കടയിൽ കസ്‌റ്റമർ ഇല്ലെങ്കിൽ ആ പെൺകുട്ടി സെയിൽസ് കൗണ്ടറിൽ എന്തെങ്കിലും പുസ്‌തകം വായിച്ചിരിക്കുന്നുണ്ടാകും. പുസ്‌തക കടയിൽ വരുന്നവരിൽ ഭൂരിഭാഗവും പുസ്‌തകങ്ങൾ മറിച്ചു നോക്കി ഇറങ്ങിപ്പോകുന്നവരാണ്. വായനക്കാർ ഷെൽഫുകളിൽ ഭംഗിയായി അടുക്കി വച്ച പുസ്‌തകങ്ങൾ ഇളക്കിയെടുത്തും പേജുകൾ മറിച്ചു നോക്കിയും പോകുമ്പോൾ, അവയുടെ സ്‌ഥാനം തെറ്റിയിട്ടുണ്ടാകും.
കസ്‌റ്റമർ മടങ്ങിപ്പോയി കഴിഞ്ഞാൽ പിന്നെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയുടെ ജോലി തുടങ്ങും. പുസ്‌തകങ്ങളെല്ലാം യഥാസ്‌ഥാനത്ത് ഒതുക്കി വയ്‌ക്കണം. ഇനി ആരെങ്കിലും പുസ്‌തകം വാങ്ങിയാൽ അതിന്‍റെ ബിൽ കൊടുത്ത് പുസ്‌തകം പൊതിഞ്ഞു കൊടുത്ത ശേഷം വീണ്ടും അവൾ വായനയിലേക്ക് പോകും.
സത്യൻ അവിടെ ചെല്ലുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ ആ പെൺകുട്ടിയെ തേടും. അവൾ ഒട്ടും കൃത്രിമമല്ലാത്ത ചിരി സമ്മാനിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പുതിയ ടൈറ്റിലുകളെ കുറിച്ച് വിശദമായി പറയാനാരംഭിക്കും. അവയെല്ലാം അപ്പോഴേക്കും മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ടാകും.
ഏതു പുസ്‌തകത്തിന്‍റേയും ഉള്ളടക്കവും എഴുത്തുകാരനും എല്ലാം അവൾക്ക് കാണാപ്പാഠമാണ്. വിവാദമായ പുസ്‌തകങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചായിരിക്കും സംസാരത്തിന്‍റെ തുടക്കം.
പുസ്‌തകങ്ങളെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് ഒക്കെ ഉള്ള ആ പെൺകുട്ടിയുടെ അറിവും വാചാലതയും സത്യനെ ആകർഷിച്ചു. അതുകൊണ്ട് ഒരു പുസ്‌തകം തേടി മറ്റ് പുസ്‌തകക്കടകളിൽ പോകും മുമ്പ് ഇവിടെത്തന്നെയെത്തും. ഇവിടെ ഇല്ലെങ്കിൽ മാത്രമേ മറ്റൊരിടത്ത് അന്വേഷിക്കാറുള്ളൂ. മാസത്തിലൊരിക്കലെങ്കിലും ആ പുസ്‌തകശാല സത്യൻ സന്ദർശിക്കുന്നത് പതിവാണ്. വീട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ് ഈ പുസ്‌തക കട.
ജീവിതത്തിൽ ചില അസ്വസ്‌ഥതകളോ ബോറടികളോ തോന്നുമ്പോഴാണ് സത്യൻ ഈ പുസ്‌തകക്കടയിലേക്ക് വരിക. ഏതാനും മണിക്കൂർ അവിടെ ചെലവഴിച്ചു കഴിയുമ്പോഴേക്കും അയാളുടെ മനസ്സ് തെളിഞ്ഞ ആകാശം പോലെയാകും.
കഴിഞ്ഞ പത്തുവർഷമായി നഗരത്തിൽ താമസിക്കുന്ന സത്യന് ഈ കട ഒരു ശീലമായപ്പോൾ, കടയുടമസ്‌ഥനും സന്തോഷമായി. ഒരു സ്‌ഥിരം കസ്‌റ്റമറെ കിട്ടിയതിൽ. അതുകൊണ്ട് സത്യന് എപ്പോഴും ഡിസ്‌കൗണ്ട് ഉണ്ടാകും.
കടയിലെ ആ പെൺകുട്ടി സുന്ദരിയാണ്. വളരെ ലാളിത്യമുള്ള വസ്‌ത്രധാരണം, അവളുടെ സൗന്ദര്യം അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയാണെന്ന് സത്യന് തോന്നാറുണ്ട്.
കഴിഞ്ഞ നാലുവർഷമായി ആ പെൺകുട്ടിയെ ആ കടയിൽ കാണാൻ തുടങ്ങിയിട്ട്. സത്യൻ ഓർത്തു. അവൾ ഒരു പുസ്‌തക പ്രേമി ആയിരിക്കണം. അതുകൊണ്ടാവും തുച്‌ഛമായ ശമ്പളത്തിൽ അവിടെത്തന്നെ തുടരുന്നത്.
അന്ന് ഞായറാഴ്‌ചയായിരുന്നു. സത്യൻ ആ ദിവസം എങ്ങും പോവില്ല. വീട്ടിൽ വരുത്തുന്ന ഇംഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും മുഴുവൻ വായിക്കാൻ കിട്ടുന്ന സമയമാണ്. ഓഫീസ് ദിനങ്ങളിൽ പത്ര വായന കുറവാണ്. തലക്കെട്ടുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തും. പ്രധാന പേജിലെ വാർത്തകൾ വായിക്കും. തീർന്നു പത്രം വായന. പക്ഷേ അവധി ദിവസങ്ങളിൽ വായനയുടെ ഉത്സവം ആഘോഷിക്കണം സത്യന്.
മലയാളം പത്രത്തിലെ പ്രധാന താളിൽ വന്ന ഒരു ചിത്രത്തിൽ സത്യന്‍റെ കണ്ണുടക്കി. അയാൾ അദ്‌ഭുതപ്പെട്ടുപോയി. പുസ്‌തകക്കടയിലെ പെൺകുട്ടി!