പച്ചക്കറിയിലെ താരമാണ് പാലക് ചീര. അത്രയും പോഷക സമ്പന്നം ആയ ഇലവർഗം ആണിത്. കുട്ടികളും വിളർച്ച ഉള്ളവരും തീർച്ചയായും കഴിച്ചിരിക്കണം. ഈ ഇലവർഗത്തിനൊപ്പം പോഷക സമ്പന്നമായ കൂൺ, പനീർ ഇതൊക്കെ ചേർത്ത് കൂടുതൽ സ്വാദിഷ്ഠമായ കറികൾ ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടമാവുന്ന മഷ്‌റൂം പാലക് കറി ഉണ്ടാക്കുന്ന വിധം നോക്കാം.
ചേരുവകൾ
മഷ്റൂം - ഒരു പാക്കറ്റ്
പാലക് ചീര - 250 ഗ്രാം
സവാള മീഡിയം വലിപ്പം – ഒന്ന്
ഇഞ്ചി - ഒരിഞ്ച് വലിപ്പമുള്ള കഷണം
വെളുത്തുള്ളി - 4 അല്ലി
കശുവണ്ടി പരിപ്പ് - ഒരു വലിയ സ്പൂൺ
പച്ചമുളക് - 2 എണ്ണം
വെണ്ണ - ഒരു വലിയ സ്പൂൺ
റിഫൈൻഡ് ഓയിൽ - ഒരു വലിയ സ്പൂൺ
ഫ്രഷ് ക്രീം - 2 ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിലരിഞ്ഞത് അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി എന്നിവ ഒന്നരകപ്പ് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ ഒരു വിസിൽ വരും വരെ പാകം ചെയ്യുക.
പാലക് ചീര നല്ലവണ്ണം വെള്ളത്തിൽ കഴുകിയെടുത്ത് തിളച്ച വെള്ളത്തിൽ ഇടുക. തണുപ്പിച്ച ശേഷം ഇലകൾ പച്ച മുളകിനൊപ്പം മിക്സിയിൽ അരച്ചെടുക്കുക.
സവാള ചേരുവയും മിക്സിയിൽ അരച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെണ്ണ, എണ്ണ എന്നിവയിട്ട് ചൂടാക്കുക. കൂൺ ഓരോന്നും 4 കഷണങ്ങളാക്കി വഴറ്റി മാറ്റിയെടുത്ത് വയ്ക്കുക.
ഇതിൽ സവാള പേസ്റ്റ് ഇട്ട് വഴറ്റുക. ശേഷം പാലക് പേസ്റ്റ് ഇട്ട് 2 മിനിറ്റ് നേരം കൂടി വഴറ്റുക. കൂണും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക.
ഫ്ളെയിം കുറച്ച് പാകം ചെയ്യുക. ഗ്രേവി കുറുകിയ ശേഷം ക്രീം ചേര്‍ക്കുക. ഇഞ്ചി നേർത്തതായി അരിഞ്ഞത് മീതെയിട്ട് സർവ്വ് ചെയ്യുക.
ചപ്പാത്തിക്കൊപ്പം മികച്ച കോമ്പിനേഷൻ ആണ്.
(പാലക്കിന്‍റെ ഗ്രേവിയിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പനീർ എന്നിങ്ങനെ ഇഷ്ടമുള്ളത് ചേർക്കാം)