നോവെൽ കൊറോണ വൈറസ് പകരാതെ തടയാം... പെട്ടെന്ന് ഒരു ദിവസം മുതൽ കേട്ടു തുടങ്ങിയ കൊറോണ നിർദ്ദേശം മലയാളികൾക്കിപ്പോൾ സുപരിചിതമായെങ്കിലും ആ ശബ്ദത്തിനുടമ ആരായിരിക്കുമെന്ന ചോദ്യം എല്ലാ മലയാളിയുടെയും മനസ്സിൽ തോന്നിയിരിക്കാം. അത്രത്തോളം സ്ഫുടവും ശക്‌തവുമായ ശബ്ദം. മനസ്സിൽ ആഴ്ന്നിറങ്ങുന്ന ഒന്ന്.
'കൗതുകമേറിയ ആ അന്വേഷണത്തിനൊടുവിൽ സോഷ്യൽ മീഡിയ തന്നെ ആ ശബ്ദത്തിനുടമയെ കണ്ടെത്തി. പാലാ സ്വദേശിയായ ടിന്‍റുമോൾ ജോസഫ് എന്ന പെൺകുട്ടി. ജെഎൻയു വിദ്യാർത്ഥിനിയായ ടിന്‍റു ഡൽഹിയിൽ അറിയപ്പെടുന്ന വോയ്സോവർ ആർട്ടിസ്റ്റും കൂടിയാണ്.
കൊറോണ പരസ്യത്തിന് ശബ്ദം പകർന്ന ആ കഥയിലേക്ക്...
“ഞാനൊരു വോയ്സോവർ ആർട്ടിസ്റ്റാണ്. ധാരാളം സർക്കാർ കോർപ്പറേറ്റ് പരസ്യങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്. പതിവുപോലെ സ്റ്റുഡിയോയിൽ നിന്നും കോൾ വന്നപ്പോൾ അങ്ങനെയൊരു പരസ്യം എന്ന് കരുതിയാണ് കൊറോണ പരസ്യത്തെയും സമീപിച്ചത്. ഫോണിൽ വരുന്ന സന്ദേശമാണെന്ന് എനിക്കോ സ്റ്റുഡിയോയിൽ ഉള്ളവർക്കോ അറിയില്ലായിരുന്നു. ടിവിയിലോ സ്റ്റുഡിയോയിലോ വരുന്ന ഒരു പരസ്യം അത്രയേ വിചാരിച്ചുള്ളൂ” ടിന്‍റു ചിരിയോടെ പറയുന്നു. കേരളത്തിലെ ഓരോ ഫോണിലും മുഴങ്ങിക്കേട്ട ഈ പരസ്യത്തിലൂടെ ടിന്‍റുവിന് കിട്ടിയത് സൂപ്പർ മൈലേജും. അതിൽ ടിന്‍റുവിന് നിറഞ്ഞ സന്തോഷവും അഭിമാനവും മാത്രം.
വോയ്സോവർ ആർട്ടിസ്റ്റ്
കഴിഞ്ഞ രണ്ടര വർഷമായി സർക്കാറിന്‍റെയും കോർപ്പറേറ്റ് കമ്പനികളുടെയും പരസ്യങ്ങൾക്ക് ശബ്ദം പകർന്നിരുന്നു. ടിന്‍റുവിന് തന്‍റെ ശബ്ദത്തിന് ഇത്രയുമധികം പോപ്പുലാരിറ്റിയുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. അതും ഈ പ്രത്യേക സാഹചര്യത്തിൽ.
എങ്ങനെ ഈ രംഗത്ത്
ജെഎൻയുവിലാണ് എംഎ ഇൻറർനാഷണൽ റിലേഷൻ ഞാൻ ചെയ്തത്. എന്‍റെ ഡിഗ്രി പഠനമൊക്കെ മാംഗലാപുരം സെന്‍റ് ആഗ്നസ് കോളേജിലായിരുന്നു. അതുകഴിഞ്ഞ് ഞാൻ ഡൽഹിയിൽ എത്തുകയായിരുന്നു. ഉള്ളിൽ വലിയൊരു സ്വപ്നവുമായിട്ടായിരുന്നു ജെഎൻയുവിൽ എത്തിയത്. സിവിൽ സർവ്വീസ് എന്ന സ്വപ്നം. മൂന്ന് പ്രാവശ്യം ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. ആരോഗ്യപരമായ ചില കാരണങ്ങളുണ്ടായിരുന്നു പിന്നിൽ. അത് കടുത്ത നിരാശയായി.
എനിക്ക് മാത്രമല്ല എന്‍റെ പപ്പയ്ക്കും അമ്മയ്ക്കും അനുജനും. അവരുടെ വലിയ പ്രതീക്ഷയായിരുന്നു. ആ സങ്കടം മനസ്സിൽ ഇപ്പോഴും ബാക്കിയാണ്. എങ്കിലും പിന്നീട് മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. അതോടൊപ്പം ചെലവുകൾക്കായുള്ള വരുമാനം കണ്ടെത്തുന്നതിന് ഒരു പാർട്ട്ടൈം ജോലി ആവശ്യമാണ്.
കൾച്ചറൽ ഇവന്‍റ്സ് ഓർഗനൈസ് ചെയ്യുന്ന പ്രൊഫസർ പുരുഷോത്തം സാറിനോട് ജോലിക്കാര്യം പറഞ്ഞു. ആ സമയത്ത് ഞാൻ ക്യാംപസിൽ ആങ്കറിംഗുമൊക്കെ ചെയ്യുമായിരുന്നു. അതൊക്കെ സാറിനറിയാമായിരുന്നു. സാറിന്‍റെ നിർദ്ദേശപ്രകാരം ഞാൻ അദ്ദേഹത്തിന്‍റെ സുഹൃത്ത് ശ്രീകൃഷ്ണ ഭട്ടിനെ പോയി കണ്ടു. അദ്ദേഹം കന്നഡ വോയ്സോവർ ആർട്ടിസ്റ്റാണ്. അദ്ദേഹമാണ് എന്നെ ഈ രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. അങ്ങനെ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഈ രംഗത്തുണ്ട്.
പരസ്യം സ്വയം കേട്ടപ്പോൾ...
ആകെ രണ്ടോ മൂന്നോ വട്ടം ആണ് ഞാനാ പരസ്യം കേട്ടത്. എന്‍റെ പാരന്‍റ്സ് കർണാടകയിലാണ്. അതുകൊണ്ട് ഫോണിൽ വിളിക്കുമ്പോൾ കന്നഡയിലുള്ള പരസ്യമാണ് കേട്ടിരുന്നത്, ഇവിടെ ഹിന്ദിയിലും. നാട്ടിലോട്ട് വിളിച്ചപ്പോഴാണ് എന്‍റെ ശബ്ദം ഞാൻ കേൾക്കുന്നത്. ശരിക്കും സന്തോഷവും അഭിമാനവും തോന്നി. എന്‍റെ വോയ്സിന് നല്ല അവസരം കിട്ടി. പിന്നെ അൽപം വിമർശന ബുദ്ധിയുള്ളതുകൊണ്ട്ചില ഭാഗങ്ങൾ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു. ടിന്‍റു ചിരിയോടെ പറയുന്നു.