ഹിസ്റ്റോ മാഷ് എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ചെറുപ്പം സ്ഫുരിക്കുന്ന കോമളനായ ഡേവിസ് സാറ് എല്ലാവർക്കും സ്വീകാര്യനാണ്. സാമാന്യം തടി, ഉയരം, കലാപരമായ മീശ ഇവയൊക്കെയാലും അദ്ദേഹം ശ്രദ്ധേയനാണ്. തമിഴ് ടീച്ചർ കമലത്തിന് സാറിനെ പെരുത്ത ഇഷ്ടമാണ്. അതേ പോലെ തന്നെ ഷേക്മിസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് ടീച്ചർ ഷാർലറ്റ് വളരെ ഇഷ്ടപ്പെടുന്നു. ഡേവിസ് മാഷിനാകട്ടെ അങ്ങനെ ഇന്നാരെന്നൊന്നുമില്ല. എല്ലാവരോടും സ്നേഹവും എപ്പോഴും ചിരിയുമാണ്. ഞങ്ങൾ ജാക്കികൾക്ക് വെറും ഒരു പാവത്താൻ ആണ് അദ്ദേഹം.
തമിഴ് ഒഴുക്കോടെ സംസാരിക്കും. പ്രസംഗിക്കും. അതിനാൽ മാഷ് മാനേജ്മെന്‍റിനും പ്രിയങ്കരനാണ്. ആരെയും ദുഷിച്ചു സംസാരിക്കില്ല. വഴക്കില്ല. അത്ര വല്യ ദുശീലങ്ങളുമില്ല. പൊതുവെ പറഞ്ഞാൽ ഒരു എലിജിബിൾ ബാച്ചിലർ ആണ് കക്ഷി. ഇതിനൊരപവാദം ചെറിയ ക്‌ളാസിലെ മോളി മിസ്സ് ഇദ്ദേഹം ഒരു ചാഴിയാണെന്ന് ഒരിക്കൽ പറഞ്ഞു കേട്ടതാണ്. വേറൊരിക്കൽ ഡ്രൈവർ വേലു കീച്ചിയ ഒരു ഡയലോഗ് ഉണ്ട്. "സാർ, അവങ്കൾ പോത്തിനെ കാണിച്ച് മാടിനെ വെട്ടുന്നവർ. അതുക്ക് നമുക്കെന്ന സാർ" ഈ വക വിലയിരുത്തലുകൾ തളളിക്കളയാൻ മാത്രം ജാക്കികൾക്ക് വിവരമില്ല.
ഡേവിസ് മാഷ് കമലത്തിനെയും ഷാർലറ്റിനെയും നിരാശപ്പെടുത്തുന്നില്ല. ഇടക്ക് അസാരം രഹസ്യസംഗമങ്ങളൊക്കെ നടക്കാറുണ്ടെന്നും മറ്റും ശ്രുതിയുണ്ട്. ജാക്കികളിലെ ഹിന്ദിവിദ്വാൻ ജോഷി മാഷാണ് എന്നേക്കാൾ കുറച്ചുകൂടെ പപ്പരാസി. മിസ്സുമാരെ ചുറ്റിപ്പറ്റിയുള്ള ഒരുവിധപ്പെട്ട അപവാദങ്ങളെല്ലാം പുള്ളി മണത്തറിയും. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടെങ്കിൽ കൂടി ഞാൻ ബോർഡിംഗ് പിള്ളേരുടെ തുണിഅലക്കുന്ന ലീലയുമായി സന്ധ്യാനേരത്ത് ശ്രുംഗാരം കൂടുതലാണെന്ന് കക്ഷി അത്യാവശ്യം വെളിയിൽ എത്തിച്ചു. മറ്റൊന്ന് കൊച്ചുക്‌ളാസിലെ ചിഞ്ചുവിന്‍റെ അമ്മ എപ്പോഴും ജോഗ്രഫി സാറിന്‍റെ പിന്നാലെയുണ്ട് എന്നൊരു പ്രചരണം തുടങ്ങിവച്ചത് അങ്ങേര് തന്നെ. ഇതൊക്കെ ആണെങ്കിലും ഞങ്ങൾ സുഹൃത്തുക്കളായി വർത്തിക്കുന്നു. സീനിയർ അധ്യാപകർ ഞങ്ങൾക്ക് ജാക്കീസ് എന്ന വിളിപ്പേര് കനിഞ്ഞു തന്നിട്ട് കുറച്ചു വർഷങ്ങൾ ആയി.
അധ്യാപകരുടെ ഈ വക അല്ലറചില്ലറ സല്ലാപങ്ങളും വികൃതികളും ഹെഡ്മാസ്റ്റർ അടുപ്പക്കാരിലൂടെ അറിയുന്നുണ്ട്. അതിലും ഒരാൾ ജോഷി മാഷ് തന്നെ. ലെസ്സൺ പ്ലാൻ, സബ്സ്ടിട്യൂഷൻ, ഇന്‍റർവെൽ ഡ്യൂട്ടി, ടെർമിനേഷൻ എന്നീ ക്രിയകൾകൊണ്ട് അത്യാവശ്യം ഡിസിപ്ലിൻ നിലനിർത്തുന്നതിൽ എച്ച്.എം. ബദ്ധശ്രദ്ധനാണ്. വർഷാവർഷം പത്താം ക്ലാസ് വിജയം 100% അദ്ദേഹം ഉറപ്പാക്കുന്നു. എന്നാൽ ഈ കഥയിൽ അദ്ദേഹത്തിന് പറയത്തക്ക റോൾ ഒന്നുമില്ല. അതേപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. ഈ കഥയ്ക്കുള്ളിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നില്ല.
അങ്ങനെ ഇരിക്കെ, ഒരു ചിങ്ങമാസത്തിൽ, കമലം മിസ്സിന്‍റെ വിവാഹ നിശ്ചയം നടന്നു. കുറച്ചു പേർ പങ്കെടുത്തു. സ്റ്റാഫ് റൂമിൽ മധുരം വിളമ്പിയത് ഷാർലറ്റ് മിസ് ആയിരുന്നു. ഷണ്മുഖം മാഷ്, വെങ്കി മാഷ്, ഡേവിസ് മാഷ്, ഗീതാ മിസ്സ്, ബോർഡിംഗ് മിസ്, ജാക്കീസ് അങ്ങനെ എല്ലാവർക്കും അത് സന്തോഷം നിറഞ്ഞ ദിനമായിരുന്നു.