വ്യായാമം ഇനി ആസ്വദിച്ച് ചെയ്യാം

മുതിർന്ന ഒരു വ്യക്‌തി ആഴ്‌ചയിൽ 150-300 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കും. അതായത് ദിവസം ഏകദേശം ഒരു 30 മിനിറ്റ് നേരം. പക്ഷേ പലർക്കും വ്യായാമം ചെയ്യാൻ മടിയാണ്. ഒരു ദിവസം ചെയ്താൽ തന്നെ അതൊരു റൂട്ടീനായി നിലനിർത്താൻ പലർക്കും മടിയാണ്. എങ്കിൽ വ്യായാമം എന്നതിലുപരിയായി നിങ്ങൾ ആസ്വദിക്കുന്ന ഓരോ ഫിസിക്കൽ ആക്‌ടിവിറ്റികളിൽ ഏർപ്പെടുക.

അത്തരം ചില ആക്ടിവിറ്റികൾ നിങ്ങളുടെ ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടും. ഒപ്പം രസകരവുമായിരിക്കും. അത്തരം ചില ആക്ടിവിറ്റികളെ പരിചയപ്പെടാം. അവയിൽ മിക്കതും നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗവുമാണ്.

നടപ്പ്, ഓട്ടം

നടക്കാനോ ജോഗിംഗിനോ പോകുകയെന്നത് വളരെ അനായാസമായ വ്യായാമമാണ്. പക്ഷേ തൊട്ടടുത്തുള്ള ഇടങ്ങളിലൂടെയുള്ള നടപ്പും മറ്റും നിങ്ങളെ പെട്ടെന്ന് മടുപ്പിക്കാം. എന്നാൽ നിങ്ങളുടെ നടപ്പിനെയും ഓട്ടത്തെയും അൽപ്പം സാഹസികവും രസകരവുമാക്കുന്ന ചില ആപ്പുകൾ ഉണ്ട്. അത്തരം ചില ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുകയേ വേണ്ടൂ. സോംബിസ് റൺ, പോക്കിമോൻ ഗോ, ഇൻഗ്രസ് എന്നിവ അത്തരം ചില ആപ്പുകളാണ്.

സ്വന്തമായി ഒരു വർക്കൗട്ട് പ്ലാൻ

ജിമ്മിൽ ജോയിൻ ചെയ്ത്‌ വ്യായാമം ചെയ്യുകയെന്നത് ഭൂരിഭാഗം പേർക്കും മടിയുള്ള കാര്യമായിരിക്കും. പക്ഷേ ഇതിനൊരു പരിഹാരമുണ്ട്. ഹോം വർക്കൗട്ട്. അതായത് റെഡിമെയ്‌ഡ് വർക്കൗട്ടുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യുക അല്ലെങ്കിൽ സ്വന്തമായി വർക്കൗട്ട് പ്ലാൻ ചെയ്ത്‌ ചെയ്യുക.

ഡാൻസ്

ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ട് ഡാൻസ് ചെയ്യുന്നതൊന്ന് ഓർത്തു നോക്കിക്കേ… നൃത്തത്തിൽ ദ്രുത ചലനങ്ങളും മന്ദഗതിയിലുള്ള ചലനങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഏകദേശം 8- 9 പാട്ടുകൾ മതി 30 മിനിറ്റ് നീളുന്ന ഡാൻസ് ചെയ്യാൻ. അനുയോജ്യമായ ഡാൻസ് യുട്യൂബിൽ നിന്ന് തെരഞെഞ്ഞെടുത്ത് ചെയ്ത്‌ത്‌ ഹൃദയമിടിപ്പിന്‍റെ താളം കൂട്ടാം.

ഫ്രിസ്ബി (എറിഞ്ഞു കളിക്കുന്ന തളിക)

കൂട്ടുകാരുമൊത്ത് ചെയ്യാവുന്ന വളരെ അനായാസവും രസകരവുമായ ഗെയിമാണിത്. ഫ്രിസ്ബി താഴെ വീഴാതെ എതിരാളിയ്ക്ക് എറിഞ്ഞു കൊടുത്തും ചാടി ക്യാച്ച് ചെയ്‌തും ഉള്ള ഈ ഗെയിം ശരീരത്തിന് നല്ലൊരു വ്യായാമം നൽകും. പരസ്പ്‌പരം തലങ്ങും വിലങ്ങും ഓടിക്കുന്ന രീതിയിൽ വേണം ഫ്രിസ്ബി എറിയാൻ. ചിരിയും വാശിയുമുണർത്തുന്ന ഗെയിമായതിനാൽ ശരീരത്തിനും മനസിനും സ്വയമറിയാതെ ഉന്മേഷവും ഊർജ്ജസ്വലതയും പകരും.

കോണിപ്പടികൾ ചാടി കയറുക

എവിടെ പോയാലും ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കി കോണിപ്പടികൾ ഉപയോഗിക്കുക. കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മികച്ചൊരു വർക്കൗട്ടാണ്. വീട്ടിലെ കോണിപ്പടിയിലെ 3-4 സ്‌റ്റെപ്പ് സ്‌പീഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുക. ഇതുപോലെ പരമാവധി 20 തവണ ആവർത്തിക്കുക. മറ്റ് വ്യായാമങ്ങളുടെ ഭാഗമായും ഇത് ചെയ്യാം.

മറ്റൊന്ന് ഇത് ഒരു മത്സരമായി എടുത്ത് കൂട്ടുകാർക്കൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ കോണിപ്പടികൾ കയറി ഇറങ്ങുക. ഇപ്രകാരം എത്ര തവണ ഒരു വ്യക്തിയ്ക്ക് ചെയ്യാനാവുമെന്ന് പരീക്ഷിക്കുക. എന്താ രസകരമല്ലേ ഈ മത്സരം?

യോഗ പരിശീലിക്കുക

ശ്വസന പ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം രക്‌തയോട്ടം വർദ്ധിപ്പിച്ച് ശരീരത്തിന് കരുത്തും ഊർ‌ജ്ജവും പകരുന്ന ഒന്നാണ് യോഗ. വ്യായാമങ്ങളിൽ പരമ പ്രധാനമായ സ്ഥാനമുണ്ട് യോഗയ്ക്ക്. ആഴ്‌ചയിൽ അൽപ്പ സമയം യോഗാസനങ്ങൾ ചെയ്യുക. അനായാസം ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ചെയ്ത്‌ തുടങ്ങി കഠിനമായവ പരിശീലിച്ച് സ്വായത്തമാക്കുക. ശരീരത്തിനും മനസിനും നിങ്ങളറിയാതെ നല്ല മാറ്റങ്ങൾ ഉണ്ടാകും. ഒപ്പം മനസിന്‍റെ ഏകാഗ്രതയും ഇച്ഛാശക്തിയും കൂട്ടും. ചലനങ്ങളിൽ നല്ല ആത്‌മവിശ്വാസം സ്ഫുരിക്കും.

റിംഗ് വ്യായാമം

കുട്ടികൾ റിംഗ് അരയിൽ വച്ച് അരക്കെട്ട് വട്ടത്തിൽ ചലിപ്പിച്ച് കളിക്കുന്നത് കണ്ടിട്ടില്ലേ? ഈ റിംഗ് ഗെയിം മുതിർന്നവർ ചെയ്താൽ എങ്ങനെയിരിക്കും. നല്ലൊരു വ്യായാമമല്ലേയിത്.

വീട് വൃത്തിയാക്കൽ നല്ലൊരു വ്യായാമം

എങ്ങനെയെന്നല്ലേ… ആഴ്ചയിലൊരിക്കൽ വീട് ഡീപ് ക്ലീനിംഗിന് വിധേയമാക്കുക. മേൽക്കൂര തുടങ്ങി താഴെ തറ വരെയുള്ള ക്ലീനിംഗ് ജോലികൾ ശരീരത്തിന് നല്ലൊരു വ്യായാമം നൽകും. ഇതിൽ ജനാല ക്ലീനിംഗ് എല്ലാം ഉൾപ്പെടുത്താം. നല്ലൊരു താളത്തോടെ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിക്കുന്ന രീതിയിൽ ഹൗസ് ക്ലീനിംഗ് ചെയ്യുക.

റൺ ആന്‍റ് പിക്ക്

വിശാലമായ മുറിയിൽ ചെയ്യാവുന്ന ഒരു വ്യായാമമാണിത്. മുറിയുടെ നാലു ചുവരുകൾക്കനുസരിച്ച് സ്‌ക്വയർ ആയോ റൗണ്ടായോ ഓടാം. സ്റ്റാർട്ടിംഗ് പോയിന്‍റിൽ വച്ച ബോൾ എടുത്ത് കൊണ്ട് ഓടി അടുത്ത പോയിന്‍റിൽ ബോൾ വച്ചശേഷം വീണ്ടും ഓടി വന്ന് ബോൾ എടുത്ത് ഓടി അടുത്ത പോയിന്‍റിൽ വച്ച് തുടരുന്ന വ്യായാമമാണിത്. ശരീരത്തിന് മൊത്തത്തിൽ വ്യായാമം ലഭിക്കുന്ന ഒന്നാണിത്.

ഇനി റെഡിയല്ലേ… ഈ വേനൽക്കാലത്ത് വ്യത്യസ്ങ്ങളായ വ്യായാമങ്ങൾ ചെയ്ത് ബോഡി ഫിറ്റ് ആന്‍റ് ഫൈൻ ആക്കാം. ഒപ്പം പ്രോട്ടീൻ റിച്ച് ഫുഡും ശീലമാക്കുക.

പെൻഡുലം ജീവിതശൈലി

റിഥ്വിക് റോഷൻ ചിത്രമായ കോയി മിൽ ഗയയിലെ “ഇധർ ചലാ മേം ഉധർ ചലാ ജാനേ കഹൻ മേം കിധർ ചലാ..” എന്ന ഗാനത്തിലെ ഈ വരികൾ ഇന്നത്തെ യുവാക്കളുടെ ജീവി തത്തെ വരച്ചു കാട്ടുന്ന അർത്ഥവത്തായ വരികളാണ്. അത് മറ്റൊന്നും കൊണ്ടല്ല. കുറച്ചുകാലമായി അവർക്ക് നല്ലതായി തോന്നുന്ന ഒരു ജീവിതശൈലി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ്. തിരക്കുകൾ കുത്തിനിറച്ചുള്ള ജീവിതശൈലി ഇന്നത്തെ യുവത്വത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്‌ഥാനത്തിൽ ആ ജീവിതശൈലി അവരുടെ ആരോഗ്യം, പെരുമാറ്റം, ജോലി, എന്നിങ്ങനെ എല്ലാറ്റിനെയും ദോഷകരമായി ബാധിക്കുന്നു എന്നതാണ് സത്യം.

“പെൻഡുലം ലൈഫ്സ്റ്റൈൽ” എന്നാണ് ഈ ജീവിതശൈലിയെ വിശേഷിപ്പിക്കുക. അതായത് രണ്ട് വിപരീത ദിശകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുന്ന ജീവിതം അല്ലെങ്കിൽ ഒരു വ്യക്തി രണ്ട് തീവ്രതകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുകയും സ്‌ഥിരതയോ സന്തുലിതാവസ്‌ഥയോ നിലനിർത്താൻ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥാ വിശേഷം. ഒന്നുകിൽ നമ്മൾ ആവശ്യത്തിലധികം എന്തെങ്കിലും ചെയ്യുന്നു അല്ലെങ്കിൽ പൂർണ്ണമായും അത് ഉപേക്ഷിക്കുന്നു. ഇതിൽ എതെങ്കിലും ഒന്ന് സംഭവിക്കാം. നമ്മുടെ ജോലി, ആരോഗ്യം, ബന്ധങ്ങൾ, മനസ്സമാധാനം എന്നിവയെ ഈ ജീവിതശൈലി മോശമായി ബാധിക്കുമെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. യുവാക്കൾ ഇതിനെ “ഒഴുക്കിനൊപ്പം പോകുക” എന്നാണ് വിശേഷിപ്പിക്കുക. ഇനി ഇത് അവരുടെ ജീവിതഗതിയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നത് നോക്കാം.

എന്താണ് പെൻഡുലം ജീവിതശൈലി?

അമിത ജോലിയും വിശ്രമവും: ഭക്ഷണ-ആരോഗ്യ കാര്യത്തിൽ ഒരു ശ്രദ്ധയും നൽകാതെ ആഴ്‌ചകളോളം അമിതമായി ജോലി ചെയ്യുകയും പിന്നീട് പെട്ടെന്ന് ഏതാനും ദിവസങ്ങൾ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ആ സമയത്ത് അവർ ഒരു ജോലിയിലും ഏർപ്പെടുകയില്ല.

മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ: വളരെയധികം സന്തോഷമോ പ്രചോദനമോ അനുഭവപ്പെടുകയും പിന്നീട് ദുഃഖത്തിലേക്കോ നിഷ്ക്രിയത്വത്തിലേക്കോ വീഴുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. ചിലപ്പോൾ ആളുകൾ വളരെ സന്തോഷമുള്ളവരോ ഉത്സാഹഭരിതരോ ആകാം. എന്നാൽ പിന്നീട് പെട്ടെന്ന് ദുഃഖവും വിഷാദവും അവരിൽ ഉണ്ടാകാം. ഒരു ഓഫീസ് പ്രോജക്റ്റിൽ തിരക്കിലായിരിക്കുകയും പകൽ വിശ്രമമോ രാത്രിയിൽ ആവശ്യത്തിന് ഉറക്കമോ ഇല്ലാതെ അത് പൂർത്തിയാക്കാൻ തീവ്രമായി ശ്രമിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ രാവും പകലും കഠിനമായി പഠിക്കുകയും പരീക്ഷ കഴിഞ്ഞാലുടൻ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തുടങ്ങുകയും ചെയ്യുന്നവരിൽ ഈ മാനസികാവസ്‌ഥ ഉണ്ടാകാറുണ്ട്.

ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും ഉയർച്ച താഴ്ച്ചകൾ : ഒരു ഘട്ടത്തിൽ ആളുകൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കർശനമായി പാലിച്ച് തുടങ്ങുകയും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ജങ്ക് ഫുഡ് കഴിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു മാസം ജിമ്മിൽ കർശനമായ വ്യായാമം ചെയ്യുകയും പിന്നീട് അടുത്ത 2 മാസക്കാലം വ്യായാമം ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാതിരിക്കുകയും ചെയ്യുന്നതുപോലെയാണിത്. പിന്നീട് നല്ല ഭക്ഷണക്രമവും വ്യായാമവും ഏതാനും ദിവസം പിന്തുടരുകയും തുടർന്ന് വീണ്ടും അലസനാകുകയും ചെയ്യും. പെൻഡുലം ജീവിതശൈലിയിൽ ഈ ചക്രം ആവർത്തിക്കപ്പെടുന്നു.

ബന്ധങ്ങളിലെ അസ്‌ഥിരത: സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന ചിലരുണ്ട്. എന്നിരുന്നാലും ചിലപ്പോൾ അവരുടെ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി ചിലർ സുഹൃത്തുക്കളെ അവഗണിച്ചു കാണാറുണ്ട്. നേരെ മറിച്ചും സംഭവിക്കാം. പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നവരുമുണ്ട്. ഇവക്കിടയിൽ എങ്ങനെ സന്തുലിതാവസ്ത നിലനിർത്താമെന്നും അവ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും അവർക്ക് മനസ്സിലാകുകയുമില്ല.

തീരുമാനങ്ങൾ എടുക്കുന്നതിൽ മടി: പുതിയൊരു ജോലി ആരംഭിക്കുകയും കുറച്ച് സമയം കഴിഞ്ഞു അത് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി തുടങ്ങുകയും ചെയ്യും. ഇതൊരു ചാക്രിക പ്രവർത്തനമായി തുടരാം.

ഈ ജീവിതശൈലി എന്തുകൊണ്ട്?

സന്തുലിതാവസ്‌ഥയുടെ അഭാവം: സ്വന്തം മുൻഗണനകൾ ശരിയായി തീരുമാനിക്കാൻ ആളുകൾക്ക് കഴിയുന്നില്ല. അതിനാൽ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയാതെ വരും. ജോലിക്കും കുടുംബത്തിനുമായി സമയം എങ്ങനെ വിഭജിക്കണമെന്ന് തീരുമാനിക്കാൻ പ്രയാസം നേരിടും.

സമ്മർദ്ദവും പ്രതീക്ഷകളും: മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ആളുകൾ സ്വയം അവഗണിച്ചു കാണാറുണ്ട്. എന്നിരുന്നാലും ചുറ്റുമുള്ളവരേക്കാൾ മികച്ചവരാകാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാൽ യുവാക്കൾ സ്വയം ഏറ്റവും മികച്ച പതിപ്പായി മാറണമെന്നും അലസമായ മാനസികാവസ്‌ഥ പിന്തുടരുതെന്നും മനസ്സിലാക്കണം.

സഹപ്രവർത്തകൻ രാത്രി ഉറങ്ങാതെയോ ഉച്ചഭക്ഷണം ഒഴിവാക്കിയോ ജോലി പൂർത്തിയാക്കുകയാണെങ്കിൽ നിങ്ങളും അപ്രകാരം ചെയ്യേണ്ടതില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക. സ്ഥാപനത്തിന് നിങ്ങളുടെ ജോലിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ സമയബന്ധിതമായി ആ ജോലി പൂർത്തിയാക്കി ആരോഗ്യ പരിപോഷണത്തിൽ തുല്യ ശ്രദ്ധ നൽകുക.

വികാരങ്ങളെ ആശ്രയിക്കൽ: ലക്ഷ്യം മനസ്സിലാക്കാതെ സ്വന്തം വികാരങ്ങളെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുക. ഉദാഹരണത്തിന് ജോലി ചെയ്യാനോ പഠിക്കാനോ ഉള്ള മാനസികാവസ്‌ഥയിലല്ലായെങ്കിൽ അത് മാറ്റിവച്ചുകൊണ്ടേയിരിക്കുന്നത്. ആത്യന്തികമായി ആ ജോലി ചെയ്യുകയെന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. എന്നാൽ വൈകാരിക തീരുമാനങ്ങൾ എടുക്കുന്നത് പിന്നീട് ഒരു ഭാരമായി മാറും.

പെൻഡുലം ജീവിതശൈലിയുടെ പോരായ്മ‌കൾ

ശാരീരികവും മാനസികവുമായ തളർച്ച: തുടർച്ചയായ അമിത ജോലി അല്ലെങ്കിൽ അനാവശ്യമായ അലസത കാരണം ശരീരം ക്ഷീണിക്കുകയും മനസ്സ് അസ്വസ്ഥ‌മായി തുടരുകയും ചെയ്യും.

ബന്ധങ്ങളിലെ അകലം: പ്രവചനാതീതമായ നിങ്ങളുടെ പെരുമാറ്റം കാരണം പങ്കാളിയുമായോ സുഹ്യത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഉള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം.

സമ്മർദ്ദവും ഉത്കണ്ഠയും: അസ്‌ഥിരത ജീവിതത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

പൊരുത്തക്കേട്: ജീവിതത്തിലെ പൊരുത്തക്കേട് ദീർഘകാല ലക്ഷ്യങ്ങൾ നേടുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പെൻഡുലം ജീവിതശൈലി എങ്ങനെ ഒഴിവാക്കാം

സന്തുലിതാവസ്‌ത പ്രധാനമാണ്: ജോലിക്കും വിശ്രമത്തിനും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുക. ഓഫീസ് ജോലി കഴിഞ്ഞാൽ ദിവസവും ഒരു മണിക്കൂർ നേരം സ്വന്തം ആവശ്യത്തിനായി മാറ്റി വയ്ക്കുക.

ചെറിയ ലക്ഷ്യങ്ങൾ: വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ശീലങ്ങൾ ക്രമേണ മാറ്റുക. ലക്ഷ്യങ്ങൾ യാഥാർത്ഥ്യബോധമുള്ളതും നേടിയെടുക്കാവുന്നതുമായിരിക്കണം. സന്തുലിതമായ ജീവിതത്തിലേക്കുള്ള ആദ്യ പടിയാണിത്. പുതിയ ഒരു ശീലമോ ജോലിയോ ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അത് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ആദ്യം ആ ജോലി 10 മിനിറ്റ് നേരം ചെയ്യുക. തുടർന്ന് ക്രമേണ ജോലി സമയം വർദ്ധിപ്പിക്കുക. ഉദാ. ശരീരഭാരം കുറയ്ക്കണമെങ്കിൽ തുടക്കത്തിൽ ദിവസവും 15 മിനിറ്റ് നേരം വ്യായാമം ചെയ്യുക. തുടർന്ന് സമയം കൂട്ടാം.

ദിനചര്യയിൽ ഉറച്ചുനിൽക്കുക: ദൈനംദിന ജീവിതത്തിനായി ഒരു ദിനചര്യ ക്രമീകരിച്ച് അത് പിന്തുടരുക. ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഒരു ശീലമാക്കുക.

പ്രിയപ്പെട്ടവരോട് സംസാരിക്കുക: സ്വന്തം പ്രശ്നങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക. സമ്മർദ്ദത്തിലാണെങ്കിൽ അടുത്തുള്ള ഒരാളിൽ നിന്ന് അതിനായി ഉപദേശം തേടുക. അല്ലെങ്കിൽ ഒരു ഡോക്ടറെ സന്ദർശിക്കുക.

ധ്യാനവും വിശ്രമ രീതികളും സ്വീകരിക്കുക: മനസമാധാനം കൈവരിക്കുന്നതിന് ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമം പരിശീലിക്കാം. ഇത് ഒരു ഭാരമായി മാറുന്നത് ഒഴിവാക്കാൻ ആദ്യം 10 മിനിറ്റ് നേരം ധ്യാനം പരിശീലിക്കുക. തുടർന്ന് ക്രമേണ സമയം വർദ്ധിപ്പിക്കാം.

പെൻഡുലം ജീവിതശൈലി

വളരെ മനോഹരമായി തോന്നുമെങ്കിലും അത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം നമ്മുടെ ആരോഗ്യത്തെയും ജോലിയേയും ബന്ധങ്ങളേയും അത് പ്രതികൂലമായി ബാധിക്കും. സന്തുലിതവും സുസ്‌ഥിരവുമായ ജീവിതം നയിക്കാൻ നമ്മൾ ചെറിയ ചുവടുകൾ വയ്ക്കണം. ഇത് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല ആന്തരിക സമാധാനവും സന്തോഷവും നൽകുകയും ചെയ്യും.

ചെലവഴിക്കാനുള്ള സമയം കണ്ടെത്താതിരിക്കുകയും ചെയ്യും ഇത്തരക്കാർ. എന്നാൽ ആ ജോലി പൂർത്തിയായി കഴിഞ്ഞാൽ അടുത്തതായി എന്തുചെയ്യണമെന്ന് അവർക്ക് മനസ്സിലാകാതെ വരികയും പ്രകോപിതരാകുകയും ചെയ്യാം.

എരിവും മധുരവും

ഗാർലിക് റൈസ്

ചേരുവകൾ

അരി – ഒരു കപ്പ്

വെളുത്തുള്ളി- 5-6 അല്ലി

ഇഞ്ചി അരിഞ്ഞത്- അര ചെറിയ സ്‌പൂൺ

സവാള നീളത്തിൽ അരിഞ്ഞത് അൽപ്പം

ഉള്ളി തണ്ട്- 2 എണ്ണം

സോയ സോസ്- അര ചെറിയ സ്‌പൂൺ

വിനഗർ- 4 തുള്ളി

ടൊമാറ്റോ സോസ്- 2 ചെറിയ സ്‌പൂൺ

ഗ്രീൻ ചില്ലി സോസ്- അര ചെറിയ സ്‌പൂൺ

വറ്റൽ മുളക്- ഒന്ന്

എണ്ണ- ഒരു ചെറിയ സ്‌പൂൺ

കോൺഫ്ളോർ- 3 ചെറിയ സ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി വെള്ളത്തിലിട്ട് അരമണിക്കൂർ നേരം കുതിർക്കുക. ശേഷം പാനിൽ അരിയും 5 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ അരി വേകും വരെ വേവിക്കുക. വെള്ളം വാർക്കുക. ഫ്രൈയിംഗ് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ഇട്ട് വഴറ്റുക. ഇതിനിടെ ഒരു ഗ്ലാസ് വെള്ളത്തിൽ വറ്റൽ മുളകിട്ട് വയ്ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് നന്നായി ഗോൾഡൻ നിറമാകുമ്പോൾ മുളകിട്ട് വെള്ളം അതിലേക്ക് ഒഴിക്കുക. ഇത് നല്ലവണ്ണം തിളച്ച് വരുമ്പോൾ സോയാ സോസ്, വിനേഗർ, ടൊമാറ്റോ സോസ്, ഗ്രീൻ ചില്ലി സോസ്, ഉപ്പ് ചേർക്കുക. കുറച്ച് വെള്ളത്തിൽ കോൺ ഫ്ളോർ കലക്കി അൽപ്പാൽപമായി അതിൽ ഒഴിച്ച് നിർത്താതെ ഇളക്കുക. സോസ് കട്ടിയാവുമ്പോൾ ഗ്യാസ് ഓഫാക്കുക. ഈ സോസ് വേവിച്ചു വച്ച ചോറിൽ ചേർത്ത് ഉള്ളിതണ്ട് അരിഞ്ഞത് വച്ച് അലങ്കരിച്ച് സർവ്വ് ചെയ്യുക.

ബേസനി ക്യാപ്‌സിക്കം

കടലമാവു ചേർന്നുള്ള രുചിയൂറും ഒരു വ്യത്യസ്‌ത വിഭവം. എളുപ്പത്തിൽ ഈസിയായി തയ്യാറാക്കാം. കുട്ടികൾക്ക് ഈ ഡിഫറന്‍റ് ടേസ്‌റ്റ് ഇഷ്പ്പെടും.

ചേരുവകൾ

കടലമാവ്- അര കപ്പ്

സവാള- 2 എണ്ണം അരിഞ്ഞത്

ക്യാപ്‌സിക്കം- 2 എണ്ണം അരിഞ്ഞത്

മുളകുപൊടി- ഒരു ചെറിയ സ്‌പൂൺ

മഞ്ഞൾപ്പൊടി- അര ചെറിയ സ്‌പൂൺ

എണ്ണ പാകം ചെയ്യാൻ ആവശ്യത്തിന്

മല്ലിയില്ല അരിഞ്ഞത്- അൽപ്പം

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി ക്യാപ്‌സിക്കം വഴറ്റി മാറ്റി വയ്ക്കുക. കടലമാവ് ഇടഞ്ഞ് മാറ്റി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ഗോൾഡൻ നിറമാകും വരെ വഴറ്റുക. ഇനി ഇതിൽ മുഴുവൻ മസാലകളും കടലമാവും ക്യാപ്സിക്കവും ചേർത്ത് 2 മിനിറ്റ് നേരം വരെ പാകം ചെയ്യുക. മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്ത് സർവ്വ് ചെയ്യാം.

ട്രൂഫൽ പുഡിംഗ്

ചേരുവകൾ

സ്പോഞ്ച് കേക്ക്- ആവശ്യത്തിന്

വിപ്പിംഗ് ക്രീം, വാഴപ്പഴം, അനാർ, ആപ്പിൾ, മുന്തിരി, ചിക്കു എന്നിവ മുറിച്ചത് – ഒരു കപ്പ്

വാനില കസ്‌റ്റാർഡ് പൗഡർ- അൽപ്പം

മഞ്ഞ, ചുവപ്പ് ഫുഡ് കളർ- അൽപ്പം

പാൽ- ഒരു ഗ്ലാസ്

തേൻ അല്ലെങ്കിൽ പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാലിൽ നിന്നും 3-4 ചെറിയ സ്‌പൂൺ പാൽ ഒരു പാത്രത്തിൽ ഒഴിക്കുക. ബാക്കി പാൽ ഒരു ഫ്രൈയിംഗ് പാനിൽ ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ച് തുടങ്ങുമ്പോൾ തീ കുറയ്ക്കുക. കസ്‌റ്റാർഡ് പൗഡർ മാറ്റി വച്ച പാലിൽ ചേർത്ത ശേഷം ചൂടാക്കിയ പാലിൽ ചേർക്കാം. 5 മിനിറ്റ് നേരം പാകം ചെയ്ത ശേഷം തണുപ്പിക്കുക. വിപ്പിംഗ് ക്രീം ഓരോ ഭാഗങ്ങളായി എടുത്ത് നിറങ്ങൾ ചേർത്ത് പ്രത്യേകം ബീറ്റ് ചെയ്യുക. ഒരു സർവ്വിംഗ് ബൗളിൽ സ്പോഞ്ച് കേക്കിന്‍റെ കഷണങ്ങൾ വയ്ക്കുക. മുകളിൽ ഫ്രൂട്ട്സ് വച്ച് അലങ്കരിച്ച് കസ്‌റ്റാർഡ് ഒഴിക്കുക. ശേഷം വ്യത്യസ്ത നിറങ്ങളിലുള്ള വിപ്പിംഗ് ക്രീം കൊണ്ട് അലങ്കരിച്ച് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച് സർവ്വ് ചെയ്യാം.

സ്വീറ്റ്സ് ഡിലൈറ്റ്

ചേരുവകൾ

മിൽക്ക് പൗഡർ- ഒരു കപ്പ്

കോക്കനട്ട് പൗഡർ- ഒരു കപ്പ്

ക്രീം- 4 -5 ചെറിയ സ്‌പൂൺ

റോസ് വാട്ടർ – ഏതാനും തുള്ളി

കാരമലൈസ്‌ഡ് ഷുഗർ- ഒരു കപ്പ്

ചുവന്ന ഫുഡ് കളർ- അൽപ്പം

കശുവണ്ടി പരിപ്പ്- 10-12 എണ്ണം

തയ്യാറാക്കുന്ന വിധം

കാരമലൈസ്‌ഡ് ഷുഗർ, മിൽക്ക് പൗഡർ, കോക്കനട്ട് പൗഡർ, ക്രീം എന്നിവ ആട്ടമാവു പോലെ കുഴയ്ക്കുക. ശേഷം ഇതിൽ പകുതി മാറ്റി വയ്ക്കുക. ഇതിൽ ഒരു ഭാഗം ചുവന്ന കളർ ചേർക്കാം. റോസ്‌ വാട്ടർ ചേർക്കുക. ഇനി വെളുത്ത ഭാഗം റൊട്ടി പോലെ പരത്തുക. ചുവന്ന ഭാഗം സ്‌റ്റിക്കു പോലെ റോൾ ചെയ്ത് വെളുത്ത റൊട്ടിയിൽ ചുവന്ന സ്‌റ്റിക്ക് വച്ച് റോൾ ചെയ്യുക. അകത്ത് റെഡും പുറത്ത് വൈറ്റുമുള്ള സ്‌റ്റിക്ക് രൂപത്തിലായ ശേഷം കഷണങ്ങളായി മുറിച്ച് ചുവന്ന ഭാഗത്ത് കശുവണ്ടി പരിപ്പ് ചെറുതായി അമർത്തി വച്ച് അലങ്കരിച്ച് വയ്ക്കുക. സ്വീറ്റ് ഡിലൈറ്റ് റെഡി.

 

നിഥിൻ വിവാഹിതനായി

ഇത്തവണയും ലീവിൽ വരുമ്പോൾ ഒരേയൊരു ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. മുൻവർഷങ്ങളിലെപോലെ പെണ്ണുകാണുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ആനുവൽ ലീവും പെണ്ണുകാണലിൽ മാത്രമായി ഒതുങ്ങിപ്പോയി.

ഈ വരവും അങ്ങനെതന്നെ ആയിത്തീരുമോ എന്ന് നിഥിനോട് സ്വന്തം മനസ്സുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. തന്‍റെ മനസ്സിന് ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിയാത്തതിന്‍റെ മനോവേദന അവനെ ആകുലനാക്കി.

തന്നെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് ആരും വരണ്ട എന്ന് നേരത്തെ തന്നെ വീട്ടിലേക്ക് അറിയിച്ചിരുന്നതിനാൽ ആരെയും പ്രതീക്ഷിച്ചില്ല. എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ് എടുത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടക്കുന്നതിനു മുമ്പ് ടാക്‌സി കൗണ്ടറിൽ ചെന്ന് പണം അടച്ച് ടോക്കൺ വാങ്ങിയാണ് പുറത്ത് കടന്നത്.

മകരത്തിലെ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും നേരിയ കുളിർമ്മ മനസ്സിനെയും ശരീരത്തെയും തലോടികൊണ്ടിരുന്നു.

ഗെയ്റ്റിൽ തനിക്കു വേണ്ടി വന്നു നിന്ന ടാക്സിയുടെ നമ്പർ നോക്കി ഡിക്കിയിലേക്ക് ലഗേജ് കയറ്റി വെക്കുമ്പോൾ ഒതുക്കി വെക്കാൻ ഡ്രൈവറും ഒപ്പം നിന്നു. എയർപോർട്ട് പരിധിയിൽ നിന്നും പുറത്ത് കടന്ന് ഗ്രാമത്തിന്‍റെ ശാന്തയിലൂടെ വണ്ടി നീങ്ങുമ്പോൾ ഏസി ഓഫ് ചെയ്ത‌ത് ഗ്ലാസ്സ് താഴ്ത്തിതരുവാൻ നിഥിൻ ഡ്രൈവറോട് യാചി ച്ചു. ഡ്രൈവർ സുപരിചിതനല്ലാത്തതിനാൽ പങ്കുവെക്കാൻ വിഷയ ദൗർലഭ്യം നേരിട്ടു.

വണ്ടിയുടെ വിൻഡോ സ്ക്രീനിലൂടെ നോക്കെത്താ ദൂരത്തിലേക്ക് നോട്ടമെറിഞ്ഞ് പ്രകൃതിഭംഗി വീക്ഷിക്കുകയാണെന്ന വ്യാജേന അവനിരുന്നു. പുലർകാലമായതിനാൽ സൂര്യന് തിളക്കം കുറവായിരുന്നു. വികൃതമായി കിടന്ന വഴികൾ താണ്ടി തിരക്കുപിടിച്ച മെയിൻ റോഡിലേക്ക് വാഹനം കടന്നപ്പോൾ യാത്രയുടെ വേഗതയും താനേക്കൂടി. പിന്നിലേക്ക് പായുന്ന പ്രകൃതിയോടൊപ്പം പിന്നിൽ നിന്നും താൻ പെണ്ണുകാണാൻ നടന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടി കയറി വരാനും തുടങ്ങി. മനസ്സിനും ജീവിതത്തിലും ഒത്തുചേരാൻ ബോഡി കെമിസ്ട്രിയിലൂടെ ശ്രദ്ധിച്ച് തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരിൽ നിന്നും കിട്ടുന്ന നെഗറ്റീവ് മറുപടി തന്‍റെ ഉറക്കത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു.

ഒരിക്കൽ മീരചേച്ചിയുടെ (ചേട്ടന്‍റെ ഭാര്യ) ഇതിനെക്കുറിച്ച് ആരായുകയുണ്ടായി. “എന്തുകൊണ്ടാണ് നാട്ടിലുള്ള പെൺകുട്ടികൾ എന്നോടൊപ്പം കഴിയാൻ ഇഷ്ട‌മില്ലെന്ന് പറയുന്നത്?”

“പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നാട്ടിൽ ജോലിയുള്ള പയ്യന്മാരെയാണ് ഇഷ്ട‌ം. അല്ലെങ്കിൽ യൂറോപ്പ്. ഗൾഫിന്‍റെ വിലയെല്ലാം പോയി. അത് പണ്ടായിരുന്നു.” മീര പറഞ്ഞു നിർത്തി.

മീര ചേച്ചിയുടെ വാക്കുകളെ ഉൾക്കൊള്ളാൻ വിഷമം തോന്നി. അവർ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്സിലായി.

ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ ഇങ്ങനെയാകുമല്ലേ?”

“നീ എന്താ അങ്ങനെ പറഞ്ഞത്?” സ്വന്തം വർഗ്ഗത്തെ അധിക്ഷേപിച്ചതിലുള്ള ധാർഷ്ഠ്യം ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവരുടെ ശബ്ദം ലോപിച്ചിൽ നിന്നും ഉയർന്നു.

“നീ പോയി കണ്ട എല്ലാ പെൺകുട്ടികളെയും നിനക്ക് ഇഷ്ട‌മായോ? എത്ര പേരെ നീ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അതുപോലെ അവർക്കും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ലേ? അവരുടെ സ്വാതന്ത്ര്യത്തെ നീ നിഷേധിക്കുകയാണോ?”

തന്‍റെ മുഖത്തിനേറ്റ പ്രഹരമായി തോന്നി നിഥിന്. ചേച്ചിയുടെ വാക്കുകൾക്ക് അത്രമാത്രം തീവ്രതയുണ്ടായിരുന്നു. അൽപം കഴിഞ്ഞാണ് അതിലെ യഥാസിഥികത അവൻ മനസ്സിലാക്കിയത്.

ഈ വരവിൽ ഏതെങ്കിലും ഒന്ന് ഉറപ്പിക്കണം. അതിനായി തന്‍റെ മുൻതീരുമാനങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്തിയിട്ടായിരുന്നു നാട്ടിലേക്കുള്ള യാത്ര.

ഏതാനും ആഴ്ചകൾക്കുമുമ്പ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടയിൽ അതു പറഞ്ഞിരുന്നു. “ഞങ്ങൾ ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. അടുത്തു തന്നെയാണ് വീട്. മേഘ, ഐടി ഫീൽഡ് ആണ്. ജോലിയുണ്ട്. ഞങ്ങൾക്കൊപ്പം മാമനും വലിയമ്മയും വന്നിരുന്നു. കുട്ടിക്ക് നല്ല ലുക്കും ബോഡിഷെയ്പ്പും ഉണ്ട്. എല്ലാവർക്കും നല്ല അഭിപ്രായം തന്നെയാണ് നിനക്കും ഇഷ്ടമാകും.”

അമ്മയുടെ വാക്കുകളിലെ ശുഭപ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര. സ്വന്തം മനസ്സും ചില തിരുത്തിക്കുറിക്കലുകൾക്ക് വിധേയമാക്കപ്പെട്ടിരുന്നു.

പുറത്ത് ചാറ്റൽ മഴ തുടങ്ങി. തന്‍റെ ശരീരത്തെ തലോടി പോകുന്ന ഇളം കാറ്റിനും നനവ് തോന്നി. അമ്മ പറഞ്ഞ വാക്കുകൾ കുളിരോടെ മനസ്സിൽ നിറഞ്ഞു നിന്നു.

ആരോടും ഉരിയാടാൻ ഇല്ലാത്തതിനാൽ സ്വന്തം മനസ്സിനോടുതന്നെ സല്ലപിച്ചിരുന്നു. തന്നെ കൊണ്ടുപോകാൻ ആരും വരണ്ടയെന്ന് താൻ തന്നെയാണ് അച്‌ഛനോട് പറഞ്ഞത്. യാത്രയിൽ അവർക്കൊപ്പം ഇരുന്നാൽ വീട്ടിലെത്തുന്നതുവരെ അവരുടെ ഉപദേശമായിരിക്കും, കൊച്ചു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കണം. ആ ഗതികേട് വേണ്ടല്ലോ എന്ന് കരുതിയാണ് ഒഴിവാക്കിയത്. താൻ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് അവരുടെ കരുതൽ. പെണ്ണു കെട്ടിയാൽ പിന്നെ അവർക്ക് തന്‍റെ മേൽ ഉള്ള അവകാശം നഷ്ടപ്പെടുമെന്ന പേടിയും കാണും.

വീട്ടുമുറ്റത്ത് കാർ ചെന്നു നിന്നപ്പോൾ ആണ് നിഥിൻ ചിന്തയിൽ നിന്ന് ഉണർന്നത്. എയർപോർട്ടിൽ വെച്ചു തന്നെ ഡ്രൈവറുടെ ഫോണിലേക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത കാര്യം അപ്പോൾ അവൻ ഓർത്തു. ഉമ്മറത്ത് ചാരുപടിയിൽ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും തന്നെയും പ്രതീക്ഷിച്ചിരുന്നിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ മകനെ ആശ്ലേഷിക്കാൻ അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്നു. ഡ്രൈവർ ഡിക്കി തുറന്ന് ലഗേജുകൾ ഇറക്കി വെച്ചു. ഡിക്കി അടച്ച് വണ്ടി റിവേഴ്‌സ് എടുത്തു തിരിച്ചപ്പോൾ അച്ഛനും ചേട്ടനും പെട്ടികൾ അറ്റത്തേക്കുമാറ്റി. നിഥിൻ അമ്മയോട് ചേർന്ന് ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് മുറ്റത്തു തന്നെ നിന്നു. താൻ മാറി നിന്ന സമയത്തുണ്ടായ മാറ്റങ്ങളിലേക്കാണ് അവൻ ശ്രദ്ധിച്ചത്.

പൂന്തോട്ടത്തിൽ ചെണ്ടുമല്ലിയും സീനിയയും ഡാലിയായും മെലസ്‌റ്റോമയും പൂത്തുലഞ്ഞിരുന്നു. മഴത്തുള്ളികൾ പൂക്കളിൽ ഭാരം നിറച്ചതിനാൽ പലതും തല കുനിച്ചിരുന്നു.

അമ്മയുടെ പരിലാളനത്തിലാണ് ഗാർഡൻ. വീട്ടിനുള്ളിലെ ജോലികൾ കഴിഞ്ഞാൽ അമ്മ തോട്ടത്തിൽ തന്നെയായിരിക്കും. ചേട്ടന്‍റെ വിവാഹ ശേഷം മീര ചേച്ചിയും ഒഴിവു സമയത്ത് അമ്മയോടൊപ്പം കൂടും. അമ്മ നിങ്ങളുടെ മാത്രം അമ്മയല്ല. ചെടികളുടെയും അമ്മയാണെന്ന് അച്‌ഛൻ ഞങ്ങളോട് പറയാറുണ്ട്.

അകത്ത് കയറി എല്ലാവരോടൊപ്പം അവനും സിറ്റൗട്ടിൽ ഇരുന്നു. അച്ഛൻ ജോലിയെ കുറിച്ചും അമ്മ അവിടത്തെ കാലാവസ്‌ഥയെക്കുറിച്ചും മാറിമാറി ചോദിച്ചു. ജോലിയുടെ ടെൻഷനെക്കുറിച്ചും ചൂടിന്‍റെ തീക്ഷ്‌ണതയെക്കുറിച്ചും പറയുന്നതിനോടൊപ്പം കൂടെ താമസിക്കുന്ന വൈശാഖിന്‍റെ പോഷത്തരങ്ങളെ പുതിയ പുതിയ ചിപ്പുകൾ ചേർത്ത് അവൻ വിളമ്പികൊണ്ടിരുന്നു. വൈശാഖിനെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നത് അവന്‍റെ ഹോബിയാണെന്ന് എല്ലാവർക്കും അറിയാം. അത് മനസ്സിലാക്കിയ മീര ഫുൾസ്റ്റോപ്പിടാനായി പറഞ്ഞു.

“നീ യാത്ര കഴിഞ്ഞു വന്നതല്ലേ. പോയി കുളിച്ച് എന്തെങ്കിലും കഴിച്ച് പോയി കിടക്ക്.” എല്ലാവരുടെയും ശ്രദ്ധ തിരിക്കാനാണ് അവൾ ഇത്രയും പറഞ്ഞത്.

ചേട്ടനും ചേച്ചിയും ഐടി മേഖലയിലാണ് ജോലി. കോവിഡിന് ശേഷം അവർക്ക് വർക്ക് അറ്റ് ഹോം അനുവദനീയമായതിനാൽ ജോലിയുടെ ഭാഗമായി അവർ അവരുടെ മുറികളിലേക്കും നിഥിൻ അവന്‍റെ മുറിയിലേക്കും പോയി. അമ്മ തനിക്ക് മാത്രം അധികാരപരിധിയിലുള്ള അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അച്ഛൻ തൊടിയിലേക്കിറങ്ങി.

മകന് അനുവദിച്ചുകിട്ടിയ ലീവിലെ വിലയേറിയ ദിവസങ്ങൾ പാഴാക്കി കളയണ്ട എന്ന ഉദ്ദേശ്യത്താൽ അടുത്ത ദിവസം തന്നെ കുടുംബം പെണ്ണുകാണൽ ചടങ്ങിനായി പുറപ്പെട്ടു. കുട്ടിയുടെ അച്ഛനുമായി സംസാരിച്ച് ദിവസവും സമയവും അനുവദിച്ചു കിട്ടിയതിനു ശേഷം ആയിരുന്നു യാത്ര. അവിടത്തെ അച്‌ഛൻ ജോലിക്കാരനായതിനാൽ അവരുടെ സമയവും സന്ദർഭവും വിലപ്പെട്ടതാണല്ലോ.

ഇറങ്ങുന്നതിനു മുമ്പ് അച്ഛനും അമ്മയും നിഥിന്‍റെ ഇരു ചെവികളിലും എല്ലാം ഓതികൊടുത്തിരുന്നു. ഞങ്ങളും മാമനും വലിയമ്മയുമാണ് കുട്ടിയെ കണ്ടിട്ടുള്ളത്. ചേട്ടനും ചേച്ചിയും ജോലി സ്‌ഥലത്തായിരുന്നതിനാൽ അവർ മേഘയെ കണ്ടിട്ടില്ല. ഇന്ന് അവർ നമ്മോടൊപ്പം വരുന്നു. കണ്ടവരുടെ ക്ലീൻ ചിറ്റ് കിട്ടി.

ചേട്ടനാണ് വണ്ടിയെടുത്തത്. നിഥിൻ, ചേട്ടനൊപ്പം മുൻസീറ്റിൽ ഇരുന്നു. അച്ഛനും അമ്മയും മീരയും പിൻസീറ്റിലും. യാത്രയിൽ ആരും ഉരിയാടാൻ തുനിഞ്ഞില്ല. ഉള്ളു പുകയുന്നുണ്ടെങ്കിലും ഏസിയുടെ തണുപ്പിൽ മനസ്സും ശരീരവും മരവിച്ചു നിന്നു. എല്ലാവരുടേയും മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.

മേഘനയുടെ വീട്ടിൽ ചെന്നിറങ്ങി ആതിഥ്യ മര്യാദകൾ പാലിച്ച് അകത്തിരുന്നു.

ചേട്ടനാണ് നിഥിനെ പരിചയപ്പെടുത്തികൊടുത്തത്. തുടർന്ന് തന്നെയും ഭാര്യയെയും പരിചയപ്പെടുത്തി. അവർക്ക് പയ്യനിൽ നിന്നും അറിയാനുള്ളതെല്ലാം അച്ഛഛനും അമ്മയും ചോദിച്ചു മനസ്സിലാക്കി.

യുവതലമുറയിലെ പുതു നിയമാവലി അനുസരിച്ച് അന്യോന്യം പരിചയപ്പെടാനും ഇഷ്ടാനിഷ്ടങ്ങൾ മനസ്സുതുറന്ന് പറയാനും സ്വകാര്യ സംഭാഷണത്തിനായി പ്രത്യേക സ്‌ഥലം അവർക്ക് അനുവദിച്ച് കൊടുത്തു. അവൻ മേഘനയുടെ ജോലിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും പഠിച്ചിരുന്ന കോളേജിനെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

“ഇനി കുട്ടിക്ക് എന്നെക്കുറിച്ച് എന്താണ് അറിയേണ്ടതെങ്കിൽ ചോദിച്ചു കൊള്ളൂ.”

നീതിയുക്തമായി അവർക്കുള്ള അവകാശത്തെ അനുവദിച്ചുകൊണ്ട് തന്‍റെ കൈയ്യിലുള്ള റിലേ അവൻ അവളിലേക്ക് കൈമാറി. അവളുടെ ഇനി തന്‍റെ ഊഴമാണെന്ന് മനസ്സിലാക്കിയ മേഘ്ന ഒരു നിമിഷം മൗനിയായി തലകുനിച്ചു നിന്നു.

മനസ്സിൽ സൂക്ഷിച്ചുവെച്ച ചോദ്യത്തെ ആവാഹിച്ചെടുത്ത് നിഥിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു.

“ജനിച്ചു വളർന്ന നാടും സുഹൃത്തുക്കളെയും വിട്ട് ജോലിക്കായി വിദേശത്തേക്ക് ചേക്കേറാനുള്ള പ്രചോദനം?”

മേഘ്നയുടെ ചോദ്യത്തിനുമുന്നിൽ അക്ഷരാർത്ഥത്തിൽ അവൻ ഒന്ന് പതറി. ചെറിയ ഒരു ഞെട്ടൽ ശരീരമാകെ അനുഭവപ്പെട്ടു.

ഇങ്ങനെയൊരു ചോദ്യം ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. തന്‍റെ ജോലിയെക്കുറിച്ചും അവിടത്തെ ഫാമിലി സ്‌റ്റാറ്റസിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളെയാണ് അവൻ പ്രതീക്ഷിച്ചത്. അതിനുള്ള ഉത്തരങ്ങൾ മനസ്സിൽ കുറിച്ചു വെച്ചിരുന്നു.

പൊടുന്നനെ ഉണ്ടായ മാനസികസംഘർത്തിൽ നിന്നും ഉണർന്ന് മനസ്സിനെ നിയന്ത്രിച്ച് അവളുടെ മുന്നിൽ പതറരുത് എന്ന ദൃഢ പ്രതിജ്‌ഞയിൽ ദൃഷ്ടികൾ മേഘനയിലേക്ക് ഉയർത്തി കൊണ്ട് തുടർന്നു.

“നമ്മുടെ നാട്ടിലെ രാഷ്ട്രീയ അതിപ്രസരവും മേൽക്കോയ്‌മയും കണ്ട് ഞാൻ മടുത്തു. ജോലിയേക്കാൾ ഇഷ്ടം അവർക്ക് സമരത്തോടാണ്. ജോലി ചെയ്യാൻ തയ്യാറുള്ളവരെ പോലും അതിനനുവദിക്കില്ല. തൊഴിൽ ശാലകൾ അടഞ്ഞുകിടക്കണം. തെരുവോരങ്ങളിൽ സമരകാഹളം മുഴങ്ങണം. പാർട്ടിയുടെ കൊടി കയ്യിലുള്ളവന് എന്തും ചെയ്യാം. പാർട്ടി അവനെ സംരക്ഷിച്ചുകൊള്ളും. ചെറുപ്പം മുതൽ കണ്ടുവരുന്ന കാഴ്ചയാണിത്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പഴമൊഴി തിരുത്തി രാഷ്ട്രീയക്കാരുടെ സ്വന്തം നാട് എന്ന് പറയുന്നതാണ് ഇവിടെ ഉചിതം.”

നിഥിൻ ഒന്ന് നിർത്തി അവളിൽ നിന്നും കാഴ്ചയെ മുറിച്ചു കൊണ്ട് മുഖം തുടച്ച് ശരീരോഷ്‌മാവിനെ ക്രമീകരിച്ച് വീണ്ടും തുടർന്നു.

“ഇത് ഒന്നുകൊണ്ടു മാത്രമല്ല ഞാൻ പുറത്തേക്ക് എത്തിനോക്കിയത്. ലോക രാഷ്ട്രങ്ങളിലെ മിക്ക രാജ്യങ്ങളിലെയും ജനങ്ങൾ അടിത്തട്ടു മുതൽ മേൽത്തട്ടുവരെയുള്ളവർ എത്തിചേരുന്ന സ്‌ഥലമാണ് ഗൾഫ്. ഓരോ നാട്ടിലേയും ആചാരങ്ങളെയും ഭൂമിശാസ്ത്രത്തെയും ആ നാട്ടിൽ പോകാതെ തന്നെ സാധാരണക്കാരനിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ഞാൻ ഗൾഫ് രാജ്യത്തെ തിരഞ്ഞെടുത്തത്. എന്‍റെ വീക്ഷണം ഒരു പരിധിവരെ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

ലക്ഷ്യമില്ലാതെ മറ്റെവിടെയോ നോക്കികൊണ്ടായിരുന്നു നിഥിൻ ഇത്രയും പറഞ്ഞത്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിലെ ഭാരം മുഴുവൻ ഒഴുകി പോയതുപോലെ തോന്നി.

വീണ്ടും അവൻ മേഘ്നയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അപ്പോൾ അവളുടെ മുഖത്ത് കണ്ട നിർവികാരതയെ അനലൈസ് ചെയ്തെടുക്കാൻ അവന് കഴിയുമായിരുന്നില്ല.

രണ്ടുപേരും അവരവരുടെ ഇരിപ്പടങ്ങളിലേക്ക് മടങ്ങി. മേഘ്നയോടും കുടുംബത്തോടും യാത്ര പറഞ്ഞ് നിഥിനും കുടുംബവും കാറിൽ കയറി. യാത്രയിൽ ആരും അവനോട് സംസാരിക്കാൻ ശ്രമിച്ചില്ല. വികാരവിചാരങ്ങൾ മനസ്സിനെ മഥിച്ചിരുന്നുവെങ്കിലും എല്ലാവരും മൗനത്തെ സ്വയം വരിച്ചു.

വീട്ടിലെത്തി മണിക്കൂറുകൾ കഴിഞ്ഞ് ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയ പ്പോഴാണ് അവർ മൗനത്തെ മുറിച്ചത്. നിഥിൻ വായ് തുറക്കുന്നതും നോക്കി കുടുംബം ഇരുന്നു. തനിക്ക് മേഘ്നയെ ഇഷ്ടമായി എന്ന അവന്‍റെ പ്രഖ്യാപനം വീടിനെ ശബ്ദമുഖരിതവും പ്രകാശിതവുമാക്കി.

അന്നുതന്നെ സന്ധ്യാദീപം കൊളുത്തി എല്ലാവരും കൂടിയിരുന്നു നാമജപത്തിനുശേഷം നിഥിന്‍റെ അച്ഛൻ ജയൻ മേഘനയുടെ അച്‌ഛനെ വിളിച്ച് മകന് മകളെ ഇഷ്ടമായി എന്നറിയിച്ചു. ഞങ്ങൾക്ക് ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി അവിടത്തെ വാക്കുകൾക്കായി ഞങ്ങൾ കാതോർക്കുന്നു.

ജയന്‍റെ വാക്കുകളിൽ മിതത്വവും ആകാംക്ഷയും നിറഞ്ഞിരുന്നു.

“ഞാൻ മകളോട് അഭിപ്രായം ചോദിച്ചിട്ടില്ല. നിങ്ങളുടെ വിവരം അറിഞ്ഞതിനുശേഷം ചോദിച്ചാൽ മതിയല്ലോ എന്ന് കരുതി. വേഗത്തിൽ തന്നെ ഞങ്ങളുടെ തീരുമാനം അറിയിക്കുന്നതായിരിക്കും.”

സമചിത്തതയോടെ മേഘനയുടെ അച്ഛൻ പറഞ്ഞു. രണ്ടുപേരും അന്യോന്യം ശുഭരാത്രി നേർന്നുകൊണ്ട് നിർത്തി. പിറ്റേ ദിവസം ബ്രേക്ക് ഫാസ്‌റ്റ് കഴിഞ്ഞു പത്രവായനയിൽ വ്യാപൃതനായിരിക്കുമ്പോഴാണ് ജയന്‍റെ ഫോൺ ശബ്ദിച്ചത്. അകത്ത് ഫോണിന്‍റെ അടുത്ത് നിന്നിരുന്ന മീര ഫോൺ എടുത്ത് ഉമ്മറത്തിരുന്ന അച്ഛന്‍റടുത്തേക്ക് ഓടി. നമ്പർ കണ്ടപ്പോൾ മേഘ്നയുടെ അച്ഛന്‍റെതാണെന്ന് മീര സ്വയം മനസ്സിലാക്കി. ഫോൺ അച്ഛനെ ഏൽപ്പിച്ചു.

കോൾ എടുത്ത് ഹലോ പറഞ്ഞതും മറുഭാഗത്തു നിന്ന് “ഞാൻ മേഘ്നയുടെ അച്ഛനാണ് ഞങ്ങൾക്കും മകൾക്കും ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി നമുക്ക് അതിന്‍റെതായ കാര്യങ്ങളിലേക്ക് നീങ്ങാം.”

“സന്തോഷം. ഇന്നുതന്നെ ഞാൻ കണിയാന്‍റെ അടുത്ത് പോയി നല്ല ഒരു ദിവസം നോക്കി മകൻ ലീവ് കഴിയും മുമ്പായി ഈ മംഗളകർമ്മം നടത്താം.”

“ഞങ്ങൾക്കും അതിന് സമ്മതമാണ്.” മറുഭാഗത്ത് നിന്നും കേട്ടു.

കോൾ കട്ട് ചെയ്‌ത് ഫോൺ മീരയെ ഏൽപിച്ചു. മീരയുടെ മുഖത്തും സന്തോഷത്തിന്‍റെ തുടിപ്പുകൾ തുളുമ്പുന്നുണ്ടായിരുന്നു.

