തെളിഞ്ഞ ആകാശമുള്ള ഞായറാഴ്ച ആയിരുന്നു അന്ന്. പ്രത്യേകിച്ച് എവിടെയും പോകാനൊന്നുമില്ലാത്തതിനാൽ ഞാൻ മുറിയിൽ അലസമായി പത്രം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ചെറിയച്ഛനെ ശ്രദ്ധിച്ചത്. എന്‍റെ അടുത്ത് വന്ന് നിസംഗനായി നിൽക്കുന്നു. “ഞാൻ നിന്‍റെ കൂടെ ഇരുന്നോടെ” ഞാൻ നോക്കിയപ്പോൾ ചെറിയച്ഛൻ പറഞ്ഞു.
“എന്താ കാര്യം ചെറിയച്‌ഛാ... വലിയ മുഖവുരയൊക്കെയാണല്ലോ, എന്തുപറ്റി?” എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ?”
“ഹേയ് എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. നിന്നോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്” ഇരുന്ന ശേഷം ചെറിയച്ഛൻ സാവധാനം സംസാരിച്ചു തുടങ്ങി.
“എന്നാൽ നമുക്കിന്ന് മുഴുവൻ സംസാരിച്ചിരിക്കാം” ഞാൻ ഉത്സാഹത്തോടെ പേപ്പർ മടക്കി ഒരറ്റത്തേയ്‌ക്ക് മാറ്റിവച്ചു. പക്ഷേ ചെറിയച്ഛൻ ഒന്നും സംസാരിക്കാതെ ശാന്തനായി എന്നെ തന്നെ നോക്കിയിരുന്നു.
“എന്താ ചെറിയച്ഛാ... എന്തെങ്കിലും പ്രശ്നം അലട്ടുന്നുണ്ടോ? മനസ്സിലുള്ളത് എന്താണെന്ന് വച്ചാ പറയൂ...” നിങ്ങൾ പറയുന്നതെന്തായാലും ഞാൻ കേൾക്കാം.”
ചെറിയച്ഛന്‍റെ മൗനം എന്നെയും അസ്വസ്ഥനാക്കി.
“മോനെ രമേശാ... നീ ഒരിക്കലും ഞാൻ പറയുന്നത് അനുസരിക്കാതിരുന്നിട്ടില്ല. ആ ധൈര്യത്തിലാണ് ഞാനിത് നിന്നോട് ഒരു കാര്യം പറയാമെന്ന് വച്ചത്. നീ മിതാലിയെ കല്യാണം കഴിക്കണം. എന്‍റെയും ചെറിയമ്മയുടെയും ആഗ്രഹമാണ്. അവൾക്കൊരു തുണയാവണം ചെറിയ പ്രായത്തിൽ വിധവയായവളാണ്... ജീവിതം ഇനിയും ഏറെ മുന്നോട്ട് ജീവിക്കാനുണ്ട്. ആ യാത്ര അവൾക്ക് ഒറ്റയ്‌ക്ക് പറ്റില്ല. ഞങ്ങൾ വൃദ്ധന്മാർ. അവളെ എത്രകാലം നോക്കും. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾ എവിടെപ്പോകും...?” ചെറിയച്ഛൻ ഇതു പറഞ്ഞ് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി, തൊണ്ടയിടറി.
ഞാൻ നിർവികാരനായി ചെറിയച്ഛനെ കേട്ടിരുന്നു. പക്ഷേ എന്തോ... മുഴുവനും പിടികിട്ടാത്തപ്പോലെ മനസ്സ്... ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലായി പോയി. ഒരു വശത്ത് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി. മറുവശത്ത് ചെറിയച്ഛന്‍റെ ആഗ്രഹം. ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാനുള്ള അവരുടെ തീരുമാനം നല്ലതു തന്നെ. പക്ഷേ... ഈ കാര്യത്തിൽ എനിക്ക് എന്താണ് ചെയ്യാനാവുക. ചെറിയച്ഛനും ചെറിയമ്മയുമാണ് എന്നെ വളർത്തി വലുതാക്കിയത്. ആ സ്നേഹം നഷ്‌ടപ്പെടുത്താനും, അവരെ സങ്കടപ്പെടുത്താനും വയ്യ. അതുപ്പോലെ പ്രണയ വഞ്ചന കാണിക്കാനും പറ്റില്ല.
എന്‍റെ ബാല്യത്തിന്‍റെ തുടക്കം വളരെ സന്തോഷപ്രദമായിരുന്നു. ഞാൻ എന്‍റെ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. അച്‌ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അമ്മ ജോലി ഉപേക്ഷിച്ച് സ്വയം വീട് നോക്കാൻ തയ്യാറായി. എന്നെ നല്ല രീതിയിൽ വളർത്താനായിട്ട്. അമ്മയ്ക്ക് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാൽ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ഹൃദയബന്ധമുണ്ടായിരുന്നു. മുത്തശ്ശിക്ക് അമ്മയെ ജീവനായിരുന്നു.
നഗരത്തിലെ ഏറ്റവും നല്ല സ്കൂളിലാണ് എന്നെ ചേർത്തിരുന്നത്. പഠിക്കാൻ ഞാനും മിടുക്കനായിരുന്നു. പാടാനുള്ള കഴിവും ഞാൻ പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കൾ എന്തിനും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്കൂളിൽ മാത്രമല്ല വീട്ടിലും ഞാൻ കണ്ണിലുണ്ണിയായിരുന്ന കാലം.
എന്‍റെ ജീവിതം പെട്ടെന്നാണ് മാറ്റി മറിഞ്ഞത്. ഞാനന്ന് 8-ാം ക്ലാസ്സിലായിരുന്നു. ഒരു റോഡ് അപകടത്തിൽ അച്‌ഛനും അമ്മയും മരണപ്പെട്ടു. എനിക്ക് ഇത് സഹിക്കാനുള്ള ശക്‌തി ഉണ്ടായിരുന്നില്ല. കരയാൻ മാത്രമേ എനിക്കന്ന് കഴിഞ്ഞിരുന്നുള്ളൂ. മുത്തശ്ശിയാണ് ആ കാലത്ത് എനിക്ക് കരുത്തേകിയത്. ചെറിയച്ഛൻ എന്നെ അവരുടെ വീട്ടിൽ കൊണ്ട് നിർത്തി.