എന്നോട് ഇത് വേണമായിരുന്നോ…

എന്നാണ് നിങ്ങൾ ഭർത്താവിന്‍റെ കാതിൽ അവസാനമായി ഐ ലവ് യു എന്ന്  മന്ത്രിച്ചത്… ഒരുപാട് കാലമായി അല്ലേ?  എങ്കിൽ ബി കെയർ ഫുൾ! നിങ്ങളറിയാതെ ഹബ്ബിയെ മറ്റൊരുവൾ തട്ടിക്കൊണ്ടുപോവാതിരിക്കട്ടെ. ഭാര്യ തന്നെ അവഗണിക്കുന്നു, തനിക്ക് കുടുംബത്തിൽ വേണ്ടത്ര പ്രാധാന്യമില്ല എന്നിങ്ങനെയുള്ള തോന്നലുകളാണ് പുരുഷനെ മറ്റൊരു സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുന്നത്.

സെക്സ്‌സല്ല കാരണം

സെക്സ്‌സല്ല, വൈകാരികമായ അടുപ്പ കുറവാണ് വിവാഹേതര ബന്ധങ്ങൾക്ക് കാരണമെന്ന് 92% പുരുഷന്മാരും സമ്മതിക്കുന്നുവെന്നാണ് അമേരിക്കൻ മാര്യേജ് കൗൺസിലർ ഗാരി ന്യൂമാൻ നടത്തിയ പഠനം വിശദമാക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ‘രണ്ടാമത്തെ സ്ത്രീ’ ഭാര്യയുടെയത്ര സുന്ദരിയായിരുന്നില്ല എന്നും അവരിൽ 88% പേർ സമ്മതിക്കുന്നുണ്ട്.

പുരുഷൻ ബാഹ്യതലത്തിൽ കരുത്തനും ഗൗരവപ്രകൃതന്യമാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ സുരക്ഷിതത്വമില്ലായ്മ്‌മ അനുഭവിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്രജ്‌ഞർ പറയുന്നത്. തന്‍റെ മനസ്സിന് ആശ്വാസവും ആഹ്ളാദവും പകരുന്ന കാമുകിയെ അയാൾ അന്വേഷിച്ചുകൊണ്ടിരിക്കും.

വിവാഹശേഷം ദാമ്പത്യജീവിതത്തി ലുണ്ടാവുന്ന മാറ്റങ്ങൾ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ അവരറിയാതെ തന്നെ ഒരു വിടവ് സൃഷ്‌ടിക്കും. ഔദ്യോഗിക തിരക്കു കൾ, ചിന്തകൾ, കുട്ടികളുടെ പഠനം, ഉത്തരവാദിത്തം എന്നിവയ്ക്കിടയിൽപ്പെട്ട് ഇരുവരുടേയും മനോവികാരങ്ങൾ കൈമോശം വരാം. നന്മകളെക്കുറിച്ച് പരസ്‌പരം ബോധ്യമുണ്ടെങ്കിലും പ്രശംസിക്കുവാൻ അവർ ഒരുപക്ഷേ, മറന്നുപോയേക്കാം. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ മുന്നാമതൊരാൾ കടന്നുവരാൻ ഈ സാഹചര്യം അനായാസം വഴിയൊരുക്കുന്നു.

“ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പല ഘട്ടങ്ങളിലായി ഇമോഷണൽ അറ്റാച്ചുമെന്‍റ് കുറഞ്ഞുവരാം. ഭർത്താവിന്‍റെ അഭിപ്രായങ്ങളോടും താല്‌പര്യങ്ങളോടും ഭാര്യ തീരെ താല്പ‌ര്യം കാട്ടാതെയാവുന്നതോടെ ഭർത്താവ് തന്‍റെ താല്‌പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവയ്ക്കാൻ കഴിയുന്ന മറ്റൊരു ഇണയെ തേടിപ്പോകാനുള്ള സാധ്യതയേറെയാണ്. തുടക്കത്തിൽ ഒരു കോഫിയിൽ തുടങ്ങുന്ന ബന്ധം ക്രമേണ വൈകാരികാടുപ്പമായിത്തീരാം.” പ്രശസ്ത മാര്യേജ് കൗൺസിലറായ കമൻ ഖുരാന പറയുന്നു.

ജീവിതത്തിനൊരു ആവേശവും മാറ്റവും വേണമെന്ന് ആഗ്രഹിച്ച് വിവാഹേതരബന്ധങ്ങളിൽ പ്രവേശിക്കുന്നവരുമുണ്ട്. വൈകാരികാടുപ്പത്തേക്കാൾ ശാരീരികമായ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കും ഇത്തരക്കാർ. ലൈംഗിക അസംതൃപ്തി, പ്രതികാരം അല്ലെങ്കിൽ ഭാര്യയുടെ ശ്രദ്ധയാകർഷിക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാണ് പൊതുവെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുന്നത്.

സൂചനകൾ

ഭർത്താവിന്‍റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ നോക്കി രഹസ്യബന്ധം തിരിച്ചറിയാനാവും.

  • വീടിനു പുറത്ത് അധിക സമയം ചെലവഴിക്കുക.
  • ലൈംഗിക താല്പര്യമില്ലായ്മ.
  • മുഖത്തുനോക്കി സംസാരിക്കാനുള്ള വിമുഖത.
  • കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കുക.
  • ഫോൺവിളികൾക്ക് പലപ്പോഴും മറുപടി പറയാതിരിക്കുക. പ്രത്യേകിച്ച് ഭാര്യ അടുത്തുള്ളപ്പോൾ.
  • അനാവശ്യമായി ഭാര്യയെ കുറ്റപ്പെടുത്തുക, ദേഷ്യപ്പെടുക.
  • വീട്ടിൽ എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടാകുക.
  • ഓവർടൈം ഇരിക്കുക. എന്നാൽ ശമ്പളത്തിൽ വർദ്ധനവുണ്ടാകാതിരിക്കുക.
  • വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. (കാമുകിയുമൊത്ത് ഭക്ഷണം കഴിച്ചതിനാലാണിത്.)
  • വസ്ത്രങ്ങളിൽ നിന്നും പുതിയ പെർഫ്യൂ മിൻ മണമുയരുക.
  • സംഗീതത്തോടുള്ള ഇഷ്‌ടത്തിൽ മാറ്റം.
  • സ്വന്തം അപ്പിയറൻസിൽ കൂടുതൽ ബോധവാനാകുക.
  • ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ പതിവിനു വിപരീതമായി കമ്പ്യൂട്ടറിനു മുന്നിൽ ഏറെ സമയം ചെലവഴിക്കുക.
  • ജോയിന്‍റ് അക്കൗണ്ടിലുള്ള നിക്ഷേപം കുറയുക.
  • ഭാര്യയുടെ സാന്നിധ്യം സുഖപ്രദമായി തോന്നാതിരിക്കുക.
  • ബ്ലാങ്ക് കോളുകളുടെ എണ്ണത്തിലുള്ള വർദ്ധന.
  • രാത്രി വളരെ വൈകിയും ഭർത്താവ് ഫോണിൽ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുക.

ഭർത്താവിന്‍റെ ഇത്തരം ഒളിച്ചുകളികൾ എങ്ങനെ നേരിടുമെന്നത് ഒരു സങ്കീർ പ്രശ്നമാണ്. അതുകൊണ്ട് ഗൗരവ പൂർണ്ണമായ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങൾ കുടി പരിഗണിക്കേണ്ടതായി വരുന്നു. ചില സുപ്രധാന വസ്‌തുതകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

സമചിത്തത കൈവെടിയാതിരിക്കുക: ഈ സാഹചര്യത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് സ്വാഭാവികമായും അമർഷം തോന്നാം. പക്ഷേ, മാനസികമായി വിഷമതകളുണ്ടായാലും സ്വയം നിയന്ത്രിക്കുക. വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെട്ട് ഭാര്യ സ്വീകരിക്കുന്ന നടപടി സ്‌ഥിതി ഗതികൾ കൂടുതൽ വഷളാക്കാൻ ഇടയുണ്ട്.

വീടുപേക്ഷിക്കരുത്: ഭർത്താവിന്‍റെ ‘അഫയറി’നെക്കുറിച്ച് അറിഞ്ഞയുടൻ വീടുപേക്ഷിച്ച് പോകുന്നത് ഉചിതമായ നടപടിയല്ല. ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുമ്പോൾ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള അവസരം ഭാര്യയ്ക്കുമുണ്ട്. ഭർത്താവിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സത്യാവസ്‌ഥയും മനസ്സിലാക്കാൻ ശ്രമിക്കുക.

മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കുക: സുഹൃത്തിനോടോ ബന്ധുവിനോടോ പ്രശ്നം പങ്കുവയ്ക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ പലപ്പോഴും അത്തരം വെളിപ്പെടുത്തലുകൾ വിനയാകാറുണ്ട്. ഇത്തരം വിഷയങ്ങൾ പരസ്യമാകാൻ അധികനേരം വേണ്ടിവരില്ല.

ഭർത്ത്യവീട്ടുകാരെ ഈ വിഷമം അറിയിക്കുകയാണെങ്കിൽ അവരുടെ പ്രതികരണം രണ്ട് തരത്തിലുള്ളതാവാം. ഭർത്താവിന്‍റെ പക്ഷത്തുനിന്ന് സംസാരി ക്കുകയോ, വിഷയത്തെ അവർ കൂടുതൽ ഗൗരവമായി കാണുകയോ ചെയ്യാം. അതിൽ നിന്നുണ്ടാവുന്ന അപമാനം ചുറ്റുമുള്ളവരുടെ പ്രതികരണം ദാമ്പത്യ ബന്ധത്തെ കൂടുതൽ വഷളാക്കും. ഭർത്താവിനെ കൂടുതൽ കുപിതനാക്കിയേക്കാം. വിഷമം സഹിക്കാനാവുന്നില്ലെങ്കിൽ മാത്രമേ മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

ഒന്നും അറിയില്ലെന്ന നാട്യമരുത്: ഭർത്താവിന്‍റെ രഹസ്യ ബന്ധത്തെക്കുറിച്ചൊന്നും അറിയില്ലെന്ന് നടിക്കരുത്. അഫയർ മുന്നോട്ടു കൊണ്ടുപോകാൻ ഭർത്താവിന് കൂടുതൽ പ്രേരണയും ധൈര്യവും പകരും. ഭാര്യയുടെ നിസ്സംഗഭാവം മൗനാനുവാദമായി തെറ്റിദ്ധരിച്ചേക്കാം. തനിക്കെല്ലാം അറിയാമെന്ന് ഭർത്താവിനോട് വ്യക്തമാക്കാം. തന്‍റെ അമർഷവും വെറുപ്പും വെളി പ്പെടുത്താം. സത്യാവസ്‌ഥ വെളിപ്പെടുത്തു ന്നതിന് വ്യക്തമായ തെളിവിനുവേണ്ടി കാത്തിരിക്കേണ്ടി വരാം. സമയവും സന്ദർഭവും നോക്കി വേണം കാര്യം അവതരിപ്പിക്കാൻ.

സ്വന്തം ഊർജ്ജവും സമയവും നഷ്ടപ്പെടുത്തരുത്: പ്രസ്തുത സ്ത്രീയെക്കുറിച്ച് അനാവശ്യമായി സംസാരിക്കുകയോ അവരുടെ പേര് പലയാവർത്തി പരാമർശി ക്കുകയോ ചെയ്യുന്നത് ആ ബന്ധം വേരുറപ്പിക്കാൻ പ്രേരണ നല്‌കും. ഭർത്താവിന്‍റെ കാമുകിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയോ ദേഹോപദ്രവം ഏല്‌പിക്കുകയോ ചെയ്യുന്നത് ചിലപ്പോൾ നിയമ നടപടികളിലേക്ക് നയിക്കും.

സ്വയം വില കുറച്ചു കാണരുത്: ഭർത്താവ് മറ്റൊരുവളെ പ്രണയിക്കുന്നുവെന്ന് കരുതി അപകർഷതാബോധത്തിന് അടിമപ്പെടരുത്. ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക. തെറ്റുകൾ തിരുത്താൻ അദ്ദേഹത്തിന് ഒരവസരം കൂടി നല്‌കുക. ഭർത്താവിനോട് കാമുകിയെക്കുറിച്ച് ചോദിക്കുന്നതിന് പകരം സ്വന്തം ദാമ്പത്യത്തെ നോർമൽ ട്രാക്കിലാക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക.

ഭർത്താവിന്‍റെ രഹസ്യബന്ധത്തെക്കുറിച്ചറിയുന്ന ഭാര്യ ഉടനടിയുള്ള പ്രതികരണം ഒഴിവാക്കണം. ഭർത്താവിന് ഈ സന്ദർഭത്തിൽ വൈകാരികവും ശാരീരികവുമായ സംത്യപ്‌തി ആവോളം ലഭിക്കും. എന്നാൽ ഭാര്യ വീട്ടിൽ ഒറ്റപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്ഥിതിഗതികൾ തനിക്ക് അനുകൂലമായി പരിണമിക്കണമെന്ന കാര്യത്തിന് ഭാര്യ പ്രാധാന്യം നല്‌കുക. പ്രശ്ന‌ം വലിയൊരു അപകടമായി കാണാതിരിക്കുന്നതാണ് ബുദ്ധി. ഒരു കപ്പ് കോഫി വരെ നീണ്ടിരുന്ന ബന്ധം വളരെ ‘ഇന്‍റിമേറ്റായ റിലേഷൻഷിപ്പിലേക്ക്’ വളരാൻ ഭാര്യയുടെ അനവസരത്തിലുള്ള പ്രതികരണം ഇടയാക്കും.” മാര്യേജ് കൗൺസിലർ കമൽ ഖുരാന പറയുന്നു.

ബന്ധം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിന് പകരം ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കാൻ ഭാര്യ മുൻകൈയെടുക്കണം. ഒരുപക്ഷേ, മനഃപൂർവ്വം ഭാര്യയെ വേദനിപ്പിക്കാൻ ചെയ്തതാവാം. സ്വന്തം ചെയ്തിയിൽ ഭർത്താവ് ലജ്‌ജിക്കുകയോ പാശ്ചാത്തപിക്കുകയോ ചെയ്യാം. തെളിവുകൾ: തെളിവുകൾ എന്തുമാകാം. കാമുകിയുടെ പേര്, ഇരുവരും കൂടിക്കാഴ്ച നടത്തിയ തീയതി, സമയം, സ്‌ഥലം, ഓഫീസിൽ ഭർത്താവിന്‍റെ അഭാവം, ഫോൺ കോളുകൾ, ഫോട്ടോ, രേഖകൾ, ശാരീരിക തെളിവുകൾ അങ്ങനെ എന്തും.

ബന്ധത്തിന്‍റെ ആഴവും തീവ്രതയും സൂചിപ്പിക്കുന്നവയാണ് തെളിവുകൾ എങ്കിൽ ഭാര്യയ്ക്ക് വ്യക്‌തമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. തീരുമാനം ബുദ്ധിപൂർവ്വം: തെളിവ് കിട്ടിയ ഉടൻ വിവാഹമോചനത്തെക്കുറിച്ച് എടുത്തുചാടി തീരുമാനിക്കരുത്. ദാമ്പത്യത്തിന്‍റെ ശരിയായ ട്രാക്കിലെത്താൻ ഭർത്താവിന് ഒരവസരംകൂടി നല്‌കുക. ഒരു ലാസ്‌റ്റ് ചാൻസ്.

കണ്ണുകൾക്കടിയിൽ കറുത്ത പാടുണ്ടാകാൻ കാരണം?

ചോദ്യം: 44 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുണ്ടായിരിക്കുന്നു. പല്ലിന്‍റെ കോണുകൾ പൊട്ടിപ്പോയിട്ടുമുണ്ട്. ഉറക്കത്തിൽ ഞാൻ പല്ല് കടിക്കാറുണ്ടെന്നാണ് ഭർത്താവ് പറയുന്നത്. അടുത്തിടെ ദന്തഡോക്ടറെ കണ്ടപ്പോൾ അദ്ദേഹവും ഇതേകാര്യം ചോദിച്ചു. ഈ പ്രശ്നത്തിൽ നിന്നും മോചനം നേടുന്നതിന് എന്താണൊരു പോംവഴി?

ഉത്തരം: ഉറക്കത്തിൽ പല്ല് കടിക്കുന്ന ശീലമുള്ളവരുടെ പല്ലുകൾ പ്രായമാകുംമുമ്പ് ഇളകിത്തുടങ്ങും. പല്ലുകൾ തമ്മിലുള്ള തുടർച്ചയായ ഘർഷണം മൂലം പല്ലുകൾക്ക് തേയ്മാനം സംഭവിക്കാം. കൂടാതെ, പല്ലുകൾക്കിടയിൽ വിടവുണ്ടായി പല്ലുകളുടെ കോണുകൾ പൊട്ടിപ്പോകാനും അതിടയാക്കും.

ഉറക്കത്തിൽ പല്ല് കടിക്കുന്നതിന് പ്രധാന കാരണം മാനസിക പിരിമുറുക്കമാണ്. പ്രാണായാമം, യോഗ, രാവിലെ യും വൈകുന്നേരവുമുള്ള നടത്തും, രാത്രിയിൽ കിടക്കുന്നതിന് മുമ്പുള്ള യോഗ നിദ്ര എന്നിവ മനഃശാന്തി ലഭിക്കാൻ സഹായിക്കും. ഇതുകൊണ്ടാന്നും ഫലമുണ്ടായില്ലെങ്കിൽ ഏതെങ്കിലും ദന്ത ചികിത്സകനെക്കൊണ്ട് മൗത്ത് ഗാർഡ് വയ്പിക്കാം. ഇത് ധരിച്ചു കൊണ്ട് ഉറങ്ങിയാൽ പല്ലുകൾ തമ്മിൽ കൂട്ടിയിറുമ്മുകയില്ല.

താഴത്തേയും മുകളിലേയും പല്ലുകളുടെ അഗ്രങ്ങൾ തമ്മിൽ യോജിപ്പില്ലാത്തതു കൊണ്ടും പല്ലുകൾ കുട്ടിയിറുമ്മാനുള്ള സാധ്യതയുണ്ടാകാം. പല്ലുകൾ നിരയൊത്തതാക്കുന്നതിലൂടെ ഈ പ്രശ്നം ഒഴിവായിക്കിട്ടും. വിടവുണ്ടായിട്ടുള്ള പല്ലിന്‍റെ അരിക് പൊട്ടിയിട്ടുണ്ടെങ്കിൽ അത് പുനർനിർമ്മിച്ച് പ്രശ്നം പരിഹരിക്കാം. അതിനായി പലതരത്തിലുള്ള റിസ്‌റ്റോറേഷൻ പ്രതിവിധികൾ സ്വീകരിക്കണം. ഉദാ: വിടവുകൾ അടയ്ക്കുക, പൊട്ടിപ്പോയ പല്ലിന്‍റെ മുകളിൽ ക്രൗൺ ഇടുക, കേടു സംഭവിച്ച പല്ലിന് മുകളിൽ വിനിയർ പിടിപ്പിക്കു ക തുടങ്ങിയ ദന്തചികിത്സാ രീതികൾ.

ചോദ്യം: പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അടിക്കടി വായ്പ്പുണ്ണുണ്ടാകുന്നു. പല ചികിത്സകളും നടത്തി നോക്കിയെങ്കി ലും ഫലമുണ്ടായില്ല. എന്തു കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? ഇതൊഴിവാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?

ഉത്തരം: പിരിമുറുക്കം, ശരീരത്തിൽ വിറ്റാമിൻ ബി കോംപ്ലക്സ‌ിന്‍റെ കുറവ്, ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയൂക എന്നിവയൊക്കെയാണ് വായ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ, പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഈ പ്രശ്നം ഒഴിവായിക്കിട്ടും. മനസ്സിന്‍റെ പിരിമുറുക്കമകലാൻ പതിവായി വ്യായാമം ചെയ്യുക.

വായ്പ്പുണ്ണ് ഉണ്ടാവുന്ന അവസരങ്ങളിൽ വായ്ക്കകത്ത് രണ്ടുമൂന്നു പ്രാവശ്യം 0.1 ശതമാനം കേനാകോർട്ട് ഓറൽ ജെൽ പുരട്ടുക. ഭക്ഷണം കഴിച്ചശേഷം ഇത് പുരട്ടാം. വായ്പ്പുണ്ണ് ഏതാനും ദിവസങ്ങൾക്കകം മാറും.

ചോദ്യം: 25 വയസ്സുള്ള വിവാഹിതയാണ് ഞാൻ. എന്‍റെ കണ്ണുകൾക്കടിയിൽ കറുത്ത പാടുണ്ടാവുന്നു. എന്തുകൊണ്ടാണ് കറുത്ത പാടുണ്ടാകുന്നത്? ഇത് മാറാൻ ഫലപ്രദമായ മരുന്നുകളോ ക്രീമുകളോ ലഭ്യമാണോ?

 ഉത്തരം: കണ്ണുകൾക്കടിയിൽ കറുത്ത പാടുണ്ടാകുന്നത് സാധാരണ പ്രശ്നമാണ്. പാരമ്പര്യമായും ഇതുണ്ടാകാം. കണ്ണിനു സമീപത്തായി മെലാനിൻ കോശങ്ങൾ പെരുകുന്നതുമൂലമാണ് ഇതുണ്ടാവുന്നത്. നേത്രഗോളത്തിന്‍റെ ആഴം, അതിന്‍റെ ആകൃതി തുടങ്ങിയ കാര്യങ്ങളും കണ്ണിന് ചുറ്റുമുള്ള നിറത്തെ സ്വാധീനിക്കാം. ഉറക്കമില്ലായ്മയും ശരീരത്തിൽ രക്തത്തിന്‍റെ അളവു കുറയുന്നതും ഈ കറുപ്പ് അധികമായി തോന്നിക്കാനിടയാക്കും.കണ്ണിനടിയിൽ വിറ്റാമിൻ ഇ ക്രീമും ഹൈഡ്രോക്സി ക്വിനോൻ ക്രീമും പുരട്ടുന്നത് ഗുണം ചെയ്യും. ശരിയായ മേക്കപ്പിലൂടെ ഈ കറുപ്പിനെ വിദഗ്‌ധമായി മറയ്ക്കാം.

ചോദ്യം: 24 വയസ്സുണ്ട്. ആറു വർഷമായി എന്‍റെ മുടി വല്ലാതെ കൊഴിയുന്നു. കുറച്ചു നാളുകളായി ഒരു ചർമ്മരോഗ വിദഗ്‌ധന്‍റെ ചികിത്സയിലാണ്. തലയിൽ ഫിനോസ്ട്രോയിഡ് ലോഷൻ പുരട്ടുന്നുണ്ട്. ലോഷൻ പുരട്ടിത്തുടങ്ങിയതോടെ മുടികൊഴിച്ചിൽ നിന്നു. എന്നാൽ ലോഷൻ പുരട്ടുന്നത് നിർത്തിയതോടെ വീണ്ടും മുടി കൊഴിഞ്ഞു തുടങ്ങി.

ഉത്തരം: ഫിനോസ്ട്രോയിഡ് ലോഷൻ ഉപയോഗിക്കുമ്പോൾ മുടി കൊഴിച്ചിൽ നിലയ്ക്കുന്നു. നിർത്തുമ്പോൾ വീണ്ടും മുടി കൊഴിഞ്ഞു തുടങ്ങുന്നു. ഇങ്ങനെ പ്രശ്നമുള്ള സ്ഥിതിക്ക് ഒരിക്കൽക്കൂടി ചർമ്മരോഗ വിദഗ്‌ധനെ കണ്ട് വേണ്ട ഉപദേശം തേടുക. ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള മരുന്നുകൾ കഴിക്കുകയും വേണം. ഭക്ഷണ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക. ഭക്ഷണം പോഷക സമ്പുഷ്ടമായിരിക്കണം.

ചോദ്യം: എനിക്ക് 51 വയസ്സുണ്ട്. കുറേ നാളുകളായി വളരെ നിസ്സാര കാര്യത്തിൽപ്പോലും ദേഷ്യം വരുന്നു. ചില വസ്‌തുക്കൾ എവിടെയാണ് വെച്ചതെന്നുപോലും മറന്നു പോകുന്നു. ചിലപ്പോൾ ഒരേ വസ്തുതന്നെ പലയാവർത്തി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടി വരും. ഉദാ: വീട് ലോക്ക് ചെയ്താലും ലോക്ക് ചെയ്തോ, ഇല്ലയോ എന്ന സംശയമായിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഉത്തരം: ഇത് വിഷാദത്തിന്‍റെ ഒരു ലക്ഷണമാണ്. ഈ സാഹചര്യം മനസ്സിന്‍റെ ഏകാഗ്രതയെ ദോഷകരമായി സ്വാധീനിക്കുന്നതുകൊണ്ടാണ് ഓർമ്മശക്തിയിലും പ്രതികുലമായ മാറ്റങ്ങളുണ്ടാകുന്നത്. അതുകൊണ്ട് ഏതെങ്കിലും മനോരോഗവിദഗ്‌ധനെ കണ്ട് ഇതിനുള്ള ചികിത്സ തേടേണ്ടതാണ്. സ്വന്തം സുഖദുഃഖങ്ങളെക്കുറിച്ചും അസ്വസ്‌ഥതകളെക്കുറിച്ചും മനോവികാരങ്ങളെക്കുറിച്ചും ഏറ്റവും അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതും ഗുണം ചെയ്യും.

സ്വന്തം നേട്ടങ്ങളെക്കുറിച്ചും നല്ല കാര്യങ്ങളെക്കുറിച്ചും അഭിമാനപൂർവ്വം ഓർക്കാൻ ശ്രമിക്കുക. ജീവിതത്തെക്കുറി ച്ച് പോസിറ്റീവായി ചിന്തിക്കുക. ചെയ്യാൻ പോകുന്ന പ്രവൃത്തി അശുഭമാകും, ഫലവത്താവില്ല എന്നിങ്ങനെയുള്ള ചിന്തകൾ പാടില്ല. കഴിവതും പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. എന്നും വ്യായാമം ചെയ്യുക. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം വിനോദയാത്രയ്ക്ക് പോവുകയോ അവരോട് സംസാരിക്കുകയോ ചെയ്യുക. പതിയെപ്പതിയെ നിങ്ങളുടെ ഭീതി അകന്നുകിട്ടും.

മിനിട്ടുകൾക്കുള്ളിൽ ഹോം ഫേഷ്യൽ

ബ്യൂട്ടി ക്ലിനിക്കിൽ പോകാനോ മുഖമൊന്നു മിനുക്കാനോ സമയം തീരെ കിട്ടുന്നില്ലേ? ഹോം ഫേഷ്യൽ നിങ്ങളുടെ സഹായത്തിനുണ്ട്. സാധാരണയായി അഞ്ചുതരം സ്കിന്നുകളാണുള്ളത്. നോർമൽ, ഓയിലി, ഡ്രൈ, കോമ്പിനേഷൻ, സെൻസിറ്റീവ് എന്നിങ്ങനെ ഓരോരുത്തരുടെയും സ്ക‌ിന്നിനിണങ്ങുന്ന ബ്യൂട്ടി പ്രോഡക്ട്‌സ് ഉപയോഗിച്ചുവേണം ഫേഷ്യൽ ചെയ്യേണ്ടത് എന്നുമാത്രം.

ആവശ്യമായ സമയം: 20- 30 മിനിറ്റ്.

ആവശ്യമുള്ള വസ്തു‌ക്കൾ:

  • ഇളം ചൂടുവെള്ളം
  • സ്‌കിൻ ക്ലെൻസർ
  • എക്സ‌് ഫോളിയേറ്റ് സ്ക്രബ്ബ്
  • മാസ്‌ക്
  • മോയ്‌സ്‌ചറൈസർ
  • കോട്ടൺ തുണി/പഞ്ഞി
  • ടവ്വൽ

ഫേഷ്യൽ ചെയ്യുന്നതിനുമുമ്പ് ഫേഷ്യലിനാവശ്യമായ വസ്‌തുക്കൾ അടുത്തുവയ്ക്കുക. ഫേഷ്യലിനിടയ്ക്ക് ഓരോന്നും അന്വേഷിച്ച് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

ബേസിക്

ആദ്യം ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ഓയിലി/ കോമ്പിനേഷൻ സ്‌കിന്നിന് ജെൽ ക്ലെൻസറും ഡ്രൈ സ്‌കിന്നിന് ക്രീം ക്ലെൻസർ/ മിൽക്ക് ക്ലെൻസറും ഉപയോഗിക്കണം. ഇതുകൂടാതെ വീട്ടിൽ തയ്യാറാക്കുന്ന ക്ലെൻസറും ഫേഷ്യലിനായി ഉപയോഗിക്കാം.

തേൻ – ജാതിക്ക ക്ലെൻസർ

ഒരു സ്‌പൂൺ ജാതിക്ക അരച്ചതും. ഒരു സ്‌പൂൺ തേനും ചേർത്ത് പേസ്റ്റ് തയ്യാറാക്കി 20 മിനിറ്റോളം മുഖത്ത് പുരട്ടുക. ഇനി മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്‌ചയിൽ രണ്ടുതവണ ഇതാവർത്തിക്കുക. മുഖത്തെ പാടുകൾ മാറും.

സിട്രസ്സ് ബ്ലാക്ക്ഹെഡ് റിമൂവർ

ബ്ലാക്ക് ഹെഡ്‌സ് അകറ്റുന്നതിന് രാത്രി ഉറങ്ങുന്നതിനുമുമ്പ് പകുതി നാരങ്ങയെടുത്ത് മുഖത്ത് നന്നായി റബ്ബ് ചെയ്യുക. നാരങ്ങാനീരും രണ്ടു സ്‌പൂൺ റോസ് വാട്ടറും മുഖത്ത് പുരട്ടി വയ്ക്കുക.

സ്ക്രബ്ബിംഗ്

മുഖം കഴുകിയശേഷം സ്ക്രബ്ബ് വട്ടത്തിൽ വിരലുപയോഗിച്ച് മൃദുവായി മുഖത്ത് റബ്ബ് ചെയ്യണം. മൂക്ക്, മുക്കിന്‍റെ വശങ്ങൾ, നെറ്റി, താടിയുടെ ഭാഗം എന്നിവ വേണം കൂടുതൽ വൃത്തിയാക്കാൻ. ഓയിലി കോമ്പിനേഷൻ സ്‌കിന്നിന് എണ്ണമയം അധികമുള്ള ഭാഗത്ത് റബ്ബ് ചെയ്യുക. 5-10 മിനിറ്റോളം തുടരണം. ഇനി തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

സ്‌റ്റീം

സ്ക്രബ്ബിംഗിനുശേഷം ചർമ്മത്തിലെ തുറന്ന സുഷിരങ്ങൾ പൂർവ്വസ്‌ഥിതിയിലാകുന്നതിന് ഇളംചൂടുവെള്ളത്തിൽ മുക്കിയ തുണികൊണ്ട് രണ്ടുമൂന്നു തവണ മുഖം ഒപ്പുക.

മാസ്‌ക്

സ്റ്റീമിംഗിനുശേഷം മാസ്ക‌് പുരട്ടാം. എണ്ണമയമുള്ള ചർമ്മത്തിന് ക്ലേ മാസ്‌ക്, വരണ്ട ചർമ്മത്തിന് ഹൈഡ്രേറ്റിംഗ് ജെൽ, ക്രീം മാസ്‌ക് അനുയോജ്യമായിരിക്കും. കൺതടത്തിനു ചുറ്റും മാസ്‌ക് പുരട്ടരുത്. മാസ്‌ക്, കുറച്ചുനേരം മുഖത്തു പുരട്ടി വയ്ക്കുക. ഇനി തണുത്തവെള്ളത്തിൽ മുഖം കഴുകാം.

ഓയിലി സ്ക‌ിൻ മാസ്‌ക്

ക്ലേ മാസ്‌ക്

  • ഒന്നര സ്‌പൂൺ ക്ലേ/ മുൽത്താനി മിട്ടി
  • ഒന്നര സ്‌പൂൺ കെയോലിൻ ക്ലേ
  • അര സ്‌പൂൺ അലോവേര ജെൽ
  • ഒരു സ്‌പൂൺ റോസ് ‌വാട്ടർ
  • രണ്ട് തുള്ളി റോസ് എസ്സെൻഷ്യൽ ഓയിൽ

തയ്യാറാക്കുന്ന രീതി: ഇവയെല്ലാം നന്നായി യോജിപ്പിച്ച് നാല് ആഴ്‌ചയോളം ഫ്രിഡ്‌ജിൽ വച്ച് മുഖത്തു പുരട്ടാം.

ബനാന മാസ്‌ക്

  • വാഴപ്പഴം ഒന്ന്
  • ഒരു സ്‌പൂൺ തേൻ
  • ഒരു ഓറഞ്ച്/ നാരങ്ങ

തയ്യാറാക്കുന്ന രീതി: പഴം നന്നായുടച്ച് തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് നാരങ്ങ/ ഓറഞ്ച് നീര് ചേർ ക്കുക. ഈ മിശ്രിതം 15 മിനിറ്റോളം മുഖത്ത് പുരട്ടി വയ്ക്കണം. ഇനി തണുത്ത വെള്ളത്തിൽ മുഖം കഴുകി ഇളം ചൂടുവെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടയ്ക്കാം.

ജ്യൂസ് മാസ്‌ക്

  • ഒരു സ്‌പൂൺ നാരങ്ങാനീര്
  • രണ്ട് മുട്ടയുടെ വെള്ള
  • മൂന്ന് സ്‌പൂൺ തേൻ
  • ഒരു കപ്പ് സ്ട്രോബറി
  • നാലുതുള്ളി എസ്സെൻഷ്യൽ ഓയിൽ

തയ്യാറാക്കുന്ന രീതി: ഇവയെല്ലാം നന്നായി യോജിപ്പിച്ച് 10 മിനിറ്റോളം മുഖത്ത് പുരട്ടിവയ്ക്കുക. ഇനി തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

കോമ്പിനേഷൻ സ്കിൻ മാസ്‌ക്

റോസ് ഫേയ്‌സ് മാസ്‌ക്

  • രണ്ട് സ്‌പൂൺ റോസ് വാട്ടർ
  • ഒരു സ്‌പൂൺ തൈര്
  • ഒരു സ്‌പൂൺ തേൻ
  • ആറ് റോസാ ഇതളുകൾ

തയ്യാറാക്കുന്ന രീതി: റോസാ ഇതളുകൾ നന്നായുണക്കി ക്രഷ് ചെയ്‌ത്‌ റോസ് വാട്ടർ, തേൻ, തൈര് എന്നിവ യോജിപ്പിക്കുക. ഇത് 10 മിനിറ്റോളം മുഖത്ത് പുരട്ടി വച്ചശേഷം കഴുകിക്കളയാം.

വരണ്ട ചർമ്മത്തിന്

അവോകാഡോ മാസ്‌ക്

  • കാൽ കപ്പ് തേൻ
  • പകുതി അവോകാഡോ

തയ്യാറാക്കുന്ന രീതി: അവോകാഡോ മഷ് ചെയ്‌ത് തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് 10 മിനിറ്റോളം മുഖത്ത് പുരട്ടിവച്ചശേഷം കഴുകിക്കളയാം.

മിൽക്ക് മാസ്‌ക്

  • ഒരു സ്‌പൂൺ മിൽക്ക് പൗഡർ
  • ഒരു സ്‌പൂൺ തേൻ
  • ഒരു സ്‌പൂൺ അവോകാഡോ ജെൽ
  • രണ്ടുതുള്ളി എസ്സെൻഷ്യൽ ഓയിൽ

തയ്യാറാക്കുന്ന രീതി: ഇവയെല്ലാം നന്നായി യോജിപ്പിച്ച് 10 മിനിറ്റോളം മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

ജീവസ്സറ്റ ചർമ്മത്തിന്

ഷുഗർ മാസ്‌ക്

  • രണ്ട് സ്‌പൂൺ പഞ്ചസാര
  • മൂന്ന് സ്‌പൂൺ ഇളം ചൂടുവെള്ളം

തയ്യാറാക്കുന്ന രീതി: പഞ്ചസാര വെള്ളത്തിൽ കലക്കി മുഖത്തു പുരട്ടി അധികം അമർത്താതെ മസാജ് ചെയ്യുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

സെൻസിറ്റീവ് സൺബേൺ

യോഗെർട്ട് മാസ്‌ക്

  • ഒരു കപ്പ് തൈര്
  • അര കപ്പ് ബാർലി മാവ്

തയ്യാറാക്കുന്ന രീതി: ഇവ രണ്ടും നന്നായി യോജിപ്പിച്ച് പത്തുപതിനഞ്ചു മിനിറ്റോളം മുഖത്ത് പുരട്ടിവയ്ക്കുക. പിന്നീട് കഴുകിക്കളയാം.

കുറിപ്പ്: മാവിൽ മുട്ടയുടെ വെള്ള ചേർത്ത് പത്തുപതിനഞ്ചു മിനിറ്റോളം മുഖത്ത് പുരട്ടിവച്ചശേഷം കഴുകിക്കളയാം. നല്ലൊരു മാസ്കാണിത്.

മോയ്സ്‌ചറൈസ്

മുഖത്തെ മാസ്‌ക് കഴുകിക്കളഞ്ഞ ശേഷം ചർമ്മത്തിനിണങ്ങുന്ന നല്ലൊരു മോയ്സ്‌ചറൈസർ പുരട്ടുക. ഹോം ഫേഷ്യലിലൂടെ പട്ടുപോലെ മിനുമിനുത്ത സുന്ദര ചർമ്മം നിങ്ങൾക്കും സ്വന്തമാക്കാം…

ഫർണിച്ചറുകൾക്ക് ലോംഗ് ലൈഫ്

നല്ല വീട്. അപ്പോൾ ഗൃഹോപകരണങ്ങളും ഫർണിച്ചറുമൊക്കെ  സ്റ്റൈലിഷ് ആകേണ്ടേ? ഫർണിച്ചർ വാങ്ങാൻ ക്രേയ്‌സുള്ളവർ അവ മെയിന്‍റയിൻ ചെയ്യുന്നതിലും ശ്രദ്ധ നല്‌കിയേ തീരു. ഗൃഹസൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ ഫർണിച്ചറുകൾക്ക് സുപ്രധാന പങ്കാണ് ഉള്ളത്. ഫർണിച്ചറുകൾ എളുപ്പം കേടാകാതിരിക്കാനും കേടുവന്ന ഫർണിച്ചറുകൾ മെയിന്‍റയിൻ ചെയ്യാനും ശ്രദ്ധിക്കണം.

  • കൂടുതൽ വെയിൽ ഏൽക്കുന്ന ഭാഗത്ത് ഫർണിച്ചർ ഇടുന്നത് ഒഴിവാക്കണം. വെയിലേറ്റാൽ തടി ചുരുങ്ങുവാനും ജോയിന്‍റുകൾ ഇളകാനും ഇടയാകും. നിറം മങ്ങും.
  • വാക്വം ക്ലീനർ ഉപയോഗിച്ച് ഫർണിച്ചർ വൃത്തിയാക്കുന്നത് ഗുണകരമായിരിക്കും. എന്നും ഫർണിച്ചറിലെ പൊടി തുടച്ചു കളയാൻ ശ്രദ്ധിക്കണം.
  • സോഫയിലോ ഫർണിച്ചറിലോ കറ പുരളുകയോ, പാട് വീഴുകയോ ചെയ്യുകയാണെങ്കിൽ ഉണങ്ങിയ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കണം.
  • ഫർണിച്ചർ വൃത്തിയാക്കാൻ ലെതർ ഫർണിച്ചർ കെയർ പ്രൊഡക്റ്റ്സ് ഉപയോഗിക്കണം. ഇത് ലെതർ ഫർണിച്ചർ സ്‌റ്റോറിൽ ലഭിക്കും.
  • ഏതു കാലാവസ്‌ഥയിലും വുഡൻ ഫർണിച്ചറുകൾക്ക് ശരിയായ സംരക്ഷണം നല്കണം. ഇത്തരം ഫർണിച്ചറുകൾക്ക് മെലാമൈൻ പോളിഷ് ചെയ്യുന്നത് കൂടുതൽ ഭംഗി പകരും, മഴക്കാലത്ത് വാട്ടർ റെസിസ്‌റ്റന്‍റായി ഇത് പ്രവർത്തിക്കും.
  • പതിവായി ഫർണിച്ചറുകൾ വൃത്തിയാക്കുന്നത് കീടങ്ങളുടെ ശല്യം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
  • സ്റ്റെയിൻലെസ്സ് സ്‌റ്റീൽ ഫർണിച്ചറുകൾക്ക് മെയിന്‍റനൻസ് വരാറില്ല. വാങ്ങുമ്പോൾ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് മാത്രം.
  • ഫർണിച്ചർ തുടച്ചു വൃത്തിയാക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കണം. വല്ലപ്പോഴുമൊരിക്കൽ ഈർപ്പമുള്ള തുണി കൊണ്ട് തുടയ്ക്കാം. സ്ഥിരമായി നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുന്നത് ഫർണിച്ചറിലെ പോളിഷ് ഇളകി തിളക്കം നഷ്ടമാകാൻ കാരണമാകും.
  • ഫർണിച്ചറിന്‍റെ ഫിനിഷിംഗിൽ കേടുപാടു സംഭവിക്കുകയാണ് എങ്കിൽ വീണ്ടും പെയിന്‍റ് ചെയ്യാം.
  • ഫർണിച്ചറിൽ വാക്സോ, മറ്റു കറകളോ പറ്റിപ്പിടിക്കുകയാണെങ്കിൽ കത്തി ചൂടാക്കി അത് ഉരച്ചു കളയാം.
  • ഫർണിച്ചറിന്‍റെ നിറം മങ്ങുകയോ നേരിയ പാട് അവശേഷിക്കുന്നുണ്ടെങ്കിലോ വീണ്ടും പോളിഷ് ചെയ്‌ത്‌ ഉപയോഗിക്കാം.
  • അൺ ഫിനിഷ്ഡ് വുഡ്, പെയിന്‍റഡ് വുഡ് ഫർണിച്ചറുകൾ പതിവായി വൃത്തിയാക്കണം.
  • തടി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഫർണിച്ചർ ദീർഘകാലം നിലനില്ക്കണമെങ്കിൽ നല്ല ഈടുള്ള തടി കൊണ്ടുള്ളവ വാങ്ങണം.
  • പ്ലൈവുഡ് ഉപയോഗിച്ച് ലാമിനേറ്റ് ചെയ്ത്‌ ഫർണിച്ചറിൽ ചൂട് കൂടുതലുള്ള വസ്തുക്കൾ വയ്ക്കരുത്. പ്ലൈവുഡ് ഇളകി പോകാൻ ഇടയാക്കും. ഉണങ്ങിയ കോട്ടൻ തുണി കൊണ്ട് പ്ലൈവുഡ് പതിവായി തുടയ്ക്കണം.
  • തേക്ക് തടി ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറിൽ പെട്ടെന്ന് ചിതൽ ആക്രമണം ഉണ്ടാവുകയില്ല. അതുകൊണ്ട് ഇത്തരം ഫർണിച്ചറുകൾ വാങ്ങാൻ മുൻഗണന നല്കണം.
  • റോട്ട് അയേൺ, ബ്രാസ്സ് എന്നിവ കൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ റെഡ് ഓക്സൈഡ് ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ. ഇത്തരം ഫർണിച്ചറുകൾ എളുപ്പം തുരുമ്പു പിടിക്കാതിരിക്കാൻ ജോയിന്‍റ്സിൽ റെഡ് ഓക്സൈഡ് പുരട്ടണം.
  • മഴക്കാലം എത്തുന്നതിനു മുമ്പുതന്നെ ഫർണിച്ചറുകൾ പെയിന്‍റ് ചെയ്യുകയോ വാർണിഷ് പുരട്ടുകയോ ചെയ്യാം. ചിതൽ ശല്യം അകറ്റാൻ ഇത് സഹായിക്കും.
  • ലിവിംഗ് റൂമിനും പൂന്തോട്ടത്തിനും കാഷ്വൽ ലൂക്ക് നല്‌കുന്ന ഫർണിച്ചറുകൾക്ക് മഴക്കാലത്ത് കൂടുതൽ ശ്രദ്ധ നല്‌കണം. ഈർപ്പം തട്ടി ഫർണിച്ചറിൽ കറുത്ത പാടുകൾ വീഴുന്ന പക്ഷം ഫംഗസ് ബാധ ഏൽക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
  • കുറേയേറെ ദിവസം വീട്ടിൽ നിന്നും മാറി നില്ക്കുന്നുണ്ടെങ്കിൽ ഫർണിച്ചറുകൾ തുണികൊണ്ട് മുടി വയ്ക്കണം.
  • ഫ്രഞ്ച് പോളിഷ്‌ ചെയ്‌ത ഫർണിച്ചറുകൾക്ക് കൂടുതൽ ശ്രദ്ധ നല്‌കണം. ഈർപ്പം തട്ടിയാൽ ഇവ എളുപ്പം കേടുവരും.

അസിഡിറ്റി നോ പ്രോബ്ലം…

പലരും വയറ്റിൽ എരിച്ചിൽ, പുകച്ചിൽ എന്നൊക്കെ പറയുന്നത് നാം സാധാരണയായി കേൾക്കാറുള്ള കാര്യമാണ്. ഉദരസംബന്ധമായ രോഗങ്ങൾ ഉള്ളവരാണ് അധികവും അസിഡിറ്റി, ഗ്യാസ് ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെപ്പറ്റി പരാതിപ്പെടുന്നത്. ഉദര സംബന്ധമായ രോഗ ലക്ഷണങ്ങൾക്കുള്ള പൊതുവായ പ്രയോഗമാണ് അസിഡിറ്റി. ശാസ്ത്രീയമായി ഇതിനെ ഡിസ്പെപ്‌സിയ എന്നാണ് വിശേഷിപ്പിക്കാറ്. പൊതുവെ 25 ശതമാനത്തോളം ആളുകളിൽ ഈ രോഗലക്ഷണം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. നെഞ്ചിലോ അടിവയറിന് മുകളിലായോ അനുഭവപ്പെടുന്ന എരിച്ചിലിനെയാണ് അസിഡിറ്റി എന്നുപറയുന്നത്. ദഹന പ്രക്രിയയ്ക്കായി ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡിന്‍റെ ഉല്പാദനം കൂടുന്നത് മൂലമുള്ള അവസ്‌ഥയാണ് ഇത്. ഇതൊരു രോഗമല്ല, രോഗ ലക്ഷണം മാത്രം.

കാരണങ്ങൾ

പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.

മരുന്നുകൾ/ വേദന സംഹാരികളുടെ അമിതമായ ഉപയോഗം.

ആമാശയ- കുടൽ സംബന്ധമായ കാരണങ്ങൾ: ഉദാ: വ്രണങ്ങൾ (peptic ulcer), അന്നനാളത്തിന്‍റെ ഏറ്റവും അടിയിലുള്ള ലോവർ ഈസോ ഫാഗൽ സ്‌ഫിങ്റ്റർ എന്ന പേശി അയയുന്നതു മൂലം ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കുയരുന്ന ഗ്യാസ്ട്രോ ഈസോ ഫാഗൽ റിഫ്ളക്‌സ് ഡിസീസ് എന്ന രോഗം, ആമാശയത്തിന്‍റെ/ കുടലിന്‍റെ ചലനത്തിലുള്ള മാറ്റം, അർബുദം, രക്തതയോട്ടം കുറയുന്നത്, അലർജി.

പാൻക്രിയാസ്/ കരൾ സംബന്ധമായ അസുഖങ്ങൾ: ഉദാ: പിത്ത സഞ്ചിയിലോ, പാൻക്രിയാസ് ഗ്രന്ഥിയിലോ കല്ല് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ.

മറ്റു രോഗങ്ങൾ മൂലം: മാനസിക പിരിമുറുക്കം, വിഷാദ രോഗം, പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി, മദ്യപാനം, പുകവലി, പ്രാതൽ ഒഴിവാക്കൽ, പ്രായാധിക്യം, അമിത വണ്ണം, ജങ്ക് ഫുഡ് കഴിക്കുക എന്നിവയൊക്കെ കാരണങ്ങളാകാം.

50 ശതമാനത്തോളം രോഗികളിൽ ഒരു കാരണവുമില്ലാതെയും അസിഡിറ്റി ഉണ്ടാകാം.

ലക്ഷണങ്ങൾ

ദീർഘനേരമുള്ള നെഞ്ചെരിച്ചിൽ, നെഞ്ചിലും പൊക്കിളിനും മുകളിലായി എരിച്ചിൽ അനുഭവപ്പെടുക, വയറുവീർക്കൽ, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ, കുറച്ചു ഭക്ഷണം കഴിക്കുമ്പോൾത്തന്നെ വയറു നിറഞ്ഞതായി തോന്നുക, പുളിച്ചു തികട്ടൽ, അജീർണ്ണം എന്നിവയാണ് മുതിർന്നവരിൽ കാണുന്ന പൊതുവായ ലക്ഷണങ്ങൾ.

കുട്ടികളിൽ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ, വേണ്ടത്ര തൂക്കം ഇല്ലാതിരിക്കുക, ഛർദ്ദി, ചുമ, ഭക്ഷണത്തോട് താല്‌പര്യം ഇല്ലാതിരിക്കുക, ഭക്ഷണം കഴിച്ച് കഴിയുമ്പോഴോ കഴിക്കുന്നതിന് മുമ്പായോ വയറുവേദന ഉണ്ടാകുക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ.

ചികിത്സ

ചികിത്സയിലൂടെ അസിഡിറ്റി നിയന്ത്രണ വിധേയമാക്കാം. ഫലപ്രദമായ ഔഷധങ്ങൾ അലോപ്പതിയിലുണ്ട്. അസിഡിറ്റി ഒരു രോഗ ലക്ഷണം ആണെന്നിരിക്കെ ഒരു വിദഗ്‌ധ ഡോക്‌ടറുടെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തി ചികിത്സ തേടുകയാണ് ഉചിതം.

ഭക്ഷണ രീതി

അസിഡിറ്റി നിയന്ത്രണവിധേയമാക്കാൻ എന്ത് കഴിക്കണം, എത്ര അളവിൽ കഴിക്കണം എന്നിവ പ്രധാനമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യ വസ്‌തുക്കൾ, ചോക്ലേറ്റുകൾ എന്നിവ പാടേ ഒഴിവാക്കണം. അസിഡിറ്റി കൂടുതൽ വഷളാക്കാൻ കാരണമാകുന്ന ഉള്ളി, പുളിയുള്ള ഫലവർഗ്ഗങ്ങൾ എന്നിവയും ഒഴിവാക്കുക. ദഹിക്കാൻ എളുപ്പമുള്ളതും കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതുമായ അരി പോലെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാം. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പായി രാത്രി ഭക്ഷണം കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. മദ്യപാനം, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ രോഗി വർ‌ജ്ജിക്കണം.

ജീവിതശൈലി

അസിഡിറ്റി കുറയ്ക്കാൻ വ്യായാമം ഫലപ്രദമാണ്. ഡിപ്രഷൻ, പിരിമുറുക്കം, ഉത്ക്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ അസിഡിറ്റി കൂടുതൽ വഷളാക്കുകയേയുള്ളു. സംഘർഷ രഹിതമായ ജീവിതം അസിഡിറ്റിയുടെ ഉപദ്രവത്തെ പൂർണ്ണമായും ഇല്ലാതാക്കും. രാവിലെയും വൈകുന്നേരവും പതിവായി നടക്കുന്നത് ഫലപ്രദമാണ്. ശരിയായ നിലയിലുള്ള ഉറക്കവും അസിഡിറ്റിയെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം

വ്യത്യസ്‌തങ്ങളായ നിക്ഷേപപദ്ധതികൾ ഉണ്ടെങ്കിലും നിക്ഷേപരംഗത്ത് ഒരു തരംഗമായി മാറിയിരിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ. ഷെയർ മാർക്കറ്റിന്‍റെ വളർച്ചയുടെ ഫലമായിത്തന്നെയാണ് മ്യൂച്വൽ ഫണ്ടുകൾ ഒരു നിക്ഷേപ മാർഗ്ഗമായി വളർന്നത്.

ഷെയർ, ബോണ്ടുകൾ തുടങ്ങിയ നിക്ഷേപ പദ്ധതികളിൽ പണം ഇൻവെസ്‌റ്റ് ചെയ്‌ത് നിക്ഷേപകർക്ക് ലാഭം ഉറപ്പാക്കുകയാണ് മ്യൂച്വൽ ഫണ്ടുകളുടെ ജോലി. നിക്ഷേപകരുടെ പണം ഇതര പദ്ധതികളിൽ നിക്ഷേപിക്കും മുമ്പ് ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് സൂക്ഷ്‌മ പഠനം നടത്തുന്നതിനാൽ നിക്ഷേപകർക്ക് ഉയർന്നലാഭം ഉറപ്പാക്കാൻ മ്യൂച്വൽ ഫണ്ടുകൾക്ക് കഴിയുന്നു. വിദേശ നിക്ഷേപ പദ്ധതികളെപ്പോലും കടത്തിവെട്ടാനുള്ള കരുത്താർ‌ജ്ജിച്ചു കഴിഞ്ഞു മ്യൂച്വൽ ഫണ്ടുകൾ.

മ്യൂച്വൽ ഫണ്ടിനുണ്ടായ ദ്രുതഗതിയിലുള്ള വളർച്ച കണ്ട് പുതിയ ചില നിക്ഷേപപദ്ധതികളും (ഫണ്ടുകൾ) രംഗത്തെത്തിയിട്ടുണ്ട്. സർക്കാരും സെബിയും പുതിയ ഫണ്ടുകൾക്ക് കൂടുതൽ പ്രോത്സാഹനം പകരുന്നുണ്ട്.

ഒന്നിനുപിറകെ ഒന്നായി മ്യൂച്വൽ ഫണ്ടുകൾ മികച്ച ഫലം കാണിച്ചു തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് വിശ്വാസമുണ്ടായിത്തുടങ്ങിയത്. മികച്ച റിസൽട്ട് കിട്ടുന്ന വളരെയധികം മൂച്വൽ ഫണ്ടുകൾ ഇന്ന് നിലവിലുണ്ട്.

പുതിയ ഫണ്ടുകളുടെ കടന്നുകയറ്റം നിക്ഷേപകരിൽ തെല്ലൊരു ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. റിസ്‌ക് ഏറ്റെടുക്കാൻ താല്പ‌ര്യമില്ലാത്തവർ കൂടുതൽ ഉയർച്ചയും താഴ്ച്‌ചയും കാട്ടുന്ന ഫണ്ടുകളിൽ നിക്ഷേപം നടത്താതിരിക്കുന്നതാണ് മെച്ചം. ഹ്രസ്വ- ദീർഘകാല നിക്ഷേപ പദ്ധതികൾ മുച്വൽ ഫണ്ടുകളിലുണ്ട്. നിക്ഷേപ കാലാവധി അറിഞ്ഞ് ആവശ്യാനുസരണം ഫണ്ടുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്.

മുച്വൽ ഫണ്ടുകളെപ്പറ്റിയുള്ള സാധാരണക്കാർക്കുള്ള സംശയങ്ങൾ തീർത്തുകൊടുക്കാൻ കമ്പനികൾ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനേക്കാൾ മുച്വൽ ഫണ്ട് വഴി ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് എന്തുകൊണ്ടും സൂരക്ഷിതം. സാധാരണക്കാരായ നിക്ഷേപകരെപ്പോലും ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കാൻ മൂച്വൽ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. ബാങ്കുകളിലെ ഫിക്സ്‌ഡ് ഡെപ്പോസിറ്റുകളെ മാത്രം ആശ്രയിച്ചിരുന്ന നിക്ഷേപകരിപ്പോൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയിരിക്കുന്നു. നിക്ഷേപ രംഗത്തുണ്ടായ ഈ മാറ്റം അറിഞ്ഞുകൊണ്ടുതന്നെ ബാങ്കുകളും മ്യൂച്വൽ ഫണ്ട് രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇൻകംടാക്സിന്‍റെ പരിധിയിൽ വരുന്ന നിക്ഷേപകരെ സംബന്ധിച്ച് മ്യൂച്വൽ ഫണ്ട് ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ഇക്വറ്റി ലിങ്ക് സേവിംഗ്‌സ് സ്ക‌ീം വഴി നിക്ഷേപകന് നികുതി കൊടുക്കുന്നതിൽ നിന്നും ഒഴിവാകാം.

ഇക്വിറ്റി, ബാലൻസ്‌ഡ്, ഡെറ്റ് എന്നിങ്ങനെ മൂന്നുതരം മ്യൂച്വൽ ഫണ്ടുകളുണ്ട്.. ഇക്വിറ്റി ഫണ്ട് ഒരു ദീർഘകാല പദ്ധതിയാണ്. അതുകൊണ്ട് വരുമാനവും ഏറും, ചില മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മൂന്നുവർഷത്തിനകം പണം തിരിച്ചെടുക്കാൻ അനുവദിക്കുക യില്ല. എന്നാലും ഇത്തരം പ്രതിബന്ധങ്ങളെ ഭയക്കേണ്ടതില്ല. അത് കൂടുതൽ ലാഭം ഉറപ്പാക്കുന്നു എന്നതുതന്നെ കാരണം. ഇൻകംടാക്‌സിന്‍റെ പരിധിയ്ക്കു പുറത്തുള്ളവർക്കും ധൈര്യപൂർവ്വം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം…

ഡെറ്റ് (Doo) സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നതിൽ റിസ്‌ക് കുറവായതുകൊണ്ട് ലാഭം വളരെ കുറവായിരിക്കും. ഡെറ്റിലും ഓഹരിയിലും നിക്ഷേപം നടത്തുന്നതിനെയാണ് ബാലൻസ്‌ഡ് ഫണ്ട് എന്നു വിശേഷിപ്പിക്കുന്നത്. ഈ ഫണ്ടിൽ റിസ്കും റിട്ടേണും തുല്യനിലയിലായിരിക്കും.

മ്യൂച്വൽ ഫണ്ടുകളുടെ വർദ്ധിച്ചു വരുന്ന സ്വാധീനം കണ്ട് സർക്കാരും ഇതിൽനിന്നും വരുമാനമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് ബിസിനസ്സിന് സർക്കാരിപ്പോൾ സ്‌റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. മണിമാർക്കറ്റിൽ ബിസിനസ്സ് ചെയ്യുക വളരെ എളുപ്പമാണെന്നാണ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള പൊതുവായ അഭിപ്രായമെങ്കിലും മ്യൂച്വൽ ഫണ്ടിൽ ഏർപ്പെടുത്തിയിട്ടുള്ള സ്‌റ്റാമ്പ് ഡ്യൂട്ടി തീർച്ചയായും ഇതിൽ നിന്നും ലഭിക്കേണ്ട ലാഭത്തിൽ കുറവുണ്ടാക്കും.

ഷെയർ മാർക്കറ്റിനൊപ്പം തന്നെ മ്യുച്വൽ ഫണ്ടിനെപ്പറ്റിയും ധാരാളം അപവാദങ്ങൾ പരക്കുന്നുണ്ടെങ്കിലും അതൊന്നും ഈ സെക്‌ടറിനെ ബാധിക്കാൻ പോകുന്നില്ല. ഷെയർമാർക്കറ്റിനുണ്ടായ ഇടിവിനെത്തുടർന്ന് മ്യൂച്വൽ ഫണ്ടുകൾ ഗണ്യമായ ലാഭം കിട്ടുന്ന കമ്പനികളുടെ ഷെയറുകളിൽ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ലാഭകരമായിരിക്കുമെന്നു തീർച്ച.

സ്പിരിച്ചുവൽ ജാൻവി

ബോളിവുഡിൽ താരങ്ങളുടെ അന്ധവിശ്വാസം പുതിയ കാര്യമല്ല. അത് നിർമ്മാതാവോ സംവിധായകനോ നടനോ- നടിയോ ആകട്ടെ, സിനിമ ഹിറ്റാകാനും അവരുടെ കരിയറിൽ തിളങ്ങാനും അവർ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക മാത്രമല്ല, ഒരുപാടു പൂജകളും പ്രാർത്ഥനകളും ഉപാസനകളും എല്ലാം അന്ധമായി വിശ്വസിച്ചു നടത്താറുണ്ട് എന്നത് രഹസ്യമായ പരസ്യമാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജാൻവി കപൂറിൽ നിന്ന് ഇത്‌ സംബന്ധിച്ചു രസകരമായ ചില കാര്യങ്ങൾ അറിയൂ..

ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായിരുന്നു ജാൻവിയുടെ അമ്മ ശ്രീദേവി. അവരുടെ ശ്രുതി മധുരമായ ശബ്ദവും സൗന്ദര്യവും ഉജ്ജ്വലമായ അഭിനയവും പ്രശസ്തിയുടെ ഉയരങ്ങളിൽ അവരെ എത്തിച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം അവരെ തട്ടിയെടുത്തത്.

അമ്മ ശ്രീദേവിയുടെ മരണശേഷം താൻ കൂടുതൽ ഈശ്വര വിശ്വാസത്തിലായെന്നും സ്പിരിച്ചുവാലിറ്റിയിൽ വിശ്വസിക്കാൻ തുടങ്ങിയെന്നും അടുത്തിടെ നടി ജാൻവി കപൂർ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു.

അത്തരം വിശ്വാസങ്ങളിൽ ഒന്ന് മുടി വെട്ടുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ച മുടി വെട്ടരുതെന്ന് താൻ വിശ്വസിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ മഹാലക്ഷ്മി വീട്ടിൽ കയറില്ലെന്ന് കരുതിയിരുന്നു എന്ന് ജാൻവി പറയുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും മറ്റും ഈ ദിവസം ധരിക്കരുത് എന്ന് നിഷ്ഠയുണ്ട്… അമ്മയുടെ മരണശേഷം, ജാൻവി വളരെ അസ്വസ്ഥയായി, അതിനാൽ ഈശ്വര കാര്യങ്ങളിൽ വിശ്വസിക്കാൻ തുടങ്ങി.

മാധ്യമങ്ങളോട് സംസാരിക്കവെ ജാൻവി പറഞ്ഞു, “എന്‍റെ അമ്മ തിരുപ്പതി ബാലാജിയിൽ ഒരുപാട് വിശ്വസിച്ചിരുന്നു. അമ്മ നാമം ജപിക്കാറുണ്ട്. അമ്മ ജോലി ചെയ്തിരുന്ന കാലത്ത് ജന്മദിനത്തിൽ ആന്ധ്രാപ്രദേശിലെ ഈ ക്ഷേത്രം സന്ദർശിക്കുമായിരുന്നു. അമ്മയുടെ മരണശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ ഞാൻ അവിടെ പോകാൻ തുടങ്ങി…”

അമ്മയുടെ മരണം ആഴത്തിലുള്ള ആത്മീയത തന്നിലേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തവണ ഈ ക്ഷേത്രം സന്ദർശിച്ച അവർ ശ്രീദേവിയുടെ ജന്മവാർഷികത്തിൽ വീണ്ടും സന്ദർശിക്കാൻ തയ്യാറായിട്ടിരിക്കുന്നു.

യഥാർത്ഥത്തിൽ അന്ധവിശ്വാസങ്ങൾക്കും പ്രത്യേക വിശ്വാസങ്ങൾക്കും പേരുകേട്ടവളായിരുന്നു ശ്രീദേവി. തുടക്കത്തിൽ അത്തരം വിശ്വാസങ്ങൾ പങ്കുവെക്കാതിരുന്ന ജാൻവി അമ്മയുടെ മരണശേഷം വലിയ മാറ്റത്തിനു വിധേയയായി..ഇത്തരം ആചാരങ്ങളിൽ കൂടുതൽ തീക്ഷ്ണതയോടെ വിശ്വസിക്കാൻ തുടങ്ങി.

അമ്മയുടെ മരണത്തോട് താൻ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ലെന്ന് ജാൻവി സമ്മതിച്ചു. അമ്മയുടെ ഓർമ്മകൾ ആത്മീയമായി സ്വീകരിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നു. തനിക്ക് ഉണ്ടായ നഷ്ടത്തെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നതായി ജാൻവി പറയുന്നു.

നേരത്തെ തന്നെ തന്‍റെ അഭിനയ കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കാത്തതിൽ ജാൻവി കപൂർ ഇപ്പോൾ ഖേദിക്കുന്നു. ശ്രീദേവിയുടെ മകൾ എന്നത് തനിക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി എന്ന് അവർ സമ്മതിക്കുന്നു, എന്നാൽ മകൾ ഒരു അഭിനേതാവാകുന്നതിൽ ശ്രീദേവിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. സിനിമ രംഗം എളുപ്പമല്ലെന്ന് അവർ മകളോട് പറയാറുണ്ടായിരുന്നു. എങ്കിലും, ജാൻവി ഒടുവിൽ അവളുടെ സ്വന്തം ആഗ്രഹപ്രകാരം സിനിമാരംഗത്തേക്ക് പ്രവേശിച്ചു.

കുട്ടിക്കാലത്തേയും അമ്മയേയും കുറിച്ച് ജാൻവി പലപ്പോഴും ഓർമ്മിക്കാറുണ്ട്. ജുഹുവിലെ അവരുടെ പഴയ വീട്ടിലേക്ക് പോകുമ്പോഴും അമ്മ തന്‍റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ജാൻവി വാചാല ആകാറുണ്ട്.

ജാൻവി കപൂറിന്‍റെ ആത്മാർത്ഥമായ ഈ സംഭാഷണങ്ങൾ ശ്രീദേവിയോടുള്ള അവളുടെ സ്നേഹത്തിന്‍റെ ആഴവും കരിയർ യാത്രയിൽ അമ്മ ചെലുത്തുന്ന സ്വാധീനവും വെളിപ്പെടുത്തുന്നു.

അമ്മയുടെ ഓർമ്മയ്ക്കായി

ആദ്യമായി ഈ ക്ഷേത്രത്തിൽ പോയപ്പോൾ താൻ വികാരാധീനയായെന്ന് ജാൻവി പറഞ്ഞു. അമ്മയുടെ മരണത്തിൽ നിന്ന് താൻ ഇതുവരെ കരകയറിയിട്ടില്ലെന്നും അവരെ എല്ലായ്‌പ്പോഴും മിസ് ചെയ്യുന്നുവെന്നും അവർ പറഞ്ഞു. തന്‍റെ ആദ്യ ചിത്രമായ ‘ധടക്’ റിലീസ് ചെയ്തപ്പോൾ അമ്മ മരിച്ചിട്ട് അധികനാളായിട്ടില്ലായിരുന്നു. എന്നാൽ ജോലിയുടെ തിരക്കിൽ സങ്കടം മറച്ചുവെക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ജാൻവിയുടെ പുതിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസിസ് മഹി’ കഴിഞ്ഞ മാസം റിലീസ് ആയി.നടൻ രാജ്കുമാർ റാവുവാണ് അവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.

പേടിക്കേണ്ട പേര് മാറ്റാം

ഒരു പേരിലെന്തിരിക്കുന്നു? വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്‌പിയറിന്‍റെ പ്രശസ്‌തമായ ഉദ്ധരണി. ജീവിതത്തിൽ ഈ വാചകം ഒരിക്കലെങ്കിലും പറയാത്തവർ ഉണ്ടാകില്ല. പക്ഷേ, കാലം മാറിയിരിക്കുന്നു… ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർ തന്നെ സമ്മതിക്കും, പേരിലാണ് പലതുമെന്ന്.

ചെറുപ്പത്തിൽ അച്‌ഛനും അമ്മയും വാത്സല്യത്തോടെ കാതിൽ വിളിച്ച പേരിന് കാലം കഴിയുന്തോറും ഗമ കുറയുന്നെന്ന് തോന്നി പുതിയ പേര് കണ്ടുപിടിക്കുന്നവരുണ്ട്. ഭാഗ്യം ചികഞ്ഞ് പേര് മാറ്റുന്നവരും നമുക്കിടയിൽ ഇഷ്‌ടംപോലെ. ക്രിക്കറ്റ് താരം ശ്രീശാന്ത് സംഖ്യാശാ സ്ത്രത്തിന്‍റെ പേരുപറഞ്ഞ് സ്വന്തം പേര് മാറ്റിയത് അച്ഛൻ പോലുമറിഞ്ഞില്ല. പിന്നീടത് ശ്രീശാന്ത് എന്നുതന്നെയാക്കിയെന്നത് വേറെ കാര്യം.

പേരുമാറ്റം വിവാഹശേഷം

പുരുഷന്മാർക്ക് പേരിലെ മാറ്റം നിർബന്ധവിഷയമല്ല. എന്നാൽ സ്ത്രീകൾക്ക് പലപ്പോഴും ഇത് ഒഴിച്ചുകൂടാൻ വയ്യാത്ത കാര്യമാവും. വിവാഹത്തിനുമുമ്പ് പിതാവിന്‍റെ പേരിൽ അറിയപ്പെടുന്നവർ വിവാഹശേഷം ഭർത്താവിന്‍റെ മേൽവിലാസത്തിലാകും അറിയപ്പെടുക.

പേരിൽ മാറ്റം വരുന്നതിനോട് ഭൂരിഭാഗത്തിനും ഇഷ്ട്‌ടക്കുറവ് ഉണ്ടാകില്ലെങ്കിലും തുടക്കത്തിൽ ഈ മാറ്റത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. “2023 ജനുവരി 25 വരെ ഞാൻ ദീപ്തി പിള്ളയായിരുന്നു. വിവാഹശേഷം ഭർത്താവിന്‍റെ പേർ ചേർത്ത് ദീപ്‌തി സുരേഷ് എന്നറിയപ്പെടുമ്പോൾ പെട്ടെന്നൊന്നും പൊരുത്തപ്പെടാനായില്ല. പലപ്പോഴും എന്‍റെ ക്ലൈന്‍റുകൾക്കിടയിൽ ഞാൻ ദീപ്‌തി പിള്ള തന്നെ. പക്ഷേ, നിയമസാധുത പുതിയ പേരിനാണ്.” അഭിഭാഷകയായ ദീപ്തി പറയുന്നു.

ഇതേ രീതിയിൽ ചിന്തിക്കുന്ന, ഇതേ പ്രശ്‌നമുള്ള ധാരാളം സ്ത്രീകൾ നമുക്കിടിയിലുണ്ട്. പ്രത്യേകിച്ചും ജോലിയുള്ളവരാണെങ്കിൽ ഈ പേരുമാറ്റം ഒരു പ്രശ്ന‌മാണ്. വിദേശത്ത് ജോലിയുള്ള ഭർത്താവാണെങ്കിൽ മറുനാട്ടിലേയ്ക്കു പോകാൻ ഭാര്യ ശ്രമിക്കുമ്പോഴായിരിക്കും പേരിന്‍റെയും മേൽവിലാസത്തിന്‍റെയും നൂലാമാലകളറിയുക. പേരുമാറ്റണമെന്ന് ആഗ്രഹിക്കുന്നവരും വിവാഹിതകളും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. പേര് പൂർണ്ണമായി മാറ്റാനാണെങ്കിലും ഭർത്താവിന്‍റെ പേര് സെക്കന്‍റ് നെയിം ആക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

“ഫസ്‌റ്റ് നെയിം’ തുടരുക

വിവാഹശേഷം മിക്ക സ്ത്രീകളും ഫസ്‌റ്റ് നെയിം അതേപോലെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. ഫസ്‌റ്റ്‌ നെയിം അങ്ങനെതന്നെ തുടരുന്നത് നിയമ നടപടികൾ എളുപ്പമാക്കും. വിവാഹ ശേഷം ഭർത്താവിന്‍റെ പേര് സെക്കന്‍റ് നെയിമായി ഉപയോഗിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മറ്റെല്ലാ രേഖകളിലും പ്രധാനം ഇതാണ് ഹിന്ദു വിവാഹനിയമപ്രകാരം വിവാഹശേഷം സ്ത്രീയുടെ പേര് സ്വാഭാവികമായി മാറും. ഭർത്താവിന്‍റെ പേര് ‘സെക്കന്‍റ് നെയിം’ ആയി കണക്കാക്കും. ഇതിന് നിയമസാധുതയുണ്ട്. എന്നാൽ വിവാഹിതയായ സ്ത്രീ പഴയ പേര് തുടരണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അതിനും ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.

ഈ നിയമം നമ്മുടെ നാട്ടിൽ എത്രത്തോളം പാലിക്കപ്പെടുന്നു എന്നത് സംശയകരമാണ്. പലർക്കും ഇക്കാര്യം അറിയില്ല താനും. ഭാര്യാഭർതൃബന്ധം തെളിയിക്കുന്നതിനുള്ള പ്രധാനരേഖ വിവാഹ രജിസ്ട്രേഷൻ ആയതിനാൽ വിവാഹ സർട്ടിഫിക്കറ്റ് കൈവശം വ‌യ്ക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇത് ഹാജരാക്കാൻ കഴിയാതെ വരികയോ, പഴയ പേര് തന്നെ തുടരുകയോ ചെയ്യുന്ന അവസ്‌ഥയിൽ പല നിയമ പ്രശ്നങ്ങളും കീറാമുട്ടിയായേക്കാം. പ്രത്യേകിച്ചും പാസ്പോർട്ട്, വിദേശയാത്ര, സ്വത്തുതർക്കം തുടങ്ങിയ കാര്യങ്ങളിൽ.

പുതിയ സർനെയിം സ്വന്തമാക്കാൻ

നിയമപരമായി പുതിയ സർനെയിം പ്രാപ്തമാക്കണമെങ്കിൽ നോട്ടറി മുഖേന സത്യവാങ്മൂലം നൽകേണ്ടിവരും. അതിനുശേഷം സർക്കാർ ഗസറ്റിൽ പേര് പ്രസിദ്ധീകരണത്തിന് നൽകണം. പുതിയ പേരും മേൽവിലാസവും വ്യക്‌തമാക്കുന്ന മുദ്രപ്പത്രം ഭർത്താവും ഭാര്യയും ഒപ്പിട്ട് നോട്ടറിയുടെയോ മജിസ്ട്രേറ്റിന്‍റെയോ വെരിഫിക്കേഷനോടെ വാങ്ങി സൂക്ഷിക്കണം. ഈ മുദ്രപ്പത്രത്തിൽ ഭാര്യാഭർത്താക്കന്മാരുടെ ചിത്രം പതിച്ചിട്ടുണ്ടാകണം.

വിവാഹ സർട്ടിഫിക്കറ്റിനൊപ്പം ഈ രേഖ സൂക്ഷിക്കുകയാണെങ്കിൽ പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലെ പേരുമാറ്റം എളുപ്പമാകും.

പാസ്പോർട്ട് എടുക്കുമ്പോൾ മാത്രമല്ല മറ്റുപല കാര്യങ്ങൾക്കും റേഷൻ കാർഡ് ഒരു രേഖയാണ്. പുതിയ പേര് രേഖപ്പെടുത്തിയ റേഷൻകാർഡോ, പാൻകാർഡോ തീർച്ചയായും സൂക്ഷിച്ചിരിക്കണം. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ സ്വത്ത് രേഖകൾ, ഷെയർ തുടങ്ങിയ സാമ്പത്തിക കാര്യങ്ങളിൽ പുതിയപേര് ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.

ഫസ്‌റ്റ് നെയിമിനൊപ്പം പുതിയ സർനെയിം

ഫസ്‌റ്റ് നെയിമിനോട് ഭർത്താവിന്‍റെ പേര് ചേർത്ത് സെക്കന്‍റ് നെയിം രേഖപ്പെടുത്തുന്നതിനേക്കാൾ പ്രയാസമാണ് പഴയപേരിനോട് ഭർത്താവിന്‍റെ കുടുംബപേര് ചേർത്ത് സർനെയിം ആക്കാൻ. ഐശ്വര്യറായ്, അഭിഷേക് ബച്ചനെ വിവാഹം കഴിച്ചശേഷം ഐശ്വര്യറായ് ബച്ചൻ എന്ന് പേരുമാറ്റിയത് ശ്രദ്ധിക്കുക. ഇത്തരം പേരുമാറ്റം  സെലിബ്രിറ്റികൾക്കിടയിൽ പതിവാണ്. കേരളത്തിൽ സർനെയിമുകൾക്കത്ര പ്രചാരമില്ലെങ്കിലും വടക്കേ ഇന്ത്യയിൽ ഇത്തരം പേരുകൾ പ്രധാനമാണ്. വിവാഹിതരായ സ്ത്രീകൾക്ക് പഴയപേരിനൊപ്പം സർനെയിം ഉപയോഗിക്കാൻ നിർബന്ധമായും നിയമാനുമതി വേണ്ടി വരും.

ഉറച്ച തീരുമാനം

വിവാഹശേഷം ഏതുപേര് തുടരണമെന്നത് തീർച്ചയായും സ്വന്തം ഇഷ്ടമാണ്. പക്ഷേ, ഏതു തീരുമാനമായാലും നിയമ സാധുത ഉറപ്പാക്കണമെന്നു മാത്രം. പേരുമാറ്റിക്കഴിഞ്ഞാൽ ബാക്കിയെല്ലാ രേഖകളിലും പുതിയ പേരാണ് ഉള്ളതെന്ന് സ്‌ഥിരീകരിക്കേണ്ടതുണ്ട്. പാൻകാർഡിൽ ഒരു പേരും ബാങ്ക് അക്കൗണ്ടിൽ മറ്റൊരു പേരുമായാൽ ഉണ്ടാകാവുന്ന പുലിവാലുകൾ ആലോചിക്കാവുന്നതേയുള്ളു.

ഉറക്കമില്ലാത്ത നഗരം

ഓരോ യാത്രയും പുതിയ അറിവുകൾ പകരുമെന്നതിനാൽ മിക്കവാറും എല്ലാ അവധിക്കാലവും ഞാൻ കുടുംബാംഗങ്ങളുമൊത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയാണ് പതിവ്. ഇത്തവണ യൂറോപ്യൻ പര്യടനം നടത്താനുള്ള അവസരമാണ് ഒത്തു വന്നത്. റോം നഗരത്തിൽ നിന്നും യാത്ര തിരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ നഗരമായ വത്തിക്കാൻ സിറ്റി, പീസാ, ഫ്ളോറൻസ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്‍റ്, ജർമ്മനി എന്നീ മനോഹര നഗരങ്ങൾ ചുറ്റി ഫ്രാൻസിന്‍റെ തലസ്‌ഥാനമായ പാരീസിലെത്തി. ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ വന്നിറങ്ങി. പ്രൗഢമനോഹരമായ കൂറ്റൻ കെട്ടിടം, വിമാനത്താവളം ഇത്രയും വൃത്തിയുള്ളതും അലംകൃതവുമാണെങ്കിൽ നഗരം എത്ര സുന്ദരമായിരിക്കും!

പാക്കേജ് ടൂർ യാത്രയായിരുന്നു ഞങ്ങളുടേത്. ഫോർ സ്‌റ്റാർ ഹോട്ടലിലാണ് താമസസൗകര്യം. ഓട്ടോമാറ്റിക് കവാടങ്ങളുള്ള അത്യാധുനിക ഹോട്ടൽ. അതിഥികളെ സ്വീകരിക്കാൻ ഹോട്ടൽ കവാടത്തിൽ ആരുമില്ല! എല്ലാം മെഷീൻ സഹായത്തോടെ സ്വയം ചെയ്യേണ്ടിയിരുന്നു. ഇവിടെ ജീവനക്കാർ കുറവായിരുന്നെങ്കിലും ഹോട്ടൽ അറേഞ്ച്മെന്‍റ്സിലും മാനേജ്മെന്‍റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ദൃശ്യമായിരുന്നില്ല.

ആദ്യ ദിവസം ബസിലിരുന്ന് നഗരം ചുറ്റിക്കാണാൻ തീരുമാനിച്ചു. ഏകദേശം 60-65 വയസ്സു പ്രായമുള്ള പ്രൗഢയായ സ്ത്രീയായിരുന്നു ടൂറിസ്‌റ്റ് ഗൈഡ്. ഈ പ്രായത്തിലും നല്ല ചുറുചുറുക്ക്. അവർക്ക് അല്പസ്വല്പം ഹിന്ദിയും അറിയാം. അവർ മൈക്കിലൂടെ ഇംഗ്ലീഷ് ഭാഷയിൽ നഗരത്തിലെ പ്രമുഖ സ്‌ഥലങ്ങളെക്കുറിച്ചുള്ള വിവരം നൽകിക്കൊണ്ടിരുന്നു. ഗ്രാന്‍റ് ലുവേറ വഴി നോട്ടർഡേം കത്തീഡ്രൽ, കൺഷ്യേർജറി, ഈഫൽ ടവർ, ഓപ്പെറാ ഹൗസ് ഇവ സന്ദർശിച്ചു. 2000 വർഷത്തോളം പഴക്കമുള്ള പാരീസ് നഗരത്തിന്‍റെ ചരിത്ര പ്രാധാന്യവും അവർ പറഞ്ഞുതന്നു. ക്രിസ്തുവിന് 300 വർഷങ്ങൾക്കു മുമ്പ് (Parisii) പരീസി ഗോത്രവർഗ്ഗക്കാരായിരുന്നു ലുട്ടേഷ്യയിൽ താമസിച്ചിരുന്നത്. സീസർ ഈ നഗരമാക്രമിച്ച് അഗ്നിക്കിരയാക്കുകയും പിന്നീട് റോമൻ മാതൃകയിൽ പുതിയൊരു നഗരം പടുത്തുയർത്തുകയും ചെയ്തു‌. സെയിൻ നദീതീരത്തായി റോഡു കളും സൗധങ്ങളും പണിതീർത്തു. അങ്ങനെ പുതിയൊരു പാരീസ് ഉടലെടുത്തു. അത്യാധുനിക നഗരമെന്നുതന്നെ പാരീസിനെ വിശേഷിപ്പിക്കാം. ‘യൂറോ’ ആണ് ഇവി ടത്തെ നാണയം. ജൂൺ മാസത്തിലായിരുന്നു യാത്ര, ആ സമയം വേനലായിരുന്നുവെങ്കിലും വെയിലിന് തീക്ഷ്‌ണത കുറവായതിനാൽ സന്ദർശകരും മറ്റും ഇളംവെയിലേറ്റു നടക്കുന്ന കാഴ്ച കാണാമായിരുന്നു. റെസ്‌റ്റോറന്‍റനു പുറത്തുള്ള പുൽമൈതാനത്തിലും പാർക്കിലുമൊക്കെയായി ധാരാളം സന്ദർശകർ. ഫ്രഞ്ച് ഭാഷയിൽ റെസ്റ്റോറന്‍റന് ‘പിസ്ത്രോ’ എന്നാണ് പറയുന്നത്. വൈകുന്നേരം 6 മണിയാവുന്നതോടെ ഓഫീസുകളുടെയും കടകളുടെയും പ്രവർത്തന സമയം കഴിയും. ഇവിടത്തെ ഏറ്റവും വിലയേറിയ റെ‌സ്റ്റോറന്‍റ് ഓപ്പെറാ ഹൗസ് ആണ്. ലോകപ്രശസ്ത മായ കാർട്ടിയർ, റോളെക്‌സ്, അർമാനി, വർസോച്ചെ, ഷോസ്ലിസെ എന്നിവയുടെ പ്രമുഖ ഷോറുമുകളും സന്ദർശിച്ചു. സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട നാടാണ് പാരീസ്. ഫാഷന്‍റെ ഈറ്റില്ലവും ഇവിടം തന്നെ.

പ്രമുഖ ടൂറിസ്‌റ്റ് സ്ഥ‌ലങ്ങൾ

ഗ്രാന്‍റ് ലെവിസ്

ഇതാദ്യം രാജകൊട്ടാരമായിരുന്നു. പിന്നീട് മ്യൂസിയമാക്കി. 14കി. മീറ്ററോളം നീളമുള്ള ഇടുങ്ങിയ പാതയുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. ലോകപ്രശസ്‌ത കൃതികളായ മോണാലിസ, വീനസ്, വിക്ടറി ഓഫ് സെമൊത്തെറെസ് എന്നിവ ഇവിടത്തെ മുഖ്യ ആകർഷണമാണ്. നീണ്ട മൂന്നുനിരകളിലായി ഈജിപ്ഷ്യൻ, ഗ്രീക്ക്, റോമൻ കലാകൃതികളുടെ ഉത്കൃഷ്ട രചനകളും സൂക്ഷിച്ചിട്ടുണ്ട്. ഈ മ്യൂസിയം മുഴുവനും ചുറ്റിക്കാണാൻ ഒരു ദിവസം മതിയാവുകയില്ല.

ഈഫൽ ടവർ

സപ്താദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്‍റെ ഉയരം 321 മീറ്ററോളം വരും. താഴെനിന്ന് നോക്കുമ്പോൾ മുകളിലെത്തിച്ചേരാൻ ഒരു മാർഗ്ഗവുമില്ലെന്നെ തോന്നുകയുള്ളൂ. എന്നാൽ മുകളിലെത്തുന്നതിന് ലിഫ്റ്റുണ്ടെന്ന് അടുത്തെത്തുമ്പോൾ മനസ്സിലാകും. ഒന്നാം നിലയിൽ വലിയൊരു റെസ്‌റ്റോറന്‍റ് തന്നെയുണ്ട്. രണ്ടാം നിലയിൽ കഫേ, മൂന്നാം നിലയിൽ നിന്നു നോക്കിയാൽ പാരീസ് നഗരത്തിന്‍റെ മനോഹരമായ ദൃശ്യമാസ്വദിക്കാം.

രാത്രി കൃത്യം 9 മണി മുതൽ വെറും 6 മിനിറ്റുനേരത്തേയ്ക്ക് ഈഫൽ ടവർ നിയോൺ ലൈറ്റുകളുടെ പ്രകാശത്തിൽ മിന്നിത്തിളങ്ങും. ഈഫൽ ടവർ നിലാവിൽ കുളിച്ചു നിൽക്കുന്ന അവിസ്‌മരണീയമായ കാഴ്ചയും കാണാം.

സെയിൻ നദി

പാരീസ് നഗരത്തെ ചുറ്റി വളഞ്ഞു പുളഞ്ഞൊഴുകുന്ന മനോഹരമായ നദിയാണിത്. ഇതിനു കുറുകെ 36 പാലങ്ങളുണ്ട്. ഏറെ ജനത്തിരക്കുള്ള പ്രദേശമാണിത്. ഇതിൽ പോൺട് നോഫിലാണ് ഏറ്റവും തിരക്ക്. ഒരു സായംകാലം മനോഹരമായ സെയിൻ നദിയി ലൂടെ ബോട്ട് സവാരി നടത്തുവാൻ ഞങ്ങൾക്കവസരം കിട്ടി.

ഡിസ്‌നി ലാന്‍റ് റിസോർട്ട്

ഒരു ദിവസം മുഴുവനും ഡിസ്നി ലാന്‍റിൽ ചെലവഴിച്ചു. ഈ റിസോർട്ടിൽ മാനം മുട്ടുന്നത്ര ഉയരത്തിൽ നീങ്ങുന്ന വലിയ ഇലക്ട്രിക് ഊഞ്ഞാലുകളുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം വിനോദോപാധികളും. ഒരു ചെറിയ തീവണ്ടിയിൽ യാത്ര ചെയ്ത് റിസോർട്ട് മുഴുവനും ചുറ്റിക്കാണുവാനുള്ള സൗകര്യവുമുണ്ട്. ഇവിടെ ധാരാളം കടകളും റെസ്റ്റോറന്‍റുകളും കാണാം. ബോക്സ്, പെൻസിൽ, റബർ, ഡിസ്ന‌ി കഥാപാത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പുസ്‌തകങ്ങൾ, വലിയ വലിയ കളിപ്പാട്ടങ്ങൾ, കുടകൾ, വാട്ടർ ബോട്ടിൽ എന്നു വേണ്ട സ്കൂ‌ൾ കുട്ടികൾക്കു വേണ്ടതെല്ലാം ഇവിടെകിട്ടും.

ഡിസ്‌നിയിലെ മറ്റൊരു ആകർഷക ഇനമാണ് ഡിസ്‌നി പരേഡ്. റിസോർട്ടിന്‍റെ പ്രമുഖ വീഥിയിലാണ് പരേഡ് നടക്കുന്നത്. റിസോർട്ടിലെ ജോലിക്കാരെല്ലാം ഈ പരേഡിൽ പങ്കെടുക്കും. ഡിസ്‌നി കഥാപാത്രങ്ങളുടെ വർണ്ണവൈവിധ്യമാർന്ന വസ്ത്രങ്ങളണിഞ്ഞ് അവർ ഡിസ്ന‌ി ചരിത്രത്തിന്‍റെ തന്നെ ഭാഗമായിത്തീരും. യുവജനങ്ങൾ മനോഹരമായ ഉടയാടകളണിഞ്ഞും നൃത്തം ചെയ്‌തും ഈ പ്രകടനത്തിനു കൊഴുപ്പേകും.

ലീഡോ ഷോ

ലീഡോ ഷോ കണ്ടിട്ടില്ലെങ്കിൽ പാരീസ് യാത്ര അപൂർണ്ണമെന്നു തന്നെ പറയാം. ഇവിടത്തെ കാബറെ നൃത്തം പ്രശസ്തമാണ്. വർഷങ്ങൾക്കു മുമ്പ് ലീഡോ ഷോ കാണണമെങ്കിൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കണമായിരുന്നു. കൊച്ചു കുട്ടികൾക്ക് പ്രവേശനവും നിഷിദ്ധമായിരുന്നു. ഇപ്പോൾ വിലക്കുകൾക്ക് അയവു വന്നിട്ടുണ്ട്.

ലീഡോ ഷോ കാണുന്നതിന് നീണ്ട ക്യൂവിൽ നിന്ന് വലിയ തുക മുടക്കി ഞങ്ങളും ടിക്കറ്റ് വാങ്ങി. വലിയൊരു ഹാളിലായിരുന്നു പരിപാടി. സ്‌റ്റേജിനു ചുറ്റുമായിട്ടാണ് അവിടെ സീറ്റ് അറേഞ്ച് ചെയ്തിരുന്നത്. കണ്ണഞ്ചിക്കുന്ന ഹാളിലാകമാനം മിന്നിത്തിളങ്ങിനിന്ന അലങ്കാര വിളക്കുകൾ ഓരോന്നായി അണഞ്ഞു. സ്‌റ്റേജിലെ കർട്ടൻ നീങ്ങി. സംഗീത മാധുര്യത്തിനൊപ്പം ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞ നർത്തകർ കാണികളുടെ മനംകവർന്നു. അർദ്ധനഗ്നരായ ആൺകുട്ടികളും പെൺകുട്ടികളുമായിരുന്നു നൃത്തസംഘത്തിൽ. ബാലേ ടൈപ്പായിരുന്നു പരിപാടി. നിമിഷനേരത്തിനകം ദൃശ്യങ്ങൾ മാറി മറയും. വീടിന്‍റെ പശ്ചാത്തലം, ഗോവണി പടിയിൽ നൃത്തം ചെയ്യുന്ന കലാകാരന്മാർ. ചിത്രശലഭങ്ങൾ കണക്കെ ഇടയ്ക്ക് പെൺകുട്ടികൾ പറന്നെത്തും. ആൺകുട്ടികൾ വണ്ടുകൾ പോലെ അവർക്ക് ചുറ്റും നൃത്തം ചെയ്യും. ഇടയ്ക്ക് സ്റ്റേജിൽ ജലധാര പ്രത്യക്ഷപ്പെടും. അല്പ‌നേരം കഴിയുമ്പോൾ സ്‌റ്റേജിന്‍റെ ഉയരം കൂടും. പിന്നെ സ്‌റ്റേജ് താഴ്ന്നുപോകും.

ഞങ്ങൾ കലാപരിപാടികളിൽ ലയിച്ചിരുന്നു. വിമാനത്തിൽ പറന്നെത്തിയ യുവതരുണി സർക്കസ്സിലെന്നപോലെ ഒരു ചരടിൽ തൂങ്ങി ഏയ്റൊബിക് ചെയ്യുന്നതുകണ്ട് ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി വീഥിയിലൂടെ നടന്നപ്പോൾ നേരം വെളുത്തോ എന്നുതോന്നിപ്പോയി. ചുറ്റും നല്ല വെളിച്ചമുണ്ടായിരുന്നു. ഉറക്കമില്ലാത്ത നഗരമാണ് പാരീസ് എന്ന് പറയുന്നതെത്ര വാസ്ത‌വം…

തുറന്നിട്ട ജാലകം

സമയം പത്തു കഴിഞ്ഞു. ഇന്ദിരാദേവി അസ്വസ്‌ഥതയോടെ മുറിയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. “അവളിതെവിടെപ്പോയി കാണും. നേരമിത്രയിരുട്ടിയിട്ടും…” മകൾ ദിയ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ചെറുപ്പക്കാരിയായ മകൾ നേരമിരുട്ടിയിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ ഏതൊരമ്മയുടെ മനസ്സാണ് പിടയ്ക്കാതിരിക്കുന്നത്. ഇന്ദിരാദേവി ഇടയ്ക്കിടയ്ക്ക് മുൻവശത്തെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. “ഹായ് മമ്മാ, ഇതുവരെ ഉറങ്ങിയില്ലേ?” വാതിൽ തള്ളിത്തുറന്നു കൊണ്ട് ദിയ അകത്തുകടന്നു. ഇന്ദിരാ ദേവി ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു.

“മമ്മാ,” അമ്മയുടെ തോളിൽ കൈ വച്ച് ദിയ സോഫയിലിരുന്നു.

“മമ്മാ, ടേക്ക് എവരിതിംഗ് ഈസി. ടെൻഷനടിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?”

“നീ കൊച്ചു കുട്ടിയല്ലെന്നതാണ് ഇപ്പോഴെന്‍റെ ടെൻഷൻ, പതിനെട്ടു വയസ്സായി. എന്നിട്ടും കൊച്ചുകുട്ടിയെന്നാ വിചാരം. അല്ലെങ്കിൽ അർദ്ധരാത്രിവരെ ഇങ്ങനെ കറങ്ങി നടക്കുമോ?”

“ഓഹോ മമ്മാ, ഇതൊക്കെയിത്ര സീരിയസ്സായെടുക്കാനുണ്ടോ? ഞാനൊറ്റയ്ക്കല്ലായിരുന്നുവെന്ന് മമ്മയ്ക്ക്ക്കറിയില്ലേ?”

“കൂട്ടുകാരൊക്കെയുണ്ടായിരുന്നോ? അതോ അവൻ മാത്രമായിരുന്നോ?” ഇന്ദിരാദേവിയുടെ സ്വരം കനത്തു.

കള്ളി വെളിച്ചത്തായല്ലോ എന്ന ജാള്യതയോടെ ദിയ തല കുമ്പിട്ടിരുന്നു. കുറച്ചുനേരം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“എനിക്ക് നിഖിലിനെ ഇഷ്ടമാണ്. നിഖിലിന് എന്നെയും. അതിലെന്താ തെറ്റ്?”

“സ്നേഹം… പ്രേമം… ഇതൊക്കെ പറയാൻ മാത്രം നീ വളർന്നോ? ആദ്യം സ്വന്തം കാലിൽ നിൽക്ക്. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. നിനക്ക് നിഖിലിനെക്കുറിച്ച് എന്തറിയാം?”

“എന്തായാലും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ട്.”

“വിവാഹമോ? അവന്‍റെ വീട്ടുകാർ സമ്മതിക്കുമോ?”

“സമ്മതിച്ചില്ലെങ്കിൽ… ഞങ്ങളൊരു കൊച്ചുവീടെടുത്ത് മാറിത്താമസിക്കും.”

“സ്വ‌പ്നലോകം എന്നെന്നും മനോഹരമായിരിക്കും. പ്രേമം മൂത്ത് അവൻ നിന്നെ വിവാഹം കഴിച്ചാൽത്തന്നെ നാലഞ്ചു ദിവസം കഴിഞ്ഞ് ജീവിതചെലവിനു പണം തികയാതെ വരുമ്പോൾ… ഈ പ്രണയപ്പനിയൊക്കെ അവസാനിക്കും.” അവർ മകളെ ഉപദേശിച്ചു.

“എങ്കിൽ ഞാനവനെ ഉപേക്ഷിച്ച് വേറെ കെട്ടും.” ദിയ നിസ്സാരമായി പറയുന്നതുകേട്ട് അവർ ദിയയെ ബലമായി പിന്നോട്ടു തള്ളി.

“എന്‍റെ അവസ്‌ഥ കണ്ടിട്ടും നീ പഠിച്ചില്ലല്ലോ. വീണ്ടും ചരിത്രം ആവർത്തിക്കണോ?” ഇന്ദിരാദേവി ഏങ്ങിയേങ്ങിക്കരഞ്ഞു. ദിയയ്ക്ക് കുറ്റബോധം തോന്നി.

“അച്ഛനുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊന്നും ആകില്ലായിരുന്നു.”

“പിന്നെ എന്തിനാണെന്നെ പപ്പയിൽ നിന്നകറ്റിയത്?” പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ദിയയും പൊട്ടിക്കരഞ്ഞു.

മകളുടെ സംസാരംകേട്ട് ഇന്ദിരാദേവി സ്തബ്ധയായി. അവളുടെ ചോദ്യങ്ങൾക്കെന്തു മറുപടി നൽകും? സ്നേഹത്തിനു വേണ്ടിയുള്ള അന്ധമായ വെമ്പൽ തനിക്കെന്തെല്ലാമാണ് നഷ്ടപ്പെടുത്തിയത്. ദിയയ്ക്കോ, അച്ഛഛന്‍റെ സ്നേഹവും…

ഇന്ദിരാദേവി ഉറങ്ങാൻ ശ്രമിച്ചു. നേരമേറെയായിട്ടും ഉറക്കം വന്നില്ല. ചിന്തകൾ ഗതകാലസ്‌മരണകളിലൂടെ അലഞ്ഞു തിരിഞ്ഞു. കഴിഞ്ഞയാഴ്‌ച ടൗൺഹാളിനടുത്തുവച്ച് ഒരകന്നബന്ധു അതുലാണ് ശ്യാമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

“ശ്യാം ഇന്നും ഏകനാണ്. പുനർ വിവാഹം കഴിച്ചില്ല. ജോലിയിൽ മുഴുകി കഴിയുന്നു.”

അതുൽ നൽകിയ ഈ ചെറിയ സൂചന വലിയൊരു കൊടുങ്കാറ്റായാണ് ഇന്ദിരാദേവിയുടെ മനസ്സിലാഞ്ഞടിച്ചത്. കരിങ്കല്ലുപോലെ ഉറച്ച മനസ്സ് മഞ്ഞുമല പോലെയുരുകി. ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഗൗരവം നിറഞ്ഞ മുഖം, സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവം, അതായിരുന്നു ശ്യാം. പക്ഷേ, ഇന്ദിരയോ നേരെമറിച്ചും. വാചാലയും അടിപൊളി ജീവിതം ഇഷ്ടപ്പെടുന്നവളും. ശ്യാം എപ്പോഴും തന്നോട് റൊമാന്‍റിക്കായി സംസാരിച്ചു കൊണ്ടിരിക്കണമെന്നവളാശിച്ചു. എന്നാൽ അവളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമായിരുന്നു ശ്യാമിന്‍റെ പെരുമാറ്റം. ആയിടയ്ക്കാണ് സമ്പന്നനായ സജയൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹത്തിനുവേണ്ടി വെമ്പി നിന്ന മനസ്സ് സജയനോടടുത്തത് അവൾപോലും അറിയാതെയായിരുന്നു.

സജയനാകട്ടെ ഇന്ദിരയേയും മകളേയും സ്വീകരിക്കുവാനും തയ്യാറായിരുന്നു. സ്നേഹത്തിന്‍റെ മാസ്‌മരലോകം തേടി ആറുവയസ്സുകാരി മകൾ ദിയയെയുമെടുത്തുകൊണ്ട് സജയനൊപ്പം വീടുവിട്ടിറങ്ങി. മാസങ്ങളും വർഷങ്ങളും പിന്നിട്ടത് അവൾ അറിഞ്ഞില്ല.

സജയന് മിക്കവാറും ഔദ്യോഗികാവശ്യങ്ങൾക്കായി പുറത്തു പോകേണ്ടിവരുമായിരുന്നു. ഒരിക്കൽ സജയൻ വീട്ടിലിലില്ലാത്ത സമയത്ത് തടിച്ച ഒരു സ്ത്രീ ഗേയ്റ്റ് തള്ളിത്തുറന്നുകൊണ്ട് അകത്തേയ്ക്കുവന്നു. “നീയാണോ സജയന്‍റെ വെപ്പാട്ടി. മൂന്നുകുട്ടികളുടെ അച്ഛനെ പ്രണയിച്ചു വീഴ്ത്താൻ നിനക്ക് നാണമില്ലേ?” വന്നയുടനെ അവർ ആക്രോശിച്ചു.

“മൂന്നു കുട്ടികൾ…?”

“അതെയതെ… മൂന്നുകൂട്ടികൾ. ഞാനയാളുടെ ഭാര്യയാണ്. ഞാൻ ഡിവോഴ്സ് ചെയ്യുമെന്നാണോ നീ കരുതിയത്? ഒരിക്കലുമില്ല. സജയനെന്‍റെ ഭർത്താവാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്.”

ഇന്ദിരാദേവി ശരിക്കും ഞെട്ടിത്തരിച്ചു. ഇത്രയും വലിയ നുണയോ? സജയനിതുവരെ ഇതൊന്നും തന്നോടു പറഞ്ഞിരുന്നില്ലല്ലോ. ഭാര്യ മരിച്ചു. ബന്ധുമിത്രാദികളെന്നു പറയാൻ ഈ ലോകത്തിനി ആരുമില്ല. എന്നൊക്കെ… മനസ്സ് വല്ലാതെ വേദനിച്ചു. ചതിയല്ലേ ഇത്? അവളുടെ മനസ്സ് മന്ത്രിച്ചു.

ടൂർ കഴിഞ്ഞ് മടങ്ങിയെത്തിയ സജയനിതൊക്കെ കേട്ട് ആർത്തുചിരിച്ചു.

“ഓഹോ അതാണോ കാര്യം? ഇതൊക്കെ ചോദിക്കാനും മാത്രം നീയത്ര ശീലാവതിയൊന്നുമല്ലല്ലോ?”

ഇന്ദിരാദേവിക്ക് ശരീരം പൊള്ളുന്നതു പോലെ തോന്നി. “ഞാനാരാണെന്ന് നിങ്ങളോട് വ്യക്ത്‌തമായി പറഞ്ഞിരുന്നല്ലോ? ഞാനൊരിക്കലും നുണ പറയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, നിങ്ങൾ… നിങ്ങൾ… ചതിയനാണ്. ഞാൻ ശ്യാമിന് ഡിവോഴ്സ‌് നോട്ടീസയച്ചിട്ടുണ്ട്. പക്ഷേ, നിങ്ങൾക്ക് ഭാര്യയെ ഉപേക്ഷിക്കാനാകുമോ? നിങ്ങൾ എത്ര വലിയ വഞ്ചകനാണ്. എനിക്കും എന്‍റെ മകൾക്കും നിങ്ങളുടെ ജീവിതത്തിലെന്തു സ്‌ഥാനമാണുള്ളത്?”

“നീയെന്തൊക്കെ അനാവശ്യമാണ് ചിന്തിച്ചുകൂട്ടുന്നത്? എന്‍റെ മനസ്സും ഹൃദയവും നിനക്കുള്ളത്. അവളെ ആ അഹങ്കാരിയെ… ഞാനൊരിക്കൽപ്പോലും സ്നേഹിച്ചിട്ടില്ല. പക്ഷേ, നീ എന്‍റെ…” സജയന്‍റെ വാക്കുകൾ ഇന്ദിരാദേവിയെ കൂടുതൽ രോഷാകുലയാക്കി.

“മതി മതി…. ഇനിയെനിക്കൊന്നും കേൾക്കേണ്ട.”

“പിന്നെ നീയെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്. എന്‍റെയീ വീട്ടിലിപ്പോൾ നീയല്ലേ താമസിക്കുന്നത്. വാരിക്കോരിയല്ലേ ഞാൻ നിനക്കുവേണ്ടി ചെലവഴിക്കുന്നത്. നിന്‍റെ മകളെയും പൊന്നുപോലെ നോക്കുന്നില്ലേ? നീ പ്രതീക്ഷിച്ചതൊന്നും ശ്യാമിൽ നിന്നും ലഭിക്കാതെ വന്നതുകൊണ്ടല്ലേ നീ എന്നെ തേടി വന്നത്?” എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് സജയനിറങ്ങിപ്പോയി.

ഇന്ദിരാദേവി സ്വയം ശപിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞു. ഇഷ്‌ടമുണ്ടായിട്ടല്ലെങ്കിലും ഈ വീട്ടിൽത്തന്നെ തുടരേണ്ടി വന്നിരിക്കുന്നു. ശ്യാമിനെ എങ്ങനെ അഭിമുഖീകരിക്കും? മകളെയോർത്ത് എല്ലാം സഹിച്ച് ദിവസങ്ങൾ തള്ളിനീക്കി. സജയനെ അവൾ മനസ്സാലെ വെറുത്തുകഴിഞ്ഞിരുന്നു. പണ്ടൊക്കെ ഒഫീഷ്യൽ ടൂർ എന്നു പറഞ്ഞ് പോകാറുള്ള സജയൻ ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സധൈര്യം മാസത്തിലധികസമയവും ചെലവഴിക്കാൻ തുടങ്ങി.

ഇപ്പോൾ ദിയയെക്കുറിച്ചോർത്താണ് ഇന്ദിരാദേവിക്ക് വിഷമം. മകളോടുള്ള സജയന്‍റെ പെരുമാറ്റം ശരിയല്ലായിരുന്നു. ശ്യാമിൽ നിന്നും മകളെ അകറ്റിയത് താൻ ചെയ്‌ത ഏറ്റവും വലിയ തെറ്റാണെന്ന് മനസ്സിടയ്ക്കിടയ്ക്ക് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കൽ സജയന്‍റെയുള്ളിലെ കാമമുണർന്നാലോ, തനിക്ക് മകളെ രക്ഷിക്കാൻ സാധിക്കാതെ വന്നാലോ? ആശങ്കയുടെ ദിനങ്ങൾ.

ഇതിനിടയിലാണ് അതു സംഭവിച്ചത്. റോഡപകടത്തിൽ സജയൻ… അതോടെ ഇന്ദിര തീർത്തും ഒറ്റപ്പെട്ടു. സജയൻ സ്വത്തിൽ ഒരു പങ്കുപോലും അവൾക്കു ലഭിച്ചതുമില്ല. തല ചായ്ക്കാനൊരു കൊച്ചുവീട് ലഭിച്ചുവെന്നു മാത്രം.

അവളുടെ കഷ്‌ടപ്പാടുകണ്ട് സജയന്‍റെ സുഹൃത്താണ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്. ഉദ്യോഗത്തിന്‍റെ ബലത്തിൽ ജീവിതമൊരു കണക്കിന് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് മകൾ ദിയയിൽ അപ്രതീക്ഷിതമായൊരു മാറ്റം.

മകളുടെ വൈകിയെത്തുന്ന ശീലം, മണിക്കൂറുകളോളം ഫോണിലൂടെയുള്ള സംസാരം, ബോയ്ഫ്രണ്ടിനൊപ്പം ചുറ്റിക്കറങ്ങൽ… താൻ ഒരു യാന്ത്രികലോകത്തിൽ ജീവിക്കുകയാണോ… എന്തെല്ലാമോ ആലോചിച്ചുകൂട്ടുന്നതിനിടയ്ക്ക് പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചെന്നതുപോലെ മൊബൈൽ ഫോണെടുത്തു. ആ പഴയ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ ഇന്ദിരയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഹലോ, ശ്യാമല്ലേ?” അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ശ്യാം മറുപടി നൽകി.

“അതെ.”

“സുഖമല്ലേ…” ഇടർച്ചയോടെ അവൾ ചോദിച്ചു.

“നിനക്കും ദിയമോൾക്കും സുഖം തന്നെയല്ലേ?” ശ്യാമിന്‍റെ ശബ്ദം പ്രതിധ്വനിയായി അവളുടെ കാതുകളിൽ മുഴങ്ങി.

“ഇതുവരെ മകളെ കാണണമെന്നു തോന്നിയില്ലേ. ഒരു ഫോണെങ്കിലും…?”

“ആഗ്രഹങ്ങളടക്കാൻ ഞാൻ നേരത്തേ പഠിച്ചിരുന്നു. നീ സ്വയം നിഷേധിച്ച അധികാരങ്ങൾക്ക് പിന്നാലെ പായുന്നതിലെന്തർത്ഥം?”

“മറ്റൊരു വിവാഹം കഴിക്കാമായിരുന്നില്ലേ?” അവൾ ദുഃഖമടക്കി ചോദിച്ചു.

“ഒരിക്കൽ മുറിവേറ്റ ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാകുമോ? ഈ മുറിവുണ്ടാക്കിയ വേദന…”

ഇന്ദിരാദേവിക്ക് ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. കൂടുതൽ കേൾക്കാനുള്ള ശക്തി അവൾക്കില്ലായിരുന്നു. ശ്യാമിന്‍റെ മനസ്സിൽ താനേൽപ്പിച്ച ആഴത്തിലുള്ള മുറിവിന് പ്രതിവിധി കണ്ടെത്തണം.

വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു. അങ്ങേത്തലയ്ക്കൽ ശ്യാം ആയിരുന്നു.

“ഹലോ… എന്തിനാ ഫോൺ കട്ട് ചെയ്തത്? ഞാൻ പറഞ്ഞതുവല്ലതും…?”

“ഇല്ല ശ്യാം. ശ്യാമിന്‍റെ ഭാഗത്തൊരു തെറ്റുമില്ല. ഞാനാണ് തെറ്റുകാരി. അതിന്‍റെ ഫലവും ഞാനിന്നനുഭവിക്കുകയാണ്. ഇനിയെങ്കിലും അച്‌ഛന്‍റെ സ്നേഹവും ലാളനയും മോൾക്ക് ലഭിക്കണം. ശ്യാം നിങ്ങളെന്നെ സ്വീകരിക്കുമോ?”

“അതിനു ഞാൻ നിന്നെയെന്നാ ഉപേക്ഷിച്ചത്?”

അതുകേട്ടപ്പോൾ ഇന്ദിരാദേവിയുടെ കണ്ണുനിറഞ്ഞു. ഈ സ്നേഹം തിരിച്ചറിയാൻ ഞാൻ എന്താണിത്ര വൈകിയത്? ചുറുചുറുക്കോടെ മകളുടെ അടുത്തേക്ക് ഓടിയെത്തുമ്പോൾ ഇന്ദിരയുടെ മുഖത്ത് ആയിരം സൂര്യ ചന്ദ്രന്മാർ തെളിഞ്ഞുനിന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें