സ്നേഹിക്കൂ… പ്രായം തോന്നുകയേ ഇല്ല!

ഭാര്യയ്ക്കും ഭർത്താവിനുമിടയിലെ വെറുമൊരു കോൺട്രാക്റ്റല്ല വിവാഹം. ജീവിതാന്ത്യം വരെ പരസ്‌പരം കൈകോർത്തു പിടിച്ച് മുന്നോട്ടു നീങ്ങുന്ന സ്നേഹ സുരഭിലമായ യാത്രയാവണമത്. എന്നാൽ ദാമ്പത്യം മധ്യവയസ്സിലെത്തുന്നതോടെ വിരസതയോടെ ജീവിതം തള്ളിനീക്കുന്ന വരായിരിക്കും ഭൂരിഭാഗവും. പ്രായമാകുന്നതിനു മുമ്പേ ‘വയസ്സൻ’ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നതിനു കാരണം പാരമ്പര്യമോ ഹോർമോൺ തകരാറുകളോ ആവാം. പ്രാരബ്ധങ്ങളും ജീവിത സാഹചര്യങ്ങളും വിവാഹജീവിതത്തെ അകാല വാർധക്യത്തിലേക്ക് തള്ളിനീക്കുന്നു.

സാമ്പത്തികമോ ഭൗതികമോ ആയ കുറവുകൾ കൊണ്ടു മാത്രം ഇങ്ങനെ സംഭവിക്കണമെന്നില്ല. സുഖസൗകര്യങ്ങൾക്ക് നടുവിൽ കഴിയുന്ന ദമ്പതിമാരുടെ മുഖത്തും നിരാശയും വിഷാദവും നിഴലിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഇതിന് നേർവിപരീതമാണ് ചില ദമ്പതിമാർ. അവരെ കണ്ടാൽ ഒട്ടും പ്രായമില്ലെന്നേ തോന്നു…

സ്നേഹിക്കാം സ്നേഹം നേടാം

പരസ്‌പരം സ്നേഹവും കരുതലുമുള്ള ദമ്പതിമാർ ദീർഘനാൾ യൗവനവും സൗന്ദര്യവും കൊണ്ട് അനുഗൃഹീതരായിരിക്കും. അതു നിലനിർത്താൻ കഴിയുന്നത് ശ്രമിക്കുകയും ചെയ്യും.

ഭർത്താവിന്‍റെ സ്നേഹവും തന്നിലേക്കുള്ള ആകർഷണവും നഷ്‌ടപ്പെടാൻ ഭാര്യമാർ ഒരിക്കലും ആഗ്രഹിക്കാറില്ലെന്നാണ് സന്തുഷ്‌ടി നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന സ്ത്രീകൾ പറയുന്നത്. “സ്വന്തം വേഷത്തിലും മേക്കപ്പിലും സ്‌റ്റൈലിലും എപ്പോഴും അപ്റ്റുഡേറ്റായിരിക്കാൻ ശ്രദ്ധിക്കും.” കൊച്ചിയിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയായ രാധിക പറയുന്നു.

“സ്വന്തം ഫിഗറിലും ബോധവതികളായിരിക്കണം. മനസ്സിലെപ്പോഴും ഞാൻ ചെറുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. അതു നമ്മുടെ വ്യക്തിത്വത്തിലും പുതുമ നിറയ്ക്കുന്നു. അതാണ് ഞങ്ങളുടെ സന്തുഷ്ടി നിറഞ്ഞ ദാമ്പത്യത്തിന്‍റെ സീക്രട്ട്.” രണ്ട് മുതിർന്ന കുട്ടികളുടെ അമ്മയായ ലക്ഷ്‌മി ശശിധരൻ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ശശിധരനും അതിനോട് യോജിക്കുന്നു.

 

“ഭാര്യ സ്‌മാർട്ടും സുന്ദരിയുമായിരുന്നാൽ ഭർത്താവ് സ്വയം അലർട്ടാവും. സ്വന്തം പേഴ്സണാലിറ്റി ഗ്രൂമിംഗിൽ കുടുതൽ ശ്രദ്ധ നൽകും. ഇതെല്ലാം തന്നെ ജീവിതത്തോടുള്ള പോസിറ്റീവായ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ, അതാവാം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ സുന്ദരവും ഗാഢവുമാക്കുന്നത്.”

പരസ്പ‌രമുള്ള കരുതൽ

വിവാഹത്തിന് ഏതാനും നാളുകൾക്കു ശേഷം കുടുംബം, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്തങ്ങളുടെ നിഴലിലായിരിക്കും ഭാര്യയും ഭർത്താവും. ആ സമയത്ത് പരസ്പരമുള്ള കരുതൽ സ്വാഭാവികമായും ഉണ്ടായിരിക്കണമെന്നില്ല. ഈ ഉദാസീനത സ്വന്തം കാര്യത്തിലും അശ്രദ്ധയുണ്ടാക്കും. ഭർത്താവിന്‍റെ ശ്രദ്ധയും കരുതലും ലഭിക്കാതെ വരുമ്പോൾ അണിഞ്ഞൊരുങ്ങി നടന്നിട്ടെന്ത് കാര്യമെന്നാവും ഭാര്യയു ടെ ചിന്ത. ഈ മനോഭാവം ദാമ്പത്യത്തിലെ ഊഷ്‌മളതയും അടുപ്പവും നഷ്ടപ്പെടുത്താൻ ഇടയാക്കും.

ഔപചാരികത ആവശ്യം

ദാമ്പത്യത്തിന്‍റെ ആദ്യനാളുകളിൽ ഭാര്യയും ഭർത്താവും പുതിയ പുസ്‌തകം പോലെയായിരിക്കും. പുസ്‌തകത്തിന്‍റെ ഓരോ താളുകളിലും നിറയുന്ന മനോഹരമായ രഹസ്യങ്ങളും കൗതുകങ്ങളും പോലെ… ദമ്പതികൾ പരസ്‌പരമറിയാൻ മനസ്സുകൊണ്ട് വെമ്പൽ കൊള്ളും. എന്നാൽ എല്ലാം പരസ്‌പരം അറിഞ്ഞു കഴിയുന്നതോടെ ഇനിയെന്താണെന്ന ചിന്തയാവും. ദാമ്പത്യജീവിതം കൂടുതൽ സുതാര്യമാകുന്നതോടെ പരസ്‌പരമുള്ള കൗതുകവും താല്പ‌ര്യവും കുറയുക സ്വാഭാവികമാണ്.

ബന്ധം അനൗപചാരികമാവുന്നതോടെ ഊഷ്‌മളതയും നഷ്ടപ്പെടും. അതോടെ ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങും. പരസ്പ‌രമുള്ള പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങുന്നതോടെ ബന്ധം തണുപ്പൻ മട്ടിലാവും. ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും പ്രായത്തേയും ഇതു സ്വാധീനിക്കും.

മനസ്സിൽ ചെറുപ്പം സൂക്ഷിക്കാം

“പ്രണയത്തിന് പ്രായമില്ലല്ലോ… ഏത് പ്രായത്തിലും പ്രണയമുണ്ടാകാം എന്നും പ്രണയത്തിന്‍റെ മാധുര്യം ആസ്വദിക്കുകയും കാത്തുസൂക്ഷിക്കുകയും വേണം. റൊമാൻസ് ഏതു പ്രായത്തിലുമുള്ള ഭാര്യാഭർത്താക്കന്മാരിലും പുതിയ ഊർജ്ജം പകരും. പ്രായം കുറച്ച് തോന്നിപ്പിക്കും.” സെക്സ് തെറാപ്പിസ്റ്റ‌് ഡോ. കിരൺ പറയുന്നു.

വിജയകരമായ വിവാഹജീവിതത്തിന്

സ്വസ്ഥവും സുന്ദരവുമായ വിവാഹ ജീവിതത്തിൽ സെക്‌സും റൊമാൻസും വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നാണ് മനഃശാസ്ത്രജ്‌ഞരുടെ വിലയിരുത്തൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ലൈംഗിക സംതൃപ്തി നിറഞ്ഞ വിവാഹജീവിതം നയിക്കുന്ന സ്ത്രീകളിൽ മൈഗ്രേനും ഹൃദ്‌രോഗവും ഉണ്ടാകാനുള്ള സാധ്യത 20% കുറവാണ്. അതോടൊപ്പം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അവരിൽ വളരെ വൈകിയേ പ്രത്യക്ഷപ്പെടുന്നുള്ളൂ.

വികാരങ്ങളെ മാനിക്കുക

വികാരങ്ങളേയും ആഗ്രഹങ്ങളേയും പരസ്പ്‌പരം മാനിക്കുമ്പോഴാണ് ദാമ്പത്യം സന്തുഷ്ടവും സുന്ദരവുമാകുന്നത്. മികച്ച വ്യക്തിത്വവും ആരോഗ്യവും പരസ്‌പരമു ള്ള ആകർഷണത്തെ കൂട്ടുന്നു. അതുകൊണ്ട് വ്യക്തിത്വവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാം. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

  • ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ വൈകാരിക പിന്തുണ നൽകുകയെന്നത് ദാമ്പത്യത്തെ സുദൃഢമാക്കും.
  • എല്ലാ പ്രായത്തിലുമുള്ള ദമ്പതിമാർ വേഷവിധാനങ്ങളിലും സൗന്ദര്യകാര്യങ്ങളിലും ശ്രദ്ധിക്കണം.
  • വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും സ്വന്തം സൗന്ദര്യത്തിന്‍റെ അസാമാന്യമായ ശക്‌തിയെ തിരിച്ചറിയണം. അത് അവരിൽ കൂടുതൽ ഊർജ്ജം പകരും.
  • പരസ്പ‌രം തുറന്ന പുസ്‌തകമാകരുത്.
  • റൊമാൻസ് നിലനിർത്തുക. പരസ്പരം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യാം.
  • സ്വന്തം വിചാരങ്ങളും ശരീരഭാഷയും പോസിറ്റീവായിരിക്കാൻ ശ്രദ്ധിക്കുക.
  • ഇടയ്ക്ക് അല്ലറ ചില്ലറ പിണക്കങ്ങളും ഇണക്കങ്ങളുമാവാം. അത് ജീവിതത്തെ സൗന്ദര്യമുള്ളതാക്കും.
  • ജീവിതത്തിലെ ഓരോ നിമിഷത്തേയും ആഹ്ളാദകരമാക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളെ ചെറുപ്പമാക്കും.

ചർമ്മത്തിന്‍റെ നിറം വീണ്ടെടുക്കാൻ മാർഗ്ഗമുണ്ടോ?

ചോദ്യം

എന്‍റെ ചർമ്മം വളരെ ഡള്ളായിരിക്കുന്നു. വീട്ടിൽ ചെയ്യാൻ കഴിയുന്ന സൗന്ദര്യപരിചരണ മാർഗ്ഗങ്ങളുണ്ടോ?

ഉത്തരം

ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. ഫേസ് മാസ്‌കായി ഉപയോഗിക്കാൻ ബദാം ഏറ്റവും നല്ലതാണ്. ബദാം അരച്ചതിൽ ആട്ടമാവോ ഓട്സോ ചേർക്കുക. ഇതിൽ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും തേനും തൈരും ചേർക്കാം. തൈരിന് പകരം മുട്ടയും ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം മുഖം കഴുകണം. ബദാം മാത്രമായി ഉപയോഗിക്കാൻ താല്പ‌ര്യപ്പെടുന്നവർ ബദാം അരച്ചതിൽ റോസ് വാട്ടറും ഓറഞ്ച് നീരും ചേർത്ത് മുഖത്ത് പുരട്ടാം. ഒരു മണിക്കുറിനു ശേഷം കഴുകിക്കളയാം. മുഖത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും. ചുണ്ടുകൾ ഇരുണ്ടു പോയിട്ടുണ്ടെങ്കിൽ രാത്രി കിടക്കാൻ നേരത്ത് ബദാം എണ്ണ പുരട്ടി തടവുക. ചുണ്ടുകൾ സുന്ദരമാവും.

ചോദ്യം

ഞാനൊരു ഉദ്യോഗസ്ഥയാണ്. ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് പുറത്തു പോകേണ്ടി വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ വെയിലേൽക്കുന്നതു കൊണ്ട് എന്‍റെ ചർമ്മം കരുവാളിച്ചിരിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഉത്തരം

തുടർച്ചയായി വെയിലേൽക്കുന്നതു കൊണ്ടുള്ള പ്രശ്നമാണിത്. പുറത്തു പോകുന്ന അവസരങ്ങളിൽ എസ് പി എഫ് 30 ഉള്ള സൺ സ്ക്രീൻ ക്രീം ഉപയോഗിക്കുക. കൂടാതെ ഇടയ്ക്കിടെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ചർമ്മപരിചരണത്തിന് ചില പൊടിക്കൈകളുമുണ്ട്. അവധിദിവസങ്ങളിൽ ഇത് പരീക്ഷിക്കാവുന്നതാണ്.

  • ഗോതമ്പുപൊടിയിലോ, കടലമാവിലോ അര ടീസ്‌പൂൺ മഞ്ഞളും തൈരും ചേർക്കുക. ഇത് ശരീരഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കണം. അൽപസമയം കഴിഞ്ഞ് സ്ക്രബ്ബിംഗ് ചെയ്യാം.
  • ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയിൽ ഏതെങ്കിലുമൊന്ന് അരച്ച് പേസ്‌റ്റാക്കി പുരട്ടുക. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം.
  • കറ്റാർവാഴയുടെ ജെല്ലി പതിവായി പുരട്ടുന്നതും ഏറെ ഫലവത്താണ്.
  • തുളസിയില അരച്ചതും തേനും ചേർത്ത് മുഖത്തും കൈകാലുകളിലും പുരട്ടുക. ചർമ്മം സുന്ദരമാകും.
  • മുൽട്ടാണി മിട്ടിയിൽ വെള്ളമോ, റോസ് ‌വാട്ടറോ ചേർത്ത് പേസ്‌റ്റ് തയ്യാറാക്കി മുഖത്തും കൈകാലുകളിലും പുരട്ടുന്നതും ഗുണം ചെയ്യും.

ചോദ്യം

ഞാനൊരു ഉദ്യോഗസ്‌ഥയാണ്. പകൽ മുഴുവനുമുള്ള അലച്ചിൽ മൂലം ശരീരവും മനസ്സും ശരിക്കും തളർന്നുപോകുന്നു. രാത്രി കുളി കഴിഞ്ഞാലും ഫ്രഷ്‌നസ് തോന്നാറില്ല എന്താണ് ചെയ്യേണ്ടത്?

ഉത്തരം

തണുപ്പുകാലങ്ങളിൽ ചൂടുവെള്ളത്തിലും ചൂട് കാലാവസ്‌ഥയിൽ തണുത്ത വെള്ളത്തിലും കുളിക്കാൻ ശ്രദ്ധിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ലാവൻഡർ ഓയിൽ ചേർക്കാം. കുളിക്കും മുമ്പേ ഏതെങ്കിലും നല്ല മസ്സാജിംഗ് ഓയിൽ ഉപയോഗിച്ച് ശരീരമാസകലം മസ്സാജ് ചെയ്യുക. പ്രത്യേകിച്ച് കൈകാലുകൾ അതിനുശേഷം വേണം കുളിക്കാൻ ശരീരത്തിനും മനസ്സിനും ഇത് റിലാക്സേഷൻ പകരും. കുളി കഴിഞ്ഞ ശേഷം ഫ്രഷായിട്ടുള്ള കോട്ടൺ വസ്ത്രങ്ങൾ അണിയുക, മുഷിഞ്ഞ വസ്ത്രങ്ങൾ അണിയരുത്. കിടക്കവിരി വൃത്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക.

ചോദ്യം

ഞാൻ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. എപ്പോഴും എയർ കണ്ടീഷണറിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ചർമ്മം വരണ്ടു പോകുന്നു. ഇതിന് പരിഹാരമാർഗ്ഗം വല്ലതുമുണ്ടോ?

ഉത്തരം

എയർ കണ്ടീഷണറിൽ ദീർഘസമയമിരുന്ന് ജോലി ചെയ്യുന്നതിനാൽ ചർമ്മത്തിലെ ആന്തരിക പാളി വരണ്ടു പോകാം. ഇതിനൊരു പോംവഴിയുണ്ട്. ജോലി തുടങ്ങും മുമ്പേ മോയിസ്‌ചറൈസർ പുരട്ടുക. ഇടയ്ക്ക് മുഖം കഴുകിയ ശേഷം വീണ്ടും മോയിസ്‌ചറൈസർ പുരട്ടണം. നല്ല ഗുണനിലവാരമുള്ള മോയിസ്‌ചറൈസർ കൈയിൽ കരുതാൻ മറക്കരുത്. വെള്ളം കുടിക്കുന്നതിൽ പിശുക്ക് കാട്ടരുത്. ചായയും കാപ്പിയും കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. അവധി ദിവസങ്ങളിൽ ശരീരമാസകലം ഓയിൽ മസ്സാജ് ചെയ്ത ശേഷം കുളിക്കുക. കുളി കഴിഞ്ഞയുടനെ മോയിസ്‌ചറൈസർ പുരട്ടണം. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

ചോദ്യം

എനിക്ക് ജോലിയുമായി ബന്ധപ്പെട്ട് മിക്കപ്പോഴും പുറത്തുപോകേണ്ടി വരുന്നു. വേനൽക്കാലത്താണെങ്കിൽ ചർമ്മം കറുത്തുപോകുന്നു. എന്നാൽ മഴക്കാലമാകുന്നതോടെ അത് താനേ ശരിയാകുകയും ചെയ്യും.

ഉത്തരം

കടുത്ത വെയിലേൽക്കാതെ സൂക്ഷിക്കുകയാണ് വേണ്ടത്. നാരങ്ങാ നീരും വെള്ളവും കലർത്തിയ മിശ്രിതം ഉപയോഗിച്ച് മുഖവും മറ്റ് ശരീരഭാഗങ്ങളും മസ്സാജ് ചെയ്യാം. പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുക.

ചോദ്യം

ഞാൻ നല്ല വെളുത്തിട്ടാണ്. വയസ്റ്റ് 26. എന്‍റെ കണ്ണിനു ചുറ്റും കറുത്ത പാട് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ഇത് മാറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഉത്തരം

അച്ഛനും അമ്മയ്ക്കുമോ അല്ലെങ്കിൽ കുടുംബത്തിൽ മറ്റാർക്കെങ്കിലുമോ ഈ പ്രശ്ന‌മുണ്ടെങ്കിൽ ഒരു പരിധിവരെയേ പ്രശ്ന‌ം തടയാൻ കഴിയൂ. എങ്കിലും ചില സൗന്ദര്യപരിചരണ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഒലിവ് ഓയിലും . ആൽമണ്ട് ഓയിലും തുല്യ അളവിൽ കുട്ടിക്കലർത്തി കണ്ണിനു ചുറ്റും പുരട്ടി പതിയെ തടവുക. കൂടാതെ വെള്ളരിക്കാ കഷണം വട്ടത്തിൽ മുറിച്ചെടുത്ത് കണ്ണിന് മുകളിൽ ഐ പാഡായി വെയ്ക്കുക. 15 മിനിറ്റിനു ശേഷം മുഖം കഴുകാം. നല്ലൊരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണുന്നതും നന്ന്.

ഗുഡ് ബുക്ക്

“ഇന്നെന്താ? ഭവതി വലിയ സന്തോഷത്തിലാണല്ലോ?” നിഷിമയുടെ മുഖത്തെ പ്രകാശം കണ്ട് ആനന്ദ് ചോദിച്ചു.

“കാര്യമൊക്കെയുണ്ട്. കേട്ടാൽ ആനന്ദിനും സന്തോഷമാവും.”

“എങ്കിൽ താമസിക്കണ്ട. കേൾക്കട്ടേ വിശേഷം.”

“നാളെ രാവിലെയുള്ള ട്രെയിനിൽ നകുലേട്ടൻ വരുന്നു. രാവിലെ തന്നെ ചേട്ടനെ കൊണ്ടുവരാൻ സ്‌റ്റേഷനിൽ പോകണം. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.”

“അതുകൊള്ളാമല്ലോ, ആദ്യമായാണ് നിന്‍റെ വീട്ടിൽ നിന്ന് ഒരാൾ അതിഥിയായി വരുന്നത്. അച്‌ഛൻറയും അമ്മയുടെയും പിണക്കമൊക്കെ മാറിയോ?”

“ആനന്ദ്, അച്‌ഛനുമമ്മയുമല്ല, നകുലേട്ടനല്ലേ വരുന്നത്.”

“അതല്ല, ഇവിടെ വരുന്നതിനു മുമ്പ് അവരുടെ സമ്മതം വാങ്ങിയിട്ടുണ്ടാവുമല്ലോ.”

“എന്‍റെ വീട്ടിൽ നിന്നും ഏട്ടൻ വരുന്നുവെന്ന് പറയുമ്പോഴും വേണോ പരിഹാസം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആദ്യമായി ഒരാൾ വരുന്നതാണ്. അതും ഇഷ്‌ടപ്പെട്ടില്ലേ,” കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു നിഷിമ.

“എന്തായിത് നിഷിമാ, ഈ ഒരു നിസ്സാര കാര്യത്തെച്ചൊല്ലി ഇന്നത്തെ വൈകുന്നേരം നശിപ്പിക്കണോ?” ആനന്ദ് അവളെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.

“ശരി” കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു, “എന്നാൽ ഇന്ന് പുറത്തു പോകാം. ഒന്നു ചുറ്റിയിട്ടു വരാം.”

“ശരി, മഹാറാണിയുടെ ആജ്‌ഞ പോലെ” ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു.

ഓഫീസിൽ നിന്ന് ക്ഷീണിച്ചാണ് ആനന്ദ് വന്നത്. അയാൾ വാച്ചിലേക്ക് നോക്കി. സമയം എട്ടുമണി. ഒരു ചൂട് ചായയും കുടിച്ച് ടിവിയുടെ മുന്നിൽ ഇരിക്കാം എന്നു വിചാരിച്ചതാണ്. ഇനിയും തിരക്കിലൂടെ വണ്ടി ഓടിക്കാൻ അയാൾക്ക് മടുപ്പ് തോന്നി. പക്ഷേ, നിഷിമയ്ക്ക് പുറത്തു പോവാൻ ഇഷ്ട‌മാണെങ്കിൽ അങ്ങനെ തന്നെ അവളുടെ സന്തോഷമല്ലേ പ്രധാനം… നിഷിമ പോകാൻ തയ്യാറാവുകയായിരുന്നു. അയാൾ തനിയെ ഉണ്ടാക്കിയ ചായയുമായി ടിവിയുടെ മൂന്നിലെത്തി. അപ്പോൾ അയാളുടെ മനസ്സു നിറയെ പഴയ ആ ദിനങ്ങളായിരുന്നു. ഇപ്പോഴും അത് തെളിഞ്ഞ ഓർമ്മയിൽ ഉണ്ട്.

ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഓഫീസിലെ എല്ലാവരുടേയും കൂടെ പോയതാണ്. പെട്ടെന്നാണ് ഒരു പെൺകുട്ടി മുന്നിലെത്തിയത്. ഇത്രയും സുന്ദരിയായ പെണ്ണോ? താൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നുപോയി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് നോക്കുമ്പോൾ, അവളിലായിരുന്നു സകലരുടേയും ശ്രദ്ധ.

ഓഫീസിലെ സീനിയർ പിള്ളസാർ വന്നതും മീറ്റിംഗ് തുടങ്ങി. നവാഗതരെ പരിചയപ്പെടുത്തുന്ന സമയമെത്തി. നിഷിമ എന്ന പേരും സുന്ദരമായ ആ മുഖവും മാത്രമാണ് താൻ കേട്ടത്.

“ഏതു ലോകത്തിലാണ്, ആനന്ദ്?” പിള്ളസാർ ചുമലിൽ തട്ടിയപ്പോഴാണ് താൻ ശ്രദ്ധിച്ചത്.

“നിഷിമയെ തന്‍റെ സെക്ഷനിലേക്കാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.” ഒരു കള്ളച്ചിരിയോടെ സാർ പറഞ്ഞു.

“കഴിഞ്ഞില്ലേ, ആനന്ദിന്‍റെ ജോലി.” പുറകിൽ നിന്നാരോ തന്നെ കളിയാക്കി.

വളരെ പെട്ടെന്നു തന്നെ ആനന്ദും നിഷിമയും അടുത്തു. സൗന്ദര്യത്തോടൊപ്പം ബുദ്ധിസാമർത്ഥ്യവും അവൾക്കുണ്ടെന്ന് ആനന്ദിന് മനസ്സിലായി. ഓഫീസിനു പുറത്തും അവർ കൂടുതൽ സമയം ചെലവിടാൻ തുടങ്ങി.

ആ ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു. നിഷിമയുമായി അടുത്തു തുടങ്ങിയപ്പോൾ തന്നെ അയാൾ പതിവായി ഡയറി എഴുതിത്തുടങ്ങി. എന്നും അവളുടെ ഓരോ ഗുണവും അയാൾ കൃത്യമായി കുറിച്ചിടും. വേഷത്തിലും ഭാവത്തിലും അയാൾ മുമ്പ് ഒരിക്കലുമില്ലാത്ത ശ്രദ്ധ കാണിച്ചു തുടങ്ങി.

ഇരുവരും ഒരുമിച്ചായി എപ്പോഴും കറക്കം. നിഷിമയ്ക്ക് നാടകം വലിയ ഇഷ്ടമായിരുന്നു. ഒരു നാടകാസ്വാദകയായ അവൾ ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. അവളുടെ റിഹേഴ്സ‌ൽ കണ്ട് അഭിപ്രായം പറയാൻ അയാൾക്കും ഇഷ്ടമായിരുന്നു.

എല്ലാം സന്തോഷമായി പോവുമ്പോഴാണ് പ്രതീക്ഷിക്കാതെ ആനന്ദിന് സ്ഥലം മാറ്റത്തോടുകൂടി പ്രൊമോഷൻ കിട്ടുന്നത്.

“പ്രൊമോഷൻ കിട്ടുമ്പോഴും അടി കിട്ടിയ ഭാവത്തിൽ ഇരിക്കുന്നതു കണ്ടില്ലേ.” ഇവിടെ ഒരാൾ തമാശരൂപേണ നിഷിമ പറഞ്ഞു.

“ഇതെന്തൊരു പ്രൊമോഷൻ? നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല.” ആനന്ദ് വിഷമത്തോടെ പറഞ്ഞു.

“വിഷമിക്കേണ്ട ആനന്ദ്, നമ്മൾ പിരിയുന്നില്ല. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ പോവുന്നു.” വളരെ ലാഘവത്തോടെ നിഷിമ പറഞ്ഞു. ആനന്ദ് അത്ഭുതത്തോടെ അവളെ നോക്കി. “വിവാഹമോ? വീട്ടുകാരോട് സംസാരിക്കാതെയോ? നീ തനിയെ എത്ര പെട്ടെന്നാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്?” അയാൾ ചോദിച്ചു.

“സംസാരിക്കാമല്ലോ, എന്തായാലും എന്നെങ്കിലും പറഞ്ഞല്ലേ പറ്റൂ,” അവൾ തന്‍റെ തീരുമാനം പറഞ്ഞു നിർത്തി.

ആനന്ദ് തന്‍റെ ഇഷ്‌ടം വീട്ടിൽ അറിയിച്ചു. അയാളുടെ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായില്ല. എന്നാൽ നിഷിമയുടെ വീട്ടുകാർ ഈ ബന്ധത്തിനെതിരായിരുന്നു.

“ഇങ്ങനെ ഒരു ബന്ധത്തിനു പോകാൻ നിനക്ക് നാണമില്ലേ. ഒരു സാധാരണ ക്ലാർക്കാണ് അവന്‍റെ അച്‌ഛൻ അഞ്ചു സഹോദരങ്ങളുള്ള ഒരു കുടുംബത്തിന്‍റെ മുഴുവൻ ആശ്രയമാണവൻ. അവിടെ നിന്‍റെ ജീവിതം നരകമായിരിക്കും.” അവളുടെ അച്‌ഛൻ ഈ ബന്ധത്തെ എതിർത്തു.

“അച്‌ഛാ, എനിക്കറിയാം. ഞങ്ങൾ രണ്ടുപേരും നല്ല ഉദ്യോഗമുള്ളവരാണ്. പക്ഷേ, ആനന്ദിന് നല്ല ജോലിയുണ്ടല്ലോ. കാണാനും തെറ്റില്ല. ഞങ്ങൾ സ്നേഹിച്ചുപോയി.”

“ഓഹോ, തീരുമാനമൊക്കെ നീ തന്നെ എടുത്തെങ്കിൽ പിന്നെ ഞങ്ങളുടെ ആവശ്യമെന്താ?” അച്‌ഛൻ പൊട്ടിത്തെറിച്ചു.

വിവാഹം കഴിഞ്ഞ് മൂന്നു വർഷങ്ങളായി. ആദ്യമായാണ് നിഷിമയുടെ വീട്ടിൽ നിന്ന് ഒരാൾ വരുന്നത്. അവളാകട്ടെ, വിശ്വപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ നകുലേട്ടനെ പറ്റി വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. സന്തോഷം കൊണ്ട് അവൾ മതിമറന്നു. എന്നാൽ ആനന്ദ് അത്ര സന്തുഷ്ട‌നായില്ല. പക്ഷേ, നിഷിമയ്ക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ അയാൾ തയ്യാറല്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് നകുലൻ വന്നു.

“ചേട്ടനെങ്കിലും എന്‍റെ വിവാഹത്തിനു വരാമായിരുന്നു. ഞാൻ എന്തുമാത്രം വിഷമിച്ചെന്നോ,” നിഷിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“എന്‍റെ പൊന്നനിയത്തി, ഞാൻ കാനഡയിൽ പോയിട്ട് മൂന്നു വർഷമായി നിന്‍റെ വിശേഷങ്ങളെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. നിന്‍റെ ചേട്ടത്തിയും വരണമെന്ന് വിചാരിച്ചതാ. പക്ഷേ ഒരു കുട്ടുകാരിയുടെ കല്യാണമായിപ്പോയി. ഉടനെ തന്നെ അവൾ നിന്നെ കാണാൻ വരും.”

ആനന്ദ് ഇടയ്ക്ക് ക്ഷമാപണ സ്വരത്തിൽ പറഞ്ഞു, “എനിക്ക് ഇന്ന് ഓഫീസിൽ കുറച്ച് അത്യാവശ്യ ജോലികളുണ്ട്. ചേട്ടൻ ഒന്നും വിചാരിക്കരുത്. ഞാൻ പോയിട്ടു വേഗം മടങ്ങാം.”

വാസ്തവത്തിൽ, നിഷിമയേയും ചേട്ടനേയും തനിയെ സംസാരിക്കാൻ വിടണമെന്ന് അയാൾക്കു തോന്നി. സ്വയം ഒഴിവാകാൻ കണ്ടുപിടിച്ച ഒരു മാർഗ്ഗമായിരുന്നു അത്.

“അറിഞ്ഞോ, ആനന്ദ്? ഞങ്ങൾ എത്രമാത്രം സംസാരിച്ചെന്നോ, നകുലേട്ടൻ ഒരുപാട് മനഃശാസ്ത്രകളികൾ കാണിച്ചുതന്നു. മനസ്സിരിപ്പ് അറിയാനുള്ള വിദ്യയും ഉണ്ടത്രേ.” ഓഫീസിൽ നിന്ന് തിരികെയെത്തിയ ആനന്ദിനോട് നിഷിമ വിവരിച്ചു.

“ഇന്ന് നിഷിമ എന്തെല്ലാം വിഭവങ്ങളാണ് ഉണ്ടാക്കിയത്. കഴിച്ചു കഴിച്ച് ഞാൻ ക്ഷീണിച്ചു.” ചിരിച്ചുകൊണ്ട് നകുലൻ പറഞ്ഞു.

“നകുലേട്ടാ, നമുക്ക് മനസ്സ് അറിയാനുള്ള ആ കളിയൊന്നു കളിച്ചാലോ,” ഡിന്നറിനു ശേഷം നിഷിമ നിർബന്ധം പിടിച്ചു.

നകുലൻ അത് ശരിവച്ചു. അയാൾ ആനന്ദിനോടായി പറഞ്ഞു. “കേട്ടോ ആനന്ദ്, ഇത് കളിയല്ല. ഭാര്യാഭർത്താക്കന്മാരുടെ ഉള്ളിലിരിപ്പ് അറിയാനുള്ള ഒരു വിദ്യയാണ്.”

“ശരി, എനിക്കു സമ്മതം.” ആനന്ദ് തയ്യാറായി തലകുലുക്കി. നകുലൻ അവർക്ക് രണ്ടുപേർക്കും ഓരോ കടലാസ്സു വീതം നൽകി.

“ഇനി ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾ രണ്ടുപേരും പരസ്പ‌രം നന്നായി അറിയുന്നവരാണ്. നല്ല ഗുണങ്ങൾ കണ്ടിട്ട് ഇഷ്ട്‌ടം തോന്നിയല്ലേ നിങ്ങൾ കല്യാണം കഴിച്ചതും.”

“ശരിയാണ് ചേട്ടാ, ആനന്ദ് എന്നും ഡയറിയിൽ എന്‍റെ ഓരോ ഗുണം വീതം എഴുതുമായിരുന്നു.” നിഷിമ ഇടയ്ക്ക കയറി പറഞ്ഞു.

“അതു നന്നായി. അരമണിക്കൂർ സമയം തരാം. അതിനുള്ളിൽ രണ്ടുപേരും പങ്കാളിയുടെ കുറവുകൾ എഴുതണം. പരസ്പ്‌പരം ഇപ്പോൾ മിണ്ടരുത് എന്നുമാത്രം.”

ആനന്ദും നിഷിമയും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂറിനു ശേഷം നകുലൻ രണ്ടുപേരോടും എഴുത്ത് നിർത്താൻ പറഞ്ഞു.

“ഇനി ആരാണോ ഏറ്റവും കൂടുതൽ ദോഷം എഴുതിയിട്ടുള്ളത്, അവരുടെ കടലാസ് ഞാൻ വായിക്കാം. മറ്റേയാൾ ശിക്ഷ വാങ്ങിക്കാൻ തയ്യാറായിക്കോ.” നകുലൻ തുടർന്നു. “ആരാണ് ഏറ്റവും കൂടുതൽ കുറ്റങ്ങൾ എഴുതിയ വ്യക്തി?”

“ഞാൻ ആനന്ദിന്‍റെ പത്ത് കുറ്റങ്ങൾ എഴുതിയിട്ടുണ്ട്.” നിഷിമ പറഞ്ഞു.

“ശരി, എങ്കിൽ ആദ്യം അവൾ വായിക്കട്ടെ” എന്നായി ആനന്ദ്.

“ആദ്യത്തെ പ്രശ്ന‌ം കേട്ടോളൂ.” നകുലൻ പറഞ്ഞു. “നിസ്സാര കാര്യങ്ങൾക്കു പോലും വഴക്കിടും. എന്താ ശരിയാണോ?”

ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു, “നിഷിമ പറഞ്ഞതിൽ തെറ്റില്ല. ”

“എങ്കിലിനി നിഷിമയുടെ ഊഴമാണ്. എന്തു ശിക്ഷയാണ് എന്നു പറഞ്ഞോളു.”

“പത്ത് ദിവസം രാവിലെ എഴുന്നേറ്റ് ചായ ഇടുന്ന ഡ്യൂട്ടി ആനന്ദിന്.” നിഷിമ സന്തോഷത്തോടെ പറഞ്ഞു.

അയാൾ സമ്മതിച്ചു. പിന്നീട് വായിച്ച ഓരോ പോരായ്‌മകൾക്കും ആനന്ദിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരുന്നു. എല്ലാം സസന്തോഷം ആനന്ദ് സമ്മതിച്ചു.

ഇത്രയും അനുസരണയുള്ള ഭർത്താവാകേണ്ട ആനന്ദ്. അവളുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയെങ്കിലും ചെയ്യ്, നകുലൻ പറഞ്ഞു.

പക്ഷേ ആനന്ദ് വെറുതെ ചിരിച്ചന്നേയുള്ളു നിഷിയുടെ ലിസ്റ്റ് വായിച്ചു കഴി‌ഞ്ഞ് നകലൻ ആനന്ദിന്‍റെ പേപ്പർ വാങ്ങി. അതിൽ ഒന്നും എഴുതിയിരുന്നില്ല.

“ചേട്ടാ, സത്യം പറയട്ടെ, ഇതുവരെ നിഷിമയിൽ എനിക്ക് കുറവുകൾ ഒന്നും തോന്നിയിട്ടില്ല. ഒരു വാക്കോ, നോക്കോ കൊണ്ടുപോലും അവളെ നോവിക്കാൻ എനിക്കിഷ്ടമല്ല.”

തനിക്കു ചുറ്റുമുള്ള ലോകം നിശ്ചലമായതു പോലെ തോന്നി നിഷിമയ്ക്ക്. മുമ്പൊരിക്കലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. നിമിഷങ്ങൾക്കകം അവൾ പൊട്ടിക്കരയാൻ തുടങ്ങി.

“കണ്ടില്ലേ ചേട്ടാ, ഇതാണ് ആനന്ദ്. ഈ സ്നേഹം തിരിച്ചു നൽകാനുള്ള യോഗ്യത പോലും എനിക്കില്ല.” അവൾ കരച്ചിലടക്കി പറഞ്ഞു.

“നോക്ക്, കുറവുകൾ എണ്ണിപ്പറഞ്ഞതു തന്നെ അവളുടെ തെറ്റാണ്. അതിന് ആനന്ദ് തന്നെ ശിക്ഷ കൊടുത്തോളൂ.”

“ശരി, ശിക്ഷ ഞാൻ തന്നെ പറയാം. ഇന്ന് ഒന്നാന്തരം ഡിന്നർ നിഷിമ തന്നെ ഉണ്ടാക്കണം. മൂന്നുപേർക്കും വയറു നിറയെ ഭക്ഷണം, എന്താ സമ്മതിച്ചോ?” ആനന്ദ് പറഞ്ഞു. “പേടിക്കേണ്ട, ഞാനും നിന്നെ സഹായിക്കാം.”

ഇത്രയും പറഞ്ഞ് ആനന്ദും നകുലനും പൊട്ടിച്ചിരിച്ചു. കണ്ണീരിനിടയിലും നിഷിമ ചിരിച്ചുപോയി. അപ്പോഴവിടെ സ്നേഹത്തിന്‍റെ നനുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

അൾട്രാ മോഡേൺ ഫർണിച്ചർ

ധാരാളം പണം ചെലവഴിച്ച് സ്വപ്ന സദൃശമായ ഒരു വീട് വച്ചു. അപ്പോൾ വീടിന്‍റെ  മനോഹാരിതയ്ക്ക് മാറ്റു കൂട്ടാൻ ആഢ്യത്വം തോന്നിക്കുന്ന ഫർണിച്ചറുകളും വേണ്ടേ? വീടിന്‍റെ അകത്തളങ്ങൾ, ജീവിതശൈലി എന്നിവയ്ക്ക് അനുയോജ്യമായ മോഡേൺ കംഫർട്ടബിൾ സ്‌റ്റൈലിഷ് ഫർണിച്ചർ തെരഞ്ഞെടുക്കാനാണ് എല്ലാവർക്കും താല്പര്യം. നിറം, ആകാരം, ഫംഗ്ഷനിംഗ് കൂടാതെ അത്ഭുതകരമായ സാങ്കേതിക സൗകര്യങ്ങൾ എന്നിവയാണ് ഇത്തരം ഫർണിച്ചറുകളുടെ പ്രത്യേകത. വീടിന്‍റെയും ഓഫീസിന്‍റെയും ലുക്ക് തന്നെ മാറ്റുന്ന ഇത്തരം അൾട്രാ മോഡേൺ ഫർണിച്ചറുകൾക്ക് വൻ ഡിമാന്‍റുണ്ട്.

വീടിന്‍റെ ഇന്‍റീരിയർ ഗംഭീരമാക്കാനും, അകത്തളങ്ങൾക്ക് സുഖകരമായ അനുഭൂതി പകരാനും നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മോഡേൺ ലുക്കോടു കൂടിയ ഫർണിച്ചറുകൾ വേണം.

ചെറിയ വീടുകളിലും ഫ്ളാറ്റുകളിലും മൾട്ടി പർപ്പസ് ഫർണിച്ചറുകൾക്കാണ് കൂടുതൽ ഡിമാന്‍റ്. ലേറ്റസ്‌റ്റ് ബ്രിട്ടീഷ് പോർച്ചുഗീസ് ഫർണിച്ചറുകൾ ഈ ഉദ്ദേശ്യത്തോടെ രൂപകല്പ്‌പന ചെയ്‌തതാണ്. മുമ്പൊക്കെ ബ്രിട്ടീഷ് ശൈലിയിൽ പണി തീർത്ത ഫർണിച്ചറുകൾ വലിയ ആകാരത്തോടു കൂടിയതായതിനാൽ കൂടുതൽ സ്‌ഥലം ആവശ്യമായിരുന്നു.

ഇന്ന് ഇത്തരം ഫർണിച്ചറുകളിലും ഹോം ഡെക്കറേഷനിലും വലിയ ചെയ്ത് കാണുന്നുണ്ട്. പുതിയ ലുക്കും സ്‌റ്റോറേജ് കപ്പാസിറ്റിയുമാണ് മൾട്ടി പർപ്പസ് ഫർണിച്ചറുകളുടെ സവിശേഷത, വീട്ടിലെവിടേയും അഡ്‌ജസ്‌റ്റ് ചെയ്‌ത് ഒതുക്കി വയ്ക്കാം എന്ന ഗുണവുമിവയ്ക്കുണ്ട്.

ലിവിംഗ് റൂം ഫർണിച്ചർ

ഡ്രോയിംഗ് റൂമിൽ കൗതുകം നിറയ്ക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഷോപീസ്… ഒറ്റ നോട്ടത്തിൽ എന്താവുമിതെന്ന് ആർക്കും തോന്നാം. അതിഥികൾ വീട്ടിലെത്തുമ്പോൾ രുചികരവും സ്വാദിഷ്ഠവുമായ ഭക്ഷണം വിളമ്പാനുള്ള ഡൈനിംഗ് ടേബിളായി മാറുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഫോൾഡ് ചെയ്‌ സൂക്ഷിക്കാവുന്ന ആറ് കസേരകളോടു കൂടിയ ഫ്ളോറൽ ഷേയ്‌പിലുള്ള ഡൈനിംഗ് ടേബിൾ ഫാമിലി ഡിന്നർ, ഗെറ്റ് ടുഗതർ വേളകൾ ഉല്ലാസഭരിതമാക്കാൻ ഇത്തരം അൾട്രാ മോഡേൺ കംഫർട്ടബിൾ ഐറ്റംസ് ആശ്രയിക്കാം.

ഇനി ലിവിംഗ് റൂമിലെ സോഫയിലിരുന്ന് കൂൾ ആയി ഇന്‍റർനെറ്റും ഉപയോഗിക്കാം. എന്താ വിശ്വാസം വരുന്നില്ലേ? സ്റ്റൈലിഷ്, ബ്യൂട്ടിഫുൾ ലൂക്ക് നൽകുന്ന സോഫയിൽ ഘടിപ്പിച്ച കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങൾ ഇരിക്കുന്ന ആംഗിളിനനുസരിച്ച് അഡ്‌ജസ്റ്റ‌് ചെയ്യാം.

മോഡേൺ വീടുകളുടെ രൂപകൽപനയ്ക്ക് അനുസൃതമായ ആകർഷകമായ ഡിസൈനോടു കൂടിയ കസേരകൾ ആരുടെയും മനം കവരും. വ്യത്യസ്‌ത മെറ്റിരിയൽ കോമ്പിനേഷനിൽ നിർമ്മിതമായ ഗ്ലാമറസ്സ് ഫാഷനബിൾ ചെയറുകൾ ഏതു ഭാഗത്ത് വച്ചാലും ശ്രദ്ധ പിടിച്ചു പറ്റും.

ഒഴിവു വേളകളിൽ സ്വസ്‌ഥമായി കിടന്നുകൊണ്ട് കമ്പ്യൂട്ടറിൽ ഇഷ്ടമുള്ള വെബ്സൈറ്റ് സെർച്ച് ചെയ്യണമെന്നുണ്ടോ? വരും കാലത്ത് തിരമാലകളുടെ ആകാരത്തോടു കൂടിയ സർഫ് ചെയറിൽ മണിക്കൂറുകളോളമിരുന്നു കൊണ്ട് സ്വസ്‌ഥമായി വർക്കുകൾ ചെയ്യാം. ക്ഷീണം തോന്നുകയുമില്ല. ഇതിൽ ഇരുന്നുകൊണ്ട് ഏറെ റിലാക്‌സായി ജോലി ചെയ്യാം. കിടന്നു കൊണ്ടു തന്നെ മോണിറ്റർ ആംഗിൾ അഡ്‌ജസ്‌റ്റ് ചെയ്യാം.

കിച്ചൻ പുതുമോടിയോടെ

ഫ്ളാറ്റിലും സ്‌റ്റുഡിയോ അപ്പാർട്ട്മെന്‍റ്സിലുമൊക്കെ അടുക്കള എന്ന ഒരു പ്രത്യേക മുറിക്കു പകരം ലിവിംഗ് റൂമിലാവും ഓപ്പൺ കിച്ചൻ. ഇത് ലിവിംഗ് റൂമിന് ഭംഗി പകരുമെന്നു മാത്രമല്ല, ചെറിയ സ്പെയ്‌സിൽ സ്റ്റൈലിഷ് ലുക്കും നൽകും. എന്നാൽ സകല സൗകര്യങ്ങളോടും കൂടിയതാവും ഇത്തരം കിച്ചൻ.

ഡ്രോയിംഗ് റൂമിൽ വച്ചിരിക്കുന്ന അലമാര, ഷോക്കേസ് പോലുള്ള മനോഹരമായ സർക്കിൾ റിവോൾവിംഗ് കിച്ചൻ ഒന്നു തിരിച്ചാൽ മതി, ആവശ്യമുള്ള ഷെൽഫ് മുന്നിലെത്തും.

ബെഡ്റൂമിനും മോടി കൂട്ടാം

ഉയരം കുറഞ്ഞ മുറികൾക്ക് ഉയരം അധികമില്ലാത്ത ഫർണിച്ചറുകൾ തന്നെ വേണം. മൾട്ടി പർപ്പസ് ബെഡിനോടൊപ്പം ടേബിൾ, സോഫ, അലമാര എന്നിങ്ങനെ ഫോൾഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഫർണിച്ചറുകളും കാണും. ഇത് എളുപ്പം ഷിഫ്റ്റ് ചെയ്യാം. കുറച്ചു സ്ഥലമേ ആവശ്യമായി വരുന്നുള്ളൂ എന്നതിനാൽ മുറി ഇടുങ്ങിയതായി തോന്നില്ല.

കംഫർട്ടബിൾ, ഫംഗ്ഷൻ, ഫാഷനബിൾ ഷോർട്ട് ഓവൽ ബെഡ് റൂമിന് മോഡേൺ ലുക്ക് പകരാം. ആരുടേയും മനം കവരുന്ന വെളുത്ത നിറത്തിലുള്ള ഈ ബെഡ് ക്ഷീണവും ടെൻഷനുമകറ്റി സുഖനിദ്ര പ്രദാനം ചെയ്യുന്നവയാണ്. ഇതിൽ ഡിഫ്യൂസ് ലൈറ്റ്, സൗണ്ട് സിം… എന്നീ സൗകര്യങ്ങൾ സുന്ദരസ്വപ്നങ്ങൾ നിറയ്ക്കുന്ന സുഖകരമായ ഒരന്തരീക്ഷം തന്നെയൊരുക്കും.

ആരാണ് നിങ്ങളുടെ സോൾമേറ്റ്!

ആരാണ് സോൾമേറ്റ്? പച്ചമലയാളത്തിൽ ഇതിന്‍റെ അർത്ഥം ആത്മസഖി എന്ന് വേണമെങ്കിൽ പറയാം. സോൾ മേറ്റ് ആരുമാകാം. സുഹൃത്ത്,  ബന്ധു,  ഇങ്ങനെ ഏതു ബന്ധവും സോൾമേറ്റിന്‍റെ ഗണത്തിൽ പെടുത്താം. ആ ബന്ധത്തിന്‍റെ സവിശേഷത എന്തായിരിക്കുമെന്ന് നോക്കാം. ഗാഢമായ മാനസിക ബന്ധം ആരോട് തോന്നുവോ അയാൾ തന്നെയാണ് സോൾമേറ്റ്. എന്തുകാര്യത്തിലും കൂടെ ഉണ്ടെന്ന് നമുക്ക് തോന്നും. പ്രോത്സാഹനം നൽകും. ആ ഒരൊറ്റ വ്യക്‌തിയുമായി ശാരീരികമായും മാനസികമായും വൈകാരികമായും ബന്ധിക്കപ്പെട്ടതു പോലെ അനുഭവപ്പെടും.

സോൾമേറ്റിനെ തിരിച്ചറിയാം

ആ വ്യക്‌തി കൂടെ ഉള്ളപ്പോൾ മനസിന് വളരെയേറെ സന്തോഷവും സൗഖ്യവും തോന്നും. മനസിലെ ദേഷ്യവും സങ്കടവുമെല്ലാം ആ ഒരു വ്യക്‌തിയുടെ സാന്നിധ്യത്താൽ അലിഞ്ഞ് പോകുന്നു. എന്തു കാര്യത്തിലും ഉത്സാഹം തോന്നുന്നു. ഇത് ഒരു മാജികൽ ഫീൽ ആണ്. ഒരാളുടെ സാന്നിധ്യത്തിനും ശബ്ദത്തിനും ഈ ഫീൽ നിങ്ങൾക്കു ലഭിക്കുന്നുണ്ടെങ്കിൽ സംശയിക്കേണ്ട, ആ ആൾ തന്നെയാണ് സോൾമേറ്റ്.

ഒരുപാട് നാൾ മുന്നേ അറിയുന്നവർ

ആദ്യമായിട്ടായിരിക്കും ഒരാളെ കാണുന്നത്. പക്ഷേ ഒട്ടും അപരിചിതത്വം തോന്നുകയില്ല. സംസാരിക്കാനും അടുത്തിടപഴകാനും മടി ഉണ്ടാവില്ല. ഒരുപാട് കാലമായി പരിചയമുള്ള ഒരാളെന്ന പോലെ പെരുമാറാൻ കഴിയും. നിയന്ത്രണങ്ങളില്ലാതെ ഏതു കാര്യവും പങ്കുവയ്ക്കാൻ കഴിയുന്നു. അവിശ്വാസം തോന്നില്ല.

ഇത്രനാൾ തേടിയത്

ഈ ആളെ ആയിരുന്നോ ഇത്രനാൾ തേടിക്കൊണ്ടിരുന്നത് എന്ന് തോന്നിപ്പോയേക്കാം. പ്രായം എത്രയായാലും ഏത് അവസ്‌ഥയിലായാലും ആകർഷണം തോന്നുന്നു. ഈ ഒരു കാര്യത്തിൽ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു ഫീൽ ഉണ്ടാകാത്തവർ വിരളമായിരിക്കും. ആ ഒരു വ്യക്‌തി മുന്നിൽ വന്നു സംസാരിക്കുമ്പോൾ, ഇത്രയും കാലം കാത്തിരുന്നത് ഇങ്ങനെ ഒരു വേള ആയിരുന്നു എന്ന് അനുഭവപ്പെടും. ജീവിതം സുരക്ഷിതവും പ്രതീക്ഷാ നിർഭരവുമായി മാറും. ഒരിക്കലും ആ വ്യക്‌തിയെ പിരിയില്ലെന്ന് മനസ് ഉറപ്പിക്കും. ആ വ്യക്തിക്കൊപ്പം ഏതു പ്രതിസന്ധിയും തരണം ചെയ്യാം എന്ന തോന്നൽ.

സോൾമേറ്റ് കൂടെയുണ്ടെങ്കിൽ എന്തിനും ആവേശമാണ്. വല്ലാത്തൊരു ധൈര്യമാണ്. ഏതു പ്രതിസന്ധിയും വെല്ലുവിളികളും പുഷ്പം പോലെ കയറി പോരും. ഇരുളാണ് ചുറ്റുമെങ്കിലും അതിനിടയിൽ ദീപം തെളിയിക്കുന്ന ഊർജ്ജപ്രവാഹമായി സോൾമേറ്റ് മാറിയിട്ടുണ്ടാകും.

സുരക്ഷിതമാണ് താൻ ആ കരങ്ങളിൽ

സ്വയം ആത്മവിശ്വാസമുള്ളവർക്കു പോലും തന്‍റെ സോൾമേറ്റിൽ വലിയ വിശ്വാസം ഉണ്ടാകും. ആൾക്കൊപ്പം താൻ സുർക്ഷിതയാണ് എന്ന തോന്നൽ ശക്തമായി ഉണ്ടാകും. ഏതോ അദൃശ്യമായ ചരട് തങ്ങളെ കൂട്ടിയിണക്കുന്നതായും ആ ശക്തിയിലൂടെ സുരക്ഷിതത്വം ഉറപ്പാവുന്നതായും തോന്നിയാൽ സംശയിക്കേണ്ട, ആ മഹാൻ, മഹതി തന്നെ നിങ്ങളുടെ സോൾമേറ്റ്.

സൗന്ദര്യം നിർബന്ധമില്ല 

യഥാർത്ഥ സ്നേഹം തൊലിപ്പുറമേയല്ല എന്നു കേട്ടിട്ടില്ലേ. ശാരീരികമായ ആകർഷണമല്ല സോൾമേറ്റിന്‍റെ അടിസ്‌ഥാനം. മാനസികവും വൈകാരികവുമായ ഒരുമയാണ് പ്രധാനം. അവിടെ സൗന്ദര്യത്തിന് വലിയ പ്രസക്തിയില്ല. രണ്ടു വ്യക്‌തികളായി ഒരിക്കലും തോന്നുകയുമില്ല. നീ ഞാൻ എന്ന സംഭാഷണങ്ങൾ പോലും ഉടലെടുക്കില്ല. എന്നാൽ തുടക്കത്തിൽ ആകർഷണം എല്ലാത്തരത്തിലും തോന്നിയാലും നാലുമാസത്തിനകം അതു കുറഞ്ഞു വന്നാൽ സോൾമേറ്റ് ആണെന്ന് കരുതാൻ പറ്റില്ല. സോൾമേറ്റിനൊപ്പമുള്ള ബന്ധം ഒരിക്കലും ഇല്ലാതായില്ല.

ഒന്നും നേടാനല്ല

ആ വ്യക്‌തിയുടെ പണം, പ്രശസ്തി, ഒന്നും സ്വയം ബാധിക്കുകയേയില്ല. എന്തെങ്കിലും നേടാനായിട്ടാണ് ഈ ബന്ധം എന്ന് ഒരിക്കലും കരുതില്ല. എന്നിട്ടും ജീവിതത്തിലെ അഭിവാജ്യഘടകമായി മാറുന്നു. ഒന്നും മിണ്ടാതെ മണിക്കൂറുകളോളം അടുത്തിരുന്നാലും ബോറടിക്കില്ല. എത്ര ദൂരെ ഇരുന്നാലും മനസ് കണക്ട് ചെയ്യുന്നതായും ഫീൽ ചെയ്യും. ഇതൊക്കെ തോന്നുന്ന ഒരാൾ നിങ്ങളുടെ ലൈഫിലുണ്ടോ? സംശയിക്കേണ്ട നിങ്ങളുടെ സോൾമേറ്റിനെ നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

വന്ധ്യത- എപ്പോൾ ഡോക്ടറെ കാണണം

വന്ധ്യത ചികിത്സയോളം തന്നെ പ്രധാനമാണ് എപ്പോഴാണ് ദമ്പതികൾ ഡോക്ടറെ സമീപിക്കുന്നത് എന്നതും. 6 മുതൽ 10 വർഷം വരെയൊക്കെ കാത്തിരുന്നതിനു ശേഷമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ഈ കാലതാമസം പലപ്പോഴും ചികിത്സിച്ചു ഭേദമാകാനുള്ള സാധ്യതകൾ കൂടി ഇല്ലാതാക്കുകയാണ്. പ്രായം കൂടുന്തോറും ചികിത്സ വിജയിക്കാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. ഒരു വർഷം തുടർച്ചയായി പ്രഗ്നൻസിക്ക് വേണ്ടി ശ്രമിച്ചിട്ടും പരാജയപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ ഘട്ടത്തിൽ മരുന്നുകളും കൗൺസിലിംഗും കൊണ്ട് വന്ധ്യത ഭേദമാക്കാവുന്നതേയുള്ളൂ. വൈകി വിവാഹിതരാകുന്ന ദമ്പതികൾ വിവാഹം കഴിഞ്ഞയുടനെ തന്നെ ഡോക്ടറെ സമീപിച്ച് എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കുന്നതും ഫലപ്രദമാണ്.

വന്ധ്യത നിർണ്ണയത്തിൽ ദമ്പതികളുടെ ശാരീരിക പരിശോധനകൾ കൂടിയേ തീരൂ. മുൻകാല അസുഖങ്ങൾ, ചികിത്സകൾ എന്നിവയെല്ലാം ബാഹ്യപരിശോധനയിൽ പരിഗണിക്കുന്നു. പുരുഷന്മാരിൽ നിന്നും സ്വയംഭോഗത്തിലൂടെ ശേഖരിക്കുന്ന ശുക്ലത്തിൽ നിന്നാണ് ബീജാണുക്കളുടെ എണ്ണം, സഞ്ചാരശേഷി, വൈകല്യങ്ങൾ, പഴുപ്പ് ഇവ മനസ്സിലാക്കുന്നത്. ചില കേസുകളിൽ രക്തപരിശോധനകളും ആവശ്യമായി വരുന്നു. ബീജവിശകലനം നടത്താൻ കൂറേക്കൂടി സങ്കീർണ്ണമായ രീതികളും നിലവിലുണ്ട്.

സ്ത്രീകളിൽ, അണ്ഡവാഹിനികുഴലിലോ ഗർഭപാത്രത്തിലോ തകരാറുണ്ടോ, അണ്ഡോത്പാദനം നടക്കുന്നുണ്ടോ എന്നിവയൊക്കെയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹോർമോൺ നിർണ്ണയം, രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിംഗ്, എൻഡോമെട്രിയൽ ബയോപ്സി, സോണോഗ്രാഫി, ലാപ്രോസ്കോപി, ഹിസ്റ്ററോസ്കോപ്പി എന്നിവയും നിർദ്ദേശിക്കാറുണ്ട്.

അണ്ഡോത്പാദനസമയത്ത് ശുക്ലാണുക്കളെ സ്വീകരിക്കുന്നതിനായി ഗർഭപാത്രത്തിലെ ദ്രാവകം നേർത്തതായി തീരുന്നു. ഈ സമയത്ത് സംഭോഗത്തിനു ശേഷം നടത്തുന്ന പരിശോധനയാണ് PCT (post coital test). ബീജാണുക്കൾ മേൽപ്പറഞ്ഞ ദ്രാവകത്തിൽ സഞ്ചരിക്കുന്നത് കാണാം. ഗളദ്രാവകത്തിന്‍റെ അപര്യാപ്തത, ബീജാണുക്കളുടെ സഞ്ചാരശേഷി, ഗളദ്രാവകവും ശുക്ലവും തമ്മിലുള്ള പ്രതിപ്രവർത്തനം, അണ്ഡവിസർജ്ജനത്തിന്‍റെ ഏകദേശസമയം എന്നിവ നിർണ്ണയിക്കാൻ ഇത് സഹായകമാണ്.

സാധാരണഗതിയിൽ ക്രമമായി നടക്കുന്ന ആർത്തവമാണ് അണ്ഡോത്പാദനത്തിന്‍റെ തെളിവായി കാണുന്നത്. എന്നാൽ ചിലരിൽ അണ്ഡോത്പാദനമില്ലാതെയും ആർത്തവമുണ്ടാകാം. തെറ്റി വരുന്ന ആർത്തവചക്രം, അണ്ഡോത്പാദനം ശരിയായി നടക്കാത്തവരിലാണ് പ്രധാനമായി കാണുന്നത്. തലച്ചോർ, പീയുഷഗ്രന്ഥി, അണ്ഡാശയം ഇവ തമ്മിൽ നടക്കുന്ന കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് അണ്ഡോത്പാദനം. അണ്ഡോത്പാദന ചക്രത്തിന്‍റെ ഏത് കണ്ണിയിലാണ് പ്രശ്നമെന്ന് എൻഡോമെട്രിക്കൽ ബയോപ്സിയിലൂടെയും ഹോർമോൺ നിർണ്ണയത്തിലൂടെയും മനസ്സിലാക്കാം.

അണ്ഡോത്പാദനത്തിനായി ചികിത്സ നടത്തുമ്പോൾ ഇടവിട്ട് സ്കാനിംഗ് ചെയ്യേണ്ടതായി വരും. അണ്ഡോത്പാദനത്തിനായി വിവിധതരം മരുന്നുകൾ ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ അണ്ഡോൽപ്പാദനം തടസ്സമില്ലാതെ നടക്കുമെങ്കിലും യോനി, ഗർഭപാത്രം, അണ്ഡവാഹിനിക്കുഴൽ എന്നിവയിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ എസ് എസ് ജി സ്കാൻ, എച്ച് എസ് ജി സ്കാൻ, ലാപ്രോസ്കോപ്പി, ഹിസ്‌റ്ററോസ്കോപ്പി (യോനീയിലൂടെ ഗർഭപാത്രത്തിന്‍റെ ഉൾഭാഗം വീക്ഷിക്കുന്ന രീതി) തുടങ്ങിയ പരിശോധനകളും നടത്താറുണ്ട്. ജനനേന്ദ്രിയങ്ങളുടെ വൈകല്യങ്ങൾ മാറ്റാനും ഇന്ന് ചികിത്സകൾ ഉണ്ട്. പുരുഷൻമാർക്ക് Varicocele എന്ന അസുഖമുണ്ടെങ്കിൽ ബീജാണുക്കളുടെ ബാഹുല്യം വർദ്ധിപ്പിക്കാൻ ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ബീജത്തിന്‍റെ സഞ്ചാരശേഷി കുറവുള്ളവരിൽ ബീജം പ്രത്യേകമായി തയ്യാറാക്കി ഗർഭപാത്രത്തിൽ നേരിട്ട് നിക്ഷേപിക്കുന്ന സംവിധാനവും നിലവിലുണ്ട്.

ലൈംഗിക പ്രശ്നങ്ങൾ വന്ധ്യതയിലേക്ക് നയിക്കുമോ?

സ്ത്രീപുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾ കാരണവും ലൈംഗികബന്ധം സുഗമമാകാത്ത അവസ്ഥ‌യും വന്ധ്യതക്ക് വഴിതെളിച്ചേക്കാം. ഇതിന് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇടയാക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ കൂടിയോ മറ്റേതെങ്കിലും രീതിയിലോ ഉണ്ടാകുന്ന അണുബാധകൾ കൃത്യസമയത്ത് ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതാണ്. പുരുഷന്മാരിൽ ലൈംഗിക പ്രശ്‌നങ്ങളിൽ എടുത്തുപറയേണ്ട ആദ്യത്തെ കാര്യം ബീജാണുക്കളുടെ കുറവോ, അത് ഇല്ലാത്ത (അസൂ‌സ്പേമിയ) അവസ്‌ഥയോ ആണ്. വൃഷണത്തിലേയും പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളിലേയും അണുബാധ, മൂത്രനാളിയിലെ തടസം എന്നിവയും കാരണമാകാറുണ്ട്. വൃഷണങ്ങളിൽ എന്തെങ്കിലും ആഘാതമേൽക്കുക, വൃഷണം സഞ്ചിയിലേക്ക് ഇറങ്ങാത്ത അവസ്‌ഥ, പ്രോസ്റ്റൈറ്റിസ് ഇവയെല്ലാം ലൈംഗികതയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. വന്ധ്യതയുള്ള പുരുഷന്മാരിൽ കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് വേരിക്കോസിൻ, വൃഷണങ്ങളിൽ തടിച്ച ഞരമ്പുകൾ കെട്ടുപിണയുന്നതിനാൽ രക്‌തപ്രവാഹം തടസപ്പെടാനിടയാക്കും.

സ്ത്രീപുരുഷന്മാരിൽ ചില ഹോർമോൺ കൂടുന്നതും തീരെ ഇല്ലാതാകുന്നതും വന്ധ്യതക്ക് വഴിതെളിക്കാറുണ്ട്. പ്രൊലാക്ടിൻ ഹോർമോൺ പുരുഷന്മാരിൽ കൂടുന്നതിനാൽ ഉത്പാദനക്ഷമത കുറയാൻ ഇടയാക്കും. തൈറോയ്‌ഡ് ഹോർമോൺ നിലയിൽ കുറവു വരുന്ന ഹൈപ്പോ തൈറോയിഡിസവും പുരുഷവന്ധ്യതക്ക് കാരണമാണ്.

ക്യാൻസറിനെതിരെയുള്ള മരുന്നുകൾ, കീമോതെറാപ്പി എന്നിവ ചെയ്യുന്നതിലൂടെ ബീജാണുക്കളുടെ ഉൽപാദനം തടസ്സപ്പെടാൻ ഇടയാക്കിയേക്കാം. വൃഷണവീക്കം എന്ന അവസ്ഥയും മറ്റൊരു കാരണമാണ് സഞ്ചിയിൽ ദ്രവം കെട്ടിക്കിടന്ന് വൃഷണസഞ്ചി വീർക്കുന്ന രോഗമായ ഹൈഡ്രോസിൽ ബിജസംഖ്യയെ ഗണ്യമായി കുറയ്ക്കും. ലിംഗത്തിനുള്ള വളവ് ശരിയായ ലൈംഗികബന്ധത്തിനു തടസമാകാറുണ്ട്. പുരുഷന്മാരിലെ ശീഘ്രസ്‌ഖലനം, സ്ഖലന വൈകല്യങ്ങൾ, ഉദ്ധാരണശേഷിക്കുറവ്, സ്വവർഗരതി, അമിത മദ്യപാനം എന്നിവയൊക്കെ ലൈംഗീകതയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. കൂടാതെ ഗൊണേറിയ, സിഫിസീസ് തുടങ്ങിയ രോഗങ്ങളും ഉത്‌പാദനക്ഷമത കുറയ്ക്കാൻ ഇടയാക്കുന്നു!

സ്ത്രീകളിൽ ചിലമാസങ്ങളിൽ അണ്ഡോത്പാദനം നടക്കാതെ വരുന്ന അവസ്‌ഥയും വന്ധ്യതക്ക് കാരണമായേക്കാം. അണ്ഡവാഹിനിക്കുഴലുകളിലെ തടസ്സങ്ങളും മറ്റൊരു കാരണമാണ്. ട്യൂബിലുണ്ടാകുന്ന ഫൈബ്രോയിഡുകളും സിസ്റ്റുകളും ശസ്ത്രക്രിയകളെ തുടർന്ന് ട്യൂബ് ഒട്ടിപ്പിടിക്കുന്ന അവസ്ഥ‌യും മറ്റു തടസ്സങ്ങളാണ്.

എത്ര തവണ ബന്ധപ്പെട്ടാലും ഒരു ആർത്തവചക്രത്തിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത 25 ശതമാനമാണ്. വന്ധ്യതാ പ്രശ്ന‌മുള്ളവർ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നതാണ് നന്ന്.

യോനി സങ്കോചം അഥവാ വജൈനസ്മെസ്, സെക്സിനോടുള്ള വെറുപ്പ്, താൽപര്യക്കുറവ് എന്നിവയൊക്കെ ചിലരെ ബാധിക്കുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്. പിരിമുറക്കം, ദുശീലങ്ങൾ എന്നിവയൊക്കെയും ലൈംഗികബന്ധത്തോട് വിരക്തിയുണ്ടാക്കാൻ കാരണമാണ്.

യഥാസമയത്തുള്ള ചികിത്സകളിലൂടെ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താവുന്നതേയുളു.

സ്റ്റൈലൻ ചെരുപ്പ്

കൂട്ടുകാരിയുടെ ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാനായി അണിഞ്ഞൊരുങ്ങിയ ജൂലി ഒരുവട്ടം കൂടി കണ്ണാടിയിലേയ്ക്ക് നോക്കി. നോട്ടം താഴോട്ട് എത്തിയതോടെ ജൂലിയുടെ മുഖംവാടി. “ചെഛെ, എന്ത് ബോറാണ് ഈ ചെരുപ്പ്. ഔട്ട്ഡേറ്റഡ്. കുട്ടുകാർ കണ്ടാൽ കളിയാക്കിയതു തന്നെ.”

ഇത് ആർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. വസ്ത്രമാണെങ്കിൽ അടിപൊളി, ചെരുപ്പോ? അതിനൊട്ടും യോജിക്കാത്തതും. ഇനി ഇത്തരം വിഷമങ്ങൾക്ക് വിട നല്‌കാം.

പാകമായതും മികച്ച ഗുണനിലവാരം ഉള്ളതുമായ നല്ല പാദരക്ഷകൾ തെരഞ്ഞെടുക്കാൻ ചില വിദ്യകളുണ്ട്. കംഫർട്ടബിളായ പാദരക്ഷകളാണ് ഇണങ്ങുക. തെരഞ്ഞെടുക്കുന്ന പാദരക്ഷകൾ എല്ലാത്തരം വസ്ത്രങ്ങൾക്കും യോജിച്ചതായിരിക്കുകയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ പാദരക്ഷകൾ അണിയാത്തതുകൊണ്ട് ശാരീരികമായി എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുകയെന്ന് നിങ്ങൾക്കറിയാമോ? സാധാരണ ഒരു വ്യക്‌തി ഒരു ദിവസം ഏകദേശം 9000 അടിയോളമാണ് നടക്കുന്നത്. അതായത് വർഷത്തിൽ 600 കിലോമീറ്ററിലും അധികം സഞ്ചരിക്കുന്നുവെന്നർത്ഥം.

നല്ല ഇറുക്കമുള്ളതോ ഹൈഹീലുള്ളതോ ആയ സാൻഡലുകൾ കാലുകൾക്ക് വേദന ഉണ്ടാക്കുകയോ അതിന്‍റെ അസാധാരണമായ ആകൃതി പാദങ്ങൾക്കും ശരീരത്തിനും അസൗകര്യം ഉണ്ടാക്കുകയോ ചെയ്യും. ചിലപ്പോഴത് ആ വ്യക്‌തിയുടെ ദൈനംദിന ജീവിതത്തെ തന്നെ തകിടം മറിക്കും. അതുകൊണ്ട് ഷോപ്പിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • പാദരക്ഷകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. വൈകുന്നേരത്താണ് കാലുകൾക്ക് സാധാരണമായുണ്ടാകുന്ന നീരുമൂലം ശരിയായ വലിപ്പമുണ്ടാകുന്നത്.
  • പ്രായത്തിന്നു അസരിച്ച് കാലുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. പ്രത്യേകിച്ച് കാലുകളുടെ വീതിയിലാണ് ഈ വ്യത്യാസം കൂടുതൽ പ്രകടമാവുക. അതുകൊണ്ട് നിന്നുകൊണ്ട് വേണം പാദങ്ങളുടെ അളവ് എടുക്കാൻ.
  • കാൽ വിരലുകൾക്ക് പര്യാപ്തമായ സ്ഥലം ലഭിക്കുന്നതായിരിക്കണം പാദരക്ഷകൾ. മാത്രമല്ല കാലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും പരിക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതാവരുത് പാദരക്ഷകൾ.
  • കാൽപ്പത്തിയും ഉപ്പുറ്റിയും നന്നായി ഫിറ്റായിരിക്കുന്ന പാദരക്ഷകൾ തെരഞ്ഞെടുക്കണം. ഉപ്പുറ്റി ചെരിപ്പിൽനിന്നും പുറത്തേയ്ക്ക് തള്ളിനില്ക്കുകയോ അമിതമായി അകത്തേയ്ക്ക് കയറി ഇരിയ്ക്കുകയോ ചെയ്യരുത്.
  • തെരഞ്ഞെടുത്ത പാദരക്ഷകൾ കടയിൽവെച്ചുതന്നെ അണിഞ്ഞുനോക്കി അല്പനേരം നടന്നുനോക്കാം.
  • ഒരിക്കലും നമ്പറിനനുസരിച്ച് പാദരക്ഷകൾ വാങ്ങരുത്. കാരണം ഏതെങ്കിലും ഒരു കമ്പനിയുടെ 7-ാം നമ്പർ സൈസിലുള്ള പാദരക്ഷകൾ മറ്റൊരു കമ്പനിയ്ക്ക് 6-ാം നമ്പർ സൈസിലുള്ളതായിരിക്കും.
  • പാദങ്ങൾക്ക് ഇറുക്കമുണ്ടാക്കുന്ന പാദരക്ഷകൾ വാങ്ങരുത്. കാരണം അത് കാലുകൾക്ക് വേദനയും മറ്റ് അസ്വസ്‌ഥതകളുമുണ്ടാക്കും. നടക്കാൻ അസൗകര്യവുമായിരിക്കും.
  • എപ്പോഴും ഹീൽ കുറഞ്ഞ പാദരക്ഷകൾ വാങ്ങുന്നതാണ് ഉചിതം. ഹൈ ഹീൽ, പോയിന്‍റഡ് ഹീൽ സാൻഡലുകൾ അണിഞ്ഞാൽ അരക്കെട്ടിനും കാൽപാദങ്ങളിലും സന്ധികളിലും വേദനയുണ്ടാകും. അഥവാ ഹീൽ വേണമെന്നുള്ളവർക്ക് 2 ഇഞ്ചിൽ കൂടുതൽ ഉയരമില്ലാത്ത പാദരക്ഷകൾ വാങ്ങാം.
  • കാലുകൾ അമിതമായി വിയർക്കുന്നവർക്ക് അതിനനുസരിച്ചുള്ള പാദരക്ഷകൾ വേണം തെരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, വിനൈൽ തുടങ്ങിയ മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകൾ ഒഴിവാക്കുക. ലെതർ, നൈലോൺ എന്നിവയിൽ നിർമ്മിക്കപ്പെട്ട പാദരക്ഷകളിൽ വേണ്ടത്ര വായു സഞ്ചാരമുള്ളതു കൊണ്ട് പാദങ്ങൾക്ക് ശ്വസിക്കാൻ കഴിയും. അതുകൊണ്ട് ഇത്തരം മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകളാണ് അഭികാമ്യം.
  • ദിനചര്യയ്ക്ക് അനുസൃതമായ പാദരക്ഷകളേ എപ്പോഴും വാങ്ങാവു.
  • പകൽനേരത്ത് ഏറെ നേരം നില്ക്കേണ്ടി വരികയാണെങ്കിൽ കുഷ്യൻ സോളുള്ള ലോ ഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
  • പ്രഭാതസവാരിയ്ക്കും വ്യായാമത്തിനും നല്ല കുഷ്യനുള്ള അത്ലറ്റിക് ഷൂസ് അണിയുന്നതാണ് നല്ലത്.

ഇപ്രകാരം ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പക്ഷം പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാവും. കാലുകളാണ് നമ്മെ നിവർന്ന് നില്ക്കാൻ സഹായിക്കുന്നത് എന്ന കാര്യം മറക്കരുത്.

സ്വന്തം

അനുഷയ്ക്ക് വീട് ഇഷ്ടമായി. രണ്ട് വലിയ വിശാലമായ മുറികൾ, ഡ്രോയിംഗ് റൂം, ഓപ്പൺ കിച്ചൺ, പിന്നെ ബാൽക്കണി. അവൾക്ക് ഊഞ്ഞാലിടാനും നിറയെ പൂച്ചട്ടികൾ വയ്ക്കുവാനും സ്ഥലമുണ്ട്.

പുതിയ ബിൽഡിംഗിലെ എട്ടാം നിലയിലെ ഫ്ളാറ്റ് അനുഷ സങ്കല്പ്പിച്ച പോലെ തന്നെയായിരുന്നു. വില മാത്രം കരുതിയതിനേക്കാൾ അല്പം കൂടി അനുഷ മനസ്സു കൊണ്ട് കണക്കുകൂട്ടി. തനിക്കു വേണ്ടി ഇത്രയ്ക്കൊക്കെ ചെയ്യാൻ കഴിയുമായിരുന്നു. തന്‍റെ ബജറ്റിനേക്കാൾ 4 ലക്ഷം രൂപ കൂടിയാലെന്ത്, എല്ലാ മാസവും കൊടുത്തുകൊണ്ടിരുന്ന വാടക ഒഴിവാക്കാമല്ലോ.

ബാൽക്കണിയിൽ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം. റോഡിന്‍റെ മറുവശം പാർക്ക്, പാർക്കിൽ കളിക്കുന്ന കുട്ടികൾ, ഉലാത്തുന്ന പ്രായം ചെന്നവർ. അടുത്തെങ്ങും ഉയരമുള്ള കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനുഷയ്ക്ക് സന്തോഷമായി. ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കിയപ്പോൾ 7-8 വയസ്സുള്ള ഒരു പെൺകുട്ടി കളിക്കുന്നത് അവൾ കണ്ടു. താഴത്തെ വീടിന്‍റെ ബാൽക്കണി വൃത്തിയില്ലാത്തതായിരുന്നു. നിറയെ പൊടി പിടിച്ചിരുന്നു. അനുഷ മുഖം തിരിച്ച് പുറത്ത് വന്നു.

ബാങ്ക് ലോണിന്‍റെ കാര്യങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. അവൾ ബാങ്കിലെ ഉയർന്ന പദവിയിലായതു കൊണ്ട് ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബിൽഡിംഗ് സൊസൈറ്റിയിലെ ചില പ്രധാന കടലാസുകൾ ഒപ്പിട്ടു കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി ബിൽഡിംഗ് ഒന്നു ചുറ്റിക്കണ്ടുവരാമെന്ന്. അവൾ ഇനി ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടതാണ്. ബിൽഡിംഗിൽ എങ്ങനെയുള്ള ആൾക്കാരാണ് താമസിക്കുന്നതെന്ന് ഒന്ന് കാണട്ടെ.

നല്ല വൃത്തിയുള്ള ബിൽഡിംഗാണ്. കുട്ടികൾക്ക് കളിക്കാൻ ധാരാളം സ്ഥലമുണ്ട്. വണ്ടികൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. ഒരു വശത്ത് സ്വിമ്മിംഗ് പൂളും മറുവശത്ത് ജിമ്മും ഉണ്ട്. മരക്കൂട്ടങ്ങൾക്കിടയിൽ ഇരിക്കുന്നതിനായി സിമന്‍റ് ബഞ്ചുകൾ ഉണ്ടാക്കിയിട്ടിരുന്നു. ഒരു ബഞ്ചിലിരുന്ന് അവൾ മായയിലെന്ന പോലെ ആലോചിച്ചു. അവസാനം തനിക്ക് സ്വന്തമായി വീടുണ്ടാകാൻ പോകുന്നു.

പെട്ടെന്ന് അനുഷയ്ക്ക് തന്നെ ആരോ വിളിച്ച പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി. അരികെ പല്ലവ് നിൽക്കുന്നു. അനുഷയുടെ ഫ്ളാറ്റിന്‍റെ താഴത്തെ ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി അയാളുടെ കൈ പിടിച്ച് നിന്നിരുന്നു.

അനുഷ എഴുന്നേറ്റ് നിന്നു, “പല്ലവ്, നിങ്ങൾ ഇവിടെ?”

“ഞാൻ ഇവിടെയാണ് താമസിക്കുന്നത്. നിങ്ങളോ? ആരെയെങ്കിലും കാണാൻ വന്നതാണോ?”

അനുഷ ഒന്ന് നിർത്തിയിട്ട് പറഞ്ഞു. “ഞാനും ഇവിടെ താമസിക്കാൻ വരികയാണ്. എട്ടാമത്തെ നിലയിൽ ഇന്ന് ഞാൻ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തതേയുള്ളൂ.”

“ഗ്രേറ്റ്,” പല്ലവ് പറഞ്ഞു. “വെൽകം ടു ഔവർ ബിൽഡിംഗ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം. ഞാൻ ഏഴാം നിലയിലാണ് താമസിക്കുന്നത്. വരൂ, വീട്ടിൽ വന്ന് ഒരു കപ്പ് ചായ കുടിക്കാം. എന്‍റെ ഭാര്യയേയും പരിചയപ്പെടാം.”

ആദ്യം അനുഷ ഒന്ന് സംശയിച്ചു. പിന്നെ കരുതി, എന്തായാലും ഇവിടെ താമസിക്കാനുള്ളതാണ്. കുറച്ചുപേരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

പല്ലവ് അവളോടൊപ്പം ബാങ്കിൽ ജോലി ചെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അയാൾക്ക് ഈ ബ്രാഞ്ചിലേയ്ക്ക് ട്രാൻസ്ഫർ ആയത്. അവർ ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ബാങ്കിലെ ജോലിത്തിരക്ക് കാരണം സൗഹൃദത്തിനൊന്നും സമയമുണ്ടായിരുന്നില്ല. അല്ലെങ്കിലും അനുഷ ഓഫീസിലെ ആൾക്കാരുമായി അല്പം അകലം പാലിച്ചിരുന്നു. ഇതിനു മുമ്പ് ഉണ്ടായിരുന്ന ബ്രാഞ്ചിലെ സഹപ്രവർത്തകർ അവൾ അവിവാഹിതയാണെന്നും നഗരത്തിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ഒന്നും പറയാതെ തന്നെ അവളുടെ വീട്ടിൽ എത്താൻ തുടങ്ങി. അനുഷയ്ക്ക് അത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതം അവൾ സ്വയം തെരഞ്ഞെടുത്തതാണ്. വർഷങ്ങൾക്കു മുമ്പ് അവൾക്കുണ്ടായ ദുരന്തത്തിന്‍റെ മുറിവ് ഇപ്പോഴും ഉള്ളിലെവിടെയോ ഉണ്ട്. ഇനിയവൾക്ക് ഒരു പുരുഷനെ അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

പഴയ ഓർമ്മകളെ തട്ടിക്കളഞ്ഞ് അനുഷ പല്ലവിന്‍റെ ഒപ്പം അയാളുടെ വീട്ടിലേയ്ക്ക് നടന്നു. വഴിയിൽ വച്ചു തന്നെ അവൾ പല്ലവിന്‍റെ മകളുമായി ചങ്ങാത്തത്തിലായി. അനന്യ കൗതുകമുള്ള കുട്ടിയായിരുന്നു. മിടുക്കി. പല്ലവ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അനുഷയുടെ കോളേജിലെ കൂട്ടുകാരി സമീറയാണ്.

സമീറ പുറത്തെവിടെയോ പോകാനെന്നവണ്ണം നല്ലപോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അനുഷയെ കണ്ടപ്പോൾ അവൾ ഉറക്കെ ബഹളം വച്ച് അവളെ കെട്ടിപ്പിടിച്ചു. രണ്ട് പഴയ കൂട്ടുകാരികളുടെ കണ്ടുമുട്ടൽ കണ്ട് പല്ലവ് കുഴങ്ങിപ്പോയി. “നിങ്ങൾക്ക് പരസ്പരം ഇത്രയ്ക്കും അറിയാമെന്ന് ഞാൻ കരുതിയതേയില്ല.” അയാൾ പറഞ്ഞു.

അനുഷ പതുക്കെ പറഞ്ഞു, “സമീറയും ഞാനും കോളേജിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ഇവൾ പിന്നെ വിവാഹം കഴിച്ചു. പിന്നെ…”

സമീറ ഇടയ്ക്കു വച്ച് തടഞ്ഞു. “നീ കഴിച്ചതുമില്ല… സത്യം പറഞ്ഞാൽ എന്നേക്കാൾ മുമ്പേ നീ താലിച്ചരടിൽ കുടുങ്ങേണ്ടതായിരുന്നു. ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ…”

അനുഷയുടെ മുഖം ചുവന്നു. അവൾ പെട്ടെന്ന് വിഷയം മാറ്റി.. “അതെല്ലാം വിട്… അതൊക്കെ പഴയ കാര്യങ്ങളായി.”

പല്ലവ് ഞെട്ടി. “അനുഷാ, നിങ്ങൾ അൺ മാരീഡ് ആണോ? എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത്… അല്ലെങ്കിലും വലിയ നഗരങ്ങളിൽ എന്ത് അറിയാനാണ്. വർക്കിംഗ് വിമൻ എല്ലാവരും ഒരേപോലെയിരിക്കും. പക്ഷേ നിങ്ങൾ ഇവിടെ താമസിക്കാൻ വന്നത് നന്നായി. ഞങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ കമ്പനി കിട്ടും.”

അനുഷ തലയാട്ടി. സമീറ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. വർത്തമാനം തുടർന്നു. അനുഷ തന്‍റെ സമ്പാദ്യം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങുന്നതെന്നു കേട്ടപ്പോൾ സമീറയ്ക്ക് അദ്ഭുതമായി.

“നിനക്കറിയാമല്ലോ സമീറാ, എന്‍റെ വിവാഹം മുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി. 2-3 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടൻ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. അപ്പോഴേയ്ക്കും എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു. ചേട്ടന് ഞാൻ കൂടെ ചെല്ലണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ തടഞ്ഞു. അപ്പോൾ മുതൽ ഒറ്റയ്ക്ക് കഴിയുകയാണ്.” അനുഷ ഒരു ദീർഘനിശ്വാസത്തോടെ തന്‍റെ ജീവിതകഥ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.

സമീറ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു, “അനുഷാ, നിനക്കറിയാമോ, സ്ത്രീധനത്തെച്ചൊല്ലി നീ വിവാഹം വേണ്ടെന്നു വച്ചപ്പോൾ എനിക്ക് തോന്നിയത് നീ തെറ്റാണ് ചെയ്യുന്നത് എന്നാണ്.”

അനുഷ ഞെട്ടിത്തെറിച്ച് അവളെ നോക്കി.

“അതെ അനുഷാ. നോക്ക്, എന്‍റെ അച്ഛനും എന്‍റെ വിവാഹത്തിന് സ്ത്രീധനം കൊടുത്തു. ഇന്ന് പല്ലവ് ചുറ്റിക്കറങ്ങുന്ന വണ്ടി എന്‍റെ അച്ഛൻ കൊടുത്തതാണ്. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അദ്ദേഹം തന്നതാണ്. നോക്ക്, അതുകൊണ്ടു തന്നെ ഞാൻ ഇവിടെ അന്തസ്സായി ജീവിക്കുന്നു. എന്‍റെ വീട്ടുകാർക്ക് നല്ല സ്ഥാനമുണ്ട് ഇവിടെ, എനിക്കെതിരെ എന്തെങ്കിലും പറയാൻ പോലും പല്ലവിന് ധൈര്യമുണ്ടാവില്ല.”

അനുഷ തന്‍റെ കൂട്ടുകാരിയുടെ മുഖം നോക്കിക്കൊണ്ടിരുന്നു. സമീറ ആദ്യം മുതലേ ഇങ്ങനെ തന്നെയായിരുന്നു. സ്വാർത്ഥമതി. പക്ഷേ ഇന്ന് അവൾ സ്ത്രീധനത്തിനെ അനുകൂലിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ തന്‍റേയും സമീറയുടെയും ചിന്തകൾ തമ്മിൽ വലിയ അകലം ഉണ്ടെന്ന് അനുഷയ്ക്ക് തോന്നി.

അനുഷ എഴുന്നേറ്റ് നിന്നു, “എന്നെ വിടൂ സമീറാ, കുറെ പണി ബാക്കിയുണ്ട്.”

അവളെ യാത്രയാക്കാൻ താഴെ വന്ന സമീറ അനുഷയുടെ വലിയ വണ്ടി കണ്ട് ഞെട്ടിപ്പോയി, “ഇത് നിന്‍റെ വണ്ടിയാണോ? നീയാണോ ഓടിക്കുന്നത്?”

അനുഷ പാതി ചിരിച്ച് നിർത്തി. അവൾ ഇത്രമാത്രം പറഞ്ഞു. “എനിക്കാരും സ്ത്രീധനമായി വണ്ടി തന്നിട്ടില്ല.”

സമീറ ഉത്തരം മുട്ടി നിന്നുപോയി.

അനുഷ വണ്ടിയോടിച്ച് പുറത്തേക്കു പോയി. എന്താണെന്നറിയില്ല, വർഷങ്ങൾ കഴിഞ്ഞ് സമീറയെ കണ്ടിട്ടും അവൾക്ക് സന്തോഷമായില്ല. തന്‍റേയും ജയരാജിന്‍റെയും ബന്ധത്തിന്‍റെ സാക്ഷി അവളായിരുന്നല്ലോ.

അനുഷയുടെ അമ്മായിയാണ് ജയരാജിന്‍റെ ബന്ധം കൊണ്ടുവന്നത്. അമ്മ മരിച്ചതിനു ശേഷം അമ്മായി അനുഷയുടെ കുടുംബകാര്യങ്ങൾ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചേട്ടന്‍റെ വിവാഹം കഴിഞ്ഞപ്പോൾ അവർ അനുഷയുടെ വിവാഹത്തിന് നിർബന്ധം പിടിച്ചു. ജയരാജും അനുഷയും പരസ്പരം കണ്ടു. അനുഷയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ ജയരാജിനെ ഇഷ്ടമായി. അവർ പരസ്പരം കാണുന്നത് ആരും തടഞ്ഞിരുന്നില്ല. നിശ്ചയം കഴിഞ്ഞിരുന്നു. ഇനി വിവാഹച്ചടങ്ങേ ബാക്കിയുള്ളു.

ജയരാജിന്‍റെ അടുത്ത് അനുഷ തന്നെത്തന്നെ തുറന്നുവിട്ടിരുന്നു. അയാളോടൊപ്പം ജീവിതം തുടങ്ങുന്നത് സ്വപ്നം കണ്ട് ഇരുപത്തിനാലു മണിക്കൂറും അവൾ ഒരു ഉന്മാദത്തിലെന്ന പോലെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോൾ അവർ സിനിമ കാണാൻ പോകും, മറ്റു ചിലപ്പോൾ ലോംഗ് ഡ്രൈവിനും. ജയരാജ് അവളുടെ നഗരത്തിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു തന്നെ അവളുടെ വീട്ടിൽ എത്തും. അവിടെത്തന്നെ ഭക്ഷണം കഴിക്കും. അവൾ എപ്പോൾ ജയരാജുമായി ഇത്ര അടുത്തു എന്ന് അറിയില്ലായിരുന്നു. ജയരാജിന് അവൾ സമീറയെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പിന്നെ പലവട്ടം സമീറയും അവരോടൊപ്പം സിനിമ കാണാൻ പോകുമായിരുന്നു.

ജയരാജിന്‍റേയും അനുഷയുടെയും വിവാഹത്തീയതി ഉറപ്പിക്കുന്ന ദിവസം അനുഷ നിലത്തൊന്നുമായിരുന്നില്ല. അമ്മായി അവളെ പിങ്ക് നിറത്തിലുള്ള പുതിയ സാരി ഉടുപ്പിച്ച വധുവിനെപ്പോലെ ഒരുക്കി. കാതിൽ മാച്ച് ചെയ്യുന്ന കമ്മൽ, കൈയിൽ പച്ച കുപ്പിവളകൾ, കാലിൽ കിലുങ്ങുന്ന വെള്ളിക്കൊലുസ്. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോൾ അവൾ നാണിച്ചു പോയി. അവൾ ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ഒരുങ്ങിയിരുന്നില്ല.

വൈകുന്നേരം ജയരാജിന്‍റെ അച്ഛനമ്മമാരും വീട്ടിലെ മറ്റുള്ളവരും വന്നു. വർത്തമാനത്തിനിടയിൽ തന്‍റെ അച്ഛന്‍റെ ഉച്ചത്തിലുള്ള വർത്തമാനം കേട്ട് അനുഷ പരിഭ്രമിച്ച് മുറിയിലേക്ക് ചെന്നു. ജയരാജിന്‍റെ ചെറിയച്ഛൻ അനുഷയുടെ അച്ഛന്‍റെ കൈയിൽ സ്ത്രീധനത്തിന്‍റെ നീണ്ട ഒരു ലിസ്റ്റ് പിടിപ്പിച്ചിരുന്നു. അച്ഛൻ ഉയർന്ന സ്വരത്തിൽ പറഞ്ഞു, “നിങ്ങൾക്ക് മുമ്പേ അറിയാമല്ലോ ഞാൻ സ്ത്രീധന വിരോധിയാണെന്ന്. എനിക്ക് ഒറ്റ മകളേയുള്ളൂ. ഞാൻ അവളുടെ വിവാഹം ആഘോഷപൂർവ്വം നടത്തും. പക്ഷേ സ്ത്രീധനം കൊടുത്ത് ഞാൻ അവളേയോ എന്നേയോ അപമാനിക്കില്ല.”

ജയരാജിന്‍റെ ചെറിയച്ഛൻ അദ്ദേഹത്തിന്‍റെ വാക്കുകളെ തടഞ്ഞു. “നിങ്ങൾ എന്ത് പുതിയ കാര്യമാണ് പറയുന്നത്. പെൺകുട്ടികളുടെ വിവാഹത്തിന് കൊടുക്കാതെ പറ്റില്ലല്ലോ. അത് സ്ത്രീധനത്തിന്‍റെ പേരിലായാലും മറ്റെന്തെങ്കിലും പേരിലായാലും.”

ഉടനെ ജയരാജിന്‍റെ അമ്മയും ഒപ്പം കൂടി, “എനിക്ക് ഒറ്റ മകനേയുള്ളൂ. എനിക്കും ചില ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ട്. ഞാൻ വളർത്തിക്കൊണ്ടു വന്ന മോനെ എങ്ങനെ ഞാൻ വെറുതെ മറ്റുള്ളവർക്ക് കൊടുക്കും.”

അനുഷ കർട്ടനു പിന്നിൽ നിന്ന് എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. ജയരാജ് എവിടെ? അയാൾ എന്താണ് ഒന്നും പറയാത്തത്? അയാളും ഇതാണോ ആഗ്രഹിക്കുന്നത്? അനുഷ തിരിഞ്ഞ് മുറിയിലേക്ക് പോയി. അവൾ തന്‍റെ മുറിയിൽ നിന്ന് ജയരാജിന്‍റെ മൊബൈലിലേയ്ക്ക് വിളിച്ചു. ജയരാജ് ഫോൺ എടുത്തു. അയാൾ അല്പം ദേഷ്യത്തിലാണെന്ന് തോന്നി. അനുഷ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു, “ജയ്, നിങ്ങളുടെ വീട്ടുകാർ എന്‍റെ വീട്ടിൽ വിവാഹത്തീയതി നിശ്ചയിക്കാൻ വന്നിട്ടുണ്ട്. അവർ സ്ത്രീധനം ചോദിക്കുകയാണ്. നിങ്ങൾക്ക് ഇക്കാര്യം അറിവുണ്ടോ?”

ജയരാജിന്‍റെ മറുപടി തണുപ്പനായിരുന്നു. “നീ ഇതിലൊന്നും ഇടപെടണ്ട അനുഷാ, ഇത് മുതിർന്നവർ തമ്മിലുള്ള കാര്യമാണ്. അവർ തീരുമാനിക്കട്ടെ. എന്‍റെ വീട്ടുകാർ എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അതിലെന്താണ് തെറ്റ്? വിവാഹസമയത്ത് ആവശ്യങ്ങൾ എല്ലാം നടക്കണ്ടേ?”

അനുഷയുടെ കൈയിൽ നിന്ന് റിസീവർ താഴെ വീണു. അപ്പോൾ ഇതാണ് ജയരാജ്. താൻ ജീവിതപങ്കാളി ആക്കാൻ ആഗ്രഹിച്ച ആൾ, ഭാരിച്ച ചുവടുകളോടെ അവൾ മുറിയിലേക്ക് ചെന്നു. മുറിയിൽ ഇപ്പോഴും തർക്കം തുടരുകയായിരുന്നു. ഇപ്പോൾ ജയരാജിന്‍റെ അകന്ന ബന്ധുക്കൾ പോലും സ്ത്രീധനത്തെ അനുകൂലിച്ച് ഉറക്കെ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അനുഷയുടെ അച്ഛൻ തളർന്ന മട്ടിൽ അടുത്തുള്ള ചുമർ നോക്കി ഇരിക്കുകയായിരുന്നു. അനുഷ ചെന്ന് അചഛന്‍റെ ചുമലിൽ കൈ വച്ചു. എന്നിട്ട് നിശ്ചയദാർഢ്യത്തോടെ പറഞ്ഞു, “അച്ഛാ, അച്ഛൻ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും എതിരായി പ്രവർത്തിക്കേണ്ട കാര്യമില്ല. പെൺകുട്ടികൾക്ക് വില പേശുന്ന ഇത്തരം വീട്ടിൽ പോകാൻ എനിക്കു തന്നെ താല്പര്യമില്ല. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കൂ അച്ഛാ…. പ്ലീസ്,” പറഞ്ഞു പറഞ്ഞ് അനുഷ കരയാൻ തുടങ്ങി.

അച്ഛൻ അവളുടെ തലയിൽ കൈ വച്ച് ജയരാജിന്‍റെ അച്ഛനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “താങ്കൾ മകന് മറ്റൊരു ബന്ധം നോക്കിക്കോളു എന്‍റെ മകൾ താങ്കളുടെ വീട്ടിലേയ്ക്ക് വരില്ല.”

ജയരാജിന്‍റെ കഥ അവിടെ തീർന്നു. ജയരാജിന്‍റെ പെരുമാറ്റം അനുഷയെ കുറേ നാളത്തേയ്ക്ക് അലട്ടി. അയാളോട് അവൾ എത്ര അടുത്തിരുന്നു. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയതല്ല. അനുഷ അച്ഛന്‍റെ മുമ്പിൽ ഒരിക്കലും തന്‍റെ ദുഃഖം കാണിച്ചില്ല. പക്ഷേ അവൾക്കറിയാമായിരുന്നു, അച്ഛൻ ഉള്ളിന്‍റെയുള്ളിൽ വളരെ വിഷമിക്കുന്നുണ്ടെന്ന്. അനുഷ പഴയപോലെ ജോലിക്ക് പോകാൻ തുടങ്ങി. അച്ഛനെ അമ്മായി പരിഹസിക്കാൻ മറന്നില്ല. മകളുടെ വിവാഹത്തിന് വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഇത്ര നല്ല പയ്യനെ കൈവിട്ടു കളഞ്ഞു എന്നൊക്കെ.

അനുഷ അമ്മായിയുടെ വാക്കുകൾ കേട്ടു. അവൾ തിരിഞ്ഞു നിന്നു പറഞ്ഞു, “അമ്മായി, എനിക്ക് വിവാഹം നടക്കാത്തതിൽ ഒട്ടും വിഷമമില്ല. ഞങ്ങളെപ്പോലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ സ്ത്രീധനത്തിന് എതിരായില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഈ കാൻസർ എങ്ങനെ ഇല്ലാതാക്കാൻ പറ്റും?”

അമ്മായി എന്തൊക്കെയോ പിറുപിറുത്തിട്ട് മിണ്ടാതിരുന്നു. അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. ജീവിതം കടന്നുപോയി. ആ സംഭവം ഒരിക്കലും മറക്കാൻ അനുഷയ്ക്കായില്ല. അവളുടെ ജീവിതത്തിൽ മറ്റൊരു പുരുഷനും വന്നില്ല എന്നല്ല. പക്ഷേ അവൾക്ക് ആരേയും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇന്ന് സമീറ അവളുടെ പഴയ മുറിവുകൾ ചുരണ്ടിയെടുത്തു. സമീറയെപ്പോലെയുള്ള സ്ത്രീകൾ എങ്ങനെ സന്താഷമായിരിക്കുന്നു എന്ന് അനുഷ കുറേനേരം ആലോപിച്ചിരുന്നു. പക്ഷേ അവൾക്ക് ഉത്തരം കിട്ടിയില്ല.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അനുഷ തന്‍റെ പുതിയ വീട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഒരാഴ്ച്ച മുഴുവൻ അവധിയെടുത്ത് അവൾ തന്‍റെ വീട് ഒരുക്കി. അവളെ സഹായിക്കാനും ഇടയ്ക്ക് പരദൂഷണം പറയാനും സമീറ വരുമായിരുന്നു. ചിലപ്പോൾ സമീറ അവളെ തന്‍റെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കാൻ പിടിച്ചു നിർത്തും പല്ലവും ഇപ്പോൾ അവളോട് തുറന്ന് പെരുമാറാൻ തുടങ്ങിയിരുന്നു. സമീറ ഭക്ഷണം ഉണ്ടാക്കുന്ന സമയം മുഴുവൻ പല്ലവും അനന്യയും അവളെ ചുറ്റിപ്പറ്റി നിൽക്കും.

അനുഷയുടെ വീട് പൂർണ്ണമായും തയ്യാറായി ഇനി ഹൗസ് വാമിംഗ് പാർട്ടിയാണ് ബാക്കിയുള്ളത്. അവൾ ഓഫീസിൽ നിന്ന് കുറച്ചുപേരെ വിളിച്ചിരുന്നു. പാർട്ടി എങ്ങനെ നടത്തണമെന്ന് പല്ലവും വളരെ ഉത്സാഹത്തോടെ അവളെ ഉപദേശിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അയാൾ ഒരു കാര്യം പറഞ്ഞു. “അനുഷാ, നിങ്ങളുടെ വീട്ടിലെ പാർട്ടിയാവുമ്പോൾ വൈനൊക്കെ വേണം.”

അനുഷ പുഞ്ചിരിച്ചു. അതിന്‍റെ കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ നോക്കണം എന്ന് അവൾ പറയാൻ വരികയായിരുന്നു. പെട്ടെന്ന് സമീറ പൊട്ടിത്തെറിച്ചു, “പല്ലവ്, പാർട്ടിയിൽ മദ്യത്തിന്‍റെ കാര്യം പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? നിങ്ങൾ കുടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്നിട്ട് വീണ്ടും തുടങ്ങി.”

പല്ലവ് അമ്പരന്നു പോയി. അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞു. “സമീറാ, കുറച്ച് വൈൻ കൊണ്ട് എന്തുണ്ടാവാനാണ്? നമ്മൾ വീട്ടിൽ മദ്യം സൂക്ഷിക്കാറില്ലല്ലോ.”

“നോ….” സമീറയുടെ ശബ്ദം ഉച്ചത്തിലായി.

അനുഷ എങ്ങനെയോ അവരെ രണ്ടുപേരേയും തടഞ്ഞു. പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭാര്യ ഇങ്ങനെ തടഞ്ഞൽ അയാൾക്ക് ഇഷ്ടമായില്ല എന്നത് വ്യക്തമായിരുന്നു

പാർട്ടിയിൽ അനുഷയുടെ ബോസ് രഘു തന്‍റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് വന്നത്. അനുഷയുടെ വീട് കണ്ട് അയാളുടെ വായിൽ നിന്ന് വീണുപോയി. “കൊള്ളാം അനു ഐ ആം ഇപ്രസ്ഡ്, ഇന്നുവരെ ഞാൻ ഓഫീസിലെ നിങ്ങളുടെ ജോലിയെ കണ്ടിട്ടുള്ളൂ. ഇപ്പോൾ മനസ്സിലായി നിങ്ങൾ ഓഫീസിൽ എന്ന എഫിഷ്യന്റ്റ് ആണോ അതേപോലെ വീടിന്‍റെ മാനേജ്മെൻറും നന്നായി ചെയ്യുന്നു എന്ന് .”

അനുഷ പുഞ്ചിരിച്ച് “താങ്ക് യൂ സർ” എന്നു മാത്രം പറഞ്ഞു. ലക്ഷ്മി ചുറ്റി നടന്ന് വീടിന്‍റെ ഓരോ മൂലയും നോക്കി. ബാൽക്കണിയിൽ നിരനിരയായി വച്ചിട്ടുള്ള പൂച്ചട്ടികളിൽ വിരിഞ്ഞു നിൽക്കുന്ന ബഹുവർണ്ണ പുഷ്പങ്ങൾ, മുള കൂട്ടിക്കെട്ടിയുണ്ടാക്കിയ മണ്ഡപം. അതിൽ അനുഷ വച്ചിട്ടുള്ള ചൂരലിന്‍റെ ഊഞ്ഞാൽ, അടുത്ത് തൂക്കിയിട്ടിരിക്കുന്ന ക്രോട്ടണിന്‍റെയും പൂക്കളുടേയും ബാസ്കറ്റുകൾ. ആ സമയത്ത് അനുഷ എല്ലാവർക്കും സർബ്ബത്ത് കൊടുക്കുകയായിരുന്നു. ലക്ഷ്മി സർബ്ബത്തിനെ ഗ്ലാസ് കൈയിലെടുത്ത് അല്പം ഉച്ചത്തിൽ പറഞ്ഞു, “നമ്മളെല്ലാം അനുഷയെക്കുറിച്ച് അഭിമാനിക്കണം. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അവർ ഒരുക്കിയതാണ്. തന്‍റെ പൈസയുടെ ബലത്തിൽ അവർ ഇത്ര നല്ല വീടുണ്ടാക്കി. ഞാൻ എന്‍റെ മകൾ സൗമ്യയോടും പറയും അവൾ അനുഷയെപ്പോലെ സെൽഫ് സഫിഷ്യന്‍റ് ആകണമെന്ന്.”

ഇതുകേട്ട് എല്ലാ അതിഥികളും കൈയടിക്കാൻ തുടങ്ങി. അനുഷ നാണിച്ചുപോയി പെട്ടെന്ന് അവളുടെ കാതിൽ സമീറയുടെ വാക്കുകൾ വന്നുവീണു. “ലക്ഷ്മി മാഡം, ഇതിലെന്താണ് ഇത വലിയ കാര്യം? അനുഷയുടെ പോലെ എന്‍റെ വീട്ടിലും എല്ലാ സാധനങ്ങളും എന്‍റെയാണ്. പക്ഷേ എന്‍റെ ഭർത്താവ് വാങ്ങിയതല്ല. അതെല്ലാം എന്‍റെ അച്ഛൻ തന്നതാണ്.”

സമീറ പറഞ്ഞതു കേട്ട് കുറച്ചുപേർ ചിരിച്ചു. അനുഷ അവളുടെ മുഖം നോക്കി നിന്നുപോയി. അപ്പോൾ സമീറയ്ക്ക് അവളുടെ നേട്ടങ്ങളിൽ അസൂയയുണ്ടോ? അവൾ ചിന്തിക്കും മുമ്പ് പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നതു കണ്ടു. അയാളുടെ മുഖം ചുട്ടു പഴുത്തിരുന്നു.

ഇതിനു ശേഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. സമീറയുടെ വാക്കുകളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മി മാത്രം തന്‍റെ അടുത്തു നിന്ന കുറച്ചു പേരോട് പറഞ്ഞു, “അച്ഛനമ്മമാരുടെ പണം കൊണ്ട് സ്വന്തം വീടൊരുക്കാൻ എളുപ്പമാണ്. പക്ഷേ ഞാൻ അതിന് എതിരാണ്. അച്ഛനമ്മമാർക്കും അവരുടെ വയസ്സുകാലത്ത് പണം വേണം. ആ സമയത്ത് അവർക്ക് ആര് കൊടുക്കും? ഇന്നത്തെ തലമുറ അവരെ നോക്കിയതു തന്നെ.”

അനുഷ പലതും ഉണ്ടാക്കിയിരുന്നു. കുറച്ചു സാധനങ്ങൾ പുറത്തു നിന്നും വാങ്ങിയിരുന്നു. അവളുടെ ഓഫീസിലെ കൂട്ടുകാരി മൈത്രി കേക്ക് കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ച ശേഷം എല്ലാവരും ആഹാരം കഴിച്ചു. പാർട്ടി രാത്രി 11 മണി വരെ നീണ്ടു. സമീറ ബാക്കി അതിഥികളോടൊപ്പം പോയി. മൈത്രി കൂടെ നിന്ന് അടുക്കളയിൽ അനുഷയെ സഹായിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് അവളും തന്‍റെ ഭർത്താവ് ഗൗരവിന്‍റെ ഒപ്പം പോയി.

അനുഷയ്ക്ക് ക്ഷീണം തോന്നുന്നുണ്ടായിരുന്നു. കടുപ്പത്തിൽ ഒരു കപ്പ് ചായയുണ്ടാക്കി അവൾ ബാൽക്കണിയിൽ ചെന്നു. പട്ടെന്ന് അവൾ താഴെ നിന്ന് ബഹളം കേട്ടു. പല്ലവിന്‍റെ ശബ്ദം ആയിരുന്നു. “നീയിന്ന് എല്ലാവരുടേയും മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഇനി ഈ വീട്ടിൽ നിന്‍റെ അച്ഛൻ തന്ന ഒരു സാധനവും ഉണ്ടാവില്ല.”

പിന്നെ താഴെ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ടു. സമീറ അലറി, “എന്‍റെ സാധനങ്ങൾ തൊടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു?”

പല്ലവിന്‍റെ ശബ്ദ‌ം മുമ്പത്തേതിലും ഉറക്കെ ആയിരുന്നു, “നീ നിന്‍റെ എല്ലാ സാധനങ്ങളും ഇവിടെ നിന്ന് കൊണ്ടുപോ. നിന്‍റെ അച്‌ഛൻ തന്ന ഒന്നും എനിക്കു വേണ്ട. നീ എന്നെ നിന്‍റെ വേലക്കാരനാക്കി വച്ചിരിക്കുകയാണ്. ഞാൻ സമ്പാദിക്കുന്നു, വീട് നോക്കുന്നു. പക്ഷേ എനിക്കൊരു വിലയുമില്ല. പോ ഇവിടുന്ന്, എനിക്ക് നിന്‍റെ മുഖം പോലും കാണണ്ട.”

അതു കഴിഞ്ഞും പിന്നേയും ഉറക്കെ കുറേ ശബ്ദ‌ങ്ങൾ കേട്ടു. പിന്നെ എല്ലാം ശാന്തമായി.

അനുഷ ദീർഘശ്വാസം വിട്ടു. ഈ ബിൽഡിംഗിൽ വീട് വാങ്ങിയത് ശരിയായില്ലേ ആവോ. രാത്രി ഏറെനേരം അവൾക്ക് ഉറക്കം വന്നില്ല. വർഷങ്ങൾക്ക് ശേഷം അവൾക്ക് അച്ഛനെ വളരെയധികം ഓർമ്മ വന്നു. അച്‌ഛൻ എപ്പോഴും പറയുമായിരുന്നു. “മോളേ, ഞാൻ നിനക്ക് മറ്റൊന്നും തന്നില്ലെങ്കിലും തലയുയർത്തി ജീവിക്കാനുള്ള ധൈര്യം എന്തായാലും തരും.” അച്‌ഛന്‍റെ ഓർമ്മകളിൽ മനസ്സ് വേദനിച്ചു. ശരിക്കും അച്ഛൻ അവൾക്ക് അപാര ധൈര്യം തന്നെയാണ് തന്നത്.

രാവിലെ നേരത്തേ എഴുന്നേറ്റ് അനുഷ ഓഫീസിൽ പോയി. പല്ലവ് വന്നിട്ടുണ്ടായിരുന്നില്ല. ജോലിയിൽ മുഴുകിയ കാരണം അനുഷ വൈകുന്നേരം വരെ മറ്റുള്ളവരെ ശ്രദ്ധിച്ചതേയില്ല. വീട്ടിൽ എത്തിയപ്പോൾ വൈകി. റൈസ് കുക്കറിൽ ചോറും പ്രഷർ കുക്കറിൽ പരിപ്പും വച്ച് അവൾ ടിവി കാണാൻ തുടങ്ങി.

പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു മുന്നിൽ സമീറ പരിഭ്രമിച്ച് നിൽക്കുന്നു. അവളുടെ പിന്നിൽ അനന്യ ഉണ്ടായിരുന്നു. അനുഷ രണ്ടുപേരേയും അകത്തേയ്ക്ക് കൊണ്ടുവന്നു. അനന്യ അനുഷയുടെ കൈ പിടിച്ച് പറഞ്ഞു, “ആന്‍റീ, എന്തെങ്കിലും തിന്നാൻ തരാമോ, ഭയങ്കര വിശപ്പ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല.”

അനുഷയ്ക്ക് കരച്ചിൽ വന്നു. അവൾ അനന്യയെ കെട്ടിപ്പിടിച്ചു എന്നിട്ട് സമീറയെ ശകാരിച്ചുകൊണ്ട് പറഞ്ഞു, നിന്‍റെ മോൾ രാവിലെ തൊട്ട് വിശന്നിരിക്കുകയാണ്. എന്നിട്ട് നിനക്കത് അറിയില്ലേ?”

അനുഷയുടെ മടിയിൽ തലവെച്ച് സമീറ ഏങ്ങലടിക്കാൻ തുടങ്ങി. “ഞാൻ എന്തു പറയാനാണ് അനുഷാ, ഇന്നലെ മുതൽ എനിക്കൊരു കാര്യത്തെക്കുറിച്ചും ഓർമ്മയില്ല. പല്ലവ് വീട് വിട്ടുപോയി. പിന്നെ ഞാൻ…”

അനുഷ അവളുടെ തല തഴുകിക്കൊണ്ട് പറഞ്ഞു, “സമീറാ, ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, നീ സ്വയം ഒന്ന് അടങ്ങ്.”

അടുക്കളയിൽ പോയി അനുഷ പെട്ടെന്ന് പരിപ്പ് താളിച്ചു. രാത്രിയിലെ കടലയും കോഫ്‌തയും ഉണ്ടായിരുന്നു. പെട്ടെന്ന് മൈക്രോ വേവിൽ വച്ച് ചൂടാക്കി. പിന്നെ രണ്ട് പ്ലേറ്റിൽ ചോറും പരിപ്പും പച്ചക്കറികളും എടുത്ത് അനന്യയുടേയും സമീറയുടേയും കൈകളിൽ പിടിപ്പിച്ചു. അനന്യ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.

സമീറ ഒരു വായ് മാത്രം കഴിച്ച് പ്ലേറ്റ് ദൂരെ വച്ച് വീണ്ടും വിലപിക്കാൻ തുടങ്ങി. “നീ തന്നെ പറ എന്തു ചെയ്യുമെന്ന്? പല്ലവ് പറഞ്ഞിരിക്കുന്നത് അച്‌ഛൻ തന്ന സാധനങ്ങൾ ഞാൻ വീട്ടിൽ നിന്ന് കളയാതെ തിരിച്ചു വരില്ല എന്നാണ്. ഫോൺ ചെയ്ത് നോക്കി. എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും?”

സമീറയുടെ കരച്ചിൽ കൂടിക്കൊണ്ടിരുന്നു. പല്ലവ് ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്‍റെ വീട്ടിൽ തിരിച്ച് ചെല്ലാൻ പറ്റില്ല. എന്ത് അവകാശത്തിൽ പോകാനാണ്. ഇനി എല്ലാം പഴയതുപോലെ ആകുമോ എന്നറിയില്ല.

അനുഷ കണ്ണുകൾ അടച്ചു. പല്ലവിന്‍റെ സ്ഥാനത്ത് അവൾ ജയരാജിന്‍റെ മുഖവും സമീറയുടെ സ്‌ഥാനത്ത് സ്വന്ത മുഖവും കണ്ടു. വർഷങ്ങൾക്കു മുമ്പ് അവൾ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ജീവിതവും സമീറയുടേയും പല്ലവിന്‍റെയും പോലെയൊക്കെ ആകുമായിരുന്നു. പല്ലവിന് കുറേ കഴിഞ്ഞപ്പോൾ സ്ത്രീധനം കുത്താൻ തുടങ്ങി. സമീറയോ? അച്‌ഛന്‍റെ സ്വത്തിനെപ്പറ്റി പറഞ്ഞ് പരിഹസിക്കാതെ എങ്ങനെ അവൾക്കിനി ഭർത്താവിനെ ഭരിക്കാൻ പറ്റും? ഈ ചോദ്യത്തിന്‍റെ ഉത്തരം അനുഷയ്ക്ക് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

ജീവിതം കളറാക്കാൻ മണി മാനേജ്‌മെന്റ്

മികച്ച വിദ്യാഭ്യാസ നിലവാരമുള്ളവരായതിനാൽ മികച്ച ശമ്പളമുള്ള ജോലിയോ ബിസിനസോ നേടിയെടുക്കാൻ ഏറെ ഉത്സുകരാണ് മലയാളികൾ. എന്നാൽ ജോലി ചെയ്ത് മാസാമാസം നേടുന്ന പണം എപ്രകാരം കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഭൂരിഭാഗം പേരും അശ്രദ്ധരാണ് അല്ലെങ്കിൽ അജ്‌ഞരാണ്. ഭക്ഷണം, വീട്, വിദ്യാഭ്യാസം, വാഹനം, വിവാഹം തുടങ്ങിയവയ്ക്കായി വരുമാനത്തിലധികം ചെലവഴിക്കേണ്ടി വരുന്ന അവസ്‌ഥയാണ് ഏറെപ്പേർക്കുമുള്ളത്. സമ്പാദ്യശീ ലം അതിനിടയിൽ എവിടെയോ നഷ്ടമാകുകയും ചെയ്യുന്നു. എത്ര ചെലവ് വന്നാലും ഒരു നിശ്ചിത ശതമാനം തുക വരുമാനത്തിൽ നിന്ന് മാറ്റിവച്ച് നിക്ഷേപമാക്കി ഭാവി ജീവിതം സുരക്ഷിതമാക്കാൻ കഴിയും. അതിനുള്ള അറിവും മനസ്സും പ്ലാനിംഗും വേണമെന്നു മാത്രം. വ്യക്തികളുടെ സമ്പാദ്യ ശീലങ്ങളെക്കുറിച്ചും എങ്ങനെ നിക്ഷേപം വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചും ഫെഡറൽ ബാങ്ക് എക്സികുട്ടീവ് വൈസ് പ്രസിഡന്‍റും ഡെപ്പോസിറ്റ് ഹെഡുമായ ജോയ് പിവി പറയുന്നത് ശ്രദ്ധിക്കാം.

വരുമാനത്തിന് യോജിച്ച സമ്പാദ്യ അക്കൗണ്ട്

ഇക്കാലത്ത് മികച്ച ധനകാര്യസ്‌ഥാപനങ്ങളിൽ വിവിധ വരുമാനക്കാർക്കായി യോജിച്ച സമ്പാദ്യ നിക്ഷേപ പദ്ധതികൾ നിരവധിയുണ്ട്. എന്നാൽ അവയെക്കുറി ച്ച് പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാവുക എന്നതു തന്നെയാണ്. നിക്ഷേപങ്ങൾ എല്ലാം ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കും. അതിനാൽ നല്ല ബാങ്കും ട്രാൻസാക്ഷൻ സൗഹൃദവുമായ ബാങ്ക് അക്കൗണ്ടുകളും തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഓരോ വ്യക്‌തികൾക്കും അവരുടെ വരുമാനവും ജീവിത ശൈലിയും അനുസരിച്ച് തുടങ്ങാൻ കഴിയുന്ന വിവിധ തരം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. അതിൽ ബേസിക് അക്കൗണ്ട് മുതൽ വലിയ സൗകര്യങ്ങളുള്ള പ്രീമിയം അക്കൗണ്ടുകൾ വരെയുണ്ട്. മിക്കവാറും ബാങ്കുകളുടെ ഗ്രാമപ്രദേശങ്ങളിൽ ബേസിക് അക്കൗണ്ട് തുറക്കാൻ മിനിമം ബാലൻസ് ചെറിയ തുകയാണ്. എന്നിരുന്നാൽ പോലും ഈ അക്കൗണ്ടിൽ എടിഎം കാർഡും, ചെക്കും അടക്കം അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കുറച്ചു കൂടി വരുമാനമുള്ളവർക്കായി ജീവിതശൈലി- ആരോഗ്യം എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന അക്കൗണ്ടുകൾ ഉണ്ട്. ടെലി കൺസൾട്ടിംഗ് പോലുള്ള സൗകര്യങ്ങൾ ലഭിക്കും. ഉദാഹരണത്തിന് പറയുകയാണെങ്കിൽ 55 വയസിനു മുകളിൽ റിട്ടയർമെന്‍റ് ലൈഫിലേക്ക് എത്തിയവരെ ഉദ്ദേശിച്ച് എസ്‌റ്റീം എന്നപേരിൽ ഫെഡറൽ ബാങ്ക് ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫ്രീ ഇൻഷുറൻസ് കവറേജ്, ഷോപ്പിംഗ് ഡിസ്ക്കൗണ്ട്, ഹെൽത്ത് മാനേജ്‌മെന്‍റ്, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ആശുപത്രിയിൽ അഡ്‌മിറ്റായാൽ ദിനംപ്രതി ഹോസ്‌പിറ്റൽ കാഷ്, ഫ്രീ ലോക്കർ, ഫ്രീ എടിഎം ഉപയോഗം, എസ്എംഎസ് അലർട്ട് ഫ്രീ, ഫ്രീ ഡീമാറ്റ് അക്കൗണ്ട് ഇങ്ങനെ പല സേവനങ്ങളും ഈ അക്കൗണ്ടിൽ ലഭ്യമാണ്.

കുറഞ്ഞ വരുമാനക്കാർക്ക് നിക്ഷേപം വളർത്താൻ

ചെറിയതോ ഇടത്തരമോ, വലിയ വരുമാനമോ ആയിക്കോട്ടെ അവരവരുടെ വരുമാനത്തിന് യോജിച്ച ഒരു നിക്ഷേപശൈലിയാണ് തിരഞ്ഞെടുക്കേണ്ടത്. വരുമാനം കുറഞ്ഞവരാകുമ്പോൾ അവരുടെ വരുമാനത്തിന്‍റെ കൂടുതൽ ഭാഗം ദൈനംദിന ചെലവുകൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നു. വരുമാനം കുറയുമ്പോൾ ചെറിയ തുക മാത്രമേ നിക്ഷേപിക്കുവാൻ പറ്റുകയുള്ളു. അത്തരക്കാർക്ക് തുടങ്ങാവുന്ന ഏറ്റവും നല്ല നിക്ഷേപ മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. വലിയ തുക നിക്ഷേപിക്കാൻ ഇല്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ് ഈ നിക്ഷേപ രീതി. മാസംതോറും ആയിരം രൂപയോ രണ്ടായിരം രൂപയോ അതിൽ കൂടുതലോ ഒരു നിശ്ച‌ിത കാലയളവിലേക്ക് നിക്ഷേപിച്ചു കൊണ്ട് ചെറുതല്ലാത്ത സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. അതിനായി ബാങ്കിൽ പോകണമെന്നില്ല. മിക്ക പ്രധാന ബാങ്കുകളുടേയും മൊബൈൽ ആപ്പ് വഴി ഒരു ഉപഭോക്താവിന് സ്വയം ചെയ്യാവുന്നതേയുള്ളു. ഒരു വർഷം മുതൽ 10 വർഷം വരെ കാലയളവിൽ ഇത്തരം നിക്ഷേപങ്ങൾ ചെയ്യാം. ഈ നിക്ഷേപ രീതിയെ കുറിച്ച് ഇക്കാലത്തും പലർക്കും ശരിയായ ധാരണയില്ല എന്നാണ് മനസിലാകുന്നത്. ഇപ്പോൾ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ലക്ഷ്യം ഉണ്ട് എന്ന് കരുതുക. ഉദാഹരണത്തിന് കുട്ടി കോളേജിൽ ചേരാൻ പോകുന്നതിന് 5 വർഷം മുമ്പ് ഒരു 5 വർഷ റെക്കറിംഗ് ഡെപ്പോസിറ്റ് നിശ്ചിത തുകയ്ക്ക് ആരംഭിച്ചാൽ അഡ്മിഷൻ സമയത്ത് പ്രയോജനപ്പെടും. ഇനി വിവാഹമാണെങ്കിൽ പോലും ഒരു കോടി വരെ സമ്പാദിക്കാൻ സാധിക്കുന്ന റെക്കറിംഗ് ഡെപ്പോസിറ്റുകൾ ഉണ്ട്.

പുതിയ തലമുറയുടെ മണി മാനേജ്മെന്‍റ്

പുതിയ തലമുറയെക്കുറിച്ച് ചിന്തിച്ചാൽ അവർക്ക് മുൻകാലത്തെ ആളുകളെ അപേക്ഷിച്ച് മികച്ച സമ്പാദ്യ ശീലങ്ങളുണ്ട്. നിക്ഷേപിക്കാൻ താൽപര്യവുമുണ്ട്. എന്നാൽ അവർക്ക് പരമ്പരാഗത നിക്ഷേപ രീതികളേക്കാൾ പ്രിയം ഷെയർ മാർക്കറ്റ് പോലുള്ള വഴികൾ പരീക്ഷിക്കാനാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ, മ്യൂച്ചൽഫണ്ട് ഒക്കെയാണ് അവരുടെ മുൻഗണന. ബാങ്കിന്‍റെ മൊബൈൽ ആപ്പ് വഴി തന്നെ ഇതൊക്കെ ചെയ്യാനാവും. ഒരു വ്യക്‌തിയുടെ പ്രായവും ആവശ്യവും പരിഗണിച്ചുവേണം ഇത്തരം ഫണ്ടിൽ നിക്ഷേപിക്കുവാൻ. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ് ആദായം കൂടുതൽ കിട്ടുക. ഒരു നിക്ഷേപകന്‍റെ റിസ്‌ക് എടുക്കാനുള്ള ശേഷി അനുസരിച്ചാണ് ഏത് നിക്ഷേപ പദ്ധതി എന്ന് തീരുമാനിക്കുക. പ്രായവും വരുമാനവും കണക്കിലെടുത്ത് കൊണ്ട് ഫലം നിർണയിക്കുന്നതാണ് ഈ രീതി. അങ്ങനെ നോക്കുമ്പോൾ റിസ്‌ക് കൂടുതൽ എടുക്കാൻ കഴിയുന്നത് ചെറുപ്പക്കാർക്കാണ്.

റിട്ടയർമെന്‍റായവരും റിട്ടയർമെന്‍റ് അടുത്തവർക്കും ഏറ്റക്കുറച്ചിലുകളുള്ള നിക്ഷേപ രീതികൾ പൊതുവേ നിർദ്ദേശിക്കാറില്ല. ഇതൊന്നും ശ്രദ്ധിക്കാതെ റിട്ടയറാകുമ്പോൾ കിട്ടുന്ന പണം പലയിടത്തും കൊണ്ടുപോയി മാർക്കറ്റിനെക്കുറിച്ച് ധാരണ ഇല്ലാതെ നിക്ഷേപങ്ങൾ ചെയ്താലാണ് നഷ്ടം സംഭവിക്കുന്നത്. മാസംതോറും നിശ്ചിത തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചുകൊണ്ട് SIP ചെയ്യാം. ബാങ്കിന്‍റെ ആപ്പ് വഴി ചെയ്യുമ്പോൾ റെക്കമെന്‍റഷൻസ് ഉണ്ട്. റെക്കറിംഗ് ആയാലും SIP ആയാലും മാസം തോറും അടയ്ക്കാൻ പാകത്തിന് ആപ്പുകൾ വഴി സജ്‌ജീകരിക്കാം. ഇക്കാലത്തെ യുവതലമുറയ്ക്ക് നിക്ഷേപങ്ങൾ വേണം എന്ന് ആഗ്രഹമുള്ളവരാണ് എന്ന് പറഞ്ഞല്ലോ. എന്നാൽ ഓഹരി വിപണി ആണ് അവർക്ക് കൂടുതൽ താൽപര്യം. എന്നാൽ അതുമാത്രം ചെയ്യുന്നത് നല്ല പ്രവണതയല്ല. നല്ലൊരു ആദായം ഒരുവേള നൽകിയാലും ഓഹരി വിപണി താഴോട്ട് പോകുമ്പോൾ മുടക്കിയ കാശ് പോലും കിട്ടാത്ത അവസ്ഥയും ഉണ്ടാകും.

ബാങ്കുകൾ റെക്കമെന്‍റ് ചെയ്യുന്നത് സംന്തുലിതമായ വരുമാന പദ്ധതി ആണ്. കുറച്ച് ബാങ്ക് നിക്ഷേപവും ആകാം കുറ ച്ച് ക്യാപിറ്റൽ മാർക്കറ്റും ചെയ്യാം എന്ന രീതി സുരക്ഷിതമാണ്. വൻ തുക നിക്ഷേപിക്കാനുണ്ടെങ്കിൽ പോർട്ട് ഫോളിയോ മാനേജ്‌മെന്‍റ് സ്‌കീം മുഖേന നിക്ഷേപിച്ച് കൂടുതൽ സമ്പാദിക്കാം. വെൽത്ത് മാനേജ്മെന്‍റിനായി ബാങ്കിന്‍റെ സഹായം ലഭിക്കും മണി മാനേജ്‌മെന്‍റിന് സമയമില്ലാത്തവർക്ക് ഈ സ്‌കീമിൽ നിക്ഷേപിക്കാവുന്നതാണ്. യോജിച്ച പദ്ധതിയിൽ പണം ബാങ്ക് തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മ്യൂച്ചൽ ഫണ്ട്, ബോണ്ട് ഇങ്ങനെയുള്ള പദ്ധതികൾ ധനകാര്യ വിദഗ്‌ധരോട് ചോദിച്ച് മനസിലാക്കുകയാണ് വേണ്ടത്. ഇതിനെല്ലാം സഹായിക്കുന്ന പ്രയോറിറ്റി ബാങ്ക് സൗകര്യങ്ങളും ആർക്കും വിനിയോഗിക്കാവുന്നതുമാണ്.

ഏതു മേഖലയിലായാലും നിക്ഷേപം ബാലൻസ് ചെയ്യുക എന്നത് പ്രധാനമാണ്. മ്യൂച്ചൽ ഫണ്ടും ഷെയർ മാർക്കറ്റും എല്ലാം ബാങ്കുവഴി ചെയ്യുമ്പോൾ ഹൈ റിസ്‌ക് ഉള്ളത് സൂചിപ്പിച്ചിട്ടുണ്ടാകും. അതൊക്കെ നോക്കി വേണം നിക്ഷേപം ആരംഭിക്കാൻ.

സ്ത്രീകളുടെ നിക്ഷേപ രീതികളെക്കുറിച്ച്

സ്ത്രീകളുടെ നിക്ഷേപ ശീലങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ അവർക്ക് റിസ്‌ക് എടുക്കാൻ പൊതുവെ താൽപര്യം കണ്ടിട്ടില്ല. തുക വച്ചു നോക്കിയാൽ കൂടുതൽ ഇൻവെസ്‌റ്റ് ചെയ്യുന്ന ശീലം സ്ത്രീകളിലാണ്. എന്നാൽ നിക്ഷേപകരായ സ്ത്രീകളുടെ എണ്ണം കുറ വുമാണ്. കൂടുതലും അവരുടെ താൽപര്യം സ്‌ഥിര നിക്ഷേപം, റിക്കറിംഗ് നിക്ഷേപം എന്നിവയിൽ നിക്ഷേപിക്കാനായിരിക്കും. എന്നിരുന്നാലും SIP പോലു ള്ള മറ്റു നിക്ഷേപ രീതികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീ സാന്നിധ്യം വർദ്ധിച്ചിട്ടുമുണ്ട്.

ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതി

കേരളത്തിന്‍റെ സമ്പാദ്യ ശീലങ്ങളെ പൊതുവെ വിലയിരുത്തിയാൽ ഏറ്റവും ജനപ്രിയമായത് ബാങ്ക് ഡെപ്പോസിറ്റ് തന്നെയാണ്. സുരക്ഷ നോക്കാതെ പലിശ കൂടുതൽ കിട്ടുന്ന സ്‌ഥലങ്ങൾ നോക്കിപ്പോയി പ്രശ്‌നങ്ങളിൽ കുടുങ്ങിയവരും ധാരാളം. വമ്പൻ ഓഫർ കേട്ട് നേരിട്ട് ബന്ധപ്പെടാനാവാത്ത ഓൺ ലൈൻ ആപ്പുകളിൽ നിക്ഷേപിച്ച് പണം പോകുന്നവരും ഉണ്ട്.

സുരക്ഷിതമായ സ്‌ഥിര നിക്ഷേപത്തിന് ബാങ്കുകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത് തരക്കേടില്ലാത്ത പലിശയും ലഭിക്കും. മൂലധനം സുരക്ഷിതവുമായിരിക്കും.

സൈബർ തട്ടിപ്പുകൾ മറികടക്കാൻ

ഓൺലൈൻ തട്ടിപ്പുകളുടെ മനശാസ്ത്രം തന്നെ മനുഷ്യന്‍റെ അത്യാഗ്രഹവും ഭയവും ചൂഷണം ചെയ്‌ത് പണമുണ്ടാക്കുക എന്നതു തന്നെയാണ്. സൈബർ തട്ടിപ്പുകൾ പലരീതിയിലാണ്! ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം എന്തു സാഹചര്യം നേരിട്ടാലും അതാതു ബാങ്കിനെ സമീപിക്കുക. അതല്ലെങ്കിൽ പോലിസിനെ സമീപിക്കുക എന്നതു മാത്രമാണ് പരിഹാരം. പ്രസിദ്ധരാണ് ഇത്തരം ചതികളിൽ പെടുന്നതെങ്കിൽ ഇത്തരം നെഗറ്റീവ് വാർത്തകൾ വരാതിരിക്കാൻ അവർ ശ്രമിക്കാറുണ്ട്.

ഇൻഷുറൻസിന്‍റെ പ്രാധാന്യം

നിക്ഷേപം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വ്യക്തികളും നിശ്ചയമായും എടുക്കേണ്ട രണ്ട് കാര്യങ്ങളാണ് ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും. ഒരു പനി വന്നാൽ പോലും ലക്ഷങ്ങൾ ചെലവാക്കുന്ന കാലമാണ്. 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നു പറഞ്ഞാൽ പോലും ജീവിതം സുരക്ഷിതമാണെന്ന് പറയാനാവില്ല. ഒരു അസുഖം വന്നാലോ മരണം സംഭവിച്ചാലോ ഒക്കെ ഇൻഷുറൻസ് സംരക്ഷണം അനിവാര്യമാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നാൽ ഒരു അസുഖം വന്നാൽ എല്ലാ സാമ്പത്തിക അടിത്തറയും പൊയ്പ്പോകും വ്യക്തിപരമായും ഔദ്യോഗികമായും ഞാൻ പ്രത്യേകം ശുപാർശ ചെയ്യുന്ന കാര്യമാണ് ഇൻഷുറൻസ് പരിരക്ഷ.

Federal bank

പണമിടപാടുകൾ ബാങ്കുവഴി ചെയ്താൻ

ഇതുവരെ നിക്ഷേപത്തിനൊന്നും തയ്യാറാവാത്തവർ എത്രയും നേരത്തെ തീർച്ചയായും ചെയ്യണം. നിരവധി സർക്കാർ പദ്ധതികളുണ്ട്. അവ ബാങ്കു മുഖേന ചെയ്യാം. മറ്റൊരു കാര്യം കർഷകർ, കച്ചവടക്കാർ, ട്രേഡർമാർ ഇവരൊക്കെ പണമിടപാടുകൾ എല്ലാം ബാങ്ക് വഴി തന്നെ നടത്തണം എന്ന നിർദ്ദേശമാണ്. ബാങ്കിലെ അക്കൗണ്ടു വഴി ചെയ്യുമ്പോൾ ലോൺ എടുക്കുമ്പോഴും മറ്റും വരുമാനം ഉണ്ടെന്ന് ഒരു തെളിവ് കൊടുക്കേണ്ടി വന്നാൽ അതിനു എളുപ്പമാവും.

ഒരു പൈങ്കിളിക്കഥ

 

“നിങ്ങൾ എന്നെ ഓർമ്മിക്കാറുണ്ടോ എപ്പോഴെങ്കിലും?” ആ ചോദ്യം അപ്രതീക്ഷിതമായി അവൾ ചോദിച്ചു.

“അതിന് ഓർക്കുവാനായ് എന്താണ് നീ തന്നത്?”

“എന്ത് തരാൻ?”

“അങ്ങനെയൊരു പൂക്കാലം നമുക്കിടയിലുണ്ടോ? നീണ്ട ബോഗയ്ൻവില്ലയുടെ ചുവട്ടിൽ അക്ഷമനായി നിന്നെ കാത്ത് ഞാൻ നിന്നിട്ടില്ല. പൊതിയിലച്ചോറിന്‍റെ ഒരരകിൽ നിന്ന് ഉപ്പുമാങ്ങ ഞെക്കിയെടുത്ത് വലിച്ചുറ്റി ക്ലാസ് കട്ട് ചെയ്ത‌് തിയേറ്ററിലെ എസിയിൽ കുനിഞ്ഞിരുന്ന് കപ്പലണ്ടി കൊറിച്ചിട്ടില്ല.

നിന്‍റെ നെറ്റിയിൽ ചുംബനമഴ എന്തിന്? നേരിട്ട് കണ്ടിട്ട് പേലുമില്ല. പിന്നെ എന്തോർക്കാൻ? വാട്‌സാപ്പിൽ കുത്തിയിരുന്ന് തുടിക്കുന്ന ഹൃദയം അയച്ചാൽ പ്രണയമാകുമെന്ന് ആരാണ് പറഞ്ഞത്?

അത് അലഞ്ഞ് തിരിയുന്ന മോഹഭംഗിതരായ ആത്മാക്കളുടെ ഒരിടം. അവിടെ താൽക്കാലിക കാമനകൾക്ക് സ്വാസ്ഥ്യം.

ഉപാധിയില്ലാത്ത സെക്സ്, വിരേചനം മറ്റൊന്നുമില്ല അതിനപ്പുറത്തേക്ക് ഭാവനയുടെ വല നെയ്യാൻ നിനക്ക് ലജ്‌ജയില്ലേ? മണ്ടി.”

അവന്‍റെ ശബ്ദത്തിലെ രോഷം പതഞ്ഞു പൊങ്ങുന്നത് അറിഞ്ഞപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. പലപ്പോഴും അങ്ങനെയാണ്. പറഞ്ഞ് തുടങ്ങിയതിൽ നിന്നും ഏറെ ദൂരേയ്ക്ക് സഞ്ചരിച്ച് ചില്ലകൾ പടർന്ന് ഒരു വാഗ്വാദം. തണുപ്പിക്കാനായ് വിഷയം മാറ്റാൻ ശ്രമിച്ചു.

“നീ വിഷയം മാറ്റുന്നു.”

കനത്ത ശബ്ദം ഫോണിലൂടെ അലച്ച് കയറുന്നു. “വല്ലപ്പോഴും ഓർത്താൽ എന്താണിത്ര കുറച്ചിൽ.”

“വാട്‌സാപ്പ് സ്വൈരിണികളുടെ പരിഭവം.”

“രാത്രി സഞ്ചാരിണികൾ പകൽ വെട്ടത്തിൽ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിക്കില്ല.

അതുപോലെയാണോ ഞാൻ? ഇങ്ങനെ സ്ത്രീകളെ പരിഹസിക്കുന്നത് എന്തിനാണ്? അന്തസ്സുള്ള സ്ത്രീകളുണ്ട്. എഴുത്തും വായനയും പ്രണയിക്കുന്നവർ. ആരാണവർക്ക് കയ്യടി നൽകാത്തത്?”

സ്നേഹം ഇത്ര മോശമോ? ആർത്തവവിരാമം അടുക്കുന്ന മധ്യ വയസ്കകളുടെ കടൽ ചൊരുക്കിന് പറയുന്ന പേര് സ്നേഹമോ? തിളച്ചു മറിയുന്ന ക്യാമ്പസുകളിലേക്ക് ചെല്ല്. അവിടെ പോലും കുട്ടികൾ മാറിയിരിക്കുന്നു. പരാജയപ്പെടുമ്പോൾ ഉള്ള നീണ്ട മൗനം. പക്ഷേ അതൊട്ടും ആശ്വാസം നൽകുന്നുണ്ടായിരുന്നില്ല. മനസ്സ് കിതയ്ക്കുന്നുണ്ട് വല്ലാതെ.

ആശുപത്രിയിൽ നേർത്ത തണുപ്പിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ നേഴ്സ് ചോദിച്ചു.

“കൂടെയാരുമില്ലേ? പ്രത്യേകിച്ചും ഇങ്ങനെയൊരു ടെസ്‌റ്റ്.”

കാൻസർ ആണോ അല്ലയോ എന്നറിയാനായി ഒരു മണിക്കൂർ ലാബിന് മുന്നിൽ കണ്ണടച്ചിരുന്നപ്പോൾ ആദ്യം അവന്‍റെ മുഖം ഓർമ്മ വന്നു. കീമോ ചെയ്‌ത്‌ നീണ്ട മുടി പോയാൽ അവനെന്നെ തിരിച്ചറിയുമോ? പഴയതുപോലെ സ്നേഹം?

പെട്ടെന്ന് കുനുകുനാ ടൈപ്പ് ചെയ്തു.

“നീ എന്നെ ഓർക്കാറുണ്ടോ?” അപ്പോഴാണ് മറുപടി കിട്ടിയത് സത്യസന്ധമായ മറുപടി.

“കള്ളങ്ങൾ പറയാറില്ല. ഒന്നാശ്വാസിപ്പിക്കാൻ പോലും. ഇത്തരം ബന്ധങ്ങൾക്കിടയിൽ ഈമാതിരി ചോദ്യങ്ങൾക്ക് പ്രസക്‌തി ഉണ്ടോ? “നിന്‍റെ ഭർത്താവ് നിന്നെ തന്നെയാണോ ഓർക്കുന്നത്? അത് ആദ്യം ഓർത്ത് നോക്ക്. ബാലിശമായ ചോദ്യങ്ങൾക്ക് ഉപാധികളില്ലാത്ത ബന്ധത്തിന് സ്നേഹത്തിന്‍റെ പലിശക്കണക്ക് വേണ്ട. എപ്പോൾ വേണമെങ്കിലും തീരാവുന്ന ഒരു ലഹരി, ഒരു ച്യൂയിംഗം നുണയും പോലെ. കണ്ടാൽ നുണയും എന്നല്ലാതെ ആരെങ്കിലും ഓർത്തിരിക്കുമോ. ജസ്‌റ്റ് ഫോർ റിലാക്സ് അതിനപ്പുറം സെന്‍റിമെൻസ് ചേർത്ത് വിഷാദം അഭിനയിക്കരുത്.” ഉപദേശം ഉള്ളിൽ ആഴ്ന്നിറങ്ങി. ഉള്ളിൽ ഒരു വലിച്ചിൽ പിടച്ചിൽ പോലെ ഒന്ന് പിന്നെ ശാന്തം. പുറത്ത് തട്ടി സിസ്‌റ്റർ ചുമ്മാ പേടിപ്പിച്ചില്ലേ. തൊണ്ടയിൽ ചെറിയ നൊസ്യൂൾ. വോയ്‌സ് റെസ്‌റ്റ് വേണം. ഒരാഴ്ച്‌ച ആന്‍റിബയോട്ടിക്ക് മുടക്കരുത്.

“എന്താടോ പേടി മാറിയില്ലേ?” സിസ്‌റ്റർ കൃപ ചിരിച്ചു. മുഖത്ത് തെളിച്ചമില്ലല്ലോ. ചിരി വരുത്താൻ ശ്രമിച്ചു.

“സിസ്‌റ്റർ ഞാൻ ഹെയർ ഡൊണേറ്റ് ചെയ്യാൻ തയ്യാർ.”

“അതിന് തനിക്ക് പ്രശ്ന‌ം ഇല്ലല്ലോ… പിന്നെ ഈ നീളൻ മുടി ഭംഗിയല്ലേ.”

“എന്ത് ഭംഗി? ആര് ഓർക്കാൻ ആരെങ്കിലും നമ്മളെ ഓർക്കണമെങ്കിൽ എന്തെങ്കിലും വേണ്ടേ? ഞാൻ വരാം. അടുത്ത് തന്നെ.” ആത്മവിശ്വാസം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. കൂർത്തയുടെ അറ്റം വലിച്ചിറക്കി ജീൻസിനുള്ളിലാക്കി നടക്കുമ്പോൾ വെട്ടം കണ്ണിലേക്ക്. സുഖത്തിന്‍റെ പേരോ സ്വാസ്ഥ്യം.

പെട്ടെന്ന് ഓക്കാനിക്കാൻ വന്നു. സെഡേഷന്‍റെ പ്രശ്‌നം ആയിരിക്കും. അല്ലാ ചങ്കിൽ നിന്ന് പൈങ്കിളി ചിറകടിക്കുന്നു. പുറത്തേക്ക് പറത്താം. നീല വാനിലേക്ക്.. ഒരൊറ്റ ചിറകടിയിൽ അത് പുറത്തേക്ക് തെറിച്ചു… ചിറക് അരിഞ്ഞിട്ടിരിക്കുന്നു. കുഞ്ഞു തലയിൽ രക്ത തുള്ളികൾ… പിടയുന്നു. ഞാനാ പിടച്ചിൽ നോക്കി നിന്നു അവസാനത്തെ ശ്വാസവും നിലക്കും വരെ. നിലാവിൽ ചിറകിട്ടടിക്കുന്ന എന്‍റെ മനസ്സ്. ഞാനതിനെ കൊന്നു കുഴിച്ചുമൂടി.

വാട്‌സാപ്പ് പ്രണയിനികളേ ഇതിനേക്കാൾ മനോഹരമായി നിങ്ങൾക്ക് അന്ത്യരംഗം ഉണ്ടാകിനിടയില്ല. കാരണം നിങ്ങൾ അപഥ സഞ്ചാരിണികളാണ്. പച്ച വെളിച്ചത്തിൽ ഇറങ്ങുന്ന ജാരത്തികൾ. പിന്നെ മനസ്സിനെക്കുറിച്ചും വ്യഥകളെക്കുറിച്ചും വിലപിക്കാതിരിക്കുക. നിങ്ങൾ പരിഹാസ്യരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ…!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें