വ്യത്യസ്‌തങ്ങളായ നിക്ഷേപപദ്ധതികൾ ഉണ്ടെങ്കിലും നിക്ഷേപരംഗത്ത് ഒരു തരംഗമായി മാറിയിരിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ. ഷെയർ മാർക്കറ്റിന്‍റെ വളർച്ചയുടെ ഫലമായിത്തന്നെയാണ് മ്യൂച്വൽ ഫണ്ടുകൾ ഒരു നിക്ഷേപ മാർഗ്ഗമായി വളർന്നത്.
ഷെയർ, ബോണ്ടുകൾ തുടങ്ങിയ നിക്ഷേപ പദ്ധതികളിൽ പണം ഇൻവെസ്‌റ്റ് ചെയ്‌ത് നിക്ഷേപകർക്ക് ലാഭം ഉറപ്പാക്കുകയാണ് മ്യൂച്വൽ ഫണ്ടുകളുടെ ജോലി. നിക്ഷേപകരുടെ പണം ഇതര പദ്ധതികളിൽ നിക്ഷേപിക്കും മുമ്പ് ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് സൂക്ഷ്‌മ പഠനം നടത്തുന്നതിനാൽ നിക്ഷേപകർക്ക് ഉയർന്നലാഭം ഉറപ്പാക്കാൻ മ്യൂച്വൽ ഫണ്ടുകൾക്ക് കഴിയുന്നു. വിദേശ നിക്ഷേപ പദ്ധതികളെപ്പോലും കടത്തിവെട്ടാനുള്ള കരുത്താർജ്ജിച്ചു കഴിഞ്ഞു മ്യൂച്വൽ ഫണ്ടുകൾ.
മ്യൂച്വൽ ഫണ്ടിനുണ്ടായ ദ്രുതഗതിയിലുള്ള വളർച്ച കണ്ട് പുതിയ ചില നിക്ഷേപപദ്ധതികളും (ഫണ്ടുകൾ) രംഗത്തെത്തിയിട്ടുണ്ട്. സർക്കാരും സെബിയും പുതിയ ഫണ്ടുകൾക്ക് കൂടുതൽ പ്രോത്സാഹനം പകരുന്നുണ്ട്.
ഒന്നിനുപിറകെ ഒന്നായി മ്യൂച്വൽ ഫണ്ടുകൾ മികച്ച ഫലം കാണിച്ചു തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് വിശ്വാസമുണ്ടായിത്തുടങ്ങിയത്. മികച്ച റിസൽട്ട് കിട്ടുന്ന വളരെയധികം മൂച്വൽ ഫണ്ടുകൾ ഇന്ന് നിലവിലുണ്ട്.
പുതിയ ഫണ്ടുകളുടെ കടന്നുകയറ്റം നിക്ഷേപകരിൽ തെല്ലൊരു ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. റിസ്‌ക് ഏറ്റെടുക്കാൻ താല്പര്യമില്ലാത്തവർ കൂടുതൽ ഉയർച്ചയും താഴ്ച്‌ചയും കാട്ടുന്ന ഫണ്ടുകളിൽ നിക്ഷേപം നടത്താതിരിക്കുന്നതാണ് മെച്ചം. ഹ്രസ്വ- ദീർഘകാല നിക്ഷേപ പദ്ധതികൾ മുച്വൽ ഫണ്ടുകളിലുണ്ട്. നിക്ഷേപ കാലാവധി അറിഞ്ഞ് ആവശ്യാനുസരണം ഫണ്ടുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്.
മുച്വൽ ഫണ്ടുകളെപ്പറ്റിയുള്ള സാധാരണക്കാർക്കുള്ള സംശയങ്ങൾ തീർത്തുകൊടുക്കാൻ കമ്പനികൾ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിനേക്കാൾ മുച്വൽ ഫണ്ട് വഴി ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് എന്തുകൊണ്ടും സൂരക്ഷിതം. സാധാരണക്കാരായ നിക്ഷേപകരെപ്പോലും ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കാൻ മൂച്വൽ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. ബാങ്കുകളിലെ ഫിക്സ്‌ഡ് ഡെപ്പോസിറ്റുകളെ മാത്രം ആശ്രയിച്ചിരുന്ന നിക്ഷേപകരിപ്പോൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയിരിക്കുന്നു. നിക്ഷേപ രംഗത്തുണ്ടായ ഈ മാറ്റം അറിഞ്ഞുകൊണ്ടുതന്നെ ബാങ്കുകളും മ്യൂച്വൽ ഫണ്ട് രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇൻകംടാക്സിന്‍റെ പരിധിയിൽ വരുന്ന നിക്ഷേപകരെ സംബന്ധിച്ച് മ്യൂച്വൽ ഫണ്ട് ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ഇക്വറ്റി ലിങ്ക് സേവിംഗ്‌സ് സ്കീം വഴി നിക്ഷേപകന് നികുതി കൊടുക്കുന്നതിൽ നിന്നും ഒഴിവാകാം.
ഇക്വിറ്റി, ബാലൻസ്‌ഡ്, ഡെറ്റ് എന്നിങ്ങനെ മൂന്നുതരം മ്യൂച്വൽ ഫണ്ടുകളുണ്ട്.. ഇക്വിറ്റി ഫണ്ട് ഒരു ദീർഘകാല പദ്ധതിയാണ്. അതുകൊണ്ട് വരുമാനവും ഏറും, ചില മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മൂന്നുവർഷത്തിനകം പണം തിരിച്ചെടുക്കാൻ അനുവദിക്കുക യില്ല. എന്നാലും ഇത്തരം പ്രതിബന്ധങ്ങളെ ഭയക്കേണ്ടതില്ല. അത് കൂടുതൽ ലാഭം ഉറപ്പാക്കുന്നു എന്നതുതന്നെ കാരണം. ഇൻകംടാക്‌സിന്‍റെ പരിധിയ്ക്കു പുറത്തുള്ളവർക്കും ധൈര്യപൂർവ്വം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം...
ഡെറ്റ് (Doo) സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നതിൽ റിസ്‌ക് കുറവായതുകൊണ്ട് ലാഭം വളരെ കുറവായിരിക്കും. ഡെറ്റിലും ഓഹരിയിലും നിക്ഷേപം നടത്തുന്നതിനെയാണ് ബാലൻസ്‌ഡ് ഫണ്ട് എന്നു വിശേഷിപ്പിക്കുന്നത്. ഈ ഫണ്ടിൽ റിസ്കും റിട്ടേണും തുല്യനിലയിലായിരിക്കും.
മ്യൂച്വൽ ഫണ്ടുകളുടെ വർദ്ധിച്ചു വരുന്ന സ്വാധീനം കണ്ട് സർക്കാരും ഇതിൽനിന്നും വരുമാനമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് ബിസിനസ്സിന് സർക്കാരിപ്പോൾ സ്‌റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. മണിമാർക്കറ്റിൽ ബിസിനസ്സ് ചെയ്യുക വളരെ എളുപ്പമാണെന്നാണ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള പൊതുവായ അഭിപ്രായമെങ്കിലും മ്യൂച്വൽ ഫണ്ടിൽ ഏർപ്പെടുത്തിയിട്ടുള്ള സ്‌റ്റാമ്പ് ഡ്യൂട്ടി തീർച്ചയായും ഇതിൽ നിന്നും ലഭിക്കേണ്ട ലാഭത്തിൽ കുറവുണ്ടാക്കും.