ഒരു പേരിലെന്തിരിക്കുന്നു? വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്‌പിയറിന്‍റെ പ്രശസ്‌തമായ ഉദ്ധരണി. ജീവിതത്തിൽ ഈ വാചകം ഒരിക്കലെങ്കിലും പറയാത്തവർ ഉണ്ടാകില്ല. പക്ഷേ, കാലം മാറിയിരിക്കുന്നു... ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർ തന്നെ സമ്മതിക്കും, പേരിലാണ് പലതുമെന്ന്.
ചെറുപ്പത്തിൽ അച്‌ഛനും അമ്മയും വാത്സല്യത്തോടെ കാതിൽ വിളിച്ച പേരിന് കാലം കഴിയുന്തോറും ഗമ കുറയുന്നെന്ന് തോന്നി പുതിയ പേര് കണ്ടുപിടിക്കുന്നവരുണ്ട്. ഭാഗ്യം ചികഞ്ഞ് പേര് മാറ്റുന്നവരും നമുക്കിടയിൽ ഇഷ്‌ടംപോലെ. ക്രിക്കറ്റ് താരം ശ്രീശാന്ത് സംഖ്യാശാ സ്ത്രത്തിന്‍റെ പേരുപറഞ്ഞ് സ്വന്തം പേര് മാറ്റിയത് അച്ഛൻ പോലുമറിഞ്ഞില്ല. പിന്നീടത് ശ്രീശാന്ത് എന്നുതന്നെയാക്കിയെന്നത് വേറെ കാര്യം.
പേരുമാറ്റം വിവാഹശേഷം
പുരുഷന്മാർക്ക് പേരിലെ മാറ്റം നിർബന്ധവിഷയമല്ല. എന്നാൽ സ്ത്രീകൾക്ക് പലപ്പോഴും ഇത് ഒഴിച്ചുകൂടാൻ വയ്യാത്ത കാര്യമാവും. വിവാഹത്തിനുമുമ്പ് പിതാവിന്‍റെ പേരിൽ അറിയപ്പെടുന്നവർ വിവാഹശേഷം ഭർത്താവിന്‍റെ മേൽവിലാസത്തിലാകും അറിയപ്പെടുക.
പേരിൽ മാറ്റം വരുന്നതിനോട് ഭൂരിഭാഗത്തിനും ഇഷ്ട്‌ടക്കുറവ് ഉണ്ടാകില്ലെങ്കിലും തുടക്കത്തിൽ ഈ മാറ്റത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. "2023 ജനുവരി 25 വരെ ഞാൻ ദീപ്തി പിള്ളയായിരുന്നു. വിവാഹശേഷം ഭർത്താവിന്‍റെ പേർ ചേർത്ത് ദീപ്‌തി സുരേഷ് എന്നറിയപ്പെടുമ്പോൾ പെട്ടെന്നൊന്നും പൊരുത്തപ്പെടാനായില്ല. പലപ്പോഴും എന്‍റെ ക്ലൈന്‍റുകൾക്കിടയിൽ ഞാൻ ദീപ്‌തി പിള്ള തന്നെ. പക്ഷേ, നിയമസാധുത പുതിയ പേരിനാണ്.” അഭിഭാഷകയായ ദീപ്തി പറയുന്നു.
ഇതേ രീതിയിൽ ചിന്തിക്കുന്ന, ഇതേ പ്രശ്‌നമുള്ള ധാരാളം സ്ത്രീകൾ നമുക്കിടിയിലുണ്ട്. പ്രത്യേകിച്ചും ജോലിയുള്ളവരാണെങ്കിൽ ഈ പേരുമാറ്റം ഒരു പ്രശ്നമാണ്. വിദേശത്ത് ജോലിയുള്ള ഭർത്താവാണെങ്കിൽ മറുനാട്ടിലേയ്ക്കു പോകാൻ ഭാര്യ ശ്രമിക്കുമ്പോഴായിരിക്കും പേരിന്‍റെയും മേൽവിലാസത്തിന്‍റെയും നൂലാമാലകളറിയുക. പേരുമാറ്റണമെന്ന് ആഗ്രഹിക്കുന്നവരും വിവാഹിതകളും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. പേര് പൂർണ്ണമായി മാറ്റാനാണെങ്കിലും ഭർത്താവിന്‍റെ പേര് സെക്കന്‍റ് നെയിം ആക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
“ഫസ്‌റ്റ് നെയിം' തുടരുക
വിവാഹശേഷം മിക്ക സ്ത്രീകളും ഫസ്‌റ്റ് നെയിം അതേപോലെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. ഫസ്‌റ്റ് നെയിം അങ്ങനെതന്നെ തുടരുന്നത് നിയമ നടപടികൾ എളുപ്പമാക്കും. വിവാഹ ശേഷം ഭർത്താവിന്‍റെ പേര് സെക്കന്‍റ് നെയിമായി ഉപയോഗിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മറ്റെല്ലാ രേഖകളിലും പ്രധാനം ഇതാണ് ഹിന്ദു വിവാഹനിയമപ്രകാരം വിവാഹശേഷം സ്ത്രീയുടെ പേര് സ്വാഭാവികമായി മാറും. ഭർത്താവിന്‍റെ പേര് 'സെക്കന്‍റ് നെയിം' ആയി കണക്കാക്കും. ഇതിന് നിയമസാധുതയുണ്ട്. എന്നാൽ വിവാഹിതയായ സ്ത്രീ പഴയ പേര് തുടരണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അതിനും ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.
ഈ നിയമം നമ്മുടെ നാട്ടിൽ എത്രത്തോളം പാലിക്കപ്പെടുന്നു എന്നത് സംശയകരമാണ്. പലർക്കും ഇക്കാര്യം അറിയില്ല താനും. ഭാര്യാഭർതൃബന്ധം തെളിയിക്കുന്നതിനുള്ള പ്രധാനരേഖ വിവാഹ രജിസ്ട്രേഷൻ ആയതിനാൽ വിവാഹ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇത് ഹാജരാക്കാൻ കഴിയാതെ വരികയോ, പഴയ പേര് തന്നെ തുടരുകയോ ചെയ്യുന്ന അവസ്‌ഥയിൽ പല നിയമ പ്രശ്നങ്ങളും കീറാമുട്ടിയായേക്കാം. പ്രത്യേകിച്ചും പാസ്പോർട്ട്, വിദേശയാത്ര, സ്വത്തുതർക്കം തുടങ്ങിയ കാര്യങ്ങളിൽ.