എന്‍റെ കുട്ടിയെ ഒന്നു വേഗം പരിശോധിക്കു ഡോക്ടർ, അവൾക്ക് പനി കൂടുതലാണ്." വേവലാതിയോടെ ഒരമ്മയുടെ അഭ്യർത്ഥന
“മാഡം, വാർഡിലെ മലേറിയ കേസിന് ഐവി ഫ്ളൂയിഡ് തുടർന്നു നൽകണോ അതോ നിർത്തണോ?” ജനറൽ വാർഡിലെ നഴ്‌സിംഗ് അസിസ്‌റ്റന്‍റിന്‍റെ സംശയം.
“ഗുഡ് ഈവനിംഗ് മാഡം, അനിതയാണ്, ഫാമിലി വാർഡിൽ നിന്ന്. ഓഫീസേഴ്സ‌് ഫാമിലി വാർഡിലെ കേണൽ രാജിന്‍റെ അമ്മ വീണ്ടും ഛർദ്ദിച്ചു. വിറ്റൽസ് സ്‌റ്റേബിൾ ആണ്." ഇന്‍റേണൽ ഫോണിൽ നഴ്‌സിംഗ് ഓഫീസർ അനിത ചോദിക്കുന്നു.
“എല്ലാവരുമൊന്നു മാറി നില്ക്കൂ. ആത്മഹത്യാ ശ്രമമാണ്. കീടനാശിനി കുടിച്ചിരിക്കുന്നു. ബോധമുണ്ട് മാഡം. കാര്യമായിട്ടൊന്നും കുടിച്ചിട്ടില്ല എന്നു തോന്നുന്നു." ക്യാപ്റ്റൻ (ഡോക്ടർ) ജയേഷ് പരിഭ്രമത്തോടെ ഓടിയെത്തി പറഞ്ഞു. കൂടെ, സ്ട്രക്‌ചറിൽ കിടത്തിയ യുവതിയായ രോഗിയും അവളുടെ പരിഭ്രാന്തരായ മാതാപിതാക്കളും.
രണ്ടാമത്തെ ഫോണിൽ ബെല്ലടിക്കുന്നു. “ഹലോ, ഡിഎംഒ അല്ല? ഞാൻ എഡിഎംഎസ് കേണൽ രാമനാഥൻ."
“ഗുഡ് ഈവനിംഗ് സാർ, മേജർ നന്ദിനി സ്പീക്കിംഗ്. വാട്ട് ക്യാൻ ഐ ഡു ഫോർ യു സർ?"
“ഞാനും എന്‍റെ കുടുംബവും ജോധ്‌പൂരിലേക്കു വരുന്നുണ്ട്. ഓഫീസേഴ്സസ് മെസ്സിൽ ഞങ്ങൾക്കുവേണ്ടി അഞ്ചു ദിവസത്തേയ്ക്ക് ഗസ്‌റ്റ് റും ബുക്ക് ചെയ്യണം. നാളെ വൈകുന്നേരം ഞങ്ങളെത്തും.”
“ശരി സാർ. ഒരു പ്രശ്‌നവുമില്ല. ഹാവ് എ ഗുഡ് ഡേ സർ" എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. ഇന്‍റsണൽ ഫോണിൽ ഹോൾഡ് ചെയ്യുന്ന നഴ്സസിംഗ് ഓഫീസറോട് “അനിതാ ഇഞ്ചക്ഷൻ പെരിനോം ഐഎം കൊടുക്കൂ. പിന്നെ ഐ വി റിൻഗർ ലാക്ടേറ്റ് തുടങ്ങു. ബിപിയും പൾസും മോണിട്ടർ ചെയ്യണം. ഞാൻ വന്നു നോക്കിക്കോളാം" എന്നു മറുപടി പറഞ്ഞ ശേഷം നഴ്സിംഗ് അസിസ്‌റ്റന്‍റിനോട് ഐവി ഫ്ളൂയിഡ് നിർത്തിക്കോളൂ." എന്നു പറഞ്ഞ് ഞാൻ സ്ട്രെക്‌ചറിനടുത്തേക്ക് ഓടിച്ചെന്നു.
വളരെവേഗം രോഗിയുടെ സ്ഥിതിയെക്കുറിച്ചു മനസ്സിലാക്കിയ ശേഷം ധൃതിയോടെ പരിശോധനകൾ നടത്തി, ആവശ്യമായ പ്രാഥമികചികിത്സകൾ തുടങ്ങി.
“ക്യാപ്റ്റൻ ജയേഷ്, ഈ കുട്ടിയുടെ കൂടെ വാർഡിലേക്കു പൊയ്ക്കൊള്ളൂ. നഴ്സിംഗ് ഓഫീസർമാർ വേണ്ട സഹായം ചെയ്യും. ചികിത്സ നടത്തേണ്ട മരുന്നുകളുടെ വിവരം ഞാൻ ഈ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ട്. ഞാൻ വാർഡിൽ വന്ന് ഇടയ്ക്കിടെ നോക്കിക്കോളാം." എന്നു പറഞ്ഞ് രോഗിയെ ഐസിയൂവിലേക്കയച്ചു. വാർഡ് മാസ്‌റ്ററെ വിളിച്ച് മെഡിക്കൽ സ്പെഷ്യലിസ‌്റ്റിനു വേണ്ടി ആംബുലൻസ് അയയ്ക്കാൻ പറഞ്ഞു, മെഡിക്കൽ സ്പെഷലിസ്‌റ്റ് ഓൺ-കോൾ കേണൽ റബ്ബിനോട് വിവരം ഫോണിൽ പറഞ്ഞു.
വീണ്ടും ഫോണിന്‍റെ ബെല്ലടിച്ചു. "നന്ദു, നാട്ടിൽ നിന്ന് അമ്മയുടെ ഫോണുണ്ടായിരുന്നു." വീട്ടിൽ നിന്നായിരുന്നു അത്. ഭർത്താവ് കേണൽ ഉണ്ണിക്കൃഷ്‌ണന്‍റെ ശബ്ദം.
“ഉണ്ണിയേട്ടാ, ഒരു എമർജൻസി കേസുണ്ട്. ഞാൻ പിന്നീടു വിളിക്കാം” എന്നു പറഞ്ഞ് ഫോൺ വെച്ചശേഷം പനിയുള്ള കുട്ടിയെ പരിശോധിച്ച് മരുന്നെഴുതിക്കൊടുത്തു. “മേജർ നന്ദിനീ, പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?" കമാണ്ടിംഗ് ഓഫീസറുടെ ഫോൺ.