പുറത്തുനിന്ന് അകത്തേക്ക് കടന്ന് അച്‌ഛൻ ഈ സന്തോഷം അമ്മയെ അറിയിക്കാനായി അടുക്കളയിലേക്ക് നടന്നു. മീര മുകളിലെ നിഥിന്‍റെ മുറിയിലേക്കും. വാതിൽ തുറന്നിട്ട് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൻ. മീരയെ കണ്ടതോടെ ലാപ്ടോപ്പ് അടച്ച് വച്ച് എഴുന്നേറ്റ് മാറിനിന്നു.

സാധാരണയായി മുറി തൂത്തുവാരാൻ മാത്രമാണ് ചേച്ചി തന്‍റെ മുറിയിൽ വരാറുള്ളു.

“നീ അവിടെ ഇരുന്നോ ഞാൻ ഒരു കാര്യം ചോദിക്കാനാണ് വന്നത്. മേഘനയുടെ കാഴ്ച്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”

മീരയുടെ മനസ്സിൽ ആഹ്ളാദത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടെങ്കിലും ഞരമ്പുകൾ ബലം പിടിപ്പിക്കാനും മുഖത്ത് ഗൗരവം തേച്ചുപിടിപ്പിക്കുവാനും അവൾ പാടുപ്പെട്ടു.

“എന്താ ചേച്ചി അങ്ങനെ ചോദിച്ചത്.. എനിക്ക് തോന്നിയില്ല.” ആശങ്കയോടെയാണ് നിഥിൻ പറഞ്ഞത്.

“മേഘനയുടെ അച്ഛൻ ഇവിടത്തെ അച്ഛ‌നെ വിളിച്ചിരുന്നു. അവർക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു. മേഘനയ്ക്കും നിന്നെ ഇഷ്ടമായത്രേ അതുകൊണ്ട് ചോദിച്ചതാ?”

“മേഘനയ്ക്കല്ല കണ്ണിന് കുഴപ്പം. എന്‍റെ ചേട്ടനാണ്. അതുകൊണ്ടല്ലേ ചേച്ചിയെ ഇഷ്‌ടപ്പെട്ടത്. എത്ര സുന്ദരികളായ പെൺകുട്ടികളെ കണ്ടതാ. അവസാനം ചെന്നുപെട്ടത്.. മേഘ്ന കണ്ണുകൾ കൊണ്ടല്ല എന്നെ അളന്നത് ബുദ്ധികൊണ്ടാണ്.”

ഗൗരവ ഭാവത്തിൽ തന്നെയായിരുന്നു അവന്‍റെയും മറുപടി. തന്നെ ചൊറിയുന്നവരെ മാന്തുന്നവനാണ് അനുജനെന്ന് മീരയ്ക്കറിയാം. അതിനാൽ അവന്‍റെ വാക്കുകൾ അവൾ മുഖവിലയ്ക്ക് എടുത്തില്ല.

തനിക്ക് ഒരനുജത്തി വന്നു ചേരുന്നതിലുള്ള സന്തോഷം ചുണ്ടുകളിലൂടെ ചെറുപുഞ്ചിരിയായി ഒലിച്ചിറങ്ങി. ബലം പിടിച്ച ഞരമ്പുകളും മുഖത്തെ ഗൗരവവും താനേ അയഞ്ഞു.

നാട്ടിൽ വരുമ്പോൾ മനസ്സുതുറന്ന് സംസാരിക്കാനും പൊട്ടത്തരങ്ങൾ പറഞ്ഞ് ആർത്ത് ചിരിക്കാനും ജോലിയുടെ ടെൻഷൻ കുറയ്ക്കാനും ഒരാൾ അടുത്തുണ്ടാകുമല്ലോ എന്ന സന്തോഷം. അച്ഛനും അമ്മയും ഭർത്താവും വീട്ടിലുണ്ടെങ്കിലും അവരോടുള്ള കൂടിച്ചേരലുകൾക്ക് ഒരു പരിധിയുണ്ടല്ലോ. ഞാനും അനുജത്തിയും ഇവിടെ തുല്യർ.

മുകളിൽ നിന്ന് നിഥിന് പിന്നിലായി മീരയും കോണിയിറങ്ങി. താഴെ അച്ഛനും അമ്മയും ചേട്ടനും കൂടിയിരുന്ന് ആഘോഷത്തിന്‍റെ ചിന്തയിലേക്ക് ഇറങ്ങികഴിഞ്ഞിരുന്നു.

മുഹൂർത്തം നോക്കാനും ഹാൾ ബുക്ക് ചെയ്യാനും സദ്യവട്ടവും വീഡിയോയും അച്ഛനും ചേട്ടനും ഏറ്റെടുത്തു. ഡ്രസ്സ് സെലക്ട‌് ചെയ്യാനും മറ്റ് ഡെക്കറേഷനുകളുടെ ചുമതല അമ്മയും മീരയും നിഥിനും നിയോഗിക്കപ്പെട്ടു.

അങ്ങനെ ആ വിവാഹ സുദിനം വന്നെത്തി. വരന് സഹോദരിമാരില്ലാത്തതിനാൽ ചെറിയച്‌ഛൻ മകളാണ് വധുവിന് പുടവ കൊടുത്തത്.

മന്ത്രകോടിയണിഞ്ഞ് ആടയാഭരണങ്ങളാൽ വിഭൂഷകയായി വന്നു നിന്ന മേഘ്നയുടെ കഴുത്തിൽ കൊട്ടും കുരവയുടെയും ആരവത്തിൽ നിഥിൻ താലിചാർത്തി. നെറുകയിൽ സിന്ദൂരം തൊട്ടുകൊടുത്തു. ക്യാമറ കണ്ണുകൾ ഇമ പൂട്ടാതെ എല്ലാം മെമ്മറികാർഡിൽ പകർത്തുന്നുണ്ടായിരുന്നു.

സ്‌റ്റേജിൽ പൂജാരിയുടേയും ക്യാമറക്കാരുടേയും നിർദേശമനുസരിച്ച് ആടി തളർന്ന വധുവരന്മാർ ഭക്ഷണത്തിനുശേഷം ഗൃഹപ്രവേശനത്തിനായി വരന്‍റെ ഗൃഹത്തിലേക്ക് ആനയിക്കപ്പെട്ടു.

അമ്മ അരിയും പൂവും ശിരസ്സിലെറിഞ്ഞു മരുമകൾക്ക് സ്വാഗതമേകി.

മികച്ച ചർമ്മ സംരക്ഷണ ദിനചര്യ

പെൺകുട്ടികളുടെ ശരീരത്തിൽ ഹോർമോൺ പ്രവർത്തനങ്ങൾ നടക്കുന്ന സമയമാണ് കൗമാരം. ഈ ഹോർമോൺ പ്രവർത്തനം എണ്ണ ഗ്രന്ഥികളെയും ബാധിക്കുന്നു. ഇതുമൂലം മുഖത്തെ ചർമ്മത്തിൽ ബ്ലാക്ക് ഹെഡ്‌സ്, മുഖക്കുരു, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ചർമ്മ സംരക്ഷണം കൃത്യസമയത്ത് ചെയ്‌താൽ കേടുകൂടാതെയിരിക്കും. അതിനുള്ള ചർമ്മ സംരക്ഷണ ടിപ്സ് ബ്യൂട്ടി എക്സ്പേർട്ട് നൽകുന്നു.

എല്ലാ പ്രായക്കാർക്കും ചർമ്മ സംരക്ഷണം

ക്ലെൻസിംഗും ഫേഷ്യലും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഗുണം ചെയ്യും. കാരണം ഇത് സുഷിരങ്ങൾ വൃത്തിയാക്കുന്നു. ചർമ്മം വെളുത്തതായാലും ഇരുണ്ടതായാലും മനോഹരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി തീർച്ചയായും പതിവായി ഫേഷ്യൽ ക്ലീനപ് എന്നിവ ഉൾപ്പെടുത്തണം.

20 വയസ്സിൽ ചർമ്മ സംരക്ഷണം

ചർമ്മ സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. ഒരു കൗമാരക്കാരി നല്ല ചർമ്മ സംരക്ഷണ ശീലങ്ങൾ സ്വീകരിക്കുമ്പോൾ ആ ശീലങ്ങൾ ജീവിതകാലം മുഴുവൻ അവളിൽ നിലനിൽക്കും. ഈ പ്രായത്തിൽ ചർമ്മത്തിൽ പ്രശ്ന‌മില്ലെങ്കിൽ ക്ലീൻ ചെയ്യാവുന്നതാണ്. മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ ഫേഷ്യൽ ചെയ്യാവുന്നതാണ്.

പിമ്പിൾ സ്ക‌ിൻകെയർ

ചർമ്മത്തിന് പ്രത്യേകിച്ച് മുഖക്കുരു ഉള്ള ചർമ്മത്തിന് ഓരോ 3-4 ആഴ്ചയിലും ഫേഷ്യൽ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

ആന്‍റി എജിംഗ് സ്ക‌ിൻ കെയർ

20 വയസ്സിനു ശേഷം തന്നെ ആന്‍റി -ഏജിംഗ് സ്ക‌ിൻ കെയർ ആരംഭിക്കുന്നത് നേർത്ത വരകളുടെയും ചുളിവുകളുടെയും വളർച്ച കുറയ്ക്കാൻ സഹായിക്കും. ഓരോ 4-6 ആഴ്‌ചയിലും ഫേഷ്യലുകൾ, ജലാംശം, കൊളാജൻ ഉത്തേജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.

സെൻസിറ്റീവ് സ്ക‌ിൻ കെയർ

ഇത്തരം ചർമ്മത്തിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ ചർമ്മത്തിലെ പ്രശ്നം ഒഴിവാക്കാൻ ഓരോ 6-8 ആഴ്ചയിലും ഒരു സോഫ്റ്റ് ഫേഷ്യൽ ചെയ്യുക. സൗന്ദര്യ വിദഗ്‌ധനെക്കൊണ്ട് മാത്രം ഇത് ചെയ്യിക്കുക. അപ്പോൾ മാത്രമേ ചർമ്മം മികച്ചതായിരിക്കുകയുള്ളൂ.

25 വയസ്സിനു ശേഷമുള്ള ചർമ്മ സംരക്ഷണം

ഈ പ്രായത്തിൽ ബേസിക് ഫേഷ്യൽ ചെയ്യാൻ കഴിയും. ഫേഷ്യൽ ചെയ്യുന്നതിന് പരമാവധി പ്രായപരിധിയില്ല. എന്നിരുന്നാലും ഹോർമോൺ വ്യതിയാനങ്ങളും അധിക എണ്ണ സ്രവവും മൂലമുണ്ടാകുന്ന അസന്തുലിതാവസ്‌ഥ പരിഹരിക്കാൻ ക്ലെൻസിംഗ് ഫേഷ്യൽ സഹായിക്കും. മുഖം ആഴത്തിൽ വൃത്തിയാക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യവും നിറവും മെച്ചപ്പെടുത്തുകയും ഫ്രഷ് ലുക്ക് നൽകുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണത്തിനുള്ള അടിസ്‌ഥാന കാര്യങ്ങൾ

ചർമ്മ സംരക്ഷണത്തിന് ചില അടിസ്ഥാന കാര്യങ്ങൾ ഉണ്ട്. അവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം സുന്ദരമാക്കാൻ കഴിയും. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഖം വൃത്തിയാക്കുക എന്നതാണ്. ഈ രീതിയിൽ ചെയ്താൽ ചർമ്മ പ്രശ്നം പെട്ടെന്ന് മാറുകയും മുഖം എല്ലാ പ്രായത്തിലും തിളക്കമുള്ളതായി തുടരുകയും ചെയ്യും.

മുഖം വൃത്തിയാക്കൽ

ഒന്നാമതായി രാവിലെയും വൈകുന്നേരവും ദിവസത്തിൽ രണ്ടുതവണ മുഖം വ്യത്തിയാക്കുക. ടോണിംഗ്, മോയ്സ്‌ചറൈസിംഗ് എന്നിവ പോലുള്ള സിടിഎം ചെയ്യുക. അങ്ങനെ മുഖത്തെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യപ്പെടും. ഇതിനായി നിങ്ങൾ കോട്ടണിൽ ക്ലെൻസിംഗ് മിൽക്ക് പുരട്ടി മൃദുവായ കൈകൾ ഉപയോഗിച്ച് മുഖം മുഴുവൻ നന്നായി വൃത്തിയാക്കണം. പിന്നീട് ടോൺ ചെയ്യുക. അവസാനം മുഖത്ത് മോയ്സ്‌ചറൈസർ ശരിയായി പുരട്ടുക. ഇത് ചർമ്മത്തെ മിനുസപ്പെടുത്തും.

ഫേസ് ഡീടോക്സ് ചെയ്യുക

ചർമ്മം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധാപൂർവ്വം ഡീപ് ഡീടോക്സ് ചെയ്യുന്നത് നല്ല ഫലങ്ങൾ നൽകുന്നു. പ്രായമാകുന്തോറും ചർമ്മത്തിൽ ബ്ലാക്ക്ഹെഡ്‌സ്, വൈറ്റ്ഹെഡ്‌സ്, മുഖക്കുരു, അടഞ്ഞ സുഷിരങ്ങൾ എന്നിവ ഉണ്ടാകുന്നു. മലിനീകരണം, അൾട്രാവയലറ്റ് എക്സ്പോഷർ തുടങ്ങിയ പാരിസിസ്തിക സമ്മർദ്ദങ്ങൾക്ക് വിധേയമാകുന്നത്, ചർമ്മസംരക്ഷണ ദിനചര്യ ഇല്ലാത്തത്, പ്രതിമാസം ഫേഷ്യൽ ചെയ്യാത്തത് എല്ലാം ഇതിന് കാരണമാകാം. അടഞ്ഞുപോയ സുഷിരങ്ങളും മൃതചർമ്മകോശങ്ങളും നീക്കം ചെയ്ത് ചർമ്മത്തെ ആരോഗ്യകരവും മിനുസമാർന്നതുമായി നിലനിർത്താൻ ഡീപ് ഡീടോക്സ് സഹായിക്കുന്നു.

ജലാംശം ബുസ്‌റ്റർ

എല്ലാ മാസവും ഫേഷ്യൽ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ നഷ്ടപ്പെട്ട ഈർപ്പം പുനഃസ്ഥാപിക്കപ്പെടുകയും ചർമ്മം നല്ല നിലയിൽ നിലനിൽക്കുകയും ചെയ്യും. ഫേഷ്യൽ സമയത്ത് ചർമ്മത്തെ പോഷിപ്പിക്കുന്നതിന് പ്രൊഫഷണൽ ഗ്രേഡ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. കൂടാതെ ഫലപ്രദമായ മികച്ച ഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചർമ്മത്തിന് അനുയോജ്യമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ ഫേഷ്യലുകൾ ഉണ്ട്. എല്ലാ മാസവും ഫേഷ്യൽ ചെയ്യുന്നത് ചർമ്മത്തിന് ആവശ്യമായ അധിക ബൂസ്‌റ്റ് നൽകുന്നു. ബ്ലാക്ക് ഹെഡ്സും മുഖക്കുരുവും ഉണ്ടെങ്കിൽ, അണുബാധയ്ക്കും പാടുകൾക്കും സാധ്യതയുള്ളതിനാൽ ഫേഷ്യൽ വീട്ടിൽ ചെയ്യാൻ കഴിയില്ല.

എൽജി കായപ്പെരുമയുടെ വിജയഗാഥ

1894 -ലാണ് ഗോധുവും ലാൽജിയും ചേർന്ന് ലാൽജിഗോധു ആൻഡ് കമ്പനി സ്‌ഥാപിക്കുന്നത്. തലമുറകളെയും പൈതൃകത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള മനോഹരമായ ഒരു യാത്രയായിരുന്നു പിന്നീട് അങ്ങോട്ട്. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ‌മായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യം കായത്തിന്‍റെ ഒരു “കട്ടയിൽ” നിന്നാണ് തുടങ്ങിയത്. മുംബൈയിൽ നിന്ന് ആരംഭിച്ച് ആറ് തലമുറകൾ കടന്ന ഈ ബിസിനസ്സിന്‍റെ പ്രശസ്ത‌ി ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പരന്നു.

ഇന്ന് എല്ലാ വീടിന്‍റെയും അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു ലാൽജി ഗോധൂ കായം. ഇതിന്‍റെ രുചി സ്‌പർശമില്ലാത്ത ഒരു വിഭവവും ഇല്ലെന്നു തന്നെ പറയാം. ലോകമെമ്പാടും കായപ്പെരുമ എത്തിക്കുകയെന്നുള്ളത് ഈ വ്യവസായകുടുംബത്തിന് എളുപ്പമായിരുന്നോ? അതും അത്യാധുനിക യന്ത്രങ്ങളോ സാങ്കേതിക വിദ്യയോ ഇല്ലാതിരുന്നപ്പോൾ കൈ കൊണ്ടു കുഴച്ചു രുചിസമ്പന്നവും സുഗന്ധപൂരിതവുമാക്കിയാണ് ഓരോ ഉൽപന്നവും അക്കാലത്ത് വിപണിയിൽ എത്തിച്ചിരുന്നത്. ഈ കുടുംബ ബിസിനസ്സിന്‍റെ പാരമ്പര്യം ഇപ്പോൾ വിജയകരമായി മുന്നോട്ടു നയിക്കുന്ന അമ്മ ഹീന മെർച്ചന്‍റും മകൾ റിധി മെർച്ചന്‍റും തങ്ങളുടെ ജൈത്രയാത്രയെക്കുറിച്ച് സംസാരിക്കുന്നു.

ചോ: ലാൽജി കായം ബിസിനസ്സിന്‍റെ തുടക്കം എങ്ങനെ ആയിരുന്നു?

ഉ: ആറ് തലമുറകളായി പ്രവർത്തിച്ചു വരുന്ന ബിസിനസ്സാണിത്. തുടക്കം വളരെ രസകരമായിരുന്നു. ലാൽജി ഗോധുവാണ് കമ്പനി സ്‌ഥാപിച്ചത്. അദ്ദേഹത്തിന്‍റെ ആശയമാണ് ഈ കമ്പനിയ്ക്ക് അടിത്തറയായത്. ഒരു ദിവസം മുംബൈയിലെ മസ്‌ജിദ് ബന്ദറിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം പലതരം സാധനങ്ങൾ വിൽക്കുന്ന ഒരു പഠാനെ കണ്ടുമുട്ടി. അയാളിൽ നിന്നും അദ്ദേഹം കുറച്ചു കായം വാങ്ങി കൊണ്ടു വന്നു. അതെന്താണ് എങ്ങനെയാണ് അത് ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. അദ്ദേഹം ആ കായം സംസ്കരിച്ച് കട്ട രൂപത്തിലാക്കി കൊട്ടയിൽ കൊണ്ടു നടന്നുവിൽക്കാൻ തുടങ്ങി. അങ്ങനെയാണ് കായത്തിന്‍റെ യാത്ര ആരംഭിക്കുന്നത്. ക്രമേണ അത് ദക്ഷിണേന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു. ദക്ഷിണേന്ത്യക്കാർ വർഷങ്ങളായി വിഭവങ്ങളിൽ കായം ചേർക്കുന്നതായിരുന്നു അതിനു കാരണം. കായം കൂടുതൽ പ്രചാരത്തിലായതോടെ ഫാക്ടറിയും ആരംഭിച്ചു. അടിസ്ഥാനപരമായി ഗോധു ആണ് കായം കണ്ടെത്തിയത്. ലാൽജി വന്നതിനുശേഷം “ലാൽജി ഗോധ്ര ആൻഡ് കമ്പനി” എന്ന പേര് നൽകുകയായിരുന്നു. അതിനു ശേഷം ഖിംജി മെർച്ചന്‍റ്, അജിത് മെർച്ചന്‍റ്, വിമൽ മെർച്ചന്‍റ്, ഹീന, മകൾ റിധി എന്നിവരായി ചുമതലക്കാർ. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള ഒരു ചെറിയ ഫാക്‌ടറിയിൽ നിന്ന് തുടങ്ങിയ ബിസിനസ്സ് ഇന്നിപ്പോൾ ഇവിടെ എത്തി നിൽക്കുന്നു.

ചോ: ഇപ്പോൾ ഇത് ലക്ഷക്കണക്കിന് ആളുകളുടെ അടുക്കളയുടെ ഭാഗമായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ പറയാമോ?

ഉ: ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ കായം കഴിക്കുന്നുണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുകയാണ്. മോര്, ചട്‌ണി, മരുന്ന് എന്നിങ്ങനെയുള്ള രീതികളിൽ ഇത് ഉപയോഗിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നത്തിന് കുഞ്ഞുങ്ങൾക്ക് വരെ ഇത് നൽകുന്നു.

ചോ: ബിസിനസ്സ് വിജയകരമായ നിലയിൽ എത്തിക്കുന്നതിന് നേരിട്ട വെല്ലുവിളികളെ എങ്ങനെയാണ് പരിഹരിച്ചത്?

ഉ: വളരെ ചെറുപ്പം തുടങ്ങി ഞാൻ അമ്മയ്ക്കൊപ്പം കമ്പനി പരിപാടികൾക്ക് പോകാറുണ്ടായിരുന്നു. കായത്തിന്‍റെ പ്രോസസ്സിംഗും മറ്റും കണ്ടപ്പോൾ എനിക്ക് ഈ മേഖലയിൽ താൽപര്യം വർധിച്ചു. കൂടാതെ എന്‍റെ അമ്മ വളരെക്കാലമായി ഇതിൽ പ്രവർത്തിക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ട് വിറ്റു വരവ് കോടികളിൽ എത്തിച്ചു. അത് അഭിമാനകരമാണ്. 50 വർഷങ്ങൾക്കു മുമ്പ് കമ്പനിയ്ക്ക് മത്സരം കുറവായിരുന്നു. പിന്നീട് സ്ഥാപനങ്ങൾ വർദ്ധിച്ചതോടെ കമ്പനിയെ ദേശീയതലത്തിൽ ജനപ്രിയമാക്കി നിലനിർത്തുന്നത് എളുപ്പമായിരുന്നില്ല. എന്നാൽ തുടർച്ചയായ ഗവേഷണത്തിലൂടെ ഞങ്ങൾ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ ലാൽജി ഗോധൂ മസാലകളും ഉൾപ്പെടുന്നുണ്ട്.

മാത്രമല്ല, കായം കൂടുതലും മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. അവിടങ്ങളിൽ രാഷ്ട്രീയ അസ്‌ഥിരതയുണ്ട്. അതിനാൽ അസംസ്കൃത വസ്‌തുക്കളുടെ വിലയും സംഭരണവും വലിയൊരു വെല്ലുവിളിയാണ്.

ചോ: വിപണി മത്സരാധിഷ്‌ഠിതമായതിനാൽ എങ്ങനെയാണ് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരവും ഉപഭോക്താക്കളുടെ വിശ്വാസവും നിലനിർത്തുന്നത്?

ഉ: ബിസിനസ്സിൽ ഉൽപ്പന്നത്തിന്‍റെ വിശ്വാസ്യത നിലനിർത്തുന്നത് എളുപ്പമാണ്. ഗുണനിലവാരത്തിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അത് പരിപാലിക്കുകയെന്നത് വലിയ കാര്യമാണ്. കാരണം അവയെല്ലാം പ്രകൃതിദത്തമാണ്. ഒരുതരത്തിലുമുള്ള രാസവസ്‌തുക്കളും ഇതിൽ ഉപയോഗിക്കുന്നില്ല. കാലാവസ്‌ഥ വ്യതിയാനങ്ങൾ പ്രകൃതിദത്ത കായക്കറയുടെ ഗുണമേന്മയിൽ മാറ്റം വരുത്തും. അതിനാൽ വരുന്ന കായ ഡ്രമ്മുകളുടെയെല്ലാം ക്വാളിറ്റി ചെക്ക് ചെയ്തു മോശമായത് റിജെക്റ്റ് ചെയ്യേണ്ടി വരും. അതിനായി വലിയ ഒരു ടീം തന്നെയുണ്ട്. അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്‌ഥാൻ, കസാഖിസ്‌ഥാൻ തുടങ്ങിയ പല സ്‌ഥലങ്ങളിൽ നിന്നുമാണ് അസഫോയിറ്റിഡ (കായം) സംഭരിക്കുന്നത്. ഇതിൽ പ്രയോഗിക്കുന്ന “ഗം” സുഡാനിൽ നിന്നാണ് വാങ്ങുന്നത്.

LG profile

ചോ: വ്യാജ ഉൽപ്പന്നങ്ങൾ പോലുള്ള പ്രശ്ന‌ങ്ങളെ എങ്ങനെയാണ് നേരിടുന്നത്?

ഉ: (ചിരിക്കുന്നു) ഞങ്ങളുടെ സ്വന്തം കമ്പനിയാണ് ഇത്. എല്ലാ കാര്യത്തിലും സൂക്ഷ്‌മത പുലർത്തുന്നു. കായത്തിന്‍റെ രുചിയും സുഗന്ധവും നിലനിർത്തുക, നമ്മളിൽ വിശ്വാസം അർപ്പിച്ച ഉപഭോക്താക്കളിൽ അത് എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉൽപ്പന്നങ്ങളെ കോപ്പിയടിച്ച് ഗുണവിലവാരമില്ലാത്ത അസംസ്‌കൃത വസ്‌തുക്കളിൽ നിന്നും ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിൽ ഇറക്കുന്നത് ആളുകളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇതിൽ നിന്നുള്ള പരിരക്ഷയ്ക്ക് നിയമ സഹായം, സാങ്കേതിക വിദ്യയുടെ പിന്തുണ, എൽജി ആപ്പ് എന്നീ മാർഗ്ഗങ്ങൾ ഉണ്ട്. അതിലൂടെ ഉപഭോക്താക്കൾക്കും ഉൽപ്പന്നത്തിന്‍റെ ഗ്യാരണ്ടി സ്കാൻ ചെയ്യാനും നേരിട്ട് വാങ്ങാനും സാധിക്കും.

ചോ: കായ നിർമ്മാണത്തിന്‍റെ ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ഉ: വ്യത്യസ്തതരം കായങ്ങൾ (അസഫോയിറ്റിഡ) ഉണ്ട്. അവ ഒരേ അനുപാതത്തിൽ ചേർത്ത് അന്തിമ ഉൽപ്പന്നം തയ്യാറാക്കുകയാണ് ചെയ്യുക. ആട്ട പോലെ കുഴച്ചശേഷം വെള്ളത്തിൽ കലർത്തി പൗഡർ രൂപത്തിൽ ഉണക്കി എടുക്കുകയാണ് ചെയ്യുക. ഉണക്കുന്നതിന് ഹീറ്റർ ഉപയോഗിക്കുന്നു. പൗഡർ, കട്ട എന്നീ രൂപത്തിലാണ് കായം വരുന്നത്. പൗഡർ രൂ പത്തിലുള്ളത് ഈസി ആയി ഉപയോഗിക്കാം. ദക്ഷിണേന്ത്യയിൽ ഉള്ളവർ കട്ട രൂപത്തിലുള്ള കായമാണ് അധികവും ഉപയോഗിക്കുക.

ചോ: വിദേശ രാജ്യങ്ങളിൽ എവിടെയാണ് ലാൽജി ഗോധു കായം ലഭിക്കുക?

ഉ: യുഎഇ, അമേരിക്ക, ഓസ്ട്രേലിയ, യുകെ, ജപ്പാൻ, തുടങ്ങി മിക്ക

രാജ്യങ്ങളിലും എൽജി കായം ലഭിക്കും.

ചോ: ബ്രാൻഡിന്‍റെ ഭാവി പരിപാടികൾ എന്തൊക്കെയാണ്?

ഉ: എൽജി ഉൽപ്പന്നങ്ങളുടെ റേഞ്ച് വർദ്ധിപ്പിക്കാനാണ് പദ്ധതി. കേരളം, കർണ്ണാടക എന്നിവിടങ്ങളിലെ രുചി മുൻനിർത്തി ഉൽപ്പന്നങ്ങൾ ഇറക്കാനാണ് ലക്ഷ്യം.

ചോ: വനിതാ ദിനത്തിൽ വനിതകൾക്കു നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം?

ഉ: കുടുംബത്തിന് പുറത്തുള്ള എല്ലാ ജോലിയും ചെയ്യാൻ ഇന്ന് സ്ത്രീകൾക്ക് കഴിയുന്നുണ്ട്. അവൾ എല്ലാ മേഖലയിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. തീരുമാനം എടുക്കാൻ കഴിവുള്ളവൾ. ഏത് തീരുമാനത്തിലും അവളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. ഇക്കാര്യം കുടുംബവും സമൂഹവും മനസ്സിലാക്കണം.

മേക്കപ്പ് ടെക്നിക്ക്

മേക്കപ്പ് ആ വാക്കിൽ തന്നെയുണ്ടല്ലോ അതിന്‍റെ അർത്ഥം. ഒരു വ്യക്തിയെ കൂടുതൽ ഭംഗിയാക്കാൻ അയാളിലുള്ള കുറവുകൾ നികത്തുക. ഒരോ അവസരങ്ങൾക്ക് യോജിച്ച മേക്കപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.. ഓരോരുത്തരിലുമുള്ള പോസിറ്റീവുകളെ ഹൈ ലൈറ്റ് ചെയ്തും ഡിഫക്ടുകളെ മറച്ചും ഏറ്റവും മികച്ച ലുക്ക് നൽകാൻ നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിന് കഴിയും. ഫോട്ടോ സെഷനിലായാലും ഗെറ്റ് ടുഗദറിലായാലും ഗുഡ് ലുക്ക് ലഭിക്കാൻ സഹായിക്കുന്ന ചില ടെക്നിക്കുകൾ വെളിപ്പെടുത്തുകയാണ്. സിനിമ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർസ്റ്റെലിസ്റ്റുമായ സബിത.

ഇപ്പോൾ പ്രധാനമായും മൂന്നു തരം മേക്കപ്പുകളാണ് ഉപയോഗിക്കപ്പെടുന്നത്. സിംഗിൾ ടോൺ മേക്കപ്പ്, കറക്ടീവ് മേക്കപ്പ്, കാരക്ടർ മേക്കപ്പ്, ഓരോ അവസരത്തിനും യോജിച്ച മേക്കപ്പ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

സിംഗിൾ ടോൺ

സാധാരണ ചടങ്ങുകൾക്കും പാർട്ടികൾക്കുമൊക്കെ പങ്കെടുക്കാൻ ഏറ്റവും നല്ലത് സിംഗിൾ ടോൺ മേക്കപ്പാണ്. ചർമ്മത്തിന്‍റെ നിറം അൽപം വർദ്ധിപ്പിക്കുക, പാടുകളുണ്ടെങ്കിൽ അത് മറയ്ക്കുക. അതാണ് സിംഗിൾ ടോൺ മേക്കപ്പിന്‍റെ ലക്ഷ്യം. ഇതു ചെയ്യാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ സഹായം കൂടിയേ തീരു എന്നില്ല. അൽപം ബ്യൂട്ടി സെൻസുള്ള ആർക്കും സ്വയം ചെയ്യാം. പേഴ്സണൽ ഫംഗ്ഷന് തയ്യാറാവുമ്പോൾ ലിക്വിഡ് മേക്കപ്പ് ഐറ്റങ്ങൾ ഉപയോഗിക്കാം. കറുത്ത പാടുകൾ മറയ്ക്കാൻ സ്കിൻ ടോണിനു ചേർന്ന കൺസീലറും ഫൗണ്ടേഷനും കരുതുക. നിങ്ങൾ അൽപം ഡാർക്ക് ആണെങ്കിൽ സ്കിൻ ടോൺ ഒരു സ്റ്റെപ്പ് ലൈറ്റ് ചെയ്യാനുതകുന്ന സിംഗിൾ ടോൺ മേക്കപ്പ് മതിയാകും. ഒഫീഷ്യൽ ആവശ്യങ്ങൾക്ക് ഒരുങ്ങുമ്പോൾ മാറ്റ് ഇഫക്ടുള്ള ഐഷാഡോ മാത്രം ഉപയോഗിക്കുക. പാർട്ടി, ഗെറ്റ് ടുഗതറുകൾക്ക് ഗ്ലോസി ഇഫക്ട് നൽകാം.

കറക്ടീവ് മേക്കപ്പ്

ഒരു മുഖം സുന്ദരമാക്കാൻ ചില ഇല്യൂഷൻസ് നമുക്ക് സൃഷ്ടിക്കാം. കറക്ടീവ് ടെക്നിക്ക് ഉപയോഗിച്ചാൽ മതി. പോർട്ട്ഫോളിയോ, ബ്രൈഡൽ ആവശ്യങ്ങൾക്ക് കറക്ടീവ് മേക്കപ്പാണ് വേണ്ടത്. മുഖത്തിന്‍റെയും ചർമ്മത്തിന്‍റെയും ഡിഫക്ടുകൾ എല്ലാം കറക്ട‌് ചെയ്‌തുകൊണ്ടുള്ള മേക്കപ്പാണ് കറക്ടീവ് മേക്കപ്പ്. മികച്ച ഫീച്ചർ ഹൈലൈറ്റ് ചെയ്തും കുറവുകൾ മറച്ചും ആണിത് ചെയ്യുക. ഉദാ: തൂങ്ങിയ കീഴ്‌താടിക്ക് നല്ല ഷേയ്പ്പ് നൽകാം, പരന്ന മുക്കിന് നീളമുള്ളതായി തോന്നിപ്പിക്കാം. ഹൈലൈറ്റിംഗ് എന്നാൽ ലൈറ്റ് ഷേയ്ഡിലുള്ള ഫൗണ്ടേഷൻ, ആവശ്യമുള്ള ഭാഗത്ത് ഉപയോഗിച്ച് എടുത്തുകാട്ടുന്നതാണ്. അതേസമയം ഡാർക്കർ ഷേയ്‌ഡിലുള്ള ഫൗണ്ടേഷൻ ഉപയോഗിച്ചാണ് കുറവുകളുള്ള ഭാഗത്തെ ഹൈഡ് ചെയ്യുന്നത്.

കറക്ടീവ് മേക്കപ്പ് ടെക്നിക്ക്

ചിലരുടെ പ്ലസ്പോയിന്‍റ് അവരുടെ വിടർന്നു മനോഹരമായ കണ്ണാണെങ്കിൽ മറ്റു ചിലർക്കുള്ള അപാകത അവരുടെ ചെറിയ കണ്ണായിരിക്കും. ചെറിയ കണ്ണുള്ളവർക്ക് മിഴിവ് കൂടുതൽ തോന്നാനുള്ള മേക്കപ്പാണ് വേണ്ടത്. ആദ്യം കണ്ണിന്‍റെ ഉള്ളിൽ വൈറ്റ് പെൻസിൽ കൊണ്ട് എഴുതുക. കൺപോള ഐ ലൈനർ കൊണ്ട് വീതിയിൽ വരയ്ക്കുക. കൃഷ്‌ണമണിയുടെ മുകളിലുള്ള ഭാഗത്ത് വീതി കൂടുതലും രണ്ട് എൻഡിലും വീതി കുറച്ചും വേണം വരയ്ക്കാൻ. തുടർന്ന് ബ്ലാക്ക് പെൻസിൽ കൊണ്ട് കോർണറിൽ വരച്ച് സ്മെഡ്ജ് ചെയ്യുക. വിടർന്ന കണ്ണുകൾ സ്വന്തമായി!

മൂക്ക് നീളം കൂടിയതും പാലം ഇടുങ്ങിയതുമാണെന്നിരിക്കട്ടെ. മുക്കിന്‍റെ ഇരു വശങ്ങളിലും ബേസിക്ക് ഷേഡിനേക്കാളും അൽപം ഡാർക്ക് ആയ ഷേഡ് നൽകുക. തുടർന്ന് ഒരു ലെവൽ കൂടിയ ലൈറ്റ് ടോൺ മുക്കിന്‍റെ മിഡിൽ പോർഷനിൽ അപ്ലൈ ചെയ്യുക. മുക്കിന്‍റെ പാലം പതിഞ്ഞിരിക്കുന്നുണ്ടെങ്കിൽ തുമ്പിൽ അൽപം ഡാർക്ക് ഷെയ്ഡ് ഉപയോഗിച്ചാൽ അഭംഗി മാറിക്കിട്ടും.

ഇനി കവിൾ കൂടുതലുണ്ടെങ്കിൽ താടിയെല്ലുകൾക്കും മീതെ ഡാർക്ക് ഷേയ്‌ഡ് ചെയ്ത‌്‌ ഓവൽ ഷേയ്പ്പ് പകരാം. ഏറ്റവും ക്യാമറാ ഫ്രണ്ട്‌ലിയായ മുഖം ഓവൽഷേപ്പാണ്. നെറ്റി കൂടുതലായ ഒരു വ്യക്തിയ്ക്ക് നെറ്റി കട്ട് ചെയ്യാനും മേക്കപ്പ് സഹായിക്കും.

ക്യാരക്ടർ മേക്കപ്പ്

സിനിമാസീരിയൽ ആവശ്യങ്ങൾക്ക് വേണ്ടത് ക്യാരക്ട‌ർ മേക്കപ്പാണ്. ഒരു വ്യക്തിയെ കഥാപാത്രമായി മാറ്റുന്നത് അങ്ങനെയാണ്. സ്ക്രിപ്പ്റ്റിനനുസരിച്ച് യോജിച്ച സ്റ്റൈൽ വരച്ച് കണ്ടെത്തി, നടീനടന്മാർക്ക് വേണ്ട മേക്കപ്പ് ചെയ്യുകയാണ് രീതി. ക്യാരക്‌ടർ മേക്കപ്പിനും സ്കിൻ ടാൺ ബുസ്‌റ്റപ്പ് ചെയ്യുന്ന മേക്കപ്പാണ് പിന്തുടരുന്നത്. സ്വാഭാവികത തോന്നുകയാണ് പ്രധാനം. എന്നാൽ പോർട്ട്ഫോളിയോക്ക് ഷാർപ്പായ കറക്ടീവ് മേക്കപ്പ് ഉപയോഗിക്കുന്നത് പരമാവധി മികച്ച ലുക്ക് ലഭിക്കാൻ വേണ്ടിയാണ്. ബ്രൈഡിനുള്ള കറക്ട‌ീവ് മേക്കപ്പ് പോലും സോഫ്ട് ആയി ചെയ്യേണ്ട കാര്യമേയുള്ളു.

