നിറഞ്ഞ ആത്മവിശ്വാസവും ആലാപന മികവുകൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് വരുന്ന ആരാധകരെയാണ് മലയാളത്തിന്‍റെ അഭിമാനമായ ഈ ചുണക്കുട്ടി ചുരുങ്ങിയ നാളുകൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.
സോണി ടിവി ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പർ സ്‌റ്റാർ സിംഗർ ത്രീയിൽ വിജയിയായിരിക്കുകയാണ് മലയാളത്തിന്‍റെ കൊച്ചുഗായകൻ ആവിർഭവ് എസ്. മറ്റൊരു മത്സരാർത്ഥിയായ അഥർവ് ബക്ഷിക്കൊപ്പമാണ് ഈ 7 വയസുകാരൻ തിളക്കമാർന്ന ഈ വിജയം പങ്കിട്ടിരിക്കുന്നത്.
ഇടുക്കി സ്വദേശിയായ ആവിർഭവ് കൊച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ആഘോഷിക്കപ്പെടുന്ന കുട്ടി താരമായി മാറിയിരിക്കുകയാണ് മലയാളിയായ ഈ കുഞ്ഞ് ഭാവഗായകൻ. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിലൂടെ “ബാബുക്കുട്ടൻ” എന്ന ഓമന പേരിൽ ആവിർഭവ് ഏറെ സുപരിചിതനാണ്. മലയാളത്തിൽ ലഭിക്കാത്ത അംഗീകാരമാണ് ഈ കൊച്ചുഗായകനെ ഹിന്ദി റിയാലിറ്റി ഷോയിൽ നിന്നും തേടിയെത്തിയിരിക്കുന്നത്. വോട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് ആവിർഭവ് വിജയം ഉറപ്പിച്ചത്.
ഗായകരിലെ “ഷാരൂഖ് ഖാൻ" എന്നാണ് ഹിന്ദി റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ ആവിർഭവിനെ വിശേഷിപ്പിക്കുന്നത്. മുതിർന്ന ഗായകർപോലും പാടാൻ മടിക്കുന്ന സങ്കീർണ്ണങ്ങളായ ഹിന്ദി ഗാനങ്ങൾ ആവിർഭവ് മത്സരവേദിയിൽ അനായാസം ആലപിക്കുകയാണുണ്ടായത്. നിറഞ്ഞ ആത്മവിശ്വാസവും ആലാപന മികവുകൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് വരുന്ന ആരാധകരെയാണ് മലയാളത്തിന്‍റെ അഭിമാനമായ ഈ ചുണക്കുട്ടി ചുരുങ്ങിയ നാളുകൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്. സന്ധ്യ-സജിമോൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആവിർഭവ്. ചേച്ചി അനിർവിന്യയും മികച്ചൊരു ഗായികയാണ്.
പങ്കജ് ഉധാസ് ആലപിച്ച “ചിഠി ആയി ഹൈ" എന്ന ഗസൽ അനായാസം ആലപിച്ചത് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതുപോലെ ഗായകൻ ഉദിത് നാരായണൻ പാടിയ “ചാന്ത് ഹുഹാ ബാദൽ മെ..” എന്ന ഗാനം ഉദിത് നാരായണന്‍റെ മുന്നിൽ ആലപിച്ചതിലൂടെ ഈ കൊച്ചു ഗായകൻ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ തന്‍റെ ആരാധകരാക്കി. ഉദിത് നാരായൺ പാടിയതിനേക്കാൾ മനോഹരമായി പാടിയെന്നു പറഞ്ഞു കൊണ്ടാണ് ഉദിത്തിന്‍റെ ഭാര്യ ആവിർഭവിനെ പ്രശംസിച്ചത്. ആ ഗാനത്തിലെ ഓരോ വരികളും ആവിർഭവ് ആലപിക്കുന്നത് കേട്ട് വിധികർത്താക്കളായ നേഹ കക്കർ അടക്കമുള്ളവർ ആവേശപൂർവ്വം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അത്രത്തോളം അത്ഭുതവും രോമാഞ്ചമുണർത്തുന്നതുമായ പ്രകടനമായിരുന്നുവത്. ആവിർഭവ് പാടിയ ഓരോ പാട്ടും നേഹ കക്കർ അടക്കമുള്ള വിധികർത്താക്കളെ അത്ഭുതം കൊള്ളിക്കുന്നതായിരുന്നു. പലപ്പോഴും നേഹ കസേരയിൽ കയറിനിന്ന് കയ്യടിക്കുകവരെ ചെയ്‌തിരുന്നു. റിയാലിറ്റി ഷോയിലെ ഏറ്റവും ചെറിയ മത്സരാർത്ഥിയായിരുന്നു ആവിർഭവ്. മത്സരത്തിലെ ആദ്യ ദിവസം കസേരയുമായി വന്ന് അതിൽ കയറി നിന്നാണ് ആവിർഭവ് പാട്ടുപാടിയത്. ആദ്യഗാനം മുതൽക്കെ ആവിർഭവ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു.
മത്സരത്തിനിടെ പനി ബാധിച്ച് ചെറിയൊരു ഇടവേളയെടുത്ത് മാറി നിന്നപ്പോൾ ആരാധകരെ അത് വല്ലാതെയാണ് വേദനിപ്പിച്ചത്. ആവിർഭവിനെ എത്രയും വേഗം മടക്കികൊണ്ടു വരണമെന്നുള്ള മുറവിളിയായിരുന്നു സോഷ്യൽ മീഡിയയിലെങ്ങും.
സെമി ഫൈനലിൽ ഗായകൻ ശങ്കർ മഹാദേവൻ ബ്രസ്സ് സോംഗ് “കോയി ജോ മിലാ തോ..." എന്ന ഗാനം ആവിർഭവ് നിഷ്പ്രയാസം പാടിതകർക്കുന്നത് വിധികർത്താക്കളെയടക്കമുള്ള കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണുണ്ടായത്. മുതിർന്ന ഗായകർപോലും സ്‌റ്റേജ് ഷോകളിൽ പാടാൻ മടിക്കുന്ന ഗാനം ഈ കൊച്ചു ബാലൻ നിഷ്പ്രയാസം ആലപിക്കുന്നത് കേട്ട് കാണികൾ കോരിത്തരിച്ചിരുന്നു പോയി