നൂറ്റാണ്ടുകളായി ഇന്ത്യൻ വധുവരന്മാരുടെ പാരമ്പര്യ വിവാഹ വേഷം സിൽക്കിലാണ് തയ്ക്കുന്നത്. ഇന്ത്യൻ വിവാഹസങ്കല്പം തന്നെ പട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വസ്ത്രങ്ങളുടെ റാണിയായി പട്ട് വസ്ത്രങ്ങളെ വിശേഷിപ്പിക്കുന്നത്. പട്ടിനെപ്പോലെ ഒരേസമയം ലാളിത്യവും പ്രൗഢിയും എടുത്തുകാട്ടുന്ന വസ്ത്രം വേറെ ഏതുണ്ട്? മറ്റ് കൃത്രിമ വസ്ത്രങ്ങളെ അപേക്ഷിച്ച് സിൽക്ക് വസ്ത്രങ്ങൾ നാച്ചുറലും ഇക്കോ ഫ്രണ്ട്ലിയുമാണ്.
എന്താണ് സിൽക്ക്
പട്ടുനൂൽ പുഴുക്കളാൽ നിർമ്മിക്കപ്പെടുന്ന കൊക്കുണിൽ നിന്നാണ് പട്ടുനൂൽ തയ്യാറാക്കപ്പെടുന്നത്. പ്രകൃതിദത്തമായ തിളക്കവും മൃദുലതയും, നിറം പകരാനുള്ള അനുകൂല സാഹചര്യവും ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും പകരുന്ന സവിശേഷതയും ആകർഷകമായ വൈവിധ്യങ്ങളും സിൽക്കിന്‍റെ ചില പ്രധാന സവിശേഷതകളാണ്.
പട്ടുനൂൽ ഇനങ്ങൾ
മൾബറി ഇലകൾ ഭക്ഷിക്കുന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നും എല്ലായിനത്തിലും പെട്ട പട്ട് ഉല്പാദിപ്പിക്കാൻ കഴിയണമെന്നില്ല. മൾബറി പുഴുക്കളിൽ നിന്നല്ലാതെയും പട്ടുല്‌പാദിപ്പിക്കുന്നുണ്ട്. മൾബറി സിൽക്ക്, ടസ്സർ സിൽക്ക്, മുംഗാ സിൽക്ക്, ഏരി സിൽക്ക് എന്നിവയാണ് മറ്റ് പ്രധാന സിൽക്ക് ഇനങ്ങൾ.
വളരെ ലൈറ്റും സോഫ്റ്റുമാണ് മൾബറി സിൽക്ക്. വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം പട്ടുവസ്ത്രങ്ങളും മൾബറി സിൽക്ക് ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ടസ്സർ, ഏരി, മുംഗാ തുടങ്ങിയവ റോ സിൽക്കിൽ പെടുന്നവയാണ്.
ഫാഷനബിൾ സിൽക്ക്
പട്ടുനൂൽ വസ്ത്രം നിർമ്മിക്കുന്ന വിപുലമായ കൈത്തറി കേന്ദ്രങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാഞ്ചീപുരം, മൈസൂർ, ധർമ്മാവരം, ബനാറസ് തുടങ്ങിയവ ഇന്ത്യയുടെ പാരമ്പര്യ സിൽക്ക് നെയ്ത്തു കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളിൽ തയ്യാറാക്കപ്പെടുന്ന പട്ടുസാരികൾ അതിന്‍റെ മേന്മ കൊണ്ടും കരവിരുതു കൊണ്ടും ഏറെ പ്രശസ്തമാണ്.
സിൽക്ക് ഷർട്ട്, ടൈ, സ്കാർഫ് തുടങ്ങിയവയാണ് പുരുഷന്മാർക്കിടയിലെ ഹോട്ട് ക്രെയ്സ്. ഇന്ന് ഗൃഹാലങ്കാരങ്ങൾക്കായും സിൽക്ക് തുണിത്തരങ്ങൾ ഉപയോഗിക്കുന്നത് ഫാഷനാണ്. സിൽക്ക് കർട്ടൻ, കുഷ്യൻ കവർ, ബെഡ് കവർ, ബെഡ് ഷീറ്റുകൾ, ടോപ് കവർ, ടേബിൾ ക്ലോത്ത് എന്നിവ വ്യത്യസ്‌തങ്ങളായ ഡിസൈനുകളിലും വിലയിലും ലഭ്യമാണ്.
സിൽക്കിന്‍റെ സംരക്ഷണം
സിൽക്ക് തുണിത്തരങ്ങൾ കഴുകാൻ ഹാർഡ് വാട്ടറോ ഡിറ്റർജന്‍റുകളോ ഉപയോഗിക്കാൻ പാടില്ല. ഡ്രൈക്ലീനിംഗാണ് അനുയോജ്യമായ മാർഗ്ഗം. എന്നാൽ റോ സിൽക്ക്, ചൈന സിൽക്ക്, ഇന്ത്യൻ സിൽക്ക്, പോംഗി, ശാൻതുംഗ്, ടസ്സർ എന്നിവ വീട്ടിൽത്തന്നെ കഴുകാവുന്നതാണ്. അവ കഴുകിയ ശേഷം ഒരു ടവലിൽ പൊതിഞ്ഞു വെയ്ക്കാം. തുണിയിൽ നിന്നും പരമാവധി ഈർപ്പം കളയാൻ വേണ്ടിയാണിത്. ഏറ്റവുമൊടുവിലായി തുണി കഴുകിയെടുക്കുന്നതിനായ് സിട്രിക് ആസിഡിന്‍റെയോ അസറ്റിക് ആസിഡിന്‍റെയോ ഏതാനും തുള്ളികൾ തണുത്ത വെള്ളത്തിൽ ചേർക്കാം.
അയൺ ബോക്സിൽ ചൂട് ക്രമപ്പെടുത്തി വേണം സിൽക്ക് തുണികൾ ഇസ്തിരി ചെയ്തെടുക്കാൻ. ഇസ്‌തിരിയിടും മുമ്പ് തുണിയിൽ വെള്ളം തളിക്കേണ്ടതില്ല. വെള്ളത്തുള്ളികൾ വീണ് സിൽക്ക് വസ്ത്രത്തിൽ പാടുകൾ വീഴും. അഥവാ തുണി നനഞ്ഞിരിക്കുകയാണെങ്കിൽ അത് തിരിച്ചിട്ട് ഇസ്തിരിയിടാം.
സ്റ്റോറേജ്
സിൽക്ക് വസ്ത്രങ്ങൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതിരിക്കും. ഒരിക്കലും പ്ലാസ്‌റ്റിക് സഞ്ചിയിലോ ബോക്സിലോ സൂക്ഷിക്കരുത്.