റിഥ്വിക് റോഷൻ ചിത്രമായ കോയി മിൽ ഗയയിലെ "ഇധർ ചലാ മേം ഉധർ ചലാ ജാനേ കഹൻ മേം കിധർ ചലാ.." എന്ന ഗാനത്തിലെ ഈ വരികൾ ഇന്നത്തെ യുവാക്കളുടെ ജീവി തത്തെ വരച്ചു കാട്ടുന്ന അർത്ഥവത്തായ വരികളാണ്. അത് മറ്റൊന്നും കൊണ്ടല്ല. കുറച്ചുകാലമായി അവർക്ക് നല്ലതായി തോന്നുന്ന ഒരു ജീവിതശൈലി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ്. തിരക്കുകൾ കുത്തിനിറച്ചുള്ള ജീവിതശൈലി ഇന്നത്തെ യുവത്വത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്‌ഥാനത്തിൽ ആ ജീവിതശൈലി അവരുടെ ആരോഗ്യം, പെരുമാറ്റം, ജോലി, എന്നിങ്ങനെ എല്ലാറ്റിനെയും ദോഷകരമായി ബാധിക്കുന്നു എന്നതാണ് സത്യം.
“പെൻഡുലം ലൈഫ്സ്റ്റൈൽ” എന്നാണ് ഈ ജീവിതശൈലിയെ വിശേഷിപ്പിക്കുക. അതായത് രണ്ട് വിപരീത ദിശകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുന്ന ജീവിതം അല്ലെങ്കിൽ ഒരു വ്യക്തി രണ്ട് തീവ്രതകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുകയും സ്‌ഥിരതയോ സന്തുലിതാവസ്‌ഥയോ നിലനിർത്താൻ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥാ വിശേഷം. ഒന്നുകിൽ നമ്മൾ ആവശ്യത്തിലധികം എന്തെങ്കിലും ചെയ്യുന്നു അല്ലെങ്കിൽ പൂർണ്ണമായും അത് ഉപേക്ഷിക്കുന്നു. ഇതിൽ എതെങ്കിലും ഒന്ന് സംഭവിക്കാം. നമ്മുടെ ജോലി, ആരോഗ്യം, ബന്ധങ്ങൾ, മനസ്സമാധാനം എന്നിവയെ ഈ ജീവിതശൈലി മോശമായി ബാധിക്കുമെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. യുവാക്കൾ ഇതിനെ “ഒഴുക്കിനൊപ്പം പോകുക” എന്നാണ് വിശേഷിപ്പിക്കുക. ഇനി ഇത് അവരുടെ ജീവിതഗതിയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നത് നോക്കാം.
എന്താണ് പെൻഡുലം ജീവിതശൈലി?
അമിത ജോലിയും വിശ്രമവും: ഭക്ഷണ-ആരോഗ്യ കാര്യത്തിൽ ഒരു ശ്രദ്ധയും നൽകാതെ ആഴ്‌ചകളോളം അമിതമായി ജോലി ചെയ്യുകയും പിന്നീട് പെട്ടെന്ന് ഏതാനും ദിവസങ്ങൾ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ആ സമയത്ത് അവർ ഒരു ജോലിയിലും ഏർപ്പെടുകയില്ല.
മാനസികാവസ്‌ഥയിലെ മാറ്റങ്ങൾ: വളരെയധികം സന്തോഷമോ പ്രചോദനമോ അനുഭവപ്പെടുകയും പിന്നീട് ദുഃഖത്തിലേക്കോ നിഷ്ക്രിയത്വത്തിലേക്കോ വീഴുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. ചിലപ്പോൾ ആളുകൾ വളരെ സന്തോഷമുള്ളവരോ ഉത്സാഹഭരിതരോ ആകാം. എന്നാൽ പിന്നീട് പെട്ടെന്ന് ദുഃഖവും വിഷാദവും അവരിൽ ഉണ്ടാകാം. ഒരു ഓഫീസ് പ്രോജക്റ്റിൽ തിരക്കിലായിരിക്കുകയും പകൽ വിശ്രമമോ രാത്രിയിൽ ആവശ്യത്തിന് ഉറക്കമോ ഇല്ലാതെ അത് പൂർത്തിയാക്കാൻ തീവ്രമായി ശ്രമിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ രാവും പകലും കഠിനമായി പഠിക്കുകയും പരീക്ഷ കഴിഞ്ഞാലുടൻ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തുടങ്ങുകയും ചെയ്യുന്നവരിൽ ഈ മാനസികാവസ്‌ഥ ഉണ്ടാകാറുണ്ട്.
ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും ഉയർച്ച താഴ്ച്ചകൾ : ഒരു ഘട്ടത്തിൽ ആളുകൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കർശനമായി പാലിച്ച് തുടങ്ങുകയും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ജങ്ക് ഫുഡ് കഴിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു മാസം ജിമ്മിൽ കർശനമായ വ്യായാമം ചെയ്യുകയും പിന്നീട് അടുത്ത 2 മാസക്കാലം വ്യായാമം ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാതിരിക്കുകയും ചെയ്യുന്നതുപോലെയാണിത്. പിന്നീട് നല്ല ഭക്ഷണക്രമവും വ്യായാമവും ഏതാനും ദിവസം പിന്തുടരുകയും തുടർന്ന് വീണ്ടും അലസനാകുകയും ചെയ്യും. പെൻഡുലം ജീവിതശൈലിയിൽ ഈ ചക്രം ആവർത്തിക്കപ്പെടുന്നു.