സ്കൂൾ വിടാൻ അക്ഷമയോടെ പുറത്ത് കാത്തു നിൽക്കുകയായിരുന്നു അയാൾ. ലോംഗ് ബെല്ലിനു പിന്നാലെ പുറത്തേയ്ക്ക് ഓടി വന്ന മകന്‍റെ കൈപിടിച്ച് അയാൾ ധൃതിയിൽ മുന്നോട്ട് ഓടി, അയാൾ അവനെയും കൊണ്ട് നേരെ പോയത് ഒരു ബാറിലേക്കാണ്. അയാൾ കൗണ്ടറിൽ നിന്ന് നിന്ന നില്പിൽ രണ്ടെണ്ണം വീശി. മകന് ഒരു കോള വാങ്ങിക്കൊടുത്തു. വർണ്ണ വെളിച്ചത്തിൽ കണ്ണും നട്ട് അവനത് നുണഞ്ഞു. യൂണിഫോമിൽ ബാറിൽ വന്നു കയറിയ ലിറ്റിൽ മാസ്‌റ്ററെയായിരുന്നു എല്ലാ മദ്യപരും ശ്രദ്ധിച്ചത്.
പക്ഷേ വെയ്റ്റർമാർക്ക് അതൊരു കൗതുകമേ അല്ലായിരുന്നു. കാരണം ആ അച്‌ഛനും മകനും അവിടുത്തെ നിത്യസന്ദർശകരാണ്. കൊച്ചിയിലെ ഒരു ബാറിലെ കാഴ്ചയാണ് മേൽ വിവരിച്ചത്. മദ്യപാനം ദിനചര്യയാക്കിയ അച്‌ഛനും, അച്ഛന്‍റെ ദുശ്ശീലത്തിന് ഇരയാകുന്ന മകനും. കുട്ടികൾക്ക് മാതൃകയാവേണ്ട രക്ഷിതാക്കൾ വഴിപിഴച്ചു തുടങ്ങിയാൽ പിന്നെ കുട്ടികൾ നന്നാവുമോ?
സോഷ്യൽ ഡവലപ്മെന്‍റ് ഫൗണ്ടേഷൻ നടത്തിയ ഒരു സർവെ വെളിപ്പെടുത്തുന്നത് ടീനേജുകാർക്കിടയിലെ മദ്യസേവ വർദ്ധിച്ചു വരികയാണെന്നാണ്. പ്രത്യേകിച്ചും മെട്രോ നഗരത്തിലെ കുട്ടികൾ ഫാഷൻ ഭാഗമായാണ് മദ്യം അകത്താക്കുന്നതത്രേ!, കൊച്ചി, ചെന്നൈ, ഡൽഫി പാറ്റ്ന, ഗോവ, തുടങ്ങിയ നഗരങ്ങളലായിരുന്നു സർവെ. 15 മുതൽ 19 വയസ്സുവരെയുള്ള രണ്ടായിരത്തിൽപരം കൗമാരക്കാരിലണ് സർവ്വെ നടത്തിയിരുന്നത്.
സർവ്വെയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾക്ക് മദ്യം കഴിക്കുന്ന സ്വഭാവമുണ്ട്. പത്തിൽ മൂന്ന് പേർ പറഞ്ഞത് അവർ ഫ്രൂട്ട് ഫ്ളവർ ആൽക്കഹോളിക് ബീവറേജസ് ഉപയോഗിക്കുന്നു എന്നാണ്. മെട്രോ നഗരങ്ങളിലെ പ്ലസ്‌ടു തലത്തിലുള്ള 45 ശതമാനം കുട്ടികളും മാസത്തിൽ അഞ്ചാറു തവണയെങ്കിലും മദ്യം സേവിക്കുന്നവരാണെന്ന് സർവേ വെളിപ്പെടുത്തുന്നു. എളുപ്പം പണം ലഭിക്കുന്നത്, വിദേശ ബ്രാന്‍റുകളുടെ ലഭ്യത, അച്ഛനമ്മമാരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കായ്ക്കുക, സാമ്പത്തിക ശേഷി, സ്ട്രസ് കൂടുന്നത്, ഡിപ്രഷൻ തുടങ്ങിയ കാരണങ്ങളാണ് ടീനേജുകാരെ മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതത്രേ.
സമപ്രായക്കാരുടെ കൂട്ടുകെട്ടിൽ ചേർന്നാണ് മിക്കവരും ആദ്യം മദ്യം നുണയുന്നതെന്ന് സർവ്വെയിൽ ചങ്കെടുക്കുന്നവർ വെളിപ്പെടുത്തുന്നു. ഗാർഹിക പ്രശ്‌നങ്ങളിൽ നിന്നും മറ്റും ഒളിച്ചോടാനാണ് പലരും മദ്യത്തെ ആശ്രയിക്കുന്നത്. നിത്യജീവിതത്തിലെ ടെൻഷൻ അകറ്റാനുള്ള വഴിയായാണ് മദ്യം ശീലമാക്കിയതെന്ന് സർവ്വെയിൽ പങ്കെടുത്ത കൊച്ചിയിലെ 50% കുട്ടികളും വെളിപ്പെടുത്തുന്നു. 32 ശതമാനത്തിലധികം ടീനേജുകാർ പറയുന്നത് തങ്ങൾ അപ്സെറ്റായിരിക്കുമ്പൊഴാണ് മദ്യം സേവിക്കുന്നതെന്നാണ്. പക്ഷേ 46 ശതമാനം പേർ അടിച്ചു തകർക്കാനത്രേ ലഹരി അകത്താക്കുന്നത്. 15% പേർ മദ്യം കഴിക്കുന്നത് ബോറടി മാറ്റാനാണെന്നും സർവ്വെ പറയുന്നു.
മിക്ക വിദ്യാർത്ഥികളും പറയുന്നത് ഒരു വർഷം 3500 മുതൽ 4500 രൂപ വരെ മദ്യപാനത്തിനായി ചെലവഴിക്കുന്നു. എന്നാണ്. ശീതളപാനീയങ്ങൾക്കും. സിനിമയ്ക്കും, പുസ്‌തകത്തിനും ഒരു വിദ്യാർത്ഥി ചെലവഴിക്കുന്നതിനേക്കാൾ വലിയ തുകയാണിത് എന്നർത്ഥം.
ന്യൂ ഇയർ, ക്രിസ്‌മസ്, വലന്‍റൈൻസ് ഡേ, ബർത്ത് ഡേ എന്നീ ആഘോഷ വേളകളിലാണ് മദ്യ കൂടുതൽ കൂടിക്കുന്നതെന്ന് സർവ്വേയിൽ പങ്കെടുത്ത 70% കുട്ടികളും പറയുന്നു. മൂന്നിലൊന്ന് കുട്ടികളും തങ്ങളുടെ കോളേജ് പ്രവേശനത്തിനു മുമ്പ് തന്നെ മദ്യം നുകർന്നവരാണെന്ന വസ്‌തുതയും സർവ്വെ വെളിപ്പെടുത്തുന്നു. 15 വയസ്സി നു മുമ്പേ തന്നെ മദ്യപാനം ശീലമാക്കിയവരാണ് ഈ കൂട്ടർ. പെൺകുട്ടികൾ വളരെ നേരത്തെ തന്നെ മദ്യപാനം തുടങ്ങിയതും സർവ്വെ കണ്ടെത്തുന്നു. പതിനഞ്ചിനും പതിനേഴിനും ഇടയിലുള്ള പ്രായത്തിലാണ് 40 ശതമാനം പെൺകുട്ടികളും അവരുടെ ആദ്യ ഡ്രിങ്ക് അകത്താക്കിയത്. മുമ്പ് ആൺ കുട്ടികളിൽ മാത്രം കണ്ടു വന്നിരുന്ന ദുഃശീലം അപകടകരമാം വിധം പെൺ കുട്ടികളെയും പിടികൂടിയിരിക്കുന്നു.