ആ ശബ്ദം ടിന്‍റുമോൾടെയാ…

നോവെൽ കൊറോണ വൈറസ് പകരാതെ തടയാം… പെട്ടെന്ന് ഒരു ദിവസം മുതൽ കേട്ടു തുടങ്ങിയ കൊറോണ നിർദ്ദേശം മലയാളികൾക്കിപ്പോൾ സുപരിചിതമായെങ്കിലും ആ ശബ്ദത്തിനുടമ ആരായിരിക്കുമെന്ന ചോദ്യം എല്ലാ മലയാളിയുടെയും മനസ്സിൽ തോന്നിയിരിക്കാം. അത്രത്തോളം സ്ഫുടവും ശക്‌തവുമായ ശബ്ദം. മനസ്സിൽ ആഴ്ന്നിറങ്ങുന്ന ഒന്ന്.

‘കൗതുകമേറിയ ആ അന്വേഷണത്തിനൊടുവിൽ സോഷ്യൽ മീഡിയ തന്നെ ആ ശബ്ദത്തിനുടമയെ കണ്ടെത്തി. പാലാ സ്വദേശിയായ ടിന്‍റുമോൾ ജോസഫ് എന്ന പെൺകുട്ടി. ജെഎൻയു വിദ്യാർത്ഥിനിയായ ടിന്‍റു ഡൽഹിയിൽ അറിയപ്പെടുന്ന വോയ്സോവർ ആർട്ടിസ്റ്റും കൂടിയാണ്.

കൊറോണ പരസ്യത്തിന് ശബ്ദം പകർന്ന ആ കഥയിലേക്ക്…

“ഞാനൊരു വോയ്സോവർ ആർട്ടിസ്റ്റാണ്. ധാരാളം സർക്കാർ കോർപ്പറേറ്റ് പരസ്യങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. പതിവുപോലെ സ്റ്റുഡിയോയിൽ നിന്നും കോൾ വന്നപ്പോൾ അങ്ങനെയൊരു പരസ്യം എന്ന് കരുതിയാണ് കൊറോണ പരസ്യത്തെയും സമീപിച്ചത്. ഫോണിൽ വരുന്ന സന്ദേശമാണെന്ന് എനിക്കോ സ്റ്റുഡിയോയിൽ ഉള്ളവർക്കോ അറിയില്ലായിരുന്നു. ടിവിയിലോ സ്റ്റുഡിയോയിലോ വരുന്ന ഒരു പരസ്യം അത്രയേ വിചാരിച്ചുള്ളൂ” ടിന്‍റു ചിരിയോടെ പറയുന്നു. കേരളത്തിലെ ഓരോ ഫോണിലും മുഴങ്ങിക്കേട്ട ഈ പരസ്യത്തിലൂടെ ടിന്‍റുവിന് കിട്ടിയത് സൂപ്പർ മൈലേജും. അതിൽ ടിന്‍റുവിന് നിറഞ്ഞ സന്തോഷവും അഭിമാനവും മാത്രം.

വോയ്സോവർ ആർട്ടിസ്റ്റ്

കഴിഞ്ഞ രണ്ടര വർഷമായി സർക്കാറിന്‍റെയും കോർപ്പറേറ്റ് കമ്പനികളുടെയും പരസ്യങ്ങൾക്ക് ശബ്ദം പകർന്നിരുന്നു. ടിന്‍റുവിന് തന്‍റെ ശബ്ദത്തിന് ഇത്രയുമധികം പോപ്പുലാരിറ്റിയുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. അതും ഈ പ്രത്യേക സാഹചര്യത്തിൽ.

എങ്ങനെ ഈ രംഗത്ത്

ജെഎൻയുവിലാണ് എംഎ ഇൻറർനാഷണൽ റിലേഷൻ ഞാൻ ചെയ്തത്. എന്‍റെ ഡിഗ്രി പഠനമൊക്കെ മാംഗലാപുരം സെന്‍റ് ആഗ്നസ് കോളേജിലായിരുന്നു. അതുകഴിഞ്ഞ് ഞാൻ ഡൽഹിയിൽ എത്തുകയായിരുന്നു. ഉള്ളിൽ വലിയൊരു സ്വപ്നവുമായിട്ടായിരുന്നു ജെഎൻയുവിൽ എത്തിയത്. സിവിൽ സർവ്വീസ് എന്ന സ്വപ്നം. മൂന്ന് പ്രാവശ്യം ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. ആരോഗ്യപരമായ ചില കാരണങ്ങളുണ്ടായിരുന്നു പിന്നിൽ. അത് കടുത്ത നിരാശയായി.

എനിക്ക് മാത്രമല്ല എന്‍റെ പപ്പയ്ക്കും അമ്മയ്ക്കും അനുജനും. അവരുടെ വലിയ പ്രതീക്ഷയായിരുന്നു. ആ സങ്കടം മനസ്സിൽ ഇപ്പോഴും ബാക്കിയാണ്. എങ്കിലും പിന്നീട് മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. അതോടൊപ്പം ചെലവുകൾക്കായുള്ള വരുമാനം കണ്ടെത്തുന്നതിന് ഒരു പാർട്ട്ടൈം ജോലി ആവശ്യമാണ്.

കൾച്ചറൽ ഇവന്‍റ്സ് ഓർഗനൈസ് ചെയ്യുന്ന പ്രൊഫസർ പുരുഷോത്തം സാറിനോട് ജോലിക്കാര്യം പറഞ്ഞു. ആ സമയത്ത് ഞാൻ ക്യാംപസിൽ ആങ്കറിംഗുമൊക്കെ ചെയ്യുമായിരുന്നു. അതൊക്കെ സാറിനറിയാമായിരുന്നു. സാറിന്‍റെ നിർദ്ദേശപ്രകാരം ഞാൻ അദ്ദേഹത്തിന്‍റെ സുഹൃത്ത് ശ്രീകൃഷ്ണ ഭട്ടിനെ പോയി കണ്ടു. അദ്ദേഹം കന്നഡ വോയ്സോവർ ആർട്ടിസ്റ്റാണ്. അദ്ദേഹമാണ് എന്നെ ഈ രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. അങ്ങനെ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഈ രംഗത്തുണ്ട്.

പരസ്യം സ്വയം കേട്ടപ്പോൾ…

ആകെ രണ്ടോ മൂന്നോ വട്ടം ആണ് ഞാനാ പരസ്യം കേട്ടത്. എന്‍റെ പാരന്‍റ്സ് കർണാടകയിലാണ്. അതുകൊണ്ട് ഫോണിൽ വിളിക്കുമ്പോൾ കന്നഡയിലുള്ള പരസ്യമാണ് കേട്ടിരുന്നത്, ഇവിടെ ഹിന്ദിയിലും. നാട്ടിലോട്ട് വിളിച്ചപ്പോഴാണ് എന്‍റെ ശബ്ദം ഞാൻ കേൾക്കുന്നത്. ശരിക്കും സന്തോഷവും അഭിമാനവും തോന്നി. എന്‍റെ വോയ്സിന് നല്ല അവസരം കിട്ടി. പിന്നെ അൽപം വിമർശന ബുദ്ധിയുള്ളതുകൊണ്ട്ചില ഭാഗങ്ങൾ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു. ടിന്‍റു ചിരിയോടെ പറയുന്നു.

കൊറോണയുടെ ആദ്യ പരസ്യം ചെയ്തപ്പോൾ ലോക്ഡൗൺ തുടങ്ങിയിരുന്നില്ല. അന്ന് മാസ്കിടാതെയാണ് സ്റ്റുഡിയോയിൽ പോയിവന്നത്. രണ്ടാമത്തെ പരസ്യത്തിൽ ഹെൽപ് ലൈൻ നമ്പർ മാറ്റി ദിശ ഹെൽപ് ലൈൻ ചേർത്ത പരസ്യം ചെയ്തപ്പോൾ മാസ്ക് ധരിക്കാൻ തുടങ്ങി. മൂന്നാമത്തെ വേർഷൻ ഞാൻ വീട്ടിലിരുന്നാണ് റെക്കോഡ് ചെയ്തത്. ഒരു ഫ്രണ്ടിന്‍റെ ഐഫോണിൽ റെക്കോഡ് ചെയ്തുകൊടുക്കുകയായിരുന്നു.

പരസ്യങ്ങൾ

കേന്ദ്രസർക്കാറിന്‍റെ പരസ്യങ്ങൾക്ക് ശബ്ദം പകർന്നുകൊണ്ടായിരുന്നു ടിന്‍റുവിന്‍റെ തുടക്കം. അതും ദൂരദർശനിൽ ഗ്രാമവികസനത്തിലേക്ക് എന്ന പരിപാടി ആങ്കറിംഗ് ചെയ്തുകൊണ്ട്. തുടർന്ന് കുറേയേറെ സർക്കാർ പരസ്യങ്ങൾ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്വച്ഛ് ഭാരത്, സർവ്വശിക്ഷ അഭിയാൻ അങ്ങനെ പരസ്യങ്ങളുടെ ഒരു നീണ്ടനിര. അതിനിടെ ടിവി  കൊമേഴ്സ്യലുകൾക്കും ശബ്ദം പകർന്നു.

ഡെറ്റോൾ, ചന്ദ്രിക സോപ്പ്, മൂവ്, നെസ്‍ലെ മിൽക്കിബാർ, കെന്‍റ് വാട്ടർ പ്യൂരിഫയർ, നെറോലാക്ക് അങ്ങനെ നീളുന്നു കൊമേഴ്സ്യൽ വിഭാഗത്തിൽ ടിന്‍റു ചെയ്ത പരസ്യങ്ങൾ. ഒപ്പം ചില കാർട്ടൂൺ അനിമേറ്റഡ് സീരീസുകൾക്കും ശബ്ദം പകരാനുള്ള അവസരം ടിന്‍റുവിനെ തേടിയെത്തി.

“പാലയിലാണ് ജനിച്ചതെങ്കിലും ഞങ്ങൾ പിന്നീട് കണ്ണൂർ ഇരട്ടിയിലായിരുന്നു താമസം. പപ്പയ്ക്ക് അവിടെ റബ്ബർ എസ്റ്റേറ്റിലായിരുന്നു ജോലി. ഞാനും അനിയനും അവിടെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് പഠിച്ചത്. കൂട്ടത്തിൽ കന്നഡ സെക്കന്‍റ് ലാംഗ്വേജായി ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം ആണെങ്കിലും കന്നഡ സംസാരിക്കാവു എന്നത് സ്ക്കൂളിൽ നിർബന്ധമായിരുന്നു. ഞാനവിടെ 5-ാം ക്ലാസ്സ് വരെയെ പഠിച്ചുള്ളൂ. പിന്നീട് ഞങ്ങൾ കർണാടകയിലെ സുള്ളിയിൽ താമസമാക്കി. ബാക്കിയുള്ള പണം അവിടെയായിരുന്നു.”

“വീട്ടിൽ ഞങ്ങൾക്ക് അച്ഛൻ ബാലഭൂമിയും ബാലരമയും ഒക്കെ വാങ്ങിത്തരുമായിരുന്നു. വീട്ടിൽ ടിവിയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ മലയാള ഭാഷ അറിഞ്ഞിരിക്കണമെന്നത് പപ്പയ്ക്ക് നിർബന്ധമായിരുന്നു. സുള്ളിയിൽ കുറേ ഉളള്ളിലായിട്ടാണ് ഞങ്ങൾ താമസിച്ചിരുന്നത്. അതുകൊണ്ട് പപ്പ മംഗലാപുരത്തുപോയി വരുമ്പോൾ ഒരാഴ്ചത്തെ ദേശാഭിമാനി പത്രം ഒരുമിച്ച് വാങ്ങിവരും. ഞങ്ങളെല്ലാവരും അത് കുത്തിയിരുന്ന് വായിക്കും. പള്ളിയിലെ ബൈബിൾ വായിക്കാനും പാട്ട് പാടാനും ഒക്കെ പോകും. കുർബാനയൊക്കെ മലയാളത്തിലായിരുന്നു. അതുകൊണ്ട് മലയാളം നന്നായി അറിയാം. മുതിർന്നപ്പോൾ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.”

ഈ ശബ്ദമാധുര്യം തിരിച്ചറിഞ്ഞത്

പ്രൊഫസർ പുരുഷോത്തം വിളിമലൈ സാറാണെന്ന് പറയാം. പാർട്ട് ടൈം ജോബ് മാത്രവുമല്ല പെട്ടെന്ന് ചെയ്തു തിരിച്ചുവരാം എന്ന നിലയിലാണ് അദ്ദേഹം എന്നെ സുഹൃത്ത് ശ്രീകൃഷ്ണ ഭട്ടിനെ പരിചയപ്പെടുത്തുന്നത്. പിന്നെ എന്‍റെ ശബ്ദം കേട്ട് കൊള്ളാം എന്ന് പറഞ്ഞ ശ്രീകൃഷ്ണ ഭട്ടും. ഇവർ രണ്ടുപേരും തന്നെ.

സാംസ്ക്കാരിക പ്രവർത്തനങ്ങളിലും സജീവം

മികച്ചൊരു കലാകാരി കൂടിയാണ് ടിന്‍റുമോൾ. ചെറുപ്പത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചിരുന്നു. “കണ്ണൂർ ഇരട്ടിയിലായിരുന്നപ്പോൾ പ്രശാന്തൻ എന്ന നൃത്താദ്ധ്യാപകന്‍റെ കീഴിലായിരുന്നു നൃത്തപഠനം. അതിൽ ഭരതനാട്യത്തിൽ മാത്രമേ അരങ്ങേറ്റം കുറിക്കാനായുള്ളൂ. പിന്നീട് ഞങ്ങൾ എല്ലാവരും കർണാടകയിലേക്ക് താമസം മാറ്റിയതോടെ നൃത്തപഠനം നിലച്ചു. ജെഎൻയുവിൽ എത്തിയപ്പോഴാണ് നൃത്തം വീണ്ടും പൊടിതട്ടിയെടുത്തത്. ക്യാംപസിലെ ഡാൻസ് ക്ലബിൽ കുട്ടികളെ നൃത്തം പരിശീലിപ്പിച്ചിരുന്നു. അപ്പോഴാണ് നൃത്തം പ്രൊഫഷണലി പഠിക്കണമെന്ന ചിന്ത മനസ്സിലുണ്ടായത്. കഥകളി, കുച്ചിപ്പുടി കലാകാരിയായ പാർവ്വതിനായരുടെ കീഴിൽ നൃത്തമഭ്യസിക്കുന്നുണ്ട്. പിന്നെ കളരിയും പഠിക്കുന്നുണ്ട്”

നാടകരംഗത്തും സജീവം

നാടകരംഗത്തും സജീവമായ ടിന്‍റു ക്യാംപസ് നാടകങ്ങളിലും ടെലിഫിലിമുകളിലും സ്ഥിരം സാന്നിദ്ധ്യമാണ്.

“വോയ്സോവർ രംഗത്ത് വന്നപ്പോഴാണ് നാടകത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തീയറ്റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഒരിക്കൽ ഞങ്ങളുടെ ക്യാംപസിൽ നിന്നും ഒരു സംഘം പോയിരുന്നു. ആ സമയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു ഡ്രാമയിൽ ഒരു ആർട്ടിസ്റ്റ് ഇല്ലാതെ വന്ന സാഹചര്യത്തിൽ എനിക്ക് അഭിനയിക്കേണ്ടി വന്നു, അതായിരുന്നു തുടക്കം”

“പ്രവാസികൾക്കായി കേരള സംഗീത നാടക അക്കാദമി അമ്വേച്ചർ നാടകമത്സരം നടത്തിയിരുന്നു. 2017 ദേശീയ തലത്തിൽ മികച്ച നടിയായി എന്നെ തെരഞ്ഞെടുത്തു. അതിന്‍റെ പിൻബലത്തിൽ ഞാൻ ഷോർട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നത് ആഗ്രഹമാണ്. അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും” ടിന്‍റു പറയുന്നു.

ടിന്‍റു മികച്ചൊരു പരിഭാഷക കൂടിയാണ്. കേരളത്തിലെ ആശുപത്രികളിൽ ഒപിഡി സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ ഡൽഹി എയിംസ് സന്ദർശിക്കുകയുണ്ടായി. ആ വീഡിയോ പരിഭാഷപ്പെടുത്തിയായിരുന്നു ടിന്‍റു തുടക്കം കുറിച്ചത്. പിന്നീട് ഡോക്യുമെന്‍ററികൾ മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ 4 ഭാഷകളിലും പരസ്പരം പരിഭാഷപ്പെടുത്തുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട് ടിന്‍റു. ഒപ്പം ചില അദ്ധ്യാപകരുടെ ഫീച്ചറുകളും. യുട്യൂബിൽ ഹിറ്റായ ചില മലയാള സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാറുമുണ്ട് ഈ കലാകാരി.

വീട്ടിൽ ഫുൾ സപ്പോർട്ട്

സിവിൽ സർവ്വീസ് എന്ന നഷ്ടത്തിന്‍റെ വേദനയിൽ നിന്നും രക്ഷിതാക്കൾ ഇപ്പോഴും മുക്‌തരായിട്ടില്ലെങ്കിലും ഇപ്പോഴുള്ള ഈ പ്രശസ്തിയിൽ അവർക്ക് ചെറിയൊരു സന്തോഷവുമൊക്കെയുണ്ട്. പരസ്യങ്ങൾ ഞാൻ എപ്പോഴും ചെയ്യുന്നതുകൊണ്ട് അതൊരു സാധാരണ കാര്യമായേ അവർ കണ്ടിരുന്നുള്ളൂ. എനിക്കും അനിയനും എല്ലാവിധ സപ്പോർട്ടുമായി പപ്പയും അമ്മയും പിന്നിലുണ്ട്. അനിയൻ ജോലി സംബന്ധമായി മസ്ക്കറ്റിലാണ്. ഞങ്ങൾ ഇടയ്ക്ക് നാട്ടിൽ ഒത്തു കൂടാറുണ്ട്. നാട്ടിൽ വരാനിരുന്നപ്പോഴാണ് കോവിഡ് പ്രശ്നമായത്.” ടിന്‍റുവിന്‍റെ വാക്കുകളിൽ കുടുംബത്തെ മിസ് ചെയ്യുന്നതിന്‍റെ സങ്കടം.

“ജീവിതം വിചിത്രമാണ്. വിചാരിക്കുന്നതല്ല സംഭവിക്കുക. ഇങ്ങനെയൊരു പ്രശസ്തി ഒട്ടും പ്രതീക്ഷിച്ചതല്ല. സോഷ്യൽ മീഡിയയുടെ പവർ കൊണ്ടാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞത്. ഇങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ… ഈ കാലവും നാം അതിജീവിക്കും. ഇപ്പോഴുള്ള പുതിയ പുലരികളെ നാം ജീവിതവുമായി പൊരുത്തപ്പെടുത്തിക്കഴിഞ്ഞു. കലാരംഗത്തെ പോലെ തന്നെ അക്കാദമിക് രംഗത്തേക്ക് മടങ്ങിവരണം.  പിഎച്ച്ഡി ചെയ്യണമെന്നാണ് എന്‍റെ സ്വപ്നം” ടിന്‍റു നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞുനിർത്തി.

ചെരിപ്പിന്‍റെ കാര്യത്തിൽ നോ കോംപ്രമൈസ്!

കല്യാണ പെണ്ണിന്‍റെ ആഭരണങ്ങൾക്കും ഉടുപ്പിനും വേണ്ടി ആയിരങ്ങൾ ചെലവഴിക്കാൻ യാതൊരു മടിയും ഉണ്ടാവില്ല. പക്ഷേ ചെരിപ്പിന്‍റെ കാര്യം വരുമ്പോൾ എല്ലാവർക്കും ശ്രദ്ധക്കുറവാണ്. പലരും കരുതുന്നത് ചെരിപ്പ് വസ്ത്രത്തിനടിയിൽ മറഞ്ഞ് പോവില്ലെ പിന്നെ എന്തിനാണ് അധികം കാശ് മുടക്കുന്നത് എന്നാണ്. പക്ഷേ കംഫർട്ടബിൾ അല്ലാത്ത ഒന്ന് ധരിച്ചാലുള്ള അവസ്‌ഥ ആലോചിച്ചു നോക്കൂ.

വൈവിധ്യമാർന്ന പാദരക്ഷകൾ ധരിക്കാനാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. ചിലർക്ക് ഹൈഹീലാണ് ഇഷ്ടം. മറ്റുചിലർക്ക് ഫ്ളാറ്റും. എന്നാൽ വധുവിന്‍റെ പാദരക്ഷ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രത്തിനിണങ്ങിയത് മാത്രമല്ല അണിയേണ്ടത്. കൂടുതൽ കാര്യങ്ങൾ അറിയാം.

• വധുവിന്‍റെ വിവിധ ഉടയാടകൾക്ക് അനുയോജ്യമായ വിവിധ പാദരക്ഷകൾ വാങ്ങാം. ഓരോ ഡ്രസ്സിനും ഓരോന്ന് വീതം ആവാം. അതിൽ ചപ്പൽ, സാന്‍റൽ, ഹാഫ് ഷൂസ് തുടങ്ങിയവ ഉൾപ്പെടുത്താം. ലഹങ്കയുടെ കൂടെ രാജസ്‌ഥാനി ചെരിപ്പുകൾ ആണ് നല്ലത്.

• മഴക്കാലത്താണ് വിവാഹം നടക്കുന്നതെങ്കിൽ ലെതർ ചെരിപ്പുകൾ വേണ്ട. മഞ്ഞുകാലത്താണെങ്കിൽ പായ്ക്കുള്ള ചെരിപ്പും ചൂട് കാലത്താണെങ്കിൽ ഓപ്പൺ ഫുട്‍വിയറും ധരിക്കാം.

• ഇഷ്‌ടപ്പെട്ട ചെരിപ്പ് വാങ്ങുന്നതിനു മുമ്പ് അണിഞ്ഞ് നടന്നു നോക്കുക. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ മാറ്റിയെടുക്കണം. കാലിനൊത്ത സൈസ് ആണ് എടുക്കേണ്ടത്.

• ഫ്ളോറിൽ അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പ്രാവശ്യം നടന്ന് നോക്കണം. അതുപോലെ ചെരിപ്പണിഞ്ഞ ശേഷം കാൽപാദം വളയ്ക്കുകയും പുളയ്‌ക്കുകയും ചെയ്യുക. ടൈറ്റ് അൺഈസി ഫീൽ ചെയ്യുന്നത് ഒഴിവാക്കണം.

• ഡിസൈൻ അല്ലെങ്കിൽ കളർ ഇഷ്ടപ്പെട്ടതു കൊണ്ട് മാത്രം വാങ്ങരുത്. എല്ലാ നിറവും യോജിക്കണമെന്നില്ല.

• ഫുട്‍വിയർ ബോഡി ഷേപ്പിന് യോജിച്ചതല്ലെങ്കിൽ എടുക്കരുത്. ഫുൾ ലെംഗ്ത് കണ്ണാടിയിൽ നോക്കിയാൽ ഇത് മനസ്സിലാക്കാനാവും.

• നിങ്ങൾ ഹെവിയാണെങ്കിൽ തിക്കർ ഹീൽ ഉള്ള ഫുട്‍വിയർ യോജിക്കും.

• വിവാഹ ദിനത്തിൽ അധിക നേരം ചെരിപ്പണിഞ്ഞ് നിൽക്കേണ്ടിവരാറുണ്ട്. അതിനാൽ ചർമ്മത്തിനു ശ്വാസമെടുക്കാൻ പറ്റുന്ന തരത്തിലുള്ള മെറ്റീരിയൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉദാ: ലെതർ, സോഫ്റ്റ് ലെതർ.

• ലൈറ്റ്, ഫ്ളക്സിബിൾ ഫുട്‍വിയർ ആണ് എപ്പോഴും നല്ലത്. അത് മൂവ്മെന്‍റിനെ സഹായിക്കുന്നതാണ്.

• ചെരിപ്പ് രണ്ട് ദിവസം മുമ്പെങ്കിലും ഇട്ട് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. കാലിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ മാറ്റിയെടുക്കാനുള്ള സാവകാശം കിട്ടുമെന്ന് മാത്രമല്ല ചെരിപ്പ് കാലിനു സിങ്കാവുവകയും ചെയ്യും.

ജിം മര്യാദകൾ

  • • അമിതമായി ഇറുക്കമുള്ളതോ അയഞ്ഞതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്. വസ്ത്രങ്ങൾ കംഫർട്ടിബിൾ ആയിരിക്കണം. കീറിയ വസ്ത്രങ്ങൾ ധരിക്കരുത്. മെഷീനുകളിൽ ഉടക്കാൻ ഇത് കാരണമാകും.
  • നിങ്ങൾ ജിമ്മിലാണെങ്കിൽ ഒരു കാര്യം ഉറപ്പാണ് ശരീരം വിയർക്കുമെന്നത്. എക്സർസൈസിനു ശേഷം ശരീരം നന്നായി തുടച്ച് വൃത്തിയാക്കുക.
  • ജിം സെന്‍ററുകളിൽ ആന്‍റി ബാക്ടീരിയൽ സ്പ്രേയും ടവ്വലും മറ്റും നൽകാറുണ്ട്. നിങ്ങളുടെ ജിമ്മിൽ ഇതിനുള്ള സൗകര്യമില്ലെങ്കിൽ ഇത്തരം വസ്തുക്കൾ കയ്യിൽ കരുതുക.
  • കൊളോൺ ഉപയോഗിക്കാത്തയാളാണെങ്കിൽ നിങ്ങളുമായി അടുത്തിടപഴകുന്നയാളിന് നിങ്ങളുടെ വിയർപ്പ് ഗന്ധം അനുഭവപ്പെടാം. എന്നാൽ കൊളോൺ ഉപയോഗിക്കുകയാണെങ്കിൽ സ്വയം ഹൃദ്യമായ അനുഭവവുമുണ്ടാകും. ഒപ്പം ട്രെയിനർക്ക് സുഖകരമായ രീതിയിൽ വർക്കൗട്ട് പറഞ്ഞ് തരാനുമാകും.
  • വർക്കൗട്ട് ചെയ്‌ത് കഴിയുമ്പോൾ മുഴുവൻ സാമഗ്രികളും യഥാസ്ഥാനത്ത് വയ്ക്കാം. അങ്ങനെ ചെയ്യുന്നതു കൊണ്ട് ആർക്കും സമയ നഷ്ടമുണ്ടാവുകയില്ല. മാന്യമായ പെരുമാറ്റത്തിന്‍റെ അടയാളവുമാണത്.
  • വർക്കൗട്ട് ചെയ്‌ത ശേഷം ജിമ്മിൽ അവിടെയും ഇവിടെയും കറങ്ങി നടക്കരുത്. അതുപോലെ അവിടെ അനാവശ്യ വർത്തമാനങ്ങളിൽ ഏർപ്പെടരുത്. അത് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കും.
  • ജിമ്മിലെ പീക്ക് അവേഴ്സിൽ 60 കെജി ലിഫ്റ്റേഴ്സിനും കണ്ണാടിക്കുമിടയിൽ വരരുത്. ഉചിതമായ ഫോമിനും ടെക്നിക്കിനുമായി ലിഫ്റ്റേഴ്സിന് ഈ കണ്ണാടി ആവശ്യമാണ്.
  • ഏതെങ്കിലും പ്രത്യേക എക്സർസൈസിനായി ഒരു സെറ്റിലധികമായി വ്യായാമം ചെയ്യുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് മെഷീൻ അല്ലെങ്കിൽ ബെഞ്ചിൽ നിന്നും മാറി നിൽക്കാം. ഇത് മറ്റുള്ളവർക്കും കൂടി അതേ വർക്കൗട്ട് ചെയ്യാൻ അവസരം നൽകും. അല്ലെങ്കിൽ അവർക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് വർക്കൗട്ട് ചെയ്യാൻ എത്തുന്നവരുമായി ഒരു കോർഡിനേഷൻ ഉണ്ടാക്കാം. ഒരു സെറ്റ് ചെയ്‌ത ശേഷം മറ്റുള്ളവർക്ക് ചെയ്യാനുള്ള അവസരം നൽകാം. ഈ ക്രമത്തിൽ മാറി മാറി ചെയ്യാം.

ഈ ചങ്ങാതി നിങ്ങൾക്കുണ്ടോ?…

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് ചൊല്ല്! സംഭവം ശരിയാ തെറ്റോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. ചങ്ങാതിമാരില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇക്കാലത്ത് നമുക്ക് ആലോചിക്കാൻ പറ്റുമോ? വിർച്‍വെൽ ലോകത്തും അല്ലാതെയും ധാരാളം ചങ്ങാതിമാരുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇങ്ങനെ കൂട്ടുകാർ വന്നും പോയുമിരിക്കുമ്പോഴും ചിലരോടൊക്കെ നമുക്ക് ഒരു സ്പെഷ്യൽ ഫീൽ ഉണ്ടാകാറില്ലേ? എക്കാലത്തെും ചങ്ങാതിമാര്‍ കൂടെയുണ്ടാവുന്നത് ചിലർക്കൊക്കെ ലഭിക്കുന്ന അപൂർവ്വ സൗഭാഗ്യങ്ങളാണ്. നിങ്ങളുടെ ഓരോ ചങ്ങാതിമാരെയും ശ്രദ്ധിച്ചു നോക്കൂ.

ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ റോൾ ആയിരിക്കും. വ്യത്യസ്‌തമായ ആവശ്യങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്‌ഥാനത്തിലാണ് പല സൗഹൃദങ്ങളും ശക്‌തിപ്പെടുന്നത്. ഇനി നല്ല ചങ്ങാതിമാരല്ല കൂടെ ഉള്ളതെങ്കിലോ, നിരാശയ്ക്കു മറ്റൊരു കാരണം വേണ്ട. നല്ലതും ചീത്തയുമായ കൂട്ടുകെട്ടുകൾ നമ്മെ രണ്ടു രീതിയിലും ബാധിക്കും. എങ്കിലും നല്ല ചങ്ങാതിമാർ എക്കാലവും നല്ല മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് ആശ്വസിക്കാമെങ്കിലും ചങ്ങാതിമാരെ അവരുടെ സ്വഭാവങ്ങൾക്കനുസരിച്ച് നമുക്ക് വേർതിരിക്കാവുന്നതാണ്.

സൗഹൃദം എന്നു പറയുന്നത് ഒരു ബോണ്ടിംഗ് ആണ്. അത് എല്ലാവരുമായും പങ്കുവയ്‌ക്കാൻ കഴിയുന്ന സംഗതിയല്ല.

അയ്യോ… പേഴ്സ് മറന്നു!

കൂട്ടു കൂടാനും സംസാരിക്കാനും സിനിമ കാണാനും ചായ കുടിക്കാനുമൊക്കെ മുൻപന്തിയിൽ തന്നെ നിങ്ങളുടെ കൂടെ ഉണ്ടാകുന്ന ഒരു സുഹൃത്തായിരിക്കും ഇയാൾ. നിങ്ങളുടെ സെൽഫിയിലും യാത്രകളിലും ഒക്കെ ഈ കക്ഷി ഉണ്ടാക്കും. ക്ലബ്ബിൽ ഷോപ്പിംഗ് സെന്‍ററുകളിൽ എല്ലാം സന്തോഷത്തോടെ കൂടെ വരും. ഇവരുടെ കമ്പനി മിക്കവാറും മതിയാവുന്നത്, ഒരേയൊരു ഡയലോഗിലായിരിക്കും. “ഓഫ്… സോറി. ഞാൻ പേഴ്സ് എടുക്കാൻ മറന്നു.”

സത്യം പറയാലോ, നല്ല അഭിനയശേഷി ഉള്ള ഇവരുടെ മുഖഭാവവും സംസാരവും കണ്ടാൽ പിന്നെ നോ പറയാൻ ആർക്കും കഴിയില്ല. ഒരു പ്രാവശ്യമൊക്കെ ഇതു ആർക്കും സംഭവിക്കില്ലെന്നല്ല. പക്ഷേ പലവട്ടം ആവർത്തിച്ചു കഴിഞ്ഞാൽ പിന്നെ അതൊരു അവിചാരിതമായ കാര്യമല്ലെന്ന് ആർക്കാ മനസ്സിലാവില്ലാത്തത്? ഇത്തരക്കാരുടെ പ്രശ്നമെന്തെന്നോ? അവർ പണം ചെലവഴിക്കുന്നവരല്ല, സമ്പാദിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്!

സങ്കടം ലൈൻ

ഇത്തരം സുഹൃത്തുക്കളെ നിങ്ങൾക്ക് ഒരിക്കലും അവഗണിക്കാൻ കഴിയില്ല. എന്നാൽ അവരെ സഹിക്കാനും ഇത്തിരി പ്രയാസമാണ്. സ്വന്തം കദനകഥ പങ്കുവയ്‌ക്കാൻ മാത്രമാണ് അവർക്ക് നിങ്ങളെ ആവശ്യം. അവരോട് സഹതാപം കാണിക്കുകയും, ഉപദേശവും വേണ്ടി വന്നാൽ കൗൺസിലിംഗും നൽകും നിങ്ങൾ. കാരണം അവർക്ക് അത്രയേറെ അത് ആവശ്യമാണെന്ന് നമുക്ക് തോന്നും. എന്നാൽ സത്യം എന്തെന്നോ, നിങ്ങളുടെ ആശ്വസിപ്പിക്കൽ അല്ല ആവശ്യം. തലചായ്ച്ചു കരയാൻ ഒരു തോൾ വേണം. സ്വന്തം പ്രയാസങ്ങൾ എണ്ണിപ്പെറുക്കി പറയുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ ഒരാൾ! അവർക്ക് സന്തോഷം ഉള്ള അവസരത്തിൽ ഈ ചങ്ങാതിയുടെ പൊടി പോലും ഉണ്ടാകില്ല. നിങ്ങളെ ഓർക്കുകയും ഇല്ല.

വിശ്വസ്തരായ അസൂയാലു

ഇത്തരക്കാർ പേരു പറയുംപോലെ അത്ര മോശം ആളുകളല്ല. പക്ഷേ അവർ ചങ്ങാതിമാരെ കണ്ടെത്തുന്നത് തങ്ങളുടെ കാര്യ സാദ്ധ്യത്തിനു കൂടിയാണ്. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നുറപ്പുള്ളവരോടെ ഇവർ കൂട്ടു കൂടു. കാര്യം നടത്തിക്കിട്ടാൻ വേണ്ടി, ഇവർ വലിയ സ്വീറ്റ് ആയി സംസാരിക്കും, ഇംപ്രസീവ് ആയിരിക്കും. ആവശ്യങ്ങൾ ബോധ്യപ്പെടുത്തുന്ന രീതിയിലും ഇവരെ വെല്ലാൻ ആളുണ്ടാവില്ല. വാഹനത്തിൽ കൊണ്ടുവിടാനും വിളിച്ചു കൊണ്ടു വരാനും വേണ്ടി നിങ്ങളെ ആശ്രയിച്ചേക്കാം. അതുപോലെ വിശപ്പുള്ളപ്പോൾ, ഭക്ഷണം വാങ്ങിത്തരാൻ മടി കൂടാതെ പറയും. നിങ്ങളുടെ പ്രിയപ്പെട്ട വസ്‌ത്രങ്ങൾ കടമായി ചോദിക്കും, പിന്നെ തിരിച്ചുതരാതിരിക്കും. ഇത്തരം സുഹൃത്തുക്കൾ വിശ്വസ്തരായിരിക്കാം. പക്ഷേ അതു നിങ്ങളുടെ സന്മനസ്സ് പിടിച്ചു പറ്റാൻ വേണ്ടിയാണെന്നു മാത്രം. “എ ഫ്രണ്ട് ഇൻ നീഡ്, ഇസ് എ ഫ്രണ്ട് ഇൻഡീഡ്” എന്ന് കരുതുന്നവരാണ് ഇവർ. ഇവരുടെ ആവശ്യങ്ങൾക്ക് ഉപകരിക്കപ്പെടുന്നില്ലെന്നു കണ്ടാൽ പിന്നെ സൗഹൃദം തകരാൻ വലിയ താമസം ഉണ്ടാവില്ല.

ബ്രാന്‍റ് ലവർ

നിങ്ങളുടെ ജീവിതത്തിലുള്ള ഇത്തരം ചങ്ങാതിമാർ എല്ലാ രീതിയിലും അപ്ഡേറ്റഡ് ആയിരിക്കും. എന്താണ് ലേറ്റസ്റ്റ് ട്രെന്‍റ് എന്ന് ഇവർക്ക് അറിയാം. എന്ത് ധരിക്കണം, എന്തു കഴിക്കണം, എവിടെ കറങ്ങാൻ പോകണം ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ അറിയണമെങ്കിൽ ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടെങ്കിൽ പിന്നെ ഗൂഗിളിന്‍റെ ആവശ്യം പോലും വരില്ല. സ്വന്തം സ്റ്റാറ്റസ് എപ്പോഴം മികച്ചതായിരിക്കാൻ ആഗ്രഹിക്കുന്ന ഇവർ പക്ഷേ തെരുവോരത്ത് തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാൻ കൂടെ വരില്ല. പണം ധൂർത്തടിക്കുകയോ, ആർഭാടം കാട്ടുകയോ ചെയ്യാത്തവർ ആണെങ്കിൽ പോലും നിലയും വിലയും വിട്ട്, ഒന്നിനും തയ്യാറാവില്ല. ബ്രാന്‍റ് ബോധം വളരെ മുന്നിൽ നിൽക്കുന്നതാണ് കാരണം. അതുകൊണ്ടെന്താ? എവിടെ പോയാലും അവർ ശ്രദ്ധിക്കപ്പെടും. നിങ്ങളുടെ കൂടെയായിരിക്കുമ്പോഴും മറ്റുള്ളവർ അവരെ ആയിരിക്കും ശ്രദ്ധിക്കുക. ഇവർ സെൽഫ് സെന്‍റഡ് ആണ്. സുഹൃത്തിനെക്കുറിച്ച് വലിയ ആശങ്ക ഒന്നും ഇവർക്കില്ല.

സ്നേഹിച്ചു കൊല്ലും

പഞ്ചാര പോലെ മധുരിക്കുന്ന സ്നേഹം കാട്ടുന്ന സുഹൃത്തുക്കളുണ്ടോ നിങ്ങൾക്ക്. സോഷ്യൽ മീഡിയയിൽ പടം ഇടുമ്പോൾ ഈ സ്നേഹം ഇരട്ടിപ്പിക്കും. ഫ്രണ്ട്സ് ഫോർ ലൈഫ്, ഐ ലവ് യു ഇങ്ങനെ പലവിധ ഹാഷ്‍ടാഗുകളും കാണും. സുഹൃത്തുക്കളെ അവർ നല്ലത്, വളരെ നല്ലത്, ഏറ്റവും നല്ലത് ഇങ്ങനെ വേർതിരിച്ചു സ്നേഹിക്കുകയും ചെയ്യും. പക്ഷേ ഒന്നിൽ കൂടുതൽ ബെസ്റ്റ്ഫ്രണ്ട് ഉണ്ടാവുകയും ചെയ്യും. യഥാർത്ഥത്തിൽ ഒരു വ്യക്‌തിക്ക് ആത്മാർത്ഥ സുഹൃത്ത് എന്നു പറയാൻ ഒരാളെ ഉണ്ടാകും. ബാക്കി ഉള്ളവരോടൊക്കെ ആ പേര് പറഞ്ഞ് സ്നേഹം പ്രകടിപ്പിക്കേണ്ടി വരും. ഐ ലവ് യു എന്ന് പറയുമ്പോൾ അവർ അത് ഉദ്ദേശിക്കുന്നതേയില്ല. സത്യത്തിൽ ഇത്തരം ഫേക്ക് ചങ്ങാതിമാരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. ആരുമായും ചങ്ങാതിമാരാകുന്ന ഇക്കൂട്ടർ ഒരിക്കലും നല്ല സൗഹൃദത്തിന് മൂല്യം നൽകുന്നവരല്ല.

ആവശ്യം മാത്രം

ശ്രദ്ധിക്കൂ! ഇവരെ ഒരിക്കലും തെരഞ്ഞെടുക്കരുത്. സ്വന്തം കാര്യം നടത്താൻ മാത്രമാണ് ഇക്കൂട്ടർക്ക് ചങ്ങാതിമാർ. അവർ ഒരിക്കലും നിങ്ങളെ മറക്കുകയില്ല. ആവശ്യം അടിക്കടി വരുമ്പോൾ ഓർമ്മയിൽ നിങ്ങൾ തീർച്ചയായും ഉണ്ടാകും. ആദ്യം പറഞ്ഞ വിശ്വസ്തരായ അസൂയാലുക്കളുമായി ഇവരെ താരതമ്യം അരുത്. എന്തു സാഹചര്യത്തിലും നിങ്ങൾ കൂടെ ഉണ്ടാകുമെന്ന് ഉറപ്പാക്കിയാണ് ഇവർ കൂട്ടുപിടിക്കുന്നത്. രക്ഷിതാക്കളെ വെട്ടിച്ച് വീട്ടിൽ നിന്ന് പുറത്തു ചാടാൻ സഹായിക്കാൻ, കൈക്കൂലി കൊടുക്കാൻ പണം കണ്ടെത്താൻ, പ്രേമ ഭാജനത്തെ സന്ദർശിക്കാൻ എന്തിനും നിങ്ങളുടെ സഹായം ഇവർക്ക് വേണ്ടി വരും. ഇനി നേരെമറിച്ച് നല്ലൊരു മഴയുള്ള ദിവസം, നിങ്ങൾക്ക് ഒരു ആവശ്യം വന്നെന്നിരിക്കട്ടെ, അവരുടെ പൊടി പോലും ഉണ്ടാകില്ല!

മോഷ്ടാവ്

മോഷണം എന്നു പറയുന്നത് വസ്‌തുക്കളും പണവും മാത്രമല്ല. നല്ല ചങ്ങാതിമാരെയും മോഷ്ടിക്കാം. നിങ്ങളുടെ ജീവിതത്തിൽ ഉള്ള നല്ല കൂട്ടുകാരെ മോഷ്ടിക്കുന്ന ചങ്ങാതി വേഷം ധരിച്ചെത്തുന്ന കള്ളന്മാരുണ്ട്. പാർട്ടികളിലോ മറ്റോ ഒരു ചങ്ങാതിയെ ഇവർക്കൊന്നു പരിചയപ്പെടുത്തിക്കൊടുത്തു നോക്കൂ. അവർ പിന്നെ വലിയ ചങ്ങാതിമാരായി മാറും. കൂടെക്കൂടെ കാണാനും തുടങ്ങും. ഇതൊന്നും ചിലപ്പോൾ നിങ്ങൾ അറിഞ്ഞില്ലെന്നു പോലും വന്നേക്കാം. ഇങ്ങനെ വരുമ്പോൾ വഞ്ചിക്കപ്പെടുന്നത് നിങ്ങൾ ആയിരിക്കും. ചിലപ്പോൾ നിങ്ങളുടെ പങ്കാളിയെ പോലും തട്ടിയെടുത്തു കൊണ്ടു പോയെന്നു വരും. ഇതൊക്കെ സാധാരണ കാര്യമാണല്ലോ എന്ന് സ്വയം വിശ്വസിപ്പിക്കാൻ പാടുപെടും നിങ്ങൾ. നിങ്ങളോട് അസൂയ ഉള്ള ചങ്ങാതിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നു മാത്രം മനസ്സിലാക്കുക.

കളി മാത്രം

ഒരു രാഷ്ട്രീയക്കാരന്‍റെ നയതന്ത്രം ഉള്ള ചങ്ങാതിമാരുണ്ടാകും. ഇവരെ വിശ്വസിച്ച് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് ഏറ്റവും വലിയ സംഗതി. നിങ്ങളുടെ അടുത്ത് ഒരു രീതിയിലും മറ്റുള്ളവരുടെ അടുത്ത് വേറൊരു രീതിയിലും ആയിരിക്കും പെരുമാറ്റം. നിങ്ങളെ കുറിച്ച് മറ്റുള്ളവരുടെ അടുത്ത് പറയുന്നത് വ്യത്യസ്തമായിരിക്കും. തിരിച്ചും അങ്ങനെ തന്നെ. ഇങ്ങനെ ചെയ്‌ത് ചെയ്‌ത് പലരുടെയും ബന്ധങ്ങൾ ഇല്ലാതാകും. വളരെ വിദഗ്ധമായ നീക്കം ആയതു കൊണ്ട് നിങ്ങൾ പോലും സത്യം അന്വേഷിക്കാൻ മെനക്കെട്ടെന്നു വരില്ല. പക്ഷേ അവർ നിങ്ങളോടും, നിങ്ങളുടെ മറ്റ് സുഹൃത്തിനോടും ശത്രുവിനോടും ഒക്കെ നല്ല ബന്ധം നിലനിർത്തുകയും ചെയ്യും. ഇവരെ ചങ്ങാതി എന്ന് വിളിക്കണോ?

വിമർശകർ

ഇങ്ങനെയും ചിലർ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടാകും. വിമർശിക്കാൻ മാത്രമേ അറിയൂ. അതിലൂടെ ആത്മവിശ്വാസം മുഴുവനും ഇല്ലാതാക്കി സ്വന്തം കഴിവിലുള്ള എല്ലാ പോസിറ്റീവ് ചിന്തയും നശിപ്പിക്കും. എപ്പോഴും ഒരു ബോസ് സ്വഭാവം കാണിക്കും. എന്തു ചെയ്താലും അതിനെ വിലയിരുത്തലാണ് പ്രധാന വിനോദം.

യഥാർത്ഥ ചങ്ങാതി

മേൽപ്പറഞ്ഞതൊക്കെ വായിച്ചപ്പോൾ ഈ ലോകത്ത് നല്ലവർ ആരുമില്ലേ എന്നു തോന്നിയോ? പക്ഷേ അങ്ങനെയല്ല. സ്നേഹവും ആത്മാർത്ഥതയും ഉള്ള സൗഹൃദബന്ധങ്ങളും ഉണ്ട്. ഇത്തരം ബന്ധങ്ങൾ ഒരിക്കലും മേധാവിത്വ സ്വഭാവം കാണിക്കില്ല. വിമർശനങ്ങളേക്കാൾ ഉപദേശങ്ങൾ ആയിരിക്കും മുന്നിൽ. സ്വന്തം കഴിവിൽ കൂടുതൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചങ്ങാതി നിങ്ങൾക്കുണ്ടെങ്കിൽ അത് നല്ല ചങ്ങാതിയാണെന്ന് ഉറപ്പിക്കാം. കഷ്ടപ്പാടിലും, സന്തോഷത്തിലും കൂടെ ഉണ്ടെങ്കിലും നല്ല ചങ്ങാതി ആണെന്ന് വിശ്വസിക്കാം. വ്യവസ്‌ഥകളോ ഉപാധികളുമില്ലാത്ത സ്നേഹം നൽകുന്നതാരോ അവർ ചങ്ങാതി ആണ്.

വിവാഹം രജിസ്റ്റർ ചെയ്യാം

വിദേശത്തേക്കോ മറ്റോ പോകേണ്ടി വരുമ്പോഴാണ് വിവാഹം രജിസ്ട്രേഷൻ ചെയ്യുന്ന കാര്യം പലരും ഓർമ്മിക്കുന്നത്. വിവാഹവേളയിലും, അതിനുശേഷവും ഉള്ള സമയത്ത് പല പ്രധാനപ്പെട്ട സംഗതികളും നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ആ ശ്രദ്ധ നൽകാറില്ല. ഇക്കാര്യത്തിൽ പഠിച്ചവരും പഠിക്കാത്തവരും എന്ന വ്യത്യാസമില്ല.

വിവാഹ രജിസ്ട്രേഷൻ എത്ര മാത്രം അനിവാര്യമാണ് എന്നതിനെ കുറിച്ച് മനസ്സിലാക്കി വയ്‌ക്കുന്നത് അത്യാവശ്യമാണ്.

