സെക്സ് നല്ല മരുന്ന്

രാജേഷിന്‍റെയും നീനയുടേയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കുറച്ചുനാളുകളായി ഭർത്താവ് ഏറെ അസ്വസ്ഥനായിരുന്നു. അതിന്‍റെ കാരണമെന്താണെന്ന് അയാൾ ആരോടും പറഞ്ഞിരുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ കുറച്ചുനാളുകളായി തുടരുന്ന ആശയവിനിമയമില്ലായ്മ കുടുംബാന്തരീക്ഷത്തെ മൊത്തത്തിൽ ബാധിച്ചിരുന്നു. ഒടുവിൽ അവർ പരിഹാരം തേടി ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

നീനയ്ക്ക് ഒന്നിലും താൽപര്യമില്ലാത്തതായിരുന്നു രാജേഷിന്‍റെ അസ്വസ്ഥതയ്ക്ക് കാരണം. ശാരീരികമായ അസ്വസ്ഥതയായിരുന്നു നീനയുടെ തളർച്ചയ്ക്ക് കാരണമായത്. ശരീരമാസകലമുള്ള വേദന. അതിനവർ മുടങ്ങാതെ മരുന്നു കഴിച്ചിരുന്നു. രാത്രിയിൽ കിടക്ക കാണുമ്പോഴെ ഉറക്കം വരും. ഭർത്താവ് സെക്സിനു വേണ്ടി താൽപര്യം പ്രകടിപ്പിച്ചാലും അവർ ഒഴിഞ്ഞുമാറും. ഇതാവർത്തിച്ചതോടെ ഭർത്താവിന് മനോവിഷമത്തിന് കാരണമായി. ശാരീരികാരോഗ്യമില്ലെങ്കിൽ സെക്സിനോട് താൽപര്യമുണ്ടാകുന്നതെങ്ങനെ?

ഏത് പ്രായത്തിലും സെക്സിനോടുള്ള താൽപര്യവും ഭാവനകളും മനസ്സിലുണരാം. ഈ താൽപര്യം എത്രത്തോളമുണ്ടോ അത്രയും സെക്സ് ആസ്വാദ്യകരമാവും. സെക്സ് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നു മാത്രം.

ഒട്ടുമിക്ക ലൈംഗിക പ്രശ്നങ്ങളും ശരീരവുമായിട്ടല്ല മനസ്സുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. മനസ്സിൽ താൽപര്യമില്ലെങ്കിൽ ശരീരം ഒരിക്കലും അതിന് തയ്യാറാവുകയില്ല. ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടെങ്കിൽ അത് ലൈംഗിക ജീവിതത്തെ സ്വാധീനിക്കും.

വ്യായാമം ഒഴിവാക്കരുത്

പതിവായുള്ള വ്യായാമത്തിലൂടെ കാർഡിയോ വാസ്കുലൻ സംബന്ധ പ്രശ്നങ്ങൾ വെയിറ്റ് ലോസ്, ക്യാൻസർ, ബ്ലഡ്പ്രഷർ, ഡയബറ്റീസ് തുടങ്ങിയ പ്രശ്നങ്ങളെ നിയന്ത്രണ വിധേയരാക്കാം

ലൈംഗിക ജീവിതത്തെ ആനന്ദകരമാക്കുന്നതിനും വ്യായാമം ഫലവത്താണ്. ഏതു തരത്തിലുള്ള ഫിസിക്കൽ ആക്റ്റിവിറ്റിയും ശരീരത്തിലെ വിഭിന്ന ഭാഗങ്ങളിലെ രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തും. പ്രത്യേകിച്ചും പുരുഷ ലൈംഗികാവയവത്തിൽ ഒരളവുവരെ ഇൻഫക്ഷനിനുള്ള സാദ്ധ്യത അത് കുറയ്ക്കും.

നിത്യവും വ്യായാമം ചെയ്യുന്നവരിൽ ഉണർവും ഉത്സാഹവും ഏറെയായിരിക്കും. അവരുടെ കോൺഫിഡൻസ് ലെവലും കൂടുതലായിരിക്കും. ശാരീരികമായി ആകർഷകത്വമുള്ളവരായിരിക്കുമെന്നതാണ് പ്ലസ് പോയിന്‍റ്. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഇത്തരക്കാർക്ക് സെക്സ് ഏറെ ആസ്വാദ്യകരമായിരിക്കും.

സെക്സ് നമ്മുടെ ശരീരത്തിൽ ഗുരുതരമായ പല അസുഖങ്ങളേയും ചെറുക്കാൻ സഹായകരമായ രാസവസ്തു പുറപ്പെടുവിക്കുന്നുണ്ട്. ഫിസിക്കൽ എക്സർസൈസിലൂടെ പിരിമുറുക്കത്തിൽ നിന്നും മനസ്സിനേയും ശരീരത്തേയും മോചിപ്പിക്കാം. അതുവഴി തളർച്ചയും ക്ഷീണവുമകലും. അതോടൊപ്പം സെക്സിനോടുള്ള താൽപര്യവും വർദ്ധിക്കും. എല്ലാത്തരം വ്യായാമങ്ങളും ഫലവത്താണെങ്കിലും എയ്റോബിക്ക് വ്യായാമം ഹോർമോൺ നിലയെ സന്തുലിതമാകും. ആരോഗ്യകരമായ സെക്സ‌് ലൈഫ് ഒരാളുടെ കോൺഫിഡൻസ് ലെവലും എനർജ്ജിയും ഉയർത്തും.”ഫിസിഷ്യൻ ഡോ.അജയ് പറയുന്നു.

ഹെൽത്തി ഡയറ്റ്

സന്തുലിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക. സാച്ചുറേറ്റഡ് ഫാറ്റുള്ള ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ നിന്നും ഒഴിവാക്കിയേക്കു. ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാദ്ധ്യത അത് ക്ഷണിച്ചുവരുത്തും.

സീസണൽ പഴങ്ങളും പച്ചക്കറികളും ജ്യൂസും കഴിക്കുക. എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷ്യവസ്തുക്കളും ജങ്ക് ഫുഡും ഒഴിവാക്കാം. ഇത്തരം ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ജോലി ചെയ്യാനുള്ള താൽപര്യം കുറയ്ക്കും. സംസാരിക്കുവാനോ സ്നേഹിക്കുവാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാവുകയില്ല. അതിനാൽ നിറയെ ഫൈബർ ഉള്ള ഭക്ഷ്യ വസ്തു‌ക്കൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഫിറ്റ്നസ് നിലനിർത്തുന്നതിന് ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ദിവസവും 8-10 ഗ്ലാസ് വെള്ളവും കുടിക്കു ക. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ, മിനറൽ, പ്രോട്ടീൻ ഗുളികകൾ കഴിക്കുന്നതിന് പകരം ഫ്രഷ് പഴങ്ങൾ കഴിക്കുക.

അമിതവണ്ണം: സുഖകരമായ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കും… അമിതവണ്ണമുള്ളവർ എളുപ്പത്തിൽ തളർന്നുപോകും. സെക്സ് സുഖം അവർക്ക് വേണ്ടരീതിയിൽ ആസ്വദിക്കാനുമാവില്ല. ശ്വാസം മുട്ടൽ, വിയർക്കൽ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവാം. ശരീരാകൃതിയെച്ചൊല്ലി ഇത്തരക്കാർ അപകർഷതാബോധം പുലർത്തുന്നവരായിരിക്കും. അതിനാൽ സെക്സിനോട് താൽപര്യം തീരെ ഉണ്ടാവണമെന്നില്ല.

പുറം വേദന: ഇതൊരു സാധാരണ പ്രശ്ന‌മാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ തെറ്റായ ശരീരിക നില (പോസ്ചർ) അവലംബിക്കുക വഴി ഈ വേദന കൂടാം. എന്നു വിചാരിച്ച് സെക്സ് സുഖം നേടുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള കാരണമായി ഇതിനെ കാണാതിരിക്കുക. പൊസിഷനുകളിൽ മാറ്റം വരുത്തി സെക്സ് ആസ്വാദ്യകരമാക്കുക.

ഡയബറ്റീസ്: ലൈംഗിക താൽപര്യത്തെയും സുഖത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അസുഖമാണിത്. ഡയബറ്റീസ് രോഗം മൂലം രോഗിയുടെ ശരീരം ദുർബലമാവും. ഇൻസുലിൻ എടുക്കുന്ന രോഗികളാവട്ടെ സെക്സ് വേളയിൽ ഉത്തേജിതരാവുന്നതു മൂലം പൊ‌ഗ്ലേസെമിയ്ക്ക് ഇരയാവാം. സെക്സ‌ിലേർപ്പെടുന്ന വേളയിൽ തലകറക്കവും വിറയലും അനുഭവപ്പെടും. ഒപ്പം ഹൃദയമിടിപ്പ് ശക്ത‌വുമാവും.

പ്രയോജനങ്ങൾ

ഒരു ശാരീരിക വ്യായാമമാണ് സെക്സ്. സെക്സിലേർപ്പെടുക വഴി കലോറി എരിച്ചു കളയപ്പെടും. കൊളസ്ട്രോൾ നില മെച്ചപ്പെടും. ഒപ്പം രക്‌തയോട്ടം വർദ്ധിക്കും. ഒരോ തവണയും സെക്സിലേർപ്പെടുന്നതുവഴി 85 കലോറിയാണ് എരിച്ചു കളയപ്പെടുന്നത്. ഒരാഴ്‌ച നടക്കുമ്പോൾ എരിച്ചു കളയപ്പെടുന്ന കലോറിക്ക് തുല്യമാണ് ആഴ്ച്ചയിൽ 3 തവണ സെക്സിലേർപ്പെടുക വഴി നഷ്‌ടപ്പെടുന്ന കലോറി. തലവേദന, സന്ധിവേദന എന്നിവർക്കും ഫലവത്താണ് സെക്‌സ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോൺ, ആർത്രൈറ്റീസ് വേദന തുടങ്ങിയവയ്ക്കും ഫലവത്താണ്.

സെക്സ‌ിലേർപ്പെടുന്ന വേളയിൽ ഹോർമോൺ സ്രവിക്കുന്നതിനാൽ മനസ്സ് ശാന്തവും ശരീരം ഊർജ്‌ജസ്വലവുമാകും. യൗവ്വനം നിലനിർത്തുന്നതിനും സെക്സ് ഗുണപ്രദമാണത്രേ. ഈ സമയത്ത് ഹോർമോൺ നിലയിലുണ്ടാകുന്ന വ്യതിയാനം രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നു. ഇത് ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്തും. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ നില ഉയരുന്നതിനാൽ മുടിയുടെ തിളക്കം വർദ്ധിക്കും. അതോടൊപ്പം മുഖകാന്തിയും.

ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സെക്സ് സമർപ്പണ മനോഭാവമാണ് വളർത്തുക. വിവാഹ ജീവിതത്തിലത് സന്തുഷ്‌ടിപകരും. ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കുന്നവരുടെ സ്വകാര്യജീവിതവും പ്രൊഫഷണൽ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.

ബ്യൂട്ടി ഡ്രീംസ്

ഫോട്ടോഗ്രാഫുകൾക്ക് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്ക് പലപ്പോഴും സ്വയം ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും. മികച്ച സ്റ്റുഡിയോയിൽ മിടുക്കൻ ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചിട്ടും ഫോട്ടോ നന്നാവുന്നില്ലെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം സ്വന്തം ലുക്കിനെക്കുറിച്ചുള്ള ധാരണ തന്നെ. വിവാഹ ഫോട്ടോ ആയാലും പ്രൊഫൈൽ ഫോട്ടോ ആയാലും മുഖവും രൂപവും മൊത്തത്തിൽ ആകർഷകമായിരിക്കണം. ഗ്രൂപ്പ് ഫോട്ടോയിൽ പോലും ഇതാരാണെന്ന് ചോദിക്കുന്ന അത്ര ആകർഷകമാക്കി നിങ്ങളുടെ മുഖവും ഫോട്ടോജെനിക്കാണെന്ന് പറയിപ്പിക്കാനാകും. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക.

ഫോട്ടോ/ വീഡിയോ എടുക്കും മുമ്പ് അതേത് ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെന്ന് മുൻകൂട്ടി ധാരണ വേണം. അതിനനുസരിച്ചു വേണം മേക്കപ്പ് ചെയ്യാൻ. വിവാഹാവശ്യത്തിന് വേണ്ടിയാണ് മേക്കപ്പ് എങ്കിൽ ഹെവി ആകണം. ബയോഡാറ്റ പോലുള്ള ആവശ്യങ്ങൾക്കാണെങ്കിൽ നോർമൽ ഫോട്ടോ വേണം. ത്വക്കിന്‍റെ നിറവുമായി ഒത്തു പോകുന്ന ന്യൂഡ് മേക്കപ്പ് ആണ് ഇത്തരം ആവശ്യങ്ങൾക്ക് ഉചിതം.

ഔട്ട്ഡോർ ഫോട്ടോ

നാച്ചുറൽ ലൈറ്റിൽ പുറത്ത് വച്ച് എടുക്കുന്ന ഫോട്ടോയ്ക്ക് മേക്കപ്പ് കുറച്ചു മതി. ഇത്തരം അവസരങ്ങളിൽ കണ്ണിനടി യിൽ അൽപം യലോ കൺസീലർ പുരട്ടാം. ചർമ്മത്തിന്‍റെ നിറവുമായി ഇണങ്ങുന്ന ഫൗണ്ടേഷൻ ടച്ച് ചെയ്യുക. ട്രാൻസ്ലസന്‍റ് പൗഡറിനൊപ്പം സോഫ്ട് പിങ്ക് ബ്ലഷർ അൽപം പുരട്ടാം.

നിങ്ങളുടേത് ബ്രൗൺ സ്കിൻ ടോൺ ആണെങ്കിൽ സോഫ്ടട് പിങ്ക് ബ്ലഷർ നേർപ്പിച്ച് അപ്ലൈ ചെയ്യാം. കൺ പോളകളിൽ ഗോൾഡൻ, പീച്ച്, സോഫ്ട് പിങ്ക്, ബ്രൗൺ ഇവയുടെ സോഫ്ട് ഷെയ്ഡ് ഐഷാഡോ ഉപയോഗിക്കാം. തുടർന്ന് ട്രാൻസ്പെരന്‍റ് മസ്കാരയും കണ്മഷിയും എഴുതിയാൽ കണ്ണിന്‍റെ മേക്കപ്പ് പൂർത്തിയായി. ചുണ്ടിൽ നാച്ചുറൽ ഗ്ലോസിന്‍റെ കൂടെ ബേസ് നിറത്തിലുള്ള ലിപ്സ്റ്റിക് കുടി അണിഞ്ഞാൽ ഒരുക്കം പൂർത്തിയായി. ഇതു പോലുള്ള ന്യൂഡ് മേക്കപ്പിലുടെ സ്വന്തം സൗമ്യതയാർന്ന വ്യക്തിത്വം പ്രകടിപ്പി ക്കാൻ കഴിയും.

ഇൻഡോർ ഫോട്ടോ

ഇൻഡോർ ഫോട്ടോ സെഷനിൽ ലൈറ്റ് അറേഞ്ച്മെന്‍റിനു വേണ്ടി ഫോട്ടോഗ്രാഫർ ഫ്ളാഷ് ഉപയോഗിച്ചേക്കാം. ഇൻഡോർ ഫോട്ടോസെഷൻ പകൽ ആണെന്നിരിക്കട്ടെ. ലിപ്സ്റ്റിക്ക് കുറച്ച് ഉപയോഗിച്ചാൽ മതി. എന്നാൽ കണ്ണുകൾക്ക് പരമാവധി ഹൈലൈറ്റിംഗ് ചെയ്യാം. ബ്ലഷർ അധികം ഉപയോഗിക്കരുത്. വിവാഹവേളകളിൽ മുഖത്തേയ്ക്ക് അധികം ലൈറ്റും ചൂടും അടിക്കുന്നതിനാൽ ബ്ലഷർ കൂടുതലണിഞ്ഞാൽ മേക്കപ്പ് കറുത്തുപോയേക്കും. ഇൻഡോർ ഫോട്ടോയ്ക്ക് ഒരുങ്ങുമ്പോൾ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സീലറിൽ നിന്ന് ഒരു ഷേഡ് കുറഞ്ഞ കൺസീലർ മതിയാകും.

ജീവൻ തുടിക്കും

മുഖത്തിന്‍റെ പെർഫെക്ട് ലുക്കിന് സ്കിന്നിലെ ഈർപ്പം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ബേബി ക്രീം ഉപയോഗിക്കാം. മുഖം ഉണങ്ങില്ല, വരളാതെ ദിനം മുഴുവൻ ഫ്രഷായിരിക്കും. ഫോട്ടോയും.

ചിത്രത്തിന് ജീവൻ പകരുന്നതിൽ ഐ മേക്കപ്പും നിർണായക ഘടകമാണ്. ഐഷാഡോ ഒത്തിരി തിളക്കമുള്ളത് ഒഴിവാക്കി ലൈറ്റ് ഷിമർ ഐബോളിൽ തേച്ചിട്ട് സ്പോഞ്ച് കൊണ്ട് മെല്ലെ ഒപ്പുക. മിഴിപ്പീലികളിൽ മസ്കാര എഴുതുന്നതും കൃത്രിമ മിഴിപ്പീലി പിടിപ്പിക്കുന്നതും ഫോട്ടോയ്ക്ക് കൂടുതൽ കൗതുകം പകരും.

മേക്കപ്പ് ബ്ലെൻഡിംഗ്

ഫോട്ടോ സെഷനു മുമ്പ് പര്യാപ്തമായ സമയം മേക്കപ്പ് ചെയ്യാൻ എടുക്കണം. കൺസീലർ, ഫൗണ്ടേഷൻ എന്നിവ ഭംഗിയായി മുഖത്തു ബ്ലെൻഡ് ചെയ്തു പിടിപ്പിക്കുന്നതിനു അനുസരിച്ചായിരിക്കും മേക്കപ്പിന്‍റെ പെർഫെക്ഷൻ. ഫൗണ്ടേഷൻ കവർ ചെയ്യാനാവശ്യമായ അളവിൽ മാത്രമേ പൗഡർ ഉപയോഗിക്കാവൂ. ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ കോംപാക്റ്റ് കൂടെ കരുതുക. ഫോട്ടോ എടുക്കും മുമ്പ് കോംപാക്റ്റ് ലൈറ്റായി ഒന്നു ടച്ച് ചെയ്താൽ എണ്ണമയം കൊണ്ടുള്ള ഫ്ലെയർ ഒഴിവാകും. ഫോട്ടോ എടുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ചുണ്ടിലെ ലിപ്സ്റ്റിക്. ലാക്മേ, റവ്ലോൺ പോലുള്ള ലി പ്സ്റ്റിക്കുകൾ ദീർഘനേരം ചുണ്ടിന് ഭംഗി പകരുമെന്നുറപ്പാണ്. എങ്കിലും ഫൈനൽ ടച്ചപ്പിനായി ലിപ്സ്റ്റിക്കും പേഴ്സിൽ കരുതാം.

ഡ്രസ് സെൻസ്

അവസരവും ആവശ്യവും കണക്കിലെടുത്തുള്ള വസ്ത്രങ്ങളാണ് മികച്ച ലുക്ക് നൽകുക. ഫോട്ടോസെഷനിൽ പങ്കെടുക്കുമ്പോൾ ധാരാളം ഗ്ലീറ്ററിംഗ്സ് ശരീരത്തിൽ പടരുന്ന തരം വസ്ത്രങ്ങൾ ധരിക്കരുത്. ഫോട്ടോ കണ്ടാൽ നല്ല അഭിപ്രായം പറയാനിതൊക്കെ മാത്രം പോര… നല്ല ബോഡി പോസ്ചർ വേണം, പിന്നെ കൃത്രിമത്വമില്ലാത്ത മുഖഭാവവും. ഇനി ക്യാമറ കാണുമ്പോൾ മടിക്കാതെ ചിരിക്കുക. നെർവസ് ആകുകയേ വേണ്ട. അതേയ്… ഫോട്ടോഗ്രാഫറുടെ കയ്യിൽ ക്യാമറയാണ്, ഗൺ അല്ല.

ഹെയർ സ്റ്റൈൽ

ഒരാളുടെ ലുക്ക് മാറ്റാൻ ഹെയർ സ്റ്റൈൽ മാത്രം ചേഞ്ച് ചെയ്‌താൽ മതിയെന്നതാണ് വാസ്‌തവം. നീളത്തെ എൻഹാൻസ് ചെയ്യാതെ, മുടിക്ക് വോളിയം തോന്നുന്ന രീതിയിൽ ഹെയർ കട്ട് ചെയ്യുക. മുടിയുടെ ആരോഗ്യം, മുഖത്തിന്‍റെ ആകൃതി. ശരീര ഘടന ഇവ മൂന്നും കണക്കിലെടുത്തുവേണം ഹെയർ സ്റ്റൈൽ റെഡിയാക്കാൻ ആവറേജിൽ കൂടുതൽ ശരിരവും ഉയരവും ഉള്ളവർക്ക് ഷോൾഡർ ലെവൻ കട്ട് ഭംഗിയാവില്ല.

ഷോൾഡർ ലവൽ കട്ടിൽ തന്നെ ലെതെർ കട്ട്, ഫെദർ കട്ട് ഇവ ചെയ്‌താൽ മെലിഞ്ഞവർക്ക് അൽപം പുഷ്‌ടിമ തോന്നും. മുടിയ്ക്ക് ഉള്ള് കുറവാണെങ്കിൽ വോളിയം തോന്നിപ്പിക്കുന്ന ഹെയർ പ്രൊഡക്‌ടുകൾ (ഹെയർമോസ്. സിറം) ഉപയോഗിക്കാം.

വിജയ രഹസ്യം മികച്ച ടീം വർക്ക്- മരിയ ഏബ്രഹാം

കേരളത്തിലെ പ്രമുഖ ബിസിനസ് ദ്വൈവാരികയെന്ന നിലയിൽ വിജയചരിത്രം കുറിച്ച ധനത്തിന്‍റെ പിന്നിലെ ശക്തമായ പെൺ സാന്നിധ്യമാണ് മരിയ ഏബ്രഹാം. ധനം പബ്ലിക്കേഷൻ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്‌ടറുമായ കുര്യൻ ഏബ്രഹാമിന്‍റെ ജീവിത പങ്കാളി. 1987-ൽ ആരംഭിച്ച ധനം ദ്വൈവാരികയിപ്പോൾ ഡിജിറ്റൽ-ഓൺലൈൻ നവയുഗ മീഡിയ കമ്പിനിയായി മാറിയിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും സമ്പത്തിക-വാണിജ്യ മേഖലകളിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ സാന്നിധ്യമായി ഇന്നത്തെ നിലയിൽ ധനത്തെ എത്തിച്ചതിൽ വലിയൊരു പങ്ക് മരിയയ്ക്കുണ്ട്. കഴിഞ്ഞ 37 വർഷമായി ധനത്തിന്‍റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തി.

ഫുഡ് ന്യൂട്രിഷനിസ്റ്റ‌ിൽ നിന്നും ഒരു ബിസിനസ് മാധ്യമത്തിന്‍റെ അമരക്കാരിൽ ഒരാളാവുക. ആ യാത്ര അത്ര നിസ്സാരമായിരുന്നില്ല. ബിസിനസ് രംഗത്തെ ഒട്ടേറേ പ്രതിസന്ധികളേയും വെല്ലുവിളികളേയും സധൈര്യം നേരിട്ടും പരിഹരിച്ചും തിരുത്തിയും ധനത്തിന്‍റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച വ്യക്തിത്വം. ധനത്തിന്‍റെ ബിസിനസ് ചുമതലകൾക്ക് പുറമെ എഡിറ്റോറിയൽ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച മരിയ ഏബ്രഹാമുമായി നടത്തിയ അഭിമുഖത്തിൽ നിന്നും..

കേരളത്തിലെ നമ്പർ വൺ ബിസിനസ് മാസികയാണ് ധനം ഈ വളർച്ചയിൽ എത്രത്തോളം പങ്കാളിയാകാൻ സാധിച്ചു?

ധനത്തിന്‍റെ വളർച്ച മികച്ച ടീം വർക്കിന്‍റെ ഫലമാണ്. തുടക്കം മുതൽ അതായത് കഴിഞ്ഞ 37 വർഷമായി ഞാൻ ധനത്തിന്‍റെ ഭാഗമായതിനാൽ എനിക്കും ഈ വളർച്ചയിൽ എന്‍റേതായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ അഡ്‌മിനിസ്ട്രേഷന്‍റെ ചുമതല ആയിരുന്നു. എന്നാൽ എഡിറ്റോറിയൽ കാര്യങ്ങളിലെ എന്‍റെ അഭിരുചി മനസ്സിലാക്കി അത്തരം ചെറിയ ജോലികൾ ആദ്യം മുതൽ തന്നെ എന്നെ ഏൽപ്പിക്കുമായിരുന്നു. ബിസിനസ് ജേണലിസത്തിലേക്കുള്ള എന്‍റെ ആദ്യ ചുവടു വെപ്പുകളായിരുന്നു അവ. ഇത്തരത്തിൽ “ഓൺ ദി ജോബ്” പരിശീലനം ലഭിച്ചത് കൊണ്ട് പിന്നീട് എഡിറ്റോറിയലിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോൾ ആത്മവിശ്വാസത്തോടെ അത് നിർവഹിക്കാനായി. ഇപ്പോൾ ഇവന്‍റ്സ്, ബുക്ക്സ് എന്നിവ ഉൾപ്പെടെ ധനത്തിന്‍റെ എല്ലാ പ്രവർത്തന മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇവയിലെല്ലാം ആധികാരികത, മികച്ച നിലവാരം, പ്രയോജനക്ഷമത എന്നിവ ഉറപ്പു വരുത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

കേരളത്തിലെ ബിസിനസ് രംഗത്തെ ചലനങ്ങളെ തിരിച്ചറിയാനും അവനെ ആധ്യനിക രീതിയിൽ ബ്രാൻഡ് ചെയ്യാനും ധനത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലെ പരിശ്രമത്തെക്കുറിച്ച് പറയാമോ?

മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമാണ് ധനം. ഇന്ത്യയിൽ തന്നെ പ്രാദേശിക ഭാഷകളിൽ ആദ്യത്തേതും. 1987-ൽ ധനം പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ദിനപത്രങ്ങളിൽ പോലും എന്തെങ്കിലും ബിസിനസ് വാർത്തകൾ വരുന്നത് വളരെ അപൂർവ്വമായിരുന്നു. ബിസിനസുകാരെ പൊതുവെ ചൂഷകരായി കണ്ടിരുന്ന ഒരു കാലത്താണ് ഇൻസ്പൈറിംഗ് ബിസിനസ് സക്സസ് എന്ന ദൗത്യവുമായി ധനം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ആദ്യമായി ബിസിനസ് വിജയകഥകൾ അച്ചടിച്ചു വരുന്നത് ധനത്തിലാണ്. തങ്ങൾക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിന് വേണ്ടിയും സമ്പത്ത് സൃഷ്ട്‌ടിക്കുന്നവർ എന്ന നിലയിൽ ബിസിനസുകാരെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വരുത്താനും അവർക്ക് അംഗീകാരവും ആദരവും നേടികൊടുക്കാനും ധനത്തിന് കഴിഞ്ഞു എന്ന് നിസംശയം പറയാം. മലയാളി സമൂഹത്തിന് ബിസിനസ്, സാമ്പത്തിക, നിക്ഷേപ സംബന്ധമായ വാർത്തകളും അറിവുകളും നൽകുക മാത്രമല്ല അത്തരത്തിലുള്ള പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരിശീലന പരിപാടികളും സംഗമങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു കൊണ്ട് കേരളത്തിൽ ഒരു ബിസിനസ് സംസ്ക്കാരം രൂപപ്പെടുത്തുന്നതിലും ധനത്തിനു വലിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അച്ചടി മാധ്യമങ്ങൾക്ക് പൊതുവെ പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ മിക്ക പ്രസിദ്ധീകരണങ്ങളും ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറികഴിഞ്ഞു. ധനവും അത്തരമൊരു നവ മാധ്യമമായി മാറിയിരിക്കുന്നു. ആ വിജയത്തെ എങ്ങനെ ആണ് വിലയിരുത്തുന്നത്?

പ്രതിസന്ധികൾ ബിസിനസിന്‍റെ ഭാഗം തന്നെയാണല്ലോ? ധനത്തിനും നിരവധി പ്രതിസന്ധികളെ നേടിടേണ്ടി വന്നിട്ടുണ്ട്. ഓൺലൈൻ- ഡിജിറ്റൽ മാധ്യമങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്ന വേളയിൽ ആ രംഗത്തേക്ക് കടന്ന് സാന്നിധ്യം ശക്തമാക്കിക്കൊണ്ടാണ് അതിനെ നേരിട്ടത്. ധനം ഓൺലൈൻ ബിസിനസ്, നിക്ഷേപ വാർത്തകൾ നൽകുന്ന കേരളത്തിലെ പ്രമുഖ പോർട്ടൽ എന്ന സ്‌ഥാനം നേടിയെടുക്കുകയും ചെയ്‌തു.

ഇപ്പോൾ പ്രതിമാസം 24 ലക്ഷത്തിലധികം പേർ (യൂനിക്ക് വിസിറ്റേഴ്‌സ്) സന്ദർശിക്കുന്ന വെബ്സൈറ്റാണ് ധനത്തിന്‍റേത്. ഓരോ മാസവും ഒരു കോടി അഞ്ചു ലക്ഷത്തിലധികം പേജ് വ്യൂസ് ലഭിക്കുന്നുമുണ്ട്. ധനം ടൈറ്റൻ ഷോ, സ്‌റ്റാർട്ടപ്പ് കഥ, ധനം ബിസിനസ് കഫേ മുതലായ വീഡിയോ സീരിസുകളും പോഡ്‌കാസ്റ്റുകളുമായി ഡിജിറ്റൽ രംഗത്ത് സജീവമാണ്. ഏറ്റവുമൊടുവിൽ ധനം ഓൺലൈൻ ഇംഗ്ലീഷിലും തുടങ്ങിയിട്ടുണ്ട്. ധനം ഓരോ വർഷവും ധനം ബിസിനസ് സമ്മിറ്റ് ആന്‍റ് അവാർഡ് നൈറ്റ്, ധനം റീട്ടേയിൽ സമ്മിറ്റ്, ബാങ്കിംഗ് ആന്‍റ് ഫിനാൻസ് സമ്മിറ്റ്, ധനം എംഎസ്എംഇ സമ്മിറ്റ് എന്നിങ്ങനെ നിരവധി ഇവന്‍റുകളും സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ബിസിനസ് മാഗസിനും ബുക്സിനും ഒപ്പം അനുബന്ധ മേഖലകളിലേക്ക് വൈവിധ്യ വൽക്കരിച്ചതിനാൽ പ്രതിന്ധകളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുന്നു.

വിജയിച്ച ഒരു ബിസിനസ് പ്രസിദ്ധീകരണത്തിന്‍റെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിക്കേണ്ടി വരുമെന്ന് വിചാരിച്ചിരുന്നോ?

ന്യൂട്രിഷ്യൻ അധ്യാപികയായി ജോലി നോക്കിയിരുന്ന ഞാൻ ആദ്യത്തെ കുട്ടി ജനിച്ച ശേഷമാണ് ധനത്തിന്‍റെ ഭാഗമാകുന്നത്. പബ്ലിഷിംഗ് രംഗത്ത് പ്രവർത്തിക്കുമെന്ന് നേരത്തെ വിചാരിച്ചിട്ടേയില്ല. ഈ മേഖലയിലേക്ക് എത്തിയിരുന്നിലായെങ്കിൽ അധ്യാപന രംഗത്ത് തന്നെ പ്രവർത്തിക്കുമായിരുന്നു.

വനിത പ്രസാധക എന്ന ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നോ?

പൊതുവെ പുരുഷ മേധാവിത്വം ഉള്ള വ്യവസ്‌ഥിതിയിൽ സ്ത്രീകളുടെ അഭിപ്രായവും നേതൃത്വവും അംഗീകരിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ? ഇത്തരത്തിൽ ചില ബുദ്ധിമുട്ടുകൾ ആദ്യകാലത്ത് നേരിട്ടുട്ടുണ്ട്. ക്ഷമയും നിശ്ചയ ദാർഢ്യവുമുണ്ടെങ്കിൽ കാര്യങ്ങൾ നമുക്ക് അനുകൂലമാക്കി മാറ്റാം എന്നാണ് എന്‍റെ അനുഭവം. ഏതു മേഖലയിലാണെങ്കിലും 100 ശതമാനം ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും കാലത്തിനനുസരിച്ച് മുന്നേറാനും കഴിയും.

ഇന്ന് ധനത്തിന്‍റെ വളർച്ചയെ വിലയിരുത്തുമ്പോൾ?

ധനത്തിന്‍റെ വളർച്ച വിലയിരുത്തുമ്പോൾ സന്തോഷവും സംതൃപ്തിയും ഉണ്ട്. എന്നാൽ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന ബോദ്ധ്യവുമുണ്ട്.

ഈ മേഖലയിൽ മറ്റ് ബിസിനസ് പ്രസിദ്ധീകരണങ്ങൾ വെല്ലുവിളിയായിട്ടുണ്ടോ?

പല ബിസിനസ് പ്രസിദ്ധീകരണങ്ങളും ഇപ്പോൾ ഉണ്ടെങ്കിലും ധനം കൈകാര്യം ചെയ്യുന്ന മേഖലകളെല്ലാം ഉൾപ്പെടുത്തിയുള്ള മറ്റ് മാസികകൾ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. വെല്ലുവിളി മറ്റു മാസികകളിൽ നിന്നല്ല, സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലം ആളുകളുടെ വായനയുടെ സമയം ചുരുങ്ങുന്നതാണ് ഒരു വെല്ലുവിളി, ഡിജിറ്റൽ മാധ്യമ രംഗത്തും സജീവമായിക്കൊണ്ടാണ് ഈ വെല്ലുവിളിയെ നേരിടുന്നത്.

മറ്റ് ബിസിനസ് പ്രസിദ്ധീകര ണങ്ങളെ അപേക്ഷിച്ച് ധനത്തെ വ്യത്യസ്‌തമാക്കുന്നത് എന്തൊക്കെയാണ്?

ഉള്ളടക്കത്തിന്‍റെ മേന്മയും ആധികാരികതയും ആണ് ധനത്തെ വേറിട്ട് നിർത്തുന്നത്. വായനക്കാരുടെ ആവശ്യങ്ങൾ മാറുന്നതനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തുകയും ഗഹനമായ സാമ്പത്തിക വിഷയങ്ങൾ പോലും ലളിതമായി സാധാരണക്കാരർക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. നിക്ഷേപ മാർഗനിർദേശങ്ങളും ബിസിനസ് അവസരങ്ങളുമുൾപ്പെടെ വായനക്കാർക്ക് ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാവുന്ന ഉള്ളടക്കമാണ് ധനത്തിന്‍റെത്. വായനക്കാർക്ക് അറിവും പ്രചോദനവും പകരുന്ന വാർത്തകളും ലേഖനങ്ങളും ആണ് ധനത്തിലുള്ളത്. ചുരുക്കത്തിൽ പോസിറ്റീവ് ജേർണലിസമാണ് ധനത്തിന്‍റെ മുഖമുദ്ര.

കുടുംബം

ഭർത്താവ് കുര്യൻ ഏബ്രഹാം ധനത്തിന്‍റെ ചെയർമാനും ചീഫ് എഡിറ്ററും ആണ്. മൂന്ന് ആൺകുട്ടികളും ബിസിനസിൽ സജീവമാണ്.

ജോലി സംബന്ധമായ സമ്മർദ്ദങ്ങളെ എങ്ങനെയാണ് തരണം ചെയ്യുന്നത്?

ജോലിയുടെ സമ്മർദ്ദം പലപ്പോഴും അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ കാര്യങ്ങൾ ഭംഗിയായി നടക്കുമ്പോൾ നല്ല സന്തോഷവും തോന്നും. അങ്ങനെ അത് ബാലൻസ് ചെയ്‌ത്‌ പൊയ്ക്കൊള്ളും. രാവിലത്തെ ചെറിയ വ്യായാമം ദിനചര്യയുടെ ഭാഗമാണ്. ജോലിക്ക് പുറമെ മറ്റു സംഘടനകളിൽ പ്രവർത്തിക്കുന്നതും സന്തോഷം പകരുന്ന കാര്യമാണ്. കേരള മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ വിമൻ മാനേജേഴ്‌സ് ഫോറത്തിന്‍റെ ചെയർപേഴ്സനും വിമൻ എൻട്രപ്രെനേഴ്‌സ് നെറ്റ്‌വർക്ക് (WEN)ന്‍റെപ്രസിഡന്‍റും ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ WENന്‍റെ കോർ അഡ്‌വൈസറി മെമ്പർ ആണ്. പുതുതായി രൂപം കൊണ്ട കൊച്ചി ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്‌ഥാപക ഡയറക്‌ടർമാരിൽ ഒരാൾ എന്ന നിലയിലും സജീവമാണ്.

ധനത്തിന്‍റെ മുന്നോട്ടുള്ള ചുവടുവയ്‌പുകൾ?

ഡിജിറ്റൽ മീഡിയ, ബിസിനസ് ഇവ്സ് രംഗങ്ങളിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം ഒരു ന്യൂ ഏജ് ബിസിനസ് മീഡിയ എന്ന നിലയിൽ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുക എന്നതാണ് ലക്ഷ്യം.

കുടുംബത്തിന്‍റെ പിന്തുണ

സാറിന്‍റെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ എന്നെ സഹായിച്ചത്. കാരണം എന്‍റെ പഠനം, പശ്ചാത്തലം വേറെ ആയിരുന്നല്ലോ. അതുപോലെ തന്നെ കുടുംബത്തിൽ എല്ലാവരും നല്ല പിന്തുണ നൽകി. എന്‍റെ അമ്മ ടീച്ചർ ആയിരുന്നതിനാൽ വർക്കിംഗ് വുമൺ എന്ന ആശയം ചെറുപ്പത്തിൽ തന്നെ മനസ്സിൽ കയറിപ്പറ്റിയതാണ്. എന്‍റെ മൂന്ന് ആൺകുട്ടികളും അമ്മയുടെ ജോലിത്തിരക്കുകൾ മനസ്സിലാക്കി സഹകരിച്ചതും വലിയ പിന്തുണയായി.

താങ്കളുടെ സക്‌സസ് മന്ത്ര?

തുടരെയുള്ള കഠിന പരിശ്രമം വിജയത്തിന് വളരെ പ്രധാനം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഗർഭാശയഗള കാൻസർ അറിയേണ്ടതെല്ലാം

ലക്ഷക്കണക്കിന് സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന രോഗമാണ് സർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള കാൻസർ. എന്നാൽ ഇത് ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള അറിവും കഴിവും നമുക്കുണ്ട്.

എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ലോക കാൻസർ ദിനം.. പ്രശസ്ത ഓങ്കോളജിസ്റ്റ് ആയ ഡോ. മോഹനൻ നായർ സർവിക്കൽ കാൻസറിനെ എങ്ങനെ തിരിച്ചറിയാമെന്നും ചികിത്സിക്കാമെന്നും വരാതെ പ്രതിരോധിക്കാമെന്നും പറയുന്നു

സെർവിക്കൽ കാൻസർ പൊതുലക്ഷണങ്ങൾ

ആരംഭ ദശയിലുള്ള സർവിക്കൽ കാൻസർ യാതൊരു രോഗലക്ഷണവും പ്രകടം ആകണമെന്നില്ല എന്നാൽ പൊതുവേയുള്ള ലക്ഷണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

  • ലൈംഗിക ബന്ധത്തിനുശേഷം ഉണ്ടാവുന്ന രക്തം പൊടിച്ചൽ അല്ലെങ്കിൽ രക്ത സ്രാവം
  • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന
  • പീരിയഡുകൾക്കിടയിൽ ഉണ്ടാവുന്ന രക്തസ്രാവം,
  • ആർത്തവ വിരാമത്തിനു ശേഷം ഉള്ള രക്തസ്രാവം
  • യോനിയിൽ നിന്നും ഉള്ള അമിത ദ്രവ സ്രവങ്ങൾ
  • ഇടയ്ക്കിടെ അടിവയറ്റിൽ, അരക്കെട്ടിൽ ഉണ്ടാകുന്ന വേദന
  • ശരീരക്ഷീണം
  • വിളർച്ച

ഈ ലക്ഷണങ്ങൾ പലപ്പോഴും കാൻസറിന്‍റെ ആണെന്ന് അർത്ഥമാക്കുന്നില്ല. പഴുപ്പ്, നീർവീഴ്ച,  രോഗാണുബാധ തുടങ്ങി ഗുരുതരമല്ലാത്ത മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾ മൂലവും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ സ്ത്രീകളിൽ കാണുന്നത് സാധാരണമാണ്. എന്നിരുന്നാലും, എന്തെങ്കിലും രോഗലക്ഷണങ്ങൾ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ പരിശോധനയ്ക്ക് പാപ്സ്മിയർ ടെസ്റ്റ്‌ ചെയേണ്ടതാണ്.

പ്രയോജനം

കാൻസർ ഉണ്ടാകുന്നതിനു വർഷങ്ങൾക്കു മുമ്പ് സെർവിക്സിൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ അത് കണ്ടെത്തുന്നതിന് പാപ്സ്മിയർ പരിശോധന വളരെ ഫലപ്രദമാണ്. വളരെ ലളിതവും വേദനാ രഹിതവും ചിലവ് കുറഞ്ഞതും എല്ലാ ആശുപത്രികളിലും ചെയ്യാൻ കഴിയുന്നതുമായ ഒരു പരിശോധന രീതിയാണ് ഇത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ഓരോ 3 വർഷത്തിലും 50 വയസ് വരെയും 50 നും 64 നും ഇടയിൽ പ്രായമുള്ളവർ ഓരോ അഞ്ചു വർഷത്തിലും പാപ്സ്മിയർ പരിശോധന നടത്തണം. സംശയകരമായ എന്തെങ്കിലും കാണുകയാണെങ്കിൽ കോൾപോസ്കോപ്പി (COLPOSCOPY) യുടെ സഹായത്താൽ ബയോപ്സി ഉൾപ്പെടെ കൂടുതൽ പരിശോധനകൾ നടത്തുവാൻ സാധിക്കും

മറ്റ് ടെസ്റ്റുകൾ

ലിക്വിഡ് സൈറ്റോളജി, ജനിതക പരിശോധന തുടങ്ങിയ ആധുനിക രീതികൾ വഴി ഗർഭാശയഗളത്തിൽ ഉള്ള കോശങ്ങളുടെ ആദ്യകാല മാറ്റങ്ങൾ കണ്ടുപിടിക്കാൻ കഴിയും.. സെർവിക്കൽ കാൻസർ സ്ക്രീനിംഗിൽ ജനിതക പരിശോധനയ്ക്കുള്ള പ്രസക്തി വർദ്ധിച്ചു വരികയാണ്. പാപ്പ് സൈറ്റോളജിയേക്കാൾ ഇത് രോഗം വളരെ നേരത്തെ കണ്ടുപിടിക്കുവാൻ സഹായിക്കുന്നു.

r. mohanan nair

പ്രതിരോധം

സർവിക്കൽ കാൻസറിനു HPV വാക്സിനേഷൻ വളരെ ഫലപ്രദമാണ്. ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന 75% ഗർഭാശയഗള കാൻസറിനെയും പ്രതിരോധിക്കുവാൻ കഴിയും. ലൈംഗിക ഇടപെടലുകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ വാക്സിൻ നൽകുന്നത് കാൻസർ പ്രതിരോധിക്കാൻ വളരെ സഹായകമാകും.

9 വയസ്സിനും 13 വയസ്സിനും ഇടയിൽ രണ്ട് ഡോസ് വാക്സിൻ പ്രതിരോധത്തിന് സഹായകമാവും. ഒരു ഡോസ് വാക്സിൻ തത്തുല്യമായ പ്രയോജനം ലഭിക്കുമെന്ന് അടുത്തകാലത്ത് നടന്ന നിരീക്ഷണങ്ങൾ തെളിയിക്കുന്നു. പുതിയ വാക്സിനുകൾ ഉണ്ടാക്കാനുള്ള ഗവേഷണങ്ങൾ ലോകത്തെങ്ങും നടന്നു കൊണ്ടിരിക്കുന്നു, അവയിൽ ചിലതൊക്കെ 2021 ൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.

2020 ൽ തന്നെ 15 ദശലക്ഷം ആളുകൾ കാൻസർ മൂലം മരണമടഞ്ഞിട്ടുണ്ടാകും. അർബുദ നിർമാർജ്ജനത്തിന് ഇനിയും ശക്തമായി നാം പ്രവർത്തിക്കുന്നില്ലെങ്കിൽ 2030 ഓടെ കാൻസർ മരണങ്ങൾ 18 ദശലക്ഷമായി ഉയരും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ന് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂന്നിലൊന്നു കാൻസറുകളെയും ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കുവാൻ കഴിയും. ഇതിൽ ഏറ്റവും പ്രധാനവും ആശ്വാസകരവും ആയ ഒരു കാര്യം ലക്ഷക്കണക്കിന് സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന സർവിക്കൽ കാൻസർ (ഗർഭാശയഗള  കാൻസർ) പ്രതിരോധിക്കുവാനുള്ള അറിവും കഴിവും നമുക്കുണ്ട് എന്നുള്ളതാണ്.

2030 ഓടെ കൂടി സർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നും നിർമ്മാർജ്ജനം ചെയ്യുക എന്നത് ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്‍റെ മുഖ്യ ലക്ഷ്യo കൂടിയാണ്. ഈ ലക്ഷ്യം നമുക്ക് കൈവരിക്കുവാൻ സാധിച്ചാൽ ഈ നൂറ്റാണ്ടിൽ കുറഞ്ഞത് അനേകം ദശലക്ഷം സ്ത്രീകൾക്ക് ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും, മരണനിരക്ക് കുറയ്ക്കുവാനും കഴിയും

ചികിത്സ വൈകിപ്പിക്കുന്ന കാരണങ്ങൾ

യഥാസമയം ചികിത്സാ കിട്ടാതെ ആണ് മരണനിരക്ക് കൂട്ടുന്നതെന്നു പറയേണ്ടതില്ലലോ. ചികിത്സ വൈകാൻ പല കാരണങ്ങൾ ഉണ്ടാകും. സാമ്പത്തികമായ അസമത്വം, വിദ്യാഭ്യാസമില്ലായ്മ, ദാരിദ്ര്യം, കാൻസർ സ്ക്രീനിങ്ങിനെ (പാപ്‌ ടെസ്റ്റ്‌, കോൾ പോസ്കോപ്പി തുടങ്ങിയ) കുറിച്ചുള്ള അറിവില്ലായ്മ, ടെസ്റ്റുകളും പരിശോധനകളും ചെയ്യുവാനുള്ള കേന്ദ്രങ്ങളുടെ അഭാവം, ശരിയായ ചികിത്സ ശരിയായ സമയത്ത് കിട്ടാതിരിക്കുക തുടങ്ങിയ അനേകം ഘടകങ്ങൾ സർവിക്കൽ കാൻസർ ഉണ്ടാകുന്ന മരണങ്ങളിലേക്ക് വഴിതെളിക്കുന്നു.

ആരോഗ്യ ജീവിതം അവകാശം

എല്ലാ സ്ത്രീകൾക്കും അവരുടെ ദേശം, വരുമാനം, വംശം, അല്ലെങ്കിൽ വിദ്യാഭ്യാസ നിലവാരം എന്നിവ ഒന്നും പരിഗണിക്കാതെ  ആരോഗ്യകരമായ ജീവിതം നയിക്കുവാനുളള അവസരം ഒരുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. സർവിക്കൽ കാൻസറിനെ കുറിച്ചുള്ള ഇന്നുവരെ ലഭ്യമായിട്ടുള്ള ശാസ്ത്രീയ വിവരങ്ങൾ, വ്യക്തിയും സമൂഹവും സർക്കാരും ബുദ്ധിപൂർവ്വം പ്രാവർത്തികമാക്കുകയാണെങ്കിൽ, പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കുന്ന, ഈ കാൻസറിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയും.

മനം നന്നായാൽ മുഖം നന്നായി

ലജ്ജിക്കുമ്പോൾ, ദേഷ്യം വരുമ്പോൾ ഭയപ്പെടുമ്പോൾ ഒക്കെ മുഖത്തിന്‍റെ നിറം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അത് ഉള്ളിൽ തോന്നുന്ന വികാരങ്ങളുടെ പ്രതിഫലനം തന്നെയാണ്. അതുപോലെ വൈകാരികമായ വിഷമങ്ങളും ചർമ്മത്തിലെ പല പ്രശ്നങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. ചർമ്മത്തിന്‍റെ ഓരോ അവസ്ഥകൾക്ക് മാനസികമായ ഒരു തലവും മറഞ്ഞിരിപ്പുണ്ട്. പലപ്പോഴും നാമതു ശ്രദ്ധിക്കാറില്ല എന്നു മാത്രം.

ചർമ്മവും മനസ്സും തമ്മിലുള്ള ഈ ബന്ധവും കാരണവും പ്രതിഫലനങ്ങളും കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും മാനസിക പിരിമുറുക്കവും മറ്റ് മാനസിക ഘടകങ്ങളും ചർമ്മത്തിന്‍റെ ചില അവസ്ഥകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. മനസ്സും ചർമ്മവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഈ ബന്ധത്തിന്‍റെ പ്രാധാന്യത്തിൽ നിന്നാണ് സൈക്കോ ഡെർമറ്റോളജി എന്ന മേഖല തന്നെ വികസിച്ചത്. സ്കിൻ പ്രശ്നങ്ങളുമായി ഡോക്‌ടർമാരെ കാണാൻ വരുന്ന രോഗികൾക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ടോ എന്ന് മെഡിക്കൽ ട്രീറ്റ്മെന്‍റിന്‍റെ ഭാഗമായി അന്വേഷിക്കാറുണ്ട്.

മനസ്സിന്‍റെ അവസ്‌ഥ അറിയുന്നതോടൊപ്പം സ്കിന്നിന്‍റെ പ്രശ്നത്തിന് ചികിത്സിക്കുകയാണ് ശരിയായ പരിഹാരം. ചിലപ്പോൾ സാധാരണ സ്കിൻ പ്രശ്നത്തിന് ഉള്ള മരുന്നുകൾ, സൈക്കോളജിക്കൽ സ്ട്രാറ്റജിയുമായി യോജിപ്പിച്ചു നൽകുമ്പോൾ കൂടുതൽ ഫലപ്രദമാകാറുണ്ട്. സ്കിൻ പ്രശ്നങ്ങളെ വൈകാരികതലവുമായി ബന്ധിപ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രോഗികളെ സഹായിക്കാൻ കഴിയുമെന്നാണ് എന്‍റെ വിശ്വാസം.

സെൽഫ് ഹിപ്പ്നോസിസ്, റിലാക്സേഷൻ പോലുള്ള മൈന്‍റ് ബോഡി ടെക്നിക്കുകളും, സൈക്കോ ഡെർമറ്റോളജിയിൽ ആവശ്യമായി വരാം. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ശരീരത്തെ രക്ഷിക്കുന്ന ഒരു കവചമാണത്. അണുബാധ, പരിക്ക്, അന്തരീക്ഷ മലിനീകരണം, ചൂട്, തണുപ്പ് ഇങ്ങനെ നിരവധി പ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്ന കവചം. വളരെ സങ്കീർണ്ണമായ നിരവധി ബയോളജിക്കൽ പ്രക്രിയകളും ചർമ്മത്തിലൂടെ നടക്കുന്നു.

ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്ന വിയർപ്പു ഗ്രന്ഥികളും രക്‌തക്കുഴലുകളും ചർമ്മത്തിന്‍റെ ഭാഗമാണ്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കുന്ന കോശങ്ങൾ, തലച്ചോറുമായി ബന്ധപ്പെട്ട നെർവുകൾ, രോഗാണുക്കളെ തടുക്കുന്ന പ്രതിരോധ സംവിധാനത്തിൽ പെട്ട കോശങ്ങളുടെ നിര ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ചർമ്മത്തിൽ ഒളിച്ചിരിക്കുന്നത്. മനസും ശരീരവും തമ്മിൽ സൈക്കോ ഡെർമറ്റോളോജിക് ഡിസോഡറുകൾ മൂന്നു തരം ഉണ്ടെന്നാണ് ഡോ.ടാന്യ ഉണ്ണി പറയുന്നത്.

  1. സൈക്കോ ഫിസിയോളജിക്കൽ

ശാരീരികമായ അടിസ്‌ഥാനം തന്നെയാണ് ഇത്തരം ചർമ്മ പ്രശ്നങ്ങളുടെ കാരണം. പക്ഷേ സ്ട്രെസ്, മറ്റ് വൈകാരിക ഘടകങ്ങൾ ഇവ നിമിത്തം ആ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിക്കുന്നു. മുഖക്കുരു, മുടിക്കൊഴിച്ചിൽ, പലതരത്തിലുള്ള എക്സിമ/ ഡെർമറ്റൈറ്റിസ്, ഹെർപിസ്, അമിതമായ വിയർപ്പ്, ചൊറിച്ചിൽ, സോറിയാസിസ്, സ്കിൻ ഫ്ളഷിംഗ്, അരിമ്പാറ ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്.

  1. സെക്കന്‍ററി സൈക്യാട്രിക്

ആളുകൾ ഒട്ടൊരു ഭയത്തോടെ വീക്ഷിക്കുന്ന ചർമ്മ പ്രശ്നങ്ങളാണ് സോറിയാസിസ്, വിട്ടിലിഗോ (പിഗ്മെന്‍റേഷൻ നഷ്ടമാകുന്നത്), കടുത്ത മുഖക്കുരു, ജനിറ്റൽ ഹെർപിസ് തുടങ്ങിയവ. ഇതൊക്കെ ചിലപ്പോൾ നാണക്കേട് ഉണ്ടാക്കാം. തുടർന്ന് വിഷാദവും അമിത ഉത്കൺഠയും സൃഷ്ടിച്ചേക്കാം. മൊത്തത്തിൽ അത് ജീവിതത്തിന്‍റെ ഗുണമേന്മ നശിപ്പിക്കുകയും ചെയ്യും. സ്കിൻ ഡിസ്ഓർഡറുകളും, വിഷാദ ലക്ഷണങ്ങളും തമ്മിൽ വ്യക്‌തമായ ബന്ധമുണ്ട് എന്നതിന് തെളിവുകളുമുണ്ട്. കഠിനമായ സോറിയാസിസ്, മുഖക്കുരു പ്രശ്നങ്ങളോ നേരിടുന്ന വ്യക്‌തികൾ, മറ്റു വ്യക്‌തികളെ അപേക്ഷിച്ച് രണ്ടിരട്ടി ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരാണ് എന്നാണ് ഒരു പഠനം പറയുന്നത്.

  1. പ്രൈമറി സൈക്യാട്രിക്

ഇനി ചില സ്കിൻ പ്രശ്നങ്ങൾ മാനസിക അസന്തുലിതാവസ്‌ഥയുടെ തന്നെ പ്രതിഫലനമായും വരാറുണ്ട്. മുടി വലിച്ചു പറിക്കൽ, ശരീരത്തിൽ ഏതോ ജീവികൾ അരിക്കുന്നതായുള്ള തോന്നൽ (ഡെല്യൂഷണൽ പാരസിറ്റോസിസ്), ശരീരത്തിലെ ചെറിയൊരു വൈകല്യത്തിന്‍റെ പേരിൽ തോന്നുന്ന നിരാശ, ചർമ്മത്തിൽ സ്വയം മുറിവേൽപ്പിക്കുക, ഇതൊക്കെ സൈക്കോ തെറാപ്പിയും സൈക്രാട്രിക് മെഡിസിനും ആവശ്യമായി വരുന്ന അവസ്‌ഥകളാണ്.

Dr.tanya2

മനസ്സിനെ സഹായിച്ച് ചർമ്മത്തെ സഹായിക്കാം വൈകാരികമായ പ്രതികരണം ചർമ്മത്തിലുണ്ടാകാമെങ്കിലും അത് എല്ലാ വ്യക്‌തികളിലും ഒരേ പോലെയല്ല സംഭവിക്കുന്നത്. ചിലരിൽ സ്കിൻ ഫിസിയോളജിയും സൈക്കോളജിക്കൽ പ്രശ്നവും പരസ്പരം ബന്ധപ്പെട്ടു വരുമ്പോൾ രണ്ടിനും ചികിത്സ നൽകുന്നത് വലിയ മാറ്റം ഉണ്ടാക്കും.

റിലാക്സേഷൻ ആന്‍റ് മെഡിറ്റേഷൻ റിലാക്സേഷനിലൂടെ രോഗത്തെ അതിജീവിക്കാനും സുഖം പ്രാപിക്കൽ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു എന്ന് കരുതാം. സൈക്കോ ന്യൂറോ ഇമ്യൂണോളജി അനുസരിച്ച് തലച്ചോറും പ്രതിരോധ സംവിധാനവും തമ്മിലുള്ള ആശയ വിനിമയം വ്യക്‌തിയുടെ പെരുമാറ്റത്തെയും ആശ്രയിച്ചിരിക്കുന്നു.

മുഖക്കുരു, എക്സിമ, ഹെർപിസ്, ഹൈപ്പർ ഹെഡ്രോസിസ്, സോറിയാസിസ് തുടങ്ങിയവയുടെ ചികിത്സയിൽ റിലാക്സേഷൻ ടെക്നിക്കുകൾക്ക് പ്രാധാന്യമുണ്ട്. മെഡിറ്റേഷൻ ടേപ്സ് കേട്ടു കൊണ്ട് ഫോട്ടോതെറാപ്പിക് ട്രീറ്റുമെന്‍റിന് വിധേയരാകുന്നവരിൽ, വെറുതെ ലൈറ്റ് ട്രീറ്റ്മെന്‍റ് ചെയ്യുന്നവരേക്കാൾ ഫലം കണ്ടു വരുന്നതായി പഠനങ്ങളും തെളിയിക്കുന്നു.

സൈക്കോതെറാപ്പി

സങ്കീർണമായ ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കുമ്പോൾ സൈക്കോതെറാപ്പിക് സമീപനം വളരെയധികം സഹായിക്കും. കൊഗ്‍നിറ്റീവ് ബിഹേവിയറൽ തെറാപ്പി ചെയ്യുന്ന ഡോക്ടർക്കും വിധേയയാകുന്ന രോഗിക്കും സ്കിൻ ഡാമേജു ചെയ്യുന്ന പെരുമാറ്റങ്ങളെ നിയന്ത്രിക്കാൻ കഴിയും. ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ചിന്താപ്രക്രിയകളെ മാറ്റി വയ്ക്കാൻ അതു സഹായിക്കും. ചർമ്മ ചികിത്സയിൽ സപ്പോർട്ടീവ് കൗൺസിലിംഗ് വഴി വ്യക്‌തിയെ കൂടുതൽ മനസിലാക്കാനും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞാൽ ഉത്തമമായിരിക്കും. സ്കിൻ പ്രശ്നങ്ങൾക്ക് ടോക്ക് തെറാപ്പിയും സഹായകമാണ്. ഒരാളുടെ മനസ് അയാളുടെ ചർമ്മത്തിലൂടെ സംസാരിക്കുകയാണെങ്കിൽ അതെന്താണെന്ന് മനസിലാക്കുന്നത് ചർമ്മത്തിനും മനസ്സിനും എന്തുകൊണ്ടും ഗുണം ചെയ്യും.

ഡോ. ടാന്യ ഉണ്ണിയ്ക്ക് ചേരുന്ന വിശേഷണങ്ങൾ നിരവധി

ഒ.ചന്തുമേനോന്‍റെ കൊച്ചുമകൾ എന്ന പദവി മുതൽ, ആസ്ട്രേലിയയിലെ ഏറ്റവും പോപ്പുലറായ കോസ്മെറ്റോളജിസ്റ്റ് എന്ന ഖ്യാതി വരെ അതിലുണ്ട്. 20 ഓളം മലയാള ചിത്രങ്ങൾ, ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം, ക്ലാസിക്കൽ ഡാൻസർ. ഇപ്പോൾ സ്കിൻ ആന്‍റ് കോസ്മെറ്റിക് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ആംറ്റൻ മെഡിക്കൽ, ആസ്ട്രേലിയൻ സ്കിൻ ലാബ് എന്നീ സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ് ഡോ.ടാന്യ ഉണ്ണി. വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമാണ് ഡോ. ടാന്യ ഉണ്ണി ഉണ്ണി.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എം പവറിംഗ് വുമൺ എന്റർപ്രെനെഴ്സ് (E.W.E) എന്ന പ്രോജക്ടിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയിലൂടെ ശാരീരിക, മാനസിക പീഡനങ്ങള്‍ അനുഭവിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

അവാർഡ് തിളക്കത്തിൽ ഈ യുവ ഡോക്ടർ

2019-2020 ൽ നിരവധി അവാർഡുകളും ടാന്യ ഉണ്ണിയെ തേടിയെത്തി.

  • 2020 ഓസംപ്രെനെർ അവാർഡ്
  • ഗോൾഡ്‌കോസ്റ്റ് ബിസിനസ്‌ എക്സലെന്‍സ് അവാർഡ്
  • ഐക്കണിക്ക് വുമണ്‍ അവാർഡ് ഫ്രം വുമൺ ഇക്കണോമിക് ഫോറം
  • എന്‍റർപ്രെനെർ ഓഫ് ദി ഇയർ അവാർഡ്, ഇന്ത്യൻ അച്ചിവേഴ്‌സ് ഫോറം
  • ഓസ്ട്രേലിയൻ യംഗ് എന്‍റർപ്രെനെർ ഓഫ് ദി ഇയർ ഇൻ ഹെൽത്ത്‌ ആൻഡ് മെഡിസിൻ സെക്ടർ
  • ഗ്ലോബൽ എന്‍റർപ്രെനെർ അവാർഡ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്.

യാത്രയിൽ നിങ്ങൾക്കുണ്ടോ ആ പ്രയാസം?

കാത്തു കാത്തിരുന്ന യാത്ര ആസ്വദിക്കാൻ തടസ്സം സൃഷ്ടിക്കുന്ന മോഷൻ സിക്ക്നസിനെ അഥവാ യാത്രച്ചൊരുക്കിനെ എങ്ങനെ നേരിടാൻ പറ്റും? അടുക്കളയ്ക്കുള്ളിൽ നിന്നു തന്നെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് മനസ്സിലാക്കൂ.

അതെന്തൊക്കെയാണെന്ന് അറിയുന്നതിനുമുമ്പ്, എന്തു കൊണ്ടാണ് യാത്രയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ശാരീരിക സന്തുലന നിലയിലെ വ്യതിയാനം കൊണ്ടാണ് മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്. അതായത് ചെവിയുടെയും തലച്ചോറിന്‍റെയും പരസ്‌പരമുള്ള ബാലൻസിനാണ് യാത്രക്കിടയിൽ വ്യത്യാസം സംഭവിക്കുന്നത്. യാത്രക്കിടയിൽ ചെവിയിൽ അനുഭവപ്പെടുന്ന കാര്യങ്ങൾ തലച്ചോറിന് മനസ്സിലാകാതെ വരുമ്പോഴാണ് ശരീരത്തിന് അസ്വസ്ഥത തോന്നുന്നത്. ആ സമയത്ത് ഛർദ്ദി, തലക്കറക്കം, ബോധക്ഷയം വരെ ഉണ്ടാകാം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരുന്ന് വായിക്കുമ്പോൾ ചിലർക്ക് ഛർദ്ദിക്കാൻ വരുന്നതായി തോന്നാറില്ലേ. മുന്നോട്ടുള്ള യാത്രയെ ചെവികൾ തിരിച്ചറിയുകയും ആ സന്ദേശം തലച്ചോറിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതേ സമയം കണ്ണുകൾ വായിക്കാനായി കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ, കണ്ണുകളിൽ നിന്നുള്ള സന്ദേശം ആ സമയം ആ വ്യക്‌തി ചലിക്കുന്നില്ല എന്നുമായിരിക്കും. തലച്ചോറിന് രണ്ടു തരം സന്ദേശം ഒരേ സമയം ലഭിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ പറ്റാതെ തലച്ചോർ കുഴയുമ്പോൾ അതിന്‍റെ പ്രതികരണമാണ് ഛർദ്ദിയും അസ്വസ്ഥതയും.

ഈ പ്രശ്നത്തിന് പ്രധാന പരിഹാരം യാത്രയിൽ വായിക്കാതിരിക്കുക തന്നെയാണ്. വായിച്ചില്ലെങ്കിലും ചിലർക്ക് ഛർദ്ദി ഉണ്ടാകും. അവർക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങൾ ഇതാ.

നാരങ്ങ: ഛർദ്ദിക്കാനുള്ള പ്രവണതയ്ക്ക് ആശ്വാസം നൽകാൻ നാരങ്ങയ്ക്ക് കഴിയും. നാരങ്ങയുടെ ചെറിയ കഷണങ്ങൾ നുണയുന്നത് ഛർദ്ദി തടയും. നാരങ്ങ കാൻഡി പോലുള്ള മിഠായികൾ വായിലിടുന്നതും ഗുണം ചെയ്യും.

ഓറഞ്ച്: ബ്ലാക്ക് സോൾട്ട് ചേർത്ത ഓറഞ്ച് കഴിച്ചാൽ മോഷൻ സിക്ക്നസ് ഇല്ലാതാകും.

ഇഞ്ചി: നാരങ്ങാ നീരിൽ ഏതാനും തുള്ളി ഇഞ്ചി നീരും തേനും അൽപം ചൂടുവെള്ളവും ചേർത്തു കുടിക്കുന്നത് ഓക്കാനം നിയന്ത്രിക്കും. യാത്ര തുടങ്ങുന്നതിനു മുമ്പ് ഈ ഡ്രിങ്ക് കുടിച്ചിട്ടു പോകുക.

ബേക്കറി: ജങ്ക് വറപൊരി സാധനങ്ങൾ യാത്രയിൽ ഒഴിവാക്കി ബിസ്ക്കറ്റു പോലുള്ള ബേക്കറി ഭക്ഷണം കഴിക്കുന്നത് വയറിന് ആയാസം കുറയ്‌ക്കും. വായു കെട്ടി നിന്ന് വയറിൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാനും ഇതാണ് ഉത്തമം.

പെപ്പർമിന്‍റ്: റോഡ്, കപ്പൽ യാത്രകളിൽ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് പെപ്പർമിന്‍റ് അഥവാ കർപൂര തുളസി. തലവേദന, ഓക്കാനം, തലകറക്കം ഇവ കുറയ്‌ക്കാൻ നല്ല പ്രതിവിധിയാണ് പെപ്പർമിന്‍റ്. യാത്ര തുടങ്ങും മുമ്പ് പെപ്പർമിന്‍റ് ചായയോ ഏതാനും തുള്ളി പെപ്പർമിന്‍റ് ഓയിലോ കുടിക്കുക.

കറുവപ്പട്ട: റോഡ്, ജലയാത്രകളിലെ ചൊരുക്ക് നിയന്ത്രിക്കാൻ ഇതും ഉപയോഗിക്കാറുണ്ട് കറുവപ്പട്ടപൊടിയും തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദി നിൽക്കും. പാലിൽ ചേർത്തും കുടിക്കാം. വയറിന് ഏറ്റവും നല്ല ഔഷധമാണ് കറുവപ്പട്ട.

ഇരട്ടി മധുരം: വയറിന്‍റെ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമായ ഔഷധമാണ് ഇരട്ടി മധുരം. വയറിന്‍റെ നേർത്ത സ്തരങ്ങൾക്ക് സുഖകരമായ അവസ്‌ഥ നൽകാനും അതു വഴി ഛർദ്ദിയും ഓക്കാനവും നിയന്ത്രിക്കാനും സാധിക്കുന്നു. യാത്രക്കിടയിൽ ഇരട്ടി മധുരം ചേർത്ത ചായ കുടിക്കുകയോ, ഒരു ചെറു കഷ്ണം വായിലിട്ട് ചവക്കുകയോ ചെയ്താൽ ആശ്വാസം ലഭിക്കും.

മേൽപ്പറഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും യാത്രച്ചൊരുക്കിന് പരിഹാരം ആവുക തന്നെ ചെയ്യും. എന്നാൽ യാത്ര പുറപ്പെടും മുമ്പ് മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ ആസ്വദിക്കാം.

  • യാത്രയ്‌ക്കു മുമ്പും ശേഷവും വയറു നിറയെ ആഹാരം കഴിക്കാതിരിക്കാം. പ്രത്യേകിച്ചും കൊഴുപ്പുള്ള ഭക്ഷണം. കഫീൻ അടങ്ങിയ ഡ്രിങ്കുകളും ഒഴിവാക്കുക.
  • ചലനത്തിന്‍റെ തീവ്രത കുറച്ചു ഫീൽ ചെയ്യുന്ന സീറ്റുകൾ തെരഞ്ഞെടുക്കാം. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മധ്യത്തിലുള്ള സീറ്റുകളിൽ ഇരുന്നാൽ മോഷൻ സിക്ക്നസ് ഉണ്ടാവില്ല. കാറിലാണെങ്കിൽ മുമ്പിലെ സീറ്റിലിരിക്കാം. കപ്പലിൽ സഞ്ചരിക്കുമ്പോൾ താഴെത്തട്ടിലുള്ള കാബിനുകൾ അതും നടുവിലായി ക്രമീകരിച്ചിട്ടുള്ളത് തെരഞ്ഞെടുക്കുക.
  • റോഡ് യാത്രയിൽ വിദൂരതയിൽ നോക്കിയിരിക്കുക.
  • വാഹനം സഞ്ചരിക്കുന്നതിന്‍റെ വിപരീത ദിശയിൽ ഇരിക്കരുത്.
  • കടും ഗന്ധമുള്ള പെർഫ്യൂമുകൾ ഛർദ്ദിക്കാനുള്ള പ്രവണത ഉണ്ടാക്കും.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രകൾ എപ്പോഴും സുഖപ്രദമായി തോന്നും.

സ്വപ്നവീടിന് ഇഷ്ട നിറം

വീടിന്‍റെ ഭംഗി അതിന്‍റെ രൂപത്തിൽ മാത്രമല്ല എന്നറിയാമല്ലോ. വർഷാവർഷം പെയിന്‍റ് അടിച്ചു കൊടുത്താൽ ഏതു വീടിനും ഉണ്ടാകും അതിന്‍റെ ഭംഗിയും പുതുമയും. പെയിന്‍റ് ഏതു നിറം വേണമെന്നതു പോലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് ഇഷ്‌ടപ്പെട്ട നിറവുമായി മാച്ച് ചെയ്യുന്ന മറ്റു നിറങ്ങളുടെ തെരഞ്ഞെടുപ്പും. പെയിന്‍റിലെ വിവിധ നിറങ്ങൾ, ചേരുന്നതു നോക്കി എങ്ങനെ കണ്ടെത്താമെന്നറിയാം.

കളർ ബാലൻസ്

പല തരത്തിലുള്ള പെയിന്‍റുകളുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുറികളുടെ നിറവും പെയിന്‍റിംഗും എങ്ങനെ ചെയ്യണമെന്നതു തന്നെയാണ്. മുറിയിൽ ഏതു ക്വാളിറ്റിയിലുള്ള പെയിന്‍റ് വേണം എന്നതു മുതൽ ഏതു നിറം ഉപയോഗിക്കണമെന്നു വരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുറിയിലെ നിറം ഏതു വേണമെന്നത് തികച്ചും വ്യക്തിപരമായ ഇഷ്‌ടമാണ്. എന്നിരിക്കിലും ഡിസൈനർമാർ അതു ചോദിച്ചു മനസ്സിലാക്കുകയും അതിൽ ചെറിയ വകഭേദങ്ങളൊക്കെ നിർദ്ദേശിക്കുകയും ചെയ്‌തു കാണാറുണ്ട്. ഒരു ബ്രൈറ്റ് കളർ ഉപയോഗിച്ചാൽ അതിന്‍റെ തീവ്രത കുറയ്ക്കാനായി മറ്റൊരു നിറം ഉപയോഗിക്കേണ്ടി വരും. ഈ നിറത്തെ കൂടി പരിഗണിച്ചു വേണം പ്രധാനപ്പെട്ട നിറം സെലക്ട് ചെയ്യാൻ.

കടും നിറങ്ങൾ ഉപയോഗിച്ചാൽ മുറിയുടെ വലിപ്പം കുറവായി തോന്നും. വളരെ ലൈറ്റായ നിറം ഉപയോഗിച്ചാൽ ഭംഗിയുള്ള ലുക്ക് ലഭിക്കുകയുമില്ല. ഡാർക്ക് – ലൈറ്റ് കളറുകൾ പ്രയോഗിക്കുമ്പോൾ അവയുടെ അനുപാതം 30-70 എന്ന ക്രമത്തിലായിരിക്കണം. ഇനി ഒരു നിറം പ്രത്യേകിച്ച് തെരഞ്ഞെടുത്തിട്ടുണ്ട് എങ്കിൽ എല്ലാ ചുമരുകൾക്കും അതേ നിറം തന്നെ മുഴുവനായി നൽകണമെന്നില്ല. വെള്ളനിറം മാത്രമാണ് ഇങ്ങനെ മുഴുവനും ഒരു നിറം എന്ന കൺസെപ്റ്റിൽ അനുയോജ്യമായിട്ടുള്ളത്.

നിറം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുമ്പോൾ  വാൾപേപ്പർ ഡിസൈനുകളിലൂടെ മുറിയുടെ ലുക്ക് മനസ്സിലാക്കാൻ ശ്രമിക്കുക. കൃത്യമായി നിറം തെരഞ്ഞെടുത്തില്ലെങ്കിൽ, അതു പിന്നീട് ബുദ്ധിമുട്ടാകും. കാരണം നിറങ്ങൾ നിങ്ങളുടെ മൂഡിനെ പോലും സ്വാധീനിക്കും.

സീലിംഗ്

സീലിംഗ് എപ്പോഴും പ്ലെയിൻ ആയിരിക്കുന്നതാണ് ഉചിതം. ഇളം നിറങ്ങൾ സ്ട്രസ് കുറയ്ക്കും. വെള്ള, ക്രീം, ഈ നിറങ്ങൾ സീലിംഗിന് വളരെ നല്ലതാണ്.

ഫോക്കൽ പോയിന്‍റഡ് ടെക്സ്ചർ

വ്യത്യസ്തമായ പാറ്റേണുകൾ ലഭിക്കണമെന്നുണ്ടെങ്കിൽ ഫോക്കൽ പോയിന്‍റഡ് ടെക്സ്ചർ പെയിന്‍റ് ഉപയോഗിക്കാവുന്നതാണ്. ടെക്സ്ചർ വലുതാക്കാം, വാൾപേപ്പറും ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ സവിശേഷത. ഇവിടെയും ഏതു കളർ കൂടുതൽ വരണമെന്നുള്ളത് വ്യക്‌തിപരമായി ചോയിസാണ്. ടെക്സചറിൽ 50-50 അനുപാതത്തിൽ നിറങ്ങൾ പ്രയോഗിക്കാം. വൈബ്രന്‍റ് കളർ പാറ്റേണുകൾ ആഗ്രഹിക്കുമ്പോൾ നിറങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധിച്ചു വേണം. ചെറിയ പ്രതലങ്ങളിൽ ടെക്സ്ചർ പെയിന്‍റ് നൽകാം. വൈബ്രന്‍റ് കളറിന്‍റെ തീവ്രത കുറയ്‌ക്കാൻ ഇതു സഹായിക്കും. ടെക്സ്ചർ പെയിന്‍റായാലും സാധാരണ പെയിന്‍റായാലും അതിനു മുന്നേ ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുകയോ പുട്ടി അടിക്കുകയോ ചെയ്തിരിക്കണം. 3-4 കോട്ടിംഗ് പെയിന്‍റ് വേണ്ടി വരും. ഒരു ലെയർ ഉണങ്ങിയ ശേഷം അടുത്ത കോട്ടിംഗ് അടിക്കുക. ഉണങ്ങും മുമ്പ് അടിച്ചാൽ ഭിത്തികളിൽ പാടുകൾ വീഴാനിടയുണ്ട്.

പ്ലാസ്റ്റിക് പെയിന്‍റ്

വീടുകൾക്ക് പ്ലാസ്റ്റിക് പെയിന്‍റാണ് നല്ലത്. അഴുക്കായാലും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ പറ്റും. സാറ്റിൻ ഫിനിഷ് മുതൽ റോയൽ പെയിന്‍റ് വരെ ഈ കാറ്റഗറിയിൽ ലഭിക്കും.

അൽപം ശ്രദ്ധ

പെയിന്‍റ് ചെയ്യാൻ തുടങ്ങുന്ന വേളയിൽ അവയുടെ കണ്ടെയ്നറുകൾ നിങ്ങളുടെ സാന്നിദ്ധ്യത്തിൽ തുറക്കാൻ ശ്രമിക്കുക. പറഞ്ഞ പെയിന്‍റാണോ കൊണ്ടു വന്ന് അടിക്കുന്നതെന്ന് ശ്രദ്ധിക്കണം. വില കൂടിയ പെയിന്‍റിന്‍റെ പണം വാങ്ങുകയും നിലവാരം കുറഞ്ഞ പെയിന്‍റ് അടിക്കുകയും ചെയ്‌താൽ കാശ് നഷ്‌ടമാകും. പെയിന്‍റ് പെട്ടെന്ന് മങ്ങി നിറം പോവുകയും ചെയ്യും. പെയിന്‍റിംഗിന് ഏൽപ്പിച്ചതല്ലേ, അവർ ചെയ്യട്ടെ എന്ന അലംഭാവം പാടില്ല.

ആകാശമേലാപ്പ്

രാത്രി മുഴുവനും നന്ദന ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ അവൾ അസ്വസ്ഥയായി. ശരീരം മുഴുവനും നുറുങ്ങുന്ന വേദനയാണ്.

രാവിലെ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണു പോകുമെന്ന അവസ്‌ഥ. വീണു പോകാതിരിക്കാൻ നന്ദന കട്ടിലിൽ തന്നെയിരുന്നു. ആ സമയത്താണ് തനൂജ വിളിക്കുന്ന ശബ്ദം കേട്ടത്. “എന്ത് പറ്റി നന്ദു… ഇന്ന് നിനക്ക് ഓഫീസിലൊന്നും പോകണ്ടേ?” നന്ദന നാത്തൂനോട് എങ്ങിനെയോ മറുപടി പറഞ്ഞൊപ്പിച്ചു.

“പോകണം ചേച്ചി, റെഡിയാകുവാ.”

നന്ദനയുടെ ശബ്ദത്തിൽ നിന്നും അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കിയട്ടെന്നോണം ചെയ്‌തു കൊണ്ടിരുന്ന ജോലി നിർത്തിയിട്ട് തനൂജ മുറിയിലേക്ക് ഓടി വന്നു. “എന്ത് പറ്റി നന്ദു? നിനക്ക് എന്തെങ്കിലും ക്ഷീണം തോന്നുന്നോ? ”

“ഇല്ല ചേച്ചി” നന്ദു മറുപടി പറഞ്ഞു. “ഒരു കുഴപ്പവുമില്ല”

“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ” തനൂജ നന്ദനയുടെ നെറ്റിയിൽ തൊട്ടു നോക്കി. “അയ്യോ നല്ല ചൂടുണ്ടല്ലോ, പനിക്കുന്നുണ്ടോ?”

“ങ്ഹും” എന്ന് മൂളി കൊണ്ട് നന്ദന ബാത്ത് റൂമിലേക്ക് ഓടി. ഉള്ളിൽ എന്തോ തിളച്ച് മറിഞ്ഞ് തികട്ടി വരുനതുപോലെ നന്ദനയ്ക്ക് തോന്നി. തനൂജയും അവളുടെ പിന്നാലെ ചെന്നു. ബാത്ത്റൂമിൽ കയറിയ നന്ദന ഛർദ്ദിച്ചു.

നന്ദനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ തനൂജ പകച്ചു നിന്നു. ഭർത്താവാണെങ്കിൽ വീട്ടിലുമില്ല. എന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ നന്ദനയെ കുറച്ച് നേരം നോക്കി നിന്നു. അതിനു ശേഷം അവൾ നന്ദനയുടെ പുറം തടവി കൊടുത്ത് കിടക്കയിൽ താങ്ങികൊണ്ടു വന്ന് കിടത്തി.

“ഇന്ന് ഓഫീസിൽ പോകണ്ട… കണ്ടില്ലേ എന്തൊരു തളർച്ചയാ നിനക്ക്.”

നന്ദന അതിന് മറുപടിയൊന്നും പറയാതെ കിടക്കയിൽ കിടന്നു.

തനൂജ ഒരു നിമിഷം നന്ദനയെ നോക്കി നിന്ന ശേഷം അടുക്കളയിൽ പോയി നന്ദനയ്ക്കായി ഒരു കപ്പ് ചായയുമായി വന്നു. നന്ദനയുടെ നേർക്ക് ചായ നീട്ടിയ തനൂജ നന്ദനയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.

“നീയെന്തിനാ മോളെ കരയുന്നത്. ഒക്കെ ശരിയാവും.” തനൂജ അവളുടെ കണ്ണുനീർ തുടച്ച് ആശ്വസിപ്പിച്ചു.

“ചേച്ചി എന്നെ എത്രമാത്രമാ ശ്രദ്ധിക്കുന്നത്. അമ്മയുടെ കുറവ് ഒരിക്കലും ചേച്ചി എന്നെ അറിയിച്ചിട്ടില്ല. എപ്പോഴും എന്നെ സ്നേഹിച്ച് ഞാൻ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ച്…. എനിക്കറിയില്ല. എനിക്കൊന്നിനോടും താൽപര്യം തോന്നുന്നില്ല ചേച്ചി.”

“നിനക്കെന്താ പറ്റിയത് മോളെ? വാ, എന്തെങ്കിലും കഴിച്ചശേഷം ആശുപത്രിയിൽ പോകാം.” തനൂജ നന്ദനയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

തനൂജ നിർബന്ധിച്ചതിനെ തുടർന്ന് നന്ദന ആശുപത്രിയിൽ പോകാൻ തയ്യാറായി. തനൂജയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു ഡോ.ഷൈലജ. സിറ്റിയിലെ പ്രശസ്തയായ ഡോക്ടർ. രണ്ടുപേരും തയ്യാറായശേഷം ഡോ. ഷൈലജയുടെ ക്ലിനിക്കിലേക്ക് പോയി.

ഡോ.ഷൈലജ നന്ദനയെ പരിശോധിച്ച ശേഷം തനൂജയെ മാത്രമായി ക്യാബിനിലേക്ക് വിളിപ്പിച്ചു.

“തനൂ, നന്ദനയുടെ കല്യാണം കഴിഞ്ഞതാണോ?”

“ഇല്ല, ആലോചനകൾ നടക്കുന്നുണ്ട്. പക്ഷേ എന്താ അങ്ങനെ ചോദിച്ചത്? എന്തെങ്കിലും സീരിയസ് പ്രോബ്ളം?” തനൂജ പരിഭ്രമത്തോടെ ഷൈലജയെ നോക്കി.

“അതെ തനൂ, കാര്യം ഇത്തിരി സീരിയസാണ്. നന്ദന പ്രഗ്നന്‍റ് ആണ്. ഏകദേശം മൂന്നരമാസം കഴിഞ്ഞിരിക്കുന്നു.” ഡോ.ഷൈലജ പറഞ്ഞത് കേട്ട് തനൂജ നിശ്ച ലമായി നിന്നു.

തിരിച്ച് എന്ത് പറയണമെന്നറിയാതെ തനൂജ പകപ്പോടെ ഡോക്ടറെ നോക്കി. കുറച്ച് നേരത്തെ നിശബ്ദതയെ തുടർന്ന് തനൂജ ക്യാബിനിൽ നിന്നും പുറത്ത് കടന്ന് ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. ഇതേപ്പറ്റി അവളോട് എങ്ങനെ ചോദിക്കും? വല്ലാത്ത അവസ്ഥയിലായിരുന്നു തനൂജ.

ഭക്ഷണം കഴിപ്പിച്ച ശേഷം മരുന്ന് കൊടുത്ത് അവളോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരം ക്ഷീണം മാറുമ്പോൾ കാര്യങ്ങൾ സാവധാനം ചോദിച്ച് മനസ്സിലാക്കാമെന്ന തീരുമാനത്തിലായിരുന്നു തനൂജ.

വൈകുന്നേരം ചായയുമായി മുറിയിലെത്തിയ തനൂജ, നന്ദന കിടക്കയിലിരുന്ന് കരയുന്നതാണ് കണ്ടത്. നന്ദനയുടെ അടുത്തിരുന്ന് തനൂജ അവളെ തലോടി. “നന്ദു ചായ കുടിക്ക്. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.”

“ശരി ചേച്ചി, എനിക്കും ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്.” എന്നു പറഞ്ഞുകൊണ്ട് നന്ദന ചായ കുടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വിറയ്ക്കുന്നത് തനൂജ ശ്രദ്ധിച്ചു.

ചായ കുടിച്ച ശേഷം ഇരുവരും സങ്കോചത്തോടെ പരസ്പരം നോക്കി. എങ്ങനെ പറഞ്ഞ് തുടങ്ങണമെന്ന ആശങ്കയിലായിരുന്നു അവർ. ഒടുവിൽ നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് തനൂജ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “നന്ദന, നിനക്കറിയാമോ നീ പ്രഗ്നൻറ് ആണെന്ന കാര്യം.”

“ഇല്ല ചേച്ചി, പക്ഷേ എനിക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.”

നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി. “നിനക്ക് 28 വയസ്സായില്ലേ? എന്നിട്ടും പ്രഗ്നന്‍റ് ആണെന്ന കാര്യം മനസ്സിലായില്ലെന്നോ. മൂന്നരമാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും സീരിയസായ കാര്യം എന്നോട് പറയേണ്ട ആവശ്യമില്ലെന്ന് നീ കരുതിയോ? നിന്‍റെ ചേട്ടനോടും പപ്പയോടും ഞാനെന്ത് മറുപടി പറയും? നിന്നെ നോക്കാനുള്ള ഉത്തരവാദിത്തം അവർ എന്നെയാ ഏൽപ്പിച്ചത്. എന്നിട്ടും നീ… ഞാനെന്ത് പറയും,” തനൂജ കണ്ഠമിടറി കൊണ്ട് വിലപിച്ചു കൊണ്ടിരുന്നു.

നന്ദന മുഖം പൊത്തി കരഞ്ഞു. “ചേച്ചിക്കറിയാമല്ലോ… എന്‍റെ പീരിയഡ്സ് ഇറഗുലർ ആണെന്ന്. അതുകൊണ്ടാ ഇതറിയാതെ പോയത് ചേച്ചി.” നന്ദന തേങ്ങിക്കരഞ്ഞു കൊണ്ട് തനൂജയുടെ കൈപിടിച്ചു.

തനൂജ ദേഷ്യം നിയന്ത്രിക്കാൻ പാടുപ്പെട്ടു, “ആരാണ് അവൻ? ഇതിന് ഉത്തരവാദി ആരാണ്? നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായിരുന്നുവെങ്കിൽ ഞങ്ങളത് നടത്തിത്തരുമായിരുന്നില്ലേ.”

“ചേച്ചി, ചേട്ടന്‍റെ ബോസില്ലേ, മഹേഷ് നാരായൺ…” ഇത്രയും പറഞ്ഞ ശേഷം നന്ദന കരയാൻ തുടങ്ങി.

“എന്തൊരു കഷ്ടമാ… മഹേഷ് കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അച്‌ഛനാ… അയാൾ നിന്നെ കല്യാണം കഴിക്കുമോ?”

“അറിയില്ല ചേച്ചി,” നന്ദന ശിരസ്സ് കുനിച്ചിരുന്നു.

“പാർട്ടിയിൽ വച്ച് ചേട്ടൻ പരിചയപ്പെടുത്തിയപ്പോൾ അയാൾ കല്യാണം കഴിച്ചതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ഇതുവരേയും പറഞ്ഞിട്ടില്ല. ഇപ്പോൾ ചേച്ചി പറഞ്ഞാണ് ഞാനറിയുന്നത്. ”

നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ദേഷ്യം വന്നു. അവർ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു ദൂരെ മാറി നിന്നു.

“ഇനി ഞാനെന്ത് ചെയ്യാനാ? നീ പറ? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. നാല് ദിവസം കഴിഞ്ഞാൽ പപ്പയും ചേട്ടനും ഇങ്ങെത്തും. അവരുടെ മുഖത്തെങ്ങനെ നോക്കും?”

“ചേച്ചിയെന്നെ രക്ഷിക്കണം. ചേട്ടനും പപ്പയും ഇക്കാര്യമറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ചേട്ടനെന്നെ കൊല്ലും.” നന്ദന തനൂജയെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി.

“ഞാനൊന്ന് ആലോചിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. അന്ന് രാത്രി മുഴുവനും അവർ അതേപ്പറ്റി ആലോചിച്ച് കിടന്നു. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി.” നന്ദന ഗർഭിണിയാണെന്ന കാര്യം ശ്രീജിത്തിനെ അറിയിക്കുക. ആദ്യം കേൾക്കുമ്പോൾ ഒരു പക്ഷേ കടുത്ത ദേഷ്യം പ്രകടിപ്പിച്ചേക്കാം. കാര്യം എന്തായാലും ഒരു പരിഹാരമുണ്ടാകു മല്ലോ” തനൂജ നെടുവീർപ്പിട്ടു.

രാവിലെ തന്നെ തനൂജ ഭർത്താവിനെ വിളിച്ച് സാവകാശത്തിൽ കാര്യം ധരിപ്പിച്ചു.

ശ്രീജിത്ത് മറുപടിയൊന്നും പറയാതെ ഏറെ നേരം നിശബ്ദനായി. പിന്നെ നേർത്ത ശബ്ദത്തിൽ സംസാരിച്ചു. “ഞാൻ ഉച്ചയ്ക്കുള്ള ഫ്ളൈറ്റിൽ തന്നെ എത്താം. നീ അപ്പോഴേക്കും ഡോക്ടർ ഷൈലജയുമായി സംസാരിച്ച് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ചോദിക്ക്, അബോർഷൻ ചെയ്യാൻ പറ്റിയാൽ… പിന്നെയുള്ള കാര്യം പിന്നെ നോക്കാം.” എന്നു പറഞ്ഞു കൊണ്ട് ശ്രീജിത്ത് ഫോൺ കട്ട് ചെയ്‌തു.

വീട്ടിലെ ജോലിയൊക്കെ തീർത്ത ശേഷം തനൂജ നന്ദനയുടെ മുറിയിലെത്തി. നന്ദന കിടക്കയിൽ മുഖം പൂഴ്ത്തിയിരുന്ന് അപ്പോഴും കരയുകയായിരുന്നു.

തനൂജ അടുത്തു ചെന്ന് അവളുടെ ചുമലിൽ കൈവച്ചു, “ഇനി കരഞ്ഞിട്ട് കാര്യമില്ല. നന്ദു നമുക്ക് ഡോക്‌ടറുടെ അടുത്ത് പോകാം.” നന്ദന ഒരു യന്ത്രപ്പാവപോലെ തല ചലിപ്പിച്ചു. ഇരുവരും ഉടനടി തയ്യാറായി ഡോ.ഷൈലജയുടെ ക്ലിനിക്കിലെത്തി.

തനൂജ ഷൈലജയുടെ കൺസൾട്ടിംഗ് റൂമിൽ കയറി ഷൈലജയോട് കാര്യം പറഞ്ഞു.“ അബോർഷൻ ചെയ്യാനാണ് തീരുമാനം.”

“ഒന്ന് ചെക്കപ്പ് ചെയ്യട്ടെ… പോസിബിളാണോ എന്നറിയണമല്ലോ.” ഡോ.ഷൈലജ ഗൗരവത്തിൽ പറഞ്ഞു.

നന്ദനയെ പരിശോധിച്ച ശേഷം മുറിയിൽ നിന്നും പുറത്തു കടന്ന ഡോ. ഷൈലജ നിരാശയോടെ പറഞ്ഞു.“ഐ ആം സോറി തനു. അബോർഷൻ ഈസ് നോട്ട് പോസിബിൾ. നന്ദനയുടെ ജീവൻ വരെ അപകടത്തിലാകാം. പ്രഗ്നൻസി 4 മാസത്തോളമായിരിക്കുന്നു.”

ഷൈലജയുടെ നിരാശ കലർന്ന മറുപടി കേട്ട് തനൂജ ഇടിവെട്ടിയതു പോലെ കസേരയിലിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ ഷൈലജയുടെ മുഖത്തേക്ക് പകച്ചു നോക്കി.

ഡോ. ഷൈലജ കൈനീട്ടി തനൂജയുടെ വിരലിൽ തൊട്ട് ആശ്വസിപ്പിച്ചു. ഏതാനും നാളുകൾ കഴിയുന്നതോടെ പരമ രഹസ്യമായിരിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞു തുടങ്ങും. പിന്നെ എന്താവും സംഭവിക്കുക? ആര് അവളെ വിവാഹം ചെയ്യും? അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റുമൂലം അവൾക്ക് ജീവിതം മുഴുവനും പിഴയൊടുക്കേണ്ടി വരും. നന്ദനയുടെ അവസ്‌ഥയെക്കുറിച്ചോർത്തപ്പോൾ തനൂജയുടെ കണ്ണുനിറഞ്ഞു.

“എന്ത് ചെയ്യും… നന്ദുവിനെ ഇതിൽ നിന്നും എങ്ങനെ രക്ഷിക്കാനാവും.” തനൂജ സ്വന്തം നെറ്റിത്തടവി കൊണ്ട് ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടെ ശ്രീജിത്തിന്‍റെ വിളികേട്ട് ചിന്തകളിൽ നിന്നുണർന്നു.

“എന്താ തനു? എന്താ സംഭവിച്ചത്?

ശ്രീജിത്തിനെ കണ്ടയുടനെ തനൂജ ഓടിച്ചെന്ന് അയാളുടെ മാറിൽ മുഖം പൂഴ്ത്തി തേങ്ങിക്കരഞ്ഞു.

“ശ്രീയേട്ടാ… നമ്മൾ ഇനി എന്ത് ചെയ്യും. അവൾ സ്വന്തം ജീവിതം തന്നെ തകർത്തു. അബോർഷൻ ചെയ്യാനാവില്ലെന്നാ ഷൈലജ പറയുന്നത്. നടത്തിയാൽ അതവളുടെ ജീവന് തന്നെ ആപത്താവും.”

ശ്രീജിത്തിന്‍റെ മുഖം ചുവന്ന് അയാൾ ദേഷ്യത്തോടെ തനൂജയുടെ ചുമലിൽ പിടിച്ചു.

“ചത്തു പോകട്ടെ അവൾ. നമ്മൾ എല്ലാം നാണംകെട്ടില്ലേ. എല്ലാവരുടേയും മുഖത്ത് എങ്ങനെ നോക്കും?” അയാൾ ദേഷ്യം കൊണ്ട് വിറച്ചു.

“നിങ്ങളെന്താ പറയുന്നത്? നന്ദു നമ്മൾക്ക് മകളെ പോലെയല്ലേ… അവൾക്ക് തെറ്റ് സംഭവിച്ചു, ശരിയാണ്. പക്ഷേ അത് തിരുത്തേണ്ട ഉത്തരവാദിത്തം നമ്മൾക്കില്ലേ? ശ്രീയേട്ടാ ധൈര്യം കൈവെടിയാതിരിക്ക്. എന്തെങ്കിലും വഴിയുണ്ടാവും.” തനൂജ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പാടുപ്പെട്ടു.

ശ്രീജിത്തും തനൂജയും നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്കുള്ള യാത്രയിലുടനീളം അയാൾ കാറിൽ നിശബ്ദനായി ഇരുന്നു. ഇതിനിടെ അയാൾ ഒരിക്കൽ പോലും നന്ദനയുടെ മുഖത്തേക്ക് നോക്കിയില്ല. അയാളുടെ മനസ്സിൽ ദേഷ്യവും നിരാശയും നുരഞ്ഞു പൊന്തി കൊണ്ടിരുന്നു.

മഹേഷ് നാരായണന് നന്ദുവിനെ പരിചയപ്പെടുത്തിയ നിമിഷത്തെയോർത്ത് അയാൾ പശ്ചാത്തപിച്ചു. മഹേഷിന്‍റെ സ്വഭാവം അത്ര നല്ലതല്ലെന്ന കാര്യം തനിക്ക് മുൻക്കൂട്ടി അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തല്ലോയെന്നോർത്ത് അയാൾ മനസ്സിൽ വിലപിച്ചു.

മഹേഷ് തന്‍റെ സഹോദരിയോട് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

വീടിന് മുന്നിൽ കാർ നിർത്തിയയുടൻ നന്ദന കാറിൽ നിന്നിറങ്ങി സങ്കോചത്തോടെ മുഖം കുനിച്ച് വീടിനകത്ത് കയറി.

പിന്നാലെ തനൂജയും ശ്രീജിത്തും. സ്വീകരണ മുറിയിലെത്തിയ നന്ദന പൊട്ടിക്കരച്ചിലോടെ ശ്രീജിത്തിന്‍റെ കാലിൽ പിടിച്ചു, “ചേട്ടാ, എന്നോട് ക്ഷമിക്ക്… കുട്ടിക്കാലം തുടങ്ങി ഞാൻ ചെയ്യുന്ന ഓരോ തെറ്റും ചേട്ടൻ ക്ഷമിച്ചിട്ടുണ്ട്. ഇന്ന് പക്ഷേ… എന്നെ ചേട്ടൻ എത്ര വേണമെങ്കിലും അടിച്ചോ… പക്ഷേ എന്നോട് ദേഷ്യപ്പെടരുത്. എന്നെ വെറുക്കരുത്.”

കുഞ്ഞനുജത്തിയുടെ വാക്കുകൾ അയാളുടെ മനസ്സിനെ പൊള്ളിച്ചു. അവളുടെ ഈ ഗതികേടിന് ഞാനും ഒരു പരിധി വരെ കാരണമായിട്ടുണ്ടല്ലോയെന്നോർത്ത് അയാളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു.

അയാൾ നന്ദനയെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്‍റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അന്ന് രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ചില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലായി എല്ലാവരും.

“3-4 ദിവസം കഴിയുമ്പോൾ പപ്പ ഇങ്ങെത്തും. പപ്പയോടെന്ത് പറയും? ഇക്കാര്യമറിഞ്ഞാൽ പപ്പയ്ക്ക് ഹാർട്ട്അറ്റാക്ക് വരും. ഭാഗ്യം ഇതൊന്നു കാണാൻ അമ്മ ഉണ്ടാകാഞ്ഞത്.” തനൂജ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

“ചെറിയച്ഛന്‍റെ വീട്ടിൽ കുറച്ച് ദിവസം കൂടി നിൽക്കാൻ പപ്പയോട് പറയാം. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും വഴിതെളിയും.”

“ശരിയാ… അതാ നല്ലത്.” എന്നു പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. നന്ദനയും സ്വന്തം മുറിയിലേക്ക് പോയി. ശ്രീജിത്ത് മുറിയിലെത്തിയപ്പോൾ തനൂജ മനസ്സിൽ അപ്പോൾ തോന്നിയ അഭിപ്രായം പറഞ്ഞു.

“തനൂജയേയും കൂട്ടി നീലഗിരിയിലുള്ള എന്‍റെ കസിന്‍റെ വീട്ടിൽ പോയാലോയെന്നാണ് ഞാൻ ആലോചിക്കുന്നത്.”

“അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ? അയാൾ അവിടെ തനിച്ച് താമസിക്കുവല്ലേ” ശ്രീജിത്ത് ചോദ്യഭാവത്തിൽ നോക്കി.

“അതെ, ചേട്ടൻ കല്യാണം കഴിച്ചിട്ടില്ല. ചേട്ടനെ കൊണ്ട് നന്ദനയെ വിവാഹം കഴിപ്പിക്കുന്ന കാര്യം സംസാരിക്കുകയും ചെയ്യാം. ചേട്ടൻ ഞാൻ പറയുന്നത് കേൾക്കും.”

“അത് ശരിയല്ല തനൂജ. അങ്ങനെ നിർബന്ധിച്ച് രണ്ട് പേരെ കൊണ്ട് ചെയ്യിക്കാവുന്ന കാര്യമാണോ കല്യാണം. എന്താ നിന്‍റെ ചേട്ടൻ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്? ഇപ്പോൾ 37-38 വയസ്സായി കാണില്ലേ അയാൾക്ക്?”

“ചേട്ടൻ ഒരു പെൺകുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. പക്ഷേ ആ പെണ്ണ് ഒടുവിൽ ചേട്ടന്‍റെ കൂട്ടുകാരനെ കല്യാണം കഴിച്ചു. അന്നു തുടങ്ങി ചേട്ടന് കല്യാണത്തോട് വെറുപ്പായി. ഒത്തിരി ആലോചനകൾ വന്നതാ. പക്ഷേ ചേട്ടനൊന്നും ഇഷ്‌ടമായില്ല. ചേട്ടനും നന്ദനയും നല്ല മാച്ചായിരിക്കുമെന്നാ എനിക്ക് തോന്നുന്നത്. ഇക്കാര്യം ഞാൻ നന്ദനയോട് ചോദിച്ച് നോക്കാം.” തനൂജ തെല്ലൊരാശ്വാസത്തോടെ പറഞ്ഞു.

“ങ്ഹും അങ്ങനെ ചെയ്തോ. ഇപ്പോൾ മറ്റൊരു വഴിയും തെളിഞ്ഞ് കാണുന്നില്ലല്ലോ. അവിടെ കുറച്ച് കാലം തങ്ങുമ്പോൾ നന്ദന പതിയെ എല്ലാം മറക്കും.”

പിറ്റേ ദിവസം തന്നെ തനൂജ നന്ദനയേയും കൂട്ടി നീലഗിരിയിലേക്ക് യാത്രയായി. ശ്രീജിത്ത് പപ്പയെ വിളിച്ച് കുറച്ച് ദിവസം കൂടി ഇളയച്‌ഛനൊപ്പം മുംബൈയിൽ താമസിക്കാൻ ആവശ്യപ്പെട്ടു.

നീലഗിരിയിൽ കസിന്‍റെ വീട്ടിലെത്തിയ തനൂജ വിമലിനോട് നന്ദനയെപ്പറ്റിയുള്ള കാര്യങ്ങൾ ധരിപ്പിച്ചു. സംസാരത്തിനിടെ നന്ദനയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോയെന്ന് തനൂജ വിമലിനോട് ചോദിച്ചു.

തന്‍റെ ഏകാന്ത ജീവിതത്തിൽ എന്തുകൊണ്ടും നന്ദന അനുയോജ്യമായിരിക്കുമെന്നാണ് അയാൾക്ക് അപ്പോൾ തോന്നിയത്. തന്നെപ്പോലെ തന്നെ അവൾ സ്നേഹത്തിൽ വിശ്വസിച്ച് ചതിക്കപ്പെട്ടവളാണ് എന്നയാൾ ഓർത്തു. അങ്ങനെയൊരാൾക്ക് ശുദ്ധവും സത്യസന്ധവുമായ സ്നേഹത്തിന്‍റെ വിലയും സ്‌ഥാനവും എന്തായിരിക്കുമെന്ന് നന്നായിട്ടറിയാം.

“തനു എനിക്കൊരു എതിർപ്പുമില്ല. അവളെ എനിക്കിഷ്ടപ്പെടാൻ കഴിയും. പക്ഷേ അവളുടെ കൂടി അഭിപ്രായം അറിയണം.” അയാൾ പറഞ്ഞു.

തനൂജ ഒട്ടും വൈകാതെ ഇക്കാര്യം നന്ദനയെ ധരിപ്പിച്ചു. നന്ദനയ്ക്കും പൂർണ്ണസമ്മതമായിരുന്നു. ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിട്ടും തനിക്കൊരു ജീവിതം തരാൻ മനസ്സു കാട്ടിയ വിമലിനോട് അവൾക്കപ്പോൾ ആദരവ് കലർന്ന സ്നേഹമാണ് തോന്നിയത്.

തനൂജ ഉടനടി ഇക്കാര്യം ശ്രീജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചു. ശ്രീജിത്തിന് ആ വാർത്ത നൽകിയ സന്തോഷം വലുതായിരുന്നു. വിമലിനോട് അയാൾക്കപ്പോൾ നിറഞ്ഞ ബഹുമാനമാണ് തോന്നിയത്.

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മഴപെയ്ത പ്രതീതിയാണ് അയാൾക്ക് അനുഭവപ്പെട്ടത്. ആ സന്തോഷം അയാളുടെ വാക്കുകളിലും പ്രകടമായിരുന്നു. “തനു, നീ ശരിക്കും ഒരു അദ്ഭുതം തന്നെയാ… എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് നീ… നിന്‍റെ സ്‌ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ…. എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല എന്‍റെ പൊന്നുമോളെ.”

“എന്താ ചേട്ടാ ഇത്? നന്ദന എനിക്കാരാ ചേട്ടാ? ഞാനവളെ എന്നും എന്‍റെ കുഞ്ഞനുജത്തിയായിട്ടാ കരുതിയിട്ടുള്ളത്?” തനു ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി കൊണ്ട് പറഞ്ഞു.

ശ്രീജിത്ത് പപ്പയെ ഫോൺ ചെയ്‌ത് മടങ്ങി വരാനാവശ്യപ്പെട്ടു. വീട്ടിലെത്തിയ പപ്പയോട് ശ്രീജിത്ത് സംഭവങ്ങൾ പറഞ്ഞു. കാര്യമറിഞ്ഞ് അസ്വസ്ഥനായ പപ്പയെ ആശ്വസിപ്പിക്കാൻ ശ്രീജിത്ത് പാടുപെട്ടുവെങ്കിലും ഒടുക്കം സത്യാവസ്‌ഥയുമായി പൊരുത്തപ്പെട്ട പപ്പ പുതിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. അതല്ലാതെ മറ്റ് പോംവഴിയില്ലല്ലോ? പപ്പ ആശ്വാസം കൊണ്ടു.

ഒടുവിൽ രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെ നന്ദനയുടേയും വിമലിന്‍റെയും വിവാഹം നടന്നു. വലിയ ആർഭാടമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള ചടങ്ങായിരുന്നു.

ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാൻ നേരം നന്ദന തനൂജയെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്നേഹനിധിയായ തനൂജചേച്ചിയെ ഒരു ജന്മം കൊണ്ട് സ്നേഹിച്ചാൽ പോലും മതിയാവില്ല.

തകർന്നു പോകുമായിരുന്ന തന്‍റെ ജീവിതം രണ്ട് കൈകൾ കൊണ്ട് കോരിയെടുത്ത് നെഞ്ചോട് ചേർത്ത തനൂജ ചേച്ചിയും വിമൽച്ചേട്ടനും ഉള്ള സ്നേഹത്തിന്‍റെ ഈ പച്ചതുരുത്തുകളിൽ താനെന്നും സുരക്ഷിതയായിരിക്കും എന്ന ഉറപ്പ് അവളെ ഏറെ ആഹ്ലാദവതിയാക്കി.

ഭർത്താവിനോട് പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

എല്ലാ തെറ്റുകൾക്കും ഭർത്താവിനെ മാത്രം കുറ്റക്കാരനായി കാണുന്നത് നല്ല പ്രവണതയല്ല. ഭാര്യമാർക്കും ഇതിൽ ഏറിയും കുറഞ്ഞും പങ്കുണ്ടാവും. ഭാര്യമാർ ഉന്നയിക്കുന്ന ചില കാര്യങ്ങൾ ഭർത്താവിനെ മാനസികമായി വേദനിപ്പിക്കാറുണ്ട്. ഭർത്താവിനെതിരെ അത്തരം കുറ്റപ്പെടുത്തലുകൾ പാടില്ല. അവയേതെന്ന് നോക്കാം.

ഞാൻ ചെയ്‌തു കൊള്ളാം

പ്ലംബറിനെയോ ഇലക്ട്രീഷ്യനെയോ വിളിക്കുന്ന സമയത്ത് ഞാൻ ചെയ്‌തു കൊള്ളാം എന്ന് ഭർത്താവിനോട് ചാടിക്കയറി പറയരുത്. അത് നിങ്ങളുടെ ജോലിയെ എളുപ്പമാക്കാം. പക്ഷേ ഭർത്താവിനെയത് വേദനിപ്പിച്ചെന്നു വരാം. മന:ശാസ്ത്ര വിദഗ്ദ്ധർ ഇതേപ്പറ്റി പറയുന്നതിങ്ങനെയാണ്, “ഒരു പക്ഷേ ഭർത്താവ് ഭാര്യയെ സഹായിച്ച് ആശ്വാസം പകരാനാവും ശ്രമിക്കുന്നത്. പക്ഷേ ഭാര്യയുടെ മോശം പ്രതികരണം അയാളിൽ അസ്വസ്ഥതയുളവാക്കാം. അത്തരം പ്രതികരണം ഭർത്താവിന്‍റെ കഴിവിൽ നിങ്ങൾക്കുള്ള ആശങ്കയാവും പ്രകടമാവുക അല്ലെങ്കിൽ നിങ്ങൾക്ക് ഭർത്താവിനെ ആവശ്യമില്ല എന്നാവും.”

നിങ്ങൾ അത് അറിയേണ്ടതായിരുന്നു

ക്ലിനിക്കൽ മന:ശാസ്ത്രജ്ഞനായ റിയാൻ ഹോവ്സ് പറയുന്നതിങ്ങനെ…

“ഭർത്താവ് ഓരോ കാര്യവും.. അല്ലെങ്കിൽ നിങ്ങൾ പറയുന്ന കാര്യം ശ്രദ്ധിക്കണമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾ നിരാശപ്പെടുക തന്നെ ചെയ്യും. ഭാര്യമാർ വേഗം അപ്സെറ്റാവും. യഥാർത്ഥത്തിൽ പുരുഷന്മാർ ചില കാര്യങ്ങളിൽ മനസ്സർപ്പിക്കണമെന്നില്ല. അഥവാ ഭാര്യമാർ ഇക്കാര്യം മനസ്സിലാക്കുകയാണെങ്കിൽ മാനസിക വിഷമം ഉണ്ടാകുന്നത് പരസ്പരം ഒഴിവാക്കാം.

അവൾ സുന്ദരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

പുരുഷന്മാരുടെ കൗൺസിലിംഗ് സെപ്ഷ്യലിസ്റ്റായ കർട്ട് സ്മിത്ത് പറയുന്നത് കേൾക്കൂ, “ഏതെങ്കിലും സുന്ദരിയായ സ്ത്രീയെപ്പറ്റിയുള്ള അഭിപ്രായം സ്വന്തം ഭർത്താവിൽ നിന്നും നിങ്ങൾ അറിയാൻ ആഗ്രഹിക്കാറുണ്ടോ? ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നാൽ ഇങ്ങനെയൊരു ചോദ്യം ഭർത്താവിനോട് ചോദിക്കുകയാണെങ്കിൽ അദ്ദേഹത്തെ നിങ്ങൾ ധർമ്മ സങ്കടത്തിലാക്കുകയാണ് ചെയ്യുന്നത്.

ഉദാ: ഒരു മുറിയിലേക്ക് കയറി വരുന്ന സുന്ദരിയായ സ്ത്രീയെ ഭൂരിഭാഗം പുരുഷന്മാരും ആദ്യമേ കണ്ടു കഴിഞ്ഞിരിക്കും. പക്ഷേ ഭാര്യയോടുള്ള ആദരവ് മൂലം ഭർത്താവ് ആ സ്ത്രീയെ നോക്കിയെന്നു വരില്ല. അതുകൊണ്ട് നിങ്ങളുടെ ചോദ്യം ഭർത്താവിനെ അസ്വസ്ഥനാക്കാം. ഭാര്യയെ അസ്വസ്ഥയാക്കണമെന്നോ അല്ലെങ്കിൽ വേദനിപ്പിക്കണമെന്നോ അദ്ദേഹത്തിന് വിചാരമുണ്ടായിരിക്കുകയില്ലെന്നതാണ് വാസ്തവം.

ഒന്ന് ആണായിക്കൂടെ?

 നിങ്ങൾ സത്യത്തിൽ ഇങ്ങനെ പറയാറുണ്ടോ? പുരുഷനായി കാണിക്കാൻ ഏതെങ്കിലും തെറ്റായതോ ശരിയായതോ ആയ രീതിയുണ്ടാകണമെന്നില്ല. ആണത്തം കാട്ടൂ എന്ന കുറ്റപ്പെടുത്തൽ ആ വ്യക്‌തിയുടെ വ്യക്‌തിത്വത്തെ മുറിവേൽപ്പിക്കും. വെറുപ്പും ലജ്ജയുമുളവാക്കുന്ന കുറ്റപ്പെടുത്തലാണിത്.

നമുക്ക് സംസാരിക്കേണ്ട ആവശ്യമുണ്ട്!

ഭാര്യയുടെ ഇത്തരം പ്രതികരണം ഭർത്താവിന്‍റെ മനസ്സിൽ പേടിയുളവാക്കാം. മന:ശാസ്ത്ര തെറാപ്പിസ്റ്റ് മാർസിയ നെഹോമി ബർഗർ പറയുന്നതിങ്ങനെ,

“അടുത്ത തവണ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കടുപ്പമില്ലാത്ത വാക്കുകൾ ഉപയോഗിക്കുക അല്ലാതെ ഇത്തരം വാക്കുകൾ ഭർത്താവിന് ഒരു വാണിംഗ് പോലെയായിരിക്കും. അല്ലെങ്കിൽ എന്തെങ്കിലും അപകട സൂചന പോലെയാവും ഭർത്താവിന് തോന്നുക. ചിലപ്പോൾ ഭാര്യ ചിന്തിച്ചതിന് നേർവിപരീതമായ ഫലമാവും അത് ഉണ്ടാക്കുക.

വീണ്ടും കൂട്ടുകാർക്കൊപ്പം  

“ഭർത്താവ് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കാണുന്നതോ ഗോൾഫ് കളിക്കുന്നതോ വിവാഹ ജീവിതത്തിൽ യാതൊരു പ്രശ്നവുമുണ്ടാക്കുകയില്ല. അത് ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുകയേയുള്ളൂ. എന്നാൽ എന്തെങ്കിലും ഒഴിവ് കഴിവ് കണ്ടെത്തി ഭർത്താവ് മദ്യപിക്കുകയോ കൂട്ടുകാരോട് പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പോവുകയോ ചെയ്‌താൽ വിലക്കേർപ്പെടുത്താം. പക്ഷേ ഇത്തരം നടപടികളിലൂടെ സ്വന്തം സപ്പോർട്ട് സിസ്റ്റത്തിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ചില സൗഹൃദങ്ങളിൽ നിന്നും അവർ നല്ല കാര്യങ്ങളും പഠിക്കുന്നുണ്ട്.” ഹോവ്സ് പറയുന്നു.

ഭാര്യമാർ ഒരു കാര്യം ഓർക്കണം. ഒരു വ്യക്‌തി ഭർത്താവ് എന്ന റോളിലെത്തിയാലും സ്വന്തം ഇഷ്‌ടമനുസരിച്ച് ജീവിക്കാനുള്ള അവകാശവും അധികാരവും നഷ്‌ടപ്പെടുന്നില്ല. പങ്കാളിയിൽ വിശ്വാസമർപ്പിക്കുക, വേണ്ട ബഹുമാനം നൽകുക. പരാതികളും പരിഭവങ്ങളും സുഖവും ദു:ഖവും പങ്കാളിയുമായി പങ്കുവയ്‌ക്കുക. ഭർത്താവിനൊപ്പം സ്വന്തം ജീവിതം സ്നേഹത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കുക.

പാട് മാറ്റാൻ പാടൊന്നുമില്ല

അപകടം, സർജറി, പൊള്ളൽ  തുടങ്ങിയ പല കാരണങ്ങൾ  കൊണ്ടും ശരീരത്തിൽ പാട് ഉണ്ടാകാറുണ്ട്. മരുന്നുകൊണ്ട് മുറിവ് നീങ്ങുമെങ്കിലും പലർക്കും ദുഃഖമായി അശേഷിക്കുന്ന കാര്യമാണ് ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസവും അടയാളവും. കാലക്രമേണ ചിലരിൽ ഈ വ്യത്യാസവും പാടുമെല്ലാം ചികിത്സ കൂടാതെ പരിഹരിക്കപ്പെടാറുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ സർജറി തന്നെ വേണ്ടിവരും.

നേരിട്ടു വെളിപ്പെടുന്ന ശരീരഭാഗങ്ങളിലെ പാടുകൾക്കാണ് മിക്കവരും ചികിത്സ തേടുക. പ്രത്യേകിച്ചും മുഖത്തെ പാടുകൾക്ക്. മുറിവിന്‍റെ തീവ്രതയും അടയാളത്തിന്‍റെ രീതിയും ചിലപ്പോൾ ശാരീരിക പ്രവർത്തനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. ഇത്തരം അവസ്‌ഥയിൽ പ്ലാസ്‌റ്റിക് സർജറിയടക്കം ചില ചികിത്സകളിലൂടെ മുഖത്തെ അടയാളങ്ങൾ മാറ്റാനും സൗന്ദര്യം തിരിച്ചെടുക്കാനും കഴിയും. എന്തൊക്കെയാണ് അവ എന്നു മനസ്സിലാക്കാം.

ഫേഷ്യൽ സർജറി എപ്പോൾ

ആരോഗ്യമുള്ള വ്യക്‌തിയാണോ എന്ന പ്രാഥമിക പരിശോധന ഫേഷ്യൽ സർജറിക്കും ആവശ്യമാണ്. ഡോക്‌ടറെ സന്ദർശിച്ച് ആരോഗ്യസ്‌ഥിതി ഉറപ്പു വരുത്തിയ ശേഷം സർജറിയുമായി മുന്നോട്ടു പോകാം. മുഖത്തെ പാടുകൾ മാറ്റാനുള്ള സ്കാർ റിവിഷൻ ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതിനു മുമ്പ് ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പാടുകൾ നിശ്ശേഷം മായ്ക്കുക എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. ചർമ്മത്തിന്‍റെ നിറം, തരം, പ്രായം, അടയാളത്തിന്‍റെ കാരണം എന്നിവയെല്ലാം പരിഗണിച്ചാൽ മാത്രമേ, പാടുകൾ എത്രത്തോളം മാറുമെന്ന് പറയാനാവൂ. മുറിവിന്‍റെ പാട് പ്രത്യക്ഷപ്പെട്ടാൽ ഒരു വർഷത്തിനകം തന്നെ പ്ലാസ്റ്റ‌ിക് സർജറി ചെയ്താൽ കൂടുതൽ ഫലം ലഭിക്കും.

സ്‌കാർ റിമൂവൽ സർജറി

പരിചയസമ്പന്നനായ ഒരു പ്ലാസ്‌റ്റിക് സർജന്‍റെ മേൽനോട്ടത്തിൽ മാത്രം ചെയ്യേണ്ട സർജറിയാണ് സ്കാർ റിമൂവൽ സർജറി. വ്യത്യസ്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവ് സൃഷ്ടിക്കുന്ന പാടുകൾ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് ഇത് നീക്കം ചെയ്യുന്ന സർജറിയടെ നടപടിക്രമത്തിലുമുണ്ടാകും മാറ്റം. സർജറിക്കായി ഡോക്‌ടറെ തേടുമ്പോൾ ഇക്കാര്യവും പരിഗണിക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന് പൊള്ളലേറ്റ ചർമ്മത്തിന്‍റെയും അപകടം കൊണ്ട് മുറിവേറ്റ ചർമ്മത്തിന്‍റെയും ഘടന ശ്രദ്ധിച്ചാൽ തന്നെ മാറ്റം മനസ്സിലാക്കാം. പൊള്ളലേറ്റ ചർമ്മത്തിൽ മുറിവുണങ്ങിക്കഴിയുമ്പോൾ ടിഷ്യൂകളും തൊലിയും സങ്കോചിക്കും. ഈ സങ്കോചം മാംസപേശികളുടെ ചലനത്തെ പോലും ബാധിക്കാം. മുറിവുണങ്ങിക്കഴിയുമ്പോൾ ആ ഭാഗത്തെ മാംസപേശിയുടെയും രക്ത‌ക്കുഴലുകളുടെയും സ്വാഭാവികചലനം തടസ്സപ്പെടുന്ന അവസ്‌ഥയുണ്ടെങ്കിൽ ആ അടയാളത്തെ ‘ഹൈപർ ട്രോഫിക് സ്കാർ’ എന്നാണ് വിളിക്കുക. മുറിവ് ഉണങ്ങുന്ന സമയത്തെ കൊളോജന്‍റെ അമിതപ്രവാഹം നിമിത്തം മുറിവിന്‍റെ അടയാളം വലുതാകാറുണ്ട്. ഇതിനെ കീലോയ്‌ഡ് സ്കാർ എന്നു പറയും.

മേൽപ്പറഞ്ഞ രണ്ടവസ്‌ഥകളും മുഖഭാവത്തെപ്പോലും സ്വാധീനിക്കുന്ന തരത്തിലാകാം. ഇങ്ങനെ വന്നാൽ സ്വാഭവികമായ മുഖഭാവം തിരികെ കിട്ടാൻ സർജറി തന്നെ വേണ്ടി വരും.

സർജറിയുടെ രീതി

സർജറിക്കായി ഡോക്‌ടറെ കാണുമ്പോൾ തന്നെ ഏതുതരം സർജറിയാണ് തനിക്കു വേണ്ടതെന്ന വിവരം ചോദിച്ചു മനസ്സിലാക്കണം. അനസ്തേഷ്യ നൽകുന്ന രീതി, സർജറി സൗകര്യങ്ങൾ, ചെലവ് ഇതൊക്കെ തന്നെ മുൻകൂട്ടി അറിയുന്നതാണ് ഉചിതം. സങ്കോചത്തെത്തുടർന്ന് രൂപമാറ്റം സംഭവിച്ച ചർമ്മമാണെങ്കിൽ സ്‌കാർ ടിഷ്യൂസ് നീക്കം ചെയ്‌ത്‌ സമീപത്തെ ആരോഗ്യമുള്ള പർമ്മം വളരാൻ അനുവദിക്കുന്നതാണ് ഒരു രീതി. ഇതു സാധ്യമാവാത്ത ചില സന്ദർഭങ്ങളിൽ സ്കിൻ ഗ്രാഫ്റ്റിംഗ് ചെയ്യും. ഈ രീതി അനുസരിച്ച് ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തു നിന്ന് സ്ക‌ിൻ ടിഷ്യൂസ് എടുത്ത് അടയാളമുള്ള ഭാഗത്ത് പിടിപ്പിക്കും. ഇത്തരം സർജറിക്കു ശേഷം പുതിയ നാഡികളും ടിഷ്യൂകളും വളരാൻ കുറച്ചു സമയം എടുത്തേക്കാം.

വളരെയധികം പാടുകൾ ഉള്ള ചർമ്മത്തിന്‍റെ ട്രീറ്റ്‌മെന്‍റിന് ഡെർമാബ്രേഷൻ, ലേസർ റീസർഫസിംഗ് എന്നിവ ഉപയോഗിക്കാറുണ്ട്. പാട് വീണ ചർമ്മം ഉരച്ചു മിനുസപ്പെടുത്തുന്ന രീതിയാണ് ഡെർമാബ്രേഷൻ. കീലോയ്‌ഡ്, ഹൈപർ ട്രോഫിക് അടയാളങ്ങളുടെ വളർച്ച മരുന്നുപയോഗിച്ചും ഇല്ലാതാക്കാൻ കഴിയും. പക്ഷേ ഫലപ്രദമായില്ലെങ്കിൽ സർജറി തന്നെയാണ് അഭികാമ്യം.

സർജറിക്കു ശേഷം

സ്‌കാർ റിമൂവൽ സർജറിക്കു ശേഷം രോഗിക്ക് ചില അസൗകര്യങ്ങൾ ഉണ്ടാകാം. സർജറി ചെയ്‌ത ഭാഗത്ത് നീര്, ചുവന്ന തടിപ്പ് തുടങ്ങിയവ അതിൽ ചിലതാണ്. അതുകൊണ്ട് സർജൻ നിർദ്ദേശങ്ങൾ ചിട്ടയായി പാലിക്കാൻ തയ്യാറാവുക.

സർജറിയോടനുബന്ധിച്ച കുറച്ചു ദിവസങ്ങളിൽ കൂടുതൽ വിശ്രമം ആവശ്യമാണ്. എന്നാൽ ചർമ്മം പൂർണ്ണമായും സുഖപ്പെടാൻ കുറച്ചുകൂടി സമയമെടുക്കുമെന്നറിയുക. കിടക്കുകയും കുളിക്കുകയും ചെയ്യുന്ന വേളയിലൊക്കെ വളരെ ശ്രദ്ധ വേണം. കിടക്കുമ്പോൾ തല ഉയർത്തിവച്ച് കിടക്കുകയും വെണം. അതേസമയം നീര് കുറയാൻ ചൂട് പിടിക്കുക, ഐസ് വയ്ക്കുക, മരുന്ന് പ്രയോഗം ഇതൊക്കെ ഒഴിവാക്കേണ്ടി വരും.

മുറിവുകൾക്കു മേലെ മരുന്ന് വച്ച് തുണികൊണ്ട് മൂടിക്കെട്ടിയാൽ ആ ഭാഗം വീണ്ടും കറുത്തു പോകും. നാച്ചുറൽ ഹീലിങ്ങാണ് ഇത്തരം അവസരങ്ങളിൽ ഡോക്ടർമാർ നിർദ്ദേശിക്കുക. അതുകൊണ്ടാണ് മതിയായ വിശ്രമം, കിടപ്പിൽ ശ്രദ്ധ ഇതൊക്കെ കൃത്യമായി പാലിക്കാൻ ആവശ്യപ്പെടുന്നത്. ഡോക്‌ടറുടെ കൺസൾട്ടിംഗില്ലാതെ ഒരു മരുന്നും ഉപയോഗിച്ചുകൂടാ. പ്ലാസ്‌റ്റിക് സർജറിക്കു ശേഷം ഒരു വർഷം വേണം ചർമ്മം ഏറ്റവും നല്ല അവസ്‌ഥയിലെത്താൻ.

സൗന്ദര്യം വർദ്ധിപ്പിക്കാനോ, മുഖത്തിന്‍റെ രൂപം മാറ്റുന്നതിനോ ഒക്കെ നടത്തുന്ന സർജറിക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. എന്നാൽ അപകടത്തെ തുടർന്നുള്ള രൂപപ്രശ്‌നങ്ങൾക്കുള്ള സർജറി കവറേജിന്‍റെ പരിധിയിൽ പെടുത്താറുണ്ട്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें