ഇത്തവണയും ലീവിൽ വരുമ്പോൾ ഒരേയൊരു ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. മുൻവർഷങ്ങളിലെപോലെ പെണ്ണുകാണുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ആനുവൽ ലീവും പെണ്ണുകാണലിൽ മാത്രമായി ഒതുങ്ങിപ്പോയി.
ഈ വരവും അങ്ങനെതന്നെ ആയിത്തീരുമോ എന്ന് നിഥിനോട് സ്വന്തം മനസ്സുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. തന്‍റെ മനസ്സിന് ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിയാത്തതിന്‍റെ മനോവേദന അവനെ ആകുലനാക്കി.
തന്നെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് ആരും വരണ്ട എന്ന് നേരത്തെ തന്നെ വീട്ടിലേക്ക് അറിയിച്ചിരുന്നതിനാൽ ആരെയും പ്രതീക്ഷിച്ചില്ല. എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ് എടുത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടക്കുന്നതിനു മുമ്പ് ടാക്‌സി കൗണ്ടറിൽ ചെന്ന് പണം അടച്ച് ടോക്കൺ വാങ്ങിയാണ് പുറത്ത് കടന്നത്.
മകരത്തിലെ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും നേരിയ കുളിർമ്മ മനസ്സിനെയും ശരീരത്തെയും തലോടികൊണ്ടിരുന്നു.
ഗെയ്റ്റിൽ തനിക്കു വേണ്ടി വന്നു നിന്ന ടാക്സിയുടെ നമ്പർ നോക്കി ഡിക്കിയിലേക്ക് ലഗേജ് കയറ്റി വെക്കുമ്പോൾ ഒതുക്കി വെക്കാൻ ഡ്രൈവറും ഒപ്പം നിന്നു. എയർപോർട്ട് പരിധിയിൽ നിന്നും പുറത്ത് കടന്ന് ഗ്രാമത്തിന്‍റെ ശാന്തയിലൂടെ വണ്ടി നീങ്ങുമ്പോൾ ഏസി ഓഫ് ചെയ്തത് ഗ്ലാസ്സ് താഴ്ത്തിതരുവാൻ നിഥിൻ ഡ്രൈവറോട് യാചി ച്ചു. ഡ്രൈവർ സുപരിചിതനല്ലാത്തതിനാൽ പങ്കുവെക്കാൻ വിഷയ ദൗർലഭ്യം നേരിട്ടു.
വണ്ടിയുടെ വിൻഡോ സ്ക്രീനിലൂടെ നോക്കെത്താ ദൂരത്തിലേക്ക് നോട്ടമെറിഞ്ഞ് പ്രകൃതിഭംഗി വീക്ഷിക്കുകയാണെന്ന വ്യാജേന അവനിരുന്നു. പുലർകാലമായതിനാൽ സൂര്യന് തിളക്കം കുറവായിരുന്നു. വികൃതമായി കിടന്ന വഴികൾ താണ്ടി തിരക്കുപിടിച്ച മെയിൻ റോഡിലേക്ക് വാഹനം കടന്നപ്പോൾ യാത്രയുടെ വേഗതയും താനേക്കൂടി. പിന്നിലേക്ക് പായുന്ന പ്രകൃതിയോടൊപ്പം പിന്നിൽ നിന്നും താൻ പെണ്ണുകാണാൻ നടന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടി കയറി വരാനും തുടങ്ങി. മനസ്സിനും ജീവിതത്തിലും ഒത്തുചേരാൻ ബോഡി കെമിസ്ട്രിയിലൂടെ ശ്രദ്ധിച്ച് തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരിൽ നിന്നും കിട്ടുന്ന നെഗറ്റീവ് മറുപടി തന്‍റെ ഉറക്കത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു.
ഒരിക്കൽ മീരചേച്ചിയുടെ (ചേട്ടന്‍റെ ഭാര്യ) ഇതിനെക്കുറിച്ച് ആരായുകയുണ്ടായി. "എന്തുകൊണ്ടാണ് നാട്ടിലുള്ള പെൺകുട്ടികൾ എന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലെന്ന് പറയുന്നത്?"
"പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നാട്ടിൽ ജോലിയുള്ള പയ്യന്മാരെയാണ് ഇഷ്ടം. അല്ലെങ്കിൽ യൂറോപ്പ്. ഗൾഫിന്‍റെ വിലയെല്ലാം പോയി. അത് പണ്ടായിരുന്നു." മീര പറഞ്ഞു നിർത്തി.
മീര ചേച്ചിയുടെ വാക്കുകളെ ഉൾക്കൊള്ളാൻ വിഷമം തോന്നി. അവർ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്സിലായി.
ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. "പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ ഇങ്ങനെയാകുമല്ലേ?"
"നീ എന്താ അങ്ങനെ പറഞ്ഞത്?" സ്വന്തം വർഗ്ഗത്തെ അധിക്ഷേപിച്ചതിലുള്ള ധാർഷ്ഠ്യം ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവരുടെ ശബ്ദം ലോപിച്ചിൽ നിന്നും ഉയർന്നു.
"നീ പോയി കണ്ട എല്ലാ പെൺകുട്ടികളെയും നിനക്ക് ഇഷ്ടമായോ? എത്ര പേരെ നീ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അതുപോലെ അവർക്കും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ലേ? അവരുടെ സ്വാതന്ത്ര്യത്തെ നീ നിഷേധിക്കുകയാണോ?"