അവിയൽ

ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്. നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

വിവിധതരം പച്ചക്കറികളും കട്ടത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. ഒട്ടുമിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കാറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്.

ചേരുവകൾ

കുമ്പളങ്ങ 100 ഗ്രാം

മത്തങ്ങ 100 ഗ്രാം

ചേന 100 ഗ്രാം

പച്ച വാഴയ്ക്ക 1  എണ്ണം

ഉരുളക്കിഴങ്ങ് 1 എണ്ണം

മുരിങ്ങക്കായ് 1 എണ്ണം

ക്യാരറ്റ് 1 എണ്ണം

തേങ്ങ ചിരകിയത് ഒന്നര കപ്പ്

പച്ചമുളക് 6 എണ്ണം

മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ

ചെറുതായി പുളിയുള്ള തൈര് അര കപ്പ്

മുളകുപൊടി ഒരു ടീസ്പൂൺ

വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം തന്നെ നന്നായി കഴുകി വൃത്തിയാക്കിയശേഷം നീളത്തിൽ നേർത്തതായി മുറിക്കുക.

ശേഷം കുക്കറിൽ പച്ചക്കറിയിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി ഉപ്പ് ചേർത്ത് വേവിക്കുക.

ഇനി തേങ്ങ പച്ചമുളകും വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുത്ത് അവിയൽ കൂട്ടിലേക്ക് ചേർത്ത് ഏതാനും മിനിറ്റ് പാകം ചെയ്യുക.

തുടർന്ന് തൈര് ചേർത്ത് ഇളക്കുക.

കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഗ്യാസ് ഓഫാക്കുക. അവിയൽ റെഡി.

പുളി ഇഞ്ചി

വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്, അതും പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

ഇഞ്ചിക്കറിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറും. തൊട്ടുകൂട്ടാൻ ഇഞ്ചിക്കറി ഇല്ലെങ്കിൽ അത് ഒരു കുറവു തന്നെയാണ്.

രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ തന്നെ ഇഞ്ചി.

ചേരുവകൾ

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കപ്പ്

പച്ചമുളക് 3 എണ്ണം

കറിവേപ്പില ഒരു തണ്ട്

പുളി ഒരു നാരങ്ങാ വലിപ്പത്തിൽ

മുളകുപൊടി അര ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി ഒരു നുള്ള്

കായം ഒരു നുള്ള്

ശർക്കര പൊടിച്ചത് ഒന്നര ടേബിൾ സ്പൂൺ

വെളിച്ചെണ്ണ രണ്ടര ടേബിൾ സ്പൂൺ

കടുക് അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. പുളി ഒന്നര കപ്പ് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കാം. പുളിക്കകത്തെ കുരു നീക്കണം.

ഒരു ചീനച്ചട്ടിയിൽ രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

ശേഷം അരിഞ്ഞുവച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില അൽപം ഉപ്പ് എന്നിവയിട്ട് മീഡിയം തീയിൽ വഴറ്റുക.

ഇഞ്ചി ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായം എന്നിവയിട്ട് ഇളക്കുക.

പുളി പിഴിഞ്ഞ വെള്ളം അതിലേക്ക് ചേർത്ത് മീഡിയം തീയിൽ ഇളക്കി കുറുകി വരും വരെ പാകം ചെയ്യുക.

തുടർന്ന് ശർക്കര ചേർത്ത് ഇളക്കുക. ഇനി ഗ്യാസിൽ നിന്നിറക്കി തണുപ്പിക്കുക.

രുചിയിൽ കേമനായ ഇഞ്ചി ഏറെ കാലം വരെ കേട് കൂടാതെ കുപ്പിയിൽ സൂക്ഷിച്ച് വയ്ക്കാം.

കൈകൾ എത്ര മനോഹരമേ!

സമർത്ഥയായ അവതാരകയാണ് നന്ദന. വിടർന്ന പുഞ്ചിരി, പോസിറ്റീവ് അപ്രോച്ച്, പ്രസന്ന മുഖഭാവം….. പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഇതൊക്കെ പോരേ? ഒരിക്കൽ ടി.വി.യിൽ ലൈവായി പേപ്പർ ക്രാഫ്റ്റ് പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കേ നന്ദന കലാകാരിയെ സഹായിക്കുവാൻ തുടങ്ങി. അപ്പോഴാണ് പ്രേക്ഷകർ അതു ശ്രദ്ധിച്ചത്. ക്ലോസപ്പിൽ നന്ദനയുടെ പരുപരുത്ത വിരലുകൾ, ഷെയ്പ് ചെയ്യാത്ത നഖങ്ങൾ…. മുഖ സൗന്ദര്യത്തിനു നൽകുന്ന പ്രാധാന്യം കൈകാലുകളുടെ സംരക്ഷണത്തിനും നൽകണം.

കൈകളുടെ അഴക് വർദ്ധിപ്പിക്കുന്നതിന് മനോഹരങ്ങളായ നഖങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു.

മാനിക്യൂർ

കൈകൾക്ക് കൂടുതൽ സ്നിഗ്ധതയും തിളക്കവും കൈവരാൻ ആഴ്ചയിൽ ഒരിക്കൽ മാനിക്യൂർ ചെയ്യാം. ഇതിനു വേണ്ടി 15 മിനിറ്റു നീക്കി വച്ചാൽ മതി. മാനിക്യൂർ ചെയ്യേണ്ട വിധം:

ഒരു ബൗളിൽ ഇളം ചൂടുവെള്ളം എടുത്ത് രണ്ടോ മൂന്നോ തുള്ളി ഷാംപൂ ചേർത്ത് ഇളക്കുക. കൈകൾ പത്തു മിനിറ്റു നേരം ഈ ലായനിയിൽ മുക്കി വയ്ക്കണം. അതിനുശേഷം ടവ്വൽ കൊണ്ട് കൈ അമർത്തി തുടയ്ക്കുക. വെളിച്ചെണ്ണയോ, മറ്റേതെങ്കിലും ക്രീമോ ഉപയോഗിച്ച് കൈ പതുക്കെ മസാജ് ചെയ്യാം. പൊളിഞ്ഞു തുടങ്ങിയ നെയിൽ പെയിന്‍റ് റിമൂവർ കൊണ്ട് നീക്കം ചെയ്യുക. ശേഷം നഖങ്ങൾ ട്രിം ചെയ്യുക. നഖങ്ങൾ ശരിയായ രീതിയിൽ ഫയലിംഗ് ചെയ്യണം. വശങ്ങൾ അടർന്നു വരാതിരിക്കാനാണിത്. നീണ്ടു മെലിഞ്ഞ കൈകൾക്കേ നീണ്ടു കൂർത്ത നഖങ്ങൾ ചേരൂ. കുറുകി തടിച്ച വിരലുകൾക്ക് ഓവൽ ഷേയ്പ്പാണ് അനുയോജ്യം.

കൈകൾ വീണ്ടും ഇളം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ഇനി ടവ്വൽ കൊണ്ട് പതുക്കെ തുടച്ച് വിരലുകളിലെ ക്യൂട്ടിക്കിൾസ് വൃത്തിയാക്കാം. നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക. ട്രാൻസ്പെരന്‍റ് നിറമാണ് നല്ലത്. ബേസ് കോട്ട് പുരട്ടിയാലും നഖത്തിന് കൃത്രിമത്വം തോന്നുകയില്ല. ബേസ് കോട്ട് പുരട്ടി നഖം ഉണങ്ങാൻ വയ്ക്കണം.

ഇനി ഇഷ്ടമുള്ള നെയിൽ പോളിഷ് പുരട്ടുക. ഉണങ്ങിയ ശേഷം കൈത്തണ്ടയിലും കൈപ്പത്തിയിലും വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ, ബദാം ഓയിലോ പുരട്ടാം. കൈകളുടെ ഭംഗി വർദ്ധിക്കും.

നഖങ്ങൾ വിളറിയ മഞ്ഞ നിറത്തിൽ ഉള്ളതാണെങ്കിൽ നാരങ്ങയുടെ തൊലി കൊണ്ട് ദിവസവും കൈയും നഖങ്ങളും ഉരച്ചു കഴുകി ഹാന്‍റ് ക്രീമോ, ബദാം ഓയിലോ, ഒലിവ് ഓയിലോ പുരട്ടി മസാജ് ചെയ്യണം. അതിനു ശേഷം നെയിൽ പെയിന്‍റ് പുരട്ടാം.

നഖങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്നതിലൂടെ മാലിന്യം, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടാൻ സഹായിക്കും. സ്ക്രബ്ബിംഗും മസാജിംഗും വിരലുകളിൽ രക്‌തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും.

കൈകളുടെ ആരോഗ്യത്തിന്

പിയാനോ വായിക്കുന്നവരുടെ വിരലുകൾ സൗന്ദര്യവും ആരോഗ്യവും ഉള്ളതാണെന്നു പറയാറില്ലേ! റിഹേഴ്‌സൽ ചെയ്യുന്നതിന് അനുസരിച്ച് അവരുടെ വിരലുകൾക്ക് വ്യായാമവും ലഭിക്കും. ചെറിയ വ്യായാമത്തിലൂടെ കൈത്തണ്ട, കൈപ്പത്തി, വിരലുകൾ എന്നിവയുടെ മനോഹാരിത നിലനിർത്താം. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കൊരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.

കൈപ്പത്തിയും വിരലുകളും സ്ട്രെച്ച് ചെയ്‌ത്‌ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. കൈപ്പത്തിയും ക്യൂട്ടിക്കിൾസ് ഉള്ള ഭാഗവും പതിയെ അമർത്തണം. മുഷ്ടി ചുരുട്ടി വച്ച് കൈത്തണ്ട വട്ടത്തിൽ ചുഴറ്റുക. ക്ലോക്ക്‌വൈസ് ആയും ആന്‍റി ക്ലോക്ക് വൈസ് ആയും കൈത്തണ്ട ചുഴറ്റുക. കൈകൾ നേരെ പിടിച്ചു കൊണ്ടു വേണം ഈ വ്യായാമം ചെയ്യുവാൻ. വിരലുകൾ നന്നായി സ്ട്രെച്ച് ചെയ്‌ത്‌ അടയ്ക്കുകയും തുറക്കുകയും വേണം. ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ രക്‌തയോട്ടം വർദ്ധിപ്പിച്ച് കൈകൾ കൂടുതൽ സുന്ദരമാക്കാം.

ലൈംഗികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽ നിന്നും യൗവനത്തിലേക്കും കടക്കുന്നതോടെ സ്ത്രീ ശരീരത്തിൽ ബാഹ്യവും ആന്തരികവുമായ ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്നു. ആർത്തവം തുടങ്ങുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. 13-14 വയസ്സു തൊട്ട് 45-50 വയസ്സുവരെയാണ് സ്ത്രീകളിൽ ആർത്തവം ഉണ്ടാകുന്നത്. ഏകദേശം 30-35 വയസ്സാകുന്നതോടെ സ്ത്രീകൾക്ക് പല വിധത്തിലുള്ള രോഗങ്ങളെയും നേരിടേണ്ടതായി വരാം.

സ്ത്രീകളിൽ 92 ശതമാനം രോഗങ്ങളും പ്രത്യുല്‌പാദന അവയവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ തുടങ്ങി സ്ത്രീക്ക് പ്രകൃതി കനിഞ്ഞരുളിയ ഉത്തരവാദിത്തങ്ങളും പ്രത്യുല്പാദന സംബന്ധിയായ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അണുബാധ കൊണ്ടോ പാരമ്പര്യം മൂലമോ മറ്റേതെങ്കിലും കാരണങ്ങൾകൊണ്ടോ ഈ രോഗങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകരാം. എന്താണ് ലൈംഗിക രോഗം? അതിൽ നിന്നും എങ്ങനെ മോചനം നേടാം?

ഹോർമോൺ വ്യതിയാനം

മനുഷ്യശരീരത്തിൽ പൊതുവായി രണ്ടുതരം ഹോർമോണുകളുണ്ട്. പുരുഷഹോർമോണുകളും സ്ത്രീഹോർമോണുകളും. പുരുഷന്മാരിൽ ആഡ്രിജൻ ഹോർമോണും സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണുമാണുള്ളത്. ഹോർമോണുകളുടെ അനുപാതത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവത്തെ സ്വാധീനിക്കുമെന്ന് മാത്രമല്ല ലൈംഗികരോഗങ്ങൾ ബാധിക്കാൻ ഇടയാക്കുകയും ചെയ്യും. സ്ത്രീരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് പ്യൂബർട്ടി മെനോറിയ അഥവാ പീരിയഡ്‌സ് ഡിസോർഡർ. 13-14 വയസ്സുതൊട്ടേ പെൺകുട്ടികളിൽ ഇത് തുടങ്ങുന്നു. മാത്രമല്ല, ആർത്തവ സമയത്ത് അമിതമായ രക്‌തസ്രാവമുണ്ടാകുകയും ചെയ്യും. കൂടാതെ ആർത്തവ കാലയളവ് ദീർഘിക്കുകയോ ആർത്തവം ഉണ്ടാകുന്നത് വൈകുകയോ ചെയ്യാം. ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നതോടെ വയറുവേദനയും പ്രത്യുല്‌പാദന അവയവങ്ങളിൽ വേദനയും അനുഭവപ്പെട്ടുതുടങ്ങും.

പെൽവിക് ഇൻഫെക്ഷൻ (ല്യൂക്കോറിയ) സ്ത്രീകളിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്ന‌മാണ്. 20നും 40നുമിടയിലാണ് ഈ രോഗമുണ്ടാകുന്നത്. ഇത് ക്രമേണ ഗർഭാശയത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ രോഗത്തിന് പാരമ്പര്യവും കാരണമാകാം.

സ്ത്രീകളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന രോഗമാണ് ഗർഭാശയ കാൻസർ. ഇതിൽ പൊതുവായി കണ്ടു വരുന്നത് ഒവേറിയൻ കാൻസറാണ്. സാധാരണ 40നും 60നും ഇടയിലാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ പ്രായത്തിലുള്ള സ്ത്രീകളിൽ യൂട്ടറസ് ക്യാൻസറും ഉണ്ടാകാറുണ്ട്. ഇത് ക്രമേണ ഗർഭാശയത്തെ മൊത്തമായും ബാധിക്കുന്നു. അപകടകാരിയായ ഒരു രോഗമാണിത്.

സ്ത്രീകളിലുണ്ടാകുന്ന മറ്റൊരു സാധാരണ രോഗമാണ് സെർവികൽ ക്യാൻസർ. മധ്യവയസ്സിലെത്തിയവരിലാണ് ഇത് അധികമായി കണ്ടു വരുന്നത്. എന്നാൽ പ്രായഭേദമെന്യേ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നത് സ്തനാർബുദമാണ്.

ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാനരോഗമാണ് ഡിയുബി (ഡിസ്‌ഫംഗ്ഷണൽ യൂട്ടറീൻ ബ്ലീഡിംഗ്) 40 കഴിഞ്ഞ സ്ത്രീകളിലുണ്ടാകുന്ന രോഗമാണ് മെനോറിയ. ആർത്തവസമയത്ത് അമിതവും അസാധാരണവുമായ രക്തസ്രാവമുണ്ടാകുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചിലയവസരങ്ങളിൽ വെളുത്ത സ്രവവുമുണ്ടാകാം. ഗുഹ്യഭാഗങ്ങളിൽ ചൊറിച്ചിലും പുകച്ചിലുമുണ്ടാകാം. തുടയിടുക്കിലും നാഭിക്ക് താഴെയുള്ള ഭാഗങ്ങളിലും ചൊറിച്ചിലുണ്ടാകുന്നതും ലൈംഗിക താല്പര്യക്കുറവും ഇതിന്‍റെ ലക്ഷണങ്ങളാണ്. മാനസിക പിരിമുറുക്കവും അസ്വസ്‌ഥതയും അനുഭവിക്കുന്നവരായിരിക്കും ഈ രോഗികൾ.

ആരോഗ്യകരമായ ജീവിതരീതി

സ്ത്രീകളിൽ ലൈംഗികരോഗങ്ങളുണ്ടാകുന്നതിന് പ്രത്യേകിച്ചൊരു കാരണവുമില്ല. ചിലപ്പോഴത് പാരമ്പര്യമായും ഉണ്ടാകാം. മറ്റുചിലപ്പോൾ അണുബാധ മുലമാകാം. ജീവിതരീതിയിലുള്ള താളപ്പിഴകളും ലൈംഗികരോഗങ്ങൾക്ക് കാരണങ്ങളാകാറുണ്ട്. സാധാരണയിലും അധികമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതും ചില രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള അവയവങ്ങളെപ്പോലെ പ്രത്യുല്പ‌ാദന അവയവങ്ങൾക്കും വിശ്രമം ആവശ്യമാണ്. ചെറുപ്രായത്തിൽ വിവാഹിതരായ സ്ത്രീകളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ശാരീരികബന്ധത്തിലേക്ക് നേരിട്ട് കടക്കാതെ ഫോർപ്ലേയ്ക്ക് ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് ദമ്പതികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വൈകാരികമായ അടുപ്പം സ്യഷ്ട‌ിക്കാൻ ഇത് സഹായിക്കും. ലൈംഗികബന്ധം വേദന നിറഞ്ഞതുമായിരിക്കുകയില്ല. കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

ഇന്ന് ഏതുതരം ലൈംഗികരോഗങ്ങൾക്കും ഉചിതമായ ചികിത്സകൾ ലഭ്യമാണ്. ജീവിതം എത്രതന്നെ തിരക്കേറിയതായാലും സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളേയും അസ്വസ്‌ഥതകളേയും സ്വയം നിരീക്ഷിക്കുവാൻ സമയം കണ്ടെത്തണം. അസാധാരണത്വം തോന്നിയാൽ നിസ്സാരമായി കരുതി തള്ളിക്കളയരുത്. അസ്വാഭാവികമായ മാറ്റങ്ങൾ കാണുന്നപക്ഷം ഉടൻതന്നെ വൈദ്യസഹായം തേടാൻ മറക്കരുത്

വൈകിയെത്തിയ യാത്രികർ

ലഞ്ച് ടൈമിന് സൂസനെ കാണാൻ ബിജു മുറിയിലെത്തി. കസേര മുന്നോട്ട് വലിച്ചിട്ട് അയാൾ ചെറുപുഞ്ചിരിയോടെ സൂസന് അഭിമുഖമായിരുന്നു. “അക്കൗണ്ട്സ് മാനേജരാണ്, ജോലിത്തിരക്കാണ് എന്നൊക്കെയറിയാം, നാളെ സൺഡേയല്ലേ. ഞാനങ്ങോട്ട് വരുന്നുണ്ട്. തന്‍റെ മമ്മിയേയും പപ്പയേയും കണ്ട് നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ…”

“എന്താ ഇത്ര തിടുക്കം…” സൂസനൊന്ന് പരിഭ്രമിച്ചു. “സൂസൻ… ഞാനിത് മുമ്പ് സൂചിപ്പിച്ചപ്പോഴും നീ അതുമിതും പറഞ്ഞ് എന്‍റെ മനസ്സു മാറ്റാൻ ശ്രമിച്ചതാ. ഇനിയും കാത്തിരിക്കാൻ പറഞ്ഞാൻ ഞാൻ വയസ്സനായിപ്പോവും.”

“എനിക്കു പറയാനുള്ളത് കൂടി നിങ്ങളൊന്ന് ശാന്തനായി കേൾക്കണം. പെട്ടെന്നൊരു വിവാഹമെന്നൊക്കെ പറഞ്ഞാൽ…. എനിക്കൊന്നു ചിന്തിക്കണം. എന്‍റെ മമ്മിയും പപ്പയും ബിജുവിനെ ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അതല്ലേ. ബിജുവിന് ഇത്ര ധൈര്യം. പക്ഷേ…”

“ഒരു പക്ഷേയും വേണ്ട, സൂസൻ സന്തോഷത്തോടെ ജീവിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നീ റിയമോളേയും നോക്കി ഒറ്റയ്ക്കിങ്ങനെ എത്രനാൾ എന്നു കരുതിയാ. ബീ ഫ്രാങ്ക്, എനിക്ക് സൂസനെ ഇഷ്‌ടമാണ്. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. എന്നെപ്പോലെയൊരു ലൈഫ് പാർട്‌ണറോടൊപ്പം ജീവിക്കാൻ സൂസൻ തയ്യാറാണോ? അതുമാത്രം എനിക്കറിഞ്ഞാൽ മതി. സേ യെസ് ഓർ നോ?” അല്പം ഗൗരവത്തോടെയാണ് ബിജുവത് പറഞ്ഞത്.

“അ… അത്… ബിജുവിനെ എനിക്കിഷ്ടമാണ്. പക്ഷേ രണ്ടാമതൊരു വിവാഹം… എനിക്കൊന്നാലോചിക്കണം.”

“യെസ് എന്നു പറഞ്ഞാൽ എന്തു പ്രോബ്ലമാണുണ്ടാവുകയെന്നാണ് എനിക്ക് മനസ്സിലാവാത്തത്.”

“ഞാനിതിനു മുമ്പ് ഇതേ ടോപ്പിക്കിനെ കുറിച്ച് ബിജുവിനോട് എത്രയോ വട്ടം സംസാരിച്ചിട്ടുണ്ട്. മമ്മിക്കും പപ്പയ്ക്കും വയസ്സായി. ഒറ്റ മകളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. പിന്നെ റിയമോൾ… പപ്പയും മമ്മിയുമൊക്കെയായി അവൾക്കിന്ന് ഞാൻ മാത്രമല്ലേയുള്ളൂ. ഞാൻ രണ്ടാമതൊരു വിവാഹം കഴിച്ചാൽ… അത് റിയമോൾക്ക് ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയാലോ… വേണ്ട… ശരിയാവില്ല.”

“അപ്പോ അതാണോ കാര്യം… നോ പ്രോബ്ലം. സൂസനെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിച്ചുവെന്നു കരുതി സൂസന് ഒരിക്കലും റിഗററ്റ് ചെയ്യേണ്ടി വരില്ല.”

“റിയലി.”

“യെസ്.” ബിജു ആത്മവിശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

“പേരന്‍റ്സും മോളും… അവർക്ക് താല്‌പര്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും എനിക്ക് ചിന്തിക്കാനാവില്ല. അവരെല്ലാം സമ്മതിക്കുകയാണെങ്കിൽ…” സൂസന്‍റെ സംസാരം മുറിഞ്ഞിരുന്നുവെങ്കിലും മുഖത്ത് സമ്മതഭാവം പ്രകടമായിരുന്നു.

“നോ പ്രോബ്ലം. അവരെല്ലാവരും സമ്മതിച്ചാൽ നമ്മുടെ കാര്യം ഓകെയാണല്ലോ?”

“ഷുവർ…” സൂസൻ ലജ്ജയോടെ ബിജുവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

അടുത്ത ദിവസം ബിജു വരുന്നുണ്ടെന്ന് വീട്ടിലെത്തിയ ഉടനെ തന്നെ സൂസൻ പേരന്‍റ്സിനെ അറിയിച്ചു. ബിജുവിനെ വിവാഹം കഴിച്ചാൽ മകൾ സുരക്ഷിതയാവുമെന്നും അവൾക്ക് നല്ലൊരു തുണ കിട്ടുമല്ലോ എന്നും ആ വൃദ്ധദമ്പതികൾ പ്രത്യാശിച്ചിരുന്നു.

“പെരുമാറ്റം കണ്ടിട്ട് നല്ല പയ്യനാണെന്നു തോന്നുന്നു. നിന്നെയും റിയമോളേയും അയാൾ പൊന്നുപോലെ നോക്കും. ഇനിയെങ്കിലും നീയൊന്ന് സമ്മതിക്ക് മോളേ…” റോസ്‌ലിയുടെ കണ്ണു നിറഞ്ഞു.

“മമ്മീ, പുനർവിവാഹത്തിന് ഞാൻ എതിരല്ല. പക്ഷേ വിവാഹിതയെന്നു പറയിക്കാൻ വേണ്ടിയൊരു വിവാഹം. അതുവേണ്ട ആരെയും ഡിപ്പന്‍റ് ചെയ്യാതെ ഞാനിതുവരെ കാര്യങ്ങൾ ഭംഗിയായി നോക്കി നടത്തിയില്ലേ. മമ്മിക്കും പപ്പയ്ക്കും റിയമോൾക്കും എന്തെങ്കിലുമൊരു കുറവ് തോന്നിയിട്ടുണ്ടോ? പ്ലീസ് മമ്മീ.. വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്.” മകൾ പറഞ്ഞതു കേട്ട് റോസ്‌ലിക്ക് കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.

“മോളേ…” റോസ്‌ലി നിശ്ശബ്ദയായിരിക്കുന്നതു കണ്ട് മാത്യൂസാണ് തുടർന്നു സംസാരിച്ചത്. “റിയമോളുടെ പപ്പയുടെ സ്ഥാനത്ത് നിനക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു ആൺതുണയില്ലാതെ ഒരു ജീവിതം… നിന്‍റെ ഭാവി… ഞങ്ങൾക്ക് വല്ലാത്ത ടെൻഷനുണ്ട്. നിനക്ക് ചെറുപ്പമാണ്. ജീവിതത്തിന്‍റെ സീരിയസ്നെസ്സ് അറിയാത്തതുകൊണ്ട് നിനക്കിങ്ങനെ തോന്നുന്നതാണ്… ബിജുവിനേയും റിയമോളുടെ പപ്പ വിവേകിനേയും കംപയർ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടം.” മാത്യൂസ് ടൗവൽ കൊണ്ട് മുഖമൊന്ന് അമർത്തി തുടച്ചു.

ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തന്നെ ബിജു അവരുടെ വീട്ടിലെത്തി. മാത്യൂസ്, റോസ്‌ലി, റിയമോൾ എല്ലാവരേയും ഇംപ്രസ്സ് ചെയ്യേണ്ടേ? ബിജു ശരിക്കും തയ്യാറായി തന്നെയാണ് അവിടെയെത്തിയത്. ഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ കൂടാതെ റിയമോൾക്ക് വേണ്ടി ഫോറിൻ ചോക്ലേറ്റ്സും പ്രത്യേകം കരുതിയിരുന്നു. അകത്തേയ്ക്ക് കയറിയതും ബിജു സൂസന്‍റെ കൈയിൽ ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഏല്പ്‌പിച്ചു. ബിജുവിനെ കണ്ട് എല്ലാവരും ഡ്രോയിംഗ് റൂമിലെത്തി.

“ഈ പാവക്കുട്ടിക്ക് ഒരു ക്യൂട്ട് ഡോൾ അങ്കിൾ കൊണ്ടു വന്നിട്ടുണ്ട്.” ബിജു റിയമോൾക്ക് ഒരു ജാപ്പനീസ് പാവക്കുട്ടി ഉപഹാരമായി നൽകി. പാവക്കുട്ടിയെ കിട്ടിയതും റിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“സൂസനെപ്പോഴും നിങ്ങളേയും റിയമോളേയും പറ്റി പറയാനേ നേരമുള്ളൂ. സൂസനെന്താവശ്യമുണ്ടെങ്കിലും ഞാൻ കൂടെ നിൽക്കും. ഞാൻ വാക്കു നൽകുന്നു.” ഇതുകേട്ട് റോസ്‌ലിക്കും മാത്യൂസിനും ആശ്വാസം തോന്നി.

ബിജു റിയമോളോടൊപ്പം ക്യാരം ബോർഡ് കളിക്കുവാൻ തുടങ്ങി, ബിജുവുമായി സൗഹൃദത്തിലാവാൻ റിയമോൾക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഇടയ്ക്ക് തനിച്ചായപ്പോൾ അയാൾ സൂസനരികിലെത്തി. “എന്‍റെ ഇന്നത്തെ പെർഫോമൻസിന് 10 മാർക്ക് കിട്ടുമോ?”

“20 മാർക്ക്” സൂസൻ ചിരിച്ചുകൊണ്ട് കളിയാക്കി.

“മമ്മിയേയും പപ്പയേയും എനിക്ക് ഇഷ്ടമായി. അവരോടൊപ്പം താമസിച്ച് അവരുടെ കാര്യങ്ങൾ നോക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.”

“ബിജു ഞങ്ങളുടെ കാര്യത്തിൽ കൂടുതൽ കെയർ കാണിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”

“നോക്കിക്കോ, ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഞാനും റിയമോളും നല്ല കമ്പനിയാവും. നിന്നെക്കാൾ റിയമോൾക്ക് എന്നെയാവും കാര്യം… ബെറ്റ് വയ്ക്കുന്നോ?”

“ഐ ആം റിയലി ഹാപ്പി…” സൂസൻ ചിരിച്ചു.

“എങ്കിൽ ഡേറ്റ് തീരുമാനിക്കട്ടെ.”

“ഇത്ര തിടുക്കം വേണോ?” സൂസന്‍റെ മുഖഭാവം കണ്ട് ബിജു ഉറക്കെ ചിരിച്ചു. പുതിയ മരുമകനെ വരവേല്ക്കാനെന്നോണം റോസ്‌ലി കുറേയേറെ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. ചിക്കൻ കറിയും ഫിഷ് മോളിയുമൊക്കെ ബിജുവിന് ഏറെ ഇഷ്ടമായി. “മമ്മിയു ടെ സ്പെഷ്യൽ വിഭവങ്ങളാണ്” സൂസൻ കൂട്ടിച്ചേർത്തു. ബിജു നന്നായി ഭക്ഷണം കഴിച്ചു. മമ്മിയെ അകമഴിഞ്ഞ് പ്രശംസിക്കാനും മറന്നില്ല. വൈകുന്നേരം അയാൾ എല്ലാവരേയും കൂട്ടി ഷോപ്പിംഗിന് പോയി. റിയമോൾക്ക് ഇഷ്‌ടമുള്ള ഐസ്ക്രീം വാങ്ങിക്കൊടൂത്തു. ഒരു റെഡിമെയ്‌ഡ് ഷോപ്പിൽ ഡിസ്‌പ്ലേ വച്ചിരുന്ന ഫ്രോക്ക് വേണമെന്ന് റിയമോൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സൂസനാണ് എതിർത്തത്.

“ബിജു, കണ്ണിൽ കണ്ടതൊക്കെ മോൾക്ക് വാങ്ങിക്കൊടുത്ത് വഷളാക്കണ്ട.”

റിയമോളുടെ മുഖം വാടുന്നതു കണ്ട് ബിജു റിയയോടായി പതിയെ പറഞ്ഞു, “മമ്മിയില്ലാത്ത ഒരു ദിവസം അങ്കിളിനും മോൾക്കും മാത്രം വന്ന് മേടിക്കാം.” റിയ കൈകൊട്ടിയാർത്ത് സന്തോഷം പ്രകടിപ്പിച്ചു.

അവരെ വീട്ടിൽ കൊണ്ട് വിട്ട് ബിജു മടങ്ങാനൊരുങ്ങിയപ്പോൾ റിയ വേണ്ട എന്ന അർത്ഥത്തിൽ കൈയിൽ പിടിച്ചു വലിക്കുന്നതു കണ്ട് സൂസൻ അവളെ മാറ്റിനിർത്തി. “അങ്കിൾ നാളെ വരും.”

“അങ്കിൾ, നാളെ നമുക്ക് കുറേനേരം കളിക്കാം… നേരത്തെ വരണം.” ബിജു സൂസനെ നോക്കി പുഞ്ചിരിച്ചു.

അടുത്ത മൂന്ന് ഞായറാഴ്‌ചകളിലും സൂസനും കുടുംബത്തിനുമൊപ്പമാണ് ബിജു ചെലവഴിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെയെല്ലാം മനസ്സിൽ അർഹമായൊരു സ്ഥാനം നേടാൻ ബിജുവിന് സാധിച്ചു.

“റിയമോളേ, അങ്കിൾ ഒരു കാര്യം ചോദിക്കട്ടെ, നമുക്ക് എല്ലാവർക്കും ഒന്നിച്ചു താമസിക്കാം. എന്താ റിയമോളുടെ അഭിപ്രായം?” തമാശയെന്നു തോന്നും വിധം എല്ലാവരുമിരിക്കെ ബിജു റിയമോളോടു ചോദിച്ചു.

“ഹായ്, നല്ല രസമായിരിക്കും അങ്കിൾ.” റിയ മോളുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.

പതിവുപോലെ ഒരു ദിവസം സൂസനും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ച് മടങ്ങാനൊരുങ്ങുകയായിരുന്നു ബിജു. “ബിജു ആളൊരു മിടുക്കനാണ്. എത്ര പെട്ടെന്നാണ് ഇവിടെയുള്ളവരെയൊക്കെ മയക്കിയെടുത്തത്. റിയമോൾക്കിപ്പോൾ ബിജുവിനെക്കുറിച്ച് പറയാനേ നേരമുള്ളൂ.”

“ഇപ്പോ നിന്‍റെ ടെൻഷനൊക്കെ മാറിയില്ലേ?” സൂസന്‍റെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് ബിജു ചോദിച്ചു.

“ഊം… കുറച്ചൊക്കെ…”

“ഡിയർ സൂസൻ… കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ, നിന്‍റെ കംപ്ലീറ്റ് ടെൻഷനും ഞാൻ മാറ്റിത്തരാം. ഐ ആം റിയലി ഹാപ്പി ടുഡേ. എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണമെന്നുണ്ട്. വാ, നമുക്ക് പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകാം.”

“എവിടെ?”

“എവിടെയെന്നു സൂസൻ തീരുമാനിക്ക്…”

“ശരി, ഞാനുടനെ റെഡിയായി വരാം.” നല്ല റൊമാന്‍റിക് മൂഡിലായിരുന്നു സൂസൻ. മമ്മി തയ്യാറാവുന്നതു കണ്ട് റിയമോളും ഒപ്പം വരാൻ വാശി കാട്ടി.

“മോളെ നാളെ കൊണ്ടുപോകാം.” സൂസനും മമ്മിയും പപ്പയും ഒരു നൂറാവർത്തി പറഞ്ഞു നോക്കിയെങ്കിലും റിയ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“ശരി, ഞാനാദ്യം റിയമോളെ കറങ്ങാൻ കൊണ്ടുപോകും. പിന്നെ മമ്മിയെ എന്‍റെയൊപ്പം അയയ്ക്കുമല്ലോ?” ബിജു റിയയുടെ മനസ്സു മാറ്റാൻ ശ്രമിച്ചു. പക്ഷേ റിയയുടെ മനസ്സു മാറിയില്ല.

“ഊം… ശരി, എങ്കിൽ വാ. അങ്കിൾ നിന്നെ തലയിലേറ്റി വച്ചിരിക്കുകയല്ലേ. അതിന്‍റെ വാശിയാ നീ ഈ കാണിക്കുന്നത്.” സൂസൻ സമ്മതം മൂളിയതോടെ റിയയൊന്നടങ്ങി. പക്ഷേ ബിജുവിന്‍റെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.

“ഐ ആം സോറി ബിജൂ, അടുത്ത തവണ ഞാൻ എന്തായാലും നിങ്ങളോടൊപ്പം കറങ്ങാൻ വരാം.” ബിജുവിന്‍റെ മനസ്സു വായിച്ചെന്നോണം സൂസൻ പറഞ്ഞു.

“റിയ ഇനിയും വാശി പിടിക്കില്ലെന്ന് എന്താ ഉറപ്പ്. നീ ഇന്നു തന്നെ നോ പറയേണ്ടിയിരുന്നു.” ബിജുവിന്‍റെ വാക്കുകളിൽ അസന്തുഷ്ടി നിറഞ്ഞു നിന്നു.

“എങ്കിൽ അവൾ കരഞ്ഞു കരഞ്ഞ് ഈ വീട്‌തന്നെ കലക്കി മറിച്ചേനേ…”

“കുട്ടികളാവുമ്പോൾ അല്പസ്വല്പമൊക്കെ കരഞ്ഞെന്നിരിക്കും, വാശി പിടിച്ചെന്നിരിക്കും. എന്നു കരുതി ശാസിക്കേണ്ടിടത്ത് ശാസിക്കണ്ടേ…. ഞാൻ പറഞ്ഞു വരുന്നതിന്‍റെ സീരിയസ്നെസ്സ് സൂസന് മനസ്സിലാവുന്നുണ്ടല്ലോ?”

“ഓകെ. ഞാനവളോടൊന്നു സംസാരിച്ചു നോക്കട്ടെ,” സൂസൻ മകളെ അടുത്തു വിളിച്ച് മയത്തിൽ സംസാരിക്കുന്നതിനു പകരം കൂടെ വരണ്ട എന്നു തറപ്പിച്ചു പറഞ്ഞു. സൂസൻ കരുതിയതു പോലെ തന്നെ വരേണ്ട എന്നു കേട്ടതും റിയ പൊട്ടിക്കരയാൻ തുടങ്ങി.

“സൂസൻ നീ ഇന്ന് എന്‍റെ കൂടെ വന്നേ തീരൂ… നമുക്ക് വേഗം മടങ്ങി വരാമല്ലോ… നിന്നെ പിരിഞ്ഞ് അല്പസമയം… അത് റിയയ്ക്കൊരു ട്രെയിനിംഗുമാവും.” സൂസൻ മകളുടെ കരച്ചിൽ നിർത്താൻ ശ്രമിക്കാതെ ബിജുവിനൊപ്പം പുറത്തേക്കിറങ്ങി.

വൈകിട്ട് അഞ്ചു മണിയായി കാണും. ബിജു റോഡരികിലുള്ള ഒരു റെ‌സ്റ്റോറന്‍റിനോട് ചേർന്ന് കാർ ഒതുക്കിയിട്ടു. “എന്താ… ഒരു കോഫിയാവാം അല്ലേ?”

“ഇപ്പോ ഒന്നും കഴിക്കാനുള്ള മൂഡില്ല. നമുക്ക് പാർക്കിൽ ചെന്നിരുന്ന് കുറച്ചു നേരം സംസാരിക്കാം.” ബിജു അടുത്തുള്ള പാർക്ക് ലക്ഷ്യമാക്കി കാർ ഓടിച്ചു. കുറച്ചു സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളം കെട്ടിനിന്നു. സൂസൻ ഉത്സാഹം നഷ്‌ടപ്പെട്ട് ക്ഷീണിതയായി കാണപ്പെട്ടു.

“റിയ, അവൾ ഞാനുമായി വല്ലാതെ അറ്റാച്ച്ഡ് ആണ്. കണ്ടില്ലേ, കൂടെ വരണമെന്നു പറഞ്ഞ് അവൾ എന്തുമാത്രമാ ഇന്നു കരഞ്ഞതെന്ന്. ഇനി ഭാവിയിൽ ഈ പ്രശ്‌നങ്ങൾ നേരെയാവുമെന്നു തോന്നുന്നുണ്ടോ?” റിയമോൾ മാത്രമായിരുന്നു സൂസൻ സംസാരത്തിലുടനീളം.

“സൂസൻ… പ്രശ്നമെന്തായാലും സമാധാനമായി ചിന്തിച്ച് അതിന് പരിഹാരം കണ്ടെത്താമല്ലോ. ഇനി കുറച്ചു നേരത്തേയ്ക്ക് നീ റിയയെക്കുറിച്ചുള്ള സംസാരം മതിയാക്കൂ…” ബിജു നല്ല റൊമാന്‍റിക് മൂഡിലായിരുന്നു. സൂസന്‍റെ ചുണ്ടുകളിലും നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു.

അല്പസമയത്തിനുള്ളിൽ തന്നെ ബിജു സൂസന്‍റെ മനസ്സു മാറ്റിയെടുത്തു. പിന്നീട് അവർ ചെറിയൊരു ഷോപ്പിംഗും നടത്തി. ബിജു സൂസന് ഒരു നെക്ലെസ് ഗിഫ്റ്റായി നൽകി. അവർ ഒന്നിച്ച് റെസ്‌റ്റോറന്‍റിൽ നിന്നും കാപ്പി കുടിച്ചു. ഒരുപാട് സംസാരിച്ചെങ്കിലും ബിജുവിന് എന്തോ ഒരതൃപ്തി തോന്നി.

നേരമിരുട്ടുന്നതു കണ്ട് അവർ വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും 9 മണി കഴിഞ്ഞിരുന്നു. കാർ അടഞ്ഞു കിടക്കുന്ന ഗേറ്റിനു മുന്നിൽ വന്നു നിന്നു.

“നോക്കിക്കോ, റിയ നിങ്ങളുമായി ശരിക്കുമൊരു സ്റ്റണ്ട് തന്നെയുണ്ടാവും.” സൂസന്‍റെ മുഖം ടെൻഷൻ കൊണ്ട് വലിഞ്ഞു. അത്രയും നേരം ഹാപ്പി മൂഡിലായിരുന്ന ബിജുവിന്‍റെ മുഖത്തും ടെൻഷൻ പടർന്നു.

“നീ വൈകു ന്നേരം റിയമോളുടെ പ്രശ്നത്തിന് ഒരുത്തരം കണ്ടെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നില്ലേ. അതിന് ഞാനൊരു സജഷൻ തരാം.” ബിജു കാർ ഗെയിറ്റിന് വെളിയിൽ തന്നെ നിറുത്തിയിട്ടു.

“എന്തു പ്രശ്നം…?” സൂസൻ ബിജുവിന്‍റെ സംസാരം കൂടുതൽ ശ്രദ്ധിച്ചു.

*റിയമോൾ… അവൾ നീയുമായി ശരിക്കും അറ്റാച്ച്ഡ് ആണെന്നല്ലേ പറഞ്ഞത്. അക്കാര്യമാ ഞാൻ പറഞ്ഞുവരുന്നത്.

“ഊം… പറയൂ…. അവൾ കരയുന്നത് കാണുമ്പോൾ എനിക്കൊരു സമാധാനവുമില്ല.”

“വളരെ സ്ട്രേയ്‌റ്റായ സൊല്യൂഷനാണ്. പക്ഷേ നിനക്ക് ഇഷ്ടമാവുമോ എന്നറിയില്ല.” ബിജുവിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഭാവിയിലാണെങ്കിലും റിയമോൾ സ്വന്തം കാലിൽ നിൽക്കണം, മിടുക്കിയാവണമെന്നുണ്ടെങ്കിൽ നീ അവളെ ഹോസ്റ്റലിലയ്ക്കയക്കണം.”

“അതിനവൾ ഏഴ് വയസ്സുള്ള ഒരു കൊച്ചു കുട്ടിയല്ലേ, ബിജൂ” സൂസൻ ശരിക്കുമൊന്നു ഞെട്ടി.

“അതിനെന്താ, അവളെക്കാൾ ചെറിയ കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നുണ്ടല്ലോ. അവിടെ ഹോസ്റ്റൽ ചിട്ടവട്ടങ്ങളും മറ്റു കുട്ടികളുമൊക്കെയായി അവളുടെ പേഴ്‌സണാലിറ്റി തന്നെ ശരിക്കും മാറും. നമുക്കിവിടെ സ്വസ്‌ഥമായ ദാമ്പത്യ ജീവിതവും നയിക്കാനാവും.” ബിജു സ്നേഹം കലർന്ന ഭാവത്തോടെയാണ് ഇത്രയും പറഞ്ഞത്.

അല്പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഇടറിയ ശബ്ദത്തോടെ സൂസൻ സംസാരം തുടർന്നു. “ബിജു പറയുന്നതിലും കാര്യമുണ്ട്. പക്ഷേ, അവളെ ഹോസ്‌റ്റലിലേക്കയയ്ക്കാൻ എനിക്ക് മനസ്സു വരുന്നില്ല.”

“അതിന് മോൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമല്ലോ. നിനക്ക് ഹോസ്‌റ്റലിലേയ്ക്ക് പോവുകയും ചെയ്യാം.”

“സത്യമാണോ?”

“നൂറുശതമാനം സത്യം.”

എന്തോ ആലോചിച്ചെന്നോണം സൂസൻ ബിജുവിനോടായി പറഞ്ഞു, “മമ്മിയുടെ കാര്യം അറിയാമല്ലോ. മമ്മിക്ക് എന്നും സുഖമില്ല. ഇല്ലെങ്കിൽ നമ്മുടെ വിവാഹശേഷം റിയമോളെ ഹോസ്‌റ്റലിൽ അയയ്ക്കാതെ മമ്മിയെ ഏല്പിക്കാമായിരുന്നു.”

“അ… അത് ശരിയാവില്ല, അവൾ അടുത്തുണ്ടെങ്കിൽ എപ്പോഴും കരച്ചിലും ബഹളവുമായിരിക്കും. നമ്മുടെ പ്രൈവസി നഷ്‌ടമാവും. നിനക്കെപ്പോഴും അവളെ കാണണമെന്നു തോന്നും.” ബിജുവിന് സൂസന്‍റെ തീരുമാനം ഇഷ്‌ടമായില്ല.

“മമ്മിയും പപ്പയും അവളെ ഹോസ്‌റ്റലിൽ നിർത്തുമെന്നും എനിക്ക് തോന്നുന്നില്ല.” സൂസൻ പറഞ്ഞു.

“നീയെന്തു വിഡ്ഢിത്തമാണീ പറയുന്നത്.” ബിജുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. “നീ സമ്മതിപ്പിക്കണം, നിർബന്ധിക്കണം. ഇങ്ങനെ ചെയ്യുന്നതെന്തു കൊണ്ടാണെന്ന് നീ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിക്കണം.” ബിജുവിന്‍റെ ടോൺ മാറി തുടങ്ങി.

“എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ…”

“മണ്ടത്തരം പറയാതിരിക്കൂ സൂസൻ. നിന്‍റെ അനിഷ്ടം, നിന്‍റെ ദേഷ്യം നീ ഫീൽ ചെയ്യിക്കണം. പിന്നെ അവർ നിന്നെ ഡിപ്പന്‍റ് ചെയ്‌തല്ലല്ലോ ജീവിക്കുന്നത്.”

“അതു പറഞ്ഞപ്പോഴാണ് ഓർത്തത്. നമ്മുടെ വിവാഹം കഴിഞ്ഞാലും ഞാൻ ഒറ്റമോളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. ഞാനാണ് മമ്മിയേയും പപ്പയേയും ഡോക്ടറുടെയടുത്ത് കൊണ്ടു പോകാറുള്ളത്. വീട്ടുസാധനങ്ങളും മരുന്നുകളുമൊക്കെ ഞാൻ തന്നെയാണ് വാങ്ങാറുള്ളത്. അപ്പോൾ ഈ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തേണ്ടി വരും.”

“നോ പ്രോബ്ലം, മൈ ഡിയർ. അതിന് അവരെ ശുശ്രൂഷിക്കാൻ ഒരു ഹോം നേഴ്സിനെ ഏർപ്പെടുത്തിയാൽ പോരേ. അവരു ടെ പെയ്മെന്‍റ് നമുക്ക് നൽകാം. പെൻഷൻ ഉള്ളതുകൊണ്ട് പപ്പയ്ക്ക് വീട് മാനേജ് ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. എങ്ങനെയുണ്ട് എന്‍റെ ഐഡിയ!” ബിജുവിന്‍റെ മുഖത്ത് ഗൗരവവും അഭിമാനവും നിറഞ്ഞു.

“നമ്മളെ സംബന്ധിച്ച് ഇതൊക്കെ ഓകെയാണ്. പക്ഷേ…”

“പക്ഷേ എന്നൊക്കെ പറഞ്ഞ് വീണ്ടും കൺഫ്യൂസ്ഡ് ആവല്ലേ. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെന്ന പോലെ തന്നെ നമ്മുടെ കാര്യങ്ങളിലും ശ്രദ്ധ വേണം സൂസൻ.”

“സ്വന്തം സുഖസൗകര്യങ്ങൾ… സ്വാർത്ഥതയാവില്ലേയത്.”

“ഒരിക്കലുമല്ല. സ്വയം സന്തോഷമറിയാത്തവർ മറ്റുള്ളവരു ടെ ജീവിതത്തിൽ എങ്ങനെ സന്തോഷം നിറയ്ക്കും?” സൂസന്‍റെ ഓരോ സംശയത്തിനും ഉത്തരം നൽകാൻ ബിജുവിന് വാക്കുകൾ ഏറെയുണ്ടായിരുന്നു.

“സന്തോഷത്തിന്‍റെ കാര്യത്തിൽ ഇത്രയ്ക്ക് സാമർത്ഥ്യം, അതു വേണോ… ബിജൂ.”

“ഇതിപ്പോ നീയെന്നെ തർക്കിച്ചു തോൽപിക്കാനുള്ള പുറപ്പാടാണോ?” ബിജുവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

“ശരി, ഇനി ഞാൻ മിണ്ടുന്നില്ല.” സൂസൻ തന്‍റെ ചൂണ്ടുവിരൽ ചുണ്ടിലമർത്തി ഇനി സംസാരിക്കുന്നില്ലെന്നർത്ഥത്തിൽ ബിജുവിനെ നോക്കി.

“നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാനിത്രയും പറഞ്ഞത്. ഞാൻ അകത്തേയ്ക്ക് വരുന്നില്ല. ഓകെ, ഗുഡ് നൈറ്റ്.”

സൂസൻ കാറിൽ നിന്നിറങ്ങി ഗെയിറ്റ് തുറന്ന് അകത്തെത്തിയതും റിയമോൾ സൂസനെ കെട്ടിപ്പിടിച്ച് ഏങ്ങിക്കരയാൻ തുടങ്ങി. അവളെ ആശ്വസിപ്പിക്കാൻ സൂസന് ഏറെ പാടുപെടേണ്ടി വന്നു. റിയ ഉറങ്ങിയ ശേഷം സൂസൻ മമ്മിയേയും പപ്പയേയും മാറി മാറി നോക്കി.

“ഞാൻ ബിജുവിനെ വിവാഹം കഴിക്കുന്നില്ല.” സൂസൻ തന്‍റെ തീരുമാനമറിയിച്ചു.

“ഏ…” മമ്മിയും പപ്പയും ഏകസ്വരത്തിൽ ചോദിച്ചു.

“ബിജു ഇത്രയും ദിവസം നമ്മളോടെല്ലാം സ്നേഹത്തോടെയും ഭവ്യതയോടെയും പെരുമാറിയത് എന്നെ വിവാഹം കഴിക്കാൻ വേണ്ടിയുള്ള അഭിനയമായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് സ്വഭാവം മാറ്റാൻ അയാളുടെയത്ര വലിയ വിരുതൻ വേറെ കാണില്ല.”

“നിങ്ങൾ പരിചയപ്പെട്ട സാധു മനുഷ്യനല്ല അയാൾ. അയാളുടെ മനസ്സു നിറയെ സ്വാർത്ഥതയാണ്. ദുഷ്ടനാണയാൾ. റിയമോളും നിങ്ങളുമൊക്കെ അയാൾക്കിപ്പോഴേ ഒരു ഭാരമായി തോന്നിത്തുടങ്ങിയിട്ടുണ്ട്. എനിക്ക് ഒരു കാര്യം മനസ്സിലായി. ഏതൊരു പ്രശ്‌നത്തെയും നോ പ്രോബ്ലം കണ്ണിലൂടെ നോക്കാനേ അയാൾക്കാവൂ. ഇത്രയും നീചനായ ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾ ഇനിയുമെന്നെ നിർബന്ധിക്കരുത്. പ്ലീസ്.”

രാത്രി ആകാശത്ത് നിലാവുദിച്ചു. സൂസൻ റിയമോളെ കെട്ടിപ്പിടിച്ചു കിടന്നു.

“ഇവൾ ഇല്ലാത്ത ഒരു സന്തോഷവും എനിക്ക് വേണ്ട.” സൂസൻ സ്ത്രീകൾക്ക് മാത്രം കഴിയുന്ന ദൃഢനിശ്ചയത്തോടെ മനസ്സിൽ ആ തീരുമാനം കുറിച്ചിട്ടു.

അല്ലി ആമ്പൽ കടവിൽ…

എല്ലാ ഓഗസ്റ്റിലും, കോട്ടയത്തെ മലരിക്കലിലെ നെൽപ്പാടങ്ങളിൽ ആമ്പൽ എന്ന പിങ്ക് വാട്ടർ ലില്ലി പരവതാനി പുതപ്പിക്കും… അതിശയകരമായ സൗന്ദര്യം നിറച്ച് കണ്ണെത്താ ദൂരത്തോളം പിങ്ക് പെയിന്‍റ് അടിച്ച പോലെ ആമ്പൽ പൂക്കൾ… തെളിഞ്ഞ നീലാകാശത്തിനും സമൃദ്ധമായ പച്ചപ്പിനും ഇടയിലായി ഈ വാട്ടർ ലില്ലികളുടെ അതി മനോഹരമായ കാഴ്ച മലരിക്കൽ എന്ന ഗ്രാമത്തിനു സ്വന്തം..

ഏതാനും വർഷങ്ങൾക്ക് മുൻപ് മലരിക്കൽ ഗ്രാമം പുറംലോകം അറിയാത്ത ഒരു ഉൾനാടൻ ഗ്രാമം ആയിരുന്നു. കനത്ത മൺസൂൺ മഴയിൽ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ വെള്ളം കയറി കിടക്കുന്നത് നോക്കിനിൽക്കും. കോട്ടയത്ത് മീനച്ചിലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് 2017 വരെ ബോട്ടിൽ മാത്രമേ എത്തിച്ചേരാനാകുമായിരുന്നുളൂ. പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതിന് 2017 ൽ പാലം എത്തിയതോടെ ഗ്രാമത്തിന്‍റെ തലവര മാറി.

എന്തായാലും 2019-ൽ മലരിക്കൽ ഗ്രാമവാസികളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചു. തദ്ദേശവാസികൾക്ക് വർഷം തോറും അവിടെ ആമ്പൽപ്പൂക്കൾ പൂക്കുന്നത് പരിചിതമായ ഒരു സംഭവമായിരുന്നു. പാലം കടന്നെത്തിയ ഏതോ സന്ദർശകർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഗ്രാമത്തിന്‍റെ മാസ്മരിക ചിത്രങ്ങളും വീഡിയോകളും പങ്കിടാൻ തുടങ്ങിയപ്പോൾ ആ വർഷം മലരിക്കൽ ലോകശ്രദ്ധ പിടിച്ചുപറ്റി.

നാടൻ ഇനമായ ഈ ആമ്പൽ, ഒരു കള പോലെ നെൽകൃഷി കൃഷി ചെയ്ത വയലുകളിൽ മാത്രം പൂക്കുന്നു. ഓഗസ്റ്റ് അവസാനം മുതൽ സെപ്തംബർ വരെ ആണ് ആ സമയം. അപ്പോൾ അതിലോലമായ ആമ്പൽ പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടാൻ തുടങ്ങും, വയലുകളെ പിങ്ക്, വെള്ള നിറത്തിലുള്ള ഷേഡുകൾ കൊണ്ട് മൂടുന്നു. നെല്ല് വിളവെടുക്കുമ്പോൾ, പാടത്ത് നേരത്തെ നിക്ഷേപിച്ച ആമ്പലിന്‍റെ വിത്തുകൾ വളരുകയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അവയുടെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നത് കൊണ്ടാണിത്.

സോഷ്യൽ മീഡിയ കൊടുത്ത ഹൈപ്പ് കൊണ്ട് ഇന്ന് മലരിക്കൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. പിങ്ക് ആമ്പൽ കൊണ്ട് അലങ്കരിച്ച 650 ഏക്കർ നെൽവയലുകൾ സീസണൽ വിസ്മയമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കൃഷിക്കായി വൃത്തിയാക്കിയിരുന്ന പ്രദേശം ഇന്ന് ബോട്ട് സവാരി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ പൂക്കൾ വിൽക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികൾക്ക് ഫോട്ടോഷൂട്ടുകൾ നടത്താം. ഇതൊക്കെ ഇപ്പോൾ ഇവിടത്തെ ഗ്രാമീണരുടെ വരുമാന സ്രോതസ്സാണ്.

മലരിക്കലിനടുത്തുള്ള അമ്പക്കുഴിയിലെ പ്രാദേശിക ഹോട്ടൽ ഉടമ അഖിൽ കൃഷ്ണ ടൂറിസത്തിന്‍റെ സ്കോപ്പ് വളരെ വർദ്ധിച്ചതായി പറയുന്നു. സീസണിൽ പ്രതിദിനം ശരാശരി 100നു മുകളിൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. “സോഷ്യൽ മീഡിയ വഴിയുള്ള ഫോട്ടോകൾ ഗ്രാമത്തിന് വലിയ ശ്രദ്ധ നൽകി. പലരും ഈ വരുമാനം കൊണ്ട് ജീവിതം മെച്ചപ്പെടുത്തി. ഇത് എന്നെപ്പോലുള്ള ചെറുകിട ബിസിനസ്സുകളെ പിന്തുണച്ചു,” അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഗ്രാമത്തിലെ 1,800 ഏക്കർ നെൽവയലുകളിൽ 650 ഏക്കർ വാട്ടർ ലില്ലി ഉൾക്കൊള്ളുന്നു, ഇത് D1-1285 നെൽ ഇനം കൃഷി ചെയ്യുന്ന വയലാണ്. അതിമനോഹരമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സമയം സൂര്യോദയമാണ്, സാധാരണയായി രാവിലെ 6 മുതൽ 9 വരെ. സൂര്യൻ തെളിയുമ്പോൾ ആമ്പൽ കൂമ്പി നിൽക്കും. പിന്നെ വൈകിട്ടായാൽ മാത്രമേ അവ മിഴി തുറക്കു. ഒരാൾക്ക് 100 രൂപയ്ക്ക് വയലുകളിലൂടെയുള്ള വഞ്ചി യാത്ര ആസ്വദിക്കാം.

നിർമ്മാണത്തൊഴിലാളിയും നെൽവയൽ ഉടമയും ബോട്ടുകാരനുമായ 50കാരനായ ബിജു ടികെ, വിനോദസഞ്ചാരം കാരണം തങ്ങളുടെ ജീവിതം എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് പറയുന്നു “ഞങ്ങൾ ഭക്ഷണം തയ്യാറാക്കുന്നു, പൂക്കൾ വിൽക്കുന്നു, ബോട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകാൻ പരമാവധി ശ്രമിക്കുന്നു. ഞങ്ങളുടെ ജീവിതം ഇപ്പോൾ വളരെ മികച്ചതാണ്, പ്രത്യേകിച്ച് മഴക്കാലത്ത്.”

ഓരോ ദിവസവും നൂറുകണക്കിന് സന്ദർശകരാണ് ഈ പ്രകൃതിദൃശ്യം കാണാൻ മലരിക്കലിലേക്ക് ഒഴുകിയെത്തുന്നത്. സെപ്തംബർ മുതൽ ഒക്ടോബർ വരെയാണ് പൂക്കുന്നത്, മഴക്കാലത്തിന്‍റെ അവസാനത്തോട് അനുബന്ധിച്ച്. മീനച്ചിൽ പുഴ- മീനന്തറ- കോടൂർ പുഴ പുനർനിർമാണ പദ്ധതിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് മലരിക്കൽ വാട്ടർ ലില്ലി ഫെസ്റ്റ്.

വിനോദ സഞ്ചരികൾക്കായി സ്ത്രീകൾ വാട്ടർ ലില്ലി കുലകൾ വിൽക്കുന്നു. 2019-ൽ 80,000-ത്തോളം ആളുകൾ മലരിക്കൽ സന്ദർശിച്ചു, കോവിഡ് കാലം കഴിഞ്ഞ് വീണ്ടും സജീവമായി. ഇത്തവണ ഈ ഓണക്കാലത്ത് വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.

മലരിക്കലിലെ സ്ത്രീകൾക്ക് പണം സമ്പാദിക്കാനുള്ള അവസരമാണ് സീസൺ നൽകുന്നത്. അവർ പാർക്കിംഗ് സൗകര്യങ്ങളും പണമടച്ച് ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളും വാഗ്ദാനം ചെയ്യുന്നു, ഇത് അവരുടെ കുടുംബ വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നു. സീസൺ അവസാനിക്കുമ്പോൾ, ഗ്രാമം പഴയ തിരക്കില്ലാത്ത സാധാരണ പ്രദേശം ആയി മാറുന്നു.

മൂന്നാറിലെ നീലക്കുറിഞ്ഞി പ്രതിഭാസത്തോട് കിടപിടിക്കാൻ മലരിക്കലിലെ അല്ലിയാമ്പൽപ്പൂവിന് കഴിവുണ്ട് എന്ന് പറഞ്ഞാൽ അതിശയോകതിയല്ല. ദൂരദിക്കുകളിൽ നിന്നുള്ള സഞ്ചാരികളെ വരെ ഇവിടം ആകർഷിക്കുന്നു. ആംസ്റ്റർഡാമിലെ തുലിപ് ഫെസ്റ്റിവലിന് സമാനമായി സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടുനിൽക്കുന്ന പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവലിനുള്ള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു . കോട്ടയം ജില്ലയിലെ 15 ലധികം സ്ഥലങ്ങൾ ഈ പുഷ്പ വിസ്മയം പ്രദർശിപ്പിക്കുന്ന ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കും, ഇത് മലരിക്കലിനും അതിന്‍റെ രൂപാന്തരപ്പെട്ട സമൂഹത്തിനും മികച്ച ഭാവി വാഗ്ദാനം ചെയ്തേക്കാം. പ്രകൃതിയെ അതിന്‍റെ ആവാസ വ്യവസ്ഥയെ ഹനിക്കാതെ ഉള്ള ടൂറിസം ആണ് ഇവിടെ ആവശ്യം…

മാടായിപ്പാറ

ഒരു പാറപ്പുറത്ത് എന്താണിത്ര കാണാൻ എന്ന് മനസ്സിൽ ചോദിച്ചായിരുന്നു ഞങ്ങൾ മാടായിപ്പാറയിൽ ബസ്സിറങ്ങിയത്. മഴ ചാഞ്ഞു പെയ്യുന്നുണ്ടായിരുന്നു. നീണ്ടു നിവർന്നു കിടക്കുന്ന മാടായിപ്പാറ പോലെ ആകാശത്ത് കരിമേഘങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നുമുണ്ട്. അങ്ങു ദുരെ കിഴക്കൻ മലമുകളിൽ മഴ ആർത്തു പെയ്യുന്നത് അവിടെ നിന്നു കാണാം. ആ മഴക്കോളു കൊണ്ടാവാം നല്ല തണുത്ത കാറ്റ്…

ഞങ്ങളവിടെ നിന്ന് കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുന്നോട്ടു നടന്നു. ദൂരെ ഒരു തീപ്പെട്ടി പോലെ മാടായിക്കാവ് ഇപ്പോൾ കാണാം. കാവിന്‍റെ മുന്നിൽ കണ്ണാടി പോലെ ഒരു കുളം, ഒരു വേനലിലും വറ്റാത്ത തെളിനീരാണിതെന്ന് ഇവിടുത്തുകാർ പറയുന്നു. കാവിനപ്പുറത്താണ് നീണ്ടു നിവർന്നു കിടക്കുന്ന ഏഴിമല, ഇപ്പോഴവിടെ നാവിക അക്കാദമിയുടെ ആസ്ഥാനമാണ്. പോർച്ചുഗീസുകാരനായ വാസ്കോഡഗാമ കടൽ വഴി ഇന്ത്യയിലേക്ക് വന്നപ്പോൾ ആദ്യം കണ്ട കരയായിരുന്നു ഏഴിമല എന്നത് ചരിത്രം.

മാടായിപ്പാറയിലേക്ക് കിതച്ചുകയറിയെത്തിയാൽ ആദ്യം കാണുക തകർന്നു വീഴാറായ ഒരു കെട്ടിടമാണ്. ഇവിടെയിരുന്നിട്ടാണത്രേ ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷാവ്യാകരണം എഴുതിത്തീർത്തത്. മാടായിപ്പാറയിലെ ഭൂമി സാക്ഷ്യം വഹിച്ചത് എന്തെല്ലാം ചരിത്ര സത്യങ്ങൾക്കാണ്! ഇവിടെ നിൽക്കുമ്പോൾ പോയകാലം നമ്മിൽ തിരതള്ളിവരുന്ന പോലെ അനുഭവപ്പെടും. കടലിൽ നിന്ന് ഏഴിമല കടന്ന് നല്ല കാറ്റടിച്ചു കയറി വരുന്നുണ്ട്.

മാടായിപ്പാറയിൽ നിന്ന് ഏഴിമലയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘രി റ്റി റ്റി റ്റി’ എന്നൊരു ശബ്ദം കേട്ടത്. ഒരു തിത്തിരിപ്പക്ഷി പാറക്കൂട്ടത്തിനിടയിലൂടെ ഞങ്ങളുടെ കണ്ണുവെട്ടിച്ച് നടന്നു പോവുകയാണ്. “ചെങ്കണ്ണി തിത്തിരിയെ അറിയില്ലേ? നിലത്ത് മുട്ടയിടുന്ന പക്ഷികളാണ് തിത്തിരികൾ. കുറച്ചു ദൂരം നോക്കിയപ്പോൾ ഒരുപാട് തിത്തിരി പക്ഷികൾ…. പെൺ തിത്തിരികൾ ചുള്ളിക്കമ്പുകൾ കൊണ്ട് നിലത്തുണ്ടാക്കുന്ന കൂടുകളിലിടുന്ന മുട്ട കാത്തുസൂക്ഷിക്കലാണ് ആൺ തിത്തിരികളുടെ പണി. ആരെങ്കിലും കൂടിനടുത്തു ചെന്നാൽ ആൺ തിത്തിരികൾ മുട്ടയിട്ടയിടത്തു നിന്നും ശ്രദ്ധ മാറ്റാൻ വേണ്ടി ശബ്ദമുണ്ടാക്കി ഓടിക്കളിക്കും.” കൂടെയുണ്ടായിരുന്ന പ്രകൃതി നിരീക്ഷകൻ വി.സി. ബാലകൃഷ്ണ‌ൻ പറഞ്ഞു.

കുറച്ചു നേരം തിത്തിരിപ്പക്ഷിയുടെ കുസൃതികൾ നോക്കി നിന്ന ശേഷം ഞങ്ങൾ മാടായിക്കാവിന്‍റെ പിറകിലേക്ക് നടന്നു. നോക്കെത്താ ദൂരത്തോളം കാക്കപ്പൂവും കൃഷ്ണപ്പൂവും മത്സരിച്ച് വിരിഞ്ഞു നിൽക്കുന്നു. ഇതിനിടയിൽ ഞാനിവിടെയുണ്ടേയെന്ന ഭാവത്തിൽ ബട്ടൺഗ്രാസും തലപൊക്കി നിൽക്കുന്നുണ്ട്. പാറപ്പുറത്തെ ഓരോ മഴനൂൽകുഴികളിൽ നിന്നും ഓരോ നിറത്തിലുള്ള പൂക്കൾ ‘എന്നെ കാണാനെന്തു ചന്തം’ എന്ന് ചോദിക്കുന്നതുപോലെ തോന്നി. മാടായിപ്പാറയുടെ ഏറ്റവും വലിയ സവിശേഷത ഇതുതന്നെയാണ്. പ്രകൃതി ഓരോ ഓണക്കാലത്തും ഇവിടുത്തെ കരിമ്പാറപ്പുറത്ത് ഓണപ്പൂക്കളമിടും. പ്രകൃതിയൊരുക്കിയ ഈ പൂക്കളത്തിനു നടുവിലൂടെ ഞങ്ങൾ കുറേ ദൂരം നടന്നു.

മാടായിപ്പാറ സംസ്ക‌ാരങ്ങളുടെ ഒരു സംഗമഭൂമിയാണ്. വർഷങ്ങൾക്കുമുമ്പ് ഇവിടെ ജൂതമതക്കാർ കൂട്ടംകൂട്ടമായി താമസിച്ചിരുന്നതായി ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്. അതിന്‍റെ ശേഷിപ്പെന്നോണം ഇപ്പോഴും ഈ പാറയുടെ മുകളിൽ ജൂതക്കുളം വറ്റാതെ കിടക്കുന്നു! ചെങ്കൽപ്പാറകൾ വെട്ടിത്താഴ്ത്തിയാണ് ഈ കുളമുണ്ടാക്കിയിരിക്കുന്നത്.

ചരിത്രത്തിന്‍റെ പടയോട്ടകാലങ്ങളിലും മാടായിപ്പാറയ്ക്ക് വലിയ സ്‌ഥാനമുണ്ട്. ചേര സാമ്രാജ്യത്തിന്‍റെ ദക്ഷിണ ആസ്ഥാനമായിരുന്നു മാടായിപ്പാറ. ചേര രാജാക്കൻമാരുടെ കൊട്ടാരവും മാടായിപ്പാറയിലായിരുന്നു. ഒരു കാലത്തിനും കാലാവസ്ഥഥയ്ക്കും മായ്ച്ചുകളയാനാകാത്ത അവശിഷ്‌ടങ്ങൾ ഇപ്പോഴും പച്ചപ്പുൽമെത്തയ്ക്കുള്ളിൽ ഇവിടെ ഉറങ്ങിക്കിടപ്പുണ്ട്. കടലിലേയ്ക്കു നീളുന്ന തുരങ്കങ്ങളും ഈ കോട്ടയിലുണ്ടായിരുന്നതേ. കാലത്തിന്‍റെ മണ്ണൊലിപ്പിൽ ഗുഹാമുഖങ്ങളെല്ലാം മൂടിപ്പോയിരിക്കുന്നു. എങ്കിലും ഒരു കിണറുപോലെ അതിന്‍റെ അസ്ഥിവാരം ഇന്നും ഇവിടെയുണ്ട്.

മഴ മാറി മാനം തെളിഞ്ഞാൽ കൂട്ടം കുട്ടമായി പറക്കുന്ന ആൽബട്രോസ് ശലഭങ്ങളും വനദേവതയും ഇവിടെ കാണാം. ഒരിടത്തും ഇരിക്കപ്പൊറുതിയില്ലാതെ പാറിപ്പറന്നു നടക്കുന്ന വിറവാലനും കേരളത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും ഇവിടെയുണ്ട്. ശലഭ സാങ്ച്വറിയുടെ അടുത്ത് വലിയ ഒരു പാറയുടെ മുകളിൽ ഞങ്ങൾ വെറുതെ ഇരുന്നു. ചാഞ്ഞു പെയ്‌തു കൊണ്ടിരുന്ന നേർത്ത മഴ ഇപ്പോൾ മാറിയിരിക്കുന്നു. കനം വച്ചിരുണ്ടു വന്ന മഴമേഘങ്ങൾ വഴിമാറിപ്പോയിരിക്കുന്നു. കരിമേഘങ്ങളുടെ ഘോഷയാത്ര കഴിഞ്ഞപ്പോൾ സൂര്യൻ പതിയെ പുറത്തേക്കെത്തി നോക്കി. വെയിൽ, നനഞ്ഞ ആ പാറപ്പുറത്തു വീണ് തിളങ്ങുന്നുണ്ട്. കുറച്ചു സമയത്തിനുശേഷം, എവിടെ നിന്നെന്നറിയില്ല ഇതുവരെ കാണാത്ത നിരവധി ചിത്രശലഭങ്ങൾ ഉയർന്ന് കൂട്ടം കൂടി പറക്കാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾക്കു ചുറ്റും നിറയെ ശലഭങ്ങളാണ്. പേരറിയാ ശലഭങ്ങൾ, ഞങ്ങൾ സ്വ‌പ്നം കാണുകയാണെന്ന് തോന്നി. ശലഭ ഘോഷയാത്രയും നോക്കി മണിക്കൂറുകളോളം ഞങ്ങൾ പാറപ്പുറത്തു തന്നെയിരുന്നു.

ഇപ്പോൾ നേരമേറെ കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പതിയെ എഴുന്നേറ്റു. അപ്പോൾ ശലഭങ്ങളും തിത്തിരിപ്പക്ഷികളും കാക്കപ്പൂവും കൃഷ്ണപ്പൂവും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇളം കാറ്റിൽ.

അങ്ങനെ ഒടുക്കം മഴ തകർത്തു പെയ്തൊഴിഞ്ഞ് വെയിൽ പൊങ്ങുമ്പോൾ അടുത്ത ഓണക്കാലത്ത് വീണ്ടും വരണമെന്ന് മനസ്സിൽ കുറിച്ച് ഞങ്ങളവിടെ നിന്നുമിറങ്ങി. അപ്പോഴും മനസ്സുനിറയെ പല നിറത്തിലുള്ള ശലഭങ്ങൾ പറന്നു കൊണ്ടേയിരുന്നു.

മാടായിക്കാഴ്ചകൾ

  • ജൂതക്കുളം
  • വടുകുന്ദ ക്ഷേത്രം
  • മാടായിക്കാവ്
  • മാടായിക്കുളം
  • ശലഭസാങ്ച്വറി
  • ഏഴിമല
  • ഇരപിടിയൻ സസ്യങ്ങൾ
  • ചേരസാമ്രാജ്യത്തിന്‍റെ കോട്ടയുടെ അവശിഷ്ട‌ങ്ങൾ
  • ഹെർമൻ ഗുണ്ടർട്ട് ‘മലയാള ഭാഷാ വ്യാകരണം’ എഴുതിയ ബംഗ്ലാവ്

മാടായിപ്പാറയിലേക്ക് എങ്ങനെ എത്താം

ജില്ല- കണ്ണൂർ
എയർ പോർട്ട്- കോഴിക്കോട്
ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷൻ- പഴയങ്ങാടി
കണ്ണൂർ ബസ് സ്റ്റാൻറിൽ നിന്ന് പഴയങ്ങാടി- മാടായിപ്പാറ ബസ് സർവീസ് ഉണ്ട്.
സീസൺ- ആഗസ്‌റ്റ് മുതൽ ഡിസംബർ വരെ (ഏറ്റവും നല്ല സമയം സെപ്റ്റംബർ).

കേൾക്കാൻ മറന്നത്…

നീരജ് അന്നും ഓഫീസിൽ നിന്നിറങ്ങാൻ വൈകി, വീട്ടിലെത്തിയപ്പോൾ സമയം എട്ടുമണി. അഞ്ജന കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുകയാവും. നീരജ് സ്പെയർ താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്നു. ബ്രീഫ്കേസ് മേശപ്പുറത്ത് വെച്ച് ബെഡ്റൂമിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ അഞ്ജന ആരോടോ ഫോണിൽ പതിഞ്ഞ ശബ്ദത്തോടെ സംസാരിക്കുകയായിരുന്നു. നീരജ് ആകാംക്ഷയോടെ ശ്രദ്ധിച്ചു. “അതോ, രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും വന്നാൽ മതി. എനിക്ക് നിങ്ങളെ റിസീവ് ചെയ്യാൻ സാധിക്കില്ല. രാവിലെ 10 മണിവരെ നീരജ് വീട്ടിലുണ്ടാകും. വൈകിട്ട് എനിക്ക് തിരിച്ചെത്തുകയും വേണം. നമ്മൾ സാധാരണ ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറൻറിൽ വച്ച് കണ്ടുമുട്ടാം. നേരിട്ടാകുമ്പോൾ മനസ്സുതുറന്നു സംസാരിക്കാമല്ലോ?”

പെട്ടെന്ന് നീരജ് വാതിൽ തുറന്ന് അകത്തുവന്നതു കണ്ട് അഞ്ജന തെല്ല് പകച്ചു. പിന്നീട് ചെറിയൊരു ചാമലോടെ നീരജിനെ നോക്കി.

“നിങ്ങളെപ്പോഴാ വന്നത്? ഞാൻ അറിഞ്ഞതുപോലുമില്ലല്ലോ?” “ഓ.കെ. ബൈ. ഞാൻ പിന്നെ വിളിക്കാം,” അവൾ ഫോൺ ഡിസ്കണക്ട് ചെയ്തു‌.

“നിങ്ങൾ കുളിച്ച് ഫ്രഷായി വരു. ഞാൻ ഭക്ഷണമെടുത്തു വയ്ക്കാം.” അഞ്ജനയുടെ ശബ്ദമിടറി.

“ആരായിരുന്നു ഫോണിൽ?”

“അതോ… ഓ… വെറുതെ…” മറുപടി നൽകാതെ അവൾ എഴുന്നേൽക്കുന്നതു കണ്ട് നീരജ് കുപിതനായി.

“വെറുതെയോ… തെളിച്ചു പറയ്.” നീരജിന്‍റെ സ്വരം കനത്തു.

“എന്‍റെ പഴയൊരു ക്ലാസ്മേറ്റാ… നിങ്ങൾക്ക് ഓർമ്മ കാണുമോ എന്തോ? കഴിഞ്ഞ അവധിക്കാലത്ത് ഊട്ടിയ്ക്കു പോയപ്പോൾ ഞാൻ നിങ്ങൾക്കൊരാളെ പരിചയപ്പെടുത്തിയത് മറന്നോ.

“ആര്? ആ പ്രദീപോ?” നീരജിന്‍റെ കണ്ണിൽ ദേഷ്യം ഇരമ്പി.

“ഓ… ഓർമ്മയുണ്ടല്ലേ?” അവൾ ചിരിച്ചു. പക്ഷേ, നീരജിന്‍റെ മുഖം വലിഞ്ഞുമുറുകി.

“മറ്റു പുരുഷന്മാരോടു നീ ഇങ്ങനെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. പണ്ടും ഈ പ്രശ്‌നത്തിന്‍റെ പേരിൽ ചെറിയൊരു വഴക്കുണ്ടായതാ. ഞാനന്ന് നിന്നെ വിലക്കി. എന്നിട്ട് വീണ്ടും നീ അയാളോട് പഴയപോലെ…”

“മറ്റു വല്ലവരുമൊന്നുമല്ല പ്രദീപ്. പ്രദീപിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. എന്‍റെ കളിക്കൂട്ടുകാരൻ… സ്‌കൂൾ മുതൽ ഞങ്ങൾ ഒന്നിച്ചാ പഠിച്ചത്. നാമ്മുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തോളമായില്ലേ? എന്നിട്ടും ഇന്നും നിങ്ങൾക്കെന്നെ സംശയമാണല്ലേ?”

“നിങ്ങൾ തമ്മിലുള്ള റിലേഷനെങ്ങനെയാ? ഞാനറിയാതെ ഒരു രഹസ്യബന്ധം? ഞാൻ ഓഫീസിൽ പോയ ശേഷം നീ അയാളെ കാണാൻ പോകുന്നതെന്തിനാണ്?” നീരജ് സംശയ ദൃഷ്ടിയോടെ അഞ്ജ‌നയെ നോക്കി.

“നിങ്ങൾ വിചാരിക്കുപോലെ ഒന്നുമില്ല. നല്ല സൗഹൃദം മാത്രം.” അഞ്ജന അമർഷത്തോടെ പറഞ്ഞു.

“അതുശരി. ഞാനിത്രയും നേരം കേട്ടതൊക്കെ നുണയാണോ?”

“നിങ്ങളുടെ മനസ്സിലിരുപ്പെന്താണെന്ന നിങ്ങൾക്കുമാത്രമേ അറിയൂ. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത്ര തന്നെ. ഇന്ന് ഫോണിലൊന്നു സംസാരിച്ചുവെന്ന് മാത്രം.” അഞ്ജനയ്ക്കും ദേഷ്യമടക്കാനായില്ല.

“എനിക്ക് നിന്‍റെ വാദമൊന്നും കേൾക്കേണ്ട. പഴയ കാമുകനായിരുന്നു ഫോണിലെന്നു പറയാനെന്താ ഇത്ര മടി.”

“നീരജ്…” വെറുതെ കള്ളക്കഥയുണ്ടാക്കരുത്. ഇതൊക്കെ തരംതാഴ്ന്ന കളിയാണ്. മതി. ഇനിയെന്തെങ്കിലും പറഞ്ഞാൽ…”

“പറഞ്ഞാൽ, നീയെന്തു ചെയ്യും? അയാളോടൊപ്പം ഒളിച്ചോടുമായിരിക്കും. രണ്ടിനേയും ഞാൻ ജീവനോടെ വെച്ചേക്കില്ല.”

“നീരജ്… പ്ലീസ് ഇനിയൊരക്ഷരം മിണ്ടരുത്.” പുച്‌ഛത്തോടെയും അമർഷത്തോടെയും അവൾ നീരജിനെ നോക്കി. നീരജ് അവളുടെ മുഖത്താഞ്ഞടിച്ചു.

“നീരജ്…”

“ഈഗോയാണ് നിങ്ങൾക്ക്, സംശയ രോഗം. ഇങ്ങനെയാണോ ഭർത്താവിന്‍റെ അധികാരമെടുക്കുന്നത്. ഛെ! എത്ര ഇടുങ്ങിയ മ്ലേച്‌ഛമായ മനസ്സാണ് നിങ്ങളുടേത്.”

“മര്യാദയ്ക്ക് എന്‍റെ കൺവെട്ടത്തു നിന്നും മാറിക്കോ… ഇല്ലെങ്കിൽ എന്‍റെ സ്വഭാവം നീ അറിയും.” നീരജ് കയർത്തു.

“വാസ്ത‌വം എന്താണെന്നറിയുമ്പോൾ നിങ്ങൾ പശ്ചാത്തപിക്കും. പക്ഷേ, നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം!” കോപവും സങ്കടവുമടക്കാനാവാതെ അവൾ കിതയ്ക്കുകയായിരുന്നു.

അഞ്ജന തന്നോട് മാപ്പു പറയുമെന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമെന്നും നീരജ് കരുതി. പക്ഷേ, അവൾ കുട്ടികളെ ഹോംവർക്കിൽ സഹായിക്കുകയായിരുന്നു. അവൾ തന്നെ വെല്ലുവിളിക്കുകയാണ്. ഞാൻ സംശയിച്ചതെത്ര ശരിയായി. നീരജ് കിടക്കയിൽ വന്നു കിടന്നു.

പ്രദീപിനെ ആദ്യമായി കണ്ടുമുട്ടിയ നാൾ ഓർമ്മയിൽ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ വേനലവധിക്കാലത്താണ് നീരജും അഞ്ജനയും കുട്ടികളോടൊപ്പം ഊട്ടിയിലെത്തിയത്. ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ലഗേജെല്ലാം മുറിയിലാക്കിയശേഷം റെസ്റ്റോറന്‍റിൽ ചെന്നപ്പോഴാണ് ആ പ്രശ്നമുണ്ടായത്. ഭക്ഷണത്തിനും കൂടി ചേർത്തുള്ള തുക മുൻകൂട്ടി നൽകിയിട്ടും വീണ്ടും ഒരു ബിൽ കൂടി. അതുകണ്ട് നീരജ് സപ്ലയറോട് കയർത്തു.

“നാലു ലഞ്ചും നാലു ഡിന്നറും പായ്ക്കേജിൽ ഉൾപ്പെടുത്തിയിരുന്നല്ലോ?”

“സർ, ഇന്നുച്ച മുതലുള്ള ഭക്ഷണത്തിന് പണം നൽകേണ്ട. പക്ഷേ, ഇപ്പോൾ ബില്ല് നൽകേണ്ടിവരും.”

“എവിടെ നിങ്ങളുടെ മാനേജർ? എനിക്ക് മാനേജറോട് സംസാരിക്കണം.” ബഹളം കേട്ട് ഹോട്ടൽ മാനേജർ അവിടെയെത്തി. അഞ്ജനയെ കണ്ട് ആശ്ചര്യത്തോടെ അയാൾ അവർക്കരികിലെത്തി.

“അഞ്ജന… നീ… ഇവിടെ?”

“നീരജ്!”‎

“ഞാനീ ഹോട്ടലിന്‍റെ മാനേജരാ…” വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകുമെന്നു വിചാരിച്ചതേയില്ല.

“ഇതെന്‍റെ ഹസ്ബന്‍റ്…” അഞ്ജന നീരജിനെ പരിചയപ്പെടുത്തി.

“കണ്ടതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങൾക്ക് സ്പെഷ്യൽ കൺസിഡറേഷൻ നൽകാൻ ഞാൻ സ്‌റ്റാഫിനോടു പറയാം.” “പ്രദീപ്, ഫോർമാലിറ്റിയുടെ ആവശ്യമൊന്നുമില്ല. നീയെത്ര വർഷമായി ഇവിടെ?”

“ആറ്. ഈ ഹോട്ടലിനും അത്രതന്നെ പഴക്കം കാണും. ഒ.കെ. അല്പം തിരക്കുണ്ട്. തിരുവനന്തപുരത്തു നിന്നും ഒരു കൂട്ടരെത്തുന്നുണ്ട്. അവർക്ക് വേണ്ടത് ചെയ്യട്ടെ. അതിരിക്കട്ടെ… നിങ്ങളുടെ റൂം നമ്പർ?”

“207.”

‘ഹലോ’ അയാൾ ജോലിക്കാരനെ കൈ വീശി വിളിച്ചു വരുത്തി.

“ഇവരുടെ ലഗേജൊക്കെ 107 ലേയ്ക്ക് ഷിഫ്റ്റ് ചെയ്തോളു.”

“ശരി. സർ.”

“കൂടുതൽ സൗകര്യമുള്ള റൂമാണ്. ബാത്ത് ടബ്ബ്, ടീ മേയ്ക്കിംഗ് ഫെസിലിറ്റി. ഒപ്പം ഒരു റും എക്സ്ട്രാ അറ്റാച്ച്ഡ്. കുട്ടികളും കൂടെയുള്ളതല്ലേ. ശരിക്കും എൻജോയ് ചെയ്തോളൂ.” പ്രദീപ് തിടുക്കത്തിൽ മുകൾ നിലയിലേക്കു പോയി.

“ആരാ അയാൾ?” നീരജ് അഞ്ജനയെ ആശ്ച്ചര്യത്തോടെ നോക്കി.

“പ്രദീപ് ഞങ്ങൾ സ്കൂ‌ളിൽ ഒന്നിച്ചു ചഠിച്ചതാ. പ്ലസ് ടു വരെ അവൻ വാ തുറന്നൊന്നു സംസാരിക്കുക പോലുമില്ലായിരുന്നു. ഡിഗ്രി ഫസ്‌റ്റിയർ ആയപ്പോഴേക്കും കോളേജിലെ സൂപ്പർ താരമായി മാറി.” പ്രദീപിന്‍റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലശ്ശേജൊക്കെ 107-ാം നമ്പർ റൂമിൽ കൊണ്ടുവച്ചു. അവർ കുളിച്ച് ഫ്രഷായി പുറത്തിറങ്ങാനൊരുങ്ങിയപ്പോഴേക്കും കോൾ ബെൽ മുഴങ്ങി. ‘മാഡം, പ്രദീപ് സാർ ഇവിടെ ഏൽപിക്കാൻ പറഞ്ഞിരുന്നു.’ അയാൾ പൂച്ചെണ്ടും ഒരു വലിയ കൂട നിറ യെ ഫ്രൂട്ട്‌സും അവർക്ക് നൽകി.

“ടു അഞ്ജന ആന്‍റ് ഫാമിലി.’ പൂച്ചെണ്ടിൽ വലിയ അക്ഷരത്തിൽ കുറിച്ചിട്ടിരിക്കുന്നത് കണ്ട നീരജിന് നീരസം തോന്നി.

“ഓ… ഇനിയിപ്പോ ഈ ഹോട്ടൽ തന്നെ നിന്‍റേതായല്ലോ? സന്തോഷമായില്ലേ.” മനസ്സിലെ അമർഷം പുറത്തു കാട്ടാതെ നീരജ് പറഞ്ഞു.

“വല്ലാത്ത ക്ഷീണം. കുറച്ചു നേരം വിശ്രമിച്ചിട്ട് വൈകുന്നേരം സ്‌ഥലമൊക്കെ ചുറ്റിക്കാണാൻ പോകാം.” നീരജ് കട്ടിലിൽ നിവർന്നു കിടന്നു.

അയാൾ ഉറക്കമുണർന്നപ്പോൾ മുറിയിലാരെയും കണ്ടില്ല. നീരജ് പെട്ടെന്ന് ഡ്രസ്സ് മാറി താഴെ ലോണിലെത്തി. കുട്ടികൾ ബാറ്റ്മിൻഡൻ കളിക്കുകയായിരുന്നു. “മമ്മി എവിടെ?”

“മമ്മി, അങ്കിളിന്‍റെ റൂമിലുണ്ട്.” നവീൻ മാനേജറുടെ മുറിയിലേക്ക് ചൂണ്ടി.

നീരജ് മുറി തുറന്നപ്പോൾ അഞ്ജന മാനേജറുടെ കസേരയിലിരിക്കുകയായിരുന്നു. പ്രദീപ് അൽപം മാറി നിന്ന് ഫോണിലാരോടോ സംസാരിക്കുന്നു.

“ആഹാ, ഇതെപ്പോ എഴുന്നേറ്റു. വിളിക്കാമായിരുന്നില്ലേ.” നീരജ് വാതിൽ തള്ളിത്തുറന്ന് അകത്തുവന്ന രീതി അവൾക്ക് ഇഷ്ടമായില്ല.

“ഓ.കെ. ഞാൻ റൂമിലേക്ക് പോവുന്നു. നിങ്ങൾ സംസാരിച്ചോളു.” നീരജ് നീരസത്തോടെ പറഞ്ഞു.

“സർ, പോകാൻ വരട്ടെ.” പ്രദീപ് നീരജിന്‍റെ കൈയിൽ പിടിച്ചു.

“സർ, കൂൾ ഡ്രിങ്ക്‌സ്… കാപ്പി…”

“വേണ്ട. ഒന്നും വേണ്ട.”

“അതൊന്നും പറ്റില്ല. ആദ്യമായി വന്നതല്ലേ. നല്ല ചൂടു ചായ എടുക്കാം.” പ്രദീപ് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു.

“വേണ്ട. എന്‍റെ മൂഡ് ശരിയല്ല. പിന്നെ വരാം.” നീരജ് ദേഷ്യത്തോടെ അഞ്ജനയെ നോക്കി.

“സൗകര്യം പോലെ വന്നാൽ മതി.” നീരജ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി. അൽപസമയത്തിനുശേഷം അഞ്ജന വളരെ സന്തോഷത്തോടെയാണ് ലോണിലെത്തിയത്.

“പ്രദീപ് ഇറ്റ്സ് റിയലി ഗ്രേറ്റ്. 150 സ്‌റ്റാഫിനെയല്ലേ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത്. 15,000 രൂപ ശമ്പളം, ഭക്ഷണം, താമസ സൗകര്യം ഇനിയെന്തു വേണം? നമുക്ക് വേണ്ടപ്പെട്ടവർ ഇങ്ങനെ നല്ല നിലയിൽ ജീവിക്കുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമല്ലേ?” അഞ്ജന പറഞ്ഞു.

“മതി വിവരണം. ആരെങ്കിലും കേട്ടാലെന്തു കരുതും?” നീരജ് മുറുമുറുത്തു.

“എന്തു കരുതാൻ. പഴയൊരു സുഹൃത്തിനെ കണ്ടപ്പോൾ സുഖവിവരങ്ങൾ തിരക്കുന്നുവെന്നു കരുതും. അത്രതന്നെ.” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“സുഹൃത്തല്ല. പഴയ കാമുകൻ.” നീരജിന്‍റെ മുഖം ചുവന്നുതുടുത്തു. അയാൾ അവളെ കുത്തിനോവിക്കുന്ന വിധത്തിലെന്തൊക്കെയോ പിറുപിറുത്തു.

“ഇക്കാലത്ത് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാൻ ആർക്കാ സമയം? ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും നല്ല സുഹൃത്തുക്കളാ. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല. അല്പസമയം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“ശരി, ഇനിയെന്താ പ്രോഗ്രാം?” നീരജ് പിണക്കം മാറ്റാൻ ശ്രമിച്ചു.

“ഇവിടെയടുത്ത് ഭംഗിയുള്ള പാർക്കുണ്ട്. ഹോട്ടൽ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ഗൈഡിനേയും കൂടെ അയയ്ക്കും. ചിലപ്പോൾ പ്രദീപും നമ്മുടെ കൂടെ വരുമായിരിക്കും.” അഞ്ജന ഉത്സാഹത്തോടെ പറഞ്ഞു.

“എന്തിനാണ് അയാൾ വരുന്നത്?” നീരജ് മുഖം ചുളിച്ചു.

“അതിലെന്താ തെറ്റ്? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വരണ്ടെന്നു പറയാം.”

“വേണ്ട, വേണ്ട. നിന്‍റെ ഇഷ്ടംതന്നെ നടക്കട്ടെ. നിനക്കിപ്പോ എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ലല്ലോ.”

പിറ്റേന്ന് രാവിലെ നീരജ് നല്ല ഉറക്ക ത്തിലായിരുന്നു. റൂം ബെൽ മുഴങ്ങുന്നത് കേട്ടാണ് അയാൾ ഉണർന്നത്. “ഹൊ! നാശം. ഇതെന്തു ഹോട്ടൽ? ഒന്നുറങ്ങാനും സമ്മതിക്കില്ലേ. അഞ്ജു… നീയൊന്നു ചെന്ന് വാതിൽ തുറന്നുനോക്ക്.” മറുപടിയൊന്നും ലഭിക്കാത്തതുകൊണ്ട് നീരജ് എഴുന്നേറ്റു.

“നീ ബാത്ത്റൂമിലാണോ?”

“അല്ല. പപ്പ ഞാനാ, മമ്മി താഴേക്കു പോയി.” നിമ്മി പറഞ്ഞു.

നീരജ് വാതിൽ തുറന്നു. ഒരു ഹോട്ടൽ ജീവനക്കാരൻ പൂച്ചെണ്ടുമായി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.

“ഗുഡ്മോണിംഗ് സർ, മാനേജർ സർ ഇത് താങ്കളെ ഏൽപിക്കാൻ പറഞ്ഞു.”

“ഗോ ടു ഹെൽ.” നീരജ് വാതിലാഞ്ഞടച്ചു. അയാൾ വേഗം ഡ്രസ്സ് മാറി താഴെ ലോണിൽ വന്നിരുന്നു. മാനേജറുടെ റൂം ലോക്ക് ചെയ്തിരിക്കുന്നു. കുറച്ചുനേരം നീരജ് ലോണിലെ ബെഞ്ചിൽ തന്നെയിരുന്നു. അപ്പോഴാണ് അഞ്ജനയും പ്രദീപും പുറത്തുനിന്ന് കാര്യമായെന്തോ സംസാരിച്ചു വരുന്നത്. അയാൾ ദേഷ്യം കടിച്ചമർത്തി.

“ഗുഡ്‌മോണിംഗ് സർ, രാത്രി ഉറക്കം പ്രശ്ന‌മായില്ലല്ലോ?”

“നീ ഇത്ര രാവിലെ എവിടെപ്പോയി?* നീരജ് അയാളെ വകവയ്ക്കാതെ അഞ്ജനയോട് ചോദിച്ചു.

“നിങ്ങൾ ഉറങ്ങുകയായിരുന്നില്ലേ. വെറുതെ റൂമിൽ ചടഞ്ഞിരിക്കേണ്ടെന്നു കരുതി പ്രദീപിന്‍റെ വീടുവരെയൊന്നു പോയി.” അവൾ യാതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു. ഉള്ളിൽ കത്തുന്ന തീനാളങ്ങൾ തന്നെ കത്തിച്ചാമ്പലാക്കുമോ എന്ന് നീരജ് ഭയപ്പെട്ടു.

“ശരി, എനിക്കല്പം തിരക്കുണ്ട്. ചായ കൊടുത്തുവിടാം. ഇവിടിരുന്നാൽ താഴ്വാരം വ്യക്തമായി കാണാം. നല്ലൊരനുഭവമായിരിക്കും.” പ്രദീപ് ഒഴിയാൻ ശ്രമിക്കുകയാണെന്ന് നീരജിന് മനസ്സിലായി.

“ഇതെന്തു തോന്ന്യാസമാ… ഇയാളോടൊപ്പം ഇങ്ങനെ പരസ്യമായി ചുറ്റിക്കറങ്ങാൻ നിനക്ക് നാണമില്ലേ?” പ്രദീപ് കൺവെട്ടത്തുനിന്നും മാറാൻ നോക്കിനിൽക്കുകയായിരുന്നു നീരജ്.

“നീരജ്, വെറുതെ അതുമിതും പറഞ്ഞ് സന്തോഷമില്ലാതാക്കല്ലേ. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞാനിനി അയാളോടു സംസാരിക്കുന്നില്ല. പോരേ?” നമ്മളിവിടെ താമസിക്കുന്നിടത്തോളം കാലം പ്രദീപ് നമ്മളോട് ഇതുപോലെയൊക്കെയാവും പെരുമാറുക. നിങ്ങളോടും മിങ്കിൾ ചെയ്യാൻ ശ്രമിച്ചതല്ലേ. പക്ഷേ, നിങ്ങളുടെ ഈ ഹാർഷ് പെരുമാറ്റം. അയാളുടെ ജീവിതം ശരിക്കുമൊരു ട്രാജഡി തന്നെയാ.”

“എനിക്കിനി അയാളെക്കുറിച്ചൊരക്ഷരം കേൾക്കണമെന്നില്ല.”

രണ്ടുദിവസം കൂടി ഊട്ടിയിൽ തങ്ങി അവർ മടങ്ങാനൊരുങ്ങുമ്പോൾ ഭംഗിയുള്ള പൂച്ചെണ്ടും വലിയൊരു ഗിഫ്റ്റുമായി പ്രദീപ് അവരുടെ മുറിയിലെത്തി.

“നീരജ്, ഈ അവധിക്കാലം എന്നെന്നും നിങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കട്ടെ. ഞാനും എന്‍റെ സ്‌റ്റാഫും താങ്കൾക്ക് മതിയായ സൗകര്യങ്ങളൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. താങ്കൾ കുറച്ചു ദി വസം കൂടി ഞങ്ങളുടെ അതിഥിയായി ഇവിടെ തങ്ങണമെന്നാണെന്‍റെ ആഗ്രഹം. നല്ല സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ വല്ലപ്പോഴുമല്ലേ ഇങ്ങനെ യൊരവസരം ലഭിക്കുകയുള്ളൂ.” അയാളുടെ ശബ്ദമിടറി. നീരജിന് കുറ്റബോധം തോന്നി. അയാളോടുള്ള ദേഷ്യം തെല്ലൊന്നടങ്ങി.

മാസങ്ങൾ പിന്നിട്ടിരിക്കുന്നു. “അന്നത്തെ സംഭവത്തിനുശേഷം അഞ്ജനയ്ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കരുതിയത്. എന്നാൽ ഇന്നിതാ അവൾ അയാളോട് ഫോണിൽ സം സാരിക്കുന്നു. ഒരുപക്ഷേ, അവർ എത്രവട്ടം റെ‌സ്റ്റോറന്‍റിൽ കണ്ടുമുട്ടിയിട്ടുണ്ടാവും….. അഞ്ജനയ്ക്കയാളെ ഇപ്പോഴും… ഓരോന്നാലോചിച്ച് നീരജിന് ഉറക്കം വന്നില്ല. നീരജ് ഒളികണ്ണോടെ അഞ്ജനയുടെ ഓരോ നീക്കവും ശ്രദ്ധിച്ചു. അവൾ അലമാരയിൽ നിന്നും ഡ്രസ്സ് തെരഞ്ഞെടുത്ത് ബാഗിൽ തിരുകുവാൻ തുടങ്ങി. ഒപ്പം ഏങ്ങി കരയുന്നുമുണ്ടായിരുന്നു. നിരജ് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ കണ്ണുതുറന്നപ്പോൾ അഞ്ജന നിറണ്ണുകളുമായി മുന്നിൽ വന്നു നിൽക്കുകയായിരുന്നു.

“നിങ്ങളെപ്പോലെ സംശയാലുവും സ്വർത്ഥനുമായ ഒരാളുടെ കൂടെ ജീവിക്കുക എളുപ്പമല്ല. ജീവിതത്തിന്‍റെ ഓരോ ചുവടും കരുതലോടെ വേണം മുന്നോട്ടു വയ്ക്കാൻ. അന്ന് ഞാൻ പ്രദീപുമായി സംസാരിക്കാനും വീട്ടിൽ പോകാനും കാരണമെന്താണെന്ന് നിങ്ങളറിഞ്ഞിരിക്കണം.” അവൾ തുടർന്നു.

“വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾ കഴിഞ്ഞാണ് അയാൾക്കൊരു മകനുണ്ടായത്. വലിയ ആഹ്ളാദത്തോടെ രണ്ടുവർഷം കടന്നുപോയി. എന്നാൽ ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. പെട്ടെന്ന് കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. ആ വിഷമം അവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കാലം ഓരോരുത്തർക്കുമായി എന്തെല്ലാമാണ് കരുതി വച്ചിരിക്കുന്നതെന്ന് ഒരിക്കലും പ്രവചിക്കുവാൻ സാധിക്കില്ല. ചില്ലുകൊട്ടാരം തകർന്നു വീഴുംപോലെ അവരുടെ ജീവിതവും ഛിന്നഭിന്നമായി.

മകന്‍റെ ആകസ്‌മിക മരണം അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. ഒരു കുഞ്ഞുണ്ടായാൽ ഈ വിഷമമൊക്കെ മാറുമെന്നവർ കരുതി. ഒരു വർഷത്തിനുശേഷം അവർക്കൊരു മകൾ ജനിച്ചു. ബുദ്ധിവൈകല്യമുള്ള കുഞ്ഞായിരുന്നു അത്. സംസാരശേഷിയുമില്ല. അതോടെ ആളുകൾ അവരോട് സഹതപിക്കുവാനും കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കാനും തുടങ്ങി. ജീവിതം വ്യർത്ഥമായെന്നു തോന്നിയപ്പോഴാണ് നാടുപേക്ഷിച്ച് ഈ ഹിൽഹോട്ടലിലെത്തിയത്. മകൾക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞതോടെ അയാളുടെ ഭാര്യയുടെ മാനസ്സികനില തെറ്റി. അന്ന് ഇതേക്കുറിച്ചൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്.

“എൻജോയ് ചെയ്യാനല്ലേ നിങ്ങൾ വന്നത്. എന്‍റെ പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ പിക്നിക് മൂഡ് നഷ്ടമാക്കേണ്ട. ഇതൊക്കെ പറഞ്ഞ് വെറുതെ നിങ്ങളുടെ സന്തോഷം കൂടി കളയേണ്ടെന്ന് പ്രദീപ് പറഞ്ഞതിനാലാണ് ഞാൻ അന്ന് ഒന്നും പറയാതിരുന്നത്. അയാളുടെ ഭാര്യയെ സമാധാനിപ്പിക്കുവാനും അവരുടെ വിഷമങ്ങൾ പങ്കുവയ്ക്കുവാനുമാണ് ഞാനന്നയാളുടെ വീട്ടിൽ ചെന്നത്. നമ്മുടെ നാട്ടിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിനോട് ചികിത്സ നടത്താമെന്നു വാക്കും നൽകി. ഞാനിതൊക്കെ നിങ്ങളോട് ഒന്നുരണ്ടുവട്ടം പറയാൻ തുനിഞ്ഞതുമാണ്. പക്ഷേ, നിങ്ങളുടെ മനസ്സിൽ മുഴുവനും വിഷമായിരുന്നില്ലേ. പത്തുവർഷത്തെ ദാമ്പത്യജീവിതം… അതത്രമാത്രം നിസ്സാരമാണോ? ഞാനെത്ര അഡ്‌ജസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്കിതൊക്കെ നിസ്സാരം മാത്രം. സ്നേഹം നനച്ച് വളർത്തി വലുതാക്കിയ ഈ സ്വപ്നസൗധം സംശയത്തിന്‍റെ പേരിൽ ഒരു നിമിഷം കൊണ്ടല്ലേ നിങ്ങൾ തകർത്തുടച്ചത്. നിങ്ങളുടെ സംശയരോഗത്തിനൊരറുതി വരാതെ നമ്മുടെ ദാമ്പത്യജീവിതം എത്രനാൾ മുന്നോട്ടു നീങ്ങും?”

നീരജിന് തന്‍റെ തെറ്റ് മനസ്സിലായി. സത്യാവസ്‌ഥ തിരിച്ചറിയാൻ വൈകിയല്ലോ എന്നോർത്ത് അയാൾ വിഷമിച്ചു. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യവും സാഹസവും നഷ്ടപ്പെട്ടിരുന്നു. എന്തെല്ലാം കുത്തുവാക്കുകളും ഇല്ലാക്കഥകളുമാണ് താൻ ചമച്ചു തീർത്തത്. നീരജിന് കുറ്റബോധം തോന്നി.

“അഞ്ജു” നീരജിന്‍റെ ശബ്ദമിടറി.

“എന്നോടു ക്ഷമിക്കു… ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാണ് ഞാൻ നിന്നോടു ചെയ്തത്.” നീരജ് കൂടുതലൊന്നും പറയാതെ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.

പ്രദീപ് ഭാര്യയെയും കുട്ടി പട്ടണത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിനെ കാണാൻ വന്നതാണെന്ന് നീരജിനു മനസ്സിലായി. അതിനുവേണ്ടിയാണ് അയാൾ അഞ്ജനയെ വിളിച്ചത്. നീരജ് ഉടനെ റിസീവറെടുത്ത് ട്രാവൽ ഏജന്‍റിന് ഫോൺ ചെയ്ത് ഒരു ടാക്സി അറേഞ്ച് ചെയ്തു.

“അഞ്ജന, ടാക്സി ഇപ്പോഴെത്തും. നീ പ്രദീപിനെ കൂട്ടി ഡോക്‌ടറുടെ പക്കൽ പോകണം. അയാളുടെ ഭാര്യക്ക് നല്ല ചികിത്സ നൽകണം. അവർ വേണമെങ്കിൽ രാത്രി ഇവിടെ താമസിക്കട്ടെ.”

അഞ്ജനയെ അഭിമുഖീകരിക്കാനാവാതെ നീരജ് പുറത്തേക്കിറങ്ങി. അന്നവൾ പലവട്ടം പറയാനൊരുങ്ങിയപ്പോൾ ഒരിക്കലെങ്കിലും താൻ ക്ഷമയോടെ കേട്ടിരുന്നെങ്കിൽ…. കുറ്റബോധം തോന്നിയെങ്കിലും തെളിഞ്ഞ ആകാശംപോലെ അയാളുടെ മനസ്സ് ശാന്തമായി.

പറയാതെ പറയുന്ന പ്രണയം!

രാത്രി 11 മണി. അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു മായ. അപ്പോഴാണ് പിന്നിലൂടെ വന്ന് വരുൺ കെട്ടിപ്പിടിച്ചത്.

“പെട്ടെന്ന് ജോലി തീർത്തു വാ…. പ്ലീസ്” പ്രണയാർദ്രനായിരുന്നു അയാൾ.

“എന്താ ഈ ചെയ്യുന്നത്? വിടുന്നേ….” അവൾ കുതറി. അയാൾ പിടി മുറുക്കിയതേ ഉള്ളൂ.

“എങ്ങനെ വിടും നിന്നെ ഇപ്പോൾ…” ഒരു കുട്ടിയുടെ ശാഠ്യം അവൾ ആ മുഖത്തു കണ്ടു.

“ഇന്നിതെന്തു പറ്റി? 12 മണിവരെ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളാണല്ലോ” അവൾ അത്ഭുതം കുറി.

“വേഗം വാ. ഇന്നു വേണം.” ചിരിയോടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു.

മായയ്ക്ക് അയാളെ നന്നായറിയാം, മൂഡ് വരുമ്പോൾ അയാൾ എല്ലായ്പ്പോഴും ഇങ്ങനെയാണ് പെരുമാറുക. അവൾ പെട്ടെന്നു തന്നെ അടുക്കള ജോലികൾ തീർത്ത് ഫ്രഷ് ആയി ബെഡ്‌റൂമിലേക്കു ചെന്നു. അവിടെ വരുൺ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ആഗ്രഹങ്ങൾ മനസ്സിലാക്കുക

പങ്കാളിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക എന്നത് ദാമ്പത്യബന്ധത്തിൽ പ്രധാനമാണ്. അതിനു കഴിയാതെ പോയതാണ് ചിത്രയുടെയും രമേശിന്‍റെയും ദാമ്പത്യം തകരാൻ പ്രധാന കാരണം. തുറന്ന സംസാരം അവർക്കിടയിൽ കുറവായിരുന്നു. തന്‍റെ ആവശ്യങ്ങൾ തുറന്നു പറയാൻ ചിത്ര മടിച്ചു. ഓഫീസിൽ നിന്ന് ക്ഷീണിച്ചു മടങ്ങി വന്ന രമേശിന്‍റെ അടുത്ത് സ്നേഹപ്രകടനങ്ങൾ കാണിക്കാനും മുളിപ്പാട്ടുപാടാനും ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയാർദ്രയായി രമേശിനെ നോക്കാനും രാത്രി സുതാര്യമായ നൈറ്റി അണിഞ്ഞ് ബെഡ്റൂമിൽ പ്രത്യക്ഷപ്പെടാനുമൊക്കെയായിരുന്നു ചിത്രയുടെ ശ്രദ്ധ മുഴുവനും. പക്ഷേ മുഴുവൻ സമയവും ജോലി, ഓഫീസ് എന്നൊക്കെ ചിന്തിച്ചു നടക്കുന്ന രമേശിന് ചിത്രയുടെ മൂഡ് മനസ്സിലായില്ല. പതിവുപോലെ, ക്ഷീണിച്ച് അയാൾ ഉറങ്ങിയപ്പോൾ അയാൾക്കു പുറം തിരിഞ്ഞ് നിരാശയായി രാത്രി തള്ളി നീക്കുകയായിരുന്നു ചിത്ര.

ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ് നിശ്ചയിക്കുന്നത് ആരോഗ്യകരമായ സെക്സാണെങ്കിലും പലരും പങ്കാളിയുടെ വികാരങ്ങളെ തൃപ്ത‌ിപ്പെടുത്താൻ ശ്രമിക്കാറില്ല. ‘ഞാനിപ്പോൾ സെക്സ് ആഗ്രഹിക്കുന്നു’ എന്ന് ഒരു ‘കോഡി’ലൂടെ പോലും രമേശിനെ അറിയിക്കാൻ കഴിയാതെ പോയതാണ് ചിത്രയുടെ പരാജയം.

എന്നാൽ ജോസിന്‍റെയും ആനിയുടെയും കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓഫീസിൽ നിന്നും വന്നു കയറുന്ന ജോസിന്‍റെ പെരുമാറ്റവും മുഖഭാവങ്ങളും കണ്ടാൽ ആനിയ്ക്കറിയാം അയാൾക്കെന്തു വേണമെന്ന്. “അദ്ദേഹത്തിന്‍റെ മൂഡ് എനിയ്ക്കറിയാൻ കഴിയാറുണ്ട് എപ്പോഴും. എന്‍റെ ആവശ്യങ്ങൾ ഒരിക്കലും എനിയ്ക്ക് പറയേണ്ടി വന്നിട്ടില്ല. ജോസ് എല്ലാം മനസ്സിലാക്കി പെരുമാറാൻ കഴിവുള്ള കുട്ടത്തിലാ ണ്.” സന്തോഷത്തോടെ ആനി പറയുന്നു.

ആനി പറഞ്ഞത് ശരിയെന്ന് ജോസും ശരിവെക്കുന്നു. “ചെറിയ ചെറിയ ഇഷ്ടങ്ങൾ വരെ പരസ്‌പരം സഫലീകരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. പലപ്പോഴും ‘കോഡ്’ ഉപയോഗിച്ച് ഞാനെന്‍റെ ആവശ്യങ്ങൾ അവളെ അറിയിക്കും. അവൾക്കതു മനസ്സിലാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷവും യാതൊരുവിധ തെറ്റിദ്ധാരണകളുമില്ലാതെ ഞങ്ങളുടെ ബന്ധം സുദ്യഢമായിത്തന്നെ തുടരുന്നു.” ജോസിന്‍റെ വാക്കുകളിൽ അഭിമാനം മാത്രം..

പങ്കാളിയുടെ ഇഷ്ട‌ം മാനിക്കുക

പങ്കാളിയുടെ ഇംഗിതം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയാതെ വന്നാൽ അത് പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. തന്‍റെ ആഗ്രഹങ്ങൾ മനസ്സിൽ തന്നെ ഒതുക്കാനും വികാരങ്ങളെ അടിച്ചമർത്താനും അയാൾ ശ്രമിക്കും. ഇത് സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളിലേക്കാണ് പലപ്പോഴും നയിക്കുക. അതുകൊണ്ട് ബുദ്ധിപൂർവ്വമായ സമീപനമായിരിക്കണം ഇത്തരം വിഷയങ്ങളിൽ എടുക്കേണ്ടത്.

പരസ്‌പരം മനസ്സിലാക്കാതെ വികാരങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവർ വിവാഹേതരബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഫലമോ ദാമ്പത്യം ശിഥിലമാകുന്നു. അതുകൊണ്ട് സമയാസമയങ്ങളിൽ പങ്കാളിയുടെ മനസ്സറിഞ്ഞ്, വികാരങ്ങളറിഞ്ഞ് പെരുമാറുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ.

പൂർണ്ണ പിന്തുണ

ഉദ്യോഗസ്ഥയായ ശാലിനിയുടെ അനുഭവം തന്നെ നോക്കൂ. രാത്രി 9 മണി യോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ശാലിനി ഡിന്നർ ഒരുക്കി ഭർത്താവിനും കുട്ടികൾക്കും നൽകുമ്പോഴേക്കും ക്ഷീണിതയായി കഴിഞ്ഞിരിക്കും. ‘എവിടെയെങ്കിലും ഒന്നു തല ചായ്ച്ചാൽ മതി’ എന്ന ചിന്തയുമായി ഒന്നു വിശ്രമിക്കാനൊരുങ്ങുമ്പോഴാകും സന്തോഷ് ‘കോഡു’മായി സമീപിക്കുന്നത്. ഭർത്താവിന്‍റെ ഇംഗിതം മനസ്സിലായാലും അത് അവഗണിച്ച് ശാലിനി ഉറങ്ങാൻ കിടക്കും. ശാലിനിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം സന്തോഷിനെ കോപാകുലനാക്കും. പലപ്പോഴും വഴക്കിലാണ് രണ്ടുപേരും ചെന്നെത്തുക.

ഭാര്യമാരുടെ മൂഡു നോക്കാതെ പെരുമാറുന്ന സന്തോഷിനെപ്പോലെയുള്ള ഭർത്താക്കന്മാർ നിരവധിയുണ്ട്. കുമാർ അതുപോലെയൊരാളാണ്. എഞ്ചിനീയറായ കുമാർ ഓഫീസ് വിട്ട് വീട്ടിലെത്തിയാലും 12 മണിവരെ കമ്പ്യൂട്ടറിനു മുന്നിലാണ്. ഭാര്യ ഇഷയ്ക്ക് കുമാറിന്‍റെ ഈ സ്വഭാവം ഒട്ടുമിഷ്ടമില്ല.

തന്‍റെ ഇംഗിതങ്ങൾ കുമാറിനെ അറിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അവഗണനയാണ് പകരം കിട്ടിയത്. അതോടെ അവളുടെ മനസ്സിൽ കുമാറിനോടുള്ള പ്രണയത്തിനും മങ്ങൽ വീണു. കുമാറിന്‍റെയും സന്തോഷിന്‍റെയും ഒക്കെ ദാമ്പത്യത്തിൽ വില്ലനായ ഘടകം പരസ്പ‌രം മനസ്സിലാക്കാൻ കഴിയാതെ പോയതാണ്. എത്ര ജോലിത്തിരക്കിലായാലും പങ്കാളിക്കൊപ്പം കഴിയാൻ അല്പം സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കുക. ജീവിതവിജയത്തിന് ദാമ്പത്യബന്ധം നൽകുന്ന പിന്തുണ ചെറുതല്ല. നല്ല ദാമ്പത്യബന്ധത്തിന് സെക്സും ഒരു അവിഭാജ്യഘടകമാണ്. ഇതൊക്കെ മനസ്സിലാക്കി കഴിയുന്നതും ഓഫീസ് ജോലികൾ വീട്ടിലേക്ക് കൊണ്ടുവരാതെ നോക്കണം.

പുതുമ കൊണ്ടുവരിക

രജിതയുടെ മനസ്സ് നല്ലതുപോലെ മനസ്സിലാക്കിയ ആളാണ് പ്രമോദ്. ഭാര്യയുടെ മുഡുനോക്കി പെരുമാറാനും സെക്സിൽ പുതുമകൾ കൊണ്ടുവരാനും മറക്കാറില്ലെന്നു പ്രമോദ് പറയുന്നു.“ആഗ്രഹങ്ങളും താൽപര്യങ്ങളും എല്ലാം ഞങ്ങൾ പരസ്‌പരം നന്നായി മനസ്സിലാക്കാറുണ്ട്. പൂർണ്ണ പിന്തുണ നൽകാറുമുണ്ട്. ജീവിതത്തിൽ പുതുമകൾ ആഗ്രഹിക്കാത്ത ആരാണുള്ളത്? പിന്നെ സെക്സിൽ മാത്രം എന്തുകൊണ്ടായിക്കൂടാ? ഞങ്ങളുടെ ദാമ്പത്യം ഇന്നും സുദൃഢമായി നിലനിർത്തുന്നത് ഈ പുതുമകൾ തന്നെയാണ്.”

രജിതയുടെ വാക്കുകളിലുമുണ്ട് ഒരു ചെറിയ അഹങ്കാരം. പരസ്‌പരം കലഹിച്ചും ചിണങ്ങിയും വഴിപിരിയുന്നവരുടെ ലോകത്ത് രജിതയ്ക്ക് അഹങ്കരിക്കാൻ അവകാശമുണ്ടുതാനും.“എനിക്കു പൂർണസംതൃപ്ത‌ി നൽകാൻ ഭർത്താവ് എപ്പോഴും ശ്രമിക്കാറുണ്ട്. അദ്ദേഹം അതിനായി ഇടയ്ക്കിടെ പുതുമകൾ കൊണ്ടുവരുന്നു.” സംതൃപ്‌തയായ ഒരു ഭാര്യയുടെ സ്വരത്തിൽ രജിത പറയുന്നു.

സംതൃപ്ത‌മായ സെക്സിന് പുതുമകൾ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് പ്രമുഖ സെക്സോളജിസ്റ്റുകളുടേയും അഭിപ്രായം. ജീവിതത്തിലെ മടുപ്പും മുഷിപ്പും ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് അവർ പറയുന്നു. എന്താണ് ആവശ്യമെന്ന് പങ്കാളി പറയുന്നതിനു മുമ്പേ തന്നെ അദ്ദേഹത്തിന്‍റെ ഇംഗിതം മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു വാക്കുപോലും പറയാതെ പരസ്പ്‌പരം മനസ്സിലാക്കാൻ കഴിയുക. എത്ര ഊഷ്‌മളമായ ബന്ധമാണത്!

നല്ല രുചി!

മിക്സ‌്‌ഡ് ട്രയാങ്കിൾ

ചേരുവകൾ

ചോളമാവ് ഒരു കപ്പ്

മൈദ അര കപ്പ്

വേവിച്ച് ഉടച്ച ഗ്രീൻപീസ് ഒരു കപ്പ്

ഇഞ്ചി അരച്ചത് ഒരു ടേബിൾ സ്‌പൂൺ

അയമോദകം അര ടീസ്‌പൂൺ

സോഡ ഒരു നുള്ള്

എണ്ണ ആവശ്യത്തിന്

മുളകുപൊടി അര ടീസ്‌പൂൺ

സോസിന് ആവശ്യമായ ചേരുവകൾ

തക്കാളി നാലെണ്ണം

ഗരം മസാല ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

എണ്ണയൊഴികെ മറ്റു ചേരുവകളെല്ലാം ചുടുവെള്ളത്തിൽ കുഴച്ചെടുത്ത് പത്തിരുപത് മിനിറ്റ് വയ്ക്കുക. പിന്നീടിത് വീണ്ടും കുഴച്ച ശേഷം രണ്ടായി പകുത്ത് ഉരുളകൾ തയ്യാറാക്കണം. ഇത് അര സെ.മീ. കനത്തിൽ പരത്തിയെടുക്കുക.

ഒരു തവയിൽ അല്പം എണ്ണയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചപ്പാത്തി ചുടുന്നപോലെ ചുട്ടെടുക്കണം. തണുക്കുമ്പോൾ ത്രികോണാകൃതിയിൽ മുറിച്ചെടുക്കാം. പിന്നീട് എണ്ണ ചൂടാക്കി ബ്രൗൺ നിറമാവുന്നതു വരെ വറുക്കുക. ചൂടോടെയോ തണുപ്പിച്ചോ ഫ്രഷ് ടൊമാറ്റോ സോസിനൊപ്പം സർവ്വ് ചെയ്യാം.

ഫ്രഷ് ടൊമാറ്റോ സോസ് തയ്യാറാക്കുന്നതിന് തക്കാളി അരച്ച് ഉപ്പും ഗരം മസാലയും ചേർത്ത് കട്ടിയാവുന്നതു വരെ പാകം ചെയ്യുക.

റൈസ് ടിക്കി

ചേരുവകൾ

വേവിച്ചുടച്ച ചോറ് രണ്ട് കപ്പ്

ഗോതമ്പുപൊടി രണ്ടു ടേബിൾ സ്‌പൂൺ

കടലപ്പൊടി രണ്ട് ടേബിൾ സ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

മുളകു പൊടി അര ടീസ്‌പൂൺ.

തയ്യാറാക്കുന്ന വിധം

ചോറ്, ഗോതമ്പുപൊടി, കടലപ്പൊടി എന്നിവ യോജിപ്പിച്ച് ഉപ്പും മുളകും ചേർത്ത് നന്നായി കുഴയ്ക്കണം. അല്പം മിശ്രിതമെടുത്ത് ഇടയ്ക്ക് വെജ് / നോൺവെജ് ഫില്ലിംഗ് നിറച്ച് ഉരുളകൾ തയ്യാറാക്കി ഒന്നമർത്തി എടുക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഇവ ഓരോന്നായി ചുട്ടെടുക്കണം. സോസിനൊപ്പമോ, പൊദിന ചട്‌നിക്കൊപ്പമോ സർവ്വ് ചെയ്യാം.

ചൗവരി മിനി പൈ

ചേരുവകൾ

ചൗവരി ഒരു കപ്പ്

മൈദ ഒരു കപ്പ്

സോഡ ഒരു നുള്ള്

ഉപ്പ് ഒരു നുള്ള്

എണ്ണ ഒരു ടേബി ൾ സ്‌പൂൺ.

ഫില്ലിംഗിനുള്ള ചേരുവകൾ

കനം കുറച്ചരിഞ്ഞ ഉരുളക്കിഴങ്ങ് ഒന്ന്

തക്കാളി കനം കുറച്ചരിഞ്ഞത് ഒന്ന്

നീളത്തിൽ കനം കുറച്ചരിഞ്ഞ സവാള ഒന്ന്

നിലക്കടല രണ്ട് ടേബിൾ സ്‌പൂൺ

പച്ചമുളക് അരി ഞ്ഞത് രണ്ടെണ്ണം

മുളകുപൊടി അര ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

എണ്ണ ഒരു ടേബിൾ സ്‌പൂൺ

കടുക് അര ടീസ്‌പൂൺ.

തയ്യാറാക്കുന്ന വിധം

ചൗവരി രണ്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കാനിടുക. ഇതിൽ പകുതിയോളം അരിപ്പയിൽ തന്നെ വയ്ക്കുക. ബാക്കിയുള്ള ചൗവരിയിൽ മൈദ, സോഡ, ഉപ്പ് എന്നിവയ്‌ക്കൊപ്പം എണ്ണയും ചേർത്ത് നന്നായി കുഴയ്ക്കുക. ഈ മാവ് നാലായി പകുത്തെടുത്ത് അര സെ.മി. കനത്തിൽ പരത്തിയെടുത്ത് ഓവനിൽ വച്ച് 180 ഡിഗ്രി സെന്‍റിഗ്രേഡിൽ പത്ത് മിനിറ്റ് ബേക്ക് ചെയ്യണം. എണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച് ഉരുളക്കിഴങ്ങും സവാളയുമിട്ട് ബ്രൗൺ നിറമാവുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളിയും പച്ചമുളകും നിലക്കടലയുമിട്ട് വഴറ്റണം. അരിച്ചു വച്ചിരിക്കുന്ന ചൗവരിയിൽ ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. തീ അണച്ച് അഞ്ചുമിനിറ്റ് അടച്ചു വയ്ക്കണം. ഇത് പൈയിൽ നിറച്ച് മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്‌ത്‌ സർവ്വ് ചെയ്യാം.

ചേന കബാബ്

ചേരുവകൾ

ചേന 500 ഗ്രാം

വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് രണ്ടെണ്ണം

കടലമാവ് വറുത്തത് നാല് ടേബിൾ സ്‌പൂൺ

കടലപ്പരിപ്പ് വേവിച്ചത് അര കപ്പ്

പച്ചമുളക് കനം കുറച്ചരിഞ്ഞത് മൂന്നു നാലെണ്ണം

ഇഞ്ചി കനം കുറച്ചരിഞ്ഞത് ഒരു ടേബിൾ സ്‌പൂൺ

കായം രണ്ടു നുള്ള്

സവാള വട്ടത്തിൽ കനം കുറച്ചരിഞ്ഞത് ഒന്ന്

മുളകുപൊടി അര ടീസ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേന നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇതിൽ അല്പം ഉപ്പു പുരട്ടി അര മണിക്കൂർ വയ്ക്കണം. വീണ്ടും ഒന്നുകൂടി കഴുകി കുറച്ചു വെള്ളവും ഒഴിച്ച് കുക്കറിൽ വേവിച്ച് ഉടച്ചെടുക്കണം. ഇതിൽ ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, കടലമാവ്, ഉപ്പ്, കായം, മുളകുപൊടി എന്നിവയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. അല്പം മിശ്രിതമെടുത്ത ശേഷം പരിപ്പും പച്ചമുളകും ഇഞ്ചിയും അതിൽ നിറയിക്കണം. ഉരുള തയ്യാറാക്കി ഒന്നമർത്തിയെടുക്കുക. ഇത് ഒരു നോൺ സ്‌റ്റിക് പാനിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കണം. സവാള സ്ലൈസോ, പൊദിനയില ചട്നിയോ ചേർത്ത് സർവ്വ ചെയ്യാം…

ചനാ മസാല ടാർട്ട്

ചേരുവകൾ

മൈദ ഒരു കപ്പ്

എണ്ണ ഒരു ടേബിൾ സ്‌പൂൺ

സോഡാപ്പൊടി ഒരു നുള്ള്

ഉപ്പ് ഒരു നുള്ള്

ഫില്ലിംഗിനുള്ള ചേരുവകൾ

ബ്രൗൺ കടല വേവിച്ചത് അര കപ്പ്

സവാള കനം കുറച്ചരിഞ്ഞത് ഒന്ന്

ഇഞ്ചി അരിഞ്ഞത് ആവശ്യത്തിന്

പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം

തക്കാളി അരിഞ്ഞത് ഒരെണ്ണം

എണ്ണ ഒരു ടേബിൾ സ്‌പൂൺ

ജീരകം കാൽ ടീസ്‌സ്പൂൺ

മാങ്ങാപ്പൊടി അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

മൈദയിൽ സോഡാപ്പൊടിയിട്ട് ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് കട്ടിയായി കുഴച്ചെടുക്കുക. എണ്ണ ചൂടാക്കിയതിൽ ജീരകമിട്ട് മൂപ്പിച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവയും ഇട്ട് വഴറ്റണം. ഇതിൽ തക്കാളി മുറിച്ചതും ഇടണം. പിന്നീട് കടലയും മാങ്ങാപ്പൊടിയും ചേർത്ത് വേവിക്കുക.

കുഴച്ചുവെച്ച മാവ് അര സെ.മീ. കനത്തിൽ പരത്തി ടാർട്ട് ടിന്നിൽ നിറയ്ക്കണം. കമ്പികൊണ്ട് കോർത്ത് ഓവനിൽ 180 ഡിഗ്രി സെന്‍റി ഗ്രേഡിൽ ബേക്ക് ചെയ്‌ത ശേഷം ടിന്നിൽ നിന്നെടുത്ത് തണുക്കാൻ വയ്ക്കുക. ഓരോ ടാർട്ടിനകത്തും ചനാ മസാല നിറച്ച് തക്കാളി കഷണങ്ങൾ കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें