ബെല്ല പതിവായി കിടക്കാറുള്ള സോഫയുടെ അരികു പറ്റിയാണ് ജയപാൽ ഇരുന്നിരുന്നത്. ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് സുജാതയ്ക്ക് തോന്നി. അടുത്തു ചെന്ന് സുജാത തോളത്തു കൈ വച്ചു. മുഖമുയർത്തി നോക്കിയതും അയാളുടെ കണ്ണുകൾ ഈറനായി. “ബെല്ല ഇനി വരില്ല സുജ, 13 വർഷമായി എന്‍റെ കൂടെ ഊണിലും ഉറക്കത്തിലും അവൾ ഉണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”
ജയപാൽ ഒരു കുഞ്ഞിനെ പോലെ വിതുമ്പി. സുജാത അയാളുടെ മുടിയിൽ കൈവിരലുകൾ ഓടിച്ചു. ജയപാലിനെ കേവലം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റുന്ന അവസ്‌ഥ അല്ല അതെന്ന് സുജയ്ക്ക് തോന്നി. അതിനാൽ അവൾ നിശബ്ദയായിരുന്നു.
അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത്. “ഇനി ആന്‍റി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്. ഇങ്ങനെ കരഞ്ഞ് വിഷമിച്ചിരുന്നിട്ടെന്താ കാര്യം. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല. അറിയാലോ, പ്രഷർ ഉള്ള ആളാ...!”
ഇത്രയും പറഞ്ഞ് അഖിൽ അടുക്കളയിലേക്ക് പോയി രണ്ട് കപ്പ് ചായയുമായി തിരികെ വന്നു. സുജാത ഒരു കപ്പ് ചായ എടുത്ത് ജയപാലിന്‍റെ കയ്യിൽ പിടിപ്പിച്ചു. മറ്റേ കപ്പ് അവളും എടുത്തു.
“കുടിക്ക്, ഞാനും രാവിലെ ഒന്നും കുടിച്ചില്ല...” സുജാത ഇങ്ങനെ പറഞ്ഞപ്പോൾ ജയപാൽ മനസില്ലാമനസോടെ ചായ ചുണ്ടോടു ചേർത്തു.
“ആന്‍റി, ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ പോകും. അപ്പോൾ പപ്പ തനിച്ചാവുമല്ലോ എന്നോർത്താണ് വിഷമം. നേരത്തെ ബെല്ല ഉള്ളതിനാൽ ഒട്ടും വിഷമം തോന്നാറില്ല. സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ പപ്പ സ്നേഹിച്ചത് ബെല്ലയെ ആയിരുന്നു.” അഖിൽ തീർത്തും ഹതാശനായ മട്ടിൽ തന്‍റെ വിഷമം സുജാതയോട് അവതരിപ്പിച്ചു.
“അപ്പു, നീ ഒട്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ.” സുജാത രണ്ടുപേരെയും ആശ്വസിപ്പിച്ചു. “ആന്‍റി ഉള്ളതാണ് ആകെ ഉള്ള ആശ്വാസം.” അഖിൽ സുജാതയെ നോക്കി തുടർന്നു.
“പക്ഷേ കഴിഞ്ഞ 15 വർഷമായി പപ്പയുടെ ഏകാന്ത ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയത് ബെല്ലയായിരുന്നല്ലോ.”
സുജാതയ്ക്ക് എത്ര നേരം ജയപാലിനെ ശ്രദ്ധിക്കാൻ കഴിയും? അതാണ് അഖിലിന്‍റെ ആശങ്ക. ഈ സാഹചര്യത്തിൽ ജയപാലിനെ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കാൻ വിടുന്നതിനോട് സുജാതയ്ക്കും യോജിപ്പുണ്ടായില്ല. തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നാലോ എന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം കൂട്ടുകാരി മീരയോട് പങ്കു വച്ചപ്പോൾ അവൾ തന്‍റെ ഭയം മറച്ചു വച്ചില്ല.
“നീ നല്ലതു പോലെ ആലോചിച്ചിട്ടു മതി ഇത്തരം തീരുമാനങ്ങളൊക്കെയെടുക്കാൻ. നാട്ടുകാരുടെ കണ്ണിൽ അതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. നീ വിചാരിക്കും പോലെ സിംപിൾ അല്ല ഇത്” മീര മുന്നറിയിപ്പു നൽകി.
“യെസ്... എനിക്കതറിയാം, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ അവസ്‌ഥയിൽ ജയപാലിനെ അവിടെ തനിച്ചാക്കാൻ വയ്യ. ഞാൻ അഖിലിനെ വിളിച്ചു സംസാരിക്കട്ടെ.”