ഞാന്‍ ഹാപ്പിയാണ് – അഞ്ജലി നായര്‍

അഞ്ജലി നായർ ഏറെ സന്തോഷത്തിലാണിപ്പോൾ. ദൃശ്യം 2 ൽ സരിതയെന്ന പോലീസുദ്യോഗസ്‌ഥയുടെ വേഷം ചെയ്‌ത സരിത പ്രേക്ഷക ഹൃദയങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിൽ ആദ്യ ഭാഗത്ത് ജോർജ്‌ജു കുട്ടിയുടെ കുടുംബത്തിന്‍റെ അയൽക്കാരിയായ വീട്ടമ്മയുടെ റോളിൽ എത്തി പിന്നീട് കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കുന്ന വേഷപ്പകർച്ചയിലേക്ക് മാറുന്ന നടിയുടെ കഥാപാത്രം ശരിക്കും സ്ക്രീനിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ച വച്ചത്. ഏറെ പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു അഞ്ജലിയുടെ അഭിനയ മികവ്.

കാമുകിയായും സഹോദരിയായും അമ്മയായും ഭാര്യയായും തുടങ്ങി ഏത് റോളിലും അനായാസമായ അഭിനയപാടവം. നായകന്‍റെ അമ്മയാവാനും കാമുകിയാവാനും ഈ താരം തയ്യാർ. അതാണ് അഞ്ജലി നായർ. കയ്യിൽ കിട്ടുന്ന ഏത് കഥാപാത്രത്തേയും നൂറുശതമാനം ഉൾകൊണ്ട് അവതരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നടി. പരസ്യ ചിത്രങ്ങളിലൂടെ സ്ക്രീനിലെത്തി, ബിഗ് സ്ക്രീനിന്‍റെ ഭാഗമായ ഈ സുന്ദരി, സിനിമാരംഗത്ത് തന്‍റേതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. അഞ്ജലി നായരുമായുള്ള സംഭാഷണത്തിൽ നിന്നും

ദൃശ്യം 2 വിലെ സരിതയെന്ന കഥാപാത്രമായതെങ്ങനെയാണ്.

ജിത്തുവേട്ടന്‍റെ (ജിത്തു ജോസഫ്) റാം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ഞാൻ ചെയ്യുന്നുണ്ട്. ആ സമയത്ത് ദൃശ്യം 2 വിൽ ഒരു നല്ല കഥാപാത്രം തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ദൃശ്യം 2 മോഹൻലാൽ ചിത്രമാണ്. വലിയൊരു ചിത്രത്തിന്‍റെ ഭാഗമാകണം എന്ന സന്തോഷത്തിൽ ഞാനെന്‍റെ കഥാപാത്രത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. കോൺഫിഡൻഷ്യൽ ഭാഗങ്ങൾ മാറ്റിയുള്ള സ്ക്രിപ്റ്റാണ് എനിക്ക് വായിക്കാൻ തന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ സരിതയെന്ന കഥാപാത്രം ശ്രദ്ധിച്ചെങ്കിലും അതായിരിക്കുകയല്ല എന്‍റെ കഥാപാത്രം മറ്റേതെങ്കിലും കഥാപാത്രമായിരിക്കുമെന്ന ചിന്തയിൽ കഥയിലെ മറ്റ് സ്ത്രീ കഥാപാത്രങ്ങളെയാണ് ഞാൻ ശ്രദ്ധിച്ചത്. ഒടുവിൽ അസോസിയേറ്റിനോട് ചോദിച്ചപ്പോഴാണ് സരിതയെന്ന കഥാപാത്രം എനിക്കുള്ളതാണെന്ന് മനസിലായത്. അതോടെ ഞാൻ ഫുൾ ബ്ലാങ്കായി പോയി. സരിതയെന്ന കഥാപാത്രത്തിനു വേണ്ടി എന്തെല്ലാം ചെയ്യണമെന്നുള്ള ടെൻഷനായിരുന്നു പിന്നെയെനിക്ക്. കഥാപാത്രത്തിനു വേണ്ടി ഫിസിക് മെയിന്‍റയിൽ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതും ടെൻഷനായി. പെട്ടെന്ന് എങ്ങനെ അത് സാധിച്ചെടുക്കുമെന്ന ആധിയായിരുന്നു. പിന്നെയൊന്നും നോക്കിയില്ല. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. സെറ്റിൽ പോയി അഭിനയിച്ചു. സരിത എന്ന കഥാപാത്രത്തെ നന്നായി അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റിയെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ അറിയാൻ പറ്റി. ഒരുപാട് പേർ എന്നെ ഫോൺ ചെയ്‌ത് അഭിനന്ദിച്ചിരുന്നു.

ജോർജ്‌ജു കുട്ടിയെ ചതിച്ചുവെന്ന പ്രതികരണങ്ങളെപ്പറ്റി…

എന്‍റെ കഥാപാത്രത്തിനെതിരെയുള്ള കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ഞാൻ ആസ്വദിക്കുകയാണ്. ഇങ്ങനെ വലിയൊരു സിനിമയിലൂടെ ഇത്രയും വലിയൊരു അംഗീകാരം കിട്ടുക, ലാലേട്ടനൊപ്പം, അതുപോലെ മറ്റ് കലാകാരന്മാർക്കൊപ്പം സ്ക്രീൻ സ്പേസ് കിട്ടുകയെന്നത് വലിയ കാര്യമല്ലേ.., അതൊക്കെ ഞാൻ ആസ്വദിക്കുകയാണ്.

സിനിമയിലേക്ക് നിശബ്ദമായ കടന്നു വരവായിരുന്നല്ലോ?

ഏറെക്കുറെ അങ്ങനെ തന്നെയെന്ന് പറയാം. ഞാൻ കുറേ ആഡ്ഫിലിംസ് ചെയ്യുമായിരുന്നു. എന്‍റെ ചില പരസ്യചിത്രങ്ങൾ കണ്ടിട്ടാണ് എനിക്ക് തമിഴിലേക്ക് അവസരങ്ങൾ കിട്ടുന്നത്. അതിനു ശേഷം ഞാൻ അഞ്ച് വീഡിയോ ആൽബവും ചെയ്തിരുന്നു. തമിഴിൽ ഉന്നൈ കാതലിപ്പേൻ, നെല്ല് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞാണ് മലയാളിത്തിലേക്ക് വന്നത്. സീനിയേഴ്സ് ആയിരുന്നു മലയാളത്തിലെ എന്‍റെ ആദ്യത്തെ സിനിമ.

ബാലതാരമായി ആദ്യം?

അതെ, എനിക്ക് 5 വയസ്സുള്ളപ്പോൾ ഞാൻ മാനത്തെ വെള്ളിത്തേരും മംഗല്യസൂത്രവും ചെയ്‌തിരുന്നു. പിന്നെ അത് കഴിഞ്ഞ് കെജി ജോർജ്‌ജ് സാറിന്‍റെ ഒരു സീരിയലിലും വേഷമിട്ടിട്ടുണ്ട്. 2008 ൽ ഞാൻ മോഡലിംഗ് ചെയ്‌ത് തുടങ്ങി. ഹരി പി നായർ, രമേഷ് പിഷാരടി, ധർമ്മജൻ എന്നിവരാണ് ഞാൻ മലയാള സിനിമയിൽ എത്താൻ കാരണക്കാരായവർ. ഏഷ്യാനെറ്റിന്‍റെ ഫണ്ണി ബേബി കോണ്ടസ്റ്റ്. പരിപാടിയിൽ കുട്ടികളോട് സംസാരിക്കാൻ വേണ്ടി ഇവർ മൂന്നുപേരും എന്നെ വിളിച്ചു. ഔട്ട് ഡോറിൽ പോയി കുട്ടികളോട് പേരും മറ്റും ചോദിക്കുക അതൊക്കെയായിരുന്നു എന്‍റെ ചുമതല. ഈ പരിപാടി കണ്ടിട്ട് ആഡ് ഫിലിം ഡയറക്ടർ സുരേന്ദ്രൻ മോഡലിംഗ് ചെയ്യാമോയെന്ന് ചോദിച്ചു. ആദ്യം എനിക്ക് ടെൻഷനായിരുന്നു ശരിയാകുമോ എന്നൊക്കെ ഓർത്ത്. അങ്ങനെ മൂന്ന് മാസം കഴിഞ്ഞ് ആദ്യത്തെ പരസ്യം ചെയ്‌തു. തുടർന്നാണ് എനിക്ക് സിനിമയിലേക്ക് അവസരം കിട്ടുന്നത്. 2011 ൽ സീനിയേഴ്സിൽ ചാക്കോച്ചന്‍റെ അനിയത്തിയുടെ വേഷം ചെയ്‌താണ് സിനിമയിൽ തുടക്കമിടുന്നത്. പിന്നെ വെനീസിലെ വ്യാപാരി… അത് കഴിഞ്ഞ് വിവാഹം നടന്നു. പിന്നെ മോളുണ്ടായി. ഇതൊക്കെയായി ചെറിയൊരു ബ്രേക്ക് വന്നു. അതിനു ശേഷം കുറേ മൂവീസ് ചെയ്‌തു.

ബെൻ (ആശ)യും വൈറ്റ് ബോയ്സ് (ഗീതയും)…

ചാലഞ്ചിംഗ് ആയിരുന്നു. വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് ബെന്നിലെ ആശ. അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എനിക്കും മകനായി അഭിനയിച്ച ഗൗരവിനും അവാർഡ് കിട്ടുമെന്ന് എനിക്ക് ചുറ്റുമുള്ളവർ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. അവാർഡ് കിട്ടിയപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. ബെന്നിലെ ആശയെപ്പോലെ എക്സ്ട്രീം ക്യാരക്‌റ്ററായിരുന്നു ഗീതയും. ബെന്നിന്‍റെ ഡയറക്‌ടർ ആറ്റ്ലിയേട്ടൻ തലേദിവസമാണ് ഈ പടത്തിന്‍റെ ഭാഗമാകാൻ എന്നെ വിളിക്കുന്നത്. ആറ്റ്ലിയേട്ടൻ പെട്ടെന്ന് വിളിച്ചിട്ട് നിനക്കിത് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. അത്രയും വെല്ലുവിളിയുള്ള കഥാപാത്രം എന്നെ ഏൽപിക്കാൻ ധൈര്യം കാട്ടിയ ആറ്റ്ലിയുടെ ആത്മവിശ്വാസമാണ് ആ പടം ഏറ്റെടുക്കാൻ എനിക്ക് പ്രേരണയായത്.

അഭിനയിക്കുമ്പോൾ ചിരിക്കരുതെന്ന ഒറ്റ കാര്യമാണ് ആറ്റ്ലിയേട്ടൻ എന്നോട് ആവശ്യപ്പെട്ടത്. അത്രയ്ക്ക് ക്രൂരമായ അമ്മയാണ് ബെന്നിലെ ആശ. അത്രയ്ക്ക് എക്സ്ട്രീമായി ആ ക്യാരക്റ്ററെ അവതരിപ്പിക്കണം അതൊക്കെ കേട്ടപ്പോൾ ഇത്തിരി ടെൻഷൻ തോന്നിയെങ്കിലും ഞാനത് ചെയ്‌തു. ക്രൂരയായ ഡയലോഗുകൾ പറയണം, ദേഷ്യം പ്രകടിപ്പിക്കണം ഇങ്ങനെ ആ കഥാപാത്രത്തെ എത്രമാത്രം ക്രൂരയാക്കാമോ അത്രയും ക്രൂരമാക്കി. ഓരോ സീനിന് കട്ട് പറഞ്ഞ് കഴിയുമ്പോൾ സെറ്റിൽ ഇരുന്ന് കരഞ്ഞുപോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കാരണം ഞാനും ഒരമ്മയാണല്ലോ. കൂട്ടുകാർ പടം കണ്ടിട്ട് എന്നെ അടിക്കാൻ തോന്നി വെറുത്തു പോയി എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി.

പുലിമുരുകൻ, കുട്ടി മോഹൻലാലിന്‍റെ അമ്മ, കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്‍റെ അമ്മ. അമ്മ വേഷത്തിൽ മാത്രം ഒതുങ്ങിപ്പോകുമെന്ന ഭയമുണ്ടോ?

ഒരിക്കലും ഭയമില്ല. കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ അമ്മയാണോ അതോ മറ്റ് വല്ല കഥാപാത്രമാണെന്നൊന്നും ഞാൻ നോക്കാറില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഏത് കഥാപാത്രവും ചെയ്യാൻ തയ്യാറായിരിക്കണം എന്ന വിശ്വാസക്കാരിയാണ് ഞാൻ. കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്‍റെയും മുത്തുമണിയുടെയും ബാല്യകാലത്തിലെയും മുതിർന്നപ്പോഴത്തെയും അമ്മയാണ് ഞാൻ. അവരൊക്കെ കംപ്ലീറ്റ് ആക്ടേഴ്സാണ്. അവരുടെ മുന്നിൽ പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്. എന്നെ അലട്ടിയ ഒരേയൊരു കാര്യം അമ്മ റോൾ ചെയ്യുമ്പോൾ ശരിയാകാതെ പാളി പോകുമോ എന്ന് മാത്രമായിരുന്നു. ഇക്കാര്യം ദുൽഖറിനോട് പറഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല പെർഫക്റ്റാണ് എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി.

എന്‍റെ മകൻ എന്നെ ആക്സ്പ്പറ്റ് ചെയ്തല്ലോ… അപ്പോൾ പിന്നെ ഒരു കുഴപ്പവുമില്ല (ചിരിക്കുന്നു). രാജീവ് രവിയെപ്പോലെയുള്ള സംവിധായകൻ ആ ക്യാരക്റ്റർ എന്നെ വിശ്വസിച്ച് ഏൽപിക്കുമ്പോൾ ആ റോൾ മികച്ചതാക്കുക എന്നത് മാത്രമായിരുന്നു മനസ്സിൽ. അതുപോലെ തമിഴ് സിനിമയായ മറുപടിയിൽ 60 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതെനിക്ക് ചാലഞ്ചിംഗ് ആയാണ് തോന്നിയത്. അമ്മയായി അഭിനയിച്ചു എന്നതു കൊണ്ട് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങൾ എനിക്ക് നഷ്‌ടപ്പെട്ടിട്ടുമില്ല.

മുതിർന്ന കഥാപാത്രങ്ങൾ മാത്രമല്ല ചെറുപ്പക്കാരുടെ ജോഡിയായായിട്ടും അഭിനയിക്കാൻ എനിക്ക് അവസരങ്ങൾ കിട്ടുന്നുണ്ട്. ഒരു സീനിൽ പോലും അഭിനയിക്കാൻ ഞാൻ തയ്യാറാണ്. അത് ഭംഗിയായി ചെയ്യുകയെന്നത് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

ഡ്രീം റോൾ

അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിൽ വരുന്നത്. എന്‍റെ സ്വപ്നത്തിൽ പോലും സിനിമാമോഹം ഉണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ പോലും അങ്ങനെയൊരു ഡ്രീം റോളിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ഇതുവരെ കിട്ടിയ എല്ലാ കഥാപാത്രങ്ങളും സംതൃപ്തി തന്നവയാണ്. വളരെ പ്രഗത്ഭരായ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം കിട്ടുകയെന്നതാണ് മോഹം. സിബിമലയിൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ വലിയ മോഹമുണ്ട്. അവരുടെ കൂടെ നിന്ന് നല്ല കാര്യങ്ങൾ പഠിച്ചെടുക്കുക. അല്ലാതെ മണിച്ചിത്രത്താഴിൽ ശോഭനചേച്ചി ചെയ്‌തതു പോലെയുള്ള കഥാപാത്രം എനിക്ക് കിട്ടിയെങ്കിൽ എന്നൊന്നും ഞാൻ ആഗ്രഹിക്കില്ല. കിട്ടിയാൽ തന്നെ എനിക്ക് പെർഫോം ചെയ്യാൻ പറ്റുകയുമില്ല.

സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

തീർച്ചയായും, പക്ഷേ എല്ലാ കാര്യത്തിലും ഇൻവോൾവ് ആകാൻ പറ്റാറില്ല. പൊതുവായ പ്രതിഷേധ കൂട്ടായ്മകളിലൊക്കെ ഞാൻ സജീവമായി പങ്കെടുക്കാറുണ്ട്. പ്രതിഷേധിക്കാറുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. എങ്കിലും സമൂഹത്തിൽ നടക്കുന്ന അനീതികൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒക്കെ കാണുമ്പോൾ വല്ലാതെ അമർഷവും വെറുപ്പുമൊക്കെ തോന്നാറുണ്ട്. പക്ഷേ ഒരു പെൺകുട്ടിയായതുകൊണ്ട് ചുറ്റും അപകടങ്ങൾ പതിയിരുപ്പുണ്ട് എന്ന് കരുതി ജീവിക്കാൻ ഞാൻ തയ്യാറല്ല. അങ്ങനെ പേടിയൊന്നുമില്ല. അങ്ങനെ പേടിച്ചാൽ നമുക്ക് ജീവിക്കാനാവുമോ? വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരങ്ങളിലാണ് ലൊക്കേഷനെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും. ദൂരെയാണെങ്കിൽ മാത്രമേ അച്ഛനൊ അമ്മയൊ സഹോദരനൊ കൂടെ വരൂ. മിക്കപ്പോഴും അമ്മയേയും മോളേയും കൂട്ടി ജോളിയായിട്ടാവും ലൊക്കെഷനിൽ പോകുക.

അഭിനയവുമായി ബന്ധപ്പെട്ട് പഠനങ്ങളും നിരീക്ഷണങ്ങളും നടത്താറുണ്ടോ?

ഞാൻ അഭിനയം എന്താണെന്ന് അറിയാതെയാണ് ഈ ഫീൽഡിൽ വന്നത്. അതുകൊണ്ട് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. സംവിധായകൻ പറഞ്ഞതനുസരിച്ച് ഞാൻ അഭിനയിച്ചു. എന്‍റെ അഭിപ്രായത്തിൽ പുസ്തകങ്ങൾ വായിച്ചതു കൊണ്ടോ കുറേയെറേ സിനിമകൾ കണ്ടതു കൊണ്ടോ അഭിനയം പഠിക്കാനാവില്ല. അത് ഓരോ കലാകാരന്‍റെ ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. ആത്മാവിഷ്ക്കാരമാകണം. എന്നാലെ മൗലികതയുണ്ടാകൂ.

ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ… അടുത്ത കഥാപാത്രത്തിലേക്ക് മനസ്സു കൊണ്ട് ഇഴുകിച്ചേരാൻ തയ്യാറെടുപ്പുകൾ?

2-3 ദിവസത്തെ വ്യത്യാസത്തിലാവും ഞാൻ മറ്റൊരു സിനിമയിലെ കഥാപാത്രം ചെയ്യുക. കമ്മട്ടിപ്പാടം ചെയ്യുമ്പോൾ കഥാപാത്രത്തിന് പക്വത തോന്നിപ്പിക്കാൻ ഞാൻ ബിരിയാണിയൊക്കെ കഴിച്ച് തടി കൂട്ടിയിരുന്നു. അടുത്ത പടം ചെയ്യുമ്പോൾ ശരീരം മെലിയാൻ വേണ്ടി പരിശ്രമിച്ചു. ഓരോ കഥാപാത്രവും ചെയ്യുമ്പോൾ പെട്ടെന്ന് ആ കഥാപാത്രവുമായി ഇഴുകിച്ചേരാൻ കഴിയാറുണ്ട്. അതൊരു പക്ഷേ സംവിധായകന്‍റെ മിടുക്കാകാം. സിനിമയിൽ ചിലപ്പോൾ ഒന്നോ രണ്ടോ സീനിലെ കാണൂവെങ്കിൽ ആ കഥാപാത്രത്തോടുള്ള ഇഷ്‌ടം കൊണ്ട് ഇച്ചിരി കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്നൊക്കെ മോഹിച്ച് പോകാറുണ്ട്.

ഒഴിവ് വേളകൾ എങ്ങനെയാണ് ആസ്വദിക്കുന്നത്?

വീട്ടിലാണെങ്കിലും പുറത്താണെങ്കിലും വെറുതെയിരിക്കുമ്പോൾ കൂട്ടുകാരെയൊക്കെ വിളിച്ച് പരസ്പരം വിശേഷങ്ങൾ പറയും. എല്ലാ വൈകുന്നേരവും മോളെയും കൂട്ടി പുറത്ത് കറങ്ങാൻ പോകും. പിന്നെ വീട്ടുകാരുമായി സിനിമ കാണും.

പാചകമെങ്ങനെ?

പാചകം, അതൊക്കെ അമ്മ ചെയ്യും. എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട കാര്യം വീട് ക്ലീൻ ചെയ്യലാണ്. അത് ഞാൻ ആസ്വദിച്ച് തന്നെ ചെയ്യും.

ജീവിതത്തിൽ എപ്പോഴും മുറുകെ പിടിക്കുന്ന ഫിലോസഫി?

എന്‍റെ ഫിലോസഫി എന്‍റെ ജീവിതവും ജോലിയുമാണ്. സ്വന്തം ജീവിതത്തെ നോക്കി കാണുന്ന രീതിയാണത്. സിനിമയിൽ ഏത് കാരക്റ്റർ കിട്ടിയാലും ചെറുതോ വലുതോ എന്ന് നോക്കാതെ പൂർണ്ണമായ മനസ്സോടെ ചെയ്യുകയെന്നതാണ് എന്‍റെ ഫിലോസഫി അതിൽ അഭിമാനവും ഉണ്ട്.

അടുത്ത പ്രോജക്ടുകൾ

മീസാൻ ഉടൻ തന്നെ റിലീസാകും. റാം, ആറാട്ട്, വൺസെക്കന്‍റ്, മോഹൻ കുമാർ ഫാൻസ്, അവിയൽ, ലിക്കർ ഐലൻറ്,സൺ ഓഫ് ഗാങ്സ്റ്റർ, മരട് 357, കാവൽ, ജിബുട്ടി എന്നിവയാണ് അടുത്ത ചിത്രങ്ങൾ. ഇതിൽ അവിയൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

വെജിറ്റബിൾ കോഫ്ത

മലയാളികൾക്കിടയിൽ പോപ്പുലർ ആയ  നോർത്തിന്ത്യൻ വെജിറ്റേറിയൻ ഡിഷ്‌ ആണ് വെജിറ്റബിൾ കോഫ്ത. റെസ്റ്റോറന്‍റ് സ്റ്റൈലിൽ എങ്ങനെ വെജ് കോഫ്ത ഉണ്ടാക്കാമെന്ന് നോക്കാം. ചോറിനും ചപ്പാത്തിക്കും നാനിനും ദോശയ്ക്കും പൊറോട്ടയ്ക്കും ഒപ്പം ഈ കറി ഉപയോഗിക്കാം.

ചേരുവകൾ

കോഫ്തയ്ക്ക്

ക്വാളിഫ്ളവർ – ഒന്നര കപ്പ്

കാരറ്റ് ചെറുതായി അരിഞ്ഞത് – അര കപ്പ്

ഉള്ളിത്തണ്ട് – അര കപ്പ്

ഇഞ്ചിയരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കടലമാവ് – മുക്കാൽ കപ്പ്

എണ്ണ – വറുക്കാൻ ആവശ്യമായത്

ഉപ്പ് – ആവശ്യത്തിന്

ഗ്രേവിയ്ക്ക്

സവാള നേർത്തതായി അരിഞ്ഞത് -അര കപ്പ്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂണ്‍

കോൺ ഫ്ളോർ – 2 വലിയ സ്പൂൺ

സോയ സോസ്- 2 വലിയ സ്പൂൺ

ടൊമാറ്റോ സോസ് – 2 വലിയ സ്പൂൺ

റെഡ് ചില്ലി സോസ് – ഒരു സ്പൂൺ

വിനാഗിരി – 2 ചെറിയ സ്പൂൺ

കുരുമുളക് പൊടി – കാൽ ടീസ്പൂൺ

റിഫൈൻഡ് ഓയിൽ – 2 വലിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കോഫ്ത തയ്യാറാക്കുന്നതിന്

ചേരുവകളെല്ലാം മിക്സ് ചെയ്ത്. ചെറിയ ഉരുകളാക്കി ചറുതീയില്‍ വറുത്തെടുക്കുക, കോഫ്ത തയ്യാര്‍.

ഗ്രേവി തയ്യാറാക്കുന്നതിന്

ഒരു സോസ് പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് വഴറ്റുക.

ഒരു കപ്പ് വെള്ളത്തിൽ മൈദയും കോൺഫ്ളോറും മിക്സ് ചെയ്‌ത് അതിലേക്ക് ഒഴിക്കുക. എല്ലാം നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിൽ എല്ലാ സോസുകളും ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം തയ്യാറാക്കിയ കോഫ്ത ഇടുക.

തീ ഓഫാക്കിയ ശേഷം സോസ് കോഫ്തയില്‍ പിടിക്കുവാനായി നന്നായി ഇളക്കുക (പ്രത്യേകം ശ്രദ്ധിക്കുക കോഫ്ത ഇട്ട ശേഷം വേവിക്കരുത്).

സർവിംഗ് ഡിഷിൽ പകർന്ന് ചൂടോടെ സർവ്വ് ചെയ്യാം.

മഷ്റൂം പാലക്

പച്ചക്കറിയിലെ താരമാണ് പാലക് ചീര. അത്രയും പോഷക സമ്പന്നം ആയ ഇലവർഗം ആണിത്. കുട്ടികളും വിളർച്ച ഉള്ളവരും തീർച്ചയായും കഴിച്ചിരിക്കണം. ഈ ഇലവർഗത്തിനൊപ്പം പോഷക സമ്പന്നമായ കൂൺ, പനീർ ഇതൊക്കെ ചേർത്ത് കൂടുതൽ സ്വാദിഷ്ഠമായ കറികൾ ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടമാവുന്ന മഷ്‌റൂം പാലക് കറി ഉണ്ടാക്കുന്ന വിധം നോക്കാം.

ചേരുവകൾ

മഷ്റൂം – ഒരു പാക്കറ്റ്

പാലക് ചീര – 250 ഗ്രാം

സവാള മീഡിയം വലിപ്പം – ഒന്ന്

ഇഞ്ചി – ഒരിഞ്ച് വലിപ്പമുള്ള കഷണം

വെളുത്തുള്ളി – 4 അല്ലി

കശുവണ്ടി പരിപ്പ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – 2 എണ്ണം

വെണ്ണ – ഒരു വലിയ സ്പൂൺ

റിഫൈൻഡ് ഓയിൽ – ഒരു വലിയ സ്പൂൺ

ഫ്രഷ് ക്രീം – 2 ചെറിയ സ്പൂൺ

ഇഞ്ചി നീളത്തിലരിഞ്ഞത് അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

സവാള, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി എന്നിവ ഒന്നരകപ്പ് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ ഒരു വിസിൽ വരും വരെ പാകം ചെയ്യുക.

പാലക് ചീര നല്ലവണ്ണം വെള്ളത്തിൽ കഴുകിയെടുത്ത് തിളച്ച വെള്ളത്തിൽ ഇടുക. തണുപ്പിച്ച ശേഷം ഇലകൾ പച്ച മുളകിനൊപ്പം മിക്സിയിൽ അരച്ചെടുക്കുക.

സവാള ചേരുവയും മിക്സിയിൽ അരച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിൽ വെണ്ണ, എണ്ണ എന്നിവയിട്ട് ചൂടാക്കുക. കൂൺ ഓരോന്നും 4 കഷണങ്ങളാക്കി വഴറ്റി മാറ്റിയെടുത്ത് വയ്ക്കുക.

ഇതിൽ സവാള പേസ്റ്റ് ഇട്ട് വഴറ്റുക. ശേഷം പാലക് പേസ്റ്റ് ഇട്ട് 2 മിനിറ്റ് നേരം കൂടി വഴറ്റുക. കൂണും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക.

ഫ്ളെയിം കുറച്ച് പാകം ചെയ്യുക. ഗ്രേവി കുറുകിയ ശേഷം ക്രീം ചേര്‍ക്കുക. ഇഞ്ചി നേർത്തതായി അരിഞ്ഞത് മീതെയിട്ട് സർവ്വ് ചെയ്യുക.

ചപ്പാത്തിക്കൊപ്പം മികച്ച കോമ്പിനേഷൻ ആണ്.

(പാലക്കിന്‍റെ ഗ്രേവിയിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പനീർ എന്നിങ്ങനെ ഇഷ്ടമുള്ളത് ചേർക്കാം)

സ്ത്രീ സുരക്ഷ പുരുഷന്‍റെ ഉത്തരവാദിത്തം

കുട്ടിക്കാലം മുതൽ സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ വനിതയാണ് സുനിത കൃഷ്‌ണൻ. ബലാത്സംഗത്തിനും പെൺ വാണിഭത്തിനും ഇരയായവർ, കളളന്മാരുടെ വലയിലായ കുഞ്ഞുങ്ങൾ ഇങ്ങനെയുള്ളവരെ ഒക്കെ രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ദൗത്യമാണ് സുനിത ഇപ്പോൾ ചെയ്യുന്നത്. തനിക്കെതിരെ കൂട്ട ബലാത്സംഗം നടന്നപ്പോഴും, കൊലപാതക- ആസിഡ് ആക്രമണ ശ്രമങ്ങളുണ്ടായപ്പോഴും അതിശയിപ്പിക്കുന്ന കരുത്തോടെ അവർ ജീവിതത്തിലേക്ക് ഉയിർക്കൊണ്ടു. ഈ അസാധാരണമായ വെല്ലുവിളികളെല്ലാം അവരെ ദുർബലയാക്കി മാറ്റിയില്ല, മറിച്ച് ഒരു പോരാളിയാക്കി മാറ്റി. മനോവേദനകളും, ദേഹപീഢകളുമെല്ലാം അവരെ കൂടുതൽ കരുത്തയാക്കി.

30 വർഷമായി സാമൂഹ്യസേവനരംഗത്തു പ്രവർത്തിക്കുകയാണ് സുനിത. 15 വയസ് എന്ന ചെറുപ്രായത്തിൽ, ദളിത് സമുദായക്കാരെ സാക്ഷരരാക്കാൻ ശ്രമിച്ചതിന്‍റെ ശിക്ഷയായി കൂട്ടബലാത്സംഗം എന്ന അക്രമം നേരിട്ടു. ഗ്രാമത്തിലെ 8 പേരാണ് ഈ ക്രൂരത ചെയ്‌തത്. ഒപ്പം അവളെ തല്ലിച്ചതയ്‌ക്കുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം സുനിതയും കുടുംബവും ഒറ്റപ്പെട്ടു. ഇവരെ ഭയപ്പെടുത്താൻ അക്രമികൾ ശ്രമിച്ചുവെങ്കിലും, ആ ഭയത്തിനു മീതെ വിജയത്തെ പ്രതിഷ്‌ഠിച്ച് സുനിത മുന്നോട്ടു തന്നെ പോയി. ഈ സംഭവത്തിനുശേഷം, സ്‌ത്രീകളെ പീഡിപ്പിക്കുന്നവർക്കെതിരെ സുനിത ഒരു വാളായി ഉയർന്നുവന്നു. 2016-ൽ പദ്‌മശ്രീയും നേടി.

കുടുംബത്തിന്‍റെ പിന്തുണ എങ്ങനെയായിരുന്നു?

ഞാൻ വളരെ ചെറിയ പ്രായത്തിൽ സാമൂഹ്യസേവന രംഗത്തുവന്നു. 15 വയസ്സുള്ളപ്പോൾ എനിക്ക് കൂട്ടബലാൽക്കാരം നേരിടേണ്ടി വരികയും ചെയ്‌തു. അത് ഗ്രാമത്തിലെ ദളിത് വിഭാഗക്കാർക്ക് വിദ്യാഭ്യാസം നൽകിയതിനുള്ള ശിക്ഷയായിരുന്നു. അതെന്‍റെ ജീവിതത്തെ മാറ്റി മറിച്ചു. ആ സംഭവത്തിനുശേഷം എനിക്ക് ഉള്ളിലുണ്ടായ ഒരു തരം മരവിപ്പ് കണ്ട് എന്‍റെ കുടുംബം നിശബ്‌ദരായി. അന്നെനിക്ക് തോന്നിയത് അവരെന്നെ അവഗണിക്കുന്നു എന്നാണ്. പക്ഷേ 25 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഞാൻ ആ കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് തോന്നുന്നു, അവരുടെ നിശബ്‌ദതയാണ് എനിക്ക് മുന്നേറാനുള്ള പ്രചോദനമായത്.

പ്രജ്വലയുടെ ഉദ്ദേശ്യം?

പ്രജ്വല രൂപീകരിച്ചത് 1996 ലാണ്. വേശ്യാവൃത്തി ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശമായിരുന്നു തുടക്കത്തിൽ. പക്ഷേ അതൊരു സംഘടിതമായ കുറ്റകൃത്യമാണെന്നും, അവിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകലും, മറ്റൊരു നാട്ടിലേക്ക് കടത്തലും ആവശ്യക്കാരുടെ വീടുകളിൽ പോലും എത്തിക്കലും ഉണ്ടെന്ന് മനസിലായി. എന്തായാലും ഈ പ്രസ്‌ഥാനം വ്യക്‌തമായി ഞങ്ങൾ ഉപയോഗിച്ചു. വേശ്യാവൃത്തിയിൽ പെട്ടുപോയ പെൺകുട്ടികളെ രക്ഷിച്ചാൽ മാത്രം പോര, അവരുടെ ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിക്കുക എന്ന ദൗത്യവും ഏറ്റെടുക്കേണ്ടിവന്നു. കുട്ടികളെ അവർ തിരിച്ചെടുക്കാതെ വന്നപ്പോൾ അവരുടെ പുനരധിവാസം ഒരു ചോദ്യ ചിഹ്‍നമായി.

ബലാൽക്കാരത്തിന്‍റെ ഇരകളോട് സമൂഹത്തിന്‍റെ കാഴ്‌ചപ്പാട് മാറിയോ?

സ്‌ത്രീയുടെ സുരക്ഷ, അവളുടെ ഉത്തരവാദിത്തമാണെന്ന ചിന്ത വച്ചു പുലർത്തിയാൽ ഒരിക്കലും സ്‌ത്രീ സുരക്ഷിതയാകാൻ പോകുന്നില്ല. നാം നമ്മുടെ ആൺകുട്ടികളെയും, സഹോദരന്മാരെയും പറഞ്ഞു മനസ്സിലാക്കിക്കണം. സ്‌ത്രീയുടെ സുരക്ഷ അവരുടെയും കർത്തവ്യമാണെന്ന ചിന്ത സൃഷ്‌ടിക്കണം. ഈ ചിന്തയുള്ള പുരുഷ സമൂഹം വളർന്നു വരുമ്പോൾ സ്‌ത്രീ സുരക്ഷിതയാകും.

ഈ പ്രവൃത്തികൾ ചെയ്യാൻ ഭർതൃകുടുംബത്തിന്‍റെ പിന്തുണ എത്രമാത്രമുണ്ട്?

ഞാൻ പോകുന്ന വഴിയിൽ പിന്നോട്ടു നടത്തമില്ല. എന്‍റെ ജോലിയെ കുറിച്ച് ആര് എന്ത് പറയുന്നു എന്നത് എനിക്ക് ബാധകവുമല്ല. എന്‍റെ ഭർത്താവ് രാജേഷ് എന്‍റെ ഓരോ കാൽവയ്‌പിലും ഒപ്പമുണ്ട്. അവരുടെ പിന്തുണ എനിക്ക് വളരെ വലുതാണ്.

സാമൂഹ്യ ജീവിതവും കുടുംബജീവിതവും എങ്ങനെ ക്രമീകരിക്കുന്നു?

എനിക്ക് രണ്ടും ഒന്നുതന്നെയാണ്. എന്‍റെ ജോലി, എന്‍റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഞാൻ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. ഞായർ എന്നൊരു അവധി ദിവസമുണ്ടെന്ന് പോലും ഞാൻ ഓർക്കാറില്ല.

