ജിം വർക്കൗട്ട്, സുംബ, ജോഗിംഗ്, എയ്റോബിക്സ്, ബ്രിസ്ക് വാക്കിംഗ് എന്നീ ഫിറ്റ്നസ് വ്യായാമങ്ങളിൽ മടുപ്പ് തോന്നുന്നവർക്ക് വാട്ടർ വർക്കൗട്ട് മികച്ചൊരു ചോയിസാണ്. അതായത് സ്വിമ്മിംഗ് പൂൾ ജിം പൂളാക്കാം. എല്ലാ വ്യായാമങ്ങളും തന്നെ ബോഡി ഫിറ്റ്നസിനും ടോണിംഗിനും നല്ലതാണെങ്കിലും കലോറി ബേൺ ചെയ്യുന്നതിനും മറ്റ് അസുഖങ്ങളിൽ നിന്നും ശരീരത്തെ പരിരക്ഷിക്കുന്നതിനും വാട്ടർ വർക്കൗട്ട് ഒരു പടി മുന്നിലാണെന്ന് മാത്രം. മുഴുവൻ ശരീരാവയവങ്ങൾക്കും സമ്പൂർണ്ണമായ വ്യായാമം വാട്ടർ വർക്കൗട്ടിലൂടെ ലഭിക്കുന്നു.
എന്താണ് വാട്ടർ വർക്കൗട്ട്?
വെള്ളത്തിലുള്ള എക്സർസൈസുകളെയാണ് വാട്ടർ വർക്കൗട്ട് അല്ലെങ്കിൽ എയ്റോ വർക്കൗട്ട് എന്ന് വിശേഷിപ്പിക്കുന്നത്. ഒഴുകുന്ന വെള്ളത്തിലല്ല തടഞ്ഞു നിർത്തപ്പെട്ട വെള്ളത്തിലായിരിക്കണം വാട്ടർ എക്സർസൈസ്. ഇതിന് വെള്ളത്തിന്‍റെ നില 3 അടിയിലധികമായിരിക്കരുത്. പിന്നെ, സ്വന്തമിഷ്ടവും സൗകര്യവുമനുസരിച്ച് വെള്ളത്തിന്‍റെ നില ക്രമീകരിക്കാം. അതായത് മുട്ടറ്റം വരെയോ പെൽവിക് വരെയോ ചെസ്റ്റ് വരെയോ ആകാം. ഒപ്പം വെള്ളത്തിന്‍റെ ഊഷ്മാവ് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുകയും വേണം. അതിലധികം പാടില്ല.
വെള്ളത്തിന്‍റെ മാന്ത്രികത
വ്യായാമം ചെയ്യുന്നതിന് അമിതവണ്ണം തടസ്സമാകാറുണ്ട്. ഈ സാഹചര്യത്തിൽ വാട്ടർ വർക്കൗട്ട് സ്വീകരിക്കാം. വെള്ളത്തിൽ വ്യായാമം ചെയ്യുന്ന സമയത്തെ ശരീരത്തിന്‍റെ ഭാരം കേവലം 10 ശതമാനം ആയി മാറുന്നു. ഇത് മാത്രമല്ല വാട്ടർ വർക്കൗട്ട് ചെയ്‌ത് സന്ധികളിലെ വേദന, ആർത്രൈറ്റിസ്, അമിതവണ്ണം, പ്രമേഹം എന്നിവയിൽ നിന്നും ആശ്വാസവും നേടാം. തുറന്ന ഇടങ്ങളിൽ ചെയ്യുമ്പോൾ ശരീരഭാരം മൂലം കയ്യോ കാലോ തെറ്റായ ഇടത്തേക്ക് മാറി പരിക്കേൽക്കാനുള്ള സാദ്ധ്യതയുണ്ട്. മാത്രവുമല്ല ശരീരഭാരം മൂലം വ്യായാമം ഫലപ്രദമായി ചെയ്യാനും കഴിയില്ല.
വാട്ടർ വർക്കൗട്ട് മാംസപേശികൾക്ക് നല്ല ബലവും നൽകും. ഇതിന് പുറമെ വെള്ളത്തിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആനന്ദം പകരും. വെള്ളത്തിൽ കിടക്കുമ്പോൾ ശരീരഭാരം കുറഞ്ഞതായി തോന്നും. അതിനാൽ ശരീരത്തിൽ വ്യായാമത്തിന്‍റെ കാഠിന്യം അനുഭവപ്പെടുന്നത് കുറവായിരിക്കും. മാംസപേശികളിൽ സമ്മർദ്ദമോ ശാരീരിക വൈഷമ്യങ്ങളോ അനുഭവപ്പെടുകയില്ല. വെള്ളത്തിൽ വ്യായാമം ചെയ്യുന്നത് ഫ്രഷ്നസ്സും സന്തോഷവും പകരും. വാട്ടർ വർക്കൗട്ട് വെയ്റ്റ്ലോസ് ഏത് പ്രായക്കാർക്കും ചെയ്യാം.
നിരീക്ഷണം ആവശ്യം
നിങ്ങളാദ്യമായിട്ടാണ് വാട്ടർ വർക്കൗട്ട് ചെയ്യുന്നതെങ്കിൽ ഒരു ട്രെയിനറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. ഒരു മണിക്കൂറിലധികം വെള്ളത്തിൽ ചെലവഴിക്കരുത്. അല്ലാത്ത പക്ഷം ചർമ്മത്തിൽ സൺബേൺ ഉണ്ടാകും. ഇതിൽ നിന്നും മോചനം നേടാൻ വാട്ടർ വർക്കൗട്ട് ചെയ്യുന്നതിന് 20 മിനിറ്റ് മുമ്പ് ശരീര ത്തിൽ സൺസ്ക്രീൻ പുരട്ടുക. ഏത് തരം വാട്ടർ വർക്കൗട്ട് ചെയ്‌ത ശേഷവും 10-15 മിനിറ്റ് നേരം നിർബന്ധമായും വിശ്രമിക്കണം. ശരീരത്തിന്‍റെ ഊഷ്മാവ് സാധാരണ നിലയിലാകാ നാണിത്.
കലോറി ബേണർ
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാട്ടർ വർക്കൗട്ട് നിർബന്ധമായും ചെയ്യണം. വെള്ളത്തിൽ എക്സർസൈസ് ചെയ്യുന്നതിലൂടെ മാംസപേശികൾക്ക് നല്ല അയവുണ്ടാകും. നിങ്ങൾ ദിവസത്തിലൊരു മണിക്കൂർ വാട്ടർ വർക്കൗട്ട് ചെയ്യുകയാണെങ്കിൽ 300 മുതൽ 600 കലോറി ബേൺ ചെയ്യാൻ കഴിയും. അതായത് വാട്ടർ വർക്കൗട്ട് ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞു പോവുന്നതിനൊപ്പം ശരീരത്തിന് സുരക്ഷിതമായ ഷെയ്പ് പകരുകയും ചെയ്യും.