രണ്ട് വ്യക്‌തികൾ തമ്മിൽ വിവാഹ ബന്ധത്തിലാണ് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ശക്‌തമായ തെളിവാണ് വിവാഹ സർട്ടിഫിക്കറ്റ്. ജനന സർട്ടിഫിക്കറ്റിന് ലഭിക്കുന്നത്ര പ്രചാരവും ശ്രദ്ധയും വിവാഹ സർട്ടിഫിക്കറ്റിന് ആരും നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഭാരതം മതേതര രാജ്യമായതിനാൽ ഇവിടെ വിവാഹം രണ്ടു തരം നിയമങ്ങളുടെ അടിസ്‌ഥാനത്തിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഹിന്ദു വിവാഹ നിയമം (1955) വും സെപ്ഷ്യൽ മാര്യേജ് ആക്‌ടും (1954)

വിവാഹം നടന്നുവെന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ രേഖയാണ് മാര്യേജ് സർട്ടിഫിക്കറ്റ്. ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് എന്നിവയ്ക്കായി അപേക്ഷ നൽകുമ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് തീർച്ചയായും ആവശ്യപ്പെടാറുണ്ട്. എൽഐസി പോളിസിക്കു വേണ്ടിയും വിവാഹ സർട്ടിഫിക്കറ്റ് വേണ്ടി വരും. (ഭാര്യയോ ഭർത്താവോ മരിച്ചു പോയാൽ) ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം അനുവദിക്കാൻ കഴിയുകയില്ല. ഭാര്യാ ഭർത്താക്കന്മാരിലൊരാൾക്ക് വിദേശത്ത് സന്ദർശക വിസയിൽ സ്‌ഥിരവാസത്തിന് അനുവദിക്കണമെങ്കിലും വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

പരമ്പരാഗത വിവാഹച്ചടങ്ങുകൾ പ്രകാരം വിവാഹം നടത്തി എന്ന വാദമോ രേഖയോ ഒന്നും ഇന്ത്യയിലായാലും വിദേശത്തായാലും നിയമപരമായ രേഖയായി സ്വീകരിക്കുകയില്ല. 2006 ൽ സുപ്രീം കോടതി സ്ത്രീ സുരക്ഷ മാനദണ്ഡമാക്കി വിവാഹ രജിസ്ട്രേഷൻ നിർബന്ധിതമാക്കി.

രജിസ്ട്രേഷൻ എങ്ങനെ

 ഹിന്ദു നിയമമോ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമോ വിവാഹ രജിസ്ട്രേഷൻ ചെയ്യുന്നതിന് വളരെ ലളിതമായ നടപടി ക്രമമേയുള്ളൂ. ഭാര്യയോ ഭർത്താവോ താമസിക്കുന്ന മേഖലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയിൽ ഇരുവരുടെയും ഒപ്പ് ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുകയും വേണം. അതിനു ശേഷം ഓഫീസിൽ വീണ്ടും ചെല്ലാൻ നിർദ്ദേശിക്കുന്ന ദിവസം പോയി രജിസ്റ്റർ ചെയ്യാം. ആ സമയം മജിസ്ട്രേറ്റിനെ കൂടാതെ ദമ്പതികൾക്കൊപ്പം ഒരു ഗസ്‌റ്റഡ് ഓഫീസർ കൂടി രജിസ്ട്രേഷൻ വേളയിൽ ഉണ്ടാകേണ്ടതുണ്ട്. ആ ഓഫീസറായിരിക്കും വിവാഹത്തിന്‍റെ സാക്ഷി. രജിസ്ട്രേഷൻ നടത്തുന്ന ദിവസം തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാവും.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്

 പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഒപ്പ് ഉണ്ടായിരിക്കണം. വോട്ടർ ഐഡി, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്കൊപ്പം ജനന സർട്ടിഫിക്കറ്റ്, രണ്ടു കോപ്പി വീതം പാസ്പോർട്ട് സൈസ് ഫോട്ടോ, വിവാഹ ഫോട്ടോ എന്നിവ കൂടി ഹാജരാക്കണം. ഈ രേഖകളെല്ലാം സെൽഫ് അറ്റസ്റ്റ് ചെയ്തു, വിവാഹക്ഷണക്കത്തിന്‍റെ ഒരു കോപ്പി കൂടി വച്ച് ഓഫീസിൽ നൽകണം. വിവാഹം നടന്ന പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അല്ലെങ്കിൽ കോർപ്പറേഷനോ ഇവിടെ തന്നെ വേണം രജിസ്ട്രേഷൻ ചെയ്യാൻ. വിവാഹ സമയം വധുവിന്‍റെ പ്രായം പതിനെട്ടും വരന്‍റെ പ്രായം ഇരുപത്തൊന്നും തികഞ്ഞിരിക്കണം. വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കുന്നതിന് മറ്റ് ചെലവുകൾ ഒന്നും തന്നെലില്ല. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കാൻ 100 രൂപ ഫീസ് അടയ്ക്കണം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണെങ്കിൽ 150 രൂപയും. ഇത് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ അടച്ച് രസീത് വാങ്ങാം. ഓൺലൈൻ രജിസ്ട്രേഷനും ചെയ്യാവുന്നതാണ്.

വിവാഹ സർട്ടിഫിക്കറ്റിന്‍റെ ഗുണങ്ങൾ

• മറുനാട്ടിൽ ആയിരിക്കുമ്പോൾ ഭാര്യാഭർതൃബന്ധം തെളിയിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ടിവരും.

• വിവാഹ സർട്ടിഫിക്കറ്റുണ്ടെങ്കിൽ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാകുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന ഏതു തരം തർക്കങ്ങളും കോടതിയിലെത്തിയാൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എളുപ്പമാണ്.

• ബാല വിവാഹങ്ങൾ തടയാൻ കഴിയുന്നു വിവാഹിതരാണെങ്കിലും, വിവാഹ മോചനം നേടിയവരാണെങ്കിലും വിവാഹ സർട്ടിഫിക്കറ്റ് വേണ്ടി വരും.

സ്നേഹത്തിന്‍റെ പുസ്‌തകം

ജനാലയ്ക്കരികിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓരോർമ്മയുമില്ല. ഇന്നാണ് നൗഫിയയെ കാണാൻ പോകേണ്ടത്. ഉച്ചയ്‌ക്ക് പുറത്തു നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നാണ് അവളുടെ ഓഫർ. വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് ഇപ്പോൾ എങ്ങനെയിരിക്കുമെന്തോ? സ്കൂൾ കാലത്തെ ബെസ്‌റ്റ് ഫ്രണ്ട്, പക്ഷേ പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു പോയി.

ഫേസ്ബുക്കിലൂടെ നൗഫിയയെ കണ്ടെത്തിയപ്പോൾ എത്ര സന്തോഷമാണ് തോന്നിയത്. വിഭയുടെ ചുണ്ടിൽ ചിരി പടർന്നു. ഭാഗ്യം എന്നേ പറയേണ്ടു. നൗഫിയ ഈ സിറ്റിയിൽ തന്നെയുണ്ട്. അതു കൊണ്ട് കൂടിക്കാഴ്‌ച ഒരു പ്രയാസമുള്ള കാര്യമല്ല.

വളരെ സിംപിൾ ലുക്ക് തരുന്ന ഒരു കുർത്തി തന്നെ വിഭ തെരഞ്ഞെടുത്തു. നൗഫിയ ഇടയ്‌ക്ക് ഹാങ്ഔട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞ റസ്‌റ്റേറന്‍റിൽ തന്നെയാണ് പോകുന്നത്.

വിഭ എത്തുന്നതിനും 10 മിനിട്ടു മുമ്പേ നൗഫിയ വന്നു സീറ്റു പിടിച്ചിരുന്നു. “ഹായ്… വിഭ! സുന്ദരിയായിരിക്കുന്നല്ലോ?” നൗഫിയ ചിരിയോടെ വിഭയെ കെട്ടിപ്പിടിച്ചു.

വിഭ മറുപടി അലസമായ ഒരു ചിരിയിലൊതുക്കി. പിന്നെ നൗഫിയയെ അടിമുടി നോക്കി. പഴയ നൗഫിയ തന്നെ. പക്ഷേ ആകെ ഒന്നുരുണ്ടു. ഒരാനച്ചന്തം എന്നൊക്കെ പറയുമ്പോലെ. അമ്മയായതിനു ശേഷം ഉണ്ടാകുന്ന ആ ഗ്രെയ്‌സ് നൗഫിയയുടെ മുഖത്ത് ഉണ്ട്. വർഷങ്ങളായി കൈമാറാൻ കാത്തു വച്ച വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പൂർത്തിയാക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നിപ്പോയി.

നൗഫിയ വിവാഹത്തോടെ അധ്യാപന ജോലി വേണ്ടെന്നു വച്ചു. അവൾ കുടുംബത്തിനു വേണ്ടി മുഴുവൻ സമയവും നീക്കി വച്ചിരിക്കുകയാണ്. വിഭയാകട്ടെ പല ജോലികൾ പരീക്ഷിച്ചു. ഇപ്പോഴും സ്‌ഥിരമായൊരു മേൽവിലാസത്തിലേക്ക് കടന്നു വന്നിട്ടില്ല.

ഭക്ഷണം കഴിഞ്ഞ് ഡെസേർട്ട് ഓർഡർ ചെയ്‌തിരിക്കുമ്പോൾ നൗഫിയ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് വിഭ ശ്രദ്ധിച്ചു.

“യു ആർ സ്‌റ്റിൽ സോ ബ്യൂട്ടിഫുൾ വിഭ! കോളേജിൽ പഠിക്കുമ്പോൾ കണ്ട ആളേ അല്ല ഇപ്പോൾ. കൂടുതൽ സുന്ദരി, പക്ഷേ ആ കണ്ണിലെ ഭാവം അതു തന്നെ! അതു കേട്ടപ്പോൾ വിഭയുടെ കണ്ണുകൾ നിറഞ്ഞു.

“എന്താടാ? ഞാൻ എന്തെങ്കിലും…?” വിഭയുടെ ഭാവമാറ്റം കണ്ടപ്പോൾ നൗഫിയ അമ്പരന്നു.

“ഇല്ല… വാ… നമുക്ക് ഇറങ്ങാം. എനിക്ക് വീട്ടിൽ പോകാറായി.”

ഹോട്ടൽ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരെയും മൗനം പൊതിഞ്ഞു നിന്നു.

തന്‍റെ പെരുമാറ്റത്തിൽ നൗഫിയയ്‌ക്ക് വിഷമമായിട്ടുണ്ടെന്ന് വിഭയ്ക്കറിയാം.

“ഞാൻ അൽപം കഴിഞ്ഞ് നിന്നെ വിളിക്കാം. ഇപ്പോൾ സംസാരിച്ചാൽ ഞാൻ ഇമോഷണലാകും. നിനക്കറിയാല്ലോ ഞാൻ ഒട്ടും സുന്ദരിയല്ല. എന്നിട്ടും നീ എന്നെ എന്തിനാ അങ്ങനെ വിളിച്ച് കളിയാക്കിയത്….? നൗഫിയ അവളെ ആശ്ചര്യത്തോടെ നോക്കി.

“വിഭ, ഇതു കഷ്‌ടം തന്നെ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളിൽ തന്നെയാണ് നിന്‍റെ മനസ്സ്…” വിഭയ്‌ക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.

ഇനിയും അവിടെ നിന്നാൽ താൻ ഉറക്കെ കരയുമെന്ന് അവൾ ഭയന്നു. അതിലെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് പെട്ടെന്ന് വിഭ കയറി ഇരുന്നു. നൗഫിയ്ക്കു നേരെ നോക്കാൻ പോലും അവൾ ഭയന്നു. വണ്ടി മുന്നോട്ടെടുത്തപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല.

വീട്ടിൽ ചെന്നു കയറിയതേ വിഭ പൊട്ടിക്കരഞ്ഞു. താൻ എന്താണിങ്ങനെ?… എല്ലാറ്റിന്‍റേയും കാരണം സ്വന്തം അമ്മ തന്നെയോ… ഒരു പതിമൂന്ന് വയസ്സുകാരിയുടെ പഴയ ദിനങ്ങളിലേക്ക് അവളുടെ ഓർമ്മകൾ പടിയിറങ്ങി നടന്നു പോയി. അന്ന്… സ്ക്കൂൾ വിട്ടു വീട്ടിലെത്തുന്ന നേരത്ത് അമ്മ ഒരു പട്ടുസാരി മടക്കി വയ്‌ക്കുകയായിരുന്നു.

“ഹായ്… അമ്മ… നല്ല സാരി പുതിയതാ?” വിഭ കൗതുകത്തോടെ ഓടി വന്നു ചോദിച്ചു.

“ഏയ് എന്‍റെ അല്ല. ശുഭയുടെ കല്യാണമല്ലേ, ലക്ഷ്മിയാന്‍റി കൊണ്ടു വന്നതാ.” വിഭയുടെ സഹോദരി ശുഭയുടെ വിവാഹം ഉറപ്പിച്ച സമയമാണ്. സഹോദരിമാർ തമ്മിൽ 11 വയസ്സിന്‍റെ വ്യത്യാസമുണ്ട്. കൗമാരക്കാരിയായ വിഭ മെലിഞ്ഞ് ഇരുണ്ട പ്രകൃതമായിരുന്നു. ശുഭയാകട്ടെ യുവത്വത്തിന്‍റെ തുടിപ്പുള്ള സുന്ദരി. കുടുംബത്തിലെ ബ്യൂട്ടി ആണ് ശുഭ. ലക്ഷ്മി ആന്‍റി ശുഭചേച്ചിക്കാണ് കാഞ്ചീപുരം പട്ട് കൊണ്ടു വന്നത് എന്നറിഞ്ഞപ്പോൾ വിഭയ്‌ക്കു സന്തോഷമല്ല സങ്കടമാണ് തോന്നിയത്.

“എനിക്കൊന്നുമില്ലേ? ഈ ആന്‍റി എപ്പോഴും അങ്ങനാ. എനിക്കൊന്നും തരില്ല.”

“നിനക്ക് എന്ത് കൊണ്ടു വരണമെന്നാ? കണ്ടാൽ മതി… എലിയെ പോലൊരു കോലം. ശുഭയെ നോക്ക് അവൾക്ക് എല്ലാം ചേരും… നിനക്ക് എന്തിട്ടാലെന്താ? എട്ടുകാലിയെ പോലെയല്ലേ!”

വിഭ ആകെപ്പാടെ വിളറി വെളുത്തുപോയി. അവൾ കണ്ണാടിയിൽ ഉറ്റുനോക്കി. അമ്മ പറഞ്ഞത് ശരിയാണ്. കണ്ണാടി കളവു പറയില്ലല്ലോ. വിഭയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അന്നും തന്‍റെ വിഷമം പങ്കു വയ്‌ക്കാൻ നൗഫിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വർഷങ്ങൾക്കിപ്പുറം വിഭ വളർന്നു ഒരു പൂർണ്ണ സ്ത്രീയായി. വിടർന്ന ഇരുണ്ട കണ്ണുകളും മനോഹരമായ പുഞ്ചിരിയും അവൾക്കു കാലം സമ്മാനിച്ചു. ഒപ്പം, അമ്മ പാകിയ അപകർഷതാ ബോധവും നാൾക്കു നാൾ വളർന്നു.

കോളേജു കാലത്ത് ആരുടെയും മുഖത്തു നോക്കാൻ പോലും നാണമായിരുന്നു വിഭയ്ക്ക്. അമ്മയുടെ അഭിപ്രായം, പൊതുവിലുള്ള ചിന്തയാണെന്ന ധാരണയിൽ അവൾ ജീവിതം തുടർന്നു.

വർഷങ്ങൾ പിന്നിട്ടപ്പോൾ വിഭയും വിവാഹിതയായി. ഒരു പത്ര പ്രവർത്തകനാണ് ഭർത്താവ്. എഴുതാനും വായിക്കാനും ഉള്ള വിഭയുടെ താൽപര്യം വീണ്ടും ഉണർന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതും ഉൾവലിഞ്ഞു.

എല്ലാറ്റിൽ നിന്നും പിന്നോട്ടു വലിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു വിഷമം അവളുടെ നെഞ്ചിനുള്ളിൽ കൂടുക്കൂട്ടിയിരുന്നു. വിഭ വിളിക്കുമെന്ന് പ്രതീക്ഷിച്ച് നൗഫിയ കാത്തിരുന്നു. ഒരാഴ്‌ചയായിട്ടും വിളി വന്നില്ല. ഒരു തിങ്കളാഴ്ച പുലർച്ചെ വിഭയ്‌ക്ക് നൗഫിയയുടെ കോൾ വന്നു.

“വിഭാ… ഞാൻ വരുന്നുണ്ട്. എനിക്ക് സംസാരിക്കണം.”

ഇത്തവണ കൂടിക്കാഴ്ച വീട്ടിൽ മതിയെന്ന് നൗഫിയ തീരുമാനിച്ചു. കൃത്യം 11 മണിക്ക് നൗഫിയ വന്നു. പുഞ്ചിരിയോടെ തന്നെ സ്വാഗതം ചെയ്യുന്ന വിഭയെ കണ്ട് അവൾ ആശ്വാസത്തോടെ കെട്ടിപ്പിടിച്ചു.

“വേഗം റെഡിയാവൂ… നമുക്ക് പുറത്തു പോകാം.” “എങ്ങോട്ട്? നീ ഇവിടെ കൂടാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ പുറത്തു പോകാമെന്നോ?” വിഭയ്‌ക്ക് ആശ്ചര്യമായി.

“അതൊക്കെയുണ്ട്. നിന്‍റെ മനസ്സിൽ നിന്ന് ചില ബാധകൾ ഒഴിപ്പിക്കാനുണ്ട്.” നൗഫിയ കളിയാക്കി.

വിഭയ്ക്ക് മറുത്തൊന്നും പറയാനുള്ള സാഹചര്യം നൗഫിയ കൊടുത്തില്ല. നിർബന്ധിച്ച് റെഡിയാക്കിയ ശേഷം വിഭയെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.

നഗരത്തിലൂടെ നൗഫിയയുടെ കാർ പാഞ്ഞു. കൂട്ടുകാരി അനിതയുടെ വീട്ടിലേക്കാണ് നൗഫിയ പോകുന്നതെന്ന് കുറേ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.

“ഡോ. അനിത?”

“അതേ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്. നിന്നെ കുറിച്ച് ഞാൻ അനിതയോട് പറഞ്ഞപ്പോൾ അവളാണ് കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്. നിന്‍റെ അമ്മയുടെ ആ കമന്‍റ് നിന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഇതേ വഴിയുള്ളൂ.” വിഭ ആദ്യം ഒന്ന് ഞെട്ടി. ഈ ഒരു കൺസൾട്ടിംഗ് താനും ആഗ്രഹിച്ചതാണല്ലോ. പക്ഷേ ആരോട് പറയും. എങ്ങനെ പോകും എന്ന ടെൻഷൻ ആയിരുന്നു.

ഡോ. അനിത വളരെ സൗഹൃദത്തോടെ വിഭയെ സ്വീകരിച്ചു. “വിഭ… യു ആർ സൊ നൈസ് ഒരെഴുത്തുകാരി ആവാൻ ആഗ്രഹിച്ചിരുന്നുവെന്ന് നൗഫിയ പറഞ്ഞു. ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സിന് ചേരുകയും ചെയ്‌തു. ശരിയല്ലേ?”

ഡോ. അനിത, വിഭയുടെ കരം ഗ്രഹിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

“നമുക്ക് നടന്നു സംസാരിക്കാം” അനിതയുടെ സ്നേഹപൂർവ്വമായ പെരുമാറ്റത്തിൽ വിഭയുടെ മനം ആർദ്രമായി. അവളറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. മനസ്സിൽ ഒതുക്കി വച്ച വികാരങ്ങളും വിഷമങ്ങളും നിരാശകളും കണ്ണീരായി പുറത്തേയ്‌ക്ക് പ്രവഹിച്ചു. ഇതിനിടയിൽ അവൾ മനസ്സിൽ തോന്നുന്നതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു.

ഒരു മണിക്കൂറോളം നീണ്ട സംഭാഷണം അത് ദയാവായ്പോടെ ഡോ. അനിത കേട്ടിരുന്നു.

“വിഭാ, യു നീഡ് ടു ബെറി യുവർ പാസ്‌റ്റ്! അമ്മയ്‌ക്കു മാപ്പ് കൊടുക്കൂ. അതൊക്കെ മറക്കൂ. അമ്മ പറഞ്ഞത് തെറ്റു തന്നെ. ആ വാക്കുകളെ വിഭ പൊതുവായി എടുത്തത് അതിലും വലിയ തെറ്റാണ്. ആ തെറ്റാണ് ഒരു എഴുത്തുകാരി ആവുന്നതിൽ നിന്ന് നിന്നെ തടഞ്ഞു കൊണ്ടിരിക്കുന്നത്. എഫ്ബി ബ്ലോഗിലെ പോസ്റ്റുകൾ ഞാൻ വായിച്ചു. എത്ര സുന്ദരം, ആരുടെയും അംഗീകാരത്തിനു കാത്തു നിൽക്കരുത്. വേണ്ടത് സ്വന്തം അംഗീകാരമാണ്.”

വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മെലിഞ്ഞു വിളറിയ ആ പെൺകുട്ടി അല്ല നിങ്ങൾ ഇന്ന്. വളരെ പക്വത വന്ന യുവതി. ഒപ്പം ഒരു കുടുംബം. ആരെങ്കിലും ഇനി കോംപ്ലിമെന്‍റ് ചെയ്‌താൽ, അതിനെ സന്തോഷത്തോടെ സ്വീകരിക്കൂ, എന്നിട്ട് ചുമ്മാ, ഒരു താങ്ക് യു പറഞ്ഞേക്കൂ.”

“ഒരു കാര്യം കൂടി. അമ്മ പറഞ്ഞ ആ വാചകങ്ങൾ ഒരിക്കൽ കൂടി ഈ കടലാസിൽ എഴുതു. എന്നിട്ട് അത് കീറി ടോയ്‍ലെറ്റിൽ ഫ്‌ളഷ് ചെയ്യൂ. ഇപ്പോൾ തന്നെ അത് ചെയ്യൂ.” ഡോക്‌ടർ പറഞ്ഞതു പോലെ തന്നെ വിഭ ചെയ്‌തു. വർഷങ്ങൾക്കു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതായി വിഭയ്‌ക്കു തോന്നി.

“ഇനി വീട്ടിൽ പോകൂ, എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരു വവിയ നോവലിസ്‌റ്റായി എനിക്ക് കാണണം.” ഡോ, അനിത ഗേറ്റു വരെ അവരെ അനുഗമിച്ചു.

വിഭ സന്തോഷത്തോടെ കൈ വീശി യാത്ര പറയുമ്പോൾ നൗഫിയ ആശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്നു.

രണ്ടു മാസങ്ങൾക്കു ശേഷം നൗഫിയക്ക് ഒരു കോൾ വന്നു.

“ഹലോ! നൗഫിയ! ഒരു ഹാപ്പി ന്യൂസ്. എന്‍റെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാൻ പോകുന്നു. അടുത്ത മാസം!”

“ആഹാ! ഗ്രെയ്‌റ്റ് ന്യൂസ് ഡിയർ!” നമുക്കിത് ആഘോഷിക്കണം. ഞാൻ ഉടനെ വരുന്നു.”

നൗഫിയ എത്തുമ്പോൾ വിഭയും ഭർത്താവും ഉമ്മറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. “വിഭ… എനിക്ക് സന്തോഷമായി.”

“ഈ പുസ്‌തകം ഞാൻ നിനക്ക് സമർപ്പിക്കുകയാണ് നൗഫി.” വിഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ആ നനവ് സന്തോഷത്തിന്‍റേതായിരുന്നു. ആ നനവിൽ അവളുടെ കവിളുകൾ തിളങ്ങി. ആത്വിശ്വാസത്തിന്‍റെ തിളക്കം…!

നീയും ഞാനും

ഞാനും നാളെ നിന്‍റെ കൂടെ ആശുപത്രിയിൽ വരാം. ഈ കൊറോണ കാരണം രോഗികളുടെ എണ്ണം എത്രമാത്രമാണ് കൂടിയത്. ഈ സാഹചര്യത്തിൽ ഡോക്ടർമാരെ കൂടാതെ നഴ്സുമാരുടെയും ആവശ്യം ഉണ്ടല്ലോ. രോഗികളെ പരിചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെന്തിന് വീട്ടിലിരുന്ന് സമയം കളയണം?” ഫോണിൽ കുശൽ സംസാരിച്ച് തുടങ്ങിയയുടനെ ഗൗരി പറഞ്ഞു.

“പ്ലീസ് ഗൗരി, ഞാൻ പറയുന്നത് മനസ്സിലാക്കൂ. നിനക്ക് അസുഖം മാറി സുഖമായിട്ട് വളരെ നാളായില്ലല്ലോ. അതിലും വലുതാണ് നിനക്ക് നഴ്സിംഗ് ഡിഗ്രിയില്ലായെന്നത്”

“നിനക്കറിയാമല്ലോ, നഴ്സിംഗ് ഡിഗ്രി എന്താ കിട്ടാതിരുന്നതെന്ന്. ഫൈനൽ ഇയർ എക്സാം മാത്രമാണ് എഴുതാൻ കഴിയാതിരുന്നത്. പഠനം കംപ്ലീറ്റാക്കിയല്ലോ ഞാൻ. നാളെ നീ എന്നെയും കൂടി കൊണ്ട് പോകണം”

“എനിക്കതൊക്കെ അറിയാം. ഗൗരി നമ്മൾ നിയമവിരുദ്ധമായി കാര്യം ചെയ്യണമെന്നാണോ നീ പറയുന്നത്? നീയെന്നും ഞാൻ ഫ്രീയാകുന്ന സമയത്ത് എന്നെ ഫോണിൽ വിളിച്ചാൽ മതി. എനിക്കത് വലിയ ഊർജ്‌ജമായിരിക്കും” കുശലിന്‍റെ വാക്കുകളിൽ മാധുര്യം കുറഞ്ഞ് അൽപം ഗൗരവം കലർന്നു.

“ഡിയർ ഡോക്ടർ, ഞാനൊരു മണ്ടിയെന്നാണോ വിചാരിച്ചിരിക്കുന്നത്. ഞാൻ എന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോൺ ചെയ്ത് നഴ്സായി പ്രവർത്തിക്കാനുള്ള പെർമിഷൻ വാങ്ങിക്കഴിഞ്ഞു. കോളേജിലെ പാസ്റ്റ് റെക്കോഡും ഇപ്പോഴത്തെ ആവശ്യവും പരിഗണിച്ച് എച്ച്ഒഡി എനിക്ക് സ്പെഷ്യൽ പെർമിഷൻ അനുവദിച്ചുള്ള ഉത്തരവ് മെയിൽ ചെയ്തിട്ടുണ്ട്. ആ മെയിൽ പ്രിന്‍റ് എടുത്ത് കാണിച്ചാൽ എനിക്ക് ജോലി ചെയ്യാൻ പറ്റുമല്ലോ. മൂന്ന് മാസം വരെ വാലിഡ് ആണ് ആ പെർമിഷൻ”

“കൊള്ളാമല്ലോ… എങ്കിൽ നാളെ തന്നെ തുടങ്ങിക്കളയാം” കുശൽ സന്തോഷത്തോടെ പറഞ്ഞു.

പിറ്റേദിവസം ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷം ഗൗരി ഉറങ്ങാൻ പോയി. പക്ഷേ അവൾക്ക് ഉറങ്ങാനായില്ല. അവളുടെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിക്കയറ്റം തന്നെയുണ്ടായി. അവൾ തന്‍റെ പഴയ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

യുപിയിലെ ഒരു കൊച്ചുഗ്രാമത്തിൽ കുശലിനൊപ്പം കളിച്ചുവളർന്ന ബാല്യമായിരുന്നു അവളുടെത്. ഗൗരിയും അമ്മയും മാത്രമടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. അവൾക്ക് കഷ്ടിച്ച് ഒരു വയസ് പ്രായമുള്ളപ്പോൾ അവളുടെ അച്ഛൻ ജോലിതേടി നഗരത്തിൽ പോയതാണ്. പിന്നീടിതുവരെ മടങ്ങിവന്നില്ല. അയാൾ രണ്ടാമത് വിവാഹം കഴിച്ചുവെന്ന് ചിലർ പറഞ്ഞ് കേട്ടിരുന്നു. ഗൗരിയുടെ അമ്മയ്ക്കാകട്ടെ പഠിപ്പൊന്നും ഉണ്ടായിരുന്നില്ല. വീട്ടുചെലവ് നടത്തികൊണ്ടുപോകാനുള്ള കഴിവും ശേഷിയും അവർക്കുണ്ടായിരുന്നില്ല. ഗൗരിയുടെ അമ്മയുടെ വീട്ടുകാരാകട്ടെ ദരിദ്രരുമായിരുന്നു. അതുകൊണ്ട് അവളുടെ അമ്മ വീട്ടിൽ പപ്പടവും അച്ചാറും തയ്യാറാക്കി അത് വിറ്റാണ് വീട്ടുചെലവ് നടത്തിയിരുന്നത്.

കുശലിന്‍റെ അച്ഛനാകട്ടെ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ അത്ര വിശാലമായ കൃഷിയിടവും അതിനടുത്തായി കൂറ്റൻ വീടുമുണ്ടായിരുന്നു അവർക്ക്. അച്ഛന്‍റെ തിരക്ക് പിടിച്ച ജീവിതരീതിയും രോഗഗ്രസ്തയായിരുന്ന അമ്മയുടെ മരണവും അവനെ ഏകാന്തതയിലേക്ക് തള്ളിവിട്ടു.

മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് അവന് ആശ്വാസമായത് ഗൗരിയുമായുള്ള സൗഹൃദമായിരുന്നു. ഗൗരിയല്ലാതെ മറ്റൊരാളെയും അവന് ഉൾക്കൊള്ളാനായില്ല. ഗൗരി കൂട്ടുകാരികൾക്കൊപ്പം കളിക്കുന്നത് മറ്റും കണ്ടാൽ അവൻ അപ്പോൾ തന്നെ ഒച്ച വച്ച് അവളെ വിളിക്കുമായിരുന്നു. അവന്‍റെ ഈ സ്വഭാവം അവളെ പലപ്പോഴും അദ്ഭുതപ്പെടുത്തുമായിരുന്നു. കൂട്ടുകാരികൾക്കൊപ്പം കുറേയകലെ കളിച്ചിരുന്ന തന്നെ അവർക്കിടയിൽ നിന്നും കുശൽ എങ്ങനെ തിരിച്ചറിഞ്ഞിരുന്നുവെന്ന്? അതിനു മറുപടിയായി അവൻ ചിരിയോടെ പറഞ്ഞു.

“നിന്‍റെ ഈ ചുരുണ്ട മുടി എത്ര ഭംഗിയുള്ളതാ… ദൂരെ നിന്ന് നോക്കിയാൽ മുടിയ്ക്ക് നല്ല തിളക്കമാ. ഗൗരി, അത് കാണുമ്പോൾ നീയാണെന്ന് ഞാൻ തിരിച്ചറിയും.” അത് സത്യമായിരുന്നു താനും. നല്ല പട്ടുപോലെ തിളങ്ങുന്നതായിരുന്നു അവളുടെ ചുരുണ്ടമുടി.

ഗൗരിയും കുശലും പഠനത്തിൽ ക്ലാസിൽ ഒന്നാമതായിരുന്നു. അസുഖം വന്ന് അമ്മ മരിച്ചതിന്‍റെ വേദന ഇടയ്ക്കിടയ്ക്ക് അവനെ അലട്ടിയിരുന്നു. അവരുടെ പട്ടണത്തിൽ ഇപ്പോഴും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുണ്ടായിരുന്നില്ല. അതിനാൽ താനൊരു ഡോക്ടറായ ശേഷം അവിടത്തെ പാവപ്പെട്ട ആളുകളെ സേവിക്കണമെന്നത് അവന്‍റെ വലിയൊരു സ്വപ്നമായിരുന്നു. താൻ ഭാവിയിൽ കുശലിനൊപ്പമുണ്ടാവണമെന്ന് ഗൗരിയും ആഗ്രഹിച്ചിരുന്നു. ഒരു ഡോക്ടറായിട്ടല്ലെങ്കിലും ഒരു നഴ്സായിട്ടെങ്കിലും…

10-ാം വയസ്സിൽ നല്ല മാർക്ക് വാങ്ങി വിജയിച്ച ശേഷം കുശൽ മികച്ചൊരു കോച്ചിംഗ് സെന്‍ററിൽ മെഡിക്കൽ എൻഡ്രൻസ് പരിശീലനത്തിനും പോയിരുന്നു. മികച്ച ഏതെങ്കിലും സർക്കാർ കോളേജിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ കിട്ടണമെങ്കിൽ നന്നായി മനസ്സിരുത്തി പഠിക്കണമെന്ന കാര്യത്തിൽ ഗൗരിക്കും അറിയാമായിരുന്നു. പരസ്പരം അവർ മികച്ച ഭാവി സ്വപ്നം കണ്ടുകൊണ്ട് രാപ്പകലില്ലാതെ കഠിനമായി അദ്ധ്വാനിച്ചു.

ഇരുവരുടെയും കഠിനപരിശ്രമത്തിന് മികച്ച ഫലവും ഉണ്ടായി. ഗൗരിയ്ക്ക് കുശലിന്‍റെ കോളേജിൽ പ്രവേശനം കിട്ടിയില്ലെങ്കിലും ഒരു നഴ്സായി കുശലിനൊപ്പം നിൽക്കാനുള്ള അവളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. മീററ്റിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അവൾക്ക് നഴ്സിംഗ് പഠനത്തിൽ പ്രവേശനം കിട്ടി. ഇരുവർക്കും തങ്ങളുടെ നേട്ടത്തിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും വേർപാട് അവരെ വേദനിപ്പിച്ചു.

പഠനത്തിനായി മീററ്റിലേക്ക് പുറപ്പെടാൻ അവൾ ബാഗുമായി ബസ് സ്റ്റാന്‍റിൽ എത്തി കുശലിനെ കാത്തുനിന്നു. കുശൽ അവളെ കാണാൻ പുറപ്പെട്ടു ഇറങ്ങുന്നതിനിടെ അവന്‍റെ അച്ഛൻ ഏതോ അത്യാവശ്യ ജോലിയേൽപ്പിച്ചതിനാൽ അവന് അച്ഛനൊപ്പം ഇരുന്ന് ജോലി ചെയ്യേണ്ടിവന്നു. ബസ് സ്റ്റാന്‍റിൽ ഗൗരി അവനെയും പ്രതീക്ഷിച്ച് നിരാശപ്പെട്ടിരുന്നു. അവൾ ബസ്സിൽ നിന്നിറങ്ങി വീണ്ടും ഒരിക്കൽ കൂടി ചുറ്റിലും കണ്ണോടിച്ച് നിരാശപ്പെട്ടിരുന്നു. പട്ടണത്തിൽ നിന്നും മീററ്റിലേക്ക് ഉള്ള ബസ് 2 മണിക്കൂർ ഇടവേളയിലാണ് വന്നിരുന്നത്.

അടുത്ത ബസ്സിനെ പ്രതീക്ഷിച്ചിരു ന്നാൽ മീററ്റിലെത്താൻ നേരം വൈകും. പോകുന്നതിന് മുമ്പ് കുശലിനെ കാണാൻ പറ്റുകയില്ലെന്നാ തോന്നുന്നത്. ഒന്നാമത് അമ്മയെ വിട്ട് ആദ്യമായാണ് ഇത്രദൂരെ പോകുന്നത്. ആ സങ്കടം ഉള്ളിലുണ്ട്. അതിന്‍റെ കൂടെ കുശലിനെ ഒന്ന് കാണുകപോലും ചെയ്യാതെ പോകുന്നതിന്‍റെ വേദന മറുവശത്ത്. അമ്മയെയാണെങ്കിൽ മാസത്തിലൊരു തവണ ഹോസ്റ്റലിൽ വരുമ്പോൾ കാണുകയെങ്കിലും ചെയ്യാം. പക്ഷേ കുശൽ… ഇനി എന്നാണ് അവനെ കാണാൻ പറ്റുക? അവനും പഠനത്തിനായി ദൂരെ പോകും. അവൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ… അച്ഛന്‍റെ പണം കൊണ്ട് ഒരു മൊബൈൽ വാങ്ങിത്തരാമെന്ന് അവൻ എന്നോട് ആവർത്തിച്ച് പറഞ്ഞതായിരുന്നു. പക്ഷേ ഞാനെന്തിനാണ് അത് നിരാകരിച്ചത്. ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.

ബസ് യാത്രയാരംഭിക്കുന്ന വിവരം കണ്ടക്ടർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഗൗരി കണ്ണ് തുടച്ച് ബസ്സിൽ കയറി സ്വന്തം സീറ്റിലിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ആരോ അവളുടെ ചുമലിൽ തട്ടി, അവൾ വെപ്രാളപ്പെട്ട് നനഞ്ഞ കണ്ണുകളോടെ തിരിഞ്ഞുനോക്കി. പെട്ടെന്നവൾ നിറഞ്ഞ സന്തോഷത്തിൽ ഉച്ചത്തിൽ പറഞ്ഞു.

“കുശൽ നീയോ.. നീയെന്താ ഇത്ര താമസിച്ചത്. ഞാനെത്ര നേരമായി നിന്നെ കാത്തുനിൽക്കുകയാണെന്ന് അറിയാമോ”

“ഞാൻ വീട്ടിൽ നിന്ന് ഓടിവരികയായിരുന്നു. ഇന്നിവിടെ നിന്നെ കാണാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ നിന്‍റെ പിന്നാലെ ഞാൻ കോളേജിൽ എത്തുമായിരുന്നു” യാത്ര പറഞ്ഞ് പിരിയും മുമ്പ് ഗൗരി ചിരിച്ച് കാണാൻ കുശൽ ഏറെ ആഗ്രഹിച്ചിരുന്നു.

“സത്യമാണോ? നീ മീററ്റിൽ വരുമായിരുന്നോ? ങ്ഹാ ഒരു കാര്യം ചോദിക്കട്ടെ… ഞാനീ ബസ്സിലുണ്ടെന്ന കാര്യം നീയെങ്ങനെ അറിഞ്ഞു.” ഗൗരി കുസൃതിച്ചിരിയോടെ പുരികമുയർത്തി ചോദിച്ചു.

“അത് ഞാൻ…. നിന്‍റെ മുടി തന്നെ ദൂരെ നിന്ന് കാണാമല്ലോ ഈ തിളക്കമുള്ള മുടി, പട്ടുപോലത്തെ ചുരണ്ടമുടി. ബസ്സിന്‍റെ ജനാലയിലൂടെ മുടിയിഴകൾ പാറുന്നത് ഞാൻ പിന്നിൽ നിന്നും കണ്ടിരുന്നു.” കുശൽ മറുപടി പറഞ്ഞ് പൊട്ടിച്ചിരിച്ചു.

ഈ സമയം ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്തു. ബസ് ഇരമ്പിത്തുടങ്ങിയതോടെ ഇരുവരുടെയും മുഖത്ത് യാത്ര പറച്ചിലിന്‍റെ വേദന പടർന്നു. സഡൻ ബ്രേക്കിട്ടപോലെ ഇരുവരുടെയും മുഖത്തെ ചിരി മാഞ്ഞു. കുശൽ ബസ്സിൽ നിന്നും ഇറങ്ങി കണ്ണിൽ നിന്നും മായും വരെ അവൻ അവളെ കൈവീശിക്കാട്ടി യാത്രയാക്കി.

സങ്കടം കനം വച്ച മനസ്സോടെ അവൻ വീട്ടിലേക്ക് യാത്രയായി. അവന്‍റെ ഓരോ ശ്വാസനിശ്വാസങ്ങളിലും അവളെക്കുറിച്ചുള്ള ചിന്തകളും ഓർമ്മകളുമായിരുന്നു. നേരം വൈകിത്തുടങ്ങിയിരുന്നു. വീട്ടിലെത്തിയ അവൻ അവളുടെ ഓർമ്മകളിൽ ലയിച്ചു. മനസ്സുകൊണ്ട് അവളുടെ അടുത്തേക്ക് ഓടിയെത്താൻ ആഗ്രഹിച്ചു. ആ ആകർഷണം സാധാരണ സൗഹൃദത്തിൽ കാണുന്ന ഒന്നല്ല. പക്ഷേ ഏത് പേര് നൽകാനാണ് അതിന്? അറിയില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി അവൻ തന്‍റെ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

കുറച്ചു ദിവസത്തിനുശേഷം കുശലും തന്‍റെ അച്ഛനേയും ഗ്രാമത്തെയും വിട്ട് മെഡിക്കൽ പഠനത്തിനായി മുംബൈയിലേക്ക് യാത്രയായി.

അവിടെയെത്തിയ അവന് താനേതോ അന്യലോകത്ത് എത്തിയതു പോലെയാണ് തോന്നിയത്. ഗൗരിയും ഇതുപോലെ എന്നെ ഓർക്കുന്നുണ്ടാവുമോ? അവൻ പലപ്പോഴും ചിന്തിച്ചു. ഗൗരിക്കാവട്ടെ മീററ്റ് എന്ന പട്ടണം തന്‍റെ ഗ്രാമത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായാണ് തോന്നിയത്. കുശലിന്‍റെ കൈപിടിക്കണമെന്ന ആഗ്രഹത്തിനൊപ്പം അവനൊപ്പം എന്നും കൂടെയുണ്ടാവണമെന്ന തീവ്രമായ ഇച്ഛയും അവളുടെ മനസ്സിൽ ഉടലെടുത്തു.

അവധിദിനങ്ങളിൽ ഗൗരി മിക്കപ്പോഴും അമ്മയെ കാണാനായി വീട്ടിലെത്തി. പക്ഷേ കുശലിനെ സംബന്ധിച്ച് അവന് വീട്ടിൽ വരാൻ പറ്റുമായിരുന്നില്ല. ആദ്യസെമസ്റ്റർ കഴിഞ്ഞശേഷമാണ് കുശലിന് ഏറെ നാളിനുശേഷം ഗൗരിയെ കാണാൻ കഴിഞ്ഞത്.

ഏറെ നാളിനുശേഷമുള്ള കൂടിക്കാഴ്ചയിൽ സന്തോഷം കൊണ്ട് ചിറകുകൾ വച്ച് പറക്കുന്നപോലെയാണവർക്ക് തോന്നിയത്. അന്ന് മുഴുവനും തങ്ങളുടെ പുതിയലോകത്തെ കുറിച്ചായിരുന്നു അവർ സംസാരിച്ചിരുന്നത്. ഒരു ദിവസം കുശലിന്‍റെ വീട്ടിലിരുന്ന് കോളേജ് വിശേഷങ്ങൾ പങ്കുവയ്ക്കവെ കുശൽ തെല്ലൊരു വേദനയോടെ പറഞ്ഞു.

“ഗൗരി, പകൽ മുഴുവനും പഠനം സംബന്ധിച്ചുള്ള കാര്യങ്ങൾ കടന്നുപോകും. പക്ഷേ രാത്രിയാവുമ്പോൾ എനിക്ക് ഇവിടത്തെ ഓർമ്മകളാണ്. ഏറ്റവും അധികം നിന്നെക്കുറിച്ചുള്ള ഓർമ്മകളാ…” കുശൽ പോലും അറിയാതെയാണ് ഒടുവിലത്തെ വാചകങ്ങൾ അവന്‍റെ വായിൽ നിന്ന് വീണത്.

ആ വാചകങ്ങൾ കേട്ട് ഗൗരിയുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചുകെണ്ടിരുന്നു.

ലജ്‌ജ നിറഞ്ഞ കണ്ണുകളോടെ ഗൗരി കുശലിന്‍റെ മുഖത്ത് നോക്കാതെ സ്വന്തം വിരലുകളിലേക്ക് നോക്കി.

“ഗൗരി, ഞാൻ എയർപോർട്ടിൽ നിന്നും ഒരു മൊബൈൽ വാങ്ങിയിരുന്നു. നിന്നോട് ഫോണിൽ സംസാരിച്ചാൽ അത്രയും ആശ്വാസമാകുമല്ലോ”

മൊബൈലിൽ പരസ്പരം മനസ്സുതുറക്കാനാവുമല്ലോയെന്ന ആശ്വാസത്തിൽ ഇരുവരും വീണ്ടും യാത്ര പറഞ്ഞ് പഠനസ്ഥലത്തേക്ക് യാത്രയായി.

ഗൗരി സമയം കിട്ടുമ്പോഴെക്കെ മൊബൈലിൽ കുശലിനെ വിളിച്ച് പരസ്പരം വിശേഷങ്ങൾ കൈമാറി. അടുത്ത തവണ വീട്ടിൽ പോകുമ്പോൾ ഏതെങ്കിലും അയൽക്കാരുടെ ഫോൺ നമ്പർ സംഘടിപ്പിക്കണം. അങ്ങനെയായാൽ ഇടയ്ക്ക് അമ്മയേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാമല്ലോ. ഗൗരി വിചാരിച്ചു. എന്നാൽ ദൂരെയിരിക്കുന്നവരെ ബന്ധിപ്പിക്കുന്ന മൊബൈലും ഒരു ദിവസം അവളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു.

ഒരു ദിവസം അവൾ കൂട്ടുകാർക്കൊപ്പം മാർക്കറ്റിൽ നിന്നും മടങ്ങുന്ന വേളയിൽ അവളുടെ കയ്യിൽ നിന്നും മൊബൈൽ മോട്ടോർ സൈക്കിളിൽവന്ന മോഷ്ടാക്കാൽ തട്ടിപ്പറിച്ചെടുത്തു. അന്ന് മൊബൈൽ നഷ്ടപ്പെട്ടതോർത്ത് ഗൗരി കുറേനേരം കരഞ്ഞു.

പിറ്റേദിവസം ഫോൺ നഷ്പ്പെട്ട വിവരം അവൾ മെയിലിലൂടെ കുശലിനെ അറിയിച്ചു. മറുപടിയായി അവൻ അവളെ സാന്ത്വനിപ്പിച്ചുകൊണ്ടുള്ള സന്ദേശമയച്ചു. അതോടെ ഗൗരിയുടെ സങ്കടത്തിന് ഒരയവ് വന്നു. പഠനത്തിരക്കു കാരണം കുശൽ വീട്ടിലെത്തുന്നതും കുറഞ്ഞു. ഗൗരിക്കത് സങ്കടമായി.

കുശലിന്‍റെ മനസ്സ് മുഴുവനും ഗൗരിയായിരുന്നു. ലാബിലെ രാത്രി വൈകും വരെയുള്ള ജോലി കാരണം കുശൽ ഏറെ തളർന്നാണ് ഹോസ്റ്റൽ മുറിയിലെത്തിയിരുന്നത്. കുറച്ചുദിവസം മുമ്പ് ഗൗരിയുടെ ഒരു മെയിൽ വന്നിരുന്നു. അതിൽ അവൾക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു. അതിനുശേഷം 2-3 മെയിൽ അയച്ചെങ്കിലും അതിനൊന്നും മറുപടിയും കിട്ടിയില്ല. ഒരു പക്ഷേ കോളേജിലെ കമ്പ്യൂട്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനമുണ്ടായിരിക്കും എന്നോർത്തുകൊണ്ട് കുശൽ സ്വയമാശ്വസിച്ചു.

ഈ സമയം മുറിയിലെ കോളിംഗ് ബെൽ മുങ്ങി. പോസ്റ്റുമാൻ താഴെ കാത്തുനിൽക്കുന്ന വിവരം അറിയിക്കാൻ വന്ന വാർഡനായിരുന്നുവത്. കുശൽ താഴേക്ക് ഓടിച്ചെന്ന് പോസ്റ്റുമാനിൽ നിന്നും രജിസ്റ്റർ ഒപ്പിട്ട് വാങ്ങി. അടുത്ത ആഴ്ചയിൽ ഡോക്ടർമാരുടെ ഒരു പാനലിനൊപ്പം കുശലിനെയും കൂടി ഡൽഹിയിലേക്ക് അയക്കാൻ പോവുകയാണെന്ന വിവിരമറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ആ സന്ദേശം വായിച്ചതോടെ അവന്‍റെ സങ്കടമൊക്കെ മാറി.

ഡൽഹിയിലെ ഒരു ക്യാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ അവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കാനുള്ള ദൗത്യമായിരുന്നുവത്. ഡൽഹിയിൽ നിന്നും ഏതാനും മണിക്കൂർ യാത്ര ചെയ്താൽ മീററ്റിൽ എത്താം. അവിടെ നിന്നും ഗൗരിയുടെ കോളേജിലേക്ക്… അവൾക്ക് അതൊരു സർപ്രൈസ് ആയിരിക്കും” എന്നോർത്തപ്പോൾ കുശലിന്‍റെ ഉള്ളിൽ സന്തോഷം തിരതല്ലി.

നിശ്ചയിച്ച ദിവസം തന്നെ കുശൽ ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്രയായി. രാത്രി 2 മണിയ്ക്ക് കുശലും സംഘവും ഡൽഹിയിലെത്തി. ഹോട്ടലിൽ അൽപം വിശ്രമിച്ചശേഷം രാവിലെ തന്നെ അവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ടീമിലുള്ള ഒരു ഡോക്ടറുമായി സംസാരിച്ചുകൊണ്ട് ആശുപത്രിയിലെ ഒരു വാർഡിലേക്ക് പ്രവേശിച്ച കുശലിന് മുന്നോട്ട് നടക്കാനാവാതെ കാല് കുഴഞ്ഞുപോയി. ധൈര്യം സംഭരിച്ചുകൊണ്ട് വാർഡിലെ ഒരു ബെഡ്ഡിനരികിലേക്ക് ചെന്നു.

“ഗൗരി… നീയിവിടെ? എന്താ… എന്തുപറ്റി..?” കുശൽ പരിഭ്രമത്തോടെ ചോദിച്ചു.

ഗൗരി കുശലിന്‍റെ കൈകൾ ഇറുക്കി പിടിച്ചു. “നീയെങ്ങനെ ഇവിടെയെത്തി?” ഗൗരിയുടെ തളർന്ന കണ്ണുകൾ അദ്ഭുതം കൊണ്ട്തിളങ്ങി.

“ഒരു കേസ്‍സ്റ്റഡിയുടെ ഭാഗമായി ടീമായി എത്തിയതാണ് ഞാൻ. നിന്‍റെ മെയിലൊന്നും കിട്ടാത്ത വിഷമത്തിലായിരുന്നു. പക്ഷേ…  എന്താ നിനക്ക്…” കുശലിന്‍റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

“എക്സാമിനുള്ള തയ്യാറെടുപ്പിനിടെ ഒരു ദിവസം എനിക്ക് തലകറക്കം വന്നു. പിന്നെ വല്ലാത്ത തളർച്ച. പഠിത്തത്തിന്‍റെ ടെൻഷനും തളർച്ചയും കൊണ്ടാണെന്നാ ഞാൻ വിചാരിച്ചത്. പക്ഷേ സ്ഥിതി വഷളായപ്പോൾ ഞങ്ങളുടെ മാഡത്തിന് എന്തോ സംശയം തോന്നി. എന്നെ ഹോസ്പിറ്റലിൽ കാണിച്ച് ടെസ്റ്റ് ചെയ്തു. പരിശോധനയിൽ ബ്ലഡ് ക്യാൻസറാണെന്ന് കണ്ടെത്തി. ഫസ്റ്റ് സ്റ്റേജാണ്.” തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

അതുകേട്ട് അവൾക്കരികിൽ കുശൽ തളർന്നിരുന്നു.

“അമ്മയ്ക്കറിയാമോ?”

“ഇല്ല അറിഞ്ഞാൽ അമ്മയ്ക്ക് സങ്കടമാവും. എന്നെ കാണാൻ പോലും അമ്മയ്ക്ക് വരാനാവില്ലല്ലോ” എന്ന് വളരെ പാടുപെട്ട് തളർന്ന ശബ്ദത്തിൽ ഗൗരി പറഞ്ഞു.

“നീ വിഷമിക്കരുത്. ഞാൻ ഇവിടെ വന്നല്ലോ… ഞാനുണ്ട്” സ്നേഹത്തോടെ അവളുടെ കവിളിൽ തട്ടിക്കൊണ്ട് കുശൽ പറഞ്ഞു.രോഗികളെയെല്ലാം പരിശോധിച്ചശേഷം ഡോക്ടർമാരുടെ സംഘം വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ കുശൽ ഗൗരിയുടെ രോഗവിവരത്തെപ്പറ്റി സീനിയർ ഡോക്ടറുമായി ചർച്ച ചെയ്തു. മുബൈയിലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഗൗരിയെ കൊണ്ടുപോകാൻ സീനിയർ ഡോക്ടർ നിർദ്ദേശിച്ചു. അവിടെ നിന്നും ധാരാളം രോഗികൾക്ക് രോഗം ഭേദമായിട്ടുണ്ടത്രേ.

കുശൽ മുംബൈയിലേക്ക് ഗൗരിയെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു. അവൻ സകല കാര്യവും വീട്ടിൽ വിളിച്ച് അച്ഛനെ അറിയിച്ചു. കുശലിന്‍റെ അച്ഛൻ ഗൗരിയുടെ അമ്മയെ വീട്ടിൽ വിളിപ്പിച്ച് ഗൗരിയുമായി ഫോണിൽ സംസാരിപ്പിച്ചു. പക്ഷേ രോഗവിവരത്തെപ്പറ്റിയൊന്നും അമ്മയെ ധരിപ്പിച്ചില്ല. പകരം ഏതോ ട്രെയിനിംഗിനായി മുംബൈയിലേക്ക് പോകേണ്ടതുണ്ടെന്നും കുശൽ ഒപ്പമുണ്ടെന്നും അവൾ അമ്മയെ ധിരിപ്പിച്ചു.

കുറച്ചുദിവസങ്ങൾക്കുശേഷം ഇരുവരും മുംബൈയിലേക്ക് യാത്രയായി. ചികിത്സയാരംഭിച്ചു. ചികിത്സയുടെ ഫലം അതിവേഗം ഗൗരിയിൽ കണ്ടുതുടങ്ങി. സ്വന്തം പഠനത്തിനൊപ്പം കുശൽ ഗൗരിയുടെ കാര്യങ്ങളിലും പൂർണ്ണശ്രദ്ധയർപ്പിച്ചിരുന്നു. കീമോ തെറാപ്പി ചെയ്യുന്ന ദിവസങ്ങളിലൊക്കെ ഗൗരി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ ഭക്ഷണം കഴിക്കുന്നുണ്ടോ തുടങ്ങിയെല്ലാ കാര്യങ്ങളിലും അവൻ അങ്ങേയറ്റം ശ്രദ്ധയർപ്പിച്ചു.

6-7 മാസങ്ങൾക്കുശേഷം ഗൗരിയുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു. അതിനാൽ കുറച്ച് മരുന്നുകളുടെ ആവശ്യമെ വേണ്ടിവന്നുള്ളൂ.

ഗൗരിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കുശൽ ഗൗരിയെയും കൂട്ടി അവളുടെ വീട്ടിലെത്തി. അതുവരെ നടന്ന എല്ലാ കാര്യങ്ങളും കുശൽ അവളുടെ അമ്മയെ വിശദമായി ധരിപ്പിച്ചു. ഇനി അസുഖത്തെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ് കുശൽ അമ്മയെ പ്രത്യേകം ഓർമ്മിപ്പിച്ചു.

അച്ഛനിൽ നിന്നും കുറച്ച് പണം വാങ്ങി കുശൽ ഗൗരിയുടെ അമ്മയെ ഏൽപിച്ചു. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണമെന്ന് ഗൗരിയെ പ്രത്യേകം ഓർമ്മിപ്പിച്ചശേഷം അവൻ യാത്ര പറഞ്ഞ് മുംബൈയിലേക്ക് പോയി.

നാട്ടിൽ ഗൗരി സുഖം പ്രാപിച്ചുവരുന്ന വിവരം അറിഞ്ഞ് കുശൽ ഏറെ സന്തോഷവാനായി. കുശൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയശേഷം വീട്ടിൽ മടങ്ങിയെത്തി. സ്വന്തം നാട്ടിലെത്തിയ അവൻ അൽപം അകലെയുള്ള ആശുപത്രിയിൽ പ്രാക്ടീസ് ആരംഭിച്ചു. സ്വന്തം ഗ്രാമത്തിലെ ആളുകളെ സേവിക്കുകയന്നെുള്ളതായിരുന്നു അവന്‍റെ ലക്ഷ്യം. അതോടൊപ്പം പാരമ്പര്യമായി ലഭിച്ച പഴയ ബംഗ്ലാവ് ഇടിച്ച് നിരപ്പാക്കി ആ സ്ഥാനത്ത് പുതിയ ആശുപത്രിക്കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

ഗൗരിയ്ക്കാകട്ടെ ഡിഗ്രി പഠനം പൂർത്തിയാക്കാനുള്ള തിടുക്കമായിരുന്നു. എന്നാൽ ഒരു ഡോക്ടറായതിനാൽ കുശൽ അവളോട് അൽപസമയം കൂടി ക്ഷമയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കാരണം ഇടയ്ക്കിടെ അവൾക്ക് തളർച്ചയനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തളർച്ച മാറുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് പോംവഴിയുണ്ടായിരുന്നില്ല. പക്ഷേ കൊറോണയെന്ന മഹാമാരി ചുറ്റും താണ്ഡവമാടുന്ന വേളയിൽ തനിക്ക് കഴിയുന്ന സേവനം നടത്തുന്നതിൽ നിന്നും ഗൗരിയ്ക്ക് സ്വയം ഒഴിഞ്ഞ് മാറാൻ കഴിയുമായിരുന്നില്ല.

പിറ്റേദിവസം മുതൽ അവൾ നിറഞ്ഞമനസ്സോടെ ജോലിയിൽ വ്യാപൃതയായി. തളർച്ചയൊക്കെ പൂർണ്ണമായും മറന്ന് ജോലിയിൽ മനസ്സർപ്പിച്ചുള്ള അവളുടെ സേവനം കണ്ടിട്ട് കുശലിന് അദ്ഭുതം തോന്നി.

ഒരു ദിവസം ജോലിക്കിടവേളയിൽ കാന്‍റീനിൽ ഇരുവരും ഒരുമിച്ച് ചായ കുടിക്കാനെത്തി. കുശൽ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഗൗരി, നീയേറെ ഇഷ്ടപ്പെട്ട ഡ്രസ് അണിഞ്ഞല്ലോ, നഴ്സിന്‍റെ യൂണിഫോം പക്ഷേ എനിക്കിഷ്ടപ്പെട്ട വസ്ത്രം നീയെന്ന് അണിയും? ചുവന്ന പട്ടുസാരിയുടുത്ത്…”

കുശലിന്‍റെ വർത്തമാനം കേട്ട് ഗൗരി നിരാശയോടെ പറഞ്ഞു.

“കുശൽ ഇനിയെന്‍റെ ജീവിതത്തിൽ എന്താണ് ഉള്ളത്? കിമോതെറാപ്പിയുടെ കറുത്ത നീരാളിപ്പിടിത്തിൽ എന്‍റെ ചുരുണ്ടമുടിയൊക്കെ പൊഴിഞ്ഞുപോയില്ലേ… നീയത് ഏറെ ഇഷ്ടപ്പെട്ടിരുന്നില്ലേ. എന്‍റെ ചുരുണ്ടമുടി ദൂരെ നിന്ന് കണ്ട് നീയെന്ന് തിരിച്ചറിഞ്ഞിരുന്നില്ലേ. ഇനി ആ ചുരുണ്ടമുടികൾ… ഗൗരിക്കില്ലല്ലോ..”

അവളുടെ മറുപടി കേട്ട് കുശൽ സ്നേഹത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി.

“ഗൗരി… നീ നിന്നെ സ്വയം മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. എനിക്ക്  നിന്നെക്കുറിച്ചോർത്ത് അഭിമാനമാണ്. രാപ്പകലില്ലാതെ എത്രയെത്ര രോഗികളെയാ നീ സ്വന്തം വേദന മറന്ന് പരിചരിക്കുന്നത്. നിന്‍റെ ഈ രൂപം സ്നേഹനിധിയാണ്. ചുരുണ്ടമുടിയേക്കാൾ എത്ര അമൂല്യമാണ് ഹൗസ്മാറ്റ്സ്യൂട്ട് അണിഞ്ഞ് നീ രോഗികളെ പരിചരിക്കുന്നത് കാണാൻ” കുശൽ വികാരനിർഭരനായി പറഞ്ഞു.

“എന്‍റെ സ്നേഹം വിജയിച്ചിരിക്കുന്നു. കൊറോണയ്ക്ക് വരെ നിന്‍റെ ഈ മനസ്സിന് മുന്നിൽ കീഴടങ്ങേണ്ടി വരും ഗൗരി. ഇനി എന്നുമെന്നും ഈ ചുരുണ്ടമുടിക്കാരി കുശലിന്‍റെതായി മാറും” കുശൽ അവളുടെ ചെവിയിൽ മന്ത്രിച്ചു.

ആരോഗ്യം തരും ശതാവരി

ആധുനിക ലോകത്ത് ആരോഗ്യ സംരക്ഷണത്തിന് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും രോഗം വരുമ്പോൾ മാത്രമാണ് നമ്മൾ അതേക്കുറിച്ച് ബോധവാന്മാരാകുന്നത്. വ്യായാമക്കുറവു കൊണ്ടും ദീർഘനേരം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നതിനാലും സ്ത്രീകളിൽ ഹോർമോൺ നില അസന്തുലിതമാകാറുണ്ട്. വേദനയോടു കൂടിയ മാസമുറ, ആർത്തവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ, ഈസ്ട്രജൻ അളവിലെ വ്യതിയാനങ്ങൾ ഇങ്ങനെ വന്ധ്യതയടക്കം പലതിലേക്കും ഈ അസന്തുലിതാവസ്‌ഥ കൊണ്ടെത്തിക്കും.

ജീവിതശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കേണ്ടത് മാറിയ ജീവിതശൈലി കൊണ്ടു തന്നെയാണ്. ഇതിന് ഏറ്റവും മികച്ചത് പ്രകൃതിദത്തമായ മാർഗങ്ങളാണ്. സ്ത്രീകളുടെ ഹോർമോൺ പ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണ് ശതാവരി.

ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് ശതാവരിയെ വിളിക്കുന്നത്. 50 ഓർഗാനിക് മൂലകങ്ങൾ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. സ്റ്റീരിയേയിഡൽ സാപോണിൻസ്, ഗ്ലൈക്കോസൈഡ്, ആൽക്കലോയിഡുകൾ പോളിസാക്കറൈഡുകൾ തുടങ്ങിയവയുടെ സാന്നിധ്യം യഥേഷ്ടമുള്ള ശതാവരിയുടെ രോഗനിവാരണ ശേഷി അദ്ഭുതാവഹമാണ്.

പ്രാചീനകാലം തൊട്ടേ ഇന്ത്യക്കാർ ശതാവരിയുടെ മേന്മ മനസിലാക്കി ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ചും പ്രത്യുൽപ്പാദനാവയവങ്ങളുടെയും പ്രത്യുൽപാദന വ്യവസ്ഥയുടെയും ആരോഗ്യ സംരക്ഷണത്തിന് ശതാവരിയോളം മികച്ച മറ്റൊരു പ്രകൃതിദത്ത മാർഗ്ഗമില്ല. അതിനാൽ ആയുർവേദത്തിൽ ശതാവരി ചേർത്ത ധാരാളം മരുന്നുകളും രസായനങ്ങളും ഇറങ്ങുന്നുണ്ട്.

ശതാവരി എന്നാൽ നൂറു ഭർത്താക്കന്മാർ ഉണ്ടാവാൻ പ്രാപ്തിയുള്ളവൾ എന്ന അർത്ഥം കൂടിയുണ്ട്. യുവതികൾക്കു മാത്രമല്ല, പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശതാവരി ഉപയോഗിക്കാവുന്നതാണ്. ആർത്തവ വിരാമവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ഇത് നല്ലതാണ്.

ശതാവരി കൊണ്ടുള്ള നേട്ടം

• പെൺ പ്രത്യുൽപ്പാദന വ്യവസ്‌ഥ സന്തുലിതമാക്കുന്നു.

• മുലപ്പാൽ വർദ്ധിപ്പിക്കുന്നു.

• ഹോർമോൺ സന്തുലിതമാക്കുന്നു.

• പുരുഷ പ്രത്യുൽപ്പാദന വ്യവസ്‌ഥയും മികവുറ്റതാകുന്നു.

• ദഹനേന്ദ്രിയവും അന്നനാളവും ആരോഗ്യമുള്ളതാക്കുന്നു.

• സുഖകരമായ മലശോധന നൽകുന്നു.

• ശ്വാസകോശങ്ങൾക്കും നാളങ്ങൾക്കും ആശ്വാസം പകരുന്നു.

• പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

• ആന്‍റി ഓക്സിഡന്‍റുകൾ ലഭ്യമാക്കുന്നു.

സ്ത്രീയുടെ ആരോഗ്യത്തിൽ ഏറ്റവും അനിവാര്യമായ ഈസ്ട്രജൻ ഹോർമോൺ നില സന്തുലിതമാക്കുക എന്ന കാര്യമാണ് ശതാവരി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. വീട്ടിൽ വളരെ എളുപ്പം വച്ചു പിടിപ്പിച്ച് വളർത്താവുന്ന ചെടിയാണിത്. പടർന്നു പിടിക്കുന്ന തരത്തിലുള്ള ഈ ചെടി അലങ്കാര സസ്യം പോലെയും ഉപയോഗിക്കാം. ഇതിന്‍റെ വേര് ചതച്ചിട്ട് വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്.

ടേക്ക് ഇറ്റ് ഈസി ബേബ്!

പലവിധ ഉത്തരവാദിത്തങ്ങൾ ഒരേ സമയം ഏറ്റെടുത്ത് മാനസിക സമ്മർദ്ദത്തിനു അടിപ്പെടുന്നുണ്ടോ? എങ്കിൽ അതു പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങളിതാ:-

പ്രതികരിക്കുക

നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന ഏത് കാര്യത്തിനോടും പ്രതികരിക്കുക. എല്ലാം നിശബ്ദമായി റോബോട്ടിനെ പോലെ സ്വീകരിക്കരുത്. മാനസിക സമ്മർദ്ദം കൊണ്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ മനസ്സിനെ നിങ്ങളല്ലാതെ മറ്റാർക്കാണ് മനസിലാക്കാനാവുക.

കഴിവിന്‍റെ പരമാവധി ജോലി ചെയ്യരുത്

 വീടായാലും ഓഫീസായാലും താൻ ചെയ്താലെ എല്ലാം പെർഫക്റ്റാകൂ എന്ന് കരുതി മുഴുവൻ ഉത്തരവാദിത്തവും സ്വന്തം ചുമലിൽ ഏറ്റെടുക്കരുത്. ഓർക്കുക, സ്വന്തം കഴിവിന് അപ്പുറത്തായി കഠിനമായി ജോലി ചെയ്‌തതു കൊണ്ട് നിങ്ങൾക്ക് പ്രത്യേകിച്ച് മെഡലൊന്നും ലഭിക്കാൻ പോകുന്നില്ല. മറിച്ച് ആളുകൾ നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കും.

മറ്റൊന്ന് കുറ്റപ്പെടുത്തലുകൾ അഭിമുഖീകരിക്കേണ്ടി വരും. ഇന്ന് ടീം വർക്കിന്‍റെ കാലഘട്ടമാണ്. പരസ്പരം മനസിലാക്കാനും അറിയാനുമുള്ള അവസരമാണ് അതുവഴി ഒരുങ്ങുന്നത്. മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിഞ്ഞു കിട്ടും. വീട്ടുജോലി ചെയ്യുന്നതിനു പോലും കുടുംബാംഗങ്ങളുടെ സഹായം സ്വീകരിക്കാം.

പോസിറ്റീവായ കാഴ്ചപ്പാട്

തെറ്റുകുറ്റങ്ങൾ ഉണ്ടായാൽ അതിന് താൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന ചിന്ത മനസിൽ നിന്നും ഉപേക്ഷിക്കണം. ഇപ്രകാരം ഓഫീസിൽ വച്ച് ഏതെങ്കിലും പ്രൊജക്റ്റ് കയ്യിൽ നിന്നും നഷ്ടപ്പെട്ടാൽ “ഈ ജോലി എനിക്ക് ചെയ്യാനെ പറ്റില്ല,” അല്ലെങ്കിൽ “എനിക്കതിനുള്ള അർഹതയില്ല” എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ മനസിൽ പ്രതിഷ്ഠിക്കരുത്.

ധീരയാവുക

മാതാപിതാക്കളുടെ കാഴ്ചപ്പാടുമായി നമ്മുടെ പെരുമാറ്റത്തിന് അഗാധമായ ബന്ധമുണ്ടാകാം. മുതിർന്നു കഴിഞ്ഞാലും അതിൽ നിന്നും മോചനം നേടുക അത്രയെളുപ്പമായിരിക്കുകയില്ല. ഇന്നത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ ആർക്കാണ് സമയം. എല്ലാവരും തന്നെ സ്വന്തം ലോകത്ത് ഒതുങ്ങി കൂടുന്ന കാഴ്ചയാണ്. ഇപ്രകാരം ഓഫീസ് അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ കഴിയുന്നില്ലെങ്കിൽ പരാജയം ഉറപ്പായിരിക്കും. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള മനഃകരുത്ത് ആർജ്‌ജിക്കുകയാണ് വേണ്ടത്.

പ്രകൃതിയുമായി ഇണങ്ങി കഴിയാം

 രാവിലെ സൂര്യോദയത്തിന് മുമ്പായി എഴുന്നേറ്റ് പ്രഭാത സവാരിക്കിറങ്ങാം. നല്ല പച്ചപ്പുള്ള സ്‌ഥലങ്ങളിൽ പ്രഭാത സവാരി നടത്തുക, നദി, കുളം, അരുവി, സമുദ്രം, പൂന്തോട്ടങ്ങൾ എന്നിവ സ്‌ഥിതി ചെയ്യുന്ന ഇടങ്ങളിൽ സവാരി നടത്തുന്നത് മനസിനും മസ്തിഷ്കത്തിനും ആശ്വാസം പകരും.

പരിഹാരം കാണുക

 എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ വളരെ ലൈറ്റായി കാണാൻ ശ്രമിക്കുക. അത്തരം പ്രശ്നങ്ങളെ ചൊല്ലിയുള്ള ആധിയും തിടുക്കവും കൂടുതൽ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും. ധൈര്യപൂർവ്വം പ്രതികൂല പരിതസ്‌ഥിതികളെ അഭിമുഖീകരിക്കാം. പ്രശ്നങ്ങളെപ്പറ്റി ശാന്തമായി ചിന്തിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുക. അതുവഴി പ്രശ്നം പരിഹരിക്കപ്പെടും.

ദിനചര്യ മാറ്റുക 

ദിവസവും ഒരേ ജോലി ചെയ്ത് മടുത്തിരിക്കുകയാണെങ്കിൽ ഓഫീസിലും മടുപ്പ് അനുഭവപ്പെടുകയാണെങ്കിൽ കുറച്ച് ദിവസം അവധിയെടുത്ത് കറങ്ങാൻ പോകാം. വല്ലപ്പോഴും ചെറിയ ഗെറ്റ് റ്റുഗദറുകൾ സംഘടിപ്പിക്കുക. മനസിന് ഇത്തരം ഒത്തുകൂടലുകൾ ആഹ്ലാദം പകരും.

നല്ലൊരു ശ്രോതാവാകുക 

മറ്റുള്ളവർ പറയുന്നതിനോട് നിങ്ങൾ അനുകൂലിക്കുന്നില്ലെങ്കിൽ കൂടി അവർ പറയുന്ന കാര്യം ശ്രവിക്കുക. പറയുന്നതെന്താണെന്ന് അറിയാൻ ശ്രമിക്കുക. അവർ പറയുന്ന കാര്യം നിങ്ങൾ സശ്രദ്ധം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക.

ഫിറ്റ്നസ്

 ആരോഗ്യ സംബന്ധമായ പ്രശ്നം അവഗണിക്കരുത്. അത്തരം പ്രശ്നങ്ങൾക്ക് കൃത്യമായ വൈദ്യപരിശോധന നടത്തുക. കുടുംബത്തിന്‍റെ കേന്ദ്രബിന്ദുവാണ് സ്ത്രീ. അവൾ മാനസികമായും ശാരീരികമായും ആരോഗ്യവതിയായ അമ്മയും ഭാര്യയും ഉദ്യോഗസ്‌ഥയും ആകേണ്ടത് ആവശ്യമാണ്.

കുട്ടികളോട് എന്തിനി ക്രൂരത?

നമ്മുടെ സമൂഹത്തിൽ നിരവധി ദുഷ്പ്രവണതകളുണ്ട്. അതിലൊന്നാണ് കുട്ടികൾക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങൾ. എല്ലാവരും അവരുടെ ജീവിതം മിനുക്കിയെടുക്കുന്ന തിരക്കിലായതു കൊണ്ട് കുട്ടികളിൽ വേണ്ടത്ര കരുതലെത്തുന്നില്ല. ഇതിനകം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്‌തതിനു ശേഷം ജനങ്ങൾക്ക് കുറച്ചൊക്കെ തിരിച്ചറിവ് വന്നു തുടങ്ങിയിട്ടുണ്ട്.  ഈയടുത്താണ് നമ്മുടെ കൊച്ചു കേരളത്തിലൊരിടത്ത് അമ്മൂമ്മയുടെ കൈയ്യിൽ നിന്നും ട്യൂഷൻ ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഏഴ് വയസ്സുകാരിയെ കൊണ്ടു പോയി ബന്ധു ലൈംഗീക ചൂഷണം നടത്തി കൊന്നത്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഭാവിതലമുറയെ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം ഓരോ രക്ഷിതാക്കളിലും അടങ്ങിയിരിക്കുന്നു. ചില സുപ്രധാന തീരുമാനങ്ങളിലൂടെയും മികച്ച ആശയവിനിമയത്തിലൂടെയും കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങളെ തടയാൻ കഴിയും.

കുട്ടികളോട് തുറന്ന് സംസാരിക്കുക

മാതാപിതാക്കൾ കുട്ടികളുമായി അടുത്തിടപഴകി ഏതു കാര്യവും അവർക്ക് തുറന്നു പറയുവാനുള്ള സൗഹൃദപരമായ അവസ്‌ഥ ഉണ്ടാക്കിയെടുക്കണം. ദൈനംദിന പ്രവൃത്തികളെക്കുറിച്ചും, അവർക്കിഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചും സംസാരിക്കാവുന്നതാണ്. കുട്ടി ഏതെങ്കിലും ആളുകളെ സംശയകരമായ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതിന് വേണ്ട മുൻകരുതലുകളോ നടപടികളോ എടുക്കണം. കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവർക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കണം. സ്വകാര്യതയെക്കുറിച്ചുള്ള അറിവ് പകരുക.

കുട്ടികളോട് ചെറുപ്രായത്തിൽ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ ആദ്യമത്ര എളുപ്പമല്ലെങ്കിലും സാവധാനം അവരെ പറഞ്ഞ് മനസ്സിലാക്കുക. ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ വിളിപ്പേരുകളും കുട്ടികൾക്ക് എളുപ്പത്തിൽ ഓർത്തെടുക്കാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ അസുഖകരമായ രീതിയിൽ അനുവാദമില്ലാതെ മറ്റൊരാൾ സ്പർശിക്കുന്നത് തെറ്റാമെന്ന അറിവും അങ്ങിനെ സംഭവിച്ചാൽ അത് ആരായാലും എന്തു പറഞ്ഞിട്ട് ആയാലും അവരെക്കുറിച്ച് എത്രയും പെട്ടെന്ന് രക്ഷിതാക്കളോടോ ഗുരുക്കന്മാരോടോ പറയാൻ മടിക്കേണ്ടതില്ല എന്ന് വ്യക്‌തമാക്കി കൊടുക്കുക.

സ്പർശിക്കുന്നതിലൂടെ

കുട്ടികൾക്ക് എന്താണ് തെറ്റായ സ്പർശനമെന്നും നല്ലതെന്നും വേർതിരിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കണം. മോശമായ പെരുമാറ്റം കാണിക്കുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനും പരിശീലിപ്പിക്കണം. സ്നേഹത്തോടെ പെരുമാറുന്നവരേയും മോശമായി പെരുമാറുന്നവരേയും സ്പർശനത്തിലൂടെ തിരിച്ചറിയാൻ പറ്റുമെന്നുള്ളതിന്‍റെ വ്യത്യാസങ്ങൾ കാരണങ്ങൾ സഹിതം വ്യക്‌തമാക്കി പറഞ്ഞു കൊടുക്കുക.

വിശ്വാസം നഷ്ടപ്പെടാതെ

കുട്ടികളെ സുഹൃത്തുക്കളാരെന്നും അവരുടെ രക്ഷിതാക്കൾ ആരൊക്കെയെന്നും തിരിച്ചറിയുക. കുട്ടികളെ ബന്ധുക്കളോ പരിചയക്കാരുമായോ കൂടുതൽ സമയം ചെലവഴിക്കാൻ വിടുമ്പോൾ ഒരിക്കലും പൂർണ്ണ വിശ്വാസം ഇല്ലാത്തവരുടെ അടുത്ത് ഇടപഴുകുവാൻ അനുവദിക്കരുത്. കുട്ടികളെ ഒറ്റയ്ക്ക് വിടാതെ അവരുടെ മേൽ എപ്പോഴും ശ്രദ്ധ ചെല്ലുന്ന രീതിയിൽ പെരുമാറുക.

രഹസ്യങ്ങൾ

കുട്ടികളുടെ അടുത്ത് ഒരാൾക്കും രഹസ്യം സൂക്ഷിക്കണമെന്ന് പറയേണ്ട കാര്യമില്ല. ലൈംഗീക ചൂഷണത്തിലെ ഭൂരിഭാഗം മുതിർന്നവരും ഇതു നമ്മൾ തമ്മിലുള്ള രഹസ്യമാണ് മറ്റാരോടും പങ്കുവയ്ക്കേണ്ടതില്ല എന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. കുട്ടികൾക്ക് അവരുടെ പ്രായത്തിൽ മുതിർന്നവരുടെ രഹസ്യം സൂക്ഷിക്കുന്നതിനായി ഏൽപ്പിക്കുന്നതിൽ പന്തിക്കേടുണ്ടെന്ന് തിരിച്ചറിയുക. അതിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക.

സ്വഭാവത്തിലെ മാറ്റം

കുട്ടികൾ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന കളികളിലും പ്രവൃത്തികളിലും മാറ്റമുണ്ടാവുക, ഉറക്കം ശരിയാകാതെ വരുക, അസ്വഭാവികമായ രീതിയിൽ പ്രതികരിക്കുക, ഒന്നിലും ശ്രദ്ധയില്ലാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ഇഷ്‌ടപ്പെട്ടതെന്തെങ്കിലും വേണ്ടെന്ന് പറയുക തുടങ്ങി അനവധി കാര്യങ്ങൾ കൊണ്ട് സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവരാം. ഇതിലെ കാരണങ്ങൾ കുട്ടിയോട് സമാധാനത്തോടെ ചോദിച്ചറിയുക. ഒരിക്കലും കുട്ടി പേടിക്കുന്ന രീതിയിൽ ഒച്ചവച്ചോ ബഹളമുണ്ടാക്കിയോ എടുത്തു ചാടിയുള്ള സമീപനങ്ങൾ സ്വീകരിക്കരുത്.

ലൈംഗീക ചൂഷണം സംഭവിച്ചാൽ

കുട്ടി ഏതെങ്കിലും രീതിയിലുള്ള ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കണം. പോലീസുമായോ ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റുമായോ സംസാരിച്ച് വൈകാതെ തുടർ നടപടികൾ സ്വീകരിക്കണം.

തെറാപ്പി

ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന ഭൂരിഭാഗം കുട്ടികൾക്കും ആദ്യം നൽകേണ്ടത്. മാനസികമായ കൗൺസിലിംഗാണ്. ഇതിന് വിവിധ തരം തെറാപ്പികൾ നിലവിലുണ്ട്. ഒരു നല്ല സൈക്കോളജിസ്റ്റിനെ കണ്ട് കുട്ടിക്ക് അനുയോജ്യമായത് സ്വീകരിക്കുക. സ്കൂളുകളിൽ കുട്ടികളുടെ മാനസിക വികാസത്തിന് നിരവധി മെന്‍റൽ ഹെൽത്ത് പ്രോഗ്രാമുകളുണ്ട്. അസ്വഭാവികമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നിങ്ങളെക്കൊണ്ട് അതിന്‍റെ കാരണങ്ങൾ കണ്ടെത്താനാവുന്നില്ലെങ്കിൽ എത്രയും വേഗം തെറാപ്പിസ്റ്റിനെ സമീപിക്കുന്നതാണ് ബുദ്ധി. എന്തു സംഭവിച്ചാലും അതൊരിക്കലും കുട്ടികളുടെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें