എങ്ങനെയുണ്ട് നിങ്ങളുടെ ബ്യൂട്ടി പാർലർ?

റഷ്യയിലെ കാതറീൻ രാജ്‌ഞി അതീവ സുന്ദരിയായിരുന്നു. ബ്യൂട്ടി കോൺഷ്യസ് ആയ അവർ ഒരിക്കൽ തന്‍റെ കേശാലങ്കാര വിദഗ്ദ്ധനെ മൂന്നു വർഷക്കാലം ഇരുമ്പുകൂട്ടിൽ തടവിലിട്ടു. കാരണം എന്താണെന്നോ?, രാജ്‌ഞിക്ക് താരനുണ്ടായിരുന്നു. ഈ വിവരം അയാൾ പുറത്താരോടെങ്കിലും പറയുമോ എന്നായിരുന്നു രാജ്‌ഞിയുടെ ഭയം, രാജ്‌ഞിക്ക് താരൻ വന്നതിനുള്ള ശിക്ഷ പാവം ബ്യൂട്ടീഷ്യന്!

നിസ്സാര കാര്യത്തിനു പോലും ബ്യൂട്ടി പാർലറിലേക്ക് ഓടുന്നവർ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന വസ്തു‌ക്കൾ, ബ്യൂട്ടീഷ്യന്‍റെ യോഗ്യത, അവിടുത്തെ അന്തരീക്ഷത്തിന്‍റെ വൃത്തി. ഇതൊന്നും കണക്കിലെടുക്കാതെ ബ്യൂട്ടി പാർലറിൽ സ്‌ഥിരം സന്ദർശകരാവുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ തടവിലാണ്!

ബ്യൂട്ടീഷ്യൻ എഫിഷ്യന്‍റ് ആണോ?

  • നിങ്ങളുടെ ബ്യൂട്ടീഷ്യന് കോസ്മെറ്റിക്‌സ്, സ്‌കിൻ, ഹെയർ എന്നിവയെക്കുറിച്ച് മതിയായ അറിവുണ്ടോ? നിങ്ങളുടെ സ്‌കിൻ ഏത് ടൈപ്പാണ്? എന്തെല്ലാം തരം കോസ്മെറ്റിക്സ്, ഡ്രസ്സ്, ആക്‌സസറീസ് യോജിക്കും എന്നൊക്കെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
  • ബ്യൂട്ടിപാർലറും ചുറ്റുപാടും കംഫർട്ടബിൾ ആണോ? അവർ നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോ?
  • വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ? ഫേഷ്യൽ, മേക്കപ്പ്, കട്ടിംഗ്, ഹെയർ ഡ്രസ്സിംഗിനു ശേഷം ബെഡ്ഷീറ്റ്, ടവൽ, ഗൗൺ എന്നിവ ചേയ്‌ഞ്ച് ചെയ്യാറുണ്ടോ? ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന ചീപ്പ്, ടവൽ, സ്ക്രബർ, ബ്രഷ്, വാക്സ‌ിൾ സ്ട്രിപ്പ‌് എന്നിവ വൃത്തിയായിരിക്കണം.
  • നല്ലാരു ബ്യൂട്ടി പാർലമാണെങ്കിൽ അവ ആന്‍റിസെപ്റ്റിക് കൊണ്ട് കഴുകി കീടാണു മുകതമാക്കിയിരിക്കും.
  • നിങ്ങളുടെ സ്കിന്നിന് ഉപയോഗിക്കുന്ന പ്രൊഡക്റ്റ് ഗുണനിലവാരമുള്ളതാണോ? ബ്യൂട്ടീഷ്യനോട് ഇതേക്കുറിച്ച് ചോദി ച്ചാൽ അവർ തൃപ്തികരമായ മറുപടി നൽകാറുണ്ടോ?
  • ബ്യൂട്ടിഷ്യന്‍റെ വ്യക്‌തിത്വം ആകർഷകമാവണം. നല്ല ചുറുചുറുക്കും, സെൻസ് ഓഫ് ഹ്യൂമറും ഉണ്ടെങ്കിൽ കഴിവുള്ള ബ്യൂട്ടിഷ്യനാണെന്ന് അനുമാനിക്കാം.
  • സുന്ദരനും സുന്ദരിയുമൊന്നും ആയില്ലെങ്കിലും ‘ഹായ് നന്നായിട്ടുണ്ട്’ എന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കാനാണ് സകലരും ഇഷ്ട‌പ്പെടുക. മുമ്പൊക്കെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറുകൾ ഇന്ന് ഗ്രാമങ്ങളിലും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
  • ബ്യൂട്ടീഷ്യൻ കോഴ്‌സിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് വൻ ഹോട്ടലുകളിലോ, ഹെൽത്ത് ക്ലബിലോ, സലൂൺ ബ്യൂട്ടി പാർലർ കോ‌സ്മെറ്റിക്‌സ് ഷോപ്പ് തുടങ്ങാവുന്നതാണ്.
  • പ്ലസ് ടുവിനു ശേഷം ബ്യൂട്ടീഷ്യൻ കോഴ്‌സ് പൂർത്തിയാക്കി ഈ രംഗത്ത് പ്രവർത്തിക്കാം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഒരു പ്ലസ് പോയിന്‍റായിരിക്കും.. ആകർഷകമായ വ്യക്ത‌ിത്വം കൂടിയായാൽ നന്ന്.

ട്രെയിനിംഗ് അനിവാര്യം

വാടക നൽകി പുതിയൊരിടത്ത് ബ്യൂട്ടി പാർലർ തുടങ്ങേണ്ടതില്ല. വീട്ടിൽ തന്നെ പുറത്തേക്കിറങ്ങാൻ സൗകര്യമു ള്ള ഒരു മുറി തെരഞ്ഞെടുക്കാം. കസ്‌റ്റമേഴ്‌സിൽ നല്ല സ്വാധീനം ചെലുത്തും വിധം പെരുമാറാൻ ബ്യൂട്ടീഷ്യൻ ശ്രദ്ധിക്കണം. യാത്രാ സൗകര്യമുള്ള ഇടമാണോ? റോഡ് സൈഡാണോ എങ്കിൽ വളരെ നല്ലത്. രാജ്യത്തും വിദേശത്തുമായി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധാരാളം ട്രെയിനിംഗ് സെന്‍ററുകളുമുണ്ട്. അനിവാര്യമായ പരിശീലനം നേടിയ ശേഷമേ ബ്യൂട്ടി പാർലർ തുടങ്ങാവൂ.

ഹബീബ് ഖാൻ, ഷാഹ്‌നാസ് ഹുസൈൻ, വന്ദന ലൂഥറാ, ബ്ലോസം കോച്ചർ, ഭാരതി തനേജ, മിറിയം ജാവേറി, അംബിക പിള്ള… സൗന്ദര്യലോകത്തെ പ്രശസ്‌തരാണിവർ. രാജ്യമെമ്പാടുമുള്ള വൻ നഗരങ്ങളിലായി ഇവർക്ക് ഫ്രാഞ്ചൈസിയുമുണ്ട്. ബ്യൂട്ടിഷ്യൻ കോഴ്‌സിനുള്ള (കോസ്മെറ്റോളജി) സൗകര്യവുമിവിടെയുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്‌ഥാപനങ്ങളും ബ്യൂട്ടീഷ്യൻ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ജോലിയോടുള്ള ആത്മാർത്ഥത, പെരുമാറ്റം, സ്വഭാവം എന്നിവ അധിഷ്‌ഠിതമായാവും ബ്യൂട്ടി പാർലറിന്‍റെ വിജയം. പുതുപുത്തൻ ട്രെൻഡ്സിനെക്കുറിച്ച് ബ്യൂട്ടീഷ്യന് നല്ല അറിവുണ്ടായിരിക്കണം.

ശ്രദ്ധിക്കേണ്ടത്

  • ശാന്തമായ സ്‌ഥലത്താവണം ബ്യൂട്ടി പാർലർ. ഇമ്പമുള്ള സ്വരത്തിൽ സംഗീതം ട്യൂൺ ചെയ്യാം.
  • പാർലറിലെ സ്റ്റ‌ാഫ് ജോലിയിൽ പ്രാവീണ്യമുള്ളവരായിരി ക്കണം. കസ്‌റ്റമേഴ്സിന്‍റെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി സംസാരിക്കാനറിയുന്നവരായിരിക്കണം.
  • ബ്യൂട്ടീഷ്യന്‍റെ കൈകളും വൃത്തിയുള്ളതായിരിക്കണം. നഖങ്ങൾ നീട്ടി വളർത്തരുത്. ഇത് ഫേഷ്യൽ ചെയ്യുന്ന സമയത്ത് മുഖത്ത് മുറിവ് ഉണ്ടാവാൻ ഇടയാക്കും.
  • ബ്രൈഡൽ മേക്കപ്പിന് വരുന്നവരോട് ഏതു തരത്തിലുള്ള മേക്കപ്പാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്‌തമായി ചോദിച്ചു മനസ്സിലാക്കണം. വസ്ത്രവും ആക്‌സസറീസും എത്തരത്തിലുള്ളതാണോ അതിനനുസരിച്ചുള്ള മേക്കപ്പ് ആവാം.
  • ഓരോ കസ്‌റ്റമറേയും ഒരുക്കിക്കഴിയുമ്പോൾ ഫേഷ്യൽ, മേക്കപ്പ്, കട്ടിംഗ്, ഹെയർ ഡ്രസ്സിംഗിനു ശേഷം ബെഡ്ഷീറ്റ്, ടവൽ, ഗൗൺ, ചീപ്പ് എന്നിവ മാറ്റേണ്ടതാണ്. തുണികൾ ആഴ്ച തോറും ആന്‍റിസെപ്റ്റിക് വെള്ളത്തിൽ കഴുകുക.
  • ഫേഷ്യലിന് ഉപയോഗിക്കുന്ന വസ്തുക്കൾ, മുഖക്കുരു നീക്കുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, പെഡിക്യൂർ, മാനിക്യൂർ ഇൻസ്ട്രുമെന്‍റ്സ് എന്നിവ ആന്‍റിസെപ്റ്റിക് സൊല്യൂഷനിൽ വയ്‌ക്കേണ്ടതാണ്. ദിവസവും ഇതു സ്റ്റെറിലൈസ് ചെയ്‌ത ശേഷം വേണം ഉപയോഗിക്കാൻ.
  • ചില ബ്യൂട്ടി പാർലറുകളിൽ തുണി ഉപയോഗിച്ചുള്ള സ്ട്രൈപ്‌സ് കഴുകി വീണ്ടുമുപയോഗിക്കാറുണ്ട്. ഇതിനായി സെലേഫിൻ സ്ട്രിപ്‌സ് ഉപയോഗിക്കാം.

ബ്യൂട്ടി പാർലർ നിയമങ്ങളും നിർദ്ദേശങ്ങളും

  • ബ്യൂട്ടി പാർലറിൽ മാന്യമായി വേണം പെരുമാറാൻ. നിങ്ങളുടെ പെരുമാറ്റം അവിടത്തെ സ്‌റ്റാഫിനെയോ കസ്‌റ്റമേഴ്സിനേയോ ഒരു തരത്തിലും ദോഷകരമായി ബാധിക്കാതെ നോക്കണം.
  • ധാരാളം കസ്റ്റമേഴ്‌സ് ഉള്ള ബ്യൂട്ടി പാർലറിലാണ് പോകുന്നതെങ്കിൽ നേരത്തെ അപ്പോയിന്റ്മെന്‍റ് എടുക്കണം.
  • എന്തെങ്കിലും കാരണവശാൽ അല്‌പസമയം കാത്തിരിക്കേണ്ടി വന്നാൽ ദേഷ്യപ്പെടുകയോ, പരാതിക്കൊരുങ്ങുകയോ വേണ്ട. നിങ്ങളുടെ ടൈംപാസിനായി പത്രങ്ങളും മാഗസിനുകളും മറി ച്ചു നോക്കാം. അതുമല്ലെങ്കിൽ മൃദു സംഗീതം ആസ്വദിക്കാം.
  • അല്പസമയം കാത്തിരിക്കേണ്ടി വന്നാൽ ചുറ്റി നടക്കുന്നതും അവിടെ വച്ചിരിക്കുന്ന കൗതുക വസ്‌തുക്കൾ എടുത്തു നോക്കുന്നതും നല്ലതല്ല. നിങ്ങൾക്ക് ഏതെങ്കിലും കോസ്മെറ്റിക്സിനെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ ബ്യൂട്ടീഷ്യനോട് നേരിട്ടു ചോദിക്കാം.
  • പാർലറിൽ ഇരുന്ന് ഉറക്കെ സംസാരിക്കരുത്. ബ്യൂട്ടിഷ്യന്‍റെയും കസ്‌റ്റമേഴ്‌സിന്‍റെയും ശ്രദ്ധ തെറ്റും.
  • ബ്യൂട്ടീഷ്യന്‍റെ ഭാഗത്തു നിന്നും ചെറിയ പിഴവു പറ്റിയാൽ ഒച്ചപ്പാടുണ്ടാക്കുവാനോ, ബ്യൂട്ടീഷ്യനെ കുറ്റപ്പെടുത്തുവാനോ പാടില്ല. പാർലറിൽ മറ്റ് കസ്‌റ്റമേഴ്‌സുമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. നിങ്ങളുടെ സംസാരത്തിൽ അസ്വസ്‌ഥത തോന്നിയാൽ തുടർന്നുള്ള ട്രീറ്റ്‌മെന്‍റ് നന്നാവണമെന്നില്ല.
  • ബ്യൂട്ടി ട്രീറ്റ്‌മെന്‍റ് തൃപ്തികരമാണെങ്കിൽ ബ്യൂട്ടീഷ്യനെ ഹൃദയം തുറന്ന് അഭിനന്ദിക്കാം. ബ്യൂട്ടീഷ്യന്‍റെ ആത്മവിശ്വാസം വർദ്ധിക്കുമെന്നു മാത്രമല്ല, ഭാവിയിൽ നിങ്ങൾക്ക് കൂടുതൽ കെയർ ലഭിക്കുകയും ചെയ്യും.

ഭർത്താവിൽ മാറ്റമുണ്ടാകാൻ എന്താണ് വഴി?

ചോദ്യം: 30 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. എനിക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. മകൻ ജനിക്കുന്നതിന് മുമ്പ് ഭർത്താവിന് എന്നോട് വലിയ സ്നേഹമായിരുന്നു. എന്നാൽ മകനുണ്ടായശേഷം അദ്ദേഹം എന്നെ വല്ലാതെ അവഗണിക്കുന്നു. എന്തെങ്കിലും ചെറിയ കാര്യത്തിന്‍റെ പേരിൽ അദ്ദേഹം എന്നോട് കലഹിക്കുന്നത് പതിവായിരിക്കുകയാണ്. ഏത് സമയത്തും ദേഷ്യം പിടിച്ചിരിക്കും പോലെയാണ് തോന്നുന്നത്. വീട്ടിൽ കലഹമുണ്ടാക്കുന്നതിൽ അമ്മായിയമ്മയും ഒട്ടും പിന്നിലല്ല. എന്നെക്കുറിച്ചുള്ള നിസ്സാരമായ പരാതികൾ അമ്മ ഭർത്താവിനെ ധരിപ്പിക്കും. അതോടെ അദ്ദേഹത്തിന് എന്നോട് ദേഷ്യമാകും.

ഒരിക്കൽ അദ്ദേഹം ഏതോ നിസ്സാര കാര്യത്തിന്‍റെ പേരിൽ എന്നെ അടിക്കുക പോലും ചെയ്തു. അക്കാര്യം എന്‍റെ മാതാപിതാക്കൾ ചോദിച്ചതോടെ വീട്ടിലെ അന്തരീക്ഷം ഒന്നു കുടി വഷളായിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം എന്നോട് സംസാരിക്കാറുപോലുമില്ല.

ഉത്തരം: തുടക്കത്തിൽ സ്നേഹ സമ്പന്നനായ ഭർത്താവായിരുന്ന അദ്ദേഹത്തിൽ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം ഉണ്ടാകാൻ കാരണം എന്താണ്? അതാണ് ആദ്യം അറിയേണ്ടത്. നിങ്ങൾ സ്വയമൊരു നിരീക്ഷണം നടത്തിനോക്കുക. നിങ്ങളാണോ ഭർത്താവിന്‍റെ ദേഷ്യത്തിന് കാരണമെന്ന് കണ്ടെത്തുക. മകനെ പരിപാലിക്കുന്ന തിരക്കിനിടയിൽ നിങ്ങൾ അദ്ദേഹത്തെ മനഃപൂർവ്വമല്ലാതെ അവഗണിച്ചതുകൊണ്ടാകുമോ ഈ ദേഷ്യം?

ഭാര്യയിൽ നിന്നുള്ള അവഗണന ഏതൊരു ഭർത്താവിനും സഹിക്കാനാകാത്തതാണ്. നിങ്ങൾ അതിനുള്ള കാരണം കണ്ടുപിടിച്ച് അത് മാറ്റിയെടുക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടിയിരുന്നത്.

പക്ഷേ, നിങ്ങളുടെ ഭാഗത്തുനിന്നും അങ്ങനെയൊരു ശ്രമമുണ്ടായില്ല. ഭർത്താവിന്‍റെ കൈ ഉയർന്നപ്പോൾ അതിനെ സമർത്ഥമായി എതിർക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹത്തോട് തുറന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് പകരം നിങ്ങൾ സ്വന്തം വീട്ടിൽ അറിയിച്ച് പ്രശ്നം വഷളാക്കുകയാണ് ചെയ്‌തത്.

പക്ഷേ, ഇനിയും സമയമുണ്ട്. അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുക. വേണ്ടത്ര പരിഗണന നല്കുക. ഒരിക്കലും അദ്ദേഹത്തെ അവഗണിക്കരുത്. സ്വകാര്യമായ നിമിഷങ്ങളിൽ നിങ്ങൾ പരസ്പ‌രം തുറന്ന് സംസാരിക്കുക. ഭർത്താവിലൊരു മാറ്റമുണ്ടാകാൻ അല്പം സമയമെടുക്കുമെങ്കിലും ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ ദാമ്പത്യം സ്നേഹ സമ്പന്നമാകും.

ചോദ്യം: 58 വയസ്സുള്ള ഒരു റിട്ടയേഡ് ഉദ്യോഗസ്ഥയാണ് ഞാൻ. എനിക്ക് രണ്ട് പെൺമക്കളാണ്. രണ്ടുപേരും വിവാഹിതരായി. ഞാൻ ഒറ്റയ്ക്കാണ് വീട്ടിലെ ഉത്തരവാദിത്തങ്ങൾ നോക്കിനടത്തിയിരുന്നത്. അക്കാര്യത്തിൽ ഒരിക്കൽപ്പോലും ഭർത്താവിന്‍റെ സഹകരണം കിട്ടിയിരുന്നില്ല. അദ്ദേഹം വീടിനുവേണ്ടി ഒരു നിസ്സാരമായ കാര്യംപോലും ചെയ്തിട്ടില്ല. ഒരു പ്രത്യേക തരം സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്. ചെറിയ കാര്യത്തിനു പോലും ഒരു കാരണവുമില്ലാതെ അദ്ദേഹം കലഹിക്കും. സമീപത്ത് ആരെങ്കിലും ഉണ്ടെന്നോ, അവർ കേൾക്കുമെന്നോ യാതൊരു വിചാരവുമില്ലാതെയാണ് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്നത്. അദ്ദേഹത്തിന് സൗഹൃദങ്ങളില്ലെന്ന് തന്നെ പറയാം. മാത്രമല്ല, ബന്ധുക്കളോ, സുഹൃത്തുക്കളോ വീട്ടിൽ വരുന്നതൊന്നും അദ്ദേഹത്തിനിഷ്ടമല്ല. ചുരുക്കത്തിൽ ആരുമായിട്ടും ഒരടുപ്പവുമില്ല. ആരുടേയും വീട്ടിൽ പോകുന്നതും ഇഷ്ട‌മല്ല.

അദ്ദേഹത്തിന്‍റെ വിചിത്രമായ സ്വഭാവം മൂലം ഞാൻ മാനസികമായി തകർന്നിരിക്കുകയാണ്. മാത്രമല്ല, ഞങ്ങൾ പരസ്പ‌രം സംസാരിച്ചിട്ട് മാസങ്ങളായെന്നുതന്നെ പറയാം. വിരസവും അവഗണന നിറഞ്ഞതുമായ ഈ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാണ്. ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു പോകുന്നു. ദുഃഖങ്ങളല്ലാതെ ഈ ജീവിതത്തിൽ എനിക്ക് മറ്റൊന്നുമുണ്ടായിട്ടില്ല.

ഉത്തരം: അപാരമായ ധൈര്യശാലിയും ബുദ്ധിമതിയുമായ ഒരു സ്ത്രീയാണ് നിങ്ങൾ. ഭർത്താവിന്‍റെ വശത്തു നിന്നും സാമ്പത്തികമോ വൈകാരികമോ ആയ സഹായസഹകരണങ്ങളൊന്നുമില്ലാതെ കുട്ടികളെ വളർത്തി പ്രാപ്തരാക്കി. സ്വന്തം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ നിങ്ങൾ സ്വയമതിൽ അഭിമാനിക്കുകയാണ് വേണ്ടത്. മക്കളുടെ വിവാഹം വരെ നിങ്ങളുടെ ജീവിതം ഉത്തരവാദിത്തങ്ങൾക്കിടയിലായിരുന്നു. അതുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നിരുന്നില്ല.

ഇപ്പോൾ ഉത്തരവാദിത്തങ്ങളൊക്കെ ഒഴിഞ്ഞു. ജീവിതത്തിൽ ഏകാന്തതയനുഭവപ്പെട്ടു തുടങ്ങിയതോടെ ഈ വേദനകൾ നിങ്ങളുടെ മനസ്സിനെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

ഭർത്താവിനെക്കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ നല്ലൊരു സമയം ഭർത്താവിനൊപ്പം ജീവിച്ചു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ സ്വഭാവവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുമല്ലോ. ഇത്രയും വർഷമായിട്ടും ഭർത്താവിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിക്കാത്തതുകൊണ്ട് ഇനിയും അത് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമല്ലേ. അതുകൊണ്ട് അതേക്കുറിച്ചോർത്ത് വേവലാതിപ്പെടാതിരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങളിൽ വ്യാപൃതയാവുക. അല്പസ്വല്പം ഭർത്താവിനെ ധിക്കരിച്ചുവെന്ന് കരുതി കുടുംബം തകരുകയൊന്നുമില്ല. ഇടയ്ക്കിടയ്ക്ക് ബന്ധു വീടുകൾ സന്ദർശിക്കാൻ പോവുക. ബന്ധുക്കളേയും സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിക്കുക. ഇടയ്ക്ക് മക്കളേയുംകൂട്ടി പുറത്ത് കറങ്ങാനൊക്കെ പോവുക. കുറച്ച് എതിർപ്പുകൾ ഭർത്താവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുമെങ്കിലും കുറച്ചു കഴിയുന്നതോടെ അതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകും. അതോടെ അദ്ദേഹം താനേ പത്തി മടക്കിക്കൊള്ളും. ചിലപ്പോൾ അദ്ദേഹത്തിലും ചില മാറ്റങ്ങളുണ്ടായെന്നും വരാം.

എയ്റോബിക്സ് മനസ്സിനും ശരീരത്തിനും ഉന്മേഷം

ആരോഗ്യമുള്ള ശരീരവും മനസ്സും ആരാണ് ആഗ്രഹിക്കാത്തത്? ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിർത്താൻ വ്യായാമം, യോഗ, മെഡിറ്റേഷൻ, ജോഗിംഗ്, നൃത്തം, സൈക്കിളിംഗ്, സ്‌കിപ്പിംഗ്, നീന്തൽ തുടങ്ങി ഏറെ മാർഗ്ഗങ്ങളുണ്ട്. ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. എയ്റോബിക്സ് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം നൽകുന്ന ഒരു വ്യായാമ മുറയാണ്.

1955 മുതലാണ് എയ്‌റോബിക്സിന് പ്രാധാന്യമേറുന്നത്. ഇന്ന് ലോകത്ത് 2.5 കോടിയിൽ അധികം പേർ എയ്റോബിക്സ് പരിശീലിക്കുന്നുണ്ട്. പൂർണ്ണമായും ശരീര ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യായാമമാണ് ഇത്. അതുകൊണ്ട് ഹൃദ്രോഗം പോലുള്ള അസ്വസ്‌ഥതകളോ, ശ്വാസ സംബന്ധമായ തകരാറുകളോ ഉള്ളവർ ഡോക്ടറുടെ അനുവാദ പ്രകാരം മാത്രമേ ഈ വ്യായാമത്തിൽ ഏർപ്പെടാൻ പാടുള്ളു. 5 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വ്യായാമം വളരെയധികം പ്രയോജനപ്പെടും.

ധാരാളം യാത്ര ചെയ്യേണ്ട ജോലി ഉള്ളവരാണെങ്കിൽ ഏറ്റവും സുഖപ്രദവും ഫലപ്രദവുമായ മാർഗ്ഗമാണ് എയ്റോബിക്സ്. വ്യായാമങ്ങളുടെ ഒരു കളക്ഷൻ കൈയിൽ കരുതുക. ഹോട്ടലിൽ ജിം ഫെസിലിറ്റി ഉണ്ടെങ്കിൽ എളുപ്പമായി. ഇല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ഡിവിഡി ഉപകരിക്കും. ഹൃദയ സംബന്ധമായ ക്ഷമത വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും.

തുടക്കം

എയ്‌റോബിക്സിന് പല വകഭേദങ്ങളുണ്ട്. ഡാൻസ് എയ്റോബിക്സ്, സ്‌റ്റെപ്പ് എയ്‌റോബിക്‌സ്, വാട്ടർ എയ്റോബിക്‌സ്… ലയബദ്ധമായ താളത്തിലാണ് എയ്‌റോബിക്‌സ് ചെയ്യാൻ തുടങ്ങുന്നത്. നിങ്ങളുടെ സൗകര്യപ്രകാരം വേണമെങ്കിൽ സമയം ദീർഘിപ്പിക്കാം. രണ്ടാഴ്ച്‌ച കൂടുമ്പോൾ സമയം ദീർഘിപ്പിക്കുന്നതാവും ഉത്തമം. ഇത് ചെയ്യുന്ന സമയത്ത് പശ്ച്ചാത്തല സംഗീതം പ്ലേ ചെയ്യുന്നത് ശാരീരിക ചലനത്തിനും സ്‌റ്റെപ്പുകൾക്കും താളം കിട്ടാൻ സഹായിക്കും.

75 ശതമാനം എയ്റോബിക്സിനും ജമ്പിംഗ് മൂവ്മെന്‍റാണ്. അതുകൊണ്ട് എയ്റോബിക്സ് ചെയ്യുന്ന സമയത്ത് എപ്പോഴും അയഞ്ഞ വസ്ത്രങ്ങളും മികച്ച ക്വാളിറ്റിയിലുള്ള ഷൂസും അണിയണം. വ്യായാമം ചെയ്യുന്നിടത്തെ നിലം ഹാർഡ് വുഡ്‌ ആയിരിക്കുന്നതാണ് നല്ലത്. അതിന് മുകളിലായി മാറ്റ് വിരിച്ചിടുകയും വേണം. എയ്റോബിക്സ് ചെയ്യുമ്പോൾ എപ്പോഴും ചുവടുകൾ മാറ്റാൻ ശ്രദ്ധിക്കുക. പതിയെ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്ത ശേഷം വേണം ഈ വ്യായാമം തുടങ്ങാൻ. പ്രസന്നമായ മുഖത്തോടെ വേണം ഇത് ചെയ്യാൻ. വ്യായാമത്തിനു ശേഷം കുറച്ച് നേരത്തേയ്ക്ക് പുറത്തെ അന്തരീക്ഷവുമായി സമ്പർക്കം ചെലുത്താതിരിക്കുന്നത് നന്നായിരിക്കും. ദിവസവും 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ എയ്റോബിക്സ് ചെയ്യാം. എന്നാൽ ആദ്യമായി ചെയ്യുന്നവർ 30 മിനിറ്റിൽ അധികം വ്യായാമ സമയം നീട്ടരുത്. ശരീരത്തിലെ അപകടകാരിയായ കൊഴുപ്പിനെ ഊർജ്ജ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. വണ്ണം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണിത്.

പ്രയോജനം

എയ്റോബിക്സ് ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ശക്തിയും ഊർജ്ജവും പകരും. ഫാസ്റ്റ‌് ലൈഫിന്‍റെ ഫലമായിട്ടുള്ള പിരിമുറുക്കവും ഡിപ്രഷനും അകറ്റാനും ശരീരത്തിലെ ഊർജ്ജം ശരിയായ രീതിയിൽ വിനിയോഗിക്കാനും ശരീരഭാരം സാധാരണ നിലയിലാക്കാനും സഹായിക്കും. വിശപ്പു കൂട്ടാൻ ഇത് നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിന്‍റെ മെറ്റബോളിസം എളുപ്പത്തിൽ മെച്ചപ്പെടുത്തി അതുവഴി ശരീരത്തെ ഊർജ്ജസ്വലത ഉള്ളതാക്കി മാറ്റാൻ എയ്റോബിക്സ് ഒരു ശീലമാക്കൂ.

ഭക്ഷണം

എയ്റോബിക്സ് ചെയ്യുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ഇല്ലാത്ത സന്തുലിതമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പച്ചവെള്ളത്തിനു പകരം ജ്യൂസ്, ഇളനീർ എന്നിവ കുടിക്കുക. പച്ചക്കറികളും പഴങ്ങളും കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചായ, കാപ്പി, പുകവലി, മദ്യം, ജങ്ക്ഫുഡ്, മാംസാഹാരം എന്നിവ പാടേ ഒഴിവാക്കുക.

നന്ദി അലക്സ & അപർണ…!

ഈ ആധുനിക കാലത്ത് ഏത് സമയത്തും നാം ഒരു ആപ്പുമായോ അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നവുമായോ ഇടപഴകുന്നുണ്ടാകും… എന്നാൽ ഏതെങ്കിലും അവസരത്തിൽ ഇത് ആര് ഡിസൈൻ ചെയ്‌തു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിന്‍റെ ഡിസൈനറെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആ മനോഹര സൃഷ്‌ടിയെ മാത്രം നമ്മൾ ശ്രദ്ധിക്കുന്നു.

എന്തായാലും ഇക്കാലത്തെ സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പോലും അനായാസമായി ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കുന്ന പ്രൊഫഷനലുകൾ ഉണ്ട്…

ഉപയോക്താക്കൾക്കും സാങ്കേതികവിദ്യയ്ക്കുമിടയിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കാനാണ് യുഎക്‌സ് ഡിസൈനർ ശ്രമിക്കുന്നത്. അപ്പോൾ എന്താണ് UX ഡിസൈൻ? യൂസർ എക്‌സ്‌പീരിയൻസ് (UX) ഡിസൈൻ നമ്മിൽ മിക്കവർക്കും താരതമ്യേന ഒരു പുതിയ മേഖലയാണ്. അല്ലെങ്കിൽ സേവനങ്ങൾ സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണിത്.

ഉപയോക്ത‌ാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ഉൽപ്പന്നത്തിന്‍റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനാണ് UX ഡിസൈനർമാർ ലക്ഷ്യമിടുന്നത്. വിവിധ വ്യവസായങ്ങളിലുടനീളമുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിജയം രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാലത്ത് ഏറ്റവും ജനകീയമായ അത്തരം ഒരു സാങ്കേതിക സൗകര്യം ആണ് അലക്‌സ. ആമസോൺ വികസിപ്പിച്ച ഒരു ഇന്‍റലിജന്‍റ് പേഴ്സണൽ അസിസ്‌റ്റന്‍റ് ആണ് ഇത്. എപ്പോഴും ഒരു വാക്ക് അകലത്തിൽ സഹായഹസ്‌തവുമായി എത്തുന്ന അലക്സ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്. ഈ മാറ്റത്തിനു നന്ദി പറയേണ്ടത് അലക്സയോട് മാത്രമല്ല. അപർണ ഉണ്ണികൃഷ്ണൻ എന്ന മലയാളി വനിതയോടും കൂടിയാണ്. കാരണം അപർണ നയിക്കുന്ന ഒരു ഗവേഷണ വിഭാഗമാണ് അലക്സ് വികസിപ്പിച്ചെടുത്തത്.

അപർണ ഉണ്ണികൃഷ്ണൻ UX ഡിസൈൻ ആൻഡ് സ്ട്രാറ്റജി മേഖലയിൽ അഭിമാനാർഹമായ നേട്ടം കൊയ്‌ത മലയാളി വനിത ആണ്. ആമസോണിന്‍റെ ഡിവൈസ് ഡിസൈൻ ആൻഡ് സർവീസസ് ഓർഗനൈസേഷനിലെ ഫയർ ടാബ്‌ലെറ്റ്‌സ് യുഎക്സ് ഡിസൈനിന്‍റെ ലീഡറായി അപർണ പ്രവർത്തിക്കുന്നു. ഡിസൈൻ സ്ട്രാറ്റജിയിലും റിസേർച്ചിലും ബിരുദാനന്തര ബിരുദവും പ്രൊഡക്‌ട് യൂഎക്‌സ് ഡിസൈനിൽ ബിരുദവും നേടിയ അപർണ സാങ്കേതികവിദ്യ രംഗത്തെ ഉപകരണങ്ങൾ യൂസർ എക്‌സ്‌പീരിയൻസ് അനുസരിച്ച് രൂപപ്പെടുത്തുന്നതിൽ പ്രവർത്തിക്കുന്നു. തൃശ്ശൂർ എന്ന ചെറിയ നഗരത്തിൽ നിന്ന് ആരംഭിച്ച അപർണയുടെ യാത്ര സിലിക്കൺ വാലിയിലേക്കുള്ള വലിയ സ്വപ്നങ്ങളിലേക്കായിരുന്നു.

ഡിസൈൻ മേഖല തെരഞ്ഞെടുത്തത്

ചെറുപ്പം മുതലേ, കലാപരമായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്ക് വലിയ ഇഷ്‌ടം ആയിരുന്നു. പെയിന്‍റിംഗ്, ഫ്ളവർ അറേഞ്ച്‌മെന്‍റ് എല്ലാം ഏറെ ഇഷ്ടമായിരുന്നു. എന്‍റെ മുന്നിൽ കാണുന്ന ഏതൊരു മെറ്റീരിയലും മനോഹരമായ ഒന്നാക്കി മാറ്റുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഭാഗ്യത്തിന് വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകുന്ന ഹരിശ്രീ സ്‌കൂളിലാണ് പഠിച്ചത്. ഒരു കുട്ടിയിലെ ഗുണങ്ങൾ തിരിച്ചറിയാൻ സഹായിച്ച സ്‌കൂളിനോടും പ്രിൻസിപ്പൽ നളിനി ചന്ദ്രനോടും ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു.

സ്‌കൂളിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, പൂക്കളമിടൽ, വെജിറ്റബിൾ കാർവിംഗ്, നൃത്തം, കവിതാ രചന, കവിത പാരായണ മത്സരം തുടങ്ങി എല്ലാറ്റിലും പങ്കെടുക്കുമായിരുന്നു. ഈ മത്സരങ്ങളിൽ വിജയിച്ചപ്പോൾ എനിക്ക് ആത്മവിശ്വാസമായി… എന്‍റെ അമ്മയും അതിൽ വലിയ പങ്ക് വഹിച്ചു. അമ്മയുടെ ഡിസൈനിംഗ് സെൻസ് ആണ് അക്കാലത്ത് എന്നെ ഏറെ സഹായിച്ചത്. ഞാൻ സ്‌കൂൾ മുതൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എനിക്ക് മറ്റുള്ളവരെ കൂടുതൽ നിരീക്ഷിക്കാനും എന്‍റെ ചുറ്റുമുള്ള മറ്റ് കുട്ടികൾ അവരുടെ കഴിവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് മനസ്സിലാക്കാനും അവസരം ലഭിച്ചു. കൂടാതെ വായനയിലൂടെ ഞാൻ കണ്ട ലോകവും എനിക്ക് എപ്പോഴും പുതിയ കാഴ്‌ചപ്പാടുകൾ നൽകി.

ശ്രദ്ധ തിരിക്കാൻ ഉപകരണങ്ങളോ ടിവി സ്ക്രീനുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഒരു അണുകുടുംബത്തിൽ വളർന്ന എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട വിനോദം വായനയായിരുന്നു. ഡിക്കൻസ്, ജെയ്ൻ ഓസ്‌റ്റിൻ, ടോൾസ്‌റ്റോയ്, റൗളിംഗ് ഗബ്രിയേൽ, ഗാർസിയ മാർകോസ്, മുറകാമി, ഹാജിൻ, പാമുക്ക് തുടങ്ങിയ നിരവധി അന്തർദേശീയ എഴുത്തുകാരെയും ഞാൻ വായിച്ചിട്ടുണ്ട്. ഒരു നല്ല വായനക്കാരനായ എന്‍റെ അച്ഛനാണ് എനിക്ക് വായനക്ക് പ്രചോദനം നൽകിയത്.

പ്രചോദിപ്പിച്ചവർ

ഒരു എഞ്ചിനീയറോ ഡോക്ട‌റോ ആകുന്നതാണ് കേരളത്തിലെ ഏറ്റവും വിജയകരമായ തൊഴിലായി കണക്കപ്പെട്ടിരുന്നത്. ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും അത് രണ്ടും അല്ലാത്ത ഏറ്റവും മികച്ച മേഖല തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. ഡിസൈനിംഗ് പോലെയുള്ള ഒരു തൊഴിൽ അന്നുണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്‌മിഷൻ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് എന്‍റെ അമ്മയിലൂടെയാണ് ഞാൻ അറിഞ്ഞത്. അമ്മ ഗുജറാത്തിലെ ബറോഡയിൽ പഠിക്കുകയും ടെക്സ്‌റ്റൈൽ ഡിസൈൻ ചെയ്യുകയും ചെയ്‌തിരുന്ന കാലം മുതൽ എൻഐഡിയെക്കുറിച്ച് കേട്ടിരുന്നു. അന്നും NID വളരെ പ്രശസ്‌തമായിരുന്നു. കൊച്ചിയിൽ പോയി എൻട്രസ് പരീക്ഷ എഴുതി. എന്‍റെ ജീവിതത്തിൽ ഞാൻ രസകരമായി എഴുതിയ ഒരേയൊരു പരിക്ഷയായിരുന്നു അത്! പ്രവേശന പരീക്ഷ തന്നെ ഒരു വെളിപാടായിരുന്നു. മുൻകൂ ട്ടി നിശ്ചയിച്ച ഉത്തരങ്ങളുള്ള പരമ്പരാഗത പരീക്ഷകളിൽ നിന്ന് വ്യത്യസ്‌തമായ പരീക്ഷ…

എന്‍റെ മാതാപിതാക്കളും സ്‌കൂളും ആണ് ഇപ്പോഴത്തെ എന്നെ രൂപപ്പെടുത്തിയത്. കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. അധ്യാപകരുടെയും അയൽവാസികളുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടേയും ശക്‌തമായ പിന്തുണ ഉയർന്ന കാര്യങ്ങൾ ലക്ഷ്യമിടാനും നേടാനും നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു.

എൻഐഡിയിൽ പ്രവേശനം

എൻഐഡിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വർഷങ്ങൾക്കുമുമ്പ് എൻഐഡി വിട്ടുപോയ ഒരു സൂപ്പർ സീനിയറെ കണ്ടുമുട്ടിയത് ഞാൻ ഓർക്കുന്നു. ആ സമയത്ത് അദ്ദേഹം എനിക്ക് വ്യക്തമായ ഉപദേശം നൽകിയിരുന്നു. “ബി യുവേഴ്സെൽഫ് എന്നാണ്” അദ്ദേഹം പറഞ്ഞത്. അതുതന്നെയാണ് ഞാൻ ചെയ്തത്. എൻഐഡിക്ക് യോഗ്യത നേടുന്നതിന് മുമ്പ് മൂന്ന് റൗണ്ട് പരീക്ഷകൾ ഉണ്ടായിരുന്നു. ആദ്യത്തേത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്, രണ്ടാമത്തേത് ഒരു ദിവസം നീണ്ടുനിൽക്കുന്ന വർക്ഷോപ്പ് സാധനങ്ങൾ നിർമ്മിക്കൽ, ആശയങ്ങൾ രൂപപ്പെടുത്തൽ, 3D മോഡിലിംഗ് മെറ്റീരിയലുകളിൽ പരീക്ഷണം NID ഫാക്കൽറ്റിയുടെ പാനലുമായുള്ള അഭിമുഖം, ആദ്യ രണ്ട് റൗണ്ടുകൾ രസകരമായിരുന്നു യഥാർഥത്തിൽ ഒരു പരീക്ഷയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അത്ര മാത്രം ആസ്വദിച്ചു. മുന്നാം റൗണ്ടിൽ, പരന്നുകിടക്കുന്ന പുൽത്തകിടികളിൽ മയിലുകൾ നൃത്തം ചെയ്യുന്ന വിശാലമായ മനോഹരമായ കാമ്പസ് കണ്ടു. ഗൗതമും ഗീതാ സാരാഭായിയും ചേർന്ന് രൂപകല്‌പന ചെയ്‌ത മനോഹരമായ ഇടനാഴികളും അതിമനോഹരമായ വാസ്‌തുവിദ്യയും കണ്ടു. അഭിമുഖം അത്ഭുതകരമായ അനുഭവമായിരുന്നു. കാരണം ഫാക്കൽറ്റിയും ഞാനും വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു.

വിദ്യാഭ്യാസകാലം

നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് കണ്ടെത്താനുള്ള ഇടം നൽകുക എന്നതാണ് NID ഏറ്റവും പ്രധാനമായി ചെയ്യുന്നത്. 2000-ത്തിന്‍റെ തുടക്കത്തിൽ, ഞാൻ NIDയിൽ ചേർന്നപ്പോൾ. അതിന്‍റെ ബിരുദ ബാച്ചിലേക്ക് ഇന്ത്യയൊട്ടാകെ 60 വിദ്യാർത്ഥികളെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളു. ഇന്ത്യയിലുടനീളം നിന്ന് തെരെഞ്ഞെടുത്ത ഏറ്റവവും രസകരമായ 60 മനസ്സുകൾ. ഈ വിദ്യാഭ്യാസത്തിന്‍റെ കാതൽ ക്രിയേറ്റീവ് പ്രശ്‌നപരിഹാരമാണ്, തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് ചേർന്ന ഒരു പഠന മാതൃകയാണ്. നാല് വർഷത്തിനിടയിൽ വലുതും ചെറുതുമായ നിരവധി പ്രോജക്റ്റുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അടിസ്ഥ‌ാനപരമായ കാര്യങ്ങൾ ഇപ്പോഴും ഡിസൈനുകൾ ചിന്തിക്കുന്നതിനുള്ള അടിസ്‌ഥാന രീതിയാണ്. ജർമ്മനിയിലെ ഒരു എക്സ് ചേഞ്ച് പ്രോഗ്രാമിനായി എൻഐഡിയെ പ്രതിനിധീകരിക്കാൻ എന്നെ തിരഞ്ഞെടുത്തതിനാൽ എൻഐഡി എനിക്ക് എന്‍റെ ആദ്യത്തെ അന്താരാഷ്ട്ര എക്സ്പോഷറും നൽകി.

പ്രവൃത്തി പരിചയം

എന്‍റെ എൻഐഡി പ്രോഗ്രാമിന്‍റെ അവസാന സെമസ്‌റ്ററിലാണ് ഞാൻ എൽജി ഇലക്ട്രോണിക്സിൽ ചേർന്നത്. ഈ സമയത്ത് ഞാൻ LGയുടെ ചോക്ലേറ്റ് ഫോണിൽ പ്രവർത്തിച്ചു. ഈ ഇന്‍റേൺഷിപ്പിന് ശേഷം വേൾപൂൾ കോർപ്പറേഷനിൽ ചേരാനുള്ള അവസരം ലഭിച്ചു. അവിടെ ഞാൻ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ റോളിൽ, ഞാൻ അതിവേഗം മുന്നേറി. ഇന്ത്യയിലെ ആദ്യത്തെ ബോട്ടം-മൗണ്ട് റഫ്രിജറേറ്റർ വിജയകരമായി പുറത്തിറക്കി, 2007-ൽ എലാൻട്ര എന്ന പേരിൽ പുതിയ ഹോം ഇൻവെർട്ടറുകൾ അവതരിപ്പിച്ചു. ആ നാളുകളിൽ, എന്‍റെ പ്രാഥമിക ലക്ഷ്യം കഴിയുന്നത്ര എക്‌സ്പീരിയൻസ് ശേഖരിക്കുക എന്നതായിരുന്നു. ഡിസൈനർ പ്രോട്ടോടൈപ്പർ, റിസേർച്ചർ എന്നിവയ്ക്ക് പുറമെ മാർക്കറ്റിംഗ് എഞ്ചിനീയറിംഗ് ടീമുകളുമായി സഹകരിച്ചു പ്രവർത്തിച്ചു.

തൊഴിൽ സാധ്യതകൾ

പഠിക്കുന്ന കാലത്ത് കരിയർ അല്ലെങ്കിൽ പണത്തെക്കുറിച്ച് വിശാലമായി ചിന്തിച്ചതായി ഓർക്കുന്നില്ല. ഞാൻ മുൻഗണന നൽകിയത് ശക്‌തമായ ഒരു പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനാണ്, അതാണ് ജോലികൾ സുരക്ഷിതമാക്കിയത്. അതിനാൽ എൻഐഡിയിലായിരിക്കുമ്പോൾ ശരിയായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുകയും ശക്‌തമായ ഡിസൈൻ സൊല്യൂഷനുകൾ ഉറപ്പാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിർണായകമായിരുന്നു. ബിരുദം നേടിയ ശേഷം അക്കാലത്തെ മാർക്കറ്റ് ഡിമാൻഡ് പരിഹരിക്കാൻ വേണ്ടത്ര ഡിസൈനർമാർ ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒരു ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ വേൾപൂളിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളത്തിൽ പോലും ഞാൻ ആശ്ചര്യപ്പെട്ടു.

യൂഎസ് തിരഞ്ഞെടുത്തത്

ഇന്ത്യയിൽ ജോലി ചെയ്ത വേളയിൽ വിവിധ പ്രോജക്‌ടുകൾ ചെയ്യുകയും ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തപ്പോൾ എന്‍റെ ചിന്ത കൂടുതൽ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എനിക്ക് മനസ്സിലായി. ഞാൻ ഏറ്റെടുത്ത ഡിസൈൻ പ്രോജക്‌ടുകളിൽ എനിക്ക് തൃപ്തി തോന്നിയില്ല. പലപ്പോഴും, ഡിസൈനർമാർ മാർക്കറ്റിംഗ് ചർച്ചകളിൽ ഉൾപ്പെടുത്താതെ വൈദഗ്ധ്യം കൊണ്ട് മാത്രം വിലമതിക്കപ്പെടുന്നു. അവരുടെ അഭിപ്രായങ്ങൾ പ്രോഡക്റ്റിന്‍റെ ബ്യൂട്ടി കാര്യങ്ങളിൽ ഒതുങ്ങി. സമൂഹത്തിലെ ആവശ്യങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരു തന്ത്രപരമായ ഉപകരണമായി ഡിസൈനർഎങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു.

ഈ കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിനെയും അതിന്‍റെ പാഠ്യപദ്ധതിയെയും കുറിച്ച് ഒരു പ്രസംഗം നടത്താൻ ചിക്കാഗോയിലെ ഐഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഒരു പ്രൊഫസർ ന്യൂഡൽഹിയിലെ വേൾപൂൾ സന്ദർശിച്ചു. എന്‍റെ മനസ്സിൽ നിലനിൽക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് അവിടെ കിട്ടി.

എസ്‌സി ജോൺസന്‍റെ അനുഭവം

ഐഐടിയിലെ ബിരുദാനന്തര ബിരുദത്തിന് ശേഷം ഞാൻ എസ്‌സി ജോൺസണിൽ ചേർന്നു. എസ്‌സി ജോൺസൺ ആൻഡ് സൺസ് ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. പ്രാഥമികമായി ഗാർഹിക സാമഗ്രികളുടെ നിർമ്മാണത്തിനും അതിവേഗം ചലിക്കുന്ന ഉപഭോക്ത്യ ഉൽപ്പപന്നങ്ങൾക്കും പേരുകേട്ടതാണ്. ഹോം കെയർ ആന്‍റ് എയർ ഫ്രാഗ്രൻസിംഗ് മേഖലയിൽ ഞാൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. ആർട്ടിസ്റ്റുകളുടെയും ഡിസൈനർമാരുടെയും സഹകരണത്തോടെ എയർ ഫ്രെഷ്‌നർ ബ്രാൻഡായ ഗ്ലേഡിന്‍റെ മ്യൂസിയം ഓഫ് ഫീലിംഗ്‌സിന്‍റെ തുടക്കവും എന്‍റെ എക്സ്‌പീരിയൻസിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. വളരെയധികം ജനപ്രീതി നേടുകയും ചെയ്‌തു.

aparna

അലക്സയിലേക്ക്

ആമസോൺ കമ്പനി 2014-ൽ അലക്സയുടെ ഒഫീഷ്യൽ ലോഞ്ച് നടത്തിയപ്പോൾ എനിക്ക് അതിൽ പ്രവർത്തിക്കണം എന്ന ആഗ്രഹം തോന്നി അങ്ങനെ ആമസോണിലേക്കും എത്തി. അലക്സ ടീമിൽ പ്രവർത്തിക്കും മുമ്പ് മറ്റു പല വിഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ആമസോൺ സ്‌ഥാപകൻ ജെഫ് ബിസോസ് തന്നെ സെലക്‌ട് ചെയ്‌ത പേരാണ് അലക്സ. ഇതിനിടയിൽ അദ്ദേഹത്തിന് മുന്നിൽ ഒരു പ്രസന്‍റഷൻ അവതരിപ്പിക്കാൻ അവസരം കിട്ടിയത് വലിയ അനുഭവമായിരുന്നു. ആധുനിക മനുഷ്യന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു കണ്ടുപിടിത്തം ആണ് അലക്സ. ഇപ്പോൾ 15 പ്രോഡക്‌ടുകളാണ് അലക്സയുടേതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇനിയും ഒരുപാടു ദൂരം താണ്ടാൻ ഉണ്ട്. എത്രമാത്രം ക്രിയേറ്റീവ് ആകാമോ അത്രയും മികവുള്ള ഉൽപ്പന്നങ്ങൾ ഒരു ഡിസൈനർക്ക് സൃഷ്ടിക്കാൻ കഴിയും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്

എന്‍റെ അഭിപ്രായത്തിൽ എഐ ഡിസൈൻ ഒന്നിനെയും മാറ്റി സ്‌ഥാപിക്കുന്നില്ല മറിച്ച് ഡിസൈൻ പ്രെഫഷണലുകൾക്കായി പുതിയ അധ്യായങ്ങൾ തുറക്കുകയാണ് ചെയ്ത‌ത്. എഐ അടിസ്‌ഥാനപരമായി വിവിധ ആപ്ലിക്കേഷനുകളിൽ പ്രയോഗിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഞങ്ങൾ ദിവസവും ഉപയോഗിക്കുന്ന പൊതുവായ ആപ്ലിക്കേഷനുകളിൽ ഇത് ഇതിനകം തന്നെ ഉള്ളതിനാൽ ഇത് പൂർണ്ണമായും പുതിയ ഒരു എന്‍റിറ്റി പേലുമില്ല. ഉദാഹരണത്തിന് ലക്ഷ്യസ്‌ഥാനത്ത് എത്താൻ ഗൂഗിൾ മാപ്‌സ് വേഗത്തിലുള്ള വഴി നിർദ്ദേശിക്കുമ്പോൾ അത് എഐ ഉപയോഗിക്കുന്നു. അതുപോലെ നിങ്ങളുടെ സെർച്ചിംഗ് ഹിസ്‌റ്ററി നോക്കി പുതിയ സിനിമ സംഗീത ശുപാർശകൾ ലഭിക്കുമ്പോൾ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

നിർണായക രൂപകൽപന പ്രക്രിയകളെ മുഴുവനായും അഭിസംബോധന ചെയ്യാൻ എഐ-ക്ക് കഴിയുകയില്ല. അതിന് ഇപ്പോഴും മനുഷ്യന്‍റെ ഇടപെടൽ ആവശ്യമാണ്. അതേസമയം എഐയുടെ വരവോടെ ഡിസൈനിന്‍റെ പങ്ക് കൂടുതൽ നിർണായകമായി.

വിവിധ ജോലികളും പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യാനുള്ള കഴിവ് എഐ-ക്ക് ഉണ്ട്. എന്നാൽ സർഗ്ഗാത്മമകത, സഹാനുഭൂതി, ധാർമ്മികത, യുക്‌തി എന്നിവ പോലുള്ള മനുഷ്യന്‍റെ കഴിവുകൾ പൂർണ്ണമായി പകർത്താൻ ഇതിന് കഴിയില്ല.

കുടുംബം

അച്‌ഛൻ ഡോ. ഉണ്ണികൃഷ്‌ണൻ, അമ്മ സുജാത, അനുജൻ അനിൽ. സഹപാഠി ആയിരുന്ന നിഖിൽ മാത്യു ജീവിതത്തിലും പങ്കാളിയായി അദ്ദേഹവും ആമസോണിൽ പ്രവർത്തിക്കുന്നു. രണ്ട് മക്കൾ നടാഷ, ഇവ.

എന്നാലും എന്‍റെ ഭാര്യേ!

ഞായറാഴ്‌ചയായതു കൊണ്ട് അന്നേറെ വൈകിയാണ് ഞാനുണർന്നത്. വീട്ടിലാരുമില്ലായിരുന്നു. അവധിക്കാലമല്ലേ, ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച് മുന്നേ അവളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി മുൻവശത്തെ മുറിയിൽ വന്നിരുന്നു. ടി. വി. ഓൺ ചെയ്ത‌് വച്ച് പത്രവായന തുടങ്ങിയതേയുള്ളൂ… പെട്ടെന്ന് ഫോൺ ബെൽ മുഴങ്ങി. ഒരുപക്ഷേ മഞ്ജുളയുടെ ഫോണായിരിക്കും. ഞാൻ ധൃതിയിൽ ചെന്ന് ഫോണെടുത്തു. മറുതലയ്ക്കൽ അപരിചിതമായ ഒരു പതിഞ്ഞ ശബ്ദം,

“മഞ്ജു, ഞാനാ മനസ്സിലായോ… അപ്പോൾ നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടക്കും. നാളെ രാത്രിയൊന്നു കരുതിയിരുന്നോ… അടുക്കളവശത്തെ വാതിലിന്‍റെ കുറ്റി ഊരിയിട്ടേക്ക്. ഭർത്താവിനെ വകവരുത്തുന്ന ജോലി എനിക്ക് വിട്ടു താ. ഇനി ഒന്നിച്ചു ജീവിക്കുന്നതിൽ നിന്നും നമ്മെ വിലക്കാൻ ആർക്കും ധൈര്യം കാണില്ല. എത്ര വർഷമായി ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഈ വീർപ്പുമുട്ടുന്ന ജീവിതം നിനക്കും മടുത്തു തുടങ്ങിയില്ലേ? ആ… പിന്നെ നിന്‍റെ ഒരു ചെറിയ ഹെൽപ്പ് എനിക്ക് വേണം. എനിക്ക് അങ്ങോട്ട് കയറാൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാത്രി എന്തെങ്കിലും ഒരു നുണ പറഞ്ഞ് ആനന്ദിനെ വീടിന് പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരണം. നന്ദനം കോളനിയിലെ ലൈബ്രറിയ്ക്കടുത്ത്…. ഓകെ. തല്ക്കാലം ഫോൺ വയ്ക്കുന്നു. കുറച്ചു കാര്യങ്ങൾ കൂടി ചെയ്‌തു തീർക്കാനുണ്ട്.” അയാൾ വലിയ ശബ്ദത്തോടെ റിസീവർ താഴെ വച്ചു.

ഫോണിലൂടെയുള്ള ഭൂകമ്പം നിലച്ചു. ഞാൻ ഒരു നിമിഷം സ്‌തബ്‌ധനായിരുന്നു പോയി. സോഫയിലിരുന്നതു നന്നായി. നിന്നാണ് ഫോൺ ചെയ്‌തിരുന്നതെങ്കിൽ തലകറങ്ങി വീണേനേ? അല്ല… ആരായിരിക്കും അയാൾ… ഓർക്കുന്തോറും സങ്കീർണ്ണമായ ചിന്തകൾ മനസ്സിനെ വല്ലാതെ കുഴച്ചു മറിച്ചു കൊണ്ടിരുന്നു. മഞ്ജു എന്ന ചെല്ലപ്പേരിലും മറ്റും വിളിക്കാനും മാത്രം അയാൾക്കിവളുമായി എന്തടുപ്പമായിരിക്കും. ഒരുപക്ഷേ കാമുകൻ… വിശ്വസിക്കാനാവുന്നില്ല.

എന്‍റെ പേര് മധുസൂദനനെന്നാണല്ലോ? പിന്നെ അയാൾ ആനന്ദ് എന്ന് തെറ്റിച്ചു പറഞ്ഞതെന്തിനാവും? ദുഷ്ട, ഞാനവരെ ജീവനു തുല്യം സ്നേഹിച്ചതാണ്. എന്നിട്ടും അവൾ എന്നെ ചതിക്കുകയായിരുന്നല്ലോ?

ഓഹോ! അപ്പോൾ ഇവൾ കാമുകനുമായി ചേർന്ന് എന്നെ കൊല്ലാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു….. ഈ ഘാതകിയെയാണല്ലോ ഞാനിതുവരെ നിഷ്കളങ്കയെന്നു കരുതി വിശ്വസിച്ചത്. ഇത്രയും നാൾ ഇവളെന്നെ വിഡ്ഢിയാക്കുകയായിരുന്നോ? എന്‍റെ കാലശേഷം എന്‍റെ കുട്ടികളുടെ ഗതിയെന്താവും? മഞ്ജുളയും കാമുകനും കൂടി എന്നെ കൊല്ലും? പക്ഷേ എന്‍റെ മക്കൾ… എന്തായാലും എന്‍റെ പണവും സ്വത്തും മക്കളുടെ പേരിൽ ഇന്നു തന്നെ എഴുതി വെയ്ക്കും. വഞ്ചകി മഞ്ജുളയ്ക്കും അവളുടെ കാമുകനും എന്‍റെ സ്വത്തിൽ നിന്നും ഒരു നയാപൈസ പോലും കൊടുക്കില്ല. ഇന്നുതന്നെ വക്കീലിനെ വിളിച്ച് വിൽപത്രം തയ്യാറാക്കാൻ പറയണം.

മരിക്കും മുമ്പ് ആഗ്രഹങ്ങളൊന്നും ബാക്കി വയ്ക്കരുതെന്ന് പറയുന്നത് വെറുതെയല്ല. ഇന്നും… നാളെയും…… എനിക്ക് മുന്നിൽ ഇനി രണ്ടേ രണ്ടു ദിവസങ്ങളേയുള്ളൂ. ഈ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ എന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കണം. പുറത്ത് നിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് എത്ര നാളായി. മഞ്ജുളയുണ്ടെങ്കിൽ പുറത്തെ ഭക്ഷണം എന്ന് പറയാൻ പോലും സമ്മതിക്കുകയേയില്ല. “പുറത്തെ ഭക്ഷണം കഴിച്ചാൽ ആരോഗ്യം മോശമാവുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കെന്താ വേണ്ടതെന്നു പറഞ്ഞാൽ മതി. ഞാൻ തന്നെയുണ്ടാക്കി. തരാം.” ഹെൽത്ത് ഗൈഡിനെപ്പോലെ ഉപദേശം നൽകാൻ തുടങ്ങും അവൾ.

ഇന്ന് റെസ്റ്റോറന്‍റിൽ നിന്നും മതിയാവോളം പറോട്ടയും ചില്ലി ചിക്കനും കഴിക്കണം. വേണ്ടെന്നു പറയാനും മാത്രം ഇപ്പോൾ മഞ്ജുളയും അടുത്തില്ലല്ലോ. പക്ഷേ പുറത്തേയ്ക്ക് പോകേണ്ടേ… മനസ്സിൽ ചെറിയൊരു പേടി പോലെ. ഇനി ഞാനെപ്പോഴാ പുറത്തിറങ്ങുന്നതെന്നു നോക്കി അയാൾ പുറത്തെവിടെയെങ്കിലും ചുറ്റി നടക്കുന്നുണ്ടാവുമോ? ഒറ്റയ്ക്ക് കിട്ടിയാൽ ഒരുപക്ഷേ ഇന്നു തന്നെ എന്‍റെ കഥ കഴിക്കാനും മതി. വേണ്ട… വേണ്ട… ഞാനെങ്ങോട്ടും പോകുന്നില്ല. എനിക്കും ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, അതുകൊണ്ട് വീട്ടിൽ തന്നെയിരിക്കുന്നതാ ബുദ്ധി. എന്‍റെ മരണമടുത്തല്ലോ? ബന്ധുക്കളേയും മിത്രങ്ങളേയുമെല്ലാം വിളിച്ച് ഫോണിൽ സംസാരിച്ചേച്ചക്കാം. ഇനിയിപ്പോ ഇങ്ങനെ ഒരവസരം കിട്ടിയെന്നും വരില്ല. അല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തു നിന്നും പോയല്ലേ പറ്റൂ… ഒരു പക്ഷേ എല്ലാവരും എന്നെ ഓർക്കുമായിരിക്കും.

നാളെ രാവിലെയാവട്ടെ അപ്പുറത്തെ മീരയോടും മനസ്സു തുറന്നൊന്നു സംസാരിക്കണം. എന്തൊരു സൗമ്യമായ മുഖഭാവമാണവരുടേത്. എപ്പോ കണ്ടാലും മനോഹരമായൊന്നു പുഞ്ചിരിക്കും. സംസാരിക്കാൻ നിന്നാൽ മധുരഭാഷണം കൊണ്ട് ആരെയും മയക്കിക്കളയും. ശരിക്കുമൊന്ന് സംസാരിക്കണമെന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു. അവരുടെ ഭർത്താവ് വിദേശത്താണ്. അല്പനേരം സംസാരിക്കുന്നതു പോലും മഞ്ജുളയ്ക്ക് ഇഷ്ടമില്ല. അവളെ പേടിയായതു കൊണ്ട് ഇതുവരെ മടിച്ചിരിക്കുകയായിരുന്നു. ഇനി ഉറപ്പായും സംസാരിക്കും…

എത്ര കഷ്ടപ്പെട്ടാണ് ഞാനീ വീട് പണിതത്. എന്‍റെ അധ്വാനം… എന്‍റെ ശ്രമം… എന്‍റെ സ്വപ്‌നങ്ങൾ ഒക്കെ വെറും വ്യാമോഹമായിരുന്നല്ലോ? മഞ്ജുളയോടും മക്കളോടുമൊപ്പം ആജീവനാന്തം സന്തോഷത്തോടെ കഴിയാമെന്നൊക്കെ കരുതിയതാ… പക്ഷേ ഇപ്പോ.. ഒന്നും കഴിക്കാതെയും കുടിക്കാതെയും ഞാൻ നേരത്തേ പുതച്ചു മൂടിക്കിടന്നു. മുറിയിലും പുറത്തും പൂ ന്തോട്ടത്തിലുമെല്ലാം ലൈറ്റിട്ടിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറങ്ങി.

നേരം പരപരാ വെളുത്തപ്പോഴാണ് ഉറക്കമുണർന്നത്. നിമിഷനേരത്തിനകം ബ്രഡ് ടോസ്‌റ്റ് ചെയ്തെടുത്ത് ജാമും പുരട്ടി കഴിച്ചു. പടപടാ മിടിക്കുന്ന ഹൃദയതാളവുമായി ഓഫീസിലെത്തി. മരണമെന്ന ചിന്ത അപ്പോഴും മനസ്സിൽ നിന്നും വിട്ടകന്നിരുന്നില്ല. ഓഫീസിൽ ഇതെന്‍റെ അവസാന ദിവസമാണെന്നോർത്തപ്പോൾ…. ഹൃദയമിടിപ്പിനു വീണ്ടും വേഗത കൂടി രമേശിനേയും അമിതിനേയും എനിക്ക് പണ്ടേ കണ്ടുകൂടാ. എന്നാൽ ഇന്ന് ഞാനവരോട് തമാശ പറഞ്ഞ് വളരെ ഹൃദ്യമായി പെരുമാറി. മരണസമയം അടുത്തു. ഇനി ഈർഷയും ദേഷ്യവും എന്തിന്? മരണശേഷം മനുഷ്യൻ നന്മകളല്ലേ ആളുകൾ ഓർക്കാൻ ഇഷ്‌ടപ്പെടുകയുള്ളൂ. ഇക്കാലത്തിനിടയിൽ ഓഫീസ് ജോലികൾ ആദ്യമായാണ് ഞാൻ ഇത്രയും കൃത്യമായും സമയത്തിനും ചെയ്തു തീർക്കുന്നതും. (ഇന്ന് മധുസൂദനനെന്തു പറ്റി?) എന്‍റെ ഈ മാറ്റം സകലരേയും ആശ്ചര്യപ്പെടുത്തി. രാത്രി മനസ്സിൽ വലിയൊരു ഭാരവും പേറി ഒരു കണക്കിനു വീട്ടിലെത്തിച്ചേർന്നു.

ശൂന്യമായ വീട് എന്നെ വിഴുങ്ങാൻ വാ പിളർന്നു നിൽക്കുന്ന ഒരു വ്യാളിയായി തോന്നിച്ചു. മുഖം കഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നതേയുള്ളൂ. കോൾബെൽ മുഴങ്ങി. ഞാൻ ഒറ്റയ്ക്കാണെന്നറിഞ്ഞ് എന്നെ കൊല്ലാൻ വന്നവർ വല്ലവരുമായിരിക്കും. ഞാൻ ഒരു നിമിഷം മഞ്ഞുമല കണക്കേ തണുത്തുറഞ്ഞിരുന്നു. രാത്രിയുടെ അന്ധകാരത്തിൽ കോൾ സെല്ലിന്‍റെ നിർത്താതെയുള്ള മുടക്കം ഒരു പ്രേതഭവനത്തിൽ വന്ന പ്രതീതി എന്നിലുളവാക്കി.

ഞാൻ ധൈര്യം സംഭരിച്ച് വാതിൽ തുറക്കാനാഞ്ഞു. കോൾ ബെല്ലിന്‍റെ മുഴക്കവും എന്‍റെ ഹൃദയമിടിപ്പിന്‍റെ ഗതിയും ഏതാണ്ട് ഒരു താളത്തിലായി. ഭ്രാന്തു പിടിക്കുമെന്നു തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു വാതിൽ തുറന്നു. ങേ… മഞ്ജുളയും കുട്ടികളും വഞ്ചകി… എന്‍റെ കഥ കഴിഞ്ഞോ എന്നറിയാൻ വീട്ടിൽ വന്നതായിരിക്കും… അല്ലെങ്കിൽ ഇനിയിപ്പോ പ്ലാൻ മാറ്റിക്കാണും.

“എന്താ ബോധമില്ലാതെ ഉറങ്ങിപ്പോയോ.. എത്ര നേരമായി ബെല്ല് അടിക്കുന്നു. നിങ്ങൾ ആ വഴിയിൽ നിന്നൊന്നു മാറിക്കേ… ഞാനൊന്നു അകത്തു കയറട്ടെ.” മഞ്ജുള അദ്ഭുതത്തോടെ എന്നെ നോക്കി.

ഇന്നെന്താണാവോ മഞ്ജുളയുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടർച്ച. എന്നെ കശാപ്പു ചെയ്യാൻ വന്ന യക്ഷിയാണോ ഇവൾ… ഞാൻ മഞ്ജുളയെ നിർനിമേഷനായി നോക്കി നിന്നു.

“ഇതെന്തുപറ്റി മനുഷ്യാ… ഭക്ഷണം വല്ലതും കഴിച്ചോ…” തീർന്നില്ല തുരുതുരെ എന്തെല്ലാമോ ചോദിച്ചു കൊണ്ടേയിരുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല. മറ്റെന്തോ ചിന്തകളായിരുന്നു. കാമുകനും ഭാര്യയും ഗൂഢാലോചന നടത്തി ഭർത്താവിനെ കൊല്ലാൻ പോകുന്നു. “ഞാൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിരുന്നു. വിശപ്പില്ല.”

ഇന്നത്തെ എന്‍റെ വിചിത്രപെരുമാറ്റം മഞ്ജുളയേയും ആശ്ചര്യപ്പെടുത്തി. ഇവളുടെയും കാമുകന്‍റെയും ഗൂഢാലോചനയെക്കുറിച്ച് സകലതും ഞാൻ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യം ഇവൾക്കറിയില്ലല്ലോ?

അവൾ അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കി അവളും കുട്ടികളും കഴിച്ചു. കുട്ടികൾ നേരത്തേയുറങ്ങി. ഉറക്കി എന്നു പറയുന്നതാവും ശരി. അല്‌പസമയത്തിനു ശേഷം മഞ്ജുള എന്‍റെ അരികിലെത്തി, “ഹൊ! ഇന്നു ഭക്ഷണം കൂടിപ്പോയെന്നു തോന്നുന്നു. വാ ഒന്ന് നടന്നിട്ടു വരാം…”

വരട്ടെ, എന്നെ പുറത്തിറക്കാനുള്ള പരിപാടിയാണല്ലേ? പക്ഷേ ഞാനത്ര മണ്ടനല്ലല്ലോ! “വല്ലാത്ത ക്ഷീണം, ഞാനില്ല…” ഞാൻ ഭംഗിയായി ഒഴിഞ്ഞുമാറി.

ഭക്ഷണം കഴിച്ചിട്ട് ഇങ്ങനെയൊരു സവാരി… എന്‍റെ ഓർമ്മയിൽ ഇതാദ്യമായിട്ടാണ്. സാധാരണയായി ഭക്ഷണം കഴിച്ച് അടുക്കള ജോലിയൊതുക്കി ഉറങ്ങുകയല്ലേ പതിവ്…

അപ്പോൾ ഞാൻ കരുതുന്നതു പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കുട്ടികളെ കാലേകൂട്ടി ഉറക്കുക, സവാരിക്ക് ക്ഷണിക്കുക… ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും അവൾ ഒറ്റയ്ക്ക് നടക്കാനിറങ്ങുക… അല്ല പോയല്ലേ പറ്റൂ… ഗൂഢാലോചന പാളിപ്പോയെന്നു കാമുകനെ അറിയിക്കണ്ടേ? അടുക്കളയുടെ കുറ്റി ഇട്ടോ എന്നു നോക്കണം. അവൾ മടങ്ങി വരുമെങ്കിൽ അവളോട് ഇതേക്കുറിച്ച് ചോദിച്ചിട്ട് തന്നെ കാര്യം. അങ്ങനെ വെറുതെ വിട്ടു കൂടല്ലോ…

“മഞ്ജുളേ, വിവാഹത്തിനു മുമ്പ് ആരെങ്കിലും നിന്നെ മഞ്ജു എന്നു വിളിച്ചിരുന്നോ?”

“ഏയ്… ഇല്ലല്ലോ?”

“അതിരിക്കട്ടെ നിനക്ക് ഇവിടെ അടുത്തേതെങ്കിലും മഞ്ജുവിനെ അറിയുമോ?”

“ആ… കമല ആന്‍റിയുടെ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട്. അവിടെ ഒരു മഞ്ജു ഉണ്ട്. അയാൾ ആ സ്ത്രീയെ മഞ്ജുവെന്ന് വിളിക്കുന്നതു കേട്ടു. അവരത്ര ശരിയല്ലെന്നു തോന്നുന്നു… അല്ല നിങ്ങൾക്കിതെന്തു പറ്റി? ഇതൊക്കെ നിങ്ങളെന്തിനാ തിരക്കുന്നത്?”

“അല്ല. ഇന്നലെ രണ്ടുപേർ വന്നിരുന്നു. അവരെക്കുറിച്ചാണെന്നു തോന്നുന്നു ചോദിച്ചത്… എനിക്കറിയില്ലെന്നു പറഞ്ഞു.” അടുത്ത ദിവസം രാവിലെ സൈറൻ ശബ്‌ദം കേട്ടാണ് ഞാനുണർന്നത്. വഴിവക്കിൽ രണ്ടു പോലീസ് ജീപ്പും ആംബുലൻസും കിടക്കുന്നതു കണ്ടു. ഞാൻ കൂടി നിന്നവരിൽ ഒരാളോട് കാരണമാരാഞ്ഞു.

“ഇന്നലെ രാത്രി കള്ളൻ കയറിയെന്നോ… അവരുടെ ഭർത്താവിനെ തലയ്ക്കടിച്ചെന്നോ… പറയുന്നതു കേട്ടു.”

നെറ്റിയിലെ വിയർപ്പു തുടച്ച് ഞാൻ വീട്ടിലെത്തി. “മഞ്ജുളേ വേഗമൊരുങ്ങിക്കോ… ഇന്നു സമയമുണ്ടെങ്കിൽ നമുക്ക് പാർക്കിൽ പോകാം… പുറത്തു നിന്നും ഭക്ഷണവും കഴിക്കാം. പിന്നെ ഏതു സിനിമ കാണണമെന്ന് നീ തീരുമാനിക്ക്.”

കുമരകത്ത് കൂടാം

നിങ്ങൾ ഭക്ഷണപ്രിയനോ, പ്രകൃതി സ്നേഹിയോ ആണോ? എങ്കിൽ കുമരകത്തേയ്ക്ക് പോകാം. പുഴമത്സ്യങ്ങളുടെ രുചിയും കായലിന്‍റെ ഭംഗിയും കാടിന്‍റെ കുളിർമ്മയും കുമരകം നിങ്ങളെ അനുഭവിപ്പിയ്ക്കും. കേരളത്തിലെ ഏറ്റവും മനോഹരമായ ജൈവാവസ്ഥ കുമരകത്താണ്. കുമരകത്തിന് പകരം നിൽക്കാൻ കുമരകം മാത്രം! പ്രകൃതി തന്‍റെ ഹ്യദയം തുറക്കുന്ന സ്ഥലമാണ് ഇവിടം എന്നു തോന്നും. ഇനി അധികം ആലോചിക്കേണ്ട. വണ്ടി കുമരകത്തേക്ക് വിടാം… അരുവികൾ തോടുകൾ, കനാലുകൾ, കണ്ടൽകാടുകൾ, കൃഷിയിടങ്ങൾ അവധി ദിനങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് കുമരകം ഏറ്റവും അനുയോജ്യമാണ്. ഏറെ സാമ്പത്തിക ബാദ്ധ്യതകളില്ലാതെ തന്നെ ട്രിപ്പ് അടിച്ചു പൊളിക്കാം. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളും കുമരകം കാഴ്ചകൾ ഒഴിവാക്കാറില്ല.

കുമരകം യാത്രയിലുടനീളം വ്യത്യസ്ത ഇനങ്ങളിലുള്ള അത്യപൂർവ്വമായ ചെടികളും പുഷ്പലതാദികളും കാണുവാൻ സാധിക്കും. വിവിധയിനം ജലജീവികൾ, ദേശാടനക്കിളികൾ എന്നിവയുടെ ആവാസകേന്ദ്രവുമാണ് കുമരകം. ബോട്ട് യാത്ര, മീൻ പിടിത്തം, വള്ളം തുഴയൽ, നീന്തൽ എന്നിവ നടത്തണമെന്നുണ്ടോ? കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ എന്നിങ്ങനെയുള്ള കായൽ വിഭവങ്ങൾ ആസ്വദിക്കണമെന്നുണ്ടോ? കുമരകം നിങ്ങളെ നിരാശരാക്കില്ല.

ഭൂപ്രകൃതി

കോട്ടയം ആലപ്പുഴ ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കുമരകം നെല്ലിന്‍റെ കലവറയായ കുട്ടനാടിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് പറയാം. ഇവിടത്തെ കൃഷികളെല്ലാം കായൽ നിരപ്പിലാണ്. ശാന്തമായ അന്തരീക്ഷവും ശുദ്ധമായ വായുവും ശീതള കാലാവസ്ഥയും സാധാരണക്കാരായ ആളുകളുമെല്ലാം ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. അങ്ങനെ ഗ്രാമീണ ടൂറിസത്തിന്‍റെ ഉത്തമ മാതൃകയാവുന്നു കുമരകം.

കവണാർ വേമ്പനാട്ടുകായലുമായി ഒത്തു ചേരുന്ന ദൃശ്യഭംഗി നിറഞ്ഞ പ്രദേശമാണിത്. കോട്ടയം താലൂക്കിലെ കുമരകം നോർത്ത്, ഈസ്‌റ്റ്, വെസ്‌റ്റ്, സൗത്ത് വാർഡുകൾ ഉൾക്കൊള്ളുന്ന വില്ലേജിന് 51.65 ച.കി.മീ വിസ്ത്യതിയുണ്ട്. ചെറിയ കൈത്തോടുകൾ, ചതുപ്പുനിലങ്ങൾ, തെങ്ങിൻ തോപ്പുകൾ, പശപ്പരുത്തി മരങ്ങൾ, റബർ മരങ്ങൾ എന്നിവയൊക്കെ ഇടതിങ്ങി നിറഞ്ഞ പ്രദേശമാണിത്. കണ്ടൽകാടുകളുടെ സമ്പന്നമായ പച്ചപ്പും ഇവിടെയുണ്ട്. അനുഗ്രഹിക്കപ്പെട്ട പ്രകൃതിയാണ് മറ്റു പ്രദേശങ്ങളിൽ നിന്ന് കുമരകത്തെ വേറിട്ടതാക്കുന്നത്.

പക്ഷിസങ്കേതം

വർഷങ്ങൾക്കുമുമ്പ് മിഷണറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ഫാ. ബെഞ്ചമിൻ ബെയ്ലിയോടൊപ്പം വന്ന ബേക്കർ സായ്പ് കുമരകത്ത് കുറച്ച് സ്ഥലം വിലയ്ക്കുവാങ്ങിയിരുന്നു. ഇവിടം പിന്നീട് ഒരു എസ്റ്റേറ്റായി മാറുകയാണ് ചെയ്തത്. ഈ ഭാഗത്ത് അപൂർവ്വമായ പല പക്ഷികളെയും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം 14 ഏക്കറോളം സ്ഥലം പക്ഷി സംരക്ഷണത്തിനായി നീക്കി വെച്ചു. ശാന്തത നിറഞ്ഞ കായൽ തീരത്തുള്ള ഈ പ്രദേശം പക്ഷികളുടെ വിഹാരകേന്ദ്രമായി മാറി. ഇന്ന് കുമരകം പക്ഷിസങ്കേതം കേരളത്തിലെ പ്രധാന ആകർഷണകേന്ദ്രമാണ്. സങ്കേതത്തിൽ നൂറിലധികം ഇനങ്ങളിലുള്ള അത്യപൂർവ്വമായ പക്ഷിവർഗ്ഗങ്ങൾ കൂടു കൂട്ടി ചേക്കേറിയിരിക്കുന്നു.

പെലിക്കൻ വിഭാഗത്തിലുള്ള നീർകാക്കകൾ, ചേരക്കോഴികൾ, നെയ്‌ക്കോഴികൾ, പാതിരാകൊക്കുകൾ, കാട്ടുതാറാവുകൾ, വെള്ളകൊക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. കാലമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളകൊക്ക്, കരിതപ്പി മുതലായ പക്ഷിവർഗ്ഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സൈബീരിയ, ഹിമാലയം എന്നിവിടങ്ങളിൽ കാണപ്പെടുന്ന പക്ഷികളും തത്ത, എരണ്ട, വാനമ്പാടി, പൊൻമാൻ, മരംകൊത്തി എന്നിവയും പ്രത്യേക സീസണുകളിൽ ഇവിടെ ധാരാളമായി എത്തുന്നു. രണ്ടായിരത്തിലധികം വരുന്ന പാതിരാകൊക്കുകൾ ഇവിടെ യഥേഷ്‌ടം വിഹരിക്കുന്നു.

കുമരകം ടൂറിസ്‌റ്റ് കേന്ദ്രം പക്ഷിനിരീക്ഷകരുടെ താവളമാണ്. ജൂൺ മുതൽ ആഗസ്‌റ്റ് വരെയാണ് സന്ദർശന സീസൺ. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ദേശാടനപക്ഷികളെ കാണാനാവുക. രാവിലെ പത്തുമുതൽ വൈകിട്ട് ആറു വരെയാണ് പക്ഷിസങ്കേതത്തിലേക്കുള്ള പ്രവേശനം.

ജലയാത്ര

കേരളത്തിലെ ഏറ്റവും ആനന്ദകരമായ ബോട്ടുയാത്ര നടത്തണമെങ്കിൽ കുമരകത്ത് തന്നെ വരണം. പക്ഷിസങ്കേതത്തിന് സമീപത്തുകൂടി കാഴ്‌ചകൾ കാണാൻ സൗകര്യം ലഭിക്കും. ഹൗസ് ബോട്ടിലെ യാത്ര ആനന്ദകരവുമാണ്. യാത്രക്കാർക്ക് ആവശ്യമായ സുഖസൗകര്യങ്ങൾ ഇതിൽ സജ്‌ജീകരിച്ചിട്ടുണ്ട്. താമസത്തിനുള്ള മുറികൾ, ബാത്ത് റൂം, അടുക്കള, ബാൽക്കണി എന്നിവയെല്ലാം ഇതിലുണ്ട്. വ്യത്യസ്‌ത വാടകയിലുള്ള ബോട്ടുകൾ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താം. നാടൻ കെട്ടുവള്ളങ്ങളും സർവീസ് നടത്തുന്നുണ്ട്. ഇവിടുത്തെ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങളിലൊന്നായ മീൻ പിടിത്തവും ജലയാത്രയിലൂടെ അടുത്തറിയാം.

സുഖകരമായ അന്തരീക്ഷം

ഏതു സീസണിലും കുമരകം സന്ദർശിക്കാമെന്നത് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. സുഖശീതളമായ തണുത്ത കാറ്റ് ഇവിടുത്തെ പ്രത്യേകതയാണ്.16:10 ഡിഗ്രി മുതൽ 32:80 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഇത് ഓരോ സീസണിലും വ്യത്യാസപ്പെട്ടിരിക്കും. ജുൺ മുതൽ ആഗസ്‌റ്റ് വരെയാണ് മൺസൂൺ സീസൺ.

മ്യൂസിയം

ബ്രിട്ടീഷ് മിഷണറിയായ ബേക്കർ വസിച്ചിരുന്ന ബംഗ്ലാവ് ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുകയാണ്. ഇതിന് 60 വർഷത്തിലധികം പഴക്കമുണ്ട്. പക്ഷിസങ്കേതത്തിന് സമീപത്താണിത്. അപൂർവ്വമായ കരകൗശല വസ്‌തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബേക്കറിന്‍റെ നീന്തൽ കുളവും കുതിരാലയവും കാണാൻ കഴിയും. കോളനിവാഴ്‌ചയുടെ സ്മരണകൾ ഉറങ്ങുന്ന സ്‌മാരകം പോലെ മ്യൂസിയം തലയെടുത്തു നിൽക്കുന്നു.

താമസ സൗകര്യം

സഞ്ചാരികൾക്കായി നിരവധി റിസോർട്ടുകളും കെടിഡിസി റെസ്‌റ്റ് ഹൗസും ഹോം സ്‌റ്റേ സൗകര്യങ്ങളും കുമരകത്ത് ലഭ്യമാണ്. ആരോഗ്യപരിപാലനം നടത്തുന്നതിനുള്ള ഹെൽത്ത് സെന്‍ററുകളും പലയിടങ്ങളിലായുണ്ട്. ആയുർവ്വേദ മസാജ്, യോഗ, ധ്യാനം എന്നിവയിലേർപ്പെടുന്നതിനും സൗകര്യം ലഭിക്കും. ഹോം സ്‌റ്റേ സൗകര്യങ്ങളിൽ പരമ്പാരാഗത രീതിയിലുള്ള ഭക്ഷണവും കഴിക്കാം. കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ, പലയിനം മത്സ്യങ്ങൾ തുടങ്ങി യ പലവിധ കായൽ വിഭവങ്ങളുടെ കലവറയാണ് ഇവിടം.

എങ്ങനെ എത്താം

കോട്ടയം ആലപ്പുഴ ജില്ലകൾ വഴി കുമരകത്തെത്താം. കോട്ടയം നഗരത്തിൽ നിന്നും 16 കി.മീ റോഡ് മാർഗം സഞ്ചരിച്ച് ഇവിടെയെത്താം. റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയും യാത്ര തുടരാം. ആലപ്പുഴയിൽ എത്തുന്നവർക്ക് മുഹമ്മ ബോട്ട് ജെട്ടി വഴി കുമരകത്ത് എത്താം. കോഴിക്കോട് നിന്ന് 180 കി.മീ യും തിരുവനന്തപുരത്തു നിന്ന് 175 കി.മീ യും അകലമുണ്ട്. കുമരകത്തു നിന്നും വാഗമൺ, മൂന്നാർ, തേക്കടി, പാതിരാമണൽ എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാം. നിരവധി സ്വകാര്യ ട്രാവൽ ഏജൻസികളുടെ സേവനവും ലഭ്യമാണ്.

പ്രത്യേക പരിഗണന

കേരളത്തിലെ പ്രധാന പക്ഷിവളർത്തൽ കേന്ദ്രമെന്ന നിലയിൽ കുമരകത്തിന് സർക്കാർ പ്രത്യേകപരിഗണനയും സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ടൂറിസം, കൃഷി എന്നിവയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു.

ശ്ശോ…! ഇനിയെന്തു കൊടുക്കും?

ചുവന്നു തുടുത്ത കവിളുകളും നടക്കുമ്പോൾ ഓളം വെട്ടുന്ന ശരീരവും പളുങ്കുമണികൾ പോലുള്ള കണ്ണുകളിൽ കുസൃതിയുമായി ഒരു കുഞ്ഞോമന മുന്നിൽ വന്നു ചിരിച്ചാൽ എന്തു തോന്നും? സംശയമില്ല. വാരിയെടുത്ത് ഉമ്മവയ്ക്കാൻ തന്നെ. അതോടൊപ്പം സ്വന്തം കുഞ്ഞുമായി ഒന്നു താരതമ്യപ്പെടുത്താനും ഉള്ളിൽ അൽപം കുശുമ്പു കാട്ടാനും ഇന്നത്തെ അമ്മമാർ മടിക്കില്ല. പരസ്യത്തിൽ തുള്ളിത്തുള്ളിയെത്തുന്ന തക്കുടുവാവയെ കാണുമ്പോൾ വിജി ഭർത്താവിനോടു പറയും, “കണ്ടില്ലേ എന്തുഭംഗിയാണ് ആ കുഞ്ഞിന്. നമ്മുടെ മോനെ കണ്ടോ, എല്ലും തോലും മാത്രം. നേരാംവണ്ണം ഭക്ഷണം കഴിക്കുന്ന വീട്ടിലെയാണെന്ന് തോന്നുമോ? ഇവനെയൊന്നു വണ്ണം വയ്പിച്ചെടുക്കാൻ ഞാനിനി എന്താ ചെയ്ക.”

ഈ പരാതി കേട്ടു മടുത്തപ്പോൾ അജിത് സൂപ്പർമാർക്കറ്റിൽപ്പോയി വളർച്ചയെ പോഷിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ഹെൽത്ത് ഡ്രിങ്കുകളും ഫുഡ്‌ഡുകളുമൊക്കെ വാങ്ങി. ഇപ്പോൾ കാലത്തും വൈകിട്ടും ഇതെല്ലാം പരീക്ഷിക്കുകയാണ് സ്നേഹ സമ്പന്നയായ ആ അമ്മ ആ കുഞ്ഞു ശരീരത്തിൽ!

നല്ല ഭക്ഷണശീലം

കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര വേവലാതി കാട്ടുന്നവരാണ് നമ്മൾ. പക്ഷേ, അവർക്ക് ഗുണകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനോ അതേക്കുറിച്ച് ചിന്തിക്കുന്നതിനോ മിക്കവരും മെനക്കെടാറില്ല. വീട്ടിലെന്താണോ രീതി അതുതന്നെ പിന്തുടരുന്നതാണ് കുട്ടികളുടെയും ശീലം ഭക്ഷണക്കാര്യത്തിലും അങ്ങനെതന്നെ. എന്തായാലും അർബൻ ക്ലാസുകാർക്കിടയിൽ അമിതവണ്ണവും ലൈഫ്‌സ്‌റ്റൈൽ രോഗങ്ങളും വർദ്ധിച്ചതോടെ മലയാളികളുടെ ജീവിതചര്യകളും ഭക്ഷണശീലങ്ങളും മെല്ലെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

മിക്ക കുടുംബങ്ങളിലും അച്‌ഛനും അമ്മയും ജോലിക്കാരായിരിക്കും. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പലപ്പോഴും സമയം തികയാത്തവർ. ഇവർക്കൊക്കെ ആശ്വാസമാകുന്നത് പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും ഫാസ്‌റ്റ്‌ഫുഡുമൊക്കെത്തന്നെ. ഇങ്ങനെ പുറം ഭക്ഷണവുമായി പൊരുത്തപ്പെട്ട കുട്ടികളോട് ചോദിച്ചുനോക്കു ഏതു ഭക്ഷണമാണ് ഏറ്റവും ഇഷ്ട‌ം? ഇന്ത്യനോ ചൈനീസോ? ഒരു 10 വയസ്സുള്ള കുട്ടിയോട് ചോദിച്ചാൽ പറയും.

“ചൈനീസ്, ഫ്രൈഡ് റൈസ്, ചിക്കൻ ബിരിയാണി, ബർഗർ, പിസ, ഐസ്ക്രീം…” നമ്മുടെ നാടൻ ഭക്ഷണങ്ങളായ “ഇഡ്‌ഡലി, ദോശ, പുട്ട്, ഉപ്പുമാവ്…. ഇതൊക്കെ ആർക്കുവേണം?”

കുട്ടികൾ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. “സ്വാദിലെ വൈവിധ്യം.” ചൈനീസ് ഭക്ഷണരീതികളിലെ രുചിഭേദങ്ങൾ, സ്പൈസി മസാല ടേസ്‌റ്റുകൾ ഇന്ത്യൻ ഫുഡിനില്ല.”

ഹോംമെയ്‌ഡ് ഫുഡുകൾക്ക് എന്നും ഒരേ രുചിയായിരിക്കും. പോഷകപ്രദവും ആരോഗ്യപ്രദവുമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കാൻ മടി കാണിക്കും.” ഡയറ്റീഷ്യനായ അഞ്ജന പറയുന്നു. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതി പറയുന്ന അമ്മമാരോടുള്ള ആദ്യത്തെ ഉപദേശം വെറൈറ്റി ഫുഡ് ഉണ്ടാക്കു എന്നാണ്. പക്ഷേ, വെറൈറ്റി ഫുഡ് എന്ന ഐഡിയ പ്രാവർത്തികമാക്കുക അത്ര നിസ്സാരകാര്യവുമല്ല. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കളാണെങ്കിൽ അവർക്ക് പാചകപരീക്ഷണങ്ങൾക്ക് കാര്യമായി സമയം കിട്ടിയെന്നുവരില്ല.

എന്താണ് നിങ്ങളുടെ കുട്ടികളുടെ ഭക്ഷണം? ഒരുപക്ഷേ, ഇക്കാര്യത്തിൽ മിക്ക രക്ഷിതാക്കൾക്കുമുണ്ട് ആശയക്കുഴപ്പം “വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകും. അവർക്ക് ബോറടിക്കുന്നു വെന്ന് പരാതിപ്പെടുമ്പോൾ പുറത്തു കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കും.” വീട്ടമ്മയായ ദീപ്‌തി രാജേന്ദ്രൻ പറയുന്നു. “എന്തെങ്കിലും” എന്നുവച്ചാൽ എന്താണെന്നു ചോദിച്ചാൽ…

“ഫ്രൈഡ് റൈസ്, ചില്ലിച്ചിക്കൻ, പൊറോട്ട, പിസ, ബിരിയാണി…” ഇതൊക്കെത്തന്നെ ചോയ്‌സ്. ഇത്തരം ഭക്ഷണങ്ങൾ വല്ലപ്പോഴുമാകുന്നതിൽ തെറ്റില്ല. അതേസമയം അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കൾ തീർച്ചയായും അവരുടെ ഭക്ഷണരീതികൾ നിയന്ത്രിക്കണം.

കുടുംബങ്ങളിൽ കാലക്രമേണ ഉണ്ടാകുന്ന പുതിയ ഭക്ഷണ ശീലങ്ങളാണ് കുട്ടികളും പിന്തുടരുന്നത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങളോടാണ് പലർക്കും പ്രിയം. ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റോ, പ്രോട്ടീനോ ലഭിക്കുന്നതിനു പകരം കൊഴുപ്പാണ് ഇതിലൂടെ ലഭിക്കുന്നത്. കാർബണേറ്റഡ് ഡ്രിങ്കുകൾ ഇന്ന് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമാണ്. ഇവയിൽ പോഷകാംശം ഒന്നുമില്ല താനും. ഫാസ്‌റ്റ്ഫുഡും സ്നാക്കുകളുമാണ് കുട്ടികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരിനം ഇവയൊന്നും തന്നെ ദഹനത്തെ സഹായിക്കുന്ന നാരടങ്ങിയ ഭക്ഷണങ്ങളല്ല.

ഹൈ ടീ ഡിന്നർ സംസ്‌കാരം

വൈകിട്ട് സ്‌കൂൾ വിട്ടു മടങ്ങിയെത്തിയാൽ പണ്ടൊക്കെ രാവിലെ ഉണ്ടാക്കിവച്ച ഇഡ്‌ഡലിയോ ദോശയോ ഒക്കെയായിരുന്നു ഭക്ഷണം, കൊഴുക്കട്ട, അരിയുണ്ട, അട തുടങ്ങിയ നാടൻ വിഭവങ്ങളും നാലുമണിപ്പലഹാരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയുടെ സ്‌ഥാനം ഇന്ന് സ്നാക്കുകൾ കൈയടക്കിയിരിക്കുന്നു. റെഡി ടു ഈറ്റ് പാക്ക്‌ഡ് ഫുഡുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്. ടീ ടൈം എന്നു പറഞ്ഞാൽ ചായയോ ബിസ്ക്കറ്റോ മാത്രം കഴിക്കുന്ന രീതി മാറി എന്നർത്ഥം. ചെറിയ കുട്ടികളോട് ആരോഗ്യത്തിന് പ്രശ്ന‌മുള്ള പലഹാരങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തിട്ട് കാര്യമില്ല വീട്ടിൽ ലഭ്യമാകുന്ന ഭക്ഷണമാണ് അവർ കഴിക്കുന്നതെന്നറിയുക. ലൈഫ് സ്‌റ്റൈൽ മാറിയപ്പോൾ ബ്രെയ്ക്ക്ഫാസ്‌റ്റിലാണ് ഏറ്റവും മാറ്റം വന്നത്. രാവിലെ എന്തു കഴിച്ചുവെന്നു ചോദിച്ചാൽ ബ്രെഡും ജാമും എന്നുപറയുന്ന കുട്ടികളാണ് ഭൂരിഭാഗവുമെന്ന് അധ്യാപികയായ ഷീബ പറയുന്നു.

ഒരു കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായത് നല്ല ബ്രെയ്ക്ക്ഫാസ്‌റ്റ് ആണ്. ഒരു ദിവസത്തേക്കാവശ്യമായ കലോറിയുടെ 50 ശതമാനമെങ്കിലും ബ്രെയ്ക്ക്ഫാസ്റ്റിൽ നിന്ന് ലഭിക്കണം. ബാക്കി 30 ശതമാനം ഉച്ചഭക്ഷണത്തിൽ നിന്നും, ബാക്കി ഡിന്നറിൽ നിന്നുമാണ് കിട്ടേണ്ടത്. എന്നാൽ ബ്രെയ്ക്ക് ഫാസ്‌റ്റും ലഞ്ചും കുട്ടികൾ തിരക്കുകൂട്ടി കഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ആവശ്യമായ ഊർ‌ജ്ജം അതിൽ നിന്നു ലഭിക്കില്ല. നേരെമറിച്ച്, ലളിതഭക്ഷണം അഭികാമ്യമായ ഡിന്നർ വേളകൾ ഹെവിയായി മാറും. പലരും നോൺ വെജിറ്റേറിയൻ കഴിക്കുന്നതും ഈ സമയത്താണ്. ഇതെല്ലാം കഴിഞ്ഞ് കിടക്കാൻ പോകും മുമ്പ് കുട്ടികൾക്ക് ഹെൽത്ത് ഡ്രിങ്ക് കൂടി നൽകുന്നവരുണ്ട്.

ഈ രീതി അപകടം പിടിച്ചതാണ്. അക്കാര്യം പല രക്ഷിതാക്കളും മറക്കുന്നു. വളരെ മികച്ച ഭക്ഷണമാണ് നമ്മൾ നൽകുന്നതെന്ന് ചിന്തിച്ചാലും ചിട്ടയായ ഭക്ഷണരീതി അല്ല പിന്തുടരുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നോർക്കുക. തടി കൂടിക്കഴിഞ്ഞാൽ ഭക്ഷണം കൊടുക്കാതിരിക്കുന്നതോ, വണ്ണമില്ലാത്തതിനാൽ അമിതമായി ഭക്ഷണം നൽകുന്നതോ ശരിയല്ല. നല്ല ഭക്ഷണ ശീലത്തോടൊപ്പം യോജിച്ച വ്യായാമങ്ങൾ കൂടി കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കുന്നത് ഏറ്റവും നന്നായിരിക്കും.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും ശീലിപ്പിക്കുന്നതുപോലെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തുക എന്നതും. അതിനായി ചില കാര്യങ്ങൾ രക്ഷിതാക്കൾക്ക് ശ്രദ്ധിക്കാം.

  • ഭക്ഷണം ഏതു വേണമെന്ന് തീരുമാനിക്കും മുമ്പ് കുടുംബാംഗങ്ങളുടെ താല്പ‌ര്യം ചോദിച്ചറിയുക.
  • ഭക്ഷണം മെല്ലെ കഴിക്കാൻ ശീലിപ്പിക്കുക. പതിയെ കഴിക്കുമ്പോൾ വിശപ്പ് അടങ്ങുന്നതുവരെ മാത്രമേ കഴിക്കൂ.
  • കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ആ സമയം വഴക്കും ബഹളവും ഒഴിവാക്കുക. ഭക്ഷണവേളകൾ അൺപ്ലസന്‍റ് ആയാൽ വേഗം കഴിച്ചു പോകാൻ അവർ ശ്രമിക്കും. ടെൻഷനുള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ശീലിക്കുന്നതും നല്ലതല്ല.
  • സ്‌നാക്കുകൾ നിയന്ത്രിക്കുക. അവ കഴിക്കേണ്ട സമയം നിജപ്പെടുത്തുക. ഉച്ചഭക്ഷണ സമയത്ത് സ്‌നാക്കുകൾ കൊടുക്കാതിരിക്കുക.
  • വായന, ടി.വി. കാണൽ ഇതിനിടെ ഭക്ഷണം നൽകരുത്.
  • ശിക്ഷയുടെ ഭാഗമായി ഭക്ഷണം നിഷേധിക്കുകയോ പ്രോത്സാഹനത്തിന്‍റെ പേരിൽ അമിത ഭക്ഷണം നൽകുകയോ ചെയ്യരുത്.
  • എന്നും ഒരേതരം ഉച്ചഭക്ഷണം സ്‌കൂളിൽ കൊടുത്തുവിടരുത്. ചോറിനുപകരം ഒന്നോരണ്ടോ ദിവസം മറ്റു വിഭവങ്ങളും കൊടുത്തുവിടാം.
  • ചായക്കും കാപ്പിക്കും പകരം തിളപ്പിച്ചാറിയ വെള്ളം കൊടുത്തു ശിലിപ്പിക്കുക.

വീടു നിറയെ പോസിറ്റീവ് എനർജി

പച്ചപ്പും പൂക്കളും നിറഞ്ഞ വലിയ കാർ  പോർച്ച്, ചിത്രപ്പണികളോടു കൂടിയ ഫ്രണ്ട് ഡോർ, ഡ്രോയിംഗ് റൂമിന് അലങ്കാരമെന്നോണം ടിപ്ടോപ്പ് ഫർണിച്ചർ ഫർണിഷിംഗ്, നല്ല വായു സഞ്ചാരമുള്ള മുറികൾ, മോഡ്യുലാർ കിച്ചൻ, ബാത്ത്റൂം….. ഇങ്ങനെ സ്വപ്‌ന സദ്യശമായ ഒരു വീട്ടിലാണ് റീത്തയുടെ താമസം. പക്ഷേ മെയിന്‍റനൻസിന്‍റെ കുറവു കാരണം ചുരുങ്ങിയ നാളുകൾക്കു ള്ളിൽ ഗാർഡനും മുറ്റവും അലങ്കോലമായി. ഫർണിച്ചറുകളിൽ അഴുക്കും പൊടി പടലങ്ങളും നിറഞ്ഞു. തറയിൽ സ്ക്രാച്ച് വീണു… “അയ്യോ, അന്നു കണ്ട വീടേ അല്ലല്ലോ ഇത്…” അതിഥികൾ മൂക്കത്തു വിരൽ വച്ചു. ഉഗ്രൻ വീട് എന്നു പ്രശംസിച്ചവർ തന്നെ കുറ്റങ്ങളും കുറവുകളും എടുത്തു പറയാൻ തുടങ്ങിയോ?

വീടിനെക്കുറിച്ച് നല്ലതു പറയിപ്പിക്കാൻ വഴിയുണ്ട്. വീടു പണിയുന്നതു പോലെ മെയിന്‍റനെൻസിനും പ്രാധാന്യം നൽകേണ്ടതാണെന്ന് ആർക്കി ടെക്റ്റായ നീത കഴിഞ്ഞ 23 വർഷത്തോളമായി ഹോം മെയിന്‍റനൻസ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയാണ്. ഗൃഹാന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നൽകുന്നതിന് പല പ്രശസ്തർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് അവർ.

മനുഷ്യനു ചുറ്റും ഒരു കാന്തിക വലയമുണ്ട്. അതിന് അനുസൃതമായ അന്തരീക്ഷമല്ല വീട്ടിലുള്ളതെങ്കിൽ നമുക്ക് അസ്വസ്‌ഥത അനുഭവപ്പെടും. ഹോം മെയിന്‍റനൻസിന് തനതായ പ്രാധാന്യം നൽകിയില്ലെങ്കിൽ വീട് വീടല്ലാതാകും. വീട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിലൂടെ ഗൃഹാന്തരീക്ഷത്തിൽ പുതിയ ഊർജ്‌ജം നിറയ്ക്കാം. “താമസക്കാരിലെല്ലാം ഈ പോസിറ്റീവ് എനർജിയുടെ ഫ്ളോ ഉണ്ടാവും.” നീത പറയുന്നു.

വീടിന്‍റെ അകത്തളങ്ങൾ മോടി കൂട്ടുവാൻ ചെടികളും പൂക്കളും വെച്ചു പിടിപ്പിക്കാറുണ്ട്. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കും. സസ്യജാലങ്ങൾ ചുറ്റുമുള്ള അന്തരീക്ഷത്തിൽ ശ്വാസവായു നിറയ്ക്കുമ്പോൾ അന്തരീക്ഷം ക്ലീനാവും. അതിനാൽത്തന്നെ എനർജി റൊട്ടേറ്റ് ആവുകയും ചെയ്യും.

15 ദിവസം കൂടുമ്പോൾ ഉപ്പു ചേർത്ത വെള്ളം കൊണ്ട് നിലം തുടയ്ക്കണം. സുഗന്ധമുള്ള ഫിനോയിൽ ഉപയോഗിക്കുന്നതും അഗർബത്തി കത്തിച്ചു വയ്ക്കുന്നതും പോസിറ്റീവ് എനർജി നിറയ്ക്കും.

വിശേഷാവസരങ്ങളിലോ, അതിഥി കൾ വരുമെന്നറിയുമ്പോഴോ ആണ് മിക്കവരും വീട് വൃത്തിയാക്കുക. ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും യഥാസമയം ക്ലീൻ ചെയ്താൽ മെയിന്‍റനൻസിനുള്ള സമയനഷ്ടവും ധനനഷ്‌ടവും കുറയ്ക്കാം. അകത്തളം പോലെ തന്നെ വീടിന്‍റെ പുറംഭാഗവും വൃത്തിയായി സൂക്ഷിക്കണം.

അകത്തളം

ഒരു ക്ലീനിംഗ് കിറ്റ് കൈവശം വച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് ഭംഗിയുള്ളതാക്കാം. വീട്ടിലുള്ള ഓരോ വസ്തുവിനും അനുയോജ്യമായ ഒരിടം നൽകുകവഴി ഒരടുക്കും ചിട്ടയും വരുത്താം. ഓരോന്നും വൃത്തിയാക്കുന്നതിനു പ്രത്യേകം പ്രത്യേകം ടൂൾസ് ഉപയോഗിക്കുന്നതു ഗുണകരമായിരിക്കും.

മുറിയിൽ വിരിക്കുന്ന വാൾ ടു വാൾ കാർപെറ്റ് യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ ബാക്റ്റീരിയ വളരാനിടയാകും. അതിനാൽ പതിവായി കാർപെറ്റ് വൃത്തിയാക്കണം. വാക്വം ക്ലീനർ ഉപയോഗിച്ച് കർട്ടനിലെ അഴുക്കും പൊടിപടലങ്ങളും അകറ്റാം. വല്ലപ്പോഴും ഷാമ്പുവാഷ്/ ഡ്രൈക്ലീനിംഗ് ആവാം.

ബാക്റ്റീരിയയ്ക്ക് പ്രവേശനമില്ല

പ്രാണികളുടേയും ബാക്റ്റീരിയകളുടേയും ഉപദ്രവമുണ്ടായാൽ കുറഞ്ഞ നാളുകൾക്കകം വീട് വൃത്തികേടാവും. സാധാരണയായി അമിത ചൂടും ഈർപ്പവുമുള്ള സമയത്താണ് ഇവ കണ്ടുവരുന്നത്. ഈ കാലാവസ്‌ഥ പല രോഗങ്ങളെയും ക്ഷണി ച്ചു വരുത്തും.

80% രോഗങ്ങളേയും വളർത്തുന്നത് വൃത്തിഹീനമായ സാഹചര്യമാണ്. അടുക്കളയിലെ വേസ്‌റ്റ് ബാസ്‌കറ്റിൽ നനവും ഈർപ്പവുമുള്ള വേസ്‌റ്റുകൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കണം. എച്ചിൽ പാത്രങ്ങൾ രാത്രി കഴുകാതെ സിങ്കിൽ ഇട്ടു വയ്ക്കുന്നത് പാറ്റ ശല്യം വർദ്ധിപ്പിക്കും. ആവശ്യമെങ്കിൽ പെസ്‌റ്റ് കൺട്രോളർ ഉപയോഗിക്കാം. ഒരു മാസത്തോളം ഇതിന്‍റെ ഇഫക്ട് നില നിൽക്കും. എക്സ്‌പയേർഡ് കെമിക്കൽ ഉപയോഗിക്കരുത്. ആഴ്‌ചയിൽ ഒരിക്കൽ അടുക്കളയിൽ കീടനാശിനി തളിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താം.

കീടാണുക്കളും ബാക്റ്റീരിയയും തഴച്ചു വളരുന്നതിന് സാധ്യതയുള്ളയിടമാണ് അടുക്കളയും ബാത്ത്റൂമും. ഇവിടം സദാ വൃത്തിയായി സൂക്ഷിക്കണം. വെള്ളവുമായുള്ള നിരന്തര സമ്പർക്കവും ലീക്കിംഗുമൊക്കെ ഏറ്റവും കൂടുതൽ ബാത്ത്റൂമിലായിരിക്കും. വാട്ടർപ്രൂഫ് ട്രീറ്റ്‌മെന്‍റിലൂടെ ഈ പ്രശ്ന‌ം മറികടക്കാം. അങ്ങനെ പൂപ്പലും മൈക്രോ ബാക്റ്റീരിയയുടെ വളർച്ചയും തടയാം.

ഇലക്ട്രിക് വയർ

സാധാരണയായി മിക്ക വീടുകളിലും ഇലക്ട്രിക് വയർ മെയിന്‍റനൻസിൽ മതിയായ ശ്രദ്ധ നൽകാറില്ല. ഫലമോ, അമിതമായ വൈദ്യുതി ചെലവും കനമേറിയ ബില്ലും. ശരിയായ എർത്തിംഗില്ലെങ്കിൽ ഷോക്ക് ഏൽക്കുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്.

വാഷിംഗ് മെഷീൻ, ഫ്രിഡ്‌ജ്, ഗീസർ, മൈക്രോ വേവ് ഓവൻ എന്നിവ യഥാസമയം വൃത്തിയാക്കിയാൽ ഇതിൽ അടിഞ്ഞു കൂടുന്ന പൊടിയും ഗ്ലീസ് ഇൻസുലേഷനും ഉടലെടുക്കില്ല. ഇത് ഷോക്കടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

ഇതു കൂടാതെ വീടുകളിൽ ഉപയോഗിക്കുന്ന വയറിംഗ് കമ്പികൾ റീസൈക്കിൾഡ് മെറ്റീരിയൽസ് കൊണ്ടുള്ളതായിരിക്കും. ഇതിൽ ചെമ്പ് കൂടാതെ മറ്റു പല ധാതുക്കളും അടങ്ങിയിട്ടുണ്ടാവും. ഇവ അമിത ചൂടിൽ ഉരുകിപ്പോകും. എന്നാൽ കോപ്പർ കൊണ്ടുള്ള കമ്പികൾ പെട്ടെന്ന് ചൂടാവുകയില്ല, നിങ്ങളുടെ വീട്ടിലും റീ സൈക്കിൾഡ് മെറ്റീരിയൽസ് കൊണ്ടുള്ള വയറിംഗാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ ഏറെ ശ്രദ്ധിക്കണം. ഒന്നുരണ്ട് വർഷത്തിനുള്ളിൽ വയറിംഗ് ചെക്ക് ചെയ്യണം.

വീട്ടിലുള്ള ഇലക്ട്രിക് അറ്റകുറ്റപ്പണികൾ രജിസ്‌റ്റേർഡ് ഇലക്ട്രീഷ്യനെ തന്നെ ഏല്പിക്കണം. ഐ. എസ്. ഐ മാർക്കോടുകൂടിയ ഉല്പ്‌പന്നങ്ങൾ തന്നെ വാങ്ങണം.

പുറംഭാഗം

വർഷത്തിലൊരിക്കൽ പെയിന്‍റ് ചെയ്യുന്നത് വീടിന് മോടി കൂട്ടും. പുറം ചുവരുകൾക്ക് വില കുറഞ്ഞ പെയിന്‍റ് മതിയെന്ന് ചിന്തിക്കരുത്. വിള്ളൽ വീഴാനോ അടർന്നു പോവാനോ സാധ്യതയുണ്ട്. ഫർണിച്ചർ റിപ്പയർ ചെയ്യുന്നതിനോ, പോളിഷ് ചെയ്യുന്നതിനോ ക്വാളിറ്റി ഉല്പന്നങ്ങൾ തന്നെ വാങ്ങണം. നിലവാരം കുറഞ്ഞവ ശ്വാസം മുട്ടൽ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാവും.

ഭിത്തികൾക്ക് നിറം നൽകുന്ന പെയിന്‍റുകളിൽ അടങ്ങിയിരിക്കുന്ന വോളെറ്റയിൽ ഓർഗാനിക് കോമ്പൗണ്ട് കണ്ണുകൾക്കും ശ്വാസകോശത്തിനും അസ്വസ്‌ഥതയുണ്ടാക്കും. പെയിന്‍റിന്‍റെ മണം അലർജിയുണ്ടാക്കുന്നവർ ഇക്കോ ഫ്രണ്ട്ലി പെയിന്‍റ് തെരഞ്ഞെടുക്കണം.

ലോൺ ശ്രദ്ധയോടെ മെയിന്‍റയിൻ ചെയ്യണം. പൂന്തോട്ടത്തിൽ ജലസേചനത്തിനുള്ള സൗകര്യമുണ്ടായിരിക്കണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനായി ഡ്രെയിനേജ് സംവിധാനവുമുണ്ടാവണം.

വീടിന്‍റെ ഉമ്മറവും മുറ്റവും സദാ വൃത്തിയായിരിക്കണം. അതിനായി ലോണിലെ ഉണങ്ങിയ ചില്ലകൾ വെട്ടി ഒതുക്കണം. പച്ചപ്പു നിറഞ്ഞ ലോൺ വീട്ടിൽ പോസിറ്റീവ് എനർജി സൃഷ്ട‌ിക്കും. ആരോഗ്യവും സന്തുഷ്ടവുമായ ഗൃഹാന്തരീക്ഷത്തിന് ഇത് വഴിയൊരൂക്കും.

ക്ലീൻ ഹോം

  • ഗ്ലാസ് കൊണ്ടുള്ള വാതിലുകളും ജനാലയുമാണെങ്കിൽ നാരങ്ങ മുറിച്ച് ഉരച്ച ശേഷം മൃദുവായ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കാം.
  • വീട്ടിൽ പ്രാണികളുടേയും കീടങ്ങളുടേയും ഉപദ്രവമുള്ള പക്ഷം ആരിവേപ്പിന്‍റെ ഇലകൾ പുകച്ച് ശല്യം ഒഴിവാക്കാം.
  • ബാത്ത്റും ടൈൽസിൽ രാത്രി ബ്ലീച്ചിംഗ് പൗഡർ പുരട്ടി വച്ച് രാവിലെ ഉരച്ചു കഴുകാം. ടൈൽസ് നന്നായി തിളങ്ങും.
  • ഫർണിച്ചർ വൃത്തിയാക്കുന്ന തുണി പതിവായി കഴുകണം.

അട പ്രഥമൻ

അട പ്രഥമൻ മലയാളികളുടെ തീൻമേശയിലെ ഒരു വികാരമാണ്. സദ്യയിലെ പ്രധാന വിഭവമാണ് അട പ്രഥമൻ. ഉണ്ടാക്കുന്ന വിധം മനസിലാക്കാം.

ചേരുവകൾ

പച്ചരി ഒരു കപ്പ്

പഞ്ചസാര ഒരു കപ്പ്

തേങ്ങ രണ്ട് ശർക്കര അര കിലോ

കശുവണ്ടിപ്പരിപ്പ് കാൽ കപ്പ്

ചുക്ക് ഒരു കഷണം പൊടിച്ചത്

ഏലയ്ക്ക 6 എണ്ണം

നെയ് ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

അടപ്രഥമൻ തയാറാക്കാൻ ആദ്യം അട ഉണ്ടാക്കണം. കടയിൽ നിന്നു റെഡിമയ്ഡ് അട വാങ്ങിയും തയ്യാറാക്കാം. എന്നാൽ അട വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

പച്ചരി അല്ലെങ്കിൽ ഉണക്കലരി ഒരു മണിക്കൂർ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വെള്ളം വാർത്തുകളയുക.

ശേഷം നന്നായി പൊടിച്ച് അരിപ്പയിൽ ഇടഞ്ഞ് നൈസ് പൊടിയെടുക്കാം.

ഈ പൊടിയിൽ 2 സ്പൂൺ ഉരുക്കിയ നെയ്, 2 ടീസ്പൂൺ പഞ്ചസാര ചേർത്ത് ചൂട് വെള്ളമൊഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക.

ഇനി കുഴച്ച വച്ച മാവ് വാട്ടിയ വാഴയിലയിൽ ഓരോന്നിലും നേർത്തതായി പരത്തി ഇഡലി ചെമ്പിൽ വെള്ളം തിളപ്പിച്ചതിൽ ഇട്ട് പാകം ചെയ്യുക. ഇങ്ങനെയല്ലാതെ ഇഡലി ചെമ്പിൽ പുഴുങ്ങിയും എടുക്കാം.

ഇനി വാഴയിലയിൽ നിന്നും അട എടുത്ത ശേഷം തണുത്ത വെള്ളത്തിൽ ഇടുക. ഈ വെള്ളം മൂന്നാല് പ്രാവശ്യം ഊറ്റികളഞ്ഞ് തണുത്തവെള്ളം ഒഴിക്കാം. ശേഷം അട ചെറിയ പീസുകളാക്കാം.

അട പ്രഥമൻ തയ്യാറാക്കാൻ

തേങ്ങ ചിരകി കാൽ കപ്പ് ഒന്നാം പാലും ഒന്നര കപ്പ് രണ്ടാം പാലും 2 കപ്പ് മൂന്നാം പാലും തയ്യറാക്കുക.

ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി കാൽ കപ്പ് നെയ് ചൂടാക്കി അതിൽ അടയിട്ട് ഫ്രൈ ചെയ്യുക. തുടർന്ന് 3-ാം പാൽ ചേർക്കാം.

ശർക്കരയും പഞ്ചസാരയും ചേർത്ത് മീഡിയം തീയിൽ 10 മിനിറ്റ് നേരം പാകം ചെയ്യുക.

ഇനി രണ്ടാം പാൽ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.

ഒടുവിലായി ഒന്നാം പാൽ ചേർത്ത് സ്റ്റൗവിൽ നിന്നിറക്കി ഇളക്കുക.

തുടർന്ന് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും നെയിൽ വറുത്ത കശുവണ്ടിയും കിസ്മിസും ചേർക്കാം.

നല്ല ടേസ്റ്റി അടപ്രഥമൻ റെഡി!!

മോര് കറി

വീട്ടിലെ ഭക്ഷണം എന്നും ഒരു വികാരമാണ്, പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്.

മോര് കറി കൂട്ടി ചോറുണ്ണാൻ പ്രത്യേക രുചി തന്നെയാണ്.

പലതരം പച്ചക്കറി ഇട്ട് മോര് കറി തയ്യാറാക്കാം. പച്ചക്കറികളൊന്നും ഇടാതെ മോര് കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ

മോര് 2 കപ്പ്

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കാൽ കപ്പ്

പച്ചമുളക് ഒന്ന്

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 2 ടീസ്പൂൺ

വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

കടുക് അര ടീസ്പൂൺ

ജീരകം അര ടീസ്പൂൺ

ഉലുവ കാൽ ടീസ്പൂൺ

വറ്റൽ മുളക് 1-2 എണ്ണം

കായം കാൽ ടീസ്പൂൺ മഞ്ഞൾ

പ്പൊടി അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

കറിവേപ്പില അൽപം.

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, ജീരകം എന്നിവയിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കീറിയത് എന്നിവയിട്ട് ഒരു മിനിറ്റ് നേരം വഴറ്റുക.

ശേഷം നേർത്തതായി അരിഞ്ഞ ചെറിയ ഉള്ളി നേർമ്മയായി വഴറ്റാം. ഇനി അതിൽ മഞ്ഞൾപ്പൊടി ഇട്ട് ഒരു മിനിറ്റ് നേരം പാകം ചെയ്യാം.

ശേഷം തീ കുറച്ച് അടിച്ചുവച്ച മോര് ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ലോ ഫ്ളെയിമിൽ അൽപസമയം ചൂടാക്കാം. മോര് തിളയ്ക്കുന്നതിന് മുമ്പ് ഗ്യാസ് ഓഫാക്കാം. മോര് കറി റെഡി!

 

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें