അവസാന വർഷ എംബിഎ പഠനത്തിനിടയിൽ വർഷ എന്ന പെൺകുട്ടിയുടെ മനസിലുദിച്ച ഒരാശയം സ്വന്തമായി എന്തെങ്കിലും തുടങ്ങുക എന്നതാണ്. അങ്ങനെ പാലക്കാട് സ്വദേശി പ്രശാന്ത്, പെരുന്തൽമണ്ണ സ്വദേശി സരള ദമ്പതിമാരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായ വർഷയുടെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ചിന്തയെ സഹോദരിമാരും മാതാപിതാക്കളും ഒരുമിച്ച് ഏറ്റെടുത്തു. സ്വന്തമായൊരു ബിസിനസ് വേണം. മറ്റുള്ളവരുടെ കീഴിൽ അന്യദേശത്ത് കൂട്ടുപിരിഞ്ഞു കഴിയുന്നതിനേക്കാൾ ഭേദം ഒരുമിച്ച് കൂട്ടായി കഴിയുക. ചെറിയ തോതിൽ അധികം മുതൽ മുടക്കില്ലാതെ എന്തു തുടങ്ങാം എന്ന ചിന്തയിലാണ്ടൂ പിന്നീട് അവർ.
അതിനായി കുറെ വായിച്ചു. സഞ്ചരിച്ചു. വിപണന സാധ്യതകൾ പഠിച്ചു. ആ പഠനം വീടുകളിലെ അടുക്കളയിലുടെ കടന്നുപോയി. കായം ഏവരുടെയും നിത്യോപയോഗ വസ്‌തുവാണെന്ന് മനസ്സിലാക്കി. കായത്തിന്‍റെ പ്രസക്‌തി ലോകത്തിൽ എത്രത്തോളമുണ്ടെന്ന് പഠിച്ചു. കേരളത്തിൽ കായത്തിന്‍റെ ഉൽപാദകർ കുറവായതിനാൽ ആ കുടുംബം കായത്തിൽ പിടിമുറുക്കി.
ആദ്യമായിപിറവം അഗ്രോ പാർക്കിൽ നിന്നും പരിശീലനം നേടി. ശേഷം തമിഴ്‌നാട്ടിലെ നിരവധി കായം നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ചു. തുടർന്ന് ഇതിനാവശ്യമായ ഉൽപന്നം എവിടെ നിന്ന് ലഭിക്കുമെന്നും എങ്ങനെ വിതരണം നടത്താം എന്നതിനെക്കുറിച്ചുമുള്ള ഒരു പ്രൊജക്‌ട് റിപ്പോർട്ട് തയ്യാറാക്കി. അതിനുശേഷം വീടിന്‍റെ ഒരു കോണിൽ വെച്ച് ഉൽപാദനം തുടങ്ങുന്നു.
വർഷയും സഹോദരിമാരും മാത്രമായിരുന്നു ജോലിക്കാർ. അവർ തന്നെ കടകളിലും ഹോട്ടലുകളിലും നേരിട്ടു ചെന്ന് ഉൽപ്പന്നത്തിന്‍റെ ഗുണഗണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും സാംപിളുകൾ ഉപയോഗിച്ചു നോക്കാനും നൽകി.
വിൽപന പുരോഗമിച്ചപ്പോൾ എറണാകുളത്ത് കളമശ്ശേരിയിൽ മുറി വാടകയ്ക്ക് എടുത്തു. ഇന്ന് മുപ്പതിലധികം തൊഴിലാളികളുമായി കമ്പനി വളർന്നു. പ്രൊഡക്ഷൻ വിഭാഗത്തിൽ മുഴുവനും സ്ത്രീകൾ തന്നെയാണെന്ന് പറയാം.
2019-ൽ 3 വീസ് ഇന്‍റർ നാഷണൽ എന്ന പേരിൽ തുടങ്ങിയ കമ്പനി ഇന്ന് 35-ഔളം ഉൽപന്നങ്ങളാണ് മാർക്കറ്റിൽ എത്തിക്കുന്നത്. വാർഷിക വരുമാനം രണ്ടരകോടിയിൽ എത്തി നിൽക്കുന്നു. മാനേജിംഗ് ഡയറക്‌ടറായ വർഷയിലൂടെ കമ്പനിയുടെ വിജയഗാഥ ശ്രവിക്കാം.
കോവിഡ് കാലം എല്ലാവർക്കും അനിഷ്‌ടകാലം ആയിരുന്നപ്പോൾ 3 വീസ്‌നു കൊയ്ത്തുകാലമായതെങ്ങനെ?
കോവിഡ് കാലത്ത് ഇന്ത്യയിലെ കായം ഉൽപാദകരായ എൽ.ജി. (മുംബൈ) എൻ.എസ് (മധുര) എന്നിവർക്ക് കേരളത്തിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പ്രാദേശിക നിർമ്മാതാക്കളായ 3 വീസ്'ന് വലിയ അവസരമാണ് തുറന്ന് കിട്ടിയത്. കോവിഡ് തുടങ്ങിയ അന്നു മുതൽ എല്ലാ സ്‌ഥാപനങ്ങളും അടച്ചുവെങ്കിലും ഗ്രോസറികൾ തുറക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ ഞാനും അച്‌ഛനും സ്‌കൂട്ടറിലും കാറിന്‍റെ ഡിക്കിയിലും കായം ഇട്ട് കടകൾ തോറും കയറിയിറങ്ങി വിൽപ്പന ആരംഭിച്ചു.
കമ്പനിക്ക് '3 വീസ്' എന്ന പേര് വന്നതെങ്ങനെ?
ഞങ്ങൾ മൂന്നു സഹോദരിമാർ വർഷ (എംബിഎ) വിസ്‌മയ (ചാർട്ടേഡ് അക്കൗണ്ടന്‍റ്) വ്യന്ദ (കമ്പനി സെക്രട്ടറി വിദ്യാർത്ഥി) എന്നിവരുടെ പേരിലെ ആദ്യാക്ഷരം 'V' ആണ് '3 vees'.