ജനാലയ്ക്കരികിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓരോർമ്മയുമില്ല. ഇന്നാണ് നൗഫിയയെ കാണാൻ പോകേണ്ടത്. ഉച്ചയ്‌ക്ക് പുറത്തു നിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നാണ് അവളുടെ ഓഫർ. വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് ഇപ്പോൾ എങ്ങനെയിരിക്കുമെന്തോ? സ്കൂൾ കാലത്തെ ബെസ്‌റ്റ് ഫ്രണ്ട്, പക്ഷേ പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു പോയി.
ഫേസ്ബുക്കിലൂടെ നൗഫിയയെ കണ്ടെത്തിയപ്പോൾ എത്ര സന്തോഷമാണ് തോന്നിയത്. വിഭയുടെ ചുണ്ടിൽ ചിരി പടർന്നു. ഭാഗ്യം എന്നേ പറയേണ്ടു. നൗഫിയ ഈ സിറ്റിയിൽ തന്നെയുണ്ട്. അതു കൊണ്ട് കൂടിക്കാഴ്‌ച ഒരു പ്രയാസമുള്ള കാര്യമല്ല.
വളരെ സിംപിൾ ലുക്ക് തരുന്ന ഒരു കുർത്തി തന്നെ വിഭ തെരഞ്ഞെടുത്തു. നൗഫിയ ഇടയ്‌ക്ക് ഹാങ്ഔട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞ റസ്‌റ്റേറന്‍റിൽ തന്നെയാണ് പോകുന്നത്.
വിഭ എത്തുന്നതിനും 10 മിനിട്ടു മുമ്പേ നൗഫിയ വന്നു സീറ്റു പിടിച്ചിരുന്നു. “ഹായ്... വിഭ! സുന്ദരിയായിരിക്കുന്നല്ലോ?” നൗഫിയ ചിരിയോടെ വിഭയെ കെട്ടിപ്പിടിച്ചു.
വിഭ മറുപടി അലസമായ ഒരു ചിരിയിലൊതുക്കി. പിന്നെ നൗഫിയയെ അടിമുടി നോക്കി. പഴയ നൗഫിയ തന്നെ. പക്ഷേ ആകെ ഒന്നുരുണ്ടു. ഒരാനച്ചന്തം എന്നൊക്കെ പറയുമ്പോലെ. അമ്മയായതിനു ശേഷം ഉണ്ടാകുന്ന ആ ഗ്രെയ്‌സ് നൗഫിയയുടെ മുഖത്ത് ഉണ്ട്. വർഷങ്ങളായി കൈമാറാൻ കാത്തു വച്ച വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പൂർത്തിയാക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നിപ്പോയി.
നൗഫിയ വിവാഹത്തോടെ അധ്യാപന ജോലി വേണ്ടെന്നു വച്ചു. അവൾ കുടുംബത്തിനു വേണ്ടി മുഴുവൻ സമയവും നീക്കി വച്ചിരിക്കുകയാണ്. വിഭയാകട്ടെ പല ജോലികൾ പരീക്ഷിച്ചു. ഇപ്പോഴും സ്‌ഥിരമായൊരു മേൽവിലാസത്തിലേക്ക് കടന്നു വന്നിട്ടില്ല.
ഭക്ഷണം കഴിഞ്ഞ് ഡെസേർട്ട് ഓർഡർ ചെയ്‌തിരിക്കുമ്പോൾ നൗഫിയ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് വിഭ ശ്രദ്ധിച്ചു.
“യു ആർ സ്‌റ്റിൽ സോ ബ്യൂട്ടിഫുൾ വിഭ! കോളേജിൽ പഠിക്കുമ്പോൾ കണ്ട ആളേ അല്ല ഇപ്പോൾ. കൂടുതൽ സുന്ദരി, പക്ഷേ ആ കണ്ണിലെ ഭാവം അതു തന്നെ! അതു കേട്ടപ്പോൾ വിഭയുടെ കണ്ണുകൾ നിറഞ്ഞു.
“എന്താടാ? ഞാൻ എന്തെങ്കിലും...?” വിഭയുടെ ഭാവമാറ്റം കണ്ടപ്പോൾ നൗഫിയ അമ്പരന്നു.
“ഇല്ല... വാ... നമുക്ക് ഇറങ്ങാം. എനിക്ക് വീട്ടിൽ പോകാറായി.”
ഹോട്ടൽ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരെയും മൗനം പൊതിഞ്ഞു നിന്നു.
തന്‍റെ പെരുമാറ്റത്തിൽ നൗഫിയയ്‌ക്ക് വിഷമമായിട്ടുണ്ടെന്ന് വിഭയ്ക്കറിയാം.
“ഞാൻ അൽപം കഴിഞ്ഞ് നിന്നെ വിളിക്കാം. ഇപ്പോൾ സംസാരിച്ചാൽ ഞാൻ ഇമോഷണലാകും. നിനക്കറിയാല്ലോ ഞാൻ ഒട്ടും സുന്ദരിയല്ല. എന്നിട്ടും നീ എന്നെ എന്തിനാ അങ്ങനെ വിളിച്ച് കളിയാക്കിയത്....? നൗഫിയ അവളെ ആശ്ചര്യത്തോടെ നോക്കി.
“വിഭ, ഇതു കഷ്‌ടം തന്നെ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളിൽ തന്നെയാണ് നിന്‍റെ മനസ്സ്...” വിഭയ്‌ക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.
ഇനിയും അവിടെ നിന്നാൽ താൻ ഉറക്കെ കരയുമെന്ന് അവൾ ഭയന്നു. അതിലെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് പെട്ടെന്ന് വിഭ കയറി ഇരുന്നു. നൗഫിയ്ക്കു നേരെ നോക്കാൻ പോലും അവൾ ഭയന്നു. വണ്ടി മുന്നോട്ടെടുത്തപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല.