ഇളയ മകൾ നയനയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാവിത്രിയമ്മ മംഗലം തറവാട്ടിൽ തീർത്തും തനിച്ചായി. വാർദ്ധക്യസഹജമായ രോഗങ്ങളും കാഴ്ചമങ്ങലും മൂലം അവർ ഏറെ അസ്വസ്ഥയായിരുന്നു.
സാവിത്രിയമ്മയ്ക്ക് മൂന്ന് പെൺമക്കളാണ്. മൂത്ത മകൾ നിഷയുടെ വീട്ടിലേയ്ക്ക് ഏതാണ്ട് ഒന്നരമണിക്കൂർ ദൂരം കാണും. മറ്റുള്ളവരുടെ വീടുകൾ അതിലും ദൂരെയാണെന്നതിനാൽ സാവിത്രിയമ്മ മൂത്ത മകളെയാണ് ഏതാവശ്യത്തിനും ആശ്രയിക്കാറ്.
“മോളേ നിഷേ, നീ ഇവിടം വരെയൊന്നു വരണം. കണ്ണിലാകെയൊരു മൂടൽ."
സാവിത്രിയമ്മ വിളിച്ചപ്പോൾ നിഷ അന്നുതന്നെ വീട്ടിലെത്തി. ഡോക്ടറെ കണ്ടപ്പോൾ ഒരാഴ്ചയ്ക്കകം തിമിര ശസ്ത്രക്രിയ നടത്തണമെന്നാണ് പറഞ്ഞത്. പക്ഷേ ഓപ്പറേഷനു ശേഷം സാവിത്രിയമ്മയെ ആരു നോക്കും? നിഷയ്ക്ക് ആശങ്കയായി.
അനുജത്തി നീരജയെ ഫോണിൽ വിളിച്ചു. അമ്മയുടെ ഓപ്പറേഷനെക്കുറിച്ച് സൂചിപ്പിച്ചു.
“ഞാൻ അമ്മയേയും കൂട്ടി ഇവിടെ അടുത്തുള്ള ഡോ. രംഗനാഥന്‍റെ ആശുപത്രി വരെ പോയിരുന്നു. ഒരാഴ്ചയ്ക്കകം അമ്മയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ഓഫീസിൽ ആന്വൽ ക്ലോസിംഗ് തിരക്കാണ്. ഒരു ദിവസത്തെ ലീവ് കിട്ടാൻ പോലും പ്രയാസമാണ്." ഓപ്പറേഷനു ശേഷം അമ്മയെ നോക്കാൻ പറ്റില്ലെന്ന കാര്യം നിഷയുടെ സംസാരത്തിൽ നിന്നും സ്പഷ്ടമായിരുന്നു.
"ങേ, അമ്മയെ ആരു നോക്കും? എന്‍റെ ആരോഗ്യസ്ഥിതി അറിയാവുന്നതല്ലേ... അപ്പോ പിന്നെ ഞാനെങ്ങനെ അവിടെ വന്നുനിന്ന്..." നീരജയുടെ ശബ്ദ്ദം നേർത്തു വന്നു.
“അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് അസുഖമായി. പുറത്തെവിടെയെങ്കിലും പോകണമെന്നു പറഞ്ഞാൽ നിനക്കൊരു കുഴപ്പവുമില്ലല്ലോ?" നിഷയുടെ സ്വരത്തിൽ പരിഹാസം കലർന്നു.
“ക്ലോസിംഗ് ഡേറ്റാണ്, ലീവെടുക്കാൻ പറ്റില്ല എന്നൊക്കെ വെറുതെ നുണ പറയേണ്ട. കഴിഞ്ഞ വർഷം നീ ഇതേ സമയത്തല്ലേ ചേട്ടന്‍റെ കൂടെ മലേഷ്യയിലേയ്ക്ക് കറങ്ങാൻ പോയത്?" തർക്കത്തിൽ തന്നെ തോല്പിക്കേണ്ട എന്ന ഭാവമായിരുന്നു നീരജയുടേത്.
“ചേട്ടൻ ഓഫീസിൽ നിന്നും വർഷാവർഷം ട്രാവൽ അലവൻസ് കിട്ടുന്നുണ്ട്. ആ ഓഫറങ്ങ് വെറുതെ കളയാൻ പറ്റുമോ? മണ്ടത്തരമല്ലേ...” നിവൃത്തികേടിന്‍റെ ലാഞ്ജന ആ സംസാരത്തിൽ പ്രകടമായിരുന്നു.
“ഇതേക്കുറിച്ചു നയനയോടു സംസാരിച്ചോ?" നീരജ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.
“ഞാൻ അവളെയും വിളിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ അവളുടെ അമ്മായിയമ്മ, ആ ഭയങ്കരി അതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?"
“ശരിയാ, ആകാശം ഇടിഞ്ഞു വീണാലും അവര് നയനയെ അയയ്ക്കുമെന്നു തോന്നുന്നില്ല. അവരോട് സംസാരിച്ച് നാണം കെടാൻ ഞാനില്ല..."
“മൂന്നുമാസം മുമ്പ് നയനയുടെ വീട്ടിൽ വച്ചു നടന്ന ആ സംഭവം നീ മറന്നോ? നയനയുടെയും കിരണിന്‍റെയും വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരുമാസമായി കാണും..." ഒരു നിമിഷം നിശ്ശബ്ദയായ ശേഷം നിഷ തുടർന്നു.
“സ്വീറ്റ്സും ചോക്ലേറ്റുമൊക്കെയായി നമ്മൾ ആദ്യമായി അവിടെ പോയത്..."
“ചെറിയൊരു ഷോപ്പിംഗ്.. നയനയെ കുറച്ചു സമയത്തേക്ക് ഞങ്ങളുടെ കൂടെ പുറത്തേയ്ക്ക് അയയ്ക്കാമോ എന്ന് നീ അന്ന് എത്ര കെഞ്ചിയതാ... എന്നിട്ടവര് സമ്മതിച്ചില്ലല്ലോ.”
“ശരിയാവില്ലെന്ന്... എത്ര കർശനമായാണവർ പറഞ്ഞത്. നീരജയുടെ സംസാരത്തിലുടനീളം നയനയുടെ അമ്മായിയമ്മയോടുള്ള എതിർപ്പ് പ്രകടമായിരുന്നു.