അമളി

വൈകുന്നേരം 6 മണിയായി. സിറ്റിയിലെ ഹൊറിസോൺ പാർക്കിലൂടെ ഉലാത്തുകയായിരുന്നു കാവേരി. പാർക്കിൽ വയസ്സായവരും ചെറുപ്പക്കാരുമായ ധാരാളം സ്ത്രീകളും പുരുഷന്മാരുമുണ്ട്. കൊച്ചു കുട്ടികളെ പാർക്കിൽ കളിപ്പിക്കാനായി എത്തിയ ചെറുപ്പക്കാരികളായ അമ്മമാരുമുണ്ട്. അവർ അവിടുത്തെ പതിവ് സന്ദർശകരാണ്.

പാർക്കിൽ ഓടിചാടി കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി കൊണ്ട് തന്‍റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്വപ്നം കൊണ്ട് കാവേരി പാർക്കിലൂടെ സാവധാനം നടന്നു.

എതിർവശത്തു നിന്നു വരുന്ന സഹദേവനെ കണ്ട് അവൾ പിറുപിറുത്തു. “ഹൊ… കെളവൻ വരുന്നു” അവൾ അയാളെ മന:പൂർവ്വം അവഗണിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

എന്നാൽ സഹദേവൻ ഒരു നാണമില്ലാത്ത മനുഷ്യനായിരുന്നു. അയാൾ അവളെ അടിമുടി നോക്കി ഒരു വിടനെപോലെ പുഞ്ചിരിച്ചു.

“സുഖമല്ലേ?”

65 വയസ്സുള്ള അയാളുടെ പ്രായം പരിഗണിച്ചു കൊണ്ട് കാവേരി തലയാട്ടി. സുഖമായിരിക്കുന്നു.” എന്നിട്ട് അവൾ വേഗത്തിൽ മുന്നോട്ട് നടന്നു.

ഈ പാർക്കിൽ എത്ര തവണ ചുറ്റിയടിക്കുന്നോ അത്രയും തവണ സഹദേവനെ കാണേണ്ടി വരുന്നത് ഓർത്ത് അവൾ അസ്വസ്‌ഥതപ്പെട്ടു. ഓരോ തവണയും അയാൾ പറയുന്ന വളിച്ച കമന്‍റുകൾ കേൾക്കേണ്ടിയും വരും.

സഹദേവൻ അടുത്ത കൂട്ടുകാരി റീനയുടെ അമ്മായിയച്ഛനായിരുന്നു. പാർക്കിൽ വരുന്ന സ്ത്രീകളോടും പെൺകുട്ടികളോടും അയാൾ വൃത്തികെട്ട കമന്‍റുകൾ പറയുന്നത് സർവ്വസാധാരണമായിരുന്നു. ചുരുക്കി പറഞ്ഞാൽ ആ മേഖലയിലെ വൃത്തികെട്ട മനുഷ്യൻ എന്ന പരിവേഷമായിരുന്നു സഹദേവന്.

ഭാര്യയും ഏകമകൻ വിനീതും മരുമകൾ റീനയ്‌ക്കും 10 വയസുകാരൻ കൊച്ചു മകനുമൊപ്പമാണ് സഹദേവൻ താമസിച്ചിരുന്നത്. രാവിലേയും വൈകുന്നേരവും അയാൾ പാർക്കിൽ മുടങ്ങാതെ നടക്കാൻ വരുമായിരുന്നു.

ആ സമയത്ത് പാർക്കിൽ വരുന്ന സ്ത്രീകൾക്ക് അയാൾ പറയുന്ന വൃത്തികെട്ട കമൻറുകൾ കേൾക്കേണ്ടി വരും.

അടുത്ത റൗണ്ടിൽ കാവേരിക്ക് അഭിമുഖമായെത്തിയ സഹദേവൻ അവളെ നോക്കി ചിരിച്ചു. “റോസ് നിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായിരിക്കുന്നുവല്ലോ.” അയാളുടെ അഭിപ്രായ പ്രകടനം കേട്ട് കാവേരി മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു. മനസ്സിൽ കത്തുന്ന ദേഷ്യമുണ്ടായെങ്കിലും അവൾ കടിച്ചമർത്തി. മുന്നോട്ട് നടന്നു.

അടുത്ത റൗണ്ട് എത്തിയപ്പോഴും അയാൾ അവളെ നോക്കി വെളുക്കെ ചിരിച്ചു. “എത്ര മാസമായി? എന്നാണ് ഡെലിവറി?” ഇത്തവണ കാവേരി അയാളെ തുറിച്ചു നോക്കി.

“അങ്കിളിന് അത് അറിഞ്ഞിട്ട് എന്തുവേണം.”

“ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കണം. വെണ്ണയും പാലുമൊക്കെ കഴിച്ചാൽ കുഞ്ഞിന് നല്ല വെളുപ്പുനിറം ഉണ്ടാകും.” അയാൾ വക്രതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

കാവേരിക്ക് കടുത്ത ദേഷ്യം വന്നു. “നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. എനിക്ക് കാര്യങ്ങൾ പറഞ്ഞ് തരാൻ എന്‍റെ വീട്ടിൽ ആളുണ്ട്.”

“എന്തിനാ ദേഷ്യപ്പെടുന്നത്? ഈ കോളനിയിലുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് തെറ്റാണോ?” അയാൾ ഗൂഡമായി ചിരിച്ചു.

“നിങ്ങൾക്ക് നാണമില്ലേ. ഞാൻ റീനയോട് കാര്യങ്ങൾ പറയാം.” കാവേരിയും വിട്ടു കൊടുക്കാൻ തയ്യാറായില്ല.

“പറഞ്ഞോളൂ. എനിക്ക് ആരേയും പേടിയില്ല.” എന്നു പറഞ്ഞുകൊണ്ട് സഹദേവൻ ഒരു കുടിലമായ ചിരിയോടെ മുന്നോട്ട് കടന്നു പോയി. അപ്പോഴേക്കും കാവേരിയുടെ കൂട്ടുകാരി അനുപമ നടക്കാനായി പാർക്കിലെത്തിയിരുന്നു. ഇതെല്ലാം കണ്ടു കൊണ്ടായിരുന്നു അനുപമയുടെ വരവ്. കാവേരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് കണ്ട് അനുപമ അവളെ ആശ്വസിപ്പിച്ചു.

“കണ്ടില്ലേ അയാളുടെ ധൈര്യം. ഞാനിത് വിട്ടാൻ പോകുന്നില്ല. റീനയോട് കാര്യങ്ങൾ പറയണം.” കാവേരി കിതപ്പോടെ പറഞ്ഞു.

“നീ ദേഷ്യപ്പെടാതെ. ഇക്കാര്യം അൽപം ഗൗരവത്തോടെ ചിന്തിക്കണം. അയാളുടെ പഞ്ചാരയടി അവസാനിപ്പിച്ചേ പറ്റൂ. ഇന്നലെ അയാൾ എന്നോട് പറഞ്ഞതെന്താണെന്ന് അറിയാമോ കഴിഞ്ഞയാഴ്ച എന്താ വരാതിരുന്നതെന്ന് ഞാനില്ലാത്തതുകൊണ്ട് അയാൾക്ക് നടക്കാൻ സുഖം തോന്നിയില്ലത്രേ.” കാവേരി ദേഷ്യത്തോടെ പറഞ്ഞു.

“ഞാനിന്ന് തന്നെ റീനയെ കണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. പാവം അവളെങ്ങനെ ഇയാളെ സഹിക്കുന്നു. അങ്ങേരുടെ ഭാര്യയുടെ കാര്യം കഷ്ടം തന്നെ. അങ്ങേരെ എങ്ങനെ ഇത്രയും വർഷം സഹിച്ചു കാണും.”

റീനയുമായി നല്ല അടുപ്പമായിരുന്നു ഇരുവർക്കും. പിറ്റേ ദിവസം തന്നെ കാവേരി റീനയെ കാണാൻ വീട്ടിൽ ചെന്നു. “റീന, വളരെ പ്രയാസപ്പെട്ടാണ് ഇക്കാര്യം പറയുന്നത്. നിന്‍റെ അമ്മായിയച്‌ഛൻ കാരണം ഞങ്ങൾക്ക് വഴി നടക്കാൻ വയ്യാ. ഇന്ന് ഞാൻ ക്ഷമിച്ചു. ഇനി അങ്ങനെയാകില്ല. നീ എന്‍റെ കൂട്ടുകാരിയായതുകൊണ്ടാ എനിക്ക് നിന്‍റെ അമ്മായിയച്ഛന്‍റെ മുഖത്ത് നോക്കി ഒന്നും പറയാനാവാത്തത്.”

റീന സങ്കോചത്തോടെ കാവേരിയെ നോക്കി. സ്വയം അപമാനിതയായതു പോലെ റീനയ്‌ക്ക് തോന്നി. എന്ത് പറയാനാണ് ഇക്കാര്യങ്ങളെല്ലാം തന്നെ അറിയാവുന്നത് തന്നെയാണ്. പക്ഷേ എന്തെങ്കിലും പറഞ്ഞേ തീരൂ.

“ഇക്കാര്യം ഞാൻ വിനീതിനോട് പറയാം. എത്രനാൾ ഇതൊക്കെ സഹിക്കും. എനിക്ക് ഓർക്കുമ്പോൾ നാണം തോന്നുന്നു. കാവേരി. നീ വിഷമിക്കണ്ട. ഞാൻ വേണ്ടത് ചെയ്യാം.” കാവേരി കുറച്ച് നേരം മറ്റ് വിശേഷങ്ങൾ പറഞ്ഞശേഷം മടങ്ങിപോയി.

വിനീത് ഓഫീസിൽ നിന്ന് എത്തിയയുടൻ റീന അയാളെ കാര്യങ്ങൾ ധരിപ്പിച്ചു.

“വിനീത്, എനിക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ട്. ചുറ്റുമുള്ള എന്‍റെ ഫ്രണ്ട്സ് അച്ഛനെക്കുറിച്ച് എന്തെല്ലാമാണ് പറയുന്നത്. അമ്മയെപ്പറ്റി എനിക്കൊരു പരാതിയുമില്ല. പാവം അമ്മ, ഇതെല്ലാം അകത്തിരുന്ന് കേട്ടിട്ടുണ്ടാവും. അമ്മയുടെ മുഖം കാണുമ്പോൾ ഒന്നും പറയാനും തോന്നില്ല. ഇന്നലെ അനിത വന്ന് കുറേ കാര്യങ്ങൾ പറഞ്ഞു. ഭർത്താവ് ബിസിനസ് ടൂറിന് പോകുമ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് അച്ഛൻ അവളോട് ചോദിച്ചുവത്രേ. അച്ഛന് അതൊക്കെ പറയാൻ പറ്റിയ കാര്യമാണോ.”

റീന പറയുന്നത് കേട്ട് വിനീത് തല കുനിച്ചിരുന്നു. ഇതെല്ലാം കേട്ടുകൊണ്ട് ദേവകി അവർക്കരികിൽ വന്നു.

“മക്കളെ നിങ്ങൾ വിഷമിക്കണ്ട. ഈ പ്രശ്നത്തിന് ഞാൻ പരിഹാരം കണ്ടോളാം. വിനീത് നമ്മൾ വാടകയ്‌ക്ക് കൊടുത്ത ഫ്ളാറ്റ് എത്രയും വേഗം ഒഴിപ്പിക്കണം. ഞങ്ങൾ അങ്ങോട്ട് താമസം മാറ്റാം.” വേണ്ടമ്മേ, നിങ്ങൾ ഒറ്റയ്‌ക്ക് താമസിക്കാൻ ഞാൻ സമ്മതിക്കില്ല.”

“ഒറ്റയ്ക്കാവുന്നതെങ്ങനെ. തൊട്ടടുത്തു തന്നെയല്ലേ. പിന്നെന്താ” ദേവകിയമ്മ മകനെ ആശ്വസിപ്പിച്ചു.

അന്ന് രാത്രിയിൽ എല്ലാവരും പതിവില്ലത്തെ നിശബ്ദതമായിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് സഹദേവൻ കാര്യം തിരക്കി.

“എന്താകാര്യം? എന്താ ആരുമൊന്നും മിണ്ടാത്തത്. മോൻ ഉറങ്ങിയോ?”

“ങ്ഹും. ഉറങ്ങി,” വിനീത് ഗൗരവ ഭാവത്തിൽ പറഞ്ഞു.” അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.

“എന്താ”

“അച്ഛനെപ്പറ്റി പലരും പലതും വന്ന് പറയുന്നുണ്ട്. റീനയ്‌ക്ക് അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അച്ഛൻ നമ്മുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റുന്നതാ നല്ലത്. അച്ഛന് വേണ്ടതൊക്കെ ഞാൻ ചെയ്‌ത് തരാം.” അച്ഛനോട് ആദ്യമായാണ് ഇത്തരത്തിൽ സംസാരിക്കേണ്ടി വരുന്നത്. അതോർത്തപ്പോൾ വിനീതിന്‍റെ സ്വരമിടറി. അച്ഛന്‍റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ സ്വന്തം പ്ലെയ്റ്റിലേക്ക് നോക്കിയിരുന്നു.

എന്നാൽ സഹദേവനാകട്ടെ നിസാരമട്ടിലാണ് പ്രശ്നത്തെ കണ്ടത്.

“നല്ല കാര്യം. ഒരു പ്രശ്നവുമില്ല. മാത്രവുമില്ല. മാത്രവുമല്ല എനിക്കതാണ് ഇഷ്ടവും.” സഹദേവന്‍റെ അലക്ഷ്യഭാവത്തോടെയുള്ള മറുപടി കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു.

യാതൊരു ലജ്‌ജയോ പശ്ചാത്താപമോ ആ മുഖത്തില്ല. ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ആ വാടകക്കാരെ ഒഴിപ്പിക്ക്.”

ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ വേദനിച്ചു. തന്‍റെ ജീവിതകാലം മുഴുവനും ഈ മനുഷ്യൻ കാരണം സങ്കടപ്പെടേണ്ടി വന്നതോർത്ത് അവർ നെടുവീർപ്പിട്ടു. ഇപ്പോഴിതാ അച്ഛന്‍റെ ഈ സ്വഭാവംമൂലം മക്കൾക്ക് തലയുയർത്തി നടക്കാനാവാത്ത അവസ്‌ഥ വന്നിരിക്കുകയാണ്. തൊട്ട് അപ്പുറത്തെ ഫ്ളാറ്റാണെങ്കിലും ഈ മനുഷ്യൻ കാരണം മക്കളെ വിട്ട് കഴിയുന്നതോർത്ത് ദേവകിയമ്മ ഉള്ളിന്‍റെയുള്ളിൽ തേങ്ങി മനസ്സിൽ വല്ലാത്ത ഭാരം പോലെ… അന്ന് രാത്രി ദേവകിയമ്മക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ സഹദേവൻ രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ചെയ്‌തു. വീട്ടിനകത്തെ കനത്ത നിശബ്ദത അയാൾ തെല്ലും വകവച്ചില്ല.

“വിനീത് വാടകക്കാരോട് നീ സംസാരിച്ചില്ലേ?” അയാൾ തിടുക്കപ്പെട്ട് വിനീതിനോട് കാര്യം തിരക്കി.

“പക്ഷേ അമ്മ അടുത്തില്ലാതെ അച്ഛൻ തനിച്ച്…”

“എനിക്കൊരു പ്രയാസവുമില്ല. ഞാൻ സ്വസ്ഥമായി കഴിയും.” അയാൾ തെല്ലും കൂസാതെ മറുപടി പറഞ്ഞു.

വിനീതിന് അച്ഛനോട് കടുത്ത ദേഷ്യം തോന്നി. പക്ഷേ നിശബ്ദത പാലിച്ചു. റീനയാകട്ടെ അമ്മായിയച്ഛനോട് സംസാരിക്കുന്നത് തന്നെ ഒഴിവാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം സഹദേവൻ സ്വന്തം ഫ്ളാറ്റിലേക്ക് താമസം മാറ്റി. റീന അതിൽ ഏറെ ആശ്വാസം കൊണ്ടു. പക്ഷേ അത് അസ്ഥാനത്തായിരുന്നു. സഹദേവൻ തന്‍റെ ശീലം ഒഴിവാക്കിയാലല്ലേ സ്വന്തം കുടുംബാംഗങ്ങൾക്കും ആശ്വാസം കൊള്ളാനാവൂ.

സഹദേവനിപ്പോൾ യാതൊരു വിലക്കുകളുമില്ല. അയാൾക്ക് യഥേഷ്ടം പാറിപറക്കാം. അയാൾക്കിഷ്ടമുള്ളതുപോലെ സ്ത്രീകളുമായി സല്ലപിക്കാം. ഫ്ളാറ്റിൽ ജോലി ചെയ്യാൻ റീന അയച്ച വേലക്കാരിയെപ്പോലും അയാൾ വെറുതെവിട്ടില്ല. ഗത്യന്തരമില്ലാതെ റീനയുടെ ഫ്ളാറ്റിലേക്ക് മടങ്ങിയെത്തിയ വേലക്കാരി പറഞ്ഞ വിവരം കേട്ട് റീന ലജ്‌ജിച്ച് തലതാഴ്ത്തി നിന്നു.

അതോടെ പരാതി പറഞ്ഞ് വരുന്നവരോട് തന്‍റെ കുടുംബത്തിന് അമ്മായിയച്ഛനുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി.

ഒരു ദിവസം രൂപയുടെ വീട്ടിൽ കൂട്ടുകാരികൾ ഒത്തു ചേർന്നു. റീനയെ കണ്ട ഉടനെ ആശ കാര്യം തിരക്കി. “റീന, ഈയിടെ അമ്മായിയച്ഛനെ പാർക്കിലെങ്ങും കാണുന്നില്ലല്ലോ?”

“അറിയില്ല, വിനീത് ഇടയ്‌ക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. എനിക്ക് അങ്ങേരെക്കുറിച്ച് ഒന്നും അറിയണ്ട.”

“ഭക്ഷണമെങ്ങനെയാ തന്നെയുണ്ടാക്കുന്നേ?”

“ഇല്ല, ഏതോ ലതയെന്ന പേരുള്ള സ്ത്രീ വരുന്നുണ്ട്. അവരായിരിക്കും ഉണ്ടാക്കുക.”

റീനയുടെ മറുപടി കേട്ട് രേഖ ഞെട്ടി തരിച്ചിരുന്നു.

“ലതയോ? അയ്യോ ആ സ്ത്രീയോ അവർ നല്ല ഒന്നാന്തരം കള്ളിയാണ്. പണത്തിനുവേണ്ടി എന്തും ചെയ്യും. മാത്രവുമല്ല അവരെക്കുറിച്ച് മോശമായ അഭിപ്രായമാണുള്ളത്.”

“അങ്ങനെയാണെങ്കിൽ അവർ പറ്റിയ സ്‌ഥലത്ത് തന്നെയാ എത്തിയിരിക്കുന്നത്. അമ്മായിയച്‌ഛന് നല്ല കമ്പനിയാ കിട്ടിയത്.” ആശ പരിഹാസത്തോടെ പറഞ്ഞു. അതു കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു.

സഹദേവൻ പാർക്കിൽ വളരെക്കുറച്ച് മാത്രമേ വരാറുള്ളൂവെന്ന കാര്യം പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു. അഥവാ വന്നാൽ തന്നെ വേഗം നടന്നിട്ട് പോവുകയും ചെയ്‌തു. പിന്നീടാണ് റീനയുടെ കൂട്ടുകാരിയായ അജ്ഞുവിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

സഹദേവന്‍റെ ഫ്ളാറ്റിന് തൊട്ട് എതിർവശത്തുള്ള ഫ്ളാറ്റിൽ പുതിയ താമസക്കാരായി എത്തിയ ദമ്പതികളുമായി സഹദേവൻ അടുത്ത ചങ്ങാത്തത്തിലായിയെന്ന്. അവർക്കൊപ്പമായിരുന്നു അയാൾ പിന്നീട് പാർക്കിൽ നടക്കാൻ എത്തിയിരുന്നത്.

രമയും സുധീറുമെന്നായിരുന്നു അവരുടെ പേര്. സുധീർ ബിസിനസ്കാരനായതിനാൽ മിക്കപ്പോഴും ടൂറിലായിരിക്കും. അതുകൊണ്ട് അയാൾ ഫ്ളാറ്റിൽ വളരെ കുറച്ച് മാത്രമേ എത്തിയിരുന്നുള്ളൂ.

രമയുടെ സ്വഭാവവും പെരുമാറ്റവും ഫ്ളാറ്റിലെ താമസക്കാരെ ഏറെ ആകർഷിച്ചു. അവർ എല്ലാവരുമായി പെട്ടെന്ന് അടുത്തു. ഏകദേശം അമ്പത്തിഅഞ്ചിനോടടുത്ത പ്രായമുണ്ട്. പക്ഷേ ആ പ്രായത്തെ വെല്ലുന്ന ആകർഷണീയതയും സൗന്ദര്യവുമായിരുന്നു അവർക്ക്.

“ആന്‍റി സഹദേവൻ അങ്കിളിനെ എന്നാണ് പരിചയപ്പെട്ടത്.” എന്ന് ഒരിക്കൽ അജ്‌ഞു ചോദിക്കുകവരെ ചെയ്‌തു.

“ഇവിടെ വന്നശേഷമാ മോളെ”

“അങ്കിൾ എങ്ങനെയുണ്ട്,” കാവേരിയും ചോദിച്ചു.

“വളരെ നല്ലവനാണ്.” രമ പറഞ്ഞു.

ആന്‍റി പറയുന്നത് കേട്ട് ആശ ഞെട്ടി തരിച്ചിരുന്നു. “അങ്കിൾ നല്ലവനാണെന്നോ?”

“അതെ, എന്താ മോളെ?” രമ സംശയഭാവത്തിൽ മുഖമുയർത്തി.

“ഏയ് ഒന്നുമില്ല, വെറുതെ ചോദിച്ചതാ.” കാവേരി വിഷയം മാറ്റാനായി പറഞ്ഞു. അതിനുശേഷം ആശ റീനയെ ആന്‍റിക്ക് പരിചയപ്പെടുത്തികൊടുത്തു.“ ആന്‍റി ഇത് റീന അങ്കിളിന്‍റെ മരുമകളാ.”

“ങ്ഹാ, എനിക്കറിയാം സഹദേവൻ ചേട്ടൻ പറഞ്ഞിരുന്നു.”  രമയുടെ ഹൃദ്യമായ മറുപടി എല്ലാവരുടേയും മനസ്സിനെ ആകർഷിച്ചു.

“ആന്‍റിയുടെ ഫാമിലിയൊക്കെ?” ആശ ഏറെ ജിജ്‌ഞാസയോടെ ചോദിച്ചു.

“ഞാനും ഭർത്താവും ഇവിടെയാണ് ഒരു മകളുണ്ട് അവൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഫോറിനിലാണ്. വല്ലപ്പോഴും വരും. ഞാൻ പോകട്ടെ. വീട്ടിൽ കുറച്ച് ജോലിയുണ്ട്. നാളെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവർ തിടുക്കപ്പെട്ട് ഫ്ളാറ്റിലേക്ക് നടന്നു.

ഉള്ളിന്‍റെയുള്ളിൽ രമ ചിരിച്ചു. പാവം പെൺകുട്ടികൾ എന്നെ ഉപദേശിക്കാൻ വന്നതായിരുന്നു. സഹദേവനെ എത്രമാത്രം നന്നായി അറിയാമെന്ന കാര്യം ഈ പെമ്പിള്ളേർക്ക് അറിയാമോ?

രമയുടെ ഭർത്താവ് ഫ്ളാറ്റിലുള്ളപ്പോൾ രാവിലെ തന്നെ ഓഫീസിലേക്ക് പോകുമെന്ന് സഹദേവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അയാൾ പോയശേഷം മാത്രമേ സഹദേവന് രമയെ കാണാൻ പോയിരുന്നുള്ളൂ.

സഹദേവനെ അവർ ഹൃദ്യമായി സ്വാഗതം ചെയ്‌തു. എപ്പോൾ ചെന്നാലും അയാൾക്ക് ഭക്ഷണം കൊടുക്കാതെ അവർ വിടുമായിരുന്നില്ല. പതിയെ പതിയെ രമ അയാളുടെ വിശ്വാസമാർജ്‌ജിച്ചു കൊണ്ടിരുന്നു. അയാളും പതിയെ അവരിൽ അമിതമായ സ്വാതന്ത്യ്രം കാട്ടി തുടങ്ങി.

രമ അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചെറിയ ചെറിയ സ്വാതന്ത്യ്രങ്ങൾ അനുവദിച്ചു കൊടുത്തിരുന്നു. അയാളടെ മുഴുവൻ ശ്രദ്ധയും രമയിൽ മാത്രമായി ഒതുങ്ങി. ദിവസത്തിൽ ഏറിയ പങ്കും സഹദേവനും രമക്കൊപ്പം ചെലവഴിച്ചു.

സഹദേവനുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നതും തുണിയലക്കിയിരുന്നതും ചിന്നമ്മ എന്ന വേലക്കാരിയായിരുന്നു. എന്നാൽ സ്വന്തം വീട്ടിലെ ജോലികളൊക്കെ രമ സ്വയം ചെയ്‌തു പോന്നു. ലതയുടെ ഭർത്താവിനേയും അയാൾ ഇടയ്ക്കിടയ്ക്ക് കാണാൻ മറന്നില്ല.

ഒരിക്കൽ അയാൾ രമയുമായി ശാരീരിക ബന്ധം പുലർത്തുക വരെ ചെയ്‌തു. ആദ്യമൊക്കെ ചെറിയ എതിർപ്പുകൾ പ്രകടിപ്പിച്ചെങ്കിലും അയാളുടെ ഇംഗീതങ്ങൾക്ക് രമ വഴങ്ങി കൊടുത്തു. അതോടെ സഹദേവൻ അവരുടെ അടിമയായി കഴിഞ്ഞു. അവർ ആവശ്യപ്പെടുന്നതെന്തും അയാൾ യഥേഷ്ടം നൽകി.

മുറി വൃത്തിയാക്കുന്നതിനിടെ വേലക്കാരി ചിന്നമ്മു അയാളുടെ കിടപ്പുമുറിയിൽ നിന്നും സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്‌ത്രങ്ങളും ഹെയർപിന്നുകളും കണ്ടെത്തി. കിടപ്പു മുറിയിലെ കണ്ടെത്തലുകൾ ചിന്നമ്മുവിന് ലോട്ടറിയടിച്ചതുപോലെയായിരുന്നു.

അവരത് അപ്പപ്പോൾ മറ്റ് ഫ്ളാറ്റുകളിലെ വീട്ടമ്മമാരെ ധരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ചിന്നമ്മുവിൽ നിന്നു രഹസ്യം മനസ്സിലാക്കിയ ആശ ഇക്കാര്യം മറ്റ് കൂട്ടുകാരികളേയും അറിയിച്ചു. അതോടെ എല്ലാവരുടേയും ചർച്ചാവിഷയമായി രമ മാറി കഴിഞ്ഞിരുന്നു.

ഒരിക്കൽ ആശ ഇതേപ്പറ്റി രമയോട് സൂചിപ്പിക്കുകവരെ ഉണ്ടായി.

“എന്താ ഈ പറയുന്നത്. എന്നോട് അദ്ദേഹം മോശമായി ഒന്നും പ്രവർത്തിച്ചിട്ടില്ല.” രമ ഞെട്ടൽ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവരുടെ മറുപടി കേട്ട് ആശ എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. മാത്രവുമല്ല രമ സഹദേവന്‍റെ പെരുമാറ്റത്തെ പുകഴ്ത്തുക വരെ ചെയ്‌തത്തോടെ എല്ലാവരും അന്ധാളിച്ചു പോയി.

ഒരിക്കൽ രമ ഇതേപ്പറ്റി സഹദേവനോട് സൂചിപ്പിക്കുക വരെ ചെയ്‌തു.

“ചേട്ടനെപ്പറ്റി ആര് എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കില്ല. എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. രമ പറയുന്നത് കേട്ട് സഹദേവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അയാൾ രമയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“എന്തു പറ്റി? എന്തോ സങ്കടമുള്ളതുപോലെ?”

“ഇല്ല, ഒന്നുമില്ല”

“അല്ല എന്തോ ഉണ്ട്.”

“എന്‍റെ അനിയത്തിക്ക് സുഖമില്ല. അവളൊരു കാൻസർ പേഷ്യന്‍റാണ്. കുറച്ച് പണമാവശ്യമുണ്ടായിരുന്നു. സുധീറിന്‍റെ കൈവശം പണം കുറവാണ്. ഞാൻ സ്വർണ്ണം പണയം വയ്‌ക്കാൻ പോവുകയായിരുന്നു.” രമ സങ്കടഭാവത്തിൽ പറഞ്ഞു.

സഹദേവൻ ഒരു നിമിഷം ആലോചിച്ചശേഷം രമയെ ആശ്വസിപ്പിച്ചു. “പണം ഞാൻ സംഘടിപ്പിച്ചു തരാം.

“അയ്യോ അതൊന്നും വേണ്ട. ഞാൻ ചേട്ടനിൽ നിന്നും ഒന്നും വാങ്ങില്ല.”

“അല്ല രമേ… നീ ഒന്നും പറയണ്ട. ദേവകിയുടെ കുറച്ച് സ്വർണ്ണം എന്‍റെ കൈവശമുണ്ട്. ഞാനത് തരാം.” എന്ന് പറഞ്ഞുകൊണ്ട് സഹദേവൻ അകത്തു പോയി സ്വർണ്ണമെടുത്തു കൊണ്ടു വന്ന് രമയെ ഏൽപിച്ചു.

“ചേട്ടൻ എത്ര നല്ലവനാ. ഞാനിത് എത്രയും വേഗം മടക്കിതരും.” രമ സ്നേഹം നടിച്ചു കൊണ്ട് പറഞ്ഞു.

സഹദേവൻ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. നല്ലൊരു പോസറ്റിൽ നിന്നും വിരമിച്ചതിനാൽ നല്ല പെൻഷനുണ്ടായിരുന്നു. ഫ്ളാറ്റ് സ്വന്തം പേരിലായതിനാൽ മറ്റ് ചെലവുകളൊന്നും സഹദേവന് ഉണ്ടായിരുന്നില്ല.

ആരോഗ്യവും ഭക്ഷണകാര്യങ്ങളും നന്നായി ശ്രദ്ധിച്ചിരുന്നതിനാൽ നല്ല ആരോഗ്യവാനുമായിരുന്നു അയാൾ. കയ്യിൽ നിറയെ പണമുണ്ടായിരുന്നതിനാൽ തനിക്കിഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം എന്ന ധാരണയായിരുന്നു അയാൾക്ക്. സ്നേഹിക്കാൻ രമയെ പോലെയുള്ള സ്ത്രീയും ഉള്ളതിനാൽ അയാൾ പൂർണ്ണമായും സന്തോഷവാനുമായിരുന്നു.

പിന്നീട് 2-3 ദിവസത്തേക്ക് രമ സഹദേവനെ കാണാൻ എത്തിയില്ല. രമയെ കാണാതായത്തോടെ അസ്വസ്ഥനായി. അയാൾ പലവട്ടം രമയുടെ ഫ്ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ വാതിൽ ലോക്കായിരുന്നു.

മൊബൈലിൽ വിളിച്ചിട്ടും മൊബൈൽ സ്വിച്ചോഫ്. അതോടെ അയാൾ കൂടുതൽ അസ്വസ്ഥനായി. അവരില്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്‌ഥ. കുറച്ച് ദിവസങ്ങൾക്കുശേഷം രമയും സുധീറും ഫ്ളാറ്റിൽ മടങ്ങിയെത്തി. ഒരിക്കൽ സമയം കിട്ടിയപ്പോൾ രമ സഹദേവനെ കാണാൻ ഫ്ളാറ്റിലെത്തി. രമയെ കണ്ടയുടനെ സഹദേവൻ ഓരോ വിശേഷങ്ങൾ തിരക്കി.

“എവിടെ പോയതായിരുന്നു? എന്ത് പറ്റി?”

“അവിചാരിതമായി പോകേണ്ടി വന്നു.” രമ പറഞ്ഞു.

“ഒന്ന് ഫോണിൽ വിളിച്ച് പറയാമായിരുന്നു.” അയാൾ പരിഭവപ്പെട്ടു. രമ മൗനം പാലിച്ചു.

“എന്താ പറ്റിയത്?”

“സുധീറിന്‍റെ ബിസിനസ് നഷ്‌ടത്തിലാ. വലിയൊരു കടം വീട്ടാനുള്ള തുകയ്‌ക്ക് ഓടി നടക്കുകയായിരുന്നു. ബന്ധുക്കളെ പലരേയും കണ്ടു. എല്ലാം വിറ്റുപെറുക്കി എവിടെയെങ്കിലും പോയാലോയെന്ന് ആലോചിക്കുകയാണ്.”

“ഞാൻ നിന്നെ എവിടേയും പോകാൻ സമ്മതിക്കില്ല. എത്ര തുകയാണ് വേണ്ടത്?”

“കുറച്ച് ഞങ്ങൾ സംഘടിപ്പിച്ചു. ഒരു 5 ലക്ഷം കൂടി വേണം. പക്ഷേ അത് ഞാൻ ചേട്ടനിൽ നിന്നും വാങ്ങില്ല.”

“എനിക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ട്. ഞാനത് പിൻവലിക്കാം. പിന്നെ ദേവകിയുടെ കുറച്ച് സ്വർണ്ണവും ഉണ്ട്. എല്ലാംക്കൂടി ചേർത്താൽ നല്ലൊരു തുകയാക്കും.” സഹദേവൻ രമയെ ആശ്വസിപ്പിച്ചു.

രമ അയാളെ ഇറുകെ പുണർന്നു. “നിങ്ങൾ എത്ര നല്ല മനുഷ്യനാ. പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ലല്ലോ. ഞാൻ ഈ പണം എത്രയും വേഗം മടക്കി തരാം.”

സഹദേവൻ ഉള്ളിന്‍റെയുള്ളിൽ പുഞ്ചിരിച്ചു. അവർ എങ്ങും പോകാതിരിക്കുമല്ലോ. തന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ച് അവർക്കൊപ്പം സമയം ചെലവഴിക്കാമല്ലോ എന്നോർത്തായിരുന്നു അയാൾ ചിരിച്ചത്.

പിറ്റേന്ന് രമ വന്നില്ല. ഒരു പക്ഷേ വീട്ടിൽ ഉണ്ടായിരിക്കും. അതു കൊണ്ടാവാം രമ വരാത്തത് അയാൾ ഓർത്തു. അങ്ങനെ ഒരാഴ്ച കടന്നു പോയി. സഹദേവൻ അസ്വസ്ഥനായി. അയാൾ പലവട്ടം അവരുടെ ഫ്‌ളാറ്റിന് മുന്നിൽ ചെന്നു നോക്കി. പക്ഷേ അവിടെ ആരെങ്കിലും ഉള്ളതിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ ഒരു മാസമായി.

സഹദേവൻ ഫ്ളാറ്റിന്‍റെ ഓഫീസിൽ ചെന്ന് അന്വേഷിച്ചു.

“അയ്യോ സാറെ അവർ പോയല്ലോ. താക്കോൽ തന്നിട്ടാ പോയത്. സാധനങ്ങളെല്ലാം കൊണ്ടു പോയി.

“സാധനങ്ങളോ?”

“അത് അവർ നേരത്തെ കുറച്ച് കൊണ്ടു പോയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ സാറേ?”

“ഇല്ല… വെറുതെ ചോദിച്ചതാ” എന്നു പറഞ്ഞുകൊണ്ട് അയാൾ തളർന്ന കാലടികളോടെ ഫ്‌ളാറ്റിന് മുന്നിലുള്ള പൂന്തോട്ടത്തിലെ ബെഞ്ചിൽ പോയിരുന്നു. അയാളുടെ ശരീരം വിയർത്തു കുളിച്ചു. നെഞ്ചിടിപ്പിന്‍റെ താളം തെറ്റിയതുപോലെ ഇത്രയും വലിയൊരു ചതി. സഹദേവൻ തനിച്ചിരിക്കുന്നത് കണ്ട് വിനീത് ഓടി വന്നു.

“എന്തു പറ്റി അച്ഛാ?” അച്ഛന്‍റെ തളർന്നുള്ള  ഇരിപ്പ് കണ്ടിട്ട് വിനീതിന് അലിവു തോന്നി.

സഹദേവന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോനെ ചതിപറ്റി. ഞാൻ എന്‍റെ സമ്പാദ്യമത്രയും എടുത്ത് അവർക്ക് കൊടുത്തു. ഒടുവിൽ…” വിനീത് അയാളെ ചുമലിൽ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

“വേണ്ടച്ഛാ ഒന്നും പറയണ്ടാ. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അച്ഛനിത്ര വിഢ്‌ഡിയായി പോയല്ലോ.” വിനീത് അച്ഛനേയും കൂട്ടി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. അന്നാദ്യമായി അയാൾ മനസു തുറന്ന് കരഞ്ഞുകൊണ്ടേയിരുന്നു. അത് പശ്ചാത്തപത്തിന്‍റെ കണ്ണീരായിരുന്നു.

എനർജി കിംഗ് – രൺവീർ സിംഗ്

ഒറ്റ റിലീസുകൊണ്ട് കാണികളുടെ ഹരമായി മാറിയ താരമാണ് രൺവീർ സിംഗ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രൺവീർ ബോളിവുഡിലെ തിരക്കുള്ള താരമായി വളർന്നു. റൊമാന്‍റിക്, ആക്ഷൻ, കോമഡി, ചരിത്ര – പുരാണ സിനിമകളിൽ തിളങ്ങി. രൺവീർ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. ഈ ഗ്ലാമർ താരം പല ഫാഷൻ ഷോകളുടെയും ഷോ സ്റ്റോപ്പർ ആയിരുന്നു. ഒരിക്കൽ റാംപിൽ തെന്നി വീണതിനാൽ അടുത്തിരിക്കുന്നവർക്കും പരിക്കു പറ്റി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം, ദീപിക പദുകോണിനെ വിവാഹം കഴിച്ചതോടെ കൂടുതൽ ആരാധകരെയും സമ്പാദിച്ചു. എനർജി കിംഗ് എന്നറിയപ്പെടുന്ന രൺവീർ മനസ്സ് തുറക്കുന്നു…

കരിയറിൽ വളരെ നല്ല സമയമാണിപ്പോൾ, രൺവീർ സിംഗിന് എന്തു തോന്നുന്നു?

വിവാഹ ശേഷമാണ് എന്‍റെ സമയം കൂടുതൽ നന്നായതെന്ന് തോന്നുന്നു (ചിരിക്കുന്നു). ഈ നല്ല സമയം എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്. ആ കഠിനശ്രമത്തിന്‍റെ റിസൾട്ടാണിപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കർമ്മം ചെയ്യുക, ഫലം തീർച്ചയായും പിറകെ ലഭിക്കും. ഇതാണെന്‍റെ ജീവിതം പഠിപ്പിച്ചത്. എനിക്കെന്നും ജോലിയുണ്ട് എന്നതാണ് വലിയ കാര്യം. എന്നും രാവിലെ ഉണർന്ന് ഞാൻ ജോലിയ്ക്ക് പോകുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍റെ കഴിവുകൾ പുറത്ത് കൊണ്ടുവരാനുള്ള അവസരം ലഭിക്കുക എന്നത് തന്നെയാണ് വലിയ അനുഗ്രഹം. സിനിമ ഹിറ്റായാലും ഫ്ളോപ്പായാലും അത് എന്നെ അധികം ബാധിക്കാറില്ല. ഫിലിം മേക്കിംഗിന്‍റെ പ്രോസസ് ഞാൻ ആസ്വദിക്കുകയാണ്. സിനിമ എനിക്കൊരിക്കലും മടുക്കുകയില്ല. പാഷനേക്കാൾ ഉപരിയായ എന്തോ ആണ് ഇതെനിക്ക്.

ഇപ്പോൾ ലഭിച്ച സ്റ്റാർഡം എങ്ങനെ കാണുന്നു?

ഞാൻ വലിയ താരമായി തീർന്നു എന്നുള്ളത് ഒരു റിയാലിറ്റി ആണ്. പക്ഷേ അതേപ്പറ്റി ഞാൻ അധികം ഓർക്കാറില്ല. സ്റ്റാർഡം സത്യത്തിൽ വലിയ ബാധ്യതയാണ്. പ്രശസ്തിയോട് എനിക്ക് അധിക ജ്വരമൊന്നുമില്ല. എന്‍റെ യാത്ര തുടങ്ങിയതേയുള്ളൂ എന്നാണെന്‍റെ തോന്നൽ. ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. നല്ല സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. സ്വഭാവികമായി അത് സംഭവിക്കണം എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

വളരെ ധനികനായി തീർന്നപ്പോൾ ജീവിതവും വഴിമാറിയില്ലേ?

ഞാൻ അത്ര ധനികനൊന്നുമല്ല, സാമ്പത്തികമായി. പക്ഷേ കുടുംബം, ഭാര്യ, ഫാൻസ് എന്നിവ കൊണ്ട് ഞാൻ വളരെ ധനികനാണ്. ഇവരുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്. പണം, അത് ശാശ്വതമല്ലല്ലോ. എന്‍റെ വിയർപ്പിന്‍റെ വിലയാണ് പണമായി മാറുന്നത്.

നടനായത് യാദൃശ്ചികമായിട്ടാണോ അതോ കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നോ?

ചെറുപ്പത്തിലെ വലിയ ആളാവണമെന്ന് ആഗ്രഹിച്ചിരുന്നു. ചിലപ്പോൾ ക്രിക്കറ്റർ, ചിലപ്പോൾ റാപ്പർ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നടനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അഭിനയം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ നടനായതിനാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയുന്നുണ്ട്. ഗള്ളി ബോയ് എന്ന ചിത്രത്തിൽ ഞാൻ റാപ്പർ ആയി അഭിനയിച്ചു. ക്രിക്കറ്റർ കഥാപാത്രമായി ഉടനെ തന്നെ വരും. ഇങ്ങനെ ആഗ്രഹങ്ങൾ പല രൂപത്തിൽ സഫലമാക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു.

പല ചെറുപ്പക്കാരും അഭിനയ മോഹം കൊണ്ട് മുംബൈയിൽ എത്തുന്നുണ്ട്. എന്നിട്ട് ഒന്നുമാവാൻ കഴിയാതെ തിരിച്ചു പോകുന്നു. നിങ്ങളുടെ അനുഭവം എന്താണ്?

സിനിമാ രംഗത്ത് പിടിച്ചു കയറാൻ വലിയ പാടാണ്. മുംബൈ ഒരു സ്വപ്നനഗരിയാണ്. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ അനേകായിരങ്ങൾ നിത്യവും ഈ മഹാനഗരത്തിലേയ്ക്ക് വരുന്നുണ്ട്. ഇത് വലിയ സ്ട്രഗിൾ ആണ്. ഞാൻ മുംബൈയിൽ തന്നെ ജനിച്ചു വളർന്ന ആളാണ്. എന്നിട്ടും എനിക്ക് 3-4 വർഷം അലയേണ്ടി വന്നു. ബ്രേക്കൊന്നും ലഭിച്ചിരുന്നില്ല. അത് ഓർക്കുമ്പോൾ തന്നെ വേദന തോന്നും. അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞു വന്നതാണെങ്കിലും ജോലിയൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തികശേഷിയും കുറവായിരുന്നു.

വളരെ പതുക്കെയാണ് ഞാൻ പിടിച്ചു കയറിയത്. അന്ന് ചിത്രങ്ങൾ നിർമ്മിക്കുന്നതും കുറവായിരുന്നു. പുതുമുഖങ്ങളെ വച്ച് അധികം സിനിമകൾ ഒന്നും വന്നിരുന്നില്ല. വളരെ കഠിനമായിരുന്നു ആ കാലം. ഞാൻ വിഷാദത്തിനു അടിപ്പെടുമോ എന്നുപോലും ഭയന്നിരുന്നു. പക്ഷേ എന്‍റെ ശ്രമങ്ങൾ പാഴായില്ല. എനിക്ക് സിനിമകൾ കിട്ടി.

പലപ്പോഴും ഫാൻസിന്‍റെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാറുണ്ട്. അത് ചില പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ഈ കാര്യത്തിൽ മാറ്റം ഉണ്ടാകുമോ?

എന്‍റെ ആരാധകരെ സന്തോഷിപ്പിക്കേണ്ടത് എന്‍റെ കടമയല്ലേ? എന്നാലും ഞാൻ ഒന്ന് സ്വയം കൺട്രോൾ ചെയ്യുന്നത് തന്നെയാണ് നല്ലത്. പലരും ഉപദേശിക്കാറുണ്ടെങ്കിലും ഫാൻസിന്‍റെ ആവേശം കാണുമ്പോൾ ഞാനും സ്വയം മറന്നു പോകും. ഭാവിയിൽ ഈ കാര്യത്തിൽ എനിക്ക് പക്വത കൈവരുമെന്നാണ് തോന്നുന്നത്. ഇപ്പോൾ വിവാഹിതനൊക്കെ ആയല്ലോ (ചിരിക്കുന്നു). എങ്കിലും ഫാൻസിനെ കെട്ടിപ്പിടിക്കാനും കൈ കൊടുക്കാനും അവർക്കൊപ്പം സെൽഫി എടുക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. പ്രേക്ഷകർക്കിടയിലേക്കിറങ്ങി ചെന്ന് അവർക്ക് സ്നേഹം നൽകാൻ, അവരുടെ തന്നെ സൃഷ്ടിയായ താരങ്ങൾക്ക് ബാധ്യതയുണ്ട് എന്നാണ് എന്‍റെ പക്ഷം.

അടുപ്പിച്ച് മൂന്ന് സിനിമകൾ സഞ്‌ജയ്‍ലീലാ ബൻസാലിക്കൊപ്പം. ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യമാണ് രൺവീറിനു തുടക്കത്തിൽ തന്നെ കിട്ടിയത്?

എന്നെ തെരഞ്ഞെടുത്തതിൽ ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആദിത്യ ചോപ്രാ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നിങ്ങൾ നിങ്ങളുടെ ഡയറക്ടർക്ക് 100 ശതമാനം എപ്പോഴും കൊടുക്കണം. എങ്കിൽ അദ്ദേഹം വേറെ ആളെ പിന്നീട് ചിന്തിക്കില്ല എന്ന്. അപാരസിദ്ധിയുള്ള ആളാണ് സജഞയ്‍ലീലാ ബൻസാലി. ഹൈപ്പർ സെൻസിറ്റീവായ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹം. മീഡിയം ലെവലിൽ ഉള്ളതൊന്നും അദ്ദേഹം അംഗീകരിക്കില്ല. ഇങ്ങനെ ഉള്ള ഒരു പ്രതിഭയ്ക്ക് ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് എന്‍റെ മഹാഭാഗ്യമാണ്.

83 എന്ന ചിത്രത്തിൽ കപിൽ ദേവിനെ ആണ് അവതരിപ്പിക്കുന്നത്?

അതെ, മഹാനായ ക്രിക്കറ്ററുടെ ജീവിതമാണ് ആ സിനിമ. ഇതിനായി ഞാൻ ക്രിക്കറ്റിന്‍റെ എല്ലാ വശങ്ങളും മനസിലാക്കുന്നു. നന്നായി പ്രാക്ടീസും ചെയ്തു. കപിൽ സാറുമായി ദീർഘനേരം ഇതേപ്പറ്റി സംസാരിച്ചിരുന്നു. കഥാപാത്രത്തോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

ജയം സൂര്യ

ഒന്നര പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ അവർക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളായി  ജയസൂര്യ നിറഞ്ഞു നിൽക്കുന്നുണ്ട്. കരിയറിൽ നൂറാമത്തെ സിനിമയിലേക്ക് എത്തുമ്പോൾ എല്ലാം തികഞ്ഞ നടൻ  എന്ന അംഗീകാരം ജന മനസുകളിൽ നേടി ക്കഴിഞ്ഞു.

ലോക്ക് ഡൌൺ കാലത്താണ് ഒടിടി പ്ലാറ്റഫോമിൽ സൂഫിയും സുജാതയും ഇറങ്ങിയത്. അത് മെഗാ ഹിറ്റായി. അടുത്തയിടെ തിയേറ്റർൽ ഇറങ്ങിയ വെള്ളവും നല്ല പ്രതികരണം ആയിരുന്നു..

ഓരോ വർഷവും സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോഴും ജയസൂര്യയ്ക്ക് കിട്ടും എന്ന് പ്രേക്ഷകർ കരുതും. പടം ഇറങ്ങിക്കഴിയുമ്പോഴേ അതു അവർ ആഗ്രഹിക്കുന്നതാണ്. പക്ഷേ 2019 വർഷമാണ് അത് സംഭവിച്ചത്. പ്രേക്ഷകർ തരുന്ന അവാർഡ് ആണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ജയൻ പറയുന്നു. അത് ശരിയാണ്. തീയറ്ററിലെ വിജയങ്ങളാണ് ഈ നടനെ ഇത്രയും കാലം മലയാളത്തിന്‍റെ വെള്ളിത്തിരയിൽ നിലനിർത്തിയത്. ജയന് മുമ്പും ശേഷവും വന്നവരിൽ പലരും പോയി. ജയൻ നിലനിൽക്കുന്നത് ജനങ്ങൾ നൽകിയ അംഗീകാരത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമാണ്. അതിനു പ്രതിഫലമായി ജയസൂര്യ അവർക്ക് രസിക്കുന്ന കഥാപാത്രങ്ങൾ തിരിച്ചു നൽകി കൊണ്ടിരിക്കുന്നു.

ലോക്ക് ഡൌൺ കാലം എങ്ങനെ ഉണ്ടായി

ആ സമയത്താണല്ലോ സൂഫിയും സുജാതയും ഇറങ്ങിയത്. എല്ലാം ഓൺലൈൻ ആയിട്ടായിരുന്നു. പ്രൊമോഷനും. വീട്ടിൽ തന്നെ ഇരുന്ന് ഫസ്റ്റ് ഷോ കണ്ടത് ഒരു പ്രത്യേക അനുഭവം ആയിരുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം കിട്ടി. വായിക്കാനും സമയം കിട്ടി. കോവിഡ് ആയതുകൊണ്ട് പല പ്രൊജക്റ്റ്‌കളും നീണ്ടു പോയി.

പുരസ്കാരങ്ങൾ നടൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം കൂട്ടുന്നുണ്ടോ?

സത്യം പറയട്ടെ, അതെനിക്കറിയില്ല. ഞാനങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു നടന്‍റെ ഉത്തരവാദിത്തം എന്ന് പറയുന്നത് പ്രേക്ഷകരിൽ ആ നടനിലുള്ള വിശ്വാസം നിലനിർത്തുകയെന്നതാണ്. ആ വിശ്വാസം കൊണ്ടാണ് അവർ പടം കാണാൻ വരുന്നത്. അതിനാൽ ഒരു നടൻ എന്ന നിലയ്ക്ക് ആ വിശ്വാസം നിലനിർത്തുന്ന ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ താൽപര്യപ്പെടുന്നത്.

ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നി ചിത്രങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടതിന്‍റെ ഫലമാണോ  അവാർഡ്? …

അവാർഡ് കിട്ടുന്നതിനുമുമ്പ് തന്നെ പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചതാണ്. അതിനാൽ അന്നേ അവർ എന്നെ അവാർഡിനു അർഹനാക്കിയിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. ജനം സ്വീകരിച്ച ശേഷം അവാർഡ് കിട്ടുന്നതാണ് വലിയ സന്തോഷം. ആദ്യ അവാർഡ് വരുന്നത് പ്രേക്ഷകരിൽ നിന്നു തന്നെയാണ്. തീയറ്ററിൽ സ്വീകരിക്കപ്പെടുമ്പോൾ. ജൂറിയും അതു ശരിവയ്ക്കുമ്പോൾ സന്തോഷത്തിനു അതിരില്ലാതാവും. ഒരു ഉദാഹരണം പറയാം. ഞാൻ ആട് ചെയ്‌തു. പക്ഷേ അത് സാമ്പ്രദായിക രീതി അനുസരിച്ച് സംസ്ഥാന അവാർഡിനോ ദേശീയ അവാർഡിനോ പരിഗണിക്കപ്പെടുകയില്ല. പക്ഷേ ഷാജി പാപ്പൻ എന്ന എന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഞാൻ പോകുന്നിടത്തെല്ലാം ആളുകൾ എന്നെ ആ പേര് വിളിച്ചു. ഇതും ഒരു അവാർഡ് ആണ്.

നടൻ എന്ന നിലയ്ക്കുള്ള ആദ്യകാലങ്ങളിൽ എങ്കിലും…

ഒരു മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് കൂടുതൽ സ്റ്റേജുകൾ കിട്ടാനായിരുന്നു ആഗ്രഹം, പിന്നെ ചെറിയ റോളുകളും. അതു സംഭവിച്ചപ്പോൾ പിന്നെ കൂടുതൽ റോളുകൾ കിട്ടണമെന്നായി. നല്ല കഥാപാത്രങ്ങൾ ലഭിക്കണമെന്നായി. കൂടുതൽ പ്രശസ്തിയും ആഗ്രഹിച്ചു തുടങ്ങി… അർഹിക്കുന്നത് നേടിയെടുക്കാൻ കഴിയും എന്നു തന്നെയാണ് എന്‍റെ വിശ്വാസം. പക്ഷേ ഒരു കാര്യം സത്യമാണ്. ഞാനൊരിക്കലും അവാർഡിനു വേണ്ടി അഭിനയിച്ചിട്ടില്ല. നല്ല സിനിമകളുടെ ഭാഗമാകണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. അവാർഡ് കിട്ടാനല്ല, നല്ല കഥാപാത്രങ്ങൾ കിട്ടാനാണ് ഞാൻ മോഹിക്കുന്നത്.

സത്യനെ പോലുള്ള ഒരു മഹാപ്രതിഭയെ ഈ തലമുറയിലെ എത്രപേർക്ക് അറിയാം?

ചുരുങ്ങിയ പക്ഷം പുതുതലമുറയ്ക്കെങ്കിലും സത്യനെ പരിചയപ്പെടുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മറന്നു പോയവരിലേക്ക് സത്യന്‍റെ ഓർമ്മ തിരിച്ചു കൊണ്ടുവരാനും കഴിഞ്ഞിരിക്കും. സത്യൻ എന്ന വ്യക്‌തിയെയും ഫുട്ബോളറെയും ഓർമ്മിപ്പിക്കാൻ സാധിച്ചു. അതാണ് എന്‍റെ സന്തോഷം. നമുക്കിടയിൽ ഒരുപാട് മേരിക്കുട്ടിമാർ ഉണ്ട്. ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരെ ശാക്തീകരിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. അവരെ സഹജീവികളായി കാണാൻ പലർക്കും ഈ ചിത്രം കണ്ടശേഷം പറ്റിയിട്ടുണ്ട്. പലരും അതേപ്പറ്റി എന്നോട് നേരിട്ടും പറഞ്ഞിരുന്നു

പരസ്യ ചിത്രങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ടല്ലോ?

അതു ഞാൻ തേടിപ്പിടിക്കുന്നതല്ല. വരുന്നതിൽ ചിലത് ഇഷ്ടം തോന്നുമ്പോൾ ചെയ്യുന്നതാണ്. അല്ലാതെ ഒരു പരസ്യ മോഡൽ ആവാനുള്ള കൊതി കൊണ്ടൊന്നുമല്ല. പിന്നെ പരസ്യങ്ങളുടെ ചിത്രീകരണവും അതിന്‍റെ അന്തരീക്ഷവും വളരെ ജോളിയാണ്. റിലാക്സായി ഷൂട്ട് ചെയ്യാം. അധിക ദിവസവും വേണ്ടി വരില്ലല്ലോ!

മറക്കാനാവാത്തത് എന്തെങ്കിലും ഉണ്ടോ?

തീർച്ചയായും, സത്യന്‍റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. സ്ക്രീനിൽ ജീവനുള്ള സത്യനെ തിരിച്ചു തന്നതിൽ അവർക്ക് സന്തോഷമുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ മകൾ ചിത്രം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞു. ഇങ്ങനെ വൈകാരികമായ ഒരുപാട് അനുഭവങ്ങൾ ക്യാപ്റ്റൻ തന്നിട്ടുണ്ട്. ഞാൻ അഭിനയിച്ചതു കൊണ്ട് മാത്രമല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്. മറ്റേത് നടൻ ചെയ്‌താലും ഇത് ഇങ്ങനെ വരൂ, കാരണം സത്യൻ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ്. ആ ജീവിതത്തോട് നീതി പുലർത്തിയാൽ മാത്രം മതിയായിരുന്നു. സംവിധായകൻ അതു നന്നായി ചെയ്‌തിട്ടുണ്ട്.

സൗബിനുമായാണ് അവാർഡ് പങ്കിട്ടത്?

സൗബിൻ ബ്രില്ല്യന്‍റായ തിരക്കഥാകൃത്തും സംവിധായകനും നടനുമാണ്. ത്രി ഇൻ വൺ! ഈ പ്രാവശ്യം കുറെ നല്ല നടന്മാർ ഈ ബഹുമതിയ്ക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്നു. എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന ഒന്നായിരുന്നില്ല ഇത്. ഞാൻ അതേപ്പറ്റിയും ബോധവാനാണ്..

ആരും ബ്രേക്കിടും ഈ പെയിന്‍റിംഗിനു മുന്നിൽ

സൗമ്യ പാണ്ഡ്യ ഠാക്കൂർ വൈറ്റ് ബ്രഷ് ആർട്ടിസ്റ്റാണ്. അഹമ്മദാബാദിലെ കാങ്കരിയ ലേക്കിനോടു ചേർന്ന റോഡിൽ അവർ വരച്ച പെർമെനന്‍റ് ത്രിഡി പെയിന്‍റിംഗ് ഫേസ് ബുക്കിൽ വൈറലായതോടെയാണ് സൗമ്യ താരമായത്. ദൂരെ നിന്നു കണ്ടാൽ എന്തോ ഒരു തടസ്സം റോഡിലുണ്ടെന്ന് തോന്നുന്ന വിധത്തിലുള്ള പെയിന്‍റിംഗ് ആണിത്. പാഞ്ഞു വരുന്ന ഏതു വാഹനവും ഈ പെയിന്‍റിംഗിനു മുന്നിൽ ബ്രെയ്ക്ക് ചവിട്ടി പോകും. ഹൈവേ ഫോർ റോഡ് സേഫ്റ്റിക്കു പുറമെ, സേവ് നേച്ചർ, പ്രമോട്ട് ഹെറിറ്റേജ് എന്നിവയാണ്. സൗമ്യയുടെ ത്രീഡി പെയിന്‍റിംഗ് വിഷയങ്ങൾ.

അക്വാ ഷാഡോ പെയിന്‍റിംഗ് ചെയ്തതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഇതിനകം 50 അവാർഡുകൾ ഈ നേട്ടത്തിനു ലഭിച്ചു.

സൗമ്യയുടെ ത്രീഡി ആർട്ട് വർക്കിന്‍റെ തുടക്കം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിനഗറിലെ കരിയറിലേക്ക് സ്ട്രീറ്റിൽ വരച്ച ത്രീഡി പെയിന്‍റിംഗിലൂടെയാണ് സൗമ്യ ഈ രംഗത്ത് തുടക്കം കുറിച്ചത്. അതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വിശാലമായ ത്രീഡി ഹൈവേ പെയ്ന്‍റിംഗ് ഈ വർഷം വരച്ചു. ഈ ആർട്ട് വർക്കും  ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ രേഖപ്പെടുത്തപ്പെട്ടു. സബർമതി ഫെസ്റ്റിവലിൽ, വേൾഡ് ഹെറിറ്റേജ് സൈറ്റ് സന്ദർശിക്കുന്ന റാണിയുടെ ത്രീഡി ചിത്രം, കാക്കരിയ കാർണിവലിൽ ഇന്ത്യൻ ഹെറിറ്റേജ് പ്രമോട്ട് ചെയ്യുന്ന ജമാ മസ്ജിദിന്‍റെ ത്രീഡി മോഡൽ, സൈപറോ ആർട്ട് വർക്ക് എന്നിവ ചെയ്‌തു. ഹാർലി ഡേവിഡ്സൺ ബൈക്ക് കമ്പനിക്കുവേണ്ടി വരച്ച ത്രീഡി പെയ്ന്‍റിംഗ് സൗമ്യ ചെയ്ത ആർട്ട്വർക്കുകളിൽ ഏറ്റവും മികച്ചതാണ്.

ബബിൾ പെയ്‌ന്‍റിംഗ്

വെള്ളത്തുള്ളിയിൽ പ്രതിഫലിക്കാറുള്ള ഇളം നീല നിറമാണ് സൗമ്യയ്ക്ക് പ്രിയങ്കരം. ബബിൾസ് ബ്യൂട്ടി സൃഷ്ടിക്കാൻ ആയി പുതിയ സാങ്കേതിക വിദ്യ സൗമ്യ കണ്ടെത്തിയിട്ടുണ്ട്. രാസവസ്‌തുക്കളുടെ പ്രത്യേക മിശ്രണത്തിലൂടെ ബബിൾസ് ക്രിയേറ്റ് ചെയ്യുന്നു. അവയെ സ്പർശിക്കാൻ കഴിയും. അതേസമയം ഭിത്തിയിൽ ബബിളുകൾ ഒട്ടിക്കാനും കഴിയും.

സാധാരണ രീതിയിലുള്ള ആർട്ട് വർക്കുകളെ മറികടന്ന് ഓരോ കാര്യങ്ങൾ ചെയ്യാനാണ് സൗമ്യക്കിഷ്ടം. പരിസ്‌ഥിതി ദിനത്തിൽ ഗുജറാത്തിൽ സൗമ്യ ചെയ്‌ത ഷാഡോ പെയിന്‍റിംഗ് ഒരു ലക്ഷം പേരാണ് കാണാനെത്തിയത്.

ഹെറിറ്റേജ് പെയിന്‍റിംഗ്

വൈറ്റ് ബ്രഷ് ഉപയോഗിച്ച് നിരവധി ഹെറിറ്റേജ് ആന്‍റ് വില്ലേജ് ആർട്ട്‍വർക്ക് ഈ കലാകാരി ചെയ്‌തു കഴിഞ്ഞു. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച ത്രിഡി ഇഫക്ട് ആർട്ട് വർക്കുകൾ എലീസ് ബ്രിഡ്ജ്, കോട്ടകൾ, വിന്‍റേജ് ക്ലോക്കുകൾ, കാർ, ബൈക്ക് ഇവയെ കേന്ദ്രീകരിച്ചാണ്. പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി എല്ലാ വർഷവും സൗമ്യ കലാപ്രദർശനം നടത്താറുണ്ട്.

saumya pandya thakkar

റോഡ് സുരക്ഷയ്ക്കായി സൗമ്യ വരച്ച ത്രീഡി പെയ്‌ന്‍റിംഗ് ലോകമെമ്പാടും പ്രിയങ്കരമായപ്പോഴാണ് അതിന്‍റെ സ്രഷ്ടാവിനെ ലോകം തെരഞ്ഞത്. അതിന് മുമ്പും നിരവധി അവാർഡുകൾ സൗമ്യ നേടിയിട്ടുണ്ടായിരുന്നു.

“സ്വന്തം സമയം പ്രോഗ്രസീവായി ഉപയോഗിക്കാൻ ഓരോ വ്യക്‌തിക്കും കഴിയണം. പെൺകുട്ടികൾക്ക് സ്വന്തം സമയം സ്വന്തം ഇഷ്‌ടപ്രകാരം വിനിയോഗിക്കാൻ പലപ്പോഴും പ്രതിബന്ധങ്ങളുണ്ടാകാറുണ്ട്. അവരെ ആ പ്രതിബന്ധങ്ങൾ മറികടക്കാൻ കുടുംബവും സമൂഹവും സഹായിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ പെൺകുട്ടികൾക്ക് കഴിയും” സൗമ്യ പറയുന്നു.

സ്വന്തം സമയം അവരുടെ ഇഷ്‌ടപ്രകാരം ചെലവഴിക്കാനുള്ള അവകാശം പെൺകുട്ടികൾക്കുമുണ്ട്. ഒളിച്ചു വച്ച കഴിവുകൾ പുറത്തിറങ്ങുന്നത് ആ അവകാശം ലഭിക്കുമ്പോഴാണ്.

ഗതാഗതവകുപ്പുമായി ചേർന്ന് റോഡ് സുരക്ഷാ പ്രചരണത്തിനുള്ള ജോലികളിലാണ് സൗമ്യ ഇപ്പോൾ.

നന്നായി ചേരും!

കല്ല്യാണമായാൽ എല്ലാവർക്കും ആഘോഷമാണ്. വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അണിഞ്ഞൊരുങ്ങാനുള്ള അവസരം കൂടിയാണല്ലോ വേണ്ടപ്പെട്ടവരുടെ കല്ല്യാണം. ചുരുങ്ങിയ പക്ഷം കല്ല്യാണ ചടങ്ങിന്‍റെ രണ്ടാഴ്ച മുമ്പെങ്കിലും ഡ്രസ്സ് ഡിസൈൻ ചെയ്ത് കൈയിൽ കിട്ടാൻ ശ്രദ്ധിക്കണം. ഇപ്പോൾ കസ്റ്റമൈസ്ഡ് വസ്ത്രങ്ങളുടെ കാലമാണല്ലോ. കടയിൽ നിന്ന് വാങ്ങിയാലും അതിൽ എന്തെങ്കിലുമൊക്കെ ആൾട്ടറേഷൻ നടത്തി തനിക്കിണങ്ങുന്ന യൂണിക് സ്റ്റൈലിലാക്കാം. അങ്ങനെ ഐഡിയ ഉണ്ടെങ്കിൽ നേരത്തെ എല്ലാം റെഡിയാക്കി വയ്‌ക്കണം. അവസാന നിമിഷത്തെ ഓട്ടപ്പാച്ചിൽ വേണ്ട, കല്ല്യാണത്തിനു ഡ്രസ്സ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വധുവിന്‍റെ വസ്ത്രങ്ങൾ

ശരീരഘടനയും നിറവും കണക്കിലെടുത്താണ് വസ്‌ത്രം തെരഞ്ഞെടുക്കേണ്ടത്. പട്ടു സാരിയുടുത്ത വധുവിനെ കതിർമണ്ഡപത്തിൽ കാണാൻ നല്ല ചേലായിരിക്കും. പക്ഷേ പാർട്ടിയ്ക്ക് ലഹങ്കയോ ലോംഗ് അനാർക്കലിയോ മതി.

  • ലഹങ്കയും ഷെർവാണിയുമാണ് ഇപ്പോൾ ട്രെന്‍റ്. അതും റിച്ച് ലുക്ക് നൽകുന്ന വർക്കുള്ളത്.
  • ഷിഫോൺ, ക്രേപ്പ്, ജോർജറ്റ് തുടങ്ങിയ മെറ്റീരിയലിലുള്ള വസ്ത്രങ്ങളാണ് ബ്രൈഡ്സ് മെയ്ഡിനുള്ള വസ്ത്രങ്ങൾക്കായി തെരഞ്ഞെടുക്കേണ്ടത്. അപ്പോൾ അതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ബ്രൈറ്റ് കളറിലുള്ള പട്ടുസാരിയാണ് വധുവിന് ചേരുക.
  • പാർട്ടിയിലും മറ്റും മോഡേൺ ഔട്ട്ഫിറ്റ് വധു അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബ്രൈഡ് മെയ്ഡിനുള്ള വസ്ത്രങ്ങൾ ട്രെഡീഷണൽ ആകാം.
  • വധു വണ്ണം കുറഞ്ഞയാളാണെങ്കിൽ അൽപ്പം തടി തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. സ്ലീവ്‍ലെസ് ബ്ലൗസ് ഇത്തരക്കാർക്ക് ചേരും. പാർട്ടിയ്ക്ക് ഫ്ളെയർ ഉള്ള ലോംഗ് കുർത്തയോ അനാർക്കലിയോ ആവാം.
  • വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോകുമ്പോൾ ഒരു ഫാഷൻ കൺസൾട്ടൻറിനെ കൂടെ കൂട്ടിയാൽ നന്ന്.
  • സ്ലീവ്‍ലെസും ഓഫ് ഷോൾഡർ സ്റ്റൈലിലെ ഗൗണും മെലിഞ്ഞവർക്ക് നന്നായി ചേരും. ഓർഗൻസ പോലുള്ള മെറ്റീരിയൽ വണ്ണം തോന്നാൻ മെലിഞ്ഞ ശരീര പ്രകൃതിയുള്ള വധുവിനെ സഹായിക്കും.
  • പൊക്കം കൂടുതലുള്ള വധുവാണെങ്കിൽ വീതി കൂടിയ ബോർഡർ ഉള്ള സാരി അണിയുന്നതാണ് നല്ലത്.
  • തടി കൂടുതലാണ് എന്ന് തോന്നുന്നവർക്ക്, വണ്ണം കുറഞ്ഞതായി തോന്നിക്കുന്ന തരം ഡിസൈനുകൾ തെരഞ്ഞെടുക്കണം. വൈഡ് ആയ നെക് ചേരും. സ്ട്രൈപ്സ്, കടും നിറങ്ങൾ ഇവ വണ്ണം കുറച്ച് കാട്ടുന്നവയാണ്.
  • തടിയുള്ളവർക്ക് വണ്ണം തോന്നാതിരിക്കാനായി ബ്ലൗസ് തയ്‌ക്കുമ്പോൾ ശ്രദ്ധിക്കണം. ലോംഗ് സ്ലീവാണ് ഇത്തരക്കാർക്ക് ഇണങ്ങുക.

വീട്ടുകാരുടെ വസ്‌ത്രങ്ങൾ

  • ഇപ്പോൾ തീം വെഡ്‌ഡിംഗിന്‍റെ കാലമാണല്ലോ. വിവാഹത്തിന്‍റെ തീമിനനുസരിച്ച് വസ്ത്രമണിയാൻ പ്ലാൻ ഉണ്ടെങ്കിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശി വരെയുള്ളവർക്കും തീം ഡ്രസ് നൽകാം.
  • ചെക്സ് തീമായെടുത്താൽ വലുതും ചെറുതുമായ ചെക്കുകൾ കാഞ്ചീപുരം സിൽക്ക് സാരിയിൽ തെരഞ്ഞെടുക്കാം.
  • തലമുറ അനുസരിച്ച് ഓരോ ഗ്രൂപ്പിനും വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യാം. കളറും അതനുസരിച്ച് ആവാം. കൗമാരകാർക്ക് ദാവണിയും മുതിർന്നവർക്ക് സാരിയും മതി. വയസ്സായവർക്ക് സിംപിൾ ആയ പട്ടുസാരിയാണ് ഉചിതം.
  • എംബ്രോയ്ഡറി, കലംകാരി എന്നിവയും തീമായി എടുക്കാം. കലംകാരിയാണ് നിങ്ങൾ സെലക്ട് ചെയ്യുന്നതെങ്കിൽ കുഞ്ഞുങ്ങളുടെ ഫ്രോക്കിന്‍റെ യോക്കിൽ കലംകാരി വർക്ക് ചെയ്യാം. ടീനേജിലുള്ളവർക്ക് കലംകാരി സ്കർട്ടും മുതിർന്നവർക്ക് കലംകാരിയിൽ സാരിയും ആണ് നല്ലത്.
  • ഇനി കേരള സാരി തീമായി എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ്, വെള്ള, വെള്ളി സാരി കസവുകളാണ് നല്ലത്.
  • തലമുറ അനുസരിച്ച് അഭിരുചികൾ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാഞ്ചിപുരം, കുന്ദൻ സ്റ്റോൺവർക്ക്, മിറർ വർക്ക്, ബനാറസി കലംകാരി ഇങ്ങനെ പലതരം വസ്ത്രങ്ങൾ ഓരോ തലമുറയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സെലക്ട് ചെയ്യാം.
  • ജ്വല്ലറി മോട്ടിഫ് ആണ് തീമെങ്കിൽ ജ്വല്ലറി മോട്ടീഫ് ഡിസൈനിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം.
  • തീം ഏതായാലും ആഭരണങ്ങൾ വലിച്ചുവാരി അണിയുന്നത് ഒഴിവാക്കണം. സിംപിൾ ആന്‍റ് എലഗന്‍റ് ലുക്കാണ് നല്ലത്.

ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ

  • പകൽ സമയത്ത് കറുപ്പ് നിറം ഒഴിവാക്കണം. ചൂട് കൂടുതലുള്ളപ്പോൾ വിയർപ്പ് അധികമായിരിക്കാൻ കറുപ്പ് നിറം ഇടയാക്കും.
  • രാത്രികാല ചടങ്ങുകൾക്ക് കറുപ്പ് നിറം നന്നായി ചേരും.
  • പകൽ, പീച്ച്, മഞ്ഞ, ഓറഞ്ച്, പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഉത്തമം.
  • ജോഗ്രഫി നോക്കിയും വസ്ത്രം അണിയണം. ബീച്ച് വെഡിംഗാണെങ്കിൽ കടും നിറമണിഞ്ഞാൽ കാണാൻ അഭംഗിയായിരിക്കും. ഫോട്ടോയിലും വീഡിയോയിലും നന്നായെന്നും വരില്ല.
  • വിവാഹത്തിനണിയാൻ വാങ്ങി വച്ച വസ്ത്രം രണ്ടു ദിവസം മുമ്പ് അണിഞ്ഞു നോക്കി പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. അണിയുമ്പോൾ അസ്വസ്ഥത കൾ ഇല്ലെന്നും ഔട്ട് ഫിറ്റ് പെർഫക്റ്റാണെന്നും ഉറപ്പു വരുത്താം.

വരന്‍റെ വസ്ത്രങ്ങൾ

വധുവിനെക്കാൾ വസ്‌ത്രത്തിന്‍റെ കാര്യത്തിൽ ഇപ്പോൾ ശ്രദ്ധിക്കുന്നത് പയ്യന്മാരാണ് എന്ന് പല കല്ല്യാണത്തിനു പോകുമ്പോഴും നിങ്ങൾക്ക് തോന്നാറില്ലേ. ശരിയാണ് കാലം മാറി. ട്രെന്‍റിയായി കതിർമണഡപത്തിൽ നിൽക്കാനാണ് ന്യൂ ജനറേഷൻ താൽപര്യപ്പെടുന്നത്.

  • ഇപ്പോൾ ഷേർവാണിയാണ് ട്രെന്‍റ്. തലപ്പാവ് അണിയുന്നതും പതിവായിരിക്കുന്നു. പ്രത്യേകിച്ചും തീം വെഡ്ഡിംഗ് ആണെങ്കിൽ പല തരത്തിലുള്ള തലപ്പാവുകൾ അണിയാറുണ്ട്.
  • വധുവിന്‍റെ സാരിയുടെ നിറവുമായി മാച്ച് ചെയ്യുന്ന ഷേർവാണിയാണ് ന്യൂജെൻ വരനെ കൂടുതൽ ആകർഷകമാക്കുക.
  • കസവ് മുണ്ടിനൊപ്പം കുർത്ത അണിയുന്നതും ഫാഷനാണ്.
  • നീ ലെഗ്ത് കോട്ടിനൊപ്പം പോളോ പാന്‍റ് ധരിക്കാം.
  • വൻ ബജറ്റ് ഉണ്ടെങ്കിൽ ഒരു കോസ്റ്റ്യൂം ഡിസൈനറുടെ സഹായവും തേടാവുന്നതാണ്.
  • പാർട്ടിയ്ക്കും വിവാഹ സമയത്തും ധരിക്കുന്ന വസ്‌ത്രങ്ങൾ ഒരേ നിറത്തിലുള്ളതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രത്തിനിണങ്ങിയ അകസസറീസും അണിയാൻ മറക്കരുത്.

വില്‍ യു മാരി മീ… അവസാനഭാഗം

ബെല്ല പതിവായി കിടക്കാറുള്ള സോഫയുടെ അരികു പറ്റിയാണ് ജയപാൽ ഇരുന്നിരുന്നത്. ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് സുജാതയ്ക്ക് തോന്നി. അടുത്തു ചെന്ന് സുജാത തോളത്തു കൈ വച്ചു. മുഖമുയർത്തി നോക്കിയതും അയാളുടെ കണ്ണുകൾ ഈറനായി. “ബെല്ല ഇനി വരില്ല സുജ, 13 വർഷമായി എന്‍റെ കൂടെ ഊണിലും ഉറക്കത്തിലും അവൾ ഉണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”

ജയപാൽ ഒരു കുഞ്ഞിനെ പോലെ വിതുമ്പി. സുജാത അയാളുടെ മുടിയിൽ കൈവിരലുകൾ ഓടിച്ചു. ജയപാലിനെ കേവലം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റുന്ന അവസ്‌ഥ അല്ല അതെന്ന് സുജയ്ക്ക് തോന്നി. അതിനാൽ അവൾ നിശബ്ദയായിരുന്നു.

അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത്. “ഇനി ആന്‍റി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്. ഇങ്ങനെ കരഞ്ഞ് വിഷമിച്ചിരുന്നിട്ടെന്താ കാര്യം. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല. അറിയാലോ, പ്രഷർ ഉള്ള ആളാ…!”

ഇത്രയും പറഞ്ഞ് അഖിൽ അടുക്കളയിലേക്ക് പോയി രണ്ട് കപ്പ് ചായയുമായി തിരികെ വന്നു. സുജാത ഒരു കപ്പ് ചായ എടുത്ത് ജയപാലിന്‍റെ കയ്യിൽ പിടിപ്പിച്ചു. മറ്റേ കപ്പ് അവളും എടുത്തു.

“കുടിക്ക്, ഞാനും രാവിലെ ഒന്നും കുടിച്ചില്ല…” സുജാത ഇങ്ങനെ പറഞ്ഞപ്പോൾ ജയപാൽ മനസില്ലാമനസോടെ ചായ ചുണ്ടോടു ചേർത്തു.

“ആന്‍റി, ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ പോകും. അപ്പോൾ പപ്പ തനിച്ചാവുമല്ലോ എന്നോർത്താണ് വിഷമം. നേരത്തെ ബെല്ല ഉള്ളതിനാൽ ഒട്ടും വിഷമം തോന്നാറില്ല. സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ പപ്പ സ്നേഹിച്ചത് ബെല്ലയെ ആയിരുന്നു.” അഖിൽ തീർത്തും ഹതാശനായ മട്ടിൽ തന്‍റെ വിഷമം സുജാതയോട് അവതരിപ്പിച്ചു.

“അപ്പു, നീ ഒട്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ.” സുജാത രണ്ടുപേരെയും ആശ്വസിപ്പിച്ചു. “ആന്‍റി ഉള്ളതാണ് ആകെ ഉള്ള ആശ്വാസം.” അഖിൽ സുജാതയെ നോക്കി തുടർന്നു.

“പക്ഷേ കഴിഞ്ഞ 15 വർഷമായി പപ്പയുടെ ഏകാന്ത ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയത് ബെല്ലയായിരുന്നല്ലോ.”

സുജാതയ്ക്ക് എത്ര നേരം ജയപാലിനെ ശ്രദ്ധിക്കാൻ കഴിയും? അതാണ് അഖിലിന്‍റെ ആശങ്ക. ഈ സാഹചര്യത്തിൽ ജയപാലിനെ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കാൻ വിടുന്നതിനോട് സുജാതയ്ക്കും യോജിപ്പുണ്ടായില്ല. തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നാലോ എന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം കൂട്ടുകാരി മീരയോട് പങ്കു വച്ചപ്പോൾ അവൾ തന്‍റെ ഭയം മറച്ചു വച്ചില്ല.

“നീ നല്ലതു പോലെ ആലോചിച്ചിട്ടു മതി ഇത്തരം തീരുമാനങ്ങളൊക്കെയെടുക്കാൻ. നാട്ടുകാരുടെ കണ്ണിൽ അതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. നീ വിചാരിക്കും പോലെ സിംപിൾ അല്ല ഇത്”  മീര മുന്നറിയിപ്പു നൽകി.

“യെസ്… എനിക്കതറിയാം, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ അവസ്‌ഥയിൽ ജയപാലിനെ അവിടെ തനിച്ചാക്കാൻ വയ്യ. ഞാൻ അഖിലിനെ വിളിച്ചു സംസാരിക്കട്ടെ.”

പിറ്റേന്നു തന്നെ സുജാത അഖിലിനെ വിളിച്ച് ജയപാലിനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. അപ്പുവിന് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല.

ജയപാലിന് സുജാതയുടെ വീട്ടിൽ താമസിക്കാൻ ഇഷ്ടമായിരുന്നെങ്കിലും, മീര പറഞ്ഞതു പോലെ നാട്ടുകാർ എന്തെങ്കിലും പറയുമോ, എന്ന പേടി ഉണ്ട്. ആ ഭയം സുജാതയെ കരുതി മാത്രമാണെന്ന് അവൾക്കും അറിയാം. പക്ഷേ അവളുടെ നിർബന്ധത്തിനു വഴങ്ങി ജയപാൽ താമസം മാറി. സുജാതയുടെ സാമീപ്യവും, കൃത്യസമയത്തുള്ള ദിനചര്യകളും, കൂടിയായപ്പോൾ ഒരാഴ്ചക്കകം ജയപാൽ പഴയ ആരോഗ്യസ്‌ഥിതിയിലേക്ക് എത്തി. മാനസികമായും ശാരീരികമായും ആരോഗ്യം കൈ വന്നു. ഇതിനിടെ സുജാതയുടെ മകൾ ഗോപികയുടെ ഫോൺ കോൾ വന്നു. അവളുടെ ഭർത്താവ് രാഹുൽ ഓഫീസ് ആവശ്യത്തിനായി ഒരാഴ്ച ഇന്തോറിനു വരുന്നു. അതിനാൽ അവളും കൂടെ വരുന്നുണ്ടെത്രേ. ആ സമയം അമ്മയ്ക്കൊപ്പം രണ്ട് ദിവസം നിൽക്കാനാണ് പ്ലാൻ. സുജാത ധർമ്മ സങ്കടത്തിലായി.

ജയപാലിനോട് തിരിച്ചു പോകാൻ പറയാനും വയ്യ. ഗോപികയോട് ഇപ്പോൾ വീട്ടിലേക്ക് വരണ്ട എന്നു പറയാനും നിർവാഹമില്ല. അവൾ ഊരാക്കുടുക്കിൽ പെട്ട പോലെയായി. ആരോട് എന്തു പറയാനാണ്. എന്തായാലും വരുന്നിടത്തു വച്ചു കാണാം. എന്തും വരുന്ന മുറയ്ക്ക് കൈകാര്യം ചെയ്യാം. എന്നു മാത്രം സുജാത തീരുമാനിച്ചു.

പക്ഷേ സുജാതയുടെ ഉള്ളിലെ വിചാരങ്ങൾ അവളുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചത് ജയപാലിന് മനസ്സിലായി. അയാൾ കാരണം തിരക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി. എന്നാൽ സത്യം പറയാൻ നിർബന്ധിച്ചപ്പോൾ സുജാതയ്ക്ക് തുറന്നു പറയാതെ നിർവാഹമില്ലാതെ വന്നു. അതുകേട്ടപ്പോൾ ജയപാൽ പുഞ്ചിരിയോടെ സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഏറ്റവും സഹായം ആവശ്യമുള്ള സമയത്തല്ലേ നീ എന്നെ ഹെൽപ്പ് ചെയ്‌തത്. ഇപ്പോൾ ഞാൻ ഓക്കെയാണല്ലോ. ഇനി ഞാൻ എല്ലാം സ്വയം ശ്രദ്ധിക്കാം. അത് നിനക്ക് ഞാൻ തരുന്ന വാക്ക് ആണ്. നീ സമാധാനമായിരിക്കൂ. ഞാൻ വീട്ടിൽ പോകാം. കുട്ടികൾ വന്നു പോകട്ടെ.”

“പക്ഷേ എന്തായാലും നമ്മുടെ കാര്യം അവരോട് പറയേണ്ടതല്ലേ എന്നാൽ പിന്നെ അത്രയും നേരത്തെ ആവാലോ.” സുജാതയുടെ ചിന്ത അങ്ങനെയായിരുന്നു. പക്ഷേ ജയപാൽ അതു സമ്മതിച്ചില്ല.

“ഇപ്പോൾ അതൊന്നും പറയേണ്ട. എല്ലാത്തിനും അതിന്‍റെ സമയമുണ്ട്. നമുക്ക് അപ്പോൾ പറയാം.”

അങ്ങനെ ആ പ്രശ്നം തൽക്കാലം പരിഹരിക്കപ്പെട്ടു. ജയപാൽ സ്വന്തം വീട്ടിലേക്ക് പോയി. ബുധനാഴ്ച രാവിലെ തന്നെ ഗോപികയും ഭർത്താവ് രാഹുലും വീട്ടിൽ എത്തി. ആറുമാസമായി മകളെ കണ്ടിട്ട്. രണ്ടുപേരും കെട്ടിപ്പിടിച്ചു പരസ്പരം ഉമ്മ വച്ചു.

“മമ്മീ, എങ്ങനെയുണ്ട്? ഹൗ വാസ് യുവർ ട്രിപ്പ്? എൻജോയ്.”

“പിന്നെ, അടിപൊളി! ആയിരുന്നു.”

“ആഹാ, ഫോട്ടോ ഇല്ലേ?”

ഉണ്ടല്ലോ, നീ ആദ്യം ഫ്രെഷ് ആവൂ, എന്നിട്ട് ചായ കുടിച്ചു കൊണ്ട് ഫോട്ടോയൊക്കെ കാണാം എന്താ?”

രാഹുൽ അകത്തേക്കു കടന്നു വന്ന് സുജാതയുടെ കാൽതൊട്ടു വന്ദിച്ചു കസേരയിലിരുന്നു.

“മമ്മി, സുഖമല്ലേ?”

“അതേ, മോനേ… ഹാപ്പി.”

“സുജാത ചായയും പ്രഭാത ഭക്ഷണവും ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

മമ്മി, മൊബൈലിൽ ഇല്ലേ ഫോട്ടോസ്?” ഗോപിക വീണ്ടും ജിജ്ഞാസയോടെ ചോദിച്ചു.

“ഉണ്ട്, ഇതാ… നോക്കൂ.”

സുജാത തന്‍റെ മൊബൈൽ ഫോൺ ഗോപികയ്ക്കു നേരെ നീട്ടി. ഗോപികയും രാഹുലും ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.

“മമ്മി, ഇതാരാണ്? മുമ്പ് കണ്ടിട്ടില്ലല്ലോ”

ഗോപികയുടെ ചോദ്യം കേട്ടപ്പോഴെ സുജാതയ്ക്ക് സംഗതി പിടികിട്ടി. ജയപാലിനെ കുറിച്ചാണ് ചോദ്യം.

“അദ്ദേഹം ഇവിടെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്നു ജയപാൽ. ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കു ചേർന്നിരുന്നു.”

ഗോപികയ്ക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ രാഹുൽ എന്തോ ആവശ്യപ്പെട്ടതു കൊണ്ട് ചോദിക്കാൻ വന്നത് ഒഴിവാക്കി അവൾ അതെടുക്കാൻ അടുക്കളയിൽ പോയി. പക്ഷേ ഗോപികയുടെ മുഖത്ത് കണ്ട് നൂറു ചോദ്യങ്ങളെ സുജാതയുടെ കണ്ണുകൾ തിരിച്ചറിഞ്ഞു.

രാത്രിയിൽ ഗോപിക അമ്മയ്ക്കൊപ്പമാണ് ഉറങ്ങാൻ കിടന്നത്. സുജാത അവളുടെ മുടിയിഴകൾ സ്നേഹപൂർവ്വം വിരലോടിച്ചു കൊണ്ടിരുന്നു. ഗോപികയോട് ജയപാലിനെ കുറിച്ച് പറയാൻ പറ്റിയ സമയം ഇതാണെന്നു തോന്നിയെങ്കിലും അവൾക്ക് അപ്പോൾ അത് അവതരിപ്പിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഗോപുവിന് ഇഷ്‌ടമായില്ലെങ്കിലോ… ഉറങ്ങും മുമ്പ് ഒരു പ്രശ്നം ഉണ്ടാക്കണ്ട.

രാവിലെ സുജാത നടന്ന് തിരിച്ചുവരുമ്പോൾ ഒപ്പം ജയപാലും ഉണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഗോപിക ചായ ഉണ്ടാക്കുകയാണ്. അപ്പോഴും സുജാതയുടെ മനസ്സിൽ അവളോട് എങ്ങനെ പറയണം എന്ന ചിന്ത തിങ്ങി നിറഞ്ഞു. ഒരേയൊരു മകൾ. അവളുടെ സമ്മതവും സന്തോഷവും ഈ ബന്ധത്തിനുണ്ടായില്ലെങ്കിൽ പിന്നെ രാഹുൽ ഓഫീസ് ആവശ്യത്തിനായി രാവിലെ തന്നെ പുറത്തേക്കു പോയിരുന്നു. രാവിലെ തന്നെ മമ്മിയ്ക്കൊപ്പം ജയപാലിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യഭാവം മിന്നിമറഞ്ഞു.

“ഇതാണ് എന്‍റെ രാജകുമാരി! ഗോപൂട്ടി ”മോളെ ഇത് ജയപാൽ അങ്കിൾ. ഇന്നലെ പറഞ്ഞില്ലേ, ഗോവ ട്രിപ്പ് പോയത്.” സുജാത പരസ്പരം പരിചയപ്പെടുത്തി.

“ഓഹ്… ഗുഡ്മോണിംഗ് അങ്കിൾ.”

അവളുടെ സ്വരത്തിൽ വലിയ ആവേശമൊന്നും ഇല്ലെന്ന് സുജാതയ്ക്കു മനസിലായി. മമ്മിയും അങ്കിളും തമ്മിൽ ഇത്രയും തുറന്ന പെരുമാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. ജയപാൽ കുറച്ചുനേരം അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. അയാൾ ഗോപികയോട് വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയതെങ്കിലും അവളുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല.

ഉച്ചയ്ക്കു ഊണൊക്കെ കഴിഞ്ഞ് അമ്മയും മകളും തനിച്ചായ സമയത്ത് സുജാത അവളോട് സംസാരിക്കാൻ തീരുമാനിച്ചു.

“മോളെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”

“പറയൂ, മമ്മി” അവളുടെ സ്വരം തണുത്തുറഞ്ഞിരുന്നു.

“മോളേ, പപ്പ പോയശേഷം ഞാൻ ഏകാന്തമായ ജീവിതത്തിലാണ്. നിന്‍റെ വിവാഹം കൂടി കഴിഞ്ഞതോടെ അത് ഇരട്ടിയായി.” സുജാത, നിസ്സംഗ ഭാവത്തോടെ പറഞ്ഞു.

“എനിക്കറിയാം മമ്മി, അതുകൊണ്ടല്ലേ ഞാൻ മമ്മിയോട് യാത്ര പോകാനും, സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനുമൊക്കെ നിർബന്ധിക്കുന്നത്.” ഗോപിക പുഞ്ചിരിയോടെ അമ്മയെ ചേർത്തു പിടിച്ചു.

“കുറച്ചു നാളുകളായി ഞാനും ജയപാലും നല്ല സുഹൃത്തുക്കളാണ്. ഗോവയിൽ ട്രിപ്പ് പോയിട്ട് വന്നശേഷം ആ ബന്ധം കൂടുതൽ ശക്തമായി. പരസ്പരം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് എന്നതാണ് ഞങ്ങൾക്കിടയിലെ പ്ലസ്പോയിന്‍റ്. ഈ സന്തോഷം എന്നും കൂടെ ഉണ്ടാവാൻ എനിക്കാഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയുള്ള കാലം ജീവിച്ചാലോ എന്ന ചിന്ത. നിനക്ക് എന്താണ് അഭിപ്രായം.”

സുജാത വളരെ സ്പഷ്ടമായി തന്‍റെ മനസ്സ് മകൾക്കു മുന്നിൽ തുറന്നു വച്ചു. അവൾക്ക് മകളുടെ അഭിപ്രായം അറിയണമായിരുന്നു.

“മമ്മീ എന്താണീ പറയുന്നത്? കാലം ഒരുപാട് മുന്നേറിയെന്നതൊക്കെ ശരിയാണ്. മമ്മി ആരുമായും കൂട്ടുകൂടുന്നതിലും എനിക്ക് സന്തോഷം മാത്രം. പക്ഷേ ജയപാൽ അങ്കിളും മമ്മിയും തമ്മിൽ ഒട്ടും മാച്ച് അല്ല. ഒരു ബംഗാളിയാണ്. പിന്നെ, നിങ്ങൾ തമ്മിൽ കാഴ്ചയിലും പ്രായത്തിലും വലിയ അന്തരം ഉണ്ട്. ഇനി രാഹുലും വീട്ടുകാരും ഇത് അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയില്ല.” ഒട്ടൊരു മുൻവിധിയോടെയും ഈർഷ്യയോടെയും ഉള്ള ഗോപികയുടെ പ്രതികരണം കണ്ടപ്പോൾ സുജാതയ്ക്ക് കൂടുതൽ വിശദീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“കാഴ്ചയിലും പ്രായത്തിലും ഉള്ള അന്തരമൊക്കെ നോക്കി നമുക്ക് ഒരാളെ കണ്ടുപിടിക്കാനും ഇഷ്ടപ്പെടാനും പറ്റുന്ന സമയമാണോ മോളെ എനിക്ക്? മാത്രമല്ല എനിക്കങ്ങനെ ഒരു അന്തരം ഞങ്ങൾക്കിടയിൽ ഫീൽ ചെയ്തതുമില്ല.” ഇക്കാര്യത്തിൽ നിനക്ക് എന്തു ഫീൽ ചെയ്യുന്നു എന്നതാണ് എനിക്ക് ശ്രദ്ധിക്കാനുള്ളൂ. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സന്തോഷവതിയായിരിക്കും. അത്രയുമേ എനിക്ക് പറയാൻ ഉള്ളൂ.”

”എന്തോ! എനിക്ക് ഈ ബന്ധം അത്ര നല്ലതാണെന്ന് തോന്നുന്നില്ല.” ഗോപിക തന്‍റെ അസന്തുഷ്ടി പ്രകടിപ്പിച്ചു. അവൾക്ക് തന്‍റെ അമ്മ എന്നും തന്‍റെ മാത്രം ആയിരിക്കണം എന്ന ആഗ്രഹമാണ്. അതിനിടയിൽ മറ്റൊരാൾ വരുന്നത് അവൾക്ക് അസഹ്യമായ കാര്യമായിരുന്നു.

ഗോപിക പിന്നെയൊന്നും സംസാരിച്ചുമില്ല. വൈകീട്ട് അവൾ സുജാതയോട് പിണങ്ങി മീരാന്‍റിയുടെ വീട്ടിലേക്ക് പോയി. മീരയും അറിഞ്ഞാണോ ഈ ബന്ധം എന്ന് അവൾക്ക് അറിയണമായിരുന്നു. മുമ്പും അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടാകാറുള്ള സൗന്ദര്യപ്പിണക്കങ്ങളിൽ മീര തന്നെയാണ് ഇടപെടാറുണ്ടായിരുന്നത്.

ഗോപിക വീട്ടിലേക്ക് വരുന്നതു കണ്ട് മീര ആഹ്ലാദത്തോടെ അവളെ സ്വീകരിച്ചു. പക്ഷേ ഗോപികയുടെ കണ്ണുകളിൽ കണ്ട വിഷാദഭാവം മീരയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അവളുമായി കുറച്ചുനേരം സംസാരിച്ചപ്പോൾ കാര്യങ്ങളുടെ കിടപ്പ് മീര മനസ്സിലാക്കി.

അവൾ ഗോപിക അറിയാതെ, സുജാതയെ വിളിച്ച് മകൾ തന്‍റെ അടുത്തുണ്ടെന്ന് പറയുകയും ചെയ്‌തു. രാഹുലിനെയും ഫോൺ ചെയ്ത് വൈകിട്ട് തന്‍റെ വീട്ടിലേയ്ക്ക് വരാൻ മീര ആവശ്യപ്പെട്ടു. രാഹുൽ 7 മണിയോടെ മീരയുടെ വീട്ടിലെത്തി. ഗോപികയുടെ ഉദാസീനമായ മുഖഭാവം കണ്ടപ്പോൾ രാഹുൽ അമ്പരന്നു.

“എന്തുപറ്റി ഗോപു, നീന്‍റെ മുഖം എന്താ വാടിയിരിക്കുന്നത്?”

“ഇരിക്കൂ, രാഹുൽ ഞാൻ എല്ലാം പറയാം.” മീര അതിനു മറുപടിയുമായി രാഹുലിന്‍റെ അടുത്തേക്കു വന്നു.

മീര ചായയും പലഹാരവും എടുത്തു കൊണ്ടു വന്നു രാഹുലിന് കൊടുത്ത ശേഷം സംഭവങ്ങളെ കുറിച്ച് മീര വിശദീകരിച്ചു.

“എനിക്ക് ജയപാലിനെ നന്നായിട്ടറിയാം. അദ്ദേഹം സുജാതയ്ക്ക് നല്ല മാച്ചാണ്. അവളുടെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല.” മീര പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാഹുൽ, ഗോപികയുടെ മുഖത്തേക്കു നോക്കി, ഇതിലെന്താണ് ഇത്ര അസ്വസ്ഥയാകാൻ എന്ന ചോദ്യം ആ മുഖഭാവത്തിലുണ്ട്.

“എനിക്ക് മമ്മി വിവാഹം കഴിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. ഞാൻ പോയശേഷം മമ്മി ഏകാകിയാണെന്ന് എനിക്കറിയും. അദ്ദേഹം എന്‍റെ മമ്മിയ്ക്ക് ചേരില്ല എന്നു തോന്നിയിട്ടാണ്.”

അതുകേട്ടപ്പോൾ രാഹുൽ പൊട്ടിച്ചിരിച്ചു. “നിന്‍റെ മമ്മി എന്താ കുഞ്ഞാണോ? നീ പറയുന്ന കേട്ടാൽ തോന്നും നീയാണ് മമ്മിയുടെ അമ്മ എന്ന്. അവർക്ക് നമ്മേക്കാൾ അറിവുണ്ട്. ആളുകളെ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. നമ്മൾക്ക് മുഴുവൻ സമയം മമ്മിയ്ക്കൊപ്പം ചെലവിടാൻ കഴിയില്ല എന്നും നിനക്കറിയാം. അപ്പോൾ പിന്നെ മമ്മിക്കിഷ്ടപ്പെട്ട ഒരാളെ മമ്മി തെരഞ്ഞെടുക്കുമ്പോൾ നമ്മൾ അതിനെ പിന്തുണയ്ക്കുകയല്ല വേണ്ടത്? പ്രായം, ദേശം ഒന്നും നാം കണക്കിലെടുക്കേണ്ട. നമുക്ക് ആദ്യം ജയപാൽ അങ്കിളിനെ കാണാം. എന്നിട്ടു മതി.” രാഹുൽ ഇത്രയും പറഞ്ഞപ്പോൾ ഗോപിക നിശബ്ദയായി.

പുറമേയ്ക്ക് ശാന്തയായെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അവൾക്ക് അത്ര സന്തോഷം ഇല്ല എന്ന് രാഹുലിന് വ്യക്‌തമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി.

“അമ്മയായിരിക്കും… ഞാൻ പറയാതെയാണ് പോന്നത്” ഗോപിക എഴുന്നേറ്റു.

“നീ ഇരിക്കൂ ഞാൻ നോക്കട്ടെ” മീര എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ അഖിൽ മുന്നിൽ.

“വരൂ, വരൂ ഞാൻ അപ്പുവിനെ പ്രതീക്ഷിക്കുകയായിരുന്നു.” തൊട്ടു പിന്നാലെ മീരയുടെ ഭർത്താവും അവിടെ എത്തിച്ചേർന്നു.

“സുജ എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഗോപുവിന്‍റെ പപ്പ വേർപിരിഞ്ഞ ശേഷം അവൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ഞാൻ കൂട്ടുകാരിയായി ഉണ്ടെങ്കിലും എനിക്ക് ആ കുറവോ ശൂന്യതയോ നികത്താൻ കഴിയില്ല. സുജ നേരിട്ട പ്രതിസന്ധികൾ, ദു:ഖങ്ങൾ എല്ലാം എനിക്കറിയാം. അതിൽ നിന്നൊക്കെ അവൾ ഉയർത്തെഴുന്നേറ്റവളാണ്. രാജ് പോയശേഷം ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതത്തിലുണ്ടായിട്ടില്ല.

ജയപാലിൽ ഞാൻ കാണുന്നത് ആ പ്രത്യേകതയാണ്. അദ്ദേഹം ഏകാന്ത ജീവിതത്തിലാണ്. രണ്ടുപേർക്കും ഇതൊരു അവസരമാണ്. ജീവിതത്തിൽ എന്ന് എനിക്ക് തോന്നുന്നു” മീര തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞു.

“ഒരു ബന്ധത്തിന്‍റെ അടിസ്ഥാനം പരസ്പരപ്രണയവും സമർപ്പണവും വിശ്വാസവുമാണ്.

സുജാതയ്ക്കും ജയപാലിനും പരസ്പരം അതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അഖിലിനെ ഞാൻ ഇവിടേയ്ക്ക് വിളിപ്പിച്ചതാണ്. കുട്ടികൾ ചേർന്ന് അച്ഛനമ്മമാരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെ. സ്വന്തം വിവാഹ കാര്യത്തെക്കുറിച്ച് ഒരു അച്ഛനും അമ്മയ്ക്കും മക്കളോട് പറയാൻ മടിയുണ്ടാകും. ഈ പ്രായത്തിൽ വിവാഹമോ എന്ന് സമൂഹം നെറ്റിചുളിക്കും. ഇതൊക്കെ ആവുമ്പോൾ അവരുടെ മോഹം അവരിൽ തന്നെ ഇല്ലാതാകാനാണ് സാദ്ധ്യത.

മീര തുടർന്നു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ രാഹുൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. “സത്യം ആന്‍റി, ഇതു പറഞ്ഞത് വളരെ നന്നായി. മമ്മിയ്ക്ക് ഈ കൂട്ട് എന്തായാലും ആവശ്യമാണ്. നല്ലതാണ്.”

”സത്യം പറയാല്ലോ… എന്‍റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് മീരാന്‍റി ഇപ്പോൾ പറഞ്ഞത്. അത്രയും ഇഷ്ടമാണ് എനിക്ക് രണ്ടുപേരെയും. എന്‍റെ പപ്പയുടെ ജീവിതത്തിലേക്ക് വളരെ മുന്നേ എത്തേണ്ടതായിരുന്നു സുജാന്‍റി” അഖിൽ വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ഗോപികയുടെ എതിർപ്പുകൾ അലിഞ്ഞുപോയി. അവൾ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാനും ഒരു ചെറിയ പാർട്ടി നടത്താനും അന്നുതന്നെ അവർ തീരുമാനമെടുത്തു.

അതേസമയം സുജാത ഇതൊന്നുമറിയാതെ കടുത്ത മനോവ്യഥയിലായിരുന്നു. ഒരേയൊരു മകൾ. അവൾക്ക് ഇഷ്ടമില്ലാത്ത?ഒരു കാര്യം ചെയ്തിട്ട് എന്തു സന്തോഷമാണ് തന്‍റെ ജീവിതത്തിൽ കിട്ടാൻ പോകുന്നത്. ജയപാലിനൊട് തനിക്ക് തോന്നിയ ഇഷ്ടം മാറ്റിവയ്ക്കാം. പക്ഷേ ആ മനുഷ്യനെ വേദനിപ്പിക്കേണ്ടി വരുന്നതിലാണ് ദു:ഖം.

രാത്രി 11 മണിയായിട്ടും കുട്ടികൾ വന്നില്ലല്ലോ. അവൾ മിക്കവാറും മീരയുടെ അടുത്തുണ്ടാകും. തന്നോട് ദേഷ്യം വരുമ്പോൾ അവൾ പോകറുള്ളത് അങ്ങോട്ടാണല്ലോ. മീരയെ വിളിക്കാൻ നമ്പർ ഡയൽ ചെയ്യുമ്പോളാണ് കോളിംഗ് ബെൽ കേട്ടത്. അവൾ വേഗം സേഫ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. കുട്ടികളാണ്. സുജാത വാതിൽ തുറന്നു.

രാഹുലിനും ഗാപികയ്ക്കും ഒപ്പം അഖിലിനേയും കണ്ടപ്പോൾ സുജാത ആശ്ചര്യപ്പെട്ടു. ഇരുട്ടിൽ നിന്ന് ഒരാൾ കൂടി വെളിച്ചത്തിലേക്ക് കടന്നുവന്നു. ജയപാൽ! അവൾ സ്തബ്ധയായി. രാഹുൽ സുജാതയെ കയ്യിൽ പിടിച്ച് സോഫയിലിരുത്തി.

ഒട്ടും വൈകിയില്ല. “മമ്മി, നിങ്ങൾ രണ്ടാൾക്കപ്പം ഇഷ്ടമാണേൽ പിന്നെ ഇനി ഒട്ടും സമയം കളയാനില്ല. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.” അന്തരീക്ഷം ലഘൂകരിക്കാൻ രാഹുൽ ഇങ്ങനെ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“അതേ ആന്‍റി, ഞാൻ ഇതാ എന്‍റെ പപ്പയെയും കൂട്ടി വന്നത് അന്‍റിയെ പെണ്ണുകാണാൻ തന്നെയാ” അഖിലും പൊട്ടിച്ചിരിച്ചു. സുജാത ആകെ വിളറി നാണിച്ചുപോയി. അവർ സങ്കോചത്തോടെ മകളെ നോക്കി. ഗോപു അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, ഈ സ്നേഹം മറ്റാർക്കും വീതിച്ചു പോകുന്നത് ഇഷ്ടമല്ലാത്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞുപോയതാ. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ബന്ധം കൊണ്ട് എനിക്ക് ഒരു പപ്പയേയും സഹോദരനേയും കൂടി കിട്ടുകയാണെന്ന്. ആം സോ ഹാപ്പി” അവൾ ജയപാലിന്‍റെയും സുജാതയുടെയും കൈകളിൽ ചേർത്തുപിടിച്ചു. ആഹ്ലാദഭരിതമായ ആ അന്തരീക്ഷത്തിൽ ജയപാൽ പെട്ടെന്ന് സുജാതയ്ക്ക് മുന്നിൽ മുട്ടുകുത്തി.

“വിൽ യൂ മാരി മീ?” സുജാത ലജ്‌ജയോടെ ജയപാലിന്‍റെ നീട്ടിയ കൈകൾ ചേർത്തുപിടിച്ച് സമ്മതം മൂളി. അർദ്ധരാത്രിയിൽ ആ വീട്ടിലെ പൊട്ടിച്ചിരികൾ നിലാവിനൊപ്പം പുറത്തേക്ക് ഒഴുകിയെത്തി.

(അവസാനിച്ചു)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें