ഒന്നര പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ അവർക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളായി ജയസൂര്യ നിറഞ്ഞു നിൽക്കുന്നുണ്ട്. കരിയറിൽ നൂറാമത്തെ സിനിമയിലേക്ക് എത്തുമ്പോൾ എല്ലാം തികഞ്ഞ നടൻ എന്ന അംഗീകാരം ജന മനസുകളിൽ നേടി ക്കഴിഞ്ഞു.
ലോക്ക് ഡൌൺ കാലത്താണ് ഒടിടി പ്ലാറ്റഫോമിൽ സൂഫിയും സുജാതയും ഇറങ്ങിയത്. അത് മെഗാ ഹിറ്റായി. അടുത്തയിടെ തിയേറ്റർൽ ഇറങ്ങിയ വെള്ളവും നല്ല പ്രതികരണം ആയിരുന്നു..
ഓരോ വർഷവും സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോഴും ജയസൂര്യയ്ക്ക് കിട്ടും എന്ന് പ്രേക്ഷകർ കരുതും. പടം ഇറങ്ങിക്കഴിയുമ്പോഴേ അതു അവർ ആഗ്രഹിക്കുന്നതാണ്. പക്ഷേ 2019 വർഷമാണ് അത് സംഭവിച്ചത്. പ്രേക്ഷകർ തരുന്ന അവാർഡ് ആണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ജയൻ പറയുന്നു. അത് ശരിയാണ്. തീയറ്ററിലെ വിജയങ്ങളാണ് ഈ നടനെ ഇത്രയും കാലം മലയാളത്തിന്‍റെ വെള്ളിത്തിരയിൽ നിലനിർത്തിയത്. ജയന് മുമ്പും ശേഷവും വന്നവരിൽ പലരും പോയി. ജയൻ നിലനിൽക്കുന്നത് ജനങ്ങൾ നൽകിയ അംഗീകാരത്തിന്‍റെയും സ്നേഹത്തിന്‍റെയും ഫലമാണ്. അതിനു പ്രതിഫലമായി ജയസൂര്യ അവർക്ക് രസിക്കുന്ന കഥാപാത്രങ്ങൾ തിരിച്ചു നൽകി കൊണ്ടിരിക്കുന്നു.
ലോക്ക് ഡൌൺ കാലം എങ്ങനെ ഉണ്ടായി
ആ സമയത്താണല്ലോ സൂഫിയും സുജാതയും ഇറങ്ങിയത്. എല്ലാം ഓൺലൈൻ ആയിട്ടായിരുന്നു. പ്രൊമോഷനും. വീട്ടിൽ തന്നെ ഇരുന്ന് ഫസ്റ്റ് ഷോ കണ്ടത് ഒരു പ്രത്യേക അനുഭവം ആയിരുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം കിട്ടി. വായിക്കാനും സമയം കിട്ടി. കോവിഡ് ആയതുകൊണ്ട് പല പ്രൊജക്റ്റ്‌കളും നീണ്ടു പോയി.
പുരസ്കാരങ്ങൾ നടൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം കൂട്ടുന്നുണ്ടോ?
സത്യം പറയട്ടെ, അതെനിക്കറിയില്ല. ഞാനങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു നടന്‍റെ ഉത്തരവാദിത്തം എന്ന് പറയുന്നത് പ്രേക്ഷകരിൽ ആ നടനിലുള്ള വിശ്വാസം നിലനിർത്തുകയെന്നതാണ്. ആ വിശ്വാസം കൊണ്ടാണ് അവർ പടം കാണാൻ വരുന്നത്. അതിനാൽ ഒരു നടൻ എന്ന നിലയ്ക്ക് ആ വിശ്വാസം നിലനിർത്തുന്ന ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ താൽപര്യപ്പെടുന്നത്.
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നി ചിത്രങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടതിന്‍റെ ഫലമാണോ അവാർഡ്? ...
അവാർഡ് കിട്ടുന്നതിനുമുമ്പ് തന്നെ പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചതാണ്. അതിനാൽ അന്നേ അവർ എന്നെ അവാർഡിനു അർഹനാക്കിയിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. ജനം സ്വീകരിച്ച ശേഷം അവാർഡ് കിട്ടുന്നതാണ് വലിയ സന്തോഷം. ആദ്യ അവാർഡ് വരുന്നത് പ്രേക്ഷകരിൽ നിന്നു തന്നെയാണ്. തീയറ്ററിൽ സ്വീകരിക്കപ്പെടുമ്പോൾ. ജൂറിയും അതു ശരിവയ്ക്കുമ്പോൾ സന്തോഷത്തിനു അതിരില്ലാതാവും. ഒരു ഉദാഹരണം പറയാം. ഞാൻ ആട് ചെയ്‌തു. പക്ഷേ അത് സാമ്പ്രദായിക രീതി അനുസരിച്ച് സംസ്ഥാന അവാർഡിനോ ദേശീയ അവാർഡിനോ പരിഗണിക്കപ്പെടുകയില്ല. പക്ഷേ ഷാജി പാപ്പൻ എന്ന എന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഞാൻ പോകുന്നിടത്തെല്ലാം ആളുകൾ എന്നെ ആ പേര് വിളിച്ചു. ഇതും ഒരു അവാർഡ് ആണ്.