ജീവനെടുക്കുന്ന അന്ധവിശ്വാസങ്ങൾ

ഉമ എഞ്ചിനീയർ ആണ്. രാവിലെ പേപ്പർ വായിക്കുന്ന ശീലമുണ്ട്. തലക്കെട്ട് വാർത്തകൾ വായിച്ചു കഴിഞ്ഞാൽ പിന്നെ ഉമ നോക്കുന്നത് രാശിഫലം ആണ്. ഇന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ മൂഡോഫാകും. ബന്ധുജനങ്ങൾക്ക് നല്ല തല്ല എന്നോ മറ്റോ വായിച്ചാൽ പിന്നെ ഭർത്താവിനെയും മക്കളെയും പറ്റി ആധികേറും ഉമയ്ക്ക്. രാശിഫലത്തിൽ നല്ലതാണ് എഴുതിയിരിക്കുന്നതെങ്കിൽ ആ ദിവസം മുഴുവനും ആഹ്ലാദത്തിലായിരിക്കും ഉമ. പത്രത്തിലെ രാശിഫലക്കോളം ആശ്രയിച്ചിരിക്കും ഉമയുടെ ഒരു ദിവസം. ഇങ്ങനെ ഉമയെ പോലെ വിദ്യാസമ്പന്നരായ ആളുകൾ അന്ധവിശ്വാസത്തിൽ കഴിയുന്നത് എത്ര സങ്കടകരമാണ്. ഉമയെ പോലെ അനവധിപ്പേരുണ്ട്. ജാതിയും മതവും വിശ്വാസങ്ങളും എത്ര ഉന്നതമായ വിദ്യാഭ്യാസം നേടിയിട്ടും മനസിൽ നിന്ന് വിട്ടുമാറാത്തവർ.

ഇനി വേറൊരു സംഭവം പറയാം. വിനീത കറുത്ത നിറത്തിലുള്ള ഡിസൈൻ ചുരിദാർ ധരിച്ചു കൊണ്ടാണ് അടുത്ത സുഹൃത്തിന്‍റെ കല്യാണത്തിനു പോയത്. കൂട്ടുകാരികളെല്ലാം അവളുടെ ഡ്രസ്സിനെ പറ്റി നല്ലതു പറഞ്ഞു. എല്ലാവരും പുകഴ്ത്തുന്നത് കേട്ടപ്പോൾ തന്‍റെ സെലക്ഷൻ തെറ്റിയില്ലെന്ന് വീനിത യ്ക്കു തോന്നി. പക്ഷേ അവളുടെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കല്യാണപ്പെണ്ണിന്‍റെ ആന്‍റി അടുത്തേയ്ക്ക് വന്ന് ചോദിച്ചു “വിനീത എന്തു പണിയാണ് കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ച് ആരെങ്കിലും ശുഭ കാര്യങ്ങൾക്ക് പങ്കെടുക്കുമോ? ഇതൊരു കല്യാണ ചടങ്ങല്ലേ. മരണ വീടൊന്നും അല്ലല്ലോ?”

ഇതു കേട്ടതും വിനീത വല്ലാതായി. അവളുടെ കണ്ണ് നിറഞ്ഞു. കൂട്ടുകാരികൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ സദ്യ പോലും കഴിക്കാതെ ഇറങ്ങിപ്പോയി. ഇത്തരം അന്ധവിശ്വാസങ്ങൾ പരിഷ്ക്കാരികളെന്ന് നടിക്കുന്നവർക്കിടയിൽ പോലും വ്യാപകമാണ്.

ജീവാപായം

ഈ ആധുനിക നൂറ്റാണ്ടിലും അന്ധവിശ്വാസത്തിന്‍റെ പേരിൽ അനേകം ആളുകളാണ് കൊല്ലപ്പെടുന്നത്. സ്വയവും മറ്റുള്ളവരുടെ പ്രേരണ കൊണ്ടും അന്ധവിശ്വാസത്തിന്‍റെ ഭാഗമായി മരണം വരിക്കുന്നവർ അനവധിയാണ്. ഒരു കുടുംബത്തിലെ 14 പേർ ജീവനൊടുക്കിയത് യുപിയിൽ ആയിരുന്നു. വീടിന്‍റെ ചുമരുകളിൽ 14 ദ്വാരങ്ങൾ നിർമ്മിച്ച ശേഷം പ്രാണൻ ദ്വാരത്തിലൂടെ തിരിച്ചെത്തി ശരീരത്തിൽ കയറിയാൽ അമാനുഷിക ശക്തി ലഭിക്കും എന്ന ചിന്തയാണിവരെ തൂങ്ങി മരിക്കാൻ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിലും സമാന സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. അജയ്.പി മങ്ങാടിന്‍റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിലും സമാനമായ ഒരു അന്ധവിശ്വാസത്തെപ്പറ്റി വിവരണമുണ്ട്.

അന്ധവിശ്വാസം പ്രചരിക്കാനും അത് ആളുകൾക്കിടയിൽ വേരുറയ്ക്കാനും പ്രധാന കാരണം പൂജാരികളും മുല്ലാക്കമാരും പാതിരികളുമാണ്. മതം വിറ്റു കാശാക്കുന്നവർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു. ഭാവിയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുക, ആശങ്കയുണ്ടാക്കി പൂജാദി കർമ്മങ്ങൾ ചെയ്യിപ്പിക്കുക എന്നിവയൊക്കെയാണ് മതമേലാളന്മാരുടെ ധനാഗമന മാർഗ്ഗങ്ങൾ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തൽ, പുസ്തകം, ലഘുലേഖകൾ എന്നിവ അച്ചടിച്ചു വിതരണം ചെയ്യുന്നതും ഇത്തരക്കാരുടെ സ്‌ഥിരം പരിപാടിയാണ്.

അജ്ഞതയിൽ നിന്നാണ് അന്ധവിശ്വാസം ഉടലെടുക്കുന്നത്. ഭയം, നിരാശ, മോഹഭംഗം, ആർത്തി, ആശങ്ക എന്നീ മനോനിലകൾ ചൂഷണം ചെയ്യാൻ ചുറ്റിലും ആളുകൾ കൂടി വരുന്നതോടെ ഒരു മനുഷ്യൻ അന്ധവിശ്വാസത്തിലേയ്ക്ക് കൂപ്പ് കുത്തുന്നു. യുക്തിയുള്ളവർ ഈ വിചാരങ്ങളെ അതിജീവിക്കുകയും അന്ധവിശ്വാസത്തെ പൊളിച്ചെഴുതുകയും ചെയ്യും. മനോബലം ഇല്ലാത്തവരിൽ ഇത് ജയിലിൽ കുടുങ്ങിയ പോലെ കുടുങ്ങി കിടക്കും.

ടിവി ചാനലിലും സോഷ്യൽ മീഡിയയിലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന അനേകം കാര്യങ്ങൾ ഉണ്ട്. ടിവിയിലെ രാശിഫലം അതിലൊന്നാണ്. മിക്ക സീരിയലിലും പുരോഗമനപരമല്ലാത്ത കഥകളാണ് ഹിറ്റായി ഓടുന്നത്. യുക്തിയ്ക്ക് നിരക്കാത്ത പ്രചാര വേലകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഉണ്ട്. 100 പേർക്ക് ഈ മെസേജ് ഫോർവേഡ് ചെയ്‌തില്ലെങ്കിൽ നിങ്ങൾക്ക് 10 ദിവസത്തിനുള്ളിൽ അനർത്ഥം സംഭവിക്കും എന്നൊക്കെയുള്ള പോസ്റ്റുകളും ട്രോളുകളും സർവ്വസാധാരണമാണ്. നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഈ സന്ദേശം 100 പേരിൽ എത്തിക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് നാലുദിവസത്തിനുള്ളിൽ ദുരന്തം അനുഭവിക്കേണ്ടി വരും എന്നൊക്കെ പേടിപ്പിക്കുന്ന കാര്യങ്ങൾ വാട്സ്ആപ്പിലും മറ്റും പലർക്കും ലഭിക്കാറുണ്ട്. മിക്കവരും ഇതെല്ലാം ആശങ്കയോടെ ഫോർവേഡ് ചെയ്യാറുമുണ്ട്.

ഇന്ന നിറം, വസ്ത്രം ഇന്ന ദിവസം ധരിച്ചാൽ ആയുരാരോഗ്യവും ധനവും ഉണ്ടാവും എന്നൊക്കെ വിശ്വസിപ്പിച്ച് ആത്മീയക്കച്ചവടം പൊടിപൊടിക്കുന്ന വിശ്വാസികളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. സ്ത്രീകളെയാണ് അന്ധവിശ്വാസം കൂടുതലും പിടികൂടുക. വ്രതമെടുപ്പും നേർച്ചയും ഉരുളലും മറ്റും സ്ത്രീകളെ ആധുനികരാവുന്നതിൽ നിന്ന് വിലക്കാനുള്ള സംഗതികളായി തീരുന്നു.

മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം പറയാം. 13 വയസ്സുള്ള ഒരു പെൺകുട്ടിയെ കൊണ്ട് 68 ദിവസം വ്രതമെടുപ്പിച്ചു. ഉപവാസം എടുപ്പിച്ചത് കുടുംബ ബിസിനസ്സ് മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നുവത്രേ. പെൺകുട്ടി ശാരീരിക അസ്വസ്ഥത കാണിച്ചിട്ടും വ്രതം മുടക്കിയില്ല. ഫലമോ പെൺകുട്ടി മരണത്തിനു കീഴ്പ്പെട്ടു. ബിസിനസ്സ് എന്തായോ എന്തോ?

നിയമവിരുദ്ധം

നമ്മുടെ നാട്ടിൽ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയുമായി ബന്ധപ്പെട്ടു പോലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കുന്നതും, ഭക്ഷണം കഴിക്കുന്നതും പൂജ ചെയ്യുന്നതും വഴിപാട് കഴിക്കുന്നതും പാടില്ലത്രേ. ചിലർ തൊഴിലിനുപോലും പോകാതെ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കും.

സൂര്യഗ്രഹണ സമയത്ത് വാരണാസിയിലും ഹരിദ്വാറിലും ഗംഗയിൽ സ്നാനം ചെയ്യാൻ ഭക്‌തന്മാരുടെ വൻതിരക്കാണ്. ഭക്‌തജനത്തിരക്ക് കണ്ടശേഷം ഒരു വിദേശ പത്രപ്രവർത്തകൻ പറഞ്ഞത് വളരെ പ്രസക്തമാണ്. “ഈ കൂട്ടായ്മ ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ ഈ ജനതയുടെ ജീവിതം എത്ര സുന്ദരമായേനെ” ഇങ്ങനെ വിശ്വാസത്തിന്‍റെ പേരിൽ തടിച്ചു കൂടുന്നത് നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ നാട് എന്നേ നന്നായി പോയേനെ. പുഴ വൃത്തിയാക്കാനോ പാലം പണിയാനോ വിശ്വാസികൾ ഒത്തു കൂടിയിരുന്നെങ്കിൽ! ഒന്ന് ആലോചിച്ചു നോക്കൂ…

കുഞ്ഞ് ജനിക്കുന്നതിനും വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഭൂമി പൂജയ്ക്കും നല്ല മുഹൂർത്തം നോക്കുന്നവരാണ് ഭാരതീയർ. ഇതിനായി പൂജാരിയെയോ, പണിക്കരേയോ കാണാൻ പോകും. നല്ല ദിവസം നോക്കി ഭാര്യയുടെ സിസേറിയൻ ചെയ്യിക്കുന്ന ഭർത്തൃവീട്ടുകാരുണ്ട്. ആരാണ് ഈ ശുഭ മുഹൂർത്തം നിശ്ചയിക്കുന്നത് എന്ന് ചിന്തിക്കാത്ത വിദ്യാസമ്പന്നരാണ് ഈ ജനത. റോക്കറ്റ് വിക്ഷേപിക്കുമ്പോഴും തേങ്ങ ഉടയ്ക്കുന്നവർ!

വർണ്ണക്കല്ലുകൾ പതിച്ച മോതിരവും മാലയും അണിഞ്ഞാൽ നല്ലതു വരും എന്ന് വിശ്വസിക്കുന്നവർ അനേകരുണ്ട്. എന്തായാലും മുൻകാലങ്ങളെ അപേക്ഷിച്ച് അന്ധവിശ്വാസം കൂടി വരുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ ചെയ്‌തികൾ കാണിക്കുന്നത്. ടിവിയിൽ വരുന്ന പരസ്യങ്ങളിൽ പലതും പാരമ്പര്യത്തിന്‍റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവ യാണ്.

വിശ്വാസികളുടെ ലോകം

മതത്തിന്‍റെ തലപ്പത്തിരിക്കുന്നവർ ഉണ്ടാക്കിയെടുക്കുന്ന ലോകമാണ് അന്ധവിശ്വാസത്തെ നിലനിർത്തുന്നത്. ഇത് അവരുടെ ലാഭത്തിന്‍റെ കച്ചവടമാണ്. അത് നിലനിർത്തി കൊണ്ട് പോവേണ്ടത് അവരുടെ സുഖജീവിത സൗകര്യങ്ങൾക്ക് ആവശ്യവുമാണ്. വിശ്വാസികളെ സൃഷ്ടിക്കുകയും അവരുടെ ചിന്തകളിലേയ്ക്ക് ഭയവും ആശങ്കയും നിറയ്ക്കുകയും അതിനു പരിഹാരം കാണാനായി പൂജകളും മന്ത്രങ്ങളും മന്ത്രവാദവും സൃഷ്ടിക്കുകയും ചെയ്യുന്നത് സാധാരണക്കാരല്ല.

മതത്തിന്‍റെയും ജാതിയുടെയും പേരിൽ പാരമ്പര്യം പറഞ്ഞ് അന്ധവിശ്വാസത്തെ ഊട്ടിഉറപ്പിക്കുന്നത് അമ്പലം, പള്ളി, ദേവാലയങ്ങൾ ഇവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ തന്നെയാണ്. ഇതൊരു കേന്ദ്രീകൃത ബിസിനസ്സാണ്. മന്ത്രമോതിരം മുതൽ ഉണ്ണിയപ്പം വരെ ഭക്‌തിയുടെ പേരിൽ വിൽപ്പന നടത്തുന്നു. ധനമോഹനയന്ത്രം, സിദ്ധമാല, സിദ്ധമോതിരം, തിരുവോസ്തി, കണ്ണ് പറ്റാതിരിക്കാനുള്ള കല്ല്, പുണ്യജലം ഇങ്ങനെ പലതിന്‍റെയും പരസ്യം ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. സത്യത്തിൽ ഇത് നിയമം മൂലം നിരോധിക്കേണ്ടതാണ്.

അശാസ്ത്രീയമായ കാര്യം പറഞ്ഞ് ദുർബലമായ മനസ്സുള്ളവരെ പണത്തിനുവേണ്ടി ചൂഷണം ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

ഡയൻ, ഭൂതപ്രേതങ്ങൾ, പിശാച് എന്നി കാര്യങ്ങൾ ഒക്കെ ദുർബലമായ മനസിന്‍റെ ചിന്തകളാണ്. അതും ചൂഷണം ചെയ്യപ്പെടുന്നു. ജീവിത വിജയത്തിനായി നഗ്നപൂജ നിർദ്ദേശിക്കുന്ന പൂജാരികളും മുല്ലാക്കമാരും സൂഫി ചമഞ്ഞു നടക്കുന്നവരും പള്ളി വികാരികളും ഉണ്ട്. ചെകുത്താൻ സേവ ചെയ്യുന്നവരും കുറവല്ല. ദോഷം നീങ്ങാൻ വേണ്ടി വാതിൽ പടിയിലും വണ്ടിയുടെ താഴെയും ചെറുനാരങ്ങ കെട്ടി തൂക്കുന്നവരുമുണ്ട്. ചിലർ വണ്ടിയുടെ ബോണറ്റിൽ വരെ മുളകും നാരങ്ങയും കെട്ടിത്തൂക്കും. ഇതൊക്കെ അപകടത്തിൽ പെടാതിരിക്കാനാണത്രേ. കാലം പോയ പോക്കേ…

രണ്ട് വിവാഹം ജീവിതത്തിൽ നടക്കുമെന്ന് ഭയന്ന് മരത്തെ കല്യാണം കഴിച്ച ശേഷം (മാല ചാർത്തും) വധുവിനു താലി ചാർത്തുന്ന മണ്ടന്മാരും ഉണ്ട്. പല സിനിമാനടന്മാരും ഇങ്ങനെ ചെയ്‌തവരാണ്. രണ്ടാം വിവാഹയോഗം ഒഴിവാക്കാൻ വേണ്ടിയാണിത്. അഭിഷേക് ബച്ചൻ ഇങ്ങനെ ചെയ്‌തത് വാർത്തയായിരുന്നു. ഇവരെല്ലാം ഇങ്ങനെ ചെയ്തത് ഏതെങ്കിലും ഒരു പുരോഹിതന്‍റെ നിർദ്ദേശപ്രകാരമായിരിക്കുമല്ലോ.

മതത്തിന്‍റെ പേരിൽ

ദൈവത്തിന്‍റെ പേരിലും മതത്തിന്‍റെ പേരിലും അന്ധവിശ്വാസം വളർത്തുന്നതിനെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യമൊന്നും സാധാരണ ജനത്തിന് ബാധകമല്ല. അവരെ ഇങ്ങനെ വിശ്വസിപ്പിച്ച് ജീവിതം തന്നെ താറുമാറാക്കുന്നവർ സമൂഹത്തെ പിന്നോട്ടാണ് നയിക്കുന്നത്.

ഹൈദ്രബാദിൽ നടന്ന സംഭവം നോക്കൂ. 50 വയസുള്ള ഒരു എംബിഎകാരന് ഒരു സംശയം. തന്നോട് വിരോധമുള്ള ചില കുടുംബാംഗങ്ങൾ തനിക്കെതിരെ മന്ത്രവാദം പ്രയോഗിക്കുന്നുവെന്നും അതു കൊണ്ടാണ് തനിക്ക് പ്രമോഷൻ കിട്ടാത്തതെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി! ശത്രു ദോഷത്തിനും കണ്ണ് തട്ടാതിരിക്കാനും മന്ത്രവാദത്തിനും ആഭിചാരക്രിയയ്ക്കും പിറകെ പോകുന്നവർ അവരുടെ ജീവിതം വ്യർത്ഥമാക്കുകയാണ്. ഇത്രയും കാലമായി തങ്ങൾ ആർജിച്ച അറിവുകൾ ഒന്നും തന്നെ അവരെ രക്ഷിക്കുന്നില്ല.

മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ ഒരു പെൺകുട്ടി ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. അതുകൊണ്ടവർ പരിഹാരത്തിനായി ഒരു തന്ത്രിയെ സമീപിച്ചു. ശത്രു സംഹാരത്തിനായി പെൺകുട്ടിയുടെ അമ്മയുടെ പക്കൽ നിന്ന് പലപ്പോഴായി 500 രൂപ വച്ച് തന്ത്രി വാങ്ങിച്ചിരുന്നു. അവസാനം 2 ലക്ഷം വരെയായി. മാത്രമല്ല ആ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു.

മകളെ രക്ഷിക്കാൻ നടന്ന അമ്മ അന്ധവിശ്വാസത്താൽ അവരും വെട്ടിലായി എന്ന് പറഞ്ഞാൽ മതിയല്ലോ. തന്ത്രി ജപിച്ചു കെട്ടുന്ന ചരട് പെൺകുട്ടി വലിച്ചു പൊട്ടിച്ചു ദൂരെ കളഞ്ഞു. എന്നിട്ട് കാമുകനൊപ്പം ഇറങ്ങിപ്പോയി. ഇത്തരം സംഭവങ്ങൾ അനവധി പ്രബുദ്ധ കേരളത്തിലും നടക്കുന്നുണ്ട്.

വശീകരണ യന്ത്രം എന്ന ഒരു സൂത്രവുമായി ഇറങ്ങിയ കുറെ ദുർമന്ത്രവാദികൾ ഉണ്ട്. തട്ടിപ്പ് തന്നെ ലക്ഷ്യം. ഓൺലൈൻ വഴി കാശടച്ച് അപ്പോയിൻമെന്‍റ് ഒക്കെ എടുത്തിട്ടാണ് പലരും മന്ത്രാവാദിയെ കാണാൻ ചെല്ലുന്നത്. ഇര പണക്കാരാണെങ്കിൽ നന്നായി പിഴിഞ്ഞു വിടും.

അന്ധവിശ്വാസവും കൊലയും 

ആധുനിക ഇന്ത്യയിലും ആഭിചാരക്രിയയുടെ പേരിൽ ബലി കൊടുക്കുന്നവരുമുണ്ട്. ജീവിതവിജയം നേടാനും മോക്ഷം കിട്ടാനും അമാനുഷിക ശക്തി കിട്ടുമെന്നുമുള്ള ചിന്തയാലും ബലി കഴിക്കുന്നവർ. സത്യം പറഞ്ഞാൽ മാനസിക രോഗമുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ ചെന്ന് പെടുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെകുത്താൻ കൂടിയ പെണ്ണ് എന്നൊക്കെ മുദ്ര കുത്തി ആളുകൾ സ്ത്രീകളെ മർദ്ദിച്ച് കൊല്ലുന്ന കാഴ്ച ദാരുണമാണ്.

അന്ധവിശ്വാസം പ്രകടിപ്പിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണെങ്കിലും പലപ്പോഴും അധികാരത്തിലിരിക്കുന്നവർ തന്നെ ഇതെല്ലാം നടപ്പിലാക്കുന്നു എന്നതാണ് ദുഃഖകരം. പല സംഘടനകളും അന്ധവിശ്വാസ നിർമ്മാർജ്‌ജനത്തിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മതത്തിന്‍റെ ഉള്ളിലുള്ള തൽപര കക്ഷികൾ എല്ലാം തുരങ്കം വയ്ക്കുന്നു. പല പ്രവർത്തകരേയും കൊലപ്പെടുത്താൻ വരെ അവർ മടിക്കുന്നില്ല. നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ടത് സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ നിരന്തരം പോരാടിയതിന്‍റെ പേരിലാണ്.

മതത്തിന്‍റെയും ജാതി ആചാരങ്ങളുടെയും ജീർണ്ണിച്ച സംസ്കാരത്തിന്‍റെയും ഭാഗമായി നിൽക്കാനാണ് ജനകീയരായ പല ഭരണകർത്താക്കളും താൽപര്യം കാണിക്കുന്നത്. മതങ്ങളാണ് അധികാരത്തിന്‍റെ സിരാകേന്ദ്രം എന്ന് അറിയാവുന്നതിനാൽ അവരെ തളർത്തുന്ന യാതൊരു നടപടിയ്ക്കും ഭരണകൂടവും തയ്യാറാകാറില്ല. സമീപകാലത്ത് നാം കണ്ട പല സംഭവങ്ങളും ഉദാഹരണങ്ങളാണ്.

ഇതിനുപുറമേ രോഗശാന്തിക്കായി പ്രാർത്ഥനയും വ്രതവുമായി വിശ്വാസികളെ കൂട്ടുന്ന തരത്തിൽ മതത്തിന്‍റെ മുഖംമൂടി അണിഞ്ഞ ആൾദൈവങ്ങളും വളരുകയാണ്. അന്ധവിശ്വാസത്തിന്‍റെ വേരുകൾ അറുക്കാൻ ജനം ഉണരുക തന്നെ വേണം. അന്ധവിശ്വാസികളെ ഒറ്റപ്പെടുത്തണം.

കുടുംബ കലഹം കുട്ടികളെ വഴിതെറ്റിക്കും

പാറ്റ്നയിലെ ഒരു ഹൈസ്ക്കൂൾ ടീച്ചറായിരുന്നു മനീഷാ ഗോസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അവരുടെ ഭർത്താവ് രവി ഗോസ്വാമിയെ അറസ്റ്റ് ചെയ്‌തിരുന്നു. പക്ഷേ മറ്റ് ആരോപിതർ മുങ്ങി. അവർ മനീഷയുടെ മക്കളായ 2 വയസ്സുകാരി അന്ധരയേയും 10 മാസമായ വിശാഖയെയും കൊണ്ടാണ് പോയത്.

മനീഷയുടെ അനിയൻ മനീഷ് പറയുന്നത്, മനീഷ ജോലി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഭർത്താവ് രവി അതിനു സമ്മതിച്ചില്ലെന്നുമാണ്. മാത്രമല്ല സ്വന്തം വീട്ടിൽ വരാൻ പോലും മനീഷയെ രവി സമ്മതിച്ചിരുന്നില്ലത്രെ. ഈ കാര്യവും പറഞ്ഞ് രവിയും മനീഷയും എപ്പോഴും വഴക്കടിച്ചിരുന്നു.

കഴിഞ്ഞ മാസം മനീഷ വീട്ടിൽ പോകാൻ ഉറച്ച തീരുമാനം എടുത്തു. അപ്പോൾ വഴക്ക് മൂത്ത് ഉന്തും തള്ളുമായി. രവി മനീഷയെ മൂന്നാമത്തെ നിലയിൽ നിന്നും തള്ളിയിട്ടു. അങ്ങനെയാണ് മനീഷ മരണപ്പെട്ടത്. രവി പോലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ് “മനീഷ വീട്ടിൽ പോകാൻ ശ്രമിച്ചപ്പോൾ വഴക്കായി. പോവണ്ട എന്ന് പറഞ്ഞതിനാൽ ദേഷ്യം വന്ന് മനീഷ മൂന്നാനിലയിൽ നിന്ന് എടുത്തുചാടി.”

മനീഷ ഈ ലോകത്തോട് വിട പറഞ്ഞു. രവി ജയിലായി. പോലീസും നിയമവും അതിന്‍റേതായ വഴിക്ക് നീങ്ങി. ഇതിന്‍റെയെല്ലാം നൂലാമാലയിൽ കുടുങ്ങിയത് ഒന്നും അറിയാത്ത പാവം കുഞ്ഞുങ്ങളാണ്. ഇനി അവരുടെ ഭാവി എന്താവും? ഈ വിഷയത്തിൽ നിയമത്തിന് എന്ത് ചെയ്യാൻ കഴിയും? കുഞ്ഞുങ്ങളെ മുത്തശ്ശനും മുത്തശ്ശിയും അടുത്ത ബന്ധുക്കളും എത്ര കാലം നോക്കും? ചെലവിനു കൊടുക്കും? അവരുടെ പഠനവും ആരോഗ്യപരിപാലനവും ആര് ഏറ്റെടുക്കും? ഇത്തരം കേസുകളിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളടെ കാര്യം വലിയ കഷ്ടമാണ്. നിയമത്തിന്‍റെ ഒരു പുസ്‌തകത്തിലും ഇതിനൊന്നും യാതൊരു പരിഹാരവുമില്ല.

“മാതാപിതാക്കളുടെ വഴക്കിനിടയിൽ ഞെരിഞ്ഞമരുന്നത് കുട്ടികളാണ്. അവരാണ് യഥാർത്ഥ്യത്തിൽ തകർന്നു പോകുന്നത്. ഇത് പല രക്ഷിതാക്കളും മനസ്സിലാക്കാറില്ല.” മനശാസ്ത്രജ്ഞനായ അജയ് മിശ്ര പറയുന്നു.

ഇങ്ങനെ കുട്ടികളെ ബാധിക്കുന്ന അനേകായിരം കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. തന്‍റെ കേസ് ഡയറിയിൽ നിന്ന് ഒരു സംഭവം ഡോ.അജയ് മിശ്ര പറയുന്നു.

“ഭർത്താവും ഭാര്യയും വഴക്കടിക്കുന്നതിനാൽ മനം മടുത്ത് വീട്ടുകാർ അവരെ കൗൺസിലിംഗിനു കൊണ്ടുവന്നതായിരുന്നു. 2 കുട്ടികളും അവരുടെ കൂടെ വന്നിരുന്നു. എല്ലാവരുമായി സംസാരിച്ച ശേഷം ഞാൻ കുട്ടികളോടും കാര്യങ്ങൾ തിരക്കി. വീട്ടിൽ ആരാണ് കൂടുതൽ വഴക്കടിക്കുന്നതെന്ന് ചോദിച്ചപ്പോൾ രണ്ട് കുട്ടികളും കണ്ണ് മിഴിച്ച് രക്ഷിതാക്കളെ നോക്കാൻ തുടങ്ങി. കുട്ടികളെ മറ്റൊരു മുറിയിലേയ്‌ക്ക് കൊണ്ട് പോയി ഞാൻ വിശദമായി ചോദിച്ചപ്പോൾ അച്‌ഛനും അമ്മയും എന്നും വഴക്കാണെന്നാണ് അവർ സങ്കടത്തോടെ പറഞ്ഞത്. വഴക്കിനു ശേഷം അവർ മക്കളോട് ആരാണ് കൂടുതൽ വഴക്കടിച്ചത്? ആരാണ് ആദ്യം വഴക്കടിച്ചത്? എന്നെക്കാൾ വഴക്കാളി അമ്മയല്ലേ? എന്നൊക്കെ കുട്ടികളോട് അച്‌ഛൻ ചോദിക്കുമത്രേ.

അമ്മയും ഇതേ ചോദ്യമാണ് കുട്ടികളോട് ചോദിക്കുന്നത്. “മിക്കപ്പോഴും വഴക്കടിച്ച ശേഷം രണ്ടാളും രണ്ടിടത്ത് പോയി കിടന്നുറങ്ങും. അമ്മ അന്ന് ഒന്നും ഉണ്ടാക്കുകയില്ല. ഞങ്ങൾക്ക് ആഹാരമൊന്നും ലഭിക്കില്ല. പലപ്പോഴും 6-7 ദിവസം വരെ അച്ഛനും അമ്മയും മിണ്ടാതെയിരിക്കും. ഈ ദിവസങ്ങളിൽ ഞങ്ങളെ സ്കൂളിലും വിടാറില്ല. അമ്മ ഭക്ഷണമൊന്നും ശരിയായി ഉണ്ടാക്കുകയുമില്ല.” 8 വയസ്സുകാരൻ പറഞ്ഞു. രണ്ടാമത്തെ കുട്ടിക്കും ഇതേ അഭിപ്രായമായിരുന്നു.

മാതാപിതാക്കൾ കുട്ടികളുടെ കണ്ണിൽ ഹീറോമാരാണ് എന്ന് പോലീസ് ഓഫീസറായ ജോൺ സെബാസ്‌റ്റ്യൻ പറയുന്നു. അവരുടെ കണ്ണിൽ മാതാപിതാക്കൾ ഏറ്റവും മികച്ച മനുഷ്യമാരാണ്. പക്ഷേ കുട്ടികളുടെ മുന്നിൽ വച്ച് വഴക്കടിക്കുമ്പോൾ മാതാപിതാക്കളെ പറ്റിയുള്ള കുട്ടികളുടെ നല്ല സങ്കൽപ്പങ്ങളാണ് ഇടിഞ്ഞു പൊളിയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ മാനസികമായും കുട്ടികൾ തളർന്നു പോകുന്നു. മാനസികവും ശാരീരികവുമായ കുട്ടികളുടെ വികാസത്തെയും ഇത് ബാധിക്കുന്നു. ഏതു വീട്ടിലാണോ കൂടുതൽ വഴക്കുണ്ടാവുന്നത് ആ വീട്ടിലെ കുട്ടികൾക്ക് ഡിപ്രഷൻ കൂടുതലായിരിക്കും. മാനസിക രോഗങ്ങളും ഇവരെ വേട്ടയാടാം. ഇങ്ങനെയുള്ള കുട്ടികളാണ് ക്രിമിനൽ സ്വഭാവവും ദേഷ്യവും അമിതമായി പ്രകടിപ്പിക്കുന്നത്.

മാതാപിതാക്കളുടെ വഴക്കിൽ ഭയപ്പെടുന്ന കുട്ടികൾ

മാതാപിതാക്കളുടെ വഴക്ക് നേരിട്ട് ബാധിക്കുന്നത് കുട്ടികളെയാണ്. വഴക്കടിക്കുന്ന മാതാപിതാക്കൾ തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാനായി കുട്ടികളിൽ വിഷം കുത്തിവയ്‌ക്കുന്നു. കുറ്റപ്പെടുത്തുമ്പോഴുള്ള സംസാരവും പങ്കാളിയെ താറടിക്കാൻ പറയുന്ന കാര്യങ്ങളും കുട്ടികളുടെ മുന്നിലുള്ള മാതാപിതാക്കളടെ സങ്കൽപ്പം ഉടയാന്‍ ഇടയാക്കുന്നു. വഴക്കിനു ശേഷം അച്‌ഛൻ ശരിയല്ലെന്ന് അമ്മ കുട്ടികളോട് പറയുന്നു. നിങ്ങൾ അച്‌ഛനോട് മിണ്ടണ്ടാ അച്‌ഛൻ വഴക്കാളിയാണ് എന്ന് കുട്ടിയോട് പറയുമ്പോൾ തന്നെ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് സങ്കോചം കുട്ടികളെ ബാധിക്കുന്നു. അച്‌ഛനും മോശമാവാറില്ല. അദ്ദേഹം അമ്മക്കെതിരെ കുട്ടികളെ പറഞ്ഞ് തിരിപ്പിക്കുന്നു. അമ്മയാണ് എപ്പോഴും വീട്ടിൽ ആദ്യം വഴക്ക് തുടങ്ങുന്നതെന്ന് അച്‌ഛൻ കുട്ടികളോട് പറയുന്നു. അമ്മ മോശക്കാരിയാണെന്ന് സ്‌ഥാപിക്കുന്നതും അച്‌ഛൻ തന്നെ. അതെല്ലാം കുട്ടികള്‍ വെറുക്കാൻ തുടങ്ങുന്നു. പിന്നെ വിശ്വാസത്തിലെടുക്കുകയുമില്ല. കുട്ടികളോട് ദുഷിച്ച വാക്കുകൾ പറഞ്ഞു കൊടുക്കുന്നത് ബഹുമാനം കാട്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കും.

വിവാഹമോചനത്തിനു ശേഷം കുട്ടികൾ സങ്കടപ്പെടുന്നു.

മാതാപിതാക്കൾ വേർപിരിഞ്ഞാൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് കുഞ്ഞുങ്ങൾക്കാണെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ രവീന്ദ്രനാഥ് പറയുന്നു. മിക്ക കേസുകളിലും കുട്ടികളെ തങ്ങളുടെ കൂടെ നിർത്താനാണ് ഭാര്യയും ഭർത്താവും മൽപിടുത്തം നടത്തുന്നത്. കുട്ടികളെ നോക്കുന്ന കാര്യത്തിൽ തങ്ങളാണ് മികച്ചത് എന്ന് വേർപിരിയാൻ തീരുമാനിച്ച പങ്കാളികൾ സ്‌ഥാപിക്കാൻ ശ്രമിക്കും. കുട്ടികൾ ഭർത്താവിന്‍റെ കൂടെ കഴിഞ്ഞാൽ ശരിയാവില്ലെന്ന് ഭാര്യയും, അതല്ല തന്‍റെ കൂടെ കഴിയുന്നതാണ് കുട്ടികളുടെ ഭാവിക്ക് നല്ലതെന്ന് ഭർത്താവും നിലപാടെടുക്കും. ഈ നിയമത്തിൽ പെട്ടു പോകുന്നതും. കുട്ടികൾ തന്നെ. ഈ അവസ്‌ഥയിലും കുട്ടികൾക്ക് യഥാർത്ഥ സ്നേഹം ലഭിക്കുകയില്ല.

രക്ഷിതാക്കൾ കുട്ടികളെ കൂടെ നിർത്താൻ കളിപ്പാട്ടങ്ങളും മിഠായികളും ഉടുപ്പുകളും വാരിക്കോരി നൽകും. തങ്ങൾ നല്ലവരാണെന്ന് സ്‌ഥാപിക്കാനുള്ള അടവ് കൂടിയാണിത്. കുട്ടികളെ വളർത്തേണ്ടത് നല്ല സ്വഭാവം രൂപികരിച്ചു കൊണ്ടാണ് അല്ലാതെ വിലപിടിപ്പുള്ള വസ്‌തുക്കൾ നൽകി സ്വാധീനിച്ചു കൊണ്ടല്ല.

ഏകാന്തത വെറും തോന്നലാ…

ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ ഏകാന്തവാസത്തിന് പല കാരണങ്ങളുണ്ടാവാം. സമയത്ത് വിവാഹം നടക്കാതിരിക്കുക, ജീവിത യാത്രയ്ക്കിടയിൽ ഇടയ്ക്ക് എപ്പോഴോ പങ്കാളി വിട്ടുപോവുക, അതുമല്ലെങ്കിൽ വിവാഹമോചനം തുടങ്ങിയ ജീവിത സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരും. ഇത്തരത്തിൽ ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളെ സമൂഹം മറ്റൊരു കണ്ണോടു കൂടിയാവും കാണുക. സാധാരണ ഇത്തരം സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും. എന്നാലിന്ന് സ്‌ഥിതിയാകെ മാറിയിരിക്കുന്നു. തനിച്ച് കഴിയുന്ന സ്ത്രീകൾ സ്വതന്ത്രരായി ആരെയും ഭയക്കാതെ സ്വയം പര്യാപ്തരായി ജീവിതം നയിക്കുന്നവരാണ്.

“ഏത് ബന്ധത്തിലുമെന്ന പോലെ ഭാര്യാഭർതൃബന്ധത്തിനും അതിന്‍റേതായ മഹത്വമുണ്ട്. എന്നു കരുതി അങ്ങനെയൊന്ന് ജീവിതത്തിലില്ലാല്ലോയെന്ന് കരുതി ജീവിതകാലം മുഴുവനും സങ്കടപ്പെട്ടും ടെൻഷനടിച്ചുമിരുന്നിട്ടെന്ത് കാര്യം? സത്യത്തിൽ ഈ ഏകാന്തയെന്നത് മനസ്സിന്‍റെ വെറും തോന്നൽ മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. മനുഷ്യനായി ജീവിക്കാനുള്ള വീണു കിട്ടിയ ഈ അവസരത്തെ സ്വന്തമിഷ്ടമനുസരിച്ച് സ്വതന്ത്രരായി ജീവിക്കാം.” കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി നാഷണൽ കമ്പനിയിലെ അവിവാഹിതയായ 41കാരി മീനു പറയുന്നു.

“ഞാൻ സ്വയം പര്യാപ്തയാണ്. എന്‍റെയിഷ്ടമനുസരിച്ച് ഞാൻ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും വസ്ത്രങ്ങൾ അണിയുകയും ചെയ്യുന്നു. വീട്ടിലെ ചില സാഹചര്യങ്ങൾ കൊണ്ട് എന്‍റെ വിവാഹം നടന്നില്ല. പക്ഷേ ഒരു ജീവിതപങ്കാളിയില്ലാത്തത് ഒരു കുറവായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നേരെ മറിച്ച് വിവാഹം നടന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും സ്വതന്ത്യ്രത്തോടെയും സന്തോഷത്തോടെയും എനിക്ക് ജീവിക്കാനാകുമായിരുന്നോ എന്നെനിക്ക് തോന്നാറുണ്ട്. ഇതുവരെ എനിക്ക് 8 പ്രൊമോഷനുകൾ കിട്ടിയിട്ടുണ്ട്. വിവാഹിതയായിരുന്നുവെങ്കിൽ തീർച്ചയായും കരിയറിൽ ഇത്രയധികം നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നില്ല,” മീനു പറയുന്നു.

വിവാഹമോചനത്തെ തുടർന്ന് ജീവിതത്തിൽ അവിചാരിതമായുണ്ടായ ഏകാന്ത ജീവിതത്തെപ്പറ്റി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപികയും 25 വയസ്സുകാരന്‍റെ മാതാവുമായ റീന മഹേശ്വർ പറയുന്നതിങ്ങനെ. “എന്ത് ഏകാന്തത? ഞാൻ സ്വയം പര്യാപ്തയാണ്. എനിക്ക് നല്ല വരുമാനമുണ്ട്. കുഴപ്പമില്ലാത്ത ജീവിത സാഹചര്യവുമുണ്ട്. മകനെ നല്ലവണ്ണം പഠിപ്പിച്ചു. അവനിപ്പോ മൾട്ടി നാഷണൽ ഓയിൽ കമ്പനിയിൽ എൻജിനീയറാണ്. എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഞാൻ കഴിക്കുന്നു, തോന്നുമ്പോഴൊക്കെ എന്‍റെ കൂട്ടുകാരെയും കൂട്ടി യാത്ര പോകും. എന്‍റെ ഇഷ്‌ടങ്ങൾ മാത്രമുള്ള എന്‍റെ ജീവിതം. ഞാൻ ഒറ്റയ്ക്കായി പോയല്ലോയെന്ന വിചാരം. എനിക്ക് ഒരിക്കലുമുണ്ടായിട്ടില്ല. ഇല്ലാത്ത ഒന്നിനെപ്പറ്റി അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട ഒന്നിനെക്കുറിച്ച് ഓർക്കാൻ എന്‍റെ കയ്യിൽ സമയമില്ല. അതാണ് ബുദ്ധിപരമായ സമീപനവും ലൈഫ് മസ്റ്റ് ഗോ ഓൺ വിത്ത് ഓൾ ഇറ്റ്സ് റിച്ച്നസ്.” സർക്കാരുദ്യോഗസ്ഥയായിരുന്ന ഹിമ ( പേര് സാങ്കല്പികം) യുടെ ജീവിതാനുഭവം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

ഹിമയുടെ ഭർത്താവിന്‍റെ ആകസ്മിക മരണമാണ് അവരെ ഏകാന്ത ജീവിതത്തിലേക്ക് നയിച്ചത്. അപ്പോൾ 48 വയസ്സുകാരിയായിരുന്ന അവർക്ക് 18 ഉം 14 ഉം വയസ്സുള്ള മകനും മകളുമുണ്ടായിരുന്നു. ആ നാളുകളെപ്പറ്റി ഹിമ ഓർക്കുന്നത് തന്നെ കഴിഞ്ഞു പോയ ഏതോ കഥ പോലെയാണ്.

“ഭർത്താവിന്‍റെ മരണശേഷം ജീവിതം കഠിനതരമായിരുന്നു. എന്ത് ചെയ്യണം എവിടെ നിന്ന് തുടങ്ങണം എന്നൊന്നും ഒരു പിടിയുമില്ല. ദിവസങ്ങളോളം ആരും കാണാതെ കുറെ കരഞ്ഞു. ഇങ്ങനെയാകരുതെന്ന് പെട്ടെന്നൊരു ദിവസം എനിക്ക് തോന്നി. ക്രമേണ ഞാൻ സ്വയം ജീവിതത്തെ മെരുക്കിയെടുത്തു. ഒരു പുരുഷന് ചെയ്യാവുന്നതിലപ്പുറം കാര്യങ്ങൾ നമുക്കും ചെയ്യാനാവുമെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഞാൻ അങ്ങേയറ്റം ശ്രദ്ധ പുലർത്തി. ഒപ്പം വീട്ടിലെ മറ്റ് കാര്യങ്ങളും ചെയ്‌തു. അവരെ കൂട്ടി ധാരാളം യാത്രകൾ പോയി. ഭർത്താവിനൊപ്പമുണ്ടായിരുന്ന ആ നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്കൊക്കെവരാറുണ്ടെങ്കിലും ഒരിക്കലും ഒരു പുരുഷന്‍റെ അഭാവം എന്നെ അലട്ടിയിട്ടില്ല. ഇന്നെന്‍റെ മക്കൾ വളർന്നു. എന്‍റെ മകനിപ്പോൾ ഉയർന്ന സർക്കാരുദ്യോഗസ്‌ഥനാണ്. മകൾ അമേരിക്കയിലും ഞാനെന്‍റെ ജീവിതത്തിലിപ്പോൾ വളരെ സന്തുഷ്ടയാണ്. ജീവിതം എനിക്ക് അവസാനിക്കാത്ത അധ്യായം പോലെയാണിപ്പോഴും.”

ജീവിതത്തിലുണ്ടാകുന്ന ഏകാന്തതയെ കുറിച്ച് വ്യത്യസ്തങ്ങളായ വ്യഖ്യാനങ്ങളുണ്ടാകാം. “ഏകാന്തതയെന്നത് മനസ്സിന്‍റെ ഒരു തോന്നൽ മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. ജീവിത പങ്കാളിയും കുടുംബവുമൊക്കെയുണ്ടായിട്ടും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. കുടുംബത്തിനു വേണ്ടി ഇവർ അഹോരാത്രം കഷ്ടപ്പെടുകയും കുടുംബാംഗങ്ങൾക്കു വേണ്ടി സന്തോഷിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇത്തരം സ്ത്രീകൾ ഏകാന്തയുടെയും അവഗണനയുടെയും കടുത്ത വ്യഥയനുഭവിക്കുന്നവരായിരിക്കും. തങ്ങളുടെ ഇഷ്‌ടങ്ങളും താൽപര്യങ്ങളും വേദനകളും മറ്റുള്ളവർ മനസ്സിലാക്കുന്നില്ലല്ലോയെന്ന കടുത്ത വ്യഥ അനുഭവിക്കുന്ന ഇത്തരക്കാർ കടുത്ത ഏകാന്തത അനുഭവിക്കുന്നവരല്ലേ? അതുകൊണ്ട് ഏകാന്തതയെന്നത് കേവലം തോന്നൽ മാത്രമാണ്.” എന്നാണ് മനഃശാസ്ത്രജ്ഞനായ നിധി പറയുന്നത്. ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകൾ കൂടുതൽ നേട്ടമുണ്ടാകുന്നു

അവിവാഹിതരായ സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ എന്നിവർക്കിടയിൽ നടത്തിയ ഒരു സർവ്വേയെക്കുറിച്ച് ഏതാനും നാൾ മുമ്പ് ഒരു ദിനപത്രത്തിൽ ലേഖനം അച്ചടിച്ച് വരികയുണ്ടായി. ആ ലേഖനം മുന്നോട്ടു വയ്ക്കുന്ന ചില നിരീക്ഷണങ്ങളിതാ:-

• വിവാഹിതരായി ജീവിതം നയിക്കുന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതത്തിലെ എല്ലാ മേഖലയിലും വിജയം വരിക്കാൻ സ്വതന്ത്രമായ ജീവിത സാഹചര്യം വഴിയൊരുക്കിയെന്നാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 93 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നത്.

• ജീവിതപങ്കാളിയുടെ ആവശ്യകത വ്യർത്ഥമാണെന്ന് ചിന്തിക്കുന്നവരാണ് 65 ശതമാനം സ്ത്രീകൾ എന്ന് മാത്രമല്ല അവർക്ക് വിവാഹത്തോട് തീരെ താൽപര്യവുമില്ല.

• വിവാഹം ചെയ്യുന്നതിലുപരിയായി ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നതാണ് കൂടുതൽ നല്ലതെന്ന് വിശ്വസിക്കുന്നവരാണിവർ.

• ഒറ്റപ്പെടൽ എന്ന അവസ്‌ഥ അവർക്ക് ഒരിക്കലും തോന്നിയിട്ടില്ല. സ്വന്തമിഷ്ടമനുസരിച്ച് സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരാണ് അവർ. ആധുനികമായ എന്‍റർട്രെയിൻമെന്‍റ് സോണുകൾ അവർ കണ്ടെത്തുന്നു. യാതൊരു ടെൻഷനുമില്ലാതെ ഇഷ്ടം പോലെ ഉറങ്ങുകയും ചെയ്യുന്നു.

സർവ്വേ അനുസരിച്ച് ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകാന്ത ജീവിതം നയിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്.

സിംഗിൾ വുമൺ ട്രെന്‍റ്

 കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ സംഖ്യയിൽ 39 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ സാന്നിധ്യം പണ്ടു മുതലെയുണ്ട്. അവിടെ അവർ അവഗണിക്കപ്പെടുകയോ ഒറ്റപ്പെടലിന്‍റെ ഇരയാവുകയോ ചെയ്യുന്നില്ല. ഇന്ത്യൻ സമൂഹത്തിൽ ഒരു ദശകമായി ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ അവസ്‌ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ അൾ ദി സിംഗിൾ ലേഡീസ് അൺമാരീഡ് വ്യുമൺ ആന്‍റ് ദി റൈസ് ഓഫ് ആൻ ഇൻഡിപെൻഡന്‍റ് നേഷൻ എന്ന പുസ്തകം എഴുതിയ റെബേക്ക ടെസ്റ്റർ പറയുന്നത് 2009 ന് ആനുപാതികമായി ഈ ദശകത്തിൽ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതൽ ആണ്. അവര്‍ അവരുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.

ഏകാന്ത ജീവിതം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ ജീവിത സാഹചര്യങ്ങളോ സ്വന്തമിഷ്ടപ്രകാരമോ ആണ്. ഏകാന്ത ജീവിതം നയിക്കാൻ ആത്മധൈര്യവും സ്വാശ്രയശീലവും അനിവാര്യമാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവില്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്‌ഥയുണ്ടാകാം.

“ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. സ്വയം തെരഞ്ഞെടുത്ത ജീവിതത്തിൽ സന്തുഷ്ടയായിരിക്കുകയെന്നുള്ളതും പ്രധാനമാണ്.” മനഃശാസ്ത്രജ്ഞയായ നീത ശ്രീവാസ്തവ പറയുന്നു.

സിംഗിൾ വുമൺ – ചില ഗുണങ്ങൾ

 നിങ്ങളുടെ സമയം നിങ്ങളുടെ സ്വന്തം

വിവാഹിതരായ കൂട്ടുകാരുമൊത്ത് പ്രത്യേകിച്ച് കുട്ടികളുള്ളവരുമായി പുറത്ത് പാർട്ടിയ്ക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവർക്ക് ജീവിതത്തിൽ പല കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്‌തിട്ടു വേണം ഒന്ന് പുറത്തിറങ്ങാൻ. എന്നാൽ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് ഇത്തരം ആശങ്കകളൊന്നും വേണ്ട. തോന്നുന്ന സമയത്ത് തോന്നുന്ന സ്‌ഥലത്ത് പോകാം.

സ്വന്തം പണം

 ഒരു കുടുംബമായി ജീവിക്കുമ്പോൾ പണച്ചെലവ് മൊത്തത്തിലായിരിക്കും. എന്നാൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് പണച്ചെലവാക്കൽ മറ്റാരെയും ബാധിക്കുകയില്ല. ഇഷ്‌ടപ്പെട്ടത് എന്തും വാങ്ങാം.

സ്വയം തിരിച്ചറിയുന്നു

 ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾ സ്വന്തം ജീവിതാവസ്‌ഥയിൽ നിങ്ങൾ ആരാണെന്ന് സ്വയം തിരിച്ചറിയുന്നു. സ്വന്തം ഇഷ്‌ടങ്ങളും അനിഷ്ടങ്ങളും എന്തെന്ന് അറിയുന്നു അതുപോലെ ജീവിതം എങ്ങനെ നയിക്കണം, മോറൽ കോഡ് എന്തായിരിക്കണം, സ്വന്തം ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ ഇവയൊക്കെ വ്യക്‌തമായി തിരിച്ചറിയുന്നു.

സ്വതന്ത്ര കരിയർ

 ജോലി പ്രധാനമാണെങ്കിൽ തീർച്ചയായും സ്വന്തം കരിയർ മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരം ഒരുങ്ങും. സമയ പരിമിതികളും മറ്റ് ടെൻഷനുകളൊന്നുമില്ലാതെ ഏറ്റവും മികച്ച പെർഫോമൻസ് കരിയറിൽ

യാത്ര 

ഏകാന്ത ജീവികൾക്ക് ഏറ്റവും നന്നായി ആസ്വദിക്കാവുന്ന ഒന്നാണ് യാത്ര. തോന്നുന്ന സമയത്ത് ട്രാവലിംഗ് ബാഗും റെഡിയാക്കി യാത്ര പുറപ്പെടാം. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് റിസ്കാണെങ്കിൽ ട്രാവലിംഗ് ഗ്രൂപ്പുകളെയോ സമാന ചിന്താഗതിക്കാരായ യാത്രാ പ്രേമികൾക്കൊപ്പമോ യാത്ര ചെയ്യാം.

ഇഷ്‌ടമുള്ള ഹോബീസ്

സിനിമ കാണാ, സംഗീതം പഠിക്കാം, ഡാൻസ് ചെയ്യാം, മൂഡ് തോന്നുമ്പോൾ ഇഷ്‌ടം പോലെ പെയ്‌ന്‍റിംഗും ചെയ്യാം. ഇനി നല്ലൊരു പുസ്തകം വായിക്കണമെന്നുണ്ടെങ്കിൽ മറ്റുള്ള തിരക്കുകൾക്ക് അവധി നൽകി വീട്ടിലിരുന്ന് പുസ്തകം വായിക്കാം. സായംസന്ധ്യയിൽ കുന്നിൻ ചരുവിൽ അൽപസമയം ഒറ്റയ്ക്കിരിക്കണമെന്ന് തോന്നുകയാണെങ്കിൽ പോയി ഒറ്റയ്ക്കിരുന്ന് അസ്തമയ സൂര്യന്‍റെ സൗന്ദര്യം ആസ്വദിക്കാം. നല്ലൊരു ഷോപ്പിംഗ് മൂഡിലാണെങ്കിൽ ഉടനെതന്നെ മാളിൽ പോയി ഇഷ്ടം പോലെ ഷോപ്പിംഗും ആസ്വദിക്കാം. അങ്ങനെ ഏറ്റവും സുന്ദരമായി തന്നെ ജീവിതം നയിക്കാം.

സുഗന്ധം പൊഴിക്കുന്ന വീട്

അന്തരീക്ഷത്തിൽ ഒഴുകിയെത്തുന്ന സുഗന്ധം ആരുടെ മനസ്സിനെയാണ് മോഹിപ്പിക്കാത്തത്. ആ നിലയ്ക്ക് സുഗന്ധം പൊഴിക്കുന്ന വീടിനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ…. ഗൃഹനാഥയുടെ സൗന്ദര്യ ബോധത്തെയാവും അത് സൂചിപ്പിക്കുക. മനോഹരമായ ഇന്‍റീരിയറിനൊപ്പം ഹൃദ്യമായ സുഗന്ധവും ഇഴുകിച്ചേരുമ്പോഴാണ് ഏത് വീടും സമ്പൂർണ്ണമാകുന്നത്.

ചില വീടുകളിൽ കയറി ചെല്ലുമ്പോഴെ സ്വാഗതം ചെയ്യുന്നത് അടുക്കളയിൽ വറുത്തു പൊരിയുന്ന മീനിന്‍റെയും ചിക്കൻ കറിയുടെമൊക്കെ മണമായിരിക്കും. വരുന്നയാൾ വെജിറ്റേറിയനാണെങ്കിൽ ആ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കുടിക്കാൻ ഇഷ്‌ടപ്പെടില്ല. ഇത്തരമൊരവസ്‌ഥ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

യഥാർത്ഥത്തിൽ ഓരോ വീടിനും ഓരോ മണമായിരിക്കും. ആ ഗന്ധം ഹൃദ്യമായ സുഗന്ധമാണെങ്കിൽ തീർച്ചയായും വീട്ടിലെത്തുന്ന അതിഥയെ സന്തോഷവാനും ഫ്രഷുമാക്കും. എന്നാൽ ദുർഗന്ധപൂരിതമാണെങ്കിൽ ഉള്ളി മണം, ഈർപ്പം, നനഞ്ഞ തുണിയുടെ ഗന്ധം എന്നിങ്ങനെ വന്ന അതിഥി അധികനേരം വീട്ടിൽ നിന്നെന്നു വരില്ല. എത്രയും വേഗം സ്ഥലം വിടാനാവും അതിഥി വിചാരിക്കുക.

വീടിനെ സുഗന്ധപൂരിതമാക്കുന്ന രീതി വളരെ പണ്ടു തൊട്ടെയുണ്ട്. വീടിനകത്ത് ഉണ്ടാകുന്ന അന്യതരത്തിലുള്ള ഗന്ധങ്ങളെ കുറയ്‌ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പണ്ടു കാലങ്ങളിൽ വീടിന് പരിസരത്തും മുറ്റത്തുമൊക്കെ നിശാഗന്ധിയും മുല്ലച്ചെടിയും ചെമ്പകവുമൊക്കെ നട്ടുപിടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇത്തരം ചെടികളും വൃക്ഷങ്ങളുമൊക്കെ സദാ മണം പൊഴിച്ചിരുന്നതു കൊണ്ട് വീടിനകത്തും ഹൃദ്യമായ അന്തരീക്ഷം നിലനിന്നിരുന്നു. എന്നാൽ സ്‌ഥലപരിമിതയും ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും ഈ രീതിക്ക് മാറ്റം വരുത്തി. അതോടെയാണ് കൃത്രിമ സുഗന്ധങ്ങൾ ഉപയോഗിക്കുന്ന രീതിക്ക് തുടക്കമായത്.

പലയിനം ഹോം ഫ്രഷ്നറുകൾ

വീടിനകത്തളങ്ങളിൽ സുഗന്ധം നിറയ്ക്കാൻ ഇന്ന് ധാരാളം തരം ഹോം ഫ്രഷ്നറുകൾ ലഭിക്കുന്നുണ്ട്. സ്വന്തമിഷ്‌ടമനുസരിച്ചുള്ള സുഗന്ധം തെരഞ്ഞെടുക്കാം.

ചന്ദനത്തിരി

വീടിനകത്ത് സുഗന്ധം നിറയ്‌ക്കാൻ ചന്ദനത്തിരി കത്തിച്ചു വയ്‌ക്കുന്ന രീതി പണ്ടുതൊട്ടെയുള്ളതാണ്. എന്നാലിപ്പോൾ പലതരം സുഗന്ധമുള്ള വെറൈറ്റി ചന്ദനത്തിരികൾ വിപണിയിൽ സുലഭമായിട്ടുണ്ട്. മികച്ച ഹോം ഫ്രാഗ്രൻസ് എന്ന രൂപത്തിലും ചന്ദനത്തിരികൾ കിട്ടുന്നുണ്ട്. ജാസ്മിൻ, ചന്ദനം, റോസ്, ദേവദാരു, ചെമ്പകം തുടങ്ങിയ പലതരം നാച്ചുറൽ ഫ്രാഗ്രൻസിലുളള ചന്ദനത്തിരികളുമുണ്ട്.

വിപണിയിൽ 2 തരം ചന്ദനത്തിരികൾ ലഭ്യമാണ്. ആവശ്യവും സൗകര്യവും അനുസരിച്ച് ഉപയോഗിക്കാവുന്നവയാണത്. ആദ്യത്തേത് ഡയറക്‌റ്റ് ബേൺ. നേരിട്ട് കത്തിക്കാവുന്ന ചന്ദനത്തിരി സ്‌റ്റിക്കുകളാണിവ. രണ്ടാമത്തേത് ഇൻഡയറക്‌റ്റ് ബേൺ. മേറ്റലിന്‍റെ ഹോട്ട് പ്ലെയിറ്റിലോ തീയിലോ വയ്ക്കാവുന്ന ഫ്രാഗ്രൻസ് മെറ്റീരിയലാണിത്. വീടിനെ മൊത്തത്തിൽ സുഗന്ധപൂരിതമാകുമെന്ന് മാത്രമല്ല കൊതുകുകളേയും പ്രാണികളേയും തുരത്തിയോടിക്കും.

ഫ്രാഗ്രൻസ് കാൻഡിൽസ്

വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്നവയാണിവ. വീടിനകത്തളങ്ങളിൽ സുഗന്ധം നിറയ്‌ക്കുന്നതിനൊപ്പം റൊമാന്‍റിക്കായ അന്തരീക്ഷവും സൃഷ്‌ടിക്കും ഫ്രാഗ്രൻസ് കാൻഡിലുകൾ. വർണ്ണ വൈവിധ്യമാർന്ന സെന്‍റഡ് കാൻഡിലുകൾ ഇപ്പോൾ ആകർഷകമായി ഡിസൈനുകളിലും മണത്തിലും ലഭ്യമാണ്. മെഴുകുതിരി കത്തിച്ച് വീടിനകത്ത് സുഗന്ധം നിറയ്‌ക്കുന്നതിനൊപ്പം പച്ചക്കറിയുടേയും മറ്റ് ഭക്ഷ്യവസ്‌തുക്കളടേയും മണത്തെ അകറ്റുകയും ചെയ്യാം. കാൻഡിലുകളിൽ വാമേഴ്സും ഉൾപ്പെടുന്നുണ്ട്. ഉരുകുന്ന മെഴുകുതിരിയിൽ നിന്നും സുഗന്ധം പൊഴിഞ്ഞ് വീടിനകത്തളങ്ങളിൽ ഹൃദ്യത പകരുന്നവ. കത്തിക്കാതെ വീടിനകം സുഗന്ധപൂരിതമാക്കുന്നതിനുള്ള ബെസ്‌റ്റ് ചോയിസാണ് സെന്‍റഡ് കാൻഡിലുകൾ.

എയർ ഫ്രഷ്നേഴ്സ്

വീടിനകത്തളം സുഗന്ധ പൂരിതമാക്കാൻ എയർ ഫ്രഷനറുകളും ഉപയോഗിക്കാവുന്നതാണ്. മനോഹരമായ കാനുകളിൽ ലഭിക്കുന്ന എയർ ഫ്രഷനറുകൾ ചുവരിൽ തൂക്കിയിട്ട് ബട്ടൻ ഓൺ ചെയ്‌താൽ വീടിനുള്ളിൽ സുഗന്ധം നിറയും.

ഫ്രാഗ്രൻസ് പോട്ട്പുരി

ഡ്രൈഫ്‍ളവർ, സുഗന്ധ വസ്‌തുക്കൾ നിറച്ച അട്രാക്ടീവ് പായ്ക്കിംഗുകളാണ് ഫ്രാഗ്രൻസ് പോട്ട്പൗരി. ഇത്തരം പാക്കറ്റുകളിൽ നിന്നും വരുന്ന സുഗന്ധം വീടിനുള്ളിൽ ഹൃദ്യമായ അന്തരീക്ഷം ഒരുക്കും. ഒപ്പം റൊമാന്‍റിക്ക് മൂഡ് ഉണർത്തും.

റീഡ് ഡിഫ്യൂസർ

അനേകതരം സുഗന്ധങ്ങൾ അടങ്ങിയ സെന്‍റഡ് ഓയിൽ, റീഡ്സ് എന്നീ രൂപത്തിൽ വീടിനകത്തളത്തിൽ സുഗന്ധം വിരിയിക്കാം. റീഡ് ഡിഫ്യൂസർ അടുക്കളയിലോ ലിവിംഗ് റൂമിലോ ബെഡ്റൂമിലോ ബാത്ത്റൂമിലോ എവിടെ വേണമെങ്കിലും വയ്‌ക്കാം. റെഡിമെയ്‌ഡ് ഹോം ഫ്രാഗ്രൻസിന് പുറമെ വീട്ടിൽ സ്വന്തമായും ഹോം ഫ്രാഗ്രൻസ് തയ്യാറാക്കാം. ലളിതമായ രീതികളിലൂടെ വീടിനകത്തളം സുഗന്ധ പൂരിതമാക്കുന്നതെങ്ങിനെയെന്ന് നോക്കാം.

  • വീടിന്‍റെ ജനാലകൾ രാവിലേയും വൈകുന്നേരവും തുറന്നിടുക. വീടിനകത്ത് ശുദ്ധവായു കടക്കും.
  • വീട്ടുമുറ്റത്തും പരിസരത്തും സുഗന്ധം പൊഴിക്കുന്ന ചെടികൾ നട്ടുപിടിപ്പിക്കാം. ഒപ്പം ഗ്ലാസ് ബൗളിൽ വെള്ളം നിറച്ച് അതിൽ പൂവിതളുകൾ ഇട്ടു വച്ച് മുറിക്ക് നടുവിൽ വയ്‌ക്കാം. കാറ്റടിച്ച് മുറിക്കുളളിൽ ഹൃദ്യമായ സുഗന്ധം നിറയും.
  • ഒരു കപ്പ് വെളളത്തിൽ എസ്സൻഷ്യൽ ഓയിൽ ചേർത്ത് സ്പ്രേ ബോട്ടിലിൽ നിറച്ച് എയർ ഫ്രഷ്നറായി ഉപയോഗിക്കാം.
  • വാഷ്ബേസിനിൽ കളർഫുൾ നാഫ്തലീൻ ബോളുകൾ (പാറ്റഗുളിക) ഇടുക.
  • തുണിയലമാരക്കുള്ളിൽ നാഫ്തലീൻ ബോൾസ് ഇട്ടുവച്ചാൽ നല്ല സുഗന്ധമുണ്ടാവും.
  • അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ. ചിമ്മിനി പിടിപ്പിക്കാം.
  • വീടിനകത്തെ കാർപ്പറ്റ്, കർട്ടനുകൾ ഇടയ്ക്കിടയ്‌ക്ക് കഴുകി വൃത്തിയാക്കുക. വീട് ഡസ്റ്റ് ഫ്രീയാക്കുക.

സുഗന്ധമുള്ള വീട് – പ്രയോജനങ്ങൾ

  • സുഗന്ധമുള്ള വീട്ടിൽ താമസിക്കുന്നവർക്ക് മാനസിക പിരിമുറക്കം കുറയുന്നതിനൊപ്പം റിലാക്‌സിംഗ് ഫീലിംഗും ഉണ്ടാകും.
  • സുഗന്ധമുള്ള വീട്ടിലേക്ക് കടന്നു വരുന്നവരുടെ മൂഡ് ഫ്രഷാകും. ഒപ്പം പോസിറ്റീവ് എനർജിയുള്ളവരാകും.
  • അസ്വസ്ഥതയുള്ളവാക്കുന്ന അന്തരീക്ഷം ബന്ധങ്ങളിൽ കയ്പ് പടർത്തും. എന്നാൽ സുഗന്ധപൂരിതമായ അന്തരീക്ഷം ഊഷ്മളമാക്കുന്നു. ദിവസം മുഴുവനുമുള്ള അലച്ചിലിനും തിരക്കിനുമൊടുവിൽ വീടണയുമ്പോൾ വീടിനകത്തെ മനം മയക്കുന്ന സുഗന്ധം എല്ലാ ക്ഷീണത്തേയും അലിയിച്ചു കളയും. വീടിനകത്ത് ഒരു റൊമാന്‍റിക്ക് അന്തരീക്ഷം അനുഭവപ്പെടും. ഭാര്യാഭർതൃബന്ധത്തിൽ അടുപ്പവും സ്നേഹവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

എങ്കിൽ ഇന്നു തന്നെ നിങ്ങളുടെ വീടിനെ സുഗന്ധമുള്ള ഒരു കൊച്ചു സ്വർഗ്ഗമാക്കി നോക്കൂ… പുതിയൊരു ഊർജ്‌ജവും ഉണർവും ശരീരത്തിലും മനസ്സിലും നിറയുന്നത് തീർച്ചയായും നിങ്ങൾ അനുഭവിച്ചറിയും.

വീട് വിസ്മയം

വീടിന്‍റെ നിലവിലുള്ള രൂപം മാറ്റുകയോ കൂട്ടി ചേർക്കുകയോ ചെയ്യുമ്പോൾ കോലം കെടാതെ നോക്കണം. എവിടെയെങ്കിലും കണ്ട് ഇഷ്ടപ്പെട്ട ഡിസൈനുകളും സ്റ്റൈലുകളും സ്വന്തമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ചെയ്യുന്നവരും ഉണ്ട്. ഇതൊക്കെ നല്ലതു തന്നെ, പക്ഷേ അത് അനുയോജ്യമാണോ ഭംഗി കൂടുമോ എന്നൊക്കെ ചിന്തിച്ചിട്ടും വേണം ചെയ്യാൻ.

ഇന്‍റീരിയർ പുതുക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? പഴയതെല്ലാം മാറ്റി പുതിയവ സ്‌ഥാപിക്കുക എന്നല്ല. മുറിയിലുള്ള ഫർണീച്ചറുകളും മറ്റും കലാപരമായി പുന:ക്രമീകരിക്കുകയാണ് വേണ്ടത്. പുതുമ വരുത്താൻ വേണ്ടി വെളിച്ചം പ്രതിഫലിപ്പിക്കുന്ന ചുമരുകളിലേയ്ക്ക് കണ്ണാടികൾ മാറ്റി നോക്കൂ. പെട്ടെന്ന് മുറിയുടെ ലുക്ക് മാറും.

നല്ലൊരു ലാംമ്പ് ഷെയ്ഡ് കൊണ്ടും മുറിയുടെ ചന്തം മാറ്റാനാവും. ലാംമ്പ് ഷെയ്ഡുകൾ കൊണ്ട് ഇഫക്റ്റുകൾ തീർക്കാം.

പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാര വസ്തുക്കൾ വീടിന്‍റെ അകത്തളങ്ങളിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. മണ്ണിന്‍റെയോ സിറാമിക്കിന്‍റെയോ ചെടിച്ചട്ടികൾ ആവാം. മരത്തിന്‍റെ ബോക്സ് കൊണ്ട് കവർ ചെയ്ത ചെറിയ ചട്ടികളും വീടിന്‍റെ അകത്തളങ്ങൾക്ക് യോജിക്കും.

സ്വീകരണ മുറിയുടെ കാറ്റും വെളിച്ചവും കിട്ടുന്ന ഇടങ്ങളിൽ ഒരു ഇന്‍റീരിയർ പ്ലാന്‍റ് വയ്ക്കുന്നത് ആകർഷകമായിരിക്കും. നല്ല ഓക്സിജൻ ലഭിക്കാനും വീടിനുള്ളിലെ ടോക്സിനുകൾ അകറ്റാനും ഇന്‍റീരിയർ പ്ലാന്‍റ് കൊണ്ട് സാധിക്കും. ഇതിനായി സ്നേക്ക് പ്ലാന്‍റ് പോലുള്ളവ നടാം.

വീടിന്‍റെ ഏതെങ്കിലും കോർട്ട്യാഡിൽ ചെറുതും വലുതുമായ കൗതുക വസ്തുക്കൾ സജ്ജീകരിക്കാം. അതുപോലെ ആന്‍റിക് വസ്തുക്കൾ നല്ല രീതിയിൽ ക്രിയാത്മകമായി അലങ്കരിക്കാൻ ഉപയോഗപ്പെടുത്താം. ഉദാ: ഉപയോഗ്യശൂന്യമായ പഴയ കനൽ കൽക്കരി ഇസ്തിരിപ്പെട്ടി അതിന്‍റെ പിടിയൊക്കെ പെയ്ന്‍റ് ചെയ്‌ത് വയ്ക്കാം.

കർട്ടൻ മാറ്റിയാൽ തന്നെ വീടിന്‍റെ നിലവിലെ ഇന്‍റീരിയർ ലുക്കിൽ കാര്യമായ മാറ്റം വരും. ട്രെന്‍റിന് അനുസരിച്ചുള്ളതിനേക്കാൾ മനസിനു ഇണങ്ങിയത് തെരഞ്ഞെടുക്കുക.

ഫർണ്ണീച്ചറുകൾ ഒതുക്കുമ്പോഴും ശ്രദ്ധിക്കണം. ചെറിയ മുറിയിൽ വലിയ ഫർണ്ണീച്ചറുകൾ വയ്ക്കരുത്. അതുപോലെ വിശാലമായ മുറിയിൽ ചെറിയ ഫർണ്ണിച്ചറുകളും ഇടരുത്. ഇത് രണ്ടും അഭംഗിയാണ്. ഇരുന്ന് സംസാരിക്കാനുള്ള സോഫ ഏരിയ ജനലുകളുടെ സമീപത്താക്കാം.

കുട്ടികളുടെ മുറി ഒരുക്കുമ്പോഴും ശ്രദ്ധ വേണം. വളരെ കളർഫുൾ ആയിരിക്കണം മുറി. കുട്ടികൾക്ക് പ്രോജക്‌റ്റ് ചെയ്യാനുള്ള ടേബിൾ ഒരു ഭാഗത്ത് ഒരുക്കാം.

ചുവരുകളിൽ അലങ്കാരത്തിന് എപ്പോഴും ലളിതമായ പെയിന്‍റിങ്ങുകളോ ഹാംഗിങ്ങുകളോ ആണ് നല്ലത്. സങ്കീർണ്ണമായ ആർട്ട് വർക്കുകൾ ഇന്‍റീരിയറിൽ വേണ്ട. ക്രിസ്റ്റൽ, ഗ്ലാസ് എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കൾ വയ്ക്കാം. അക്വേറിയം ആവാം. അതിനായി പ്രത്യേക സ്‌ഥലം സെറ്റ് ചെയ്യാം. സ്‌ഥലപരിമിതി ഉണ്ടെങ്കിൽ വലിയ രണ്ട് ബൗളുകളിലായി അലങ്കാരമത്സ്യങ്ങൾ വയ്ക്കാം. കൃത്യമായ പരിചരണം ഇതിനാവശ്യമാണെന്ന് കാര്യം ശ്രദ്ധിക്കുക.

പഴയ വീടാണെങ്കിൽ അതിന്‍റെ തനിമ നിലനിർത്തി കൊണ്ട് വേണം ഇന്‍റീരിയർ മാറ്റുവാൻ. ആദ്യം ഫ്ളോർ തൊട്ട് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തണം. ഫ്ളോർ ഇളം നിറമാണെങ്കിൽ സോഫ, കുഷ്യൻ, കർട്ടൻ എന്നിവ നിറക്കൂട്ടുകൾ ഉള്ളത് ആവാം.

കാർപ്പറ്റുകൾ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. ആന്‍റിക് കാർപെറ്റാണെങ്കിൽ അതിലുള്ള ഏതെങ്കിലും ഒരു നിറം കർട്ടനുകളിൽ കൊടുത്താൽ ലുക്ക് സൂപ്പറാവും. ചുമരുകൾക്ക് ലെഡ് ഇല്ലാത്ത ഓർഗാനിക്, സിന്തറ്റിക് പെയ്ന്‍റുകൾ ഉപയോഗിക്കാം. കടും നിറങ്ങൾ ചുമരുകൾക്ക് ഒഴിവാക്കുന്നതാണ് എല്ലാം കൊണ്ടും നല്ലത്.

ബ്രോ… അവർ ഷൂട്ടിലാണ്!

വിവാഹ ഫോട്ടോ, വീഡിയോ ഷൂട്ടുകൾ, സിനിമാ ഷൂട്ടുകളെക്കാൾ മനോഹരവും ആഘോഷവുമാക്കിയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ തന്നെ പ്രീ വെഡ്ഡിംഗ് ഷൂട്ടും, പോസ്റ്റ്‍ വെഡ്ഡിംഗ് ഷൂട്ടുമുണ്ട്. പല പല നാടുകളിൽ വിദേശങ്ങളിലടക്കം ഹണിമൂണിനൊപ്പം ഫോട്ടോ സെഷനും കൂടി നടത്തി അപൂർവ്വ സുന്ദര നിമിഷങ്ങൾ ഓർമ്മച്ചിത്രങ്ങളാക്കാൻ ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നു.

ആൽബങ്ങൾ അലമാരയിൽ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ തങ്ങളുടെ ബിഗ് ഡേയിലെ കിടു ചിത്രങ്ങളും വീഡിയോകളും സൈബർ ലോകത്ത് പോസ്റ്റ് ചെയ്ത് താരങ്ങളാകാനാണ് മിക്കവർക്കും താൽപര്യം. വിവാഹത്തിന്‍റെ ട്രെയിലറുകൾ പുറത്തിറക്കുന്നതു പോലെ വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതാണ് പുത്തൻ ട്രെന്‍റ്.

ടെക്നോളജി വികസിക്കുന്നതിനൊപ്പം വിവാഹവും മാറുന്നു, കാലം മാറുന്നതനുസരിച്ച് തലമുറയും മാറുന്നു. അവരുടെ അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു.

വിവാഹം എന്ന ചടങ്ങിനെ ദിവസങ്ങൾ നീളുന്ന ആഘോഷമാക്കുന്നതിൽ കാമറക്കണ്ണുകൾക്ക് വലിയ പങ്കുണ്ട്. ചടങ്ങുകൾക്ക് ഇത്രയും പൊലിമ വന്നത് ഇങ്ങനെ പുതിയ സാങ്കേതിക വിദ്യകളും, ക്യാമറകളും കൺസെപ്റ്റും വന്നതു കൊണ്ടും കൂടിയാണ്. പണ്ടൊക്കെ താലികെട്ടലും സദ്യയിലും ഗ്രൂപ്പ് ഫോട്ടോയിലും ഒതുങ്ങി നിന്നിരുന്നു എല്ലാ ആഘോഷങ്ങളും. എന്നാൽ ഇപ്പോൾ പെണ്ണുകാണൽ ചടങ്ങു പോലും റീക്രിയേറ്റ് ചെയ്‌ത വിവാഹത്തിന്‍റെ എ ടു ഇസഡ് തീം ഷൂട്ടിംഗ് ആക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് ഫിലിം കഴുകിയെടുക്കുന്ന വരെ ഫോട്ടോഗ്രാഫറുടെ ചങ്കിൽ തീയായിരിക്കും. ഇപ്പോൾ അങ്ങനെ ഒരു പേടിയേയില്ല. നൂതന സാങ്കേതിക സൗകര്യങ്ങൾ ഉള്ള ക്യാമറകളുടെ വരവോടെ അതൊക്കെ വെറും തമാശകളായി മാറി. ലക്ഷങ്ങൾ വിലയുള്ള 5 ഡി മാർക്ക്3, 6 ഡി തുടങ്ങിയ ക്യാമറകളൊക്കെയാണ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കുന്നത്. ടെലി, വൈഡ്‍ ലെൻസ്, ഹെലിക്യാം അടക്കം നിരവധി സപ്പോർട്ടിംഗ് സി… വേറെയും.

ട്രഡീഷണൽ ഫോട്ടോഗ്രാഫിയിൽ നിന്ന് കാൻഡിഡ് ഫോട്ടോഗ്രാഫിയിലേക്കും പിന്നീട് സ്റ്റോറിടെല്ലിംഗ്, ത്രീഡി ഇഫക്ടിലേക്കും വെഡ്ഡിംഗ് ഫോട്ടോഗ്രാഫി മാറിക്കഴിഞ്ഞു. വെഡ്ഡിംഗ് കമ്പനികൾ വിവാഹം ഏറ്റെടുത്തതിനാൽ വധുവിനും വരനും വ്യത്യസ്ത ഫോട്ടോഗ്രാഫർ എന്ന രീതിയും മാറി. വിവാഹത്തിന്‍റെ തലേന്ന് മൈലാഞ്ചിയിടൽ ചടങ്ങു മുതൽ ഹണിമൂൺ ട്രിപ്പിന്‍റെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ വരെ ഫോട്ടോഗ്രാഫർമാര്‍ വധുവരന്മാരുടെ കൂടെ തന്നെ ഉണ്ടാകും. രണ്ടാൾക്കും ഒരു ഫോട്ടോ ടീം ആവുമ്പോൾ അനാവശ്യമായി സമയം നഷ്ടമാവുകയുമില്ല. ചെലവും ലാഭിക്കാം.

വാട്ടർ പ്യൂരിഫയർ ഏതു വാങ്ങണം?

വെള്ളം കുടിക്കാൻ തുടങ്ങുമ്പോഴാവും നൂറ് സംശയങ്ങൾ ടെൻഷനടിപ്പിക്കുന്നത്. ഈ വെള്ളം അണുവിമുക്തമാണോ, ഗുണനിലവാരം ഉള്ളതാണോ? കോളിഫോം രഹിതമാണോ എന്നിങ്ങനെ നൂറ് സംശയങ്ങൾ ഉടലെടുക്കാം. നമുക്ക് ലഭ്യമായ കുടിവെള്ളം പരമാവധി ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് ഏക മാർഗ്ഗം. ഇതിനായി വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കാം.

വാട്ടർ പ്യൂരിഫയറുകൾ പലവിധം ഉണ്ട്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ളത് വാങ്ങാം. വെള്ളത്തിന്‍റെ സ്വഭാവം അറിഞ്ഞു വേണം പ്യൂരിഫയർ തെരഞ്ഞെടുക്കേണ്ടത്.

ആർഒ ഫിൽട്ടർ

ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ട്. റിവേഴ്സ് ഓസ് മോസിസ് തത്വം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കാഠിന്യമേറിയ വെള്ളം, ലോഹാംശങ്ങളും രാസവസ്തുക്കളും അടങ്ങിയ ഉപ്പുവെള്ളം എന്നിവ ശുദ്ധീകരിക്കാൻ ആർഒ ഫിർട്ടറാണ് ഉത്തമം. ലോഹാംശം അടങ്ങിയ വെള്ളം ശുദ്ധീകരിക്കാൻ ഇതിനു മാത്രമേ സാധിക്കൂ. ശുദ്ധീകരണത്തിനു ശേഷം വേസ്റ്റ് വാട്ടർ ഉണ്ടാവും. 10 ലിറ്റർ ശുദ്ധീകരിച്ചാൽ 5 ലിറ്ററോളമേ നല്ല വെള്ളം ലഭിക്കുകയുള്ളൂ.

ആക്ടിവേറ്റഡ് കാർബൺ വാട്ടർ പ്യൂരിഫയർ

കീടനാശിനികൾ, ഘന ലോഹങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കാൻ ഇതിനു സാധിക്കും. ക്ലോറിനും മറ്റ് രാസവസ്തുക്കളും നീങ്ങി കിട്ടും. കീടാണുക്കളെയും അകറ്റും. വെള്ളത്തിന്‍റെ മണവും രുചിയും മെച്ചപ്പെടുത്താനും ഈ പ്യൂരിഫയറു കൊണ്ട് സാധിക്കുന്നു. ഇതു വെള്ളത്തിന്‍റെ ലവണാംശത്തെ നീക്കുകയില്ല. ബാക്ടീരിയ, വൈറസ് എന്നിവയെ നീക്കാനും കാർബൺ വാട്ടർ പ്യൂരിഫയറിനു സാധിക്കുകയില്ല. ദീർഘകാലം ഉപയോഗിച്ചില്ലെങ്കിൽ ഫിൽട്ടറിന്‍റെ നിലവാരം മോശമാകും.

അൾട്രാ വയലറ്റ് പ്യൂരിഫയർ

വെള്ളം ശുദ്ധീകരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാതെ അൾട്രാ വയലറ്റ് രശ്മികളാണ് ഇതിൽ ഉപയോഗിക്കുന്നത്. കായൽ, പുഴ, തടാകം എന്നിവിടങ്ങളിലെ വെള്ളം ഉൾപ്പെടെ ധാതു ലവണങ്ങൾ കൂടുതൽ അടങ്ങിയ ജലം ശുദ്ധീകരിക്കാനാണ് ഈ ഫിൽട്ടർ ഉപയോഗിക്കുന്നത്. ഒരു മിനിറ്റിൽ 4 ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കാൻ സാധിക്കും. ഒരു ബൾബ് കത്താനെടുക്കുന്ന വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. കാഠിന്യം കൂടിയ വെള്ളം ശുദ്ധീകരിക്കാനാവില്ല. ക്ലോറിൻ, ഫ്ളൂറൈഡ് എന്നിവ നീക്കാനാവില്ല. രാസവസ്തുക്കൾ നീക്കം ചെയ്യാനും പറ്റില്ല.

അൾട്രാ ഫിൽട്രേഷൻ വാട്ടർ പ്യൂരിഫയർ

പ്രത്യേക ഫൈബർ പാളി ഉപയോഗിച്ച് വെള്ളത്തിൽ അടങ്ങിയ വിവിധ ഘടകങ്ങളെ വേർതിരിക്കുന്ന രീതിയാണിതിൽ പ്രവർത്തിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യം കുറവുള്ള വെള്ളം ശുദ്ധീകരിക്കാനാണിത് ഉത്തമം. വെള്ളത്തിലെ അണുക്കൾ, മണ്ണ് എന്നിവയെ ഫൈബർ പാളി തുടയ്ക്കും. അതിനാൽ ചെളി അടങ്ങിയ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. 5 വർഷം വരെ ഉപയോഗിക്കാം. കഠിന ജലം ശുദ്ധീകരിക്കാനുള്ള കഴിവില്ല. അതിനാൽ കുഴൽ കിണറിലെ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കില്ല. കായൽ, പുഴ, പൊതുവിതരണ ജലം എന്നിവ ശുദ്ധീകരിക്കാൻ ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടുതവണ പ്യൂരിഫയറുകൾ കൃത്യമായി വൃത്തിയാക്കണം.

രാസവസ്തുക്കള്‍ വന്ധ്യത ഉണ്ടാക്കുമോ?

വിഷ വായുവും രാസവസ്‌തുക്കളും കലർന്ന അന്തരീക്ഷത്തിലുള്ള താമസം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം സ്ഥിതി വിശേഷത്തെ അവഗണിക്കുന്നത് പലപ്പോഴും സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരം അന്തരീക്ഷത്തിൽ നിന്നും മാറി താമസിക്കുന്നവരേക്കാൾ ഇത്തരം അന്തരീക്ഷത്തിൽ താമസിക്കുന്നവരിൽ വന്ധ്യതാ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയുമാണ് മാരകമായ കീടനാശിനികളും രാസവസ്‌തുക്കളും വയറിനകത്ത് എത്തുന്നത്.

പോഷകസമ്പന്നമായ പഴങ്ങളും പച്ചക്കറികളും ഏറ്റവും ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പോഷകങ്ങളുടെ ഉത്തമ സ്ത്രോസ്സുകളാണ്. എന്നാൽ വന്ധ്യത ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകൾ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ അവയിൽ അവശേഷിച്ചിട്ടുള്ള കീടനാശിനികളുടെ നല്ലൊരംശം സ്ത്രീയെ ഗർഭിണിയാകുന്നതിൽ നിന്നും തടയുമെന്നാണ് പറയുന്നത്. അതുപോലെ ഗർഭ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയും കൂടുന്നു.

യഥാർത്ഥത്തിൽ കീടങ്ങളെയും മറ്റ് ദോഷകരമായ പ്രാണികളെയും അകറ്റി നിർത്താനാണ് പഴം, പച്ചക്കറി വിളകളിൽ കീടനാശിനികൾ തളിക്കുന്നത്. ഈ കീടനാശിനികൾ രണ്ട് തരത്തിലുള്ളവയാണ്. രാസവളം, ജൈവവളം എന്നിങ്ങനെ. ഇവയുമായി സമ്പർക്കം പുലർത്തുന്നവരിലാണ് രാസവസ്തുക്കളുടെ സ്വാധീനമുണ്ടാവുക. ഉദാ: രാസവള വ്യവസായത്തിൽ ജോലി ചെയ്യുന്നവരേയും കർഷകരേയുമാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. മറ്റൊന്ന് രാസവളവുമായി നേരിട്ട് സമ്പർക്കം പുലർത്താത്തവരെയും ഇത് ദോഷകരമായി സ്വാധീനിക്കുന്നു. അതായത് കീടനാശിനി തളിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ആരോഗ്യത്തെ ബാധിക്കുമെന്നർത്ഥം.

ഗർഭധാരണ സാധ്യത 30 ശതമാനം വരെ കുറയുന്നു

 ഗർഭകാലത്ത് കീടനാശിനികൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചറിയാൻ ലോകമെമ്പാടുമുള്ള ഗവേഷകർ പല പഠനങ്ങളും നടത്തുകയുണ്ടായി. ഉയർന്ന അളവിൽ കീടനാശിനികൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന സ്ത്രീകൾ ഗർഭിണിയാകാനുള്ള സാധ്യത 30 ശതമാനം വരെ കുറയാം എന്ന് പഠനങ്ങളിൽ കണ്ടെത്തുകയുണ്ടായി. ഇതിന് പുറമെ 40 ശതമാനം പേർക്കാകട്ടെ ഇത്തരം കീടനാശിനികൾ ഗർഭഛിദ്രത്തിന് കാരണമാവുകയും ചെയ്‌തു.

പുരുഷന്മാരും ഇരകളും

 സ്ത്രീകളെ മാത്രമല്ല പുരുഷന്മാരുടെ പ്രത്യുൽപാദന വ്യവസ്ഥയേയും ഇത്തരം കീടനാശിനികളും രാസവളങ്ങളും ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കുറേ നാളുകളായി പുരുഷന്മാരിലെ പ്രത്യുല്പാദന വ്യവസ്ഥയെ കീടനാശിനികൾ അതിവേഗം ബാധിക്കുന്നുണ്ടെന്നാണ് പറയുന്നത്.

40 വയസ്സിന് മേലെ പ്രായമുള്ള ഏകദേശം 55 ശതമാനം പുരുഷന്മാരുടെയെങ്കിലും പ്രത്യുല്പാദന ക്ഷമതയെ പച്ചക്കറികളിലും മറ്റും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ബാധിക്കുന്നുണ്ട്. ഇതിന് കീടനാശിനികളുടെ ഉപയോഗം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഇത്തരം ഹാനികാരകങ്ങളായ കീടനാശിനികളിലുള്ള രാസവസ്തുക്കൾ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവായ അസിടൈൽകോളിൻ എസ്റ്ററേസിന്‍റെ നിർമ്മാണത്തെ തടയുന്നു. ഇതൊരു എൻസൈം ആണ്. തലച്ചോറിൽ സ്‌ഥിതി ചെയ്യുന്ന സന്ദേശ വാഹകരുടെ രൂപത്തിൽ പ്രവർത്തിക്കുന്ന ന്യൂറോട്രാൻസ്മിറ്റേഴ്സിനൊപ്പം ചേർന്ന് ശരീരഭാഗങ്ങളിലേക്കുള്ള സംവേഗങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്.

കീടനാശിനികൾ പുരുഷന്മാരിലെ ബീജാണുകളുടെ എണ്ണത്തെ കുറയ്ക്കുകയും ഒപ്പം അതിന്‍റെ ഗുണത്തെ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. സമയമാകും മുമ്പേ യൗവ്വനാവസ്ഥയിലെത്തുക, ജനനവൈകല്യങ്ങൾ, ഗർഭഛിദ്രം, ഉദരത്തിൽ വച്ച് തന്നെ മരിച്ച കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നിവയാണ് പ്രധാനമായും സ്ത്രീകളിലുണ്ടാവുന്ന പ്രശ്നങ്ങൾ.

ഇത്തരം രാസവസ്തുക്കൾ ജീവിതകാലം മുഴുവനും ശരീരത്തിൽ ദൂഷ്യഫലങ്ങൾ ഉളവാക്കും. ഇത് പ്രത്യുല്പാദന വ്യവസ്ഥയെ പലതരത്തിലും ബാധിക്കാം. ചില രാസവസ്തുക്കൾ കോശങ്ങളെ നശിപ്പിക്കുകയും മറ്റ് ചിലവ അവയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. ഇതിന്‍റെ ദുഷ്പ്രഭാവം വളരെ തീവ്രവും സ്‌ഥായിയായതുമായിരിക്കും. ഡിഎൻഎയുടെ സ്വഭാവത്തെ തന്നെ അത് മാറ്റി മറിക്കാം. ഇതിന്‍റെ മാറ്റം അടുത്ത തലമുറയുടെ വരെ പ്രത്യുല്പാദന വ്യവസ്‌ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയോ ജനന വൈകല്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാം.

 

  • ഡോ. അനുജാ സിംഗ്

ഗൈനക്കോളജിസ്റ്റ് ആന്‍റ്

ഐവിഎഫ് എക്സ്പെർട്ട്, ഇന്ദിരാ ഐവിഎഫ്, പാട്ന

റിച്ച് & റോയൽ

ഉത്സവാഘോഷങ്ങൾക്ക് മിഴിവേകാൻ കളർഫുൾ സാരിയോളം കഴിവ് മറ്റൊന്നിനും ഇല്ല. ഇന്ത്യൻ ഡ്രസ് എന്ന് പറഞ്ഞാൽ ഒരൊറ്റ വസ്‌ത്രമേ ദേശീയതലത്തിൽ ഇന്നും എന്നും ഉള്ളൂ. അതാണ് സാരി. ഓണാഘോഷങ്ങൾക്കും നിറവും തിളക്കവും നൽകുന്നത് സാരി തന്നെ. പ്രത്യേകിച്ചും ബ്രോക്കേഡ് സാരി.

ഫെസ്റ്റിവൽ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത് ബ്രൊക്കേഡ് സാരിയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ റോയൽ ലുക്ക് ഇത്രയും നൽകാൻ കഴിയുന്ന മറ്റൊരു സാരി ഇല്ല എന്നു പറയാം. മുഗൾ കാലഘട്ടം മുതൽ ബ്രൊക്കേഡ് സാരികൾ ഉണ്ടായിരുന്നു. സിൽവർ ഗോൾഡൻ, കോട്ടൺ തുണിയിലാണ് ഈ സാരിയുടെ ക്രിയേഷൻ.

ബോർഡറിന്‍റെ ഭംഗി

ഭംഗിയുള്ള ബോർഡർ വയ്‌ക്കുന്നതാണ് ഈ സാരിയുടെ റിച്ച് ലുക്കിന്‍റെ അടിസ്‌ഥാനം. ഫാഷൻ ഡിസൈനർമാരുടെ പ്രിയപ്പെട്ട ചോയിസാണ് ബ്രൊക്കേഡ് മെറ്റീരിയൽ. അതിനാൽ വളരെയധികം പരീക്ഷണങ്ങൾ സാരിയിലും മറ്റും നടത്താൻ പറ്റുന്നുണ്ട്. ബ്രൊക്കേഡ് സാരികളുടെ ഡിമാന്‍റ് ദിനംപ്രതി വർദ്ധിക്കുന്നുണ്ടെന്ന് കൊൽക്കൊത്തയിലെ സാരി ഡിസൈനർ ആയ സുഭാഷ് മുഖർജി പറയുന്നു. ബോർഡറിന്‍റെ ഗുണമേന്മ, നിറം തുടങ്ങിയവ ശ്രദ്ധിച്ചാൽ സാരിയുടെ ഭംഗി കുറേക്കാലം നിലനിൽക്കും. പലതരം ഷേയ്ഡുകളിലും, ബ്രൊക്കേഡ് സാരികൾ ഇറങ്ങുന്നുണ്ട്. കനം കൂടിയതും കുറഞ്ഞതുമായ തുണിത്തരങ്ങളും ലഭ്യമാണ്.

ജോർജറ്റ് സിൽക്ക് ഫാബ്രിക്ക് 

സിൽക്ക് ബ്രൊക്കേഡ് സാരികൾക്കായി സാറ്റിൻ മെറ്റീരിയലും ഉപയോഗിക്കാവുന്നതാണ്. നെയ്യുമ്പോൾ കളർഫുൾ ത്രെഡ് ഉപയോഗിക്കുന്നു. മൃദുലത കൊണ്ടും തിളക്കം കൊണ്ടും ഏറ്റവും ഡിമാന്‍റുള്ള മോഡൽ ആണ് ജോർജറ്റ് സിൽക്ക് ബ്രൊക്കേഡ് സാരികൾ.

മറ്റ് ഔട്ട്ഫിറ്റുകൾ

സാരികൾക്കു പുറമെ ബ്ലൗസ്, സൽവാർ സ്യൂട്ട്, ലഹംഗ തുടങ്ങിയവയും ബ്രൊക്കേഡ് തുണി കൊണ്ട് ചെയ്യാവുന്നതാണ്. വിശേഷാവസരങ്ങളിൽ ഇത് വളരെ റിച്ച് ലുക്ക് നൽകും. ഡ്യൂറബിലിറ്റി, തിക്ക്നസ്, ബ്രൈറ്റ്നസ് എന്നി പ്രത്യേകതയാണ് ഇത്തരം ബ്രൊക്കേഡ് വസ്‌ത്രങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. കാഞ്ചിപുരം ബ്രൊക്കേഡ് സാരി, ബനാറസി ബ്രോക്കേഡ് സാരികളും ഇപ്പോൾ ഹിറ്റാണ് ചെരിപ്പ്, ബാഗ്, ഹാംങ്ങിംഗ് ജൗല്ലറി തുടങ്ങിയവ പോലും ബ്രൊക്കേഡ് കൊണ്ട് നിർമ്മിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ടത്

ഈ മനോഹരമായ സാരി ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • സാരി ഉടുക്കുമ്പോൾ അതിന്‍റെ ബോർഡർ ഓപ്പൺ ആയി കാരി ചെയ്യുക.
  • ബോർഡറിന്‍റെ ഭംഗിയാണ് സാരിയുടെ സവിശേഷത.
  • ബ്രൊക്കേഡ് സാരിക്കൊപ്പം ബ്രൊക്കേഡ് ബ്ലൗസ് യൂസ് ചെയ്യാം. ഹാഫ് സ്ലീവ് നെറ്റ്, അല്ലെങ്കിൽ ജോർജറ്റ് ബ്ലൗസ് ബ്രൊക്കേഡ് സാരിക്കു ചേരും.
  • ഉടുത്തു കഴിഞ്ഞ് നേരിട്ട് മടക്കാതെ സാരി മുഴുവനായി വിടർത്തി അൽപനേരം അയയിൽ ഇട്ടശേഷം മടക്കാം.

കണ്ണുകൾക്കുണ്ട് കിഡ്നി കണക്ഷൻ

വൃക്കയും കണ്ണും

വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ പ്രവർത്തനത്തിലെ മാന്ദ്യം ഇവ കണ്ണുകളുടെ കാഴ്ച കുറച്ചേക്കാം. ഇത്തരം അവസ്‌ഥ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണട വച്ച് കാഴ്ച ശരിയാക്കുന്നത് അതിനു ശേഷം മതിയാകും. കിഡ്നി രോഗങ്ങൾ യഥാവിധി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ കണ്ണിന്‍റെ കാഴ്ചയും ക്രമേണ ഇല്ലാതാകും. പ്രത്യേകിച്ചും ലാസ്റ്റ് സ്റ്റേജിലുള്ള വൃക്കരോഗികൾക്ക് മിക്കവാറും കണ്ടുവരുന്ന പ്രശ്നമാണിത്.

കിഡ്നി രോഗങ്ങൾ പെട്ടെന്നൊരു ദിവസം കൊണ്ട് പിടിപ്പെടുന്നവയല്ല. ഭൂരിഭാഗം പേരിലും തെറ്റായ ജീവിതശൈലിയിൽ നിന്ന് ഉടലെടുക്കുകയാണ് ചെയ്യുന്നത്. ചിലരിൽ ജന്മനാലുള്ള പ്രത്യേകതകൾ നിമിത്തം കിഡ്നി ഫെയ്‍ലിയർ കണ്ടുവരാറുണ്ട്. രോഗങ്ങൾ ഉണ്ടെങ്കിൽ സാധാരണ കണ്ടുവരാറുള്ള ചില ലക്ഷണങ്ങൾ ഇതൊക്കെയാണ്.

ക്ഷീണം

നല്ല ഭക്ഷണം കഴിച്ചിട്ടും എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വൃക്കരോഗങ്ങൾ ഉണ്ടോ എന്നു പരിശോധിക്കണം. വൃക്ക ശരിയായി പ്രവർത്തിക്കുന്നില്ല എങ്കിൽ രക്തത്തിൽ ടോക്സിനുകൾ വർദ്ധിച്ചു വരും. ഇത് തളർച്ചയുണ്ടാകും. മൂത്രമൊഴിക്കുന്നതിലെ തടസ്സവും ഉറക്കത്തിൽ വൈഷമ്യവും ഇപ്രകാരം ടോക്സിനുകൾ വർദ്ധിക്കുമ്പോൾ കിഡ്നിയുടെ ക്ലിനിംഗ് പ്രക്രിയ തകരാറിലാവുന്നു. ശരീരത്തിൽ നിന്ന് മൂത്രം പുറന്തള്ളാൻ കഴിയാതെ വരികയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു. വൃക്ക രോഗമുണ്ടെങ്കിൽ ഏറ്റവും പ്രധാന ലക്ഷണമാണ് മൂത്രം ഒഴിക്കാൻ പ്രയാസം നേരിടുന്നത്. ദിവസവും നിരവധി തവണ മൂത്രമൊഴിക്കണമെന്ന് തോന്നുകയും മൂത്രം കാര്യമായി പോകാതിരിക്കുകയും ചെയ്താൽ ഡോക്ടറെ തീർച്ചയായും കാണണം. പല കാരണങ്ങൾ കൊണ്ട് ഇത്തരം തടസ്സങ്ങൾ ഉണ്ടാകാം. അതിൽ പ്രധാനപ്പെട്ട ഒരു കാരണമാണ് കിഡിനി ഫെയ്‍ലിയർ. ശരീരത്തിൽ നിന്ന് മൂത്രം പുറന്തള്ളുന്ന പ്രക്രിയ നിയന്ത്രിക്കുന്നത് വൃക്കകളാണ്. മൂത്രത്തിന്‍റെ നിറം, ഗന്ധം ഇവ പരിശോധിച്ചാൽ വൃക്കരോഗങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും. മൂത്രമൊഴിക്കുമ്പോൾ ധാരാളം പത കണ്ടാൽ ഡോക്ടറെ സന്ദർശിച്ച് പറയുക.

കണ്ണും ചർമ്മവും

വൃക്കയുടെ പ്രവർത്തന പരാജയത്തിന്‍റെ ദൂഷ്യഫലങ്ങൾ പ്രകടമായി കാണാൻ കഴിയുന്ന രണ്ടു ഭാഗങ്ങളാണ് കണ്ണും ചർമ്മവും. അതിന്‍റെ ലക്ഷണങ്ങളിലൊന്നാണ് കണ്ണിലും തൊലിപ്പുറമേയും കാണുന്ന ചൊറിച്ചിൽ. കണ്ണുകൾക്ക് ചുവപ്പ് നിറവും ഉണ്ടാകാം. അലർജിയുടെയും അണുബാധയുടെയോ ലക്ഷണമായി കണ്ണുചൊറിച്ചിലും ചുവപ്പും കണ്ടുവരാറുണ്ട്. എന്നാൽ കിഡ്നി രോഗമുള്ളവർക്കും ഇതേ ലക്ഷണം കാണാറുണ്ട്. കണ്ണിനു വേദനയും അനുഭവപ്പെടാം.

കണ്ണുകളുടെ വരൾച്ച

കണ്ണ് വരണ്ടിരിക്കുക എന്ന അവസ്‌ഥയും വൃക്കരോഗികളിൽ സംഭവിക്കാറുണ്ട്. ഇത് വളരെ സങ്കീർണ്ണമായ ഒരു ലക്ഷണമാണ്. കണ്ണുകൾ തിരുമ്മിയാൽ വീണ്ടും ഡ്രൈ ആകും. വരണ്ട കണ്ണുകൾ നിമിത്തവും കാഴ്ചശക്തി കുറയും. കിഡ്നി യഥാവിധി പ്രവർത്തിക്കാതെ വരുമ്പോൾ കണ്ണിൽ കാത്സ്യവും ഫോസ്ഫേറ്റും അടിയുന്നു. അങ്ങനെ കണ്ണിന് വരൾച്ച ഉണ്ടാകുന്നു. വരണ്ട കണ്ണുകളിൽ ചെറിയ മുറിവുകൾ രൂപപ്പെടാനും സാധ്യത കൂടുതലാണ്. കണ്ണ് കലങ്ങിയിരിക്കുന്നതു പോലെ തോന്നുകയും ചെയ്യും. കോർണിയയിലും വെളുത്ത ഭാഗത്തും എല്ലാം പരിക്കുകൾ സംഭവിക്കുന്നു.

റെറ്റിനോപതി

വൃക്കരോഗികളിൽ കണ്ടുവരുന്ന മറ്റൊരു കണ്ണ് രോഗമാണിത്. കാഴ്ച മങ്ങുന്നതാണ് ഒരു പ്രധാന ലക്ഷണം. കണ്ണിന്‍റെ കാഴ്‌ച കുറയുകയോ, മൂത്രം പോകുന്നതിൽ വ്യത്യാസം തോന്നുകയോ ചെയ്‌താൽ വൃക്കരോഗം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

– ഡോ. പിഎൻ ഗുപ്ത

ചീഫ് നെഫ്രോളജി, പാരസ് ഹോസ്പിറ്റൽ

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें