അനുനിമിഷം ഉന്മേഷം

ഏതെങ്കിലും ജോലി ചെയ്തു‌ കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്‌ഥ എന്താണ്? നിങ്ങൾക്ക് ബോറടിക്കുമോ? അതോ ഊർജ്ജസ്വലരാകുമോ? നിങ്ങളുടെ പെർഫോർമൻസ് തീർച്ചയായും നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആശ്രയിച്ചിരിക്കുന്നു. ശാരീരികമായി നിങ്ങൾ നുറുശതമാനം ഫിറ്റാണെങ്കിലും മനസ്സ് അസ്വസ്‌ഥമാണെങ്കിലോ. തീർന്നില്ലേ കഥ.

മനസ്സിന് സന്തുഷ്ടി പകരുന്ന നേട്ടങ്ങൾ വ്യക്ത‌ിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാക്കും. ഇത്തരം ആഹ്ളാദകരമായ അവസ്‌ഥകൾ മനസ്സിന് നിർവ്യതിയും ആനന്ദവും പകരുമെങ്കിലും അവ എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമായിരുന്നാലേ ജീവിതം സന്തോഷപ്രദമാകുകയുള്ളു.

പ്രാതൽ അനിവാര്യം

സുന്ദരമായ ഒരു ദിവസം തുടങ്ങുന്നതിന് പ്രാതൽ ഏറ്റവും ആവശ്യമാണ്. എന്നും ശരിയായ രീതിയിൽ പ്രാതൽ കഴിക്കുന്നവർക്ക് ചിന്തിക്കാനുള്ള കഴിവിൽ ആശ്ചര്യജനകമായ മാറ്റമുണ്ടാകുമത്രേ. ശരിയായ പ്രാതൽ കഴിക്കുന്ന കുട്ടികളോ മത്സരാർത്ഥികളോ ഓർമ്മ ശക്തിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ പ്രാതൽ ഒഴിവാക്കുന്ന പക്ഷം കൊഴുപ്പില്ലാത്ത പാലോ, ജ്യൂസോ, ബിസ്‌ക്കറ്റോ, ഡ്രൈഫ്രൂട്ട്സോ കഴിച്ചിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് നിലനിർത്താൻ പ്രാതലിന് കഴിയും. ദിവസം മുഴുവൻ നിങ്ങളെയത് ഊർ‌ജ്ജസ്വലരാക്കും.

ഓർമ്മശക്തിയെ ഉത്തേജിപ്പിക്കാൻ കഫീൻ

ദിവസവും കുറഞ്ഞ അളവിൽ കഫീൻ ചേർന്ന കാപ്പി കുടിക്കുന്നത് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കും എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. പക്ഷേ, നിങ്ങൾ തളർന്നിരിക്കുമ്പോൾ മാത്രമാകും ഇങ്ങനെ സംഭവിക്കുക. രാവിലെ അത്ര പ്രയോജനം ചെയ്തെന്ന് വരില്ല. നേരത്തെ മുതലേ ഉത്സാഹവും ഉണർവ്വം അനുഭവിക്കുന്നുണ്ടെങ്കിൽ കാപ്പി കുടിച്ച് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്നത് ഫലത്തിൽ ദോഷം ചെയ്യും.

മസ്‌തിഷ്കത്തിൽ സന്ദേശവാഹകനായി പ്രവർത്തിക്കുന്ന സെറോടിനൻ എന്ന രാസവസ്തു‌വിന് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കാൻ കഴിവുണ്ട്. ഈ രാസവസ്‌തുവിനെയാണ് കഫീൻ സ്വാധീനിക്കുന്നത്. കാപ്പിയിൽ മാത്രമല്ല കഫീൻ അടങ്ങിയിരിക്കുന്നത്. ചായയിലും കാർബണേറ്റഡ് സോഡയിലും കോഫി ചേർത്ത ഐസ്ക്രീമിലും തൈരിലുമൊക്കെ കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷ്യ വസ്‌തുക്കൾ ഉപയോഗിക്കും മുമ്പ് അവ ഓർമ്മശക്തിയെ എപ്രകാരം സ്വാധീനിക്കും എന്നതിനെക്കുറിച്ച് അവശ്യം അറിഞ്ഞിരിക്കണം.

ഓർമ്മയ്ക്ക്, പഴങ്ങൾ

അയണിന്‍റെ കലവറയാണ് ആപ്പിൾ, മസ്ത‌ിഷ്കത്തെ പ്രവർത്തന നിരതമാക്കുന്നതിന് ആവശ്യമായ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ മുന്തിരി, അത്തിപ്പഴം, ചെറി, കാറ്റേറ്റ്, ഉരുളക്കിഴങ്ങ്, ഏലയ്ക്ക എന്നിവയിലൂടെയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.

ഇടയ്ക്കിടെ വെള്ളം കുടിക്കുക

മരവിപ്പോ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ ഇടയ്ക്കിടെ ജലപാനമാകാം. കാര്യക്ഷമതയും ഓർമ്മശക്തിയും അത് വർദ്ധിപ്പിക്കും. ക്ഷീണിച്ചിരിക്കുന്ന സമയത്ത് വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, സലാഡ്, തൈര്, ജ്യൂസ്, കോൺഫ്ളേക്സ്, ബിസ്കറ്റ് എന്നിവയിൽ ഏതെങ്കിലും കഴിക്കാം. ആരോഗ്യം നിലനിർത്തുന്നതിന് പുറമേ മസ്ത‌ിഷ്കത്തെ ഉണർവുള്ളതാക്കാനും പഴങ്ങൾക്ക് അപാരമായ ശക്‌തിയുണ്ട്. ഇടയ്ക്കിടെ പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവ്വേകും.

വ്യായാമം

വ്യായാമമാണ് നമ്മുടെ മസിലുകളെയും എല്ലുകളെയും ബലം ഉള്ളതായി നിലനിർത്തുന്നത്. വ്യായാമം ചെയ്യുന്നതിന് ഇടയിൽ പരിക്ക് പറ്റുമോ, എല്ലിന് ബല ക്ഷയം സംഭവിക്കുമോ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമോ തുടങ്ങി നിരവധി സംശയങ്ങൾ കാരണം പലരും വ്യായാമത്തിൽ നിന്ന് പിന്തിരിയാറുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം മോചനം നേടുന്നതിനുള്ള ഉത്തമ പരിഹാരമാണ് വ്യായാമം എന്ന കാര്യം എല്ലാവരും മറക്കുന്നു. പല ജീവിതശൈലി രോഗങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനും വ്യായാമം സഹായിക്കുന്നു. ഊർജ്ജസ്വലത നിലനിർത്താൻ അലത വെടിഞ്ഞ് രാവിലെ വ്യായാമം ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്.

സായന്തനത്തിന്‍റെ മൗനം

നാട്ടിൽ പോകണമെന്ന് പലവട്ടം ഗീതു പറഞ്ഞിട്ടുള്ളതാണ്. കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പ്രാവശ്യമേ അവളുടെ വീട്ടിലേയ്ക്ക് പോയിട്ടുള്ളൂ. അവൾക്ക് അവധി കിട്ടാൻ പ്രയാസമില്ല. എന്നാൽ രവി ജോലി ചെയ്യുന്ന സ്‌ഥാപനത്തിന് ഒരാഴ്ച്‌ചക്കാലം അവധി നൽകാൻ കഴിയാത്ത അവസ്‌ഥയാണ്.

കുമരകത്തെക്കുറിച്ച് ഒരു ഫീച്ചർ വായിച്ചപ്പോൾ പെട്ടെന്ന് തോന്നി, ശരി ഒന്നു പോകണം കുമരകത്ത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സ്വർഗ്ഗത്തിലേയ്ക്ക്. ഗീതുവിനോട് പറഞ്ഞപ്പോൾ, ഭർത്താവിന്‍റെ തിടുക്കം കണ്ട് അവൾ അമ്പരന്നു. ശനിയും ഞായറും അവധിയാണ്. തിങ്കളാഴ്‌ച ഒരു ദിവസത്തെ അവധി മാത്രമെടുത്തു രണ്ടാളും.

കുമരകത്തിന്‍റെ പ്രകൃതിസൗന്ദര്യം, സിനിമകളിൽ കണ്ട് ആസ്വദിച്ചിട്ടുണ്ട്. വീടിന്‍റെ തൊട്ടടുത്താണെങ്കിലും ഇതുവരെ ഒന്നു പോകാൻ സാധിച്ചിട്ടില്ല. എന്നെങ്കിലും ഒരിക്കൽ കുമരകത്തു പോകണം. എന്നിട്ട് അവിടമെല്ലാം ചുറ്റി നടന്നു കാണണം.

ഗീതുവിന്‍റെ മനസ്സിൽ അത്തരമൊരു ആശയുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ചേർത്തലയിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. ചൂട് അധികമില്ല. എന്നാലും വിയർത്തിരുന്നു.

ചേർത്തലയിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് കുമരകത്തേക്ക്. പെട്ടെന്നായിരുന്നെങ്കിലും യാത്ര രസകരമായിരുന്നു. കണ്ട ദൃശ്യങ്ങൾ ഉള്ളിൽ തട്ടി.

രവിയുടെ അടുത്തേയ്ക്ക് ഗീതു നീങ്ങിയിരുന്നു. രവി അവളുടെ വലത് കൈ തന്‍റെ കയ്ക്കുള്ളിലാക്കി ആ കൈകളു ടെ സ്പർശനം തന്നെ ഒരു ധൈര്യം, ഒരു രക്ഷാകവചം പോലെ തോന്നി. മുൻസീറ്റിൽ, കാറോടിച്ചു കൊണ്ടിരിക്കുന്ന മോഹൻ ഉണ്ടെന്നുള്ള കാര്യം അവർ മറന്നു.

ബോട്ടിന്‍റെ ഇരമ്പൽ കേട്ടു. കുമരകത്ത് എത്തിയെന്ന് മനസ്സിലായി.

“എന്താ ഹണിമൂൺ ആണോ?” മോഹൻ ചിരിച്ചുകൊണ്ടു ചോദിച്ചു

ചമ്മിപ്പോയി രണ്ടുപേരും. മോഹൻ അവരെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ വച്ച് രവി ഗീതുവിനോട് ചോദിച്ചു, “അയാൾ ചോദിച്ചത് ശരിയാണോ?” ഗീതു ചിരിച്ചുകൊണ്ട് തല കുനിച്ചു.

“ഈ യാത്രയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്.” രവി പറഞ്ഞു.

“ഉദ്ദേശ്യമോ?”

“ങും, ഉദ്ദേശ്യം നടക്കുമോ എന്നറിയില്ല. ശ്രമിക്കണം.”

“സസ്പെൻസാണോ?”

“അല്ല, സസ്പെൻസല്ല. എന്‍റെ ജീവിതം പോലെ.”

എന്തോ രഹസ്യം ആ വർത്തമാനത്തിൽ ഒളിഞ്ഞിരിപ്പുള്ളതായി തോന്നി. ഈ യാത്രയ്ക്കുള്ള കാരണവും അതു തന്നെയായിരിക്കും. എന്തായാലും കാര്യങ്ങൾ ഇതുവരെ തന്നോടുപോലും പറഞ്ഞിട്ടില്ല.

ഗീതുവിനെ കണ്ടെത്തുന്നതുവരെ രവിക്ക് മോഹങ്ങളേ ഉണ്ടായിരുന്നില്ല. നല്ല ഓർമ്മകളുണ്ടായിരുന്നില്ല. ഒരു ഓർമ്മയെ തൊടാനാണ് ഈ യാത്രയെന്ന് അയാൾ ഭാര്യയോട് പറഞ്ഞതുമില്ല.

കുമരകത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുമ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരുന്നു. സായാഹ്നം മാനത്തെ സിന്ദൂരരശ്‌മികളണിയിച്ച് സുന്ദരിയാക്കിയിരുന്നു.

അടിയൊഴുക്കുള്ള കായൽ. കായലിന്‍റെ മാറിൽ അങ്ങിങ്ങായി ഹൗസ്ബോട്ടുകൾ. കായൽപ്പരപ്പിലെ ശാന്തത കണ്ടാൽ അടിയിൽ ശക്തിയേറിയ ഒഴുക്കുണ്ടെന്ന് തോന്നുകയില്ല.

മോഹൻ മൂന്നുതവണ ടൂറിസ്റ്റു‌കളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അവന് കുമരകത്തോട് വലിയ താല്പര്യം തോന്നിയില്ല. ഒരു വള്ളക്കാരനെ ഏല്പ‌ിച്ചു തന്നു. അയാൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. അത്രതന്നെ.

കായലിലൂടെ വള്ളത്തിലിരുന്ന് യാത്ര തുടങ്ങിയപ്പോൾ പുതിയൊരനുഭവം, പുതിയ കാഴ്ച‌കളിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ രോമാഞ്ചമണിഞ്ഞുപോയി.

നിലാവ് കായലിൽ പെയ്‌തലിഞ്ഞു. മധുരിക്കുന്ന ദൃശ്യങ്ങളുടെ മധുവിധുവിൽ പഞ്ചാരയുമ്മ കുടിച്ച് കൈവിരലുകൾ, വേമ്പനാട്ടു കായലിനെ തഴുകിപ്പോകുമ്പോൾ വള്ളക്കാരനോട് ചോദിച്ചു. “ഇവിടെ ഒരു ക്രിസ്‌ത്യൻ പള്ളിയും അനാഥാലയവും അതിനോട് ചേർന്ന് ഒരു സ്‌കൂളും ഉണ്ട്. അതിന്‍റെ പേര് ഓർമ്മയില്ല. അറിയുമോ?”

“ഉണ്ട് സാർ. ഇക്കരയിലല്ല, അത് അങ്ങ് അക്കരയ്ക്ക് പോണിടത്താണ്. നാളെ രാവിലെ സാറിന് വേണമെങ്കിൽ ഞാനവിടെ കൊണ്ടുപോകാം.” വള്ളക്കാരന് വലിയ സന്തോഷമായി.

“ആട്ടെ, തന്‍റെ പേരെന്താ?”

“കുട്ടപ്പൻ” അയാൾ മറുപടി നൽകി.

“എന്നാൽ നാളെ രാവിലെ മുതൽ കുട്ടപ്പൻ കൂടെ വേണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ.” അയാളെ രവി വശീകരിച്ചു.

“പണം അനുസരണ നൽകുന്നു.”

ഗീതു കാര്യം മനസ്സിലാക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തന്നെ പുണരുമ്പോഴും സ്നേഹം ചൊരിയുമ്പോഴും തന്‍റെ പ്രിയന്‍റെ ഉള്ള് ചുട്ടു നീറുകയാണെന്ന് അവൾക്ക് മനസ്സിലായി.

പള്ളിയുടെ അടുത്തേക്ക് വള്ളം അടുപ്പിക്കുമ്പോൾ കുട്ടപ്പൻ പറഞ്ഞു, “പള്ളിയിൽ കയറി വികാരിയെ കണ്ടിട്ട് പോകാം. അദ്ദേഹത്തെയും കൂട്ടി ഓർഫനേജിൽ പോകാം. അതല്ലേ നല്ലത്, അല്ലേ സാർ.”

രവി ശരിയെന്ന് തലയാട്ടി.

വികാരിയെ കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ രവിയുടെ മനസ്സിൽ നുരകുത്തി. വികാരിയച്ചൻ അവരെ സ്വീകരിച്ചിരുത്തി വർത്തമാനം തുടങ്ങി,

“ഫാദർ, ഫിലിം സ്‌റ്റാർ വിമലാ രാമൻ ഇപ്പോൾ എവിടെയാണെന്ന് താങ്കൾക്കറിയാമോ?”

രവിയുടെ പെട്ടെന്നുള്ള ചോദ്യം. വികാരിയച്ചനിൽ ഒരു മിനിട്ട് മൗനം തത്തിക്കളിച്ചു.

“ഇപ്പോൾ എവിടെയാണെന്നറിയില്ല. കഴിഞ്ഞയാഴ്ച ഇവിടെ ഒരിടത്ത് ഷൂട്ടിംഗിന് വന്നുവെന്നറിഞ്ഞു. വേണമെങ്കിൽ അഡ്രസ് അന്വേഷിച്ച് തരാം. പോയോ ഇല്ലയോ എന്നറിയില്ല.” വികാരിയച്ചൻ വിമലാരാമന്‍റെ അഡ്രസ് തേടിപ്പിടിച്ച് രവിക്കു കൊടുത്തു.

വിമലാരാമന്‍റെ കാർത്തിക എന്ന വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രവിയിൽ ഒരപരിചിതത്വവും കാണാൻ കഴിഞ്ഞില്ല. ഏതോ പരിചയമുള്ള ഒരു വീട്ടിലേയ്ക്ക് കയറിപ്പോകുന്നതുപോലെ ഗീതുവിനായിരുന്നു സങ്കോചം മുഴുവൻ.

“ഇതല്ലേ വിമലാ മാഡത്തിന്‍റെ വീട്?” രവി ഉറക്കെ വിളിച്ചു ചോദിച്ചു. അങ്ങിങ്ങായി നരച്ച മുടി ഒതുക്കി കെട്ടിവച്ച ഒരമ്മ വെളിയിലേക്ക് ഇറങ്ങി വന്നു.

“ആരാ അത്?”

“അല്ല, ഇതല്ലേ വിമലാ രാമന്‍റെ വീട്?”

“അതേല്ലോ, നിങ്ങൾ ആരാ? എവിടുന്നാ വരുന്നത്?”

“ഞങ്ങൾ കുറച്ച് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങൾക്ക് വിമലാമ്മയെ ഒന്നു കാണണം.” രവിയുടെ സ്വരം ഉറച്ചതായിരുന്നു.

“അതിനെന്താ, ഞാനാ വിമലാമ്മ കുട്ടിക്ക് എന്താ പറയാനുള്ളത്. പറഞ്ഞോളൂ. എനിക്കിഷ്ടാ ഇവിടെ ഇങ്ങനെ ആളുകൾ എന്നെ തേടി വരുന്നത്.”

രവിയിൽ പെട്ടെന്ന് അമ്പരപ്പാണ് ഉണ്ടായത്. ഇത്രയും പ്രതീക്ഷിച്ചില്ല. കുലീനയായ ഒരു തറവാട്ടമ്മ. സ്നേഹം തുളുമ്പുന്ന മിഴികൾ. അവൻ അമ്പരപ്പോടെ അവരെ നോക്കി നിന്നു. തന്‍റെയുള്ളിൽ കടൽത്തിരകൾ ആഞ്ഞു മറിയുന്നതു പോലെ അവന് തോന്നി. ഗീതു അത്ഭുതത്തോടെ രണ്ടുപേരേയും മാറി മാറി നോക്കി നിന്നു. അവൾക്കൊന്നും തന്നെ മനസ്സിലായില്ല.

വിമലാമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖത്തേയ്ക്ക് നോക്കി രവി നിന്നു. എന്തെങ്കിലും സംസാരിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. തന്നിലെ ശക്തി മുഴുവൻ ചോർന്നു പോകുന്നതായി അയാൾക്ക് തോന്നി. സംസാരിക്കണം, ആശിർവാദം വാങ്ങണം. അവന്‍റെ മനസ്സ് അവനെ ഓർമ്മപ്പെടുത്തി.

“എന്‍റെ പേര് രവി. ഇതെന്‍റെ ഭാര്യ ഗീതു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.” രവി പറഞ്ഞു. ഒരുനിമിഷം വിമലാമ്മയുടെ മുഖം വിവർണ്ണമായതു പോലെ ഗീതുവിന് തോന്നി.

“വിവാഹക്ഷണക്കത്ത് ഞാൻ മാഡത്തിനയച്ചിരുന്നു. എന്നോ ഒരിക്കൽ ഒരു സിനിമാവാരികയിൽ കണ്ട മേൽവിലാസത്തിൽ.”

“അങ്ങനെയൊരു ക്ഷണക്കത്ത് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല.”

“വിലാസം തെറ്റായിരിക്കാം. അതാവാം മാഡത്തിന് കിട്ടാതിരുന്നത്. ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിൽ മാഡത്തിന്‍റെ ഫോട്ടോയും ഷൂട്ടിംഗ് റിപ്പോർട്ടും കണ്ടു. അതാണ് ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്. മാഡത്തെ കാണാൻ വേണ്ടി മാത്രം.”

“അത്ഭുതം തോന്നുന്നു. ഇങ്ങനെ എന്നെ ആരാധിക്കുന്നവർ ഇപ്പോഴും ഉണ്ടോ?” വിമലാമ്മയുടെ ശബ്‌ദത്തിൽ സ്നേഹവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്നതായി രവിക്ക് തോന്നി. അംഗീകരിക്കാത്ത വഴിയിലെ അജ്‌ഞാത യാത്രക്കാരിയുടെ മുഖഭാവമല്ല. പാടാൻ മറന്ന… അല്ല കഴിയാതെ പോയ താരാട്ടിന്‍റെ വരികൾ… ഈ നിമിഷങ്ങൾ പാടുന്നതായി അയാൾക്ക് തോന്നി.

“വരൂ, അകത്തേക്ക് വരൂ. ഇന്ന് എന്‍റെ ഒപ്പം കൂടാം.” വിമലാമ്മ ക്ഷണിച്ചപ്പോൾ അറിയാതെ തന്നെ രവിയുടെയും ഗീതുവിന്‍റെയും കാലുകൾ അകത്തേക്ക് ചലിച്ചു.

നെറ്റിയിൽ വലിയ പൊട്ടും കാതിൽ നീണ്ട കമ്മലും മൂക്കിൽ മൂക്കുകുത്തിയും ധരിച്ച, സുന്ദരിയായ വിമലാരാമനെ കണ്ടത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് രവിക്ക് ആറ് വയസ്സായിരുന്നു പ്രായം. എപ്പോഴൊക്കെയോ തന്‍റെ ചോദ്യങ്ങൾക്ക് അറിയാതെ മറുപടി തന്നുപോയ വാര്യരുടെ ഒളിച്ചുകളികൾ. ചെറുപ്പം മുതൽ ആശിച്ചത് സഫലമായതിന്‍റെ പിന്നാലെ സായാഹ്നമുഹൂർത്തങ്ങൾക്ക് പൂ വിതറാൻ നിമിഷങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

“നമുക്കീ കായലിലൊന്ന് ചുറ്റിക്കറങ്ങാം, എന്താ വിഷമമുണ്ടോ?” വിമലാമ്മയുടെ ചോദ്യം അവരെ സന്തോഷിപ്പിച്ചു.

അവർ വള്ളത്തിൽ കയറി സന്ധ്യ സിന്ദൂരം ചാലിച്ച് തുടങ്ങിയിരുന്നു. വിമലാമ്മ ഒരു കോട്ടൺ സാരി നല്ല ശ്രദ്ധയോടെയാണ് ഉടുത്തിരുന്നത്. രവിക്ക് സംസാരിക്കാൻ ഒരുപാട്. മൗനം ഒഴുക്കു പോലെ നീങ്ങിത്തുടങ്ങി.

“നിങ്ങളുടെ ലൗ മാര്യേജായിരുന്നോ?” വിമലാമ്മ ചോദിച്ചു.

“അതെങ്ങനെ അമ്മയ്ക്ക് മനസ്സിലായി?” ഗീതു ആശ്ചര്യപ്പെട്ടു.

“നിങ്ങൾ സമപ്രായക്കാരാണെന്ന് തോന്നി. അതുകൊണ്ട് സംശയിച്ചതാണ്.”

“ഞാൻ ഇവിടെ ഒരനാഥാലയത്തിലാണ് വളർന്നത്.” രവി പറഞ്ഞു തുടങ്ങി.

“ഞാൻ എന്താണ്, എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞതിന് ശേഷമാണ് ഗീതു എനിക്ക് തണലായ് വന്നത്. എന്‍റെ എല്ലാ കഥയും അറിഞ്ഞുകൊണ്ടാണ് ഗീതുവിന്‍റെ മാതാപിതാക്കൾ മോളെ എന്നെ ഏല്‌പിച്ചത്.”

തെല്ലിടവേളയ്ക്കു ശേഷം രവി തുടർന്നു. “എനിക്ക് ആറു വയസ്സ് പ്രായമുള്ളപ്പോൾ, ഒരു രാത്രി ഒരു സ്ത്രീ അനാഥാലയത്തിൽ വന്നു. അവർക്ക് എന്നെ മാത്രമാണ് കാണേണ്ടിയിരുന്നത്. അവരെന്നെ കൈയിലെടുത്ത് മാറോട് ചേർത്ത് കവിളിൽ ഒരു ഉമ്മ തന്നു. ആ ദിവസം മുതൽ ഞാനവരെ എന്‍റെ മനസ്സിൽ സൂക്ഷിച്ചു. പൂജിച്ചു.”

വിമലാമ്മ ആശ്ചര്യപ്പെട്ടില്ല. പ്രതികരിച്ചില്ല.

“രവി എന്ന പേര് എനിക്കിട്ടത് എന്‍റെ അമ്മയാണെന്ന് വാര്യർ അറിയാതൊരിക്കൽ എന്നോടു പറഞ്ഞുപോയി. എന്‍റെ അമ്മ മരിച്ചുപോയി എന്നാണ് വാര്യർ പറഞ്ഞത്. വാര്യരായിരുന്നു എന്നെ അനാഥാലയത്തിൽ ആക്കിയത്.”

ഭർത്താവിന്‍റെ കഥയ്ക്ക് മാറ്റം വരുന്നത് ഗീതു അറിഞ്ഞു. തന്നോട് പറയാത്ത കാര്യങ്ങളാണീ കേൾക്കുന്നത്. രവി തുടർന്നു.

“എന്‍റെ പിറന്നാൾ ജൂൺ ഇരുപത്തൊൻപതാണ്. അന്നത്തെ ദിവസം, എല്ലാക്കൊല്ലവും അനാഥാലയത്തിൽ ഏതോ ഒരു സ്പോൺസറിന്‍റെ വകയായി വിഭവസമൃദ്ധമായ ആഹാരം ഉണ്ടാവും. ആ സ്പോൺസർ തന്നെയാണ് എന്നെ പഠിപ്പിച്ച് എം.ബി.എക്കാരനാക്കിയത്. ബാംഗ്ലൂരിലെ മികച്ച കോളേജിൽ പഠിച്ചിരുന്ന എന്നെ ഒരു വലിയ കമ്പനി ജോലിക്ക് തെരഞ്ഞെടുക്കുന്നതു വരെ ആ സ്പോൺസർ എന്നെ സംരക്ഷിച്ചു.”

വിമലാമ്മയ്ക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഗീതുവിന് ആശ്ചര്യമായി. തന്‍റെ ഭർത്താവിന്‍റെ കഥ കേട്ട് എന്തുകൊണ്ട് ഇവർ അദ്ഭുതപ്പെടുന്നില്ല. കാറ്റും മർമ്മരവും ഇല്ലാത്ത ഒരു മുഖം ഗീതു കണ്ടു.

“ജീവിതം സംഭവങ്ങളാണ്. ഒരു വെള്ളച്ചാട്ടം പോലെയാണത്.” അവരുടെ വായിൽ നിന്നും വീണത് ഈ രണ്ട് വാചകങ്ങൾ മാത്രം. ഇലകൊഴിഞ്ഞ മരക്കൊമ്പുകൾ തളിർത്തു തുടങ്ങി. മരത്തിന്‍റെ കീഴെ ഗീതു ഇരുന്നു. വിമലാമ്മ കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി.

“നല്ല വിശപ്പുണ്ട്. ഉച്ചയ്ക്ക് ഞാനൊന്നും കഴിച്ചില്ല. നമുക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകാം.” അവർ പറഞ്ഞു

“ഞങ്ങൾക്കും വിശക്കുന്നുണ്ട്.” ഗീതുവും പറഞ്ഞു. അവർ വള്ളം കരയോടടുപ്പിക്കാൻ പറഞ്ഞു.

ആകാശത്ത് നിലാവ് പരന്നിരുന്നു. നക്ഷത്രങ്ങൾക്കളിച്ചിരുന്നു. ഭക്ഷണം തേടി ഞങ്ങൾ ആ കരയിലൂടെ നടന്നും കുമരകത്ത് ടൂറിസ്റ്റുകൾക്കായി, ചൂടോടെ, ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന സ്ത്രീയെ കണ്ടു. മത്സ്യം വറുത്തതാണ് കേമം, പരിപ്പുവടയും ഉള്ളിവടയും വിൽക്കുന്നുണ്ട്. സ്വാദ് ഇഷ്ടമായി. വയർ നിറയെ മീൻ വറുത്തതും പരിപ്പുവടയും കഴിച്ചു.

“വിശപ്പ് മാറിയപ്പോൾ ആശ്വാസം തോന്നുന്നു.” ഗീതു പറഞ്ഞു.

“എന്‍റെയും വിശപ്പ് മാറി.” വിമലാമ്മയും പറഞ്ഞു. ദിവസം അവസാനിക്കാറായി. യാത്ര പറയാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. മൂന്നുപേരുടേയും മനസ്സിൽ പിടിവലി. വിട പറഞ്ഞ നിമിഷത്തിൽ വിമലാമ്മ പറഞ്ഞു, “ഞാൻ പ്രാർത്ഥിക്കും. നിങ്ങൾക്ക് രണ്ടുപേർക്ക് വേണ്ടിയും. നല്ലൊരു ദിവസം സമ്മാനിച്ച എന്‍റെ ആരാധകരായ നിങ്ങൾക്ക് നന്ദി. ഇനി ഞാൻ വിട ചോദിക്കുന്നു.”

വഴികൾ! ഇരുവഴികളാവുന്നു. പിരിയണം.

“അമ്മേ ഒരാശ കൂടി എനിക്കുണ്ട്.” രവി പറഞ്ഞു,

“പറയൂ, കേൾക്കട്ടെ, മോന്‍റെ ആശ എന്താണെന്ന്.” “അമ്മ ചെന്നൈയിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം. ഒന്ന് ഫോൺ ചെയ്‌താൽ മതി. ഞാൻ വന്നു കൂട്ടിക്കൊണ്ടു പോന്നോളാം.” ഇത്രയും പറഞ്ഞിട്ട് രവി വിസിറ്റിംഗ് കാർഡ് വിമലാമ്മയ്ക്ക് കൊടുത്തു.

“ഞാൻ നിങ്ങളുടെ വീട്ടിൽ വരാമെന്ന് ഉറപ്പു പറയാൻ കഴിയില്ല.” വിമലാമ്മ പറഞ്ഞു.

“എന്‍റെ നമ്പറിൽ എന്നെങ്കിലും എന്നെ വിളിക്കണം.” രവി കരച്ചിലിന്‍റെ വക്കിലെത്തി.

“ഗുഡ്നൈറ്റ്.” അവർ തിരിഞ്ഞു നടന്നു. രവിയുടെ മനസ്സിൽ ദുഃഖത്തിന്‍റെ വിങ്ങൽ. പാടുപെട്ട് അമർത്തുകയാണയാൾ ഗീതു ഭർത്താവിന്‍റെ മനസ്സിലെ കരച്ചിലറിഞ്ഞു. അവൾ രവിയെ സമാധാനിപ്പിച്ചു. തിരിച്ചു നടക്കുമ്പോൾ അവൾ പറഞ്ഞു, “വിമലാമ്മയ്ക്ക് രവിയെ മറക്കാനാവില്ല.”

AI മോഡലുകളുടെ സൗന്ദര്യമത്സരം!

മിസ്സ് യൂണിവേഴ്സ്, മിസ് വേൾഡ്, മിസ് ഏഷ്യ തുടങ്ങിയ മോഡലുകളെക്കുറിച്ച് നമ്മൾ നാളിതുവരെ കേട്ടിരുന്നു, എന്നാൽ ഒരു 10 വർഷം മുമ്പ് ചിന്തിച്ചാൽ പോലും, ഇത്തരമൊരു സൗന്ദര്യമത്സരം നമുക്ക് കാണാൻ കഴിയില്ല. നമ്മൾ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു മത്സരം ഈയിടെ നടന്നു, അത് നമ്മെ അമ്പരപ്പിക്കുക മാത്രമല്ല, നമ്മുടെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ കഴിയാത്തത് കണ്ടതിൽ സന്തോഷിക്കുകയും ചെയ്യും. അതെ, പറഞ്ഞു വരുന്നത് AI മിസ്സ് വേൾഡ് മത്സരത്തെക്കുറിച്ചാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500 മനോഹരമായ AI മോഡലുകൾ AI മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്തു, അതിൽ മൊറോക്കൻ മോഡൽ കെൻസ ലെയ്‌ലി കിരീടം നേടി. ലെയ്ലിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഈ മോഡൽ ഹിജാബ് ധരിക്കുന്നു. കാഴ്ചക്കാരന് കണ്ണെടുക്കാൻ പറ്റാത്ത വിധം മനോഹരം. 7 വ്യത്യസ്ത ഭാഷകളിൽ  ഈ മോഡൽ ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പോസിറ്റീവ് റോബോട്ട് സംസ്കാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്ന് ലൈലി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ഈ മത്സരത്തിൽ മൊറോക്കൻ മോഡലായ കെൻസ ലൈലി ഒന്നാമതും ഫ്രാൻസിന്‍റെ ലാലിന വല്ലിന രണ്ടാം സ്ഥാനവും പോർച്ചുഗലിന്‍റെ അലിവിയ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ എഐ മോഡലായ സാറ ശതാവരി ആദ്യ പത്തിൽ ഇടം നേടി. ലില്ലിയുടെ സൃഷ്ടാവിന് 11 ലക്ഷം രൂപ സമ്മാനത്തുകയും നൽകി.

ഈ സൗന്ദര്യമത്സരം സംഘടിപ്പിച്ചത് AI പ്ലാറ്റ്‌ഫോമായ Fanvue ആണ്, ഇതിൽ യഥാർത്ഥ മോഡലുകളല്ല, AI സൃഷ്ടിച്ച മോഡലുകളാണ് പങ്കെടുത്തത്, ഇതിൽ മോഡലുകൾ ഓൺലൈൻ മാധ്യമത്തിലൂടെ മാത്രം തിരഞ്ഞെടുക്കപ്പെട്ടതാണ്. മത്സരാർത്ഥികളെ അവരുടെ ലുക്ക്, ഓൺലൈൻ വൈദഗ്ദ്ധ്യം, അവരെ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. AI മത്സരത്തിൽ മിസ് എഐയുടെ കിരീടം നേടുന്നതിനായി, ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്രഷ്‌ടാക്കൾ അവരുടെ മിസ് എഐയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള 1500-ലധികം AI മോഡലുകൾ പങ്കെടുത്തു, അതിൽ 10 മോഡലുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ഫാൻവ്യൂ സംഘടിപ്പിച്ച ഈ അഭൂതപൂർവമായ മത്സരം സൗന്ദര്യത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സാമൂഹിക സ്വാധീനത്തിന്‍റെയും സമന്വയം പ്രദർശിപ്പിച്ചുകൊണ്ട് ആഗോള ശ്രദ്ധ ആകർഷിച്ചു. മികച്ച AI മോഡൽ തിരഞ്ഞെടുക്കുന്നതിനുള്ള പാനലിൽ AI വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിന്‍റെ പ്രത്യേകത, അതിന്‍റെ വിധികർത്താക്കളിൽ രണ്ട് മനുഷ്യരും രണ്ട് AI സൃഷ്ടിച്ച മോഡലുകളും ഉൾപ്പെടുന്നു എന്നതാണ്.

തേൻ ഔഷധ മധുരം!

തേനിന്‍റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. മധുരം കിനിയുന്ന പ്രക്യതിദത്തമായ ഈ ഭക്ഷ്യ വസ്തുവിന്‍റെ ഗുണഗണങ്ങൾ ശരിക്കും നമ്മെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും സർവ്വശ്രേഷ്ഠമാണ് എന്നതാണ് തേനിന്‍റെ എടുത്ത് പറയാവുന്ന പ്രാധാന്യം.

പൂക്കളുടെ അമൃതിൽ നിന്നോ സസ്യങ്ങളുടെ സ്രവത്തിൽ നിന്നോ തേനീച്ചകൾ നിർമ്മിക്കുന്ന പ്രകൃതിദത്ത മധുര പദാർത്ഥമാണ് ഇത്. പൂപ്പൽ, അഴുക്ക്, തേനീച്ച മുതലായ വസ്തുക്കളിൽ നിന്ന് പൂർണ്ണമായും മുക്തമായിരിക്കണം നല്ല തേൻ. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്‍റെ നിറം ഇളം തവിട്ട് മുതൽ ഇരുണ്ട തവിട്ട് വരെയാകാം.

മാറുന്ന കാലാവസ്ഥ ജലദോഷത്തിനും പനിക്കും മാത്രമല്ല, ചിലപ്പോൾ ഇത് മൂലം ജീവൻ വരെ അപകടത്തിലാക്കും. ആരോഗ്യം പരിപാലിക്കാൻ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്, ഫിറ്റ്നസ് നിലനിർത്താൻ കഴിയും. ഇതിനായി, ദിനചര്യയിൽ തേൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

തേനും ഹിപ്പോക്രാറ്റസും

ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റസ് തേനിന്‍റെ ഔഷധ ഗുണഗണങ്ങളെപ്പറ്റി മനസ്സിലാക്കിയിരുന്നു. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും കുരുക്കൾക്കും കുമിളകൾക്കും ശ്വാസ സംബന്ധമായ രോഗങ്ങൾക്കും പനിക്കും മറ്റും തേൻ പതിവായി ഉപയോഗിക്കാൻ അദ്ദേഹം രോഗികളെ ഉപദേശിച്ചിരുന്നുവത്രേ. ഉറക്കമില്ലായ്മ പരിഹരിക്കാനായി റോമിലെ ചികിത്സകർ രോഗികളോട് തേൻ കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. ശരിയായ ഉറക്കത്തിന് ചൂടുപാലിൽ തേൻ ചേർത്ത് കഴിച്ചാൽ മതി.

വീട്ടിലെ ഡോക്‌ടർ

ആന്‍റി മൈക്രോംബൈൻ ഏജന്‍റായാണ് തേനിനെ ആധുനിക ശാസ്ത്രം കണക്കാക്കുന്നത്. ചില പ്രത്യേകതരം ബാക്ട‌ീരിയകളുടെയും പൂപ്പലിന്‍റെയും യീസ്‌റ്റിന്‍റെയും വികാസത്തെ തടയാനുള്ള ശേഷി തേനിന് ഉണ്ടെന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്.

മാധുര്യമുള്ള മറ്റ് ഭക്ഷ്യ വസ്തുക്കളിൽ നിന്നും വിഭിന്നമായി തേനിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും ആന്‍റി ഓക്‌സിഡന്‍റുകളും കുറഞ്ഞയളവിലേ ഉള്ളൂവെങ്കിലും നമ്മുടെ ശരീരത്തിന് അത് പര്യാപ്തമാണ്. ശരീരത്തിന് ഉണർവും ഊർജ്‌ജവും പകരാൻ തേനിൽ അടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റ് സഹായകമാണ്.

തേനിന്‍റെ ഗുണങ്ങൾ

ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ തേനും ഓർഗാനിക് ആപ്പിൾ സെഡർ വിനാഗിരിയും ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഉണർവും ഉന്മേഷവും പകരും.

വാതത്തിന്

ചൂട് വെള്ളം രണ്ട് പാത്രങ്ങളിലായി ഒഴിച്ച് വെച്ച ശേഷം ഒന്നിൽ തേനും മറ്റേതിൽ ഒരു ടീ‌സ്പൂൺ കറുവാപ്പട്ട പൗഡറും ചേർത്ത് പേസ്റ്റാക്കുക. ശരീരത്തിലെ വാതമുള്ള ഭാഗങ്ങളിൽ ഇവ പുരട്ടി മസ്സാജ് ചെയ്യുന്നത് വേദന മാറിക്കിട്ടാൻ സഹായിക്കും.

ഒരു കപ്പ് ചൂട് വെള്ളത്തിൽ രണ്ടു സ്‌പൂൺ തേനും ഒരു സ്‌പൂൺ കറുവാപ്പട്ട പൗഡറും ചേർത്ത് രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ പഴക്കം ചെന്ന വാതരോഗങ്ങൾ വരെ ഭേദപ്പെടും.

ദഹനക്കേടിന്

2 വലിയ സ്‌പൂൺ തേനിൽ കറുവാപ്പെട്ട പൗഡർ ചേർത്ത് ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കഴിച്ചാൽ അസിഡിറ്റി മാറിക്കിട്ടും. ദഹനം സുഗമമാകും.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക്

ബ്രെഡ്‌ഡിൽ ജാമിന് പകരമായി തേനും കറുവാപ്പട്ട പൗഡറും ചേർത്ത മിശ്രിതം പുരട്ടി പതിവായി കഴിക്കുകയണ് എങ്കിൽ കൊള‌സ്ട്രോൾ കുറഞ്ഞുകിട്ടും. ഒരു വലിയ സ്‌പൂൺ തേനിൽ ഒരു ടീസ്‌പൂൺ കറുവാപ്പട്ട പൗഡർ ചേർത്ത് ദി വസം 3 നേരം ക്രമത്തിൽ മൂന്ന് മാസം കഴിച്ചാൽ ഉദരത്തേയും എല്ലിനേയും ബാധിക്കുന്ന ക്യാൻസർ തടയാനാവും.

ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങൾക്കും തേൻ നല്ലൊരു ഔഷധമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ ലക്ഷ്മിയുടെ പാത

ജീവിതത്തിൽ മൂന്ന് ‘സി’ കൾ ഉണ്ട്, ചോയ്സസ്, ചാൻസസ്, ചേഞ്ച്സ്. ഒരു അവസരം ലഭിക്കാൻ ഒരു വ്യക്തി തീർച്ചയായും ഒരു തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഒരിക്കലും മാറില്ല. പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സിന്‍റെ സ്പീക്കറും ഏരീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുലിന്‍റെ ജീവിതം അങ്ങനെ ഒരു മാറ്റത്തിന്‍റെ തെളിവാണ്. സൗന്ദര്യം, കഴിവ്, ബുദ്ധി, അനുകമ്പ എന്നിവയെ എങ്ങനെ ഒരുമിപ്പിച്ചു കൊണ്ട് സ്വന്തം ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ലക്ഷ്മി സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്നു.

സിവിൽ എഞ്ചിനീയറിംഗിൽ ബിടിഇസിക്ക് രണ്ടാം റാങ്കും ട്രാഫിക് എഞ്ചിനീയറിംഗിലും ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗിലും എംടെക്കിന് സ്വർണമെഡൽ ജേതാവായ ലക്ഷ്മി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് മേധാവിയായി ജോലിയിൽ പ്രവേശിച്ചു.

17 വർഷത്തിലേറെ പ്രൊഫഷണൽ പരിചയമുള്ള അവർ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ മുൻ നിരയിലുണ്ട്. കോർപ്പറേറ്റ് ലോകത്ത് സ്വയം സ്ഥാനം ഉറപ്പിച്ചതിനു പുറമെ, മിസിസ് യുണൈറ്റഡ് നേഷൻസ് പേജന്‍റ്സ് 2018ൽ മിസിസ് ഇന്ത്യ ചാരിറ്റി, മിസിസ് ഇന്‍റലിജൻസ് ആൻഡ് ഫേസ് ഓഫ് സൗത്ത് എന്നീ പദവികൾ നേടിയ നടിയും മോഡലും അവതാരകയുമാണ് ലക്ഷ്മി. നാമെല്ലാവരും ശക്തരാണ്, നാമെല്ലാവരും സുന്ദരരും അജയ്യരുമാണ്. എല്ലാം നമ്മുടെ പാതയിലാണ്, നമ്മുടെ പാത നമ്മിൽത്തന്നെയാണ്. മറ്റ് സ്ത്രീകളെ അവരുടെ ലക്ഷ്യങ്ങളിലേക്ക് പ്രചോദിപ്പിക്കാനും നയിക്കാനും ആഗ്രഹിക്കുന്ന വനിതയാണ് ലക്ഷ്മി അതുൽ. ഈ പ്രചോദനം എളുപ്പം നൽകാൻ വേണ്ടി ലക്ഷ്മി ആദ്യമായി എഴുതിയ ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. അവന്യൂ റീജന്‍റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ, ഏരീസ് ഗ്രൂപ്പിന്‍റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ്, ഫിലിം ഡയറക്ടർ ബ്ലെസി, മെട്രോ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോകനാഥ് ബെഹ്‌റ ഐപിഎസ് എന്നിവരും പങ്കെടുത്തു.

വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ‘എഡ്യൂക്കേഷൻ & കരിയർ ഡിസൈനിംഗ് കോഴ്‌സുകൾ’ പുതിയ തലമുറയ്ക്കായി രൂപകല്പന ചെയ്തുവരുന്ന ഇന്‍റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പാതയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ഈ ഈവന്‍റ്.

പ്രൊഫഷണൽ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവർ നേടിയെടുത്ത അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തിൽ ‘ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റും ‘എഐഎംആർഐ’ നൽകി വരുന്നുണ്ട്. അത്തരത്തിൽ 90ലധികം ബിസിനസ് പ്രൊഫഷണലുകളെ ഇതിനകം തന്നെ ഈ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്.

lakshmi atul

അതോടൊപ്പം തന്നെ, പ്രൊഫഷണൽ മേഖലയിൽ നിരന്തരമായ വളർച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘പ്രൊഫഷണൽ ബയോഗ്രാഫി’ രൂപകൽപ്പന ചെയ്യുവാൻ സഹായിക്കുന്ന ഒരു പദ്ധതിയും എഐഎംആർഐ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നം എന്ന നിലയ്ക്ക് കൂടിയാണ് ലക്ഷ്മി അതുൽ തന്‍റെ പുസ്തകം പ്രകാശനം ചെയ്തത്. പുതുതലമുറയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഓസ്‌കാർ അവാർഡ് കൺസൾട്ടൻസി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ, വിവിധ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രോജക്റ്റുകളിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഇത്. പ്രൊഫഷണൽ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കപ്പുറം സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകൾ, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനും ആർജ്ജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

അടുത്തയിടെ ലക്ഷ്മി തന്‍റെ വെയ്റ്റ് ലോസ് ടാസ്കിനെ കുറിച്ചു പറഞ്ഞു കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ലക്ഷ്മി അതുലിന്‍റെ വെയ്റ്റ് ലോസ് ‌ടാസ്ക്. 95 കിലോയിൽ നിന്ന് 60 കിലോ വരെ കുറച്ചു. രണ്ട് വർഷം കൊണ്ടാണ് 35 കിലോ കുറച്ചത്. വളരെ പതുക്കെയാണ് ഭാരം കുറച്ചത്. ദിവസവും നടക്കാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു. തുടർന്ന് യോഗയും കാർബ് കുറച്ച് പ്രോട്ടീൻ കൂടിയ ഭക്ഷണവും ഒക്കെ ആയി രണ്ടു വർഷമെടുത്തു ലക്ഷ്യത്തിലെത്തി. തീർച്ചയായും ലക്ഷ്മിയുടെ ജീവിതം എല്ലാവർക്കും പ്രചോദനം നൽകുന്നു.

മുടി കൊഴിയുന്നുണ്ടോ?

ടെൻഷനടിക്കണ്ട. മുടി കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അമിതമായി മുടി കൊഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അല്ലാതെയുള്ള കൊഴിച്ചിൽ ടെൻഷനടിക്കേണ്ട കേസല്ല. മഴക്കാലത്തും ശൈത്യകാലത്തുമാണ് ഈ പ്രശ്നം സാധാരണ കൂടുതലായി തല പൊക്കുക. അമിതമായി മുടി കൊഴിയുന്നുണ്ടെങ്കിൽ ഉടനെ ഡോക്‌ടറെ കാണണം. ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്.

പ്രധാന കാരണങ്ങൾ

  • മുടിയിൽ കുറഞ്ഞ ഇടവേളകളിലായി മൈലാഞ്ചി പുരട്ടുന്നതും കൂടുതൽ നേരം ഹെന്ന തലയിൽ വയ്ക്കുന്നതും.
  • ടെൻഷൻ/മാനസ്സിക സമ്മർദ്ദം.
  • ഉറക്കക്കുറവ്.
  • സന്തുലിത ഭക്ഷണത്തിന്‍റെ അഭാവം.
  • മുടി വലിച്ചു കെട്ടുന്നത്.
  • മുടിയിൽ പിൻ/ ഹെയർ പിൻ അമിതമായി ഉപയോഗിക്കുന്നത്.
  • നനഞ്ഞ മുടി കെട്ടിവയ്ക്കുകയോ മുടി വൃത്തിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത്.
  • ചുടുവെള്ളത്തിൽ മുടി കഴുകുന്നത്.
  • മുടി വരണ്ടിരിക്കുമ്പോൾ.
  • ഹോർമോൺ അസന്തുലിതമാകുമ്പോൾ.
  • പരമ്പര്യം
  • ഏറെനാൾ രോഗഗ്രസ്തരാവുമ്പോൾ. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം കണ്ടെത്തി ശരിയായ പരിചരണം നൽകിയാൽ പ്രശ്ന‌ം പരിഹരിക്കാം.

പരിഹാര മാർഗ്ഗങ്ങൾ

  • പച്ചക്കറികൾ, വിറ്റാമിനുകൾ, മിനറൽസ്, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ധാരാളം കഴിക്കണം. ആവശ്യത്തിന് വെള്ളവും കുടിക്കണം.
  • പച്ചവെള്ളത്തിൽ മുടി കഴുകുക.
  • ദിവസവും മുടി കഴുകി വൃത്തിയാക്കണം. അഴുക്കുള്ള മുടിയിൽ കെട്ടു വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുറഞ്ഞത് ആഴ്ച‌യിൽ രണ്ടു തവണയെങ്കിലും മുടി വീര്യം കുറഞ്ഞ ഷാംപു കൊണ്ട് കഴുകണം.
  • നന്നായി ഉറങ്ങണം.
  • അൽപസമയം ധ്യാനത്തിനായി മാറ്റി വയ്ക്കുന്നത് ടെൻഷൻ കുറയ്ക്കും. മാനസ്സിക സമ്മർദ്ദം വലിയൊരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.
  • തലയോട്ടിയിൽ മൃതകോശങ്ങൾ അടി ഞ്ഞു കൂടാതിരിക്കുന്നതിനായി സ്‌റ്റീം ചെയ്യണം.
  • തേങ്ങാപ്പാൽ ഉപയോഗിച്ച് തലയും തലമുടിയും മസാജ് ചെയ്യാം. തേങ്ങാപ്പാൽ മുടിയ്ക്ക് പോഷണം പ്രദാനം ചെയ്യും. മുടി പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കും.
  • വീട്ടിൽ നെല്ലിക്ക എണ്ണ തയ്യാറാക്കി മുടി മസാജ് ചെയ്യാം. വെളിച്ചെണ്ണയിൽ ഉണക്കനെല്ലിക്കയിട്ട് നന്നായി തിളപ്പിച്ച് തണുക്കുമ്പോൾ അരിച്ചു മാറ്റാം.
  • ദിവസവും മൂന്നുനാലു തവണ മുടി ബ്രഷ് ചെയ്യണം. തലയിലെ എണ്ണ ഗ്രന്ഥികൾ സജീവമായി പ്രവർത്തിക്കാൻ ഇത് സഹായകമാകും.
  • രാത്രി ഉറങ്ങാൻ നേരത്ത് മുടി വലിച്ചു കെട്ടി വയ്ക്കരുത്. വായു മുടിയുടെ വേരിലെത്തുംവിധം മുടി അയച്ച് കെട്ടി വയ്ക്കാം.
  • വീര്യം കൂടിയ ഷാംപൂകൊണ്ട് മുടി കഴുകരുത്. ഷാംപൂ കൊണ്ട് മുടി കഴുകിയ ശേഷം കണ്ടീഷണർ പുരട്ടാം.
  • മുടി അധികതവണ പാം ചെയ്യരുത്. മുടിയിൽ കേൾസ് ഉപയോഗവും കുറയ്ക്കണം.
  • കുളിച്ചയുടനെ മുടി ടവ്വൽകൊണ്ട് അമർത്തി തുടയ്ക്കരുത്. ഇനിയും മുടി കൊഴിച്ചിൽ നിൽക്കുന്നില്ലെങ്കിൽ ഡോക്ടറുടെ ഉപദേശം ആരായാം.

പേൻ ശല്യവും താരനും മുടി കൊഴിച്ചിലും അകറ്റാം

  • വേപ്പില അരച്ച് തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുക. പേൻ ശല്യം മാറി കിട്ടും.
  • പാവലിന്‍റെ ഇല ഇടിച്ച് പിഴിഞ്ഞ നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേക്കുക. (പാവൽ ഇലയുടെ നാലിൽ ഒന്നുമതി വെളിച്ചെണ്ണ) 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
  • ചെമ്പരത്തിയുടെ ഇല, പൂവ്, കുറുന്തോട്ടി ഇല എന്നിവ ചതച്ച് താളിയാക്കി തേച്ച് കുളിക്കുക. തലമുടി വളരും.
  • കാരറ്റും ചീരയും പതിവായി കഴിക്കുന്നതും മുടിയ്ക്ക് ഗുണം ചെയ്യും.
  • ദിവസവും രണ്ട് എള്ളുണ്ട വീതം കഴിക്കുക. മുടിയ്ക്ക് ഇത് ഏറെ നല്ലതാണ്.
  • ആഴ്ചയിൽ ഒരിക്കൽ ചെറുനാരങ്ങാ നീര് തലയിൽ പുരട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകുക. മുടി കൊഴിച്ചിൽ ശമിക്കും.
  • ചെറുപയർ പൊടിച്ചത് തൈരിൽ കലക്കി തലയിൽ തേച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. താരൻ ശല്യം അകലും.
  • ചീർപ്പ് വൃത്തിയായി സൂക്ഷിക്കുക. ഒരാൾ ഉപയോഗിച്ച ചീർപ്പ് ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്. താരനും പേൻ ശല്യവും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
  • ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.
  • എള്ളെണ്ണ, ഒലിവ് ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചെറുചൂടോടെ തലയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. മുടി സമൃദ്ധമായി വളരാൻ ഇത് സഹായിക്കും.
  • തുളസിയില അരച്ച് തേക്കുന്നത് പേനും ഈരും ഇല്ലാതാക്കാൻ സഹായിക്കും.
  • ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ ഗ്ലിസറിൻ, അൽപം ചുവന്നുള്ളി നീര്, കുറച്ച് കറ്റാർവാഴ ജെൽ ഇവ ചേർത്ത് ആഴ്ചയിൽ ഒരിക്കൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് തലയിലെ ചൊറിച്ചിൽ, കുരുക്കൾ ഇവയെ ചെറുത്ത് മുടിയ്ക്ക് കരുത്ത് നൽകും.
  • ചീവയ്ക്കാപ്പൊടി, കടലമാവ് ഇവ മുടി കഴുകാൻ ഉപയോഗിക്കാതിരിക്കുക. മുടി പരുപരുത്തതായിത്തീരും.

അതിഥി

“സുഷമേ, ഓഫീസിൽ പോകാൻ സമയമായി. പേയിംഗ് ഗസ്‌റ്റ് വന്നാൽ മുറി കാണിച്ചു കൊടുക്കണം.” ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ഞാൻ സുഷമയോട് പറഞ്ഞു.

“പക്ഷേ ചേച്ചീ, ആരാ, എന്താ എന്നറിയാതെ ഞാനെങ്ങനെ അയാളെ മുറി കാണിക്കും. വല്ല സ്ത്രീയുമായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇത് പക്ഷേ.” സുഷമ നിസ്സഹായതയോടെ എന്നെ നോക്കി.

“നീ അതോർത്ത് ടെൻഷനടിക്കണ്ട. അയാൾ വന്നാൽ എന്നെ ഫോണിൽ കോണ്ടാക്‌ട് ചെയ്യാൻ പറയണം.”

“ശരി ചേച്ചി,” അവൾക്ക് അപ്പോഴാണ് ആശ്വാസമായത്. ഓഫീസിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ പേയിംഗ് ഗസ്റ്റ് വന്നോ എന്നറിയാനായി ഞാൻ ഫോൺ ചെയ്‌ൽ സുഷമയോട് കാര്യം തിരക്കി. പക്ഷേ, അപ്പോഴും അയാൾ എത്തിയിരുന്നില്ല. പേയിംഗ് ഗസ്റ്റായി വരുന്നയാൾ മൂത്ത ജ്യേഷ്ഠന്‍റെ മകൻ അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാണ്. അയാളെ വീട്ടിൽ താമസിപ്പിക്കണമെന്ന് അരുൺ പ്രത്യേകം ശുപാർശയും ചെയ്തിരുന്നു. അരുൺ നിർബന്ധിച്ചതിനാൽ വേണ്ടായെന്ന് പറയാനും കഴിഞ്ഞില്ല. എം.ബി.എയ്ക്ക് വേണ്ടിയുള്ള ഏതോ പ്രൊജക്ട് വർക്കിനായാണ് അയാൾ വരുന്നത്.

ഞാൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ വീട്ടിൽ സുഷമ മാത്രമേ കാണുകയുള്ളൂ. പേയിംഗ് ഗസ്റ്റ് ഒരു പുരുഷനായതുകൊണ്ട് അവൾക്ക് എതിർപ്പുണ്ടായിരുന്നു. സുഷമയുമായി എനിക്ക് നീണ്ട് 8-9 വർഷത്തെ ബന്ധമുണ്ട്. ഓഫീസിലെ എന്‍റെ സഹപ്രവർത്തക ഏർപ്പെടുത്തിത്തന്ന സഹായിയാണവൾ. എന്‍റെ പരിചാരികയായിരുന്നുവെങ്കിലും എനിക്കവൾ സ്വന്തം സഹോദരിയായിരുന്നു. ആഴ്ചയിൽ ആറുദിവസം അവൾ എനിക്കൊപ്പമുണ്ടാകും. ശനിയാഴ്ച അവൾ വീട്ടിൽ പോകും. തിങ്കളാഴ്‌ച രാവിലെയേ മടങ്ങി വരൂ. അതായിരുന്നു അവളുടെ പതിവ്. ഫോൺ മുഴങ്ങിയതു കേട്ട് ഞാൻ റിസീവർ കൈയിലെടുത്തു.

“എന്താ സുഷമേ,” ശബ്ദ‌ം തിരിച്ചറിഞ്ഞ് ഞാൻ കാര്യം തിരക്കി

“അത് ചേച്ചീ, പുതിയ പേയിംഗ് ഗസ്‌റ്റ് വന്നിട്ടുണ്ട്. ചേച്ചി സംസാരിച്ചോ. എന്നിട്ട് ഞാനയാളെ മുറി കാണിക്കാം.” സുഷമ ബുദ്ധിമതി തന്നെ.

“ഹലോ”

“ഞാൻ പുതിയ പേയിംഗ് ഗസ്‌റ്റാ. സന്ദീപ് കൃഷ്ണൻ, അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാ.” യുവാവ് തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.

“ങ്ഹേ, സന്ദീപ് കൃഷ്‌ണനെന്നോ?” അരുതാത്തതെന്തോ കേട്ടതുപോലെ ഞാൻ ഞെട്ടിത്തരിച്ചിരുന്നു.

“അതെ.” യുവാവ് മറുപടി പറഞ്ഞു.

“ഓകെ, ഫോൺ സുഷമയ്ക്ക് കൊടുക്കൂ.” എന്‍റെ ശബ്ദത്തിൽ വല്ലാത്ത കയ്‌പ് പടർന്നിരുന്നു.

“ങ്ഹാ ചേച്ചി, പറഞ്ഞോ,” സുഷമയുടെ ശബ്ദം മുഴങ്ങി. “നീ അയാൾക്ക് മുറി കാണിച്ചുകൊടുക്ക്.”

“ശരി ചേച്ചി.” അവളുടെ ശബ്ദത്തിലും നീരസമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

“നീ വിഷമിക്കണ്ട. ഞാൻ ഇന്ന് നേരത്തേ എത്താൻ നോക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം.” എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ച ശേഷം ഞാൻ ഫോൺ വെച്ചു. ആ അപരിചിതന് എന്‍റെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധം കാണുമോ? ആ ചോദ്യം എന്‍റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഫോണിലൂടെ മുഴങ്ങിയ ഗാംഭീര്യം നിറഞ്ഞ ശബ്ദം എന്നെ ഭൂതകാലത്തേക്ക് പിടിച്ചു നടത്തി. കസേരയിൽ ചാരിയിരുന്ന് ഞാൻ കണ്ണുകളിറുക്കിയടച്ചു.

25 വർഷം പിന്നിലേയ്ക്ക് മനസ്സു പാഞ്ഞു. മനസ്സിന്‍റെ എതോ കോണിൽ ചിലരിച്ചു തുടങ്ങിയ ആ ഓർമ്മകളിലേക്ക്….

അജിത് കൃഷണൻ… ഓർമ്മയിൽ തെളിഞ്ഞുവന്ന ആ പേർ എന്നിൽ വേദന പടർത്തി. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ബസ്സിൽ എന്നും കണ്ടുമുട്ടിയിരുന്ന മുഖം. അയാളന്ന യൂണിവേഴ്സിറ്റിയിൽ എംകോമിന് പഠിക്കുകയായിരുന്നു. ഞാൻ അവിടെത്തന്നെ ബി. എ. ഫസ്‌റ്റ് ഇയറിനും.

ഞങ്ങളുടെ കണ്ടുമുട്ടലുകൾ ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് വഴിമാറി യൂണിവേഴ്‌സിറ്റി കലാമത്സരങ്ങളിൽ ലളിതഗാനത്തിന് സ്‌ഥിരമായി ഒന്നാം സമ്മാനം നേടിയിരുന്ന അജിത്തിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അയാളുടെ വശ്യമായ കണ്ണുകളെ അവഗണിക്കാൻ ഞാൻ അശക്തയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ പോലും ഞാൻ സദാ ആ കണ്ണുകളെ തിരഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ അടുപ്പം എന്‍റെ പല കൂട്ടുകാരികളിലും അസൂയയുണർത്തിയിരുന്നു. കാരണം കോളേജിലെ റൊമാന്‍റിക് ഹീറോ ആയിരുന്നുവല്ലോ അജിത്ത് കൃഷ്ണൻ. അങ്ങനെയുള്ള ഒരാളെ ഒരുവൾ സ്വന്തമാക്കിയാൽ മനസ്സിൽ നിറയെ പ്രണയവുമായി നടക്കുന്ന എത് പെണ്ണിനാണ് സഹിക്കാനാവുക?

ഇരുനിറക്കാരിയായ എന്നെ അജിത്ത് എന്ന സുന്ദരൻ എങ്ങനെ ഇഷിടപ്പെട്ടുവെന്ന് ഞാൻ നിലക്കണ്ണാടിയിൽ നോക്കി പലകുറി അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ എന്‍റെ രൂപഭംഗിയോർത്ത് ഞാൻ സ്വയം അഭിമാനം കൊണ്ടിട്ടുണ്ട്.

എന്‍റെ കണ്ണിണകളാവുമൊ അയാളെ ആകർഷിച്ചിരിക്കുക… അതോ എന്‍റെ കറുത്തിരുണ്ട മുടിയോ… അതുമല്ലെങ്കിൽ എന്‍റെ മുഖസൗന്ദര്യമോ… എനിക്കുപോലും എന്നോട് പ്രണയം തോന്നിയ നിമിഷമായിരുന്നു അത്.

പക്ഷേ, കുറച്ചു കഴിഞ്ഞതോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു. അജിത്തിന് എന്‍റെ മനസ്സിനേക്കാളും എന്‍റെ ശരീരത്തോടായിരുന്നു പ്രണയം എന്നിട്ടും എനിക്കതിൽ യാതൊരു പരിഭവവും തോന്നിയില്ല. കാരണം ബാഹ്യമായ ആകർഷണമാണല്ലോ പ്രണയത്തിന്‍റെ ആരംഭം കുറിക്കുന്നത്. അത് യാഥാർത്ഥ്യമാണ്. പക്ഷേ എന്‍റെ പ്രതിരോധത്തെ മറികടന്ന് അയാൾക്ക് ഇതേവരെ എന്‍റെ ശരീരത്തിൽ തൊടാനായില്ലല്ലോ എന്നോർത്ത് ഞാൻ അഭിമാനം കൊണ്ടു.

യൂണിവേഴ്‌സിറ്റി കാന്‍റീനിന് തൊട്ടടുത്തായി ധാരാളം ഇരിപ്പിടങ്ങളുള്ള ഗാർഡനിൽ വെച്ചായിരുന്നു ഞങ്ങളെന്നും കണ്ടുമുട്ടിയി രുന്നത്. കമിതാക്കൾ പരസ്‌പരം ഹ്യദയം കൈമാറിയിരുന്ന കോളജിലെ പ്രിയപ്പെട്ട ലവേഴ്‌സ് കോർണർ, ഞങ്ങൾ അവിടെയിരുന്ന് ഭാവിയെക്കുറിച്ച് ധാരാളം നിറമുള്ള സ്വ‌പ്നങ്ങൾ കണ്ടു.

“നിന്‍റെ കൈയിലൊന്ന് തൊട്ടെന്ന് വച്ച് ആകാശം ഇടി ഞ്ഞു വീഴുമോ?” അജിന് ചിലപ്പോഴൊക്കെ വഴക്കുകൂടി.

“ആകാശം ഇടിഞ്ഞുവീഴില്ല. പക്ഷേ എനിക്ക് ദേഷ്യം വരും. കല്യാണത്തിന് മുമ്പ് അങ്ങനെ യാതൊന്നും സംഭവിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.” എന്‍റെ സ്വരം കനത്തു.

യഥാർത്ഥത്തിൽ അജിത്തിനോട് പറഞ്ഞതിൽ പാതി മാത്രമായിരുന്നു സത്യം.  എനിക്ക് അജിത്തിനോട് അടുത്തിടെപഴകാൻ ഭയമായിരുന്നു. അയാളുടെ ബലിഷ്ഠങ്ങളായ കരങ്ങൾ കണ്ട് എന്നിലെ സകലനിയന്ത്രണങ്ങളും ദുർബലമായി പോകുന്നത് ഞാൻ അറിഞ്ഞിരുന്നു.

അജിത്തിന്‍റെ സാന്നിധ്യം എന്നെ ദുർബലയാക്കുമ്പോഴൊക്കെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് പപ്പയുടേയും മമ്മിയുടേയും ചേട്ടന്‍റേയും മുഖങ്ങൾ ഓർത്തെടുത്തു. ഓർമ്മ വരുമ്പോൾ മരുന്ന് കഴിക്കുംപോലെ… ആ മുഖങ്ങൾ പാപത്തിന്‍റെ വഴിയിൽ നിന്നും എന്നെ മാറ്റി നടത്തിയിരുന്നു.

“പൂർണ്ണിമാ, നമുക്കാദ്യം ഉണ്ടാകുന്ന കുഞ്ഞിന് എന്ത് പേരിടണം?” ഒരു ദിവസം അജിത്ത് എന്നോട് ചോദിച്ചു.

ഞാൻ… എന്ത് പേര് വേണം?” നാണം കൊണ്ട് കൂമ്പിപ്പോയി ഞാൻ.

“നീ എന്തിനാ ഇത്ര നാണിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് അജിത്ത് ഒന്നുകൂടി ചേർന്നിരുന്നു. ഞാൻ ദൂരേയ്ക്ക് മിഴി നട്ടിരുന്നു. അടുത്ത നിമിഷം എന്‍റെ ചുണ്ടുകൾ ചലിച്ചു. സന്ദീപ് കൃഷ്ണ‌ൻ”

“ങ്ഹേ, സന്ദീപ് കൃഷ്ണനെന്നോ… അപ്പോൾ ആൺകുട്ടി താന്നെയാണെന്ന് നീ തീരുമാനിച്ചു കഴിഞ്ഞോ,” അജിത്ത് കുസൃതിച്ചിരിയോടെ എന്‍റെ കണ്ണുകളിൽ ഉറ്റുനോക്കി.

ഡിസംബർ വിടചൊല്ലാൻ ഇനി ഏതാനും ദിവസം മാത്രം സാക്കി. പതിവുപോലെ ഞങ്ങൾ കൂട്ടുകാർ ന്യൂ ഇയർ ആഘോഷം പൊടിപൊടിക്കാൻ തീരുമാനിച്ചു. പുതുവർഷത്തലേന്ന് എല്ലാവരും നീലിമയുടെ വീട്ടിൽ ഒത്തുകൂടി. കുറച്ചുകഴിഞ്ഞ് അജിത്തും അവിടെ എത്തി കറുത്ത ഷർട്ടും നീല ജീൻസുമായിരുന്നു അജിത്തിന്‍റെ വേഷം കറുത്ത നിറം അജിത്തിനെ കൂടുതൽ സെക്സിയാക്കി.

അതോ അതെന്‍റെ മാത്രം കണ്ടെത്തലായിരുന്നോ…

ന്യൂ ഇയർ പാർട്ടി തുടങ്ങി. വീടിന്‍റെ മട്ടുപ്പാവിലായിരുന്നു ആഘോഷവേദി. ഞങ്ങളെ കൂടാതെ നീലിമയുടെ മാതാപിതാക്കളും കസിൻസുമുണ്ടായിരുന്നു. ചിലർ പാട്ടുപാടി നൃത്തം ചെയ്തു. ചിലർ പാട്ടുപാടി മറ്റു ചിലർ മിമിക്രി കാട്ടി, അരങ്ങ് കൊഴുത്തു. നീലിമയുടെ അമ്മ തയ്യാറാക്കിയ പലഹാരങ്ങൾ ആർത്തിയോടെ വെട്ടിവിഴുങ്ങാനായിരുന്നു കൂട്ടത്തിലെ ചില വിരുതന്മാരുടെ ശ്രമം. ഇതിനിടെ നീലിമ പറഞ്ഞതനുസരിച്ച് അടുക്കളയിൽ നിന്നും ജ്യൂസ് എടുക്കാനായി ഞാൻ കോണിപ്പടികൾ ഇറങ്ങവെ അജിത്ത് എന്‍റെ കൈയിൽ പിടിച്ചുകൊണ്ട് അടുത്തുള്ള മുറിയിലേക്ക് കയറി.

വാതിൽ ചാരിയ ശേഷം എന്നെ ചുവരിൽ ചേർത്ത് നിർത്തി എന്‍റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. ഞങ്ങൾക്കിടയിൽ അകലം തീരെ ഇല്ലാതായി. അജിത്തിന്‍റെ ചൂടുനിശ്വാസം എന്‍റെ മുഖത്തു തട്ടി.

“എന്താ കാര്യം, ഇന്ന് ഭയങ്കര റൊമാന്‍റിക്കാണല്ലോ?” കണ്ണുകളിൽ ഉറഞ്ഞുകൂടിയ നാണം മറച്ചുകൊണ്ട് ഞാൻ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു.

എന്‍റെ ശ്വാസം നിലച്ചതുപോലെ… അജിത്തിന്‍റെ ശ്വാസോഛ്വാസഗതി എനിക്കിപ്പോൾ വേർതിരിച്ചറിയാം. അജിത്ത് ഒരു കൈകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.

“എന്തായിത്?” എന്‍റെ ദുർബലമായ ശബ്ദം നിശ്ശബ്ദമായ അന്തരീക്ഷത്തിൽ നേർത്തുപോയി.

“നീ ഏറെ ആഗ്രഹിക്കുന്ന കാര്യം തന്നെ. പക്ഷേ, നീയത് തുറന്ന് പറയാറില്ല.” സകലശക്തിയും ചോർന്നുപോയ ദുർബലമായ ശരീരമായി ഞാൻ അജിത്തിന് മുന്നിൽ നിന്നു. അജിത്ത് പെട്ടെന്ന് എന്‍റെ മുടിയിലെ ഹെയർബാന്‍റ് ഊരിമാറ്റി. സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ മുടിയിഴകൾ എന്‍റെ ചുമലിൽ ആടിയുലഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. വയ്യ… എനിക്കു വയ്യ. അജിത്ത് അപ്പോഴും ഒരു വിടവ് സൃഷ്ട‌ിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

അജിത്ത് ആവേശത്തോടെ എന്‍റെ മുഖത്തോട് മുഖം ചേർത്തു. അജിത്തിന്‍റെ ശ്വാസോച്ഛ്വാസം എന്‍റെ മുഖത്ത് ശക്‌തിയായി പതിച്ചുകൊണ്ടിരുന്നു. സ്വയം നിയന്ത്രിക്കാൻ അശക്‌തയായ പോലെ…

“വേണ്ട അജിത്ത്… പ്ലീസ്…” എന്‍റെ വിറയാർന്ന ചുണ്ടുകൾക്കിടയിലൂടെ വാക്കുകൾ നേർത്തു നേർത്തുപോയി. “പൂർണ്ണിമാ, നമ്മൾ പരസ്‌പരം സ്നേഹിക്കുന്നവരല്ലേ… പിന്നെന്തിന് ഭയപ്പെടണം?”

“പാടില്ല… അത് തെറ്റാണ്.”

“എന്ത് തെറ്റ്? നമുക്ക് പരസ്‌പരം നന്നായി അറിയാം. എന്‍റെ സ്നേഹത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാ നിനക്ക് അങ്ങനെ തോന്നുന്നത്.”

“ഇല്ല അജിത്ത്, എന്‍റെ പപ്പയും മമ്മിയും… എനിക്ക് കഴിയില്ല.” ഞാൻ കരച്ചിലിന്‍റെ വക്കിലെത്തി.

“ഒന്ന് തൊട്ടുവെന്ന് കരുതി നമ്മുടെ സ്നേഹം ഇല്ലാതായി തീരുമോ? അത് പൂർണ്ണമാക്കുകയല്ലേ ചെയ്യുന്നത്. എനിക്ക് നിന്നോടുള്ള സ്നേഹം സത്യസന്ധമാണ്. പക്ഷേ നിനക്കോ…?” അജിത്തിന്‍റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു. അജിത്ത് അവജ്‌ഞയോടെ എന്നെ നോക്കിയ ശേഷം വാതിൽ തുറന്ന് പുറത്തുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ അജിത്ത് എന്നെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചു. അവിചാരിതമായി എന്നെ കാണുമ്പോൾ അജിത്ത് മുഖം തിരിച്ചു. ആ ഒഴിഞ്ഞുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ആണിന്‍റെ പ്രണയത്തിനായി പെണ്ണിന് സ്വയം നഷ്ടപ്പെടുത്തേണ്ടതുണ്ടോ? എല്ലാം മറക്കാൻ ഞാൻ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആത്മാർത്ഥമായ പ്രണയത്തിന്‍റെ അളവുകോൽ എന്താണെന്ന് തിരിച്ചറിയാതിരുന്നതാണോ എന്‍റെ വിഡ്ഢിത്തം?

പിജി കഴിഞ്ഞ ശേഷം പിന്നീടൊരിക്കലും ഞാൻ അജിത്തിനെ കണ്ടിട്ടില്ല. കോളേജ് കാമ്പസിൽ തുടർന്നുള്ള അജിത്തിന്‍റെ അസാന്നിധ്യം എന്നെയൊട്ട് വേദനിപ്പിച്ചുമില്ല. ബിഎ ഫൈനൽ ഇയർ കഴിഞ്ഞ് ഫലം കാത്തിരിക്കുമ്പോഴാണ് അജിത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ആരോ പറഞ്ഞറിയുന്നത്. ആ വാർത്ത എന്നെ അതിശയപ്പെടുത്തിയില്ല. സത്യസന്ധമല്ലാത്ത ആ പ്രണയത്തെ വെറുക്കാനും മറക്കാനും എന്‍റെ മനസ്സ് എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഏതോ കഥപോലെ അതെന്‍റെ ഭൂതകാല സ്‌മൃതികളിൽ ഒതുങ്ങി നിന്നു.

കാലം എന്നിൽ കുറേയധികം മാറ്റങ്ങളുണ്ടാക്കി. അച്‌ഛനും അമ്മയും എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപിരിഞ്ഞു. മൂത്ത ചേട്ടൻ ഇഷ്‌ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌ത്‌ കുടുംബജീവിതമാരംഭിച്ചു. എനിക്ക് വിവാഹജീവിതത്തോട് താല്‌പര്യമില്ലാത്തതിനാൽ ചേട്ടൻ വീട് എന്‍റെ പേർക്ക് എഴുതിത്തന്നു. പണത്തിന് യാതൊരു പഞ്ഞവുമുണ്ടായില്ല.

എന്നാലും ഏകാന്തമായ ജീവിതം തീർത്ത വിരസതയിൽ നിന്നും മോചനം നേടാനായി ഞാനൊരു ഷെയർമാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്കു ചേർന്നു. ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചുമൊക്കെ പണം നിക്ഷേപിച്ച് വൻലാഭത്തെ സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ ശൂന്യമായ എന്‍റെ ഭാവിയെ ഞാൻ പരിഹാസത്തോടെ ഓർത്തു.

ശക്തമായ ഒഴുക്കിൽ ലക്ഷ്യമില്ലാതെ പായുന്ന കൊച്ചുനൗക പോലെ.. ജീവിതത്തിന്‍റെ നിരർത്ഥകത പലപ്പോഴും എന്നെ ഭയപ്പെടുത്തി. വരാനിരിക്കുന്ന, വാർദ്ധക്യത്തിലെ ഏകാന്തതയെ ഓർത്ത് ചിലപ്പോൾ ഭയപ്പെട്ടു. എല്ലാം എന്തിനു വേണ്ടിയായിരുന്നു? ഉത്തരമില്ലാത്ത ചോദ്യം പോലെ അതെന്നെ സദാ കാർന്നു തിന്നുകൊണ്ടിരുന്നു.

എന്നിട്ടും കാലം തെറ്റി വരുന്ന മഴപോലെ ഇടയ്ക്കിടയ്ക്ക് അജിത്തിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ തേടിയെത്തിക്കൊണ്ടിരുന്നു.

വൈകീട്ട് നേരത്തെ വീട്ടിലെത്തി. ഈ സമയമത്രയും സുഷമ വീട്ടിൽ എന്നെ കാത്തിരിക്കുകയായിരുന്നു.

“എവിടെ പുതിയ ഗസ്‌റ്റ്!” എന്‍റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.

“മുറിയിലുണ്ട്. വിളിച്ചോണ്ട് വരട്ടെ?”

“ങ്ഹാ… അല്ലെങ്കിൽ വേണ്ട. ഞാൻ മുകളിൽ പോയി കണ്ടോളാം.” വീടിന് പുറത്തുള്ള കോണിപ്പടിയിലൂടെ ഞാൻ മുകളിൽ ചെന്നു. അയാൾ കുനിഞ്ഞിരുന്ന് ഷൂ പോളിഷ് ചെയ്യുകയായിരുന്നു. എന്‍റെ കാലൊച്ച കേട്ടിട്ടാകണം അയാൾ മെല്ല തലയുയർത്തി നോക്കി.

“അരുണിന്‍റെ ആന്‍റിയല്ലേ..” അയാൾ ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ഞാൻ അത്ഭുതത്തോടെ അയാളെ തന്നെ നോക്കി നിന്നു. 25 വർഷം മുമ്പ്… അജിത്ത് എന്‍റെ മൂന്നിൽ വന്നു നില്ക്കുന്നതു പോലെ.. എന്തൊരു സാദൃശ്യം! “എന്താ ആന്‍റി ആലോചിക്കുന്നത്?”

“ഒന്നുമില്ല.. ഒന്നുമില്ല..” ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നുണർന്ന ഞാൻ യുവാവിനെ നോക്കി പുഞ്ചിരിതൂകി. “ഞാൻ താഴെയുണ്ട്. പിന്നെക്കാണാം,” കോണിപ്പടികൾ എങ്ങനെയോ ഇറങ്ങിയ ശേഷം നേരെ ബെഡ്റൂമിൽ കയറി കിടക്കയിൽ വീണു. വയ്യാ, എന്തൊരു പരീക്ഷണം… ശരീരവും മനസ്സും തളരുന്നതുപോലെ ചിന്തകൾ എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു.

ഏറെ സമയം കഴിഞ്ഞ് ഞാൻ കുളിച്ച് ഫ്രഷായി ഊൺ മേശയ്ക്കരികിലെത്തി. സുഷമ ഊണ് കഴിക്കാനായി യുവാവിനെ നേരത്തേ തന്നെ ക്ഷണിച്ചിരുന്നു. പരിചിതഭാവത്തോടെ മുറിയിലേക്ക് കടന്നുവന്ന യുവാവ് തീൻമേശയ്ക്കരികിൽ ഇരുന്നു. അയാളുടെ പ്ലെയ്‌റ്റിലേക്ക് ചോറ് വിളമ്പവെ ഞാൻ അവ എന്‍റെ പേര് ഒരിക്കൽ കൂടി ചോദിച്ചു. “സന്ദീപ് കൃഷ്‌ണൻ,” അവൻ പറഞ്ഞു.

“അച്ഛന്‍റെ പേരെന്താ?” അല‌പം വിറയലോടെയായിരുന്നു ആ ചോദ്യം.

“അച്‌ഛൻ മനോജ് മേനോൻ, ഡോക്‌ടറായിരുന്നു. 2 വർഷം മുമ്പ് മരിച്ചുപോയി. അമ്മ കഴിഞ്ഞ വർഷവും.” അവന്‍റെ മുഖം മ്ലാനമായി.

“ഓ… സോറി സന്ദീപി,” ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് നോക്കി. ആ രാത്രി എനിക്കുറങ്ങാനായില്ല. ഉറക്കം വരാതെ ഞാൻ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്ദീപും അജിത്തും തമ്മിൽ തീർച്ചയായും എന്തോ ഒരു ബന്ധമുണ്ട്. നൂറുശതമാനം നീതി പുലർത്തുന്ന അവരുടെ രൂപസാദൃശ്യം അത് വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ സന്ദീപ് ഏതോ മനോജ് മേനോന്‍റെ മകനാണെന്നതാണ് ഏറെ കുഴയ്ക്കുന്ന പ്രശ്നം.

പിറ്റേ ദിവസവും സന്ദീപിന്‍റെ കാര്യം എന്‍റെ മനസ്സിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു. അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ഞാൻ വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന സന്ദീപിനെയാണ് കണ്ടത്. അജിത്ത് കാത്തു നിൽക്കുന്നതു പോലെ അത്ഭുതം മറച്ചുകൊണ്ട് ഞാൻ സന്ദീപിനെ നോക്കി ചിരിച്ചു. “എന്താ ആരെയെങ്കിലും കാത്തു നിൽക്കുകയാണോ?”

“അതെ… ആന്‍റിയെ,” അവന്‍റെ മറുപടി കേട്ട് എനിക്ക് ചിരിക്കാതിരിക്കാനായില്ല.

“ആന്‍റീ, നമുക്കൊരുമിച്ച് ചായ കുടിക്കാം.” ചിരപരിചിതനെപ്പോലെയുള്ള അവന്‍റെ പെരുമാറ്റം എന്നെ ആഹ്ളാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു. അവന്‍റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചായിരുന്നു വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നത്. അവന് ഇവിടെ യാതൊരു കുറവുമുണ്ടാകരുതെന്ന ഒരു നിർബന്ധബുദ്ധി എന്നിൽ എന്തുകൊണ്ടോ ഉണ്ടായി. ഒന്നുരണ്ട് ആഴ്ച‌യ്ക്കുള്ളിൽ അവനുമായി ഞാനേറെ അടുത്തു.

അവൻ ഓരോ ചലനങ്ങളിലും അജിത്തിന്‍റെ ഛായ അതേപടി പതിഞ്ഞുകിടന്നിരുന്നു. മുഖം പാതിയുയർത്തിയുള്ള നോട്ടവും, അടുത്തുവന്ന് പതിഞ്ഞ ശബ്ദത്തിൽ എന്തെങ്കിലും പറഞ്ഞുപോകുന്നതുമൊക്കെ… അജിത്തിനെപ്പോലെ സന്ദീപും ആവർത്തിച്ചു.

ഒരു ദിവസം ഞായറാഴ്‌ച വീട്ടിൽ ഞാൻ തനിച്ചായിരുന്ന സമയത്ത് സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. അവനെക്കുറിച്ചുള്ള ഓരോരോ വിശേഷങ്ങളും പറഞ്ഞു.

“ഒരു കാര്യം ചോദിച്ചാൽ ആന്‍റിക്ക് വിഷമം തോന്നില്ലല്ലോ?” അവൻ ചോദിച്ചു

“ഇല്ല ചോദിച്ചോളൂ?” ഞാൻ അവന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.

“ആന്‍റിയെന്താ കല്യാണം കഴിക്കാതിരുന്നത്? പറ്റിയ ചെറുക്കനെ കിട്ടിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ആന്‍റി ആരെയോ സ്നേഹിച്ചിരുന്നുവെന്നത് വാസ്തവമാണ്. അല്ലേ? അതെയെന്നോ അല്ലെന്നോ പറയാതെ മറുപടിയായി ഞാൻ പുഞ്ചിരിച്ചു.

“ആന്‍റിയെ കല്യാണം കഴിക്കാതെ പോയവൻ നിർഭാഗ്യവാൻ തന്നെയാ. നഷ്ട‌ം അയാൾക്കു തന്നെ. അതുറപ്പാ,” ഒരു ദാർശനികനെപ്പോലെ സന്ദീപ് പറഞ്ഞു.

ശരിയാണ്. ഇവിടെ നഷ്ടങ്ങൾ മാത്രം ബാക്കിയാവുന്നു. പക്ഷേ അത് സമാസമമാണ്. പിറ്റേന്ന് രാവിലെ തന്നെ സുഷമയെത്തി. പതിവുപോലെ പ്രാതൽ തയ്യാറാക്കിയ ശേഷം അവൾ വീട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് എന്തെല്ലാം വിശേഷങ്ങളുണ്ട്. ഞാൻ അത്ഭുതത്തോടെ ഓർത്തു.

അന്ന് രാത്രി സന്ദീപ് ഏറെ വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയപാടെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവൻ കൂട്ടുകാരുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ എന്‍റെ മനസ്സ് അപ്പോൾ അവന്‍റെ ഭൂതകാലത്തെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യമറിയുവാൻ വെമ്പുകയായിരുന്നു. അത്താഴം കഴിക്കാനിരുന്നപ്പോൾ എവിടെ, എങ്ങനെ, എന്ത് പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു. ഇനി വയ്യാ ഈ വീർപ്പുമുട്ടൽ..

“നിന്‍റെ അച്ഛന്‍റെ പേര് മനോജ് മേനോൻ എന്നു തന്നെയാണോ?” എന്‍റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടിട്ടാകണം അവനെന്നെ ഒരു നിമിഷം പകച്ചു നോക്കി. അവന്‍റെ കണ്ണുകൾ ചുവന്നു, ശബ്ദമിടറി,

“എന്താ ആന്‍റീ?” അവൻ എന്നെ പകച്ചു നോക്കി. “ഇല്ല, എന്‍റെയൊരു സുഹൃത്തിന്‍റെ അതേ രൂപസാദൃശ്യമാണ് നിനക്ക്. അതുകൊണ്ട് ചോദിച്ചതാ,” അന്തരീക്ഷത്തിന് അയവു വരുത്താനായി ഞാൻ പറഞ്ഞു.

“എന്‍റെ വളർത്തച്‌ഛനാണ് ഡോ. മനോജ് മേനോൻ, എന്‍റെ അച്‌ഛന്‍റെ പേര് അജിത്ത് കൃഷ്ണനെന്നാണ്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അമ്മ രണ്ടാമത് വിവാഹം ചെയ്‌തതാണ് ഡോക്‌ടറെ, അമ്മയുടെ മുറച്ചെറുക്കനായിരുന്നു ഡോക്‌ടർ.” സന്ദീപിന്‍റെ മറുപടി റീപ്ലേ പോലെ എന്‍റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സ്ഥലകാലബോധം നഷ്‌ടപ്പെട്ട ഞാൻ വിദൂരതയിൽ കണ്ണും നട്ടിരുന്നു. എന്‍റെ നെഞ്ചിടിപ്പു വർദ്ധിച്ചു. കാഴ്ചയ്ക്ക് വ്യക്തതയില്ലാത്തതുപോലെ. എന്‍റെ മുഖഭാവം കണ്ടിട്ടാകണം സന്ദീപ് എന്‍റെയരികിൽ വന്നിരുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോനേ…” സന്ദീപിനെ ചേർത്തു നിർത്തി ഞാൻ മൂർദ്ധാവിൽ ചുംബിച്ചു. ഈ ഭൂമിയിൽ എന്‍റെ പ്രണയത്തിന്‍റെ ശേഷിപ്പ് പോലെ ഒരു ജീവൻ! സന്ദീപ് കൃഷ്‌ണനെന്ന പേര്. ആ പേരിലൂടെ അജിത്ത് എന്നെ എത്രമാത്രം ഓർത്തിരിക്കണം. സന്ദീപ് ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിരുന്നു.

“ആന്‍റി ഈയടുത്താണ് അച്ഛൻ പഴയൊരു ഡയറി വായിക്കാനിടയായത്. ആ ഡയറിയുടെ താളുകളിൽ ആന്‍റി മാത്രമായിരുന്നു. ഡയറിയിൽ കുറിച്ചിട്ടിരുന്ന മേൽവിലാസം തേടിപ്പിടിച്ചാണ് ഞാൻ ഇവിടെയെത്തിയത്. ആന്‍റിയെ കാണണമെന്ന കൗതുകമായിരുന്നു അതിനു പിന്നിൽ എനിക്ക് ഈ പേര് സമ്മാനിച്ച ആളെ…”

ഞാൻ സന്ദീപിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നഷ്ട‌പ്പെട്ടുപോയ പ്രണയത്തിന് പകരമായി അജിത്ത് എനിക്ക് സമ്മാനമായി അയച്ചു തന്നതാണ് ഈ മകനെ എന്‍റെ സ്വന്തം മകൻ…..

ഓരിതൾ പൂക്കൾ

സുമിതയ്ക്ക് കടുത്ത നിരാശ തോന്നി. ഇന്നും മമ്മിയുടെ ശകാരം ഏറെ കേട്ടു. അത്ര പുതിയ കാര്യമൊന്നുമല്ല ഈ ശകാരവും പിണക്കവുമൊക്കെ, എങ്കിലും സങ്കടം തോന്നും. എല്ലാ കലഹത്തിന്‍റെയും അന്ത്യം സുമിതയുടെ കരച്ചിലിലേ അവസാനിക്കൂ.

ഇന്നും നിസ്സാര കാര്യത്തിനാണ് ഉദയനുമായി വഴക്കുണ്ടായത്. അനിയൻ പോസ്‌റ്റർ കളേഴ്‌സ്‌ സുമിത എടുത്തു. അതാണ് വഴക്കിന്‍റെ കാരണം. അവൻ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. സുമിത ബി. എ ഫൈനൽ ഇയറും. എങ്കിലും ചേച്ചിയോട് കയർക്കാൻ ഒരു മടിയുമില്ല.

വരയ്ക്കാൻ വലിയ ഇഷ്ടമാണ് സുമിതയ്ക്ക്. അതും സ്വന്തം കഥയ്ക്ക് ഇലസ്ട്രേഷൻ വരയ്ക്കാൻ! അതിനാണ് അവൾ ഉദയന്‍റെ കളർ ബോക്‌സിൽ നിന്ന് ചായപ്പെൻസിൽ എടുത്തത്. കൃത്യസമയത്തു തന്നെയാണ് പ്രോജക്‌ടു ചെയ്യാൻ അവൻ കളർ തെരയാൻ തുടങ്ങിയത്. അന്വേഷിച്ചു മടുത്തിരിക്കുമ്പോൾ കളർ ബോക്സ‌് സുമിതയുടെ സമീപത്ത് കണ്ടതും അവൻ പൊട്ടിത്തെറിച്ചു. “ഹോ! ഇതു ശല്യമായല്ലോ… എനിക്കു പ്രോജക്‌ട് ചെയ്യാനുണ്ട്. എന്‍റെ കളേഴ്സ് തരൂ…”

“രാജാ രവിവർമ്മയാണെന്നാ ഭാവം. ഞങ്ങളുടെ പഠിത്തം കൂടി താറുമാറാക്കും. അത്രയേയുള്ളൂ.” അടുത്തു തന്നെ നിന്ന അനുജത്തി സുനന്ദ പറഞ്ഞു. “വീട്ടിലോ ഒരുപകാരവുമില്ല. നിനക്കിതെന്തിന്‍റെ കേടാ…” നേരെ ഇളയ അനുജത്തിയാണ് സുനന്ദ.

ഇതെല്ലാം കേട്ടുനിന്ന മമ്മി അടുക്കളയിൽ നിന്ന് ഒച്ചയെടുത്തു. “സുമിതാ… നീ മൂത്ത കുട്ടിയല്ലേ… അവരുടെ സാധനങ്ങൾ എടുത്ത് വഴക്കുണ്ടാക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. നാശം, നീ സുനന്ദയെ കണ്ടു പഠിക്ക്… അവൾ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്, വീട്ടുജോലിയും ചെയ്യും… നീയോ? എപ്പോഴും ഇളയത്തുങ്ങളുമായി കലഹം!”

“മമ്മി എന്നെ മാത്രമേ ചീത്ത പറയുകയുള്ളൂവെന്ന് എനിക്കറിയാം.” സുമിത നിലവിളി കുരുങ്ങിയ ശബ്‌ദത്തിൽ പറഞ്ഞു.

“പിന്നെ… നിന്നെ സപ്രമഞ്ചത്തിലിരുത്തി ആട്ടണോ?” “ഹൊ! മടുത്തു…” സുനന്ദ പുസ്‌തകങ്ങൾ ശബ്ദത്തോടെ പെറുക്കിവെച്ച് പുറത്തേക്കു പോയി.

“എപ്പോ നോക്കിയാലും കണ്ട പടം വരച്ച് സമയം കളഞ്ഞോളും. നിനക്കെന്ന് ബോധം വരും… എനിക്കറിയില്ല. കെട്ടിച്ച് വിട്ടേക്കാമെന്നു വച്ചാൽ ഒന്നും ശരിയാകുന്നുമില്ല. എന്തൊരു കഷ്ടമാണിത്.” അമ്മ നിർത്താനുള്ള ലക്ഷണമില്ല. ഇത്രയൊക്കെയായപ്പോഴേക്കും സുമിത പതിവുപോലെ കരയാൻ തുടങ്ങി.

സുമിതയ്ക്ക് ഒരു കാര്യത്തിലും സീരിയസ്നെസ്സില്ലെന്നാണ് എല്ലാവരുടേയും പരാതി. പ്രായം 20 കഴിഞ്ഞു. എന്നിട്ടും കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത പെൺകുട്ടി. അവൾ വീടിന് ഭാരമാവാതിരിക്കുമോ? അമ്മയുടെ ചിന്ത ഇങ്ങനെയാണ്.

ആധാരമെഴുത്തുകാരനായ വിജയകുമാറിന്‍റെയും വീട്ടമ്മയായ സുധയുടെയും മൂത്ത മകൾ ആണ് സുമിത. ഭാവിയെക്കുറിച്ച് തനിക്ക് വ്യക്‌തമായ ചിന്തയുണ്ട്. അത് സുമിതയ്ക്കറിയാം, പക്ഷേ വീട്ടിലാർക്കും വിശ്വാസമില്ല. മറ്റുള്ളവർ കാണുന്ന സ്വപ്‌നങ്ങളല്ല സുമിതയുടേത്. അവൾ വളരെ ഒതുങ്ങിയ, ലജ്‌ജാലുവായ പെൺകുട്ടിയാണ്. അനിയനും അനുജത്തിയും കാട്ടുന്ന വികൃതിത്തരങ്ങൾക്കു പോലും സദാ തല്ലുകൊള്ളുന്നവൾ, മമ്മിയുടെ ശകാരം മുറ തെറ്റാതെ ഏറ്റു വാങ്ങുന്നവൾ.

പെയിന്‍റിംഗിലും കഥയെഴുത്തിലുമാണ് സുമിതയ്ക്ക് കമ്പമെന്നു പറഞ്ഞല്ലോ. ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്. മനസ്സിന്‍റെ ക്യാൻവാസിൽ നിറക്കൂട്ടുകൾ ചാലിച്ച് സുന്ദരമായ ചിത്രങ്ങൾ നെയ്‌തുകൊണ്ടേയിരിക്കും. സ്ത്രീകൾ തന്നെയാണ് അവളുടെ പെയിന്‍റിഗിന്‍റെയും കഥയുടെയും കേന്ദ്രബിന്ദു. സ്ത്രീജീവിതത്തിന്‍റെ പല ഘട്ടങ്ങൾ, പല വികാരങ്ങൾ എല്ലാം അവൾ കഥയിലും ചിത്രങ്ങളിലും പകർത്തി വയ്ക്കും!

അവളുടെ വായനാശീലവും പെയിന്‍റിംഗ് ക്രേസും അവളുടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു. പഠിക്കാതിരിക്കാനും സമയം കളയാനുമുള്ള സൂത്രമാണതൊക്കെ എന്ന് കൂട്ടിക്കാലം മുതലേ മമ്മിയും സഹോദരങ്ങളും മാർക്കിട്ടു വച്ചിരിക്കുകയാണ്. അല്പമെങ്കിലും പിന്തുണ കിട്ടിയത് പപ്പയിൽ നിന്നാണ്.

ഏതു സമയവും ആലോചനയിലാണ്ടിരിക്കും. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെയായപ്പോൾ പഠനത്തിന്‍റെ നിലവാരവും കുറഞ്ഞു. സുമിതയിലെ സർഗശേഷിയുടെ പ്രകടനമായി ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമുണ്ടായില്ല. പക്ഷേ കോളേജിലെ അധ്യാപകർക്ക് അവളുടെ കഴിവ് മനസ്സിലായിരുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്ന കുട്ടി എന്ന് ഇംഗ്ലീഷ് പ്രൊഫസറായ ലാൽ ജോൺ പറയുന്നത് വെറുതെയായിരുന്നില്ല.

ആര് വഴക്കു പറഞ്ഞാലും അവൾ പിണങ്ങാറില്ല. മമ്മിയുടെ ചില നേരത്തെ ശകാരം അവളെ ഉലയ്ക്കുമെന്നു മാത്രം. 18 വയസ്സു കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ വരാൻ തുടങ്ങിയതാണ്. പക്ഷേ അവൾ സമ്മതിച്ചില്ല. വിവാഹം ഉടനെ വേണ്ടെന്ന് സുമിത ഉറപ്പിച്ചു പറഞ്ഞു. വിവാഹസ്വപനങ്ങൾ കാണേണ്ട പ്രായത്തിൽ അവൾ കുട്ടികളെപ്പോലെ ശലഭങ്ങളെ നോക്കി, കുഞ്ഞുപൂക്കളോട് കിന്നാരം പറഞ്ഞ് നടന്നു. കിളിക്കൂട്ടങ്ങൾക്കൊപ്പം പറക്കാൻ കൊതിച്ച വൈകുന്നേരങ്ങളിൽ അവൾ ധാരാളം സമയം പറമ്പിലും പാടത്തും കറങ്ങിനടക്കും.

ജീവിതത്തിൽ വിവാഹം അന്തിമമായ കാര്യമായി ഇതുവരെ അവൾക്ക് തോന്നിയിട്ടേയില്ല. വിവാഹശേഷം സ്ത്രീക്ക് മാത്രമായി ഒരു മാറ്റം എന്തുകൊണ്ട്? എല്ലാവരേയും മനസ്സിലാക്കി പെരുമാറണമെന്ന നിബന്ധനകൾ അതും സ്ത്രീക്കു മാത്രം. എന്തു കൊണ്ടാണങ്ങനെ?

സ്ത്രീജീവിതത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. തകഴിയുടേയും എം.ടിയുടെയും മാധവിക്കുട്ടിയുടെയും ആരാധികയായ സുമിതയ്ക്ക് സ്ത്രീ കേന്ദ്രകഥാപാത്രമായ കഥകളെഴുതാനായിരുന്നു കൂടുതൽ ഇഷ്‌ടം.

ജീവിതത്തോടു പോരാടിത്തന്നെ മികച്ച സാഹിത്യസൃഷ്‌ടികൾ വായനാപ്രേമികൾക്ക് നൽകിയ മഹാശ്വേതാദേവിയുടെ അനുഭവങ്ങൾ അവളെ ഏറെ സ്വാധീനിച്ചു. സിക്കന്ദർ മഹാൻ, ഐൻസ്റ്റ‌ീൻ, എഡിസൻ, എ.പി.ജെ. അബ്‌ദുൾ കലാം തുടങ്ങിയ മഹാരഥന്മാരുടെ ജീവിതത്തെക്കുറിച്ച് അവൾ ചിന്തിച്ചിരിക്കും. അവളുടെ കഥകളിലും കവിതകളിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. ഇങ്ങനെ എഴുത്തും വായനയും വരയും ചിന്തയുമായി നടക്കുമ്പോഴാണ് മനസ്സിനെ കുത്തിനോവിച്ച് മമ്മിയുടെ ശകാരം ചെവികളിൽ തുളഞ്ഞു കയറുന്നത്.

ഒരു കരച്ചിലിനുള്ള വഴി ഇന്നും തുറന്നു കിട്ടി എന്നൊക്കെ ചിന്തിച്ച് അവൾ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. പക്ഷേ ഇന്നലെ അനിയന്‍റെ കളർപെൻസിൽ എടുത്തതിന് അവരെല്ലാം കൂടി തന്നെ ഇത്രയും വഴക്കു പറഞ്ഞത് എന്തിനാണെന്ന് സുമിതയ്ക്ക് അതിശയം തോന്നി.

രാവിലെ വൈകിയാണ് ഉണർന്നത്. അൽപം കഴിഞ്ഞപ്പോഴേക്കും കൽപ്പന വന്നു. പുതിയ ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു. ഉദാസീനമായ അവളെ നോക്കി. കോളേജിൽ പോകാറായോ? അവൾ വാച്ച് നോക്കി സമയം 8.30.

“സുമീ, നീ വരുന്നില്ലേ?”

“ഉണ്ടല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാൻ. അവൾക്കും ബാത്ത്റൂമിലേക്കു നടന്നു. ഞൊടിയിടയിൽ കോളേജിലേക്കു യാത്രയായെങ്കിലും അവളുടെ മനസ്സ് എങ്ങും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

“നിന്‍റെ മൂഡ് ഇതുവരെ ശരിയായില്ലേ…”

“ഇല്ല, കല്ലൂ…”

“വീട്ടിൽ വഴക്കുണ്ടാക്കി അല്ലേ?”

“അതെ, പതിവുകാര്യം തന്നെ. പക്ഷേ ഇന്നെന്തോ ഒന്നും മറക്കാൻ പറ്റുന്നില്ല.”

“എടാ… സാരമില്ല. അമ്മ വഴക്കു പറയുന്നത് നിന്‍റെ നന്മയ്ക്കു വേണ്ടിയാന്ന് കരുത്.”

“നന്മ…! ഇങ്ങനെയാണോ നന്മ വരുത്തുന്നത്…” സുമിത ഓർത്തു. അവർ സംസാരിച്ചിരിക്കേ, ശ്രീകുമാരി ടീച്ചർ പുഞ്ചിരിയോടെ സമീപത്തേക്കു വരുന്നു.

“ഗുഡ്മോണിംഗ് മാം…”

“വെരി ഗുഡ്സ്മോണിംഗ്. എന്താ, സുമിതയുടെ മുഖത്തൊരു വാട്ടം…”

“ഒന്നുമില്ല മാം, രാത്രി ഉറങ്ങാൻ വൈകി.”

“സുമിതാ, നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്.”

“എനിക്ക്…” അവൾ അദ്ഭുതപ്പെട്ടു.

“നീ കഥ എഴുതില്ലേ… ഈ പേപ്പർ നോക്ക്!” ടീച്ചർ പത്രമെടുത്തു നീട്ടി. “രാജ്യാന്തര കഥാമത്സരത്തിന് സൃഷ‌ടികൾ ക്ഷണിക്കുന്നു.”

“നോക്കട്ടെ…” കല്പന പത്രം തട്ടിയെടുത്തു വായിച്ചു. “ഹായ്! ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. അതും മുഖ്യമന്ത്രി പുരസ്ക‌ാരദാനം നിർവഹിക്കും.”

“നീ ഇതെന്തായാലും അയയ്ക്ക്…” അവൾ ആലോചിച്ചിരിക്കേ ടീച്ചർ പറഞ്ഞു,

“സുമീ ആലോചിച്ചിരിക്കാനൊന്നുമില്ല. ഉടനെ കഥ അയയ്ക്ക്.”

വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ മമ്മി പതിവുപോലെ പ്രതിഷേധിച്ചു.

“എക്സാമിന് പഠിക്കാനുള്ളതാ. നീ കഥയെഴുതി സമയം കളഞ്ഞോ. ഇത്തവണ ഫസ്റ്റ്ക്ലാസ് വാങ്ങിയില്ലെങ്കിൽ കോളേജിൽ പോക്ക് നിർത്തണം. പറഞ്ഞില്ലെന്നു വേണ്ട.”

അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. കരച്ചിൽ അടക്കിപ്പിടിച്ചു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സൃഷ്‌ടിയിൽ വേദനയുണ്ടാകും. കഥയായാലും അങ്ങനെ തന്നെ കഥാരചനയുടെ ഇടവേളകളിൽ പരീക്ഷക്കാലം നിറംമങ്ങി കടന്നുപോയി! മമ്മിയുടെ ശകാരത്തിന് മൂർച്ച കൂടി വരുന്നു, റിസൾട്ട് അടുക്കാറായിട്ടാകണം.

ഉച്ചയ്ക്ക് പാതിമയക്കത്തിലാണ് ആ ഫോൺ കോൾ വന്നത്. ഡൽഹിയിലെ രാജ്യാന്തര കഥാപുരസ്‌കാര സമിതി ഓഫീസിൽ നിന്നാണ്. ഉദയനാണ് ഫോണെടുത്തത്. അവൻ സ്‌തബ്‌ധനായി നിൽക്കുന്നു.

“ചേച്ചീ… ചേച്ചിക്കാണ് ഫസ്‌റ്റ്‌പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും.”

പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒരു നിമിഷം കൊണ്ട് സുമിത സ്‌റ്റാറായി. വീട്ടിൽ പത്രക്കാരുടേയും സുഹൃത്തുക്കളുടേയും സാംസ്‌കാരികനായകരുടേയും ബഹളം. അല്പം അകന്നു നിന്ന സുനന്ദയേയും മമ്മിയേയും കൂടി ക്യാമയ്ക്കു മുന്നിലേക്കു വലിച്ചു നിർത്തുമ്പോൾ സുമിതയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീർ.

ഭർത്താവിന്‍റെ ഉയർച്ചയ്ക്ക് ഭാര്യയുടെ പിന്തുണ

ബി.എ. പഠനം കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു രാജീവ്. ഇതേ അവസരത്തിലാണ് ‌സ്നേഹ രാജീവിനെ പരിചയപ്പെടുന്നതും, രാജീവിന്‍റെ കൃത്യനിഷ്ഠയും ഉയരങ്ങൾ പിടിച്ചെടുക്കാനുള്ള ത്വരയുമൊക്കെ സ്നേഹയെ രാജീവിലേക്ക് കൂടുതലടുപ്പിച്ചതും. സ്നേഹ ഉടുക്കുന്ന സാരിയുടെ നിറം മുതൽ ഉപയോഗിക്കുന്ന കോസ്മെറ്റിക്സിനെക്കുറിച്ചു വരെ സംസാരിക്കാൻ അന്ന് രാജീവ് സമയം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ കൊച്ചുകൊച്ചു കാര്യങ്ങൾക്കു പോലും സ്നേഹയെ അയാൾ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു.

അശ്രാന്ത പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് രാജീവിന് ഉന്നതപദവിയിലെത്താൻ സാധിച്ചു. എന്നാൽ ജോലിഭാരവും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും കൂടിയതോടെ സ്നേഹയെ ഫോൺ വിളിക്കാൻ പോലും രാജീവിനു സമയം തികയാതായി. ഒന്നുകിൽ മീറ്റിംഗ് അല്ലെങ്കിൽ ടൂർ പ്രോഗ്രാം… പക്ഷേ വീട്ടിലെത്തിയാൽ രാജീവ് എല്ലാം മറന്ന് സ്നേഹയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. എന്നാൽ രാജീവിന്‍റെ ജോലിത്തിരക്ക് സ്നേഹയെ പലപ്പോഴും വല്ലാതെ അസ്വസ്ഥഥയാക്കിയിരുന്നു.

ഭർത്താവിന്‍റെ ഔദ്യോഗിക തിരക്കുകൾ മനസ്സിലാക്കാൻ ഭാര്യയ്ക്ക് സാധിക്കാതെ വരുന്നതാണ് പല പ്രശ്നനങ്ങൾക്കും കാരണമായിത്തിരുന്നത്. ഭർത്താവിന്‍റെ ആഗ്രഹങ്ങളും ഔദ്യോഗിക തിരക്കുകളും കാരണമാണ് ഭർത്താവ് വൈകുന്നതെന്ന് ഭാര്യ മനസ്സിലാക്കണം. പണം സമ്പാദിക്കണമെന്ന മോഹവും ഉദ്യോഗക്കയറ്റം എന്ന ലക്ഷ്യവും വ്യക്തിപരമായ ആഗ്രഹങ്ങളുമൊക്കെയാണ് ഒരാളെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇക്കൂട്ടർ തയ്യാറായെന്നു വരില്ല. പ്രൊഫഷനിലും കരിയറിലുമാവും ഇക്കൂട്ടർക്ക് താല്പര്യം. 16 മണിക്കൂർ ജോലി ചെയ്താലും ഇവർക്ക് യാതൊരു പ്രശ്‌നവും തോന്നില്ല. പക്ഷേ, ഭർത്താവിന്‍റെ അഭാവം ഭാര്യയെ വല്ലാതെ ഒറ്റപ്പെടുത്തിയെന്നും വരാം.

ജോലി ഭ്രമം

ജോലിയോട് അമിതമായ ആസക്ത‌ിയുള്ളവർ നല്ല ചുണയും ചുറുചുറുക്കും പെട്ടെന്നു കോപിക്കുന്ന സ്വഭാവവുമുള്ളവരായിരിക്കും. വിജയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്നവരാവും ഇവർ. അവിശ്വസനീയമായ ഏകാഗ്രതയും ഇവരിലുണ്ടാവും. വിവാഹനാളുകളിൽ ഭർത്താവിന്‍റെ ശ്രദ്ധാകേന്ദ്രം ഭാര്യയായിരിക്കും. ഭാര്യയുടെ അഗാധമായ സ്നേഹവും വിശ്വാസവും ജോലി സംബന്ധമായ പ്രശ്ന‌നങ്ങളിലേക്ക്, വെല്ലുവിളികളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഭർത്താവിന് ആത്മധൈര്യം നൽകും

ഭാര്യ തന്നെ ആത്മമാർത്ഥമായി സ്നേഹിക്കുന്നു. വിശ്വസിക്കുന്നുവെന്ന ധാരണ ഭർത്താവിൽ കൂടുതൽ സന്തോഷം ഉളവാക്കും. കരിയറുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികളുള്ള ജോലിയുടെ നേർക്ക് തിരിയാൻ അപ്പോൾ അയാൾക്ക് ഉത്സാഹം കൂടും. ഭാര്യയുടെ ‌സ്നേഹവും പൂർണ്ണ പിന്തുണയും ലഭിക്കുന്നതോടെ തന്‍റെ കരിയറിന് കൂടുതൽ കരുത്തു നൽകുന്നതിനുള്ള ശ്രമത്തിലാവും അയാൾ.

“എപ്പോഴും പിന്നാലെ ചുറ്റിപ്പറ്റി നടക്കുന്ന ഭർത്താവിനെ ഒരു ഭാര്യക്കും ഇഷ്‌ടമാവില്ല. ചിലർ ജോലിയിൽ ലയിച്ചിരിക്കാൻ ഏറെ താല്പര്യമുള്ളവരായിരിക്കും. സദാ പ്രണയിച്ചിരിക്കാൻ സാധിക്കുകയില്ലല്ലോ. ഇത്തരക്കാരെ സംബന്ധിച്ച് ജോലിയിലൂടെ ലഭിക്കുന്ന ആത്മസംതൃപ്‌തി മറ്റൊരു തരത്തിലുള്ള സന്തോഷവുമായി തുലനം ചെയ്യുവാൻ സാധിച്ചെന്നുവരില്ല.” ഉദ്യോഗസ്‌ഥയായ നീത ഭർത്താവിനെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്തമാക്കുന്നു.

ജോലിയോടുള്ള അമിതമായ താല്‌പര്യം, ആകാംക്ഷ, പണം സമ്പാദിക്കണമെന്ന ആഗ്രഹം ഇവയെല്ലാം പുരുഷന് സവിശേഷമായൊരു ആനന്ദം പ്രദാനം ചെയ്യുന്നുവെന്നാണ് മനഃശാസ്ത്രജന്മാർ കരുതുന്നത്. പുരുഷൻ സാമ്പത്തികമായും ഭൗതികമായും സമ്പന്നനായിരിക്കണമെന്നതാണ് സമൂഹത്തിൻറ കാഴ്ചപ്പാട്. ഭാര്യയുടെ കരിയർ എത്രയൊക്കെ ഉന്നതമാണെങ്കിലും ഭർത്താവിൻറ സ്ഥാനമാനങ്ങൾ അതിലും ഉന്നതമായിരിക്കണമെന്നാണ് എല്ലാവർക്കും താല്‌പര്യം.

ദാമ്പത്യജീവിതത്തെ ബാധിക്കുമ്പോൾ

ഉദ്യോഗത്തിന് ‘ആദ്യഭാര്യ’യുടെ പരിവേഷം നൽകാൻ ഭർത്താവ് ശ്രമിക്കുമ്പോഴാണ് പ്രശ്ന‌ങ്ങളുടലെടുക്കുന്നത്. ഭർത്താവിന്‍റെ ‘തിരക്ക്’ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും ബാധിക്കുന്നതോടെ ഒട്ടുമിക്ക ഭാര്യമാരും പരാതി പറഞ്ഞുതുടങ്ങും. ചിലരാകട്ടെ നിശ്ശബ്ദ‌ത പാലിക്കും. ഭർത്താവിന്‍റെ ജോലിത്തിരക്കിനോട് തങ്ങൾ പൂർണ്ണമായി യോജിക്കുന്നുവെന്നല്ല ഈ മൗനം കൊണ്ടർത്ഥമാക്കേണ്ടത്. മറിച്ച്, വീട്ടിൽ സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ്. പലപ്പോഴും ഈ നിശ്ശബ്ദതയ്ക്കു പിന്നിൽ അമർഷവും മുറു മുറുപ്പുമുണ്ടാവും. ഭർത്താവ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണോയെന്നും ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടോയെന്നു പോലും ഭാര്യയിൽ സംശയം ജനിച്ചേക്കാം.

ഉദ്യോഗസ്ഥയായ ഭാര്യയെ അപേക്ഷിച്ച് വീട്ടമ്മമാർക്കാണ് ഇത്തരത്തിലുള്ള സംശയമധികവും. “ഭർതൃസ്നേഹം കുറഞ്ഞുപോയെന്ന് ഒരിക്കലുമെനിക്ക് തോന്നിയിട്ടില്ല. വെറുതെയിരിക്കുന്ന മനസ്സ് പിശാചിന്‍റെ പണിപ്പുരയാകുമെന്നതുപോലെ എന്‍റെ മനസ്സിലും ഇത്തരം സാഹചര്യങ്ങളിൽ അമർഷവും സംശയവും പല തരത്തിലുള്ള ചിന്തകളും വല്ലാതെ അലട്ടാറുണ്ട്. ചിന്തയൊന്നു പാളിയാൽ മനസ്സിന്‍റെ കൺട്രോൾ തന്നെ നഷ്ടപ്പെട്ടുവെന്നുവരാം ഭർത്താവിന്‍റെ ജോലിത്തിരക് താനേതെല്ലാം രീതിയിലാണ് വ്യാഖ്യാനിച്ചത്.” ഇങ്ങനെപോവും അവരുടെ വിചാരങ്ങൾ.

ജോലിത്തിരക്കു കാരണം ഭർത്താവ് വീട്ടിൽ കുറച്ചു സമയമേ ചെലവഴിക്കുന്നുള്ളുവെന്ന പരാതിയും ഭാര്യമാർക്കുണ്ട്. ഭർത്താവിനെയാണ്, ജോലിയെയല്ല തങ്ങൾ വിവാഹം കഴിച്ചതെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുകയും പിറുപിറുക്കാറുമുണ്ട്.

ജോലിയില്ലാത്ത ഭാര്യമാർക്കുണ്ടാകുന്ന ഒരുതരം ഒറ്റപ്പെടലാണ് ഇത്തരത്തിലുള്ള മാനസികാവസ്‌ഥ സംജാതമാക്കുന്നത്. വാസ്തവത്തിൽ ഭർത്താവിന്‍റെ ഔദ്യോഗിക വിജയത്തിൽ ഭാര്യ അഭിമാനിക്കുകയാണ് വേണ്ടത്. തന്‍റെ ബോറടി മാറ്റുന്നതിന് ഭർത്താവിന്‍റെ ജോലിത്തിരക്കിൽ അദ്ദേഹത്തിന് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നത് ഉപകരിക്കും.

ഭർത്താവിന്‍റെ ഔദ്യോഗിക വിജയവും അതുവഴി ലഭിക്കുന്ന പണവും ഭാര്യയ്ക്ക് സന്തോഷത്തിനിട നൽകുമെങ്കിലും ഭർത്താവിന്‍റെ തിരക്ക് ഭാര്യയ്ക്കൊട്ടും സഹിക്കാനാവില്ല. ഇത് ഭാര്യയിൽ ഉദാസിനത നിറക്കുന്നതോടൊപ്പം ജീവിതം നിരർത്ഥകമായി തോന്നിക്കുകയും ചെയ്യും.

“സദാ, തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഭർത്താവിനെ ഭാര്യമാർ ഇഷ്ട്‌ടപ്പെടുകയില്ല. ആവശ്യമെന്നു തോന്നുന്ന സാഹചര്യത്തിൽ ഭർത്താവിന്‍റെ സാമീപ്യമുണ്ടങ്കിൽ ജോലിത്തിരക്കുകൾ കൊണ്ടുണ്ടാവുന്ന അകൽച്ച അവരത്ര കാര്യമാക്കില്ല.” ഭർത്താവിന് കൂടുതൽ സമയം ഭാര്യയോടൊപ്പം ചെലവഴിക്കണോ, കൂടുതൽ പണം സമ്പാദിക്കാൻ ശ്രമിക്കണോ എന്നതിനെക്കുറിച്ച് അഭിപ്രായമെന്തെന്ന ചോദ്യത്തിന് അദ്ധ്യാപിക രമ്യ ഇപ്രകാരമാണ് പ്രതികരിച്ചത്.

ഭാര്യയ്ക്കൊരു തലവേദന

ഭർത്താവിന്‍റെ ഔദ്യോഗിക വിജയം വഴി നേടിയെടുക്കുന്ന സുഖങ്ങൾ അനുഭവിക്കുന്നതിൽ ഭാര്യക്ക് യാതൊരു മടിയുമില്ല. എന്നാൽ ഭർത്താവിന്‍റെ ഔദ്യോഗിക തിരക്ക് ഭാര്യക്ക് ശരിക്കുമൊരു തല വേദനയായി തീരാറുണ്ട്.

നീന നന്ദന്‍റെ അഭിപ്രായത്തിൽ “ഭാര്യ ഭർത്താവിനുവേണ്ടി സമയം കണ്ടെത്തണം. അതുമല്ലെങ്കിൽ ഭർത്താവിന്‍റെ വിജയങ്ങളിലും നേട്ടങ്ങളിലും അഭിമാനിക്കുകയെങ്കിലും വേണം.”

കോളേജ് ലക്ചററായ രേഖ അറോ ഭർത്താവ് വിനയ്യെക്കുറിച്ച് ഇപ്രകാരം പറയുന്നു. “ജോലിത്തിരക്കു ള്ളയാളാണ് ഭർത്താവെന്നു പറയുന്നതിൽ വാസ്തവത്തിൽ ഞാനേറെ അഭിമാനിക്കുന്നു. ആക്റ്റിവേറ്റഡ് കാർബൺ ഫാക്‌ടറി തുടങ്ങിയതു മുതൽ വിനയിന്‍റെ ജോലിത്തിരക്ക് പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. മദ്യവും ചൂതുകളിയും പരസ്ത്രീബന്ധവുമൊക്കെയായി ഭാര്യയിൽ നിന്നു പൂർണ്മായി അകന്നുപോകുന്ന എത്രയോ ഭർത്താക്കന്മാരുണ്ട്. അതുപോലെയല്ലല്ലോ കർമ്മനിരതനായ എന്‍റെ ഭർത്താവ് ജോലിയിൽ മുഴുകിയിരിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് പരിഭവം തോന്നേണ്ടതില്ല.”

ആത്മവിശ്വാസത്തിന് മങ്ങലേൽക്കുമ്പോൾ

ഭർത്താവിന്‍റെ ഔദ്യോഗിക വിജയത്തെ ഭാര്യ എത്രത്തോളം തരംതാഴ്ത്തത്തി കാണുന്നുവോ ഭാര്യയുടെ ആത്മവിശ്വാസവും അതിനനുസരിച്ച് ആടിയുലയുവാൻ തുടങ്ങും. സ്വന്തം വിജയങ്ങൾക്കും നേട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ഭർത്താവ് ഭാര്യയെ അംഗീകരിക്കാൻ തയ്യാറാവുന്നില്ലെന്നുള്ളതും കൂടുതൽ സങ്കീർണ്ണമായ പ്രശ്ന‌ങ്ങൾക്ക് വഴിതെളിക്കുന്നു.

“പ്രൊഫഷന് കൂടുതൽ പ്രാധാന്യം നൽകുന്ന ഭർത്താവ് ജീവിതത്തിൽ നേട്ടങ്ങളും വിജയങ്ങളുമാണ് കാംക്ഷിക്കുന്നത്. നേട്ടങ്ങളും കഴിവുകളുമൊക്കെയുള്ള ഭാര്യയെത്തന്നെയാണവർക്കിഷ്ടം ഭാര്യയ്ക്ക് കൂടി ജോലിയുണ്ടെന്നുള്ളത് ഭർത്താവിന് സന്തോഷം നൽകുമെന്നു മാത്രമല്ല, പരസ്‌പരം ബഹുമാനം വർദ്ധിക്കുകയും ചെയ്യും.” ബാങ്ക് ഉദ്യോഗസ്ഥയായ നിഖില വ്യക്തമാക്കുന്നു.

“ഭാര്യയെത്തന്നെയാണവർക്കിഷ്ടം, ഭാര്യക്ക് കൂടി ജോലിയുണ്ടെന്നുള്ളത് ഭർത്താവിന് സന്തോഷം നൽകുമെന്നു മാത്രമല്ല, പരസ്പ്‌പരം ബഹുമാനം വർദ്ധിക്കുകയും ചെയ്യും.” ബാങ്ക് ഉദ്യോഗസ്‌ഥയായ നിഖില വ്യക്തമാക്കുന്നു.

ഭാര്യ തന്‍റെ സമയം വേണ്ടവിധം വിനിയോഗിക്കുകയാണെങ്കിൽ ജോലിഭ്രമം മൂത്ത ഭർത്താവുപോലും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

വ്യക്തിത്വ വികസനം

സ്ത്രീകൾ മണിക്കൂറുകളോളം അടുക്കളയിൽ ചടഞ്ഞുകൂടിയിരുന്ന കാലം കടന്നുപോയി. ഇന്നത്തെ സാമൂഹി ക, സാങ്കേതിക മാറ്റങ്ങൾ സ്ത്രീകൾക്ക് കൂടുതൽ സ്പെയർ ടൈം നല്‌കുന്നുണ്ട്. ഉദാസീനരായിരിക്കുകയല്ല, വ്യക്തിത്വ വികസനത്തിനു ശ്രമിക്കുകയാണ് വേണ്ടത്.

ഇന്നും വീട്ടുജോലികളും അടുക്കളയുമൊക്കെയായി സ്ത്രീകൾക്ക് ഒതുങ്ങിക്കുടേണ്ടി വന്നിരുന്നെങ്കിൽ അവർക്കൊരിക്കലും സ്പെയർ ടൈം കിട്ടുമായിരുന്നില്ല. ജോലിത്തിരക്കുള്ള ഭർത്താവിനെ വൈകി വരുന്നതിന്‍റെ പേരിൽ പഴിചാരുന്നതിലർത്ഥമില്ല.

ഭർത്താവിന്‍റെ ജോലിയിലും ഔദ്യോഗിക നേട്ടങ്ങളിലും ഭാര്യ അഭിമാനിക്കുകയാണ് വേണ്ടൽ ഏതുപുരുഷന്‍റെയും വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്ന യാഥാർത്ഥ്യം വിസ്‌മരിക്കാതിരിക്കുക.

ഇനി വിളമ്പാം രാജകീയമായി

ഭംഗിയുള്ള ക്രോക്കറി പാത്രങ്ങളിൽ രുചികരമായ വിഭവങ്ങൾ ഒരുക്കിവെക്കുന്നത് ഒരു കലയാണ്. ഭംഗിയുള്ള പാത്രങ്ങളിൽ ആവിപറക്കുന്ന വിഭവങ്ങൾ നിരന്നിരിക്കുന്നത് കണ്ടാൽ ആർക്കാണ് കൊതി തോന്നാത്തത്. ക്രോക്കറിക്ക് അനുയോജ്യമായ കട്ട്ലറിയും കൂടിയുണ്ടെങ്കിൽ സംഗതി കലക്കും.

ഇനി സ്റ്റൈലിലാവട്ടെ അതിഥി സൽക്കാരം. അതിനായി ഭംഗിയുള്ള വിരിപ്പോടുകൂടിയ ഒരു തീൻമേശയും വേണം. നാലുപേർ അടങ്ങുന്ന അതിഥി സംഘത്തിന് ഡൈനിംഗ് ടേബിളിൽ എത്ര പ്ലെയിറ്റുകളാണ് വെ‌ക്കേണ്ടത്, എത്ര സ്‌പൂണുകളും സർവിംഗ് സ്‌പൂണുകളും വേണം. ഇതെല്ലാം ഗൃഹനാഥ അറിഞ്ഞിരിക്കണം. സർബത്തിനും ജ്യൂസിനുമുള്ള ഗ്ലാസുകൾക്കും കത്തിക്കും ഫോർക്കിനും ടേബിളിൽ ഇടം കണ്ടെത്തേണ്ടതുണ്ട്.

എന്തെല്ലാം വിഭവങ്ങളാണ് വിളമ്പുന്നത്, സൂപ്പ് ഉണ്ടോ ഇല്ലയോ എത്ര തരം ഡെസർട്ട്സ് തുടങ്ങി മോക്‌ക്ടെയിൽ വരെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിനനുസൃതമായി പാത്രങ്ങൾ നിരത്തണം.

ടേബിൾ ക്ലോത്ത്

നല്ല വൃത്തിയും വെടിപ്പുമുള്ള ടേബിൾ ക്ലോത്താണ് ഏറ്റവുമാദ്യം ഒരു തീൻ മേശയ്ക്ക് വേണ്ടത്. ടേബിൾ ക്ലോത്തിൽ അഴുക്കു പുരളാതിരിക്കാൻ അതിന് മീതെയായി ഒരു ഷീറ്റ് വിരിച്ചിടാം. എന്നാൽ ഫോർമൽ ഡിന്നറിനായി ഷീറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി വിരിപ്പിന് മുകളിലായി മനോഹരമായ തീം അനുസരിച്ചുള്ള നാല് ടേബിൾ മാറ്റ് വെയ്ക്കാം.

ഓരോ ടേബിൾ മാറ്റിന് പുറത്തായി നാല് ബേസ് ഫുൾ പ്ലെയിറ്റ് വെയ്ക്കാം. അതിന് മുകളിലായി വേണം സൂപ്പ് ബൗൾ വെയ്ക്കാൻ. ഇതിന് ഇടത് വശത്തായി ക്വാർട്ടർ പ്ലെയിറ്റ്. നോൺവെജ് വിഭവമുണ്ടെങ്കിൽ അതോടൊപ്പം കത്തിയും ഫോർക്കും വെയ്ക്കണം. അല്ലെങ്കിൽ കത്തിയും ഫോർക്കും സ്‌പൂണും വലതു വശത്ത് സ്റ്റൈലായി വയ്ക്കാം.

ഏറ്റവുമാദ്യം വലിയ സ്പൂണും അതിനടുത്തായി ടേബിൾ സ്‌പൂണും ആപ്പിറ്റൈസർ കത്തിയും വയ്ക്കാം. വലതുഭാഗത്തായി വെള്ളം കുടിക്കാനുള്ള ഗ്ലാസും. ഇപ്രകാരം ഇടതുഭാഗത്തായി ഫ്രൂട്ട് ഫോർക്ക് സൈസിലുള്ള കുത്തികളും വെയ്ക്കാം. ഓംലെറ്റ്, സോസേജ്, നോൺവെജ് ഡിഷ് എന്നിവ കഴിക്കാനാണ് ഈ ഫോർക്ക്. ബേസ് പ്ലെയിറ്റിൽ നേരെ മുമ്പിലായി സ്‌പൂൺ, സ്വീറ്റ് ഡിഷ്, കാർഡ്, സുഫ്ളെ, പായസം, ഹലുവ എന്നിവ കഴിക്കാനുള്ള ടീസ്‌പൂണും കരുതണം.

ഷാംപെയിൻ ഫ്ളൂട്ട്, വൈറ്റ് വൈൻ ഗ്ലാസ്, വാട്ടർ ഗോസലെറ്റ്, ആപ്പിറ്റൈസർ കത്തി, സൂപ്പ് സ്‌പൂൺ, സാലഡ് കുത്തി, ബട്ടർ നൈഫ്, ബട്ടർ പ്ലെയിറ്റ്, ബേസ് പ്ലെയിറ്റ്, സൂപ്പ് പ്ലെയിറ്റ്, സൂപ്പ് ബൗൾ ഡെസർട്ട് ഫോർക്ക്, സ്‌പൂൺ, നാപ്‌കിൻ ഹോൾഡർ എന്നിവയാണ് ഒരു സ്റ്റൈലൻ ബേസിക് ടേബിൾ സെറ്റിംഗിന് ആവശ്യം.

ബ്രേക്ക്ഫാസ്റ്റ് സർവിംഗ് ബൗൾ അഥവാ ഡിഷുകൾ മനോഹരമായി അണിനിരത്തുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്. പാൽ എടുക്കാൻ സിൽവർ മെറ്റലിന്‍റെ ജഗ്ഗ് അല്ലെങ്കിൽ സെറാമിക്കിന്‍റെ അത്യാകർഷകമായ ഹാൻഡിലുകളുള്ളതും വയ്ക്കാം.

കോഫിക്കുള്ള കപ്പും മറ്റും പ്ലെയിറ്റിന് ഇടതുവശത്തായി വെയ്ക്കണം. പുഡ്‌ഡിംഗ് പോലുള്ള മെയിൻ ഡിഷ് ടേബിളിന് ഒത്തനടുവിൽ സെറാമിക്ക് ഡിഷിൽ വിളമ്പാം. പലയിനം വിഭവങ്ങളുണ്ടെങ്കിൽ ചെറിയ ചെറിയ ഹോൾഡറുകളിലായി പലഹാരങ്ങൾ നിരത്തിവെയ്ക്കാം.

സർവിംഗ് ‌സ്പൂൺ

വിഭവങ്ങൾ വിളമ്പിയെടുക്കാൻ സർവിംഗ് സ്‌പൂണും കരുതണം. ഇടിയപ്പം, ന്യൂഡിൽസ് പോലുള്ള വിഭവങ്ങൾ വിളമ്പാൻ സ്‌പൂണിനൊപ്പം ഫോർക്കും കരുതണം.

മോഡേൺലൂക്ക് നൽകുന്നതിനായി മനോഹരമായ കെയിൻ ബാസ്ക്‌കറ്റുകളിൽ ബ്രഡ്, സാൻഡ്‌വിച്ച്, ബർഗർ, ഡിന്നർ റോൾസ് എന്നിവ നല്ല ഭംഗിയായി അണിനിരത്താം. ബട്ടർ ചുരണ്ടിയെടുക്കുന്ന ബട്ടർ നൈഫ് ഉപയോഗശേഷം തിരികെ ബട്ടർ പ്ലെയിറ്റിൽ വെയ്ക്കാൻ മറക്കരുത്.

കത്തി വലതുകൈ കൊണ്ടും ഫോർക്ക് ഇടതു കൈകൊണ്ടും ഉപയോഗിക്കണം. ഓരോ വിഭവവും കഴിച്ചുകഴിഞ്ഞാൽ ആ പ്ലെയിറ്റ് മാറ്റിയശേഷം ബേസ് പ്ലെയിറ്റിൽ ഭക്ഷണം കഴിക്കുന്നത് തുടരാം. അതാണ് ശരിയായ തീൻമേശ മര്യാദ. ഡിന്നർ അവിസ്മരണീയമാക്കാൻ ഇത്രയും തന്നെ ധാരാളം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें