സാരി സുന്ദരി

ഒന്നാലോചിച്ചു നോക്കൂ… സാരിയോളം സുന്ദരിയായ മറ്റേത് വേഷമുണ്ട്? അതേ… മനോഹരമായ ഒരു കവിതപോലെ… കുഞ്ഞലകൾ തീർക്കുന്ന ഞൊറിവുകളും മുന്താണിയുമുള്ള ഈ വേഷത്തിന്‍റെ ഭംഗി വിവരണാതീതമാണ്. ഏത് പ്രായക്കാർക്കും ഏതു ശരീരഘടനയുള്ളവർക്കും ഏറ്റവും ഇണങ്ങുന്ന വേഷവും കൂടിയാണ് സാരി, ഒഫീഷ്യലും അല്ലാത്തതുമായ ഏതവസരത്തിനും സാരി പോലെ യോജിച്ച മറ്റൊരു വേഷമില്ല. അതാണ് സാരിയുടെ പ്രത്യേകത. പ്രൗഢിയുടെ പ്രതീകമായ സാരി ഇന്ന് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്‍റ് കൂടിയാണ്. നിത്യഹരിത സുന്ദരിയെപ്പോലെ തിളങ്ങി നിൽക്കുന്ന സാരിയുടെ വിശേഷങ്ങളിലേക്ക്…

പാർട്ടികൾക്ക് ബനാറസ് പട്ട്

വിവാഹ നിശ്ചയം, വിവാഹം തുടങ്ങിയ അവസരങ്ങൾക്കായി കടും വർണ്ണങ്ങളിലുള്ള സാരികളാണ് ഏറ്റവും നല്ലത്. കാഞ്ചിപുരം, ബനാറസ് സാരികളാണ്ഇത്തരമവസരങ്ങൾക്ക് യോജിക്കുക അതും ഹെവി വർക്കുകളുള്ള സാരികളായാൽ ഏറെ നന്ന്.

സിൽക്കിന്‍റെ ജാലവിദ്യ

റിച്ച് ലുക്കിന്‍റെ പര്യായമെന്ന് സിൽക്കിനെ വിശേഷിപ്പിക്കാം. ഏതവസരത്തിനും യോജിച്ച വേഷമാണിത്. ഓഫീസിൽ അണിയുന്നതിനായി ബോർഡറുള്ള സിൽക്ക് സാരി യോജിച്ച ചോയിസാണ്. എംബ്രോയ്ഡറി വർക്കുകളുള്ള സിൽക്ക് സാരി വിശേഷാവസരങ്ങൾക്ക് ഏറെ യോജിക്കും.

ചെയ്ഞ്ചിന് കോട്ടൺ സാരി

ലാളിത്യത്തിന്‍റെ പ്രതിരൂപമാണ് കോട്ടൺസാരി. ഓഫീസിന് ബെസ്റ്റ് ചോയ്‌സാണിത്. കോട്ടൺസാരിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ എലഗന്‍റ് ലുക്കാണ്. കോട്ടൺസാരി അണിയാൻ കൊതി തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കോട്ടൺസാരി ശരിയായ രീതിയിൽ ഉടുത്താലേ സുന്ദരിയാ… അല്ലെങ്കിൽ ശരീരത്തിന്‍റെ ആകൃതി നഷ്‌ടപ്പെട്ട് തടിച്ചുരുണ്ടു പോകും!

സാരി എങ്ങനെ തെരഞ്ഞെടുക്കാം?

  • നിങ്ങൾ മെലിഞ്ഞയാളാണോ? എങ്കിൽ വലിയ ഫ്ളവർ പ്രിന്‍റുകളുള്ള സാരികൾ ധൈര്യപൂർവ്വം തെരഞ്ഞെടുത്തോളൂ. ആവശ്യത്തിന് വണ്ണം തോന്നിപ്പിക്കുന്നതോടൊപ്പം വ്യക്തിത്വത്തിന് ആകർഷകത്വം പകരും. ജ്യോമെട്രിക് പ്രിന്‍റ് സാരികളും ജോർജറ്റ് സിൽക്ക് സാരികളും മെലിഞ്ഞവരെ കൂടുതൽ സുന്ദരികളാക്കും.
  • വണ്ണമുള്ളവരെ സംബന്ധിച്ച് സാരി സെലക്ഷൻ ഒരു വലിയ പ്രശ്നമാകാറുണ്ട്. കാരണം സെലക്ഷൻ തെറ്റിയാൽ തടി കൂടുതൽ തോന്നിപ്പിക്കും. അതുകൊണ്ട് വണ്ണമുള്ളവർക്ക് ചെറിയ ഫ്ളവർ പ്രിന്‍റുകളുള്ള സാരിയാണ് നല്ലത്.
  • വെയ്റ്റ് അല്പ‌ം കൂടുതലാണോ… എങ്കിൽ ഹെവി മൈസൂർ സിൽക്ക് അണിഞ്ഞു നോക്കൂ… മാറ്റം തിരിച്ചറിയൂ. നിങ്ങൾ കൂടുതൽ സ്ലിമ്മാവും തീർച്ച! കൈ ഇറക്കം കുറവുള്ള ബ്ലൗസും കൂടിയായാൽ മോഡേൺ ലേഡിയായി…
  • തീരെ ഉയരം കുറഞ്ഞവർക്ക് ബനാറസ് സാരി മാച്ചിംഗാണ്. മാത്രമല്ല, ചെറിയ ബോർഡറുള്ള സാരിയായാൽ പൊക്കം തോന്നിപ്പിക്കുകയും ചെയ്യും. വലിയ ബോർഡറുള്ള സാരി ധരിക്കരുത്. അത് ഷോർട്ട് ലുക്ക് ഉണ്ടാക്കും.
  • ചെറിയ ഷോൾഡറുള്ളവർ ശ്രദ്ധിക്കുക, പഫ് സ്ലീവ് ബ്ലൗസ് നിങ്ങൾക്കിണങ്ങും.
  • നാരോ വെസ് ബ്രോഡ് ഹിച്ചുമുള്ള നല്ല പൊക്കമുള്ളവർക്ക് സാരി നന്നായി ഇണങ്ങും. ഇത്തരക്കാർ ട്രാൻസ്‌പരന്‍റ് സ്‌റ്റഫിലുള്ള സാരികൾ ഒഴിവാക്കുക. ശരീരത്തിനിണങ്ങുന്ന വിധത്തിലുള്ള കളർ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കണം. സാരി നന്നായി പ്ലീറ്റ് എടുത്ത് പിൻ ചെയ്തു‌തുടുക്കുക.

വ്യത്യസ്‌ത രീതികൾ

  • സാരി ഉടുക്കുന്ന രീതിയിലും വൈവിധ്യങ്ങളുണ്ട്. പൊക്കം, ശരീരഭാരം, അവസരം എന്നിവയുടെ അടിസ്ഥാനത്തിൽ സാരി ഉടുക്കുന്ന രീതിയിൽ മാറ്റം വരുത്താം.
  • ഫ്രീ മുന്താണി സാരി, പിൻ അപ്പ് സാരി, മുന്താണി തിരിച്ചിടൽ, മുന്താണി നേരെയിടൽ, ലഹംഗാ സ്റ്റൈൽ സാരി, മുംതാസ് സ്റ്റൈൽ സാരി, ബംഗാളി തുടങ്ങിയ സ്റ്റൈലുകൾ സ്വന്തമിഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാം.
  • സാരി ധരിക്കാൻ അറിയാത്തവർക്കും ഇനി എളുപ്പത്തിൽ സാരിയുടുക്കാം. അതെങ്ങനെയെന്നല്ലേ? ഡിസൈനർമാർ ഡ്രസ് എന്ന കൺസെപ്റ്റിൽ സാരി ഡിസൈൻ ചെയ്‌തു തരും. കാഴ്‌ചയിൽ സാരിയുടുത്ത പ്രതീതി ജനിപ്പിക്കുമെങ്കിലും… ഇത് വ്യത്യസ്‌ത സ്‌റ്റൈലാണ്. സാരിയിൽ പ്ലീറ്റ്സ് തീർക്കാൻ മെനക്കെടേണ്ടതുമില്ല.
  • സാരി ഡ്രസ്സിൽ ചുരുക്കുകളും പ്ലിറ്റ്സും വേണമെന്നുണ്ടോ? എങ്കിൽ പ്ലെയിൻ ഫാബ്രിക് തെരഞ്ഞെടുക്കാം. ഇത്തരം ഫാബ്രിക്കിൽ കട്ട്സും റ്റൈലുകളും നല്ലവണ്ണം തെളിഞ്ഞു കാണും. കാഴ്ച‌യിൽ ഇത് സുന്ദരമായിരിക്കും.
  • ഹിപ് യോക് സാരി ഡ്രസ് സ്ലിം ഫിഗറിന് ബെസ്റ്റാണ്. ഈ സാരിയിൽ ശരീരവടിവുകൾ തെളിഞ്ഞു നിൽക്കുമെന്നതാണ് പ്ലസ് പോയിന്‍റ്.
  • വേറിട്ടൊരു സ്റ്റൈൽ തീർക്കാൻ ലഹങ്കാ സ്‌റ്റൈൽ സാരിയും അണിഞ്ഞുനോക്കാം.

ചില വേറിട്ട സ്റ്റൈലുകൾ

  • പ്ലെയിൻ സാരിയിൽ പ്ലീറ്റ്സിലും മുന്താണിയിലും വലിയ നക്ഷത്ര ഡിസൈനുകൾ ഒരുക്കാം. ബാക്കിയുള്ള ഭാഗം പ്ലെയിനാക്കിയിട്ട് സാരിക്കൊരു ചേയ്ഞ്ച് ലൂക്ക് നൽകാം.
  • ഇന്ന് പലതരം സാരി വർക്കുകൾ ഫാഷനിലുണ്ട്. അതുകൊണ്ട് ഇഷ്‌ടമുള്ള ഡിസൈൻ ട്രേസ് ചെയ്തൊരുക്കാം. കുന്ദൻ, നക്ഷത്രങ്ങൾ, മിറർ വർക്ക്, പൈപ്പ് ഡിസൈൻ തുടങ്ങി എന്തും സാരിയിൽ ഡിസൈനുകളാക്കാം സാരി മോടിപിടിപ്പിക്കാൻ പ്രിന്‍റഡ് സാരിയിൽ നക്ഷത്രങ്ങൾ ഒട്ടിക്കാം.
  • ഏതുതരം ട്രെൻഡി ഡിസൈനുകളുമൊരുക്കാൻ ഏറ്റവും അനുയോജ്യമായ നിറങ്ങളാണ് വൈറ്റ്, ബ്ലാക്ക് നിറങ്ങൾ. പാർട്ടിവെയറുകളായി ഇത്തരം സാരികൾ അണിയാം.
  • ഡിസൈനർ ലൂക്ക് ഇഷ്ടപ്പെടുന്നവർ സാരി അതനുസരിച്ച് ഡിസൈൻ ചെയ്ത് വ്യത്യസ്തമാക്കാം. മുന്താണിക്കും പ്ലീറ്റ്സിനുമായി നെറ്റ് ഉപയോഗിച്ച് ഡിഫറന്‍റാക്കാം. ശേഷിക്കുന്ന ഭാഗം ജോർജറ്റിൽ ഡിസൈൻ ചെയ്യാം.
  • ഇന്ന് മിക്ക ഷോപ്പുകളിലും ഡിസൈനർ ജറി ബോർഡർ ലഭ്യമാണ്. ജറി ബോർഡർ സാരിയിൽ പിടിപ്പിച്ച് ഒരു യൂണിക്ക് ഡിസൈൻ തന്നെ സൃഷ്ടിക്കാം.

പൂനിലാവിൻ ചോട്ടിൽ

“മോനേ ആതിര ഇതുവരെ എത്തിയില്ലല്ലോ?” പതിവു സമയം കഴിഞ്ഞും മരുമകളെ കാണാത്തതിന്‍റെ ചെറിയൊരു പരിഭ്രമത്തോടെ പ്രഭാവതിയമ്മ പുറത്തേക്കിറങ്ങി വന്നു.

“എത്തിയില്ലെന്നോ? ഈ സമയത്ത് അവൾ വീട്ടിൽ ഉണ്ടാവേണ്ടതാണല്ലോ?” ശ്രീകാന്തിന്‍റെ മുഖത്തും അമ്പരപ്പ് പടർന്നു.

“ആഹോ ഇതിപ്പോ വാദി പ്രതിയായ പോലുണ്ടാല്ലാ? രാവിലെ നിങ്ങൾ ഒന്നിച്ചല്ലേ ഓഫീസിലേക്കിറങ്ങിയത്. മിക്കവാറും ഒരുമിച്ചാണ് മടങ്ങി വരാറുള്ളതും. ഞാൻ കരുതി, നിങ്ങൾ ഷോപ്പിങ്ങിനോ മറ്റോ പ്ലാൻ ചെയ്‌തു കാണുമെന്ന്, ഷോപ്പിങ്ങിനോ, സിനിമക്കോ എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളൂ. പക്ഷേ, ആ വിവരം ഒന്നറിയിച്ച് പോയിരുന്നെങ്കിൽ വീട്ടിലുള്ളവർക്ക് അലപം മനസ്സമാധാനത്തോടെയിരിക്കാമായിരുന്നു.”

“അമ്മേ. അതിന് പ്ലാൻ ചെയ്യാനും മാത്രം പ്രോഗ്രാമൊന്നും ഇല്ലായിരുന്നു. എന്തോ ചെറിയ ഷോപ്പിംഗ് ഉണ്ടെന്ന് ആതിര പറഞ്ഞിരുന്നു. ഞാൻ കരുതി ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് അവൾ വീട്ടിലെത്തിക്കാണുമെന്ന്.” ടെൻഷനൊട്ടും പുറത്തു കാട്ടാതെ ശ്രീകാന്ത് മറുപടി നൽകി.

“ഞാൻ ആതിരയെ കുറ്റം പറയുന്നില്ല. അവൾ മറ്റൊരു വീട്ടിൽ നിന്നും വന്നതല്ലേയുള്ളൂ. നിന്‍റെ കാര്യം അങ്ങനെയാണോ? നിനക്കിവിടത്തെ രീതികളും ചിട്ടവട്ടങ്ങളും നന്നായറിയാവുന്നതല്ലേ” പ്രഭാവതിയമ്മ മകനെ നോക്കി.

“രീതികളോ, അമ്മയെന്തൊക്കെയാണീ പറയുന്നത്?” ശ്രീകാന്തിന്‍റെ ശബ്ദമിടറി.

“എവിടെയെങ്കിലും പോകുമ്പോൾ ഞങ്ങളൊക്കെ ഞങ്ങളുടെ കാരണവന്മാരോട് അനുവാദം ചോദിക്കുമായിരുന്നു. ഇന്നിപ്പോ കാലം മാറി. പരിഷ്‌കാരം മാറി ചുരുങ്ങിയത് എങ്ങോട്ടാണ് പോകുന്നതെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാം…. രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ആതിര. എങ്ങോട്ടു പോകുന്നു. എപ്പോവരും എന്ന് ഒന്നു ഫോൺ ചെയ്‌ത്‌ അറിയിക്കാമായിരുന്നു.” പ്രഭാവതിയമ്മയുടെ മുഖം കോപം കൊണ്ടു ചുവന്നു. “അമ്മേ പ്ലീസ്. ഇത്തവണത്തേയ്ക്കൊന്ന് ക്ഷമിക്കൂ, ഇനി ഇതുപോലെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചോളാം ഞാനുടനെ ആതിരയെ ഫോൺ വിളിച്ച് കാര്യം തിരക്കാം..

പപ്പയ്ക്ക് മാത്രമല്ല, മമ്മി, ഏട്ടൻ, ഏടത്തി, അവരുടെ അഞ്ചു വയസ്സുകാരി മകൾ റിങ്കി എല്ലാവർക്കും വേണ്ടി ആതിര സമ്മനങ്ങൾ വാങ്ങിയിരുന്നു. കൂടാതെ വലിയൊരു കേക്ക്, മധുരം പലഹാരങ്ങൾ, ചോക്ലേറ്റ്സ്, സാൾട്ടഡ് ചിപ്സ് ഇവയെല്ലാം കരുതിയിരുന്നു.

ഇത്തവണ പപ്പയുടെ ബർത്ത്ഡേ കേമമായി ആഘോഷിക്കണം. വീട്ടിലെത്തിയ ഉടനെ ആതിര ഗിഫ്റ്റ് മേശപ്പുറത്തു നിരത്തി. ഗിഫ്റ്റുകൾ കണ്ടിട്ടും ആരുടെയും മുഖത്ത് ഒരു തെളി ച്ചവും വരാത്തത് അവളിൽ ചെറിയൊരു നിരാശ പടർത്തി.

“ഇത്രയധികം പണം ചെലവഴിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ, മോളേ. ഞാൻ ബർത്ത്‌ഡേയൊന്നും ആഘോഷിക്കാറില്ലെന്ന് മോൾക്ക് നന്നായറിയാവുന്ന കാര്യമാണല്ലോ” പപ്പ പറഞ്ഞു.

“എന്തായാലും ഇത്തവണ പപ്പയുടെ ബർത്ത്ഡേ നമ്മൾ ഗ്രാൻറായി ആഘോഷിക്കും. പക്ഷേ എനിക്കൊരു കാര്യം മനസ്സിലായി. നിങ്ങൾക്ക് ഞാനിവിടെ വരുന്നത് ഇഷ്ടമല്ലെന്ന് തോന്നുന്നു.” ആതിര പപ്പയെ നോക്കി ദേഷ്യമഭിനയിച്ചു.

“മോളേ, എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ഞങ്ങൾക്കെല്ലാവർക്കും നീയെന്നു വച്ചാൽ വലിയ കാര്യമാണ്. എന്നാൽ ജീവിതത്തിൽ ഗൗരവത്തോടെ സമീപിക്കേണ്ട ചില സാഹചര്യങ്ങളുമുണ്ട്.” ആതിരയുടെ കണ്ണു നിറയുന്നതു കണ്ട് പപ്പ അവളുടെ നെറുകയിൽ തലോടി സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“എന്താണ് പപ്പ പറഞ്ഞു വരുന്നത്?” മൊബൈലിൽ ശ്രീകാന്തിന്‍റെ പേര് തെളിയുന്നതു കണ്ട് ആതിര പതറി. ശ്രീകാന്ത് ദേഷ്യത്തിലാണെന്ന് അയാളുടെ ശബ്ദത്തിൽ നിന്നവൾക്ക് മനസ്സിലായി.

“നീയെവിടെയാ? രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ. ഞാൻ ഓഫീസിൽ നിന്നും വീട്ടിലെത്തി. നിനക്കിപ്പോഴും എത്താറായില്ലേ? അമ്മ ആകെ ദേഷ്യത്തിലാ, വേഗം വീട്ടിലേയ്ക്ക് വാ.” മറുതലയ്ക്കൽ ആതിരയുടെ ശബ്ദം കേട്ട് ശ്രീകാന്ത് ശരിക്കും കയർത്തു.

“ഏ… വീട്ടിലേയ്ക്ക് വരാനോ? ഞാൻ കരുതി ഓഫീസ് കഴിഞ്ഞ് നിങ്ങൾ നേരെ ഇങ്ങോട്ടേയ്ക്ക് വരുമെന്ന്.”

“എങ്ങോട്ടു വരാൻ? നീയിപ്പോ എവിടെയാണെന്നു പോലും എനിക്കറിയില്ല.” ശ്രീകാന്ത് ക്ഷുഭിതനായി.

“ഞാനെവിടെയാണെന്ന് നിങ്ങൾക്ക് നന്നായറിയാം. എന്‍റെ വീട്ടിലല്ലാതെ ഞാൻ എങ്ങോട്ടു പോകാനാ?”

“വീട്ടിലേയ്‌ക്കോ… അപ്പോൾ നീ ഷോപ്പിങ്ങിനു പോയതല്ലേ?” ശ്രീകാന്തിന്‍റെ ശബ്ദം കനത്തു വന്നു.

“വെറുതെ ദേഷ്യപ്പെടേണ്ട… ഇന്ന് പപ്പയുടെ പിറന്നാളാ… പപ്പയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോയതാ…” ആതിരയുടെ ശബ്ദത്തിൽ ദൈന്യത കലർന്നു.

“പപ്പയുടെ ബർത്ത്ഡേയാണെന്ന് നീ പറഞ്ഞു പോലുമില്ലല്ലോ? നീയാ ഫോണൊന്നു പപ്പയ്ക്ക് കൊടുക്ക്. എന്‍റെ ബർത്ത്ഡേ വിഷ് അറിയിക്കട്ടെ.” ആതിര മൊബൈൽ ഫോൺ പപ്പയുടെ കൈയിലേക്ക് നൽകി.

“ആതിര എത്തി. മോൻ കൂടി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.” പപ്പ പറഞ്ഞു.

“സോറി പപ്പാ. ഇന്നിനി വരാൻ പറ്റില്ല. ഞാനിപ്പോ ഓഫീസിൽ നിന്നും വന്നതേയുള്ളൂ. നാളെ ഇൻസ്പെക്ഷനുണ്ട്. വർക്കൊന്നും കംപ്ലീറ്റായിട്ടില്ല. കുറേ പെന്‍റിംഗ് വർക്ക് വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ തിരക്കൊക്കെയൊന്നു കഴിയട്ടെ. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ ഞാനങ്ങോട്ടു വരുന്നുണ്ട്.

“ആഹ്! ഈ വയസ്സന്‍റെ പിറന്നാൾ ആഘോഷിക്കാൻ നിങ്ങൾ ചെറുപ്പക്കാർക്കെവിടാ സമയം.. അല്ലേ…” പപ്പ ചിരിച്ചു.

“അതല്ല പപ്പാ. ആതിര നേരത്തെ ഇതേക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ. ആതിരയെയൊന്നു വീട്ടിൽ കൊണ്ടാക്കാൻ സൂരജ് ചേട്ടനോട് പറയണം.”

പപ്പ കേക്ക് മുറിച്ചു. ആതിരയും ഏടത്തിയും മധുരപലഹാരങ്ങൾ നിറച്ച പ്ലേയ്റ്റ് മേശപ്പുറത്തു കൊണ്ടു വച്ചു. അവരെല്ലാം കൂടി ബർത്ത്‌ഡേ കേമമായി ആഘോഷിച്ചു.

“മോനേ സൂരജ്, ആതിരയെ വേഗം വീട്ടിൽ കൊണ്ടാക്ക്. നേരം വൈകിക്കണ്ട.”

“പപ്പാ… ഒരു പത്തുപതിനഞ്ചു മിനിറ്റ്… ഞാനുടനെ വരാം…” സൂരജ് പുറത്തേക്കിറങ്ങി, ആതിര അച്‌ഛനമ്മമാരുടെ അടുത്തു ചെന്നിരുന്നു വിശേഷങ്ങൾ പറയുവാൻ തുടങ്ങി. അതിനിടയ്ക്ക് അഞ്ച് വയസ്സുകാരി റിങ്കി ആതിരയുടെ കൈയിൽ പിടിച്ചു വലിക്കുവാൻ തുടങ്ങി.

“ഏ… ഇതെന്താ റിങ്കീ. ആന്‍റിയെ എങ്ങോട്ടു കൊണ്ടുപോവുകയാ?” പപ്പ തിരക്കി.

“അപ്പൂപ്പാ… ആന്‍റിയെ വിളിച്ചു കൊണ്ടുവരാൻ മമ്മി പറഞ്ഞു.”

“എന്താ ചേച്ചീ? എന്തിനാ ഇങ്ങോട്ടേയ്ക്ക് വിളിപ്പിച്ചത്? അങ്ങോട്ടു വരാമായിരുന്നില്ലേ?” ആതിര ചോദിച്ചു.

“ആഹ്! ആതിരേ, എനിക്ക് നിന്നോടൊരു കാര്യം പറയണമെന്നുണ്ടായിരുന്നു. അത് പക്ഷേ പപ്പയുടെയും മമ്മിയുടെയും മുന്നിൽ വച്ചു പറ്റില്ല. അതുകൊണ്ടാ…” റിയ വിശദീകരിച്ചു.

“അതെന്താ… ചേച്ചീ?” ആതിരയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“നീ എനിക്കും ചേട്ടനും വേണ്ടി വാങ്ങിയ സമ്മാനങ്ങൾ ഞാൻ തല്ക്കാലം സ്വീകരിക്കുന്നില്ല. എന്നാൽ റിങ്കിമോൾക്ക് വേണ്ടി വാങ്ങിയ പാവക്കുട്ടി ഇവിടിരുന്നോട്ടെ.”

“ഏ… എന്താ ചേച്ചീ?”

“നോക്കൂ, ഞാൻ നിന്നെക്കാളും മുതിർന്നവളാണ്. ഞാൻ പറയുന്നതെന്തും നിന്‍റെ നന്മയ്ക്കാണെന്നു കരുതിയാൽ മതി. നീ തെറ്റിദ്ധരിക്കരുത്.”

“ചേച്ചി പറയുന്നതൊന്നും ഞാൻ നെഗറ്റീവായെടുക്കില്ല. എന്നും ഒരു സഹോദരിയുടെ സ്നേഹവും ലാളനയുമേ ചേച്ചി എനിക്ക് നൽകിയിട്ടുള്ളൂ.”

“ആതിരേ, നിന്‍റെ വിവാഹം കഴിഞ്ഞ് കുറച്ചു നാളല്ലേ ആയുള്ളൂ. ഇനി അതാണ് നിന്‍റെ വീട്, പുതിയൊരു അന്തരിക്ഷമാണ്. നീ അവിടത്തെ ഒരംഗമാവുന്നതിന് അല്‌പം സമയമെടുത്തെന്നു വരും. നീ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു വരുന്നതു ശ്രീകാന്തിന് ഇഷ്ട‌മാകണമെന്നില്ല.”

“ഒക്കെ എനിക്ക് മനസ്സിലായി ചേച്ചീ. ഈ സാരി ഞാൻ ചേച്ചിക്ക് വേണ്ടി മാത്രം വാങ്ങിയതാണ്. ചേച്ചിക്ക് ഈ ഇളം പിങ്ക് നിറം ഇഷ്ടമാവുമെന്നും എനിക്കറിയാം. ചേച്ചി ഇതു വേണ്ടെന്നു പറയരുത്.”

“ആതിരേ, നിന്നെ വിഷമിപ്പിക്കാൻ പറയുന്നതല്ല. അനുയോജ്യമായൊരു അവസരം വരുമ്പോൾ നീ ഈ സാരി ശ്രീകാന്തിന്‍റെ അമ്മയ്ക്കു കൊടുക്കണം. വലിയ സന്തോഷമാവും അവർക്ക്. പിന്നെ ഞങ്ങൾക്ക് നീ അന്യയൊന്നുമല്ലല്ലോ?”

“പക്ഷേ, ഭർതൃഗൃഹത്തിൽ നീ പുതിയൊരു അതിഥിയാണ്. അവരുമായി അടുപ്പം നേടിയെടുക്കുന്നതിന് അല്‌പസ്വല്പം ശ്രമം വേണ്ടി വരും.”

“അപ്പോ ചേച്ചിയെന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. ഞാൻ അവിടെയുള്ളവരോടും സ്നേഹത്തോടെയും ആദരവോടെയുമാണ് പെരുമാറുന്നത്. പക്ഷേ, ഇതുമെന്‍റെ വീടല്ലേ? പപ്പയെയും മമ്മിയെയും ഒരു ദിവസം കണ്ടില്ലെങ്കിൽ എനിക്ക് വല്ലാത്ത ടെൻഷനാവും. അതാണ് ഞാൻ അടിക്കടി ഇങ്ങനെ ഓടിയെത്തുന്നത്. പപ്പയും മമ്മിയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടാവുമോ? ഇതൊക്കെ മുമ്പ് ഞാനല്ലേ നോക്കിക്കൊണ്ടിരുന്നത്.” ആതിര കരച്ചിലിന്‍റെ വക്കിലായി.

“അപ്പോഴേക്കും നീ വിഷമിച്ചോ ആതിരേ. നിന്നെപ്പോലൊരു സഹോദരിയേയും നാത്തൂനെയും കിട്ടാൻ ഭാഗ്യം ചെയ്യണം. ഇനിയെങ്കിലും നീ നിന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങു ആതിരേ. നീ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ടാണ് നിന്നോടിപ്പോൾ ഇങ്ങനെയെല്ലാം സംസാരിക്കുന്നത്. മമ്മിയേയും പപ്പയേയും നോക്കാൻ ഞാനിവിടില്ലേ?”

“ചേച്ചീ, ഞാനിവിടെ വരുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെന്നു പറഞ്ഞാൽ പോരേ… എന്തിനാ ഈ ചുറ്റിക്കെട്ട്…?”

“തമാശയ്ക്കാണെങ്കിൽ പോലും നീയങ്ങനെ കരുതരുത്. പത്തിരുപത്തിയെട്ടു വർഷം നീയിവിടെ ജീവിച്ചതല്ലേ. അപ്പോൾ നിനക്ക് ഈ വീടുമായുള്ള അടുപ്പം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ പറഞ്ഞതു കേട്ട് എന്തിനാണ് നീ ഇത്രമാത്രം വിഷമിക്കുന്നത്? നിനക്ക് എപ്പോൾ വേണമെങ്കിലും ഫോൺ വിളിച്ച് ഇവിടത്തെ സുഖവിവരങ്ങൾ തിരക്കാമല്ലോ. നിന്‍റെ പക്കൽ മൊബൈലുമുണ്ട്. എന്‍റെയൊക്കെ വിവാഹം നടക്കുന്ന സമയത്ത് ഈ മൊബൈൽ സൗകര്യമൊന്നുമില്ലായിരുന്നു. അന്ന് ഞാൻ എന്തുമാത്രം വിഷമിച്ചിരുന്നെന്നോ?”

വിഷമമടക്കാനാവാതെ റിയ തേങ്ങുന്നതു കണ്ട് ആതിരയ്ക്കും സങ്കടം വന്നു. അപ്പോൾ, താനൊരാൾ മാത്രമല്ല ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നത്. തന്നെപ്പോലെ ഓരോ സ്ത്രീയുടെയും വിധിയാണിത്. ഒരു മാറ്റം എന്തുകൊണ്ടും തന്‍റെ ഭാഗത്തു നിന്നുണ്ടാവും. ലോലഹൃദയം കാരണം വീണ്ടും വീണ്ടും അപഹാസ്യയാവാൻ താൻ തയ്യാറല്ല. ആതിര ദൃഢ തീരുമാനമെടുത്തു.

സമുദ്രത്തിലെ തിരമാലകൾ കണക്കേ ആതിരയുടെ മനസ്സിൽ ചിന്തകൾ ഇളകിമറിഞ്ഞു. സൂരജ് അപ്പോഴേക്കും മടങ്ങിയെത്തിയിരുന്നു. ധാരാളം സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമൊക്കെ കൊണ്ടായിരുന്നു അയാളുടെ വരവ്.

“വെറുതെ കാശ് പൊടിച്ചു കളയേണ്ടിയിരുന്നില്ല ചേട്ടാ…” ആതിരയ്ക്ക് പരിഭവം തോന്നി.

“മണ്ടീ, ഇതൊരു അനാവശ്യ ചെലവൊന്നുമല്ല. നിന്‍റെ ഏട്ടൻ നിനക്ക് നൽകുന്ന സമ്മാനമാണെന്ന് കരുതിയാൽ മതി. ഇതൊക്കെ കാണുമ്പോൾ നീ ഏട്ടനെ ഓർക്കുമല്ലോ.”

താമസിയാതെ സുരജ് അവളെ വീട്ടിൽ കൊണ്ടുവിട്ടു. “ആതിര, എന്താണിതൊക്കെ? ഇതുപോലെ ആരോടും ചോദിക്കാതെയും പറയാതെയും വീട്ടിൽ നിന്നിറങ്ങിപ്പോവാനും വരാനും ഇതെന്താ സത്രമോ?” ആതിരയെ കണ്ട് പ്രഭാവതിയമ്മയ്ക്ക് ചോദിക്കാതിരിക്കാനായില്ല.

“ക്ഷമിക്കണം ആന്‍റീ, ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. സന്തോഷവും എക്സൈറ്റ്‌മെന്‍റും കാരണം ആന്‍റിയോ ടു പറയാൻ ഇവൾ മറന്നതാവും. ഇന്നത്തെ ഒരു ദിവസത്തേയ്ക്ക് ആന്‍റി ക്ഷമിക്കണം. ഇനിയൊരിക്കലും ഇവളിത് ആവർത്തിക്കില്ല” സൂരജാണ് ആതിരയ്ക്ക് പകരം സംസാരിച്ചത്.

“തോന്നുമ്പോഴൊക്കെ അച്‌ഛന്‍റെ വീട്ടിലേക്കോ, കുട്ടുകാരികളുടെ വീട്ടിലേക്കോ ഒക്കെയങ്ങ് ഇറങ്ങിപ്പോവുക നല്ല പെൺകുട്ടികൾക്ക് ചേർന്നതാണോ? മോനേ സുരാജ്… തെറ്റിദ്ധരിക്കരുത്. ആതിരയേയും എന്‍റെ മോൾ സംഗിതയേയും ഞാൻ ഒരുപോലെയാണ് കാണുന്നത്. തെറ്റു കണ്ടാൽ ഞാൻ പറയും.”

“മതി അമ്മേ, ഇനി ആതിരയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.” ശ്രീകാന്ത് വിഷയം മാറ്റാൻ ശ്രമിച്ചു.

ശ്രീകാന്തിന്‍റെ ഇളയ സഹോദരി സംഗീത ചായയും സ്നാക്സും മേശപ്പുറത്ത് കൊണ്ടുവച്ചു. പ്രഭാവതിയമ്മയുടെ ദേഷ്യവും ഏതാണ്ട് ആറിത്തണുത്തിരുന്നു. ശ്രീകാന്തിന്‍റെ അച്ഛൻ മാധവമേനോൻ സൂരജുമായി സംസാരത്തിൽ മുഴുകി.

വിശ്വംഭരനോട് ഞങ്ങളുടെ പിറന്നാൾ ആശംസകൾ അറിയിക്കണം. സൂരജ് ഇറങ്ങാനൊരുങ്ങുന്നതു കണ്ട് അവർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. സൂരജ് മടങ്ങിയതോടെ ആതിര ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.

“കരച്ചിൽ പ്രോഗ്രാം കഴിഞ്ഞുവെങ്കിൽ ഞാനൊരു കാര്യം. പറയാം.” ശ്രീകാന്ത് പറഞ്ഞു.

“അതിനിനി പറയാൻ ബാക്കിയെന്തെങ്കിലുമുണ്ടോ?” ആതി ര വീണ്ടും ഏങ്ങിയേങ്ങി കരഞ്ഞു.

“ചെറിയൊരു ഷോപ്പിങ്ങുണ്ട്, ഉടനെ വരാമെന്നു പറഞ്ഞ് ഇറങ്ങിയതാണ്. എന്നിട്ട് നീയെങ്ങനെ വീട്ടിലെത്തി?” ശ്രീകാന്ത് ചോദിച്ചു.

“ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. അതുകൊണ്ട് അങ്ങോട്ടു പോകാതിരിക്കാനായില്ല. അതിത്ര വലിയ കുറ്റമാണോ?”

“ശരി, ശരി. നിനക്ക് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അമ്മയോട് പറയണമായിരുന്നു.”

“ഇതെന്താ… ഞാൻ നിങ്ങളുടെ അടിമയാണോ? സ്വന്തം ഇഷ്ടപ്രകാരം എനിക്കെങ്ങോട്ടും പോവാൻ അവകാശമില്ലേ?”

“ആതിരേ… നീ ഇന്ന് ഈ കുടുംബത്തിലെ ഒരംഗം കൂടിയാണ്. ഈ കുടുംബത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് നിന്‍റെ കൂടി കടമയാണ്. ഈ വീട്ടിലെ മുതിർന്നവർക്ക് നിന്നെക്കുറിച്ച് നല്ല പ്രതീക്ഷകളേയുള്ളൂ. നിന്‍റെ ഈ പെരുമാറ്റം നിന്‍റെ വീട്ടുകാരേയും ഇവിടെയുള്ളവരേയും എന്തുമാത്രം വിഷമിപ്പിച്ചിരിക്കുന്നുവെന്നോ? ഭാവിയിൽ ഇതാവർത്തിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

“എന്താ ഭീഷണിയാണോ?”

“ങാ.. ആണെന്നു തന്നെ കൂട്ടിക്കോ… ആഴ്ചയിൽ മൂന്നും നാലും ദിവസം വീട്ടിൽ പോയി കിടക്കുവാൻ നിനക്ക് നാണമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല.” തർക്കം പതിയെ വഴിതിരിഞ്ഞ് വൻ വഴക്കിലെത്തുമെന്നായി.

“അതിനു ഞാനവർക്ക് സഹായം ചെയ്യാൻ പോവുന്നതൊന്നുമല്ല. അവർക്കത് ഇഷ്ടമാവുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. നിങ്ങൾക്കിതുകൊണ്ട് എന്ത് അസ്വസ്‌ഥതയാണുണ്ടാവുന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്?”

*ഓ… ഇതൊക്കെ സൂരജ് നൽകിയ സമ്മാനങ്ങളാ… സ്വീറ്റ്സ്, ചോക്ലേറ്റ്, സാരി, ഷർട്ട്… വീട്ടിലെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ…” ശ്രീകാന്തിന്‍റെ മുഖത്ത് അമ്പരപ്പു പടർന്നു.

“അപ്പോ നീ അങ്ങോട്ടു പോയപ്പോൾ എന്തൊക്കെ ഗിഫ്റ്റാ കൊണ്ടുപോയത്?”

“മമ്മിക്ക് സാരി, പപ്പയ്ക്ക് ഷർട്ട്, ചേട്ടന് സ്വീറ്റ്സ്, റിങ്കിക്ക് ഡോൾ… ആഹ്… പിന്നെ ചേച്ചിക്കൊരു സാരീം.”

“നീ അവർക്ക് ഉപഹാരങ്ങൾ നൽകി. അപ്പോൾ അവർക്ക് ആ ബാധ്യത താങ്ങാനാവാതെ ഉപഹാരങ്ങൾ തിരിച്ചു നൽകേണ്ടി വന്നു. ദയവായി നീ രണ്ടു വീട്ടുകാരേയും പിണക്കല്ലേ.”

“ചുരുക്കിപ്പറഞ്ഞാൽ നീ ഈ അനാവശ്യ ചെലവുകളെല്ലാം സൂരജിന്‍റെ തലയിൽ വച്ചു കെട്ടുകയായിരുന്നു.”

“നിന്‍റെ ഇളയ സഹോദരൻ അഭിലാഷിന്‍റെയും സഹോദരി ആര്യയുടെയും പഠനച്ചെലവും മറ്റും അല്ലെങ്കിൽ തന്നെ സൂരജാണ് നോക്കി നടത്തുന്നത്. പപ്പയുടെ പെൻഷൻ കൊണ്ടു മാത്രം ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ? നിന്‍റെ വിവാഹച്ചെലവ് മുഴുവൻ വഹിച്ചത് സൂരജല്ലേ. അല്പ‌ം വിവേകത്തോടെ പെരുമാറണമെന്ന് ഇനിയെങ്കിലും നിനക്ക് തോന്നുന്നില്ലേ?”

ആതിര ഒരു നിമിഷം നിശ്ശബ്ദയായി.  ചേച്ചി താൻ നൽകിയ സാരി വാങ്ങിയില്ലല്ലോ എന്നോർത്തപ്പോൾ അവൾ കൂടുതൽ വിഷമിച്ചു. ഒരുപക്ഷേ ചേച്ചിയുടെ മനസ്സിലും ഇതൊക്കെയായിരിക്കുമോ? താൻ ഒരുത്തിയാണ് ഇതിനൊക്കെ കാരണക്കാരി. ആതിര സ്വയം കുറ്റപ്പെടുത്തി. ഇനി തന്‍റെ നേരെ വിരൽ ചൂണ്ടാൻ ഒരവസരം ആർക്കും കൊടുക്കില്ല.

സൂരജ് വീട്ടിൽ മടങ്ങിയെത്തി. സകലരും അക്ഷമരായിരുന്നു.

“എന്താ… എന്തായി? അവിടെ പ്രശ്നമൊന്നുമില്ലല്ലോ?” ആതിരയുടെ മമ്മി തിരക്കി.

“പ്രശ്ന‌മൊന്നുമില്ല. ആന്‍റി അല്‌പം ദേഷ്യത്തിലായിരുന്നു. വീട്ടിലാരോടും ഒരു വാക്കുപോലും പറയാതെയല്ലേ അവൾ ഇറങ്ങിപ്പോന്നത്. ഇതൊക്കെ നല്ല കുടുംബത്തിലെ പെൺകുട്ടികൾക്കു ചേർന്നതാണോ എന്നും ചോദിച്ചു.”

“നീയെന്തു പറഞ്ഞു?” പപ്പ തിരക്കി.

“ഞാനൊന്നും പറയാൻ പോയില്ല. ഭാവിയിൽ ഇതാവർത്തിക്കില്ലെന്നു പറഞ്ഞു ക്ഷമാപണം നടത്തി അവരുടെ കുടുംബകാര്യത്തിൽ ഞാനെന്തു പറയാനാ? ആതിര തന്നെ തീരുമാനിക്കട്ടെ.”

“ഞാൻ റിയയോട് അവളെ ഉപദേശിക്കാൻ പറഞ്ഞിരുന്നു. മകൾ വീട്ടിൽ വരേണ്ടെന്ന് ഞങ്ങൾ അച്ഛ‌ഛനമ്മമാർ എങ്ങനെ പറയും?” അമ്മയുടെ സ്വരമിടറി.

“ഭാരിച്ച ഉത്തരവാദിത്തമാണ് അമ്മയെന്നെ ഏല്പിച്ചത്. അവൾക്കിതൊന്നും ഇഷ്ടമാവുന്നില്ലെന്ന് അവളുടെ മുഖഭാവം കണ്ടപ്പോഴേ എനിക്കു മനസ്സിലായിരുന്നു.” റിയയുടെ ശബ്ദം വിറച്ചു.

“സാരമില്ല റിയാ. ആതിര ആ വീടുമായൊന്ന് അഡ്‌ജസ്റ്റാകട്ടെ… ഒക്കെ നേരെയാവും.” പപ്പ പറഞ്ഞു.

ശരിതെറ്റുകളുടെ ലോകത്തിലൂടെ സഞ്ചരിച്ച് ആതിര രാത്രി വെളുപ്പിച്ചു, സഹോദരൻ നൽകിയ ഉപഹാരങ്ങൾ അതേപടി മേശപ്പുറത്തിരിക്കുന്നു. അവയൊക്കെ തന്നെ നോക്കി പല്ലിളിക്കുകയാണോ?

ആതിര സമ്മാനപ്പൊതികളുമെടുത്ത് പ്രഭാവതിയമ്മയുടെ മുന്നിലെത്തി.

“അമ്മേ… ഇതൊക്കെ ഇന്നലെ ചേട്ടൻ വാങ്ങിത്തന്നതാണ്.” അവൾ ഒരു കണക്കിനു പറഞ്ഞു.

പ്രഭാവതിയമ്മ ഉപഹാരങ്ങളിലേയ്ക്ക് ഒരൊഴുക്കൻ നോട്ടമെറിഞ്ഞ് ദീർഘനിശ്വാസത്തോടെ അവളെ നോക്കി.

“ആതിരേ, നിനക്ക് നിന്‍റെ വീടുമായുള്ള അടുപ്പം എനിക്ക് മനസ്സിലാവും. പക്ഷേ ഞങ്ങൾ രണ്ടു കുടുംബക്കാർ… അടുപ്പവും പരിചയവുമൊക്കെയായി വരുന്നതേയുള്ളൂ. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഞങ്ങളുടെ ഈ ബന്ധം. നീ ആ വീട്ടിലെ മകളാണെങ്കിൽ, ഇന്ന് ഈ വീട്ടിലെ മരുമകളാണ്. ഉപഹാരങ്ങൾ നൽകുന്നതും വാങ്ങുന്നതും തെറ്റില്ല. എന്നാൽ സമയവും സന്ദർഭവും നോക്കിയാവണമെന്നു മാത്രം. ഇല്ലെങ്കിൽ അതൊക്കെ ഭാരമായിത്തീരും.”

“എനിക്കറിയാം അമ്മേ… ഞാൻ അറിയാതെ…. ഇമോഷണലായി… ഇനി ഒരിക്കലും അമ്മയ്ക്ക് പരിഭവം പറയാനൊരു അവസരമൊരുക്കില്ല.” ആതിരയുടെ മുഖം കുറ്റബോധത്താൽ കൂമ്പി നിന്നു.

“മിടുക്കി. ഇനിയൊന്നു ചിരിച്ചേ. കാർമേഘങ്ങൾ ഈ ചന്ദ്രമുഖിക്ക് ഒട്ടും ചേരുന്നില്ല. എന്തു പ്രശ്ന‌മുണ്ടെങ്കിലും ഞങ്ങളോടു തുറന്നു പറയാൻ മടിക്കണ്ട. പരിഹാരം ഉടനെ കിട്ടും.” പ്രഭാവതിയമ്മ ചിരിച്ചു. രണ്ടു മാസങ്ങൾക്കു ശേഷം…. ആതിര പതിവുപോലെ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നു. പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്‌തു.

“ഹലോ…” ആതിര ഫോൺ ചെവിയോടു ചേർത്തു. “ചേച്ചീ… എന്നെ ഓർത്തുവല്ലോ?”

“എന്താ പരിഹസിക്കയാണോ? ഇതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ?” റിയ ചോദിച്ചു

“ദേഷ്യമോ എന്തിനാ? മമ്മിയേക്കാൾ സ്നേഹത്തോടെയല്ലേ ചേച്ചി അന്ന് എന്നെ ഉപദേശിച്ചത്.”

“ഞങ്ങളെ കാണാൻ ഇനി ഇങ്ങോട്ടു വരുന്നില്ലേ? ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.”

“ആ ഇവിടത്തെ അമ്മയോട് അനുവാദം ചോദിച്ചിട്ട് പറയാം. അതിരിക്കട്ടെ, ചേച്ചിക്കും ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വരാമല്ലോ?” ആതിര പറഞ്ഞു. ആതിരയിൽ വന്ന ഈ മാറ്റം റിയയെ അദ്‌ഭുതം കൊള്ളിച്ചു.

സ്മോൾ അടി

സ്കൂൾ വിടാൻ അക്ഷമയോടെ പുറത്ത് കാത്തു നിൽക്കുകയായിരുന്നു അയാൾ. ലോംഗ് ബെല്ലിനു പിന്നാലെ പുറത്തേയ്ക്ക് ഓടി വന്ന മകന്‍റെ കൈപിടിച്ച് അയാൾ ധൃതിയിൽ മുന്നോട്ട് ഓടി, അയാൾ അവനെയും കൊണ്ട് നേരെ പോയത് ഒരു ബാറിലേക്കാണ്. അയാൾ കൗണ്ടറിൽ നിന്ന് നിന്ന നില്പിൽ രണ്ടെണ്ണം വീശി. മകന് ഒരു കോള വാങ്ങിക്കൊടുത്തു. വർണ്ണ വെളിച്ചത്തിൽ കണ്ണും നട്ട് അവനത് നുണഞ്ഞു. യൂണിഫോമിൽ ബാറിൽ വന്നു കയറിയ ലിറ്റിൽ മാസ്‌റ്ററെയായിരുന്നു എല്ലാ മദ്യപരും ശ്രദ്ധിച്ചത്.

പക്ഷേ വെയ്റ്റർമാർക്ക് അതൊരു കൗതുകമേ അല്ലായിരുന്നു. കാരണം ആ അച്‌ഛനും മകനും അവിടുത്തെ നിത്യസന്ദർശകരാണ്. കൊച്ചിയിലെ ഒരു ബാറിലെ കാഴ്ചയാണ് മേൽ വിവരിച്ചത്. മദ്യപാനം ദിനചര്യയാക്കിയ അച്‌ഛനും, അച്ഛന്‍റെ ദുശ്ശീലത്തിന് ഇരയാകുന്ന മകനും. കുട്ടികൾക്ക് മാതൃകയാവേണ്ട രക്ഷിതാക്കൾ വഴിപിഴച്ചു തുടങ്ങിയാൽ പിന്നെ കുട്ടികൾ നന്നാവുമോ?

സോഷ്യൽ ഡവലപ്മെന്‍റ് ഫൗണ്ടേഷൻ നടത്തിയ ഒരു സർവെ വെളിപ്പെടുത്തുന്നത് ടീനേജുകാർക്കിടയിലെ മദ്യസേവ വർദ്ധിച്ചു വരികയാണെന്നാണ്. പ്രത്യേകിച്ചും മെട്രോ നഗരത്തിലെ കുട്ടികൾ ഫാഷൻ ഭാഗമായാണ് മദ്യം അകത്താക്കുന്നതത്രേ!, കൊച്ചി, ചെന്നൈ, ഡൽഫി പാറ്റ്ന, ഗോവ, തുടങ്ങിയ നഗരങ്ങളലായിരുന്നു സർവെ. 15 മുതൽ 19 വയസ്സുവരെയുള്ള രണ്ടായിരത്തിൽപരം കൗമാരക്കാരിലണ് സർവ്വെ നടത്തിയിരുന്നത്.

സർവ്വെയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾക്ക് മദ്യം കഴിക്കുന്ന സ്വഭാവമുണ്ട്. പത്തിൽ മൂന്ന് പേർ പറഞ്ഞത് അവർ ഫ്രൂട്ട് ഫ്ളവർ ആൽക്കഹോളിക് ബീവറേജസ് ഉപയോഗിക്കുന്നു എന്നാണ്. മെട്രോ നഗരങ്ങളിലെ പ്ലസ്‌ടു തലത്തിലുള്ള 45 ശതമാനം കുട്ടികളും മാസത്തിൽ അഞ്ചാറു തവണയെങ്കിലും മദ്യം സേവിക്കുന്നവരാണെന്ന് സർവേ വെളിപ്പെടുത്തുന്നു. എളുപ്പം പണം ലഭിക്കുന്നത്, വിദേശ ബ്രാന്‍റുകളുടെ ലഭ്യത, അച്ഛനമ്മമാരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കായ്ക്കുക, സാമ്പത്തിക ശേഷി, സ്ട്രസ് കൂടുന്നത്, ഡിപ്രഷൻ തുടങ്ങിയ കാരണങ്ങളാണ് ടീനേജുകാരെ മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതത്രേ.

സമപ്രായക്കാരുടെ കൂട്ടുകെട്ടിൽ ചേർന്നാണ് മിക്കവരും ആദ്യം മദ്യം നുണയുന്നതെന്ന് സർവ്വെയിൽ ചങ്കെടുക്കുന്നവർ വെളിപ്പെടുത്തുന്നു. ഗാർഹിക പ്രശ്‌നങ്ങളിൽ നിന്നും മറ്റും ഒളിച്ചോടാനാണ് പലരും മദ്യത്തെ ആശ്രയിക്കുന്നത്. നിത്യജീവിതത്തിലെ ടെൻഷൻ അകറ്റാനുള്ള വഴിയായാണ് മദ്യം ശീലമാക്കിയതെന്ന് സർവ്വെയിൽ പങ്കെടുത്ത കൊച്ചിയിലെ 50% കുട്ടികളും വെളിപ്പെടുത്തുന്നു. 32 ശതമാനത്തിലധികം ടീനേജുകാർ പറയുന്നത് തങ്ങൾ അപ്സെറ്റായിരിക്കുമ്പൊഴാണ് മദ്യം സേവിക്കുന്നതെന്നാണ്. പക്ഷേ 46 ശതമാനം പേർ അടിച്ചു തകർക്കാനത്രേ ലഹരി അകത്താക്കുന്നത്. 15% പേർ മദ്യം കഴിക്കുന്നത് ബോറടി മാറ്റാനാണെന്നും സർവ്വെ പറയുന്നു.

മിക്ക വിദ്യാർത്ഥികളും പറയുന്നത് ഒരു വർഷം 3500 മുതൽ 4500 രൂപ വരെ മദ്യപാനത്തിനായി ചെലവഴിക്കുന്നു. എന്നാണ്. ശീതളപാനീയങ്ങൾക്കും. സിനിമയ്ക്കും, പുസ്‌തകത്തിനും ഒരു വിദ്യാർത്ഥി ചെലവഴിക്കുന്നതിനേക്കാൾ വലിയ തുകയാണിത് എന്നർത്ഥം.

ന്യൂ ഇയർ, ക്രിസ്‌മസ്, വലന്‍റൈൻസ് ഡേ, ബർത്ത് ഡേ എന്നീ ആഘോഷ വേളകളിലാണ് മദ്യ കൂടുതൽ കൂടിക്കുന്നതെന്ന് സർവ്വേയിൽ പങ്കെടുത്ത 70% കുട്ടികളും പറയുന്നു. മൂന്നിലൊന്ന് കുട്ടികളും തങ്ങളുടെ കോളേജ് പ്രവേശനത്തിനു മുമ്പ് തന്നെ മദ്യം നുകർന്നവരാണെന്ന വസ്‌തുതയും സർവ്വെ വെളിപ്പെടുത്തുന്നു. 15 വയസ്സി നു മുമ്പേ തന്നെ മദ്യപാനം ശീലമാക്കിയവരാണ് ഈ കൂട്ടർ. പെൺകുട്ടികൾ വളരെ നേരത്തെ തന്നെ മദ്യപാനം തുടങ്ങിയതും സർവ്വെ കണ്ടെത്തുന്നു. പതിനഞ്ചിനും പതിനേഴിനും ഇടയിലുള്ള പ്രായത്തിലാണ് 40 ശതമാനം പെൺകുട്ടികളും അവരുടെ ആദ്യ ഡ്രിങ്ക് അകത്താക്കിയത്. മുമ്പ് ആൺ കുട്ടികളിൽ മാത്രം കണ്ടു വന്നിരുന്ന ദുഃശീലം അപകടകരമാം വിധം പെൺ കുട്ടികളെയും പിടികൂടിയിരിക്കുന്നു.

വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ഒരു സംസ്കാരം ഇന്ന് കേരളത്തിലും സർവ്വ സാധാരണമായിരിക്കുകയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കു പോലും മദ്യം വിളമ്പിക്കൊടുക്കുന്ന സോഷ്യലിസ്റ്റുകളായിരിക്കുന്നു കേരളത്തിലെ രക്ഷകർത്താക്കൾ. ഈ ശീലം കുട്ടികളുടെ ജീവിതരീതിയെ അപ്പാടെ തകിടം മറിക്കുമെന്ന് പറയേണ്ടതില്ലല്ലോ… വീട്ടിൽ നിന്ന് കിട്ടിയ പ്രോത്സാഹനം കൂട്ടുകാർക്കിടയിലും തുടരുന്ന ഇവർ വൈകാതെ മദ്യത്തിന് അടിമയായേക്കാം.

പ്രായത്തിന്‍റെ പക്വതയില്ലായ്മയും മദ്യത്തിന്‍റെ സ്വാധീനവും കാരണം തെറ്റായ വഴികളിലേയ്ക്ക് തിരിഞ്ഞും പോയ യുവാക്കളുടെ കഥ പത്രമാധ്യമങ്ങളിൽ എന്നും നാം കാണുന്നതല്ലേ… യുവാക്കൾക്കിടയിൽ എന്നല്ല, പെൺകുട്ടികൾക്കിടയിൽ പോലും കുറ്റകൃത്യങ്ങളും അനാശാസ്യ പ്രവണതകളും വളർത്താൻ മദ്യം ചെലുത്തുന്ന ദുഃസ്വാധീനം വളരെ വലുതാണ്. മോഷണം, അക്രമ പ്രവണത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പെടുന്നവരിൽ പലരും മദ്യത്തിന്‍റെ മായാവലയത്തിൽപ്പെട്ടവരാണെന്ന് പോലിസ് എഫ്.ഐ.ആറുകൾ സാക്ഷ്യം പറയുന്നു.

മദ്യപിക്കുന്ന മാതാപിതാക്കളോടുള്ള എതിർപ്പു പ്രകടിപ്പിക്കാൻ വേണ്ടി മദ്യപാനം ശീലിക്കുന്നവരുമുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും കുട്ടികളെ മദ്യപാന ശീലരാക്കിയേക്കാം.

വിലക്കുകൾ ലംഘിക്കാനുള്ള അമിത ആഗ്രഹം, കൂട്ടുകാർക്കിടയിൽ ഹീറോ ആകാനുള്ള ത്വര, മദ്യത്തിന്‍റെ രുചിയും സുഖവും അറിയാനുള്ള ജിജ്‌ഞാസ ഇവയെല്ലാം മദ്യത്തിന്‍റെ വഴിയിലേയ്ക്ക് കുട്ടികളെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.

നോൺ വെജ് കിച്ചൻ

ടൊമാറ്റോ ഫിഷ്

ചേരുവകൾ

ഫിഷ് 250 ഗ്രാം

ടൊമാറ്റോ കെച്ചപ്പ് 2 ടീസ്‌പൂൺ

ചില്ലി പേസ്‌റ്റ് അര ടീസ്‌പൂൺ

വെളുത്തുള്ളി 50 ഗ്രാം

ഇഞ്ചി അരച്ചത് 50 ഗ്രാം

കോൺഫ്ളോർ 50 ഗ്രാം

മുട്ട രണ്ടെണ്ണം

ആരോറൂട്ട് 50 ഗ്രാം

തക്കാളി, സവാള രണ്ടെണ്ണം

വൈറ്റ് പെപ്പർ ആവശ്യത്തിന്

ചൈനീസ് സാൾട്ട് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കണം. ഇതിൽ ഇഞ്ചി- വെളുത്തുള്ളി അരച്ചത് പുരട്ടി വയ്ക്കുക. ആരോറൂട്ട് പൊടി, മൈദ, മുട്ട എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി മീൻ കഷണങ്ങളിൽ ചേർത്ത് വറുത്തെടുക്കുക.

ഇനി കനം കുറച്ച് അരിഞ്ഞിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി കഷണങ്ങൾ വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, തക്കാളി, സവാള സ്‌ളൈസ് ചേർത്ത് വീണ്ടും വഴറ്റുക. മസാലയും മീൻ കഷണങ്ങളും ഇട്ട് വേവിക്കണം. ടൊമാറ്റോ ഫിഷ് തയ്യാർ.

ചില്ലി ചിക്കൻ

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ 200 ഗ്രാം

വെളുത്തുള്ളി അരച്ചത് 50 ഗ്രാം

ഇഞ്ചി അരച്ചത് 50 ഗ്രാം

മുട്ട രണ്ടെണ്ണം

ആരോറൂട്ട് പൊടി 50 ഗ്രാം

ചില്ലി പേസ്‌റ്റ് ഒരു ടീസ്‌പൂൺ

സവാള രണ്ടെണ്ണം

കാപ്സിക്കം രണ്ടെണ്ണം

കാരറ്റ് രണ്ടെണ്ണം

സോയാസോസ് അര ടീസ്‌പൂൺ

ഉള്ളി രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ബോൺലെസ്സ് ചിക്കനിൽ മസാല കുട്ട് തേച്ചു പിടിപ്പിക്കുക. ഇത് മുട്ട, മൈദ, ആരോറൂട്ട് പൊടി എന്നിവ കൊണ്ട് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി ചെറിയ പക്കാവട പോലെ തയ്യാറാക്കി വറുത്തെടുക്കാം. ഒരു ഫ്രൈയിംഗ് പാനിൽ എണ്ണയെടുത്ത് കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചി അരച്ചതുമിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇതിലേയ്ക്ക് സവാള, കാപ്സിക്കം, കാരറ്റ്, ഉള്ളി അരിഞ്ഞതും ചേർക്കാം. ഇനി ചിക്കൻ ‌സ്റ്റോക്കുമൊഴിച്ച് ചില്ലി പേസ്‌റ്റ്, ചൈനീസ് സാൾട്ട്, വൈറ്റ് പെപ്പർ എന്നിവയും ചിക്കൻ പക്കാവടയും ചേർത്ത് വെള്ളം വറ്റുംവരെ വേവിക്കുക.

ചിക്കൻ സ്പ്രിംഗ് റോൾ

ചേരുവകൾ:

കാരറ്റ് 50 ഗ്രാം

ബീൻസ് 50 ഗ്രാം

കാബേജ് 50 ഗ്രാം

ബോൺലെസ്സ് ചിക്കൻ 100 ഗ്രാം

സവാള 50 ഗ്രാം

കാപ്‌സിക്കം 50 ഗ്രാം

മൈദ 50 ഗ്രാം

ആരോറൂട്ട് പൊടി 50 ഗ്രാം

മുട്ട രണ്ടെണ്ണം

ചൈനീസ് സാൾട്ട് ആവശ്യത്തിന്

വൈറ്റ് പെപ്പർ ആവശ്യത്തിന്

ടൊമാറ്റോ കെച്ചപ്പ് ഒരു ടീസ്‌പൂൺ

സോയാ സോസ്, പഞ്ചസാര അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് മൈദ, രണ്ടുകപ്പ് ആരോറൂട്ട് പൊടി, രണ്ടു മുട്ട എന്നിവ കൊണ്ട് മിശ്രിതം തയ്യാറാക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ തൂവി അല്പം മിശ്രിതം ഒഴിച്ച് ദോശപോലെ പരത്തിയെടുത്ത് ഒരു പ്ലേയ്റ്റിലേയ്ക്കു മാറ്റിവയ്ക്കുക. തുടർന്ന് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി- ഇഞ്ചി കഷണങ്ങളിട്ടശേഷം പച്ചക്കറി സ്‌ളൈസാക്കിയതുമിട്ട് വഴറ്റാം. ഇതിൽ ടൊമാറ്റോ കെച്ചപ്പ്, ചിക്കൻ കഷണങ്ങൾ, മസാലയും ചേർക്കാം. ഈ മിശ്രിതം പരത്തിവച്ച ചപ്പാത്തിയിൽ നിറച്ച് വറുത്തെടുക്കാം. ഇഷ്ട്‌ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് പച്ചക്കറി കൊണ്ട് ഗാർണിഷ് ചെയ്‌ത് സർവ്വ് ചെയ്യാം.

ഫ്രൈഡ് പ്രോൺസ്

ചേരുവകൾ

ചെമ്മീൻ 250 ഗ്രാം

വെളുത്തുള്ളി അരച്ചത് 50 ഗ്രാം

ഇഞ്ചി അരച്ചത് 50 ഗ്രാം

കോൺഫ്ളോർ 50 ഗ്രാം

മൈദ 50 ഗ്രാം

ബേക്കിംഗ് പൗഡർ, വിനാഗിരി, ചൈനീസ് സാൾട്ട്, വൈറ്റ് പെപ്പർ എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ വൃത്തിയാക്കി വിനാഗിരിയിൽ മുക്കി വയ്ക്കുക. വെളുത്തുള്ളി-ഇഞ്ചി അരച്ചതിലേക്ക് വൈറ്റ് പെപ്പർ, ചൈനീസ് സാൾട്ട് എന്നിവ ചേർക്കു ക. ഇത് ചെമ്മീനിൽ നന്നായി പുരട്ടി കുറച്ചുസമയം വയ്ക്കണം. ആരോറൂട്ട് – മൈദ മിശ്രിതത്തിൽ മുക്കി ചെമ്മീൻ വറുത്തെടുത്ത് ചൂടോടെ സർവ്വ് ചെയ്യാം.

കാൽസ്യം തരും കരുത്ത്

ഒരു പഠനമനുസരിച്ച്, 14 മുതൽ 17 വയസ്സ് വരെ പ്രായമുള്ള 20% പെൺകുട്ടികളിൽ കാൽസ്യം കുറവ് സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ മുമ്പ് ഇത്രയും ഉയർന്ന അളവിൽ കാൽസ്യം കുറവ് ഗർഭിണികളിലും പ്രായമായ സ്ത്രീകളിലും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇന്നത്തെ മോശമായ ജീവിതശൈലിയാണ് ഇതിന് കാരണം. ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലായി പാക്കറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നു, ഇത് കാരണം അവരുടെ ശരീരത്തിന് സമീകൃത ഭക്ഷണം ലഭിക്കുന്നില്ല.

സ്ത്രീകൾ  വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുന്നു, എന്നാൽ പലപ്പോഴും സ്വന്തം ശാരീരിക ക്ഷമതയെക്കുറിച്ച് അശ്രദ്ധരായിരിക്കും. നല്ല ആരോഗ്യത്തിനും കരുത്തുറ്റ ശരീരത്തിനും കാൽസ്യം വളരെ പ്രധാനമാണ്. ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു.

നമ്മുടെ അസ്ഥികളിൽ 70% കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് എല്ലുകളുടെയും പല്ലുകളുടെയും നല്ല ആരോഗ്യത്തിന് കാൽസ്യം ഏറ്റവും പ്രധാനം. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കാൽസ്യം ആവശ്യമാണ്. അവരുടെ ശരീരത്തിൽ 1000 മുതൽ 1200 മില്ലി വരെ കാൽസ്യം ഉണ്ടായിരിക്കണം, അല്ലാത്തപക്ഷം അതിന്‍റെ കുറവ് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ആരോഗ്യമുള്ള ഹൃദയം, പേശികളുടെ ഫിറ്റ്നസ്, പല്ലുകൾ, നഖങ്ങൾ, അസ്ഥികൾ എന്നിവയുടെ ബലത്തിന് കാൽസ്യം ആവശ്യമാണ്. ഇതിന്‍റെ കുറവ് മൂലം, അടിക്കടിയുള്ള ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് സാധ്യത, മരവിപ്പ്, ശരീരമാസകലം വേദന, പേശിവലിവ്, ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ആർത്തവ സമയത്ത് അമിതമായ വേദന, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഭക്ഷണത്തിൽ നിന്ന്  തന്നെ കാൽസ്യം ശരീരത്തിന്  ലഭിക്കേണ്ടത് പ്രധാനമാണ്.

സ്ത്രീകളിൽ കാൽസ്യം കുറയാനുള്ള കാരണങ്ങൾ

45 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളിലാണ് കാൽസ്യത്തിന്‍റെ കുറവ് ഏറ്റവും സാധാരണമായി കണ്ടു വരുന്നത്. കാരണം ഈ പ്രായത്തിൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്‍റെ അളവ് കുറയാൻ തുടങ്ങുന്നു, അതേസമയം കാൽസ്യം മെറ്റബോളിസത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഹോർമോൺ മാറ്റങ്ങൾ: കാൽസ്യം അടങ്ങിയ ഭക്ഷണത്തിന്‍റെ അഭാവം പ്രത്യേകിച്ച് പാൽ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കാതിരിക്കുക.

ഹോർമോൺ ഡിസോർഡർ ഹൈപ്പോതൈറോയിഡിസം: ഈ അവസ്ഥയിൽ, രക്തത്തിലെ കാൽസ്യത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ തൈറോയ്ഡ് ശരീരം ഉത്പാദിപ്പിക്കുന്നില്ല.

സ്ത്രീകൾ  പാചകത്തിനായി കൂടുതൽ സമയവും ചെലവഴിക്കുന്നു. എന്നാൽ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താൻ കഴിയുന്ന നിരവധി ചേരുവകൾ അടുക്കളയിൽ ലഭ്യമാണെന്ന് അറിയാമോ? ഇത്  കഴിച്ചാൽ കാൽസ്യം സപ്ലിമെന്‍റുകൾ കഴിക്കേണ്ടതില്ല.

റാഗി: റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റാഗിയിൽ 370 മില്ലിഗ്രാം കാൽസ്യം കാണപ്പെടുന്നു.

സോയാബീൻ: സോയാബീനിൽ മതിയായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം സോയാബീനിൽ ഏകദേശം 175 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.

ചീര: 100 ഗ്രാം ചീരയിൽ 90 മില്ലിഗ്രാം കാൽസ്യം ഉണ്ട്. ഒരു മിനിറ്റ്  ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡിന്‍റെ സാന്ദ്രത കുറയുന്നു.

വെളിച്ചെണ്ണ: അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച്, വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് തടയും, മാത്രമല്ല ഇത് ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാനും സഹായിക്കുന്നു.

സൂര്യ പ്രകാശം: ഭക്ഷണം കഴിക്കുക മാത്രമല്ല, രാവിലെ സൂര്യ പ്രകാശം  ഏൽക്കുന്നതും  പ്രധാനമാണ്, അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ ആവശ്യമാണ്. രക്തത്തിലെ കാൽസ്യത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത് വിറ്റാമിൻ ഡി ആണ്. ഇത് കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവ് വർദ്ധിപ്പിക്കുകയും അസ്ഥിക്ക് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഹോളിവുഡിന്‍റെ സിറ്റാഡൽ

അടുത്തിടെ ‘സിറ്റാഡൽ’ എന്ന രാജ്യാന്തര പരമ്പരയിലൂടെ നടി പ്രിയങ്ക ചോപ്ര വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകദേശം 25,000 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഈ വെബ് സീരീസ്, ഷോയ്ക്ക് മുമ്പ് തന്നെ വലിയ ചർച്ചയായിരുന്നു. സീരിസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഭർത്താവ് നിക്ക് ജോനാസിനും മകൾ മാലതിക്കുമൊപ്പമാണ് പ്രിയങ്ക മുംബൈയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു അന്താരാഷ്ട്ര ചാനലിന് നൽകിയ അഭിമുഖത്തിലും പ്രിയങ്ക വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങൾ അവർ മീഡിയയുമായി പങ്കുവെച്ചു. സ്വജനപക്ഷപാതവും ബഹിഷ്‌കരണ പ്രവണതയും പുരുഷ മേധാവിത്വവും നിറഞ്ഞതാണ് ബോളിവുഡ് എന്ന് അവർ തുറന്നടിച്ചു. ഇന്ത്യൻ സിനിമ ഇൻഡസ്‌ട്രിയെക്കുറിച്ച് നിരവധി വിമർശനങ്ങൾ അവർ നടത്തി.

ചോദ്യം: സിറ്റാഡൽഎന്ന അന്താരാഷ്ട്ര വെബ് സീരീസിന്‍റെ പ്രമോഷനു വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം മുംബൈയിൽ എത്തിയത്. ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

ഉത്തരം: ഒരുപാട് നാളുകൾക്ക് ശേഷം മുംബൈയിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്! നമ്മുടെ വീട്ടിലേക്ക് വല്ലപ്പോഴും വരുമ്പോൾ അതിയായ സന്തോഷം ആർക്കാണ് തോന്നാത്തത്? നിക്കിനും മാലതിക്കും മുംബൈ നഗരം വളരെ ഇഷ്ടമാണ്. ഈ സീരീസിന്‍റെ പ്രമോഷനെ കുറിച്ച് പറയുമ്പോൾ, ‘സിറ്റാഡൽ’ സീരീസ് എനിക്ക് വലിയ വഴിത്തിരിവാണ്, കാരണം ഇത് അന്താരാഷ്ട്ര തലത്തിൽ നിർമ്മിച്ച ഗംഭീര പരമ്പരയാണ്. അതിൽ എനിക്ക് നായിക ആകാൻ കഴിഞ്ഞു എന്നത് അതിലും വലിയ കാര്യമാണ്! ഇതിൽ നാദിയ സിൻഹ എന്ന കഥാപാത്രമാണ് ഞാൻ. ഒരു വനിതാ ഡിറ്റക്ടീവാണ്. ഹോളിവുഡ് നടൻ റിച്ചാർഡ് മാഡൺ നായകനായി അഭിനയിച്ച ഒരു ഹൊറർ വെബ് സീരീസാണിത്.

ഇതുവരെ ചെയ്തിട്ടില്ലാത്ത അപകടകരമായ ഒരുപാട് സ്റ്റണ്ട് രംഗങ്ങൾ ഈ സീരിയലിൽ ഞാൻ ചെയ്തിട്ടുണ്ട്. സിറ്റാഡൽ വളരെ വലിയ പരമ്പരയാണ്. സാധാരണ പൗരന്മാരെപ്പോലെ വ്യത്യസ്ത വേഷങ്ങളിൽ വിവിധ നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നിരവധി ചാരന്മാർ ഇതിൽ ഉണ്ട്. അവരുടെ പ്രധാന ലക്ഷ്യം സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. സ്വന്തം നാട്ടിൽ ഒളിഞ്ഞിരിക്കുന്ന എതിരാളികളെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഏത് തലത്തിലുള്ള പ്രവർത്തനത്തിനും തയ്യാറാണ്.

ചോദ്യം: മുമ്പ് നിങ്ങൾ ബേ വാച്ചിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഇല്ലാത്ത സവിശേഷത എന്താണ്?

ഉത്തരം:‘ബേ വാച്ച്’ ഒരു റൊമാന്‍റിക് വെബ് സീരീസ് മാത്രമാണ്. എന്നാൽ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ‘സിറ്റാഡൽ’. ഇതിൽ പ്രവർത്തിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം ഇത് ലോകത്തിലെ മിക്ക ഭാഷകളിലും ഒരേസമയം സംപ്രേക്ഷണം ചെയ്യുന്ന ഒരു അന്താരാഷ്ട്ര സീരിയലാണ്. റിച്ചാർഡിനെപ്പോലെ ഒരു ഇതിഹാസ ഹോളിവുഡ് നടന്‍റെ കൂടെ വളരെ പ്രാധാന്യമുള്ള വേഷം ചെയ്യാൻ എനിക്ക് കഴിഞ്ഞു. കൂടാതെ, എന്‍റെ കഴിഞ്ഞ 22 വർഷത്തെ അഭിനയപരിചയത്തിൽ, എനിക്ക് ഒരു നായകനെപ്പോലെ പ്രതിഫലം ലഭിച്ചു! നമ്മുടെ ബോളിവുഡിൽ ഇത് ഒരിക്കലും സംഭവിക്കില്ല! അതുകൊണ്ട് തന്നെ സിറ്റാഡലിൽ ജോലി ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.

ചോദ്യം: സിറ്റാഡലിലെ പ്രധാന നായകനായ റിച്ചാർഡിനൊപ്പം അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു

ഉത്തരം: അത് വളരെ നന്നായിരുന്നു! ഈ വെബ് സീരീസ് അഭിനയം ആരംഭിക്കും മുമ്പ് ഒരു അത്താഴവിരുന്ന് ചടങ്ങിൽ ഞാൻ അദ്ദേഹത്തെ കണ്ടു. അന്നുമുതൽ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടുപേരും ജോലിയിൽ അർപ്പണബോധവും ഉത്സാഹവും കൃത്യനിഷ്ഠയും ഉള്ളവരാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വേഷങ്ങളോട് 100% നീതി പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാവിയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യം: കരിയർ ആരംഭിച്ചിട്ട് 22 വർഷമായി, എന്തുകൊണ്ടാണ് ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡ് മാത്രം തിരഞ്ഞെടുത്തത്?

ഉത്തരം: ഇതിന് നിരവധി കാരണങ്ങളുണ്ട്.ബോളിവുഡ് എല്ലായ്പ്പോഴും പുരുഷമേധാവിത്വമുള്ള ഒരു വ്യവസായമാണ്. നമ്മുടെ അഭിനയം നല്ലതാണെങ്കിലും സ്ത്രീ എന്ന് വേർതിരിവ് ഉണ്ട്. നായകനായാലും നായിക ആയാലും രണ്ടും തുല്യ പരിശ്രമം. എന്നാലും നായകന് പ്രതിഫലം കൂടും, നായികയ്ക്ക് കുറവ്. ഞാൻ എഴുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോക്സ്‌ ഓഫീസ് ഹിറ്റുകൾ നൽകി. ഇത്രയധികം വിജയ ചിത്രങ്ങൾ കഴിഞ്ഞിട്ടും എനിക്ക്, ഈ വേർതിരിവ് കാരണം സന്തോഷം ലഭിച്ചില്ല.

അതേ സമയം, ഹോളിവുഡിൽ എത്തി പാട്ടുകാരിയായി വിജയിച്ചപ്പോൾ പാട്ടുപാടുന്നതിനേക്കാൾ ഹോളിവുഡിൽ അഭിനയിക്കണം എന്ന് തോന്നി. ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും നായികയായി അംഗീകരിക്കപ്പെട്ടു.

ചോദ്യം: ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് നിങ്ങൾ കരിയർ ആരംഭിച്ചത്. അതിനു ശേഷം ലോകസുന്ദരി, ബോളിവുഡ്, ഹോളിവുഡ് നായിക. ഈ നീണ്ട യാത്രയിൽ നേരിട്ട വെല്ലുവിളികൾ?

ഉത്തരം: അഭിനയലോകം ഫ്ലവർ കാർപെറ്റ് അല്ല, ബുദ്ധിമുട്ടുകളുടെ മുള്ളുകൾ നിറഞ്ഞതാണെന്നതും കയ്പേറിയ സത്യമാണ്. നമ്മളെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നവരാണ് നമ്മുടെ മാനസിക ശക്തിയെ ദുർബലപ്പെടുത്തുന്നത്. ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഏറ്റവും അടുത്ത പരിചയക്കാർ എന്നെ നിറത്തിന്‍റെ പേരിൽ വിമർശിച്ചിരുന്നു. ആളുകൾ എന്‍റെ അഭിനയത്തെക്കാൾ എന്‍റെ മുഖത്തെ കുറിച്ച്, നിറത്തെ കുറിച്ചൊക്കെ സംസാരിക്കുകയും എന്‍റെ മാനസിക ശക്തിയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ ഇത് എന്നെ വല്ലാതെ തളർത്തി. പക്ഷേ ആ അവസരത്തിൽ എനിക്കൊപ്പം നിന്നതും എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും എന്‍റെ അമ്മയും അച്ഛനുമാണ്!

ഓരോ പെൺകുട്ടിയും സ്വയം ആശ്രയിക്കണം, ആരു എന്ത് പറഞ്ഞാലും ദേഷ്യപ്പെടരുത്. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകൂ, എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതിനാൽ, നിങ്ങളുടെ കുടുംബത്തിന്‍റെ സഹകരണം നിങ്ങളോടൊപ്പമുണ്ടെങ്കിൽ, ഒരു ദുഷ്ടശക്തിക്കും നിങ്ങളെ ഉപദ്രവിക്കാനാവില്ല. യോഗ്യതയുണ്ടെങ്കിൽ ഇതിനെ മറികടക്കാനും ഉയരാനും കഴിയും. എല്ലാം തരണം ചെയ്ത് ഉയരാം എന്നതിന്‍റെ തെളിവാണ് എന്‍റെ കരിയർ ഗ്രാഫ്!

ചോദ്യം: ഒരു ഇന്‍റർനാഷണൽ ചാനലിന്‍റെ ഇന്‍റർവ്യൂവിൽ ബോളിവുഡിനെ താഴ്ത്തി പറഞ്ഞു എന്ന് ആരോപണം ഉണ്ടല്ലോ?

ഉത്തരം: ഇല്ല ഒരിക്കലും ഇല്ല! എനിക്ക് അങ്ങനെയൊരു മനോഭാവം ഉണ്ടായിരുന്നില്ല. പക്ഷേ, ഞാൻ എത്തിയ പോയിന്‍റിൽ നിന്ന് ഞാൻ നോക്കിനിൽക്കുമ്പോൾ, എനിക്ക് തോന്നിയ നിരാശകളെല്ലാം വാക്കുകളായി പൊട്ടിപ്പുറപ്പെട്ടേക്കാം. ഈ അഭിമുഖം തുടക്കം മുതൽ ഇന്നുവരെയുള്ള എന്‍റെ അഭിനയ യാത്രയെക്കുറിച്ചായിരുന്നു. ഞാൻ അനുഭവിച്ച ഉയർച്ച താഴ്ചകൾ പറയേണ്ടി വന്നു.

അതുപോലെ, ബോളിവുഡിന്‍റെ നിലപാടും അപലപിക്കപ്പെടേണ്ടതായിരുന്നു, ഇത് ദേശവിരുദ്ധമാണോ? ബോളിവുഡിൽ സ്വജനപക്ഷപാതവും വൃത്തികെട്ട രാഷ്ട്രീയവും കൂടുതൽ ആണ്. വിജയകരമായ സിനിമകൾ തിയറ്ററുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഇത്‌ പറയുമ്പോൾ ബോളിവുഡിന് മുറിവേറ്റാൽ അതിന് ഞാൻ ഉത്തരവാദിയാണോ?

ചോദ്യം: എന്‍റെ മകൾ ഹൈസ്‌കൂളിൽ ചേരുമ്പോൾ ഞാൻ എന്‍റെ സിനിമ ബർഫികാണിക്കുമെന്ന് രൺബീർ കപൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. മകളെ കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ആദ്യ ചിത്രം ഏതാണ്?

ഉത്തരം :എന്‍റെ ആഗ്രഹങ്ങൾ കൊണ്ട് എനിക്ക് എന്‍റെ മകളെ ഭാരപ്പെടുത്താൻ കഴിയില്ല! അവൾക്ക് ഇഷ്ടമുള്ള രീതിയിൽ അവളുടെ ജീവിതം രൂപപ്പെടുത്തട്ടെ. അവൾക്ക് അവളുടേതായ വ്യത്യസ്‌തമായ ഐഡന്‍റിറ്റി ഉണ്ടായിരിക്കട്ടെ, അവൾ എന്‍റെ ചിത്രങ്ങൾ തിരഞ്ഞെടുത്ത് കാണട്ടെ. എനിക്ക് ഇന്ന സിനിമ കാണണമെന്ന് പറയാനാവില്ല.

ചോദ്യം : ബോളിവുഡ് സിനിമകളിൽ ഇനി അഭിനയിക്കുമോ?

ഉത്തരം: ബോളിവുഡ് എന്‍റെ ജന്മനാടാണ്, ജന്മനാട് ഒരിക്കലും അവഗണിക്കപ്പെടുന്നില്ല! ഇനി മുതൽ ഹിന്ദി സിനിമകളിൽ അഭിനയിക്കില്ലെന്ന് ഞാൻ എങ്ങനെ പറയും? അടുത്ത തവണ എനിക്ക് നല്ല ഓഫർ ലഭിക്കുമ്പോൾ, എനിക്ക് ഇഷ്ടമുള്ള ഒരു വേഷമാണ് എങ്കിൽ എനിക്ക് പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ ഞാൻ തീർച്ചയായും ആ ചിത്രം ഏറ്റെടുക്കൂ. എന്നെ വിഷമിപ്പിക്കുന്ന ബോളിവുഡിലെ പ്രശ്നങ്ങൾ എല്ലാം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

ഭരിക്കാൻ ഭാര്യക്കും അവസരം

പ്രിയ ഭർത്താക്കന്മാരേ, ബുദ്ധി ശൂന്യകളും മനോബലമില്ലാത്തവരുമാണ് ഭാര്യമാരെന്ന് കരുതാൻ വരട്ടെ. പുരുഷന്മാരേക്കാൾ ബുദ്ധിശക്തിയും കഴിവും കാര്യപ്രാപതിയുമുള്ളവരാണ് സ്ത്രീകളെന്നാണ് മനഃശാസ്ത്രജ്‌ഞർ വിലയിരുത്തുന്നത്.

പെൺബുദ്ധി പിൻബുദ്ധി എന്ന് പുച്‌ഛിച്ചു തള്ളുന്ന പുരുഷന്മാർക്ക് ഭാര്യമാരുടെ നിർദ്ദേശങ്ങൾ ആനമണ്ടത്തരങ്ങൾ മാത്രമായിരിക്കും. “ങ്ഹും, അവൾ പഠിപ്പിക്കാൻ വന്നിരിക്കുന്നു. ഒരു ബുദ്ധിമതി,” എന്നിങ്ങനെ ഉടൻ വർക്കൗട്ട് ചെയ്ത് തുടങ്ങും പുരുഷന്‍റെ ഈഗോ,

ഭാര്യയോട് എന്തെങ്കിലും ഉപദേശം ചോദിച്ചു പോയാൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് ഇത്തരക്കാരുടെ വിചാരം. മറ്റുള്ളവർ തന്നെയൊരു പെൺകോന്തനായി കണ്ട് പരിഹസിക്കുമോ എന്ന് ഇവർ ഭയക്കുന്നു.

ഈയൊരു മനോഭാവം വെച്ചു പുലർത്തുന്ന വ്യക്ത‌ിയുടെ കുടുംബജീവി തം എത്രമാത്രം ഭദ്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. കുടുംബകാര്യങ്ങൾ നോക്കി നടത്തുന്നതിൽ പുരുഷന്മാരേക്കാളും സമർത്ഥരാണ് സ്ത്രീകളെന്നാണ് മനഃശാസ്ത്രജ്‌ഞർ വിലയിരുത്തുന്നത്. ഈ യാഥാർത്ഥ്യത്തെ അറിഞ്ഞില്ലെന്ന് നടിച്ചുകൊണ്ട് ഭാര്യയുടെ തീരുമാനങ്ങൾക്കും അഭിപ്രായങ്ങൾക്കും വില കല്പ‌ിക്കാത്ത ഭർത്താവ് കുടുംബ ജീവിതം ചിലപ്പോൾ അബദ്ധങ്ങൾ നിറഞ്ഞ ഒരു വൺമാൻ ഷോ ആക്കിക്കളയും.

കുടുംബമെന്ന യൂണിറ്റിന്‍റെ രണ്ട് ചക്രങ്ങളാണ് ഭാര്യയും ഭർത്താവും. ഈ കാര്യം പങ്കാളികൾ വിസ്മരിച്ചു കൂടാ. വ്യത്യസ്‌തമായ ചിന്തകളും ആശയങ്ങളും വ്യക്തിത്വവുമുള്ളവരാണ് ഭാര്യയും ഭർത്താവും. പങ്കാളികളുടെ ഇത്തരം പ്രത്യേകതകൾ പരസ്‌പരം പങ്കുവെയ്ക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലാണ് കുടുംബജീവിതത്തിന്‍റെ വിജയം നിലകൊള്ളുന്നത്.

മികച്ച ധാരണ

ഇതാ ഒരു അനുഭവ കഥ: കൊച്ചിയിലെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറാണ് രാജേഷ്. നിസ്സാര കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുന്ന പ്രകൃതം. അതുകൊണ്ട് ബന്ധുക്കളാരും തന്നെ അദ്ദേഹത്തെ വിവാഹം പോലെയുള്ള ആഘോഷവേളകളിൽ ക്ഷണിച്ചിരുന്നില്ല. എന്നാൽ ഭാര്യയുടെ സ്വഭാവമാകട്ടെ, ഇതിന് നേർവിപരീതമായിരുന്നു. വളരെ സൗമ്യമായ പെരുമാറ്റം. ഭർത്താവ് സൃഷ്ടിക്കുന്ന കലഹാന്തരീക്ഷത്തെ മിക്കപ്പോഴും ശാന്തമാക്കിയിരുന്നത് ഭാര്യയുടെ ഹൃദ്യമായ പെരുമാറ്റമായിരുന്നു.

നിർണായക സാഹര്യങ്ങളിൽ പക്വതയോടെ പെരുമാറാനുള്ള പങ്കാളിയുടെ കഴിവ് ഗുണം ചെയ്യും. വ്യത്യസ്‌തമായ സ്വഭാവ സവിശേഷതകളുള്ളവരാണ് രാജേഷും ഭാര്യയും. ഭാര്യയ്ക്കും ഭർത്താവിന്‍റെ അതേ സ്വഭാവമായിരുന്നുവെങ്കിൽ അവരുടെ ദാമ്പത്യം എത്ര വിരസമായേനെ!

ആത്മവിശ്വാസം

വിവാഹം കഴിഞ്ഞ് ഭർത്ത്യ വീട്ടിലെത്തുന്ന ചില പെൺകുട്ടികൾക്ക് പുതിയ വീടും സാഹചര്യങ്ങളുമായി ധാരാളം പൊരുത്തപ്പെടലുകൾ വേണ്ടി വരാം. ചിലർ പുതിയ സാഹചര്യവുമായി ഇണങ്ങിപ്പോകുമ്പോൾ മറ്റു ചിലർ പൊരുത്തപ്പെടാനാകാതെ വിഷമിക്കും. എന്നാൽ പുരുഷനാണ് ഇങ്ങനെയുള്ള പരിതസ്ഥ‌ിതി അഭിമുഖീകരിക്കുന്നതെങ്കിൽ തീർച്ചയായും സഹിക്കുന്നതിന് പകരം പ്രതികരിക്കുകയാവും ചെയ്യുക.

ആത്‌മാർത്ഥമായ പെരുമാറ്റം

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ? ഏതൊരാളോടും വലിപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്നവരെ. അത്തരക്കാരുടെ പെരുമാറ്റം ആരേയും ആകർഷിക്കും. കുട്ടികളോടും മുതിർന്നവരോടും കൂട്ടുകാരോടും എന്നു വേണ്ട അപരിചിതരോടു പോലും ഇത്തരക്കാർ ഹൃദ്യമായ പെരുമാറ്റമാവും കാഴ്ച‌വയ്ക്കുക. അപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ഇവർ വളരെ മനോഹരമായി നിറവേറ്റും.

കൂട്ടുകാർക്കോ ബന്ധുക്കൾക്കോ പ്രശ്ന‌ങ്ങൾ ഉണ്ടായാൽ സാന്ത്വനമേകാനും സഹായം നൽകാനും ഇവർ ഓടിയെത്തും. ഇത്തരം വ്യക്തിത്വത്തെ ആർക്കാണ് ഇഷ്ടമാവാതിരിക്കുക? സ്നേഹവും പരിഗണനയും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തികളിലൂടെ തെളിയിക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ.

സൂക്ഷ്‌മത

കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തിലും ആരോഗ്യപരിപാലനകാര്യങ്ങളിലും പുരുഷനെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധാലുക്കളായിരിക്കും സ്ത്രീകൾ. കുട്ടിയെ കൃത്യസമയത്ത് സ്‌കൂളിൽ അയയ്ക്കുക, കുട്ടിയുടെ ഭക്ഷണം, അസുഖം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്ത്രീകൾ പൊതുവേ ജാഗ്രത പുലർത്തും. വീട്ടിൽ കൂട്ടി തനിച്ചാണെങ്കിൽ ഓഫീസിൽ നിന്നും കൂടെക്കൂടെ ഫോൺ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും അവർ മറക്കില്ല. മകന്‍റെ കൂട്ടുകാർ ആരെല്ലാം, അവരുടെ സ്വഭാവം എങ്ങനെ എന്നൊക്കെ ഒരമ്മ ബോധവതിയായിരിക്കും മക്കളുടെ വളർച്ചയിലുണ്ടാവുന്ന വ്യത്യാസങ്ങളും അവരുടെ സ്വഭാവത്തിനുമുണ്ടാവുന്ന മാറ്റങ്ങളും അമ്മയ്ക്കല്ലാതെ, മറ്റാർക്കും തിരിച്ചറിയാൻ കഴിയില്ല.

ഭാവിയെക്കുറിച്ചുള്ള ചിന്ത

പൊതുവേ അലക്ഷ്യ മനോഭാവം പുലർത്തുന്നവരാണ് പുരുഷന്മാരിൽ ഭൂരിഭാഗവും. എല്ലാം താനേ ശരിയാകുമെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടർ ജീവിതത്തെ പ്രായോഗിക ബുദ്ധിയോടെ സമീപിക്കാത്തവരാകാം. ‘ഓ, അങ്ങേർക്കൊരു ചൂടുമില്ല, മോള് വലുതായി വരുന്ന കാര്യം ഓർമ്മയില്ല’ എന്നിങ്ങനെ ഭർത്താക്കന്മാരുടെ തണുപ്പൻ സമീപനത്തെപ്പറ്റി ഭാര്യമാർ പരാതിപ്പെടാറുണ്ട്. സ്വന്തമായി ഒരു വീടുണ്ടാക്കാനും മകളുടെ വിവാഹാവശ്യത്തിന് പണം സ്വരൂപിക്കാനുമായി ഭർത്താക്കന്മാരിൽ ശക്തമായ സ്വാധീനം ചെലുത്താൻ സമർത്ഥകളായ ഭാര്യമാർ ശ്രമിച്ചുകൊണ്ടിരിക്കും. പങ്കാളിയിൽ നിന്നും കിട്ടുന്ന ഭർത്താക്കന്മാർ ജീവിതത്തെ ശരിയായ ഗതിയിലേക്ക് തിരിച്ചുവിടുക.

സമ്പാദ്യം

സന്തുഷ്‌ടിയും സംതൃപ്തിയും നിറഞ്ഞ കുടുംബജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പലപ്പോഴും സാമ്പത്തിക കാരണങ്ങളാലാണ് ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുക. നല്ല ജോലിയും വരുമാനവുമുണ്ടെങ്കിലും നയാപൈസ സമ്പാദിക്കത്തവർ വിരളമല്ല. ഇത്തരം അരക്ഷിതാവസ്‌ഥ മുൻകൂട്ടിക്കണ്ട് പരിഹാരങ്ങൾ കാണാൻ സമർത്ഥയായ ഭാര്യയ്ക്ക് കഴിയും. ജീവിതത്തിൽ ഉണ്ടായേക്കാവുന്ന തിരിച്ചടികളെക്കുറിച്ച് ഭർത്താവ് ബോധവാനാകണമെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ പങ്കാളിയുടെ ഇടപെടലുകൾ ഉണ്ടായേ തീരൂ.

സാമ്പത്തികമായ പ്ലാനിംഗിലൂടെ ഭാവി സുരക്ഷിതമാക്കാൻ ഭാര്യ ഭർത്താവിനെ സഹായിക്കണം. കുടുംബത്തിന്‍റെ സ ന്തോഷം നിലനിർത്താൻ ബുദ്ധിമതിയായ ഭാര്യയുടെ ‘ഗൃഹഭരണം’ സഹായിക്കും.

  • അംഗീകരിക്കാം പരസ്‌പരം
  • സ്വന്തം ഈഗോ വെടിയുക.
  • ഭാര്യ പറയുന്ന കാര്യങ്ങൾ തള്ളിക്കളയാതെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.
  • മറ്റുള്ളവർ എന്ത് കരുതുമെന്ന ചിന്ത കളയുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക.
  • എന്നാൽ വിശ്വസ്‌തരായ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ അഭിപ്രായം ആരായുന്നതിൽ തെറ്റില്ല. മനുഷ്യനിൽ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അതുകൊണ്ട് പരസ്‌പരം നല്ല വശങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുക.
  • ഏതെങ്കിലും പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണാൻ ഭാര്യയ്ക്ക് കഴിയുന്നുവെങ്കിൽ അത് അംഗീകരിക്കാനുള്ള മനസ്സ് കാട്ടുക. പോസിറ്റീവായി കാര്യങ്ങൾ കാണുക.
  • എന്നാൽ തന്‍റെ കേമത്തരം കൊണ്ടാണ് എല്ലാം ഭംഗിയായി നടക്കുന്നതെന്ന് ഭാര്യ അഹങ്കരിക്കുന്നുവെങ്കിൽ അതേക്കുറിച്ച് ചർച്ച ചെയ്ത‌്‌ പരിഹാരം കാണാൻ ഭർത്താവ് ശ്രമിക്കണം.

കുടുംബജീവിതത്തിൽ ഭാര്യയ്ക്കുമുണ്ട് ഒരു സ്പേസ്. അത് അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്‌താൽ നിങ്ങൾക്കിടയിൽ വേറിട്ടൊരു സൗഹൃദം ഉടലെടുക്കും.

അപർണ

അപർണ, അവൾ എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. വെൺനിലാവുപോലെ സ്നേഹത്തിന്‍റെ പരിശുദ്ധി ചൊരിഞ്ഞവൾ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അപർണയുടെ നിയോഗം. സ്‌കൂളിൽ എന്‍റെ സഹപ്രവർത്തകയായിരുന്നുവെങ്കലും അപർണ എനിക്ക് ഒരു കൊച്ചനുജത്തിയായിരുന്നു. അവളുടെ ‘ചേച്ചി’യെന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സിൽ മാരിവില്ല് തെളിയുന്ന അനുഭവമായിരുന്നു. ആ വിളിയിൽ അപർണയുടെ സുന്ദരമായ പുഞ്ചിരി പോലെ സ്നേഹത്തിന്‍റെ വിശുദ്ധി നിറഞ്ഞുനിന്നിരുന്നു. എനിക്കൊരു നിസ്സാര പനി വന്നാൽ മതി, അവളുടെ മനസ്സ് പിടയും. ആ ബന്ധത്തിനപ്പുറമുള്ള ഏതോ ഒരു ആത്മബന്ധം ഞങ്ങളെ കൂട്ടിയിണക്കിയിരുന്നു. എന്‍റെ നിസ്സാര ജോലി പോലും ചെയ്യാൻ അവൾക്ക് വലിയ ഉത്സാഹമായിരുന്നു. സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു അപർണ. അവൾക്ക് ഇളയതായി രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുണ്ടായിരുന്നത്. അച്‌ഛൻ മരിക്കുമ്പോൾ ഇളയ സഹോദരങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു. അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മൂത്ത മകളായ അപർണ്ണയ്ക്കായിരുന്നു. അമ്മയ്ക്ക് കിട്ടിയിരുന്ന തുച്ഛമായ പെൻഷനും അപർണ ജോലി ചെയ്‌തുണ്ടാക്കുന്ന വരുമാനവും കൊണ്ടാണ് വീട്ടുകാര്യങ്ങൾ ഒരുവിധം നടന്നിരുന്നത്. മാത്രമല്ല അല്പസ്വല്പം സമ്പാദ്യവുമുണ്ടായിരുന്നു. അപർണയേക്കാൾ രണ്ട് വയസ്സ് ഇളയതായിരുന്നു അവളുടെ അനിയത്തി അനിത. അപർണയുടെ കഠിനാധ്വാനവും കുടുംബസ്നേഹവും കണ്ട് ഒരിക്കൽ ഞാനവളെ ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു. “ങ്ഹാ ഇനി അനിയത്തിക്ക് ജോലി കിട്ടിക്കഴിയുമ്പോഴെങ്കിലും നീ നിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം.”

“അയ്യോ, അതെങ്ങനെ?” അവളുടെ ആശ്ചര്യം കലർന്ന ചോദ്യം കേട്ട് എനിക്ക് അദ്ഭുതം തോന്നി.

“എടി മണ്ടി, നിനക്കറിയാത്ത കാര്യമൊന്നുമല്ല ഞാൽ പറയുന്നത്. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ മോളേ? ങ്ഹാ, നിന്‍റെ ബന്ധുവല്ലേ പ്രശാന്ത്, നിന്‍റെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ടല്ലോ. അവന് നിന്നെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.”

അവൾ തെല്ല് നാണത്തോടെ എന്നെ നോക്കി സംസാരം മുഴുവനും പ്രശാന്തിനെക്കുറിച്ചായിരുന്നു. പ്രശാന്ത് എഞ്ചിനീയറാണെന്നും പുതിയ ജോലി കിട്ടി ഇവിടെ എത്തിയതാണെന്നും അവധി ദിവസങ്ങളിൽ പ്രശാന്ത് പതിവായി വീട്ടിൽ വരാറുണ്ടെന്നും അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ അവനോടുള്ള ഇഷ്‌ടവും കരുതലുമൊക്കെ നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവളത് തുറന്നു സമ്മതിക്കാൻ മടിക്കുന്നതുപോലെ…

അവൻ മിക്കപ്പോഴും സ്‌കൂളിൽ നിന്നും നിന്നെ കൊണ്ടുപോകാൻ ബൈക്കിൽ വരാറുണ്ടല്ലോ.” എന്‍റെ കുസൃതിച്ചോദ്യം അവളെ തെല്ലുനേരം നിശ്ശബ്ദദയാക്കി. പതുക്കെ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിന്നീട് പ്രശാന്തിനെ കാണുമ്പോഴൊക്കെ ഞാനയാളുടെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വളരെ മാന്യനായ യുവാവ്. അപർണയ്ക്ക് യോജിച്ചവൻ തന്നെ.

ഒരു ദിവസം ഇന്‍റർവെൽ സമയത്ത് അപർണ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു, “പ്രശാന്ത് ജർമ്മനിക്കു പോവുകയാ ചേച്ചീ. അവിടെ ഒരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ കിട്ടിയിട്ടുണ്ട്.”

“ഓഹോ, അപ്പോൾ നീയും താമസിയാതെ ജർമ്മനിക്ക് പോകുമെന്നർത്ഥം,” എന്‍റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.

വേനലവധിക്ക് സ്‌കൂൾ അടച്ചതിനാൽ ഞാൻ. കുട്ടികളേയും കൂട്ടി എന്‍റെ തറവാട്ടിലേക്ക് മടങ്ങി. ഇനി രണ്ടു മാസക്കാലം അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിക്കാം. മാത്രമല്ല, അവരെ കാണാൻ കിട്ടുന്ന അപൂർവ്വ സമയവുമാണല്ലോ. അതുകൊണ്ട് അവധിക്കാലമാവുമ്പോഴേക്കും ആർത്തിയോടെയാണ് ഞങ്ങൾ വീട്ടിലേക്ക് ഓടുന്നത്. കുട്ടികൾക്കും അതായിരുന്നു ഏറെയിഷ്ട‌ം. കൂട്ടത്തിൽ കുറച്ചു ദിവസം ഭർത്താവിന്‍റെ വീട്ടിലും തങ്ങും. അതുകൊണ്ട് അവധിക്കാലം എന്നെ സംബന്ധിച്ച് ഒരുത്സവക്കാലം തന്നെയായിരുന്നു. സന്തോഷം നിറഞ്ഞ അവധിക്കാലത്തിന് വിടചൊല്ലി വീണ്ടും തിരക്കുകളിലേക്കുള്ള മടക്കം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു:

അവധിക്കാലം കഴിഞ്ഞ് സ്‌കൂളിൽ മടങ്ങിയെത്തിയപ്പോൾ പതിവുപോലെ പ്രസന്നവദനയായി അപർണ എന്‍റെയരികിലേക്ക് വന്നു. അവളുടെ ഓടിവരവ് കണ്ടാലറിയാം പറയാൻ എന്തോ പുതിയ വിശേഷമുണ്ടെന്ന്…

“ഏയ്, പ്രശാന്തിന്‍റെ വിശേഷം വല്ലതുമുണ്ടോ?” ഞാൻ കുസൃതി കലർന്ന ചിരിയോടെ ചോദിച്ചു. എന്‍റെ ചോദ്യം കേട്ടിട്ടാകണം അവളുടെ മുഖം ഗൗരവം പൂണ്ടു.

“പ്രശാന്തും അനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. രണ്ടുപേരും ജർമ്മനിയിലാ,” എന്‍റെ ചോദ്യം കേട്ടു നിന്ന മറ്റൊരു അധ്യാപിക പറഞ്ഞു.

“ങ്ഹേ… എന്താ അപർണേ?” ഒരു വെള്ളിടി പോലെ ആ വാർത്ത എന്നെ ഞെട്ടിച്ചു. ഞാൻ അപർണയേയും പിടിച്ചുവലിച്ചു കൊണ്ട് ഒരൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി നിന്നു. അവളുടെ മുഖത്ത് നിസ്സംഗത…

“ഇത് സത്യമാണോ മോളേ, പ്രശാന്തും… അനിതയും… നക്കിതെന്തു പറ്റി?”

“ചേച്ചീ, അനിത നേഴ്‌സിംഗ് കോഴ്‌സ്‌ പഠിച്ചവളല്ലേ. ജർമ്മനിയിലാണെങ്കിൽ നഴ്‌സുമാർക്ക് വല്യ ഡിമാന്‍റല്ലേ. ഞാനവിടെ പോയിട്ട് എന്ത് ചെയ്യാനാ? രണ്ടുപേരും ചേരുകയും ചെയ്യും. മാത്രമല്ല അവൾക്ക് പ്രശാന്തിനെ ഇഷ്ടവുമാണ്.”

നിനക്കിതെന്തു പറ്റി? പ്രശാന്ത് അത് സമ്മതിച്ചോ?” ആ യാർത്ഥ്യം ഉൾക്കൊള്ളാൻ എന്‍റെ മനസ്സ് വിസ്സമതിച്ചു. അനിയത്തിയുടെ നന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടത്തെ ഞെരിച്ചുകൊല്ലാൻ ഈ പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു? അളുടെ മനസ്സ് കാരിരുമ്പാണോയെന്നു വരെ ഞാൻ സംയിച്ചു. എന്‍റെ മനസ്സ് വായിച്ചിട്ടോ അതോ സ്വന്തം നഷ്ടബോധത്തെ സമർത്ഥമായി മറയ്ക്കുവാനോ വേണ്ടി അവളതിനെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ചേച്ചീ, വീട്ടിലെ മൂത്തയാളല്ലേ ഞാൻ. അച്‌ഛൻ എല്ലാ ഉത്തരവാദിത്തങ്ങളും എന്നെയേല്പ്പിച്ചാണ് പോയത്. ഞാനിവിടെ നിന്ന് മാറി നിന്നാൽ വീട്ടിലെ സ്‌ഥിതി എന്താകും? ഇനിയും ഇളയവർ രണ്ടുപേരുണ്ടല്ലോ. അവരുടെ കാര്യവും നോക്കണമല്ലോ.” അവളുടെ മറുപടിക്കു മുന്നിൽ തുടർന്ന് എന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല. “എന്‍റെ കുഞ്ഞനുജത്തി, നീ പ്രായത്തിൽ എന്നേക്കാൾ ഇളപ്പമാണെങ്കിലും നിന്‍റെ ഈ മഹാമനസ്‌കതയ്ക്കു മുന്നിൽ ഞാൻ തോറ്റിരിക്കുന്നു.” എന്‍റെ മനസ്സ് മന്ത്രിച്ചു.

എന്നാലും… അപർണയുടെ ഈ ത്യാഗം എന്‍റെ മനസ്സിൽ നീറ്റൽ പടർത്തി. പ്രശാന്തിനോട് കുറച്ചു നാളെങ്കിലും കാത്തിരിക്കാൻ പറയാമായിരുന്നല്ലോ അവൾക്ക്. പിന്നേയും എന്തെല്ലാം വഴികളുണ്ടായിരുന്നു. എന്‍റെ മനസ്സ് പുതിയ പുതിയ ന്യായങ്ങൾ തേടിക്കൊണ്ടിരുന്നു. കുടുംബത്തോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് സ്വന്തം കാമുകനെ അനിയത്തിക്ക് വിട്ടു കൊടുക്കുക… പക്ഷേ അവൾക്കത് എളുപ്പത്തിൽ മറക്കാനാവുമോ…

അപർണയുടെ രണ്ടാമത്തെ അനുജത്തി റീന എം.ബി.എ കഴിഞ്ഞ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു. അവളുടെ പഠനച്ചെലവുകളെല്ലാം വഹിച്ചിരുന്നത് അപർണയായിരുന്നു. കൂടെ പഠിച്ച ഒരു യുവാവുമായി പ്രണയത്തിലായിരുന്ന റീന ഏറെ താമസിയാതെ വിവാഹിതയായി. ഏറ്റവും ഇളയ സഹോദരനും ജോലി കിട്ടിയയുടനെ വിവാഹിതനായി. എല്ലാവരും സ്വന്തം നേട്ടങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചപ്പോൾ അപർണ സ്വന്തം ജീവിതം അവർക്കുവേണ്ടി ബലി കഴിക്കുകയായിരുന്നില്ലേ എന്ന് എന്‍റെ മനസ്സ് കേണുകൊണ്ടിരുന്നു.

ഒരു ദിവസം അപർണയെ കാണുവാനായി ഞാനവളുടെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുറേ നാളുകൾക്ക് ശേഷമാണ് സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു കണ്ടത്. കാർമേഘം മൂടിക്കെട്ടിയ ആകാശം ഒരു വലിയ മഴയ്ക്കുശേഷം തെളിഞ്ഞതുപോലെ അവളുടെ വാക്കുകളിലും ചലനങ്ങളിലുമെല്ലാം ഒരു പുതുതെളിച്ചം. അവളുടെ അമ്മയും ഏറെ സന്തോഷത്തിലായിരുന്നു.

“ഇനി അപർണയുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കണ്ടേ… അവൾക്ക് പ്രായമൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ലല്ലോ?” ഞാൻ തെല്ലൊരു പരുങ്ങലോടെ അപർണയുടെ അമ്മയോട് ചോദിച്ചു.

അവരുടെ മുഖത്ത് ഒരു നീരസം പടർന്നു, “നല്ല പ്രായത്തിൽ വേണം കല്യാണം ചെയ്യാൻ. ഇനി അതൊക്കെ… വിവാഹത്തിന് യോജിച്ച പ്രായമല്ലല്ലോ അവളുടേത്… അതിന് പറ്റിയ പയ്യന്മാരെ എവിടെ കിട്ടാനാ?”

അവരുടെ നിർദ്ദയമായ വാക്കുകൾ എന്‍റെ കാതുകളെ ചുട്ടുനീറ്റിച്ചു. നെഞ്ചിലേക്ക് എന്തോ ഉരുണ്ടു കയറിയതു പോലെ… എന്ത് പറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചിരുന്നു. സ്വന്തം മകളെക്കുറിച്ച് ഒരമ്മയ്ക്ക് ഇതൊക്കെ എങ്ങനെ പറയാനാവും… ചുരുങ്ങിയ പക്ഷം അങ്ങനെ ചിന്തിക്കാനെങ്കിലും കഴിയുമോ… മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച മകളുടെ ജീവിതത്തിന് അമ്മ കല്പ്പിച്ചു കൂട്ടിയ വില ഇത്രയ്ക്ക് തുച്‌ഛമാണോ… എന്‍റെ അറിവിനും അപ്പുറമായിരുന്നു അത്. അവളുടെ അമ്മ ഇളയ മകൻ ദീപുവിനെക്കുറിച്ചും അവന്‍റെ പുതിയ ജീവിത സൗകര്യങ്ങളെക്കുറിച്ചും ആവേശത്തോടെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു, “അവന് നല്ല ജോലിയാ. പൂനയിൽ കമ്പനി വകയായി കിട്ടിയ ഫ്ളാറ്റിലാ അവനും ഭാര്യയും താമസിക്കുന്നത്. പൂന കാണാൻ നല്ല സ്‌ഥലമാണത്രേ.”

“അമ്മ അങ്ങോട്ട് പോകാനിരിക്കുകയാ,” അപർണ ഉള്ളിൽ തികട്ടി വന്ന വേദന മറച്ചു കൊണ്ട് പറഞ്ഞു, “കുറച്ചു നാളായി അമ്മ ആഗ്രഹിക്കുന്ന കാര്യമാ. വീടിന് പുറത്തൊന്നും അമ്മ പോയിട്ടില്ലല്ലോ. ങ്ഹാ, അമ്മയ്ക്കൊരു ചേഞ്ചാവുമല്ലോ.” അവളുടെ വാക്കുകളിൽ വിഷാദം പടരുന്നത്. ഞാനറിഞ്ഞു.

“ശരിയാണ്.” ഞാൻ നിർവികാരയായി തലയാട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഒന്നുറപ്പായി. അപർണയുടെ അമ്മ ഇനി ദീപുവിനൊപ്പമേ താമസിക്കൂ. വാടകവീട്ടിൽ അപർണ തനിച്ചായി, എല്ലാ അർത്ഥത്തിലും.

ഇവിടെ അടുത്തായി പണി കഴിഞ്ഞ ഒരു ഫ്ളാറ്റ് വാങ്ങുവാനായി ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ഒരു വീടു വേണമെന്ന മോഹം തോന്നിയിട്ട് ഏറെ നാളായി. ഭർത്താവും അതിന് സമ്മതം മൂളിയതോടെ എനിക്ക് കൂടുതൽ സന്തോഷം തോന്നി. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് അപർണയേയും നിർബന്ധിച്ചു. “നീയും ഫ്ളാറ്റ് ബുക്ക് ചെയ്യ്. ഒരു സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്‍റെങ്കിലും സ്വന്തമാക്കാമല്ലോ.”

“പക്ഷേ ചേച്ചീ… അതിന് വലിയൊരു തുക വേണ്ടിവരുമല്ലോ…”

“അപർണ, വാടകയിനത്തിൽ കൊടുക്കുന്ന പണം മതി ഫ്ളാറ്റിന്‍റെ ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാൻ. പക്ഷേ തുടക്കത്തിൽ കുറച്ചു പണം സംഘടിപ്പിക്കേണ്ടി വരും. ലോണൊക്കെ ഞാൻ ശരിയാക്കിത്തരാം. നിനക്ക് സ്വന്തമായി വീടാകുകയും ചെയ്യും.”

അവളെ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് ഏറെ സമയം വേണ്ടിവന്നു. അതോടെ അവൾ സമ്മതം മൂളി. പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു. ഞങ്ങൾ രണ്ടുപേരും ഓരോ ഫ്ളാറ്റ് സ്വന്തമാക്കി.

ഒടുവിൽ തന്‍റേതായ ഒരു ഇടം കണ്ടെത്തിയ ഭാവമായിരുന്നു അവൾക്ക്. ഒരു കൊച്ചു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ അവൾ ഫ്ളാറ്റിൽ ഓടിനടന്നു. ഒരിക്കലും ഇടമുറിയാത്ത സ്നേഹത്തിന്‍റെ നറുനിലാവ് ഒരു വിരൽത്തുമ്പകലത്തിൽ കിട്ടിയ സന്തോഷമായിരുന്നു എന്‍റെയുള്ളിൽ. കുട്ടികൾ ഹോസ്റ്റലിലും ഭർത്താവ് ബിസിനസ് ടൂറിലുമായതിനാൽ ഫ്ളാറ്റിൽ ഭൂരിഭാഗം സമയം ഞാനും അപർണയും ഒരുമിച്ചായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കലും ഞങ്ങൾ ഒരിടത്താക്കി.

ഇതിനിടെ അപർണയുടെ അമ്മ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു. കാലിന് പ്ലാസ്‌റ്റർ ഇട്ടിരിക്കുന്നതിനാൽ അവർ കിടപ്പിലുമായി. ഈ വിവരമറിഞ്ഞ് അപർണ സങ്കടപ്പെട്ടു. അനിയനും ഭാര്യയും ജോലിക്കു പോയാൽ അമ്മയെ ആര് പരിചരിക്കുമെന്നോർത്ത് അവൾ വ്യസനിച്ചു. അതുകൊണ്ട് അധികം താമസിയാതെ അപർണ പൂനയിൽ പോയി അമ്മയെ കൂട്ടിക്കൊണ്ടു വന്നു. അപർണയുടെ ഒരിക്കൽക്കൂടിയുള്ള ത്യാഗം എന്നെ ശരിക്കും വിസ്‌മയിപ്പിച്ചു. ഇത്രയും നാളും ഈ നഗരത്തിൽ തനിച്ചു കഴിഞ്ഞിരുന്ന അവളെ ആരും ക്ഷേമമന്വേഷിച്ച് ഒന്നു വിളിക്കുകയോ ഒരു കത്തയയ്ക്കുക. ചെയ്തില്ല.

എന്നിട്ടും… തന്‍റെ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും എങ്ങോ ഉപേക്ഷിച്ച് മനസ്സു നിറയെ സ്നേഹത്തിന്‍റെ കനിവുമായി നില്ക്കുന്ന അപർണ… ജീവിതത്തിന്‍റെ പുതിയ പുതിയ അർത്ഥതലങ്ങളിലേയ്ക്ക് എന്നെ നയിച്ചുകൊണ്ടിരുന്നു. ആർക്കും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥ കണക്കേ അവൾ എല്ലാവരേയും സ്നേഹിച്ചു കൊണ്ടിരുന്നു. വറ്റാത്ത സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ ഉറവുമായി…

മൺസൂൺ സ്കിൻ കെയർ

മഴക്കാലത്ത് ചർമ്മത്തിൽ അണുബാധ, മുഖത്ത് വരൾച്ച, ശരീരത്തിൽ ചുണങ്ങുകൾ, പാദങ്ങളിലും നഖങ്ങളിലും ഫംഗസ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനുള്ള പരിഹാരങ്ങൾ ഇതാ:

  1. ചർമ്മത്തിന്‍റെ അലർജി ഒഴിവാക്കുക

ത്വക്ക് അലർജി ഉണ്ടാകാതിരിക്കാൻ ക്ലൻസിംഗ് , ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ആവശ്യമാണ്. ചർമ്മം ഡ്രൈ ആകുന്നത് തടയാൻ  പോഷകാഹാരം കഴിക്കേണ്ടതും ആവശ്യമാണ്.

  1. സംരക്ഷണവും പ്രധാനമാണ്

വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് മുടിയിൽ ആന്‍റി പൊല്യൂഷൻ സ്പ്രേ ഉപയോഗിക്കുക. ചർമ്മത്തെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്, അതിനാൽ സൺസ്‌ക്രീൻ, കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിക്കാം. ഇത് ചർമ്മത്തിൽ ഒരു സംരക്ഷിത പാളി സൃഷ്ടിച്ച് ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 6- 7 മണിക്കൂർ ചർമ്മത്തിലെ സുഷിരങ്ങൾ അടച്ച് മലിനീകരണം മൂലമുണ്ടാകുന്ന കേടുപാടുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

  1. ജലാംശം നിലനിർത്തുക

ചർമ്മത്തിൽ ജലാംശം നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനും, പതിവായി എക്സ്ഫോളിയേറ്റിഗും സ്‌ക്രബ്ബിംഗും ഗ്ലോ പായ്ക്കുകൾ പ്രയോഗിക്കുന്നതും ആവശ്യമാണ്. വീടിന് പുറത്തിറങ്ങുമ്പോൾ വിഷ മലിനീകരണത്തെ ചെറുക്കുന്നതിന് വീട്ടിൽ നിർമ്മിച്ച പായ്ക്കുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

  1. മുടിയുടെ ആരോഗ്യം നിലനിർത്തുക

മഴക്കാലത്ത് പലതരം രാസവസ്തുക്കളും വിഷ പദാർത്ഥങ്ങളും മഴ വെള്ളത്തിൽ കലരുന്നതിനാൽ മഴക്കാലത്ത് നനയുന്നത് മൂലം മുടി അനാരോഗ്യകരമാക്കിയേക്കാം. ഈ സാഹചര്യത്തിൽ, നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഇവ മുടി മൃദുലമാക്കുകയും മൊയ്‌സ്ചർ നഷ്ടമാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പതിവായി എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും വളരെ പ്രധാനമാണ്, മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് വളരെ കൂടുതലാണ്, ഇത് മൂലം മുടിയുടെ വേരുകൾ അടഞ്ഞു പോയേക്കാം.

  1. മുടിയിൽ ആവി കൊള്ളിക്കുക

എണ്ണ പുരട്ടിയതിനു ശേഷവും ആവി പിടിക്കലും മാസ്‌കിംഗും ചെയ്യണം. വീട്ടിൽ ഒരു മാസ്ക് തയ്യാറാക്കണമെങ്കിൽ, വാഴപ്പഴം, ഒലിവ് ഓയിൽ, അംല, ഷിക്കാക്കായ് തുടങ്ങിയ ചേരുവകൾക്കൊപ്പം അവോക്കാഡോ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ. കൃത്യമായ ഇടവേളകളിൽ മുടി ചീകുക.

  1. അണുബാധ ഒഴിവാക്കേണ്ടത് പ്രധാനമാണ്

മഴക്കാലത്ത് സിന്തറ്റിക് അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, അല്ലാത്തപക്ഷം ചർമ്മത്തിലെ അണുബാധ, ചുണങ്ങ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചർമ്മത്തെ എല്ലാത്തരം അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന സോപ്പ്, ബോഡി ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

  1. എണ്ണമയമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്

മുഖക്കുരുവും തിണർപ്പും തടയാൻ എപ്പോഴും മുഖം വൃത്തിയായി സൂക്ഷിക്കുക. അമിതമായ എണ്ണമയമുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. മേക്കപ്പ് ഉൽപ്പന്നങ്ങൾ ചർമത്തോട് ഇണങ്ങുന്ന അടിസ്ഥാനത്തിലായിരിക്കണം. ഇതുകൂടാതെ, ഉയർന്ന നിലവാരമുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക, കാരണം ഉയർന്ന താപനിലയും ഈർപ്പവും കാരണം ചർമ്മം പെട്ടെന്ന് അണുബാധയ്ക്ക് ഇരയാകും.

  1. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക

ഫാസ്റ്റ് ഫുഡും അനാരോഗ്യകരമായ ഭക്ഷണവും കഴിക്കരുത്. ഇനി കഴിച്ചാൽ തന്നെ ഭക്ഷണം പുതിയതും ചൂടുള്ളതുമാണെന്ന് ഉറപ്പാക്കണം. മുൻകൂട്ടി പാകം ചെയ്ത ഭക്ഷണം കഴിക്കരുത്. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ, ദിവസവും 10- 12 ഗ്ലാസ് വെള്ളം കുടിക്കുക, ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥങ്ങൾ മൂത്രത്തിലൂടെ പുറത്തുവരും. ശരീരം വൃത്തിയായി സൂക്ഷിക്കുക. ഇതിനായി രാവിലെയും വൈകുന്നേരവും കുളിക്കുക.
– ആഷ്മീൻ മുഞ്ജാൽ, ഹെയർ ആൻഡ് മേക്കപ്പ് എക്സ്പെർട്ട്

ഒരു എലിസബീത്തൻ കോമഡി

ഹിസ്റ്റോ മാഷ് എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ചെറുപ്പം സ്ഫുരിക്കുന്ന കോമളനായ ഡേവിസ് സാറ് എല്ലാവർക്കും സ്വീകാര്യനാണ്. സാമാന്യം തടി, ഉയരം, കലാപരമായ മീശ ഇവയൊക്കെയാലും അദ്ദേഹം ശ്രദ്ധേയനാണ്. തമിഴ് ടീച്ചർ കമലത്തിന് സാറിനെ പെരുത്ത ഇഷ്ടമാണ്. അതേ പോലെ തന്നെ ഷേക്മിസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് ടീച്ചർ ഷാർലറ്റ് വളരെ ഇഷ്ടപ്പെടുന്നു. ഡേവിസ് മാഷിനാകട്ടെ അങ്ങനെ ഇന്നാരെന്നൊന്നുമില്ല. എല്ലാവരോടും സ്നേഹവും എപ്പോഴും ചിരിയുമാണ്. ഞങ്ങൾ ജാക്കികൾക്ക് വെറും ഒരു പാവത്താൻ ആണ് അദ്ദേഹം.

തമിഴ് ഒഴുക്കോടെ സംസാരിക്കും. പ്രസംഗിക്കും. അതിനാൽ മാഷ് മാനേജ്മെന്‍റിനും പ്രിയങ്കരനാണ്. ആരെയും ദുഷിച്ചു സംസാരിക്കില്ല. വഴക്കില്ല. അത്ര വല്യ ദുശീലങ്ങളുമില്ല. പൊതുവെ പറഞ്ഞാൽ ഒരു എലിജിബിൾ ബാച്ചിലർ ആണ് കക്ഷി. ഇതിനൊരപവാദം ചെറിയ ക്‌ളാസിലെ മോളി മിസ്സ്‌ ഇദ്ദേഹം ഒരു ചാഴിയാണെന്ന് ഒരിക്കൽ പറഞ്ഞു കേട്ടതാണ്. വേറൊരിക്കൽ ഡ്രൈവർ വേലു കീച്ചിയ ഒരു ഡയലോഗ് ഉണ്ട്. “സാർ, അവങ്കൾ പോത്തിനെ കാണിച്ച് മാടിനെ വെട്ടുന്നവർ. അതുക്ക് നമുക്കെന്ന സാർ” ഈ വക വിലയിരുത്തലുകൾ തളളിക്കളയാൻ മാത്രം ജാക്കികൾക്ക്‌ വിവരമില്ല.

ഡേവിസ് മാഷ് കമലത്തിനെയും ഷാർലറ്റിനെയും നിരാശപ്പെടുത്തുന്നില്ല. ഇടക്ക് അസാരം രഹസ്യസംഗമങ്ങളൊക്കെ നടക്കാറുണ്ടെന്നും മറ്റും ശ്രുതിയുണ്ട്. ജാക്കികളിലെ ഹിന്ദിവിദ്വാൻ ജോഷി മാഷാണ് എന്നേക്കാൾ കുറച്ചുകൂടെ പപ്പരാസി. മിസ്സുമാരെ ചുറ്റിപ്പറ്റിയുള്ള ഒരുവിധപ്പെട്ട അപവാദങ്ങളെല്ലാം പുള്ളി മണത്തറിയും. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടെങ്കിൽ കൂടി ഞാൻ ബോർഡിംഗ് പിള്ളേരുടെ തുണിഅലക്കുന്ന ലീലയുമായി സന്ധ്യാനേരത്ത് ശ്രുംഗാരം കൂടുതലാണെന്ന് കക്ഷി അത്യാവശ്യം വെളിയിൽ എത്തിച്ചു. മറ്റൊന്ന് കൊച്ചുക്‌ളാസിലെ ചിഞ്ചുവിന്‍റെ അമ്മ എപ്പോഴും ജോഗ്രഫി സാറിന്‍റെ പിന്നാലെയുണ്ട് എന്നൊരു പ്രചരണം തുടങ്ങിവച്ചത് അങ്ങേര് തന്നെ. ഇതൊക്കെ ആണെങ്കിലും ഞങ്ങൾ സുഹൃത്തുക്കളായി വർത്തിക്കുന്നു. സീനിയർ അധ്യാപകർ ഞങ്ങൾക്ക് ജാക്കീസ് എന്ന വിളിപ്പേര് കനിഞ്ഞു തന്നിട്ട് കുറച്ചു വർഷങ്ങൾ ആയി.

അധ്യാപകരുടെ ഈ വക അല്ലറചില്ലറ സല്ലാപങ്ങളും വികൃതികളും ഹെഡ്മാസ്റ്റർ അടുപ്പക്കാരിലൂടെ അറിയുന്നുണ്ട്. അതിലും ഒരാൾ ജോഷി മാഷ് തന്നെ. ലെസ്സൺ പ്ലാൻ, സബ്സ്ടിട്യൂഷൻ, ഇന്‍റർവെൽ ഡ്യൂട്ടി, ടെർമിനേഷൻ എന്നീ ക്രിയകൾകൊണ്ട് അത്യാവശ്യം ഡിസിപ്ലിൻ നിലനിർത്തുന്നതിൽ എച്ച്.എം. ബദ്ധശ്രദ്ധനാണ്. വർഷാവർഷം പത്താം ക്ലാസ് വിജയം 100% അദ്ദേഹം ഉറപ്പാക്കുന്നു. എന്നാൽ ഈ കഥയിൽ അദ്ദേഹത്തിന് പറയത്തക്ക റോൾ ഒന്നുമില്ല. അതേപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. ഈ കഥയ്ക്കുള്ളിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നില്ല.

അങ്ങനെ ഇരിക്കെ, ഒരു ചിങ്ങമാസത്തിൽ, കമലം മിസ്സിന്‍റെ വിവാഹ നിശ്ചയം നടന്നു. കുറച്ചു പേർ പങ്കെടുത്തു. സ്റ്റാഫ് റൂമിൽ മധുരം വിളമ്പിയത് ഷാർലറ്റ് മിസ് ആയിരുന്നു. ഷണ്മുഖം മാഷ്, വെങ്കി മാഷ്, ഡേവിസ് മാഷ്, ഗീതാ മിസ്സ്‌, ബോർഡിംഗ് മിസ്, ജാക്കീസ് അങ്ങനെ എല്ലാവർക്കും അത് സന്തോഷം നിറഞ്ഞ ദിനമായിരുന്നു.

“ഹിസ്‌റ്റോ മാഷേ, എന്‍റെ വീട്ടിലും ആലോചനക്കാർ വരുന്നുണ്ട്.” ഷേക്ക്‌മിസ് ഒന്ന് രണ്ടു തവണ പരിഭവം പറയുന്നത് കേട്ടവരുണ്ട്. അപ്പോഴൊക്കെ നല്ല സങ്കടം മുഖത്ത് വായിക്കാമായിരുന്നു എന്ന് ഇതേപ്പറ്റി സാക്ഷാൽ ജോഷി ജി പറഞ്ഞിട്ടുണ്ട്. ആ സമയങ്ങളിൽ ഡേവിസ് മാഷിന്‍റെ സ്വതസിദ്ധമായ ചിരി കണ്ടു പഠിക്കേണ്ടതാണ്. താമസിയാതെ അദ്ദേഹത്തിന് സർക്കാർ സ്കൂളിൽ സ്ഥിരം നിയമനം ലഭിക്കുകയാണ്. എന്നാൽ ഈ വിവരം അദ്ദേഹം വെളിയിൽ വിട്ടിട്ടില്ല. അന്നൊരു തിങ്കളാഴ്ച ഡേവിസ് മാഷിന്‍റെ ചെലവുണ്ടായിരുന്നു. തുടർന്ന് ജോഷി ജി വെടി ഉതിർത്തു. കാര്യം വെളിപ്പെടുത്തി.

സീനിയർ ടീച്ചർമാരെല്ലാം ഡേവിസ് മാഷിനെ അടുത്ത് ചെന്ന് അനുമോദിച്ചു. ഞാൻ ഷാർലറ്റ് മാഡത്തെ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് തേപ്പ് എന്ന പ്രയോഗം പ്രചാരത്തിലില്ല. പാവം മിസ്, അവർ കണ്ണീർ പൊഴിക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം ഡേവിസ് മാഷ് സ്ഥലം വിടുകയാണ്. ഷാർലറ്റ് സ്റ്റാഫ്‌ റൂമിൽ കുറെനേരം തല കുമ്പിട്ടിരുന്നു.

പാവം ഞങ്ങൾ ജാക്കികൾ എന്താ ചെയ്ക! ഞങ്ങൾ മിസ്സിനെ സമാധാനിപ്പിച്ചു. “നമുക്ക് ഒരു ലെറ്റർ ഇടാം മിസ്സ്‌ ” ജോഷി പറഞ്ഞു. ഷാർലറ്റ് അര സമ്മതം മൂളി.

“എന്‍റെ പ്രിയ ഹിസ്‌റ്റോ മാഷ്, സുഖമാണോ?” ഞാനാണ് കത്ത് തയ്യാറാക്കുന്നത്.

“സാർ, ഇത് കേൾക്കണം. എനിക്ക് അതിനുള്ള ഗട്സ് ഇല്ലായിരുന്നു. അങ്ങനെ പറയാനുള്ള ഗട്സ്. അതിനാലിപ്പോൾ ഞാനെഴുതുകയാണ്. ഹിസ്‌റ്റോ മാഷിനെ ഭയങ്കരമായി ഇഷ്ടമുണ്ട്. പറയാൻ അന്ന് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. നമ്മുടെ വിവാഹം സമ്മതിക്കണം. അല്ലെങ്കിൽ… എനിക്ക് താങ്ങാൻ കഴിയില്ല മാഷേ. നമുക്ക് ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട മാഷ്, സമ്മതിച്ചു എന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു.”

ഒരാഴ്ച കഴിഞ്ഞു മറുപടി വന്നിരിക്കുന്നു. വിഷമത്തിലായിരുന്ന ഷാർലറ്റ് മിസ്സിനരികിൽ ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ കാണിച്ചതാണ്.

“പ്രിയ ഷാർലറ്റ്,

മിസ്സിന്‍റെ കത്ത് വായിച്ച് എനിക്കാകെ മനോവ്യഥയായി… നോക്കു, ഷേക്ക്‌ മിസ്, നമുക്ക് എന്നെന്നത്തേക്കും ഇഷ്ടത്തോടെ കഴിയാം. എനിക്ക് വിവാഹം ഒന്നും ഉടനെ പറഞ്ഞിട്ടില്ല. ദയവായി മനസിലാക്കൂ… ഉടനെങ്ങും ചിന്തിക്കാൻ കൂടി പറ്റില്ല. അങ്ങനെയാണെന്‍റെ അവസ്ഥ. ധൈര്യമായിരുന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകു… ലവ് യു.. മിസ്സ്‌ യൂ!” ഇങ്ങനെ ആയിരുന്നു കത്തിന്‍റെ പോക്ക്.

സ്റ്റാഫ് റൂമിൽ വീണ്ടും ശാന്തമായ ദിനങ്ങൾകടന്നു പോയി.

ഒരു മാസം കഴിഞ്ഞില്ല. ജോഷി മാഷ് കുറച്ചു കുറിയുമായി ആണ് എത്തിയിരിക്കുന്നത്.

“ആദ്യം ഗീത മിസിനിരിക്കട്ടെ!” ടീച്ചർമാർക്കെല്ലാം ജിജ്ഞാസയായി.

“ഹിസ്‌റ്റോ മാഷിന്‍റെ കല്യാണമോ!” ഗീതാ മിസ് ആശ്ചര്യപ്പെട്ടു. സ്റ്റാഫ് റൂം ഒന്നാകെ ഇളകിവശായി.

കുറച്ചു കഴിഞ്ഞു കണ്ണുകൾ കലങ്ങിയാണ് ഷാർലറ്റ് എത്തിയത്. അവർ കൈയിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് നീട്ടി എറിഞ്ഞു. മുഖം കുനിച്ചു തലകുമ്പിട്ടിരുന്നു. ജാക്കീസ് പതിവു പോലെ അടുത്ത് കൂടി.

“മിസ്സ്‌, ഷേക്ക്‌ മിസ്! ” ജോഷിയുടെ മൃദുവായ വിളി വന്നാൽ കേൾക്കാത്തവരില്ല. അവർ തല ഉയർത്തി. “വരൂ നമ്മൾക്ക് അപ്പുറത്തെ റൂമിലേക്ക് പോവാം.” ജയയും നിർബന്ധിച്ചു. അവർ പതിയെ എഴുന്നേറ്റു. “ടീച്ചർ ഇങ്ങനെ വിഷമിക്കാതെ. നമക്കെന്ത് ചെയ്യാനാവും. സമാധാനം കിട്ടാൻ പ്രാർഥിക്കാം. ഹായ്, കമോൺ ടീച്ചർ എന്തെങ്കിലുമൊന്നു പറയൂ.”

കുറച്ചു നേരത്തേക്ക് നിശബ്ദത. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“മാഷേ നമുക്ക് ഒരു കത്തൂടെ എഴുതാം,” ഷാർലറ്റ് തന്നെ ആണ് പറഞ്ഞത്.

“യ്യോ, അതു വേണോ. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞതല്ലേ,” ജയ പേടിച്ചു.

“വേണം. ഞാൻ പറഞ്ഞു തരാം. ജോഗ്രഫി മാഷ് ഒന്നെഴുതിയാൽ മതി,” അവർ കണ്ണീർ തുടച്ചു.

ഞങ്ങൾ വഴങ്ങി.

“പ്രിയ ഹിസ്‌റ്റോ മാഷ്,

എന്‍റെ നില തെറ്റുന്നു. എനിക്കിനി ജീവിക്കണ്ട… എന്‍റെ മാർഗം തീരുമാനിച്ചു കഴിഞ്ഞു. അത് അങ്ങ് കുഴിമാടത്തിലേക്ക്‌ തന്നെ. മാഷ് പറ്റുമെങ്കിൽ എന്നെ ഒന്ന് വന്നു കണ്ടിട്ട് പോകണം.

അന്നത് ഞാൻ ചെയ്യുക തന്നെ ചെയ്യും. എനിക്ക് അങ്ങനെ പറയാൻ ഇപ്പോൾ ധൈര്യം വരുന്നുണ്ട്, സത്യം. അവസാനമായി പറയുന്നു, ഡേവിസ് മാഷ്, ഞാൻ പോകട്ടെ!

ഷാർലറ്റ് ”

എഴുതിയ പേപ്പർ അവർ വാങ്ങി ചുംബിച്ചു. “ഇന്ന് തന്നെ അയയ്ക്കട്ടെ!” അവർ കത്തുമായി ധൃതിയിൽ പുറത്തേക്ക് പോയി. അവരുടെ മുഖഭാവം ഞങ്ങളെ അങ്കലാപ്പിലാക്കി. മിസ് അവിവേകം ഒന്ന് കാട്ടരുതേ!

ആ കത്തിന് മറുപടി വന്നതായി അറിവില്ല. ഏതായാലും ജോഷി ജി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഡേവിസ് ഇതിനകം കക്ഷിയോട് ബന്ധപ്പെട്ടിട്ടുണ്ടോ ആവോ! ഞങ്ങൾ കുറച്ചു പേർ ഹിസ്‌റ്റോ മാഷിന്‍റെ കല്യാണം കൂടി. “സാർ പെണ്ണ് സുന്ദരിക്കുട്ടി,” സോമി മിസ്സ്‌ പറഞ്ഞു. “ഹിസ്‌റ്റോ മാഷ്, ബെസ്റ്റ് ചോയിസ്,” കാതറിൻ കൂട്ടിച്ചേർത്തു. “ഉഗ്രൻ പാർട്ടി, സാർ” ജോഷി ജി അഭിപ്രായപ്പെട്ടു. എച്ച്.എം. ഭാര്യയെയും കൂട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. വീണ്ടും കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.

സ്കൂളിൽ തുടർന്നുള്ള വർഷങ്ങളിലും പലരുടെയും കല്യാണം നടന്നു. പലരും പാർട്ടികൾ നടത്തി പുതിയ ജോലി സ്ഥലങ്ങളിലേക്ക് പോയി. ഇപ്പോൾ പലരും തമ്മിൽ കാര്യമായ ബന്ധം ഒന്നുമില്ല. മൊബൈൽ കാലത്തിനും മുമ്പേ നടന്നിട്ടുള്ള കാര്യങ്ങളാണെ!

ജാക്കീസ് പല ദേശങ്ങളിൽ മര്യാദക്കാരായി കഴിയുന്നു. ബാക്കിയുള്ളവരും സന്തുഷ്ടരായി കഴിയുന്നുണ്ടാവും എന്ന് കരുതുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें