മുതിർന്ന ഒരു വ്യക്‌തി ആഴ്‌ചയിൽ 150-300 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കും. അതായത് ദിവസം ഏകദേശം ഒരു 30 മിനിറ്റ് നേരം. പക്ഷേ പലർക്കും വ്യായാമം ചെയ്യാൻ മടിയാണ്. ഒരു ദിവസം ചെയ്താൽ തന്നെ അതൊരു റൂട്ടീനായി നിലനിർത്താൻ പലർക്കും മടിയാണ്. എങ്കിൽ വ്യായാമം എന്നതിലുപരിയായി നിങ്ങൾ ആസ്വദിക്കുന്ന ഓരോ ഫിസിക്കൽ ആക്‌ടിവിറ്റികളിൽ ഏർപ്പെടുക.
അത്തരം ചില ആക്ടിവിറ്റികൾ നിങ്ങളുടെ ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടും. ഒപ്പം രസകരവുമായിരിക്കും. അത്തരം ചില ആക്ടിവിറ്റികളെ പരിചയപ്പെടാം. അവയിൽ മിക്കതും നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗവുമാണ്.
നടപ്പ്, ഓട്ടം
നടക്കാനോ ജോഗിംഗിനോ പോകുകയെന്നത് വളരെ അനായാസമായ വ്യായാമമാണ്. പക്ഷേ തൊട്ടടുത്തുള്ള ഇടങ്ങളിലൂടെയുള്ള നടപ്പും മറ്റും നിങ്ങളെ പെട്ടെന്ന് മടുപ്പിക്കാം. എന്നാൽ നിങ്ങളുടെ നടപ്പിനെയും ഓട്ടത്തെയും അൽപ്പം സാഹസികവും രസകരവുമാക്കുന്ന ചില ആപ്പുകൾ ഉണ്ട്. അത്തരം ചില ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുകയേ വേണ്ടൂ. സോംബിസ് റൺ, പോക്കിമോൻ ഗോ, ഇൻഗ്രസ് എന്നിവ അത്തരം ചില ആപ്പുകളാണ്.
സ്വന്തമായി ഒരു വർക്കൗട്ട് പ്ലാൻ
ജിമ്മിൽ ജോയിൻ ചെയ്ത് വ്യായാമം ചെയ്യുകയെന്നത് ഭൂരിഭാഗം പേർക്കും മടിയുള്ള കാര്യമായിരിക്കും. പക്ഷേ ഇതിനൊരു പരിഹാരമുണ്ട്. ഹോം വർക്കൗട്ട്. അതായത് റെഡിമെയ്‌ഡ് വർക്കൗട്ടുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യുക അല്ലെങ്കിൽ സ്വന്തമായി വർക്കൗട്ട് പ്ലാൻ ചെയ്ത് ചെയ്യുക.
ഡാൻസ്
ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ട് ഡാൻസ് ചെയ്യുന്നതൊന്ന് ഓർത്തു നോക്കിക്കേ... നൃത്തത്തിൽ ദ്രുത ചലനങ്ങളും മന്ദഗതിയിലുള്ള ചലനങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഏകദേശം 8- 9 പാട്ടുകൾ മതി 30 മിനിറ്റ് നീളുന്ന ഡാൻസ് ചെയ്യാൻ. അനുയോജ്യമായ ഡാൻസ് യുട്യൂബിൽ നിന്ന് തെരഞെഞ്ഞെടുത്ത് ചെയ്ത്‌ത് ഹൃദയമിടിപ്പിന്‍റെ താളം കൂട്ടാം.
ഫ്രിസ്ബി (എറിഞ്ഞു കളിക്കുന്ന തളിക)
കൂട്ടുകാരുമൊത്ത് ചെയ്യാവുന്ന വളരെ അനായാസവും രസകരവുമായ ഗെയിമാണിത്. ഫ്രിസ്ബി താഴെ വീഴാതെ എതിരാളിയ്ക്ക് എറിഞ്ഞു കൊടുത്തും ചാടി ക്യാച്ച് ചെയ്‌തും ഉള്ള ഈ ഗെയിം ശരീരത്തിന് നല്ലൊരു വ്യായാമം നൽകും. പരസ്പ്‌പരം തലങ്ങും വിലങ്ങും ഓടിക്കുന്ന രീതിയിൽ വേണം ഫ്രിസ്ബി എറിയാൻ. ചിരിയും വാശിയുമുണർത്തുന്ന ഗെയിമായതിനാൽ ശരീരത്തിനും മനസിനും സ്വയമറിയാതെ ഉന്മേഷവും ഊർജ്ജസ്വലതയും പകരും.
കോണിപ്പടികൾ ചാടി കയറുക
എവിടെ പോയാലും ലിഫ്റ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കി കോണിപ്പടികൾ ഉപയോഗിക്കുക. കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മികച്ചൊരു വർക്കൗട്ടാണ്. വീട്ടിലെ കോണിപ്പടിയിലെ 3-4 സ്‌റ്റെപ്പ് സ്‌പീഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുക. ഇതുപോലെ പരമാവധി 20 തവണ ആവർത്തിക്കുക. മറ്റ് വ്യായാമങ്ങളുടെ ഭാഗമായും ഇത് ചെയ്യാം.
മറ്റൊന്ന് ഇത് ഒരു മത്സരമായി എടുത്ത് കൂട്ടുകാർക്കൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ കോണിപ്പടികൾ കയറി ഇറങ്ങുക. ഇപ്രകാരം എത്ര തവണ ഒരു വ്യക്തിയ്ക്ക് ചെയ്യാനാവുമെന്ന് പരീക്ഷിക്കുക. എന്താ രസകരമല്ലേ ഈ മത്സരം?