കഷ്ടകാലം വന്നപ്പോൾ

കുട്ടിക്കാലത്ത് ഞാൻ അയൽപക്കത്തെ ഷീല ആന്‍റിയെ നോക്കി നിൽക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഇതുവരെ അവരെ മറക്കാൻ പറ്റിയിട്ടില്ലെനിക്ക്. വളരെ സുന്ദരിയായിരുന്നു അവർ. അവർ എവിടെ നിന്നു വന്നു എന്നു പോലും ഞാനാലോചിച്ചിട്ടുണ്ട്. എന്തായാലും അവർ എന്‍റെ അമ്മയെപ്പോലെ ആയിരുന്നില്ല. ചിലപ്പോൾ എന്‍റെ കവിളുകളിൽ അവർ തലോടിയിരുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഇങ്ങനെ അവർ ചെയ്‌തതിനുശേഷം ഞാൻ ദിവസങ്ങളോളം കവിളുകളിൽ സോപ്പു പുരട്ടാറില്ലായിരുന്നു.

മാത്രമല്ല അവർ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണിരുന്നത്. കോളനിയിലുള്ള കുട്ടികൾ, സ്ത്രീകൾ, വൃദ്ധമാർ എന്നിവരെയെല്ലാം അവർ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്‌തു. ഞങ്ങളെപ്പോലെയുള്ള കുട്ടികളുടെ അച്ഛന്മാരെയും മറ്റ് യുവാക്കളേയും കാണുമ്പോൾ അവരുടെ നിറം റോസാപ്പൂവിന്‍റേതു പോലെയാകുമായിരുന്നു. അപ്പോൾ ഏതോ മനോഹര ചിന്തകളിൽ മുഴുകി അവർ പുഞ്ചിരിച്ചിരുന്നു.

ഉള്ളിന്‍റെയുള്ളിൽ ഞാൻ അവരെ എന്‍റെ അമ്മയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഒരു പ്രാവശ്യം അമ്മ ദേഷ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തരുതെന്നും അല്ലെങ്കിൽ തന്നെ താൻ ടെൻഷനടിച്ചിരിക്കുകയാണെന്നും പറഞ്ഞു.

“ഷീലാ ആന്‍റിയ്ക്കൊരിക്കലും ടെൻഷനില്ലല്ലോ. അതുപോലെ അമ്മയ്ക്ക് എന്തുകൊണ്ടായിക്കൂടാ” എന്നാണ് എന്‍റെ വായിൽ നിന്നും വന്ന മറുപടി.

ഇതുകേട്ടപാടേ കോപാകുലമായ കണ്ണുകളോടെ അമ്മ എന്നെ നോക്കി പറഞ്ഞു “അവരൊക്കെ വലിയ ആൾക്കാർ നിനക്കും തുടങ്ങിയോ ഷീലാന്‍റിയോടൊരു പ്രതിപത്തി! എനിക്കു പിന്നെ അത്ര ബുദ്ധിയൊന്നുമില്ലല്ലോ.”

ആ സമയം അമ്മയുടെ വാക്കുകൾ എനിക്കു മനസിലാക്കുവാൻ സാധിച്ചതേയില്ല. എന്നാൽ വീട്ടുകാർ എന്‍റെ വിവാഹത്തിനായി ഒരു പെൺകുട്ടിയെ അന്വേഷിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ പെണ്ണിലും ഷീലാന്‍റിയുടെ രൂപമാണ് തേടിക്കൊണ്ടിരുന്നത്. അത്രയ്ക്കായിരുന്നു അവർ എന്നെ സ്വാധീനിച്ചിരുന്നത്.

ബുദ്ധിയുടേയും സൗന്ദര്യത്തിന്‍റെയും അത്തരമൊരു സമന്വയത്തെ കണ്ടുപിടിക്കാൻ പെൺകുട്ടികളോട് പലതരത്തിലുള്ള ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു. ഒരു ദിവസം ഞാനൊരു പെൺകുട്ടിയോട് മിഡിൽ സ്കൂളിലെ അവളുടെ മാർക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചോദിക്കുകയാണ് നിങ്ങൾക്കൊരു ഭാര്യയേയാണോ അതോ ഒരു സ്കൂൾ ടീച്ചറെയാണോ വേണ്ടതെന്ന്. ചിലയാളുകൾ ഒരു ഡോക്ടറുടെ അടുക്കൽ പോകാൻ എന്നെ ഉപദേശിച്ചു. എന്നാൽ ഞാൻ പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ എനിക്ക് എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിയെ കണ്ടുകിട്ടി. ആദ്യം അവളെ കണ്ടപ്പോൾ ഞാൻ നിർന്നിമേഷനായി നിന്നു പോയി. അവളും എന്നെ കണ്ടപ്പോൾ മധുരമായി പുഞ്ചിരിച്ചു. ചിലപ്പോൾ എന്നെ നോക്കുമ്പോൾ അവൾ ഇമകൾ താഴേക്കു കുനിച്ചിരുന്നു. റോസപ്പൂവിന്‍റെ ദളങ്ങൾ പോലെയുള്ള അവളുടെ അധരങ്ങളിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. ഞാനാണെങ്കിൽ അതിൽ മുഴുകി നിന്നിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞാണ് എനിയ്ക്കു മനസിലായത്, അവളുടെ ചിരി ആടിനെ വെട്ടാൻ പോകുന്നതിനു മുമ്പുള്ള കശാപ്പുകാരന്‍റെ ചിരി പോലെയാണെന്ന്. പക്ഷേ ഇതിൽ നിന്നും രക്ഷപ്പെട്ട് എവിടെപ്പോകാനാണ് ഞാൻ!

ഞാനും അത്രമോശം കളിയൊന്നുമല്ല കളിച്ചത്. അവളുടെ പുഞ്ചിരിയുടെ വലയിൽ മാത്രമാണ് ഞാൻ അൽപ്പമൊന്നു കുടുങ്ങിയത്. അവളുടെ എല്ലാ സർട്ടിഫിക്കറ്റുകളും കണ്ടതിനു ശേഷം മാത്രമാണ് ഞാൻ “യേസ്” മൂളിയത്. പഠിത്തത്തിൽ അവൾ മിടുക്കിയാണ്. നൃത്തത്തിലും കളികളിലും സംവാദങ്ങളിലും അങ്ങനെ തന്നെ. ഒരു ഓൾറൗണ്ടർ ഭാര്യക്കു വേണ്ടിയുള്ള അന്വേഷണം പൂർണമാകുന്നതായാണ് എനിക്കു തോന്നിയത്. എനിക്ക് അവളോടുള്ള മതിപ്പു വർദ്ധിക്കുകയായിരുന്നു. എന്നാൽ എന്‍റെ ഓൾറൗണ്ടർ ഭാര്യ എന്നെ കുഴപ്പത്തിലാക്കും വിധം ഇത്രയും വട്ടം കറക്കുമെന്ന് അന്നേരം ഞാൻ കരുതിയില്ല.

എന്‍റെ കൂട്ടുകാർ എന്‍റെ ഭാഗ്യത്തിൽ അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍റെ ഭാര്യയുടെ ഉജ്ജ്വല സൗന്ദര്യവും അവളുടെ എക്സ്ട്രാ ലാർജ് ബുദ്ധിശക്തിയുമായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോഴെല്ലാം നേരെ തിരിച്ചായി. അവർ സ്വന്തം ഭാര്യമാർക്കു തന്നെ കൂടുതൽ മാർക്കു നൽകുന്നു.

ഇവളുടെ ബുദ്ധി കൂടുതൽ കാരണം പലരീതിയിൽ ആ ബുദ്ധി ലീക്കു ചെയ്‌തു പോകുന്നോ എന്നും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എന്‍റെ ഭാര്യാശ്രീയുടെ കണ്ണിൽ ഞാൻ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളാണ്. തന്‍റെ കുട്ടികളുടെ അറിവില്ലായ്മയെ നോക്കി അമ്മമാർ പുഞ്ചിരിക്കുന്നതു പോലെ ചിലപ്പോൾ എന്‍റെ അറിവില്ലായ്മകളെ നോക്കി അവൾ പുഞ്ചിരിക്കാറുണ്ട്. ചിലപ്പോൾ എന്‍റെ പ്രിയപ്പെട്ടവൻ ഹൊറിബിളായിപ്പോകുന്നു എന്ന് അവൾ പിറുപിറുക്കും.

സ്വന്തം സൗന്ദര്യപരിപാലനത്തിനു വേണ്ടി എന്‍റെ ഭാര്യ എത്ര കഷ്ടപ്പെടുന്നുവെന്ന് എന്നോടു ചോദിക്കരുത്. സാരിയിൽ ഒരു ചുളിവുപോലും വീഴ്ത്താതിരിക്കാനുള്ള അവളുടെ സാമർത്ഥ്യം അപാരം തന്നെ. സിനിമയ്ക്കാകട്ടെ അല്ലെങ്കിൽ ഒരു പാർട്ടിക്കാകട്ടെ പോകുകയാണെങ്കിൽ തന്‍റെ ലുക്ക്സ് പരിപൂർണ്ണമാകാതെ അവൾ പടിക്കു വെളിയിലിറങ്ങുകയില്ല. ആ സമയത്ത് അവളെ അവിടെ നിന്ന് ചലിപ്പിക്കാൻ പതിനായിരും പ്രാവശ്യം ശ്രമിച്ചാലും അവളനങ്ങില്ല. അംഗദന്‍റെ കാലുകൾ രാവണന്‍റെ രാജസഭയിലെങ്ങനെയുറച്ചുവോ അതേ രീതിയിൽ കണ്ണാടിയുടെ മുന്നിൽ ഒറ്റ നില്പാണവൾ. എപ്പോഴും ഒരുങ്ങി നടക്കുന്ന എന്‍റെ ഭാര്യയുടെ മുന്നിൽ നിൽക്കുമ്പോൾ അവളെന്‍റെ യജമാനത്തിയും ഞാനൊരു വേലക്കാരനുമാണെന്ന് മിക്കപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവളാകുന്ന കാറിന്‍റെ വെറും സ്റ്റെപ്പിനി.

ശരീരസൗന്ദര്യബോധമുള്ള എന്‍റെ ഭാര്യ, വീട്ടിൽ പഴവും പച്ചക്കറികളും വരുമ്പോൾ തന്നെ അവയെ രണ്ടായി പകുക്കുന്നു. ഇതിൽ പകുതിഭാഗം അവളുടെ ബോഡി ബ്ലീച്ച്, ഫേയ്സ് പായ്ക്ക്, മസാജ് എന്നിവയ്ക്കാണ് നീക്കി വയ്ക്കുന്നത്. പക്ഷേ, പ്രശ്നമതല്ല, അവളുടെ കോസ്മെറ്റിക്കുകളുടെ ബില്ല് വീട്ടിലെ റേഷൻ ബില്ലിനേക്കാൾ കൂടുതലാണ്. അവൾ എത്ര സ്നേഹത്തോടും ആദരവോടും കൂടിയാണ് തന്‍റെ ലിപ്സ്റ്റിക്, ഫേസ്പായ്ക്ക്, ക്രീം മുതലായ സാധനങ്ങളെ കാണുന്നത്. ആ സ്നേഹവും ആദരവും ഇതേവരെ എന്‍റെ നേരെ അവൾ കാട്ടിയിട്ടില്ല. ഇപ്പോഴെനിയ്ക്ക് അവളുടെ കോസ്മെറ്റിക്സിനോട് അസൂയയാണ്.

ആദ്യമൊക്കെ എന്‍റെ കൂട്ടുകാർ എന്‍റെ ഭാര്യയെ പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് ഞാൻ വീർപ്പുമുട്ടിയിരുന്നു. എന്നാലിപ്പോൾ അതുകേട്ടാൽ ഞാൻ കൽക്കരി പോലെ ജ്വലിക്കുമെന്നായി. ഇപ്പോൾ സ്വയം ഫ്ളേർട്ട് ചെയ്യാൻ സാധിക്കാത്തതാണ് എന്‍റെ നിവൃത്തികേട്. കാരണം, എന്‍റെ മുന്നിലും പിന്നിലും ഇടത്തും വലത്തും എപ്പോഴും എന്‍റെ ഭാര്യയുടെ കണ്ണുണ്ട്.

എന്‍റെ ഷർട്ടിൽ പറ്റിയിരിക്കുന്ന എന്‍റെ സ്വന്തം മുടിയിഴയുടെ ഡിഎൻഎ റിപ്പോർട്ടു പോലും തയ്യാറാക്കാൻ അവൾക്കു കഴിയും. ആ നിലയ്ക്ക് ഒരു പെൺകുട്ടിയുടെ മുടിയിഴ ഷർട്ടിൽ കണ്ടാൽ പിന്നെ പറയുകയും വേണ്ട. ചില സ്ത്രീകളെപ്പോലെ കരഞ്ഞു കൊണ്ട് ഒരു മൂലയ്ക്കൊന്നും പോയി അവളിരിക്കില്ല. അടിക്ക് അടി എന്ന തത്വത്തിൽ വിശ്വസിക്കുന്നവളാണ് അവൾ (അത്തരം ഒരു ഭീഷണി നേരത്തെ തന്നെ അവൾ എനിക്കെതിരെ മുഴക്കിയിട്ടുമുണ്ട്) ആ ഭീഷണി യാഥാർത്ഥ്യമാക്കാൻ അവൾക്ക് നിഷ്പ്രയാസം സാധിക്കും.

വിവാഹത്തിനുശേഷമുള്ള ആദ്യ കാലങ്ങളിൽ എന്‍റെ സ്നേഹം പ്രകടിപ്പിക്കുവാനായി വീട്ടിലെ ബജറ്റിന്‍റെ പൂർണ്ണ ഉത്തരവാദിത്തം എന്‍റെ ശബളം സഹിതം അവളെയേൽപ്പിച്ചു. എന്നാലിപ്പോൾ വീട്ടിലെ ബജറ്റിന്‍റെ കാര്യം പോകട്ടെ. എനിക്ക് എത്ര പോക്കറ്റ്മണി വേണോ എന്നു പോലും അവൾ ചോദിക്കാറില്ല. ഓഫീസിൽ പോയി വരാനുള്ള ചെലവ്, ചായക്കുടിക്കാനുള്ള ചെലവ് എന്നിവ കണക്കുകൂട്ടി എല്ലാ മാസവും അവളെനിക്ക് രൂപ തരുമ്പോൾ എന്‍റെ അവസ്ഥയോർത്ത് എനിക്ക് സ്വയം സഹതപിക്കാനേ കഴിഞ്ഞുള്ളൂ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്‍റെ അമ്മ പോലും എന്നോടിങ്ങനെ ചെയ്തിട്ടില്ല. അവൾ ഓരോ ദിവസത്തെയും പോക്കറ്റ്മണിയുടെ കണക്കെടുക്കാത്തതു തന്നെ വലിയ ഭാഗ്യം.

ഏതായാലും എന്‍റെ ഭാര്യയുടെ എല്ലാ അക്രമങ്ങളും എന്‍റെ വിധിയെന്നു കരുതി സഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. ഞാൻ നേരത്തെ പറഞ്ഞല്ലോ. അവൾക്കറിയാത്തതോ അവൾ പഠിച്ചിട്ടില്ലാത്തതോ ആയ യാതൊരു വിഷയവുമില്ലെന്ന്.

എലിപ്പെട്ടിയിൽ കിടക്കുന്ന എലിയെപ്പോലെയായിരിക്കുന്നു ഇപ്പോൾ ഞാൻ. കോപിഷ്ഠനായ ഒരു പൂച്ച എന്‍റെ തലയിലൂടെ പാഞ്ഞു നടക്കുന്നു. എന്‍റെ പത്നിയുടെ പ്രസിദ്ധി കാരണം സുഹൃത്തുക്കളുടെയിടയിൽ ഞാനൊരു സിംഹമാണ്. എന്നാൽ വീട്ടിൽ…?

എനിക്ക് എന്‍റെ ദുഃഖങ്ങൾ പറഞ്ഞ് ആരുടെ മുന്നിലും കരയാൻ കൂടി സാധിക്കുന്നില്ല. കാരണം സുന്ദരിയും സമർത്ഥയുമായ ഭാര്യയുണ്ടായിട്ടും കരയുന്ന ഇവൻ ഒരു മണ്ടനാണെന്ന് ആളുകൾ കരുതും. അതിനാൽ കലയിൽ വന്നു വീണ ഈ കഷ്ടകാലത്തെ ചിരിച്ചു കൊണ്ടും സഹിക്കുകയല്ലാതെ എന്‍റെ മുന്നിൽ വേറെ വഴിയൊന്നും കാണുന്നില്ല. ചിലപ്പോഴൊക്കെ സർക്കസിലെ ജോക്കറാണ്  ഞാനെന്ന് സ്വയം തോന്നാറുണ്ട്. പുറമേ ചിരിക്കുകയും ഉള്ളിന്‍റെ ഉള്ളിൽ ദുഃഖിക്കുകയും ചെയ്യുന്ന ഒരു ജോക്കർ.

സാഗരസംഗമം ഭാഗം- 31

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേർ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്‍റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.

അല്പം അകലെ കുറെപ്പേർ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്നാനം, ജീവിതത്തിൽ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളിൽ നിന്നും മോചനം നൽകി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ് ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ…

ഗംഗയിൽ മുങ്ങി നിവരുമ്പോൾ ഹൃദയത്തിൽ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി… ഗംഗയെത്തഴുകിയെത്തുന്ന കുളിർകാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോൾ ഹൃദയത്തിൽ നിറയുന്ന?ആനന്ദം…. എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പർശനത്തിൽ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിർ ജലത്തിൽ മുങ്ങിത്താഴുമ്പോൾ കൈയ്യിൽ ചിതാഭസ്മകലശമുണ്ടായിരുന്നു.

പൂജാരിയുടെ ക്രീയകൾക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാൻ… ഒന്നു മുങ്ങി നിവർന്ന ശേഷം കരയിൽ നിരനിരയായി നിവർത്തി വച്ചിരിക്കുന്ന ബലിക്കുടകളിലൊന്നിൽ ചെന്നിരുന്നു.

മുന്നിലെ പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ബലിയിടൽ കർമ്മം ആരംഭിച്ചു. ആദ്യം പിതൃക്കൾക്കു വേണ്ടിയുള്ള ക്രീയകൾ, പിന്നീട് മൂന്നുവട്ടം ഗംഗയിൽ മുങ്ങി നിവർന്ന് തിരികെയെത്തുമ്പോൾ, ആദ്യം അമ്മയ്ക്കുവേണ്ടി… പിന്നീട് നരേട്ടന്… ഏറ്റവും ഒടുവിൽ രാഹുൽമോന്…

എല്ലാവർക്കും പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ദർഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമർപ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളിൽ വാരിയെടുത്ത് ഗംഗയിൽ താഴ്ത്തി മുങ്ങി നിവർന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകൾ ചെയ്തിരുന്നു. ഒടുവിൽ അത് ഗംഗയുടെ ഓളങ്ങളിൽ ഒഴുക്കി വിടുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട്കേണു. അമ്മേ… ഈ മകൾക്ക് മുക്തി തരൂ… എല്ലാ പാപങ്ങളിൽ നിന്നും, ജനിമൃതികളിൽ നിന്നും മുക്തി…

ഒഴുകുന്ന കണ്ണീർ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോൾ ഇരുകൈകളും കൂപ്പിത്തൊഴുതു.

“അമ്മേ… ഗംഗേ… ഇനിയുമൊരിയ്ക്കൽ കൂടി പാപങ്ങൾ ചെയ്യാനിട വരുത്തരുതേ… അറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം ഞാൻ അവിടത്തെ മാറിൽ ഹോമിക്കും. ഇതുറപ്പ്…

ഞാൻ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുൺ പരിഭ്രമത്തോടെ വിളിച്ചു.

“അരുത് മാഡം… മുന്നോട്ടു നീങ്ങിയാൽ ആഴമുണ്ട്… മുങ്ങിപ്പോകും…”

ഹൃദയത്തിന്‍റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകൾ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ? ആവോ?… എനിക്കറിയില്ല.

മുന്നോട്ടു ചലിച്ച കാലുകളെ പിൻവലിച്ച് കരയിലേയ്ക്കു കയറുമ്പോൾ ഭയചകിതനായി നിൽക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“അരുൺ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുൺ… അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ എന്ന സംശയം… സകലപാപസംഹാരിണിയായ ഗംഗ… ജനി-മൃതികളിൽ നിന്നുള്ള മോക്ഷപ്രാപ്തി… ഇതൊക്കെയല്ലെ ഇവിടെ മരിച്ചാൽ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണർന്നുവെന്നു തോന്നുന്നു…” പിന്നീട് സ്തംഭനായി നിൽക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടിൽ പറഞ്ഞു.

“പേടിയ്ക്കേണ്ട അരുൺ… ആ ഒരു നിമിഷത്തെ പ്രേരണയെ ഞാൻ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് മോക്ഷപ്രാപ്തി ലഭിക്കേണ്ടത് ഈ ജന്മത്തിലെ തന്നെ പാപ പരിഹാര കർമ്മങ്ങളിലൂടെയാണ്. അത് ഞാൻ ജീവിച്ചു തന്നെ നേടണം…”

എന്‍റെ വാക്കുകളിലെ സത്യസന്ധത ബോധ്യമായിട്ടെന്നവണ്ണം അരുൺ ആശ്വാസ നിശ്വാസങ്ങളുതിർക്കുന്നതു കണ്ടു. പെട്ടെന്ന് ദശാശ്വമേധഘട്ടിലെ പടിക്കെട്ടുകൾ കയറിക്കൊണ്ട് അരുൺ പറഞ്ഞു.

“വരൂ… മാഡം നനഞ്ഞ വസ്ത്രങ്ങളോടെ നിൽക്കണ്ട. നമുക്ക് ഇവിടെയെവിടെയെങ്കിലും റൂം കിട്ടുമോ എന്നന്വേഷിക്കാം. സൂര്യോദയം കാണാനുള്ള ധൃതിയിൽ ഇങ്ങോട്ടു പോരുമ്പോൾ റൂമിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയില്ല. ഇനിയിപ്പോൾ ആരൊടെങ്കിലും ചോദിച്ചു നോക്കാം. ഇവിടെ നല്ല ഹോട്ടൽ എവിടെയാണുള്ളതെന്ന്…

ദശാശ്വമേധഘട്ടിൽ നിറയെ ബനാറസ് സിൽക്ക് സാരിക്കടകളും മറ്റു വ്യാപാര ശാലകളും ഉണ്ടായിരുന്നു. അവിടെ ഒരു കടയിൽക്കയറി അരുൺ “ഇവിടെ എവിടെയാണ് നല്ല താമസസ്‌ഥലം ഉള്ളതെന്ന്” ഹിന്ദിയിൽ അന്വേഷിച്ചു.

“നല്ല ഹോട്ടലുകളെല്ലാം മിക്കവാറും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അടുത്തു തന്നെ ഒരു നല്ല സത്രമുണ്ട്. നിങ്ങൾക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് അവിടെ കഴിയാം…”

കടയുടമ പറഞ്ഞതനുസരിച്ച് ഞങ്ങൾ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. പോകുമ്പോൾ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി. ശാന്തമായി ഒഴുകുന്ന ഗംഗ… മുകൾപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബലിശിഷ്ടമായ അരിയും, പൂവും പിന്നെ നിരവധി തോണികളും… തോണിയിൽ വിദേശികളും, സ്വദേശികളുമായ നിരവധി യാത്രക്കാർ… അരുൺ സ്വന്തം ക്യാമറയിൽ ഗംഗയുടെ ആ മനോഹര ചിത്രം ഒതുക്കുവാൻ ശ്രമിച്ചു കൊണ്ട് ദശാശ്വമേധഘട്ടിന്‍റെ പടവുകളൊന്നിൽ നിന്നു.

പിന്നെ എന്നോടൊപ്പം ചേർന്ന് നടന്നു തുടങ്ങി. വഴിയരികിൽ അപ്പോൾ കണ്ട സൈക്കിൾ റിക്ഷകളൊന്നിൽ കയറിക്കൊണ്ട് അരുൺ സത്രത്തിന്‍റെ പേരു പറഞ്ഞു. അപ്പോഴേയ്ക്കും സൂര്യവെളിച്ചം പൂർണ്ണമായി ഭൂമിയിലെത്തിത്തുടങ്ങിയിരുന്നു.

വാഹനങ്ങളും ജനങ്ങളും കൊണ്ട് നിബിഢമായ നിരത്തിലൂടെ വൃദ്ധനായ ആ റിക്ഷാക്കാരൻ ഞങ്ങളേയും കൊണ്ട് പാഞ്ഞു.

വഴിയരികിൽ പലയിടത്തും, പശുക്കളേയും കാളകളേയും പട്ടികളേയും കണ്ടു. ഇവയെല്ലാം അവിടെ യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു.

ഞങ്ങൾ സത്രത്തിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറിയുടുത്തു. അതു കഴിഞ്ഞ് സത്രത്തിൽ നിന്നു തന്നെ ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും വൈകുന്നേരം ഗംഗാസ്നാനം ചെയ്‌ത് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഗംഗാസ്നാനം, മനസ്സിനെ എന്ന പോലെ ശരീരത്തിനും വിശുദ്ധി നൽകിയിരുന്നു.

ആ വിലയ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. പിന്നെ ഭൈരോ നാഥ ക്ഷേത്രത്തിലെത്തി. ഭൈരോ നാഥിൽ കാലഭൈരവ പ്രതിഷ്ഠയാണുള്ളത്. ഭൈരവന്‍റെ വാഹനമായ നായയുടെ പ്രതിമയും അവിടെ കണ്ടു. അപ്പോൾ മനസ്സിലോർത്തു. ഇവിടെയുള്ളവർ വെറുതെയല്ല നായയെ യഥേഷ്ടം അലയാൻ വിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ അതിനേയും പൂജിക്കുന്നുണ്ടല്ലോ. ചുറ്റമ്പലത്തിലെ നവഗ്രഹങ്ങൾ, ഗണപതി, പാർവ്വതി, രാധാകൃഷ്ണന്മാർ എന്നിവരേയും തൊഴുതു. അപ്പോൾ ആരോ പറഞ്ഞു.

“ഇവിയെത്തി ഒരു ദർശനം കൊണ്ടു മാത്രം പല ജന്മങ്ങളിലേയും പാപം ഇല്ലാതാകും.”

മരണശേഷം നരകത്തിൽ ചെല്ലുമ്പോൾ കഠിനവേദന നൽകി, ലൗകീക ജീവിതത്തിലെ പാപകർമ്മങ്ങളുടെ കണക്കു തീർക്കുന്ന കാലഭൈരവൻ…. വെള്ളിയിൽ തീർത്ത കൊമ്പൻ മീശയുള്ള ഭൈരവ പ്രതിഷ്ഠ തൊഴുതു നിൽക്കുമ്പോൾ ഇഹലോകത്തിലെ എല്ലാപാപങ്ങളും, സംസാര ഭയവും ഇല്ലാതാകുന്നതു പോലെ തോന്നി. ഇവിടെ വന്നു തൊഴുതില്ലെങ്കിൽ അതു വലിയ നഷ്ടമാകുമായിരുന്നു എന്നു മനസ്സു പറഞ്ഞു.

പൂജാരി നൽകിയ ഭസ്മം നെറ്റിയിലണിഞ്ഞ് തിരിച്ചു നടക്കുമ്പോൾ മനസ്സ് സംതൃപ്തിയോടെ മന്ത്രിച്ചു. അറിഞ്ഞോ, അറിയാതെയോ ചെയ്‌ത എല്ലാ പാപഭാരവും ഇവിടെ ഇറക്കി വച്ച്, ശൂന്യമായ മനസ്സോടെ ഞാൻ യാത്ര തുടരട്ടെ…

സത്രത്തിലെത്തി വിശ്രമിച്ച ശേഷം ഞങ്ങൾ മണികർണ്ണികയിലേയ്ക്ക് യാത്ര പുറപ്പെട്ടു. മനുഷ്യൻ എത്ര നിസ്സാരനെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നിടം. പലതും വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഒടുവിൽ വെറും മാംസ പിണ്ഡമായി, ചാരമായി ഇവിടെ അവശേഷിക്കുന്നു.

പലപ്പോഴും പാതി ദഹിച്ച ശരീരമായി പുഴയിൽ ഒഴുകി നടക്കുന്നു. അല്ലെങ്കിൽ നായ്ക്കൾക്ക് ആഹാരമായിത്തീരുന്നു. ഇവിടെ വിലയില്ലാത്ത ഒന്ന് മനുഷ്യൻ മാത്രമാണെന്ന് തോന്നിപ്പോകുന്നു. എങ്കിലും ലൗകിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തെ പുൽകുവാനായി മാത്രം മനുഷ്യൻ ഇവിടെയെത്തുന്നു.

എല്ലായ്പ്പോഴും നിരവധി മനുഷ്യ ശരീരങ്ങൾ ദഹിപ്പിക്കുന്നതിനാൽ മണികർണ്ണികയുടെ ആകാശം പുകപടലങ്ങളാൽ കറുത്തിരുണ്ടിരിക്കും. ഹരിശ്ചന്ദ്രഘട്ടിലും ശവങ്ങൾ ദഹിപ്പിക്കുന്നതു കണ്ടു. എന്നാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാൽ എല്ലാം ദൂരെ നിന്നു മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ആ കാഴ്ച തന്നെ മനസ്സിനെ മരവിപ്പിക്കുന്നതായി തോന്നി.

പുണ്യം തേടി കാശിയിലെത്തുന്നവരുടെ അന്ത്യവിശ്രമ സ്‌ഥലം, ഹൃദയത്തിൽ അസ്വസ്ഥത പടർത്തി. അതുവരെ മനസ്സിൽ നിറഞ്ഞു നിന്ന പ്രശാന്തത എങ്ങോ മറയുന്നതു പോലെ. ഒരിക്കൽ കൂടി ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നതു പോലെ… മോക്ഷപ്രാപ്തിയ്ക്ക് വെമ്പുന്ന ഒരു വൈരാഗിയുടെ ഭാവം എന്നിൽ പടരുന്നതു കണ്ടാകാം, ഒരിക്കൽ കൂടി രാവിലത്തെ സംഭവങ്ങൾ ആവർത്തിക്കുമോ എന്ന് ഭയന്ന് അരുൺ പറഞ്ഞു.

“വരൂ…. മാഡം അധിക സമയം ഇവിടെ നിൽക്കണ്ട. മാഡത്തിന്‍റെ മനസ്സു ശരിയല്ല. നമുക്ക് ദശാശ്വമേധാഘട്ടിലേയ്ക്കു പോകാം. അവിടെ സന്ധ്യയ്ക്ക് ഗംഗാ മാതാവിനർപ്പിക്കുന്ന ആരതി ഉണ്ട്. അതിൽ പങ്കെടുത്തു കഴിയുമ്പോൾ മനസ്സിന്‍റെ എല്ലാ മ്ലാനതയും അകലും. ഹൃദയം ശാന്തഭരിതമാകും…”

ഞങ്ങൾ എത്രയും വേഗം അവിടെ നിന്നും മടങ്ങി. ദശാശ്വമേധഘട്ടിലെത്തി അരുൺ പറഞ്ഞതു പോലെ സന്ധ്യയ്ക്കുള്ള ഗംഗാമാതാവിനുള്ള ആരതിയിൽ പങ്കെടുത്തു. ആ ദീപാരാധനയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഹൃദയം പഴയതു പോലെ ശാന്തമായി. ഭക്‌തിയുടെ ആ പരിവേഷത്തിൽ എല്ലാ ദുഃഖങ്ങളും ഓടിയൊളിച്ചു. അതുവരെയനുഭവിക്കാത്ത ഏതോ ആനന്ദം മനസ്സിനെ പുൽകി.

ആരതി കഴിഞ്ഞ് പ്രസാദവും വാങ്ങി രാത്രിയോടെ സത്രത്തിലെത്തി. അപ്പോൾ അരുൺ പറഞ്ഞു, “ഞാൻ തിരിച്ചുള്ള യാത്രയ്ക്ക് ഫ്ളൈറ്റ് ബുക്കു ചെയ്‌തു കഴിഞ്ഞു. ഇനിയുമൊരു ട്രെയിൻ യാത്ര മാഡത്തിനെ വല്ലാതെ ക്ഷീണിപ്പിക്കും.”

ആ വാക്കുകളിൽ ഒരു മകന്‍റെ കരുതൽ നിറയുന്നത് ഞാൻ കണ്ടു.

ഓട്ടോയിൽ തിരിച്ചു പോരുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു. “മാഡത്തിന് ഷോപ്പിംഗ് വല്ലതുമുണ്ടെങ്കിൽ ആവാം… യാത്രയ്ക്ക് ഇനിയും സമയമുണ്ട്…” തെരുവുകളിലെ ഹാൻഡിക്രാഫ്റ്റ്സ് ഷോപ്പുകളിൽ കയറിയിറങ്ങി.

ബനാറസ് സാരികൾ വിൽക്കുന്ന ചില കടകളിലും വിലപേശി ഒന്നു രണ്ടു സാരികൾ വാങ്ങി. ഒന്ന് അരുന്ധതിയ്ക്കും പിന്നൊന്ന് എനിക്കും എന്ന് മനസ്സിൽ കണ്ടു. ഹാൻഡി ക്രാഫ്റ്റ്സ് കടയിൽ നിന്ന് ഒരു ആനയെ വാങ്ങി അരുണിനു സമ്മാനിക്കുമ്പോൾ പറഞ്ഞു. “ഇത് എന്നും കേരളത്തെ ഓർമ്മിക്കുവാൻ എന്‍റെ വക സമ്മാനം.” അരുൺ അതുവാങ്ങി സന്തോഷത്തോടെ പറഞ്ഞു.

“കേരളം എന്‍റെ മാതൃഗേഹമാണ്. ഈ ആനയെക്കാണുമ്പോൾ ഞാൻ കേരളത്തിനെ മാത്രമല്ല, മാഡത്തിനെയും എന്നും ഓർമ്മിക്കും. കേരളത്തിൽ തൃശൂർ പൂരത്തിനെപ്പറ്റി ഞാൻ ധാരാളം കേട്ടിരിയ്ക്കുന്നു. ഒരിക്കൽ ഞാൻ പോകും. പൂരം കാണാൻ മിക്കവാറും അടുത്തു തന്നെ.”

അരുൺ അങ്ങിനെ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ലോകത്തിൽ എവിടെ ജനിച്ചാലും ഏതു സംസ്കാരം ഉൾക്കൊണ്ടാലും, സ്വന്തം തായ്‍വേരുകൾ തേടിപ്പോകുന്ന മനുഷ്യന്‍റെ സഹജ സ്വഭാവത്തെ അവൻ ഓർമ്മിപ്പിച്ചു. അപ്പോഴേയ്ക്ക് വിശപ്പധികരിച്ചതിനാൽ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. പിന്നീട് എയർപോർട്ടിലേയ്ക്ക് ധൃതിയിൽ യാത്ര തിരിക്കുമ്പോൾ എങ്ങിനെയും സ്വന്തം കൂടണയാനുള്ള ധൃതിയായിരുന്നു.

ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ഓട്ടോയിൽ സ്വന്തം വാസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ അതുവരെയില്ലാത്ത ഒരു ശാന്തതയും ആനന്ദവും നിറഞ്ഞിരുന്നു. ഏതോ പുണ്യ സഥലങ്ങളിൽ തപസ്സു കഴിഞ്ഞെത്തിയ ഒരു യോഗിയുടെ നിസംഗതയും. വീട്ടിൽ തിരിച്ചെത്തുമ്പോൾ രാമേട്ടൻ പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു.

“എങ്ങിനെയുണ്ടായിരുന്നു മാഡം കാശിയാത്ര… മനസ്സിന്‍റെ വിഷമങ്ങൾ കുറെയൊക്കെ മാറിയില്ലെ?…”

രാമേട്ടന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

“വിഷമങ്ങൾ മാറി എന്നു മാത്രമല്ല, ഇതുവരെയില്ലാത്ത ഒരു ശാന്തിയും, ആനന്ദവും അനുഭവപ്പെടുന്നു. ഒരു പുനർജന്മം കൈവന്നതു പോലെ.” എന്‍റെ മറുപടി രാമേട്ടനെ സംതൃപ്തനാക്കി എന്നു തോന്നി. അദ്ദേഹം ഭക്‌തിയിൽ ലയിച്ചെന്ന പോലെ മുകളിലേയ്ക്കു നോക്കി ഒരു യോഗിയെപ്പോലെ പറഞ്ഞു തുടങ്ങി.

“സർവ്വം സഹയായ ഗംഗാ മാതാവിനു മാത്രമേ ഇത്തരമൊരനുഭൂതി മനുഷ്യനു നൽകാനാവുകയുള്ളൂ. സർവ്വപാപഹാരിണിയും, സർവ്വ ദുഃഖശമനകാരിയുമായ ഗംഗാ മാതാവ് സാക്ഷാൽ വിശ്വനാഥന്‍റെ ജടയിൽ നിന്നുമല്ലെ ഉത്ഭവിക്കുന്നത്. പുണ്യവതിയായ ആ അമ്മയെ നമിക്കുകയും, ആ നദിയിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതോടെ ഈ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നേടി ഒരു പുനർ-ജന്മമാണ് നമുക്കു ലഭിക്കുന്നത്.”

ഏഴു പതിറ്റാണ്ടിന്‍റെ അനുഭവജ്‌ഞാനം ആ മനുഷ്യനെ യോഗീതുല്യനാക്കിത്തീർത്തിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളടക്കം, വിശ്വപ്രസിദ്ധമായ അനേകായിരും പുസ്തകങ്ങൾ വായിച്ചാലും ലഭിക്കാത്ത അനുഭവജ്ഞാനം ആ മനുഷ്യനുണ്ടെന്നു തോന്നി. ജീവിതത്തെ അതിന്‍റെ സമഗ്രമായ അർത്ഥത്തിൽ ഉൾക്കൊണ്ട അനുഭവജ്ഞാനം…

(തുടരും)

ശുഭസ്യ ശീഘ്രം

ഹെഡ് ഓഫീസിൽ നിന്ന് അടയന്തിര സന്ദേശം വന്നിരിക്കുകയാണ്. പ്രോജക്‌ട് വർക്ക് ഇന്ന് തന്നെ തീർക്കണം. അത് രാത്രി പത്തു മണി വരെ ഇരുന്നിട്ടായാലും തീർത്ത് അയയ്‌ക്കണം. നാളെ സബ്‌മിറ്റ് ചെയ്യേണ്ട സഹാചര്യം വന്നതുകൊണ്ടാണ്.

എല്ലാ സ്‌റ്റാഫും സഹകരിച്ചതുകൊണ്ട് പത്തുമണിക്കു മുമ്പേ എല്ലാം ഭംഗിയായി നടന്നു. പുതിയതായി വന്ന സുരഭി എന്ന പെൺകുട്ടിയെ രാത്രി വീട്ടിലെത്തിക്കേണ്ട ചുമതല എനിക്കായി. അവളുടെയും എന്‍റെയും താമസം ഒരു ഹൗസിംഗ് കോളനിയിലാണ്.

ഞാൻ സുരഭിയോടൊപ്പം വീട്ടിലേക്ക് യാത്രയായി. അവൾ തീർത്തും നിശ്ശബ്‌ദമായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് വല്ലായ്‌മ തോന്നി. ഞാൻ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.

“എംബിഎ എവിടെയാ ചെയ്‌തത്?”

“വാരണാസിയിൽ” ഒറ്റവാക്കിൽ അവൾ മറുപടിയൊതുക്കിയതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

“ഇവിടെ ഫ്‌ളാറ്റിലാണോ അതോ പേയിംഗ്

ഗസ്‌റ്റായിട്ടാണോ?”

“പി.ജി.”

“വീട്ടിലാരൊക്കെയുണ്ട്?”

“തനിച്ചാണ്.”

“ഞാൻ ഇവിടത്തെ കാര്യമല്ല ചോദിച്ചത്. സ്വന്തം വീട്ടിൽ ആരൊക്കെ ഉണ്ടെന്നാണ്?”

“അതേ സർ, ഞാൻ തനിച്ചാണ്.”

“അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ആരും?”

“സർ, എനിക്ക് ഉറ്റവരായി ഈ ലോകത്ത് ആരുമില്ല. അച്‌ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ നാല് മാസം മുമ്പും. ഞാൻ അവരുടെ ഒരേയൊരു മകളാണ്.”

അവളുടെ മുഖത്ത് സങ്കടത്തിന്‍റെ നിഴൽ പരന്നു.

“സോറി, ഞാൻ തന്നെ വിഷമിപ്പിച്ചോ?”

അവൾ ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ പിന്നെ മൗനം അൽപനേരം സംസാരിച്ചുകൊണ്ടിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

“താൻ സിനിമ കാണാറുണ്ടോ?” പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

“ടിവിയിൽ വരുന്നതൊക്കെ കാണും” സുരഭി ഒന്നു നിർത്തിയിട്ട് എന്നെ നോക്കി.

“എന്‍റെ വീട്ടിൽ ഞാനുണ്ടെങ്കിൽ ടിവിയും ഓണായിരിക്കും.”

“തലവേദന എടുക്കില്ലേ ഇങ്ങനെ ടിവി കണ്ടാൽ?”

“ഇല്ല സർ, ആ ഒച്ചയും ബഹളവും ഇല്ലെങ്കിൽ ഒറ്റയ്‌ക്ക് കഴിയാൻ പ്രയാസമാണ്.”

അവളുടെ ഏകാന്തതയുടെ കാഠിന്യം ആ വാക്കുകൾ യഥേഷ്‌ടം വെളിപ്പെടുത്തുന്നത് ഞാൻ ശരിക്കുമറിഞ്ഞു.

“ങ്‌ഹാ… സത്യമാണത്. എപ്പോഴും സ്വയം എൻഗേജ്‌ഡ് ആകാൻ ഇത്തരം എന്തെങ്കിലും വേണം. വെറുതേയിരിക്കുമ്പോൾ എനിക്ക് പാട്ടുകേൾക്കാനാണ് ഇഷ്‌ടം.”

അൽപ സമയത്തിനകം കാർ അവളുടെ വീടിനു മുന്നിൽ ചെന്നു നിന്നു. സുരഭി കാറിൽ നിന്നിറങ്ങി. കുനിഞ്ഞ ശിരസ്സോടെ അവൾ താങ്ക്‌സ് പറഞ്ഞപ്പോൾ ബൈ, ഗുഡ്‌നൈറ്റ് എന്ന് പറയാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ സുരഭി എന്നെ നോക്കി പുഞ്ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ സാധാരണ പരിചയത്തിൽ കവിഞ്ഞ എന്തോ ഒരടുപ്പം എനിക്ക് അനുഭവപ്പെട്ടു. അന്ന് അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ പറഞ്ഞു.

“വൈകിട്ട് എന്‍റെ കൂടെ പോന്നാൽ, വീട്ടിൽ വിടാം, വെറുതെ എന്തിനാണ് ബസ് കയറിയിറങ്ങി കഷ്‌ടപ്പെടുന്നത്? വിശ്വസിക്കാവുന്ന ആളാ ഞാൻ കേട്ടോ.” സുരഭി അതുകേട്ട് നേർത്ത ലജ്‌ജയോടെ പുഞ്ചിരിച്ചു. അത് സമ്മതമാണെന്ന് എനിക്ക് മനസ്സിലായി.

അന്ന് വൈകിട്ട് മുതൽ ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി. ഞങ്ങൾക്കിടയിൽ അപരിചിതത്വത്തിന്‍റെ മഞ്ഞ് ഉരുകിയില്ലാതായി.

ഒരുമിച്ചുള്ള ഓരോ യാത്രകളിലും അവളോടുള്ള എന്‍റെ ഇഷ്‌ടം കൂടി വന്നു. അത് സുരഭിയോട് തുറന്നു പറയാതെ വയ്യ എന്ന അവസ്‌ഥയിൽ ഞാനന്ന് അത് പറഞ്ഞു.

“സുരഭി, നമ്മൾ കണ്ടുമുട്ടിയിട്ട് അധികം നാളുകളായിട്ടില്ല. എന്നാൽ എനിക്ക് തന്നോട് അനന്യമായ അടുപ്പം തോന്നുന്നു. രാത്രിയും പകലും നിന്നെക്കുറിച്ച് ചിന്തിച്ചു പോകുന്നു.”

അവൾ അതുകേട്ട് ഞെട്ടിത്തരിച്ച് എന്നെ നോക്കി. അവിശ്വാസം നിറഞ്ഞ മുഖത്തെ നിഷ്‌കളങ്ക ഭാവം എന്നെ കൂടുതൽ തരളിതനാക്കി.

“സുരഭി, ഞാൻ നിന്നെ വിവാഹം ചെയ്യട്ടേ?”

“സർ… എന്താണ്… ഈ…”

അവൾ പറഞ്ഞുമുഴുപ്പിക്കും മുമ്പ് ഞാൻ ഇടപ്പെട്ടു.

“സർ, സർ ഒന്നൊഴിവാക്കാമോ? എന്‍റെ പേര് രാജീവ് എന്നാണ്. അങ്ങനെ വിളിക്കൂ, പ്ലീസ്…”

അവൾ എന്നും പറയാൻ കഴിയാതെ വിഷണ്ണയായി നിൽക്കുന്നു. പ്രണയാഭ്യർത്ഥന കേട്ട പെൺകുട്ടിയുടെ മുഖത്ത് ഉണ്ടാകേണ്ട ലജ്‌ജയൊന്നും ഞാനവിടെ കണ്ടില്ല, ഉള്ളത് എന്നെ അസ്വസ്‌ഥമാകുന്ന ദുഃഖ ഭാവം..

“സുരഭി, തനിക്കെന്നെ ഇഷ്‌ടമല്ലേ, എന്തിനാ സങ്കടപ്പെടുന്നത്? ”ഞാൻ പരിഭ്രമിച്ചു.

“അതൊന്നുമല്ല സർ, എന്‍റെ ജീവിതത്തെക്കുറിച്ച് സാറിന് കൂടുതലൊന്നുമറിയില്ല.”

“ഇനിയുമെന്താണ് ഞാനറിയാത്തത്?” ഞാൻ അദ്‌ഭുതപ്പെട്ടു.

“അതറിയുമ്പോൾ സാറെന്നെ വെറുക്കും, ഞാൻ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയാണ്.” അവൾ ഒരു മറയുമില്ലാതെ അതു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

“ഞാൻ എല്ലാം നഷ്‌ടപ്പെട്ടവളാണ്. എന്നെ ആരു സ്‌നേഹിക്കാനാണ്? ഈ ജന്മം മുഴുവൻ അതിന്‍റെ പാപം പേറാൻ വിധിക്കപ്പെിട്ടിരിക്കുകയല്ലേ?”

ഞാൻ അറിയാതെ അവളെ ചേർത്തുപിടിച്ച് ആ ചുണ്ടുകളിൽ അരുതേയെന്ന മട്ടിൽ വിരൽ വച്ചു.

“സുരഭി, അതൊന്നും എനിക്കറിയേണ്ട. എനിക്ക് നിന്‍റെ സാമീപ്യം മാത്രം മതി. നിന്നെ വിവാഹം ചെയ്യാൻ എനിക്കിഷ്‌ടമാണ്. സ്വയം ഇത്ര വില കുറഞ്ഞ് കാണാതിരിക്കൂ.”

അവളുടെ കണ്ണുകൾ നദികളായി. ഞാൻ അവളെ ആശ്വസിപ്പിക്കാൻ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു.

“സുരഭി, തന്‍റെ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് എനിക്കറിയേണ്ട. നിനക്കൊപ്പം ജീവിക്കുന്ന വർത്തമാനവും ഭാവിയും മാത്രമേ എനിക്കു മുന്നിലുള്ളൂ. ആ സംഭവം ഒരു ദുഃസ്വപ്‌നം പോലെ മറന്നുകളയേണ്ട സമയമായി.”

സുരഭി വെള്ളം കുടിച്ച് അൽപം റിലാക്‌സായി. അവൾ ആലോചനയിൽ നിന്നുണർന്ന് പറയാൻ തുടങ്ങി. വളരെ നേർത്ത ശബ്‌ദം. അത് അവളിൽ നിന്നല്ല വരുന്നതെന്ന് എനിക്ക് തോന്നി.

“രാജീവ്, എന്‍റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് പറയാതെ വയ്യ. രാജീവ് അതു കേൾക്കണം. എന്‍റെ അമ്മ എന്നോട് അതു പറഞ്ഞിട്ടാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. വിവാഹം കഴിക്കാൻ തയ്യാറാകുന്ന വ്യക്‌തിയോട് ജീവിതത്തിലെ ആ കറുത്ത അധ്യായം മറച്ചു വയ്‌ക്കരുതെന്ന്.

എന്‍റെ അച്‌ഛൻ ഗ്രാമത്തിലെ ഒരു സമ്പന്നന്‍റെ സ്‌ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. കണക്കു സൂക്ഷിപ്പുകാരനായിരുന്നു. അദ്ദേഹത്തിന് അച്‌ഛനോട് വലിയ ഇഷ്‌ടമായിരുന്നു. ഒരിക്കൽ ജോലിക്കിടയിൽ അച്‌ഛൻ ഹൃദയാഘാതം വന്ന് മരണമടഞ്ഞു.

പിന്നീട് സാഹബ് ഞങ്ങളുടെ കുടംബത്തിന് പെൻഷൻ നൽകുമായിരുന്നു. ആ തുക കൊണ്ടാണ് കുടുംബം മുന്നോട്ടു പോയത്. ഞാൻ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ സാഹബും മരണമടഞ്ഞു. പിന്നെ സ്‌ഥാപനത്തിന്‍റെ മുതലാളി അദ്ദേഹത്തിന്‍റെ മകൻ ആയിരുന്നു.

ഒരിക്കൽ ഞാൻ പെൻഷൻ വാങ്ങാൻ ഓഫീസിലെത്തി. അന്ന് എന്‍റെ റിസൾട്ട് വന്ന ദിവസം കൂടിയായിരുന്നു. നല്ല മാർക്ക് ഉണ്ടായിരുന്നു എനിക്ക്. ആ സന്തോഷത്തോടെയാണ് അന്ന് ഞാൻ അവിടെ ചെന്നത്. ലഞ്ച് സമയമായതിനാൽ അൽപം കാത്തിരിക്കാനും മുതലാളി വന്നാലുടൻ പെൻഷൻ തുക ലഭിക്കുമെന്നും അവിടത്തെ സ്‌റ്റാഫ് പറഞ്ഞു. അതനുസരിച്ച് ഞാൻ കാത്തിരുന്നു.

ലഞ്ച് ടൈം കഴിഞ്ഞ് അയാൾ വന്നു. എന്നെ കാബിനിലേക്ക് വിളിച്ചു “കൺഗ്രാറ്റ്‌സ് സുരഭി, യു ഗോട്ട് ഗുഡ് നമ്പർ..”

എന്‍റെ വിജയത്തെ അയാൾ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം മറച്ചുവയ്‌ക്കാതെ ചിരിച്ചു. എന്നിട്ട് വന്ന കാര്യം പറയുകയും ചെയ്‌തു.

“പെൻഷൻ വാങ്ങാൻ വന്നതാണ്.”

“ശരി, താൻ ഇരിക്കൂ, കുടിക്കാനെന്താ വേണ്ടത്?”

“ഒന്നും വേണ്ട സർ”

“അതു പറ്റില്ല, ഒന്നാം ക്ലാസ്സിൽ പ്ലസ്‌ടു പാസായതല്ലേ, ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം” ഉടനെ തന്നെ രണ്ട് ഓറഞ്ച് ജ്യൂസുമായി പ്യൂൺ വന്നു. അതിലൊന്ന് മുതലാളി തന്നെ എന്‍റെ കൈകളിൽ വച്ചു തന്നു.

വലിയ ആളുകളല്ലേ, തന്നത് കുടിക്കാതിരിക്കുന്നതെങ്ങനെയെന്ന് കരുതി ഞാൻ വാങ്ങി കുടിച്ചു. അതുമാത്രമാണ് എനിക്ക് ഓർമ്മയിലുള്ളത്. പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ എന്‍റെ വസ്‌ത്രങ്ങൾ ശരീരത്തിലില്ലായിരുന്നു. അയാൾ സമീപത്തു തന്നെ ഉണ്ടായിരുന്നു.

ആ ചെറുപ്രായത്തിൽ എനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്‌തമായില്ല. എങ്കിലും കടുത്ത ശാരീരിക വേദനയിൽ ഞാൻ പുളഞ്ഞുപോയി.

അയാൾ കുടിലമായ പുഞ്ചിരിയോടെ എന്നെ തന്നെ ഉറ്റുനോക്കി. ഗൂഢമായ ആനന്ദം ആ മുഖത്ത് ഞാൻ കണ്ടു.

“മാസാമാസം പെൻഷൻ വാങ്ങിക്കൊണ്ടുപോയാൽ മതിയോ, എന്തെങ്കിലും പ്രയോജനം എനിക്കും വേണ്ടേ?”

“ഇതാ പെൻഷൻ തുക. സാധാരണ തരുന്നതിലും കൂടുതലുണ്ട്. ഇത് വാങ്ങി മിണ്ടാതെ സ്‌ഥലം വിട്ടോ.. നിന്നെ എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അതുകൊണ്ട് നീ എത്ര പണം ചോദിച്ചാലും തരും.”

അയാൾ പിന്നേയും എന്തൊക്കെയോ പറഞ്ഞു. ഞാൻ ആ പണം അവിടെ വലിച്ചെറിഞ്ഞു. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു.

ഞാൻ കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. അമ്മയുടെ നെഞ്ചത്ത് വീണ് പൊട്ടിപ്പൊട്ടിക്കരയുമ്പോൾ അമ്മ അമ്പരന്നു പോയി. ആരൊക്കെയോ നിൽക്കുന്നുണ്ടായിരുന്നു. അവർ കേൾക്കുമെന്നോ, നാട്ടുകാർ അറിയുമെന്നോ ഒന്നും ചിന്തിക്കാതെ ഞാൻ ഉറക്കെകരഞ്ഞുകൊണ്ട് ഉണ്ടായ സംഭവങ്ങൾ പറഞ്ഞു. അതുകേട്ടവരൊക്കെ ഒന്നും മിണ്ടാതെ സ്‌ഥലം വിട്ടു. അമ്മ ഒരു കരിങ്കല്ലുപോലെ ഒന്നും മിണ്ടാതെ ഇരുന്നു.

രണ്ടു ദിവസത്തോളം ഞങ്ങൾ രണ്ടു പേരും പരസ്‌പരം സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌തില്ല. അയൽവക്കകാർ ആരും തിരിഞ്ഞു നോക്കിയില്ല. എപ്പോഴും വീട്ടിൽ വരാറുള്ളവർ പോലും ഏതോ പകർച്ച വ്യാധി പിടിപെട്ടിട്ട് എന്ന പോലെ ഞങ്ങളെ ഒഴിവാക്കി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അൽപം അകലെയുള്ള രാധേച്ചി വീട്ടിൽ വന്നു. അവർ വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി ഞങ്ങൾക്കു തന്നു.

“ഇങ്ങനെ വിഷമിച്ചിരുന്നിട്ട് എന്താ കാര്യം? ധൈര്യം സംഭരിച്ച് ജീവിക്കേണ്ട സമയമാണിത്. മകളെ ആശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ ഇരുന്നാലെങ്ങനെയാ..” രാധേച്ചി അമ്മയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു.

“നിങ്ങൾ ഈ ഗ്രാമം വിട്ടു പോകുന്നതാണ് ഇപ്പോൾ നല്ലത്. മനസമാധാനത്തോടെ മറ്റൊരു ദിക്കിൽ കഴിഞ്ഞു കൂടുമ്പോൾ ഇതൊക്കെ മറന്നുപോകും.” സ്വന്തം രക്ഷകരെന്ന് കരുതിയവർ തന്നെ മകളെ പിച്ചിച്ചീന്തിയല്ലേ എന്ന ദുഃഖമാണ് അമ്മയ്‌ക്കുണ്ടായിരുന്നത്.

“ഞാൻ ഈ പെൺകുട്ടിയേയും കൊണ്ട് എവിടെ പോകാനാണ്?” അമ്മ രാധേച്ചിയോട് പിന്നീട് ചോദിക്കുമായിരുന്നു.

“രാധേച്ചിയുടെ സഹായത്തോടെ ഞങ്ങൾ അവിടത്തെ വീട് വിറ്റ് മറ്റൊരിടത്ത് ചെറിയൊരു വീട് കണ്ടെത്തി. ആദ്യം അൽപം പ്രയാസപ്പെട്ടു. എങ്കിലും അമ്മയ്‌ക്ക് ഒരു ബൊട്ടിക്കിൽ ചെറിയൊരു ജോലി കിട്ടി. എനിക്ക് സമീപത്തുള്ള കോളേജിൽ അഡ്‌മിഷനുമായി. പിന്നെ ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ജീവിത പങ്കാളിയോട് ഉണ്ടായ കാര്യം പറയണമെന്ന് അമ്മ എന്നോട് സൂചിപ്പിച്ചിരുന്നു. മറ്റാരോടും ഇക്കാര്യം സംസാരിക്കരുതെന്നും” സുരഭി പറഞ്ഞു നിർത്തി. അവളുടെ കണ്ണുകൾ വീണ്ടും നിറയുന്നതു കണ്ടപ്പോൾ അവളെ ചേർത്തുപിടിച്ച് ഞാൻ ആശ്വസിപ്പിച്ചു.

“നിന്നെയും നിന്‍റെ അമ്മയെയും ഞാൻ ആദരിക്കുന്നു സുരഭി. വാർത്തകളിൽ ദിവസവും കേട്ടു മറയുന്ന ഒരു സംഭവമാണിത്. എന്നാൽ ഞാൻ ആദ്യമായാണ് അത്തരമൊരു അവസ്‌ഥ നേരിട്ട പെൺകുട്ടിയുടെ ജീവിതം അടുത്തറിയുന്നത്.”

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ശൂന്യതയിലേക്ക് മിഴി നട്ട് പ്രതിമ പോലെ അവളിരുന്നു. അന്ന് ശനിയാഴ്‌ചയായിരുന്നു. ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ഓഫീസ്. ഇപ്പോൾ സമയം മൂന്നു മണി കഴിഞ്ഞു. വിശപ്പും ദാഹവും മറന്നുപോയപോലെ. ഞാൻ അവളേയും കൂട്ടി റസ്‌റ്റോറന്‍റിലെത്തി.

ഭക്ഷണം ഓർഡർ ചെയ്‌തു കാത്തിരിക്കുമ്പോൾ അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി ഇടറാതെ പറഞ്ഞു.

“രാജീവ്, എന്നെ വിവാഹം ചെയ്യുന്നത് ശരിക്കും ആലോചിച്ചിട്ടു മതി. ഭാവിയിൽ അത് രാജീവിന് വിഷമമുണ്ടാക്കില്ലെന്ന ഉറപ്പു വേണം.”

“താൻ എന്താടോ ഇങ്ങനെയൊക്കെ?” ഞാൻ അൽപം ദേഷ്യഭാവത്തിൽ അവളോട് ചോദിച്ചു.

“എനിക്ക് നിന്നെ ഇഷ്‌ടമാണ്. എനിക്ക് ആ മനസ്സാണ് വേണ്ടത്. അത് തനിക്ക് തരാൻ പറ്റില്ലേ?” അവൾ വിതുമ്പലോടെ എന്‍റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

“അപരിചിതനായ ഒരു പുരുഷനിൽ നിന്ന് ക്രൂരത നേരിട്ടതിന്‍റെ പേരിൽ നീ എങ്ങനെ കളങ്കിതയാവും. അയാളാണ് നിന്ദ്യൻ. നീ സ്വയം ചെറുതായി കാണരുത്.”

“രാജീവിന്‍റെ മാതാപിതാക്കൾ സമ്മതിക്കുമോ?”

“തീർച്ചയായും… അതെനിക്ക് ഉറപ്പുണ്ട് സുരഭി.”

“എന്‍റെ ജീവിതസഖിയാവാൻ ഞാൻ നിന്നെ ക്ഷണിച്ചു കഴിഞ്ഞു. അത് സമ്മതമാണോ എന്ന് അറിയിക്കേണ്ടത് നീയാണ്” അവൾ പുഞ്ചിരിയോടെ അതേ എന്ന് തലയാട്ടി. പിന്നെ മെല്ലെ മന്ത്രിച്ചു.

“ലവ്‌യു… രാജീവ്..”

ഞാൻ ഉൾപുളകത്തോടെ ആ വാക്കുകൾ കേട്ടിരുന്നു. പുറത്ത് കാറിലേക്ക് കയറുമ്പോൾ ഞാൻ പറയാതെ തന്നെ മുൻഡോർ തുറന്ന് സുരഭി അകത്തിരുന്നു.

“ശരി, നമുക്ക് എന്‍റെ വീട്ടിലേക്ക് പോകാം. ഇന്ന് തന്നെ അച്‌ഛനേയും അമ്മയേയും കാണാം. ശുഭസ്യ ശീഘ്രം എന്നല്ലേ…?” സുരഭിയുടെ മുഖത്ത് വിടർന്ന നാണം പുരണ്ട പുഞ്ചിരി എന്‍റെ ഹൃദയത്തിൽ തേനുറവായി നുരഞ്ഞു.

കണ്ണീർ മുത്തിന് കല്യാണം

ഒരു വർഷത്തിലധികമായി, മാലിനി ജാനകി ജുവലറിയിലെത്തിയിട്ട്. അവളുടെ കൃത്യനിഷ്‌ഠയും കഠിന പ്രയത്നവും ആത്മാർത്ഥതയും തന്നെയാണ് ജോലിയിൽ അവളെ ഒന്നാമതെത്തിക്കുന്നത്. ഉപഭോക്‌താവിന്‍റെ മനസ്സും പോക്കറ്റുമറിഞ്ഞ് ആഭരണങ്ങൾ കാണിക്കാനും വാക്‌ചാതുര്യം കൊണ്ട് അതെടുപ്പിക്കാനും അവൾക്കുള്ള സാമർത്ഥ്യം ഒന്നു വേറെ തന്നെ.

സുന്ദരമായ നീണ്ട മുഖവും വാചാലമായ കണ്ണുകളും നീണ്ട കഴുത്തും അവളുടെ സൗന്ദര്യത്തിന് പത്തരമാറ്റു നൽകി. കസ്‌റ്റമേഴ്‌സിനെ ബോധ്യപ്പെടുത്തുവാൻ അവൾ ആഭരണങ്ങൾ സ്വന്തം ശരീരത്തിലണിഞ്ഞു കാണിക്കുമ്പോൾ ആരും നോക്കി നിന്നു പോകും.

ജോലി കഴിഞ്ഞ് ബസ് കാത്തു നിൽക്കുമ്പോഴാണ് പരിചയമുള്ള ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചത്.

“വീട്ടിലേയ്‌ക്കാണോ?” നോക്കുമ്പോൾ സുനിൽ ചിരിച്ചു കൊണ്ട് മുന്നിൽ.

“ജോലി കഴിഞ്ഞ് പാവങ്ങൾ സാധാരണ വീട്ടിലേക്കാ പോകാറ്. നിങ്ങളെ പോലുള്ള പണക്കാർ ചിലപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലേക്കോ മറ്റോ ആയിരിക്കും പോകാറ്.”

“അതിന് നീയിത്ര ചൂടാവുന്നതെന്തിനാ? ഞാനിത്രയേ ഉദ്ദേശിച്ചിട്ടുള്ളെടോ. നിങ്ങളുടെ വീടിനടുത്തു കൂടെയാ ഞാനിന്ന് പോവണത്. ഇയാൾ ആ വഴിക്കാണെങ്കിൽ ഒരു ലിഫ്‌റ്റ് തരാമെന്നും കരുതിപ്പോയി. ക്ഷമിക്ക്, ഇന്നത്തെക്കാലത്ത് ഒരുപകാരം ചെയ്യാനും പറ്റില്യേ ഈശ്വര!”

ഒന്നു മടിച്ചെങ്കിലും മാലിനി വണ്ടിയിൽ കയറിയിരുന്നു. “എന്‍റെ പിന്നാലെ എന്തിനാ ഇങ്ങനെ നടക്കണെ? എനിക്കിയാളോട് ഒരിഷ്‌ടവുമില്ല. ഈ പാഴാക്കിക്കളയുന്ന സമയോം രൂപേം കൊണ്ട് വേറെന്തെങ്കിലും ചെയ്‌തൂടെ? ഈ വാതില് തുറയില്ലാട്ടോ?”

സുനിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് യാതൊരു തിടുക്കവുമില്ല. ഭവതി നല്ലോണം ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.”

“ശാലു, ചേച്ചിക്ക് ഒരു ഗ്ലാസ് ചായയെടുക്കടാ. എന്താ ഒരു ക്ഷീണം!” വീട്ടിലെത്തി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിട്ട് അവൾ അനുജത്തിയോട് വിളിച്ചു പറഞ്ഞു.

വേഗം ചായയുണ്ടാക്കി കൊടുത്തുകൊണ്ട് അവൾ അർത്ഥഗർഭമായി പറഞ്ഞു. “ഇതാ ഈ ചായ കുടിച്ച് തമ്പുരാട്ടി ക്ഷീണമകറ്റിയാലും. കാറിൽ വന്നതുകൊണ്ടാവും താങ്കൾക്കിത്ര ക്ഷീണം. ബസിലായിരുന്നെങ്കിൽ ഇത്രയ്‌ക്ക് ക്ഷീണം അനുഭവപ്പെടില്ലായിരുന്നു.”

“ഓ അപ്പോ നീ കണ്ടുവല്ലേ? എന്താ ചെയ്‌ക? പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.”

“ചേച്ചി വേണ്ടെന്നു പറയുന്ന രീതി കൊള്ളാം. ആളുകള് എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്. നല്ല നാല് വർത്തമാനം പറഞ്ഞാലെന്താ ചേച്ചിക്ക്? അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടണം.”

“അയാള് എന്നോട് അസഭ്യമോ അസംബന്ധമോ പറയണില്ലല്ലോ മോളേ, അല്ലാതെ അയാളെ ചീത്ത വിളിക്യേം പരാതിപ്പെടുകേം ഒക്കെ എങ്ങനെയാ?”

“ഓഹോ! ചേച്ചിക്കും അയാളെ ഇഷ്‌ടമാണെന്നാ എനിക്ക് ഇതീന്ന് മനസ്സിലാവണെ! ചേച്ചിയ്ക്ക് ഉള്ളിന്‍റെ ഉള്ളിൽ അയാളോടൊരിഷ്‌ടംണ്ട്.”

“ശാലൂ,” മാലിനി ശാസനാപൂർവ്വം പറഞ്ഞു. “കുറച്ച് കൂടണുണ്ട് നിനക്ക്. ചേച്ചി ദിവസോം പണക്കാരെ കാണുന്നതാ. അവരുടെ മുന്നിൽ നമ്മളാരുമല്ലെന്ന് ചേച്ചിക്ക് നന്നായിയറിയാം.”

“അവരെപ്പോലെ ആഭരണങ്ങളൊക്കെ ഇടണംന്ന് ചേച്ചിക്കും ആഗ്രഹമില്യേ? ചേച്ചി അതൊക്കിയിട്ടാൽ എത്ര സുന്ദരിയാകുമെന്നോ? ശരിക്കും ഒരപ്‌സരസ്സിനെപ്പോലുണ്ടാവും. എന്‍റെ ചേച്ചിക്ക് അതിനുള്ള ഭാഗ്യം കിട്ടും. സുനിലേട്ടനെപ്പോലൊരാൾ ലക്ഷത്തിലൊന്നേ ഉണ്ടാവൂ. പണക്കാരനായിപ്പോയത് അദ്ദേഹത്തിന്‍റെ കുറ്റാല്ലല്ലോ?”

സുനിലിനോട് മാലിനി വിമുഖതയോടെ പെരുമാറിയപ്പോൾ അയാളുടെ മറുപടിയും അതുതന്നെയായിരുന്നു.

“ഞാൻ പണക്കാരാനായിപ്പോയത് എന്‍റെ കുറ്റമാണോ? എന്‍റെ അച്‌ഛന് ഇട്ടുമൂടാൻ സ്വത്തുണ്ടായിപ്പോയി. പക്ഷേ നീ പണക്കാരിയും ഞാൻ പാവപ്പെട്ടവനുമായിരുന്നെങ്കിൽ നമ്മൾ യോജിക്കുമായിരുന്നു?”

“അത് ഇയാള് സ്വയം ചിന്തിച്ചാ മതി. എന്‍റെ ലെവലിലുള്ളവരുമായ ബന്ധത്തിലാ ഞാൻ വിശ്വസിക്കണെ. എന്നേക്കാൾ കൂടിയവരും വേണ്ട കുറഞ്ഞവരും വേണ്ട. ഒരു മിഡിൽ ക്ലാസ്സുകാരനെ മാത്രമേ ഞാൻ കെട്ടുള്ളൂ” മാലിനി പറഞ്ഞു.

“എങ്കിൽ ശരി! ഞാൻ സ്വത്തെല്ലാം ഉപക്ഷേിച്ച് നിന്നൊടൊപ്പം പോരാം. എന്തേലും ജോലി എനിക്ക് കിട്ടാതിരിക്കില്ല. ഇന്നു തന്നെ അന്വേഷണം തുടങ്ങാം. ഞാനേ ബി.എ. പാസ്സായതാ, നിന്നെ പോറ്റാനുള്ളത് എന്തായാലും ലഭിക്കും.”

“പിന്നെ ബി.എക്കാരന് കളക്‌ടറുദ്ദ്യോഗം വച്ചിരിക്കയല്ലേ? കൂടി വന്നാൽ നാലായിരമോ അയ്യായിരമോ കിട്ടും. ഇയാൾക്കിതൊന്നും അറിയില്ല്യാന്നുണ്ടോ? പോയി എംബിഎയോ സിഎയോ ചെയ്യ്, പിന്നെ നമുക്ക് ആലോചിക്കാം.”

“പിന്നേം കളിയാക്കുകാ? ഇവിടെ ബിഎ പാസ്സായതു തന്നെ കോപ്പിയടിച്ചാ. പിന്നെയല്ലേ എംബിഎയും സിഎയും.”

“എങ്കിൽ വായിനോക്കി നടന്നോളൂ. എനിക്ക് ദിവസോം ലിഫ്‌റ്റ് ഒക്കെ തന്ന്… അങ്ങനെ ജീവിക്കാം.” കാറിൽ നിന്നിറങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങുന്നവരേക്കാൾ വില പേശുന്നവരുടെ തിരക്കാണേറി വന്നത്. അന്നത്തെ ദിവസം കച്ചവടം തീരെ മോശമായിരുന്നു. നാരായണ കമ്മത്ത് സെയിൽസ് റിപ്പോർട്ടുകളൊക്കെ മറിച്ചു നോക്കി ഷോറൂമിൽ തന്നെയുണ്ടായിരുന്നു. മാലിനിക്കും സെയിൽസിൽ അന്ന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

നാരായണ കമ്മത്തിന്‍റെ മുഖത്തെ ഗൗരവത്തിൽ നിന്നും അയാളുടെ മനസ്സ് വായിക്കാമായിരുന്നു. സ്വർണ്ണം വാങ്ങാൻ എത്തുന്നവരിൽ കൗശലക്കാരുണ്ടാവാം അണിഞ്ഞു നോക്കാൻ മാത്രമെത്തുന്നവരുണ്ടാകാം. യഥാർത്ഥത്തിൽ ഉപഭോക്‌താക്കളുടെ എണ്ണം കുറവാണ്.

സുനിൽ ഏറെ നേരമായി വെളിയിൽ കാത്തുനിൽപ്പു തുടങ്ങിയിട്ട്. മാലിനി ഇതുവരെ ജോലി കഴിഞ്ഞിറങ്ങിയിട്ടില്ല. ഇന്നെന്താണോ പറ്റിയത്?

“മാലിനി എവിടെയാണ്?” സുനിൽ കമ്മത്തിനോട് അന്വേഷിച്ചു.

“എന്താ അവളെ കെട്ടണോ” തല പെരുത്തിരുന്ന കമ്മത്ത് തിരിച്ചു ചോദിച്ചു.

“വേണം” ഒട്ടും ആലോച്ചിക്കേണ്ടി വന്നില്ല സുനിലിന്.

“എനിക്ക് കുറച്ച് ഗോൾഡ് വാങ്ങണം.”

“ജീൻസും ടീ ഷർട്ടും ധരിച്ച അടിപൊളി പയ്യൻ. ചിലപ്പോൾ ഐസ്‌ക്രീം വാങ്ങിയേക്കും. പക്ഷേ സ്വർണ്ണം വാങ്ങില്ല. ഇങ്ങനെ മനസ്സിലോർത്തെങ്കിലും അയാൾ സുനിലിനെ കാട്ടിക്കൊടുത്തു.

സുനിൽ മാലിനിയുടെ സമീപത്തെത്തി. “ഇയാളോ? ഇയാളെന്താ ഇവിടെ” മാലിനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നാളെ എന്‍റെ കൂട്ടുകാരിയുടെ പിറന്നാളാട്ടോ. അവൾക്ക് ഈ സമ്മാനം ചേരില്ലേ? നിറയെ കല്ലു പതിപ്പിച്ച മനോഹരമായ ഒരു നെക്‌ലേസ് എടുത്തു കൊണ്ട് അയാൾ ചോദിച്ചു.

“നന്നായി ചേരും” അവൾ കോപത്തോടെ പറഞ്ഞു. “മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപയാ വില.”

“പാക്ക് ചെയ്‌തോളൂ” സുനിൽ പറഞ്ഞു. കമ്മത്തിന്‍റെ വീർത്ത മുഖം പൂപോലെ വിടർന്നു.

“ഇയാൾടെ അഹങ്കാരം കുറച്ച് കൂടണ്ണ്ട്. ഇന്നത്തേത് കുറച്ച് കടന്നു പോയിട്ടോ.”

“ആരോടെങ്കിലും സ്‌നേഹം മൂലം ഭ്രാന്താകുമ്പോൾ നമ്മൾ എല്ലാ അതിരുകളും ലംഘിച്ചു പോകും.”

“പക്ഷേ…” മാലിനി എന്തോ പറയാൻ തുനിഞ്ഞതും സുനിൽ ഇടയ്‌ക്ക് കയറി പറഞ്ഞു.

“നാളെ നിന്‍റെ പിറന്നാളല്ലേ? നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം. നിനക്കായി വാങ്ങിയത് നിനക്ക് തന്നെ നൽകുന്നു.” സുനിൽ അവളുടെ കയ്യിലേക്ക് മാലയുടെ ബോക്‌സ് നൽകി.

“ഇതിന്‍റെ വില നിനക്കറിയാം. പക്ഷേ ഇതിന്‍റെ യഥാർത്ഥ വിലയേക്കാൾ ഒത്തിരിയേറെയാണ് എന്‍റെ മനസ്സിലുള്ള സ്‌നേഹത്തിന്‍റെ വില… അത് നീ മനസ്സിലാക്കണം.”

“സുനിൽ” മാലിനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു.

“ഇത്രയ്‌ക്ക് ഇഷ്‌ടംണ്ടോ എന്നോട്? ഈ സ്‌നേഹം നില നിൽക്കുമെന്ന് ഉറപ്പുണ്ടോ?” അവളുടെ കണ്ണു നിറഞ്ഞു.

“ഉണ്ട്.”

“സുനിലിനൊന്നും അറിയില്ല. നിങ്ങൾടെ വീട്ടുകാര് ഇതിന് സമ്മതിക്കില്ല്യ. അവർ ബഹളമുണ്ടാക്കും.” മാലിനിയുടെ വാക്കുകൾ സുനിലിൽ സന്തോഷമാണുണ്ടാക്കിയത്.

“നീ ഭയക്കുന്ന മാതിരിയൊന്നും സംഭവിക്കില്ല്യ. അവർ സമ്മതിക്കും. ഞാൻ പറയാത്ത താമസമേയുള്ളൂ. നിന്‍റെ ഭാഗത്തു നിന്നും പോസിറ്റീവായ ഒരു മറുപടി കിട്ടാത്തതുകൊണ്ടാ ഇതുവരെ വെയ്‌റ്റ് ചെയ്‌തത്.

മാലിനിയുടെ ഊഹമായിരുന്നു ശരി. ഇക്കാര്യമറിഞ്ഞപ്പോൾ മോഹന ചന്ദ്രന് കടന്നൽ കുത്തേറ്റതുപോലെയാണ് തോന്നിയത്. അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഓഹോ, അപ്പോൾ നീയാണ് മാലിനി അല്ലേ?” ഗൗരവം നിറഞ്ഞ ആ സ്വരം അവളെ ഞെട്ടിച്ചു.

“അതേ, ഞാനാണ്…” അവൾ വിക്കി.

“നിനക്കെന്‍റെ മകനോട് പ്രേമമാണോ?”

“സുനിൽ എന്നെ അതിലും കൂടുതൽ സ്‌നേഹിക്കണുണ്ട്.”

“അറിയാം, പക്ഷേ അവൻ ഒരു പണക്കാരനാണെന്ന് നിനക്കറിയാമോ? ഇതിനുമുമ്പും അവൻ പല പെൺകുട്ടികളുടെയും പിറകെ നടന്നിട്ടുണ്ട്. എനിക്കതൊക്കെ അറിയാം. എന്നാൽ ഒരു ബന്ധവും വിവാഹത്തോളമെത്തിയിട്ടില്ല. അവനും എനിക്കും ഒന്നും നഷ്‌ടപ്പെട്ടില്ല. പക്ഷേ പെൺകുട്ടികൾക്ക് മാനം നഷ്‌ടപ്പെട്ടില്ലേ?”

“എനിക്ക്… എനിക്ക് ഒന്നും മനസ്സിലാവണില്യ.”

“നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. അഞ്ചു ലക്ഷം രൂപയിൽ കാര്യങ്ങൾ തീരുമോ?” മോഹന ചന്ദ്രന്‍റെ വാക്കുകൾ കേട്ട് മാലിനി ഒരു നിമിഷം പകച്ചു. പിന്നെ അയാളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിക്കൊണ്ട് ശാന്തമായി പറഞ്ഞു.

“നിങ്ങൾക്ക് നന്നായി നുണ പറയാനറിയാം. ഒറ്റശ്വാസത്തിലാണ് സ്വന്തം മകനെപ്പറ്റി നിങ്ങളിങ്ങനെ പറഞ്ഞത്. അതിനുള്ള പരിഹാരവും അതേ ശ്വാസത്തിൽ തന്നെ നിങ്ങൾ പറഞ്ഞു. നിങ്ങൾ സമർത്ഥനാണ്.”

“നീ പറഞ്ഞത് സത്യമാ. പക്ഷേ എന്നേക്കാൾ സമർത്ഥയാണ് നീ. നിന്‍റെ പരിധി നീ സ്വയം മനസ്സിലാക്ക്.”

“മിസ്‌റ്റർ മോഹന ചന്ദ്രൻ” മാലിനിയുടെ സ്വരമുയർന്നു. “എനിക്കും മോഹങ്ങളുണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ അതിനു വേണ്ടി ഞാനൊരിക്കലും എന്‍റെ അന്തസ്സ് കളഞ്ഞിട്ടില്യാ.” അവൾ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി.

ആ പയ്യൻ കഴിഞ്ഞ ദിവസം വാങ്ങിയ മാല മാലിനിയുടെ പേഴ്‌സിലുണ്ട് സാറേ. അവൻ അവൾക്ക് സമ്മാനിച്ചതാ അത്.”

ഷോറൂമിലെ മറ്റൊരു പെൺകുട്ടി കമ്മത്തിനെ അറിയിച്ചതും അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഒരു മാല ഇവിടുന്ന് കളവ് പോയി മാലിനി. എല്ലാ സ്‌റ്റാഫിനേയും ഒന്നു പരിശോധിച്ചാലോ?”

“പക്ഷേ സാർ! അങ്ങനെ വരാൻ വഴിയില്യലോ? സ്‌റ്റാഫുകളെല്ലാം മാന്യരല്ലേ? പിന്നെ ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറ… ഇത്രയും നാളിനുള്ളിൽ ഇങ്ങനൊന്ന് നടന്നിട്ടില്യാലോ?”

“ചില സൂത്രക്കാര് നമ്മളെയൊക്കെ കടത്തിവെട്ടും. പരിശോധന നിന്നിൽ നിന്നുതന്നെ ആരംഭിക്കാം.” അയാൾ മാലിനിയുടെ പേഴ്‌സും വാങ്ങി കൗണ്ടറിലേക്കു നടന്നു.

“ഇതെന്താണു സാർ കാട്ടണേ?” മാലിനി പരവശയായി.

“എനിക്ക് നിശ്ചയമുണ്ട്. നീയാണ് പൊട്ടൻ കളിക്കുന്നത്. പോലീസിനെ വിളിക്കണോ അതോ നീ തന്നെ പറയുമോ ഈ മാല എവിടുന്നാണെന്ന്?”

“ഇതെനിക്ക് സമ്മാനം കിട്ടിയതാ. എന്നെ ഇഷ്‌ടപ്പെടുന്ന പുരുഷനിൽ നിന്നും. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മാല വാങ്ങിയ ചെറുപ്പക്കാരൻ എന്‍റെ ഭാവി വരനാണ്. അല്ലാതെ ഞാൻ മോഷ്‌ടിക്കില്ല്യാ. അയാളെ ഞാനിവിടെ വിളിച്ചു വരുത്താം. അയാളുടെ പക്കൽ ബില്ലുണ്ടാവും” അവൾ പൊട്ടിക്കരഞ്ഞു പോയി.

“അയാളുടെ പക്കലുള്ളത് പോട്ടെ! എന്‍റെ സമാധാനത്തിനായി നിനക്കെന്തെങ്കിലും തെളിവ് കാട്ടാനുണ്ടോ? എന്നെ അങ്ങനെ നീ വിഡ്‌ഢിയാക്കല്ലേ! ഇതിന്‍റെ വിലയെത്രയാണെന്ന് നിനക്കറിയാമോ” അയാൾ കോപം കൊണ്ടു ജ്വലിച്ചു.

“മൂന്ന് ലക്ഷം രൂപ….” മാലിനി കരച്ചിലിനിടയിൽ വിക്കി.

“മൂന്ന് ലക്ഷമല്ല, മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ. നിനക്ക് അത്യാവശ്യം സൗന്ദര്യമൊക്കെയുണ്ട്. ഏതെങ്കിലും പണക്കാരൻ ഇത്രയും വല്യസമ്മാനം തരുമോ? നിന്നെപ്പോലുള്ളവർക്ക് പത്തോ ഇരുപതിനായിരമോ വരെ ഒറ്റ രാത്രി കൊണ്ടുണ്ടാക്കാം. നിനക്ക് അതിലേറെ വിലയുണ്ടോ?”

“നിർത്തടോ! താൻ ഇനിയെന്തെങ്കിലും പറഞ്ഞാൽ വായിൽ ഒറ്റപ്പല്ലു പോലും കാണില്ല്യാ. അച്‌ഛന്‍റെ പ്രായമുണ്ടെന്നൊന്നും നോക്കില്ല” സുനിലിന്‍റെ ശബ്‌ദമായിരുന്നു.

“ഇത്തരം ഒരു മൃഗത്തിന്‍റെ കീഴിലാണ് ഇവൾ ജോലിയെടുക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എത്ര വൃത്തികെട്ട മനസ്സാണെടോ തന്‍റെ?” സുനിൽ മാലിനിയുടെ പേഴ്‌സെടുത്ത് സാധനങ്ങളെല്ലാം തിരികെ പെറുക്കിയിട്ടു. എന്നിട്ട് കമ്മത്തിനെ നോക്കി ആക്രോശിച്ചു.

“ഈ മാല ഞാനാണവൾക്ക് കൊടുത്തത്. തനിക്ക് ചുണയുണ്ടെങ്കിൽ ഇതൊന്നു തിരികെ വാങ്ങ്.”

സുനിൽ മാലിനിയേയും കൂട്ടി വണ്ടിയിൽ കയറി. ബീച്ചിലേക്കാണ് അവർ പോയത്. വിമ്മിക്കരയുന്ന അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ഇനി അച്‌ഛനെ നമ്മുടെ വിവാഹ കാര്യത്തിൽ ഇടപെടുത്തുന്നില്ല.”

“പക്ഷേ അതെങ്ങനെ ശരിയാകും?” മാലിനി സങ്കടത്തോടെ ചോദിച്ചു.

“അച്‌ഛൻ സുനിലിനെ ഏറെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ….?”

“ഇത് ഞങ്ങളുടെ ഇടയിലുള്ള പ്രശ്നമാണ്. നീ ഇതിലിടപെടേണ്ട, എന്നെയല്ലേ നീ സ്‌നേഹിക്കുന്നത്? അച്‌ഛനെയല്ലല്ലോ?”

“ഒക്കെ ശരിയാണ്. പക്ഷേ നിങ്ങളുടെ വീട്, അച്‌ഛൻ അതെല്ലാം ഉപേക്ഷിക്കാൻ പറ്റുമോ? ഒരു വീട് നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ വീട്ടുകാര്? അത് പറ്റില്യാലോ?”

“എനിക്കതൊന്നും പ്രശ്നമല്ല. ഞാൻ കുറച്ചു നാളത്തേക്ക് യൂറോപ്പിൽ പോകുകയാണ്. ചിലപ്പോൾ അവിടെ നമുക്കൊരു സെറ്റപ്പുണ്ടാക്കാൻ സാധിച്ചേക്കും. അവിടെ അച്‌ഛന്‍റെ നിഴൽ പോലുമെത്തില്ല.”

മാലിനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അച്‌ഛനിൽ നിന്നും വേർപെടുത്തിയിട്ട് സുനിലിനെ സ്വന്തമാക്കണമെന്നവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അവളുടെ സ്വപ്‌നക്കൂട്ടിൽ ആരുടേയും ദുഃഖത്തിന്‍റെ നിഴൽ വീഴരുതെന്നായിരുന്നു ആഗ്രഹം. സ്വന്തക്കാർ അകന്നു പോകുന്നതിലുള്ള ദു:ഖം അച്‌ഛനമ്മമാരുടെ മരണത്തോടെ താൻ അനുഭവിക്കുന്നതാണ്. ആ സ്‌ഥിതി മറ്റാർക്കും വരരുത്.

അങ്ങനെയിരിക്കെയാണ് സിംഗപ്പൂരിലെ ഒരു ജുവലറി ഷോപ്പിലെ മാനേജരുടെ ഒഴിവിലേക്ക് അവൾ അയച്ച അപേക്ഷയ്‌ക്ക് മറുപടിയെത്തിയത്. ഒരുപാട് ചിന്തിച്ചശേഷം അവൾ പോകാൻ തന്നെയുറച്ചു.

നാടുവിടും മുമ്പ് സുനിലിന്‍റെ അച്‌ഛനെ കാണണമെന്നവൾ തീരുമാനിച്ചു. സുനിൽ നൽകിയ സമ്മാനങ്ങളെല്ലാം എടുത്ത് അവൾ അയാളുടെ പക്കൽ ചെന്നു.

“ഇതെല്ലാം സുനിൽ എനിക്കു തന്നതാ. ഒരുപാട് വിലയൊന്നുമില്ല. 3-4 ലക്ഷമേ വരൂ. എന്‍റെ നോട്ടം 3-4 കോടിയിലായിരുന്നു. ആ മോഹം മൂലമാ ഞാൻ സുനിലിനെ വളച്ചത്. സുനിൽ വീണതല്ലേ. പക്ഷേ താങ്കൾ ഇടയ്‌ക്കു കയറി… ഞാൻ പറയുന്നത് മനസ്സിലാവണുണ്ടോ?”

“ചിലത് മനസ്സിലായി. ചിലത് തീരെ പിടിക്കുന്നില്ല.” സുനിലിന്‍റെ അചഛൻ പറഞ്ഞു.

“താങ്കൾ മകനെ ഇവിടെ നിന്നും മാറ്റിയില്ലേ? അയാൾക്ക് സ്വത്തിൽ അവകാശം കിട്ടുന്നില്ലെങ്കിൽ എന്‍റെ കാര്യമെന്താകും. അതുകൊണ്ട് ഞാനയാളെ വേണ്ടെന്നുവയ്‌ക്കുകയാണ്.”

“നീ വന്നതിന്‍റെ ഉദ്ദേശ്യം?”

“രണ്ടു കാര്യമുണ്ട്. ഒന്ന് സിംഗപ്പൂരിലെ ഒരു വ്യവസായിയെ ഞാൻ കെട്ടാൻ പോവ്വാണ്. 4-5 കോടിയിൽ കുറയാത്ത സ്വത്തുള്ളയാളാണ്. സുനിലിനെ പിരിഞ്ഞെങ്കിലും എനിക്ക് നഷ്‌ടം വന്നില്ല. രണ്ട്, നിങ്ങൾ എത്ര കൃത്യമായാണ് എന്നെ വിലയിരുത്തിയത്? അതിന് അഭിനന്ദനം.”

“ഞാൻ ഒരുപാട് അനുഭവമുള്ളവനാ. കാര്യങ്ങൾ കണ്ടാൽ വിലയിരുത്താൻ പറ്റും.”

“ഒരു കാര്യം കൂടി, താങ്കൾക്കും തോന്നും ഞാൻ നുണ പറയുകയാണെന്ന്. അങ്ങനെയുണ്ടെങ്കിൽ സിംഗപ്പൂർ എയർലൈൻസിൽ വിളിച്ചന്വേഷിച്ചോളൂ.” നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.

എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യേണ്ട യാത്രക്കാരുടെ കൂടെ തന്‍റെ പേര് വായിക്കാതിരുന്നപ്പോൾ മാലിനി പരിഭ്രമിച്ചു. ഓഫീസിനു നേർക്കു നടന്ന അവളുടെ സമീപത്തേക്ക് സുനിൽ വന്നപ്പോൾ അവൾ ഞെട്ടിപ്പോയി.

“അടുത്തയാഴ്‌ചയേ വരൂ എന്ന് പറഞ്ഞിട്ട്?” മാലിനിയുടെ ശബ്‌ദം താഴ്‌ന്നു.

“എന്നെ ഉപേക്ഷിക്കുകയാണല്ലേ?” അയാൾ മെല്ലെ ചോദിച്ചു.

“അത്… സുനിൽ…” മാലിനി പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു.

“ഞാൻ വേറെ വിവാഹം കഴിക്കുകയാണ്.”

അറിയാം, സിംഗപ്പൂരിലെ ഏതോ വ്യവസായി… അല്ലേ?”

“ആരാ ഇതു പറഞ്ഞത്” അവളുടെ സ്വരം വിറച്ചു.

“ഞാൻ തന്നെയാണ് ഇവനോടെല്ലാം പറഞ്ഞതും പെട്ടെന്ന് മടങ്ങാൻ നിർദ്ദേശിച്ചതും” സുനിലിന്‍റെ പിതാവിന്‍റെ സ്വരം കേട്ടവൾ വീണ്ടും ഞെട്ടി.

“എന്തിനാ താങ്കളെന്‍റെ സന്തോഷങ്ങൾക്കിങ്ങനെ വിലങ്ങു തടിയാവുന്നത്?”

“വിലങ്ങു തടിയായിരുന്നു. പക്ഷേ ഇപ്പോളങ്ങനെയല്ല. നീ പറഞ്ഞതു നേരാ, എനിക്ക് നല്ല നിരീക്ഷണമുണ്ട്. എന്തു ചെയ്യാം? വയസ്സാകുന്തോറും കാഴ്‌ച മങ്ങിത്തുടങ്ങി. പക്ഷേ മരുമകളെ കണ്ടെത്തുന്ന കാര്യത്തിൽ ആ കുറവ് പ്രശ്നമായില്യാ.”

“എനിക്കൊന്നും മനസ്സിലാവണില്യാ എന്താ ഇതെല്ലാം? എന്നോട് വെറുപ്പല്ലേ എല്ലാവർക്കും” മാലിനിക്ക് ഈ മാറ്റം വിശ്വസിക്കാനായില്ല.

“നീ വീട്ടിലെത്തി സ്വത്തിന്‍റെയും വഞ്ചനയുടേയും കണക്കു പറഞ്ഞപ്പോൾ ശിരസ്സ് കുനിഞ്ഞു പോയി കുട്ടി! ചിലതൊക്കെ ആലോചിച്ചു.

ഒരു പെൺകുട്ടി ആരുടെയെങ്കിലും വീട്ടിൽ വന്ന് സ്വയം താഴ്‌ത്തിക്കെട്ടി സംസാരിക്കണമെങ്കിൽ അവൾ ശ്രേഷ്‌ഠ തന്നെയായിരിക്കണം. സുനിൽ എങ്ങനെയെങ്കിലും നിന്നെ വെറുക്കാൻ വേണ്ടിയാണ് നീ അത്രയും പറഞ്ഞതെന്നെനിക്ക് മനസ്സിലായി.

നിന്‍റെ വീട്ടിലേക്ക് ഫോൺ ചെയ്‌തു കാര്യങ്ങളെല്ലാം ഞാൻ മനസ്സിലാക്കുകയും ചെയ്‌തു. നിന്‍റെ മനസ്സ് എത്രയോ വലുതാണ് മോളേ, നിന്‍റെ മനസ്സ് മാത്രമല്ല മറ്റുള്ളവരുടെ മനസ്സ് കൂടി നീ മനസ്സിലാക്കി. ഞാൻ സ്വാർത്ഥത കൊണ്ട് അന്ധനായിപ്പോയി.”

“അച്ഛാ…” മാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മോഹന ചന്ദ്രൻ അവളെ സ്‌നേഹത്തോടെ ആശ്ലേഷിച്ചു. തുളുമ്പുന്ന കണ്ണീരിനിടയിലൂടെ സന്തോഷവാനായി നിന്നിരുന്ന സുനിലിനെ നോക്കി അവൾ പുഞ്ചിരിച്ചു.

പുസ്‌തകം വിൽക്കുന്ന പെൺകുട്ടി

കടയിൽ കസ്‌റ്റമർ ഇല്ലെങ്കിൽ ആ പെൺകുട്ടി സെയിൽസ് കൗണ്ടറിൽ എന്തെങ്കിലും പുസ്‌തകം വായിച്ചിരിക്കുന്നുണ്ടാകും. പുസ്‌തക കടയിൽ വരുന്നവരിൽ ഭൂരിഭാഗവും പുസ്‌തകങ്ങൾ മറിച്ചു നോക്കി ഇറങ്ങിപ്പോകുന്നവരാണ്. വായനക്കാർ ഷെൽഫുകളിൽ ഭംഗിയായി അടുക്കി വച്ച പുസ്‌തകങ്ങൾ ഇളക്കിയെടുത്തും പേജുകൾ മറിച്ചു നോക്കിയും പോകുമ്പോൾ, അവയുടെ സ്‌ഥാനം തെറ്റിയിട്ടുണ്ടാകും.

കസ്‌റ്റമർ മടങ്ങിപ്പോയി കഴിഞ്ഞാൽ പിന്നെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയുടെ ജോലി തുടങ്ങും. പുസ്‌തകങ്ങളെല്ലാം യഥാസ്‌ഥാനത്ത് ഒതുക്കി വയ്‌ക്കണം. ഇനി ആരെങ്കിലും പുസ്‌തകം വാങ്ങിയാൽ അതിന്‍റെ ബിൽ കൊടുത്ത് പുസ്‌തകം പൊതിഞ്ഞു കൊടുത്ത ശേഷം വീണ്ടും അവൾ വായനയിലേക്ക് പോകും.

സത്യൻ അവിടെ ചെല്ലുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ ആ പെൺകുട്ടിയെ തേടും. അവൾ ഒട്ടും കൃത്രിമമല്ലാത്ത ചിരി സമ്മാനിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പുതിയ ടൈറ്റിലുകളെ കുറിച്ച് വിശദമായി പറയാനാരംഭിക്കും. അവയെല്ലാം അപ്പോഴേക്കും മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ടാകും.

ഏതു പുസ്‌തകത്തിന്‍റേയും ഉള്ളടക്കവും എഴുത്തുകാരനും എല്ലാം അവൾക്ക് കാണാപ്പാഠമാണ്. വിവാദമായ പുസ്‌തകങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചായിരിക്കും സംസാരത്തിന്‍റെ തുടക്കം.

പുസ്‌തകങ്ങളെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് ഒക്കെ ഉള്ള ആ പെൺകുട്ടിയുടെ അറിവും വാചാലതയും സത്യനെ ആകർഷിച്ചു. അതുകൊണ്ട് ഒരു പുസ്‌തകം തേടി മറ്റ് പുസ്‌തകക്കടകളിൽ പോകും മുമ്പ് ഇവിടെത്തന്നെയെത്തും. ഇവിടെ ഇല്ലെങ്കിൽ മാത്രമേ മറ്റൊരിടത്ത് അന്വേഷിക്കാറുള്ളൂ. മാസത്തിലൊരിക്കലെങ്കിലും ആ പുസ്‌തകശാല സത്യൻ സന്ദർശിക്കുന്നത് പതിവാണ്. വീട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ് ഈ പുസ്‌തക കട.

ജീവിതത്തിൽ ചില അസ്വസ്‌ഥതകളോ ബോറടികളോ തോന്നുമ്പോഴാണ് സത്യൻ ഈ പുസ്‌തകക്കടയിലേക്ക് വരിക. ഏതാനും മണിക്കൂർ അവിടെ ചെലവഴിച്ചു കഴിയുമ്പോഴേക്കും അയാളുടെ മനസ്സ് തെളിഞ്ഞ ആകാശം പോലെയാകും.

കഴിഞ്ഞ പത്തുവർഷമായി നഗരത്തിൽ താമസിക്കുന്ന സത്യന് ഈ കട ഒരു ശീലമായപ്പോൾ, കടയുടമസ്‌ഥനും സന്തോഷമായി. ഒരു സ്‌ഥിരം കസ്‌റ്റമറെ കിട്ടിയതിൽ. അതുകൊണ്ട് സത്യന് എപ്പോഴും ഡിസ്‌കൗണ്ട് ഉണ്ടാകും.

കടയിലെ ആ പെൺകുട്ടി സുന്ദരിയാണ്. വളരെ ലാളിത്യമുള്ള വസ്‌ത്രധാരണം, അവളുടെ സൗന്ദര്യം അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയാണെന്ന് സത്യന് തോന്നാറുണ്ട്.

കഴിഞ്ഞ നാലുവർഷമായി ആ പെൺകുട്ടിയെ ആ കടയിൽ കാണാൻ തുടങ്ങിയിട്ട്. സത്യൻ ഓർത്തു. അവൾ ഒരു പുസ്‌തക പ്രേമി ആയിരിക്കണം. അതുകൊണ്ടാവും തുച്‌ഛമായ ശമ്പളത്തിൽ അവിടെത്തന്നെ തുടരുന്നത്.

അന്ന് ഞായറാഴ്‌ചയായിരുന്നു. സത്യൻ ആ ദിവസം എങ്ങും പോവില്ല. വീട്ടിൽ വരുത്തുന്ന ഇംഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും മുഴുവൻ വായിക്കാൻ കിട്ടുന്ന സമയമാണ്. ഓഫീസ് ദിനങ്ങളിൽ പത്ര വായന കുറവാണ്. തലക്കെട്ടുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തും. പ്രധാന പേജിലെ വാർത്തകൾ വായിക്കും. തീർന്നു പത്രം വായന. പക്ഷേ അവധി ദിവസങ്ങളിൽ വായനയുടെ ഉത്സവം ആഘോഷിക്കണം സത്യന്.

മലയാളം പത്രത്തിലെ പ്രധാന താളിൽ വന്ന ഒരു ചിത്രത്തിൽ സത്യന്‍റെ കണ്ണുടക്കി. അയാൾ അദ്‌ഭുതപ്പെട്ടുപോയി. പുസ്‌തകക്കടയിലെ പെൺകുട്ടി!

ആ പെൺകുട്ടി വിവാഹവസ്‌ത്രത്തിലായിരുന്നു. ഭർത്താവായ യുവാവിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ. പുസ്‌തകശാലയിൽ വന്ന പരിചയമായിരിക്കണം. ബുക്ക് ഷോപ്പിന്‍റെ ഉടമസ്‌ഥന്‍റെ ബന്ധുവോ മറ്റോ ആണോ?

സത്യൻ ആ വാർത്ത പ്രത്യേക താൽപര്യത്തോടെ വായിച്ചു. അവളുടെ ഭർത്താവ് എച്ച്‌ഐവി പോസിറ്റീവ് ആണ്. അതാണ് വാർത്തയുടെ പ്രാധാന്യം. എച്ച്‌ഐവി ബാധിതനായ ഒരു വ്യക്‌തിയെ വിവാഹം ചെയ്യുക വഴി ആ പെൺകുട്ടി ചെയ്‌തത് എത്ര വലിയ ത്യാഗമാണ്.

എയ്‌ഡ്‌സ് രോഗികളെ സമൂഹം വെറുക്കരുത്. അവരേയും സ്‌നേഹിക്കൂ എന്ന സന്ദേശത്തോടെ ഒരു എൻജിഒയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഈ യുവമിഥുനങ്ങൾ.

ആ പെൺകുട്ടിയെ അമ്പതു തവണയെങ്കിലും കണ്ടിട്ടുണ്ടാകും. അപ്പോഴൊക്കെ സൗഹൃദ സംഭാഷണത്തില്‍ ഏർപ്പെട്ടിട്ടുമുണ്ട്. പക്ഷേ ആ സംഭാഷണമെല്ലാം തന്നെ പുസ്‌തകങ്ങളേയും എഴുത്തുകാരേയും കുറിച്ചായിരുന്നു. അവളെക്കുറിച്ച് മറ്റൊന്നും അതിനാൽ അറിയുകയുമില്ലായിരുന്നു. അവളുടെ പേരു പോലും! എങ്കിലും ഈ മൂന്നു വർഷം കൊണ്ട് അയാളുടെ മനസ്സിൽ അവളുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ആ സങ്കൽപത്തിൽ നിന്നും എത്രയോ വിഭിന്നമാണ്

ഇപ്പോൾ അവളെക്കുറിച്ച് ഉണ്ടായിരിക്കുന്നത്. അനസൂയ എന്നാണ് ആ പെൺകുട്ടിയുടെ പേര്.

കഴിഞ്ഞ പത്തിരുപത് ദിവസമായിട്ട് സത്യൻ ആ പുസ്‌തകക്കട സന്ദർശിച്ചിട്ടില്ല. ഇതിനിടയിലായിരിക്കും അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുക. കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ വിവാഹിതരായ സ്‌ത്രീകളെ പോലെ നെറ്റിയിൽ കുങ്കുമമണിഞ്ഞ് കണ്ടില്ല. അവൾ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം. അല്ലെങ്കിൽ ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം ചെയ്യാൻ അച്‌ഛനമ്മമാർ അനുവദിക്കുമോ?

പക്ഷേ ആ അഭിമുഖത്തിൽ അവൾ വളരെ വ്യത്യസ്‌തമായാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പുസ്‌തകക്കടയിൽ കൂടെക്കൂടെ വരാറുണ്ടായിരുന്നുവത്രേ അയാൾ. അങ്ങനെയാണ് അവൾ അയാളെ പരിചയപ്പെട്ടത്. ആ കണ്ടുമുട്ടൽ രണ്ടുപേരിലും പ്രണയം നിറച്ചു. തന്‍റെ സ്‌നേഹം തുറന്നു പറഞ്ഞതിനൊപ്പം അയാൾ മറ്റൊന്നു കൂടി തുറന്നു പറഞ്ഞു. എച്ച്‌ഐവി ബാധിതനാണ് എന്ന സത്യം. അനസൂയയെ സ്‌നേഹിക്കുന്നുവെന്നും താൻ എച്ച്‌ഐവി ബാധിതനായതിനാൽ നിരസിച്ചാലും വിഷമമില്ലെന്നും അയാൾ പറഞ്ഞത്രേ.

എന്നാൽ ആ പ്രണയം നിരാകരിക്കുവാനുള്ള മനോബലം അനസൂയയ്‌ക്കില്ലായിരുന്നു. അയാൾ അവളെ പ്രൊപ്പോസ് ചെയ്‌തപ്പോഴേ അവൾക്ക് അയാളോട് ഇഷ്‌ടം തോന്നിയിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അടുപ്പം അവളുടെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നിരുന്നു. അതുകൊണ്ട് അയാളുടെ പ്രേമത്തെ അവൾ സ്വീകരിച്ചു.

എച്ച്‌ഐവി ബാധിതനായതിനാൽ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു അയാൾ. കൃത്യമായി മരുന്നു കഴിക്കുന്നതിൽ അയാൾ ബന്ധശ്രദ്ധനായിരുന്നു. തന്‍റെ ഭർത്താവിന് അസുഖം മാറുമെന്ന് അനസൂയയ്‌ക്ക് ഉറപ്പുണ്ട്. ശുഭ പ്രതീക്ഷയിലാണ് അവളുടെ മനസ്സ്.

സത്യന് അതൊന്നും ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല. ആ പെൺകുട്ടി ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം കഴിച്ച് ജീവിക്കുന്നത് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.

മുറിയിൽ അതികഠിനമായ ചൂടുണ്ട്. അകത്ത് ഫാനിട്ടാലും ഇരിക്കാൻ വയ്യ. മനസ്സിലും ആകെ ഒരു അരുതായ്‌ക. സത്യൻ നാലുമണിയായപ്പോൾ തന്നെ പുറത്തേയ്‌ക്കിറങ്ങി. അയാൾ ബുക്ക്‌ഷോപ്പിലേക്കു തന്നെയാണ് നടന്നത്. ഒരാഴ്‌ച മുമ്പാണ് അവളുടെ വിവാഹം കഴിഞ്ഞതെങ്കിൽ ഷോപ്പിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ജോലിയും ഉപേക്ഷിച്ചിട്ടുണ്ടാകും.

പക്ഷേ, കടയിൽ ചെന്നപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു. അവൾ അവിടെയുണ്ട്. കൗണ്ടറിൽ പുസ്‌തകം വായിച്ചിരിക്കുന്നു! കൈകളിൽ നിറയെ വളകളണിഞ്ഞിട്ടുണ്ട്. നെറ്റിയിൽ സിന്ദൂരവും.

അയാൾ അവളുടെ അടുത്തേക്ക് ചെന്നു. “കൺഗ്രാജുലേഷൻസ്.. തന്‍റെ വിവാഹകാര്യം ഇന്നത്തെ പത്രത്തിലൂടെ വായിച്ചറിഞ്ഞു.”

വായിച്ചു കൊണ്ടിരുന്ന പുസ്‌തകം മടക്കി വച്ച് അവൾ എഴുന്നേറ്റ് പതിവ് പുഞ്ചിരി സമ്മാനിച്ച് സന്തോഷഭരിതമായ ശബ്‌ദത്തിൽ താങ്ക്‌യൂ എന്ന് പറഞ്ഞതും സത്യനെ വളരെ സ്‌പർശിച്ചു.

കടയിൽ ഒന്നോ രണ്ടോ കസ്‌റ്റമേഴ്‌സ് മാത്രമേ അപ്പോഴുള്ളൂ. അനസൂയയെ കൂടാതെ രണ്ടു ജോലിക്കാർ കൂടി ആ കടയിലുണ്ട്.

“അനസൂയ തന്‍റെ നടപടി വളരെ ധീരമാണ്. എന്നാൽ റിസ്‌കിയുമാണ്. വീട്ടുകാർ സമ്മതിച്ചാണോ ഈ കല്യാണം?”

വീട്ടുകാരുടെ കാര്യം കേട്ടതോടെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

“എന്‍റെ അച്‌ഛനമ്മമാരെ ഒരിക്കലും കൺവീൻസ് ചെയ്യാൻ പറ്റില്ല, സർ.. അവർക്ക് നല്ല ദേഷ്യമുണ്ട്. എന്നാൽ നവീൻ എച്ച്‌ഐവി പോസിറ്റീവ് ആയതുകൊണ്ടല്ല, എന്‍റെ രണ്ടാം വിവാഹം ആയതുകൊണ്ടാണ്. നവീനിനെ വിവാഹം ചെയ്യാനായി എനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു.”

അവൾ പറഞ്ഞ ആ ജീവിത സത്യം, പത്രത്താളുകളിൽ സത്യൻ കണ്ടിരുന്നില്ല. അനസൂയയെക്കുറിച്ച് എന്തൊക്കെയോ അറിയാമെന്നായിരുന്നു സത്യന്‍റെ ഇതുവരെയുള്ള ധാരണ. എന്നാൽ അറിയുന്നതിലും കൂടുൽ അറിയാത്തതുണ്ടെന്ന് അയാൾക്കു മനസ്സിലായി.

“താൻ വിവാഹിതയായിരുന്നുവെന്നോ! അവിശ്വസനീയം.”

“അതേ, ഞാൻ നേരത്തെ വിവാഹിതയായിരുന്നു. എന്‍റെ അച്‌ഛൻ ഒരു സ്‌ക്കൂൾ അധ്യാപകനായിരുന്നു. മൂന്നു പെൺമക്കളും രണ്ടാൺമക്കളും ചേർന്ന കുടുംബം. വീട്ടിൽ ഞാനാണ് മൂത്തത്. ഡിഗ്രി പൂർത്തിയായ ഉടൻ എന്നെ വിവാഹം കഴിപ്പിച്ചു. അപ്പോൾ എനിക്ക് ആ വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. പഠിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഭർതൃവീട്ടുകാർ അനുവദിച്ചാൽ പഠിച്ചോളൂ എന്നായിരുന്നു അച്‌ഛന്‍റെ ഉപദേശം. പക്ഷേ എന്‍റെ ഭർത്താവ് മദ്യപാനിയായിരുന്നു. അമ്മായിയച്‌ഛനും അമ്മായിയമ്മയും മുൻകോപികളും അത്യാർത്തിക്കാരുമായിരുന്നു. ഭർത്താവ് ദിവസേന മദ്യപിച്ച് വന്ന് എന്നെ തല്ലും. സ്‌ത്രീധനത്തിന്‍റെ പേരിലും എന്‍റെ ഇൻലോസ് എന്നെ ഉപദ്രവിച്ചു. എന്‍റെ കുടുംബത്തിന്, ഭർതൃവീട്ടുകാരുടെ അത്യാഗ്രഹം അടക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഉപദ്രവം അസഹനീയമായപ്പോൾ ഞാൻ ആ വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോന്നു.”

ഒരു കസ്‌റ്റമർ പുസ്‌തകം ബിൽ ചെയ്യിക്കാനായി വന്നപ്പോൾ അവൾ പെട്ടെന്ന് സംസാരം നിർത്തി. അയാൾ ഡിസ്‌കൗണ്ട് ചോദിച്ചതിനാൽ 10 ശതമാനം വിലയിളവ് നൽകി അനസൂയ ബിൽ അടിച്ചു കൊടുത്തു. പുസ്‌തകം കവറിലാക്കി കൊടുത്ത്, കസ്‌റ്റമർ പോയ ശേഷം അവൾ സംസാരം പുനരാരംഭിച്ചു.

“പക്ഷേ, എന്‍റെ വീട്ടുകാർ എന്നെ സ്വീകരിച്ചില്ല. വിവാഹം ചെയ്‌തയച്ചതോടെ പിതാവിന്‍റെ ഉത്തരവാദിത്തം തീർന്നത്രേ. ഈ മകൾ ഇനി ആ കുടുംബത്തിലേതല്ല എന്ന് അച്‌ഛൻ തീർത്തു പറഞ്ഞു. എന്‍റെ വിധി ഞാൻ സ്വീകരിക്കണമെന്നാണ് അവരുടെ നിലപാട്. വിവാഹം കഴിപ്പിച്ചയച്ചതോടെ ഒരു ഭാരം ഒഴിഞ്ഞു എന്നു കരുതിയ അച്‌ഛന് ഞാൻ തിരിച്ചു വന്നത് ഒട്ടും ഇഷ്‌ടമായില്ല. അതുകൊണ്ട് ഞാൻ എന്‍റെ വീടും ഉപേക്ഷിച്ചു. എന്‍റെ കൂട്ടുകാരി നഗരത്തിലൊരു ഹോസ്‌റ്റലിൽ ഉണ്ടായിരുന്നു. അവൾ മുഖേന ഈ ബുക്ക് ഷോപ്പിൽ ജോലി കിട്ടി. ഹോസ്‌റ്റലിൽ താമസിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ നവീന്‍റെ വീട്ടിലേക്ക് മാറി.

28 വയസ്സേ ഉള്ളൂ അനസൂയയ്‌ക്ക്. ഇരുപത്തൊന്നാം വയസ്സിലെ ആദ്യവിവാഹത്തിന്‍റെ പീഡനാനുഭവങ്ങൾ ഏഴ് വർഷത്തോളം ആ പെൺകുട്ടി കൊണ്ടു നടന്നു. സത്യന് അവളോട് അതിയായ ബഹുമാനം തോന്നി.

“രണ്ട് വർഷം മുമ്പാണ് ഞാൻ നവീനെ കണ്ടുമുട്ടിയത്. ഈ കാലയളവിൽ ഞങ്ങൾ ധാരാളം സംസാരിച്ചു, മനസ്സിലാക്കി, അദ്ദേഹം എച്ച്‌ഐവി പോസിറ്റീവാണെങ്കിലും സ്‌നേഹസമ്പന്നനാണ്.എന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്നു. അതുമാത്രമാണ് എനിക്കു വേണ്ടത്.” നിറഞ്ഞ കണ്ണുകൾ മറച്ചുപിടിക്കാതെ അനസൂയ തുടർന്നു. ആ കണ്ണുകളിൽ നിന്ന് സ്‌നേഹഗംഗയാണ് പ്രവഹിക്കുന്നതെന്ന് എനിക്ക് തോന്നി.

“എയ്‌ഡ്‌സിന് താമസിയാതെ മരുന്നു ഫലപ്രദമാവുമെന്നാണ് എന്‍റെ പ്രതീക്ഷ. ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടല്ലോ. അദ്ദേഹം രോഗ വിമുക്‌തനാകും. ഇനി അതിനു സാധിച്ചില്ലെങ്കിലും ഞാൻ ദുഃഖിക്കില്ല. മുൻ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നതെങ്കിൽ, എപ്പോഴും ഞാൻ ദുഃഖിതയായി കഴിയേണ്ടി വരുമായിരുന്നു.”

“നവീനിന്‍റെ സ്‌നേഹം എന്‍റെ ജീവിതത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. ജീവിതത്തിന് ഇതുവരെ കിട്ടാത്ത സൗന്ദര്യം, ഏതാനും ദിവസങ്ങൾ കൊണ്ട് നവീൻ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു.”

സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. ഒരു കാർ ബുക്ക്‌ഷോപ്പിന് മുന്നിൽ വന്നു നിന്നു. അനസൂയ പുഞ്ചിരിച്ചു. അവൾ ഷോപ്പിലെ മറ്റു ജീവനക്കാരോട് എന്തോ പറഞ്ഞു. എന്നിട്ട് കാറിനു നേർക്കു നടന്നു. നവീൻ അവളെ കാത്ത് കാറിലുണ്ടായിരുന്നു. വൈകുന്നേരം എവിടേയോ പോകാനുള്ള പരിപാടിയാണ്.

കാർ കണ്ണിൽ നിന്ന് മായുന്നതുവരെ സത്യൻ നോക്കി നിന്നു. അപ്പോൾ അയാളുടെ മനസ്സിൽ സ്‌നേഹത്തിന്‍റെ ചൂട് അനുഭവപ്പെട്ടു.

സാഗരസംഗമം ഭാഗം- 30

എന്‍റെ സാരംഗിയെ തിരികെ നൽകാൻ മാഡത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അതോടെ അരുണിന്‍റെ ദുഃഖഭാവം അകന്നു. അവനിൽ കൂടുതൽ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാൻ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“അപ്പോൾ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്‍റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികൾ ശീലിച്ചിരിക്കുന്നു…”

“സോറി മാഡം… ഞാൻ…” അരുൺ ലജ്ജയാൽ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.

“സാരമില്ല… എല്ലാം ഞാൻ അരുന്ധതിയോടു പറഞ്ഞോളാം. എന്‍റെ രാഹുൽ മോന്‍റെ കാര്യത്തിൽ ഞങ്ങൾക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല നീയിന്ന് എന്‍റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങൾ ആർഭാടമായിത്തന്നെ നടത്തും…” ഞാൻ പറഞ്ഞു.

എന്‍റെ വാക്കുകളിൽ ഏതോ നഷ്ടബോധത്തിന്‍റെ ഒളിമിന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുൽ മോൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ അവന്‍റെ വിവാഹം അവന്‍റെ പ്രണയിനിയുമായി ഞങ്ങൾക്കു നടത്താൻ കഴിഞ്ഞേനെ എന്ന നഷ്ടബോധം… എന്നാലിന്നവർ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.

ജീവിച്ചിരിക്കുന്ന അവന്‍റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ… ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാൻ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ അരുണിനോടു ചോദിച്ചു.

“അരുൺ… നിന്‍റെ കൈയ്യിൽ രാഹുൽ സ്നേഹിച്ച ആ പെൺകുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്…”

“ആ ഫോട്ടോ എന്‍റെ കൈയ്യിൽ ഉണ്ടായിരുന്നു മാഡം… എന്നാലിപ്പോൾ കൈവശമില്ല… ഞാൻ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.

അരുണിന്‍റെ വാക്കുകൾക്കു മുന്നിൽ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്‍റെ ഓർമ്മകൾ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാൻ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോൾ ഉണരേണ്ടതല്ലേ?

ഞാൻ മൗനാനുവാദം നൽകിയതോടെ അരുൺ മുകളിലെ ബർത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സിൽ അസ്വാസ്‌ഥ്യം കൂടുകൂട്ടി.

മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകൾ. ഓർമ്മയുടെ നേർത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.

യാത്രയ്ക്കിടയിൽ നരേട്ടനും രാഹുൽമോനും പറയുന്ന തമാശകൾ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുൽ മോൻ പറയുമായിരുന്നു.

“മമ്മീ… മമ്മിയ്ക്ക് യാത്രകൾ ഹരമാണല്ലേ… അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ മമ്മി കൂടുതൽ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ…” അവന്‍റെ കോംപ്ലിമെൻറ്സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാൻ. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടൻ പറയുമായിരുന്നു.

“നിങ്ങൾക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങൾക്കിപ്പോൾ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.

“ശരിയാണ് ഡാഡീ… ഞാൻ അതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പോവുകയാണ്. ഞങ്ങളെ വീണ്ടും കുട്ടികളാക്കണേ എന്ന്. നിഷ്ക്കളങ്കരായ കുട്ടികൾ…” എന്നിട്ടവൻ കൈകൾക്കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകും.

അവന്‍റെ അന്നത്തെ പ്രാർത്ഥനകൾ ദൈവം കൈകൊണ്ടു കാണുമോ? മറ്റൊരു ജന്മം നൽകി, ഒരു ശിശുവായി അവനെ പുനർജ്ജനിപ്പിക്കുവാനായി ദൈവം അവനെ വിളിച്ചു കൊണ്ടു പോയതായിരിക്കുമോ? ആവോ അറിയില്ല. ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും കോണിൽ ഒരു ശിശുവായി അവൻ പുനർജജനിച്ചിട്ടുണ്ടാവാം. എന്നെപ്പോലെ ഏതെങ്കിലും അമ്മയുടെ മടിത്തട്ടിലിരുന്ന് അവൻ നിഷ്ക്കളങ്കമായി പുഞ്ചിരി പൊഴിക്കുന്നുണ്ടാവാം…

തണുപ്പിന്‍റെ അലകൾ ശരീരത്തെ പൊതിയാൻ തുടങ്ങിയപ്പോൾ റെയിൽവേയുടെ വെള്ളപ്പുതപ്പെടുത്ത് മൂടിപ്പുതച്ചു. ചിന്തകളുടെ കടന്നാക്രമണത്തിൽ നിന്നും മോചനം കിട്ടുവാനായി കണ്ണുകളിറുക്കിപ്പൂട്ടി ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നെ നാമജപങ്ങളുരുവിട്ട് കണ്ണടച്ച് കിടന്നപ്പോൾ മെല്ലെ മെല്ലെ ഉറക്കം കൺപോളകളെ തഴുകിയെത്തി.

പുലരിയുടെ നേർത്ത വെളിച്ചം ജനലിലൂടെ ശരീരത്തിൽ പതിച്ചപ്പോൾ ഞാൻ കണ്ണുതുറന്നു. ഏതോ സ്റ്റേഷനിൽ വണ്ടിയെത്തി നിൽക്കുന്നു. ഒരു പുതിയ പ്രഭാതത്തിന്‍റെ ജീവസുറ്റ ചലനങ്ങൾ കണ്ണുകളേയും കാതുകളേയും കുളിർപ്പിച്ചു കൊണ്ട് റയിൽവേ സ്റ്റേഷനിൽ മുഴങ്ങിക്കേൾക്കുന്നു. അരുൺ മുകളിലെ ബർത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

“നമുക്കിറങ്ങേണ്ടിടമായി മാഡം…” അരുൺ ലഗ്ഗേജുകൾ ഓരോന്നായി കൈയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

അരുണിനു പുറകേ നടന്ന് കംപാർട്ടുമെന്‍റിനു പുറത്തു കടന്നപ്പോൾ മുഗൾ സരായ് ജംഗ്ഷൻ എന്ന ബോർഡു കണ്ടു. രാത്രിയുടെ അന്ത്യയാമത്തിൽ മിക്കവാറും ചലനരഹിതവും മൂകവും, വിജനവുമായ സ്റ്റേഷൻ പരിസരം പിന്നിട്ട് ഞങ്ങൾ നടന്നു.

വെറും നിലത്ത് സ്റ്റേഷനിൽ നിരനിരയായി ഉറങ്ങിക്കിടക്കുന്നവരെ കാലുകൊണ്ടു ചവിട്ടാതെ പുറത്തു കടക്കുമ്പോൾ കണ്ടു, പുറത്ത് പ്രഭാതത്തിന്‍റെ ആദ്യകിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങുന്നതേയുള്ളൂ. ഇരുളും, വെളിച്ചവും ഒളിച്ചു കളി നടത്തുന്ന നടപ്പാതയിലൂടെ സ്റ്റേഷനു പുറത്തെത്തിയപ്പോൾ അരുൺ പറഞ്ഞു.

“നമുക്ക് ഒരു ഓട്ടോ പിടിച്ച് വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കും, ദശാശ്വമേധഘട്ടിലേയ്ക്കും പോകാം. ദശാശ്വമേധഘട്ടിൽ ചെന്നാൽ മാഡത്തിന് സൂര്യോദയം കാണുകയും ബലിയിടൽ പോലുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്യാം.

“ഞാൻ സമ്മതം സൂചിപ്പിക്കും പോലെ അരുണിനെ നോക്കി. എന്നിട്ടു പറഞ്ഞു. അരുൺ ഓട്ടോ വിളിച്ചോളൂ… ഞാൻ ഇവിടെ കാത്തുനിൽക്കാം.”

സ്റ്റേഷനരികിൽ ലഗ്ഗേജുമായി ഞാൻ മാറി നിന്നപ്പോൾ അരുൺ അൽപം ദൂരെ റോഡരികിൽ നിന്നും ഓട്ടോ വിളിച്ചു കൊണ്ടു വന്നു.

ലഗ്ഗേജ് എടുത്ത് ഓട്ടോയിൽ വച്ച് അരുൺ ആദ്യം കയറി. പിന്നീട് എന്‍റെ കൈപിടിച്ച് ഓട്ടോയിൽ കയറാൻ സഹായിച്ചു. തുടർച്ചയായുള്ള യാത്രകൾ എന്നെ ക്ഷീണിതയാക്കിയിരുന്നു. അരുൺ അത് മനസ്സിലാക്കി എന്നെ സഹായിക്കുകയായിരുന്നു.

കാറുകളും, ബൈക്കുകളും, ഓട്ടോറിക്ഷകളും, പഴയ രീതിയിലുള്ള റിക്ഷാവണ്ടികളും റോഡിൽ നിറഞ്ഞു കവിഞ്ഞിരുന്നു. അതിപുരാതനമായ ആ നഗരത്തിലൂടെ ഞങ്ങളുടെ ഓട്ടോ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇതിനെല്ലാമിടയിലൂടെ നടന്നു നീങ്ങുന്ന ധാരാളം പശുക്കളേയും കാളകളേയും കണ്ടു. അതുകണ്ട് ഞാനത്ഭുതപ്പെട്ടപ്പോൾ അരുൺ പറഞ്ഞു.

“ഇവിടുത്തെ ജനങ്ങൾ ഗോപൂജ നടത്താറുണ്ട് മാഡം. മിക്കവാറും എല്ലാത്തരം മൃഗങ്ങളേയും പക്ഷികളേയും ആരാധനാ മനോഭാവത്തോടെ കാണുന്ന ഹിന്ദുക്കൾ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ് വാരണാസി.”

ഒടുവിൽ ഞങ്ങളുടെ ഓട്ടോ ആ പ്രസിദ്ധമായ ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേർന്നു. വലിയ താഴികക്കുടങ്ങളോടു കൂടിയ ആ ക്ഷേത്രത്തിനുള്ളിൽ വിശ്വനാഥനായ ശിവന്‍റെ ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.

“ഇവിടെക്കയറി തൊഴുത ശേഷം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം മാഡം. അതല്ലേ നല്ലത്?” അരുൺ ചോദിച്ചു.

“അല്ല അരുൺ… ആദ്യം നമുക്ക് ദശാശ്വമേധഘട്ടിലേയ്ക്കു പോകാം. അവിടെ സൂര്യോദയം കണ്ട് ഗംഗയിൽ മുങ്ങിക്കുളിച്ച്, ബലികർമ്മങ്ങൾ ചെയ്‌ത് ചിതാഭസ്മ നിമഞ്ജനവും ചെയ്‌തശേഷം വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം…”

തന്‍റെ മറുപടി കേട്ട് അരുൺ പറഞ്ഞു. “മാഡം പറഞ്ഞതാണ് ശരി. കാരണം കുളി കഴിഞ്ഞ ശേഷമേ ക്ഷേത്രത്തിൽ കയറാൻ പാടുള്ളൂ എന്ന കാര്യവും ഞാൻ മറന്നു പോയി. പിന്നെ ബലികർമ്മങ്ങൾ ചെയ്ത ശേഷം ഉടൻ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന് എന്‍റെ മുത്തശ്ശി പണ്ടെന്നോ പറഞ്ഞിട്ടുള്ളത് ഇപ്പോഴെനിയ്ക്ക് ഓർമ്മ വരുന്നു. അതുകൊണ്ട് വൈകുന്നേരമോ നാളെയോ നമുക്ക് ക്ഷേത്രത്തിലെത്തി തൊഴാം. സോറി മാഡം? എന്‍റെ അറിവില്ലായ്മ മാഡം ക്ഷമിക്കണം.”

“സാരമില്ല അരുൺ… വർഷങ്ങളായി നോർത്തിന്ത്യയിൽ ജീവിക്കുന്നതു കൊണ്ടാണ് അരുൺ ഇതൊന്നുമറിയാതെ പോയത്.”

ഞാൻ അരുണിനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പിന്നെ ദശാശ്വമേധഘട്ടിലേയ്ക്ക് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കു വച്ച് അൽപം ആത്മനിന്ദയോടെ അരുൺ പറഞ്ഞു.

“ഞാൻ കേരളത്തേയും അതിന്‍റെ സംസ്കാരത്തേയും കുറിച്ച് കൂടുതലറിയേണ്ടതായിരുന്നു മാഡം. ഒരു കേരളീയനായി മാത്രം എനിക്കു ജനിക്കാൻ കഴിഞ്ഞില്ലല്ലോ. കേരളത്തിൽ വളരാൻ കഴിഞ്ഞില്ലല്ലോ. അതോർത്തിട്ടിപ്പോൾ എനിക്ക് കുണ്ഠിതം തോന്നുന്നു.”

“സാരമില്ല അരുൺ… അരുൺ ജനിച്ചതും ജീവിച്ചതും രണ്ടു ഭിന്ന സംസ്കാരങ്ങളുടെ ഇടയില്ലല്ലെ. അതോർത്ത് അഭിമാനിക്കുകയല്ലെ വേണ്ടത്? ഓരോ സംസ്കാരത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട് അരുൺ.”

എന്നിലെ അദ്ധ്യാപിക അപ്പോഴേയ്ക്കും ഉണർന്നു കഴിഞ്ഞിരുന്നു. ഒരദ്ധ്യാപികയെപ്പോലെ ഞാൻ വാചാലയാകുന്നതു കണ്ട് അരുൺ ചിരിച്ചു കൊണ്ട് പ്രതിഷേധിച്ചു. “എനിക്കെന്‍റെ പഴയ അമ്മയെത്തന്നെ മതി. അദ്ധ്യാപികയാകുമ്പോൾ മാഡം വല്ലാതെ ഗൗരവക്കാരിയാകുന്നു.”

“ശരി… ശരി… ഞാനിനി അരുണിന്‍റെ മുമ്പിൽ പഴയ അമ്മ തന്നെയാകാം. അതുപക്ഷെ കോളേജിലെത്തുമ്പോൾ പറ്റില്ലല്ലോ. അവിടെ ഞാൻ അദ്ധ്യാപികയും അരുൺ എന്‍റെ സ്റ്റുഡന്‍റുമായിരിക്കുമല്ലൊ.” അതുകേട്ട്, അരുൺ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.

ഞങ്ങളുടെ യാത്ര ദശാശ്വമേധഘട്ടിൽ അവസാനിച്ചു. ദശാശ്വമേധഘട്ടിലെ പടവുകളുടെ മുകൾത്തട്ടിൽ നിന്നു കൊണ്ട് ഞങ്ങൾ ആ കാഴ്ച കണ്ടു.

അക്കരെ ഗംഗാ നദിയിൽ ഉദിച്ചുയരുന്ന സൂര്യബിംബം. ചുറ്റിലും രക്‌തഛവി പരത്തി മെല്ലെ മെല്ലെ ഉദിച്ചുയരുന്ന ആ സൂര്യബിംബം ഒരസാധാരണ കാഴ്ചയായിരുന്നു. സൂര്യന്‍റെ പൊൻകതിരുകൾ ഗംഗാ നദിയുടെ ഓളങ്ങളടങ്ങി നിശ്ചലമായ ജലപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നതും അഭൗമമായ ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു. അതുവരെയുണ്ടായിരുന്ന മനസ്സിലെ എല്ലാ ദുഃഖ ചിന്തകളും ഓടിയകലുന്നതു പോലെ തോന്നി. പകരം അലൗകികമായ ഓരാത്മീയ പരിവേഷത്തിലേയ്ക്ക് മനസ്സ് എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.

“ഭൂമിയിലെ സ്വർഗ്ഗം”…. അതിവിടെയാണെന്ന് മനസ്സു പറഞ്ഞു.

(തുടരും)

 

യാത്ര

ഇതെന്താ, ബസ്സിൽ ഏറ്റവും പുറകിലുള്ള സീറ്റാണല്ലോ കിട്ടിയിരിക്കുന്നത്. ഭയങ്കര കുലുക്കമുണ്ടായിരിക്കും. ഈ കുഞ്ഞിനെയും കൊണ്ട് നീ എങ്ങനെ ഇവിടെ സ്വസ്‌ഥമായിരിക്കും…” അമിത്ത് അസ്വസ്‌ഥനായി.

“സുദീപ് ടിക്കറ്റ് റിസർവ് ചെയ്‌തതു കൊണ്ട് ഈ സീറ്റെങ്കിലും കിട്ടി” വിനീത പറഞ്ഞു.

“നീയും നിന്‍റെ ഒരു സുദീപും. പ്ലസ്‌ടു പോലും കഴിയാത്ത ആ പയ്യനെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല. അവൻ അല്ലെങ്കിലും ഒരു കാര്യവും നേരാംവണ്ണം ചെയ്യില്ല. എയർ കണ്ടീഷൻ ബസ്സായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾ സ്വസ്‌ഥമായി ഉറങ്ങിയേനെ.

ഇനിയിപ്പോ യാത്രയിലൂടനീളം കരച്ചിലും ബഹളവുമായിരിക്കും. അവൾ ഉറങ്ങുകയുമില്ല. ആരേയും ഉറക്കുകയുമില്ല.”

“നിങ്ങൾ വെറുതെ ടെൻഷനടിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. വീട്ടിൽ പോയി സ്വസ്‌ഥമായി ഉറങ്ങിക്കൊള്ളൂ” വിനീത അമിത്തിനെ ശാന്തനാക്കാൻ ശ്രമിച്ചു.

“നിങ്ങളെ തനിച്ചുവിട്ടിട്ട് ഞാനെങ്ങനെ സ്വസ്‌ഥമായി ഉറങ്ങും?” അമിത്തിന്‍റെ മുഖത്ത് ആശങ്ക നിഴലിച്ചു.

“മതി, പരിഭവം പറഞ്ഞത്. ബസ്സു നിറയെ യാത്രക്കാരല്ലേ. ഞാൻ ഒറ്റയ്‌ക്കൊന്നുമല്ലല്ലോ?”

“പക്ഷേ… എന്തോ… നിങ്ങളെ തനിച്ചയയ്‌ക്കാൻ തോന്നുന്നില്ല. ഇനിയുമിതുപോലെ വീട്ടിലെന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെക്കൂടെ ഓടിക്കിതച്ചെത്താൻ നിന്നെ കിട്ടില്ലെന്ന് പറഞ്ഞേക്ക്…”

“ശരി. പിന്നേയ്, നിങ്ങൾ ഇന്നു തന്നെ ടിക്കറ്റ് റിസർവ്വ് ചെയ്‌തോളൂ. ദേ ബസ്സ് സ്‌റ്റാർട്ടു ചെയ്യുന്നു” വിനീത തിടുക്കം കൂട്ടി.

“സർ, എന്‍റെ ഭാര്യയും മകളുമാണ്. ആദ്യമായിട്ടാണ് ഇവൾ തനിച്ച് യാത്ര ചെയ്യുന്നത്. ശ്രദ്ധിച്ചോളണേ…” തൊട്ടടുത്ത സീറ്റിലിരുന്ന കുലീന ഭാവമുള്ള വൃദ്ധനോട് അമിത്ത് പറഞ്ഞു.

“ഒന്നുകൊണ്ടും വിഷമിക്കണ്ട, നിങ്ങളുടെ ഭാര്യയും മകളും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലെത്തും” വിനീത അയാളെ ഭവ്യതയോടെ നോക്കി.

ആഴമുള്ള കണ്ണുകൾ, നീണ്ട് നരച്ച താടി, കുർത്ത പൈജാമയിൽ പൊതിഞ്ഞ ആറടി പൊക്കക്കാരനെ കണ്ടാൽ ആരുമൊന്ന് ബഹുമാനത്തോടെ നോക്കുക തന്നെ ചെയ്യും.

“മോളേ വിഷമിക്കേണ്ട, വണ്ടിയിൽ നിറയെ ആളുകളല്ലേ. ചൂടു കൂടുതലായതുകൊണ്ടാ അവൾ കരയുന്നത്. ബസ്സ് സ്‌റ്റാർട്ട് ആവുമ്പോഴേക്കും കരച്ചിൽ നിർത്തിക്കൊള്ളും. പറഞ്ഞു തീരും മുമ്പ് അവൾ കരച്ചിൽ നിറുത്തിയല്ലോ?”

“ആ… ആ… ഈ മുടി വെറുതെ വെയിലേറ്റു നരച്ചതൊന്നുമല്ല. ധാരാളം ജീവിതാനുഭവങ്ങളുടെ പക്വത ആ വാക്കുകളിൽ പ്രകടമായി. ബസ്സ് മുന്നോട്ടു നീങ്ങിയതോടെ അമിത്ത് കൺവെട്ടത്തു നിന്നും മാഞ്ഞു. ആദർശി വീണ്ടും കരച്ചിൽ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അവൾ കരച്ചിൽ നിർത്താത്തതു കണ്ട് വിനീത വിഷമിച്ചു.

“മോളെയിങ്ങുതാ..” അയാൾ കുട്ടിയെ എടുക്കാനായി കൈ നീട്ടി. വിനീതയ്‌ക്ക് കുഞ്ഞിനെ കൈമാറാൻ മടി തോന്നി. എങ്കിലും…

അലമുറയിട്ടു കരഞ്ഞിരുന്ന ആദർശി വൃദ്ധന്‍റെ കൈകളിലെത്തിയപ്പോൾ കരച്ചിൽ നിറുത്തി. വൃദ്ധൻ ഏറെ ശ്രദ്ധയോടെ കുഞ്ഞിന്‍റെ പുറത്ത് തടവിക്കൊണ്ടിരുന്നു.

“ആഹാ … അവൾ ഉറക്കവും തുടങ്ങിയല്ലോ? ഇതെന്തു മാന്ത്രിക വിദ്യ?” വിനീതയുടെ കണ്ണുകളിൽ ആശ്ചര്യം.

“മന്ത്രവും തന്ത്രവുമൊന്നുമല്ല. ഞങ്ങൾ രണ്ടുപേരും ഒരേ പേരുകാരല്ലേ?” വൃദ്ധൻ പുഞ്ചിരിച്ചു.

“അപ്പോൾ താങ്കളുടെ പേരും ആദർശി എന്നാണോ? ഞാൻ കരുതിയത് താങ്കൾ…”

“ആദർശി അല്ല. ആദി എന്നാണ് എന്നെയും വിളിക്കുന്നത്. ഞാനൊരു മുസൽമാനാണ്. അദനൻ എന്നാണ് എന്‍റെ പേര്.” അയാൾ കൂടുതൽ പരിചയപ്പെടുത്തി.

“ക്ഷമിക്കണം, ഞാൻ അതൊന്നും കരുതി പറഞ്ഞതല്ല. ഇനി മുതൽ അങ്ങയെ ആദി അങ്കിൾ എന്നു വിളിച്ചോട്ടെ. ആദിയുടെ ആദി മുത്തശ്ശൻ!” വിനീത സ്‌നേഹാദരവോടെ അയാളെ നോക്കി.

അദനന്‍റെ മുഖത്ത് മൗനാനുവാദം പ്രകടമായിരുന്നു. വിനീത പതുക്കെ ആദിയെ വാങ്ങി മടിയിൽ കിടത്തി. കണ്ണുകളും ചിലപ്പോൾ വാചാലമാകും. ആദി അങ്കിളിന്‍റെ ആഴമുള്ള കണ്ണുകളിൽ ഈ വാചാലത പ്രകടമായിരുന്നു. പറയാനുദ്ദേശിക്കുന്നതൊക്കെ ആ കണ്ണുകളിൽ സ്‌പഷ്‌ടമായിരുന്നു.

ബസ് നീങ്ങിക്കൊണ്ടിരുന്നു. വിനീത ഉറക്കത്തിലേക്ക് വഴുതി. പെട്ടെന്ന് എന്തോ ശബ്‌ദം കേട്ട് ഞെട്ടിയുണർന്നു. ബസ്സിൽ കൂരിരുട്ട്. എന്താണ് സംഭവിക്കുന്നത്? അവൾ നാലുപാടും നോക്കി.

ബസ്സിൽ നിന്നും ഭൂരിഭാഗം ആളുകളും ഇറങ്ങിക്കഴിഞ്ഞിരുന്നു. അവശേഷിച്ച രണ്ടോ മൂന്നോ പേർ തിടുക്കത്തിൽ താഴെയ്ക്ക് ഇറങ്ങുന്നുണ്ടായിരുന്നു. പുകയും പൊടിപടലങ്ങളും കാരണം പുറത്തെ കാഴ്‌ചകൾ വ്യക്‌തമായില്ല.

രാത്രിയുടെ നിശ്ശബ്‌ദതയെ ഭേദിച്ചു കൊണ്ട് നിലവിളികളും അലർച്ചയും അന്തരീക്ഷത്തിൽ നിറഞ്ഞു.

“എന്താ ചേച്ചീ… എന്തു പറ്റി? ബസ്സിൽ നിന്നും തിടുക്കത്തിലിറങ്ങുന്ന ദമ്പതിമാരോട് അവൾ തിരക്കി.

“പുറത്ത് വലിയ ലഹള… കലാപം” വാക്കുകൾ മുഴുമിപ്പിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.

ഒരു നിമിഷം വിനീത മരവിച്ചു നിന്നു. തൊണ്ട വരണ്ടു. ശ്വാസം മുട്ടുന്ന പോലെ… അവൾ ഉറങ്ങിക്കിടന്ന ആദിയെ എടുത്ത് ചുമലിലിട്ട് സ്യൂട്ട് കെയ്‌സുമായി പുറത്തിറങ്ങാൻ തുനിഞ്ഞു.

“വിടരുതവരെ, പിടിക്ക്… കൊല്ല്…” ഒരു ഡോർ മാത്രമുണ്ടായിരുന്ന ബസ്സിന്‍റെ മുൻവശത്തുനിന്നും കൊലവിളി ഉയർന്നു. ഭയന്നുപോയ അവൾ പുറകിലെ സീറ്റിൽ പതുങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പെട്ടെന്ന് അമിത്ത് പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. എന്തൊരു മുൻവിധിയോടെയാണ് അമിത്ത് സംസാരിച്ചത്.

“ഒറ്റയ്‌ക്കല്ല. ബസ്സു നിറയെ യാത്രക്കാരുണ്ട് എന്ന് എത്ര വീറോടെയാണ് താൻ അമിത്തിനെ കളിയാക്കിയത്.”

“ഭാഗ്യമെന്നേ പറയേണ്ടു. ആദി നല്ല ഉറക്കത്തിലായിരുന്നു. അവൾ പിൻവശത്തെ സീറ്റിൽ തന്നെ പതുങ്ങിയിരുന്നു. കുറേപ്പേർ ബസ്സിനകത്തേക്ക് ഇരച്ചു കയറി. അകത്ത് ആരേയും കാണാതെ അവർ താഴേക്കിറങ്ങി. ഒരു പക്ഷേ ഇരുട്ട് ഇല്ലായിരുന്നെങ്കിൽ താനൊരിക്കലും രക്ഷപ്പെടില്ല.

അകന്നു പോകുന്ന കാലൊച്ച കേട്ടപ്പോൾ താഴേക്കിറങ്ങുകയാണെന്ന് അവൾ ഊഹിച്ചു. അവൾ പതിയെ തല ഉയർത്തി. വെളിച്ചം കണ്ണിലേയ്‌ക്ക് ഇരച്ചു കയറി. ബസ്സിന്‍റെ മുൻവശത്ത് തീ ആളിപ്പടർന്നു കഴിഞ്ഞിരുന്നു. മകളെയുമെടുത്ത് അവൾ വാതിലിനടുത്തേയ്‌ക്ക് നീങ്ങി. ഒരു ബാഗ് അവൾ ബസ്സിൽ തന്നെ ഉപേക്ഷിച്ചു.

ബസ്സിൽ നിന്നിറങ്ങാൻ തുനിയവേ രണ്ടുകൈകൾ അവളെ ബലമായി വലിച്ചിറക്കി. ബഹളം വയ്‌ക്കാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു. കയ്യിൽ നിന്നും ആദിയെയും പിടിച്ചു വാങ്ങി.

“അയ്യോ രക്ഷിക്കണേ” എന്നു പറയാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. കുറച്ചു നേരത്തേക്ക് അവർ ഒരു വലിയ മരത്തിനു പിന്നിൽ മറഞ്ഞു നിന്നു.

“കൊല്ല്… കൊന്നെടുക്ക്” എന്നൊക്കെ യുവാക്കളുടെ കൊലവിളി.

“ഇല്ല. ഞാൻ വരില്ല” വിനീത കൈ ശക്‌തിയായി പുറകോട്ട് വലിച്ചു.

“പിച്ചും പേയും പറയാതിരിക്കൂ. ഇവിടെ നിൽക്കുന്നത് ജീവനു തന്നെ ആപത്താണ്.”

“എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങൾ ആരാണ്?”

“എന്നെ മനസ്സിലായില്ലേ? ബസ്സിൽ നിന്‍റെ തൊട്ടടുത്ത സീറ്റിലിരുന്ന… ആദിയുടെ കരച്ചിൽ നിറുത്തിയ…”

“ആദി അങ്കിൾ… പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും?”

“വിശ്വസിക്കാനും ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. ഇനി നമ്മളിവിടെ തങ്ങിയാൽ അവർ നമ്മളെ കൊന്നുകളയും. ഒന്നുമറിയാത്ത ഈ കുഞ്ഞിനെ കരുതിയെങ്കിലും…”

ആദിയേയുമെടുത്ത് അയാൾ മുന്നോട്ടു നടന്നു. നിഴലുപോലെ അവളും പിന്തുടർന്നു. കുറച്ചുദൂരം നടന്ന ശേഷം അവർ ഒരു കോളനിക്കരികിലെത്തി.

“മോളിവിടെ നിൽക്ക്, ഇവിടെ ഏതെങ്കിലും വീട്ടിൽ ഇന്നു രാത്രി തങ്ങാൻ പറ്റുമോയെന്നു ഞാനൊന്നു നോക്കിയിട്ടു വരാം.” അയാൾ ആദിയെ വിനീതയുടെ കയ്യിലേക്കു നൽകി. അപ്പോഴും ഭയം കൊണ്ട് അവൾ വിറയ്‌ക്കുന്നുണ്ടായിരുന്നു.

“പേടിക്കണ്ട. നിന്നെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല എനിക്കുണ്ട്. ആവശ്യമെങ്കിൽ മോളെ വീട്ടിൽ കൊണ്ടാക്കിയിട്ടേ ഞാൻ മടങ്ങൂ.”

“പക്ഷേ, ഞാനിവിടെ ഒറ്റയ്‌ക്ക്…” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“എങ്കിൽ വാ എന്‍റെ കൂടെ.” അദനൻ കയ്യിലുളള ആയുധം ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞു.

ഒരു വീടിനു മുന്നിൽ അരണ്ട വെളിച്ചം പരത്തുന്ന ഒരു ബൾബ് കത്തുന്നുണ്ടായിരുന്നു. അവൾ ഡോർബെൽ അമർത്തി കാത്തു നിന്നു. യുഗങ്ങളോളം ദൈർഘ്യമുള്ള കാത്തു നിൽപ്പാണതെന്ന് വിനീതയ്‌ക്കു തോന്നി.

“ആരാ?” അകത്തു നിന്നു പതിഞ്ഞ ശബ്‌ദം ഉയർന്നു.

“ഞങ്ങൾ അന്യനാട്ടുകാരാ… ബസ്സുയാത്രയ്‌ക്കിടയിൽ പെട്ടെന്നൊരു ലഹള… ഇന്നൊരു രാത്രി ഞങ്ങൾക്കിവിടെ അഭയം തരണം.”

തുറന്ന തൊട്ടടുത്ത നിമിഷം തന്നെ ജനാല അടയുകയും ചെയ്‌തു. അന്നു രാത്രി എവിടെയെങ്കിലുമൊന്നു തങ്ങുകയെന്നത് എത്രത്തോളം ദുഷ്‌ക്കരമാണെന്ന് അവൾക്ക് മനസ്സിലായി.

പ്രതീക്ഷയുടെ ആ ചെറുനാളവും കെട്ടിരിക്കുന്നു. ഒരു പക്ഷേ താനായിരുന്നു അവരുടെ സ്‌ഥാനത്തെങ്കിലും ഇതുപോലെയേ പെരുമാറുമായിരുന്നുള്ളൂ. വിനീത ചിന്തിച്ചു. അതേ നിരയിലുള്ള അഞ്ചാറു വീടുകൾക്കു മുന്നിൽ സഹായാഭ്യർത്ഥനയുമായി ചെന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനിടയ്‌ക്ക് റോഡിനപ്പുറത്തു നിന്നും ലാത്തിയുടെ ശബ്‌ദം കേൾക്കാമായിരുന്നു.

“ജാഗ്‌തെ രഹോ..”

“ഗൂർഖയായിരിക്കും” അവർ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. അപ്പോഴേക്കും ആദർശി ഉറക്കമുണർന്നു. ആദിയുടെ കരച്ചിൽ കേട്ട് ഗൂർഖ അവരുടെ അടുത്തേയ്‌ക്കു വന്നു.

“ആരാ? ആരാ അവിടെ?” അയാൾ പരുക്കൻ ശബ്‌ദത്തിൽ ചോദിച്ചു.

“ഞങ്ങൾ അന്യനാട്ടുകാരാ. രാത്രി എവിടയെങ്കിലും തങ്ങാനായെങ്കിൽ വലിയ ഉപകാരമായേനെ” അദനൻ അഭ്യർത്ഥിച്ചു.

“നിങ്ങളെങ്ങനെ ഇവിടെയെത്തി? ഗൂർഖ സംശയത്തോടെ അവരെ നോക്കി.

“യാത്രയ്‌ക്കിടയിൽ കുറേ അക്രമികൾ ബസ്സ് തടഞ്ഞു നിർത്തി. ഒരുപാടു പേരോട് സഹായാഭ്യർത്ഥന നടത്തിയെങ്കിലും നിരാശരാവേണ്ടി വന്നു” അദനൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

“പേടിത്തൊണ്ടന്മാരാ ഇവിടുത്തുകാരെല്ലാം. ഞാനിവിടത്തെ ഗൂർഖയാ. ഉപജീവനത്തിനുവേണ്ടി മാത്രമാ ഞാൻ ഇവിടെ തങ്ങുന്നത്. ഈ രാത്രി ഏതെങ്കിലും കള്ളന്മാർ എന്നെ ഇവിടെ കൊന്നിട്ടാലും ഇവരറിയാൻ പോകുന്നില്ല. അറിഞ്ഞാൽ തന്നെ ഇറങ്ങിവന്ന് സഹായിക്കുകയുമില്ല. ഒരു ഒറ്റമുറി വീട്ടിലാ ഞാൻ താമസിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങോട്ടു വരാം” ഗൂർഖ ക്ഷണിച്ചു.

“സഹോദരാ, വലിയ ഉപകാരം.” അദനൻ തൊഴുകയ്യോടെ നിന്നു.

അയാൾ വിനീതയുടെ കയ്യിൽ നിന്നും സ്യൂട്ട്‌കേയ്‌സ് വാങ്ങി. അദനന്‍റെ തോളിൽ കിടന്ന് ആദി സുഖമായി മയങ്ങുന്നുണ്ടായിരുന്നു.

“എന്താ നിങ്ങളുടെ പേര്?” വിനീത ചോദിച്ചു.

“ജഗ് ബഹാദൂർ. നിങ്ങൾ എന്നെ ബഹാദൂർ എന്നു വിളിച്ചാൽ മതി.”

“നിങ്ങൾ ധീരനാണ്. അല്ലെങ്കിൽ ഈ രാത്രി ഞങ്ങൾക്കാരെങ്കിലും അഭയം തരുമോ? വിനീതയുടെ കണ്ണുകളിൽ ആദരവ് നിറഞ്ഞു.

ബഹാദൂറിന്‍റെ ഭാര്യ രണ്ടു പുൽപ്പായ വിരിച്ചു. നിലത്തിരുന്നതും വിനീത ഏങ്ങിയേങ്ങി കരയുവാൻ തുടങ്ങി.

“വെറുതെ വിഷമിക്കാതിരിക്കൂ. തല ചായ്‌ക്കാനൊരിടം കിട്ടിയല്ലോ. ഇനി മറ്റു കാര്യങ്ങളും ഭംഗിയായി നടക്കും.” അദനൻ അവളെ ആശ്വസിപ്പിച്ചു.

ബഹാദൂറിന്‍റെ ഭാര്യ അവർക്ക് ചായയും ഭക്ഷണവും കുഞ്ഞിന് പാലും നൽകി.

“അങ്കിൾ, എന്‍റെ ഒരു ബാഗ് ബസ്സിൽ തന്നെയുണ്ട്. മൊബൈലും അവിടെ എവിടെയോ വീണു പോയിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഫോൺ വിളിച്ച് എന്‍റെ ഭർത്താവിനെ ഈ വിവരമൊക്കെ അറിയിക്കാമോ?” വിനിത അഭ്യർത്ഥിച്ചു.

“രാത്രി ഇനി പുറത്തിറങ്ങുന്നത് അത്ര പന്തിയല്ല” ബഹാദൂർ പറഞ്ഞതുകേട്ട് അവൾ നിശ്ശബ്‌ദയായി.

അമിത്ത് ഈ അനിഷ്‌ട സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുമോ? ഇനി എങ്ങനെ വീട്ടിലെത്തും? ഓരോന്ന് ആലോചിച്ച് അവൾ ഉറങ്ങിപ്പോയി. ഒരു ദു:സ്വപ്‌നം കണ്ട് അവൾ ഞെട്ടി ഉണർന്നു. അപ്പോൾ ആദി അങ്കിളും ബഹാദൂറും കാര്യമായ സംസാരത്തിലായിരുന്നു.

“എന്താ, എന്തുപറ്റി?” അവൾ തിരക്കി.

“ഒന്നുമില്ല, രാത്രി വലിയ അനിഷ്‌ട സംഭവങ്ങളുണ്ടായി. അക്രമികൾ കുറെപ്പേരെ കൊന്നൊടുക്കി. കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വീഥികളിൽ പോലീസ് പാറാവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഞാൻ പാൽ വാങ്ങാൻ പോയതാ. കടയൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള ടെലിഫോൺ ബൂത്തും തുറന്നിട്ടില്ല” ബഹാദൂർ പറഞ്ഞു.

“അയ്യോ! എന്തു ചെയ്യും? അമിത്ത് ഇതൊക്കെ അറിഞ്ഞിരിക്കുമോ?” വിനീത വീണ്ടും കരയാൻ തുടങ്ങി.

“വിഷമിക്കേണ്ട, കർഫ്യു കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങളുടെ ഭർത്താവിനെ വിളിച്ചറിയിച്ചേക്കാം. അതുവരെ നിങ്ങൾ ഇവിടെ സുരക്ഷിതയായിരിക്കും” ബഹാദൂർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഞാനെപ്പോഴേ വീട്ടിലെത്തേണ്ടതാണെന്നോ. ഞങ്ങളെ കാണാതെ അവർ വിഷമിക്കുന്നുണ്ടാകും” പേടിയോടെ അവൾ പറഞ്ഞു.

“ഒരു കണക്കിന് നന്നായി. അവർ നിങ്ങളുടെ ഭർത്താവിനെ വിളിച്ച് വിവരം തിരക്കും. എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലാവും” ബഹാദൂർ പറഞ്ഞു.

“ആദി അങ്കിൾ, നിങ്ങളുടെ വീട്ടുകാരും ടെൻഷനടിക്കില്ലേ?” വിനീതയുടെ ചോദ്യം കേട്ട് അദനന്‍റെ കണ്ണു നിറഞ്ഞു.

“ഞാൻ അങ്ങയെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല.”

“മംഗലാപുരത്താണ് എന്‍റെ വീട്. ഭാര്യ മകനും കുടുംബത്തോടൊപ്പം ബാംഗ്ലൂരാണ് താമസം. അവൾക്ക് തീരെ സുഖമില്ലെന്ന് അറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെട്ടതാ. വഴിയിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടാകുമെന്ന് ഞാനറിഞ്ഞില്ല.”

“അത്രയ്‌ക്ക് സീരിയസ്സാണെങ്കിൽ അങ്ങേക്ക് ബസ്സിൽ നിന്നിറങ്ങിയ ഉടനെ എങ്ങനെയെങ്കിലും…”

“മോളുടെയും കുഞ്ഞിന്‍റെയും മുഖം ഓർമ്മ വന്നു. നിങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് ഞാൻ നിന്‍റെ ഭർത്താവിന് വാക്കു നൽകിയിരുന്നതല്ലേ”

“ആന്‍റിക്ക് എന്തു പറ്റിയതാ?”

“ഹാർട്ട് അറ്റാക്ക്, അവളിപ്പോൾ ആശുപത്രിയിലാ. എന്തു സംഭവിക്കുമെന്ന് അറിയില്ല.”

വിനീത വിദൂരതയിലേക്ക് നോക്കിയിരുന്നു. താനെന്തൊരു സ്വാർത്ഥയാണ്. ആദി അങ്കിളിനെക്കുറിച്ച് താനിതുവരെ ചിന്തിച്ചതേയില്ലല്ലോ… അവൾക്ക് കുറ്റബോധം തോന്നി.

“ഒന്നും സംഭവിക്കില്ല” അവൾ വിഷമം കടിച്ചമർത്തി. ദൂരെ പോലീസ് വാഹനത്തിന്‍റെ സൈറൺ മുഴങ്ങി.

നിസ്സഹായരായ അവർക്ക് പരസ്‌പരം ആശ്വസിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗ മുണ്ടായിരുന്നില്ല. വെവ്വേറെ വഴികളിലായി സഞ്ചരിക്കുന്ന അപരിചിതരായ രണ്ടുപേർ… യദൃച്‌ഛയാ പരസ്‌പരം കണ്ടുമുട്ടി. അവർക്കിടയിലെ സ്‌നേഹം കണ്ട് ബഹാദൂറിന്‍റെ കണ്ണുനിറഞ്ഞു. എന്തോ ആലോചിച്ചുറപ്പിച്ചെന്നോണം ബഹാദൂർ എഴുന്നേറ്റു.

“എന്‍റെ സുഹൃത്തിന്‍റെ പക്കൽ നിന്നും മൊബൈൽ വാങ്ങിച്ചുകൊണ്ടു വരാം. നിങ്ങൾക്ക് വീട്ടുകാരെ വിളിച്ച് വിവരമറിയിക്കാമല്ലോ” ബഹാദൂർ പുറത്തുപോയി.

“എല്ലാം ശരിയാവും” വിനീത പറഞ്ഞു. ബഹാദൂർ തിരിച്ചുവരുന്നതും കാത്ത് അവർ ഇരുന്നു.

ഗംഗാധരന്‍റെ ഭാര്യ

ഫോൺ നിരന്തരം ശബ്‌ദിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ വിസിലടിച്ചു കൊണ്ടിരുന്ന കുക്കർ ഓഫ് ആക്കി അവർ ഫോണെടുത്തു. ഈ സമയത്ത് ഇതാരായിരിക്കും?

“ഹലോ”

“ഹലോ അമ്മേ..” മിനിയുടെ ശബ്‌ദം. എന്താ ഈ സമയത്ത് മിനി വിളിക്കുന്നത്?

“നീ ഇതുവരെ ഓഫീസിൽ പോയില്ലേ?”

“പോകാൻ ഒരുങ്ങുകയാ, അതിനു മുമ്പ് അമ്മയെ വിളിക്കാമെന്ന് കരുതി” മിനി പറഞ്ഞു.

“എന്താ പ്രത്യേകിച്ച് കാര്യം?”

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സുഖം തന്നെയല്ലേ?” മിനി ചോദിച്ചു.

“അതിന് എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ?” അവർ അതിശയത്തോടെ പറഞ്ഞു.

“അമ്മ ഫോൺ വളരെ വൈകിയാണല്ലോ എടുത്തത്. അതുകൊണ്ട് ചോദിച്ചതാ” മിനി പറഞ്ഞു.

“ഞാൻ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു” അവർ പറഞ്ഞു.

“പിന്നെ എന്തുണ്ട് വിശേഷം” മിനി സംഭാഷണം നീട്ടിക്കൊണ്ട് പോകാൻ താൽപര്യം കാണിച്ചു.

“എല്ലാം നല്ലതുപോലെ നടക്കുന്നു മോളേ” ഇതു പറയുമ്പോഴും അവർ ആലോചിച്ചത് മിനിയ്‌ക്ക് ഇത് എന്തുപറ്റി എന്നാണ്. രാവിലെ തന്നെ ഓഫീസ് സമയത്ത് ഫോൺ ചെയ്യുന്നു. അലസമായി സംസാരിക്കുന്നു. കാര്യമായി എന്തോ ഉണ്ട്.

“അമ്മേ… ഇപ്പോൾ അച്‌ഛൻ ഫോൺ വിളിച്ചിരുന്നു” മിനി പറഞ്ഞു.

“അച്‌ഛൻ വിളിച്ചിരുന്നുവെന്നോ, പക്ഷേ എന്തിന്?” അവർ അതിശയിച്ചു.

“അമ്മയോട് സംസാരിക്കണമത്രേ. 3-4 ദിവസമായി മൂഡ് ശരിയല്ലെന്ന്” മിനി മടിച്ചു മടിച്ചു പറഞ്ഞു.

അതു ശരി, അപ്പോൾ അതാണ് കാര്യം. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു.

“ഏയ് ഒന്നുമില്ല. ചെറിയൊരു ക്ഷീണം. അതുപോട്ടെ നീ ഓഫീസിൽ പോകാൻ നോക്ക്. വെറുതെ വൈകണ്ട.”

“ശരി, അമ്മ സ്വയം ശ്രദ്ധിക്കണേ” മിനി ഫോൺ വച്ചു.

അവർക്ക് എല്ലാം മനസ്സിലായി. കഴിഞ്ഞ ആഴ്‌ചയിലെ പ്രശ്നമാണ്. ഗംഗാധരൻ ടിവി കാണുകയായിരുന്നു. അപ്പോൾ അവർ പറഞ്ഞു.

“ഇന്ന് ഉച്ചയ്‌ക്ക് ആനന്ദേട്ടന്‍റെ വീട്ടിൽ മോഷണം നടന്നു.”

“അതുശരി.”

“ആനന്ദേട്ടന്‍റെ ഭാര്യ മാർക്കറ്റിൽ പോയ സമയമായിരുന്നു. മടങ്ങി വന്നപ്പോഴാണ് വിവരമറിഞ്ഞത്. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?” അവർ ടിവിയുടെ ഒച്ച കുറച്ച് കൊണ്ട് ചോദിച്ചു.

“ആ… ഞാൻ കേൾക്കുന്നുണ്ട്. ആനന്ദേട്ടന്‍റെ വീട്ടിൽ കള്ളൻ കയറി. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. അതല്ലേ… പറഞ്ഞത്. നിങ്ങൾ സ്‌ത്രീകൾ വായ തുറന്നാൽ അടയ്‌ക്കില്ല. എന്തെങ്കിലും കിട്ടിയാൽ സംസാരിച്ചു കൊണ്ടേയിരിക്കും” ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം ടിവിയുടെ വോള്യം കൂട്ടി.

ഇത് കേട്ടപ്പോൾ അവർ വല്ലാതായി. പട്ടാപ്പകൽ കോളനിയിൽ കള്ളൻ വരുന്നതും വീട്ടിൽ കയറി മോഷണം നടത്തുന്നതും ചെറിയ കാര്യമാണോ? ഈ ആണുങ്ങൾ എന്താ സംസാരിക്കാത്തവരാണോ? അവർ പിറുപിറുക്കാൻ തുടങ്ങി.

അന്നേ ദിവസം അവരുടെ പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസം വന്നു. എന്തെങ്കിലും ചോദിച്ചാൽ ഉണ്ട്, ഇല്ല എന്നൊക്കെ രണ്ട് വാക്കിൽ മൂളാൻ തുടങ്ങി. അത്യാവശ്യം കാര്യം മാത്രം പറഞ്ഞു. ഒരു തരം പ്രതിഷേധം തന്നെയായിരുന്നു അത്. ഇങ്ങനെ സംഗതി കൂടുതൽ വഷളാകുമെന്ന് കണ്ടപ്പോഴാണ് ഗംഗാധരൻ മിനിയ്‌ക്ക് ഫോൺ ചെയ്‌തത്.

ഇത് ആദ്യ സംഭവമൊന്നുമല്ല. ഭാര്യ എന്തെങ്കിലും പറയാൻ തുനിയുമ്പോൾ അദ്ദേഹം ചെവി കൊടുക്കില്ല. നിസ്സാര കാര്യമായി അവരുടെ സംസാരത്തെ അവഗണിച്ചുകളയും. ഇങ്ങനെ പലപ്പോഴും സംഭവിച്ചപ്പോൾ, താൻ അപമാനിക്കപ്പെടുകയാണെന്ന് അവർക്ക് തോന്നി തുടങ്ങി…

അപ്പോഴാണ് അവർ ഒരു കാര്യം ഓർത്തത്. മറ്റൊരു ദിവസത്തെ കാര്യമാണ്. രണ്ടുപേരും ഉറങ്ങാൻ കിടന്നപ്പോൾ അവർ എന്തോ കാര്യം പറയാൻ തുടങ്ങി. “ഇന്ന് മഞ്ചുവിന്‍റെ ഫോൺ വന്നിരുന്നു. അവർ പറയുകയാണ്…”

“യ്യോ… ഉറക്കം വരുന്നു. ഞാനൊന്ന് ഉറങ്ങട്ടെ ഭാര്യേ. രാവിലെ എഴുന്നേറ്റ് ഞാൻ കഥ കേട്ടോളാം” ഗംഗാധരൻ ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞു കിടന്നു.

സ്വന്തം വീട്ടിൽ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണമെങ്കിൽ സമയവും കാലവും നിശ്ചയിക്കപ്പെടണമെന്ന് വരുന്നത് വലിയ കഷ്‌ടമാണ്. അവരുടെ മനസ്സ് കലങ്ങിപ്പോയി… പിന്നെ മിണ്ടാതെ കിടന്നു… ഉറക്കം വന്നത് വളരെ വളരെ കഴിഞ്ഞാണ്… ഗംഗാധരൻ രാവിലെ നടക്കാൻ പോയപ്പോൾ മഞ്ചുവിനെ കണ്ടു. എല്ലാവരും പെട്ടെന്ന് തന്നെ അഭിനന്ദനങ്ങൾ അറിയിച്ചു.

“എന്തിനാണടോ, അവർ അഭിനന്ദിച്ചത്. ഞാനും കൂടി ഒന്ന് അറിയട്ടെ” ഗംഗാധരൻ പറഞ്ഞു.

“പിങ്കു മെഡിക്കൽ എൻട്രൻസ് പാസായതിന്. ഞാൻ ഫോൺ ചെയ്‌തിരുന്നുവല്ലോ” മഞ്ചു ഉടനെ മറുപടി നൽകി.

“പിങ്കു വിജയിച്ച കാര്യം എന്നോട് എന്താ പറയാഞ്ഞത്?” വീട്ടിലെത്തിയ ഉടനെ ഗംഗാധരൻ ഭാര്യയോട് ചോദിച്ചു.

“രാത്രി ഞാനീ കാര്യം പറയാനാണ് വന്നത്. അപ്പോൾ ഇടയിൽ കയറി ഗംഗാധരൻ പറഞ്ഞു. “ആ.. സാരമില്ല വൈകുന്നേരം അവരുടെ വീട്ടിൽ പോയി അഭിനന്ദനം അറിയിക്കാം.”

വൈകുന്നേരം മഞ്ചുവിന്‍റെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഓർത്തത്. കുറച്ച് ദിവസം മുമ്പ് ശൈലേന്ദ്രന്‍റെ വിവാഹ വാർഷികമായിരുന്നല്ലോ.

“വേഗം റെഡിയാവൂ, നമ്മൾ എപ്പോഴും വൈകിയാണ് എത്താറുള്ളത്” ഗംഗാധരൻ ധൃതിപിടിച്ചു.

“ഞാൻ റെഡിയാ.”

“എന്താ പറഞ്ഞത്? നീ ഈ ഡ്രസ്സ് ഇട്ടാണോ വരുന്നത്… വേറെ നല്ല ഡ്രസ്സ് ഒന്നുമില്ലേ നിനക്ക്? നല്ലതില്ലെങ്കിൽ പുതിയത് തയ്‌പ്പിച്ചു കൂടേ” ഇങ്ങനെയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ കമന്‍റ്. അവർ ഉടനെ തനിക്ക് ഇഷ്‌ടപ്പെട്ട സാരി അഴിച്ചുമാറ്റി വേറെ ഒരെണ്ണം എടുത്ത് ഉടുത്തു.

“ഇത് കൊള്ളാം” അയാളുടെ മുഖം പ്രസന്നമായി. അഭിനന്ദനം ഇഷ്‌ടപ്പെടാത്തവരായി ആരുണ്ട്. അതിനാൽ ഇന്ന് അവർ അദ്ദേഹത്തിന്‍റെ ഇഷ്‌ടം അറിയാനായി ചോദിച്ചു.

“ഇതിൽ ഏത് സാരി ഉടുക്കണം ഞാൻ.”

“ഏതെങ്കിലും എടുത്ത് ഉടുത്തോളൂ. ഈ കാര്യങ്ങളെല്ലാം എന്നോട് ചോദിക്കണോ?” ഗംഗാധരൻ ചോദിച്ചു.

“അതു ശരി, ഇപ്പോ അങ്ങനെയായോ…” അവർ മനസ്സിൽ കരുതി. എന്നിട്ട് ഒരു സാരി വാരിവലിച്ചുടുത്ത് മഞ്ചുവിനെ കാണാൻ ഗംഗാധരനൊപ്പം ഇറങ്ങി.

ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ജീവിതം. ഗംഗാധരൻ സരസൻ ആയിരുന്നില്ല. എല്ലാത്തിലും സീരിയസ്സാണെന്ന് തോന്നും. പക്ഷേ അത്ര സീരിയസ്സ് അല്ലതാനും.

മിനിയുടെ ഫോൺ എണ്ണയിൽ തീ ഒഴിക്കുന്ന പണിയാണ് ഉണ്ടാക്കിയത്. അവർ ഗംഗാധരനോട് കൂടുതൽ മിണ്ടാതായി. മഞ്ചുവും അവരും ഒരു ദിവസം ചുറ്റിക്കറങ്ങാനായി ഇറങ്ങി. മഞ്ചു ഒരു കിലോ മുന്തിരി വാങ്ങി. അവരും വാങ്ങി ഒരു കിലോ. നീ എന്താ ഒന്നും വാങ്ങിയില്ലെ എന്ന് ഗംഗാധരൻ ചോദിക്കുമല്ലോ എന്ന് കരുതിയാണ് അവർ മുന്തിരി വാങ്ങിയത്. അതും വിലക്കുറവ് ഉള്ളതുകൊണ്ട് മാത്രം. മാത്രമല്ല ഗംഗാധരന് മുന്തിരി വളരെ ഇഷ്‌ടവുമാണ്.

കൈയിൽ പൊതി കണ്ടതും ഗംഗാധരൻ ചോദിച്ചു. “അല്ല ഇതെന്താ വാങ്ങിയത്?”

“മുന്തിരി.”

“കിലോ എന്താ വില?”

“മുപ്പത് രൂപ.”

“അയ്യോ അത് കൂടുതലാണല്ലോ.” അര കിലോയോ മറ്റോ വാങ്ങിയാൽ പോരായിരുന്നോ? നാളെ ഞാൻ മാർക്കറ്റിൽ പോകാൻ ഇരിക്കുകയായിരുന്നു” ഗംഗാധരൻ പറഞ്ഞു.

ഇതുകേട്ടപ്പോഴാണ് അവർക്ക് ആ കാര്യം ഓർമ്മ വന്നത്. ഒരു ദിവസം അവർ ലക്‌സിന്‍റെ ഒരു സോപ്പ് വാങ്ങുകയായിരുന്നു.

“ഒന്ന് മതിയോ?”

“ബാക്കി നിങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ ഹോൾ സെയിൽ കടയിൽ നിന്ന് വാങ്ങിയാൽ മതി” അവർ പറഞ്ഞു.

“നീ എന്തിനാ എല്ലാ പ്രാവശ്യവും കാശിനെപ്പറ്റി ചിന്തിക്കുന്നത്. ഒരു ഫാമിലി പാക്കറ്റ് സോപ്പ് വാങ്ങിക്കോ. ഇനി ഞാൻ മാർക്കറ്റിൽ എപ്പോഴാണ് പോകുന്നതെന്ന് അറിയില്ല” അതായിരുന്നു ഗംഗാധരന്‍റെ മറുപടി.

തന്‍റെ തെറ്റ് എവിടെയാണെന്നും ശരി എവിടെയാണെന്നും അവർക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. എന്തു ചെ്‌യതാലും ഗംഗാധരന്‍റെ കണ്ണിൽ തിരുത്താനുള്ളത് ഉണ്ടാവും. ഇതെന്ത് ജീവിതമാണ് അപ്പാ.. ഓർമ്മകളിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ രേഖപ്പെടുത്തി വച്ചിരുന്നു. ഈയിടെ ഇതു കാരണം നെഗറ്റീവ് ചിന്ത അവരിൽ വേരുറച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ പ്രാവശ്യം തറവാട്ടിൽ ചെന്നപ്പോൾ നാത്തൂൻ നല്ല കറികൾ ഉണ്ടാക്കിയിരുന്നു ഊണിന്. കഴിക്കുമ്പോൾ ഗംഗാധരൻ അവരെ വാതോരാതെയാണ് അഭിനന്ദിച്ചത്. ഇതുകേട്ട് അവർക്ക് നല്ല കലി വന്നിരുന്നു. പക്ഷേ സ്വന്തം വീട്ടിൽ വന്നിട്ട് ഒച്ച വയ്‌ക്കുന്നത് ആരെങ്കിലും കണ്ടാൽ മോശമല്ലേ…

താൻ വീട്ടിൽ എന്തുണ്ടാക്കിയാലും കുറ്റം പറയുന്ന ആൾക്ക് ഇത്ര നന്നായി അഭിനന്ദിക്കാനും അറിയാമെന്ന് അവർക്ക് അന്നാണ് മനസ്സിലായത്.

സംഗതി ശരിയാണ്. കറികൾ എല്ലാം നല്ല രുചിയുള്ളവ ആയിരുന്നു. ഇതുപോലെ താനും ഉണ്ടാക്കാറുണ്ടല്ലോ.. പക്ഷേ സന്തോഷത്തോടെ ഒരു നല്ല വാക്ക് ഇതുവരെ അതിന്‍റെ പേരിൽ കിട്ടിയിട്ടില്ല.

ഭർത്താവിന്‍റെ കോംപ്ലിമെന്‍റ് കേൾക്കാൻ ഇഷ്‌ടമില്ലാത്ത ഭാര്യമാരുണ്ടോ? ആ സന്തോഷം അവർ ഇതുവരെ അനുഭവിച്ചിട്ടില്ല. ഒരു കർക്കശക്കാരനായ സ്‌ക്കൂൾ അദ്ധ്യാപകന്‍റെ റോളായിരുന്നു ഗംഗാധരന് എന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു. എന്തു ചെയ്‌താലും കുറ്റം കാണുന്ന മനസ്സ്. പക്ഷേ വീട്ടിൽ മാത്രമേ അതുള്ളൂ. പുറത്ത് പോകുമ്പോൾ എല്ലാം വാരിക്കോരി കൊടുക്കും.. അവർ ഇങ്ങനെ ഓരോന്ന് ഓർത്ത് കഴിയുന്നത് പതിവായി.

തന്‍റെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ തന്‍റെ വില അറിയും എന്ന് അവർ വിചാരിച്ചു. അങ്ങനെയിരിക്കേ അവരുടെ അമ്മയ്‌ക്ക് സുഖമില്ലാതായി. പതിനഞ്ച് ദിവസം തറവാട്ടിൽ പോയി നിൽക്കേണ്ടി വന്നു. അങ്ങനെ പോയി മടങ്ങി വന്ന ദിവസം ഒരു ഉൾപുളകത്തോടെ അവർ ഗംഗാധരനോട് ചോദിച്ചു. “ഞാനില്ലാത്തപ്പോൾ ഏകാന്തത തോന്നിയോ? ശരിക്കും രാത്രിയിൽ ബോറടിച്ചു കാണും അല്ലേ?”

“ഏയ് ഇല്ല. എനിക്ക് ഒറ്റപ്പെടൽ തോന്നിയതേയില്ല. ടിവി കണ്ടിരുന്ന് ഞാൻ ഉറങ്ങി പോകും. നേരം പോകുന്നത് അറിഞ്ഞതേയില്ല.”

പുരുഷന്മാരുടെ ഈഗോ അവരെ അങ്ങനെയേ പറയാൻ പ്രേരിപ്പിക്കൂ. ഈ ഈഗോ കണ്ടുപിടിച്ചത് തന്നെ ഗംഗാധരനാണ്. അവർക്ക് അന്ന് ശരിക്കും ദേഷ്യം വന്നു. ദേഷ്യം കലർന്ന സങ്കടം എന്ന് പറയുന്നതാവും ശരി.

ഒരു ചൂടു ചായ കുടിക്കാൻ തോന്നുന്നു. അവർ ഫ്രിഡ്‌ജിൽ നോക്കിയപ്പോൾ പാല് കുറവാണ്. വാച്ചിൽ നോക്കി. ഗംഗാധരൻ ഊണ് കഴിക്കാനായി വരാൻ ഇനിയും സമയമുണ്ട്. മൂന്നു മണിയ്‌ക്ക് പോകുമ്പോൾ ഒരു ചായ പതിവുള്ളതാണ്.

പീടികയിൽ എത്തിയതും മൊബൈൽ അടിച്ചു. അദ്ദേഹമാണ്. “ഈ നട്ടുച്ചയ്‌ക്ക് നീ വീടും പൂട്ടി എവിടെ പോയിരിക്കുകയാ… ഞാൻ പുറത്ത് കാത്ത് നിൽക്കുകയാണ്. എന്‍റെ കൈയിലാണെങ്കിൽ താക്കോലും ഇല്ല” ഒറ്റശ്വാസത്തിലാണ് ഗംഗാധരൻ സംസാരിച്ചത്.

“വീട്ടിൽ പാല് ഇല്ലായിരുന്നു. അത് വാങ്ങാൻ വന്നതാ.”

“ഈ പൊരി വെയിലത്തോ, വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നില്ലേ?”

“ഫോൺ ചെയ്‌താൽ കാശ് വെറുതെ പോകില്ലേ” എന്ന് ചോദിക്കാൻ അവരുടെ നാവ് പൊന്തിയതായിരുന്നു പിന്നെ വേണ്ടാന്ന് വച്ചു.

“ഒരു നടത്തം ആകുമല്ലോ എന്ന് കരുതി.”

“വെയിലത്ത് നടക്കാൻ ഭ്രാന്തുണ്ടോ?” വളരെ ശാന്തമായാണ് അയാൾ ചോദിച്ചത്. “നിന്‍റെ സൗന്ദര്യം വാടി പോകില്ലേ?”

“ഹയ്യോ… ഇദ്ദേഹം ഇത്രയ്‌ക്ക് റൊമാന്‍റിക് ആയിരുന്നോ?”

പെട്ടെന്നാണ് അവർ ആ കാര്യം ഓർത്തത്. മിനിമോൾ വിളിച്ചതിന്‍റെ രഹസ്യം. ലോഹ്യം കൂടാൻ ആണുങ്ങൾ അങ്ങനെ കൃത്രിമമായി പലതും പറയും. പഞ്ചാരവാക്കിൽ വീണു പോകരുത്. അത് ഭർത്താവിന്‍റെ ഭാഗത്തു നിന്നായാൽ പോലും.

ഹൃദയത്തിന്‍റെ ഉള്ളിൽ പുറത്ത് പറയാനുള്ള വാക്കുകൾ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ അമർഷം കാണിച്ചിട്ട് എന്തു നേടാനാണ്. അവർ ഗംഗാധരൻ ഉണരുന്നതിനു മുമ്പ് അടുക്കളയിൽ കയറി കാപ്പിയിട്ടു. നല്ലതുപോലെ പാൽ ചേർത്ത ആവി പറക്കുന്ന കാപ്പി. ഈ കാപ്പി കുടിച്ച ശേഷം അദ്ദേഹം എന്തു പറയുമെന്നോ അതിനു എന്ത് മറുപടി നൽകുമെന്നോ ആലോചിക്കാൻ നിന്നില്ല.

എന്തിനാണ് എല്ലാ വാക്കുകളിലും താൻ നെഗറ്റീവായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. മറ്റൊരാളെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം മാറുന്നതല്ലേ?

“ഇതാ കാപ്പി!” ഗംഗാധരൻ ഉറക്കച്ചടവോടെ അവരുടെ മുഖത്തേയ്‌ക്ക് നോക്കി. കാപ്പി വാങ്ങി കുടിച്ചു.

“മധുരം തീരെ കുറവാണല്ലോ.”

“ആണോ? എങ്കിൽ ഞാൻ കുറച്ച് കൂടി പഞ്ചസാര ഇട്ടുതരാം.”

വളരെ ശാന്തമായ മനസ്സോടെ അവർ ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

അവർ പഞ്ചസാര പാത്രം കൈയിലെടുത്ത് തിരിച്ച് മുറിയിലേയ്‌ക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ഒരു വിളികേട്ടു.

സരസ്വതി…

ഹൃദയത്തിന്‍റെ ഭാരം ഇറങ്ങിപോവുന്ന ഒരു സ്വരമായിരുന്നു അത്. അവർ ഉടനെ ചെന്ന് കാപ്പിയിൽ പഞ്ചസാര ഇട്ട് ഇളക്കാൻ തുടങ്ങി പഞ്ചസാരയോടൊപ്പം അവരുടെ മനസ്സിലെ എല്ലാ പിണക്കവും അലിഞ്ഞു പോയി.

സരസ്വതി എന്തോ ഓർത്തിരുന്നപ്പോൾ ഗംഗാധരൻ പറഞ്ഞു.

“ഇപ്പോ നിന്‍റെ കാപ്പി കൊള്ളാം.”

സാഗരസംഗമം ഭാഗം- 29

“അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങൾക്കുള്ളിൽ മനസ്സിനേറ്റ ആഘാതങ്ങൾ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്‍റെ ഒഴിഞ്ഞു മാറ്റത്തിന്‍റെ കാരണവും അതായിരുന്നു.

“അല്ല… മാഡത്തിന്‍റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”

അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാൻ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്‌ഥയിൽ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാൻ ഞാൻ അശക്തയായിരുന്നു.

രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോൾ ഞാൻ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

“മതി മാഡം… അമ്മ മരിച്ചതിൽ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്നേഹം പലരും വയസ്സായാൽ അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ ഏകമകൻ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാൻ ജോലി ചെയ്‌തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോൾ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.

ഒന്നു രണ്ടു വർഷം മുമ്പ് അവനും ഭാര്യയും ചേർന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങൾ ഓമനിച്ചു വളർത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്‌തെന്നോർക്കുമ്പോൾ…

രാമേട്ടൻ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അമ്മയുടെ കാര്യങ്ങൾ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

“സാരമില്ല രാമേട്ടാ… അവരും വയസ്സായി കഴിയുമ്പോൾ ഇതിനുള്ള തിരിച്ചടി ദൈവം നൽകിക്കോളൂം… നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോർത്ത് ആശ്വസിച്ചോളൂ…”

രാമേട്ടൻ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുമ്പോൾ ആശ്വാസം തോന്നി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞല്ലോ. അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. എന്നെക്കാളേറെ ഹൃദയത്തിൽ ദുഃഖഭാരവുമേന്തി നടക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്.

രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവർ. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള എന്‍റെ ജീവിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു കഴിഞ്ഞാൽ എന്‍റെ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനം കൂടിയാകുമത്, മനസ്സു പറഞ്ഞു.

ഉച്ചയ്ക്ക് ഒറ്റയ്ക്ക് പാകം ചെയ്‌ത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുമ്പോൾ അരുണിനെ ഓർത്തു. അവൻ വേഗം മടങ്ങി വന്നിരുന്നെങ്കിൽ എനിക്കത് ആശ്വാസമാകുമായിരുന്നു. പെട്ടെന്ന് സ്വന്തം സ്വാർത്ഥതയെക്കുറിച്ചോർത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കൾ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ… പാവം കുട്ടി… എനിക്കു വേണ്ടി അവൻ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.

വൈകുന്നേരം അരുൺ തിരിച്ചെത്തിയത് അൽപം മ്ലാനവദനായിട്ടാണ്. അവന്‍റെ ദുഃഖ പൂർണ്ണമായ മുഖം കണ്ട് ഞാന്വേഷിച്ചു.

“എന്തുപറ്റി അരുൺ… മമ്മിയേയും ഡാഡിയേയും കണ്ടില്ലേ?” ഉൽകണ്ഠ മുറ്റി നിന്ന എന്‍റെ വാക്കുകൾക്കു മറുപടിയായി അരുൺ വിഷാദമഗ്നനായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞ.

കണ്ടു മാഡം… അവർ സുഖമായിരിക്കുന്നു. മാഡത്തെപ്പറ്റി അവർ അന്വേഷിച്ചു. ഇന്ന് ഡാഡി വീട്ടിലുള്ളതു കൊണ്ടാണ് മമ്മി ഇങ്ങോട്ട് വരാതിരുന്നത്. ഡാഡി ഒരു ടൂർ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ…

അവന്‍റെ വാക്കുകളിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് അവൻ മറയ്ക്കുന്നതായി തോന്നി. നേരത്തെ റിസോർട്ടിൽ വച്ചും അവന്‍റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഇതു തന്നെയായിരുന്നു. പക്ഷെ അപ്പോഴൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്‌ഥ എനിക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും എന്താ അവന്‍റെ മനസ്സിലെന്ന് കണ്ടു പിടിക്കണം. എന്‍റെ മനസ്സിന്‍റെ ഉളളറകളിലേയ്ക്ക് അവൻ ആഴ്ന്നിറങ്ങിയ അതേ രീതിയിൽ യാത്രയ്ക്കിടയിൽ അവനെ നേരിടാനുറച്ചു കൊണ്ട്, മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ തുടങ്ങി.

ഒന്നു രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ രാമേട്ടൻ അദ്ഭുതത്തോടെ അന്വേഷിച്ചു.

“അല്ലാ… വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണല്ലോ. അരുൺ മോനും കൂടെയുണ്ടല്ലോ.”

“അതെ രാമേട്ടാ… അമ്മയുടെ ചിതാഭസ്മം ഗംഗയിൽ നിമഞ്ജനം ചെയ്യണം. പിന്നെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി തൊഴണം. എനിക്കിനി അധിക ദിവസം ലീവില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യങ്ങൾ നടത്തിയേക്കാമെന്ന് കരുതി.”

ഞാൻ ഹിന്ദിയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് രാമേട്ടൻ അൽപം ഗൗരവത്തിൽ പറഞ്ഞു.

“വളരെ നല്ല കാര്യമാണ് മാഡം അത്. ഞാൻ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഗംഗയിൽ മുങ്ങിക്കുളിച്ചിട്ടുണ്ട്. പിന്നെ അൽപം നിർത്തി തുടർന്നു. ഈ ജന്മത്തിൽ ഞാൻ മനസ്സറിയാതെ എന്തെങ്കിലും പാപകർമ്മങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതെല്ലാം തീർന്നു കാണും മാഡം…”

രാമേട്ടന്‍റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലോർത്തു. എനിക്കും അതുതന്നെയാണാവശ്യം രാമേട്ടാ. ഇന്നത് മനസ്സിന്‍റെ ആവശ്യമായിത്തീർന്നിരിക്കുന്നു.

രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തുകൊണ്ടോ ഒരാഹ്ലാദം മനസ്സിനുള്ളിൽ ചിറകടിച്ചുയർന്നു. ചിരകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു മോഹം സഫലമാകുവാൻ പോവുകയാണ്. നരേട്ടനുള്ളപ്പോൾ ഞങ്ങളതു പ്ലാൻ ചെയ്തതാണ്. പക്ഷെ അതു നടന്നു കാണാൻ നരേട്ടനു ഭാഗ്യമുണ്ടായില്ല. ഇന്നിപ്പോൾ ഞാൻ ഏകയായി… അതോർത്തപ്പോൾ ഒരസ്വാസ്ഥ്യം മനസ്സിൽ പടർന്നു കയറി. എങ്കിലും മനസ്സിനെ മനഃപൂർവ്വം സമാധാനപ്പെടുത്തിക്കൊണ്ടു സ്വയം പറഞ്ഞു.

ഈ യാത്ര കഴിഞ്ഞെത്തുമ്പോൾ ഞാൻ നേടുന്നത് ഒരു പുനഃർജനിയായിരിക്കും. എല്ലാ പാപകർമ്മങ്ങളും ഗംഗയിൽ മുക്കിത്താഴ്ത്തി പുനർജന്മം നേടിയ ഒരു മനുഷ്യ സ്ത്രീയായ ഞാൻ തിരികെയെത്തും.

റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പുറപ്പെടാൻ തയ്യാറായി കിടപ്പുണ്ടായിരുന്നു. അരുൺ ധൃതി കൂട്ടി. “വേഗം വരൂ മാഡം… ട്രെയിൻ ഇന്ന് അൽപം നേരത്തെയാണെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ് എസി റിസർവേഷൻ കംപാർട്ട്മെന്‍റ് കണ്ടെത്തിയാൽ പ്രശ്നം തീർന്നു.” ധൃതി പിടിച്ച് മുന്നേ ഓടുന്ന അരുണിനോടൊപ്പം ഓടിയെത്താൻ അൽപം പാടുപ്പെട്ടു.

പിന്നീട് ഞങ്ങളുടെ കംപാർട്ടുമെന്‍റ് കണ്ടെത്തി അതിൽ കയറിപ്പറ്റുമ്പോൾ അരുണിനോടൊപ്പം ഞാനും ആശ്വാസം കൊണ്ടു. എങ്കിലും അൽപം വേഗത്തിൽ ഓടിയതു കൊണ്ട് ഞാൻ കിതയ്ക്കുന്നത് അരുൺ കണ്ടു. അൽപം വിഷമത്തോടെ അരുൺ പറഞ്ഞു.

“സോറി മാഡം… ഞാനല്പം ബുദ്ധിമുട്ടിച്ചുവല്ലേ? എങ്കിലും ട്രെയിൻ നേരത്തെ ആയത് നന്നായി. നമുക്ക് സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിച്ചേരാൻ പറ്റുമെന്നു തോന്നുന്നു. മാഡത്തിനറിയാമോ? കാശിയിൽ ഗംഗാനദിയിലെ സൂര്യോദയം കാണേണ്ടതു തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്…”

അതുകേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ എന്നെ അഭിരമിപ്പിക്കുമോ എന്നറിയില്ല. എങ്കിലും ലോകത്ത് പ്രത്യേകിച്ച് ഭാരതത്തിൽ ധാരാളം ജനങ്ങൾ തങ്ങളുടെ ദുഃഖഭാരം ഇറക്കി വയ്ക്കുന്നത് അവിടെയാണല്ലോ എന്നും ഓർത്തു. അവിടെയെത്തുമ്പോൾ സ്വയമറിയാതെ തന്നെ മനസ്സ് സ്വസ്ഥമാകും എന്നു തോന്നി.

ട്രെയിൻ പതുക്കെ ഇളകിത്തുടങ്ങിയിരുന്നു. രാത്രിയിലെ അൽപം നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങളുടെ കംപാർട്ടുമെന്‍റിലെ പലരും നടത്തുന്നുണ്ടായിരുന്നു. മുകളിലെ ബർത്തു റിസർവ്വു ചെയ്‌ത രണ്ടു യുവ മിഥുനങ്ങൾ അത് നേരത്തെ തന്നെ കൈയ്യടക്കിക്കഴിഞ്ഞു. പിന്നെ താഴത്തെ ബർത്തിൽ ഭാര്യ ഭർത്താക്കന്മാരായ രണ്ടു വയോവൃദ്ധർ.

ഞങ്ങൾക്കു കിട്ടിയത് ട്രെയിനിലെ സൈഡ് ബെർത്ത് ആയതു കൊണ്ട് മറ്റാരുടെയും ശല്യമില്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞു. മുകളിലത്തെ ബെർത്തിൽ അരുണും താഴത്തെ ബെർത്തിൽ ഞാനും കിടക്കാമെന്ന് തീരുമാനിച്ചു.

“മാഡം… മാഡത്തിനെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. രാത്രിയിലെ ആഹാരം ബുക്കു ചെയ്യാനാണ്. അരുണിന്‍റെ മുമ്പിൽ അപ്പോൾ കാന്‍റീൻ ഭക്ഷണം ഓർഡർ ചെയ്‌തു വാങ്ങുന്ന ആൾ നിൽപുണ്ടായിരുന്നു.

“രാത്രി എനിക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും മതി അരുൺ”

അരുൺ രണ്ടുപേർക്കുള്ള ആഹാരത്തിന് ഓർഡർ കൊടുക്കുന്നതു കേട്ടു. പിന്നീട് പുറത്തെ കാഴ്ചകളിലേയ്ക്ക് ദൃഷ്ടി പായിച്ചിരിക്കുന്ന അരുണിനെ കണ്ടപ്പോൾ അൽപം മുമ്പ് ഉള്ളിലുണർന്ന ചോദ്യത്തിന് ഉത്തരം തേടിയാലോ എന്നാലോചിച്ചു. പിന്നീട് അപ്പോൾ വേണ്ടെന്നു വച്ചു. എല്ലാവരും ഉറങ്ങിക്കഴിയട്ടെ. അപ്പോൾ ചോദിച്ചറിയാം. ആഹാര ശേഷം മുകളിലെ ബെർത്തിലേയ്ക്ക് ഉറങ്ങുവാൻ പോകാൻ തുനിഞ്ഞ അരുണിനോടു പറഞ്ഞു.

“അരുൺ… ഉറങ്ങുവാൻ വരട്ടെ… എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.” അരുൺ ജിജ്ഞാസയോടെ എന്നെ നോക്കി ചോദിച്ചു.

“മാഡത്തിന് എന്താണ് പറയാനുള്ളത്… എന്താണെങ്കിലും എന്നോടു പറഞ്ഞോളൂ…”

ഞാൻ ചുറ്റിനു കണ്ണോടിച്ചു നോക്കി മറ്റെല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് അരുണിനോട് എല്ലാം ചോദിച്ചറിയാൻ പറ്റിയ സമയം. മനസ്സിന്‍റെ നിർദ്ദേശം അനുസരിച്ചു കൊണ്ട് ഞാൻ മെല്ലെ സംസാരം ആരംഭിച്ചു. സംസാരത്തിൽ ഗൗരവം കലർന്നത് ഞാനറിയാതെയാണ്.

“അരുൺ… നീയെനിക്കിന്ന് മകനെപ്പോലെയാണ്… അല്ല… മകൻ തന്നെയാണ്. അപ്പോൾ പിന്നെ നിന്‍റെ മനസ്സിലുള്ള കാര്യങ്ങൾ എന്നോടു തുറന്നു പറയേണ്ടത് നിന്‍റെ കടമയാണ്. അല്ലെന്നു തോന്നുന്നുവെങ്കിൽ നമ്മുടെ ഈ ബന്ധം ഇപ്പോൾ ഇവിടെ അവസാനിപ്പിക്കാം… എന്തു പറയുന്നു?”

എന്‍റെ ചോദ്യം അരുണിനെ വേദനിപ്പിച്ചുവെന്നു തോന്നി.

“മാഡം… എന്താണ് പറഞ്ഞു വരുന്നത്. എനിക്കു മനസ്സിലാകുന്നില്ല.”

അരുണിന്‍റെ ചോദ്യത്തിൽ അമ്പരപ്പു നിറഞ്ഞു നിന്നു. അൽപനേരം എന്‍റെ മുഖത്തുറ്റുനോക്കി അവൻ പറഞ്ഞു.

“മാഡത്തിനെന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്‍റെ അമ്മയെപ്പോലെ തന്നെ. ചോദിച്ചോളൂ… മാഡത്തിനെന്താണ് അറിയേണ്ടത്… ഞാൻ പറയാം.”

അരുണിനെ വേദനിപ്പിച്ചതിൽ മാപ്പു ചോദിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“സോറി അരുൺ… നീ ചിലതൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നതായി തോന്നി. ഒരു മുൻകരുതലെന്ന നിലയ്ക്കാണ് ഞാനിങ്ങനെയൊക്കെ സംസാരിച്ചത്. അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല. പറയൂ അരുൺ. എന്താണ് നിന്നെ അലട്ടുന്ന പ്രശ്നം. ഒളിയ്ക്കാതെ എല്ലാം എന്നോടു പറയൂ.” അൽപനേരം പുറത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ശേഷം അരുൺ പറഞ്ഞു.

മാഡം ഊഹിച്ചതു ശരി തന്നെയാണ്. എന്‍റെ മനസ്സിൽ, ചില പ്രശ്നങ്ങൾ പരിഹാരം കാണാനാവാത്തതായി കിടപ്പുണ്ട്. എന്‍റെ ഉള്ളിൽ ഞാൻ നിങ്ങളിൽ നിന്നൊക്കെ മറച്ചു വച്ച ഒരു പെൺകുട്ടിയുണ്ട്. സാരംഗി എന്നാണവളുടെ പേര്. ഒരു നോർത്തിന്ത്യൻ പെൺകുട്ടി. അവളാണെന്‍റെ വേദന…”

“അവൾക്കെന്താണ് പ്രശ്നം? അരുൺ എന്താണെങ്കിലും എന്നോടു പറയൂ. നമുക്കതു പരിഹരിയ്ക്കാൻ ശ്രമിക്കാം.” ഞാനവനെ ഉറ്റുനോക്കി പറഞ്ഞു.

ഇരുട്ടിന്‍റെ താഴ്വരയിൽ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ ട്രെയിനിന്‍റെ വേഗതയ്ക്കൊപ്പം പുറകോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു. വിൻഡോ ഗ്ലാസ്സിലൂടെ അരുൺ ആ മലനിരകളലേയ്ക്ക് ദൃഷ്ടി പായിച്ചു. പിന്നെ ഏറെ ദുഃഖാകുലനായി ആ കഥ പറഞ്ഞു തുടങ്ങി.

സാരംഗി അതാണവളുടെ പേര്. എന്നെക്കാൾ ജൂനിയറായി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി. നന്നായി പഠിച്ചിരുന്ന അവൾ ഒരു കാലത്ത് എല്ലാ ആക്റ്റിവിറ്റീസിലും പങ്കെടുത്ത് വിജയങ്ങൾ മാത്രം കൊയ്തിരുന്നു. നന്നായി നൃത്തം ചെയ്യും, പാട്ടു പാടും, പ്രസംഗിക്കും എന്നു വേണ്ട ചിത്രരചനയിൽ വരെ പ്രാഗത്ഭ്യമുള്ള പെൺകുട്ടി.

ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് ഒരിക്കൽ ഇലക്ഷൻ സമയത്താണ്. കോളേജ് യൂണിയൻ ചെയർമാന്‍റെ സ്‌ഥാനത്തേയ്ക്ക് ഞാനും, ആർട്സ് ക്ലബ് സെക്രട്ടറിയായി സാരംഗിയും മത്സരിച്ചു വിജയിച്ചു. ഞങ്ങളുടെ ആ പരിചയം പ്രേമബന്ധമായി വളർന്നു വന്നു. ഒടുവിൽ സാരംഗിയെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ എന്‍റെ റിസർച്ച് കഴിയുന്നതു വരെ അവളോട് ക്ഷമിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു. എന്‍റെ തീരുമാനത്തെ അവൾ തെറ്റിദ്ധരിച്ചു.

അവൾക്ക് ഉടനെ വിവാഹിതയാകുവാനായിരുന്നു ആഗ്രഹം. ഫൈനൽ ഇയർ പോസ്റ്റ് ഗ്രാജുവേഷൻ തീർന്നാലുടനെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്‍റെ തീരുമാനത്തെ അംഗീകരിക്കാൻ അവൾക്കായില്ല.

എനിക്കാണെങ്കിൽ റിസർച്ച് വർക്ക് തീർത്ത് ഒരു ജോലി തേടിപ്പിടിക്കേണ്ട ബാദ്ധ്യതയും ഉണ്ട്. വീട്ടിൽ മമ്മിയും ഡാഡിയും ഈ വിവാഹത്തെ അനുകൂലിക്കുമായിരിക്കും. എങ്കിലും സ്വന്തമായി ഒരു ജോലിയില്ലാതെ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിക്കുന്നതെങ്ങിനെ?

എന്‍റെ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ അവൾ എന്നെ നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ അവളെ ചതിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവൾ മറ്റു ചില കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടു.

അവരെല്ലാം മയക്കുമരുന്ന്, കഞ്ചാവു പോലുള്ള ചില ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ആ കൂട്ടുകെട്ടിൽ പെട്ട് അവളും അതെല്ലാം ഉപയോഗിക്കാൻ തുടങ്ങി. എന്നെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ അത്തരം കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടത്.

എന്നാലിന്നിപ്പോൾ അവൾ പൂർണ്ണമായും ലഹരി മരുന്നുകൾക്ക് അടിമയായിത്തീർന്നിരിക്കുന്നു. അവളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഞാൻ കുഴങ്ങുകയാണ് മാഡം. എന്‍റെ സാരംഗി ഇന്നെന്നെ പൂർണ്ണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു. അവളുടെ ഇപ്പോഴത്തെ കൂട്ടുകാർ അവൾക്കു നൽകുന്ന ഉപദേശം അത്തരത്തിലുള്ളതാണ്.

എനിക്കാണെങ്കിൽ സാരംഗിയെ മറക്കാനാവുകയില്ല. അവളെ നേർവഴിയ്ക്കു കൊണ്ടു വരുവാൻ ഞാൻ ഒരുപാടു പരിശ്രമിച്ചു. എന്നാലിന്നവൾ എന്നെ അവളുടെ ജീവിതത്തിൽ നിന്നു തന്നെ ആട്ടിയോടിക്കുകയാണ്.

കഴിഞ്ഞ ദിവസം റിസോർട്ടിൽ വച്ചും, ഇന്ന് അവളുടെ വീട്ടിൽ ചെന്നപ്പോഴും അവൾ എന്നോട് ചെയ്‌തത് അതാണ്. അവളുടെ അച്ഛനാണെങ്കിൽ ഒരു രാഷ്ട്രീയക്കാരനാണ്. അയാൾ ഇതൊന്നുമറിയാതെ മകളെ അനുകൂലിക്കുകയാണ്.

അയാൾ അവളുടെ വിവാഹം ഇക്കൊല്ലം തന്നെ അവളുടെ കൂട്ടുകാരൻ കൂടിയായ ഒരു ലഹരി മരുന്നിന്നടിമയായി പയ്യനോടൊപ്പം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് എന്‍റെ സാരംഗിയെ നഷ്ടപ്പെടുവാൻ വയ്യ മാഡം… അവൾ ലഹരി മരുന്നുകൾക്കടിമയായി നശിക്കുന്നതു കാണാനും എനിക്കു വയ്യ… അരുൺ പൊട്ടിക്കരയുവാൻ ഭാവിക്കുന്നതു കണ്ട് ഞാൻ പറഞ്ഞു.

അരുൺ വിഷമിക്കരുത്… അരുണിന്‍റെ കൂട്ടുകാരിയെ നമുക്ക് ഏതു വിധേനയും ലഹരി മരുന്നിന്‍റെ പിടിയിൽ നിന്നും മോചിപ്പിക്കണം. അവളെ പഴയ സാരംഗിയായി അരുണിന് തിരികെ ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം.

“കോളേജിൽ ചെന്നാലുടനെ നമുക്ക് ലഹരി വിരുദ്ധ ക്യാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അരുൺ എന്നോടൊപ്പം ഉണ്ടായാൽ മതി…”

എന്‍റെ വാക്കുകൾ അരുണിന് ശക്‌തി പകർന്നതു പോലെ തോന്നി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. മാഡത്തിനെ എനിക്കു വിശ്വാസമാണ്.

(തുടരും)

അറിയാതെ…

കഷ്‌ടപ്പെട്ട് നേടിയെടുത്ത വിജയത്തിന്‍റെ ലഹരിയിലാണിന്ന് മാനസി. ആധുനിക സജ്‌ജീകരണങ്ങളോടു കൂടിയ ഓഫീസ്, ഒരു പാട് ജീവനക്കാർ, ഏതൊരു ബിസിനസ്സുകാരിയും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. എല്ലാം മാനസി സ്വന്തമാക്കിയിരിക്കുന്നു. അതിന്‍റെ സന്തോഷം ഇന്ന വളുടെ ജീവിതത്തിലുണ്ട്.

മകളുടെ വളർച്ച കണ്ട് അച്‌ഛനമ്മമാരും ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ അവരെ ഏറെ വേദനിപ്പിച്ചത് ചിത്രകാരാനായ ശശിധരനെ വിവാഹം കഴിക്കാനുള്ള മാനസിയുടെ തീരുമാനമായിരുന്നു.

ഓഫീസിൽ തിരക്കൊഴിഞ്ഞ ദിവസം വെറുതെ എന്തോ ഓർത്തിരിക്കുമ്പോഴാണ് ഒരു കുയിൽ നാദം മാനസി കേട്ടത്. ഈ കോൺക്രീറ്റ് കാടുകളിലും ഒരു പക്ഷി ജീവിതമോ അവൾ അതിശയിച്ചു. കസേര തിരിച്ച് ജനാലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും കുയിലിനെ കണ്ടില്ല. പകരം ഓർമ്മകൾ ഓടി വന്നു.

ശശിധരൻ ആദ്യമായി തന്‍റെ ഓഫീസിൽ ജോലി അന്വേഷിച്ച് വന്നത്. തടിമിടുക്കുള്ള വെളുത്ത നിറത്തിലൊരു ആൺ രൂപം. നീല ജീൻസും ഓറഞ്ച് ടീ ഷർട്ടും അയാൾക്ക് നന്നേ ചേർന്നിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ശശിയെ സ്വന്തമാക്കാൻ മാനസി ആഗ്രഹിച്ചിരുന്നു. അയാളുടെ പെയിന്‍റിംഗ് കണ്ടപ്പോഴാണ് അവൾ ഓർത്തത്. സ്രഷ്‌ടാവിനേക്കാൾ മനോഹരമാണ് സൃഷ്‌ടി. ക്രിയാത്മകമായ ചിത്രങ്ങളായിരുന്നു എല്ലാം. തേടി നടന്നതെന്തോ ലഭിച്ച സന്തോഷമായിരുന്നു അന്നവൾക്ക്.

ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാളി തൊഴിലാളി സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവർ പോലുമറിഞ്ഞില്ല. മാനസി ശശിയോട് വിവാഹാഭ്യാർത്ഥന നടത്തി. തന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില അത്ര മെച്ചമല്ലാതിരുന്നതിനാൽ ശശി ആദ്യമൊന്ന് മടിച്ചു.

ശശി നാട്ടിൻ പുറത്താണ് ജനിച്ചു വളർന്നത്. അയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് വീട്ടുകാർ ജീവിച്ചിരുന്നത്. എന്നാൽ മാനസിയുടേത് ആർഭാട ജീവിതമായിരുന്നു. ആവശ്യത്തിലധികം പണം, പ്രൗഢി, പ്രതാപം… മാനസി എന്താഗ്രഹിച്ചാലും അതു നേടിയെടുക്കും. ഒടുവിൽ മാനസിയുടെ ആഗ്രഹം സഫലമായി.

വിവാഹത്തിനു ശേഷം അവർ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം അവർക്ക് ഓമനത്തമുള്ള ഒരു മകൾ ജനിച്ചു. അവൾക്ക് മൃദുല എന്ന് പേരിട്ടു.

പിന്നീടുള്ള നാളുകളിൽ മാനസി കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജോലിത്തിരക്കു കാരണം മാനസിക്ക് മൃദുലയുടെ കാര്യം പോലും ശ്രദ്ധിക്കാൻ തീരെ സമയം കിട്ടിയിരുന്നില്ല. മുത്തശ്ശനും മത്തശ്ശിയുമാണ് മൃദുലയെ വളർത്തിയത്.

മോളുടെ കാര്യത്തിൽ പോലും മാനസിക്ക് തീരെ ശ്രദ്ധയില്ലാതായപ്പോൾ ശശിക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷേ മാനസിയെ ഉപദേശിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വിഫലമായി.

ന്യായങ്ങൾ നിരത്തി ശശിയുമായി വഴക്കിടുന്നതും മാനസിക്കു ശീലമായി. മാനസിയുടെ വാശിയെക്കുറിച്ച് നന്നായി അറിയാമായിരുന്നതു കൊണ്ട് ശശി പലപ്പോഴും ഒന്നും കണ്ടില്ലെന്നു ഭാവിക്കും. എങ്കിലും അവളുടെ ഉത്തരവാദിത്തമില്ലായ്‌മ പലപ്പോഴും അയാളെ കുപിതനാക്കി.

ചിലപ്പോഴൊക്കെ മാനസി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകും. പിന്നീട് കുറേ ദിവസങ്ങളോളം അവിടെത്തന്നെ താമസിക്കും. ആദ്യമാദ്യം ശശി മാനസിയെ വിളിച്ചുകൊണ്ടു വരുമായിരുന്നു. എങ്കിലും മാനസിയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കണ്ടില്ല. അവർക്കൊന്നിച്ച് ജോലി ചെയ്യാൻ സാധിക്കാതായി.

അവസാനം ശശി മറ്റൊരു ജോലി അന്വേഷിക്കാൻ തുടങ്ങി. മാനസി പെയിന്‍റിംഗിന് മറ്റൊരാളെ നിയമിച്ചു. അതിനിടയ്‌ക്കാണ് ശശിക്ക് ദുബായിയിൽ ഒരു ഓഫർ ലഭിച്ചത്. ശശിക്കും കുടുംബത്തിനും ദുബായിയിൽ താമസിക്കാനുള്ള സൗകര്യം കമ്പനിയൊരുക്കിയിരുന്നു. ഓർഡർ തീരുന്നതുവരെ അവർക്ക് അവിടെ തങ്ങുന്നതിനുള്ള സകല സൗകര്യവും കമ്പനി നൽകി.

ഇത്ര വലിയ ഓഫർ ലഭിച്ചപ്പോൾ ശശി വളരെയേറെ സന്തോഷിച്ചു. എത്രയും പെട്ടെന്ന് ഈ സന്തോഷ വാർത്ത മാനസിയെ അറിയിക്കാൻ ശശിക്കു തിടുക്കമായി, കുറേ പ്രാവശ്യം മൊബൈൽ ഫോണിലേക്ക് വിളിക്കുന്നതിന് ശശി ശ്രമിച്ചു. പക്ഷേ മാനസിയിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. കുറച്ചു സമയത്തിനു ശേഷം മാനസി തിരിച്ചു വിളിച്ചു.

“ഹലോ, ഞാൻ മാനസിയാണ്.”

“ഹലോ മാനസി, ഞാനെത്ര നേരമായി നിന്നെ വിളിക്കാൻ ശ്രമിക്കുന്നു. നീയെവിടെയായിരുന്നു” ശശി തിടുക്കത്തോടെ ചോദിച്ചു.

“എന്‍റെ മൊബൈലിന്‍റെ ബാറ്ററി ഡൗണായിരുന്നു. അതുകൊണ്ട് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തതാണ്” മാനസി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“ശരി.. എനിക്ക് പെയിന്‍റിംഗിന്‍റെ വൻ ഓർഡർ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമുക്കൊന്നിച്ച് പുറത്തെവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ പോകാം. ഇന്ന് നേരത്തെ വീട്ടിലേക്കു വരണം” ശശി പറഞ്ഞു.

“ശശി നല്ല കാര്യമാണല്ലോ, പക്ഷേ എനിക്ക് ബാംഗ്ലൂരിലേക്ക് പോകണം. അവിടെയൊരു മീറ്റിംഗുണ്ട്” മാനസി ഒഴിവു പറഞ്ഞു.

“അതിനു നാളെ പോയാൽ പോരെ.”

“ഇല്ല, ഞാനിപ്പോൾ തന്നെ ബാംഗ്ലൂരിലേയ്‌ക്ക് തിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെയൊപ്പം വരാൻ പറ്റില്ല, സോറി.”

“മാനസി, പക്ഷേ നീ…”

“ഞാനൊരു പ്രാവശ്യം പറഞ്ഞില്ലേ നിങ്ങളോടൊപ്പം വരാൻ പറ്റില്ലെന്ന്. പിന്നെ വെറുതെ വാശിപിടിക്കുന്നതെന്തിനാണ്?” മാനസി കയർത്തു സംസാരിച്ചു.

മാനസി ഇത്ര രൂക്ഷമായ രീതിയിൽ തന്നോടു പെരുമാറുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. അവൾക്കു വാശിയുണ്ട്. ജോലിയിൽ ആത്മാർത്ഥതയുണ്ട്. എന്നാൽ എന്നോട് ഇത്രത്തോളം വെറുപ്പെന്തിന്?

ശശി ഒറ്റയ്‌ക്ക് ദുബായിലേക്ക് പോയി. നാലു മാസം കടന്നു പോയി. മാനസിയേയും മൃദുലയേയും ഓർക്കാത്ത ഒരൊറ്റ ദിവസം പോലുമുണ്ടായിരുന്നില്ല ശശിക്ക്.

ജോലി പൂർത്തിയാക്കി ശശി ഇന്ത്യയിലേയ്‌ക്ക് മടങ്ങി. മാനസിയാകട്ടെ ആദ്യത്തേതുപോലെ കൂടുതൽ തിരക്കിലായിരുന്നു. ഒരു ദിവസം നാട്ടിൽ നിന്നും ശശിക്ക് ഒരു കത്ത് വന്നു. അമ്മയ്‌ക്ക് തീരെ സുഖമില്ല. അതുകൊണ്ട് കഴിവതും വേഗം നാട്ടിലേയ്‌ക്ക് വരണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ശശി എഴുത്ത് മാനസിയെ കാണിച്ചു.

“മാനസി, നമുക്ക് കഴിവതും വേഗം നാട്ടിലേയ്‌ക്കു പോകണം.”

“ഇല്ല. എനിക്ക് നിങ്ങളുടെയൊപ്പം വരാൻ സാധിക്കില്ല.” മാനസി അറുത്തു മുറിച്ച് പറഞ്ഞു.

“പക്ഷേ മാനസി, നീയും എഴുത്ത് വായിച്ചതല്ലേ. അമ്മ നമ്മളെ രണ്ടുപേരെയും നാട്ടിലേയ്‌ക്ക് വിളിച്ചിട്ടുണ്ട്. ദയവായി നീയും വരണം.” ശശി താണുകേണ് അവളോടു പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞതല്ലേ. തീരെ സമയമില്ലെന്ന്. കണ്ടില്ലേ എനിക്കെന്തുമാത്രം ജോലിയാ ചെയ്‌തു തീർക്കാനുള്ളത്. നിങ്ങളുടെ അച്‌ഛനും അമ്മയുമല്ലേ, നിങ്ങൾ പോയാൽ മതി.” മാനസി കുപിതയായി.

മാനസിയിൽ നിന്നും ഇത്രയും അവഗണന ശശി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. കുറച്ചു നേരം മിണ്ടാതെ നിന്നതിനു ശേഷം ശശി ഒറ്റയ്‌ക്ക് നാട്ടിലേയ്‌ക്കു പോകുന്നതിന് തയ്യാറായി.

അമ്മയുടെ നില ഗുരുതരമായിരുന്നു. അമ്മയ്‌ക്ക് വിദഗ്‌ദ്ധ ചികിത്സ നൽകേണ്ടത് ആവശ്യമാണെന്ന് അയാൾക്കു തോന്നി. അതുകൊണ്ട് അമ്മയെ എറണാകുളത്തേക്കു കൊണ്ടു വന്നു.

“നിങ്ങളെന്തിനാണിവരെ ഇങ്ങോട്ടേക്കു വിളിച്ചു കൊണ്ടു വന്നത്?” മാനസി ശശിയോടു ചോദിച്ചു.

“മാനസി, നീയെന്താണീ പറയുന്നത്. ഇവരെന്‍റെ അച്‌ഛനും അമ്മയുമല്ലേ? മറ്റാരുമല്ലല്ലോ? ഞാനല്ലാതെ പിന്നെ ആരാ ഇവരെ നോക്കാനുള്ളത്?” ശശിക്കും ദേഷ്യം വന്നു.

“അതൊന്നുമെനിക്കറിയില്ല, പക്ഷേ ഇവരെ ശുശ്രൂക്ഷിക്കാൻ മാത്രം എന്നോടു പറയരുത്. എനിക്ക് അതിനൊട്ടും സമയമില്ല,” മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തുറന്ന മറുപടി കേട്ട് ശശി തകർന്നു പോയി. എന്നാലും മാനസിയെ പറഞ്ഞ് മനസ്സിലാക്കുവാൻ ശശി ശ്രമിച്ചു കൊണ്ടിരുന്നു.

“മാനസി… എന്തൊക്കെയായാലും നിനക്കും ചില ഉത്തരവാദിത്തങ്ങളൊക്കെയില്ലേ..”

“ശശി, ഇത്രയ്‌ക്ക് സെൻസിറ്റീവാകേണ്ട കാര്യമില്ല. ഇക്കാലത്ത് പണമുണ്ടാക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന കാര്യം നിങ്ങൾക്കറിയാമോ? ഞാനെന്‍റെ ജോലിയൊക്കെ ഉപേക്ഷിച്ച് രോഗികളെ ശുശ്രൂക്ഷിക്കണമെന്നാണോ നിങ്ങൾ പറയുന്നത്.” മാനസിക്കും ദേഷ്യമടക്കാനായില്ല.

“നിനക്ക് പണം… പണം.. എന്ന ഒരൊറ്റ വിചാരമല്ലേയുള്ളൂ… ജീവിതത്തിൽ മറ്റൊന്നിനും ഒരു സ്‌ഥാനവുമില്ലേ? എപ്പോ നോക്കിയാലും പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം മാത്രം?”

അവർ പരസ്‌പരം വഴക്കിടുന്നതു കണ്ട് ശശിയുടെ അച്‌ഛനും അമ്മയ്‌ക്കും സങ്കടം തോന്നി.

“മോളേ, ഞങ്ങളെച്ചൊല്ലി നിങ്ങൾ വഴക്കടിക്കേണ്ട. ഞങ്ങളിവിടെ സ്‌ഥിര താമസത്തിനു വന്നതല്ല. ശശിയുടെ അമ്മയ്‌ക്ക് തീരെ സുഖമില്ലല്ലോ? ഒന്നു രണ്ട് ആഴ്ച കഴിഞ്ഞാൽ ഞങ്ങളിവിടെ നിന്നും പോവും.”

“ഇല്ല, നിങ്ങളെവിടെയും പോകണ്ട. ഇവിടെ എന്‍റെയൊപ്പം ഈ വീട്ടിൽ താമസിച്ചാൽ മതി” ശശി ഉറക്കെ പറഞ്ഞു.

മാനസിക്ക് ഇതൊട്ടും ഇഷ്‌ടമായില്ല. വസ്‌ത്രങ്ങളും അത്യാവശ്യ വസ്‌തുക്കളും പായ്‌ക്ക് ചെയ്‌ത്, മൃദുലയേയും എടുത്ത് അവൾ സ്വന്തം വീട്ടിലേയ്‌ക്കു പോയി.

വീട്ടിലെത്തിയതും അവൾ നടന്നതെല്ലാം അമ്മയോടു പറഞ്ഞു. അമ്മയ്‌ക്ക് മാനസിയുടെ സ്വഭാവം നന്നായി അറിയാമായിരുന്നു. മകളുടെ വാശിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അമ്മയ്‌ക്ക് മനസ്സിലായി.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അമ്മയോടും മാനസി കയർത്തു സംസാരിച്ചു. മാനസിയുടെ അച്‌ഛനും അവളെ ഉപദേശിക്കാൻ ശ്രമിച്ചു. എല്ലാവരും തന്‍റെ ശത്രുക്കളാണെന്നും തന്‍റെ വളർച്ചയിൽ എല്ലാവർക്കും അസൂയയാണെന്നും അതിനാലാണ് എപ്പോഴും തന്നെ കുറ്റപ്പെടുത്തുന്നതെന്നും അവൾക്കു തോന്നി. അവസാനം ശശിയിൽ നിന്നും വീട്ടുകാരിൽ നിന്നും അകന്നു താമസിക്കാൻ അവൾ തീരുമാനിച്ചു.

മാനസി പുതിയ വീട്ടിലേയ്‌ക്ക് താമസം മാറ്റി. അവൾ മൃദുലയേയും തന്‍റെയൊപ്പം കൂട്ടി. ശശി പലപ്പോഴും മാനസിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശശിയുമായി വിവാഹമോചനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തീരുമാനം അറിഞ്ഞ് അവളുടെ അച്‌ഛനമ്മാർ വിഷമിച്ചു. മാനസിയെന്തിനാണ് ഇങ്ങനെ എടുത്തു ചാടുന്നതെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഇതിനെക്കുറിച്ച് ചോദിക്കാൻ അവർക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല.

മാനസി വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും അവരവരുടെ ജോലിത്തിരക്കിലായിരുന്നു. മൃദുല വളർന്നു വലുതാവാൻ തുടങ്ങി. എപ്പോഴും മാനസി മൃദുലയെ ഓരോന്നും പറഞ്ഞ് വിലക്കും.

ശശിയുടെ വീട്ടിൽ പോകുവാൻ അവളെ അനുവദിക്കില്ലായിരുന്നെന്നു മാത്രമല്ല, വല്ലപ്പോഴും മാത്രമേ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം താമസിക്കാനും അനുവദിച്ചിരുന്നുള്ളൂ. സ്‌ക്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി മൃദുല കോളേജിലെത്തി.

കോളേജിൽ മൃദുലയ്‌ക്കൊരു സുഹൃത്തിനെ കിട്ടി. വിക്രം. സുഖദുഃഖങ്ങൾ പരസ്‌പരം ചർച്ച ചെയ്‌തും ഒന്നിച്ച് വളരെയേറെ സമയം ചെലവഴിച്ചും എപ്പോഴാണ് ആ ബന്ധം സ്‌നേഹത്തിലേയ്‌ക്ക് വഴി തിരിഞ്ഞതെന്ന് അവർ പോലുമറിഞ്ഞില്ല.

പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ വിക്രമിന് ബാംഗ്ലൂരിൽ ജോലി ലഭിച്ചു. ബാംഗ്ലൂരിലായിരുന്നു വിക്രമിന്‍റെ അച്‌ഛനമ്മമാരും കുടുംബവും താമസിച്ചിരുന്നത്.

മൃദുല വിക്രമിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലുള്ള വിക്രമിന്‍റെ വീട്ടിലേയ്‌ക്ക് താമസമായി. ഒരുപാട് അംഗങ്ങളുള്ള ഒരു കൊച്ചു വീടായിരുന്നു അത്. മൃദുലയ്‌ക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.

അമ്മായിഅമ്മയോടും നാത്തൂനോടുമൊപ്പം അവളും വീട്ടു ജോലികൾ ചെയ്‌തു. മൃദുലയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വീട്ടുകാർ വളരെയോറെ സന്തോഷിച്ചു.

മൃദുലയുടെ വിവാഹം കഴിഞ്ഞ് കുറേ മാസങ്ങൾ കടന്നു പോയി. വിക്രമുമായുള്ള മൃദുലയുടെ വിവാഹം മാനസിക്ക് ഒരിക്കലും ഉൾക്കൊള്ളാനായില്ല. എന്നാൽ മൃദുലയുടെ ദൃഢ തീരുമാനത്തിനു മുന്നിൽ മാനസിയ്‌ക്ക് പരാജയപ്പെടേണ്ടി വന്നു. ഒടുവിൽ മനസ്സ് അൽപം ശാന്തമായപ്പോൾ മകളെ കാണാൻ ബാംഗ്ലൂരിലേയ്‌ക്ക് പോകാമെന്ന് മാനസി തീരുമാനിച്ചു.

മകൾ ഭർതൃവീട്ടിൽ സന്തോഷത്തോടെയാണോ ജീവിക്കുന്നതെന്ന് അവൾക്കറിയണമായിരുന്നു. മാനസി ബാംഗ്ലൂരിലെത്തിയപ്പോൾ വിക്രമും മൃദുലയും അവരെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തു നിൽക്കുകയായിരുന്നു. മൂന്നുപേരും ടാക്‌സിയിൽ വീട്ടിലേയ്‌ക്ക് മടങ്ങി.

മകളുടെ ഭർതൃ വീടു കണ്ട് മാനസിയുടെ മുഖം വാടി. ഇത്ര ചെറിയ വീട്ടിൽ വിക്രവും അച്‌ഛനമ്മമാരും സഹോദരീ സഹോദരങ്ങളും എങ്ങനെയാണ് താമസിക്കുന്നതെന്നോർത്ത് മാനസിയാകെ അസ്വസ്‌ഥയായി. മൃദുലയ്‌ക്ക് വീട്ടു ജോലികൾ ചെയ്യേണ്ടി വരുമായിരുന്നു. യാതൊരു ബുദ്ധിമുട്ടും പ്രശ്നങ്ങളുമില്ലാതെയാണ് താൻ മൃദുലയെ വളർത്തിയത്. ഇന്നാകട്ടെ, പ്രശ്നങ്ങളും കഷ്‌ടപ്പാടുകളുമുള്ള കുടുംബജീവിതവുമാണ് മൃദുല നയിക്കുന്നതും.

മൃദുലയ്‌ക്ക് അൽപം സാവകാശം ലഭിച്ചപ്പോൾ മാനസി അവളെ അരികിൽ വിളിച്ചു. “എന്താ മൃദുലേ ഇതൊക്കെ…? ഇത്ര ചെറിയ വീട്ടിൽ ഇത്രയുമാളുകൾക്കിടയിൽ നീയെങ്ങനെ കഴിയുന്നു? വീട്ടുജോലികളും നീ തന്നെയാണല്ലോ ചെയ്യുന്നത്. വിക്രമിനെ വിവാഹം കഴിക്കേണ്ടന്ന് ഞാനന്നേ പറഞ്ഞതല്ലേ? പക്ഷേ നീ അനുസരിച്ചില്ലല്ലോ?” മാനസി തന്‍റെ എതിർപ്പു പ്രകടിപ്പിച്ചു.

“മമ്മി, എനിക്കിവിടെ സന്തോഷമാണ്. യാതൊരു ബുദ്ധിമുട്ടുമില്ല.” മൃദുല മറുപടി നൽകി.

“എത്ര സുഖസൗകര്യങ്ങളോടെയാണ് നീ വളർന്നത്. നിന്നെ എത്ര ലാളിച്ചാണ് ഞാൻ വളർത്തിയത്. നീയെങ്ങനെ ഇവിടെ ജീവിക്കുന്നു? ആശ്ചര്യമായിരിക്കുന്നു.” മാനസി മകളുടെ മനസ്സുമാറ്റാൻ ശ്രമിച്ചു.

“മമ്മി പറഞ്ഞത് ശരിയാണ്. എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് മമ്മിയെന്നെ വളർത്തിയത്. ഞാൻ പറയേണ്ട താമസം മമ്മിയെനിക്കെന്തും വാങ്ങിത്തരും. സ്‌നേഹം മാത്രം എനിക്ക് ലഭിച്ചില്ല. അച്‌ഛനിൽ നിന്നുപോലും മമ്മിയെന്നെ എന്നും അകറ്റി നിർത്തിയില്ലേ…”

“മമ്മി എന്നും ബിസിയായിരുന്നു. ഞാനാകട്ടെ എപ്പോഴും ഒറ്റപ്പെട്ടും. എനിക്ക് ആഡംബര വസ്‌തുക്കളും ബംഗ്ലാവും കാറുമൊന്നും വേണ്ടായിരുന്നു, എനിക്ക് അമ്മയുടേയും അച്‌ഛന്‍റെയും മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും സ്‌നേഹവും വാത്സല്യവും സപ്പോർട്ടുമൊക്കെയാണ് വേണ്ടിയിരുന്നത്. പക്ഷേ മമ്മി ഇതെല്ലാം എന്നിൽ നിന്നും തട്ടിയെടുത്തില്ലേ? സത്യം പറയൂ മമ്മി… ഞാൻ പറഞ്ഞതു വാസ്‌തവമല്ലേ?” മൃദുല വിഷമത്തോടെ പറഞ്ഞു.

കുറച്ചു നേരം മിണ്ടാതിരുന്നതിനു ശേഷം മൃദുല തുടർന്നു. “മമ്മി, എപ്പോഴും മമ്മിയുടെ ഈഗോയ്‌ക്കാണ് പ്രാധാന്യം നൽകിയത്. ഈ ഈഗോ കാരണമാണ് എല്ലാവരും മമ്മിയിൽ നിന്നും അകന്നത്. മമ്മി, പണത്തിലും വലുതായി ലോകത്തിലൊന്നുണ്ട്. അതാണ് സ്‌നേഹം, വാത്സല്യം, കുടുംബം… ഇതിലാണ് യാഥാർത്ഥ സുഖം. പക്ഷേ മമ്മിയ്‌ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ? മമ്മിയുടെ പക്കൽ ധാരാളം പണം കാണും. പക്ഷേ മമ്മിക്ക് എടുത്തു പറയും വിധം ഒരു ബന്ധുവോ മിത്രമോ ഉണ്ടോ? ഈ പണവും സമ്പത്തും കൊണ്ടെന്തു പ്രയോജനം?”

“ഞാൻ മമ്മിയെ ചോദ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കരുത്. പക്ഷേ എന്നെ എന്‍റെ വഴിക്ക് വിട്ടേക്കണം എന്ന ഒരഭ്യർത്ഥനയുണ്ട്. ഞാൻ തെരഞ്ഞെടുത്ത മാർഗ്ഗത്തിലൂടെ പോകാൻ എന്നെ അനുവദിക്കണം. പണവും പ്രതാപവുമൊന്നുമില്ലെങ്കിലും ഇതെന്‍റെ കുടുംബമാണ്. വിക്രമും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സപ്പോർട്ടുമാണ് എനിക്കേറ്റവും പ്രധാനം” മൃദുല നിറകണ്ണുകളോടെ പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് താൻ ചെയ്‌ത തെറ്റെന്തെന്ന് അവൾ തിരിച്ചറിഞ്ഞു. തന്നോടൊപ്പം ഒരടി പോലും മുന്നോട്ടു വയ്‌ക്കാൻ ഒരു സഹയാത്രികനില്ലല്ലോ എന്ന കുറ്റബോധം അവളെ അലട്ടി.

ഇത്രയും വർഷങ്ങൾക്കിടയിലുള്ള ജോലിത്തിരക്കിലും ഒരിക്കൽ പോലും തളർന്നിട്ടില്ലായിരുന്നു. എന്നാലിന്ന് പെട്ടെന്ന് സർവ്വവും നഷ്‌ടപ്പെട്ടതുപോലെ തോന്നി അവൾക്ക്. പക്ഷേ താൻ ചെയ്‌ത തെറ്റ് മകൾ ആവർത്തിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ മാനസിയ്‌ക്ക് ആശ്വാസമായി. സുഖ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും തന്‍റെ മോൾ സന്തുഷ്‌ടയാണല്ലോ അതുമതി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें