ഹെഡ് ഓഫീസിൽ നിന്ന് അടയന്തിര സന്ദേശം വന്നിരിക്കുകയാണ്. പ്രോജക്‌ട് വർക്ക് ഇന്ന് തന്നെ തീർക്കണം. അത് രാത്രി പത്തു മണി വരെ ഇരുന്നിട്ടായാലും തീർത്ത് അയയ്‌ക്കണം. നാളെ സബ്‌മിറ്റ് ചെയ്യേണ്ട സഹാചര്യം വന്നതുകൊണ്ടാണ്.
എല്ലാ സ്‌റ്റാഫും സഹകരിച്ചതുകൊണ്ട് പത്തുമണിക്കു മുമ്പേ എല്ലാം ഭംഗിയായി നടന്നു. പുതിയതായി വന്ന സുരഭി എന്ന പെൺകുട്ടിയെ രാത്രി വീട്ടിലെത്തിക്കേണ്ട ചുമതല എനിക്കായി. അവളുടെയും എന്‍റെയും താമസം ഒരു ഹൗസിംഗ് കോളനിയിലാണ്.
ഞാൻ സുരഭിയോടൊപ്പം വീട്ടിലേക്ക് യാത്രയായി. അവൾ തീർത്തും നിശ്ശബ്‌ദമായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് വല്ലായ്‌മ തോന്നി. ഞാൻ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.
“എംബിഎ എവിടെയാ ചെയ്‌തത്?”
“വാരണാസിയിൽ” ഒറ്റവാക്കിൽ അവൾ മറുപടിയൊതുക്കിയതിനാൽ ഞാൻ വീണ്ടും ചോദിച്ചു.
“ഇവിടെ ഫ്‌ളാറ്റിലാണോ അതോ പേയിംഗ്
ഗസ്‌റ്റായിട്ടാണോ?”
“പി.ജി.”
“വീട്ടിലാരൊക്കെയുണ്ട്?”
“തനിച്ചാണ്.”
“ഞാൻ ഇവിടത്തെ കാര്യമല്ല ചോദിച്ചത്. സ്വന്തം വീട്ടിൽ ആരൊക്കെ ഉണ്ടെന്നാണ്?”
“അതേ സർ, ഞാൻ തനിച്ചാണ്.”
“അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ആരും?”
“സർ, എനിക്ക് ഉറ്റവരായി ഈ ലോകത്ത് ആരുമില്ല. അച്‌ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ നാല് മാസം മുമ്പും. ഞാൻ അവരുടെ ഒരേയൊരു മകളാണ്.”
അവളുടെ മുഖത്ത് സങ്കടത്തിന്‍റെ നിഴൽ പരന്നു.
“സോറി, ഞാൻ തന്നെ വിഷമിപ്പിച്ചോ?”
അവൾ ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ പിന്നെ മൗനം അൽപനേരം സംസാരിച്ചുകൊണ്ടിരുന്നു. എന്താണ് അവളോട് പറയേണ്ടതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.
“താൻ സിനിമ കാണാറുണ്ടോ?” പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.
“ടിവിയിൽ വരുന്നതൊക്കെ കാണും” സുരഭി ഒന്നു നിർത്തിയിട്ട് എന്നെ നോക്കി.
“എന്‍റെ വീട്ടിൽ ഞാനുണ്ടെങ്കിൽ ടിവിയും ഓണായിരിക്കും.”
“തലവേദന എടുക്കില്ലേ ഇങ്ങനെ ടിവി കണ്ടാൽ?”
“ഇല്ല സർ, ആ ഒച്ചയും ബഹളവും ഇല്ലെങ്കിൽ ഒറ്റയ്‌ക്ക് കഴിയാൻ പ്രയാസമാണ്.”
അവളുടെ ഏകാന്തതയുടെ കാഠിന്യം ആ വാക്കുകൾ യഥേഷ്‌ടം വെളിപ്പെടുത്തുന്നത് ഞാൻ ശരിക്കുമറിഞ്ഞു.
“ങ്‌ഹാ... സത്യമാണത്. എപ്പോഴും സ്വയം എൻഗേജ്‌ഡ് ആകാൻ ഇത്തരം എന്തെങ്കിലും വേണം. വെറുതേയിരിക്കുമ്പോൾ എനിക്ക് പാട്ടുകേൾക്കാനാണ് ഇഷ്‌ടം.”
അൽപ സമയത്തിനകം കാർ അവളുടെ വീടിനു മുന്നിൽ ചെന്നു നിന്നു. സുരഭി കാറിൽ നിന്നിറങ്ങി. കുനിഞ്ഞ ശിരസ്സോടെ അവൾ താങ്ക്‌സ് പറഞ്ഞപ്പോൾ ബൈ, ഗുഡ്‌നൈറ്റ് എന്ന് പറയാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.
പിറ്റേന്ന് രാവിലെ ഓഫീസിലെത്തുമ്പോൾ സുരഭി എന്നെ നോക്കി പുഞ്ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ സാധാരണ പരിചയത്തിൽ കവിഞ്ഞ എന്തോ ഒരടുപ്പം എനിക്ക് അനുഭവപ്പെട്ടു. അന്ന് അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ പറഞ്ഞു.
“വൈകിട്ട് എന്‍റെ കൂടെ പോന്നാൽ, വീട്ടിൽ വിടാം, വെറുതെ എന്തിനാണ് ബസ് കയറിയിറങ്ങി കഷ്‌ടപ്പെടുന്നത്? വിശ്വസിക്കാവുന്ന ആളാ ഞാൻ കേട്ടോ.” സുരഭി അതുകേട്ട് നേർത്ത ലജ്‌ജയോടെ പുഞ്ചിരിച്ചു. അത് സമ്മതമാണെന്ന് എനിക്ക് മനസ്സിലായി.
അന്ന് വൈകിട്ട് മുതൽ ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി. ഞങ്ങൾക്കിടയിൽ അപരിചിതത്വത്തിന്‍റെ മഞ്ഞ് ഉരുകിയില്ലാതായി.
ഒരുമിച്ചുള്ള ഓരോ യാത്രകളിലും അവളോടുള്ള എന്‍റെ ഇഷ്‌ടം കൂടി വന്നു. അത് സുരഭിയോട് തുറന്നു പറയാതെ വയ്യ എന്ന അവസ്‌ഥയിൽ ഞാനന്ന് അത് പറഞ്ഞു.