ചങ്ങാതിക്കുരുവിയുടെ കൂട്

“മിസ് രേഖാ മാത്യു, പറയുന്നതിൽ വിഷമമുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ. ഇത്തവണ പറഞ്ഞ ടാർഗെറ്റിൽ എത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. വെറും 10,000 രൂപയുടെ സെയിൽ! എന്തായാലും ഒരു മാസത്തെ സമയം കുടി നൽകുന്നു. ഇത് അവസാനത്തെ ചാൻസാണ്. ഇതിനു ശേഷം കമ്പനിക്ക് നിങ്ങളെക്കുറിച്ച് സീരിയസ്സായി തന്നെ ചിന്തിക്കേണ്ടി വരും.”

രേഖ നിശ്ശബ്ദം ബോസിന്‍റെ ശകാരം കേട്ടു നിന്നു. സകലരും രേഖയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തല കുനിച്ചാണ് നിന്നിരുന്നതെങ്കിലും അവിടെ നിൽക്കുന്നവരുടെ മുഖത്തെ പരിഹാസവും സഹതാപവും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ചിലരുടെ മുഖത്ത് ഈർഷ്യ നിഴലിച്ചു. ഇവൾ ഇങ്ങനെയെങ്കിലും ഒരു പാഠം പഠിച്ചല്ലോ എന്ന സന്തോഷമായിരുന്നു മറ്റു ചിലർക്ക്.

അവൾ നിരാശയോടെ സീറ്റിലമർന്നിരുന്നു. അടുത്ത മാസം 50,000 രൂപയുടെ സെയിൽ നടത്തണമല്ലോ എന്ന ചിന്ത അവളെ വല്ലാതെയലട്ടി. 50,000 രൂപയുടെ സെയിൽ അത്ര എളുപ്പമല്ല. ചെയ്തില്ലെങ്കിൽ സാലറി ഇൻക്രിമെന്‍റില്ല. ബാംഗ്ലൂർ, ചെന്നൈ… എവിടേക്കും ട്രാൻസ്‌ഫറാകാം. തുടർന്നും ഇതുപോലുള്ള പെർഫോമെൻസാണെങ്കിൽ ജോലി നഷ്ടമാവുമെന്ന് ഉറപ്പ്. തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ കമ്പനിക്ക് താല്‌പര്യമെടുക്കേണ്ട കാര്യവുമില്ലല്ലോ. സെയിൽ വർദ്ധിപ്പിക്കണം, പരമാവധി ലാഭം ഉണ്ടാക്കണം, അതേ കമ്പനിക്കു വേണ്ടു.

ഈ ജോലി തന്നെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് രേഖയ്ക്ക് ലഭിച്ചത്. കയറിയിറങ്ങാത്ത ഓഫീസുകളില്ല. അറ്റന്‍റ് ചെയ്യാത്ത ഇന്‍റർവ്യുവില്ല. ടെസ്‌റ്റുകൾ എഴുതിയതിനു കണക്കുമില്ല. അവസാനം വീട്ടുകാരുടെ വെറുപ്പും സമ്പാദിച്ചു. ഒരു പെൺകുട്ടിക്ക് മെഡിക്കൽ റെപ്രസന്‍ററ്റീവായി ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? അദ്ധ്വാനം, ടെൻഷൻ, വെയിലത്ത് അലച്ചിൽ, പലതരക്കാരായ ആളുകളുമായി ഇടപഴകൽ… എന്നുവേണ്ട എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്. സഹോദരൻ അവളെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചു. അച്‌ഛനും ഉപദേശിച്ചു. വരും വരായ്കകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എന്നാൽ അവരുടെ ഓരോ ചോദ്യങ്ങൾക്കും അവളുടെ പക്കൽ ന്യായീകരണമുണ്ടായിരുന്നു.

ആകർഷകമായ വ്യക്തിത്വവും ബുദ്ധിയുമുള്ള രേഖ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. മനസ്സിനിണങ്ങിയ ഈ ഉദ്യോഗം കളഞ്ഞു കുളിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. പക്ഷേ, ഇന്ന് താൻ സകലർക്കും മുന്നിൽ പരിഹാസ്യയായില്ലേ. ഒരു കണക്കിന് കാരണക്കാരിയും താൻ തന്നെ. എളുപ്പമെന്നു കരുതിയ ഈ ഉദ്യോഗം ഇത്ര പെട്ടെന്ന് വലിയൊരു തലവേദനയായി തീരുമെന്നാരു കണ്ടു.

രേഖയ്ക്ക് കവർ ചെയ്യേണ്ട സോൺ മിക്കവാറും ഗ്രാമപ്രദേശമായിരിക്കും. അങ്ങോട്ട് വല്ലപ്പോഴും ഒന്നോ രണ്ടോ ബസ്സു മാത്രമേ കാണു. സ്‌കൂട്ടറും മറ്റും സ്വയം ഓടിച്ചു പോകാമെന്നു വച്ചാൽ തന്നെ റോഡിന്‍റെ സ്‌ഥിതി പരിതാപകരവുമായിരുന്നു. രേഖയുടെ ദുരവസ്‌ഥ കണ്ട് ചില സഹപ്രവർത്തകർ അവളോടു സഹതാപം പ്രകടിപ്പിച്ചു. സ്ത്രീയായതിനാൽ നഗരപ്രദേശം നൽകണമെന്ന് ചിലർ ശുപാർശ ചെയ്തു. ചിലരാകട്ടെ രേഖയ്ക്ക് വേണ്ടി ഗ്രാമപ്രദേശം കവർ ചെയ്യാനും തയ്യാറായി. എന്നാൽ രേഖയ്ക്ക് ഇതൊന്നും സ്വീകാര്യമായിരുന്നില്ല. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാനായിരുന്നു അവൾക്ക് താല്‌പര്യം.

പലപ്പോഴും പരസ്പരം വിരുദ്ധ സ്വഭാവമുള്ള ആളുകളുമായാവും അവൾക്ക് ഇടപെടേണ്ടി വരുന്നത്. ചില ഡോക്ടർമാരാകട്ടെ, കമ്പനിയുടെ ഗംഭീരപാർട്ടിയിൽ പങ്കെടുത്ത ശേഷം മറ്റേതെങ്കിലും കമ്പനിയുടെ മരുന്ന് പ്രിസ്ക്രൈബ് ചെയ്യും. മറ്റു ചിലരാകട്ടെ രോഗികൾ കൂടുതലാണെന്ന പേരിൽ അവളോട് ഏറെ നേരം കാത്തിരിക്കാൻ പറയും. ചിലർ മണിക്കുറുകൾ കാത്തിരുത്തി ഒരക്ഷരം പോലും പറയാതെ നടന്നുപോകും. രേഖ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്നവരുടെ പക്കലാവട്ടെ മരുന്നു വാങ്ങാനും മാത്രം രോഗികളും കാണില്ല. ചില മെഡിക്കൽ ഷോപ്പുകാർ ആദ്യം മരുന്നിന് ഓർഡർ നൽകും. പിന്നെയെന്തെങ്കിലും കാരണം പറഞ്ഞ് മെഡിസിൻ മടക്കി നൽകും.

സെയിൽ വർദ്ധിപ്പിക്കാൻ രേഖ തന്നാലാവും വിധം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും എവിടെയോ എന്തൊക്കെയോ പോരായ്മകൾ വന്നു കൊണ്ടിരുന്നു. പക്ഷേ, രേഖ തോറ്റു പിൻവാങ്ങാൻ ഒരുക്കമല്ലായിരുന്നു. കമ്പനി സെയിലിൽ കാര്യമായ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്നിരുന്നാലും കമ്പനി പുതിയൊരു പ്രോഡക്ട് ലോഞ്ച് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ആന്‍റിബയോ ട്ടിക്ക് – ആന്‍റി സ്‌പാജ്‌യോട്ടിക് കോമ്പിനേഷൻ മെഡിസിൻ.

പുതിയ പ്രൊഡക്ട‌് സെയിലിനു വേണ്ടി വലിയൊരു പബ്ലിസിറ്റി തന്നെ അവർ നടത്തുന്നുണ്ടായിരുന്നു. പ്രൊഡക്റ്റിന്‍റെ സെയിൽ വർദ്ധിപ്പിക്കുന്നതിനായി മെഡിക്കൽ റപ്രസന്‍റേറ്റീവ്സിൽ സമ്മർദ്ദം ചെലുത്തി.

“രേഖാ… മീറ്റിംഗ് കഴിഞ്ഞല്ലോ. വാ, നമുക്ക് വീട്ടിലേയ്ക്കു പോകാം.” രാജീവിന്‍റെ ശബ്ദ‌ം കേട്ട് ചിന്താമഗ്നയായിരുന്ന രേഖ പെട്ടെന്ന് ഞെട്ടിയുണർന്നു. ഒരക്ഷരം പോലും പറയാതെ അവൾ രാജീവിനൊപ്പം പുറത്തിറങ്ങി.

“വിഷമിക്കണ്ട. ഞാൻ സഹായിക്കാം.” രാജീവ് ധൈര്യം നൽകാൻ ശ്രമിച്ചു.

“സഹായിക്കാമെന്നോ? അതിന് നിങ്ങൾക്ക് തന്നെ നിന്നു തിരിയാൻ സമയമില്ലല്ലോ?”

“അതു സാരമില്ല.” രാജീവ് പറഞ്ഞു.

രാജീവിന്‍റെ സഹായം വെറും വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നില്ല. തന്‍റെ ജോലിയൊക്കെ കൃത്യമായി ചെയ്തു തീർത്ത ശേഷം രാജീവ് രേഖയ്ക്ക് വേണ്ടിയും പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ ഊണും ഉറക്കവുമൊക്കെ മറന്ന് അവർ രണ്ടുപേരും ജോലിയിൽ വ്യാപൃതരായി.

അവരുടെ അദ്ധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. രേഖയുടെ ജോലിയിൽ സംതൃപ്‌തനായ ഓഫീസറുടെ മുഖത്ത് തിളക്കം. രേഖയുടെ സന്തോഷത്തിനതിരില്ലായിരുന്നു.

രാജീവിനോടുള്ള പ്രണയം അവൾക്ക് ഇനിയും മറച്ചു വയ്ക്കാൻ തോന്നിയില്ല. ഏറെ നാളത്തെ പരിചയക്കാരായിരുന്നു രേഖയും രാജീവും. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമായിരുന്നു. പക്ഷേ മനസ്സിലെ പ്രണയം തുറന്നു പറയാൻ അതുവരെ ഒരവസരം ലഭിച്ചില്ലെന്നു മാത്രം.

ജോലിയൊക്കെ തീർത്ത് ഓഫീസിൽ നിന്നും മടങ്ങുമ്പോൾ രേഖ രാജീവിനോട് ഓഫീസ് പ്രശ്‌നങ്ങൾ അവതരിപ്പിക്കും. രാജീവ് അതിനുള്ള പരിഹാരം പറഞ്ഞുകൊടുക്കും. അങ്ങനെ രേഖയുടെ ഒഫീഷ്യൽ ടെൻഷൻ വലിയൊരു പരിധിവരെ ദുരീകരിക്കുമായിരുന്നു. എന്തൊരു പ്രശ്‌നം വരുമ്പോഴും താൻ സഹായത്തിനുണ്ടാവുമെന്ന് രാജീവ് ഉറപ്പു നൽകി. എന്നാൽ രാജീവ് തന്നോടൊപ്പം ആജീവനാന്തം ഉണ്ടാവണമെന്നായിരുന്നു രേഖയുടെ ആഗ്രഹം.

ഒരു ദിവസം രേഖ എങ്ങനെയെങ്കിലും തന്‍റെ പ്രണയം രാജീവിനോട് തുറന്നു പറയണമെന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്കും ബസ്സ് എത്തിയതിനാൽ രണ്ടുപേരും തിടുക്കത്തിൽ ബസ്സിൽ കയറി.

“രാജീവ്, ഇന്നു വൈകുന്നേരം എന്‍റെ വീട്ടിലേക്ക് വരുന്നണ്ടല്ലേ?”

“എന്നാരു പറഞ്ഞു!”

“എന്‍റെ മനസ്സ്.”

“ഓഹോ! അങ്ങനെയെങ്കിൽ ഞാനെന്തിനാണ് നിന്‍റെ വീട്ടിലേക്ക് വരുന്നതെന്ന് മനസ്സിനോടൊന്നു ചോദിച്ചു നോക്ക്.”

“എന്‍റെ പപ്പയെ കാണുന്നതിന്. ഇനി അധികം ചോദ്യം ചോദിക്കരുത്.” രേഖ ചമ്മലോടെ പറഞ്ഞു.

“പക്ഷേ വീട്ടിലേയ്ക്ക് വരുന്നതിനുള്ള കാരണം കുടി ഞാനൊന്നറിയട്ടെ…”

“പപ്പയുടെ മുന്നിൽ ധൈര്യത്തോടെ ചെന്നു നിന്നു ഞാനാണ് അങ്ങയുടെ ഭാവിമരുമകൻ എന്നു പറയണം.”

“ഏ… മിസ് രേഖാ… സ്വപ്‌നലോകത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നാലും.”

“ഞാൻ ഭൂമിയിൽ തന്നെയാ നിൽക്കുന്നത്. അതും പതറാത്ത ഉറച്ച കാലുകളും ഊന്നി തന്നെയാ നിൽക്കുന്നത്. പക്ഷേ, എനിക്കു തോന്നുന്നത് നിങ്ങൾ ആകാശത്തു കൂടി പാറി നടക്കുകയാണെന്നാണ്. അതല്ലേ ഭൂമിയിലുള്ള ഈയൊരുവളുടെ പ്രണയം തിരിച്ചറിയാൻ പറ്റാതായത്.”

“പ്രണയം, അതും നിനക്ക്? എന്താണ് പറയുന്നതെന്ന് നിശ്ചയമുണ്ടല്ലോ? രേഖാ, സത്യം പറഞ്ഞാൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമാണ്. ഇതുവരെ കാര്യങ്ങൾ ഓ. കെ. അതിൽ കൂടുതൽ മുന്നോട്ടു പോവുന്നത് ഉചിതമല്ല.”

“പക്ഷേ രാജീവ്…”

“നോക്ക് രേഖ, നമ്മൾ നല്ല ഫ്രണ്ട്സാണ്. നമുക്ക് പരസ്പരം ഇഷ്ടവുമാണ്, എന്നു കരുതി വിവാഹം കഴിക്കണമെന്നുണ്ടോ?”

“നിങ്ങൾ ശരിക്കുമൊരു ദുഷ്‌ടൻ തന്നെ രാജീവ്.”

“ഞാൻ നിന്നെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കുകയാണ്.”

“എന്‍റെ മനസ്സിനെ വിഷമിപ്പിക്കാൻ നിങ്ങൾക്കാവില്ല.” രേഖയുടെ ശബ്ദം ഇടറി.

“രേഖ… ഞാൻ പറയുന്നതെന്താണെന്നു നീയൊന്ന് മനസ്സി രുത്തി ചിന്തിച്ചു നോക്ക്. സമ്പന്നവും സുരക്ഷിതവുമായൊരു സാഹചര്യത്തിലാണ് നീ ജനിച്ചു വളർന്നത്. ആ ഒരവസ്ഥ ഞാനെങ്ങനെ നിനക്ക് നൽകും?”

“പറ്റും. അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ തന്നെ തെരഞ്ഞെടുത്തത്. സുന്ദരവും സന്തുഷ്‌ടവും സുരക്ഷിതവുമായ കുടുംബജീവിതം. അത് രാജീവിനു മാത്രമേ നൽകാനാവു.”

“ഒരുപക്ഷേ, നിന്‍റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്കു പറ്റിയെന്നു വരില്ല. പിന്നീട് പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടാവില്ല.” രാജീവ് രേഖയെ ഉപദേശിച്ചു.

“എന്നാൽ പിന്നെ എന്നെ നിങ്ങൾക്ക് ഇഷ്ടമില്ലെന്നു തുറന്നു പറഞ്ഞാൽ പോരേ?”

രാജീവ് തന്‍റെ ന്യായങ്ങൾ നിരത്താൻ ശ്രമിച്ചപ്പോഴേക്കും രേഖ ബസ്സിൽ നിന്നും താഴെയിറങ്ങിയിരുന്നു. അടുത്ത ദിവസം രേഖയുടെ ചുവന്നു കലങ്ങിയ കണ്ണുകൾ രാജീവിന്‍റെ സംശയങ്ങൾക്ക് ഉത്തരം നൽകി.

“ഫോർ മൈ സ്വീറ്റ് ഹാർട്ട്…” രാജീവ് ഭംഗിയുള്ള ഒരു റോസാപുഷ്പം രേഖയുടെ മേശപ്പുറത്ത് കൊണ്ടുവച്ചു.

“ഇതെന്താ, ഇപ്പോ ഒരു സോപ്പിങ്ങ്?”

“എന്‍റെ ഏറ്റവും അടുപ്പമുള്ള കുട്ടുകാരിയൊന്നു സന്തോഷിച്ചു കാണാൻ…” രാജീവിന്‍റെ സംസാരം കേട്ട് രേഖയ്ക്ക് സന്തോഷം തോന്നി.

“ഈ റോസിനു പകരമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീ സാധിച്ചു തരുമോ?”

“അതിന് ഞാൻ എന്നെത്തന്നെ നിങ്ങൾക്കു നൽകാൻ ഒരുക്കമല്ലേ. രാജീവല്ലേ പിന്മാറുന്നത്.”

“വീണ്ടും അതേ റൂട്ടിൽ തന്നെ… പ്ലീസ് രേഖ… പ്രണയം, വിവാഹം ഇതേക്കുറിച്ചൊന്നും എന്നോടു സംസാരിക്കാതിരുന്നാൽ വലിയ ഉപകാരമായിരുന്നു.”

“അല്പം വിഷമമാണ്. പക്ഷേ രാജീവ് നിനക്ക് വേണ്ടി ഞാനതിന് ശ്രമിക്കാം.”

“അപ്പോൾ നിനക്ക് ബുദ്ധിയുണ്ട്. നമ്മൾ പണ്ടത്തേതുപോലെ നല്ല ഫ്രണ്ട്സായിരിക്കും.”

“അപ്പോൾ നമ്മളിപ്പോൾ സുഹൃത്തുക്കളല്ലെന്നാണോ?” രേഖയുടെ പരിഹാസവാക്കുകൾ കേട്ട് രാജീവ് പൊട്ടിച്ചിരിച്ചു.

ഇനി പ്രണയത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് രേഖ രാജീവിന് ഉറപ്പു നൽകിയെങ്കിലും അതു പ്രാവർത്തികമാക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. ദിനം ദിനമുള്ള ഈ പ്രണയവും അഭ്യർത്ഥനയും… അതിലുമെത്രേയോ നല്ലതാണിത്. പരസ്പരം എന്നുമെന്നും കാണാതാവുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ നിന്നും മാറും…

അടുത്ത ഒരു മാസം ജോലിത്തിരക്കിൽ മുങ്ങിപ്പോയതേ അവരറിഞ്ഞില്ല. റിപ്പോർട്ടിംഗ്, മീറ്റിംഗ്, റിഫ്രഷർ കോഴ്‌സ് ലക്ചർ…. രേഖ രാജീവിന്‍റെ കാര്യമേ മറന്നു. പക്ഷേ ജോലിത്തിരക്ക് തീർന്നപ്പോൾ അവൾക്ക് രാജീവിനെ ഓർമ്മ വന്നു. മനസ്സ് വല്ലാതെ മിടിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ രാജീവിന് മറ്റൊരു പ്രണയം കാണും. അതുകൊണ്ടല്ലേ തന്നെപ്പോലെ സൗന്ദര്യവും ബുദ്ധിയുമുള്ള ഒരുവളെ വേണ്ടെന്നു വയ്ക്കുന്നത്. രാജീവ് തന്‍റെ പ്രണയം സ്വീകരിക്കാത്തതെന്താവും? പോട്ടെ… രാജീവുമായി ഒരകൽച്ച… അതാവും ശരി.

അങ്ങനെയിരിക്കേ ഒരു ഒഫീഷ്യൽ പാർട്ടിയ്ക്കിടയിൽ അവർ വീണ്ടും കണ്ടുമുട്ടി. രേഖ മുഖത്ത് പുഞ്ചിരി വരുത്തി ക്കൊണ്ടു ചോദിച്ചു, “ഇതെന്താ മാവേലിയോ… എത്ര നാളായി കണ്ടിട്ട്…”

“ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ?”

“എന്താ ദേഷ്യത്തിലാണോ?”

“ദേഷ്യമാണെങ്കിൽ തന്നെ നീ എന്തിനാ വേവലാതിപ്പെടുന്നത്?”

“ഞാനല്ലേ വേവലാതിപ്പെടേണ്ടത്. മതി രാജീവ്, ഇനിയുമിങ്ങനെ വിഷമിപ്പിക്കുന്നതു മതിയാക്ക്.”

“ഞാൻ നിന്നെ വിഷമിപ്പിക്കുന്നുവെന്നോ?”

“നമ്മുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയമായി രാജീവ്… ഇനി എപ്പോഴുമെപ്പോഴും നിങ്ങളെ ഉപദ്രവിക്കില്ല.”

“അന്നത്തെ തീരുമാനമൊക്കെ മറന്നോ?”

“എന്‍റെ വിവാഹകാര്യം വീട്ടുകാർ കൂടുതൽ ദിവസം വെച്ച് നീട്ടാൻ സാധ്യതയില്ല. ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്. എനിക്കാരെയെങ്കിലും ഇഷ്ടമാണോയെന്ന് പപ്പ ഒരു ദിവസം ചോദിച്ചു.”

“അയ്യോ! നീ അറിയാതെ എന്‍റെ പേരെങ്ങാനും പറഞ്ഞോ?”

“ഇല്ല… രാജീവ് നേരിട്ട് വീട്ടിൽ വന്ന് പപ്പയോടു നമ്മുടെ വിവാഹകാര്യം സംസാരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.”

ലഞ്ച് ടൈമായതിനാൽ പാർട്ടിക്ക് എത്തിയ അതിഥികൾ അവരുടെ അടുത്തുള്ള ടേബിളിൽ വന്നിരിക്കുവാൻ തുടങ്ങി. പ്രൈവസി നഷ്ടമായതോടെ രേഖ സംസാരം നിർത്തി. എന്തായാലും താൻ തന്നെ പപ്പയോടു തന്‍റെ പ്രണയകാര്യം തുറന്നുപറയും. രേഖ തീർച്ചയാക്കി. പാർട്ടിക്ക് ശേഷം രേഖ വീട്ടിലേക്ക് മടങ്ങി.

“രേഖച്ചേച്ചീ…. വിവാഹാലോചന ഒരുപാടു വരുന്നുണ്ട്. വിവാഹം കഴിക്കാനുദ്ദേശ്യമില്ലേ… ലിസ്‌റ്റിൽ അടുത്തത് ഈയുള്ളവനാണെന്ന കാര്യം മറക്കണ്ട.” സഹോദരൻ രേഖയെ വിവാഹകാര്യം പറഞ്ഞ് ഇടയ്ക്കിടെ കളിയാക്കും.

“ഇവളുടെ വിവാഹമൊന്നു കഴിഞ്ഞിട്ടു വേണം എനിക്ക് സ്വസ്ഥമായൊന്നിരിക്കാൻ…” പപ്പയും പറയുമായിരുന്നു.

“വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ… പെൺകുട്ടികളുടെ ജീവിതത്തിൽ ഇതൊക്കെ സമയത്തു നടക്കണം. ഇല്ലെങ്കിൽ…” അമ്മയുടെ മുഖത്തെപ്പോഴും ആശങ്കയായിരിക്കും.

ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം പപ്പയോട് എല്ലാം തുറന്നു പറയണമെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു. ആദിയും അന്തവുമില്ലാത്ത ഈ ടെൻഷൻ… ഇതവസാനിപ്പിക്കണം. രാജീവാണെങ്കിൽ ഒരു തീരുമാനമെടുക്കുന്നില്ല. ഇനി പപ്പയ്ക്ക് മാത്രമേ ഇതിനൊരു പരിഹാരം കാണാനാവു…

അവൾ ധൈര്യം സംഭരിച്ച് പപ്പയോടു പറയേണ്ട കാര്യങ്ങൾ മനസ്സിൽ കുറിച്ചുവച്ചു. രാവിലെയെഴുന്നേറ്റ് കുളിച്ചു റെഡിയായി ഒരു കപ്പ് ചായയുമായി അവൾ പപ്പയുടെ അടുത്തു വന്നിരുന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു. കസിൻ നന്ദു… കോളേജ് വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞ് 2 മണിക്കൂർ കഴിഞ്ഞതവരറിഞ്ഞില്ല. അന്നും പപ്പയോടു രാജീവിന്‍റെ കാര്യം സംസാരിക്കാനായില്ല.

പിറ്റേന്ന് വൈകുന്നേരം. “മോളേ, കുറച്ചു വെള്ളമെടുത്തു കൊണ്ടുവാ…” പപ്പയുടെ ശബ്ദ‌ം കേട്ട് അവൾ ഡ്രോയിംഗ് റൂമിലെത്തി. തനിക്ക് പുതിയ വല്ല വിവാഹാലോചനയും വന്നിരിക്കും. രേഖ മനസ്സിൽ കരുതി. ഒരുപക്ഷേ തിരുവനന്തപുരത്തുള്ള അങ്കിളിന്‍റെ മകൻ നന്ദു അതിനാവും ഇന്നലെ വന്നത്. പപ്പ കല്യാണക്കാര്യം പറഞ്ഞാൽ ഇത്തവണ ഞാൻ രാജീവിന്‍റെ കാര്യം പറയും. രേഖ ഒരു ഗ്ലാസ് വെള്ളവുമെടുത്ത് ഡ്രോയിംഗ് റൂമിലേക്കു നടന്നു.

“മോളേ, നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു.” പപ്പ വിഷയമെടുത്തിട്ടതോടെ അവൾക്ക് അഭിപ്രായം പറയാൻ അവസരം ഒത്തുവന്നു. എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു കരുതി അവൾ വിഷമിച്ചിരിക്കുമ്പോഴാണ്….

“ഉച്ചയ്ക്ക് രാജീവ് വീട്ടിൽ വന്നിരുന്നു.” പപ്പ പറഞ്ഞു നിർത്തി.

കേട്ടതും രേഖയുടെ ഹൃദയമിടിപ്പിനു വേഗത കൂടി. അപ്രതീക്ഷിതമായ ആ സാഹചര്യത്തിൽ അവൾ മൗനം പാലിച്ചു. രാജീവ് ശരിക്കുമൊരു സുത്രശാലി തന്നെ. താൻ എത്രവട്ടം കെഞ്ചി പറഞ്ഞതാ… അപ്പോഴൊക്കെ പറ്റില്ലെന്നു പറഞ്ഞ് ഇപ്പോ നേരിട്ടു വന്നിരിക്കുന്നു. പപ്പയ്ക്ക് രാജീവിനെ ഇഷ്‌ടമായിക്കാണും. പക്ഷേ, പപ്പയുടെ പെരുമാറ്റം കണ്ട് ഒന്നും ഉറപ്പിച്ചു പറയാനും വയ്യ…

“രാജീവ് എത്തരക്കാരനാണ്?” പപ്പ ഗംഭീരസ്വരത്തിൽ തിരക്കി.

“നല്ല സ്വഭാവമാ… കരിയർ ഓറിയന്‍റഡ്… ഹെൽപ്ഫുൾ… രാജീവിനെ എനിക്ക് ശരിക്കും ഇഷ്ട‌മാണ്. ഒരേ ജോബായതി നാൽ ജോലിക്കാര്യങ്ങൾ, പ്രോബ്ലംസ്, സമയം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഞാൻ ജോലിക്കു പോകുന്നതും രാജീവിന് ഇഷ്ടമാണ്. പപ്പാ, രാജീവിനൊപ്പം എനിക്ക് സന്തോഷത്തോടെ ജീവിക്കാനാവും.”

“നന്നായാലോചിച്ചാണോ നീ തീരുമാനമെടുത്തത്?”

“അതെ. ഞങ്ങൾക്ക് ഒരുപാടു കാര്യങ്ങളിൽ ചേർച്ചയുണ്ട്. പഠനം, സ്വഭാവം, ജോലി…”

“അയാളുടെ ജാതി, മതം… അതു നീ തിരക്കിയോ?”

“ജാതി… ഇല്ല… അത് അറിയണമെന്നു തോന്നിയില്ല. പപ്പയ്ക്കും ജാതി-മതത്തിലൊന്നും വിശ്വാസമില്ലല്ലോ. അതു കൊണ്ട് ഞാനും…”

“ജാതി… മതം അതൊന്നും എനിക്കും പ്രശ്ന‌മല്ല. എന്നിരുന്നാൽ തന്നെ വിവാഹക്കാര്യം വരുമ്പോൾ നന്നായി ആലോചിക്കേണ്ടേ? നിനക്ക് രാജീവിന്‍റെ ഫുൾ നെയിം അറിയുമോ?”

“ഫുൾ നെയിം? രാജീവ് പിള്ള.”

“ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാൻ പോകുന്നവളാണ്. ശരിക്കുള്ള പേരുപോലുമറിയില്ല.”

രേഖ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.

“അയാളുടെ ശരിയായ പേര് രാജീവ് ഊർമ്മിള പിള്ള എന്നാണ്.”

“ഏ…!”

“രാജീവിന് അമ്മ മാത്രമേയുള്ളു. അച്‌ഛനെക്കുറിച്ച് രാജീവിനോ അമ്മയ്‌ക്കോ അറിയില്ല.”

“പപ്പ പറയുന്നത്?”

“മോളേ, ഞാൻ പറയുന്നത്… അച്‌ഛനെക്കുറിച്ച് രാജീവിനോ അയാളുടെ അമ്മയ്‌ക്കോ അറിയില്ല. അയാളുടെ അമ്മ ഒരു വേശ്യയാണ്.”

“ഇല്ല… ഇല്ല പപ്പാ, ഇതൊക്കെ നുണയാണെന്നു പറയു. രാജീവ് ഇതുവരെ ഇതൊന്നും എന്നോടു പറഞ്ഞിട്ടില്ല. എന്നിൽ നിന്ന് ഇതെല്ലാം ഇതുവരെ മറച്ചു പിടിച്ചതെന്തിനാവും, രാജീവിന് ഒരിക്കലുമൊരു വിശ്വാസവഞ്ചകനാകാൻ പറ്റില്ല.” രേഖ പൊട്ടിക്കരഞ്ഞു.

“അല്ല മോളേ, രാജീവ് നിന്നെ ചതിച്ചതൊന്നുമല്ല. നീ കണ്ണുമടച്ച് അയാളെ പ്രണയിക്കുകയായിരുന്നു. രാജീവിനിതൊക്കെ എന്നെന്നേക്കുമായി മറച്ചുപിടിച്ച് ജീവിക്കാമായിരുന്നു. നല്ലവനായതു കൊണ്ടല്ലേ രാജീവ് ഇതൊക്കെ നേരത്തെ തന്നെ തുറന്നു പറഞ്ഞത്. നീയൊരു നല്ല വീട്ടിലെ കുട്ടിയാണെന്നറിഞ്ഞ് അയാൾക്ക് അവസരം മുതലടുക്കാമായിരുന്നു. പക്ഷേ നീയോ, അയാളുടെ പേരും ചുറ്റുപാടും അന്വേഷിക്കാതെ എടുത്തുചാടി വിവാഹത്തിനൊരുങ്ങി. രാജീവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു നിനക്ക്. നീ കാല്‌പനിക ലോകത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ ഏറ്റവും സീരിയസ്സായി എടുക്കേണ്ട തീരുമാനങ്ങളിലൊന്നാണ് വിവാഹം, അതുപോലും നീ… ജീവിതത്തിൽ വലിയൊരു തെറ്റിലേക്ക് വീഴാൻ തയ്യാറാവുകയായിരുന്നില്ലേ നീ. ഞാൻ പറഞ്ഞതു പോലും നിനക്ക് വിശ്വാസമില്ലാതായി.”

“ഞാനെന്തു ചെയ്യണം പപ്പാ, എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല.”

“മനസ്സിരുത്തി ആലോചിക്ക്. എന്നിട്ട് തീരുമാനമെടുത്താൽ മതി. നല്ലൊരു പയ്യനാണ് രാജീവ്. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടാവും. നിങ്ങൾക്ക് സന്തോഷമുള്ള ഒരു കുടുംബജീവിതം നയിക്കാനുമാവും. പക്ഷേ രാജീവ് ഇന്നും അമ്മയ്‌ക്കൊപ്പം അതേ ചേരിയിലാണ് താമസം. ഇനിയും അവിടെയേ താമസിക്കു. അമ്മയെ വിഷമിപ്പിച്ചിട്ട് തനിക്കൊന്നും വേണ്ടെന്നാണ് രാജീവ് പറയുന്നത്. എന്തുമാത്രം തീ തിന്നും കഷ്‌ടതകൾ അനുഭവിച്ചുമാണ് ആ അമ്മ അവനെ വളർത്തി പഠിപ്പിച്ചതെന്നോ? ആ മകനെ അവർക്കെങ്ങനെ പിരിയാനാവും?”

“തീരുമാനം നിന്‍റെ കൈകളിലാണ്. വെല്ലുവിളികളെ അഭിമുഖീകരിച്ച് രാജീവിനൊപ്പം ജീവിക്കാൻ നീ ഒരുക്കമാണോ? ഈ യാഥാർത്ഥ്യമൊക്കെ ഉൾക്കൊണ്ട് നിനക്ക് അവരെ അമ്മായിയമ്മയായി അംഗീകരിക്കാൻ പറ്റുമോ? അവരോട് പുച്ഛ‌വും വെറുപ്പുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ സാധിക്കുമോ? നീ ഇതിനൊക്കെ തയ്യാറാണെങ്കിൽ മാത്രം രാജീവിനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതി. ഇതൊക്കെ ഇപ്പോൾ നിനക്ക് പ്രശ്‌നമില്ലെന്നു തോന്നുമെങ്കിലും ഒരു വിഷമഘട്ടം വരുമ്പോൾ നീ ഇതൊക്കെ ഒറ്റയ്ക്ക് തരണം ചെയ്യേണ്ടതായി വരും. അപ്പോൾ ഇതുപോലെ നിന്നെ ഉപദേശിക്കാൻ ആരും കാണില്ല. ഒരു നൂറുവട്ടം ആലോചിച്ചു വേണം തീരുമാനമെടുക്കാൻ.”

“പക്ഷേ ഇതൊക്കെ രാജീവ് എന്നോടെന്തു കൊണ്ടു പറഞ്ഞില്ല?”

“ഇതുപോലൊരു അമ്മയുടെ മകനാണ് താനെന്നു പറയാൻ ആരാണ് ഇഷ്‌ടപ്പെടുക? ഇനി എനിക്കൊന്നും പറയാനില്ല. നിനക്ക് വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെയുണ്ട്. ഉചിതമായൊരു തീരുമാനം…”

രേഖയ്ക്ക് അന്നുരാത്രി ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചില്ല. രാത്രിയുടനീളം ഉറക്കമിളച്ചിരുന്നാലോചിച്ചിട്ടും അവൾക്ക് ശരിയായ ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല. വിവാഹം കഴിക്കണമോ വേണ്ടയോ? രാജീവിന്‍റെ അമ്മയോട് തനിക്ക് ആദരവോടെ പെരുമാറാൻ കഴിയുമോ? ഉത്തരം കണ്ടെത്താനാകാത്ത അനേകായിരം ചോദ്യങ്ങൾ അവളുടെ സ്‌മൃതിപഥത്തിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

മിസ് രേഖാ മാത്യു മിസിസ്സ് രേഖാ രാജീവ് ആകുന്നതിനുള്ള തടസ്സം എന്താണ്? രാജീവിന്‍റെ അമ്മയുടെ സ്‌റ്റാറ്റസ് മാത്രം. എല്ലാവരേയും സ്നേഹിക്കുന്ന രാജീവിനെ സ്നേഹിക്കുന്ന മനസ്സ് തനിക്കുണ്ടെങ്കിൽ അവരെയും സ്നേഹിക്കാൻ കഴിയും. അവൾ ഉദയസൂര്യന്‍റെ കിരണങ്ങളെ സ്നേഹത്തോടെ വരവേറ്റു.

ഒറിജിനൽ പട്ട് വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും

നൂറ്റാണ്ടുകളായി ഇന്ത്യൻ വധുവരന്മാരുടെ പാരമ്പര്യ വിവാഹ വേഷം സിൽക്കിലാണ് തയ്ക്കുന്നത്. ഇന്ത്യൻ വിവാഹസങ്കല്പം തന്നെ പട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വസ്ത്രങ്ങളുടെ റാണിയായി പട്ട് വസ്ത്രങ്ങളെ വിശേഷിപ്പിക്കുന്നത്. പട്ടിനെപ്പോലെ ഒരേസമയം ലാളിത്യവും പ്രൗഢിയും എടുത്തുകാട്ടുന്ന വസ്ത്രം വേറെ ഏതുണ്ട്? മറ്റ് കൃത്രിമ വസ്ത്രങ്ങളെ അപേക്ഷിച്ച് സിൽക്ക് വസ്ത്രങ്ങൾ നാച്ചുറലും ഇക്കോ ഫ്രണ്ട്ലിയുമാണ്.

എന്താണ് സിൽക്ക്

പട്ടുനൂൽ പുഴുക്കളാൽ നിർമ്മിക്കപ്പെടുന്ന കൊക്കുണിൽ നിന്നാണ് പട്ടുനൂൽ തയ്യാറാക്കപ്പെടുന്നത്. പ്രകൃതിദത്തമായ തിളക്കവും മൃദുലതയും, നിറം പകരാനുള്ള അനുകൂല സാഹചര്യവും ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും പകരുന്ന സവിശേഷതയും ആകർഷകമായ വൈവിധ്യങ്ങളും സിൽക്കിന്‍റെ ചില പ്രധാന സവിശേഷതകളാണ്.

പട്ടുനൂൽ ഇനങ്ങൾ

മൾബറി ഇലകൾ ഭക്ഷിക്കുന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നും എല്ലായിനത്തിലും പെട്ട പട്ട് ഉല്പാദിപ്പിക്കാൻ കഴിയണമെന്നില്ല. മൾബറി പുഴുക്കളിൽ നിന്നല്ലാതെയും പട്ടുല്‌പാദിപ്പിക്കുന്നുണ്ട്. മൾബറി സിൽക്ക്, ടസ്സർ സിൽക്ക്, മുംഗാ സിൽക്ക്, ഏരി സിൽക്ക് എന്നിവയാണ് മറ്റ് പ്രധാന സിൽക്ക് ഇനങ്ങൾ.

വളരെ ലൈറ്റും സോഫ്റ്റുമാണ് മൾബറി സിൽക്ക്. വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം പട്ടുവസ്ത്രങ്ങളും മൾബറി സിൽക്ക് ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ടസ്സർ, ഏരി, മുംഗാ തുടങ്ങിയവ റോ സിൽക്കിൽ പെടുന്നവയാണ്.

ഫാഷനബിൾ സിൽക്ക്

പട്ടുനൂൽ വസ്ത്രം നിർമ്മിക്കുന്ന വിപുലമായ കൈത്തറി കേന്ദ്രങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാഞ്ചീപുരം, മൈസൂർ, ധർമ്മാവരം, ബനാറസ് തുടങ്ങിയവ ഇന്ത്യയുടെ പാരമ്പര്യ സിൽക്ക് നെയ്ത്തു കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളിൽ തയ്യാറാക്കപ്പെടുന്ന പട്ടുസാരികൾ അതിന്‍റെ മേന്മ കൊണ്ടും കരവിരുതു കൊണ്ടും ഏറെ പ്രശസ്തമാണ്.

 

സിൽക്ക് ഷർട്ട്, ടൈ, സ്കാർഫ് തുടങ്ങിയവയാണ് പുരുഷന്മാർക്കിടയിലെ ഹോട്ട് ക്രെയ്സ്. ഇന്ന് ഗൃഹാലങ്കാരങ്ങൾക്കായും സിൽക്ക് തുണിത്തരങ്ങൾ ഉപയോഗിക്കുന്നത് ഫാഷനാണ്. സിൽക്ക് കർട്ടൻ, കുഷ്യൻ കവർ, ബെഡ് കവർ, ബെഡ് ഷീറ്റുകൾ, ടോപ് കവർ, ടേബിൾ ക്ലോത്ത് എന്നിവ വ്യത്യസ്‌തങ്ങളായ ഡിസൈനുകളിലും വിലയിലും ലഭ്യമാണ്.

സിൽക്കിന്‍റെ സംരക്ഷണം

സിൽക്ക് തുണിത്തരങ്ങൾ കഴുകാൻ ഹാർഡ് വാട്ടറോ ഡിറ്റർജന്‍റുകളോ ഉപയോഗിക്കാൻ പാടില്ല. ഡ്രൈക്ലീനിംഗാണ് അനുയോജ്യമായ മാർഗ്ഗം. എന്നാൽ റോ സിൽക്ക്, ചൈന സിൽക്ക്, ഇന്ത്യൻ സിൽക്ക്, പോംഗി, ശാൻതുംഗ്, ടസ്സർ എന്നിവ വീട്ടിൽത്തന്നെ കഴുകാവുന്നതാണ്. അവ കഴുകിയ ശേഷം ഒരു ടവലിൽ പൊതിഞ്ഞു വെയ്ക്കാം. തുണിയിൽ നിന്നും പരമാവധി ഈർപ്പം കളയാൻ വേണ്ടിയാണിത്. ഏറ്റവുമൊടുവിലായി തുണി കഴുകിയെടുക്കുന്നതിനായ് സിട്രിക് ആസിഡിന്‍റെയോ അസറ്റിക് ആസിഡിന്‍റെയോ ഏതാനും തുള്ളികൾ തണുത്ത വെള്ളത്തിൽ ചേർക്കാം.

അയൺ ബോക്സിൽ ചൂട് ക്രമപ്പെടുത്തി വേണം സിൽക്ക് തുണികൾ ഇസ്തിരി ചെയ്തെടുക്കാൻ. ഇസ്‌തിരിയിടും മുമ്പ് തുണിയിൽ വെള്ളം തളിക്കേണ്ടതില്ല. വെള്ളത്തുള്ളികൾ വീണ് സിൽക്ക് വസ്ത്രത്തിൽ പാടുകൾ വീഴും. അഥവാ തുണി നനഞ്ഞിരിക്കുകയാണെങ്കിൽ അത് തിരിച്ചിട്ട് ഇസ്തിരിയിടാം.

സ്റ്റോറേജ്

സിൽക്ക് വസ്ത്രങ്ങൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതിരിക്കും. ഒരിക്കലും പ്ലാസ്‌റ്റിക്‌ സഞ്ചിയിലോ ബോക്സിലോ സൂക്ഷിക്കരുത്.

തുണിയിൽ പാടുകൾ വീഴാനും കീടങ്ങൾ കയറിക്കൂടാനും ഇതിടയാക്കും. കുറച്ചു നാൾ കഴിഞ്ഞ് സിൽക്ക് വസ്ത്രങ്ങൾ തിരിച്ചും മറിച്ചും മടക്കി വയ്ക്കുക. സിൽക്ക് വസ്ത്രങ്ങൾക്കിടയിൽ പാറ്റ ഗുളികകൾ കടലാസിൽ പൊതിഞ്ഞ് വയ്ക്കാം. ദീർഘകാലമായി സിൽക്ക് വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അവ അല്‌പനേരം കാറ്റേല്ക്കുന്നതിനായി വിരിച്ചിടാം.

മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് സിൽക്ക് വസ്ത്രങ്ങൾ വിലയേറിയവയാണ്. അതുകൊണ്ട് സിൽക്ക് തുണിത്തരങ്ങൾ എപ്പോഴും വിശ്വസ്ത‌മായ കടകളിൽ നിന്നും വാങ്ങുക.

ബാങ്കോക്ക് സുന്ദരദൃശ്യങ്ങളുടെ നഗരം

ബാങ്കോക്ക് എന്നു കേൾക്കുമ്പോൾ ഒരു മോഡേൺ നഗരത്തിന്‍റെ ചിത്രമാണ് കൺമുന്നിൽ തെളിഞ്ഞു വരികയെങ്കിലും ആധുനികതയും ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകവും ഇഴചേർന്ന ഒരിടമാണിത്. വമ്പൻ നൈറ്റ് ക്ലബ്ബുകൾ, മസാജ് പാർലർ, ലോകപ്രശസ്തവും രുചികരവുമായ തായ് വിഭവങ്ങൾ ലഭിക്കുന്ന റെസ്‌റ്റോറന്‍റുകൾ, രഹസ്യമായി സെക്‌സ്ഷോ പ്രദർശിപ്പിക്കുന്ന ക്ലബ്ബുകൾ… കുടാതെ മനോഹരമായ ബൗദ്ധക്ഷേത്രങ്ങളും ഗർവ്വോടെ തലയുയർത്തി നിൽക്കുന്നു.

ഒരു കാലത്ത് തോടുകളുടെ ശൃംഖല തന്നെ ഇവിടെ ഉണ്ടായിരുന്നു. വഞ്ചിയിലിരുന്ന് നഗരം മുഴുവനും ചുറ്റിക്കാണാം. റോഡുകൾക്ക് വീതി കുട്ടിയതോടെ തോടുകൾ പലതും വെട്ടിച്ചുരുക്കി, ചിലത് നാമാവശേഷവുമായി. എന്നാൽ ചാവോ ഫായാ നദി വരെയെത്തുന്ന ചില തോടുകൾ ഇന്നും ബാങ്കോക്കിലുണ്ട്. ഇവയിലുടെ ജലയാത്ര നടത്തി നഗരം മുഴുവനും ചുറ്റിക്കാണാം. അതുകൊണ്ടാണ് ബാങ്കോക്ക് ‘ഏഷ്യയിലെ വെനീസ്’ എന്നറിയപ്പെടുന്നത്.

അടുത്ത ദിവസം ഞങ്ങൾ ഒരു നൗകയിലിരുന്ന് ചാവോ ഫായാ നദി കടന്ന് പടിഞ്ഞാറെ തീരത്തുള്ള ധനപുരിയിലെത്തി. ഒരു കാലത്ത് ധനപുരിയും ബാങ്കോക്കും രണ്ടു നഗരങ്ങളായിരുന്നു. പിന്നീട് ധനപുരിയും ചേർന്നായിരുന്നു ബാങ്കോക്കിന്‍റെ വികസനം.

ധനപുരിയിൽ നിന്നും ഒരു ബോട്ട് വാടകയ്ക്കെടുത്ത് ഞങ്ങൾ മുന്നോട്ടു നീങ്ങി. അനേകം ചെറിയ റെസ്‌റ്റോറന്‍റുകളും അരിമില്ലുകളും ക്ഷേത്രങ്ങളും തടിയിൽ തീർത്ത വീടുകളും കടന്നായിരുന്നു യാത്ര. നദിക്കരയിൽ ധാരാളം കുട്ടികൾ കളിച്ചു രസിക്കുന്നു. നദിയിലേക്ക് ചാടി പ്രഭാത സ്നാനം ചെയ്യുന്നവരും ധാരാളമുണ്ടായിരുന്നു.

ഫ്ളോട്ടിംഗ് ബസാർ

ഞങ്ങളുടെ നൗകയ്ക്ക് അരികിലുടെ ധാരാളം ചെറിയ തോണികൾ കടന്നുപോയി. ഇവയിൽ ചിലതിൽ ബാംബു ഹാറ്റ് ധരിച്ച യുവതികളുമുണ്ട്. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിനായി മാർക്കറ്റിലേക്ക് പോകുന്നവർ. ഞങ്ങൾ റെ‌സ്റ്റോറന്‍റിന് അടുത്തുകൂടി കടന്നു പോയപ്പോൾ തായ് വിഭവങ്ങളുടെ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. ചില തോണികളിൽ കടകളുമുണ്ട്. ഉപ്പു മുതൽ കർപ്പുരം വരെ കിട്ടുന്ന കടകൾ.

അല്പദൂരം മുന്നോട്ടു നീങ്ങിയപ്പോൾ തോണികൾ കുട്ടിയിട്ട് വിശാലമായ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നതും കണ്ടു. ബാങ്കോക്കിലെ പ്രശസ്‌തമായ ഫ്ളോട്ടിംഗ് ബസാറാണതെന്ന് തോണിക്കാരൻ പറഞ്ഞു. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, മീൻ, ഭക്ഷ്യവിഭവങ്ങൾ എന്തും ഇവിടെ കിട്ടും. ഈ കടകളിലെ കച്ചവടക്കാർ സ്ത്രീകളാണ്.

ഇറച്ചിക്കടകളിൽ ചൈനീസ് യുവാക്കൾ ഇരിക്കുന്നതും കണ്ടു. ബൗദ്ധമതാനുയായികളായതിനാൽ തായ് ജനത അഹിംസയിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ മാംസഭക്ഷണം കഴിക്കാൻ അവർക്കൊരു മടിയുമില്ല!

അരുണക്ഷേത്രം

മടക്കയാത്രയിൽ ഞങ്ങൾ ബാങ്കോക്കിലെ അരുണക്ഷേത്രത്തിൽ അല്പ സമയം ചെലവഴിച്ചു. ബാങ്കോക്കിലെ പേരുകേട്ട ഈ ക്ഷേത്രം 250 അടി ഉയരത്തിലാണ് നിൽക്കുന്നത്. യാത്രയുടെ ക്ഷീണമെല്ലാം പമ്പ കടത്തുന്നതാണ് ഇവിടെ നിന്നുള്ള നഗരത്തിന്‍റെ നയന മനോഹര ദൃശ്യങ്ങൾ.

ഞങ്ങൾ അരുണ ക്ഷേത്രത്തിൽ നിന്നിറങ്ങി രാജകീയ നൗകകൾ സന്ദർശിച്ചു. നദിക്കരയിൽ പ്രത്യേകമായി നിർമ്മിച്ച തണലിൽ നിരനിരയായി കിടക്കുന്ന നൗകകൾ നീളവും തിളക്കവുമുള്ള നാഗങ്ങളെപ്പോലെ തോന്നിച്ചു.

രാജപ്രൗഢിയുടെ പ്രതീകങ്ങളാണ് ഈ നൗകകൾ. ഇവയെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ മാസത്തിൽ നദിയിൽ ഒരു മേള നടക്കാറുണ്ട്. ഈ അവസരത്തിൽ നൗകകൾ പ്രത്യേകമായി അലങ്കരിക്കും. തായ് രാജാവ് രാജകീയ ചടങ്ങുകൾ പ്രകാരം ഹംസനൗകയിൽ ഉപവിഷ്ടനാ വും. ചുവന്ന വസ്ത്രധാരികളായ 50 പേർ തുഴയും. ആ രാജകീയ ജലയാത്ര ഒന്നു കാണേണ്ടതു തന്നെ.

അടുത്ത ദിവസം നഗരം ചുറ്റി കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഗ്രാന്‍റ് പാലസിൽ നിന്നായിരുന്നു തുടക്കം. രാജാ രാമ ഒന്നാമനാണിത് നിർമ്മിച്ചത്. വിശാലമായ ഹാൾ, ഇതിലാണ് രാജസിംഹാസനം സുക്ഷിച്ചിരിക്കുന്നത്. രാജഭവനം കുടാതെ മരതകക്കല്ലു കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയുള്ള ക്ഷേത്രവും ഗ്രാന്‍റ് പാലസിന്‍റെ ഭാഗമാണ്. 1784 ലാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്. രാജാവ് രാമ ഒന്നാമൻ മുതൽ പുതിയ ഭരണാധികാരി നരേശ് രാമ ഒമ്പതാമൻ വരെയുള്ള രാജാക്കന്മാർ ക്ഷേത്രം മരാമത്ത് നടത്തുകയും പുതുക്കി പണിയുകയും ചെയ്തുവന്നു.

ചൈന ടൗൺ

ഗ്രാന്‍റ് പാലസിനോടു ചേർന്ന് മറ്റൊരു ക്ഷേത്രവുമുണ്ട്, വട്ട് ഫോ. ശയനമുദ്രയിലുള്ള 46 മീറ്റർ നീളമുള്ള ബുദ്ധപ്രതിമയും ഇവിടെയുണ്ട്. ഈ ക്ഷേത്രം ഒരു കാലത്ത് തായ്‌ലന്‍റിന്‍റെ വിദ്യാകേന്ദ്രം കുടിയായിരുന്നു. രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി. ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്ത് പരമ്പരാഗത തായ് മസ്സാജ് വിദ്യ അഭ്യസിപ്പിക്കുന്നുണ്ട്. തായ് മസ്സാജിംഗിന്‍റെ ശാസ്ത്രീയ രീതിയാണിവിടെ അവലംബിക്കുന്നത്.

അടുത്തതായി ഞങ്ങൾ ചൈനാ ടൗൺ (യാവോവരാത്) സന്ദർശിച്ചു. സുഖോഥായി കാലഘട്ടത്തിൽ ഇവിടെയെത്തിയ ചൈനീസ് വ്യാപാരികളാണിത് നിർമ്മിച്ചത്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ഇതിൽ സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു ബുദ്ധ വിഗ്രഹമുണ്ട്. ഇവിടെ സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടർ സ്പെയർ പാർട്‌സ്, പുരാവസ്‌തുക്കൾ, ഇറക്കുമതി ചെയ്ത സംഗീത ഉപകരണങ്ങൾ എന്നിവ ലഭിക്കും. കൂടാതെ സ്വർണ്ണക്കടകളുമുണ്ട്.

വട്ട് ബെൻ ചമ്പാ ബോഫിത്ത് എന്ന മാർബിൾ ക്ഷേത്രം ചൈനാ ടൗണിലാണ്. രാമ അഞ്ചാമന്‍റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. യൂറോപ്യൻ ശൈലിയിൽ പണിത വർണ്ണവൈവിധ്യമുള്ള ഗ്ലാസ്സ് ജാലകങ്ങൾ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. അടുത്തായി രാജവീഥി റോ ഡിൽ ദുസിത് രാജപ്രസാദ് അങ്കണത്തിൽ ഒരു മ്യൂസിയവും ഉണ്ട്. തേക്കു തടിയിൽ തീർത്ത, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണിത്. 3 നിലകളുള്ള ഈ രാജ കൊട്ടാരത്തിൽ 81 മുറികളാണുള്ളത്. തായ് രാജാക്കന്മാർ ഉപയോഗിച്ച പല വസ്തു‌ക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

അനന്ത്സമവോം രാജസിംഹാസന ഹാൾ സന്ദർശനം മറക്കാൻ കഴിയില്ല. തായ് രാജാവ് രാമ അഞ്ചാമൻ രാജകീയ സമ്മേളനങ്ങൾക്കായി പ്രത്യേകമായി പണിതതാണിത്. ഇറ്റാലിയൻ മാർബിളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പഴയ ശൈലിയിൽ നിർമ്മിച്ച തായ് കെട്ടിടങ്ങളും നാടൻ കലാരൂപങ്ങളും കാണാൻ താല്‌പര്യമുള്ളവർക്ക് ജിം തോംസൺ മ്യൂസിയം നല്ല വിരുന്നാണ്. നാഷണൽ ഗാലറി മ്യൂസിയത്തിൽ തായ്‌ലന്‍റിലെ കലാകാരന്മാരുടെ കലാസൃഷ്‌ടികളും കാണാം.

ഷോപ്പിംഗിനും പ്രശസ്തമാണ് തായ്‌ലന്‍റ്. ലോകപ്രശസ്‌തവും വില കുടിയതുമായ വാച്ചുകൾ മുതൽ ലേറ്റസ്‌റ്റ് ഡിസൈനർ ഡ്രസ്സുകൾ വരെ ഡ്യൂപ്ലിക്കേറ്റായി ഇവിടെ നിർമ്മിച്ചു കിട്ടും. വിലക്കുറവാണെന്നു മാത്രമല്ല ഒറിജിനലാണെന്നു തോന്നിക്കുകയും ചെയ്യും. വിലക്കുറവ്, മനോഹരം, ഈടുറ്റത് എന്നതാണ് വ്യാപാരികളുടെ മുദ്രാവാക്യം. അതുകൊണ്ടു തന്നെയാണ് ടൂറിസ്‌റ്റുകൾ വീണ്ടും വീണ്ടും ഇവിടെ ഷോപ്പിംഗിനെത്തുന്നത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें