വളർത്തുമൃഗങ്ങളും അലങ്കാരച്ചെടികളും അലർജി ഉണ്ടാക്കും

വളർത്തുമൃഗങ്ങളും ഇൻഡോർ പ്ലാന്‍റ്സും വീടിന് പ്രൗഢിയേകുമല്ലോ. ഇന്ന് ഏതൊരു വീട്ടിലും ഇവയൊക്കെയുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവരും വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ വളർത്തുമൃഗങ്ങൾ രോഗാണു വാഹകരാണെന്ന കാര്യം നമ്മിൽ എത്ര പേർക്കറിയാം? ഗൃഹാന്തരീക്ഷം ശുദ്ധമായിരിക്കാൻ ഇൻഡോർ പ്ലാന്‍റ്സ് സഹായിക്കുന്നുണ്ട്. എന്നാൽ ഇവയിൽ ചിലതെങ്കിലും അലർജിയും ചർമ്മ സംബന്ധമായ രോഗങ്ങളും ഉണ്ടാക്കുന്നവയാണ്.

വളർത്തുമൃഗങ്ങൾ

കുട്ടികൾക്കും ഗർഭിണികൾക്കും ചായമായവർക്കും രോഗപ്രതിരോധശേഷി പൊതുവേ കുറവായിരിക്കും. വളർത്തുമൃഗങ്ങളിൽ നിന്നുള്ള ഇൻഫെക്ഷൻ ഇത്തരക്കാരെയാണ് എളുപ്പം ബാധിക്കുന്നത്. മൃഗങ്ങളുടെ ശരീരത്തിലും ഉമിനീരിലുമൊക്കെ ബാക്ടീരിയകളും ചെറുപ്രാണികളും വസിക്കുന്നുണ്ട്. ഇവയെ തൊടുകയോ ലാളിക്കുകയോ ചെയ്യുമ്പോൾ ഇവ നമ്മുടെ ശരീരത്തിലെത്തിച്ചേരും. സാൽമൊണലോസിസ്, ക്യാറ്റ് സ്ക്രാച്ച് ഫിവർ, റൗണ്ട് വേം എന്നീ രോഗങ്ങൾ വളർത്തു മൃഗങ്ങളിൽ നിന്നുണ്ടാവാം. ഇതു കൂടാതെ ഫംഗൽ ഇൻഫെക്ഷൻ, ചർമ്മത്തെയും മുടിയെയും നഖത്തേയും ബാധിക്കുന്ന രോഗങ്ങളുമുണ്ടാവാം. വളർത്തു തത്തകൾ പോലും പ്രത്യേകം രോഗം പരത്തുന്നവയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. വളർത്തു മൃഗങ്ങളിൽ നിന്നും പലതരം സാംക്രമിക രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ടെന്നതിനാൽ ഇവയുടെ പരിപാലനവും ശ്രദ്ധയോടെയാവണം.

  • മൃഗങ്ങൾക്ക് യഥാസമയം കുത്തി വെയ്പ്പു നൽകുക.
  • നല്ലൊരു മൃഗഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ഇവയുടെ ആരോഗ്യസ്‌ഥിതി ഉറപ്പു വരുത്തുക.
  • കുളിപ്പിക്കുന്നതോടൊപ്പം അവയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • മൃഗങ്ങളെ ലാളിക്കുന്ന ശീലമുള്ളവരാണോ, എങ്കിൽ കൈകൾ നന്നായി കഴുകിയശേഷം മാത്രം മറ്റു ജോലികൾ ചെയ്യുക. കുട്ടികളിലും ഈ ശീലം വളർത്തുക.
  • ഗർഭിണികൾ വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ഗർഭസ്‌ഥ ശിശുവിന് ജന്മനായുള്ള വൈകല്യങ്ങൾ/ ടോക്സോ പ്ലാസ്മോസിസ് പോലുള്ള മാരകരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയേറെയാണ്.

ഇൻഡോർ പ്ലാന്‍റ്

വീടിന്‍റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിനു ഡ്രോയിംഗ് റും, ബാൽക്കണി എന്നുവേണ്ട അടുക്കളയിൽ വരെ ഇൻഡോർ പ്ലാന്‍റ്സ് വച്ചു പിടിപ്പിക്കുന്നത് ഇന്നൊരു ഫാഷനായിട്ടുണ്ട്. മണിപ്ലാന്‍റ്, ക്രോട്ടൺ. കാക്ക്റ്റസ്, എക്സോറ, മിനിയേച്ചർ, ബോൺസായ്, കോളിയസ്സ്, സ്നേക്ക് പ്ലാന്‍റ്, അർക്കേറിയ, ബോഗൻവില്ല, ഫോൺ, പ്ലാന്‍റൻ എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന ഇൻഡോർ പ്ലാന്‍റ്സ്.

നാം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുമെന്നു മാത്രമല്ല ബെൻസീൻ, ടാല്യൂൺ, ജായ്‌ലിൻ പോലുള്ള ഹാനികരങ്ങളായ വാതകങ്ങളും പിടിച്ചെടുത്ത് ഗൃഹാന്തീക്ഷം ശുദ്ധമാക്കുന്നു. അതേസമയം പലതരം അലർജിക്കും സ്‌കിൻ – ടോക്സിക്ക് റിയാക്ഷനും കാരണമാവുന്നു എന്നതാണ് ന്യൂനത. ചില ചെടികളുടെ രുക്ഷമായ ഗന്ധവും അലർജിയ്ക്ക് കാരണമാകാറുണ്ട്.

വിഷസസ്യങ്ങൾ

ഇൻഡോർ പ്ലാന്‍റ്സ് മുറിക്കുമ്പോഴൊ വൃത്തിയാക്കുന്ന വേളയിലോ അവയിൽ നിന്ന് സ്രവിക്കുന്ന ദ്രവം ചിലരിലെങ്കിലും അസ്വസ്‌ഥതകൾ ഉണ്ടാക്കാറുണ്ട്. ചിലയിനം സസ്യങ്ങളിലുള്ള പദാർത്ഥങ്ങൾ കണ്ണ്, മൂക്ക്, ശ്വാസകോശം, ദഹനവ്യവസ്‌ഥ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

പലപ്പോഴും ഗൃഹാലങ്കാരത്തിനുപയോഗിക്കുന്ന സസ്യങ്ങളിൽ നിന്നും മാത്രമല്ല ചെടിച്ചട്ടിയിലെ മണ്ണ്, വെള്ളം, വളം എന്നിവയിൽ നിന്നും വിഷമയമുള്ള വോൾടൈൽ ഓർഗാനിക്ക് കോമ്പൗണ്ട് പുറത്തുവരാറുണ്ട്. ഇത് ഗൃഹാന്തരീക്ഷം മലിനമാക്കും. ലില്ലി, വിപ്പിംഗ് ഫിഗ്, എറിക്ക്‌പാം പ്ലാന്‍റിലുമൊക്കെയാണ് വോൾടൈൽ ഓർഗാനിക്ക് കോമ്പൗണ്ട് കണ്ടുവരുന്നത്. രാത്രി കാലങ്ങളെ അപേക്ഷിച്ച് പകലാണ് ഇവ അധികമായി പുറപ്പെടുവിക്കുന്നതെന്നു പഠനങ്ങൾ പറയുന്നു.

സാധാരണയായി ഒരാൾക്ക് അലർജിയുണ്ടാക്കുന്ന ചെടികൾ മറ്റൊരാളിൽ അലർജ്ജിയുണ്ടാക്കണമെന്നില്ല. ഏതു ചെടിയാണ് അലർജി/ അസ്വസ്‌ഥതകളുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്യുക.

പരിപാലനം

ഇൻഡോർ പ്ലാന്‍റ്സിന്‍റെ പരിചരണത്തിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇവ എളുപ്പം ഉണങ്ങി പോയെന്നു വരാം. കൊഴിഞ്ഞു വീഴുന്ന ഇലകൾ വൃത്തിയാക്കിയില്ലെങ്കിലും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടന്നാലും ചെറുജീവികളും വിഷവാതകങ്ങളും ഉണ്ടാവാം. അന്തരീക്ഷം മലിനമാവാതിരിക്കാൻ ചെടിച്ചട്ടികൾ, ചെടികൾ യഥാസമയം വൃത്തിയാക്കുക. ഇലകൾ ഉണങ്ങുന്നുവെങ്കിൽ ഇടയ്ക്കക്കിടയ്ക്ക് വളം ഇട്ടു കൊടുക്കണം. ചെടിയ്ക്ക് ആവശ്യത്തിനു വെയിൽ കി ട്ടുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ചെടികളിലെ കീടങ്ങളുടെയും പ്രാണികളുടെയും ശല്യം ഒഴിവാക്കാൻ മരുന്ന് തളിക്കുക.

  • ചില ചെടികളിലെങ്കിലും നേരത്തെ തന്നെ ഇലകൾ പൊഴിഞ്ഞു തുടങ്ങാറുണ്ട്. ഇതിന്‍റെ കാരണം കണ്ടെത്തുക. ഒരു പക്ഷേ കാലാവസ്ഥമാറ്റം, ഉപയോഗിക്കുന്ന വളം കീടനാശിനി എന്നിവ മൂലമാവും ഇതു സംഭവിക്കുന്നത്. അതിനാൽ വിദഗ്ദ്ധരോട് സംസാരിച്ച് സഹായമാരായാം.
  • പലപ്പോഴും ചെടികളുടെ വളർച്ച മുരടിക്കുകയോ ദുർബ്ബലമാവുകയോ ചെയ്യാം. ഇലകൾ തീർത്തും ചെറുതായെന്നും വരാം. ഈയൊരവസരത്തിൽ ചെടികൾ തുറന്ന സ്‌ഥലത്ത് ഇടയ്ക്കെടുത്തുവച്ച് കാറ്റും വെളിച്ചവും കൊള്ളിക്കുക.
  • ചെടികൾ വളരുന്നതിനും തളിർക്കുന്നതിനും ഉചിതമായ ഊഷ്‌മാവ് അനിവാര്യമാണ്.
  • ചെടിച്ചട്ടിയിലെ മണ്ണ് ഇടയ്ക്ക‌് പരിശോധിക്കുക കിടങ്ങളും പ്രാണികളും ആക്രമിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ മണ്ണ് ഉടനെ മാറ്റുക.
  • ചിലപ്പോഴെങ്കിലും ചെടികളുടെ നാമ്പ് വാടുകയോ ചീഞ്ഞു തുടങ്ങുകയോ ചെയ്യാറുണ്ട്. കാരണം കണ്ടെത്തുക പ്രയാസമാണ്. മണ്ണിലെ ഈർപ്പക്കുറവ്, അമ്ലാംശം അധികമാവുക, വളത്തിന്‍റെ കുറവ്, വിഷപദാർത്ഥങ്ങൾ, ഫ്ളോറൈഡ്‌സ് ടോക്സിറ്റി എന്നിവ ചെടികൾ വാടാൻ കാരണമാവാറുണ്ട്.
  • പുതിയതായി നട്ടുവളർത്തിയ ചെടിയാണെങ്കിൽ ആദ്യ ദിവസങ്ങളിൽ മതിയായ വെളിച്ചവും സൂര്യപ്രകാശവും വേണ്ടി വരാറുണ്ട്. വീടിനകത്തെ അന്തരീക്ഷവുമായി ഇണങ്ങിയ ശേഷം മാത്രം ചട്ടി അകത്തു വയ്ക്കുക.
  • ചെടിച്ചട്ടിയിൽ വളം കൂടി പോയിട്ടുണ്ടെങ്കിൽ കൂടുതൽ അളവിൽ വെള്ളം ഒഴിക്കുക. മണ്ണിലുടെ അധിക വളം ഒലിച്ചിറങ്ങി പുറത്തു പോകാനാണിത്.
  • ജനാലയിലൂടെയോ, വെന്‍റിലേറ്ററിലൂടെയോ വെയിൽ നേരിട്ടു പതിക്കുന്നയിടത്ത് ചെടിച്ചട്ടി വയ്ക്കരുത്. ആദ്യ ദിവസങ്ങളിൽ വെയിലുള്ള ഭാഗത്ത് വയ്ക്കാം. പിന്നീട് സാവകാശം പ്രകാശം കിട്ടുന്ന ഭാഗത്തേക്ക് നീക്കി വച്ചാലും മതിയാവും. ആവശ്യത്തിനു വെളിച്ചം ഒരുക്കി കൊടുക്കാം.
  • ഒട്ടുമിക്ക ഇൻഡോർ പ്ലാന്‍റ്സിനും പകൽ 65 മുതൽ 75 വരെയും രാത്രി 10 മുതൽ 15 ഡിഗ്രി വരെയും ഫാരൻഹീറ്റ് ആവശ്യമായി വരാറുണ്ട്.
  • ഈർപ്പവും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. ഇത് കാറ്റിൽ നിന്നും ലഭിക്കുന്നുണ്ട്. ശൈത്യത്തിൽ റൂം കണ്ടീഷണർ/ എയർ ബ്ലോവർ ഉപയോഗിക്കുന്നത് ഈർപ്പത്തിന്‍റെ അളവ് കുറയ്ക്കാൻ കാരണമാവും. ഇതൊഴിവാക്കാൻ റൂം ഹ്യൂമീഡിഫൈയർ ഉപയോഗിക്കുക. ഇടയ്ക്ക് വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നതും ഈർപ്പം നിലനിർത്തും.
  • മൺചട്ടികൾക്കു പകരം പ്ലാസ്‌റ്റിക്ക് ചട്ടികൾ ഉപയോഗിക്കുക.
  • ക്ലോറിൻ ബ്ലീച്ച് വെള്ളത്തിലിട്ട് മിശ്രിതം കൊണ്ട് കഴുകി പുതിയ ചെടിചട്ടികൾ സ്റ്റെറിലൈസ് ചെയ്യുക.

മോനെവിടെയാ? അടുക്കളയിലുണ്ട്…

ആണുങ്ങൾ അടുക്കളയിൽ കയറിയാൽ മലയിടിഞ്ഞു വീഴുമോ? ഇല്ലെന്നാണ് കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അരുൺ പറയുന്നത്. വീട്ടിലുള്ള സമയത്ത് അമ്മയെ സഹായിക്കാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് അരുൺ പറയുന്നു. അരുൺ മാത്രമല്ല. അവന്‍റെ ഒട്ടു മിക്ക കൂട്ടുകാരും കുക്കിംഗും കിച്ചൻ മെയിന്‍റനൻസും ഇഷ്ടപ്പെടുന്നവരാണത്രേ.

“ഒരു കാലത്ത് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് കരുതിയിരുന്ന അടുക്കള പുരുഷന്മാരുടെയും പ്രവർത്തനമേഖലയായി മാറിയിരിക്കുന്നു. മുമ്പ് ഒരു ഓം ലെറ്റ് ഉണ്ടാക്കാൻ പോലും അറിയാതിരുന്നവർ ഇപ്പോൾ സിങ്കിൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകാനും നിലം അടിച്ചു വാരാനും തയ്യാർ. ഒരു കപ്പ് ചായയിടുന്നതുപോലും ആക്ഷേപമായി കരുതുന്ന പെൺകുട്ടികളുള്ളിടത്താണ് അടുക്കളയിൽ അമ്മയെ സഹായിക്കാൻ ആൺമക്കൾ കടന്നു വരുന്നത്. ഇത് വളരെ സന്തോഷകരമാണ്. ” സ്വകാര്യ സ്‌കൂൾ അധ്യാപികയും രണ്ട് ആൺകുട്ടികളുടെ അമ്മയുമായ ഷൈലജ സ്വന്തം അനുഭവം മുൻനിർത്തി പറയുന്നു.

ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ബിസിനസ് മാനേജരാണ് 26കാരൻ അജിത്ത്. കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികളുടെ ഏകമകൻ. ഓഫീസ് പോലെ അജിത്തിന്‍റെ മറ്റൊരു സാമ്രാജ്യമാണ് അടുക്കളയും, “അടുക്കളയിൽ അവൻ പാചകം ചെയ്യുന്നത് കണ്ടാൽ ഏതോ വലിയ റസ്റ്റോറന്‍റിലെ അനുഭവജ്‌ഞാനമുള്ള ഷെഫാണെന്നേ തോന്നൂ. അത്രയ്ക്ക് സൗന്ദര്യവും വേഗതയും നിറഞ്ഞതാണ് അവന്‍റെ പാചകരീതി. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവനുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. പാചകം മാത്രമല്ല, വീട്ടിലെ ഏത് ജോലി ചെയ്യാനും അവൻ തയ്യാറാണ്. അതുകൊണ്ട് എനിക്കൊരു ടെൻഷനുമില്ല. ഞാൻ വീട്ടിൽ നിന്ന് മാറി നിന്നാലും അവൻ എല്ലാ കാര്യവും നോക്കി നടത്തിക്കോളും.” അജിത്തിന്‍റെ അമ്മ ലളിത അഭിമാനം കൊള്ളുന്നു

എന്നാൽ ഇതിന്‍റെ ഫുൾ ക്രെഡിറ്റ് അമ്മയ്ക്കാണെന്നാണ് അജിത്തിന്‍റെ പക്ഷം. “ചെറുപ്പം തൊട്ടേ വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യിപ്പിക്കുമായിരുന്നു അമ്മ. അന്നൊക്കെ അമ്മയോട് ചോദിച്ച് പാചകവും പഠിച്ചു. ഞാനുണ്ടാക്കുന്നത് അമ്മയും അച്‌ഛനും എൻജോയ് ചെയ്‌ത് കഴിക്കും. രാവിലെ തിരക്കിട്ട് അമ്മ അടുക്കളജോലിയൊക്കെ ചെയ്ത് ഓഫീസിൽ പോകുമ്പോഴുണ്ടാകുന്ന ടെൻഷൻ എനിക്ക് നന്നായി അറിയാമായി രുന്നു. അതുകൊണ്ട് ഞങ്ങൾ മൂന്നുപേരും ചേർന്ന് വീട്ടുജോലികൾ ചെയ്തു. ഇന്നെനിക്ക് അമ്മ വീട്ടിലില്ലെങ്കിലും ഭക്ഷണം നന്നായി കുക്ക് ചെയ്ത് കഴിക്കാനാവും.” അജിത്ത് ചിരിക്കുന്നു.

വീട്ടുജോലികൾ ചെയ്യുന്നതിൽ എന്തിന് ലജ്‌ജിക്കണമെന്നാണ് അജിത്തിനെപ്പോലെയുള്ളവർ ചോദിക്കുന്നത്. പുരുഷൻ അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്യുന്നതോ നിലം അടിച്ചുവാരി തുടച്ച് വൃത്തിയാക്കുന്നതോ കണ്ടാൽ മറ്റുള്ളവർ നെറ്റി ചുളിക്കുന്ന കാലമുണ്ടായിരുന്നു. ഇന്നൽ മാറി തയ്യൽക്കാരനോ ഷെഫോ ആയി പുരുഷന് പ്രവർത്തിക്കാമെങ്കിൽ സ്വന്തം വീട്ടിൽ ഇത്തിരി ഭക്ഷണം പാകം ചെയ്യുന്നതിൽ എന്തിന് ലജ്‌ജിക്കണം.

വീട്ടിലെ പ്രത്യേകാന്തരീക്ഷമാണ് വീട്ടിലേയും പുറത്തേയും ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ പെൺകുട്ടികളെപ്പോലെ ആൺമക്കളേയും പ്രേരിപ്പിക്കുന്നത്. ആണായാലും പെണ്ണായാലും സ്വാശ്രയ ശീലമുള്ളവരാകുക കാലഘട്ടത്തിന്‍റെ ആവശ്യമാണ്. പെണ്ണുങ്ങൾ വീട്ടുകാര്യങ്ങൾ നോക്കേണ്ടവരും ആണുങ്ങൾ പണം സമ്പാദിക്കേണ്ടവരുമാണെന്ന കാഴ്‌ചപ്പാട് കാലഹരണപ്പെട്ടു കഴിഞ്ഞു.

പുതുതലമുറയിൽ പെട്ടവർ വിവാഹിതരാകുന്നതോടെ വീട്ടുത്തരവാദിത്തങ്ങൾ യോജിച്ച് ഏറ്റെടുക്കേണ്ടി വരും. അതുകൊണ്ട് സ്വന്തം മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം വീട്ടുകാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതിന് ഘട്ടം ഘട്ടമായുള്ള പരിശീലനം നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. മക്കൾക്ക് ചെറിയ ഉത്തരവാദിത്തങ്ങൾ നൽകുക. അവരത് ഭംഗിയായി ചെയ്യുന്നതു കണ്ട് അവരെ പ്രശംസിക്കുക. അവരെ ആത്മവിശ്വാസമുള്ളവരാക്കാൻ ഇതെല്ലാം സഹായിക്കും.

സ്വന്തം വീട്ടിലെ അന്തരീക്ഷം അവർക്ക് ഏറ്റവും നല്ല പരിശീലനക്കളരിയായിരിക്കും. ഗൃഹകാര്യങ്ങളിലുള്ള അറിവും ഉത്തരവാദിത്തബോധവും ആൺകുട്ടികൾ നല്ല കുടുംബനാഥനാവാൻ സഹായിക്കും.

ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാം

മാറുന്ന കാലഘട്ടത്തിൽ പ്രൊഫഷനിൽ മാത്രമല്ല, ഗൃഹാന്തരീക്ഷത്തിലും ആൺ-പെൺ വ്യത്യാസം. ഇല്ലാതായിരിക്കുന്നുവെന്നാണ് പ്രശസ്‌ത മനഃശാസ്ത്രജ്‌ഞൻ സഞ്ജയ് പറയുന്നത്. വിദ്യാഭ്യാസവും പദവിയും അവകാശങ്ങളും ആണിനും പെണ്ണിനും സമാനമായി ലഭിക്കുന്നതു പോലെ വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള കഴിവും പ്രാപ്‌തിയും അവരിൽ ഒരുപോലെ ഉണ്ടായിരിക്കും. ഉദ്യോഗത്തിനൊപ്പ വീട്ടുത്തരവാദിത്തങ്ങളും പെൺകുട്ടികൾ ഭംഗിയായി നിറവേറ്റുന്നു. പിന്നെന്തു കൊണ്ട് ആൺകുട്ടികൾക്കും അതായിക്കൂടാ?

ശരിയായ പരിശീലനമാണ് ആവശ്യം. മുതിർന്നു കഴിഞ്ഞാൽ പൊതുവെ ആൺകുട്ടികൾ കരിയറിന് കൂടുതൽ ശ്രദ്ധ നൽകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതോടെ കുടുംബത്തിലെ സുപ്രധാനകാര്യങ്ങളിൽ നിന്നും അവർ അകന്നുപോകുന്നു. വിവാഹശേഷം കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോഴാവും അവർ ശരിക്കും തളർന്നു പോകുക. ഇത്രയും നാൾ സ്വന്തം ജോലിക്കാര്യം ശ്രദ്ധിച്ചു നടന്നയാൾ പൊടുന്നനെ കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്ക് നടുവിലെത്തുമ്പോൾ തളർന്നുപോവുക സ്വാഭാവികമാണ്.

അതുകൊണ്ട്, നല്ലൊരു കുടുംബനാഥനാകാൻ ഗുഡ് ഹോം മേക്കറാവേണ്ടത് ആവശ്യമാണ്. ഭദ്രമായ കുടുംബജീവിതത്തിനുള്ള കുറുക്കുവഴി കൂടിയാണത്. കാരണം ഭാര്യമാരോട് അനുഭാവപൂർവ്വം പെരുമാറുന്നവരായിരിക്കും ഒരു ഗുഡ് ഹോം മേക്കർ. സ്ത്രീക്ക് വീട് പുലർത്തുന്നതിന് എന്തെല്ലാം കഷ്‌ടനഷ്‌ടങ്ങൾ സഹിക്കേണ്ടി വരുന്നുവെന്ന് തിരിച്ചറിയുന്നതിലാണ് ഒരു ഗുഡ് ഹോംമേക്കറുടെ മിടുക്ക്.

ഭാര്യയും ഭർത്താവും ഒരുമിച്ച് വീട്ടു ജോലികൾ ചെയ്യുകയാണെങ്കിൽ അവർക്കിടയിലുള്ള അടുപ്പവും സ്നേഹവും സ്വാഭാവികമായും ശക്തവും തീവ്രവുമായിരിക്കും. ഓർക്കുക… ഉദ്യോഗം പോലെ തന്നെ വീട്ടുത്തരവാദിത്തങ്ങളിലും താല്പ‌ര്യം പുലർത്തുന്ന പുരുഷന്മാരുടെ കുടുംബജീവിതം ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞതായിരിക്കും.

സർവ്വം സമ്മതം

ബൈക്ക് ആക്‌സിഡന്‍റിൽ പെട്ടുള്ള രാഹുലിന്‍റെ ആകസ്‌മികമായ മരണം സ്വപ്നയെ തീർത്തും തകർത്തു കളഞ്ഞിരുന്നു. ഏഴു വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് മരണത്തിലേയ്ക്ക് നടന്നു കയറിയ പ്രിയതമനെയോർത്ത് അവൾ ദിവസങ്ങളോളം കരഞ്ഞു. പലപ്പോഴും ആരും കാണാതെ. മുമ്പോട്ടുള്ള ജീവിതം ഇനി എന്താവും എന്ന ആധിയും അവളെ അലട്ടിയിരുന്നു. ഒന്നും ഒരു ദുഃസ്വ‌പ്നമായി എഴുതി തള്ളാൻ മാത്രം കഴിയുന്നതല്ലല്ലോ കഴിഞ്ഞകാല ജീവിതം.

താൻ കരയുന്നത് കുട്ടികൾ കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അവർക്കിഷ്‌ടമുള്ള കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി വൈകുന്നേരം പടികടന്നെത്തുന്ന അച്‌ഛന്‍റെ അഭാവം അവരുടെ മനസ്സിൽ വലിയ ശൂന്യത സ്യഷ്ടിച്ചിരുന്നു.

ആ കുറവ് അറിയാതിരിക്കാൻ രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഹുലിന്‍റെ വീട്ടുകാർക്ക് സ്വ‌പ്നയെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമം. ചെറുപ്പം. ജീവിച്ച് കൊതിതീരാത്തവൾ. ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോഴേ വൈധവ്യത്തിന്‍റെ കറുത്ത കമ്പളം വാരിപ്പുതയ്‌ക്കേണ്ടി വന്നല്ലോ ആ കുട്ടിക്ക് എന്ന് രാഹുലിന്‍റെ അമ്മ പരിതപിച്ചുകൊണ്ടിരുന്നു. ആരും കാണാതെയുള്ള അവരുടെ തേങ്ങൽ കണ്ട് രാഹുലിന്‍റെ അച്ഛന്‍റെയും കണ്ണു നിറഞ്ഞു.

ഒരു ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ വെച്ചാണ് സ്വപ്പ്നയെ രാഹുലിന്‍റെ അമ്മ കണ്ടിഷ്‌ടപ്പെടുന്നത്. അന്ന് ബിഎ ഫൈനൽ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സ്വപ്ന. ഒറ്റ നോട്ടത്തിലേ തന്നെ അവർക്ക് സ്വപ്നയെ ഇഷ്ട‌മായി. പക്ഷേ ബിഎ കഴിഞ്ഞ് ലിറ്ററേച്ചറെടുത്ത് പോസ്റ്റ്ഗ്രാജുവേഷൻ പഠിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു അവൾ. അവളുടെ വീട്ടുകാർക്കും അതായിരുന്നു താല്പ‌ര്യം. നല്ലൊരു ആലോചന അവളുടെ ഭാഗ്യം തന്നെയാണെന്ന് പറഞ്ഞ് ബന്ധുക്കളും അവരെ നിർബന്ധിച്ചു.

സ്വപ്ന തുടർന്ന് പഠിക്കുന്നതിനോട് രാഹുലിന്‍റെ അമ്മയ്ക്ക് ഒട്ടും താലപര്യമുണ്ടായിരുന്നില്ല. “എന്‍റെ മരുമകൾ സമ്പാദിച്ച് വീട് കഴിയേണ്ട അവസ്‌ഥയല്ല ഞങ്ങൾക്ക്. സർക്കാർ വകുപ്പിൽ എൻജിനീയറാ രാഹുൽ. നല്ല ശമ്പളം അവന് കിട്ടുന്നുമുണ്ട്. അത്യാവശ്യം സ്വത്തുക്കളുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. മാത്രമല്ല, എനിക്ക് പെൺമക്കളില്ല. അവളെനിക്ക് സ്വന്തം മോളായി കൂടെ ഉണ്ടായാൽ മതി.”

അവർ പറഞ്ഞതിൽ തെറ്റില്ലായിരുന്നു. രാഹുലിനൊപ്പം അവൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്കു ശേഷം സ്വപ്നയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് രാഹുൽ കടന്നു പോകുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ. ജീവിതത്തിൽ സന്തോഷം വിതറി നിറഞ്ഞു നിന്ന സ്നേഹനിധിയായ ഒരാളുടെ പെട്ടെന്നുള്ള അസാന്നിധ്യം ആ കുടുംബത്തെ മൊത്തം പിടിച്ചു കുലുക്കിയിരുന്നു.

രാഹുലിന്‍റെ അച്‌ഛനുമമ്മയും സ്വപ്‌നയെ രാഹുലിന്‍റെ സ്ഥാനത്താണ് കണ്ടിരുന്നത്. അവൾക്ക് വിഷമമുണ്ടാകുന്ന രീതിയിൽ അവർ ഒരിക്കലും പെരുമാറിയിരുന്നില്ല. സ്വപ്‌നയും കുഞ്ഞുങ്ങളും അവർക്ക് അത്രയ്ക്ക് ജീവനായിരുന്നു.

പക്ഷേ സ്വപ്നയുടെ ഇളയമ്മ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. സ്വപ്‌നയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഇളയമ്മ അവളുടെ ഭാവിജീവിതത്തെക്കുറിച്ചോർത്ത് വിഷമിച്ചു. അവളെ എത്രയും പെട്ടെന്ന് വീട്ടിൽ മടക്കിക്കൊണ്ടു വരണമെന്ന് അവർ സ്വപ്‌നയുടെ അമ്മയോട് പറഞ്ഞു.

“അവൾ ഞങ്ങൾക്കൊപ്പമല്ലേ കഴിയേണ്ടത്. അതാണ് ശരി.. ഇത് അവളുടെ വീടാ, ഇടയ്ക്ക് അവൾക്ക് ഇഷ്ടമുള്ളപ്പോൾ അവിടെയും വന്ന് താമസിക്കാം. കുറച്ചുനാൾ കഴിയട്ടെ അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“ഇക്കാലത്ത് ഒരു പെണ്ണിന് യോജിച്ച ചെറുക്കനെ കണ്ടുപിടിക്കുന്നത് തന്നെ വല്യപാടാ, അപ്പോഴാ രണ്ട് കുട്ടികളുള്ള അവൾക്ക്…” ഇളയമ്മ ദയനീയമായി പറഞ്ഞു.

“നമ്മൾ ആത്മാർത്ഥമായി മനസ്സു വെച്ചാൽ നടക്കാത്തതെന്താ, എന്തെങ്കിലും ഒരു പോംവഴിയുണ്ടാവും. അവളുടെ സന്തോഷമല്ലേ വലുത്. അല്ലാതെ എന്നും വേദനിച്ച് ജീവിതകാലം കഴിച്ചുകൂട്ടണോ…” രാഹുലിന്‍റെ അമ്മയുടെ വാക്കുകൾ ദൃഢമായിരുന്നു.

എല്ലാവരുടേയും തീരുമാനപ്രകാരം കുറച്ചു ദിവസം സ്വപ്നയുടെ അമ്മയും കൂടി വീട്ടിൽ താമസിച്ചു. രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനും ഗവേഷണ വിദ്യാർത്ഥിയുമായിരുന്നു. ഹരികൃഷ്ണൻ രണ്ടാഴ്‌ച കൂടുമ്പോൾ വീട്ടിൽ വന്ന് കുട്ടികളെ കാണും. അവർക്കായി എന്തെങ്കിലും കൈയിലുണ്ടാവും. കുട്ടികൾക്ക് അത് വളരെ ആശ്വാസം പകർന്നു.

ഇളയച്ഛ‌നെന്നതിലുപരി ഒരച്‌ഛന് മക്കളോടുള്ള വാത്സല്യമായിരുന്നു ഹരികൃഷ്ണ‌ന് അവരോട് ഉണ്ടായിരുന്നത്. അവർക്ക് ഒരു കുറവും വരാതെ അയാൾ ആ കുടുംബത്തിന് കാവൽ നിന്നു. സ്വപ്‌ന പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. അവൾ അടുക്കളയിൽ കയറി രാഹുലിന്‍റെ അമ്മയെ സഹായിച്ചു തുടങ്ങി. അവളിലുണ്ടായ മാറ്റത്തിൽ കുട്ടികൾക്കായിരുന്നു ഏറെ സന്തോഷം.

“മോനേ, നീ വന്നു കഴിഞ്ഞാൽ പിള്ളേർക്കെന്ത് സന്തോഷമാ” ഒരിക്കൽ സ്വപ്‌നയുടെ അമ്മ ഹരികൃഷ്ണനോടായി പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാ, അവിടെ അവധി ദിവസങ്ങളിൽ ഉറക്കവും വായനയും എഴുത്തുമായി കഴിച്ചു കൂട്ടുകയല്ലേ, അതിലെന്ത് രസം.”

“റിസർച്ച് കഴിഞ്ഞല്ലോ… ഇനി ഫ്രീ ആയല്ലോ.”

“ശരിയാ” ഹരികൃഷ്‌ണൻ തലയാട്ടി.

കുട്ടികളുടെ പരീക്ഷ കഴിഞ്ഞതോടെ സ്വനയ്ക്ക് തിരക്ക് കുറഞ്ഞു. സ്വപ്നയുടെ അമ്മ തിരികെ വീട്ടിലേയ്ക്ക് മടങ്ങിപ്പേയി. സ്വപ്നയ്ക്കും കുട്ടികൾക്കും ആ വീട്ടിൽ യാതൊരു കുറവുമുണ്ടാവുകയില്ല. അതോർത്ത് അവർ സമാധാനപ്പെട്ടു.

“രാഹുലിന്‍റെ അഭാവം ഒട്ടും അറിയിക്കാതെയാ അവർ അവളേയും കുഞ്ഞുങ്ങളേയും നോക്കുന്നത്. രാഹുലിന്‍റെ അച്‌ഛനും അമ്മയും വളരെ നല്ലവരാ.”

“അനിയൻ കല്യാണം കഴിയും വരെയേ ഇതൊക്കെ ഉണ്ടാവൂ. സ്വന്തം കുടുംബമായാൽ ചേട്ടന്‍റെ വിധവയേയും മക്കളേയും നോക്കാൻ മെനക്കെടുമോ? അവരുടെ ഇപ്പോഴത്തെ പെരുമാറ്റം കണക്കാക്കണ്ട. അവൾക്ക് സ്വന്തം കാലിൽ നില്ക്കാനുള്ള കാര്യപ്രാപ്‌തിക്ക് വേണ്ടിയാ,” ഇളയമ്മ സ്വപ്‌നയുടെ വീട്ടുകാരെ കുറ്റപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കൽ ഇളയമ്മ സ്വപ്‌നയുടെ വീട്ടിലെത്തി. ഹരികൃഷ്‌ണൻ വീട്ടിലുണ്ടായിരുന്നതിനാൽ കുട്ടികൾ വലിയ ഉത്സാഹത്തിലായിരുന്നു.

“അച്‌ഛന്‍റെ കുറവ് അറിയിക്കാതെയാ അവൻ കുഞ്ഞുങ്ങളെ നോക്കുന്നത്,” രാഹുലിന്‍റെ അച്‌ഛൻ സ്വപ്നയുടെ ഇളയമ്മയോടായി പറഞ്ഞു.

“നമുക്ക് അടുത്ത ബന്ധത്തിൽപെട്ട ഏതെങ്കിലും പെണ്ണിനെ ഹരിക്കുട്ടനു വേണ്ടി ആലോചിച്ചാലോ, അങ്ങനെയാവുമ്പോൾ വരുന്ന പെണ്ണിനും കുട്ടികളെ ഇഷ്‌ടമാവുകയും ചെയ്യും.” ഇളയമ്മ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു.

“പക്ഷേ അങ്ങനെയൊരു പെണ്ണിനെ…”

“അതൊക്കെ നമുക്ക് കണ്ടുപിടിക്കാം.” ഇളയമ്മ ഉത്സാഹത്തോടെ പറഞ്ഞു.

“ഈ വീട്ടിൽ സന്തോഷത്തിന്‍റെ നാളുകളുണ്ടാവണം.”

“തീർച്ചയായും വേണം, പക്ഷേ അതാദ്യം സ്വപ്നയുടെ ജീവിതത്തിലാ വേണ്ടത്.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“അവളെ ഒന്ന് സെറ്റിലാക്കിയ ശേഷം മതി ഹരിക്കൂട്ടാ കല്യാണം.” അമ്മ തറപ്പിച്ചു പറഞ്ഞു

“ങ്ഹാ, നിങ്ങൾ പറഞ്ഞത് ശരിയാണ്. സ്വപ്നയ്ക്കു വേണ്ടി എന്തെങ്കിലും ബിസിനസ് തുടങ്ങിക്കൊടുത്താലോ.” ഇളയമ്മ ഉത്സാഹം കൊണ്ടു.

“പക്ഷേ ജീവിക്കാൻ അതുമാത്രം പോരല്ലോ. അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“പക്ഷേ കുട്ടികൾ.. അവൾക്ക് അവരെ ഒരിക്കലും വിട്ടു പിരിയാനാവില്ലല്ലോ… അവരുടെ സംരക്ഷണം” ഇളയമ്മ സംശയം പ്രകടിപ്പിച്ചു.

“നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട്, പക്ഷേ അവളുടെ വിഷമമൊക്കെ മാറണം. എന്തെങ്കിലും പരിഹാരം കണ്ടെത്തിയേ തീരൂ. അവൾ ചെറുപ്പമല്ലേ.” അവരുടെ വാക്കുകൾ ഉറച്ചതായിരുന്നു.

ഒരു ഞായറാഴ്‌ച ദിവസം രാഹുലിന്‍റെ അച്‌ഛൻ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ഉടനെ വീട്ടിലെത്തണമെന്നും പറഞ്ഞ് സ്വപ്‌നയുടെ അച്‌ഛന് ഫോൺ ചെയ്തു.

“അവർ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം,” ഫോൺ വന്ന വിവരമറിഞ്ഞ് ഇളയമ്മ പറഞ്ഞു.

“സ്വ‌പ്ന കല്യാണത്തിന് സമ്മതിക്കാത്തതു കൊണ്ട് നമ്മളെല്ലാവരും ചെന്ന് അവളെ കൂട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമെന്നാവും അവർ പറയാൻ പോകുന്നത്.”

“അവർ അങ്ങനെയുള്ളവരല്ല, അവരെന്താണ് പറയാൻ പോകുന്നതെന്ന് കേട്ടിട്ടു പോരേ കാര്യങ്ങൾ തീരുമാനിക്കാൻ.” സ്വപ്‌നയുടെ അച്‌ഛൻ പറഞ്ഞു.

എല്ലാവരും കൂടി തിടുക്കപ്പെട്ട് രാഹുലിന്‍റെ വീട്ടിലെത്തി. അവിടെ സമാധാനപൂർണ്ണമായ അന്തരീക്ഷം. ഹരികൃഷ്‌ണനും അച്‌ഛനും അമ്മയുമൊക്കെ പതിവിലും കവിഞ്ഞ സന്തോഷത്തിലായിരുന്നു. എന്നാൽ സ്വപ്‌നയാകെ അസ്വസ്‌ഥയായിരുന്നു. അവളുടെ മുഖം അത് വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

“ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ സ്വപനയുടെ വിവാഹം ഉടൻ നടത്തണം.” രാഹുലിന്‍റെ അമ്മ സംസാരത്തിന് തുടക്കമിട്ടു.

“സ്വ‌പ്ന കുട്ടികൾക്കു മാത്രമായാണ് ജീവിക്കുന്നത്. അതുകൊണ്ട് ആ ഉത്തരവാദിത്തം അവൾ മറ്റാരുമായി പങ്കു വയ്ക്കാൻ തയ്യാറല്ല. സ്വപ്‌നയ്ക്ക് മാത്രമല്ല ഹരിക്കുട്ടനും ഇക്കാര്യത്തിൽ വാശിയുള്ള കൂട്ടത്തിലാ. അവൻ ആ കുഞ്ഞുങ്ങളെ ആർക്കും വിട്ടുകൊടുക്കുകയില്ല. അതുകൊണ്ട് അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ അവൻ തയ്യാറാ, അതിനായി ജീവിതകാലം മുഴുവനും അവിവാഹിതനായി കഴിയാനും തയ്യാറാണ്.

രാഹുലിന്‍റെ അച്‌ഛൻ ഇടയ്ക്കു കയറി പറഞ്ഞു. “എനിക്കും അവന്‍റെ അഭിപ്രായത്തോട് യോജിപ്പേയുള്ളൂ. ഹരിക്കുട്ടന് പെണ്ണു കാണലിനോടോ, വിവാഹത്തോടോ താല്‌പര്യമേയില്ല.”

“എന്നാൽ സ്വപ്‌നയുമായിട്ടുള്ള വിവാഹത്തിന് അവനൊട്ട് എതിർപ്പുമില്ല.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“കുട്ടികളെ മറ്റൊരാളെ ഏല്‌പിക്കുന്നതിൽ രണ്ടുപേർക്കും താല്‌പര്യമില്ല. കുട്ടികൾക്ക് വേണ്ടിയാ രണ്ടുപേരും ജീവിക്കുന്നതും. കുട്ടികൾ ചെറുതാണല്ലോ, ആ സ്‌ഥിതിക്ക് അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ അവർ മുതിർന്നു കഴിഞ്ഞാൽ ആളുകൾ അമ്മയേയും ഇളയച്‌ഛനേയും ചേർത്ത് ഓരോന്ന് പറഞ്ഞു നടക്കും. ആ അവസ്‌ഥയെ നേരിടാൻ അവർക്കാവുമോ? അങ്ങനെയൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ഹരിക്കുട്ടനും സ്വപ്‌നയും തമ്മിൽ വിവാഹം ചെയ്യുകയാണ് വേണ്ടത്. പക്ഷേ സ്വപ്ന അതിന് സമ്മതിക്കുന്നില്ല.”

“മറ്റൊന്നുമല്ല അമ്മേ, എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ ഹരിക്ക് എന്തായാലും കിട്ടും. മാത്രമല്ല ഇനിയൊരു വിവാഹ ജീവിതത്തോട്…” സ്വപ്‌ന സങ്കടത്തോടെ പറഞ്ഞു.

“കുട്ടികൾ എന്‍റെയും കൂടി ജീവിതത്തിലെ ഭാഗമാണ്. അവരെ കൂടാതെ ചിന്തിക്കാൻ എനിക്കാവില്ല.” മറ്റാരെങ്കിലും എന്തെങ്കിലും പറയും മുമ്പേ ഹരികൃഷ്ണൻ പറഞ്ഞു.

*സ്വപ്ന, ഒരു കാര്യവും കൂടിയുണ്ട്. ഇക്കാര്യത്തിൽ ദയയോ മഹാമനസ്കതയോ വിചാരിച്ചിട്ടല്ല ഞാൻ വിവാഹത്തിന് മുതിരുന്നത്. അറിയാത്ത പെണ്ണിനെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ പരിചയമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. സ്വ‌പ്നയെ കുറിച്ച് ഞാനങ്ങനെ സ്വപ്‌നം കണ്ട് നടന്നിട്ടൊന്നുമില്ല. ചേട്ടത്തിയുടെ സ്ഥാനത്തായിരുന്നുവെങ്കിലും ഞാനെപ്പോഴും ഒരു സുഹൃത്തിന്‍റെ സ്ഥാനത്താണ് സ്വപ്നയെ കണ്ടിരുന്നത്. ഈ തീരുമാനം എന്തുകൊണ്ടും ഉചിതമാണെന്നാണ് എന്‍റെ മനസ്സ് പറയുന്നത്.”

“വിവാഹം ചെയ്യുന്നത് രാഹുലിന്‍റെ ഓർമ്മകളോട് ചെയ്യുന്ന നീതികേടാണെന്നാ അവൾ കരുതുന്നത്. ഭാര്യയും കുഞ്ഞുങ്ങളും എന്നും സന്തോഷത്തോടെ കഴിയുന്നത് കാണാനാവും രാഹുൽ ആഗ്രഹിക്കുക. മരണം എല്ലാ സന്തോഷത്തിന്‍റെയും അവസാനമല്ലല്ലോ… കുട്ടികൾക്കും അത് വിഷമമാകില്ലേ… അച്‌ഛനെപ്പോലെ സ്നേഹിക്കുന്ന ഒരാൾ… ഹരിക്കുട്ടൻ അതിന് തയ്യാറായ സ്‌ഥിതിക്ക്… കുട്ടികൾക്ക് നീ കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷമാവുമത്. നീ ആ സന്തോഷത്തെ അവരുടെ ജീവിതത്തിൽ നിന്നും മനഃപൂർവ്വം അടർത്തി മാറ്റരുത്.”

തന്നെ ജീവനു തുല്യം സ്നേഹിക്കുന്നവരോട് എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിക്കാനോ അവരെ ധിക്കരിക്കാനോ സ്വപ്നയ്ക്ക് കഴിഞ്ഞില്ല.

സ്വപ്‌നയുടെ കണ്ണുകളിൽ ഈറൻ പടർന്നു. ചുവന്നു തുടുത്ത കവിളിണകളിലൂടെ കണ്ണീർ ഒഴുകിയിറങ്ങി. അവൾ കുട്ടികളെ ചേർത്തു പിടിച്ചുകൊണ്ട് എല്ലാവരോടും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇടിവെട്ടി പെയ്‌ത മഴയ്ക്കു ശേഷം പരന്ന ഇളംവെയിലുപോലെ അവളുടെ പുഞ്ചിരി മുറിക്കുള്ളിൽ പ്രകാശം പരത്തി.

ചുണ്ടുകളെ പരിചരിക്കാം

ചർമ്മത്തിന്‍റെ പരിചരണം പോലെ തന്നെ പ്രധാനമാണ് ചുണ്ടുകളുടെയും പരിചരണം. ചുണ്ടുകൾ വളരെ കോമളമാണെന്നതാണ് അതിന് കാരണം. തണുപ്പിന്‍റെയും വെയിലിന്‍റെയും വരണ്ട കാറ്റിന്‍റെയും ഫലങ്ങൾ നേരിട്ട് ചുണ്ടുകളെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നതിനൊപ്പം അതിന്‍റെ സൗന്ദര്യവും നഷ്ടപ്പെടുന്നു. പൊട്ടിയഭാഗത്ത് നീറ്റ് ഉണ്ടാകും. വരണ്ടുപൊട്ടിയ ചുണ്ടുകൾക്ക് പ്രത്യേക പരിചരണവും ശ്രദ്ധയുമാവശ്യമാണ്.

വേറിട്ട വഴികൾ

ലിപ്സ്റ്റിക് പുരട്ടുന്നതിനും ചില പ്രത്യേക നിയമങ്ങളുണ്ട്. പകൽ സമയത്ത് ലൈറ്റ് കളറിലുള്ള ലിപ്സ്റ്റിക് അണിയാം. രാത്രിയിൽ കടും വർണ്ണങ്ങ ളാകുന്നതിൽ തെറ്റില്ല. ഇതേപോലെ കാലാവസ്ഥയ്ക്കനുസരിച്ച് ലിപ്സ്റ്റിക് അണിയാം. വേനൽക്കാലത്ത് ഉപയോഗിക്കുന്ന ലിപ്സ്റ്റിക് മഞ്ഞുകാലത്തും അനുയോജ്യമാവണമെന്നില്ല.

മാറ്റ് ലിപ്സ്റ്റിക് എത്ര തന്നെ ഇഷ്ടമായാലും ശരി മഞ്ഞുകാലത്ത് അവ പുരട്ടിയാൽ ചുണ്ടുകൾ വരണ്ടുപൊട്ടും. മാറ്റ് ലിപ്സറ്റിക് പ്രത്യേകിച്ചു ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടാൻ ശ്രദ്ധിക്കുകയാണെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ മുതൽ ചെയ്തു തുടങ്ങണം. ചുണ്ടുകളിലുണ്ടാവുന്ന വരൾച്ചയും വരണ്ടുപൊട്ടലുമൊക്കെ ഒഴിവാക്കാനാവും.

ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ചുണ്ടുകളിൽ വാസലിൻ അപ്ലൈ ചെയ്യുന്നത് ഈർപ്പം നിലനിർത്തുക.
  • ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളെ എക്സ്ഫോളിയേറ്റ് ചെയ്യുക. അതിനുശേഷം ലിപ് ബാം പുരട്ടാം.
  • ഇനി ലിക്വിഡ് ലിപ് കളർ പുരട്ടാം.
  • അതിന് മുകളിലായി പ്രൈമർ പുരട്ടാം. ലിപ്സ്റ്റിക് ദീർഘസമയം വരെ നില നിൽക്കും.
  • ഒടുവിലായി ചുണ്ടുകൾക്ക് ഇടയിലായി ഹൈലൈറ്റർ ടച്ച് ചെയ്യാം. ചുണ്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇഫക്ട് ലഭിക്കും. ചുണ്ടുകൾക്ക് മികച്ച റിസൽറ്റ് കിട്ടും.

തണുപ്പുകാലത്ത് ചുണ്ടുകൾ തുടുത്തിരിക്കാൻ ഗ്ലോസി ലിപ്സ്റ്റിക് പുരട്ടാം. മാറ്റ് ലിപ്സ്റ്റിക്കിന് പകരമായി ഗ്ലോസി ലിപ്സ്റ്റിക് റിഫ്ളക്ഷൻ മൂലം തിളങ്ങുന്നതായി തോന്നും. ഇത് നേരിട്ടും അപ്ലൈ ചെയ്യാൻ പറ്റും. അല്ലെങ്കിൽ മാറ്റ് ലിപ്സ്റ്റിക് ടോപ്പ് കോട്ടായി ഉപയോഗിക്കാം. ചില ഗ്ലോസി ലിപ്സ്റ്റിക്കുകളിൽ ആർഗൺ ഓയിലിന്‍റെ ഗുണങ്ങൾ അടങ്ങിയിരിക്കും. ഇക്കാരണത്താൽ ചുണ്ടുകളിലെ ഈർപ്പം നിലനിൽക്കും. അതുപോലെ ഗ്ലോസി ടെക്സ്ച്ചർ തണുപ്പ് കാലത്ത് ഹെൽത്തി ലുക്ക്  നൽകും.

ഗ്ലോസി ലിപ്സ്റ്റിക്കിനൊപ്പം സാറ്റിൻ ലിപ്സ്റ്റിക്കും തണുപ്പുകാലത്ത് അനുയോജ്യമാണ്. സാറ്റിൻ ലിപ്സ്റ്റിക്കിന്‍റെ ടെക്സ്ചർ വളരെ സാധാരണ തരത്തിലുള്ളതായതിനാൽ തണുപ്പുകാലത്ത് പെർഫെക്ടാണ്.

വീട്ടിൽ ചെയ്യാവുന്നത്

ചുണ്ടുകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉപയോഗിക്കാം.

  • ½ ടീസ്പൂൺ പാൽപ്പാടയിൽ അല്പം കസ്തൂരി മഞ്ഞൾ പൊടിയിട്ട് മിശ്രിതം തയ്യാറാക്കുക. വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ മിശ്രിതം മസാജ് ചെയ്യുക. ചുണ്ടുകളുടെ മിനുസവും നിറവും വർദ്ധിക്കും.
  • ചുണ്ടിന്‍റെ ആകൃതി ജന്മനാൽ ഉള്ളതിനാൽ അത് മാറ്റാൻ സാധ്യമല്ല. മേക്കപ്പ് ഉപയോഗിച്ച് സൗന്ദര്യം കൂട്ടുകയോ വൈരൂപ്യം മറയ്ക്കുകയോ ചെയ്യാമെന്നു മാത്രം.
  • റോസ് വാട്ടർ തേനും യോജിപ്പിച്ച് പുരട്ടിയാൽ ചുണ്ടിന്‍റെ കരിവാളിപ്പ് മാറും. ചുണ്ടിന്‍റെ സ്വാഭാവിക നിറം നിലനിർത്താനും ഇതു സഹായിക്കും.

മേക്കപ്പ് ചെയ്യുന്നതിലെ മുൻകരുതലുകൾ

  • വീട്ടിൽ തിരിച്ചെത്തി കഴിയുമ്പോൾ മുഖത്തുനിന്നും ചുണ്ടുകളിൽ നിന്നും മേക്കപ്പ് എത്രയും വേഗം നീക്കം ചെയ്യുക. ചർമ്മത്തിന് ശ്വസിക്കാൻ സാധിക്കണം.
  • നാരങ്ങാനീരും തേനും കലർന്ന മിശ്രിതം ചുണ്ടിൽ പുരട്ടി രാത്രി കിടക്കുക.
  • പല്ലുതേച്ച ശേഷം പേസ്റ്റിന്‍റെ അംശം പൂർണമായും ചുണ്ടുകളിൽ നിന്നും നീക്കം ചെയ്യണം. ഏറെ പേർക്കും ഇത് അലർജി ഉണ്ടാക്കുന്നുണ്ട്. ചുണ്ട് വരളുന്നതാണ് ഇതിന്‍റെ ലക്ഷണം. ഏതെങ്കിലും ലിപ് ബാം പുരട്ടുന്നത് ഗുണം ചെയ്യും.

സമ്പൂർണ്ണ ആരോഗ്യത്തിന് 20 ശീലങ്ങൾ

ഒരാളുടെ ജീവിതശൈലിയും സ്വഭാവങ്ങളും തന്നെയാണ് ആരോഗ്യത്തിൽ ആഴത്തിൽ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ. ആരോഗ്യത്തോടെ ജീവിതം നയിക്കാൻ സഹായിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് സരോജ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ നിധി ധവാൻ പറയുന്ന ടിപ്സ് കേൾക്കൂ.

ജോഗിംഗും വ്യായാമവും

ദിവസവും വ്യായാമം ചെയ്യുക എന്നത് ഫിറ്റ്നസിന്‍റെ ആദ്യപാഠമാണ്. ഓട്ടവും നടത്തവും ശരീരം വിയർക്കാൻ സഹായിക്കും. അതിലൂടെ ടോക്സിനുകൾ പുറത്തേക്ക് പോകും. ഓട്ടത്തിലൂടെ മാംസപേശികൾക്ക് ബലം ലഭിക്കുന്നു. അങ്ങനെ ചർമ്മത്തിന് ഇറുക്കം ലഭിക്കുകയും ചുളിവുകൾ നീങ്ങുകയും ചെയ്യുന്നു.

തണുത്ത ശുദ്ധജലം

ശരീരത്തിലെ എനർജി ലെവൽ നിലനിർത്തുന്നതിനായി ദിവസത്തിന്‍റെ തുടക്കത്തിൽ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുക. ശരീരത്തിന്‍റെ മെറ്റബോളിക് റേറ്റ് വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും. മുഴുവൻ ദിവസവും ശരീരം ഉണർവ്വോടെ പ്രവർത്തിക്കും. ഭക്ഷണശേഷം നാരങ്ങാ നീരും വെള്ളവും ചേർത്ത് അര ഗ്ലാസ് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും.

ഗ്രീൻ ടീ, ബ്ലാക്ക് കോഫി

ഗ്രീൻ ടീയിലെ ആന്‍റി ഓക്സിഡന്‍റുകൾ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കുന്നു. അതിലൂടെ ഭാരം കുറയാനും സഹായിക്കുന്നു. തലവേദന ഇല്ലാതിരിക്കാനും ഗ്രീൻ ടീ ഉപയോഗം നല്ലതാണ്. പഞ്ചസാര ഇടാത്ത ബ്ലാക്ക് കോഫി കലോറി കുറയ്ക്കും. ഒപ്പം കാത്സ്യം, പൊട്ടാസ്യം ഇവ ശരീരത്തിന് നൽകുകയും ചെയ്യും.

ഉലാത്തൽ

രാവിലെ തന്നെ എഴുന്നേറ്റ് വ്യായാമത്തിന് സമയം കിട്ടിയില്ലെങ്കിൽ ഉലാത്തൽ നല്ലൊരു മാർഗ്ഗമാണ്. സമയം കിട്ടുമ്പോഴൊക്കെ നടന്നുനോക്കുക. ഉച്ചയ്ക്കും രാത്രിയും ഭക്ഷണശേഷം അൽപദൂരം നടക്കുന്നത് ദഹനത്തെ പ്രോത് സാഹിപ്പിക്കും.

ഭക്ഷണത്തിന് കൃത്യസമയം

ഭക്ഷണത്തിന് നിശ്ചിതമായ സമയക്രമം പാലിക്കുക. പ്രഭാതഭക്ഷണം 8-9 മണിക്കിടയിലാക്കുക. ഉച്ചഭക്ഷണം 1-2 മണിക്കിടയിലും ഡിന്നർ 7.30നും 8.30നും ഇടയിൽ കഴിക്കുക. ഇടയിലെ ഗ്യാപ് മൂലം നിങ്ങൾക്ക് വിശപ്പുണ്ടാകുകയും ചെയ്യും. ലഞ്ചിനും ഡിന്നറിനുമിടയിലെ ഇടവേള 5 മണിക്കൂറായാൽ ഇതിനിടയിൽ ലഘുഭക്ഷണം ആവാം.

7-8 മണിക്കൂർ ഉറക്കം

നല്ല ഉറക്കം ആരോഗ്യത്തിന് അനിവാര്യമാണ്. രാത്രി 10നും 6നും ഇടയിൽ പതിവായി ഉറങ്ങുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ഫ്രഷ് ആയിരിക്കും. അവർക്ക് ക്ഷീണവും ടെൻഷനും കുറവായിട്ടും കണ്ടുവരുന്നു.

ഔട്ട്ഡോർ ഗെയിംസ്

ഇന്ന് ആളുകൾ കുട്ടികളെ മാളുകളിലെ ഗെയിമിംഗ് ഏരിയയിലാണ് കൊണ്ടുപോകാറുള്ളത്. ഇവിടെ മാനസികോല്ലാസം ലഭിക്കും. എന്നാൽ ശാരീരികമായ വികാസത്തിനും ആരോഗ്യത്തിനും ഇത് ഉപയോഗ്യമല്ല എന്നു മാത്രമല്ല നേരെ വിപരീതമാണ് ചെയ്യുക താനും. കുട്ടികളിൽ ശാരീരികമായ അദ്ധ്വാനം വരുന്ന കളികൾക്ക് പ്രോത്സാഹിപ്പിക്കണം. ബാറ്റ്മിന്‍റൺ, ഫുട്ബോൾ, വോളിബോൾ, കബഡി ഇവയൊക്കെ അതിന് യോജിച്ചവയാണ്.

കുടുംബത്തിനൊപ്പം സമയം

ദിവസത്തിൽ ഒരു മണിക്കൂർ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മാറ്റിവയ്ക്കണം. കുടുംബത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കൂടിയുള്ള സമയമാണിത്. ഒരു ബോണ്ടിംഗും പരസ്പരം ഉണ്ടാകും. അതിനാൽ വീട്ടിലായാലും പുറത്തായാലും കുറച്ചുസമയം കുടുംബമൊത്ത് ചെലവഴിക്കുക. സാധിക്കാത്തവർക്ക് ഫോണിലൂടെയും സംസാരിക്കാം.

3 ലിറ്റർ വെള്ളം

ദാഹം തീർക്കാൻ മാത്രമല്ല വെള്ളം. പല രോഗങ്ങൾക്കുള്ള ചികിത്സ കൂടിയാണ് ജലം. ദിവസവും 3 ലിറ്റർ വെള്ളം കുടിക്കാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ രോഗങ്ങൾ കുറയും. വയറിന്‍റെ പ്രശ്നങ്ങൾ ഇവരെ അലട്ടുകയുമില്ല. ചർമ്മം തിളങ്ങും. മുഖക്കുരുവും വരില്ല.

ചിരിക്കാം മനം നിറയെ

ചിരി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ചിരിക്കുമ്പോൾ ശാരീരികമായ തളർച്ചയ്ക്ക് കുറവ് സംഭവിക്കും. രോഗങ്ങളെ അകറ്റി നിർത്തുന്നു. പൊട്ടിച്ചിരിയിൽ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കും. ശരീരത്തിൽ ഓക്സിജൻ വർദ്ധിക്കുന്നു.

പഴങ്ങളും പച്ചക്കറിയും

പഴങ്ങളും പച്ചക്കറികളും അനുയോജ്യമായ അളവിൽ കഴിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാൻസർ പോലുള്ള രോഗങ്ങൾ അകന്നു നിൽക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഫൈബറിനൊപ്പം വിറ്റാമിൻ എ, സി, ആന്‍റി ഓക്സിഡന്‍റ്സ് ഇതെല്ലാം നിറയെ അടങ്ങിയിരിക്കുന്നു.

പുകവലി വേണ്ട

പുകവലിക്കുന്നവരുടെ ശരീരത്തിനകത്തേക്ക് കയറുന്ന വിഷപദാർത്ഥങ്ങൾ നിമിത്തം ചർമ്മത്തിൽ ചുളിവുകൾ സംഭവിക്കുന്നു. അകാല വാർദ്ധക്യത്തിന് ഇടയാവുകയും ചെയ്യുന്നു. പുകവലിക്കുമ്പോൾ ശരീരത്തിലെ ഓക്സിജൻ കുറയുകയാണ് ചെയ്യുന്നത്. വന്ധ്യതയ്ക്കും കാരണമാകുന്നു.

ഏകാന്തത

ദിവസവും അരമണിക്കൂർ ഏകാന്തമായിരിക്കാൻ ശ്രമിക്കുക. സ്വയം മനസ്സിലാക്കാനുള്ള അവസരമാണത്. ശരിയായ തീരുമാനത്തിലെത്താൻ ഇടവേള സഹായിക്കും. ഏകാന്തത ആവോളം ലഭിക്കുന്നവർ അതു ലഭിക്കാത്തവരേക്കാൾ കൂടുതൽ ശാന്തരും സന്തുഷ്ടരും ആയിരിക്കും.

പോസ്ചർ ശ്രദ്ധിക്കാം

ഓഫീസിലായാലും വീട്ടിലായാലും ജോലി ചെയ്യുന്ന അവസരത്തിൽ ശരീരത്തിന്‍റെ പോസ്ചർ ശരിയായ രീതിയിലാവാൻ ശ്രദ്ധിക്കണം. ഇരിക്കുന്നതും എഴുന്നേൽക്കുന്നതും എല്ലാം കൃത്യമായി ചെയ്താൽ പുറംവേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയ അവസ്ഥകൾ കുറയും. നേരെചൊവ്വേ ഇരിക്കാനും നിൽക്കാനും ശീലിക്കുന്നത് ഏറ്റവും മികച്ച ആരോഗ്യശീലമാണ്.

സോഡ ഒഴിവാക്കാം

സോഡ കഴിക്കുന്നത് പല്ലുകൾക്ക് മാത്രമല്ല കേടുണ്ടാക്കുന്നത്, അധികമായി അകത്തു ചെല്ലുമ്പോൾ റിഫൈൻഡ് ഷുഗർ കൂടി കലോറിയുടെ അളവും വർദ്ധിച്ച് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാം. വൃക്കയ്ക്കും ഹാനികരമാണ്.

ഹെൽത്തി ഡയറ്റ്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷം ചെയ്യും. ഭക്ഷണത്തിൽ പ്രോട്ടീൻ, കാത്സ്യം, മറ്റു വിറ്റാമിനുകൾ ഇവ ലഭിക്കുന്ന തരത്തിൽ ഹെൽത്തി ഡയറ്റ് പ്ലാൻ ചെയ്യുക.

വൃത്തിയും വെടിപ്പും

ശരീരം ദിവസവും ക്ലീൻ ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പ്രധാനപ്പെട്ട കാര്യമാണ്. വേനൽക്കാലത്തും മഴക്കാലത്തും ശരീരം വൃത്തിയാക്കേണ്ട രീതിയിൽ തന്നെ ചെയ്യുക. കുളി കഴിഞ്ഞാൽ ശരീരത്തിൽ തൈലമോ മോയിസ്ചുറൈസറോ പുരട്ടാം.

ഒരു ദിനം ഉപവാസം

ഫാസ്റ്റിംഗ് ചെയ്യുമ്പോൾ കോശങ്ങളിൽ ലെപ്റ്റിൻ എന്നുപേരുള്ള ഹോർമോൺ ഉൽപാദിപ്പിക്കുന്നു. നാം ഉപവസിക്കുന്ന സമയത്ത് കലോറി ലഭിക്കുന്നതിനായി ലെപ്റ്റിൻ ആക്ടീവാകുകയും ഭാരം കുറയുകയും ചെയ്യുന്നു. ശരീരത്തിൽ പോഷണങ്ങൾ ശരിയായ അളവിൽ വലിച്ചെടുക്കുന്നതിന് ഇടയ്ക്ക് ഉപവാസം നല്ലതാണ്.

കൈകഴുകൽ

ദിവസവും നാം പലതരം സാധനങ്ങൾ സ്പർശിക്കാറുണ്ട്. അതിനാൽ കൈകളിൽ അസംഖ്യം ബാക്ടീരിയകൾ ഒളിച്ചിരിക്കും. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ശീലം രോഗങ്ങൾ ക്ഷണിച്ചുവരുത്തും.

ഉറങ്ങും മുമ്പ് പല്ല് തേയ്ക്കൽ

രാവിലെ എഴുന്നേറ്റ് പല്ല് തേയ്ക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. വൈകിട്ടും പല്ല് തേയ്ക്കുന്ന ശീലം ഉണ്ടാകുന്നത് പല്ലുകളുടെ ദീർഘകാല ആരോഗ്യത്തിനും ഉറപ്പിനും ഉത്തമമാണ്.

ഡ്രൈവിംഗ് ഇനി എന്തെളുപ്പം!

ലോക്ഡൗണും രോഗഭീതിയും ഒഴിയാൻ ഇനിയും മാസങ്ങൾ എടുത്തേ ക്കാമെന്നിരിക്കെ, ഗതാഗത സംവിധാനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാമോ എന്ന് ചോദ്യം ഇനിയും ബാക്കിയാണ്. തീർച്ചയായും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാം. പക്ഷേ സുരക്ഷിതത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുള്ളവർക്ക് മാത്രം.

ജോലിക്ക് പോകുന്ന മിക്ക സ്ത്രീകളെ സംബന്ധിച്ചും പൊതുഗതാഗതമായിരുന്നു ഇന്നലെ വരെ ഏറ്റവും വലിയ യാത്രാമാർഗം. എന്നാൽ ഇപ്പോൾ സ്വന്തം വാഹനം ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം എന്ന് വ്യക്‌തമാണ്. അതിനാൽ ഡ്രൈവിംഗ് പഠിക്കുകയും സ്വയം വാഹനമോടിക്കാൻ ശീലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

സ്ത്രീകൾക്ക് ഡ്രൈവിംഗും വണ്ടിയും വഴങ്ങുകയില്ല എന്നാണ് പൊതുവേയുള്ള ധാരണ.

വണ്ടി വാങ്ങാനോ അത് ഉപയോഗിക്കാനോ പുരുഷന്മാരുടെ അത്രയും താൽപര്യം സ്ത്രീകൾക്ക് കാണിക്കാത്തതുകൊണ്ടാവും സ്ത്രീകൾക്ക് വാഹനമോടിക്കാൻ കഴിയില്ല എന്ന തെറ്റിദ്ധാരണ ഉണ്ടാകാനുള്ള കാരണം. സ്ത്രീകൾ നല്ല ഡ്രൈവർമാരല്ല എന്ന ഈ ചിന്തയുള്ളതിനാലാണ് അവർ വാഹനമോടിക്കുമ്പോൾ ആളുകൾ തുറിച്ചുനോക്കാനും കമന്‍റ് ചെയ്യാനും ശ്രമിക്കുന്നത്.

സ്ത്രീകൾക്ക് വാഹനങ്ങളെക്കുറിച്ച് അറിയില്ല എന്ന് ആളുകൾ ചിന്തിക്കുന്നുണ്ടെങ്കിലും ഓട്ടോ എക്സ്പോയുടെ പവലിയനിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നത് ശ്രദ്ധിക്കേണ്ടതാണ്. മഹിളകൾ വിമാനവും ഓടിക്കുന്ന കാലത്ത് സ്ക്കൂട്ടറും കാറുമൊക്കെ സാധാരണ കാര്യമാണ്.

വണ്ടികൾ വർക്കിംഗ് വുമണിനു മാത്രമല്ല ഹൗസ് വൈഫുകൾക്കും ജീവതം എളുപ്പമാക്കും. ഓഫീസിൽ പോകാനും കുട്ടികളെ സ്ക്കൂളിലയക്കാനും മാർക്കറ്റിൽ ഒന്നുപോവാനും ആരെയും ആശ്രയിക്കേണ്ടിവരില്ലല്ലോ. വാഹനം ഓടിക്കാൻ വരുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതോടെ വുമൺ ഫ്രണ്ട്‍ലിയായ നിരവധി വാഹനങ്ങൾ പുറത്തിറക്കുകയാണ് വാഹന കമ്പനികൾ. സ്ത്രീകൾക്ക് ഫോക്കസ് ചെയ്യാവുന്ന ചില വാഹനങ്ങളും അവയുടെ സവിശേഷതകളും അറിയാം.

ഓട്ടോമാറ്റിക് ഗിയർബോക്സ്

മാരുതി സെലേറിയോ, ഹുണ്ടായ് ക്രീറ്റ, വർന, ടൊയോട്ടോ ഇന്നോവ ഇവയിലൊക്കെ ഓട്ടോമാറ്റിക് ഗിയർ സംവിധാനമുണ്ട്. ഡ്രൈവിംഗ് വളരെ എളുപ്പമാക്കി തീർക്കുന്ന സംവിധാനമാണ് ഓട്ടോമറ്റിക് ഗിയർ. സ്ത്രീകൾക്കിടയിൽ ഓട്ടോമാറ്റിക് ഗിയർ പ്രിയങ്കരമായത് അതുകൊണ്ടാണ്. ദിവസവും ഓഫീസിൽ പോകാൻ പ്രത്യേകിച്ചും നല്ല ട്രാഫിക് ഉള്ള നഗരങ്ങളിലേക്ക് ഗിയർ ലെസ് വാഹനങ്ങളാണ് ഉത്തമം.

ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം

റൈഡിനൊപ്പം മ്യൂസിക് ആസ്വദിക്കാൻ നല്ല രസമാണ്. ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും വളരെ ഇഷ്ടപ്പെടും. മാരുതിയുടെ ആൾട്ടോ, ഇഗ്നിസ് എന്നിവയിലും ബ്ലൂടൂത്ത് സ്റ്റീരിയോ സൗകര്യം ലഭ്യമാണ്. കൂടാതെ ഫോൺ വന്നാലും ഇതുവഴി കണക്ട് ചെയ്ത് അപകടമില്ലാതെ സംസാരിക്കാം.

റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് വൈപ്സ് 

മഴക്കാലമെത്തിക്കഴിഞ്ഞാൽ വൈപ്പറുകൾ ഇടാതെ യാത്ര പറ്റില്ല. മഴത്തുള്ളി വിന്‍റ് സ്ക്രീനിൽ വീണാൽവൈപ്സ് സ്വയം ചലിക്കുന്ന സംവിധാനമുണ്ട്. ഒപ്പം തന്നെ റിയർ പാർക്കിംഗ് ക്യാമറ വനിതകൾക്ക് ഒത്തിരി ഉപകാരപ്രദമാകും. ഡ്രൈവിംഗ് എത്രമാത്രം ഈസി ആകുന്നോ അത്രയും ആസ്വാദ്യകരമാകും. മഴക്കാലത്ത് വിന്‍റ് സ്ക്രീൻ ക്ലിയർ ചെയ്യാൻ മാനുവലി വൈപ്പേഴ്സ് ഓൺ ചെയ്ത് ഓഫ് ആക്കിക്കൊണ്ടിരിക്കുന്നത് അത്ര സുഖകരമാകില്ല. അതിനാൽ ഓട്ടോമാറ്റിക് വൈപ്പേഴ്സ് തെരഞ്ഞെടുക്കുക.

ക്രൂസ് കൺട്രോൾ സംവിധാനം

എഞ്ചിൻ സ്പീഡിൽ നിയന്ത്രണം ഉണ്ടാകാൻ സഹായിക്കുന്ന സംവിധാനമാണിത്. ആക്സിലേറ്ററും ക്ലച്ചും തമ്മിലുള്ള ഒരു സംയോജനമാണിത്. ഇപ്പോൾ സി സെഗ്‍മെന്‍റ് കാറുകളിലും ക്രൂസ് കൺട്രോൾ സൗകര്യം ലഭ്യമാണ്. ടാറ്റയുടെ ആൾടോസ്, നെക്സൻ, എച്ച്ബിഎക്സ്, കിയ സെൽട്ടോസ്, പുണ്ട ഓറാ, ക്രേറ്റ, മാരുതി ഇഗ്നിസ് ഈ കാറുകളിലും ഈ സംവിധാനം ലഭ്യമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ സംവിധാനങ്ങളുള്ള വാഹനങ്ങളിലെ ഡ്രൈവിംഗ് സ്ത്രീകൾക്ക് വളരെ എളുപ്പവും സൗകര്യപ്രദവവുമാക്കും.

എന്‍റെ പിഴ എന്‍റെ വലിയ പിഴ

പള്ളി വികാരി ജോൺ വട്ടപ്പാറയിൽ എന്തിന് വൈദികവൃത്തി അവസാനിപ്പിക്കുന്നു എന്നത് ഇടവകയാകെ മുഴങ്ങിയ ചോദ്യമായിരുന്നു. ചോദ്യം ഒന്നും ഉത്തരങ്ങൾ പലതും ഇടവകയിൽ ആകെ അലയടിച്ചു.

ഏറെ മാന്യതയും പക്വതയും പുലർത്തി വന്ന പാതിരി എങ്ങനെ നസ്രാണികൾക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കുന്ന തീരുമാനത്തിലെത്തി എന്ന് ചോദ്യം ഇടവക കവിഞ്ഞ് നാട്ടിലാകെ പരന്നു.

മാന്യതയുടെ മൂടുപടമണിഞ്ഞ വികൃത മുഖമെന്നും അതല്ല മറ്റ് പലതുമാണെന്നും പ്രത്യക്ഷത്തിൽ ഒന്നും കാണാനാകാതെ വിശ്വാസികളും നാട്ടുകാരും പല ചിത്രങ്ങൾ വരച്ചും മായ്ച്ചും കൊണ്ടിരുന്നു.

സൂര്യൻ കത്തിക്കാളുന്ന ആ പകലിൽ പള്ളി മൈതാനത്ത് പോലീസ് ജീപ്പ് കണ്ട ഏതോ ഒരു വിശ്വാസിയിൽ നിന്നും അച്ഛനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയിരിക്കുന്നു എന്ന ശ്രുതി വിശ്വാസികളുടെ വികാരത്തിലേക്ക് കൊളുത്തപ്പെട്ട അഗ്നി പോലെ പടർന്നുകയറി.

പ്രമാണികളായ പള്ളിക്കമറ്റിക്കാരും കടുത്ത വിശ്വാസികളും ആവിശ്വാസികളും ആൾക്കൂട്ടമായി പള്ളിയിലേക്ക് കുതിച്ചു. റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന പള്ളിയുടെ എണ്ണിയാലോടുങ്ങാത്ത പടികൾ പാഞ്ഞു കയറി കിതാപ്പോടെ അവർ പള്ളിമുറ്റത്തു കൂട്ടം കൂടി.

എല്ലാ വേളകളിലും ശുഭ്രവസ്ത്രധാരിയായി മാത്രം കണ്ടിരുന്ന തങ്ങളുടെ പാതിരിയെ കറുത്ത ജീൻസും നൂൽ ചെളിയിൽ മുക്കി പതിപ്പിച്ച വർണ്ണാഭമായ ഉടുപ്പുമണിഞ്ഞു നിൽക്കുന്ന അച്ഛനെ കണ്ട വിശ്വാസികൾ അമ്പരന്നു.

ജോണച്ഛനോട് ബഹുമാനത്തോടെ ഇടപഴകി പിരിയുന്ന പോലീസിനെ നോക്കി അന്ധാളിപ്പോടെ വിശ്വാസ സമൂഹം പരസ്പരം സംശയങ്ങൾ ഉയർത്തുകയും ആശ്വസിക്കുകയും ചെയ്തു.

“അച്ഛൻ വല്ല കല്യാണം കഴിക്കാൻ പോവാണോ, അത് വല്ല കൊലേം നടത്തിയാ?” പ്രായമുള്ള മുന്തിയ കാരണവർ ഈപ്പാൻ ചേട്ടൻ അച്ഛന്‍റെ നേരെ ചോദ്യമെറിഞ്ഞു.

അതിനു മറുപടിയെന്നോണം യേശുവിനെ പോലെ നിഷ്കളങ്കമായി ചിരിക്കുകയും വേശ്യയെ കല്ലെറിഞ്ഞവരെ ശാസിച്ചവനെ പോലെ ചില ചോദ്യങ്ങളിലൂടെ വിശ്വാസികളെ അനുനയിപ്പിച്ച് തിരിച്ചുവിടുകയും ചെയ്തെങ്കിലും മടങ്ങുമ്പോൾവിശ്വാസത്തിന്‍റെയും വെറുപ്പിന്‍റെയും മനസുകളിൽ മിഥ്യാഭിമാനത്തിന്‍റെ വ്രണങ്ങളിലെ ഈച്ചകൾ ഉച്ചത്തിൽ ആർത്തുകൊണ്ടെയിരുന്നു.

പിറ്റേന്ന് നടുക്കത്തോടെയാണ് ആ നാടും ഇടവകയും ഉറക്കമുണർന്നത് ഒറ്റയും പെട്ടയും മുഴങ്ങുന്നതിനു മുന്നേ മുൻ കപ്യാർ തങ്കായി എന്ന തങ്കച്ചൻ സെമിത്തേരിക്കരികിലെ കാലപ്പഴക്കമുള്ള നാടൻ മാവിന്‍റെ നീണ്ട കൈകളിൽ തൂങ്ങിയാടുന്ന ചിത്രം സോഷ്യൽ മീഡിയ വഴി ദൃശ്യ ചിത്രങ്ങളായി ഇംഗ്ലീഷ് പ്രേത ചിത്രങ്ങളുടെ പോസ്റ്ററുകൾ പോലെ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ഇടവകാംഗങ്ങളും നാട്ടുകാരാലും നിറഞ്ഞു കഴിഞ്ഞിരുന്ന സെമിത്തെരിയിൽ, ബോഡി വെട്ടിയിറക്കാൻ കുശനിയിൽ നിന്നും സ്റ്റീൽ കത്തിയുമായി പാഞ്ഞ കമ്മറ്റിയംഗം ജോർജിനെ ജോണച്ഛൻ തടഞ്ഞു. പോലീസ് വരുന്നതു വരെ ബോഡിയിൽ സ്പർശിക്കരുതെന്ന് സിഐയുടെ നിർദ്ദേശത്തെ പോലീസിന്‍റെ അഭാവത്തിൽ പലരും ചോദ്യം ചെയ്യുകയും മറ്റു പുതിയ കഥകളുമായി ജനക്കൂട്ടം അപ്രാപ്യമായ ഇരയുടെ മുന്നിലെ വേട്ട മൃഗത്തെ പോലെ വട്ടം കറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ഏറെ താമസിയാതെ പോലീസ് എത്തുകയും സിഐ രമേഷ് ബാബുവുമായി ഒരു മണിക്കൂറോളം അച്ഛനും തങ്കച്ചന്‍റെ കുടുംബവും അടച്ചിട്ട മുറിയിൽ ചർച്ച നടത്തുകയും ചെയ്ത ശേഷം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ എടുക്കുകയും ചെയ്തതോടെ ജനക്കൂട്ടം നിരാശയോടെ പിരിഞ്ഞു പോയി.

തങ്കച്ചന്‍റെ ഭാര്യയും ഇളയ മകൾ ജാൻസിയും ജോൺ അച്ഛന്‍റെ മുറിയിൽ കുറച്ചുനേരം തങ്ങുകയും ശേഷം നിറകണ്ണുകളോടെ ഓട്ടോയിൽ കയറിപ്പോവുകയും ചെയ്തതോടെ ചെവി വട്ടം പിടിച്ച് ആകാംഷയോടെ നിരീക്ഷണ ഭാവത്തിൽ ആ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേർന്നെന്ന വണ്ണം ഒട്ടും തൃപ്തിയില്ലാതെ, ആശ്വാസത്തിനായി സ്വയം കഥകൾ മെനഞ്ഞ് ആൾക്കൂട്ടവും പതിയെ മടങ്ങി. അങ്ങനെ ആ അധ്യായം അവിടെ അവസാനിക്കുകയും വെറുപ്പിന്‍റെ ബലൂണുകൾ ആൾക്കൂട്ടം മനസ്സിലൂതി വീർപ്പിക്കുകയും അത് മെല്ലെ പൊട്ടിതെറിച്ചു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടെയിരുന്നു.

ബിഷപ്പ് ഹൗസിലെ വിശാലമായ മുറിയിൽ മെഴുകുതിരി കാലുകൾക്ക് കീഴെ മുഖാമുഖമായിരുന്ന പിതാവിന്‍റെയും ജോണച്ഛന്‍റെയും മുഖം ശാന്തമായിരുന്നു. നിശബ്ദത ഇടയ്ക്കിടെ തടം കെട്ടുകയും ഒഴിഞ്ഞു പോവുകയും ചെയ്തുകൊണ്ടിരുന്നു.

“കാനൻ വ്യവസ്ഥയിലെ 1388 ഒന്നിലെ കുമ്പസാര രഹസ്യത്തിന്‍റെ ലംഘനമെന്നത് പുരോഹിതന്‍റെ സ്ഥാനഭ്രഷ്ട് നിശ്ചയമായും നീതീകരിക്കപ്പെടെണ്ടതാണ്. പക്ഷെ… സ്വയം ഒരു സ്ഥാനത്യാഗത്തിന് മുതിരെണ്ടതുണ്ടോ?”

പിതാവിന്‍റെ ഗൗരവമേറിയ അടക്കം പറച്ചിലിൽ ജോൺ അച്ഛൻ സൗമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നാൽ തന്നിൽ നിന്നും ഒരു മറുപടി പിതാവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് അച്ഛന് തോന്നി.

“പിതാവേ ലഭിക്കണ്ട സ്നേഹമോ ലാളനയോ ലഭിക്കാതെ വളരാൻ വിധിക്കപ്പെട്ട ഓർഫണേജിലെ എത്രയോ കുഞ്ഞുങ്ങളിൽ ഒരുവളാണ് 12 വയസ്സുള്ള മരിയയും. ആ കുഞ്ഞിനെയാണ് അയാൾ ക്രൂരമായി നശിപ്പിക്കാൻ ശ്രമിച്ചത്. ദൈവ നിശ്ചയം പോലെ ആണ്ടു പ്രാർത്ഥനയോടെ മുന്നോടിയായി സെമിത്തേരി വരെ പോയതുകൊണ്ട് മാത്രമാണ് ആ കുഞ്ഞിനെയും ഒരു കുടുംബത്തെയും നമ്മുടെ സഭയെയും രക്ഷിക്കാൻ എനിക്ക് സാധിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു പിതാവേ, അല്ലെങ്കിൽ…”

ഒന്ന് ആലോചനയോടെ നിർത്തിയ ശേഷം ജോണച്ഛൻ തുടർന്നു…

“എന്നാൽ ആ നരാധമൻ ആരാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനു മുന്നേ ആ രാത്രിയുടെ മറവിൽ നിന്നും അപ്രതീക്ഷിതമായി എന്നെ തട്ടിത്തെറിപ്പിച്ച് അയാൾ ഇരുളിലേക്ക് ഓടി മറഞ്ഞു.” പിതാവിന്‍റെ മുഖത്ത് സംശയത്തിന്‍റെ നിഴലുകൾ വീണ്ടും പടർന്നു കയറി.

“ആ സമയത്ത് എങ്ങനെ ആ കുഞ്ഞ് അവിടെയെത്തി?”

“ആണ്ട് പ്രാർത്ഥനയുടെ ഒരുക്കങ്ങൾക്കായി എത്തിയതായിരുന്നു സിസ്റ്റെഴ്‌സും കുട്ടികളും. എല്ലാവരും തിരികെ പോയെങ്കിലും ആ കുഞ്ഞുമാത്രം എന്തോ അവളുടെ അപ്പന്‍റെ ശവാക്കല്ലറയ്ക്കു മുന്നിൽ തിരികെ മടങ്ങാതെ കുറച്ചു സമയമിരുന്നു. ആ സമയത്ത് മദ്യപിക്കാനോ മറ്റോ എത്തിയതായിരിക്കണം അയാളവിടെ.”

കുറച്ചുനേരം ജോണച്ചൻ നിശബ്ദനായി ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിക്കുന്നതായി തോന്നി.

“അത്യാഹിതം ഒന്നും സംഭവിക്കാത്തതിനാലും എല്ലാവരുടെയും നന്മയെ കരുതിയും അത് അവിടെ അവസാനിക്കട്ടെ എന്ന് ഞാൻ കരുതി. എന്നാൽ ആ ചിന്ത എന്നെ വല്ലാതെ വേട്ടയാടി. ഏതാനും ദിവസത്തിനകം എനിക്ക് മുന്നിലെ കുമ്പസാരക്കൂട്ടിൽ ഞാൻ അയാളെ തിരിച്ചറിഞ്ഞു. പിതാവേ… എന്നെങ്കിലും അയാളെ ദൈവം എനിക്ക് മുന്നിലെത്തിക്കുമെന്ന എന്‍റെ വിശ്വാസം. ആ നീതിമാൻ സാധിച്ചു തരുകയായിരുന്നു.”

സഭയെ എങ്ങനെ പ്രതിരോധിക്കാം എന്ന സ്പഷ്ടമായ ബോധ്യമുളള പിതാവ് തന്‍റെ മുന്നിലിരിക്കുന്ന സഭാ നിയമങ്ങളുടെ ലംഘകനെന്ന മുദ്ര ചാർത്താൻ പോകുന്ന ജോൺച്ഛനെ ആർദ്രമായി നോക്കി മനുഷ്യത്വത്തിന്‍റെ വലിയ ഇടനാഴിയിൽ നിയമങ്ങളെന്ന സാങ്കേതികതയെ നീക്കിനിർത്തിയ ദൈവിക സ്പർശമാണ് അദ്ദേഹമെന്നു പിതാവിന് അറിയാമായിരുന്നു.

“ജോൺ അച്ഛനെ ഏതായാലും കുടുംബ വീട്ടിലൊക്കെ ഒന്ന് പോയി റിലാക്സ് ആയി വരൂ. ഞാൻ റോമിലേക്ക് എഴുതുന്നുണ്ട്. എല്ലാം നന്നായി വരും.”

സ്തുതി ചൊല്ലി കൈ മുത്തി ആത്മസംതൃപ്തിയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്കും പിതാവിനെ ശബ്ദം ആകാംക്ഷയോടെ വീണ്ടും ഉയർന്നു…

“അപ്പോൾ അയാൾ…”

“ഇന്നലെ പള്ളിസെമിത്തെരിക്കരികിലെ മാവിൽതൂങ്ങി…” ഒന്ന് നിർത്തി പുതിയ ഖണ്ഡിക കൂട്ടി ചേർക്കുന്ന പോലെ ജോണച്ഛൻ തുടർന്നു.

“ഇതാണ് പിതാവേ ലോകം. കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദുഷിച്ച വ്യക്തിയെ പോലെ മലിനമായ ഉൾപ്രാരണകളെ അത്‌ വെളിപ്പെടുത്തില്ല. എന്നാൽ ഇരുൾ പടരുമ്പോൾ ആ മൃഗം സധൈര്യം പുറത്തേക്കു കുതിക്കുക തന്നെ ചെയ്യും. എന്നാൽ ദൈവികമായ വെളിച്ചം അവനെ വേട്ടയാടികൊണ്ടിരിക്കുക തന്നെ ചെയ്യും.”

പിന്നിൽ ദൈവ സോസ്ത്രം ഉയരുന്നത് കേട്ട് ജോൺ അച്ഛൻ പുറത്തേക്ക് നടന്നു. ക്രൂശിതരൂപങ്ങളിലും അലേഖനം ചെയ്ത വിശുദ്ധരുടെ മുഖങ്ങളിലും ആ സമയം പീഡയുടെ വേദനകൾ ഇല്ലായിരുന്നു. പുത്രനെയോർത്തഭിമാനിക്കുന്ന പിതാവിന്‍റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളിലെല്ലാം…

ഒച്ച്- അവസാന ഭാഗം

ചിന്തകളിൽ മുഴുകി ഫ്ലാറ്റെത്തിയത് അറിഞ്ഞില്ല. തണുത്ത വെള്ളത്തിലെ കുളി കഴിഞ്ഞ് നേർത്തു മൃദുലമായ നാരുകളുള്ള നൂലപ്പത്തിൻമേൽ വെജിറ്റബിൾ കറിയൊഴിച്ച് കഴിച്ചപ്പോൾ മനസ്സും വയറും നിറഞ്ഞു. നാരങ്ങാ ചേർത്ത ഒരു കടും കാപ്പിയെടുത്ത് ബാൽക്കണിയിൽ വന്നു നിന്നു. സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. മുനിഞ്ഞു കത്തുന്ന വഴിവിളക്കുകളെ നൊടിയിടയിൽ പ്രകാശാനമാക്കിക്കൊണ്ട് വഴിയിലൂടെ ഇടക്കിടക്ക് വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇടക്ക് കാൽനടയാത്രക്കാരും യാത്ര തുടരുന്നതു കണ്ടു.

ഞാൻ നിരത്തിൽ നിന്നും കണ്ണു പിൻവലിച്ച് കൈയ്യിലിരുന്ന ഡയറിയിലെ പേജുകൾ മറിച്ചു. ഏതാനും പേജുകൾ മറിച്ച ശേഷം എന്‍റെ ശ്രദ്ധ ഒരു പേജിൽ എഴുതിയിരുന്ന പേരിലേക്കും ആ പേരുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്കും ഏറെ നേരം ഉടക്കി നിന്നു. വീണ്ടും യാത്ര.

ചെങ്കുത്തായ മലയടിവാരത്തിലൂടെ വഴിത്താരക്കു വലതുവശം റബർ മരങ്ങൾ നിരന്നു നിൽക്കുന്നതു കൺ പായ്ച്ചുള്ള യാത്ര. അപരിചിതമായ വഴിത്താരയും മനുഷ്യരും. സാധാരണ യാത്രക്കൊടുവിൽ അപരിചിതരായ എങ്കിലും എനിക്ക് ചില പ്രത്യേകതകൾ തോന്നുന്ന മനുഷ്യർ പരിചിതരായി എനിക്കു മുന്നിൽ വല്ലപ്പോഴും മിഴിവാർന്ന് തെളിഞ്ഞു നിൽക്കാറാണ് പതിവ്. എനിക്ക് ബാക്കി ചില്ലറ തരാനുള്ള കട്ടി ക്കണ്ണടക്കാരൻ അത്തരത്തിലുള്ള ഒരാളാണ്.

മൂക്കിലേക്കിറങ്ങിയ കട്ടി ഗ്ലാസ്സിനു മുകളിലൂടെയുള്ള അയാളുടെ നോട്ടം ഓർമ്മ വരുന്നു. അയാളുടെ പേരു പോലും ചോദിച്ചു മനസ്സിലാക്കിയില്ലെന്ന ഖേദമുണ്ട്. ജീവിതയാത്രയിൽ ഏതെങ്കിലും വഴിത്താരയിൽ വച്ച് ചിലപ്പോൾ അയാളെ കണ്ടുമുട്ടാം അല്ലെങ്കിൽ ജീവിതാന്ത്യം വരെ കണ്ടുമുട്ടാത്തെയുമിരിക്കാം.

തുടർച്ചയായ യാത്രകൾക്കു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. എന്നിരുന്നാലും ഒന്നു രണ്ടു ദിവസത്തിനു ശേഷമേ ഓഫീസിൽ പോകു എന്നു തീരുമാനിച്ചു. രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണം മനസ്സിനെയും ശരീരത്തെയും ബാധിച്ചു. റബർ മരങ്ങൾക്കിടയിൽ വട്ടം ചുറ്റുന്ന കാറ്റ് ഇപ്പോഴും ചെവിക്കുള്ളിൽ ചൂളമടിക്കുന്ന പോലെ തോന്നി. ആ മരങ്ങൾക്കിടയിലെ തണുത്ത വിജനത നേരിയ ഭയപ്പാടായി ഭ്രൂണത്തെ പോലെ മനസ്സിൽ പറ്റി നിന്നു. ഇനി ഇതു വച്ചു താമസിപ്പിക്കരുത് തോമാച്ചനെ വിളിച്ച് ഈ അദ്ധ്യായം അവസാനിപ്പിക്കണം!

സംശയത്തിന്‍റെ നിഴലുകൾ സംഗമിക്കുന്നത് ഒരാളിലേക്കാണ്. മറ്റാരിലേക്കും ആ ഇരുണ്ട നിഴലുകൾ വന്നു പതിക്കുന്നില്ല. എന്‍റെ നിഗമനങ്ങൾ തോമാച്ചനെ അറിയിക്കണം. ഈ കദന കഥയിൽ നിന്നും എനിക്ക് ഉടനെ വിടുതൽ വേണം.

തോമാച്ചൻ പതിവുപോലെ തിരക്കിലാണ് ഇക്കൂറി കാട്ടിൽ നിന്നും സിനിമാ ലൊക്കേഷൻ മാറിയിരിക്കുന്നു. അല്പം അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ്! സിനിമാ ഷൂട്ടിംഗ്, അവിടെ ഏകദേശം പത്തിരുപതു ദിവസത്തോളം ഷൂട്ടിംഗ് കാണുമെന്ന് പറഞ്ഞ് തോമാച്ചൻ എന്നെ അവിടേക്ക് ക്ഷണിച്ചു. ഷൂട്ടിംഗ് തീരും വരെ കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു.

ഏൽപ്പിച്ച ജോലി കൃതാർത്ഥതയോടെ നിർവഹിച്ച് എന്നോട് യാത്ര പറഞ്ഞു പോയ ജോണി അവിടെ ഷൂട്ടിംഗുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും തോമാച്ചൻ പറഞ്ഞു. വാഹനം ഏർപ്പാടാക്കി തരാമെന്നു പറഞ്ഞതോടെ ഞാൻ പോകാൻ തീരുമാനിച്ചു.

പുലർകാലത്തെ നേരിയ തണുപ്പു ശമിക്കാത്ത ഒരുച്ചക്കു മുമ്പ് കാറു വന്നു. തലേന്ന് ഒരുക്കി വച്ചതെല്ലാം തുണി സഞ്ചിയിലാക്കി ഞാൻ. ട്രീസയോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ വീടുവിട്ട് പുറത്തിറങ്ങി.

സൂര്യശകലങ്ങൾ ഏറ്റിട്ടും തണുപ്പു വിട്ടു പോകാത്ത പ്രകൃതിയും പരിസരങ്ങളും. രസികനായ ഡ്രൈവർ സാനു തുടക്കത്തിലെ പരിചയക്കുറവ് മാറിയപ്പോൾ മനസ്സു തുറന്ന് സംസാരിക്കാൻ തുടങ്ങി. പാഥേർ പാഞ്ചാലിയും ഗോഡ‌്ഫാദറും കണ്ട് ഹരം കയറിയ സാനു സംവിധായകനാകാൻ മോഹിച്ച് വീടുവിട്ടതാണ്. തുടക്കത്തിൽ വീട്ടുകാരിൽ നിന്നും ലഭിച്ച പിന്തുന്ന പിന്നീട് ലഭിക്കാതെയായി. എന്നാൽ സംവിധാനം പോയിട്ട് സഹസംവിധാനം പോലും എളുപ്പമല്ലെന്ന തിരിച്ചറിവിൽ ഏറെ വൈകാതെ സാനു എത്തിച്ചേർന്നു.

അങ്ങനെ ഏറെ പണിപ്പെട്ട് ഒരു ഷൂട്ടിംഗ് സൈറ്റിൽ സംവിധായകനെ കാണാൻ അനുവാദം ലഭിച്ച് ചെന്നപ്പോൾ ദേഷ്യം വന്ന് വിറച്ച് നിൽക്കുന്ന സംവിധായകനെയാണ് കണ്ടത്. എങ്ങോ തിടുക്കപ്പെട്ട് പോകാന റെഡിയായി നിന്ന അദ്ദേഹത്തിന്‍റെ ഡ്രൈവർ സമയത്തിന് എത്തിച്ചേർന്നിരുന്നില്ല. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളർ ഇടപെട്ടു. അങ്ങനെ ഒടുവിൽ സാനു ആ യൂണിറ്റിലെ ഡ്രൈവർ ആയി നിയമിക്കപ്പെട്ടു.

സെറ്റിൽ എതെങ്കിലും പോസ്റ്റിൽ കയറിപ്പറ്റുക പിന്നീട് ഒരവസരം വന്നാൽ സഹസംവിധായകനാകാം എന്ന ഉദാഹരണങ്ങൾ നിരത്തിയുള്ള സുഹൃത്തിന്‍റെ ഉപദേശം നടപ്പിൽ വരുത്തുക മാത്രമായിരുന്നു സാനു ചെയ്തത്. എന്നാൽ സാനു പിന്നീടേറെ പരിശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലവത്തായില്ല. സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ ഇപ്പോഴും അവശേഷിക്കുന്നു.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ഡ്രൈവറായി പോകുന്നത് മനസ്സു തകർക്കുന്ന കാര്യമെങ്കിലും പിന്നെ പിന്നെ യാഥാർത്ഥ്യങ്ങളോട് മനസ്സ് പൊരുത്തപ്പെട്ടു. കുണ്ടിലും കുഴിയിലും ചാടിക്കാതെ മികച്ച രീതിയിൽ കാറോടിക്കുന്ന സാനുവിനെ സവാരിക്കാർ പൊതുവെ ഇഷ്ടപ്പെട്ടു തുടങ്ങി. പൊതുവെ സെറ്റിൽ പ്രിയങ്കരനായി സാനു മാറി. സംവിധായകനാകാനുള്ള സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നെങ്കിലും ജീവിതം മുന്നോട്ടു പോകുന്നു. എങ്കിലും ഒരു നാൾ സംവിധായകനാകുമെന്ന പ്രതീക്ഷ സാനു പങ്കുവച്ചു.

എന്തുകൊണ്ടോ ആ പ്രതീക്ഷ സഫലമാകില്ലെന്ന് എനിക്കു തോന്നി. കാരണം സാനു ഡ്രൈവർ എന്ന തസ്തികയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. സിനിമാവൃത്തങ്ങളിൽ സാനു ഡ്രൈവർ സാനുവാണ്. ഇനിയവന് സ്വപ്നം സഫലീകരിക്കാനുള്ള കടമ്പകൾ ഏറെയാണ്. ഒരാൾ ഏതെങ്കിലും ഒരു കാറ്റഗറിയിൽ സ്റ്റാമ്പു ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവന് അതിൽ നിന്നൊരു മോചനം എളുപ്പമല്ല. ഇപ്പറഞ്ഞതിന് അപവാദം ഇല്ലെന്നല്ല. എങ്കിലും അത് തീർത്തും അപൂർവ്വതയായിട്ടാണ് അനുഭവപ്പെടുന്നത്. ഓരോരുത്തരും ചെയ്യുന്ന തൊഴിലിനെ ആസ്പദമായി പേരിനോടൊപ്പം തൊഴിൽ പേരു ചേർത്തു വിളിക്കുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്.

എളുപ്പത്തിൽ തിരിച്ചറിയുക മാത്രമല്ല അതിനു പിന്നിലെ ലക്ഷ്യം എന്നു കരുതുന്നതിൽ തെറ്റുണ്ടെന്നു പറയാനാകില്ല. അങ്ങാടിയിൽ മുട്ടക്കച്ചവടം നടത്തി സമ്പന്നനായ ജോയി, സ്വർണ്ണപ്പീടിക തുടങ്ങി ജോയി മുതലാളിയായപ്പോഴും പഴയ മുട്ട ജോയി എന്ന വിളിപ്പേര് ജോയിക്ക് കൈമോശം വന്നില്ല. ഏതായാലും സാനുവിന്‍റെ ജീവിതം മുന്നോട്ടു പോകുന്നു.

ഈയിടെ വിവാഹവും കഴിച്ചു. വിവാഹത്തിന് ആശംസകൾ നേരാനെത്തിയ പ്രശസ്തനായ കോമഡി താരത്തെക്കുറിച്ചും അയാളുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സാനു വാചാലനായി.

അപ്പോഴേക്കും നഗരപ്രദേശം കടന്ന് നാട്ടിൻ പുറത്തേക്ക് കടന്നിരുന്നു. ഇരുവശത്തും പച്ചപ്പ് പടർന്ന പാടം. അവയെ കീറി മുറിച്ചെന്ന പോലെ അകലങ്ങളിലേക്കു നീളുന്ന കറുത്ത പാത. വിൻഡോ തുറന്നപ്പോൾ ടാറിന്‍റെ മുഷിപ്പൻ ഗന്ധം മൂക്കിലേക്കു തിരതള്ളി

വലിയൊരു അരയാൽ മരത്തിന്‍റെ തണലിൽ കണ്ട തട്ടുകടക്കു മുന്നിൽ കാറു നിന്നു. സാനുവും ഞാനും പുറത്തിറങ്ങി. ടാറിന്‍റെ ഗന്ധം രൂക്ഷമായി മുഖത്തേക്കടിച്ചു. ഞാൻ തൂവാല കൊണ്ടു മൂക്കുപൊത്തിയ ശേഷം തട്ടുകടക്കു മുന്നിൽ കണ്ട മര ബഞ്ചിൽ പോയിരുന്നു.

കടക്കു പുറകെ പച്ച തഴച്ച പാടം. ചേറിനെ തഴുകിയ ഇളങ്കാറ്റ് പുതുതായി പണിത റോഡിലെ ടാറിന്‍റെ ഗന്ധത്തെ തെല്ല ശമിപ്പിച്ചെന്നു തോന്നി. തട്ടുകടക്ക് മുന്നിൽ ഞാത്തിയിട്ടിരിക്കുന്ന കാർഡ് ബോഡ് വില വിവരപ്പട്ടിക പരിശോധിക്കുകയായിരുന്നു സാനു. എന്താണ് ആവശ്യമുള്ളത് അത് വാങ്ങിക്കാൻ മൗനാനുവാദം നല്ലി ഞാൻ ഭീമാകാരനായ ആൽമരത്തേക്ക് കൺ പായിച്ചു. ആൽമരത്തിലെ പരശ്ശതം ഇലയടരുകളിൽ കാറ്റു നിരന്തരം പിടിച്ചു.

കാറിനകത്തിരുന്നപ്പോൾ എന്നെ ബാധിച്ച മുഷിവും മടുപ്പും ആലിലപ്പടർപ്പിൽ താളം തല്ലിയ കാറ്റ് കുടഞ്ഞു കളഞ്ഞു. തെല്ലിട കഴിഞ്ഞ് മര്യാദക്കാരനായ സാനു പരന്ന പാത്രത്തിൽ വെന്ത കൊള്ളി കൊണ്ടു വച്ചു വാഴയിലയുടെ ജൈവ സാന്ദ്രതയിൽ തിടം കൊണ്ട നേർത്ത ജീവസൂലിഴകൾ വിലയിച്ച പാഥേയം. അതിൻമേൽ വിരലൊന്നമർത്തിയപ്പോഴേക്കും പാഥേയമുടഞ്ഞു. പാഥേയത്തിനു കൂട്ടെന്തെന്ന എന്‍റെ മുഖമുയർത്തലിന് മറുപടിയായി തിള വന്നതിനു ശേഷം അടച്ചു വച്ച ചരുവത്തിൽ നിന്നും ചിരട്ടകയിലിൽ തെള്ളിയെടുത്ത മീൻ കറിയുമായി സാനു വന്നു. പരന്ന പിഞ്ഞാണത്തിനു നടുക്ക് അലങ്കാരമായി മീൻ നട്ടു. കൊള്ളി കുഴച്ച് ചാറിൽ മുക്കി ഒന്നു കുഴച്ച് ആദ്യത്തെ കൊള്ളിയുരുള ഞാൻ അൽപ്പാൽപ്പമായി കഴിച്ചു. നാവിലെ രസമുകുളങ്ങൾ ഉണർന്നു. ആ രുചിക്കൂട്ടിനെ സഹർഷം വരവേറ്റു. പിഞ്ഞാണങ്ങൾ നിറഞ്ഞു ഒഴിഞ്ഞു.

വയറും മനസ്സും നിറച്ച ആ പരിസ‌രത്ത് അല്പനേരം കൂടെ ഇരിക്കാൻ മനസ്സു ആഗ്രഹിച്ചെങ്കിലും വേഗം സങ്കേതമണയണമെന്നുള്ള ബോധം എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. വീണ്ടും സാനുവിന്‍റെ വിദഗ്ദ കരങ്ങളെ ആശ്രയിച്ചുള്ള യാത്ര തുറന്നിട്ട ഗ്ലാസ്സുകളുടെ പരിസരവും പ്രകൃതിയും മാറി. പ്രധാന പാത വിട്ട് നാട്ടുവഴിയിലേക്ക് വാഹനം കടന്നു. ഇടക്ക് വാഹനം ഒന്നു നിറുത്തി പുതുമഴച്ചുവയോടെ ഒരു ചായ കഴിച്ചതൊഴിച്ചാൽ വാഹനം അനസുതപ്രവാഹത്തിലലിഞ്ഞു. ഒറ്റപ്പെട്ട കരിമ്പനകളും പാടങ്ങളും വാഴത്തോപ്പുകളും താണ്ടി വാഹനം ഒരിടത്തരം രണ്ടുനില കെട്ടിടത്തിനു മുൻപിൽ കിതപ്പോടെ വന്നു നിന്നു.

പുറത്ത് സന്ധ്യ ഇരുണ്ടു തുടങ്ങിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഒരു വഴിയമ്പലം ആയിരുന്നു അത്. സാനു എന്നെ അതിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി റിസപ്ഷനിലിരിക്കുന്ന മധ്യവയസ്കന് എന്നെ പരിചയപ്പെടുത്തി പരിചയപ്പെടുത്തലിനു ശേഷം ചിരപരിചിതനായ സതീർത്ഥ്യനെ പോലെ അയാൾ റൂമിന്‍റെ ചാവി എടുത്തു തന്നു. പിറ്റേന്ന് പുലർകാലേ വരാമെന്ന് യാത്ര പറഞ്ഞ് സാനു പോയി.

ചെറിയ മുറി. നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. ഇളം നിറത്തിനുള്ള കിടക്ക വിരിയും കർട്ടനുകളും മുറിയിൽ കയറിയ പാടേ കണ്ണിലുടക്കി. കിടക്ക കണ്ടതും അതുവരെ പുറം കാണാതിരുന്ന ക്ഷീണം സർവ്വപ്രതാപത്തോടെ എന്നെ ചുറ്റി വരിഞ്ഞു. ഒപ്പം വിശപ്പും റിസപ്ഷനിൽ വിളിച്ചു വിവരം പറഞ്ഞ് അഞ്ചു മിനിറ്റിനുള്ളിൽ പരിചാരകനെത്തി. അയാൾ പറഞ്ഞ അത്താഴ വിഭവങ്ങളിൽ മനസ്സിലുടക്കിയത് റൊട്ടിയും സബ്ജിയുമാണ്. മറ്റെന്തോ ചിന്തയിലാണ്ട ഞാൻ റൊട്ടിക്കും സബ്ജിക്കുമായി സമ്മതം നല്കി. റൊട്ടിയും സബ്ജിയും വന്നു.

തട്ടുകടയിലെ രൂചിയോർമ്മയിൽ റൊട്ടി സബ്ജിയിൽ മുക്കിക്കഴിച്ച ഞാൻ നിരാശനായി. യാതൊരു രുചിയുമില്ലാത്ത പദാർത്ഥം. ഉണങ്ങിയ റൊട്ടിക്കു മുകളിൽ പൊള്ളത്തിനു മേൽ കരിഞ്ഞ് അടർന്ന മേലാപ്പ്. ഉരുളക്കിഴങ്ങും വഴുതനങ്ങയും കുഴഞ്ഞ കുണ്ടു പിഞ്ഞാണത്തിലെ സബ്ജി. അരുചികരമായ ഒരു ചിന്ത് റൊട്ടിയുടേയും കറിയുടേയും മിശ്രിതം. ഏറെ പണിപ്പെട്ട് ഞാൻ ചവച്ചിറക്കി നീരാസത്തോടെ രണ്ടു പ്ലേറ്റുകളും മുറിയുടെ മൂലയിലേക്ക് നീക്കി വച്ചു. വേണമെങ്കിൽ റിസപ്ഷനിലെ ചിരപരിചിതനായ സതീർത്ഥ്യനോട് വിവരം പറഞ്ഞ് മറ്റെന്തിലും ആഹാരം ആവശ്യപ്പെടാം. വേണ്ട. ശരീരവും മനസ്സും ഉടനെ വിശ്രമം ആഗ്രഹിക്കുന്നു. പിന്നെ അത്താഴം അത്തിപ്പഴത്തോളം എന്നല്ലേ ചൊല്ല്. അത്തിപ്പഴത്തോളം അത്താഴം ഭുജിച്ചു കഴിഞ്ഞു. നേരിയ ചൂടുള്ള ജീരകവെള്ളം രണ്ടു ഗ്ലാസ്സ് നിറയെ മൊത്തികുടിച്ചു വന്നു കിടന്നു.

നിരത്തിലെ ഏതൊ വഴിവിളക്കിൽ നിന്നും ശക്തിയേറിയ പ്രകാശം ജനലഴിയിലൂടെ പ്രസരിച്ചു കൊണ്ടിരുന്നു. ടാറിന്‍റെ ഗന്ധം മൂക്കിനെന്ന പോലെ കണ്ണിമക്ക് ആ പ്രകാശം അലോസരമായിത്തോന്നി കണ്ണിമ ചിമ്മിയാലും കൺപോളകളെ തുരന്ന് പ്രകാശം വമിച്ചു കൊണ്ടിരുന്നു എഴുന്നേറ്റ് ജനലിലെ കർട്ടൻ ശരിയായി വലിച്ചിട്ടപ്പോൾ പ്രകാശത്തിന്‍റെ സാന്ദ്രതക്ക് അല്പം കുറവു വന്നു. പെട്ടെന്ന് ഉറങ്ങുമെന്ന് നിനച്ചെങ്കിലും ആ നിനവ് തെറ്റെന്ന് ബോധ്യമായി. ശബ്ദമുയർത്തിക്കൊണ്ടിരുന്ന ഫാനിന്‍റെ വേഗത കുറച്ചു. ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

നാളെ സാനു വരും സാനുവിന്‍റെ കൂടെ തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം. തോമാച്ചനെ കാണണം. കഥയുടെ ചുരുളഴിക്കണം. സാധ്യമെങ്കിൽ ഇന്നു തന്നെ മടങ്ങി പോകണം. ഇനിയിവിടെ ഇതു മാത്രമേ ബാക്കിയുള്ളൂ. അപരിചിതത്വത്തിന്‍റെ മേലാപ്പ് അണിഞ്ഞതിനാലാകാം ഈ വാസസ്ഥലത്തോടും പരിസരത്തോടും അകൽച്ച തോന്നുന്നത്. ഉറക്കം വന്നനുഗ്രഹിക്കാത്തതിന്‍റെ കാരണം തേടി മറ്റൊന്നിലേക്കും പോകേണ്ടതില്ല.

നിരത്തിലെ വാഹനങ്ങളുടെ മുരൾച്ച നേർത്തു. പിന്നെ വല്ലപ്പോഴുമായി ശമിച്ചു. മുനിഞ്ഞു പ്രസരിച്ചു കൊണ്ടിരുന്ന പ്രകാശ ധാരയും തെല്ലു ശമനം പൂണ്ടു. ജീവബിന്ദുക്കളിൽ മിക്കവരും സങ്കേതമണഞ്ഞു കഴിഞ്ഞിരുന്നു. നാളെ ഞാനും എന്‍റെ സങ്കേതമണയും. അതിനു മുൻപ് കഥയുടെ കെട്ടഴിക്കണം. അതെവിടെ നിന്നു തുടങ്ങണം?

കഥ തുടങ്ങുന്നത് ആൻറണി പൈലോക്കാരനിൽ നിന്നാണ്. നാട്ടിലെ സാമാന്യം ഭേദപ്പെട്ട സമ്പന്നനും പൊതുകാര്യ പ്രസക്തനുമായിരുന്ന ആന്‍റണി പൈലോക്കാരൻ. അല്പസ്വല്പം സാമൂഹിക സേവനത്തിലും താത്പര്യം കാണിച്ചിരുന്ന പൈലോക്കാരന്‍റെ തൊഴിൽ പരമ്പരാഗതമാറിക്കിട്ടിയ മില്ലു നടത്തിപ്പായിരുന്നു. കുലീന കുടുംബത്തിലെ അംഗമായിരുന്ന ക്ലാരയെ വിവാഹം ചെയ്ത പൈലോക്കാരന്‍റെ ആഗ്രഹം കടപ്പുറത്തെ മണൽത്തരികളുടെ അത്രയും എണ്ണം സന്താനങ്ങളുണ്ടാകുക എന്നതായിരുന്നു. മൂന്ന് സന്താനങ്ങളെ നല്കി ക്ലാര പൈലോക്കാരന്‍റെ ആഗ്രഹത്തെ തന്നാലാവും വിധം സഫലീകരിച്ചു.

സന്തോഷഭരിതമായ കുടുംബത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത് പെട്ടന്നായിരുന്നു. ആ അസ്വാരസ്യങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു അമൽ എന്ന പാവം പയ്യൻ. അരി മില്ലിൽ ജോലിക്കു വന്നിരുന്ന സ്ത്രീയിൽ പൈലോക്കാരന് ജനിച്ച അമൽ. ഈ വിവരം പലരും പറഞ്ഞ് ക്ലാര അറിഞ്ഞെങ്കിലും തന്നെയും കുടുംബത്തെയും ഒരു തരത്തിലും ബാധിക്കാത്ത ഒരു വിഷയമായിക്കണ്ട് അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ സാധുവായ അമലിന്‍റെ അമ്മ അസുഖബാധിതയായി മരിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങൾ ക്ലാരുടെ മനസ്സിൽ അസ്വസ്ഥത പടർത്തി. പൈലോക്കാരൻ രണ്ടും കല്പിച്ച് അനാഥനായ അമലിനെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. ക്ലാരക്ക് ഒരിക്കലും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല ഈയൊരു തീരുമാനം. പൈലോക്കാരനും വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല.

അമലിനെ അനാഥാലയത്തിൽ ചേർക്കണമെന്നായിരുന്നു ക്ലാരയുടെ ആവശ്യം. അമലിനെ കുടുബാംഗമായി കാണാനോ ആ നിലക്കുള്ള അവകാശങ്ങളോ ആനുകൂല്യങ്ങളോ അമലിന് ലഭിക്കുവാനോ ഉള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ക്ലാരയുടെ ലക്ഷ്യം. ഈയൊരു നിർബന്ധബുദ്ധി അംഗീകരിക്കാൻ പൈലോക്കാരൻ ദരിക്കലും തയ്യാറായിരുന്നില്ല. അങ്ങനെ ആ കുടുംബത്തിൽ നടന്ന നിരന്തരമായ സംഘർഷങ്ങൾക്കൊടുവിൽ പൈലോക്കാരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇതിനെല്ലാം ദ്യക്സാക്ഷിയായി വ്രണിത ഹൃദയനായി ആന്‍റപ്പൻ ഉണ്ടായിരുന്നു. പൈലോക്കാരൻ അന്തരിച്ച് ഏറെ താമസിയാതെ ക്ലാര തന്‍റെ പദ്ധതി നടപ്പിലാക്കി.

ബാലനായ അമലിനെ ഇരുചെവിയറിയാതെ അനാഥമന്ദിരത്തിൽ പ്രവേശിപ്പിച്ചു. അങ്ങനെ അവർ എന്നന്നേക്കുമായി അമലിനെ ഉപേക്ഷിച്ചു. പിന്നീടവർ ഒരിക്കൽ പോലും അമലിനെ കാണുകയുണ്ടായില്ല. അരക്ഷിതമായ അനുഭവം കൊണ്ട് അമലിനും കാര്യമായ ഒരടുപ്പം ക്ലാരയോടോ അവരുടെ കുടുംബാംഗങ്ങളോടോ ഉണ്ടായിരുന്നില്ല അതോടെ ആ അദ്ധ്യായം അവസാനിച്ചു.

അനാഥാലയത്തിലെ ജീവിതം പൊതുവെ സമാധാനപരമായിരുന്നെങ്കിലും ദുര്യോഗം അമലിനെ പിൻതുടർന്നുകൊണ്ടിരുന്നു. അതിനു കാരണമായിത്തീർന്നത് പുതുതായി ചാർജെടുത്ത അനാഥാലയത്തിലെ മേട്രനായിരുന്നു. അങ്ങനെ കഥയുടെ മറ്റൊരദ്ധ്യായം ചുരുളഴിഞ്ഞു വരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെ മേട്രന്‍റെ ശ്രദ്ധയിൽ അമൽ അകപ്പെട്ടതോടെ  ആ പയ്യന്‍റെ ദുര്യോഗം ആരംഭിക്കുകയായിരുന്നു.

ശരി! ഇതുവരെ പറഞ്ഞ അധ്യായത്തിൽ നിന്നും എന്ത് ചോദ്യമായിരിക്കും തോമാച്ചന് ചോദിക്കാനുണ്ടാവുക? തീർത്തും വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണിവ. ഒന്നിലേറെ ആളുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച വിവരങ്ങളാണിവ. തെളിവു ചോദിച്ചാൽ ഷർട്ടിലെ പോക്കറ്റിൽ എപ്പോഴും കൊണ്ടു നടക്കുന്ന പേനയുടെ ഓർമ്മയറയിൽ ഒളിപ്പിച്ച സംഭാഷണശകലങ്ങളുണ്ട്.

മേട്രൻ! പുതുതായി അനാഥാലയത്തിൽ ജോയിൻ ചെയ്ത സ്റ്റാഫുകളെക്കുറിച്ചുള്ള അന്വേഷണമാണ് മേട്രനിലേക്ക് എന്‍റെ ശ്രദ്ധ കൊണ്ടെത്തിച്ചത്. അവിടുത്തെ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങളും അവിടുത്തെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ഭൂമിശാസ്ത്രപരമായ കിടപ്പിനെക്കുറിച്ചുള്ള വിവരങ്ങളും പിന്നെ അവിടെയുള്ള ജീവനക്കാരുടെ പശ്ചാത്തലവും എന്നെ അറിയിച്ചത് ജോണിയാണ്. തുടക്കത്തിൽ പുറമെ നിന്നുള്ള ഒരു ഗൂഢാലോചന ഞാൻ സംശയിച്ചിരുന്നു. ക്ലാരയുടെ ഇടപെടലുകൾ തന്നെയായിരുന്നു സംശയാസ്പദമായി തോന്നിയിരുന്നത്. എന്നാൽ അമലിനെ അനാഥാലയത്തിൽ എത്തിച്ചതോടെ പ്രശ്നങ്ങളെല്ലാം തീർന്നെന്ന ധാരണയിൽ അവർ അവരുടേതായ ജീവിതവുമായി മുമ്പോട്ട് പോകുകയാണ് ഉണ്ടായത്.

അതോടെ അമലിന്‍റെ ദൗർഭാഗ്യകരമായ മരണത്തിനു പിന്നിൽ അനാഥാലയത്തിനുള്ളിൽ തന്നെയുള്ളവരുടെ പങ്ക് ഞാൻ സംശയിച്ചു. അവിടുത്തെ എല്ലാ ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അമലിന്‍റെ കൂടെ താമസിക്കുന്നവരുടെ കൂട്ടുകാരുടെ. ആർക്കും അമലിലോട് വിരോധമില്ല. വാത്സല്യം മാത്രം. എന്നാൽ ആ ആശ്രയ കേന്ദ്രത്തിലെ ഒരാൾക്ക് അമലിനോട് അതിരു കടന്ന വാത്സല്യമായിരുന്നു.

ആ അതിരു കടന്ന വാത്സല്യം തന്നെയായിരുന്നു അമലിന്‍റെ ജീവനെടുത്തതെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയും. വാത്സല്യം എന്നൊന്നും ആ വികാരത്തെ പറയാൻ കഴിയുകയില്ല. പല തരം വ്യഖ്യാനങ്ങളും നാനാർത്ഥങ്ങളും ആ ജൈവവികാരത്തിന് പറയേണ്ടി വരും. ടൂർ യാത്രയിലും മറ്റു പല സന്ദർഭങ്ങളിലും അമലിന് ആ ഒരു അതിരു കടക്കൽ അനുഭവിക്കേണ്ടി വന്നു. പിന്നെ പിന്നെ ആ അനുഭവങ്ങൾക്ക് തീവ്രത ഏറി വന്നു. എന്തെങ്കിലും ഒക്കെ കുറ്റങ്ങൾ ആരോപിച്ച് മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്ന മേട്രന്‍റെ സ്നേഹപ്രകടനങ്ങൾ. കർശനമായ അച്ചടക്ക സംവിധാനങ്ങൾ പിൻതുടരുന്ന ആ ആശ്രയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ അമൽ ആവതു ശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല.

ഒടുവിൽ എങ്ങനെയോ പൈലോക്കാരന്‍റെ വീട്ടുവിലാസം കണ്ടുപിടിച്ച് താൻ നേരിടുന്ന വിഷമതകൾ വിവരിച്ച് കത്തു തയ്യാറാക്കി ടൂറിനു പോയ വേളയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ അയക്കുകയും ചെയ്തു. കർശനമായ പരിശോധനയില്ലാതെ കത്തുകളൊന്നും ആശ്രയ കേന്ദ്രത്തിന്‍റെ പുറത്ത് പോകുമായിരുന്നില്ല.

ആ കത്ത് കൃത്യമായിത്തന്നെ പൈലോക്കാരന്‍റെ മേൽവിലാസത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ ആന്‍റപ്പനാണ് ആ കത്തുലഭിച്ചത്. ആ കുടുംബത്തിൽ നിന്നും ഉപേക്ഷിതനായ ഒരാൾക്കു വേണ്ടി എന്തിന് ‘ഇടപെടണം എന്ന തോന്നലിൽ ആ കത്ത് നശിപ്പിച്ചു കളഞ്ഞു. കത്ത് ആ വീട്ടില ആരുടെ കൈയ്യിൽ എത്തിച്ചേരുമായിരുന്നെങ്കിലും ആരും വേണ്ട നടപടിയൊന്നും എടുക്കാൻ പോകുമായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

പല വഴിക്ക് ചിതറിയ അന്വേഷണത്തിന് ഒരു ലക്ഷ്യം കൈവന്നത് ആ കത്തിലെ ഉള്ളടക്കമാണ്. ഏറെ പണിപ്പെടേണ്ടി വന്നു കത്തിലെ വിവരങ്ങൾ ആന്‍റപ്പനിൽ നിന്നും ലഭിക്കുവാൻ. ആ കത്തു ലഭിച്ച തീയതി ആന്‍റപ്പൻ കൃത്യമായി ഓർക്കുന്നുണ്ട്. ആ കത്തു ലഭിച്ച് മൂന്നാഴ്ചക്കു ശേഷം അമൽ കൊല്ലപ്പെട്ടു. ആ മൂന്നാഴ്ചക്കുള്ളിൽ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്‍റെ സംശയം അമലിന്‍റെ കത്ത് ആന്‍റപ്പൻ നശിപ്പിച്ചിട്ടില്ല. എത്തിക്കേണ്ടിടത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്എന്നാണ് എന്‍റെ നിഗമനം.

ഒറ്റപ്പെട്ട ഒരിരയോട് പരിഷ്കൃത സമൂഹത്തിന്‍റെ പ്രതിബദ്ധത. നീതി തേടി താൻ നേരിടുന്ന പീഢനങ്ങൾ പോലീസിൽ അറിയിക്കാൻ അമൽ ഒരു ശ്രമം നടത്തി. അതും വിഫലമായി അമൽ പോലീസിന് എഴുതിയ പരാതിക്കത്ത് കൃത്യമായിത്തന്നെ സെക്യൂരിറ്റിക്കാരൻ എത്തേണ്ടിടത്ത് എത്തിച്ചു. സ്വന്തം നിലനിൽപ്പുതന്നെ അപകടത്തിലാക്കാവുന്ന പ്രവർത്തിയിലാണ് അമൽ എന്ന് മേട്രൻ തിരിച്ചറിഞ്ഞു. അവരുടെ അനുനയനശ്രമങ്ങളൊന്നും ഫലവത്തായില്ല. താൻ നേരിട്ട പീഢനങ്ങൾ പുറം ലോകത്തെ അറിയിക്കുമെന്ന നിലപാടിൽ അമൽ ഉറച്ചു നിന്നു. വലിയൊരു വിപത്താണ് ആശ്രയ കേന്ദ്രത്തേയും തന്നെയും കാത്തിരിക്കുന്നതെന്ന് മേട്രൻ ഭീതിയോടെ മനസ്സിലാക്കി. ആ വിപത്തിന്‍റെ കേന്ദ്ര ബിന്ദുവായ അമലിനെ വല്ലവിധവും ഇല്ലായ്മ ചെയ്യണമെന്ന ദുഷ്ടബുദ്ധി അവരുടെ ചിന്തയിൽ വേരുന്നി. അതിനായുള്ള കരുക്കൾ തന്‍റെ ആജ്ഞാനുവർത്തിയായ സെക്യൂരിറ്റിക്കാരനുമായി ചേർന്ന് അവർ തന്ത്രപൂർവ്വം നീക്കി. അവരുടെ നിർദേശപ്രകാരം സെക്യൂരിറ്റിക്കാരൻ അമലിനെ അയാൾ താമസിക്കുന്ന അനാഥമന്ദിരത്തിന്‍റെ കിഴക്കുവശത്തുള്ള ക്വാർടേഴ്സിൽ വിളിച്ചു വരുത്തി.

പ്രശ്നപരിഹാരത്തിനെന്ന മട്ടിലായിരുന്നു അമലിനെ വിളിച്ചു വരുത്തിയത്. പലവിധ പ്രലോഭനങ്ങൾ അമലിനോടയാൾ വാഗ്ദാനം ചെയ്തെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാടായിരുന്നു അമലിന്‍റേത്. ഒടുവിൽ വാക്കുതർക്കങ്ങൾക്കൊടുവിൽ ക്വാർട്ടേഴ്സിൽ നിന്നും പുറത്തിറങ്ങിയ അമലിനെ പുറകിൽ നിന്നും ഇരുമ്പുവടി കൊണ്ട് അയാൾ അടിച്ചുവീഴ്ത്തി.ആ കോംപൗണ്ടിനകത്ത് എന്ത് വിഷയമുണ്ടായാലും പുറംലോകം അറിയില്ലെന്ന ഉറപ്പും ശമ്പള വർദ്ധനയും കാര്യമായ ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന മകന് മാനേജർ ജോലിയും ആ പരിസരത്ത് പറമ്പ് വളച്ചുകെട്ടിയെടുക്കാനുള്ള സമ്മതവുമായിരുന്നു അയാളുടെ പാടത്തെ പണിക്കുള്ള മേട്രൺ വാഗ്ദാനം ചെയ്ത വരമ്പത്തെ കൂലി.

അടി കൊണ്ട് അമൽ അർദ്ധബോധാവസ്ഥയിൽ അല്പദൂരം മുന്നോട്ടാഞ്ഞ ശേഷം ചതുപ്പിൽ മുഖമടച്ച് വീണു. താമസിയാതെ മരിച്ചു. അമലിനെ വധിച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനു കൈവന്ന നേട്ടങ്ങൾ ഞാൻ കൃത്യമായി അറിഞ്ഞിട്ടുണ്ട്. അതിന്‍റെ തെളിവുകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. സെക്യുരിറ്റിക്കാരന്‍റെ ഒന്നിനും കൊള്ളാത്ത മകൻ ആശ്രയ കേന്ദ്രത്തിലെ മാനേജരായ വിവരം ജോണി എന്നെ അറിയിച്ചിട്ടുണ്ട്. അമലിന്‍റെ കൊലപാതകി സെക്യൂരിറ്റിക്കാരനാണ്. എന്നാൽ അയാൾ ചട്ടുകം മാത്രമാണ്. മകനാകാൻ മാത്രം പ്രായമുള്ള ഒരുവനോട് ക്രൂരമായി ഇടപ്പെട്ട് ഒടുവിൽ അവനെ കൊല്ലാൻ വേണ്ട പദ്ധതി തയ്യാറാക്കിയ സ്ത്രീ.

തോമാച്ചാ ആ സ്ത്രീ തന്നെയാണ് നിങ്ങളെ അമലിന്‍റെ ദുരൂഹ മരണത്തിന്‍റെ ദുരൂഹത നീക്കാൻ നിങ്ങളെ ചട്ടം കെട്ടിയത്! അവരും നിങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കറിയില്ല. ഈയൊരു വിഷയം നിങ്ങളെ ഏൽപ്പിച്ചതിന്‍റെ ചേതോവികാരം എന്തെന്ന് എനിക്ക് വ്യക്തമല്ല. ഒരു പക്ഷേ തന്നെ സംശയിക്കാനുള്ള കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കലാവാം.

വിചിത്ര ചിന്തകളുടെ സങ്കലനമായ ആ സ്ത്രീയാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം. ഇനി വിചിത്രമായ കോഡുകളടങ്ങിയ കടലാസു ചുരുൾ അമലിന്‍റെ മൃതശരീരത്തിനരികെ നിന്ന് കണ്ടെടുത്തതിനെപ്പറ്റി, താൻ നേരിടുന്ന പീഢനങ്ങളും അതിന്‍റെ ഉത്തരവാദികളെയും കുറിച്ച് പ്രത്യേകതരം ഭാഷയിൽ അമൽ രേഖപ്പെടുത്തിപ്പോന്നു. താൻ അനുഭവിച്ച വിഷമതകൾ ഒരുനാൾ ഉത്തരവാദിത്വപ്പെട്ട അധികാരികൾ അറിയുമെന്നും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ച് തനിക്ക് നീതി ലഭിക്കുമെന്നും അവൻ ആഗ്രഹിച്ചു.

സ്വന്തം ഭാഷയിൽ വിവരങ്ങൾ രേഖപ്പെടുത്തി അധികാരികളിലേക്കെത്തിക്കാൻ അവന് പരിമിതികൾ ഉണ്ടായിരുന്നു.

കണ്ണുനീറുന്നു. എരിയുന്നു. ക്ഷീണം അതിന്‍റെ സുരതാ വേഗം പൂണ്ടു. വല്ല വിധവും ഒന്നു കണ്ണടച്ചാൽ മതി. ചെറിയ മയക്കം പോലും ശരീരത്തിനും മനസ്സിനും നല്കുന്ന ആശ്വാസം ചെറുതല്ല. എഴുന്നേറ്റു. വാഷ്‌ബേസിനിൽ മുഖമമർത്തി കഴുകി. കണ്ണുകടച്ചിലിന് തെല്ലു ശമനം കിട്ടിയ പോലെ തോന്നി. ഫാനിന് വേഗത പോര. റെഗുലേറ്റർ കറക്കി അല്പം വേഗത കൂട്ടി വന്നു കിടന്നു. മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സ്. നേർത്ത വെളിച്ചം ജനലഴിയുടെ അരിച്ചിറങ്ങുന്നു. വെളിച്ചത്തൊടൊപ്പം നേർത്ത തണുപ്പ് എന്നെ വന്നു പൊതിയുന്നു.

ജനലഴിക്കപ്പുറം ചെറുപട്ടണം പകലിന്‍റെ ക്ഷീണം തീർത്തു മയങ്ങുന്നു. വഴിത്താര നേരിയ വെളിച്ചത്തിൽ ദൃശ്യമാണ്. വഴിത്താരക്കിടതുവശത്തെ സിമന്‍റ് ബഞ്ചിൽ ചടഞ്ഞിരിക്കുന്ന രൂപത്തെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കർട്ടൻ വലിച്ചിടാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ പാഞ്ഞു വന്ന വാഹനത്തിൽ നിന്നും പ്രസരിച്ച തീഷ്ണപ്രകാശം ആ ചടഞ്ഞിരിക്കുന്നവന്‍റെ മുഖത്ത് പതിച്ചത്. ആ വിദൂരതയിലും ബൈനാക്കുലർ കാഴ്ച പോലെ ആ കവിളൊട്ടിയ മുഖം ഒരു മിന്നായം പോലെ ഞാൻ കണ്ടു. പൊടുന്നനെ ഒരു തണുപ്പ് എന്‍റെ പെരുവിരലിൽ നിന്നും മുകളിലേക്ക് അരിച്ചരിച്ചു കയറി. അതേ… ആ മുഖം… ക്ലാരയുടെ വീടിനകത്ത് അകത്തളത്തിൽ മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ദീപ വിതാനത്തിനു പുറകിൽ കണ്ട മുഖം. ആന്‍റണി പൈലോക്കാരൻ!

ഉൾഭയത്തോടെ ഞാൻ കർട്ടൻ താഴ്ത്തി. കട്ടിലിൽ വന്നു കിടന്നു. നേരിയ വിയർപ്പ് ശരീരത്തിൽ പൊടിയുന്നത് ഞാനറിഞ്ഞു. പിന്നീടവ തിടം വച്ച് പെരുകി വിയർപ്പു ചാലുകളായി താഴേക്കിറങ്ങി. പൊടുന്നനെയാണ് മുറിക്കകത്തെ ലൈറ്റുകൾ ഒരേ സമയം കെട്ടത്. പിന്നീടവ കത്തലും കെടലുമായി അല്പനേരം നീണ്ടു. പിന്നെ പൂർണ്ണമായും കെട്ടു. കനത്ത അന്ധകാരം മുറിയിൽ വന്നു നിറഞ്ഞു. വഴിത്താരയിലെ നേർത്ത പ്രകാശം പോലും തമോഗർത്തത്തിലേക്കെന്ന പോലെ ഉൾവലിഞ്ഞെന്നു തോന്നി.

തെല്ലിട കഴിഞ്ഞ് മുറിക്കകത്തെ ലൈറ്റുകൾ ആകമാനം മുനിഞ്ഞു കത്തി മുറിക്കകം പ്രകാശ സാന്ദ്രമായി. തെല്ലാശ്വാസത്തോടെ ഞാൻ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോഴാണ് ഞെട്ടിത്തരിക്കുന്ന ആ കാഴ്ച കണ്ടത്. മുറിയുടെ കോണിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കവിളൊട്ടിയ രൂപം ആന്‍റണി പൈലോക്കാരൻ! എന്‍റെ സപ്തനാഡികളും തകർന്നു. നിലവിളിക്കാനാഞ്ഞ എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. കൈയ്യും കാലും ബന്ധിക്കപ്പെട്ട പോലെ ഞാൻ നിസ്സഹായനായി നിന്നു. പെട്ടെന്ന് കിണറിന്‍റെ അഗാധതയിലെന്ന പോലെ മുഴക്കമുള്ള ശബ്ദവീചികൾ പൈലോക്കാരനിൽ നിന്ന് പുറപ്പെട്ടു.

“എന്നെ അറിയില്ലേ?”

“ഞാൻ ആന്‍റണി പൈലോക്കാരൻ.”

ഞാൻ ബദ്ധപ്പെട്ട് തല കുലുക്കി. പഴമയുടെ ഉൾക്കിണറിൽ നിന്നും ചോദ്യമുയർന്നു. “ഹ്യദയാഘാതം മൂലമാണ് ഞാൻ മരിച്ചത് അല്ലേ? അതാണ് നിന്‍റെ കണ്ടെത്തൽ?”

എനിക്ക് ശബ്ദം പുറത്തു വന്നില്ല. നിസ്സഹായനായി ഞാൻ തല കുലുക്കി. ഇരമ്പം പോലെ ശബ്ദം മുഴങ്ങി.

“അല്ല. എന്നെ കൊന്നതാണ്. കൊല്ലിച്ചതാണ്. എനിക്ക് നീതി വേണം എനിക്ക് നീതി വേണം…”

ശബ്ദം ചിലമ്പിച്ച് ചിതറി ഒപ്പം അകലെയെവിടെ നിന്നോ ഒരു മുഴക്കം കേട്ടു പൊടുന്നനെ ലൈറ്റുകൾ കെട്ടു. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ആ ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞു. കൈത്തട്ടി ചില്ലു ഗ്ലാസ്സ് സ്കൂളിൽ നിന്നും വീണ് ഉടഞ്ഞു ചിതറി. വല്ല വിധവും കിടക്ക തപ്പിക്കണ്ടുപിടിച്ച് അതിൻമേൽ കയറിക്കിടന്നു.

പഴമയുടെ ഗന്ധം അകന്ന് ശമിക്കുന്നത് ഞാനറിഞ്ഞു. കണ്ണു തുറന്നതും ഞാൻ ചാടിയെഴുന്നേറ്റു. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാനാകാത്ത തലേന്നത്തെ ഭീതിജനമായ സംഭവം എന്നെ വല്ലാതുലച്ചിരുന്നു. എത്രയും വേഗം ഇവിടം വിട്ടു പോകണമെന്ന ആഗ്രഹത്താൽ ഞാൻ വേഗം കുളിച്ചൊരുങ്ങി തയ്യാറായി. എന്‍റെ ബാഗ് എടുത്ത് വാതിലു പൂട്ടി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ സ്കൂളിനു താഴെ ചില്ലു ഗ്ലാസ്സ് ചിതറിക്കിടക്കുന്നതു കണ്ടു. ഗ്ലാസ്സ് ഉടഞ്ഞ വിവരം റിസപ്ഷനിൽ പറയാമെന്ന് നിശ്ചയിച്ച് ഞാൻ വാതിലടച്ചു താഴിട്ടു. ബ്രേക്ക്ഫാസ്റ്റ് മെനുവുമായി നിന്നിരുന്ന റൂം ബോയിയെ അവഗണിച്ച് റിസപ്ഷനിൽ വിവരം പറഞ്ഞ് ചാവി കൈമാറി ഞാൻ പുറത്തിറങ്ങി.

ഇവിടുത്തെ ഭക്ഷണം വേണ്ട. വഴിയരികിൽ നല്ല നാടൻ തട്ടുകടകൾ കാണും. ചുമന്ന ചട്ടിയിൽ മുങ്ങി അരികത്ത് ഉള്ളിച്ചമ്മന്തി പടർന്ന പതുപതുത്ത ഇഢലിയും വലിച്ചാറ്റിയ ചായയുമാണ് ലക്ഷ്യം. അല്ല പ്രതീക്ഷ. വഴിത്താരയിൽ പ്രഭാതനടത്തക്കാരേ ഉള്ളൂ. വല്ലപ്പോഴുമേ വാഹനം കടന്നു പോകുന്നുള്ളു സാനുവുമൊന്നിച്ച് യാത്ര ചെയ്യണം. തോമാച്ചനെ കാണണം. അല്പകാലമായി തലയിൽ കൊണ്ടു നടക്കുന്ന ഭാരം തോമാച്ചന്‍റെ തലയിലേക്ക് കൈമാറണം. ഒന്നു രണ്ടു ദിവസം ഷൂട്ടിംഗ് കണ്ട് ചുറ്റിത്തിരിയണം. പിന്നെ മടക്കം.

വഴിത്താരക്കപ്പുറമുള്ള മരങ്ങളിൽ ഇളങ്കാറ്റ് പതിഞ്ഞു. വഴിത്താരക്കപ്പുറം ഒറ്റപ്പെട്ട് പടർന്നു പന്തലിച്ച വലിയ ഒരു ഞാവൽ മരം ഞാൻ കണ്ടു. അതിനു താഴെ പ്രഭാതനടത്തക്കാരുടെ വിശ്രമകേന്ദ്രമായ സിമന്‍റ് ബഞ്ച്. ആ ബഞ്ചിൽ ഞാവൽ പഴം വീണ് ചിതറി നിറം മാറിയതായി ഞാൻ കണ്ടു. അവിടെയാണല്ലോ ഇന്നലെ രാത്രി പൈലോക്കാരൻ ഇരുന്നത്.

സാനു വിളിക്കുന്നു. അഞ്ചു മിനിറ്റിനകം എത്തിച്ചേരുമെന്ന് അറിയിച്ചു. ഞാനാ സിമന്‍റുബഞ്ചിൽ ദൃഷ്ടിയൂന്നി സാനുവിനെ കാത്തു നിന്നു. അതെ! പൈലോക്കാരന് നീതി ലഭിക്കണം…

പൂക്കോട് തടാകക്കാഴ്ചകളിലൂടെ

യാത്രാപ്രേമികൾ കണ്ടുമുട്ടുമ്പോൾ സംസാരത്തിൽ കടന്നുവരുന്ന വിഷയം യാത്രകളാവാതെ തരമില്ലല്ലോ.. ഏറെക്കാലത്തിനുശേഷം തമ്മിൽ കണ്ടപ്പോഴാണ് ആർച്ചയും ഞാനും ഒരുമിച്ചൊരു യാത്ര പോയാലോയെന്ന് തീരുമാനിച്ചത്.

അങ്ങനെ വയനാട്ടിൽ പൂക്കോട് തടാകം സന്ദർശിക്കാനുറച്ചു. ആ ദിവസം വേൾഡ് ടൂറിസം ഡേയാണെന്ന് അറിയാതെയായിരുന്നു യാത്ര പ്ലാൻ ചെയ്‌തതെങ്കിലും ആ അറിവ് ഇരട്ടിമധുരം പകർന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കൽപ്പറ്റ സ്റ്റാൻഡിൽ നിന്ന് വൈത്തിരിയിലേക്ക് ബസ് പുറപ്പെടുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. ബസ്സ് ചുണ്ടേൽ പിന്നിടുമ്പോൾ തന്നെ വെയിൽ തെളിഞ്ഞു. മഴയെത്തിയെന്ന് തോന്നിപ്പിച്ച് പിന്നാലെ വെയിൽ മാറിവരുന്ന ആകാശത്തിന്‍റെ കള്ളക്കളി കണ്ട് ബസ്സിനകത്തിരുന്ന് ചിരിച്ചുപോയി…

വിദൂരതയിലെ ചെമ്പ്രമലനിരകളുടെ സൗന്ദര്യം കണ്ണുകൾ തിരഞ്ഞു… അതാ… വെയിലുമ്മയേറ്റ് തിളങ്ങി നിൽക്കുന്നു മരതകപ്പട്ടുചുറ്റിയ ചെമ്പ്രയെന്ന സുന്ദരി…

വൈത്തിരി സ്റ്റാൻഡിൽ ബസ് ഇറങ്ങി നേരെ ഓട്ടോയിൽ പൂക്കോട് തടാകത്തിലേക്ക്. തളിപ്പുഴ പിന്നിട്ട് ഓട്ടോ പൂക്കോടേക്ക് നീങ്ങുമ്പോൾ വിജനമായ റോഡ് തെല്ലത്ഭുതപ്പെടുത്തി. വഴിമാറിയോന്ന് പോലും സന്ദേഹപ്പെട്ടു.

റോഡിലൂടെ തലങ്ങും വിലങ്ങും നി ങ്ങുന്ന വാഹനങ്ങൾ നിർത്താതെയുള്ള ഹോണടിയുടെ ശബ്ദം ഇതൊക്കെയായിരുന്നു ഇതുവഴിയുള്ള മുൻകാല യാത്രാനുഭവമെങ്കിൽ പതിവിന് വിപരീതമായി ഓട്ടോ യാതൊരു തടസ്സവുമില്ലാതെ റോഡിലൂടെ മുന്നോട്ട്.

അരിച്ചെത്തുന്ന നേർത്ത തണുപ്പ്…

വീശിയെത്തുന്ന കുളിർ കാറ്റിന് കാടിന്‍റെ ഗന്ധം… ചുറ്റിലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകി…

പൂക്കോട് ദേവി ക്ഷേത്രമെന്നഴുതിയ ബോർഡിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോഴാണ് പൂക്കോട് എത്തിയെന്നറിഞ്ഞത്. ഇവിടെ ഇങ്ങനെ ഒരു അമ്പലമോ എന്ന് ആശ്ചര്യം കൂറിയതും മുമ്പ് ജനത്തിരക്കുകാരണം ഇതൊന്നും ശ്രദ്ധയിൽ പതിഞ്ഞില്ലെന്നതാണ് വാസ്‌തവം…

പൂക്കോട്ടമ്മയെ തൊഴുതു. പിന്നെ തൊട്ടടുത്തുള്ള കവാടം വഴി പൂക്കോട് തടാകത്തിന്‍റെ ടിക്കറ്റ് കൗണ്ടറിലേക്ക്. മുമ്പൊക്കെ കവാടത്തിനു മുന്നിലും ടിക്കറ്റ് കൗണ്ടറിന്‍റെ മുന്നിലും സഞ്ചാരികളുടെ നീണ്ടനിര കാണാമെങ്കിൽ ഇന്നിവിടെ ആൾക്കൂട്ടമോ ആരവങ്ങളോ ഇല്ല.

ചൂരൽ മല- മുണ്ടക്കൈ ദുരന്തം വയനാടിന്‍റെ ടൂറിസം മേഖലയെ പിന്നോട്ട് വലിച്ചെന്ന് ഒറ്റനോട്ടത്തിൽ വ്യക്‌തം. 40 രൂപ പ്രവേശന ടിക്കറ്റ് എടുത്ത് അകത്തേക്ക് കടക്കുമ്പോൾ ടൂറിസ്‌റ്റുകൾ വളരെ കുറവാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നുണ്ടായിരുന്നു.

അകത്തേക്ക് കയറിയപാടെ ഹാന്‍റി ക്രാഫ്റ്റിന്‍റെയും വയനാടൻ സുഗന്ധവ്യഞ്ജനങ്ങളുടെയുമൊക്കെ കടകൾ കണ്ടു. മടങ്ങിവരവിൽ അവിടെ കയറാമെന്ന് പറഞ്ഞ് തടാകക്കരയിലേക്ക് നടന്നു. മുന്നിലെ വലിയ വ്യക്ഷങ്ങൾ നിശബ്ദതയിലലിഞ്ഞങ്ങനെ നിൽക്കുന്നു. എവിടെ നിന്നോ ഒരു കുയിൽ നാദം സ്വാഗതഗാനമായി കാതുകളെ തേടിയെത്തി.

എപ്പോഴും കളിചിരികൾ നിറഞ്ഞു നിൽക്കുന്ന കുട്ടികളുടെ പാർക്ക്, നവീകരണ പ്രവർത്തികൾക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. പണിയൊരുങ്ങുമ്പോഴേക്കും പാർക്കിൽ ജീവനേകാൻ ധാരാളം കുരുന്നുകൾ ഇവിടെയെത്തട്ടെ. കുഞ്ഞുപുഞ്ചിരികൾ വിടരട്ടേ…

കല്ലുപ്പതിച്ച നടപ്പാതയിലൂടെ തടാകക്കരയിലേക്ക് നീങ്ങുമ്പോൾ സമീപത്തെ കടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും ഒക്കെ കുപ്പിക്കുള്ളിലിരുന്ന് കൊതിപ്പിക്കുന്നു.

ദേ ഇപ്പോ വരാം എന്ന് പറഞ്ഞ് വീണ്ടും മുന്നോട്ട്…

വനത്താൽ ചുറ്റപ്പെട്ട പതിമൂന്ന് ഏക്കറിലായി പരന്നു കിടക്കുന്ന പ്രക്യതിദത്ത ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. ഏകദേശം 40 അടി ആഴമുണ്ടിതിന്. തടാകത്തിലേക്ക് നോക്കി നിൽക്കുന്ന കുന്നുകളും ചുറ്റിലുമുള്ള പച്ചപ്പും ഓളപ്പരപ്പിലൂടെ നീങ്ങുന്ന ബോട്ടും കാഴ്ചകൾക്ക് മിഴിവേകുന്നു.

തൊട്ടടുത്തുള്ള അക്വേറിയത്തിലേക്കുള്ള ടിക്കറ്റ് എടുത്ത് നടക്കുമ്പോൾ അരുവിയുടെ കളകള ശബ്ദം കാതിലെത്തി. മരക്കൊമ്പിൽ ഇരുന്ന കിളികളുടെ പാട്ട് ആ ശബ്ദത്തോടൊപ്പം അലിഞ്ഞു ചേർന്നു…

പൂക്കോടിന്‍റെ വളരെ ശാന്തതയാർന്ന ചിത്രം ആദ്യമായിട്ടായിരുന്നു… ഏതു സ്‌ഥലത്തിനും ഒരു സംഗീതമുണ്ടാകും കണ്ണും കാതും മനസ്സും തുറന്നാൽ മാത്രം നമുക്കതു ശ്രവിക്കാമെന്ന ഓർമ്മപ്പെടുത്തൽ.

തടാകത്തിൽ നിന്നുള്ള ജലം പുറമേക്ക് ഒഴുകുന്നതാണിത്. നിലവിൽ  ചെറുതെങ്കിലും പിന്നീട് പനമരം പുഴയായി കബനിയും കപിലയും കാവേരിയുമായി ചേരാനുള്ള ദീർഘദൂര ഓട്ടത്തിലാണവൾ…

ഒരു പുഴയുടെ ഉത്ഭവം തൊട്ട് കടലിനോട് ചേരാനുള്ള അവളുടെ യാത്ര മനുഷ്യന്‍റെ ജീവിതയാത്രയെക്കാൾ കഠിനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരിഭവമില്ലാതെയവൾ ഒഴുകുമ്പോഴും…!

സമീപത്തുനിന്ന വലിയ വൃക്ഷങ്ങൾ ചുറ്റും സ്വയം സുരക്ഷയൊരുക്കി താഴേക്കു വേരുകൾ കൊണ്ടൊരു കവചം തീർത്തിട്ടുണ്ട്. വൃക്ഷമുത്തച്‌ഛന്മാരുടെ തൂങ്ങിനിൽക്കുന്ന വേരുകളിൽ പിടിച്ചാടി ബാല്യത്തിലേക്ക് ഞങ്ങളും ചുവടു വച്ചു.

സമീപത്തെ നിറംമങ്ങിയ ശംഖിന്‍റെയും മത്സ്യകന്യകയുടേയുമൊക്കെ പ്രതിമകൾ പുതുഛായക്കൂട്ടുകൾക്കായുള്ള കാത്തിരിപ്പിലാണ്.

അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് അഞ്ചു രൂപയാണ്. അകത്തു കയറുമ്പോൾ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങൾ അക്വേറിയത്തിലൂടെ നീന്തി തുടിക്കുന്നു. ഗോൾഡൻ ഫിഷ്, ഓസ്ക്‌കാർ, സിൽവർ ആരോവന, ട്രസ് എന്നിങ്ങനെ നീളുന്നു മത്സ്യ വൈവിധ്യം.

കൂട്ടത്തിൽ മുഖത്തൽപ്പം ഗൗരവഭാവം ഉണ്ടേലും വിടാതെ ഞങ്ങളുടെ പിറകെ കൂടിയ ജയിന്‍റ് ഗൗരാമി എന്ന ഫിഷിന്‍റെ വിക്രിയകളിൽ എല്ലാം മറന്നു ഞങ്ങൾ ചിരിച്ചു. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു മത്സ്യമാണിതെന്ന് അവിടെനിന്നും വായിച്ചറിഞ്ഞു. നിറങ്ങൾ വാരിവിതറിയുള്ള സൃഷ്ടിയുടെ വൈവിധ്യത്തെ സ്‌മരിച്ചുകൊണ്ട് അക്വേറിയത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫിഷ് സ്പ‌ായ്ക്ക് ടിക്കെറ്റെടുത്തു.

പൊട്ടാസ്യം പെർമാഗനേറ്റ് ലായനിയിൽ കാല് കഴുകിയശേഷം ടാങ്കിലെ ഗരാറുഫാ ഫിഷിന് മുന്നിലേക്ക് ഇരുകാലുകളും സമർപ്പിച്ചു. കൂട്ടത്തോടെ വന്നു പൊതിഞ്ഞ് കാലുകളെ ഇക്കിളിപ്പെടുത്തി. അവർ അവരുടെ പ്രവൃത്തി തുടങ്ങി.

ഡെഡ്സ്കിൻ റിമൂവ് ചെയ്യുവാനും രക്തയോട്ടം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും ഫിഷ് സ‌ാ ഏറെ നല്ലതാണ്. വളരെ ആത്മാർത്ഥരായ ജോലിക്കാരെ പോലെ തങ്ങളുടെ ജോലി യാതൊരു മടിയുമില്ലാതെ ഭംഗിയായവ നിറവേറ്റി.

പുറത്തിറങ്ങിയപ്പോൾ തടാകത്തിലേക്ക് മുഖം നോക്കി പൂക്കോട്ടമ്മയുടെ കോവിൽ കണ്ടു. നവീകരണ പ്രവർത്തികൾ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണെന്ന് സമീപത്തുള്ളയാൾ പറഞ്ഞു.

പ്രകൃതി തന്നെയാണ് ഈശ്വരി. ഈ മഹാപ്രപഞ്ചം തന്നെയല്ലേ… അമ്മയുടെ കോവിലും ഈ കാണുന്നതൊക്കെ അതല്ലാതെ മറ്റെന്താണ്. ഒരു നിമിഷമെങ്കിലും ആ മഹാശക്തിയെ സ്മരിക്കാനായല്ലോ. പുറമേക്കുള്ള ഓരോ യാത്രയും ആ സ്‌മരണയുണർത്താൻ തന്നെയല്ലേ… അകത്തേക്കു തിരിയാനുള്ള ഓർമ്മപ്പെടുത്തൽ…

തടാകത്തിന്‍റെ പ്രദക്ഷിണ വഴിയെ നടക്കുമ്പോൾ ഒരു ചെറിയസംഘം സന്ദർശകർ എത്തിയിരുന്നു. ബോട്ടിലേക്ക് അവരുടെ തിരക്ക് കഴിഞ്ഞാകാമെന്ന് കരുതി നടപ്പാതയിലൂടെ തടാകത്തിന്‍റെ ഓരം പറ്റി ഞങ്ങൾ മുമ്പോട്ട് നടന്നു.

പാതയുടെ ഒരു വശം കാടും മറു വശം തടാകവും തീരത്തെ ചെറുമരങ്ങൾ ചാഞ്ഞു ചരിഞ്ഞു തടാകത്തിലേക്ക് എത്തി നോക്കുന്നുണ്ട്. അവരും ഒരു പക്ഷെ കൊച്ചു വർത്തമാനത്തിലാവും…

നീണ്ടു കിടക്കുന്ന പാതയും മൂന്നിലെ ജലാശയവും ദൂരെ കാണുന്ന ചെറു കുന്നുകളും ചാരുതയാർന്നതായിരുന്നു. നോക്കി നോക്കി അതിലലിഞ്ഞ് സ്വയം മറക്കും…

രണ്ടുപേർക്കിരിക്കാവുന്ന പെഡൽ ബോട്ടിനുള്ള ടിക്കറ്റെടുത്ത് ഞങ്ങൾ തടാകത്തിലൂടെ ചെറുസവാരിക്ക് തയ്യാറായി.

അവിടെയുള്ള ജീവനക്കാരന്‍റെ വക ചെറിയൊരു ക്ലാസ്സ്. “ദേ ഇക്കാണുന്നതില്ലേ ഇത് ഇടത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും വലത്തോട്ട് തിരിച്ചാൽ വലത്തോട്ടും നേരേ വച്ചാൽ നേരേയും ബോട്ട് നീങ്ങും.” അത് സാരമില്ല എന്തുവന്നാലും മുങ്ങില്ലല്ലോ. ഞങ്ങൾ സമാശ്വസിച്ചു.

ധൈര്യസമേതം ഞങ്ങൾ ബോട്ടിൽ കയറി പെഡൽ ചവിട്ടി തുടങ്ങി. ബോട്ട് പതിയെ പതിയെ മുന്നോട്ട്. ഒരൽപ്പദൂരം പിന്നിട്ടപ്പോൾ ഇടത്തോട്ട് തിരിച്ചാൽ വലത്തോട്ടും വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും നേരെ വച്ചാൽ അനങ്ങാതെയുമായി ബോട്ട്. ഞങ്ങളുടെ ആഞ്ഞുപിടിച്ചുള്ള ചവിട്ടും ലക്കുംലഗാനുമില്ലാത്ത വരവും കണ്ടാവണം മുന്നിലെ ബോട്ടിലെ ആളുകൾ അവരുടെ ബോട്ട് പല വഴിക്കായി തിരിച്ചു വിടുന്നു. ബോട്ടിലിരുന്ന് പരിസരം മറന്നു ഞങ്ങൾ ചിരിച്ചു.

തൊട്ടുമുന്നിൽ മുങ്ങാൻ കുഴിയിട്ട കുളക്കോഴി ഇടയ്ക്ക് തലയുയർത്തി നോക്കുന്നുണ്ട്. അവൾക്ക് പിന്നാലെ ഞങ്ങളും വെച്ചുപിടിച്ചു. പിന്നെയും ഏറെ ദൂരം ഞങ്ങൾ സഞ്ചരിച്ചു. ഇടയ്ക്കിടെ വിശുന്ന നനുത്ത കാറ്റ് കുളിരു പകർന്നു. ഒരുകാലത്ത് നീല ആമ്പൽ പൂക്കളാൽ സമൃദ്ധമായ ഇവിടെ ഇന്ന് ആമ്പൽ പൂക്കൾ കണ്ടതേയില്ല.

ബോട്ട് സഫാരി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും ചൂണ്ടിലെ ചിരി മാഞ്ഞതേയില്ല. ശേഷം ഒരു ചൂട് കോഫി കഴിച്ചു തടാകത്തിലേക്ക് കണ്ണും നട്ട് അവിടുത്തെ ഇരുമ്പ് ബെഞ്ചിലിരുന്നു.

വാനരക്കൂട്ടങ്ങൾ അവരുടെ പതിവുകളികളിൽ മുഴുകിയിരുന്നു. പോക്കുവെയിൽ ഓളപ്പരപ്പിൽ വർണ്ണ ചിത്രങ്ങൾ നെയ്യുന്നു. തടാകക്കരയിലെ കുഞ്ഞുപൂക്കൾക്ക് മുത്തം നൽകി സൂര്യൻ വിടവാങ്ങുമ്പോൾ ഒരു ത്രീഡി ക്ലാരിറ്റിയിൽ കാഴ്ച്‌ച ഒന്നുകൂടി സുന്ദരമാകുന്നു.

അസ്ത‌മയങ്ങളെത്ര മനോഹരമാണ്..!

അവിടെനിന്നും ചെറുഷോപ്പിംഗ് നടത്തി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമീപത്തെ കടക്കാരൻ പറയുന്നുണ്ടായിരുന്നു. ടൂറിസ്റ്റുകൾ വളരെ കുറവാണ് അതുകൊണ്ടുതന്നെ കച്ചവടവും കുറവ്. അതെ പേരിനു മാത്രമേ ഇവിടെ ഇപ്പോൾ കടകളുള്ളൂ. ജനുവരിയിലെങ്കിലും ടൂറിസ്റ്റുകൾ വരുമെന്ന പ്രതീക്ഷയിലാണവർ. വയനാട്ടിലെ ഓരോ ടൂറിസ്‌റ്റ് സ്പോട്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ.

ആളും ആരവങ്ങളും ഒഴിഞ്ഞ വയനാടിന്‍റെ വനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൊതുജീവനേകാൻ സഞ്ചാരികളെ നിങ്ങളേയും ക്ഷണിക്കുന്നു. ഈ നാട്….! ഒരു മഹാദുരന്തത്തിൽ നിന്ന് പതിയെ കരകയറുന്ന ഈ നാടിനുള്ള താങ്ങാവട്ടെ ഇങ്ങോട്ടുള്ള ഓരോ യാത്രയും…

സുന്ദരമായ ഈ ഭൂമികയ്ക്ക് മങ്ങലേൽപ്പിക്കാത്ത നിങ്ങളുടെ ഓരോ യാത്രയിലും നിങ്ങൾക്കായവൾ കാഴ്ചയുടെ പുതുവാതായനങ്ങൾ തുറന്നിട്ടു തരും. തീർച്ച.

ആർത്തവകാലത്തെ ഭക്ഷണ രീതി

പലപ്പോഴും ആർത്തവ സമയം ചിലരെയെങ്കിലും സംബന്ധിച്ച് വലിയ തലവേദനയാകാറുണ്ട്. ഈ സമയത്ത് സ്ത്രീകൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്. സാധാരണയായി ആർത്തവസമയത്ത് സ്ത്രീകൾക്ക് വയറുവേദന, തലവേദന, ക്ഷീണം, ഓക്കാനം, നീർവീക്കം, മൂഡ് മാറ്റം, നേരിയ പനി, വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ ആർത്തവകാല പ്രശ്‌നങ്ങളിൽ നിന്ന് അൽപ്പം ആശ്വാസം നൽകുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്.

ആർത്തവ സമയത്ത് എന്ത് കഴിക്കണം

ജലാംശം നിലനിർത്തുന്ന പഴങ്ങളും പച്ചക്കറികളും: തണ്ണിമത്തൻ, കുക്കുമ്പർ, സ്ട്രോബെറി, പീച്ച്, ഓറഞ്ച്, കാബേജ് തുടങ്ങിയ പച്ച ഇലക്കറികളും ആവശ്യത്തിന് വെള്ളവും കുടിക്കുക. അതുവഴി തലവേദന, ക്ഷീണം, ശരീര വേദന എന്നിവ ഒഴിവാക്കാം.

ജിഞ്ചർ ടീ: ഓക്കാനം, പേശി വേദന എന്നിവ ഇല്ലാതാക്കാൻ ജിഞ്ചർ ടീ വളരെ നല്ലതാണ്. കൂടാതെ ആന്‍റി ഇൻഫ്ളമേറ്ററി കൂടിയാണ്. വളരെയധികം ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കുമെന്ന് ഓർക്കുക.

ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ3 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ: ചിക്കൻ പ്രോട്ടീനിന്‍റെ ഉത്തമ സ്രോതസ്സാണ്. മത്സ്യം കഴിക്കുന്നതിലൂടെ മതിയായ അളവിൽ ഒമേഗ3 ഫാറ്റി ആസിഡ് ലഭ്യമാകും. ആർത്തവ സമയത്ത് ഇരുമ്പിന്‍റെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ മത്സ്യ മാംസാദികൾ കഴിക്കുക. സസ്യാഹാരിയാണെങ്കിൽ ഭക്ഷണത്തിൽ ഇലവർഗ്ഗങ്ങൾ ഉൾപ്പെടുത്തുക. ശരീരത്തിൽ ഇരുമ്പിന്‍റെ കുറവ് ഉണ്ടായാൽ ക്ഷീണം അനുഭവപ്പെടും.

മഞ്ഞളും കുർക്കുമിനും: മഞ്ഞളിൽ കൂർക്കുമിൻ അടങ്ങിയിരിക്കുന്നതിനാൽ അത് ആന്‍റി ഓക്‌സിഡന്‍റും ആന്‍റി ഇൻഫ്ളമേറ്ററിയും ആണ്. ഇപ്പോൾ കുർക്കുമിൻ ക്യാപ്‌സ്യൂളുകൾ ലഭ്യമാണ്. ആർത്തവ പ്രശ്നനങ്ങൾക്ക് ഇത് വളരെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഇത് വിഷാദാവസ‌ഥയിൽ പ്രവർത്തിക്കുന്നു. മാത്രവുമല്ല മാനസികാവസ്‌ഥയെ മികച്ചതായി നിലനിർത്തും.

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ഇരുമ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇതിൽ 100 ഗ്രാം ഡാർക്ക് ചോക്ലേറ്റും 67 ശതമാനം ഇരുമ്പും 58 ശതമാനം മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് ദൈനംദിന ആവശ്യകത നിറവേറ്റുന്നതിനു നല്ലതാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന ധാതുക്കളുടെ കുറവ് ഇതിലൂടെ ഒഴിവാക്കാം.

നട്‌സ്: ബദാം, കശുവണ്ടി, വാൽനട്ട് തുടങ്ങിയ നട്‌സ് ആവശ്യത്തിന് പ്രേട്ടീനും ഒമേഗ3 ഫാറ്റി ആസിഡും നൽകും. ഇവ നേരിട്ട് കഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ സ്‌മൂത്തിയിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ബദാം ചേർത്ത് പാൽ കുടിക്കാം.

പാലും തൈരും: ചില സ്ത്രീകൾക്ക് ആർത്തവ സമയത്ത് യീസ്‌റ്റ് അണുബാധ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ തൈര് നല്ലൊരു പ്രോബയോട്ടിക്കാണ്. ദഹനം മികച്ചതാക്കാനും യീസ്‌റ്റ് അണുബാധ നിയന്ത്രിക്കാനും യോനിയിൽ നല്ല ബാകക്ടീരിയകളെ പോഷിപ്പിക്കാനും പ്രോബയോട്ടിക്ക് കഴിക്കാം. പാലിൽ നിന്നും തൈരിൽ നിന്നും ശരീരത്തിന് പ്രോട്ടീനും കാത്സ്യവും ലഭിക്കുന്നു.

കിനോവ, പയർവർഗ്ഗങ്ങൾ, ബീൻസ്: ഇവയിൽ ഇരുമ്പ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സസ്യഭുക്കുകൾക്ക് മാംസത്തിന് ബദലായി കഴിക്കാവുന്ന മികച്ച ഭക്ഷ്യവസ്‌തുക്കളാണിത്.

പെപ്പർമിന്‍റ് ടീ: പെപ്പർമിന്‍റ് ടീ ആർത്തവ സമയത്ത് വളരെ നല്ലതാണ്. ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവ ശമിപ്പിക്കും.

ആർത്തവ സമയത്ത് എന്ത് കഴിക്കാൻ പാടില്ല

ഉപ്പ്: എന്തായാലും ഉപ്പ് അധികം കഴിക്കുന്നത് നന്നല്ല. ആർത്തവ സമയത്ത് അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിൽ വെള്ളം അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് വയറുവേദനയ്ക്ക് കാരണമാകും. (വയറ്റിൽ വീക്കം അല്ലെങ്കിൽ ടെറ്റനസ്) അത്തരമൊരു സാഹചര്യത്തിൽ ഫാസ്‌റ്റ് പ്രോസസ് ചെയ്‌ത ഭക്ഷണം കഴിക്കാൻ പാടില്ല.

പഞ്ചസാര: അധിക പഞ്ചസാര മൂഡ് സ്വിംഗ് ഉണ്ടാക്കാൻ കാരണമാകും.

മദ്യം: ആർത്തവ സമയത്ത് മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യം കഴിക്കുന്നതിലൂടെ നിർജ്‌ജലീകരണം, ഓക്കാനം, വയറിളക്കം, തലവേദന തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടും. ഈ ഹാംഗ് ഓവർ കാരണം ക്ഷീണവും അനു ഭവപ്പെടും.

കാപ്പി: കാപ്പി പ്രേമിയാണെങ്കിൽ കാപ്പി കുടിക്കുന്നത് മിതമായ അളവിൽ ആക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. സാധ്യമെങ്കിൽ ഒന്നോ രണ്ടോ കപ്പ് മാത്രം കുടിക്കുക. കാപ്പി ദഹനത്തെ ബാധിക്കും. കാപ്പി കാരണം ശരീരത്തിൽ അനാവശ്യമായ അളവിൽ വെള്ളം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

എരിവുള്ള ഭക്ഷണം: സാധാരണ അളവിൽ മസാലകൾ കഴിയ്ക്കാം. എന്നാൽ അമിതമായി മസാലകൾ കഴിക്കുന്ന ശീലമുള്ളവർ അത് കുറയ്ക്കുക. അമിതമായ എരിവുള്ള ഭക്ഷണം ദഹനവ്യവസ്‌ഥയെ ബാധിക്കുന്നു. വയറുവേദന, വയറിളക്കം, ഓക്കാനം ഛർദ്ദി എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

റെഡ് മീറ്റ്: റെഡ് മീറ്റിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ടെങ്കിലും അതിൽ ധാരാളം പ്രോസ്‌റ്റാഗ്ലാൻഡിൻ ഹോർമോണും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ദഹിക്കാത്ത ഭക്ഷണങ്ങൾ: നിങ്ങൾക്ക് പരിചിതമില്ലാത്തതോ ദഹിക്കാൻ കഴിയാത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. ഇത് മലബന്ധം, വയറിളക്കം, ഓക്കാനം, ഛർദ്ദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുകയും ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें