്ന ജലം പോലെ തന്‍റെ രക്തത്തിൽ പിറന്ന കുഞ്ഞ്. ഒരു നോക്കു മാത്രം കണ്ടതേയുള്ളൂ. കാണുംതോറും തനിക്കവനെ പിരിയാനാവാതെ വരും. തന്‍റെ സൂര്യപുത്രൻ. എത്ര പെട്ടെന്നാണ് അവൻ ചൂടും തുടിപ്പും ഏറ്റുവാങ്ങി തന്‍റെ ജീവന്‍റെ തന്നെ ഭാഗമായത്. ഒടുവിൽ അവനെ കൈമാറുമ്പോൾ അനുഭവിച്ച നൊമ്പരം. എല്ലാം മൂടിവെക്കുകയായിരുന്നു. നിഖിലിന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടിമാത്രം. അനിത ചിന്തകളിൽ നിന്ന് ഉണർന്ന് യാഥാർത്ഥ്യത്തെ നേരിടാൻ തയ്യാറായി.

കണ്ണീർ കാഴ്ച മറച്ച വഴിയിലൂടെ നടന്ന് അനിത കാറിൽ കയറി. അപ്പുറത്തു കിടക്കുന്ന മഹാരാഷ്ട്ര നമ്പറുള്ള കാറിൽ തന്‍റെ കുഞ്ഞ് പ്രസവ വേദനയറിയാത്ത അമ്മയുടെ ചൂടുപറ്റി യാത്രയാവുകയായിരുന്നു, അപ്പോൾ അവനെ കാത്തു കിടക്കുന്ന ആർഭാടങ്ങളിലേക്ക്! അപ്പോഴും അവന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരിതത്തിക്കളിച്ചു കിടന്നിരുന്നു… മുലപ്പാലിന്‍റെ മാധുര്യത്തോടെ…..!!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें