ഭരണം

ഇളയ മകൾ നയനയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാവിത്രിയമ്മ മംഗലം തറവാട്ടിൽ തീർത്തും തനിച്ചായി. വാർദ്ധക്യസഹജമായ രോഗങ്ങളും കാഴ്ചമങ്ങലും മൂലം അവർ ഏറെ അസ്വസ്ഥയായിരുന്നു.

സാവിത്രിയമ്മയ്ക്ക് മൂന്ന് പെൺമക്കളാണ്. മൂത്ത മകൾ നിഷയുടെ വീട്ടിലേയ്ക്ക് ഏതാണ്ട് ഒന്നരമണിക്കൂർ ദൂരം കാണും. മറ്റുള്ളവരുടെ വീടുകൾ അതിലും ദൂരെയാണെന്നതിനാൽ സാവിത്രിയമ്മ മൂത്ത മകളെയാണ് ഏതാവശ്യത്തിനും ആശ്രയിക്കാറ്.

“മോളേ നിഷേ, നീ ഇവിടം വരെയൊന്നു വരണം. കണ്ണിലാകെയൊരു മൂടൽ.”

സാവിത്രിയമ്മ വിളിച്ചപ്പോൾ നിഷ അന്നുതന്നെ വീട്ടിലെത്തി. ഡോക്ടറെ കണ്ടപ്പോൾ ഒരാഴ്ചയ്ക്കകം തിമിര ശസ്ത്രക്രിയ നടത്തണമെന്നാണ് പറഞ്ഞത്. പക്ഷേ ഓപ്പറേഷനു ശേഷം സാവിത്രിയമ്മയെ ആരു നോക്കും? നിഷയ്ക്ക് ആശങ്കയായി.

അനുജത്തി നീരജയെ ഫോണിൽ വിളിച്ചു. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് സൂചിപ്പിച്ചു.

“ഞാൻ അമ്മയേയും കൂട്ടി ഇവിടെ അടുത്തുള്ള ഡോ. രംഗനാഥന്‍റെ ആശുപത്രി വരെ പോയിരുന്നു. ഒരാഴ്ചയ്ക്കകം അമ്മയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ഓഫീസിൽ ആന്വൽ ക്ലോസിംഗ് തിരക്കാണ്. ഒരു ദിവസത്തെ ലീവ് കിട്ടാൻ പോലും പ്രയാസമാണ്.” ഓപ്പറേഷനു ശേഷം അമ്മയെ നോക്കാൻ പറ്റില്ലെന്ന കാര്യം നിഷയുടെ സംസാരത്തിൽ നിന്നും സ്പഷ്ടമായിരുന്നു.

“ങേ, അമ്മയെ ആരു നോക്കും? എന്‍റെ ആരോഗ്യസ്ഥിതി അറിയാവുന്നതല്ലേ… അപ്പോ പിന്നെ ഞാനെങ്ങനെ അവിടെ വന്നുനിന്ന്…” നീരജയുടെ ശബ്ദ്ദം നേർത്തു വന്നു.

“അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് അസുഖമായി. പുറത്തെവിടെയെങ്കിലും പോകണമെന്നു പറഞ്ഞാൽ നിനക്കൊരു കുഴപ്പവുമില്ലല്ലോ?” നിഷയുടെ സ്വരത്തിൽ പരിഹാസം കലർന്നു.

“ക്ലോസിംഗ് ഡേറ്റാണ്, ലീവെടുക്കാൻ പറ്റില്ല എന്നൊക്കെ വെറുതെ നുണ പറയേണ്ട. കഴിഞ്ഞ വർഷം നീ ഇതേ സമയത്തല്ലേ ചേട്ടന്‍റെ കൂടെ മലേഷ്യയിലേയ്ക്ക് കറങ്ങാൻ പോയത്?” തർക്കത്തിൽ തന്നെ തോല്പിക്കേണ്ട എന്ന ഭാവമായിരുന്നു നീരജയുടേത്.

“ചേട്ടൻ ഓഫീസിൽ നിന്നും വർഷാവർഷം ട്രാവൽ അലവൻസ് കിട്ടുന്നുണ്ട്. ആ ഓഫറങ്ങ് വെറുതെ കളയാൻ പറ്റുമോ? മണ്ടത്തരമല്ലേ…” നിവൃത്തികേടിന്‍റെ ലാഞ്ജന ആ സംസാരത്തിൽ പ്രകടമായിരുന്നു.

“ഇതേക്കുറിച്ചു നയനയോടു സംസാരിച്ചോ?” നീരജ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.

“ഞാൻ അവളെയും വിളിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ അവളുടെ അമ്മായിയമ്മ, ആ ഭയങ്കരി അതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”

“ശരിയാ, ആകാശം ഇടിഞ്ഞു വീണാലും അവര് നയനയെ അയയ്ക്കുമെന്നു തോന്നുന്നില്ല. അവരോട് സംസാരിച്ച് നാണം കെടാൻ ഞാനില്ല…”

“മൂന്നുമാസം മുമ്പ് നയനയുടെ വീട്ടിൽ വച്ചു നടന്ന ആ സംഭവം നീ മറന്നോ? നയനയുടെയും കിരണിന്‍റെയും വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരുമാസമായി കാണും…” ഒരു നിമിഷം നിശ്ശബ്ദയായ ശേഷം നിഷ തുടർന്നു.

“സ്വീറ്റ്സും ചോക്ലേറ്റുമൊക്കെയായി നമ്മൾ ആദ്യമായി അവിടെ പോയത്…”

“ചെറിയൊരു ഷോപ്പിംഗ്.. നയനയെ കുറച്ചു സമയത്തേക്ക് ഞങ്ങളുടെ കൂടെ പുറത്തേയ്ക്ക് അയയ്ക്കാമോ എന്ന് നീ അന്ന് എത്ര കെഞ്ചിയതാ… എന്നിട്ടവര് സമ്മതിച്ചില്ലല്ലോ.”

“ശരിയാവില്ലെന്ന്… എത്ര കർശനമായാണവർ പറഞ്ഞത്. നീരജയുടെ സംസാരത്തിലുടനീളം നയനയുടെ അമ്മായിയമ്മയോടുള്ള എതിർപ്പ് പ്രകടമായിരുന്നു.

“നീ അന്ന് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കാൻ ഭാവിച്ചപ്പോൾ അവർ മുഖം കറുപ്പിച്ച് മറുപടി പറഞ്ഞത് ഓർക്കുന്നില്ലേ!’

“നയനയെ പുറത്തേക്കൊന്നും വിടാൻ പറ്റില്ല. മൂത്ത മകന്‍റെ രണ്ടു മക്കൾക്കും പരീക്ഷയാണ്. നയനയാണവർക്ക് ട്യൂഷനെടുക്കുന്നത്. ഇവൾ ഇവിടെ നിന്നും ഒരു മണിക്കൂർ മാറി നിന്നാൽ… ശരിയാവില്ല.” അന്തിമ തീരുമാനമെന്നോണം അവർ എത്ര രൂക്ഷമായാണ് നമ്മളെ നോക്കിയത്. ഞങ്ങളൊന്നും ഉത്തരവാദിത്തം മറന്നു ജീവിക്കുന്നവരല്ലെന്നു പറഞ്ഞ് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണവർ അകത്തേയ്ക്കു. പോയത്. അന്നു നാണം കെട്ടതുപോലെ ഇനിയും നാണം കെടാനാണോ?”

“ദൈവകിയെന്നല്ലേ അവരുടെ പേര്? പക്ഷേ പ്രവൃത്തിയോ… മറ്റുള്ളവരോട് പെരുമാറുന്നതെന്ന് എത്ര മോശമായാണവർ. ഞാൻ നയനയോട് സൂചിപ്പിച്ചപ്പോൾ അവൾ അവരുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് ശ്രമിച്ചത്. ”

“അത് അമ്മയുടെ പ്രകൃതമാണ്. അമ്മയുടെ സംസാരം നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതു കൊണ്ടുള്ള പ്രശ്നമാണ്. ശുദ്ധമനസ്കയാണ് അമ്മ. അതുകൊണ്ടല്ലേ നിങ്ങൾ വന്നു വെന്നറിഞ്ഞ് ഉടനെ ചൂടുള്ള സമോസയും ജിലേബിയുമൊക്കെ വരുത്തിച്ചത്.”

“അമ്മായിയമ്മയുടെ ഭാഗം ചേർന്നുള്ള നയനയുടെ സംസാരം എനിക്ക് തീരെ ഇഷ്ടമായില്ല.” നിഷയും തന്‍റെ പരിഭവം അറിയിച്ചു.

അമ്മയെ കുറ്റപ്പെടുത്താനൊരവരം കിട്ടിയതും നീരജ നഷ്ടപ്പെടുത്തിയില്ല. “ശരിയാ… അമ്മ തിടുക്കം കൂട്ടി, അവളെ ഇങ്ങനെയൊരു വീട്ടിലേയ്ക്ക് വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ടിയിരുന്നില്ല. എങ്ങനെയാണാവോ ആ ശ്വാസം മുട്ടുന്ന ചുറ്റുപാടിൽ അവൾ ജീവിക്കുന്നത്? ആശ്ചര്യം തോന്നുന്നു. തുറന്നു പറഞ്ഞാൽ അവരുടെ ഹിറ്റ്ലർ ഭരണമാണ് ആ വീട്ടിൽ നടക്കുന്നത്. ദേവകിയമ്മയ്ക്ക് ദേഷ്യം വന്നാൽ പിന്നെ രണ്ടാൺമക്കളുടെ ശബ്ദം പോലും ആ വീട്ടിൽ കേൾക്കില്ല…”

രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും മൂത്തമകന്‍റെ രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു ദേവകിയുടെ കുടുംബം. വീട്ടുജോലിയൊക്കെ ദേവകി രണ്ടു മരുമക്കൾക്കുമായി വീതിച്ചു കൊടുത്തിരുന്നു.

സ്കൂൾ അധ്യാപികയാണ് നയന. ഉദ്യോഗമുണ്ടോ ഇല്ലയോ എന്നതൊന്നും ദേവകിയമ്മയ്ക്ക് ഒരു പ്രശ്‌നമല്ല. അതായത് വീട്ടു ജോലിയുടെ കാര്യത്തിൽ യാതൊരു ഇളവും നൽകിയിരുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ദേവകി ജോലി ചെയ്യൂ. ഇല്ലെങ്കിൽ സദാ മരുമക്കൾക്ക് ആജ്‌ഞ നൽകിക്കൊണ്ടിരിക്കും.

രാവിലത്തെ ഭക്ഷണം, അത്താഴമൊരുക്കലും നയനയുടെ വർക്ക് ചാർട്ടിൽ പെട്ടതാണ്. സ്ത്രീധനമായി നൽകിയ. ആഭരണങ്ങൾ അണിയണമെങ്കിൽ പോലും അമ്മായിയമ്മയുടെ അനുവാദം വേണം. ഇത്രയൊക്കെ അഹങ്കാരിയും സ്ട്രിക്റ്റുമായ സ്ത്രീയോടൊപ്പം തങ്ങളുടെ സഹോദരി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അവർക്ക് വിശ്വസിക്കാൻ തോന്നിയില്ല. അമ്മയുടെ കാര്യത്തിൽ നീരജയുടെ ഭാഗത്തു നിന്നും യാതൊരു സപ്പോർട്ടും ലഭിക്കില്ലെന്നറിഞ്ഞ് നിഷ ഫോൺ താഴെവച്ചു. നയനയുടെ വീട്ടിൽ വിളിച്ചാൽ എന്താവും പ്രതികരണം? അമ്മയെ ആരു നോക്കും… നിഷയുടെ മനസ്സ് അസ്വസ്ഥമായി. രണ്ടും കല്പിച്ചെന്നോണം നയനയുടെ വീട്ടിലേയ്ക്ക് നിഷ ഫോൺ ചെയ്‌തു. കിരൺ ആണ് ഫോൺ അറ്റൻഡ് ചെയ്തത്. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് നിഷ സൂചിപ്പിച്ചു.

കുടുംബഭാരം മുഴുവൻ തന്നിലാണെന്നോണം നിഷ സാവിത്രിയമ്മയുടെ മുഖത്തേയ്ക്ക് പരിഭവത്തോടെ നോക്കി.

“ഓപ്പറേഷനുള്ള 25,000 രൂപ ഞാനൊറ്റ ഒരുത്തി തന്നെ തരേണ്ടി വരും. ഫ്ളാറ്റിന്‍റെ ഇൻസ്‌റ്റാൾമെന്‍റ് അടയ്ക്കാനുണ്ടെന്നതിനാൽ നീരജ ഒരു നയാ പൈസ തരുമെന്നു തോന്നുന്നില്ല ഇത്രയും തുക ഞാനല്ലേ മുടക്കുന്നത്. അപ്പോ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തമെങ്കിലും നീരജ ഏറ്റെടുക്കേണ്ടേ?”

നിഷയുടെ സംസാരത്തിലെ ഔദാര്യഭാവം സാവിത്രിയമ്മയ്ക്ക് തീരെ ഇഷ്ടമായില്ല. എന്നിട്ടും അവർ മറുപടിയൊന്നും പറഞ്ഞില്ല.

മൂന്നുനാലു മണിക്കൂറിനുള്ളിൽ നയനയും കിരണും വന്നു. “ഏതു ഹോസ്‌പിറ്റലിലാണ് ഓപ്പറേഷൻ?” കിരൺ തിരക്കി.

“ഇവിടെ അടുത്തുള്ള ഡോക്ടർ രംഗനാഥന്‍റെ ഐ ക്ലിനി ക്കിൽ… തിങ്കളാഴ്ചയാണ് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്.”

“പ്രശസ്‌ത സർജൻ ഡോ. പ്രകാശിന്‍റെ ഐ ക്ലിനിക്ക് ഇവിടെയടുത്താണല്ലോ?”

“അയ്യോ, അയാളോ… ശരിക്കുമൊരു പണം വിഴുങ്ങിയാണയാൾ.” നിഷ ദേഷ്യത്തോടെ പറഞ്ഞു.

“ഇതാരു പറഞ്ഞു,” കിരണിന്‍റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“ഡോ. രംഗനാഥന്‍റെ ക്ലിനിക്കിനേക്കാൾ രണ്ടിരട്ടിയെങ്കിലും അവിടെ ചെലവാകും. ഇവിടെ 25,000മാണെങ്കിൽ അവിടെ 35,000ത്തിലധികമെങ്കിലുമാവും.” നിഷ പറഞ്ഞു.

“പക്ഷേ, കണ്ണ് പ്രധാനമല്ലേ. പ്രകാശിനെപ്പോലെ എക്സ്പെർട്ടായ ഒരു ഡോക്‌ടർ അടുത്തുള്ളപ്പോൾ…” കിരൺ സാവിത്രിയമ്മയെ നോക്കി. അവർ തല കുനിച്ചിരിപ്പാണ്.

“25,000ത്തിലധികം പണം. എന്‍റെ ബജറ്റിൽ ഒതുങ്ങുകയില്ല. കിരൺ നിങ്ങളൊരു ഫേവർ ചെയ്‌തു തന്നാൽ വലിയ ഉപകാരമായിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അമ്മയെ നോക്കാൻ ആരുമില്ല. ദയവായി കുറച്ചു ദിവസം നയനയെ ഇവിടെ നിർത്തിയാൽ നന്നായിരുന്നു.” നിഷ സംസാരത്തിന്‍റെ ഗതി മാറ്റി.

“ഞാൻ അമ്മയോടൊന്നു സംസാരിച്ചു നോക്കട്ടെ.” കൃത്യമായ മറുപടി കിരണും നൽകിയില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോൾ നയന രഹസ്യമായി നിഷയോട് പറഞ്ഞു, “ചേച്ചീ, എനിക്ക് ഇവിടെ വന്നു നിൽക്കണമെന്നും അമ്മയെ നോക്കണമെന്നുമൊക്കെ വലിയ ആഗ്രഹമുണ്ട്. പക്ഷേ അമ്മായിയമ്മ അതിന് സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠന്‍റെ രണ്ടു മക്കൾക്കും നാളെ പരീക്ഷ തുടങ്ങുകയാണ്. ആന്വൽ എക്സാമാണ്.”

“ഓ! ദേവകിയമ്മയുടെ കൂടെ താമസിച്ച് നിന്‍റെ സ്വഭാവവും വല്ലാതെ മാറിയിട്ടുണ്ട്….” നയനയെയും വീട്ടുകാരെയും കുറിച്ച് നിഷ വളരെ മോശമായി സംസാരിച്ചു. കൂടുതൽ സംസാരിക്കാൻ കൂട്ടാക്കാതെ നയനയും ഭർത്താവും വീട്ടിലേയ്ക്കു മടങ്ങി.

ഇത്രയേറെ കുറ്റപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കേണ്ടി യിരുന്നില്ല. നിഷയ്ക്ക് വിഷമം തോന്നി. പിറ്റേന്നേ് വരാമെന്ന വാക്കിന്മേൽ അവളും മടങ്ങി. അടുത്ത ദിവസം രാവിലെ തന്നെ നിഷ വീട്ടിലെത്തി. പക്ഷേ വീട് പൂട്ടിയിരിക്കുന്നു. നിഷ ശരിക്കുമൊന്നു പതറി. അവൾ വേഗം തന്നെ അയൽപക്കത്തുള്ള കമല ആന്‍റിയുടെ വീട്ടിലെത്തി.

“രാവിലെ തന്നെ നയനയും കിരണും ഇവിടെ വന്നിരുന്നു. അവർ അമ്മയേയും കൂട്ടി പ്രകാശ് ഐ ഹോസ്‌പിറ്റലിൽ പോയിട്ടുണ്ട്. നിഷ വന്നാൽ വിവരം പറയാൻ പറഞ്ഞിരുന്നു. ദാ, വീടിന്‍റെ താക്കോൽ എന്നെ ഏല്‌പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം അവർ മടങ്ങിവരുമായിരിക്കും.”

ഏതാണ്ട് ഉച്ചയോടെ അവർ മടങ്ങിയെത്തി. അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് കിരണും നയനയും മടങ്ങിയത്.

“പ്രകാശ് ഓപ്പറേഷൻ നടത്തിയാൽ മതിയെന്നാണ് കിരൺ പറയുന്നത്. അതാ രാവിലെ ചെക്കപ്പിന് അവിടെ പോയത്. ഓപ്പറേഷനും തീരുമാനിച്ചു.” സാവിത്രിയമ്മ ക്ഷീണിതയായി പറഞ്ഞു.

“അമ്മയ്ക്ക് വിഷമം തോന്നിയാലും ഇല്ലെങ്കിലും ഉള്ളത് അതുപോലെ പറയണമല്ലോ. 25,000 രൂപ ചെലവു വരെ താങ്ങാനുള്ള കെൽപ്പേ എനിക്കുള്ളൂ.” ഇടമുറിഞ്ഞ ശബ്‌ദത്തിലാണെങ്കിലും നിഷ തന്‍റെ അഭിപ്രായം പറഞ്ഞു.

താൻ ഒരുത്തിയെ പ്രതി ഇനി എന്തെല്ലാം പ്രശ്നങ്ങളാണ് സംഭവിക്കാൻ പോകുന്നത്? സാവിത്രിയമ്മയുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാൽ അപ്രതീക്ഷിതമായ ചിലത് അവിടെ സംഭവിച്ചു. ഓപ്പറേഷന് ഒരു ദിവസം മുമ്പ് ദേവകിയമ്മ സാവിത്രിയമ്മയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“നയനയെ അങ്ങോട്ടയയ്ക്കാൻ നിർവ്വാഹമില്ല. അതു കൊണ്ട് അമ്മയെ ഞങ്ങൾ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നു. ഇവിടെയാകുമ്പോൾ ആളനക്കമുണ്ട്. സഹായത്തിന് ഞങ്ങളൊക്കെയുണ്ട്.” ദേവകിയമ്മ പറഞ്ഞു

മകളുടെ വീടല്ല മറിച്ച് സഹോദരിയുടെ വീടാണിതെന്ന് കരുതിയാൽ മതിയെന്നു പറഞ്ഞ് അവർ സാവിത്രിയമ്മയെ ആശ്വസിപ്പിച്ചു.

നീരജയാകട്ടെ സാവിത്രിയമ്മയെക്കുറിച്ചോ, ഓപ്പറേഷൻ ചെലവിനെക്കുറിച്ചോ യാതൊരു ടെൻഷനുമില്ലായിരുന്നു. തന്‍റെ പ്രശ്ന‌ങ്ങളും പ്രാരബ്‌ധങ്ങളും നിരത്തി അവൾ ഒഴിഞ്ഞുമാറി. ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകും മുമ്പായി സാവിത്രിയമ്മ ഈറൻ കണ്ണുകളോടെ ദേവകിയുടെ കൈകളിൽ പിടിച്ചു.

“ഈ ഉപകാരത്തിന് നന്ദി പറയാൻ എനിക്കു വാക്കുകളില്ല. ആപത്തിൽ സഹായിക്കുന്നവരാണ് ശരിയായ ബന്ധുക്കൾ.” ഒന്നും മിണ്ടാതെ തന്നെ ദേവകിയമ്മയുടെ കണ്ണുകൾ ധാരാളം സംസാരിച്ചു. ഓപ്പറേഷന് മുമ്പായി നിഷയും നീരജയും അവിടെയെത്തിച്ചേർന്നു.

“ഓപ്പറേഷൻ കഴിഞ്ഞു. കുഴപ്പമൊന്നുമില്ല. നാളെത്തന്നെ ഡിസ്‌ചാർജ്‌ജ്ജാവാം.” ഡോ. പ്രകാശ് പറഞ്ഞു. “കണക്കൊക്കെ നമുക്ക് പിന്നീട് സെറ്റിൽ ചെയ്യാം.” ദേവകിയമ്മ തന്നെ ഹോസ്‌പിറ്റൽ ബിൽ അടച്ചു. അതുകണ്ട് നിഷയും നീരജയും വിളറിവെളുത്തു.

ഓപ്പറേഷനു ശേഷം പത്ത് ദിവസത്തോളം സാവിത്രിയ ദേവകിയുടെ വീട്ടിലാണ് താമസിച്ചത്, സാവിത്രിയമ്മയെ ശുശ്രൂഷിക്കാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കാനും അവിടെ ആരും മടി കാണിച്ചില്ല.

നിഷയും നീരജയും ഒരു ദിവസം അമ്മയെ കാണാനായി ദേവകിയുടെ വീട്ടിലെത്തി. ചായസൽക്കാരങ്ങൾക്കു ശേഷം ദേവകിയമ്മ അവർക്കൊപ്പം വന്നിരുന്നു. “നിങ്ങൾ മൂന്നു പെൺമക്കളേയും സാവിത്രിയമ്മ ഒരുപോലെ കഷ്‌ടപ്പെട്ടു വളർത്തിയതാണ്. അപ്പോൾ അവരെ നോക്കേണ്ട ചുമതലയും നിങ്ങൾ മൂന്നുപേർക്കും ഒരുപോലെയുണ്ട്. ഒരിക്കൽ മംഗലം തറവാട് ഭാഗം വയ്ക്കും. അന്നും ഇതുപോലെ ഉത്തരവാദിത്തങ്ങളിലും അവകാശങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുമോ നിങ്ങൾ? പ്രായമായ അമ്മയെ നോക്കാൻ മക്കൾക്ക് പണവും സമയവുമില്ല. ഇതൊക്കെ ന്യായമാണോ?”

ദേവകിയമ്മ ഓരോരുത്തരേയും മാറിമാറി നോക്കി. ഹോസ്‌പിറ്റൽ ബിൽ തുക തുല്യമായി വീതിച്ചു നൽകാൻ മക്കളോട് ആവശ്യപ്പെട്ടു. നിഷയ്ക്കും നീരജയ്ക്കും കുറ്റബോധം തോന്നി.

തങ്ങൾ വിചാരിച്ചതു പോലെയല്ലല്ലോ കാര്യങ്ങൾ. ഒരാളുടെ പെരുമാറ്റത്തിൽ നിന്നുമാത്രം അയാളെ അളക്കുന്നത് ശരിയല്ലെന്ന് അവർക്ക് ബോധ്യമായി. അമ്മയെ കൂടെ കൂട്ടാൻ രണ്ടുപേരും തയ്യാറായെങ്കിലും സാവിത്രിയമ്മ ഉറച്ച ചുവടുകളോടെ മംഗലം തറവാട്ടിലേക്ക് തിരിച്ചു.

വിരുന്നുമുറിയിൽ വർണ്ണമീനുകളുടെ കിന്നാരം

സ്വർണ്ണമീനുകൾ തുള്ളിക്കളിക്കുന്ന സ്‌ഫടിക ടാങ്കിനുള്ളിലേക്ക് കൗതുകപൂർവ്വം നോക്കി നില്ക്കുകയാണ് മേരിച്ചേച്ചി. ആശുപത്രിയിലെ ഔട്ട്പേഷ്യന്‍റ് സെക്ഷനിലാണ് താൻ നില്ക്കുന്നതെന്നും നെഞ്ചുവേദനയ്ക്ക് ഡോക്ടറെ കാണാൻ വന്നതാണെന്നും മറന്നു കൊണ്ടുള്ള ആ നിൽപു കണ്ടാൽ അഞ്ചു വയസ്സുള്ള ഒരു കുട്ടിയെപ്പോലെ തോന്നും.

അലങ്കാര മത്സ്യങ്ങളുടെ കാര്യം അങ്ങനെയാണ്. പ്രായമായവർക്കാവട്ടെ, രോഗദുരിതങ്ങൾ അലട്ടുന്നവർക്കാകട്ടെ മനസ്സിൽ കുളിർതെന്നൽ നൽകുന്നു, ഈ വർണ്ണാത്ഭുതങ്ങൾ. ഇത്തിരിവട്ടത്തിൽ നീന്തിത്തുടിക്കുന്ന ഈ അത്ഭുതങ്ങളെ വീട്ടിലെ വിരുന്നുമുറിയിലേക്കു ക്ഷണിച്ചു നോക്കൂ. ഉള്ളിൽ തിരയിളക്കുന്ന സ്നേഹാനുഭവം നിങ്ങളെ ടെൻഷൻ ഫ്രീയാക്കും. പുതിയ ദിവസത്തിന്‍റെ നന്മകളിലേക്ക് ഊർജ്ജസ്വലതയോടെ ഇറങ്ങിപ്പുറപ്പെടാൻ നിങ്ങളുടെ മനസ്സ് സജ്‌ജമാകും. സർവ്വോപരി, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ല കുട്ടുകാരുമാകും ഈ വർണ്ണ മത്സ്യങ്ങൾ.

പത്തു രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുള്ള അലങ്കാര മത്സ്യങ്ങൾ നമ്മുടെ അക്വേറിയം ഷോപ്പുകളിൽ വില്പനയ്ക്കെത്തുന്നുണ്ട്. പുതിയ വീട് പണിയുമ്പോൾ അക്വേറിയത്തിന് പ്രത്യേക സ്ഥാനം മുൻകൂട്ടി കണ്ടുവയ്ക്കുന്നവർ പോലുമുണ്ട്. ഏതായാലും സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും ഒരു അക്വേറിയം വേണമെന്ന താൽപര്യം ഇന്ന് പൊതുവേ ഏറിയിരിക്കുന്നു.

ഗോൾഡ്‌ഫിഷ്, ഏയ്‌ഞ്ചൽ, ഓസ്‌കർ, കാർപ്പ്, ഷാർക്ക്, ബ്ലാക്ക്‌മോളി, സ്വോഡ് ടെയിൽ, പ്ലാറ്റി, ഗപ്പി തുടങ്ങിയ ഇനങ്ങളെയാണ് കൂടുതൽ പേരും ഗാർഹികാലങ്കാരത്തിനായി വാങ്ങുന്നത്.

കൊതുകു ലാർവകളെ കൂട്ടത്തോടെ തിന്നൊടുക്കുന്നവയാണ് ഗപ്പി മത്സ്യങ്ങൾ. കാണാൻ ചേലുള്ള ഞൊറി വാലുകളുള്ള ഈ ഇനങ്ങളെ വീട്ടുമുറ്റത്തെ ആമ്പൽക്കുളങ്ങളിലും വളർത്താം. ഗപ്പി, ബ്ലാക്ക്‌മോളി, സ്വോഡ്‌ക്ടെയിൽ, പ്ലാറ്റി തുടങ്ങിയ മീനുകൾ പ്രസവിക്കുന്ന ഇനങ്ങളാണ്. ഇവയുടെ പ്രജനനം എളുപ്പമാണ്. ബ്രീഡ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ ഇവയെ ഒരുമിച്ചിടാം. അക്വേറിയം ടാങ്കിൽ നാച്വറൽ പ്ലാന്‍റ്സ് നടുന്നുണ്ടെങ്കിൽ അതിൽ ഗോൾഡ് ഫിഷിനെ ഇടരുത്. അത് അടി ഇളക്കിക്കൊണ്ടിരിക്കുന്നതിനാൽ ചെടി പറിഞ്ഞു പോകും. ചെടി നട്ടിരിക്കുന്ന മണ്ണിനു മുകളിൽ പെബിൾസ് വിരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

ടാങ്കിൽ നടുന്ന ചെടികൾ വെള്ളത്തിനടിയിൽ വളർന്നാലേ വെള്ളത്തിൽ വേണ്ടത്ര ഓക്സിജൻ ലഭിക്കൂ. ആമസോൺ ലില്ലി, ബക്കോബ, സ്പൈറൽ വാലിസ് നേറിയ, കബംബ (ഫോക്‌സ്‌ ടെയിൽ), വിരിയോ ഫില്ലം, ലുഡ്‌വീജിയ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന നാച്വറൽ അക്വേറിയം പ്ലാന്‍റ്സ്.

ഗോൾഡ്‌ഫിഷ് വലുതാകുന്തോറും ശരീരമാകെ തീക്കനൽ പോലെ മഞ്ഞയും ചുവപ്പും നിറം പടർന്ന് കൂടുതൽ ഭംഗിയുള്ളതാകും. കേരളത്തിലെ പുഴകളിൽ ധാരാളമായി കണ്ടു വന്നിരുന്നതും ഇപ്പോൾ വംശനാശഭീഷണി നേരിടുന്നതുമായ മിസ് കേരള (ഡെനി സോനി) എന്ന നാടൻ മത്സ്യയിനത്തിനും ധാരാളം ആവശ്യക്കാരുണ്ട്.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വീട്ടമ്മമാർക്കു വേണ്ടി അലങ്കാര മത്സ്യക്യഷിയിൽ പരിശീലനം നല്‌കുന്നുണ്ട്. കൂടാതെ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ഫിഷറീസ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ ലഭിക്കും.

വാണിജ്യാടിസ്ഥാനത്തിൽ അലങ്കാര മത്സ്യകൃഷി നടത്താനാഗ്രഹിക്കുന്നവർ ഇതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കണം.

  • മത്സ്യങ്ങളിലെ ആണിനേയും പെണ്ണി നേയും തിരിച്ചറിയാൻ കഴിയണം.
  • മത്സ്യങ്ങളെ നിക്ഷേപിച്ച ടാങ്കിൽ ചകിരി നാര് വിരിച്ച് മുട്ടയിടാൻ സൗകര്യമൊരുക്കാം.
  • രാവിലെ 6 മുതൽ 30 വരെയാണ് മത്സ്യങ്ങൾ മുട്ടയിടുന്ന സമയം. ഫൈറ്റർ, ഗൗരാമി മത്സ്യങ്ങൾ മുട്ടയിട്ടു കഴിഞ്ഞാൽ പെൺമത്സ്യങ്ങളെ മാറ്റി ടാങ്ക് കൊതുകുവലയിട്ടു മുടണം. 48 മണിക്കൂറിനുള്ളിൽ മുട്ട വിരിയും. ആദ്യ നാലു ദിവസത്തേക്ക് കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്കേണ്ടതില്ല. നാലാം ദിവസം മുതൽ വേവിച്ച മുട്ടയുടെ മഞ്ഞക്കരു പൊടിച്ച് കുഞ്ഞുങ്ങൾക്ക് തീറ്റ നല്കാം.

കൗതുകം പ്രജനനം

പ്രജനനരീതി അടിസ്‌ഥാനമാക്കി അലങ്കാര മത്സ്യങ്ങളെ അഞ്ചായി തിരിക്കാം. ഗോൾഡ്‌ഫിഷ്, കാർപ്പ് തുടങ്ങിയ മുട്ടയിടുന്ന മീനുകളാണ് ഒരു വിഭാഗം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മീനുകൾ മറ്റൊരിനം. പത കൂട്ടി മുട്ടയിടുന്ന ഗൗരാമി, ഫൈറ്റർ എന്നീ ഇനങ്ങളുടെ കാര്യവും കൗതുകമുണർത്തുന്നതാണ്. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ പെൺമീനുകളെ ക്രൂരമായി ആക്രമിക്കും.

ഓസ്‌കർ, ഏയ്ഞ്ചൽ തുടങ്ങിയ ഇനങ്ങൾ മനുഷ്യരെപ്പോലെയാണ്. കുഞ്ഞുങ്ങളുടെ നേരെ നോക്കാൻ പോലും അവ ആരേയും അനുവദിക്കില്ല. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണ‌മണി പോലെ പരിരക്ഷിക്കുന്ന ഇവ വെള്ളം തെറിപ്പിച്ച് ശത്രുക്കളെ അകറ്റാൻ ശ്രമിക്കും.

കൂർത്ത പല്ലുകളുള്ള പിരാന, വിഡോ എന്നീ മത്സ്യങ്ങൾ ആക്രമണകാരികളാണ്. മുട്ടയിടുന്ന ഈ മത്സ്യങ്ങൾ എല്ലായിനം ഭക്ഷണവും കഴിക്കുമെന്നതിനാൽ കുഞ്ഞുങ്ങളേയും ശാപ്പിട്ടെന്നിരിക്കും.

അക്വേറിയത്തെ പരിചയപ്പെടാം

അക്വേറിയത്തിന് മൂന്നു ഭാഗങ്ങളുണ്ട്. ടാങ്ക്, സ്റ്റ‌ാൻഡ്, മുടി. സിലിക്കോൺ പശ കൊണ്ട് ഗ്ലാസ് ഒട്ടിച്ചെടുത്താണ് ടാങ്ക് നിർമ്മാണം. ടാങ്കിൽ പൊടിയും പ്രാണികളും വീഴാതെ സൂക്ഷിക്കാനുള്ളതാണ് മൂടി. ടാങ്ക് വയ്ക്കുന്ന സ്‌റ്റാൻഡ് തടികൊണ്ടോ, ഇരുമ്പ് കൊണ്ടോ നിർമ്മിക്കാം.

നീളവും വീതിയും കൂടുതലുള്ള ടാങ്കാണ് ഉയരമുള്ള ടാങ്കിനേക്കാൾ നല്ലത്. അന്തരീക്ഷവായുവുമായി ടാങ്കിലെ വെള്ളത്തിന്‍റെ സമ്പർക്കം കൂട്ടാൻ ഉയരം കുറഞ്ഞ ടാങ്കാണ് അഭികാമ്യം.

ടാങ്കിന്‍റെ ഏറ്റവുമടിയിൽ ഫിൽറ്റർ വയ്ക്കണം. വെള്ളം മാറ്റാതെ തന്നെ ടാങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഫിൽറ്റർ. ബയോളജിക്കൽ ഫിൽറ്റർ (അണ്ടർ ഗ്രാവൽ ഫിൽറ്റർ) ആണ് സാധാരണ ഉപയോഗിക്കാറ്. ടാങ്കിന്‍റെ മുലയിൽ ഫിറ്റ് ചെയ്യുന്ന കോർണർ ഫിൽറ്ററുമുണ്ട്. പക്ഷേ, ഈ ഫിൽറ്റർ വഴി അമോണിയ മുതലായ വിഷവാതകങ്ങൾ നീക്കം ചെയ്യാനാവില്ല.

ഫിൽറ്റർ വച്ച ശേഷം ആറിഞ്ചു കനത്തിൽ ചരലോ കഴുകി വൃത്തിയാക്കിയ ആറ്റു മണലോ വിരിക്കണം. പോളിഷ്‌ഡ് ‌സ്റ്റോണും വിപണിയിൽ ലഭ്യമാണ്. ടാങ്കിന്‍റെ വക്കിന് രണ്ടിഞ്ച് താഴെ വരെ മാത്രം വെള്ളം മതി. മീനുകളെ കൊണ്ടു വരുന്ന പായ്ക്കറ്റ് അങ്ങനെതന്നെ ടാങ്കിലെ വെള്ളത്തിലേക്കിറക്കി 20 മിനിറ്റോളം വയ്ക്കണം. ടാങ്കിലെ വെള്ളത്തിന്‍റെ താപനില തന്നെ പായ്ക്കറ്റിലെ വെള്ളത്തിനും കിട്ടാൻ വേണ്ടിയാണിത്. 20 മിനിറ്റിനു ശേഷം മീനുകളെ ടാങ്കിലേയ്ക്ക് തുറന്നു വിടാം.

തീറ്റ നല്‌കുമ്പോൾ

ദിവസത്തിൽ ഒരു പ്രാവശ്യം തീറ്റ നല്കിയാൽ മതിയാവും. അമിത ഭക്ഷണം മത്സ്യ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. മത്സ്യത്തീറ്റ രണ്ടു തരമുണ്ട്. ബേസിക് ഫുഡും സ്പെഷ്യൽ ഫുഡും. വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന പെല്ലറ്റും താണു പോകുന്ന പെല്ലറ്റുമാണ് ബേസിക് ഫുഡിലുള്ളത്. ഫ്ളേക്ക് ഫുഡ്, പെല്ലറ്റ് ഫുഡ്, ഫീസ്ട്രൈഡ് ഫുഡ് എന്നിവയാണ് സ്പെഷ്യൽ ഫുഡുകൾ.

തെറ്റി ധരിക്കരുത്!

ജോലിസ്‌ഥലത്തെ വസ്ത്രധാരണ രീതികൾ എങ്ങനെ വേണം എന്നത് എക്കാലവും ചൂടുള്ള ചർച്ചാവിഷയമാണ്. ആകർഷകമായ വസ്ത്രധാരണം ഒരാളുടെ വ്യക്തിത്വം വർദ്ധിപ്പിക്കുമെന്നും, കരിയറിൽ മുന്നോട്ടു നയിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ ഒരാളുടെ വസ്ത്രധാരണം അയാളുടെ സ്വകാര്യതയാണെന്നും അതിനെ ജോലിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും മാറ്റൊരു കൂട്ടർ. കംഫർട്ടായ വസ്ത്രം ധരിക്കുകയാണ് ഏറ്റവും പ്രധാനമെന്ന വാദമുഖത്തിനപ്പുറം ചില യാഥാർത്ഥ്യങ്ങൾ ഒരാളുടെ വസ്ത്രധാരണത്തിന് മുന്നിലും പിന്നിലും ഒളിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാം. എന്തൊക്കെയാണ് പൊതുവായി ജോലി സ്‌ഥലത്തെ ഡ്രസ്സിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നു നോക്കാം.

ബ്രാൻഡഡ് വ്യക്തിത്വം

ഒരു ഉല്പന്നത്തെ നമ്മൾ തിരിച്ചറിയുന്നത് അതിന്‍റെ ബ്രാൻഡ് നെയിമിലൂടെയും സിംബലുകളിലൂടെയുമാണ്. ജോലി സ്ഥലത്താവുമ്പോൾ നിങ്ങൾ തന്നെയാണ് നിങ്ങളുടെ ബ്രാൻഡ്. സ്വന്തം അപ്പിയറൻസാണ് നിങ്ങളുടെ ലോഗോ അല്ലെങ്കിൽ അടയാളം.

ഒരാളുടെ അപ്പിയറൻസ് വ്യക്‌തമായ ഒരു സന്ദേശം മറ്റുള്ളുവർക്ക് നൽകുന്നുണ്ട്. നിങ്ങളാരാണ്, എന്തു ചെയ്യുന്നു, കരിയറിൽ നിങ്ങളുടെ ലക്ഷ്യം എന്ത് ഇതെല്ലാം വസ്ത്രധാരണരീതി വെളിപ്പെടുത്തിത്തരും. അങ്ങനെയെങ്കിൽ വസ്ത്രത്തിലെന്തിരിക്കുന്നു എന്ന ചോദ്യം മാറ്റിവയ്‌ക്കേണ്ടി വരും, അല്ലേ.

ഒരു ഫാഷൻ ഡിസൈനർ മനോഹരമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ എന്തായിരിക്കും മറ്റുള്ളവർ കരുതുക? സ്വയം നന്നായി ഡ്രസ്സ് ചെയ്യാൻ കഴിയാത്തയാൾ മറ്റുള്ളവർക്ക് എങ്ങനെ നല്ല വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു കൊടുക്കും എന്ന തോന്നൽ സ്വാഭാവികമായും കാഴ്ചക്കാർക്കുണ്ടാവും. ഒരു വ്യക്ത‌ിയുടെ കരിയറിനെത്തന്നെ വസ്ത്രധാരണത്തിലെ അപാകത ബാധിക്കുമെന്നതിന്‍റെ തെളിവാണിത്.

അധ്യാപകർ ചുരിദാർ ധരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് മലയാളികൾ ഒരിടയ്ക്ക് ഏറെ ചർച്ച ചെയ്തിരുന്നു. ശരീരം മുഴുവനും മറയ്ക്കുന്ന ചുരിദാർ നല്ല വസ്ത്രമാണ്. എന്നാൽത്തന്നെ ഫ്രിലും നെറ്റും മിറർ വർക്കും ഒക്കെ നിറഞ്ഞ ഇറുകിയ ചുരിദാറാണെങ്കിലോ? അതുപോലെ ടൈറ്റ് ജീൻസും ഷോർട്ട് ടോപ്പുമൊക്കെയായി വിദ്യാർത്ഥികൾക്കു മുന്നിൽ പഠിപ്പിക്കാൻ ചെന്നു നിൽക്കുന്നത് അത്ര സുഖകരമായ കാര്യമല്ല.

എന്നാൽ അധ്യാപകർ സാരി മാത്രമേ ധരിക്കാവു എന്ന നിർബന്ധത്തിന്‍റെയും ആവശ്യമില്ല. അതേസമയം ഏറ്റവും മികച്ച ആക്സസറീസുകളോടെ ഭംഗിയായി ഉപയോഗിച്ചാൽ ഓഫീസ് വർക്കിന് ഏറ്റവും പ്രൗഢി നൽകുന്ന വസ്ത്രം സാരി തന്നെ. കൂടുതൽ പക്വത തോന്നുമെന്നതു തന്നെയാണ് കാരണം.

മതിപ്പ് തോന്നിക്കും

വീട്ടിലേയും ഓഫീസിലേയും ജോലിത്തിരക്കുകൾ തന്നെ ധാരാളം. ഇതിനിടയിൽ ഡ്രസ്സിംഗിനെക്കുറിച്ചും ഇമേജിനെക്കുറിച്ചുമോർത്ത് ആശങ്കപ്പെടേണ്ടതുണ്ടോ എന്നാണോ ചോദ്യം? എന്നാൽ ഉത്തരമിതാണ്: ആശങ്കപ്പെട്ടോളൂ, റിസൽട്ട് നല്ലതാവും.

ജോലിസ്ഥലത്തെ ഡ്രസ്കോഡ് പലരും സ്വയം നിശ്ചയിക്കുന്നതാണ്. ചില കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്കൊക്കെ അവരവരുടേതായ ഡ്രസ്കോഡുകൾ നിശ്ചയിച്ചിട്ടുണ്ടാകും. എന്നാൽ അതൊന്നുമില്ലാത്ത ഒരു സ്‌ഥാപനത്തിൽ ജോലിക്കു പോകുമ്പോൾ സ്വന്തം ഡ്രസ്കോഡ് സ്വയം തീരുമാനിക്കാം. എന്തായിരിക്കണം ആ വസ്ത്രധാരണ രീതിയുടെ മാനദണ്ഡം എന്നു നോക്കാം.

  • നിങ്ങളുടെ വസ്ത്രധാരണ രീതി മറ്റുള്ളവർക്ക് എന്തു സന്ദേശം നൽകുന്നു.
  • യഥാർത്ഥത്തിൽ എന്തു സന്ദേശമാണ് നൽകേണ്ടത്.
  • ഓഫീസിൽ ബോസ്, സഹപ്രവർത്തകർ കൂടുതലും പുരുഷന്മാരാണോ? (മറിച്ചും).

ചുരുങ്ങിയത് ഈ മൂന്നു കാര്യങ്ങളെങ്കിലും സ്വയം ചോദിക്കുകയും തൃപ്‌തികരമായ ഉത്തരം മനസ്സിൽ കരുതുകയും ചെയ്യുക. ഇനി നിശ്ചയിച്ചോളൂ ഏത് ഡ്രസ് വേണമെന്ന്. ഒരിക്കലും മോശമാവില്ല നിങ്ങളുടെ സെലക്ഷൻ.

ജോലിസ്‌ഥലത്ത് സ്ത്രീക്ക് നല്ല ഇംപ്രഷനുണ്ടാവണമെങ്കിൽ പുരുഷനേക്കാൾ കൂടുതൽ പ്രൊഫഷണലിസവും വ്യക്ത‌ിത്വവും പ്രകടിപ്പിക്കേണ്ടി വരും. കർമ്മശേഷി, ആഭിജാത്യം, ആത്മവിശ്വാസം എന്നിവയും കൂട്ടി വായിക്കപ്പെടുന്ന ഘടകങ്ങളാണ്. കാണുന്ന മാത്രയിൽ തന്നെ മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം സംവേദിപ്പിക്കാൻ ഒരു പരിധിവരെ നല്ല ഡ്രസ് സെൻസിനു കഴിയും.

ആഗ്രഹിക്കാത്ത ശ്രദ്ധിക്കപ്പെടൽ

കെയർലെസ് ആയതോ, പ്രായത്തിന് യോജിക്കാത്തതോ ആയ വസ്ത്രധാരണ രീതി ചിലപ്പോൾ കീഴ്ജീവനക്കാരുടെ പോലും നേരിട്ടുള്ള കമന്‍റfന് വഴിയൊരുക്കാം. പിന്നീടത് അനാവശ്യമായ പെരുമാറ്റത്തിലേക്കും വിലയിരുത്തലിലേക്കും വഴിമാറാം. ഡ്രസ്കോഡ് നിബന്ധന ഇല്ലാത്ത ഹൈഫൈ സ്‌ഥാപനങ്ങളിൽ വരുന്ന ചില വനിതകൾ ആധുനികതയുടെയും ഫാഷന്‍റെയും പേരിൽ കഴുത്തിറങ്ങിയതും ഇറക്കം കുറഞ്ഞതുമായ ഡ്രസുകൾ ഉപയോഗിക്കാറുണ്ട്.

സാരി വളരെ ഇറുക്കിയുടുക്കുക, കനം കുറഞ്ഞ സാരി സിംഗിൾ ലെയറായി ഇടുക ഇതൊക്കെ ഓഫീസ് അന്തരീക്ഷത്തിന് യോജിച്ചതല്ല.

ജോലിസ്ഥ‌ലത്ത് ഒരാളുടെ ഡ്രസ്സിംഗ് മറ്റൊരാളുടെ ശ്രദ്ധയെ കൂടെക്കൂടെ ആകർഷിക്കുന്ന തരത്തിലുള്ളതാവരുത് എന്നർത്ഥം. സ്‌കൂളുകളിൽ യൂണിഫോം ഏർപ്പെടുത്തിയതിന്‍റെ അതേ മനഃശാസ്ത്രം തന്നെയാണ് ജോലിസ്‌ഥലത്ത് ശ്രദ്ധാപൂർവ്വമായ ഡ്രസ്സിംഗ് വേണമെന്ന് പറയുന്നതിനു പിന്നിലുമുള്ളത്.

സ്ത്രീകൾക്കു മാത്രമുള്ളതാണ് ഇത്തരം നിബന്ധനകളെന്ന് തെറ്റിദ്ധരിക്കല്ലേ. ഹവാലിയൻ ടീഷർട്ടും ഷോർട്ട്സും ഇട്ട് കാതുകുത്തി കമ്മലിട്ട് ചെത്തു പയ്യനായി പാർട്ടിക്കു പോകാൻ കൊള്ളാം. പക്ഷേ ഓഫീസിൽ ഇത്തരം പരീക്ഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ബോസിനു മുന്നിൽ കാതിൽ കടുക്കനുമിട്ട് അശ്ലീലച്ചുവ കലർന്ന എഴുത്തുള്ള ടീഷർട്ടുമിട്ട് ഞെളിഞ്ഞു നിന്നാൽ എപ്പോൾ പണികിട്ടി എന്നേ സംശയിക്കേണ്ടതുള്ളൂ.

ഓഫീസുകളിലെ ഇമ്മാതിരിയുള്ള പുലിവാലുകളും കസർത്തുകളും ഒഴിവാക്കാനാണ് പല കമ്പനികളും സ്വന്തമായി ഡ്രസ്കോഡ് നിശ്ചയിച്ച് നടപ്പാക്കുന്നത്. അതാത് നഗരത്തിന്‍റെ ഫാഷന് അനുസരിച്ചാണ് ഓരോ സ്‌ഥലത്തെയും ഡ്രസ്കോഡ് എന്നുമാത്രം.

ഇനി വൈകേണ്ട, നല്ല ബ്രാൻഡിലുള്ള യോജിച്ച വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക. വിലയല്പം കൂടിയതാണെന്ന് വാങ്ങുമ്പോൾ തോന്നും. എങ്കിലും ഇവ ക്ലാസി, സ്മാർട്ട് ലുക്ക് നൽകുകയും ദീർഘകാലം ഈടു നിൽക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ഭംഗിയായി വസ്ത്രധാരണം ചെയ്യുക എന്നത് നിങ്ങളുടെ കരിയർ സ്വപ്‌നങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണെന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ട് മടിക്കേണ്ട, ഉടനെയായിക്കോളൂ…

ഈ മിസ്റ്റേക്കുകൾ ഒഴിവാക്കാം

  • സ്ലീവ്‌ലെസ് ടോപ്പ്: ജോലിസ്‌ഥലത്ത് സ്ലീവ്ലെസ് ഡ്രസ്സുകൾ ധരിക്കുന്നത് ശരിയായ വസ്ത്രധാരണരീതിയല്ല. ശരീരം കൂടുതൽ പുറത്തു കാണുന്നത് ഏതെങ്കിലും തരത്തിലുള്ള കമന്‍റുകൾ ക്ഷണിച്ചുവരുത്താം. ചൂടുകാലമാണെങ്കിൽ മാത്രം കോട്ടൺ മെറ്റീരിയലുകൾ കൊണ്ടുള്ള സ്ലീവ്‌ലെസ് കുപ്പായങ്ങൾ ധരിക്കാം.
  • ഇറുകിയത്, ഇറക്കം കുറഞ്ഞത്: ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്നതും ഇറക്കം കുറഞ്ഞതുമായ സ്കർട്ട്, ടോപ്പ്, ഷോർട്‌സ് ഇവയൊക്കെ പാർട്ടികൾക്കും വീട്ടിലും അനുയോജ്യമാണ്. ഒരിക്കലും ഓഫീസിൽ ഇണങ്ങില്ല.
  • തിളങ്ങുന്ന നെയിൽപോളിഷ്, മേക്കപ്പ്: എടുത്തു കാണിക്കുന്നത്ര തിളക്കമുള്ള മേക്കപ്പുകൾ ഓഫീസിൽ ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ച് കടും കളർ ലിപ്സ്റ്റിക്ക്, ഐ മേക്കപ്പ് എന്നിവ. സഹപ്രവർത്തകരുടെ ശ്രദ്ധ മാറാനും ഓഫീസിൽ പാർട്ടി മൂഡ് സൃഷ്‌ടിക്കാനും ഇത് വഴിവയ്ക്കാം. ഗ്ലിറ്ററിംഗ് മേക്കപ്പിട്ട് വന്നാൽ ഒരു സോഷ്യൽ ഗാതറിംഗിൽ പങ്കെടുക്കുമ്പോഴെന്ന പോലെ കാഴ്ചക്കാർ പെരുമാറാൻ സാധ്യത കൂടുതലാണ്. അതേസമയം വൃത്തിയില്ലാത്തതോ, പെർഫെക്ഷനില്ലാത്തതോ ആയ മേക്കപ്പും വൃത്തിഹീനമായ അറ്റം പിളർന്ന നഖങ്ങളും നിങ്ങളെക്കുറിച്ച് ഛെ! എന്ന തോന്നൽ ഉണ്ടാക്കും.
  • കിലുങ്ങുന്ന ആക്‌സസറീസ്: ശബ്ദം ഉണ്ടാക്കുന്ന തരത്തിലുള്ള വളകൾ, പാദസരം, മാല, കമ്മൽ ഇവയെല്ലാം ഒട്ടും ട്രെൻഡിയല്ല. ഇത്തരം ആഭരണങ്ങൾ വീട്ടിൽ ഉപേക്ഷിക്കുക. വലിയ കമ്മലുകളും വേണ്ട.
  • വില കുറയ്ക്കുന്ന വസ്ത്രം: കുട്ടികൾക്കു ചേരുന്ന ക്യൂട്ട് വസ്ത്രങ്ങൾ മുതിർന്നവർ ധരിച്ചാൽ സീരിയസ്നെസ്സ് കുറയും. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് വെല്ലുവിളികൾ ധാരാളമുള്ളപ്പോൾ കുട്ടി ലുക്ക് അപകടം ചെയ്യും.
  • കനം കുറഞ്ഞവ: അടിവസ്ത്രങ്ങൾ തെളിഞ്ഞു കാണുന്നത്ര നേർത്ത വസ്ത്രങ്ങൾ ഒഴിവാക്കുക. ബ്ലൗസ്, കുർത്ത, ഷർട്ട് ഏതു തെരഞ്ഞെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.
  • നഗ്നമായ കാത്: കാത് കുത്തിയിട്ടുണ്ടെങ്കിൽ കമ്മൽ ധരിക്കാതെ ഓഫീസിൽ പോകുന്നത് നിങ്ങളുടെ ഡ്രസ്സിംഗ് ലുക്കിന് പൂർണ്ണത നൽകില്ല. സ്‌റ്റഡുകൾ, ചെറിയ ഞാത്തുള്ള കമ്മലുകൾ ഇവ എപ്പോഴും കാതിലുണ്ടാവട്ടെ.

സ്പെയിൻ സഞ്ചാരികളുടെ സ്വപ്നം

വളരെ ചരിത്ര പ്രാധാന്യമുള്ള ടൂറിസ്‌റ്റ് കേന്ദ്രമാണ് സ്പെയിനിന്‍റെ തലസ്‌ഥാനമായ മാൻഡ്‌റിഡ് . ധാരാളം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഈ നഗരത്തിന്‍റെ പ്രത്യേകതയാണ്. ലോകത്തിലെ 7-ാം സ്‌ഥാനം അലങ്കരിക്കുന്ന മാൻഡ്‌റിഡ്  കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ദ എംപ്രസാ (Institute the empresa)യിൽ അനേകായിരം വിദ്യാർത്ഥികൾ എം.ബി.എ. കോഴ്‌സ് ചെയ്യുന്നു.

21-ാം നൂറ്റാണ്ടു മുതൽ സ്പെയിനിന്‍റെ തലസ്ഥാന നഗരിയായി അറിയപ്പെടുന്ന മാൻഡ്റിഡ് ചരിത്രസ്‌മാരകങ്ങൾ അതേപടി കാത്തു സൂക്ഷിക്കുന്നുണ്ട്. പ്രഡോ, റെയ്ന സോഫിയ, 3 സൺ, ബോൺ മോട്ട്സ തുടങ്ങിയ മ്യൂസിയങ്ങൾ കലാ-ചരിത്ര പാരമ്പര്യം വിളംബരം ചെയ്യുന്നതാണ്. ലോക പ്രശസ്ത‌ ചിത്രകാരന്മാരായ പാബ്ളോ പിക്കാസോ, സാൽവഡോർ ഡാലി, വാൻ ഗോഗ്, മെട്രോ, മോണ, ഗോയാ എന്നിവരുടെ കൃതികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

രാജകൊട്ടാരങ്ങളുടെ നഗരി

പള്ളികൾ, കത്തീഡ്രൽ, രാജകൊട്ടാരങ്ങൾ എന്നിവ ഈ നഗരത്തിന്‍റെ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നു. ഗോത്തിക്ക്, റിനൈസെൻസ്, മുറിഷ് ശൈലിയിൽ പണിതുയർത്തിയ കെട്ടിട സമുച്ചയങ്ങൾ നഗരത്തിന്‍റെ സമ്യദ്ധി വിളിച്ചോതുന്നു. 9-ാം നൂറ്റാണ്ടിൽ ഉമ്മയ്ദ് വംശത്തിലെ അഞ്ചാമൻ അമീർ മുഹമ്മദ് ഒന്നാമൻ മാൻഡ്റിഡ് നഗരം പണികഴിപ്പിച്ചു. 11-ാം നൂറ്റാണ്ടുവരെ ഈ നഗരം അറബ് അധീനതയിലായിരുന്നു. അതിനുശേഷം റോമൻ രാജാവ് അൽഫോൻസ് നാലാമൻ നഗരം പിടിച്ചടക്കി. ഏകദേശം 200 വർഷങ്ങളോളം അറബ് അധീനതയിലായതിനാൽ ചരിത്ര സ്‌മാരകങ്ങളിൽ അറബ് വാസ‌ശൈലിയുടെ പ്രഭാവം കാണാം. റോമൻ അറബ് സങ്കരശൈലിയിൽ നിർമ്മിച്ച ഭവനങ്ങളും ധാരാളമുണ്ട്.

മാൻഡ്‌റിഡ്  പോലെതന്നെ മറ്റൊരു പ്രമുഖ നഗരമാണ് ബാർസിലോണ. സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നഗരം വ്യവസായത്തിനും ടൂറിസം വളർച്ചയ്ക്കും ഏറെ ഊന്നൽ നൽകുന്നു. 1992ലെ ഒളിമ്പിക്സ് അരങ്ങേറിയത് ഇവിടെയാണ്.

രമണീയം ഈ സമുദ്രതീരം

നൈസ്സർഗ്ഗിക സൗന്ദര്യത്തിന്‍റെ പര്യായമായ മെഡിറ്ററേനിയൻ കടൽത്തീരത്തു കൂടി പ്രകൃതിയുടെ രമണീയത നുകർന്നു സഞ്ചരിക്കാം. സാൻടാന്‍റർ വാലൻസിയ, കൊറൂണ, സെൻ സെബാസ്‌റ്റ്യൻ എന്നീ കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകളെ മാടി വിളിക്കുന്നു. അലികാൻ, മലാഗാ, കാഡിംഗ് പാൽമാ, ഇബിറ്റ്സാ തീരങ്ങൾ അവിസ്മരണീയ വിരുന്നൊരുക്കും.

സ്പെയിനിന്‍റെ കിഴക്കുഭാഗത്ത് മെഡിറ്ററേനിയൻ തീരത്തുള്ള മണൽ നിറഞ്ഞ ചതുപ്പു പ്രദേശം മുന്തിരി, ഒലിവ് കൃഷിയുടെ പറുദീസയാണ്. മുന്തിരിയും ഒലിവുമൊക്കെ ഇവിടത്തുകാർക്ക് ഏറെ പ്രിയങ്കരവുമാണ്. മെഡിറ്ററേനിയൻ കടലിനോട് ഏറെ അടുത്തുകിടക്കുന്ന ദക്ഷിണ സ്പെയിനിൽ പല ഇനം കടൽ ജീവികളേയും പക്ഷികളേയും കാണാം.

ആഘോഷ നഗരി

തുകൽ കൊണ്ടു നിർമ്മിച്ച വസ്തുക്കളും ചെരിപ്പുമൊക്കെ ഇവിടെ ധാരാളമുണ്ട്. സ്‌പാനിഷ് ലെതറിന്‍റെ ഗുണമേന്മ ലോകപ്രശസ്തമാണ്. കൊത്തുപണികൾ ചെയ്ത ചെരിപ്പുകളാണ് സവിശേഷത. ലെതെർ കോട്ട്, ബെൽറ്റ്, പേഴ്‌സ് എന്നിവയ്ക്കും നല്ല ഡിമാന്‍റാണ്.

സന്തോഷവാന്മാരും സമാധാന പ്രിയരുമാണ് പൊതുവെ സ്പെയിൻ നിവാസികൾ. മതപരമായ ചടങ്ങുകളും ഉത്സവാഘോഷങ്ങളുമൊക്കെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. സ്പെയിനിലെ പ്രമുഖ നഗരങ്ങളിൽ മ്യൂസിക്, ഡാൻസ്, ഫിലിം, പ്ലേ ഫെസ്റ്റ‌ിവലുകൾ സംഘടിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ഉദ്യമം ജനപ്രിയമാണ്. അന്തർദ്ദേശീയ കലാപരി പാടികൾക്കും മേളകൾക്കും വേദിയൊരുക്കുന്നു മാൻഡ്റിഡ്, ബാർസിലോണ നഗരങ്ങൾ. ബുൾ ഫൈറ്റ് മിക്കവാറും എല്ലാ മേളകളുടെയും പ്രധാന ആകർഷണമാണ്.

കച്ചവടക്കാർ ഭൂരിഭാഗവും സ്പ‌ാനിഷ് ഭാഷയാണ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നവരും വിരളമല്ല. ഇംഗ്ലീഷ് ഭാഷ വശമില്ലാത്തരോട് ആംഗ്യഭാഷയിൽ സഞ്ചാരികൾ വില പേശുന്നതും കാണാം.

നല്ല ഭക്ഷണം

ഇന്ത്യയിലെന്നതുപോലെ ഇവിടെയും ഓരോ പ്രദേശങ്ങളിലെയും ഭക്ഷ്യവിഭവങ്ങൾ വ്യത്യസ്ത‌മാണ്. വടക്കൻ, മെഡിറ്ററേനിയൻ, മെസിത, പടിഞ്ഞാറൻ രീതിയിൽ തയ്യാറാക്കിയ ഭക്ഷ്യമേള ടൂറിസ്റ്റുകൾക്കേറെ ഇഷ്ട്‌ടമാണ്. വടക്കൻ സ്പെയിനിൽ മഴ ശക്തമായതിനാൽ മാംസാഹാര പ്രിയരാണ് ഇവിടത്തുകാർ.

മെഡിറ്ററേനിയൻ ഭക്ഷണത്തിൽ ഗോതമ്പ്, ഒലിവ് എണ്ണ, വൈൻ എന്നിവ സുലഭമായി ഉപയോഗിക്കുന്നു. സ്വാദിഷ്ഠമായ വെജിറ്റേറിയൻ ഭക്ഷണമാണ് ഇവിടെ മുഖ്യം. തൈര്, പഴങ്ങൾ, വെണ്ണ എന്നിവയും ധാരാളം ഉപയോഗിക്കുന്നു.

ദക്ഷിണ പ്രദേശങ്ങളിൽ വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ചേർത്ത സീഫുഡ് ആണ് പ്രിയം. വൈൻ ഭക്ഷണത്തിന്‍റെ ഭാഗമാണ്. മുന്തിരിത്തോപ്പുകളുടെ സമ്പന്നതയാണ് രാജ ഭരണാധികാരികളെ വൈൻ പ്രിയരാക്കിയത്.

യാത്രാ മാർഗ്ഗം

സ്പെയിനിലേക്ക് നേരിട്ട് വിമാന സർവ്വീസില്ല. ലണ്ടൻ, ദുബായ് അല്ലെങ്കിൽ മറ്റേതെങ്കിലും യൂറോപ്യൻ നഗരത്തിൽ ഇറങ്ങിയതിനുശേഷം യാത്ര തുടരാം. ഏതു ബജറ്റിനനുസരിച്ചും ഹോട്ടൽ സൗകര്യമുണ്ട്. താമസവും ഭക്ഷണവും അടങ്ങിയ പാക്കേജ് ടൂർ സംവിധാനവുമുണ്ട്.

മലയാളത്തിന്‍റെ അഭിമാനം ആവിർഭവ്

നിറഞ്ഞ ആത്മവിശ്വാസവും ആലാപന മികവുകൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് വരുന്ന ആരാധകരെയാണ് മലയാളത്തിന്‍റെ അഭിമാനമായ ഈ ചുണക്കുട്ടി ചുരുങ്ങിയ നാളുകൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

സോണി ടിവി ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പർ സ്‌റ്റാർ സിംഗർ ത്രീയിൽ വിജയിയായിരിക്കുകയാണ് മലയാളത്തിന്‍റെ കൊച്ചുഗായകൻ ആവിർഭവ് എസ്. മറ്റൊരു മത്സരാർത്ഥിയായ അഥർവ് ബക്ഷിക്കൊപ്പമാണ് ഈ 7 വയസുകാരൻ തിളക്കമാർന്ന ഈ വിജയം പങ്കിട്ടിരിക്കുന്നത്.

ഇടുക്കി സ്വദേശിയായ ആവിർഭവ് കൊച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ആഘോഷിക്കപ്പെടുന്ന കുട്ടി താരമായി മാറിയിരിക്കുകയാണ് മലയാളിയായ ഈ കുഞ്ഞ് ഭാവഗായകൻ. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിലൂടെ “ബാബുക്കുട്ടൻ” എന്ന ഓമന പേരിൽ ആവിർഭവ് ഏറെ സുപരിചിതനാണ്. മലയാളത്തിൽ ലഭിക്കാത്ത അംഗീകാരമാണ് ഈ കൊച്ചുഗായകനെ ഹിന്ദി റിയാലിറ്റി ഷോയിൽ നിന്നും തേടിയെത്തിയിരിക്കുന്നത്. വോട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് ആവിർഭവ് വിജയം ഉറപ്പിച്ചത്.

ഗായകരിലെ “ഷാരൂഖ് ഖാൻ” എന്നാണ് ഹിന്ദി റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ ആവിർഭവിനെ വിശേഷിപ്പിക്കുന്നത്. മുതിർന്ന ഗായകർപോലും പാടാൻ മടിക്കുന്ന സങ്കീർണ്ണങ്ങളായ ഹിന്ദി ഗാനങ്ങൾ ആവിർഭവ് മത്സരവേദിയിൽ അനായാസം ആലപിക്കുകയാണുണ്ടായത്. നിറഞ്ഞ ആത്മവിശ്വാസവും ആലാപന മികവുകൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് വരുന്ന ആരാധകരെയാണ് മലയാളത്തിന്‍റെ അഭിമാനമായ ഈ ചുണക്കുട്ടി ചുരുങ്ങിയ നാളുകൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്. സന്ധ്യ-സജിമോൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആവിർഭവ്. ചേച്ചി അനിർവിന്യയും മികച്ചൊരു ഗായികയാണ്.

പങ്കജ് ഉധാസ് ആലപിച്ച “ചിഠി ആയി ഹൈ” എന്ന ഗസൽ അനായാസം ആലപിച്ചത് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതുപോലെ ഗായകൻ ഉദിത് നാരായണൻ പാടിയ “ചാന്ത് ഹുഹാ ബാദൽ മെ..” എന്ന ഗാനം ഉദിത് നാരായണന്‍റെ മുന്നിൽ ആലപിച്ചതിലൂടെ ഈ കൊച്ചു ഗായകൻ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ തന്‍റെ ആരാധകരാക്കി. ഉദിത് നാരായൺ പാടിയതിനേക്കാൾ മനോഹരമായി പാടിയെന്നു പറഞ്ഞു കൊണ്ടാണ് ഉദിത്തിന്‍റെ ഭാര്യ ആവിർഭവിനെ പ്രശംസിച്ചത്. ആ ഗാനത്തിലെ ഓരോ വരികളും ആവിർഭവ് ആലപിക്കുന്നത് കേട്ട് വിധികർത്താക്കളായ നേഹ കക്കർ അടക്കമുള്ളവർ ആവേശപൂർവ്വം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അത്രത്തോളം അത്ഭുതവും രോമാഞ്ചമുണർത്തുന്നതുമായ പ്രകടനമായിരുന്നുവത്. ആവിർഭവ് പാടിയ ഓരോ പാട്ടും നേഹ കക്കർ അടക്കമുള്ള വിധികർത്താക്കളെ അത്ഭുതം കൊള്ളിക്കുന്നതായിരുന്നു. പലപ്പോഴും നേഹ കസേരയിൽ കയറിനിന്ന് കയ്യടിക്കുകവരെ ചെയ്‌തിരുന്നു. റിയാലിറ്റി ഷോയിലെ ഏറ്റവും ചെറിയ മത്സരാർത്ഥിയായിരുന്നു ആവിർഭവ്. മത്സരത്തിലെ ആദ്യ ദിവസം കസേരയുമായി വന്ന് അതിൽ കയറി നിന്നാണ് ആവിർഭവ് പാട്ടുപാടിയത്. ആദ്യഗാനം മുതൽക്കെ ആവിർഭവ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു.

മത്സരത്തിനിടെ പനി ബാധിച്ച് ചെറിയൊരു ഇടവേളയെടുത്ത് മാറി നിന്നപ്പോൾ ആരാധകരെ അത് വല്ലാതെയാണ് വേദനിപ്പിച്ചത്. ആവിർഭവിനെ എത്രയും വേഗം മടക്കികൊണ്ടു വരണമെന്നുള്ള മുറവിളിയായിരുന്നു സോഷ്യൽ മീഡിയയിലെങ്ങും.

സെമി ഫൈനലിൽ ഗായകൻ ശങ്കർ മഹാദേവൻ ബ്രസ്സ് സോംഗ് “കോയി ജോ മിലാ തോ…” എന്ന ഗാനം ആവിർഭവ് നിഷ്പ്രയാസം പാടിതകർക്കുന്നത് വിധികർത്താക്കളെയടക്കമുള്ള കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണുണ്ടായത്. മുതിർന്ന ഗായകർപോലും സ്‌റ്റേജ് ഷോകളിൽ പാടാൻ മടിക്കുന്ന ഗാനം ഈ കൊച്ചു ബാലൻ നിഷ്പ്രയാസം ആലപിക്കുന്നത് കേട്ട് കാണികൾ കോരിത്തരിച്ചിരുന്നു പോയി

രാജേഷ് ഖന്ന സ്പെഷ്യൽ എപ്പിസോഡിൽ “മേരാ സനോ കി റാണി, കോരാ കാഗസ് ഥാ എന്നീ ഗാനങ്ങൾ ആലപിച്ചതും ആവിർഭവിനെ ശ്രദ്ധേയനാക്കി. ചോട്ടാ വീർ, വീർ എന്നിങ്ങനെയുള്ള വാത്സല്യം നിറഞ്ഞ വിളിപ്പേരുകളും ഈ കൊച്ചു ഗായകൻ സ്വന്തമാക്കി. പരിപാടിയുടെ അവതാരകനായ ഹർഷ് ലിംബാച്ചിയ ആവിർഭവിന്‍റെ ഓരോ പ്രകടനവും കഴിയുമ്പോഴും ഓടിയെത്തി അവനെ വാത്സല്യപൂർവ്വം കോരിയെടുത്ത് നെഞ്ചോട് ചേർത്ത് ചുംബിക്കുന്നതും വേദിയിലെ വികാരനിർഭരമായ കാഴ്ച‌യായിരുന്നു. ഫൈനലിനോട് അടുക്കുമ്പോൾ ആവിർഭവിനെ വിട്ടുപിരിയുന്നതിനെക്കുറിച്ച് ഹർഷ് ലിംബാച്ചിയ ഏറെ വികാരനിർഭരമായാണ് സംസാരിച്ചത്. അത്രത്തോളമാണ് ആവിർഭവ് ഓരോരുത്തരുടെയും മനസ്സിലിടം നേടിയത്.

2018 ൽ തെലുഗു മ്യൂസിക്കൽ റിയാലിറ്റി ഷോയിലും ആവിർഭവ് പങ്കെടുത്തിരുന്നു. തുടർന്നാണ് ഫ്ളവേഴ്‌സിലെ ടോപ്പ് സിംഗറിലെത്തുന്നത്. രാജ്യത്തുടനീളം പ്രതിഭാധനരായ യുവഗായകർ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് സോണി ടിവിയിലെ സൂപ്പർ സ്‌റ്റാർ സിംഗർ ത്രീ കേരളത്തിൽ നിന്നും ആവിർഭവിനെ കൂടാതെ ദേവനശ്രീ, മിയ എസ്സ മെഹക്, വൈഷ്‌ണവി തുടങ്ങിയ കൊച്ചു ഗായകരും മത്സരാർത്ഥികളായി പരിപാടിയിൽ പങ്കെടുത്തിരുന്നു.

ആവിർഭവിനും സഹോദരി അനിർവിന്യയ്ക്കും സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടും യൂട്യൂബ് ചാനലുമുണ്ട്. ഇവർ ഒരുമിച്ചുള്ള നിരവധി ഗാനാലാപന വിഡിയോകൾ ചാനലിൽ ഏറെ ഹിറ്റാണ്. ആവിർഭവിന്‍റെ സഹോദരിയും റിയാലിറ്റി ഷോ താരമാണ്. ഇരുവരും ചേർന്ന് പാട്ട് പഠിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

പ്രണയലഹരി

ഘടികാരസൂചി മുന്നോട്ട് ചലിക്കുന്നതിനനുസരിച്ച് എന്‍റെ ഹൃദയം സ്‌പന്ദിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. പ്രത്യൂഷ ഇതുവരേയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

സമയം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഹൃദയമിടിപ്പ് വർദ്ധിച്ചതോടെ ഞാൻ പതിയെ എഴുന്നേറ്റ് അരവിന്ദനെ മൊബൈലിൽ വിളിച്ചു. പക്ഷേ… മൊബൈൽ സ്വിച്ചോഫാണ്. ഒടുവിൽ രണ്ടും കല്പിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു.

അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഫോൺ എടുത്തത്. “നന്ദാ, ഞാൻ ലക്ഷ്‌മിയാണ്… അരവിന്ദൻ അവിടെയുണ്ടോ?” തെല്ലൊരു പതർച്ചയോടെ ഞാൻ ചോദിച്ചു.

എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് നന്ദയുടെ സ്വരം കനത്തു. “നിങ്ങളായിരുന്നോ? എത്ര തവണ പറഞ്ഞതാ ഈ ഫോണിലേക്ക് വിളിക്കരുതെന്ന്. നിങ്ങൾക്ക് കാമുകനോട് സംസാരിക്കണമെന്നുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചുകൂടേ?”

“ഞാൻ… മൊബൈലിൽ ട്രൈ ചെയ്‌തിരുന്നു. സ്വിച്ചോഫാണ്.” വായിൽ ഊറിവന്ന ഉമിനീരിറക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

“അരവിന്ദന് പ്രഷർ കൂടി. മരുന്ന് കഴിച്ച് കിടക്കുകയാ. ഇപ്പോ ഉണർത്താനാവില്ല.” ഇത്രയും പറഞ്ഞശേഷം നന്ദ ദേഷ്യത്തോടെ ഫോൺ വെച്ചു.

നന്ദയുടെ പെരുമാറ്റം എന്‍റെ ഉള്ളുലച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നന്ദ പറഞ്ഞതിലെന്താ തെറ്റ്. എന്‍റെ കാമുകനല്ലേ അരവിന്ദൻ. അല്ലാതെ ഭർത്താവല്ലല്ലോ. അതുകൊണ്ട് നന്ദയ്ക്കള്ള അത്ര അധികാരവും അവകാശവും അരവിന്ദനിൽ എനിക്കില്ലല്ലോ. മുമ്പ് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ എൻറ ചെവിയിലെന്തോ ഉരുക്കിയൊഴിച്ച അനുഭവമായിരുന്നു. പക്ഷേ ഇപ്പോൾ ഇതെനിക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു…

കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിൽ പ്രത്യൂഷ ഏതോ ഒരു യുവാവിന്‍റെ തോളിൽ തല ചായ്ച്ചു നിൽക്കുന്നു. നൈറ്റ് പാർട്ടിയും കഴിഞ്ഞുള്ള വരവാണ്.

ഞാൻ എന്തെങ്കിലും പറയും മുമ്പേ പ്രത്യൂഷ തെല്ലും കൂസതെ ആ യുവാവിനൊപ്പം സ്വന്തം മുറിയിലേക്ക് നടന്നു. വാതിൽ വലിച്ചടച്ചു. ഒരു നിമിഷം ഉള്ള് നടുങ്ങി. കവിളിൽ അടി കിട്ടിയ പ്രതീതി…

ചുറ്റുമുള്ളവരുടെ വെറുപ്പും പരിഹാസവും സഹിച്ച് മതിയായിരിക്കുന്നു. ഇപ്പോൾ മകളും. എനിക്കത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച ഞാൻ അവളുടെ വാതിലിൽ ശക്‌തിയായി ഇടിച്ചു. അവൾ വാതിൽ തുറക്കും വരെ.

പ്രത്യൂഷ ദേഷ്യത്തോടെ എന്‍റെ മുന്നിലേക്ക് വന്നു. “എന്താ മമ്മീ? എന്തിനാ എന്നെ ശല്യം ചെയ്യുന്നത്?”

“എന്ത്? ഞാൻ ശല്യം ചെയ്യുകയാണെന്നോ?” അവളുടെ കവിളിൽ ഞാൻ ആഞ്ഞടിച്ചു. “നിന്‍റെ ഈ ധിക്കാരം എന്‍റടുത്ത് വേണ്ട. ഒരാണിന്‍റെ കൂടെ…. നാണമില്ലേടീ?”

എന്‍റെ പെരുമാറ്റം അവളെ അരിശം കൊള്ളിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “മമ്മീ പ്ലീസ്… എന്നെക്കൊണ്ടൊന്നും പറയിക്കരുത്. അത് കേട്ടാൽ മമ്മി ചിലപ്പോൾ കരഞ്ഞുപോകും.”

വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. “എന്താടീ?”

“നിങ്ങൾക്കൊന്നും അറിയില്ലേ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് അന്യപുരുഷന്‍റെ പിറകെ നടക്കുന്നത് നല്ല കാര്യമാണെന്നാണോ. എന്‍റെ കൂട്ടുകാർ വരെ കളിയാക്കുന്നു, എന്‍റെ തന്തയാരാണെന്ന്,” പ്രത്യൂഷ കരച്ചിലടക്കാനാവാതെ മുറിയിൽ കയറി വാതിലടച്ചു.

എനിക്കവളോട് ഒരുനിമിഷം അലിവു തോന്നി. പാവം കുട്ടി. അപമാനത്തിന്‍റെ പാപം പേറുന്നവൾ. മരവിച്ച മനസ്സോടെ ഞാൻ നിലത്തിരുന്ന് വിലപിച്ചു. തളർന്ന മനസ്സുമായി ഞാൻ കിടപ്പു മുറിയിലേക്ക് വേച്ചുവേച്ച് നടന്നു.

കിടക്കയിലേക്ക് തളർച്ചയോടെ ഞാൻ വീണു. കഴിഞ്ഞു പോയ കാര്യങ്ങൾ ഫ്രെയിം ബൈ ഫ്രെയിമായി എനിക്കു ചുറ്റും നൃത്തമാടിക്കൊണ്ടിരുന്നു. ഓർമ്മകൾ… എന്‍റെ നാശത്തിന് കാരണമായ ഓർമ്മകൾ…..

കോളേജ് ദിനങ്ങൾ എനിക്ക് ലഹരിയായിരുന്നു. കോളേജികൂട്ടിയായിരുന്നു ഞാൻ. അതിന്‍റെ ലഹരിയില്ലെങ്കിലേ അതി ചലിക്കേണ്ടു. ആരാധകരായി അന്ന് എത്രയോ പേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അഹങ്കരിക്കാൻ അതിൽ കൂടുതൽ ഒരു പെൺകുട്ടിക്ക് മറ്റെന്ത് വേണം. അച്ഛനുമമ്മയും എന്‍റെ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു മകളെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ വരുമെന്ന് അമ്മ സ്വപ്നം കാണുമായിരുന്നു അതിൽ അസുയ കൊള്ളുന്ന ബന്ധുക്കളെയോർത്ത് അമ്മ ഊറിച്ചിരിച്ചിരുന്നു.

മറ്റുള്ള പെൺകുട്ടികളിൽ വെച്ച് അതിസുന്ദരിയാണെന്ന ധാരണ എന്‍റെ ശരീരത്തിലും മനസ്സിലും പതിഞ്ഞു കിടന്നു. എന്‍റെ മനസ്സ് സ്വപനങ്ങളുടെ കൂടാരമായി ആ സ്വപ്നങ്ങളിലൊക്കെ ഏതോ അതിസുന്ദരനായ രാജകുമാരൻ വാസമുറപ്പിച്ചു.

എത്രയും പെട്ടെന്ന് നല്ലൊരു പയ്യനെ കണ്ടുപിടിച്ച് എന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു എന്‍റെ അച്ഛനും അമ്മയ്ക്കും.

പക്ഷേ… എനിക്കു വേണ്ടി അവർ കണ്ടുപിടിച്ച രാജകുമാരൻ ഒരു ഇടത്തരം കുടുംബാംഗമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരായുസ്സു മുഴുവനും കഷ്ടപ്പാടുകൾ സഹിച്ച് ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന സർക്കാരുദ്യോഗസ്‌ഥൻ… എന്‍റെ സ്വപ്നങ്ങൾ… പ്രതീക്ഷകൾ… മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു.

എന്‍റെ സ്വപ്നങ്ങളെ ജീവസ്സുറ്റതാക്കുന്നതിന് ഒളിച്ചോട്ടം ആവശ്യമാണെന്ന് തോന്നി. പക്ഷേ… ആഗ്രഹിച്ചിട്ടും അത് സഫലമായില്ല. സാമൂഹിക മര്യാദകളെ ലംഘിക്കാൻ ഞാൻ അശക്തയായിരുന്നു. നിശ്ശബ്ദം ഞാനെന്‍റെ ആഗ്രഹത്തെ കടിച്ചമർത്തി ഹരിയുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ ശ്രമിച്ചു.

തുടക്കത്തിൽ ഹരിക്കൊപ്പമുള്ള ജീവിതം ഞാൻ ആസ്വദിച്ചു. ഹരിയുടെ സ്പർശനത്തിനു പോലും എന്തോ മാന്ത്രികതയുള്ളതു പോലെ… ഞാനത് ഒരുപക്ഷേ സ്വയം സങ്കല്പിച്ചതാണോ… എനിക്കറിയില്ല…

പക്ഷേ… മനസ്സിൽ തലപൊക്കി തുടങ്ങിയ അമിതമായ മോഹങ്ങൾ… ദാമ്പത്യജീവിതം വിരസമായി തോന്നാൻ അധിക സമയം വേണ്ടിവന്നില്ല. മനസ്സിനുള്ളിൽ ഉറങ്ങിക്കിടന്ന മോഹങ്ങളേയും സ്വപ്‌നങ്ങളേയും അവഗണിക്കുന്നതെങ്ങനെ?

പക്ഷേ… ഞാൻ ഭയന്നത് തന്നെ സംഭവിച്ചു. എന്‍റെ വികാരങ്ങൾ എന്‍റെ മനോനിലയ്ക്ക് താങ്ങാവുന്നതിലപ്പുറമായതോടെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും നിരർത്ഥകമാണെന്ന തോന്നൽ ശക്തമായി. അടുക്കളയെന്ന ചതുരത്തിനുള്ളിൽ ഒതുങ്ങിക്കൂടാനായിരുന്നോ എന്‍റെ നിയോഗം… എന്‍റെ സൗന്ദര്യം വീടിന്‍റെ നാലുചുവരുകൾക്കുള്ളിൽ കിടന്ന് പരിഹസിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവുമായിരുന്നില്ല.

എനിക്ക് സ്വതന്ത്രയാകണം. അതിനുള്ള വഴികൾ തേടി എന്‍റെ മനസ്സും ശരീരവും സഞ്ചരിച്ചുകൊണ്ടിരുന്നു. നല്ലൊരു ജോലിയായിരുന്നു എന്‍റെ ലക്ഷ്യം. ഒടുവിൽ എന്‍റെ അന്വേഷണം ഫലം കണ്ടു. വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്രട്ടറിയായി ജോലികിട്ടി. നല്ല ഓഫീസ്, നല്ല ശമ്പളം. എന്‍റെ മനസ്സിൽ വീണ്ടും ആഹ്ളാദം വിരുന്നെത്തി.

സമയം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു. എന്‍റെ ജീവിതവും അതോടൊപ്പം ഒഴുകിക്കൊണ്ടിരുന്നു. ആ സമയത്താണ് അരവിന്ദൻ എന്‍റെ ഓഫീസിൽ മേലുദ്യോഗസ്‌ഥനായി ചേർന്നത്.

കാഴ്ചയിൽ സുമുഖനായ അരവിന്ദൻ വിവാഹിതനായിരുന്നു. പക്ഷേ ഒരു അവിവാഹിതനെപ്പോലെയായിരുന്നു അയാളുടെ മട്ടും ഭാവവും. എൻജിനീയർ. വളരെ ചെറുപ്പത്തിലെ ഉയർന്ന പദവിയിലെത്തിയവൻ. ആരിലും അസൂയയുണർത്തുന്ന വ്യക്‌തിപ്രഭാവം. ആ വ്യക്തിപ്രഭാവം എന്നെ ആകർഷിച്ചു. ഒന്നോ രണ്ടോ ഔപചാരികവാക്കുകൾക്കപ്പുറം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തികച്ചും ഒഫീഷ്യലായ ബന്ധം.

പക്ഷേ എപ്പോഴോ ഞങ്ങൾക്കിടയിൽ ഇഷ്ടം മൊട്ടിട്ടു. ഔദ്യോഗികമായ കാര്യങ്ങൾക്കപ്പുറമായി ഞങ്ങളുടെ സംഭാഷണം നീണ്ടുപോയി. ഒരു ദിവസം വലിയൊരു പ്രൊജക്റ്റ് കിട്ടിയതിന്‍റെ സന്തോഷത്തിൽ അരവിന്ദൻ എന്നെ ഡിന്നറിനായി ക്ഷണിച്ചു. എനിക്കത് നിരസിക്കാനാവുമായിരുന്നില്ല. ഞാൻ ആ സാമീപ്യവും കാംക്ഷിച്ചിരുന്നു.

ഫൈവ് സ്‌റ്റാർ ഹോട്ടലിലെ അരണ്ട വെളിച്ചത്തിൽ ഡിന്നർ… എന്നെ പ്രണയാതുരയാക്കി. അരവിന്ദൻ എന്‍റെ സ്വപ്നത്തിലെ രാജകുമാരനായി. ഹോട്ടൽ മുറിയിൽ പതിഞ്ഞ താളത്തിൽ ഒഴുകിയെത്തുന്ന സംഗീതം എനിക്ക് ചുറ്റിലുമായി പ്രണയവർണ്ണങ്ങൾ നിറച്ചു. ഒരു കൗമാരക്കാരിയുടെ കൗതുകത്തോടെ ഞാൻ അരവിന്ദന്‍റെ കൈകളിൽ പതിയെ സ്‌പർശിച്ചു. അത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നതു പോലെ… അരവിന്ദൻ എന്‍റെ വിരലുകളെ കൈക്കുള്ളിലാക്കി.

“ലക്ഷ്മീ, എനിക്ക് നിന്‍റെ മനസ്സിനെ മനസ്സിലാക്കാനാവും. നിനക്കെന്നോടുള്ള ഇഷ്ട‌ംപോലെ ഞാനും നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഒരുപക്ഷേ അതിലുമധികം…” എന്‍റെ മിഴികൾ നാണം കൊണ്ട് കൂമ്പിപ്പോയി.

“പക്ഷേ, സർ… എങ്ങനെ…?”

“അതെനിക്ക് മനസ്സിലായി. നിന്‍റെ സാമീപ്യത്തിൽ നിന്നും ഞാനത് എപ്പോഴേ മനസ്സിലാക്കിയിരുന്നു. അതാണ് ടെലിപ്പതിക്” അരവിന്ദൻ തെല്ലൊരു കുസൃതിയോടെ ചിരിച്ചു.

“ഇനിയൊരു സത്യം കൂടി പറയട്ടെ…” അരവിന്ദൻ ജ്യൂസ് ചുണ്ടോടടുപ്പിച്ചുകൊണ്ട് പറഞ്ഞു. “ഈ ഡിന്നർ അറേഞ്ച് ചെയ്ത‌തു തന്നെ ലക്ഷ്‌മിയെ അടുത്തു കാണാൻ വേണ്ടിയാണ്. ഐ മീൻ എ പർപ്പസ്‌ഫുൾ ഫ്രീക്ക് ഔട്ട്.” അരവിന്ദൻ ഊറിച്ചിരിച്ചു. നിലാവുപോലെ പരന്ന ആ പുഞ്ചിരി എന്‍റെ ശരീരത്തെ കോരിത്തരിപ്പിച്ചു. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ… എന്‍റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരവിന്ദന്‍റെ വിരലുകളിൽ ഞാൻ അമർത്തിപ്പിടിച്ചു. അതിനുശേഷം ഓഫീസ് സമയം കഴിഞ്ഞ് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കുന്നത് പതിവായി. പലപ്പോഴും സിറ്റിക്ക് പുറത്തുള്ള ഹോട്ടലുകളിൽ പോയി ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചില ദിവസങ്ങളിൽ സിറ്റിയിൽ തന്നെയുള്ള അരവിന്ദന്‍റെ ഒഴിഞ്ഞ ബംഗ്ലാവിൽ ഞങ്ങൾ രഹസ്യമായി കണ്ടുമുട്ടി. അത്തരം വേളകളിൽ ഞങ്ങൾ എല്ലാം മറന്ന് ഒന്നുചേർന്നു. കാരണം വികാരങ്ങളുടെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാൻ ഞങ്ങൾക്കായില്ല. അത്ര തീവ്രമായിരുന്നു എന്‍റെ പ്രണയം. ഓഫീസിൽ വെച്ച് അരവിന്ദൻ ഒരിക്കലും പരിചയഭാവം കാട്ടിയില്ല. ഒടുവിൽ ഞാൻ ഗർഭിണിയായതോടെ ഞങ്ങളുടെ കണ്ടുമുട്ടലുകൾ താല്ക്കാലികമായി അവസാനിച്ചു. ഞാൻ ബെഡ്‌റെസ്‌റ്റ് എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.

ഹരിയാണെങ്കിൽ ഒരച്‌ഛനാവാൻ പോകുന്നതിന്‍റെ സന്തോഷത്തിൽ കൂട്ടുകാർക്ക് ഗംഭീരമായ പാർട്ടി തന്നെ നല്‌കി. പക്ഷേ അതൊന്നും എന്നെയൊട്ടും സന്തോഷിപ്പിച്ചില്ല. എന്നെ കാണാനാവാത്ത സങ്കടത്തിൽ അരവിന്ദൻ വിഷമിച്ചു കൊണ്ടിരുന്നു.

അരവിന്ദൻ തുടർച്ചയായി എന്നെ മൊബൈലിൽ വിളിച്ച് തന്‍റെ മാനസികാവസ്‌ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെയും ഞാൻ കരഞ്ഞു. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. ഹരിയേട്ടനെ ഉപേക്ഷിച്ച് അരവിന്ദന്‍റെ ജീവിതത്തിലേക്ക് കടന്നുചെല്ലുക.

ഹരിയേട്ടനെ ഉപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹം ഒരു വാക്കുപോലും പറയാനാവാതെ നിശ്ചലനായി നിന്നു. എത്രയും വേഗം അരവിന്ദന്‍റെ അടുത്ത് എത്താൻ മനസ്സ് കൊതിച്ചിരുന്നതിനാൽ ഹരിയേട്ടന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ അവജ്‌ഞയോടെയാണ് നോക്കിയത്. മനസ്സ് പറയുന്ന വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു എനിക്കിഷ്ടം. എത്രയും വേഗം അരവിന്ദന്‍റെ ജീവിതത്തിൽ ചേരുക… പക്ഷേ അരവിന്ദന്‍റെ ഭാര്യാപദവി എനിക്ക് ലഭിച്ചില്ല.

ഭാര്യയെ ഉപേക്ഷിക്കുകയെന്നുള്ളത് അരവിന്ദന് അസാധ്യമായ കാര്യമായിരുന്നു. ഏകമകളോടുള്ള ഒരച്‌ഛന്‍റെ വാത്സല്യവും സ്നേഹവും അതിന് തടസ്സമായി. സ്വന്തം കുടുംബം ഭംഗിയുള്ള ഫ്രെയിമിലാക്കി സൂക്ഷിക്കാൻ അരവിന്ദൻ കൂടുതൽ ജാഗ്രത കാട്ടി.

അതറിഞ്ഞ് ഞാൻ ശരിക്കും തകർന്നുപോയി. ഹരിയേട്ടന്‍റെ വീട്ടിൽ തിരിച്ചു പോകാനാവാത്തതിനാൽ ഞാൻ താമസം സ്വന്തം വീട്ടിലാക്കി. ഒരു ദിവസം അരവിന്ദനെ കണ്ട് ഞാനെന്‍റെ അവസ്‌ഥയറിയിച്ചു. “നിങ്ങൾക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചു വന്നിരിക്കുകയാ. നിങ്ങൾക്ക് നന്ദയെ ഉപേക്ഷിക്കാനാവില്ലേ?”

“നീ ചെയ്യുന്നതു പോലെ സ്നേഹത്തിനു വേണ്ടി എല്ലാം ത്യജിക്കേണ്ടതുണ്ടോ?” അരവിന്ദൻ എന്നെ ചേർത്തുനിർത്തി കവിളിൽ മുഖമമർത്തി. “നിന്‍റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരാൻ ഞാൻ സദാ തയ്യാറാണ്. പിന്നെന്തിനാ വിഷമിക്കുന്നത്?”

“നിന്‍റെ ഈ കുഞ്ഞിന്‍റെ അവകാശവും ഞാൻ ഏറ്റെടുക്കാം… പിന്നെന്തിന് നന്ദയെ ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കണം,” അരവിന്ദൻ എന്നെ ചേർത്തു പിടിച്ച് വികാരാധീനനായി പറഞ്ഞു.

“എനിക്ക് നന്ദയെ ഉപേക്ഷിക്കാൻ കഴിയില്ല. എന്‍റെ കുഞ്ഞിന്‍റെ അമ്മയാണവൾ. എന്‍റെ കുഞ്ഞിനു വേണ്ടിയെങ്കിലും അവൾ വേണം.” അതിനുശേഷം അരവിന്ദൻ എന്നിൽ കൂടുതൽ അധികാരം കാട്ടിത്തുടങ്ങി. അരവിന്ദനോടുള്ള കടുത്ത പ്രണയത്തിൽ ഞാൻ നിസ്സഹായതയോടെ കീഴടങ്ങിക്കൊണ്ടിരുന്നു. എന്‍റെയുള്ളിലെ അരക്ഷിതാവസ്‌ഥ ഇടയ്ക്കിടയ്ക്ക് തേങ്ങലുയർത്തി സമവാക്യം നഷ്‌ടപ്പെട്ട ജീവിതം വലിയൊരു ചോദ്യചിഹ്നമായി.

പക്ഷേ അന്നു രാത്രി എന്തുകൊണ്ടോ ഹരിയേട്ടനെക്കുറിച്ചുള്ള ഓർമ്മകൾ എന്‍റെ മനസ്സിൽ ഓടിയെത്തി. പക്ഷേ ആ ജീവിതത്തിലേക്ക് മടങ്ങി ചെല്ലാനുള്ള വഴി സ്വയം അടച്ചതിനാൽ എനിക്കതിനുള്ള ധൈര്യവുമുണ്ടായില്ല. ഈയവസ്‌ഥയിൽ നിന്നുള്ള മോചനം എനിക്ക് അസാധ്യമായിരുന്നു. അരവിന്ദന്‍റെ രഹസ്യഭാര്യയായി അയാളുടെ ജീവിതത്തിൽ നിശ്ശബ്ദയായി ഇഴുകിച്ചേരാനായിരുന്നു വിധി.

ഞങ്ങളുടെ ബന്ധം അറിഞ്ഞ് നന്ദ പൊട്ടിത്തെറിച്ചു ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നന്ദ വാശി പിടിച്ചു. പക്ഷേ അരവിന്ദൻ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ നന്ദയുടെ എതിർപ്പിന്‍റെ ശക്‌തി കുറഞ്ഞു. അവൾ അരവിന്ദനെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കുവാനും അവൾക്ക് ആകുമായിരുന്നില്ല.

പിന്നീട് ഒരിക്കൽ നന്ദ എന്‍റെയരികിൽ വന്ന് വളരെ പരുഷമായി സംസാരിച്ചു. “ലക്ഷ്മീ, എന്‍റെ തീരുമാനം എന്‍റെ ദൗർബല്യമായി നീ കാണരുത്.” അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പി. “ആഴ്ചയിൽ തിങ്കളും ചൊവ്വയും അരവിന്ദൻ നിന്‍റെ കൂടെ താമസിക്കട്ടെ. ബാക്കി ദിവസം എന്‍റെ കൂടെ.”

ഭർത്താവിന്‍റെ സ്നേഹത്തെ പങ്കു വെക്കേണ്ടിവരുന്ന ഭാര്യയുടെ ഗതികേട് എന്നെയപ്പോൾ സ്പർശിച്ചതേയില്ല. നന്ദയുടെ ഈ തീരുമാനത്തോട് ഞാൻ ഇഷ്ട‌ക്കേട് കാട്ടിയില്ല.

ആഴ്ച‌യിൽ രണ്ടുദിവസം അരവിന്ദന്‍റെ സാന്നിധ്യത്തിൽ ഞാനെല്ലാ വേദനകളും മറന്നു. ഹ്രസ്വമായ സന്തോഷത്തിൽ തൃപ്തിപ്പെടാൻ എന്‍റെ മനസ്സ് എപ്പോഴോ പാകപ്പെട്ടു കഴിഞ്ഞിരുന്നു.

പെട്ടെന്ന് ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് മുറിക്കു പുറത്തുവന്നു. മകൾ കൂട്ടുകാരനെ യാത്രയാക്കുകയാണ്.

“ഓകെ. വി വിൽ മീറ്റ് ഇൻ സാറ്റർഡേ… അന്ന് അരവിന്ദൻ അങ്കിൾ ഇവിടെ ഉണ്ടാവില്ല.”

ആ വാക്കുകൾ എന്‍റെ ശരീരത്തെ ചുട്ടുനീറ്റിച്ചു. കാഴ്ചകൾ മങ്ങിത്തുടങ്ങി… തല കറങ്ങുന്നു. എന്‍റെ മകൾ… തടയിടാൻ കഴിയാത്ത നദിപോലെ ഒഴുകിക്കൊണ്ടിരുന്നു… അവളുടെ ജീവിതത്തിൽ അമ്മയെന്ന നിലയിൽ എന്‍റെ സ്‌ഥാനം അപ്രസക്‌തമാണോ?

എങ്ങനെയുണ്ട് നിങ്ങളുടെ ബ്യൂട്ടി പാർലർ?

റഷ്യയിലെ കാതറീൻ രാജ്‌ഞി അതീവ സുന്ദരിയായിരുന്നു. ബ്യൂട്ടി കോൺഷ്യസ് ആയ അവർ ഒരിക്കൽ തന്‍റെ കേശാലങ്കാര വിദഗ്ദ്ധനെ മൂന്നു വർഷക്കാലം ഇരുമ്പുകൂട്ടിൽ തടവിലിട്ടു. കാരണം എന്താണെന്നോ?, രാജ്‌ഞിക്ക് താരനുണ്ടായിരുന്നു. ഈ വിവരം അയാൾ പുറത്താരോടെങ്കിലും പറയുമോ എന്നായിരുന്നു രാജ്‌ഞിയുടെ ഭയം, രാജ്‌ഞിക്ക് താരൻ വന്നതിനുള്ള ശിക്ഷ പാവം ബ്യൂട്ടീഷ്യന്!

നിസ്സാര കാര്യത്തിനു പോലും ബ്യൂട്ടി പാർലറിലേക്ക് ഓടുന്നവർ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന വസ്തു‌ക്കൾ, ബ്യൂട്ടീഷ്യന്‍റെ യോഗ്യത, അവിടുത്തെ അന്തരീക്ഷത്തിന്‍റെ വൃത്തി. ഇതൊന്നും കണക്കിലെടുക്കാതെ ബ്യൂട്ടി പാർലറിൽ സ്‌ഥിരം സന്ദർശകരാവുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ തടവിലാണ്!

ബ്യൂട്ടീഷ്യൻ എഫിഷ്യന്‍റ് ആണോ?

  • നിങ്ങളുടെ ബ്യൂട്ടീഷ്യന് കോസ്മെറ്റിക്‌സ്, സ്‌കിൻ, ഹെയർ എന്നിവയെക്കുറിച്ച് മതിയായ അറിവുണ്ടോ? നിങ്ങളുടെ സ്‌കിൻ ഏത് ടൈപ്പാണ്? എന്തെല്ലാം തരം കോസ്മെറ്റിക്സ്, ഡ്രസ്സ്, ആക്‌സസറീസ് യോജിക്കും എന്നൊക്കെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
  • ബ്യൂട്ടിപാർലറും ചുറ്റുപാടും കംഫർട്ടബിൾ ആണോ? അവർ നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോ?
  • വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ? ഫേഷ്യൽ, മേക്കപ്പ്, കട്ടിംഗ്, ഹെയർ ഡ്രസ്സിംഗിനു ശേഷം ബെഡ്ഷീറ്റ്, ടവൽ, ഗൗൺ എന്നിവ ചേയ്‌ഞ്ച് ചെയ്യാറുണ്ടോ? ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന ചീപ്പ്, ടവൽ, സ്ക്രബർ, ബ്രഷ്, വാക്സ‌ിൾ സ്ട്രിപ്പ‌് എന്നിവ വൃത്തിയായിരിക്കണം.
  • നല്ലാരു ബ്യൂട്ടി പാർലമാണെങ്കിൽ അവ ആന്‍റിസെപ്റ്റിക് കൊണ്ട് കഴുകി കീടാണു മുകതമാക്കിയിരിക്കും.
  • നിങ്ങളുടെ സ്കിന്നിന് ഉപയോഗിക്കുന്ന പ്രൊഡക്റ്റ് ഗുണനിലവാരമുള്ളതാണോ? ബ്യൂട്ടീഷ്യനോട് ഇതേക്കുറിച്ച് ചോദി ച്ചാൽ അവർ തൃപ്തികരമായ മറുപടി നൽകാറുണ്ടോ?
  • ബ്യൂട്ടിഷ്യന്‍റെ വ്യക്‌തിത്വം ആകർഷകമാവണം. നല്ല ചുറുചുറുക്കും, സെൻസ് ഓഫ് ഹ്യൂമറും ഉണ്ടെങ്കിൽ കഴിവുള്ള ബ്യൂട്ടിഷ്യനാണെന്ന് അനുമാനിക്കാം.
  • സുന്ദരനും സുന്ദരിയുമൊന്നും ആയില്ലെങ്കിലും ‘ഹായ് നന്നായിട്ടുണ്ട്’ എന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കാനാണ് സകലരും ഇഷ്ട‌പ്പെടുക. മുമ്പൊക്കെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറുകൾ ഇന്ന് ഗ്രാമങ്ങളിലും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
  • ബ്യൂട്ടീഷ്യൻ കോഴ്‌സിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് വൻ ഹോട്ടലുകളിലോ, ഹെൽത്ത് ക്ലബിലോ, സലൂൺ ബ്യൂട്ടി പാർലർ കോ‌സ്മെറ്റിക്‌സ് ഷോപ്പ് തുടങ്ങാവുന്നതാണ്.
  • പ്ലസ് ടുവിനു ശേഷം ബ്യൂട്ടീഷ്യൻ കോഴ്‌സ് പൂർത്തിയാക്കി ഈ രംഗത്ത് പ്രവർത്തിക്കാം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഒരു പ്ലസ് പോയിന്‍റായിരിക്കും.. ആകർഷകമായ വ്യക്ത‌ിത്വം കൂടിയായാൽ നന്ന്.

ട്രെയിനിംഗ് അനിവാര്യം

വാടക നൽകി പുതിയൊരിടത്ത് ബ്യൂട്ടി പാർലർ തുടങ്ങേണ്ടതില്ല. വീട്ടിൽ തന്നെ പുറത്തേക്കിറങ്ങാൻ സൗകര്യമു ള്ള ഒരു മുറി തെരഞ്ഞെടുക്കാം. കസ്‌റ്റമേഴ്‌സിൽ നല്ല സ്വാധീനം ചെലുത്തും വിധം പെരുമാറാൻ ബ്യൂട്ടീഷ്യൻ ശ്രദ്ധിക്കണം. യാത്രാ സൗകര്യമുള്ള ഇടമാണോ? റോഡ് സൈഡാണോ എങ്കിൽ വളരെ നല്ലത്. രാജ്യത്തും വിദേശത്തുമായി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധാരാളം ട്രെയിനിംഗ് സെന്‍ററുകളുമുണ്ട്. അനിവാര്യമായ പരിശീലനം നേടിയ ശേഷമേ ബ്യൂട്ടി പാർലർ തുടങ്ങാവൂ.

ഹബീബ് ഖാൻ, ഷാഹ്‌നാസ് ഹുസൈൻ, വന്ദന ലൂഥറാ, ബ്ലോസം കോച്ചർ, ഭാരതി തനേജ, മിറിയം ജാവേറി, അംബിക പിള്ള… സൗന്ദര്യലോകത്തെ പ്രശസ്‌തരാണിവർ. രാജ്യമെമ്പാടുമുള്ള വൻ നഗരങ്ങളിലായി ഇവർക്ക് ഫ്രാഞ്ചൈസിയുമുണ്ട്. ബ്യൂട്ടിഷ്യൻ കോഴ്‌സിനുള്ള (കോസ്മെറ്റോളജി) സൗകര്യവുമിവിടെയുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്‌ഥാപനങ്ങളും ബ്യൂട്ടീഷ്യൻ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ജോലിയോടുള്ള ആത്മാർത്ഥത, പെരുമാറ്റം, സ്വഭാവം എന്നിവ അധിഷ്‌ഠിതമായാവും ബ്യൂട്ടി പാർലറിന്‍റെ വിജയം. പുതുപുത്തൻ ട്രെൻഡ്സിനെക്കുറിച്ച് ബ്യൂട്ടീഷ്യന് നല്ല അറിവുണ്ടായിരിക്കണം.

ശ്രദ്ധിക്കേണ്ടത്

  • ശാന്തമായ സ്‌ഥലത്താവണം ബ്യൂട്ടി പാർലർ. ഇമ്പമുള്ള സ്വരത്തിൽ സംഗീതം ട്യൂൺ ചെയ്യാം.
  • പാർലറിലെ സ്റ്റ‌ാഫ് ജോലിയിൽ പ്രാവീണ്യമുള്ളവരായിരി ക്കണം. കസ്‌റ്റമേഴ്സിന്‍റെ ഇഷ്‌ടാനിഷ്ടങ്ങൾ മനസ്സിലാക്കി സംസാരിക്കാനറിയുന്നവരായിരിക്കണം.
  • ബ്യൂട്ടീഷ്യന്‍റെ കൈകളും വൃത്തിയുള്ളതായിരിക്കണം. നഖങ്ങൾ നീട്ടി വളർത്തരുത്. ഇത് ഫേഷ്യൽ ചെയ്യുന്ന സമയത്ത് മുഖത്ത് മുറിവ് ഉണ്ടാവാൻ ഇടയാക്കും.
  • ബ്രൈഡൽ മേക്കപ്പിന് വരുന്നവരോട് ഏതു തരത്തിലുള്ള മേക്കപ്പാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്‌തമായി ചോദിച്ചു മനസ്സിലാക്കണം. വസ്ത്രവും ആക്‌സസറീസും എത്തരത്തിലുള്ളതാണോ അതിനനുസരിച്ചുള്ള മേക്കപ്പ് ആവാം.
  • ഓരോ കസ്‌റ്റമറേയും ഒരുക്കിക്കഴിയുമ്പോൾ ഫേഷ്യൽ, മേക്കപ്പ്, കട്ടിംഗ്, ഹെയർ ഡ്രസ്സിംഗിനു ശേഷം ബെഡ്ഷീറ്റ്, ടവൽ, ഗൗൺ, ചീപ്പ് എന്നിവ മാറ്റേണ്ടതാണ്. തുണികൾ ആഴ്ച തോറും ആന്‍റിസെപ്റ്റിക് വെള്ളത്തിൽ കഴുകുക.
  • ഫേഷ്യലിന് ഉപയോഗിക്കുന്ന വസ്തുക്കൾ, മുഖക്കുരു നീക്കുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, പെഡിക്യൂർ, മാനിക്യൂർ ഇൻസ്ട്രുമെന്‍റ്സ് എന്നിവ ആന്‍റിസെപ്റ്റിക് സൊല്യൂഷനിൽ വയ്‌ക്കേണ്ടതാണ്. ദിവസവും ഇതു സ്റ്റെറിലൈസ് ചെയ്‌ത ശേഷം വേണം ഉപയോഗിക്കാൻ.
  • ചില ബ്യൂട്ടി പാർലറുകളിൽ തുണി ഉപയോഗിച്ചുള്ള സ്ട്രൈപ്‌സ് കഴുകി വീണ്ടുമുപയോഗിക്കാറുണ്ട്. ഇതിനായി സെലേഫിൻ സ്ട്രിപ്‌സ് ഉപയോഗിക്കാം.

ബ്യൂട്ടി പാർലർ നിയമങ്ങളും നിർദ്ദേശങ്ങളും

  • ബ്യൂട്ടി പാർലറിൽ മാന്യമായി വേണം പെരുമാറാൻ. നിങ്ങളുടെ പെരുമാറ്റം അവിടത്തെ സ്‌റ്റാഫിനെയോ കസ്‌റ്റമേഴ്സിനേയോ ഒരു തരത്തിലും ദോഷകരമായി ബാധിക്കാതെ നോക്കണം.
  • ധാരാളം കസ്റ്റമേഴ്‌സ് ഉള്ള ബ്യൂട്ടി പാർലറിലാണ് പോകുന്നതെങ്കിൽ നേരത്തെ അപ്പോയിന്റ്മെന്‍റ് എടുക്കണം.
  • എന്തെങ്കിലും കാരണവശാൽ അല്‌പസമയം കാത്തിരിക്കേണ്ടി വന്നാൽ ദേഷ്യപ്പെടുകയോ, പരാതിക്കൊരുങ്ങുകയോ വേണ്ട. നിങ്ങളുടെ ടൈംപാസിനായി പത്രങ്ങളും മാഗസിനുകളും മറി ച്ചു നോക്കാം. അതുമല്ലെങ്കിൽ മൃദു സംഗീതം ആസ്വദിക്കാം.
  • അല്പസമയം കാത്തിരിക്കേണ്ടി വന്നാൽ ചുറ്റി നടക്കുന്നതും അവിടെ വച്ചിരിക്കുന്ന കൗതുക വസ്‌തുക്കൾ എടുത്തു നോക്കുന്നതും നല്ലതല്ല. നിങ്ങൾക്ക് ഏതെങ്കിലും കോസ്മെറ്റിക്സിനെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ ബ്യൂട്ടീഷ്യനോട് നേരിട്ടു ചോദിക്കാം.
  • പാർലറിൽ ഇരുന്ന് ഉറക്കെ സംസാരിക്കരുത്. ബ്യൂട്ടിഷ്യന്‍റെയും കസ്‌റ്റമേഴ്‌സിന്‍റെയും ശ്രദ്ധ തെറ്റും.
  • ബ്യൂട്ടീഷ്യന്‍റെ ഭാഗത്തു നിന്നും ചെറിയ പിഴവു പറ്റിയാൽ ഒച്ചപ്പാടുണ്ടാക്കുവാനോ, ബ്യൂട്ടീഷ്യനെ കുറ്റപ്പെടുത്തുവാനോ പാടില്ല. പാർലറിൽ മറ്റ് കസ്‌റ്റമേഴ്‌സുമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. നിങ്ങളുടെ സംസാരത്തിൽ അസ്വസ്‌ഥത തോന്നിയാൽ തുടർന്നുള്ള ട്രീറ്റ്‌മെന്‍റ് നന്നാവണമെന്നില്ല.
  • ബ്യൂട്ടി ട്രീറ്റ്‌മെന്‍റ് തൃപ്തികരമാണെങ്കിൽ ബ്യൂട്ടീഷ്യനെ ഹൃദയം തുറന്ന് അഭിനന്ദിക്കാം. ബ്യൂട്ടീഷ്യന്‍റെ ആത്മവിശ്വാസം വർദ്ധിക്കുമെന്നു മാത്രമല്ല, ഭാവിയിൽ നിങ്ങൾക്ക് കൂടുതൽ കെയർ ലഭിക്കുകയും ചെയ്യും.

ഭർത്താവിൽ മാറ്റമുണ്ടാകാൻ എന്താണ് വഴി?

ചോദ്യം: 30 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. എനിക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. മകൻ ജനിക്കുന്നതിന് മുമ്പ് ഭർത്താവിന് എന്നോട് വലിയ സ്നേഹമായിരുന്നു. എന്നാൽ മകനുണ്ടായശേഷം അദ്ദേഹം എന്നെ വല്ലാതെ അവഗണിക്കുന്നു. എന്തെങ്കിലും ചെറിയ കാര്യത്തിന്‍റെ പേരിൽ അദ്ദേഹം എന്നോട് കലഹിക്കുന്നത് പതിവായിരിക്കുകയാണ്. ഏത് സമയത്തും ദേഷ്യം പിടിച്ചിരിക്കും പോലെയാണ് തോന്നുന്നത്. വീട്ടിൽ കലഹമുണ്ടാക്കുന്നതിൽ അമ്മായിയമ്മയും ഒട്ടും പിന്നിലല്ല. എന്നെക്കുറിച്ചുള്ള നിസ്സാരമായ പരാതികൾ അമ്മ ഭർത്താവിനെ ധരിപ്പിക്കും. അതോടെ അദ്ദേഹത്തിന് എന്നോട് ദേഷ്യമാകും.

ഒരിക്കൽ അദ്ദേഹം ഏതോ നിസ്സാര കാര്യത്തിന്‍റെ പേരിൽ എന്നെ അടിക്കുക പോലും ചെയ്തു. അക്കാര്യം എന്‍റെ മാതാപിതാക്കൾ ചോദിച്ചതോടെ വീട്ടിലെ അന്തരീക്ഷം ഒന്നു കുടി വഷളായിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം എന്നോട് സംസാരിക്കാറുപോലുമില്ല.

ഉത്തരം: തുടക്കത്തിൽ സ്നേഹ സമ്പന്നനായ ഭർത്താവായിരുന്ന അദ്ദേഹത്തിൽ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം ഉണ്ടാകാൻ കാരണം എന്താണ്? അതാണ് ആദ്യം അറിയേണ്ടത്. നിങ്ങൾ സ്വയമൊരു നിരീക്ഷണം നടത്തിനോക്കുക. നിങ്ങളാണോ ഭർത്താവിന്‍റെ ദേഷ്യത്തിന് കാരണമെന്ന് കണ്ടെത്തുക. മകനെ പരിപാലിക്കുന്ന തിരക്കിനിടയിൽ നിങ്ങൾ അദ്ദേഹത്തെ മനഃപൂർവ്വമല്ലാതെ അവഗണിച്ചതുകൊണ്ടാകുമോ ഈ ദേഷ്യം?

ഭാര്യയിൽ നിന്നുള്ള അവഗണന ഏതൊരു ഭർത്താവിനും സഹിക്കാനാകാത്തതാണ്. നിങ്ങൾ അതിനുള്ള കാരണം കണ്ടുപിടിച്ച് അത് മാറ്റിയെടുക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടിയിരുന്നത്.

പക്ഷേ, നിങ്ങളുടെ ഭാഗത്തുനിന്നും അങ്ങനെയൊരു ശ്രമമുണ്ടായില്ല. ഭർത്താവിന്‍റെ കൈ ഉയർന്നപ്പോൾ അതിനെ സമർത്ഥമായി എതിർക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹത്തോട് തുറന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് പകരം നിങ്ങൾ സ്വന്തം വീട്ടിൽ അറിയിച്ച് പ്രശ്നം വഷളാക്കുകയാണ് ചെയ്‌തത്.

പക്ഷേ, ഇനിയും സമയമുണ്ട്. അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുക. വേണ്ടത്ര പരിഗണന നല്കുക. ഒരിക്കലും അദ്ദേഹത്തെ അവഗണിക്കരുത്. സ്വകാര്യമായ നിമിഷങ്ങളിൽ നിങ്ങൾ പരസ്പ‌രം തുറന്ന് സംസാരിക്കുക. ഭർത്താവിലൊരു മാറ്റമുണ്ടാകാൻ അല്പം സമയമെടുക്കുമെങ്കിലും ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ ദാമ്പത്യം സ്നേഹ സമ്പന്നമാകും.

ചോദ്യം: 58 വയസ്സുള്ള ഒരു റിട്ടയേഡ് ഉദ്യോഗസ്ഥയാണ് ഞാൻ. എനിക്ക് രണ്ട് പെൺമക്കളാണ്. രണ്ടുപേരും വിവാഹിതരായി. ഞാൻ ഒറ്റയ്ക്കാണ് വീട്ടിലെ ഉത്തരവാദിത്തങ്ങൾ നോക്കിനടത്തിയിരുന്നത്. അക്കാര്യത്തിൽ ഒരിക്കൽപ്പോലും ഭർത്താവിന്‍റെ സഹകരണം കിട്ടിയിരുന്നില്ല. അദ്ദേഹം വീടിനുവേണ്ടി ഒരു നിസ്സാരമായ കാര്യംപോലും ചെയ്തിട്ടില്ല. ഒരു പ്രത്യേക തരം സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്. ചെറിയ കാര്യത്തിനു പോലും ഒരു കാരണവുമില്ലാതെ അദ്ദേഹം കലഹിക്കും. സമീപത്ത് ആരെങ്കിലും ഉണ്ടെന്നോ, അവർ കേൾക്കുമെന്നോ യാതൊരു വിചാരവുമില്ലാതെയാണ് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്നത്. അദ്ദേഹത്തിന് സൗഹൃദങ്ങളില്ലെന്ന് തന്നെ പറയാം. മാത്രമല്ല, ബന്ധുക്കളോ, സുഹൃത്തുക്കളോ വീട്ടിൽ വരുന്നതൊന്നും അദ്ദേഹത്തിനിഷ്ടമല്ല. ചുരുക്കത്തിൽ ആരുമായിട്ടും ഒരടുപ്പവുമില്ല. ആരുടേയും വീട്ടിൽ പോകുന്നതും ഇഷ്ട‌മല്ല.

അദ്ദേഹത്തിന്‍റെ വിചിത്രമായ സ്വഭാവം മൂലം ഞാൻ മാനസികമായി തകർന്നിരിക്കുകയാണ്. മാത്രമല്ല, ഞങ്ങൾ പരസ്പ‌രം സംസാരിച്ചിട്ട് മാസങ്ങളായെന്നുതന്നെ പറയാം. വിരസവും അവഗണന നിറഞ്ഞതുമായ ഈ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാണ്. ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു പോകുന്നു. ദുഃഖങ്ങളല്ലാതെ ഈ ജീവിതത്തിൽ എനിക്ക് മറ്റൊന്നുമുണ്ടായിട്ടില്ല.

ഉത്തരം: അപാരമായ ധൈര്യശാലിയും ബുദ്ധിമതിയുമായ ഒരു സ്ത്രീയാണ് നിങ്ങൾ. ഭർത്താവിന്‍റെ വശത്തു നിന്നും സാമ്പത്തികമോ വൈകാരികമോ ആയ സഹായസഹകരണങ്ങളൊന്നുമില്ലാതെ കുട്ടികളെ വളർത്തി പ്രാപ്തരാക്കി. സ്വന്തം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ നിങ്ങൾ സ്വയമതിൽ അഭിമാനിക്കുകയാണ് വേണ്ടത്. മക്കളുടെ വിവാഹം വരെ നിങ്ങളുടെ ജീവിതം ഉത്തരവാദിത്തങ്ങൾക്കിടയിലായിരുന്നു. അതുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നിരുന്നില്ല.

ഇപ്പോൾ ഉത്തരവാദിത്തങ്ങളൊക്കെ ഒഴിഞ്ഞു. ജീവിതത്തിൽ ഏകാന്തതയനുഭവപ്പെട്ടു തുടങ്ങിയതോടെ ഈ വേദനകൾ നിങ്ങളുടെ മനസ്സിനെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

ഭർത്താവിനെക്കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ നല്ലൊരു സമയം ഭർത്താവിനൊപ്പം ജീവിച്ചു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ സ്വഭാവവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുമല്ലോ. ഇത്രയും വർഷമായിട്ടും ഭർത്താവിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിക്കാത്തതുകൊണ്ട് ഇനിയും അത് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമല്ലേ. അതുകൊണ്ട് അതേക്കുറിച്ചോർത്ത് വേവലാതിപ്പെടാതിരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങളിൽ വ്യാപൃതയാവുക. അല്പസ്വല്പം ഭർത്താവിനെ ധിക്കരിച്ചുവെന്ന് കരുതി കുടുംബം തകരുകയൊന്നുമില്ല. ഇടയ്ക്കിടയ്ക്ക് ബന്ധു വീടുകൾ സന്ദർശിക്കാൻ പോവുക. ബന്ധുക്കളേയും സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിക്കുക. ഇടയ്ക്ക് മക്കളേയുംകൂട്ടി പുറത്ത് കറങ്ങാനൊക്കെ പോവുക. കുറച്ച് എതിർപ്പുകൾ ഭർത്താവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുമെങ്കിലും കുറച്ചു കഴിയുന്നതോടെ അതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകും. അതോടെ അദ്ദേഹം താനേ പത്തി മടക്കിക്കൊള്ളും. ചിലപ്പോൾ അദ്ദേഹത്തിലും ചില മാറ്റങ്ങളുണ്ടായെന്നും വരാം.

എയ്റോബിക്സ് മനസ്സിനും ശരീരത്തിനും ഉന്മേഷം

ആരോഗ്യമുള്ള ശരീരവും മനസ്സും ആരാണ് ആഗ്രഹിക്കാത്തത്? ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിർത്താൻ വ്യായാമം, യോഗ, മെഡിറ്റേഷൻ, ജോഗിംഗ്, നൃത്തം, സൈക്കിളിംഗ്, സ്‌കിപ്പിംഗ്, നീന്തൽ തുടങ്ങി ഏറെ മാർഗ്ഗങ്ങളുണ്ട്. ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. എയ്റോബിക്സ് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം നൽകുന്ന ഒരു വ്യായാമ മുറയാണ്.

1955 മുതലാണ് എയ്‌റോബിക്സിന് പ്രാധാന്യമേറുന്നത്. ഇന്ന് ലോകത്ത് 2.5 കോടിയിൽ അധികം പേർ എയ്റോബിക്സ് പരിശീലിക്കുന്നുണ്ട്. പൂർണ്ണമായും ശരീര ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യായാമമാണ് ഇത്. അതുകൊണ്ട് ഹൃദ്രോഗം പോലുള്ള അസ്വസ്‌ഥതകളോ, ശ്വാസ സംബന്ധമായ തകരാറുകളോ ഉള്ളവർ ഡോക്ടറുടെ അനുവാദ പ്രകാരം മാത്രമേ ഈ വ്യായാമത്തിൽ ഏർപ്പെടാൻ പാടുള്ളു. 5 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വ്യായാമം വളരെയധികം പ്രയോജനപ്പെടും.

ധാരാളം യാത്ര ചെയ്യേണ്ട ജോലി ഉള്ളവരാണെങ്കിൽ ഏറ്റവും സുഖപ്രദവും ഫലപ്രദവുമായ മാർഗ്ഗമാണ് എയ്റോബിക്സ്. വ്യായാമങ്ങളുടെ ഒരു കളക്ഷൻ കൈയിൽ കരുതുക. ഹോട്ടലിൽ ജിം ഫെസിലിറ്റി ഉണ്ടെങ്കിൽ എളുപ്പമായി. ഇല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ഡിവിഡി ഉപകരിക്കും. ഹൃദയ സംബന്ധമായ ക്ഷമത വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും.

തുടക്കം

എയ്‌റോബിക്സിന് പല വകഭേദങ്ങളുണ്ട്. ഡാൻസ് എയ്റോബിക്സ്, സ്‌റ്റെപ്പ് എയ്‌റോബിക്‌സ്, വാട്ടർ എയ്റോബിക്‌സ്… ലയബദ്ധമായ താളത്തിലാണ് എയ്‌റോബിക്‌സ് ചെയ്യാൻ തുടങ്ങുന്നത്. നിങ്ങളുടെ സൗകര്യപ്രകാരം വേണമെങ്കിൽ സമയം ദീർഘിപ്പിക്കാം. രണ്ടാഴ്ച്‌ച കൂടുമ്പോൾ സമയം ദീർഘിപ്പിക്കുന്നതാവും ഉത്തമം. ഇത് ചെയ്യുന്ന സമയത്ത് പശ്ച്ചാത്തല സംഗീതം പ്ലേ ചെയ്യുന്നത് ശാരീരിക ചലനത്തിനും സ്‌റ്റെപ്പുകൾക്കും താളം കിട്ടാൻ സഹായിക്കും.

75 ശതമാനം എയ്റോബിക്സിനും ജമ്പിംഗ് മൂവ്മെന്‍റാണ്. അതുകൊണ്ട് എയ്റോബിക്സ് ചെയ്യുന്ന സമയത്ത് എപ്പോഴും അയഞ്ഞ വസ്ത്രങ്ങളും മികച്ച ക്വാളിറ്റിയിലുള്ള ഷൂസും അണിയണം. വ്യായാമം ചെയ്യുന്നിടത്തെ നിലം ഹാർഡ് വുഡ്‌ ആയിരിക്കുന്നതാണ് നല്ലത്. അതിന് മുകളിലായി മാറ്റ് വിരിച്ചിടുകയും വേണം. എയ്റോബിക്സ് ചെയ്യുമ്പോൾ എപ്പോഴും ചുവടുകൾ മാറ്റാൻ ശ്രദ്ധിക്കുക. പതിയെ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്ത ശേഷം വേണം ഈ വ്യായാമം തുടങ്ങാൻ. പ്രസന്നമായ മുഖത്തോടെ വേണം ഇത് ചെയ്യാൻ. വ്യായാമത്തിനു ശേഷം കുറച്ച് നേരത്തേയ്ക്ക് പുറത്തെ അന്തരീക്ഷവുമായി സമ്പർക്കം ചെലുത്താതിരിക്കുന്നത് നന്നായിരിക്കും. ദിവസവും 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ എയ്റോബിക്സ് ചെയ്യാം. എന്നാൽ ആദ്യമായി ചെയ്യുന്നവർ 30 മിനിറ്റിൽ അധികം വ്യായാമ സമയം നീട്ടരുത്. ശരീരത്തിലെ അപകടകാരിയായ കൊഴുപ്പിനെ ഊർജ്ജ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. വണ്ണം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണിത്.

പ്രയോജനം

എയ്റോബിക്സ് ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ശക്തിയും ഊർജ്ജവും പകരും. ഫാസ്റ്റ‌് ലൈഫിന്‍റെ ഫലമായിട്ടുള്ള പിരിമുറുക്കവും ഡിപ്രഷനും അകറ്റാനും ശരീരത്തിലെ ഊർജ്ജം ശരിയായ രീതിയിൽ വിനിയോഗിക്കാനും ശരീരഭാരം സാധാരണ നിലയിലാക്കാനും സഹായിക്കും. വിശപ്പു കൂട്ടാൻ ഇത് നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിന്‍റെ മെറ്റബോളിസം എളുപ്പത്തിൽ മെച്ചപ്പെടുത്തി അതുവഴി ശരീരത്തെ ഊർജ്ജസ്വലത ഉള്ളതാക്കി മാറ്റാൻ എയ്റോബിക്സ് ഒരു ശീലമാക്കൂ.

ഭക്ഷണം

എയ്റോബിക്സ് ചെയ്യുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ഇല്ലാത്ത സന്തുലിതമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പച്ചവെള്ളത്തിനു പകരം ജ്യൂസ്, ഇളനീർ എന്നിവ കുടിക്കുക. പച്ചക്കറികളും പഴങ്ങളും കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചായ, കാപ്പി, പുകവലി, മദ്യം, ജങ്ക്ഫുഡ്, മാംസാഹാരം എന്നിവ പാടേ ഒഴിവാക്കുക.

നന്ദി അലക്സ & അപർണ…!

ഈ ആധുനിക കാലത്ത് ഏത് സമയത്തും നാം ഒരു ആപ്പുമായോ അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നവുമായോ ഇടപഴകുന്നുണ്ടാകും… എന്നാൽ ഏതെങ്കിലും അവസരത്തിൽ ഇത് ആര് ഡിസൈൻ ചെയ്‌തു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിന്‍റെ ഡിസൈനറെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആ മനോഹര സൃഷ്‌ടിയെ മാത്രം നമ്മൾ ശ്രദ്ധിക്കുന്നു.

എന്തായാലും ഇക്കാലത്തെ സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പോലും അനായാസമായി ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കുന്ന പ്രൊഫഷനലുകൾ ഉണ്ട്…

ഉപയോക്താക്കൾക്കും സാങ്കേതികവിദ്യയ്ക്കുമിടയിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കാനാണ് യുഎക്‌സ് ഡിസൈനർ ശ്രമിക്കുന്നത്. അപ്പോൾ എന്താണ് UX ഡിസൈൻ? യൂസർ എക്‌സ്‌പീരിയൻസ് (UX) ഡിസൈൻ നമ്മിൽ മിക്കവർക്കും താരതമ്യേന ഒരു പുതിയ മേഖലയാണ്. അല്ലെങ്കിൽ സേവനങ്ങൾ സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണിത്.

ഉപയോക്ത‌ാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ഉൽപ്പന്നത്തിന്‍റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനാണ് UX ഡിസൈനർമാർ ലക്ഷ്യമിടുന്നത്. വിവിധ വ്യവസായങ്ങളിലുടനീളമുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിജയം രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാലത്ത് ഏറ്റവും ജനകീയമായ അത്തരം ഒരു സാങ്കേതിക സൗകര്യം ആണ് അലക്‌സ. ആമസോൺ വികസിപ്പിച്ച ഒരു ഇന്‍റലിജന്‍റ് പേഴ്സണൽ അസിസ്‌റ്റന്‍റ് ആണ് ഇത്. എപ്പോഴും ഒരു വാക്ക് അകലത്തിൽ സഹായഹസ്‌തവുമായി എത്തുന്ന അലക്സ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്. ഈ മാറ്റത്തിനു നന്ദി പറയേണ്ടത് അലക്സയോട് മാത്രമല്ല. അപർണ ഉണ്ണികൃഷ്ണൻ എന്ന മലയാളി വനിതയോടും കൂടിയാണ്. കാരണം അപർണ നയിക്കുന്ന ഒരു ഗവേഷണ വിഭാഗമാണ് അലക്സ് വികസിപ്പിച്ചെടുത്തത്.

അപർണ ഉണ്ണികൃഷ്ണൻ UX ഡിസൈൻ ആൻഡ് സ്ട്രാറ്റജി മേഖലയിൽ അഭിമാനാർഹമായ നേട്ടം കൊയ്‌ത മലയാളി വനിത ആണ്. ആമസോണിന്‍റെ ഡിവൈസ് ഡിസൈൻ ആൻഡ് സർവീസസ് ഓർഗനൈസേഷനിലെ ഫയർ ടാബ്‌ലെറ്റ്‌സ് യുഎക്സ് ഡിസൈനിന്‍റെ ലീഡറായി അപർണ പ്രവർത്തിക്കുന്നു. ഡിസൈൻ സ്ട്രാറ്റജിയിലും റിസേർച്ചിലും ബിരുദാനന്തര ബിരുദവും പ്രൊഡക്‌ട് യൂഎക്‌സ് ഡിസൈനിൽ ബിരുദവും നേടിയ അപർണ സാങ്കേതികവിദ്യ രംഗത്തെ ഉപകരണങ്ങൾ യൂസർ എക്‌സ്‌പീരിയൻസ് അനുസരിച്ച് രൂപപ്പെടുത്തുന്നതിൽ പ്രവർത്തിക്കുന്നു. തൃശ്ശൂർ എന്ന ചെറിയ നഗരത്തിൽ നിന്ന് ആരംഭിച്ച അപർണയുടെ യാത്ര സിലിക്കൺ വാലിയിലേക്കുള്ള വലിയ സ്വപ്നങ്ങളിലേക്കായിരുന്നു.

ഡിസൈൻ മേഖല തെരഞ്ഞെടുത്തത്

ചെറുപ്പം മുതലേ, കലാപരമായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്ക് വലിയ ഇഷ്‌ടം ആയിരുന്നു. പെയിന്‍റിംഗ്, ഫ്ളവർ അറേഞ്ച്‌മെന്‍റ് എല്ലാം ഏറെ ഇഷ്ടമായിരുന്നു. എന്‍റെ മുന്നിൽ കാണുന്ന ഏതൊരു മെറ്റീരിയലും മനോഹരമായ ഒന്നാക്കി മാറ്റുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഭാഗ്യത്തിന് വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകുന്ന ഹരിശ്രീ സ്‌കൂളിലാണ് പഠിച്ചത്. ഒരു കുട്ടിയിലെ ഗുണങ്ങൾ തിരിച്ചറിയാൻ സഹായിച്ച സ്‌കൂളിനോടും പ്രിൻസിപ്പൽ നളിനി ചന്ദ്രനോടും ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു.

സ്‌കൂളിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, പൂക്കളമിടൽ, വെജിറ്റബിൾ കാർവിംഗ്, നൃത്തം, കവിതാ രചന, കവിത പാരായണ മത്സരം തുടങ്ങി എല്ലാറ്റിലും പങ്കെടുക്കുമായിരുന്നു. ഈ മത്സരങ്ങളിൽ വിജയിച്ചപ്പോൾ എനിക്ക് ആത്മവിശ്വാസമായി… എന്‍റെ അമ്മയും അതിൽ വലിയ പങ്ക് വഹിച്ചു. അമ്മയുടെ ഡിസൈനിംഗ് സെൻസ് ആണ് അക്കാലത്ത് എന്നെ ഏറെ സഹായിച്ചത്. ഞാൻ സ്‌കൂൾ മുതൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എനിക്ക് മറ്റുള്ളവരെ കൂടുതൽ നിരീക്ഷിക്കാനും എന്‍റെ ചുറ്റുമുള്ള മറ്റ് കുട്ടികൾ അവരുടെ കഴിവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് മനസ്സിലാക്കാനും അവസരം ലഭിച്ചു. കൂടാതെ വായനയിലൂടെ ഞാൻ കണ്ട ലോകവും എനിക്ക് എപ്പോഴും പുതിയ കാഴ്‌ചപ്പാടുകൾ നൽകി.

ശ്രദ്ധ തിരിക്കാൻ ഉപകരണങ്ങളോ ടിവി സ്ക്രീനുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഒരു അണുകുടുംബത്തിൽ വളർന്ന എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട വിനോദം വായനയായിരുന്നു. ഡിക്കൻസ്, ജെയ്ൻ ഓസ്‌റ്റിൻ, ടോൾസ്‌റ്റോയ്, റൗളിംഗ് ഗബ്രിയേൽ, ഗാർസിയ മാർകോസ്, മുറകാമി, ഹാജിൻ, പാമുക്ക് തുടങ്ങിയ നിരവധി അന്തർദേശീയ എഴുത്തുകാരെയും ഞാൻ വായിച്ചിട്ടുണ്ട്. ഒരു നല്ല വായനക്കാരനായ എന്‍റെ അച്ഛനാണ് എനിക്ക് വായനക്ക് പ്രചോദനം നൽകിയത്.

പ്രചോദിപ്പിച്ചവർ

ഒരു എഞ്ചിനീയറോ ഡോക്ട‌റോ ആകുന്നതാണ് കേരളത്തിലെ ഏറ്റവും വിജയകരമായ തൊഴിലായി കണക്കപ്പെട്ടിരുന്നത്. ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും അത് രണ്ടും അല്ലാത്ത ഏറ്റവും മികച്ച മേഖല തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. ഡിസൈനിംഗ് പോലെയുള്ള ഒരു തൊഴിൽ അന്നുണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്‌മിഷൻ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് എന്‍റെ അമ്മയിലൂടെയാണ് ഞാൻ അറിഞ്ഞത്. അമ്മ ഗുജറാത്തിലെ ബറോഡയിൽ പഠിക്കുകയും ടെക്സ്‌റ്റൈൽ ഡിസൈൻ ചെയ്യുകയും ചെയ്‌തിരുന്ന കാലം മുതൽ എൻഐഡിയെക്കുറിച്ച് കേട്ടിരുന്നു. അന്നും NID വളരെ പ്രശസ്‌തമായിരുന്നു. കൊച്ചിയിൽ പോയി എൻട്രസ് പരീക്ഷ എഴുതി. എന്‍റെ ജീവിതത്തിൽ ഞാൻ രസകരമായി എഴുതിയ ഒരേയൊരു പരിക്ഷയായിരുന്നു അത്! പ്രവേശന പരീക്ഷ തന്നെ ഒരു വെളിപാടായിരുന്നു. മുൻകൂ ട്ടി നിശ്ചയിച്ച ഉത്തരങ്ങളുള്ള പരമ്പരാഗത പരീക്ഷകളിൽ നിന്ന് വ്യത്യസ്‌തമായ പരീക്ഷ…

എന്‍റെ മാതാപിതാക്കളും സ്‌കൂളും ആണ് ഇപ്പോഴത്തെ എന്നെ രൂപപ്പെടുത്തിയത്. കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. അധ്യാപകരുടെയും അയൽവാസികളുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടേയും ശക്‌തമായ പിന്തുണ ഉയർന്ന കാര്യങ്ങൾ ലക്ഷ്യമിടാനും നേടാനും നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു.

എൻഐഡിയിൽ പ്രവേശനം

എൻഐഡിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വർഷങ്ങൾക്കുമുമ്പ് എൻഐഡി വിട്ടുപോയ ഒരു സൂപ്പർ സീനിയറെ കണ്ടുമുട്ടിയത് ഞാൻ ഓർക്കുന്നു. ആ സമയത്ത് അദ്ദേഹം എനിക്ക് വ്യക്തമായ ഉപദേശം നൽകിയിരുന്നു. “ബി യുവേഴ്സെൽഫ് എന്നാണ്” അദ്ദേഹം പറഞ്ഞത്. അതുതന്നെയാണ് ഞാൻ ചെയ്തത്. എൻഐഡിക്ക് യോഗ്യത നേടുന്നതിന് മുമ്പ് മൂന്ന് റൗണ്ട് പരീക്ഷകൾ ഉണ്ടായിരുന്നു. ആദ്യത്തേത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്, രണ്ടാമത്തേത് ഒരു ദിവസം നീണ്ടുനിൽക്കുന്ന വർക്ഷോപ്പ് സാധനങ്ങൾ നിർമ്മിക്കൽ, ആശയങ്ങൾ രൂപപ്പെടുത്തൽ, 3D മോഡിലിംഗ് മെറ്റീരിയലുകളിൽ പരീക്ഷണം NID ഫാക്കൽറ്റിയുടെ പാനലുമായുള്ള അഭിമുഖം, ആദ്യ രണ്ട് റൗണ്ടുകൾ രസകരമായിരുന്നു യഥാർഥത്തിൽ ഒരു പരീക്ഷയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അത്ര മാത്രം ആസ്വദിച്ചു. മുന്നാം റൗണ്ടിൽ, പരന്നുകിടക്കുന്ന പുൽത്തകിടികളിൽ മയിലുകൾ നൃത്തം ചെയ്യുന്ന വിശാലമായ മനോഹരമായ കാമ്പസ് കണ്ടു. ഗൗതമും ഗീതാ സാരാഭായിയും ചേർന്ന് രൂപകല്‌പന ചെയ്‌ത മനോഹരമായ ഇടനാഴികളും അതിമനോഹരമായ വാസ്‌തുവിദ്യയും കണ്ടു. അഭിമുഖം അത്ഭുതകരമായ അനുഭവമായിരുന്നു. കാരണം ഫാക്കൽറ്റിയും ഞാനും വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു.

വിദ്യാഭ്യാസകാലം

നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് കണ്ടെത്താനുള്ള ഇടം നൽകുക എന്നതാണ് NID ഏറ്റവും പ്രധാനമായി ചെയ്യുന്നത്. 2000-ത്തിന്‍റെ തുടക്കത്തിൽ, ഞാൻ NIDയിൽ ചേർന്നപ്പോൾ. അതിന്‍റെ ബിരുദ ബാച്ചിലേക്ക് ഇന്ത്യയൊട്ടാകെ 60 വിദ്യാർത്ഥികളെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളു. ഇന്ത്യയിലുടനീളം നിന്ന് തെരെഞ്ഞെടുത്ത ഏറ്റവവും രസകരമായ 60 മനസ്സുകൾ. ഈ വിദ്യാഭ്യാസത്തിന്‍റെ കാതൽ ക്രിയേറ്റീവ് പ്രശ്‌നപരിഹാരമാണ്, തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് ചേർന്ന ഒരു പഠന മാതൃകയാണ്. നാല് വർഷത്തിനിടയിൽ വലുതും ചെറുതുമായ നിരവധി പ്രോജക്റ്റുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അടിസ്ഥ‌ാനപരമായ കാര്യങ്ങൾ ഇപ്പോഴും ഡിസൈനുകൾ ചിന്തിക്കുന്നതിനുള്ള അടിസ്‌ഥാന രീതിയാണ്. ജർമ്മനിയിലെ ഒരു എക്സ് ചേഞ്ച് പ്രോഗ്രാമിനായി എൻഐഡിയെ പ്രതിനിധീകരിക്കാൻ എന്നെ തിരഞ്ഞെടുത്തതിനാൽ എൻഐഡി എനിക്ക് എന്‍റെ ആദ്യത്തെ അന്താരാഷ്ട്ര എക്സ്പോഷറും നൽകി.

പ്രവൃത്തി പരിചയം

എന്‍റെ എൻഐഡി പ്രോഗ്രാമിന്‍റെ അവസാന സെമസ്‌റ്ററിലാണ് ഞാൻ എൽജി ഇലക്ട്രോണിക്സിൽ ചേർന്നത്. ഈ സമയത്ത് ഞാൻ LGയുടെ ചോക്ലേറ്റ് ഫോണിൽ പ്രവർത്തിച്ചു. ഈ ഇന്‍റേൺഷിപ്പിന് ശേഷം വേൾപൂൾ കോർപ്പറേഷനിൽ ചേരാനുള്ള അവസരം ലഭിച്ചു. അവിടെ ഞാൻ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ റോളിൽ, ഞാൻ അതിവേഗം മുന്നേറി. ഇന്ത്യയിലെ ആദ്യത്തെ ബോട്ടം-മൗണ്ട് റഫ്രിജറേറ്റർ വിജയകരമായി പുറത്തിറക്കി, 2007-ൽ എലാൻട്ര എന്ന പേരിൽ പുതിയ ഹോം ഇൻവെർട്ടറുകൾ അവതരിപ്പിച്ചു. ആ നാളുകളിൽ, എന്‍റെ പ്രാഥമിക ലക്ഷ്യം കഴിയുന്നത്ര എക്‌സ്പീരിയൻസ് ശേഖരിക്കുക എന്നതായിരുന്നു. ഡിസൈനർ പ്രോട്ടോടൈപ്പർ, റിസേർച്ചർ എന്നിവയ്ക്ക് പുറമെ മാർക്കറ്റിംഗ് എഞ്ചിനീയറിംഗ് ടീമുകളുമായി സഹകരിച്ചു പ്രവർത്തിച്ചു.

തൊഴിൽ സാധ്യതകൾ

പഠിക്കുന്ന കാലത്ത് കരിയർ അല്ലെങ്കിൽ പണത്തെക്കുറിച്ച് വിശാലമായി ചിന്തിച്ചതായി ഓർക്കുന്നില്ല. ഞാൻ മുൻഗണന നൽകിയത് ശക്‌തമായ ഒരു പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനാണ്, അതാണ് ജോലികൾ സുരക്ഷിതമാക്കിയത്. അതിനാൽ എൻഐഡിയിലായിരിക്കുമ്പോൾ ശരിയായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുകയും ശക്‌തമായ ഡിസൈൻ സൊല്യൂഷനുകൾ ഉറപ്പാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിർണായകമായിരുന്നു. ബിരുദം നേടിയ ശേഷം അക്കാലത്തെ മാർക്കറ്റ് ഡിമാൻഡ് പരിഹരിക്കാൻ വേണ്ടത്ര ഡിസൈനർമാർ ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒരു ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ വേൾപൂളിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളത്തിൽ പോലും ഞാൻ ആശ്ചര്യപ്പെട്ടു.

യൂഎസ് തിരഞ്ഞെടുത്തത്

ഇന്ത്യയിൽ ജോലി ചെയ്ത വേളയിൽ വിവിധ പ്രോജക്‌ടുകൾ ചെയ്യുകയും ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തപ്പോൾ എന്‍റെ ചിന്ത കൂടുതൽ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എനിക്ക് മനസ്സിലായി. ഞാൻ ഏറ്റെടുത്ത ഡിസൈൻ പ്രോജക്‌ടുകളിൽ എനിക്ക് തൃപ്തി തോന്നിയില്ല. പലപ്പോഴും, ഡിസൈനർമാർ മാർക്കറ്റിംഗ് ചർച്ചകളിൽ ഉൾപ്പെടുത്താതെ വൈദഗ്ധ്യം കൊണ്ട് മാത്രം വിലമതിക്കപ്പെടുന്നു. അവരുടെ അഭിപ്രായങ്ങൾ പ്രോഡക്റ്റിന്‍റെ ബ്യൂട്ടി കാര്യങ്ങളിൽ ഒതുങ്ങി. സമൂഹത്തിലെ ആവശ്യങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരു തന്ത്രപരമായ ഉപകരണമായി ഡിസൈനർഎങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു.

ഈ കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിനെയും അതിന്‍റെ പാഠ്യപദ്ധതിയെയും കുറിച്ച് ഒരു പ്രസംഗം നടത്താൻ ചിക്കാഗോയിലെ ഐഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഒരു പ്രൊഫസർ ന്യൂഡൽഹിയിലെ വേൾപൂൾ സന്ദർശിച്ചു. എന്‍റെ മനസ്സിൽ നിലനിൽക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് അവിടെ കിട്ടി.

എസ്‌സി ജോൺസന്‍റെ അനുഭവം

ഐഐടിയിലെ ബിരുദാനന്തര ബിരുദത്തിന് ശേഷം ഞാൻ എസ്‌സി ജോൺസണിൽ ചേർന്നു. എസ്‌സി ജോൺസൺ ആൻഡ് സൺസ് ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. പ്രാഥമികമായി ഗാർഹിക സാമഗ്രികളുടെ നിർമ്മാണത്തിനും അതിവേഗം ചലിക്കുന്ന ഉപഭോക്ത്യ ഉൽപ്പപന്നങ്ങൾക്കും പേരുകേട്ടതാണ്. ഹോം കെയർ ആന്‍റ് എയർ ഫ്രാഗ്രൻസിംഗ് മേഖലയിൽ ഞാൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. ആർട്ടിസ്റ്റുകളുടെയും ഡിസൈനർമാരുടെയും സഹകരണത്തോടെ എയർ ഫ്രെഷ്‌നർ ബ്രാൻഡായ ഗ്ലേഡിന്‍റെ മ്യൂസിയം ഓഫ് ഫീലിംഗ്‌സിന്‍റെ തുടക്കവും എന്‍റെ എക്സ്‌പീരിയൻസിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. വളരെയധികം ജനപ്രീതി നേടുകയും ചെയ്‌തു.

aparna

അലക്സയിലേക്ക്

ആമസോൺ കമ്പനി 2014-ൽ അലക്സയുടെ ഒഫീഷ്യൽ ലോഞ്ച് നടത്തിയപ്പോൾ എനിക്ക് അതിൽ പ്രവർത്തിക്കണം എന്ന ആഗ്രഹം തോന്നി അങ്ങനെ ആമസോണിലേക്കും എത്തി. അലക്സ ടീമിൽ പ്രവർത്തിക്കും മുമ്പ് മറ്റു പല വിഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ആമസോൺ സ്‌ഥാപകൻ ജെഫ് ബിസോസ് തന്നെ സെലക്‌ട് ചെയ്‌ത പേരാണ് അലക്സ. ഇതിനിടയിൽ അദ്ദേഹത്തിന് മുന്നിൽ ഒരു പ്രസന്‍റഷൻ അവതരിപ്പിക്കാൻ അവസരം കിട്ടിയത് വലിയ അനുഭവമായിരുന്നു. ആധുനിക മനുഷ്യന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു കണ്ടുപിടിത്തം ആണ് അലക്സ. ഇപ്പോൾ 15 പ്രോഡക്‌ടുകളാണ് അലക്സയുടേതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇനിയും ഒരുപാടു ദൂരം താണ്ടാൻ ഉണ്ട്. എത്രമാത്രം ക്രിയേറ്റീവ് ആകാമോ അത്രയും മികവുള്ള ഉൽപ്പന്നങ്ങൾ ഒരു ഡിസൈനർക്ക് സൃഷ്ടിക്കാൻ കഴിയും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്

എന്‍റെ അഭിപ്രായത്തിൽ എഐ ഡിസൈൻ ഒന്നിനെയും മാറ്റി സ്‌ഥാപിക്കുന്നില്ല മറിച്ച് ഡിസൈൻ പ്രെഫഷണലുകൾക്കായി പുതിയ അധ്യായങ്ങൾ തുറക്കുകയാണ് ചെയ്ത‌ത്. എഐ അടിസ്‌ഥാനപരമായി വിവിധ ആപ്ലിക്കേഷനുകളിൽ പ്രയോഗിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഞങ്ങൾ ദിവസവും ഉപയോഗിക്കുന്ന പൊതുവായ ആപ്ലിക്കേഷനുകളിൽ ഇത് ഇതിനകം തന്നെ ഉള്ളതിനാൽ ഇത് പൂർണ്ണമായും പുതിയ ഒരു എന്‍റിറ്റി പേലുമില്ല. ഉദാഹരണത്തിന് ലക്ഷ്യസ്‌ഥാനത്ത് എത്താൻ ഗൂഗിൾ മാപ്‌സ് വേഗത്തിലുള്ള വഴി നിർദ്ദേശിക്കുമ്പോൾ അത് എഐ ഉപയോഗിക്കുന്നു. അതുപോലെ നിങ്ങളുടെ സെർച്ചിംഗ് ഹിസ്‌റ്ററി നോക്കി പുതിയ സിനിമ സംഗീത ശുപാർശകൾ ലഭിക്കുമ്പോൾ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

നിർണായക രൂപകൽപന പ്രക്രിയകളെ മുഴുവനായും അഭിസംബോധന ചെയ്യാൻ എഐ-ക്ക് കഴിയുകയില്ല. അതിന് ഇപ്പോഴും മനുഷ്യന്‍റെ ഇടപെടൽ ആവശ്യമാണ്. അതേസമയം എഐയുടെ വരവോടെ ഡിസൈനിന്‍റെ പങ്ക് കൂടുതൽ നിർണായകമായി.

വിവിധ ജോലികളും പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യാനുള്ള കഴിവ് എഐ-ക്ക് ഉണ്ട്. എന്നാൽ സർഗ്ഗാത്മമകത, സഹാനുഭൂതി, ധാർമ്മികത, യുക്‌തി എന്നിവ പോലുള്ള മനുഷ്യന്‍റെ കഴിവുകൾ പൂർണ്ണമായി പകർത്താൻ ഇതിന് കഴിയില്ല.

കുടുംബം

അച്‌ഛൻ ഡോ. ഉണ്ണികൃഷ്‌ണൻ, അമ്മ സുജാത, അനുജൻ അനിൽ. സഹപാഠി ആയിരുന്ന നിഖിൽ മാത്യു ജീവിതത്തിലും പങ്കാളിയായി അദ്ദേഹവും ആമസോണിൽ പ്രവർത്തിക്കുന്നു. രണ്ട് മക്കൾ നടാഷ, ഇവ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें